30:25
 • وَمِنْ ءَايَـٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ ﴾٢٥﴿
 • അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, അവന്റെ കൽപനപ്രകാരം ആകാശവും ഭൂമിയും നിലനിന്നുവരുന്നതും, പിന്നീട്, ഭൂമിയില്‍നിന്ന് നിങ്ങളെ അവന്‍ ഒരൊറ്റ വിളി വിളിച്ചാല്‍ അപ്പോള്‍ നിങ്ങളതാ, പുറത്തുവരുന്നതാണ്!
 • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെ أَن تَقُومَ നിലനില്‍ക്കുന്നതു السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും بِأَمْرِهِ അവന്റെ കൽപനപ്രകാരം ثُمَّ പിന്നീടു إِذَا دَعَاكُمْ അവന്‍ നിങ്ങളെ വിളിച്ചാല്‍ دَعْوَةً ഒരു വിളി مِّنَ الْأَرْضِ ഭൂമിയില്‍നിന്നു إِذَا أَنتُمْ അപ്പോള്‍ നിങ്ങളതാ تَخْرُجُونَ പുറത്തുവരുന്നു.
30:26
 • وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ ﴾٢٦﴿
 • ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (മുഴുവനും) അവന്റേതാകുന്നു: എല്ലാവരും അവന് കീഴടങ്ങുന്നവരത്രെ.
 • وَلَهُ അവന്നുള്ളതാണ് مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلٌّ എല്ലാവരും لَّهُ അവനു قَانِتُونَ കീഴൊതുങ്ങിയവരാണ്, കീഴടങ്ങുന്നവരാണ്.

യാതൊരു തൂണും, പിടിയും കൂടാതെ ഈ മഹാപ്രപഞ്ചം അതിന്റേതായ ചിട്ടയും വ്യവസ്ഥയും അനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. മേഘവും വായുവും അതിനുമീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ അതിനുചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്നു – മറ്റു ചില ഉപഗ്രഹങ്ങളെപ്പോലെ – സൂര്യഗോളത്തെ വൃത്തംവെച്ചുകൊണ്ടിരിക്കുന്നു. സൂര്യനും, സൂര്യകുടുംബവും ചേര്‍ന്നു ആയിരക്കണക്കിലുള്ള ഇതര സൂര്യകുടുംബങ്ങളോടൊപ്പം വേറെ ഏതോ അതിബൃഹത്തായ ചില ഉന്നങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോന്നിലും സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ സൃഷ്ടിരഹസ്യങ്ങളെയോ, അതതില്‍ നടമാടിക്കൊണ്ടിരിക്കുന്ന നിത്യസംഭവങ്ങളെയോ സംബന്ധിച്ചും സ്വന്തം പാര്‍പ്പിടമായ ഭൂമിയെക്കുറിച്ചും അല്പജ്ഞനായ മനുഷ്യന് ഒരു എത്തും പിടിയുമില്ലതന്നെ. ഒരു വിഘ്നവും പറ്റാതെ ഇതെല്ലാം വ്യവസ്ഥാപിതമായ നിലയില്‍ സൃഷ്ടിച്ച് നിലനിറുത്തി നിയന്ത്രിച്ചുപോരുന്ന സൃഷ്ടാവ്, കേവലം നിസ്സാരമായ ഈ ഭൂമിയുടെ നിശ്ചിത കാലാവധി എത്തുമ്പോള്‍, അതിലെ നിവാസികളെ ആകമാനം നശിപ്പിക്കുകയും, അനന്തരം അവനുദ്ദേശിക്കുമ്പോള്‍ ഒരൊറ്റ വിളി വിളിച്ച് അവരെയെല്ലാം അവന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു.

إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ: يس – ٥٣

(അത് ഒരൊറ്റ അട്ടഹാസമല്ലാതെ – മറ്റൊന്നും – ആയിരിക്കയില്ല. അപ്പോഴേക്കും അവര്‍ മുഴുവനും തന്നെ നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നവരായിരിക്കും.).

അല്ലാഹുവിന്റെ നിയമനിശ്ചയങ്ങള്‍ക്കു വിധേയമായിട്ടല്ലാതെ ജീവിതം, മരണം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, അടക്കം, ഇളക്കം, കറക്കം ആദിയായ ഏതും സംഭവിക്കുന്നില്ല. എല്ലാം അവന്റെ നിയന്ത്രണത്തിനു വിധേയമാണ്. അതിനെ അതിലംഘിക്കുവാനോ, അതില്‍നിന്നു കുതറിപ്പോകുവാനോ ഒരാള്‍ക്കും സാധ്യമല്ല. താല്‍ക്കാലികമായ ചില അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ അല്ലാഹു നല്‍കിയിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അവന്റെ വിധിവിലക്കുകള്‍ അനുസരിക്കാത്ത എത്രയോ ആളുകളുണ്ടെന്നതു വാസ്തവംതന്നെ. എന്നാല്‍ അതെല്ലാം അവന്‍ ശരിക്കും കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആ സ്വാതന്ത്ര്യം അവസാനിക്കുന്നതോടുകൂടി അവരുടെ ആ കഴിവും അവസാനിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്കു അവര്‍ തികച്ചും കീഴടങ്ങേണ്ടി വരുകയും ചെയ്യുന്നു.

30:27
 • وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٧﴿
 • അവന്‍ തന്നെയാണ് സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നവന്‍, പിന്നീട് അവന്‍ അതു ആവര്‍ത്തിക്കുന്നു. അതാകട്ടെ, അവന്റെമേല്‍ വളരെ എളിയ കാര്യവുമാണ്. ആകാശങ്ങളിലും, ഭൂമിയിലും അത്യുന്നതമായ ഉപമ അവനുണ്ടുതാനും. അവന്‍ പ്രതാപശാലിയാണ്, അഗാധജ്ഞനാണ്.
 • وَهُوَ അവനാണ് الَّذِي يَبْدَأُ ആദ്യമായുണ്ടാക്കുന്നവന്‍ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നീടതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു وَهُوَ അതാകട്ടെ أَهْوَنُ വളരെ (ഏറ്റവും) നിസ്സാരമാണ് عَلَيْهِ അവനു وَلَهُ അവന്നുണ്ടു (താനും) الْمَثَلُ ഉപമ, ഉപമാനം (ഗുണം, നിലപാടു) الْأَعْلَىٰ അത്യുന്നതമായ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനാണ്

പരമശൂന്യതയില്‍നിന്ന് വാതകമോ ഹേതുകമോ ആയ ഒന്നുംതന്നെയില്ലാത്ത ശുദ്ധ നാസ്തിയില്‍നിന്ന് – സൃഷ്ടികളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കി അസ്തിത്വം നല്‍കിയ അവന് അവ നശിച്ചശേഷം അവയെ പുനര്‍ജീവിപ്പിക്കുവാനുണ്ടോ വല്ല വിഷമവും?! അവനു തുല്യനോ സമനോ ആയി എങ്ങും ആരുമില്ല; പങ്കുകാരോ സഹായകരോ ഇല്ല; ഒന്നിനോടും അവനെ ഉപമിപ്പിക്കുവാനോ താരതമ്യപ്പെടുത്തുവാനോ ഇല്ല. എണ്ണത്തില്‍ ഒരുവന്‍. ഗുണവിശേഷങ്ങളില്‍ ഏകന്‍. ഉപമയില്‍ നിസ്തുലന്‍. ശക്തിപ്രതാപങ്ങളില്‍ തുണയില്ല, വിജ്ഞാനത്തില്‍ ഇണയുമില്ല. അവന്‍ പരിപൂര്‍ണ്ണന്‍! അവന്‍ പരിശുദ്ധന്‍! അതെ, അവന്‍മാത്രം പരിപൂര്‍ണ്ണനും പരമപരിശുദ്ധനും!! അവന്റെ ഏകത്വത്തിന് തെളിവായി ഒരു ഉദാഹരണംകൂടി കാണുക:-

വിഭാഗം - 4

30:28
 • ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَـٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَـٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْقِلُونَ ﴾٢٨﴿
 • നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഒരു ഉപമ അവന്‍ വിവരിച്ചുതരുകയാണ്: നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വസ്തുവില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരില്‍ [അടിമകളില്‍] നിന്ന് വല്ല പങ്കുകാരും നിങ്ങള്‍ക്കുണ്ടോ?- എന്നിട്ട്, നിങ്ങള്‍ നിങ്ങളെത്തന്നെ (പരസ്പം) ഭയപ്പെടുന്നതുപോലെ, അവരെയും ഭയപ്പെട്ടു കൊണ്ടിരിക്കുമാറ് അതില്‍ നിങ്ങള്‍ (ഇരുകൂട്ടരും) സമന്‍മാരായിരിക്കുക (- ഇങ്ങിനെ ഉണ്ടാകുമോ?!) ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക് നാം ഇപ്രകാരം ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നു.
 • ضَرَبَ لَكُم നിങ്ങള്‍ക്കു അവന്‍ വിവരിച്ചു തരുകയാണ്‌ مَّثَلًا ഒരു ഉപമ مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ هَل لَّكُم നിങ്ങള്‍ക്കുണ്ടോ مِّن مَّا مَلَكَتْ അധീനപ്പെടുത്തിയ (ഉടമയാക്കിയ)തില്‍നിന്നു أَيْمَانُكُم നിങ്ങളുടെ വലങ്കൈകള്‍ مِّن شُرَكَاءَ വല്ല പങ്കുകാരും فِي مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതില്‍ فَأَنتُمْ എന്നിട്ടു നിങ്ങള്‍ فِيهِ അതില്‍ سَوَاءٌ ഒരുപോലെയാണ്, സമമാണ് تَخَافُونَهُمْ നിങ്ങളവരെ ഭയപ്പെടുന്നു كَخِيفَتِكُمْ നിങ്ങള്‍ ഭയപ്പെടുന്നതുപോലെ أَنفُسَكُمْ നിങ്ങളെത്തന്നെ (തമ്മതമ്മില്‍) كَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക്

അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളില്‍ നിങ്ങളുടെ ഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട് അവരും നിങ്ങളും ഒരുപോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്‍മാരുമായ നിങ്ങള്‍ പരസ്പം മാനിച്ചും പേടിച്ചുംകൊണ്ടിരിക്കുന്ന പ്രകാരം അവരെയും പേടിക്കുകയും മാനിക്കുകയും ചെയ്യുക, ഇതു സംഭവ്യമാണോ? ഒരിക്കലുമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്കു – എല്ലാവരും അവന്റെ ഉടമസ്ഥതയിലുള്ളവ രാണല്ലോ – പങ്കുണ്ടാവുക?! എന്നത്രെ ആയത്തിന്റെ താല്പര്യം. മനുഷ്യന്റെ സ്വത്തു വാസ്തവത്തില്‍ അല്ലാഹു നല്‍കിയതാണ്. അടിമകളുടെ മേലുള്ള മനുഷ്യന്റെ അവകാശം ഒരു സാങ്കേതികമായ അവകാശം മാത്രവുമാണ്. സൃഷ്ടികളാകട്ടെ, അല്ലാഹുവിന്റെ ഉടമത്തത്തില്‍നിന്നു ഒരു വിധേനയും ഒഴിവാകുന്നവരുമല്ല.

മുശ്രിക്കുകള്‍ തങ്ങളുടെ ഹജ്ജുകര്‍മ്മങ്ങളില്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: لا شَرِيكَ لك إِلا شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ (ഒരു പങ്കുകാരനല്ലാതെ നിനക്കു – അല്ലാഹുവിനു – പങ്കുകാരില്ല, ആ പങ്കുകാരനും അവന്റെ ഉടമസ്ഥതയിലുള്ളതും നിനക്ക് ഉടമപ്പെടുന്നതുതന്നെയാണ്.). തങ്ങള്‍ ആരാധിച്ചുവരുന്ന വിഗ്രഹത്തെയും, അതിന്റെ പേരില്‍ നീക്കിവെച്ച സ്വത്തുക്കളെയും ഉദ്ദേശിച്ചാണ് അവര്‍ ഇങ്ങിനെ പറയുന്നത്. ഈ മുശ്രിക്കുകള്‍ മാത്രമല്ല ഇവരെപ്പോലുള്ള എല്ലാ മുശ്രിക്കുകളും ബുദ്ധികൊടുത്തു ആലോചിക്കുന്നപക്ഷം തങ്ങളുടെ വിഡ്ഢിത്തം ഈ ഒരൊറ്റ ഉപമകൊണ്ടു മനസ്സിലാക്കാം എന്നാണ് ആയത്തിന്റെ അവസാനവാക്യം ചൂണ്ടിക്കാട്ടുന്നത്.

‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ (مَّا مَلَكَتْ أَيْمَانُ) എന്ന വാക്കിന്റെ ഉദ്ദേശ്യം അടിമകളാകുന്നു. (ഈ പ്രയോഗത്തെ സംബന്ധിച്ച് സൂ: മുഅ്മിനൂന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ വായിച്ച വിശദീകരണം ഓര്‍ക്കുക). മേല്‍ വിവരിച്ച ദൃഷ്ടാന്തങ്ങള്‍ വഴി അവിശ്വാസികള്‍ സത്യം മനസ്സിലാക്കി സത്യവിശ്വാസം സ്വീകരിക്കാത്തതിനു കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

30:29
 • بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ ﴾٢٩﴿
 • പക്ഷേ, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ്. എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് സന്മാര്‍ഗ്ഗത്തിലാക്കുക?! അവര്‍ക്കു യാതൊരു സഹായിയുമില്ലതാനും.
 • بَلِ പക്ഷേ اتَّبَعَ പിന്‍പറ്റി, തുടര്‍ന്നു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിക്കുന്നവര്‍ أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ بِغَيْرِ عِلْمٍ യാതൊരു അറിവുമില്ലാതെ فَمَن എന്നിരിക്കെ ആരാണ് يَهْدِي സന്മാര്‍ഗ്ഗം കാണിക്കുന്നതു مَنْ യാതൊരുവര്‍ക്കു أَضَلَّ اللَّـهُ അല്ലാഹു വഴിപിഴപ്പിച്ച وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ യാതൊരു സഹായികളും, സഹായികളില്‍പെട്ട (ആരും)

അല്ലാഹുവിന്റെ ഏകത്വം, അവന്റെ ശക്തിമാഹാത്മ്യങ്ങള്‍, മരണാനന്തരജീവിതം ആദിയായവയെ പല ദൃഷ്ടാന്തങ്ങള്‍ മുഖേനയും സ്ഥാപിച്ചശേഷം പ്രകൃതിമതമായ തൗഹീദിന്റെ മതത്തിലേക്കു അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നു:-

30:30
 • فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٠﴿
 • ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്റെ മുഖത്തെ (ഈ) മതത്തിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നുവോ, അല്ലാഹുവിന്റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
 • فَأَقِمْ ആകയാല്‍ നിലനിറുത്തുക وَجْهَكَ നിന്റെ മുഖം لِلدِّينِ മതത്തിലേക്ക് حَنِيفًا ശുദ്ധമനസ്കനായ നിലയില്‍ فِطْرَتَ اللَّـهِ അല്ലാഹുവിന്റെ പ്രകൃതി, സൃഷ്ടിപ്പു الَّتِي فَطَرَ അവന്‍ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ النَّاسَ മനുഷ്യരെ عَلَيْهَا അതുപ്രകാരം, അതിന്റെമേല്‍ لَا تَبْدِيلَ മാറ്റം ഇല്ല, പകരമാക്കലില്ല لِخَلْقِ اللَّـهِ അല്ലാഹുവിന്റെ സൃഷ്ടിപ്പിനു ذَٰلِكَ അതു, അതത്രെ الدِّينُ الْقَيِّمُ ശരിയായി നിലനില്‍ക്കുന്ന (വക്രതയില്ലാത്ത) മതം وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
30:31
 • مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ ﴾٣١﴿
 • അവങ്കലേക്ക്‌ [അല്ലാഹുവിങ്കലേക്ക്‌] മനസ്സു മടങ്ങിയവരായ നിലയില്‍ (അതിനെ അവലംബിച്ചുകൊള്ളുക). അവനെ സൂക്ഷിക്കുകയും, നമസ്കാരം നിലനിറുത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ 'മുശ്രിക്കുകളു'ടെ [പരദൈവവിശ്വാസികളുടെ] കൂട്ടത്തില്‍ ആകുകയും അരുത്.
 • مُنِيبِينَ മനസ്സു മടങ്ങിയവരായി, വിനയപ്പെട്ടവരായിട്ടു إِلَيْهِ അവങ്കലേക്ക്‌ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَأَقِيمُوا നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَلَا تَكُونُوا നിങ്ങള്‍ ആകുകയും അരുതു مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍ പെട്ട(വ൪)
30:32
 • مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ ﴾٣٢﴿
 • അതായതു: തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തില്‍ (ആകരുതു). ഓരോ സംഘവും തങ്ങളുടെ പക്കലുള്ളതില്‍ ആഹ്ളാദം കൊള്ളുന്നവരാണ്.
 • مِنَ الَّذِينَ അതായതു യാതൊരുവരില്‍ فَرَّقُوا അവര്‍ ഭിന്നിപ്പിച്ചിരിക്കുന്നു دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരാകുകയും ചെയ്തിരിക്കുന്നു شِيَعًا പല കക്ഷികള്‍ كُلُّ حِزْبٍ എല്ലാ (ഓരോ) സംഘവും بِمَا لَدَيْهِمْ തങ്ങളുടെ പക്കലുള്ളതുകൊണ്ടു فَرِحُونَ ആഹ്ളാദം (അഭിമാനം കൊള്ളുന്നവരാണ്)

മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് പരിശുദ്ധമായ ഒരു പ്രകൃതിയോടുകൂടിയാണ്, ചുറ്റുപാടിന്റെ സമ്മര്‍ദ്ദവും, പരിതസ്ഥിതികളുടെ പ്രേരണയും വിഘാതമല്ലെങ്കില്‍ – മനുഷ്യന്‍ അവന്റെ സാക്ഷാല്‍ പ്രകൃതിയില്‍തന്നെ വളരുകയാണെങ്കില്‍ – ലോകസൃഷ്ടാവിനെക്കുറിച്ചുള്ള ബോധത്തിലും, അവന്റെ തൗഹീദിലും അധിഷ്ഠിതമായ സത്യവിശ്വാസം അവനുണ്ടാകാതിരിക്കുകയില്ല. മാനുഷികമായ ധാര്‍മ്മികമൂല്യങ്ങളോട് ഇണങ്ങുന്ന പ്രേരണകളായിരിക്കും അവനില്‍ ഉല്‍ഭൂതമാകുന്നതും, അവന്റെ ബുദ്ധി തേടുന്നതും, അവന്റെ നന്മയായി അവന്‍ കാണുന്നതും അതായിരിക്കും. സൃഷ്ടാവിന്റെ നിഷേധത്തിനോ, പരദൈവ സങ്കല്പത്തിനോ അവന്‍ മുതിരുകയില്ല. ഇതേ പ്രകൃതിമതമത്രെ ഇസ്‌ലാം. യാതൊരു വക്രതയും കൂടാതെ, ശുദ്ധമനസ്സോടെ ആ മതത്തിലേക്കു നേര്‍ക്കുനേരെ തിരിഞ്ഞുവരണമെന്നാണ് നിരവധി ദൃഷ്ടാന്തങ്ങള്‍ നിരത്തിക്കാട്ടിക്കൊണ്ട് അല്ലാഹു മനുഷ്യനെ ആഹ്വാനം ചെയ്യുന്നത്.

ഈ പരിശുദ്ധമായ പ്രകൃതി വിട്ട് മനുഷ്യനെ ഇടവും വലവും തിരിച്ചുവിടുന്നതും, അവരെ വ്യത്യസ്ത മതക്കാരും ജാതികളുമായി തരം തിരിക്കുന്നതും പ്രതികൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളുമാണെന്ന വസ്തുത ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു:

(ما من مولود إلا يولد على الفطرة فأبواه يهودانه وينصرانه ويمجسانه كما تنتج البهيمة بهيمة جمعاء هل تحسون فيها من جدعاء ثم يقول -فطرة الله – الى قوله : ذَٰلِكَ الدِّينُ الْقَيِّمُ – متفق عليه)

സാരം: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി – ഇസ്‌ലാമിക പ്രകൃതി – യോടുകൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം തിരുമേനി(സ്വ) ഇതിന്നു തെളിവായി (30-ാം വചനത്തിലെ) فِطْرَتَ اللَّـهِ എന്നുതുടങ്ങി ذَٰلِكَ الدِّينُ الْقَيِّمُ വരെ ഉദ്ധരിക്കുകയും ചെയ്തിരുന്നു. (ബു; മു). മൃഗകുട്ടികള്‍ ജനിക്കുമ്പോള്‍ അവ അവയവം പൂര്‍ണ്ണമായ നിലയിലാണ് ജനിക്കുന്നതെന്നപോലെ മനുഷ്യമക്കള്‍ ജനിക്കുന്നതും അവരുടേതായ ശുദ്ധ പ്രകൃതിയോടെയാണെന്നും, പിന്നീട് മൃഗങ്ങളുടെ കാതുകള്‍ മനുഷ്യരാല്‍ മുറിക്കപ്പെടുന്നതു (*) പോലെ മനുഷ്യന്‍ വഴിപിഴച്ചുപോകുന്നതും പുറത്തുനിന്നുള്ള ഇടപെടല്‍ കൊണ്ടാണെന്നുമാണ് ഹദീസിന്റെ താല്‍പര്യം. ഹദീസില്‍ മാതാപിതാക്കള്‍ എന്നും യഹൂദി – നസ്രാണി – മജൂസി എന്നും പ്രസ്താവിച്ചതു കേവലം ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നു വ്യക്തമാണ്.


(*). വിഗ്രഹങ്ങള്‍ക്കു വഴിപാടു നേര്‍ന്ന ചില മൃഗങ്ങളുടെ കാതു മുറിക്കുന്ന സമ്പ്രദായം മുശ്രിക്കുകളിലുണ്ടായിരുന്നു.


ഇസ്‌ലാമിലെ വിശ്വാസങ്ങള്‍ മാത്രമല്ല, അതിലെ നിയമങ്ങളും അനുഷ്ഠാന മുറകളും എല്ലാംതന്നെ, പരിശോധിച്ചാല്‍ മനുഷ്യപ്രകൃതിക്ക് തികച്ചും യോജിച്ച ഏകമതം ഇസ്‌ലാമാണെന്നുള്ളതില്‍ സംശയമില്ല. ഈ യാഥാര്‍ത്ഥ്യം ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞതും, ബുദ്ധിമതികളും നിഷ്പക്ഷഹൃദയരുമായ പല ചിന്തകന്‍മാരാലും സമ്മതിക്കപ്പെട്ടതുമാകുന്നു. ഇവിടെ ഇതിനെപ്പറ്റി കൂടുതല്‍ സ്പര്‍ശിക്കുന്നില്ല. മനുഷ്യപ്രകൃതിക്ക് ഉപയുക്തമല്ലാത്ത ഏതു മതത്തിനും സ്ഥിരതയും നിലനില്‍പ്പും ഉണ്ടാകുവാന്‍ നിവൃത്തിയില്ല. ഒന്നുകില്‍ കാലാനുസൃതമായ ഭേദഗതികള്‍ക്കു വിധേയമാകുക, അല്ലെങ്കില്‍ ഭാഗികമായോ പൂര്‍ണ്ണമായോ പുറംതള്ളപ്പെട്ടു കാലാഹരണപ്പെടുക, രണ്ടിലൊന്നു ആവശ്യമായിരിക്കും. മനുഷ്യപ്രകൃതിക്കനുസരിച്ചതും, കാലദേശ വ്യത്യാസമെന്യെ മനുഷ്യവര്‍ഗ്ഗത്തിന്നാകമാനം പ്രായോഗികമായതുമായ മതം, മനുഷ്യസൃഷ്ടാവിനാല്‍ അവതരിപ്പിക്കപ്പെട്ട മതമായിരിക്കുവാനേ നിര്‍വ്വാഹമുള്ളു. അതത്രെ ഇസ്‌ലാം. അതുകൊണ്ടാണ് അതിനെക്കുറിച്ച് ‘അല്ലാഹു നല്‍കിയ പ്രകൃതി’ (فِطْرَتَ اللَّـهِ) എന്നും, ‘പ്രകൃതിമതം’ (دين الفطرة) എന്നുമൊക്കെ പറയുന്നത്. അതിനുമാത്രമേ യാതൊരു ന്യൂനതയും ബാധിക്കാത്തവണ്ണം സ്വയം പര്യാപ്തതയുമുള്ളു. (ذَٰلِكَ الدِّينُ الْقَيِّمُ). പക്ഷേ, ക്ഷണികങ്ങളായ താല്പര്യങ്ങളോ, ചിന്താ ശൂന്യതയോ കാരണമായി മിക്ക മനുഷ്യരും ഈ പരമാര്‍ത്ഥം മനസ്സിക്കാതിരിക്കുകയാണ് ചെയ്യുന്നത്.

(وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُون)

لَا تَبْدِيلَ لِخَلْقِ اللَّـهِ (അല്ലാഹുവിന്റെ സൃഷ്ടിപ്പിന്നു മാറ്റമേയില്ല) എന്ന വാക്യം ഗൗരവമായ ഒരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു: അല്ലാഹു ഓരോ വസ്തുവിന്നും അതതിന്റെ സൃഷ്ടിയില്‍ നിശ്ചയിച്ചിട്ടുള്ള പ്രകൃതിക്കു മാറ്റം വരുന്നതല്ല. അഥവാ ഓരോന്നും അവന്‍ ഉദ്ദേശിച്ചതും നിര്‍ണ്ണയിച്ചതുമായ സ്വഭാവത്തോടുകൂടിത്തന്നെ നിലകൊള്ളും. അതില്‍ മാറ്റത്തിരുത്തങ്ങള്‍ ചെയ്‌വാന്‍ ആര്‍ക്കും സാധ്യമല്ല. അതു മാറ്റം ചെയ്യപ്പെടുവാന്‍ പറ്റുകയുമില്ല. (أي لا يقدر أحد أن يغيره أو ما ينبغي أن يغير – كما فى البيضاوي)

മനുഷ്യപ്രകൃതിക്കനുയോജ്യമായ ഏക മതമാണ്‌ അല്ലാഹു അവനു നിയമിച്ചിരിക്കുന്നത്. അതുകൊണ്ടു ആ മതം വിട്ട് മറ്റേതു മതവും ആ പ്രകൃതിക്കു യോജിച്ചതായിരിക്കയില്ല. അതേപ്രകൃതി നിലനില്‍ക്കുന്നേടത്തോളം കാലം – അതിനു ആരാലും മാറ്റം വരുത്തപ്പെടുന്നതല്ലതാനും – ആ മതം മനുഷ്യരില്‍ പ്രായോഗികമല്ലാതിരിക്കയുമില്ല. ഇതാണതിന്റെ ചുരുക്കം. അതുകൊണ്ടാണ്, ഈ വാക്യത്തിന് ‘അല്ലാഹുവിന്റെ മതത്തിനു മാറ്റമില്ല’ (أي: لا تبديل لدين الله) എന്നു പല മഹാന്‍മാരും (*) വ്യാഖ്യാനം നല്‍കിക്കാണുന്നതും, ഇമാം ബുഖാരി അതിനെ സ്ഥിരീകരിച്ചതും. ചില സ്ഥാപിത താല്പര്യക്കാര്‍ – പ്രവാചകന്മാരുടെ കൈക്കു വെളിപ്പെടുന്ന അസാധാരണ സംഭവങ്ങളെ നിഷേധിക്കേണ്ടുന്ന ആവശ്യാര്‍ത്ഥം തങ്ങള്‍ക്കു തെളിവായി ഉപയോഗപ്പെടുത്തുവാന്‍ വേണ്ടി – ഈ വാക്യത്തിന്ന്‍ ചിലപ്പോള്‍ ഇങ്ങിനെ അര്‍ത്ഥം കൽപിക്കാറുണ്ട്: ‘അല്ലാഹു ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്വഭാവങ്ങളില്‍ അവന്‍ ഒരിക്കലും മാറ്റം വരുത്തുകയില്ല. ഈ അര്‍ത്ഥം ശരിയല്ലെന്നും, ഇതു താല്പര്യപൂര്‍വ്വം കൽപിക്കുന്ന അര്‍ത്ഥമാണെന്നും ഇതിന് മുമ്പ് പല തവണ നാം കാര്യകാരണസഹിതം വിവരിച്ചിട്ടുണ്ട്.


(*). قال في الفتح : أخرج الطبري من طريق إبراهيم النخعي في قوله : لا تبديل لخلق الله قال : لدين الله . ومن طرق عن مجاهد وعكرمة وقتادة وسعيد بن جبير والضحاك مثله ، وفيه قول آخر الخ – ص ٤١٦ ج ٨


പ്രകൃതി മതത്തിലേക്കു വക്രതയില്ലാത്ത ശുദ്ധമനസ്സോടുകൂടി വരുവാന്‍ ആഹ്വാനം ചെയ്തതോടൊപ്പം ആ വരവിന്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, ഭക്തിപൂര്‍വ്വം അല്ലാഹുവിലേക്കു മനസ്സു മടങ്ങിക്കൊണ്ട് (مُنِيبِينَ إِلَيْهِ) ആയിരിക്കണം അത്. ഇല്ലാത്തപക്ഷം അതു കേവലം നാമമാത്രമായിരിക്കും. മതം സ്വീകരിക്കുന്നതോടുകൂടി എല്ലാ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിച്ചുപോരേണ്ടതും (وَاتَّقُوهُ) അതിന്റെ അംഗീകരണത്താല്‍ അനിവാര്യമായിത്തീരുന്ന കടമകളില്‍ പ്രധാനമായ നമസ്കാരം നിലനിറുത്തേണ്ടതും (وَأَقِيمُوا الصَّلَاةَ) ഉണ്ട്. ഇലാത്തപക്ഷം അതു കേവലം കാപട്യവുമായിരിക്കും. ക്രിയാത്മകമായ ഈ നിര്‍ബ്ബന്ധങ്ങള്‍ക്കു പുറമെ, നിഷേധാത്മകമായ ചില നിര്‍ബ്ബന്ധങ്ങളും കൂടിയുണ്ട്. അതില്‍വെച്ച്‌ അതിപ്രധാനമായതാണ് ആരാധനകളില്‍ മറ്റാരെയും പങ്കുചേര്‍ക്കുവാന്‍ പാടില്ല (وَلَا تَكُونُوا مِنَ الْمُشْرِكِينَ) എന്നുള്ളത്. പരദൈവങ്ങളെ സ്വീകരിക്കുന്നവരാകട്ടെ, ഒരേ വിഭാഗക്കാരോ ഏകീകൃത സ്വഭാവക്കാരോ അല്ല. അവരില്‍ എത്രയോ കക്ഷികളും വിഭാഗക്കാരുമുണ്ട്‌. ചിലര്‍ക്കു ഒരു വിഗ്രഹം, ചിലര്‍ക്കു മറ്റൊരു വിഗ്രഹം. വേറെ ചിലര്‍ക്കു മൂന്നു ദൈവം. ഇനിയുമൊരുകൂട്ടര്‍ക്കു മുപ്പത്തിമുക്കോടി ദൈവങ്ങള്‍, അതുപോലെത്തന്നെ ചിലര്‍ പ്രതിമയെയും, മറ്റു ചിലര്‍ ദേവന്മാരെയും, വേറെ ചിലര്‍ ജീവിച്ചിരിക്കുന്നവരെയും ആരാധിക്കുന്നു. നടപടിക്രമങ്ങളിലുള്ള വ്യത്യാസങ്ങള്‍ വേറെയും. ഓരോ കക്ഷിയും താന്താങ്ങളുടെ വിശ്വാസവും പ്രവൃത്തിയുമാണ്‌ കൂടുതല്‍ നല്ലതെന്നു തൃപ്തിയടയുകയും അതിലഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പരദൈവവിശ്വാസത്തിന്റെ (ശിര്‍ക്കിന്റെ) ഒരു വകുപ്പിലും ഉള്‍പ്പെടാതെ സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കയാണ്.

മതത്തെ ഭിന്നിപ്പിച്ച് കക്ഷികളായിത്തീരുകയും, താന്താങ്ങള്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുപോകരുത് എന്നുള്ള ഈ താക്കീതു ഇന്നു മുസ്‌ലിം സമുദായംതന്നെ പൊതുവില്‍ വിസ്മരിച്ചു കളഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിനെവിട്ട് മറ്റൊരു മതം സ്വീകരിക്കുകയല്ല അവര്‍ ചെയ്യുന്നത്. ഇസ്‌ലാമില്‍തന്നെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പലരും ശിര്‍ക്കുപരമായ പല ആചാരസമ്പ്രദായങ്ങളും നടപ്പാക്കുന്നു. പലരും ചേരികളും കക്ഷികളുമായി പിരിയുന്നു. അങ്ങിനെ ഇസ്ലാമിന്റെ പേരില്‍ പലതും വെച്ചുകെട്ടുകയും, പലതും അതില്‍നിന്നു വെട്ടിക്കുറക്കുകയും ചെയ്തിരിക്കയാണ് ഇന്നു സമുദായം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين

30:33
 • وَإِذَا مَسَّ ٱلنَّاسَ ضُرٌّ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌ مِّنْهُم بِرَبِّهِمْ يُشْرِكُونَ ﴾٣٣﴿
 • മനുഷ്യരെ വല്ല ബുദ്ധിമുട്ടും ബാധിച്ചാല്‍, അവര്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്കു മനസ്സു മടങ്ങിയവരായ നിലയില്‍ അവനെ വിളി(ച്ച് പ്രാര്‍ത്ഥി)ക്കുന്നതാണ്. പിന്നീട്, അവന്‍ തന്റെപക്കല്‍നിന്നു വല്ല കാരുണ്യവും അവര്‍ക്കു ആസ്വദിപ്പിച്ചാല്‍ അപ്പോഴതാ, അവരില്‍നിന്നു ഒരു വിഭാഗം തങ്ങളുടെ രക്ഷിതാവിനോടു (വേറെ ആരാധ്യന്മാരെ) പങ്കുചേര്‍ക്കുന്നു.
 • وَإِذَا مَسَّ ബാധിച്ചാല്‍, സ്പര്‍ശിച്ചാല്‍ النَّاسَ മനുഷ്യരെ ضُرٌّ വല്ല ബുദ്ധിമുട്ടും, ഉപദ്രവവും دَعَوْا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും رَبَّهُم തങ്ങളുടെ റബ്ബിനെ مُّنِيبِينَ മനസ്സു മടങ്ങിയവരായ നിലയില്‍ إِلَيْهِ അവങ്കലേക്കു ثُمَّ പിന്നെ إِذَا أَذَاقَهُم അവന്‍ അവര്‍ക്കു ആസ്വദിപ്പിച്ചാല്‍ مِّنْهُ തന്റെ പക്കല്‍നിന്നു رَحْمَةً വല്ല കാരുണ്യവും إِذَا فَرِيقٌ അപ്പോഴതാ ഒരുവിഭാഗം مِّنْهُم അവരില്‍നിന്നു بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يُشْرِكُونَ പങ്കുചേര്‍ക്കുന്നു
30:34
 • لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ ﴾٣٤﴿
 • നാം അവര്‍ക്ക് കൊടുത്തിട്ടുള്ളതിനു നന്ദികേടു കാണിക്കുവാനായിട്ടാണ് (അത്). (ഹേ, നന്ദികെട്ടവരേ!) എന്നാല്‍ നിങ്ങള്‍ സുഖിക്കുക! അങ്ങനെ വഴിയെ നിങ്ങള്‍ക്കറിയാറാകും!!
 • لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കുവാന്‍, നന്ദികേടു ചെയ്യട്ടെ بِمَا آتَيْنَاهُمْ നാം അവര്‍ക്കു കൊടുത്തതില്‍ فَتَمَتَّعُوا എന്നാല്‍ നിങ്ങള്‍ സുഖിക്കുക فَسَوْفَ എന്നാല്‍ വഴിയെ تَعْلَمُونَ നിങ്ങള്‍ക്കറിയാം
30:35
 • أَمْ أَنزَلْنَا عَلَيْهِمْ سُلْطَـٰنًا فَهُوَ يَتَكَلَّمُ بِمَا كَانُوا۟ بِهِۦ يُشْرِكُونَ ﴾٣٥﴿
 • അഥവാ, നാം അവര്‍ക്ക് വല്ല പ്രമാണവും ഇറക്കിക്കൊടുത്തിട്ട് അവര്‍ പങ്കുചേര്‍ത്തു വരുന്നതിനെക്കുറിച്ച് അത് പ്രസ്താവിക്കുന്നുണ്ടോ?!
 • أَمْ أَنزَلْنَا അഥവാ നാം ഇറക്കിയിരിക്കുന്നുവോ عَلَيْهِمْ അവര്‍ക്കു سُلْطَانًا വല്ല പ്രമാണവും فَهُوَ എന്നിട്ടതു يَتَكَلَّمُ സംസാരി(പ്രസ്താവി)ക്കുന്നു بِمَا യാതൊന്നിനെക്കുറിച്ചു كَانُوا بِهِ അതുകൊണ്ടു അവരായിരുന്നു يُشْرِكُونَ പങ്കുചേര്‍ക്കും

ആപത്തു നേരിടുമ്പോള്‍ ഭക്തിയോടും, വിനയത്തോടുംകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, ആപത്തു നീങ്ങിയാല്‍ വീണ്ടും പഴയപടി ശിര്‍ക്കു തുടരുകയും ചെയ്യുകയെന്നതു ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ മുശ്രിക്കുകളുടെ പതിവായിരുന്നു. ഇന്നത്തെ മുശ്രിക്കുകളിലും ഈ പതിവ് ഇല്ലായ്കയില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദിക്കുപകരം നന്ദികേടു കാണിക്കുക എന്ന അപരാധം കൂടിയാണ് ഇതുമൂലം അവര്‍ ചെയ്യുന്നത്. തല്‍ക്കാലം അവരെ തങ്ങളുടെ ഇഷ്ടത്തിനൊത്തു സുഖിച്ചു കഴിഞ്ഞുകൂടുവാന്‍ വിട്ടിരിക്കുകയാണ്, അതിന്റെ ഫലം താമസിയാതെ അവര്‍ക്കു അനുഭവപ്പെടും എന്നു അല്ലാഹു താക്കീതു ചെയ്യുന്നു. ശിര്‍ക്കിന്റെ ആള്‍ക്കാരുടെ നിലയും ന്യായീകരണങ്ങളും കണ്ടാല്‍ തങ്ങള്‍ക്കു അല്ലാഹുവില്‍ നിന്നു ശിര്‍ക്കിനെ ന്യായീകരിക്കുന്ന വല്ല പ്രമാണവും വന്നുകിട്ടിയിട്ടുണ്ടെന്നു തോന്നിയേക്കും.

30:36
 • وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ ﴾٣٦﴿
 • മനുഷ്യര്‍ക്കു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാം ആസ്വദിപ്പിക്കുന്നപക്ഷം, അവരതില്‍ ആഹ്ലാദം കൊള്ളും. അവരുടെ കരങ്ങള്‍ മുന്‍ചെയ്തതിന്റെ ഫലമായി വല്ല തിന്‍മയും അവര്‍ക്കു ബാധിക്കുന്നുവെങ്കിലോ, അപ്പോഴതാ അവര്‍ നിരാശപ്പെട്ടുപോകുന്നു!
 • وَإِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാല്‍ النَّاسَ മനുഷ്യര്‍ക്കു رَحْمَةً വല്ല കാരുണ്യവും (അനുഗ്രഹവും) فَرِحُوا അവര്‍ ആഹ്ളാദിക്കും بِهَا അതില്‍, അതുമൂലം وَإِن تُصِبْهُمْ അവര്‍ക്കു ബാധിച്ചെങ്കില്‍ سَيِّئَةٌ വല്ല തിന്‍മയും بِمَا قَدَّمَتْ മുന്‍ചെയ്തതുകൊണ്ടു أَيْدِيهِمْ അവരുടെ കരങ്ങള്‍ إِذَا هُمْ അപ്പോഴതാ അവര്‍ يَقْنَطُونَ നിരാശപ്പെടുന്നു

30:37
 • أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٣٧﴿
 • അവര്‍ക്കു കണ്ടുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം വിശാലമാക്കിക്കൊടുക്കുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) പരിമിതമാക്കുകയും ചെയ്യുന്നതാണെന്ന്?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
 • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു

നന്‍മ ലഭിച്ചാല്‍ ആഹ്ളാദവും, അഹങ്കാരവും, തിന്‍മ ലഭിച്ചാല്‍ നിരാശയും, ക്ഷമകേടും. ഇതാണ് മനുഷ്യന്റെ പൊതുനില. എന്നാല്‍ സത്യവിശ്വാസികളുടെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കേണ്ടതാണ്. അഥവാ ആയിരിക്കയും ചെയ്യും, കഴിഞ്ഞ സൂ: 5-ാം വചനത്തിന്റെ വിവരണത്തില്‍ നാം ഉദ്ധരിച്ച നബിവചനത്തില്‍ പ്രസ്താവിച്ചതുപോലെ, സന്തോഷത്തില്‍ നന്ദിയും, സന്താപത്തില്‍ ക്ഷമയും ഉള്ളവരായിരിക്കും സത്യവിശ്വാസികള്‍.

മനുഷ്യന്റെ ആസൂത്രണത്തിനും, പ്രയത്നത്തിനും ഉപജീവനമാര്‍ഗ്ഗങ്ങളുടെ ഏറ്റക്കുറവില്‍ പങ്കുണ്ടെന്നത് ശരിതന്നെ. പക്ഷേ, അവ രണ്ടിന്‍റേയും തോതനുസരിച്ചാണോ ഓരോരുത്തനും ഉപജീവനം ലഭിക്കുന്നത്? ഒരിക്കലുമല്ല. ഏറ്റക്കുറവിനു വാസ്തവത്തില്‍ നിദാനം അല്ലാഹുവിന്റെ ഉദ്ദേശമാകുന്നു. ആര്‍ക്കാണ് ഉപജീവനമാര്‍ഗ്ഗങ്ങളും, സമ്പത്തും വിശാലമാക്കേണ്ടതെന്നും, ആര്‍ക്കാണവ കുടുസ്സാക്കേണ്ടതെന്നും അവനാണ് നിര്‍ണ്ണയിക്കുന്നത്. അതിസമര്‍ത്ഥരും യോഗ്യരുമായ എത്രയോ ആളുകളെ നിര്‍ധനന്‍മാരായും, കേവലം ഭോഷന്മാരും പാവങ്ങളുമായ എത്രയോ ആളുകളെ വമ്പിച്ച ധനാഢ്യന്‍മാരായും കണ്ടുവരുന്നതു അതുകൊണ്ടാകുന്നു. അല്ലാഹുവില്‍ ശരിക്കു വിശ്വാസമില്ലാത്തവര്‍ ഇതിനെക്കുറിച്ച്‌ എന്തുപറഞ്ഞാലും ശരി, ഈ നിലപാടു മാറ്റി പകരം സാര്‍വ്വത്രികവും പരിപൂര്‍ണ്ണവുമായ ഒരു സ്ഥിതിസമത്വം മനുഷ്യര്‍ക്കിടയില്‍ നടപ്പാക്കുവാന്‍ അവര്‍ക്കു സാധ്യമല്ലതന്നെ. സാധ്യമെന്നു സങ്കല്പിച്ചാല്‍തന്നെ അതു അപ്രായോഗികമായിരിക്കും. അല്ല, വിനാശകരവും കൂടിയായിരിക്കുമെന്നു അല്‍പം ആലോചിച്ചാലറിയാവുന്നതാണ്. ഇതിനെപ്പറ്റി കൂടുതല്‍ വിവരം സൂ: സുഖ്റൂഫ് (الزخروف)

32-35ല്‍ വെച്ച് കാണാം. إن شاء الله

30:38
 • فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٣٨﴿
 • ആകയാല്‍, കുടുംബബന്ധമുള്ളവന് അവന്റെ അവകാശം നീ കൊടുക്കുക, സാധുവിനും, വഴിപോക്കനും (കൊടുക്കുക), അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ഗുണകരമാണ്. അക്കൂട്ടര്‍തന്നെയാണ് വിജയികളും.
 • فَآتِ ആകയാല്‍ നീ കൊടുക്കുക ذَا الْقُرْبَىٰ കുടുംബബന്ധമുള്ളവനു حَقَّهُ അവന്റെ അവകാശം وَالْمِسْكِينَ സാധുവിനും وَابْنَ السَّبِيلِ വഴിപോക്കനും ذَٰلِكَ അതു خَيْرٌ ഗുണകരമാണ് لِّلَّذِينَ يُرِيدُونَ ഉദ്ദേശിക്കുന്നവര്‍ക്ക് وَجْهَ اللَّـهِ അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ) وَأُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْمُفْلِحُونَ വിജയികള്‍

മനുഷ്യന്റെ സാമ്പത്തികമായ കഴിവും, കഴിവുകേടും അല്ലാഹു നിശ്ചയിക്കുന്നതാണെന്നു പറഞ്ഞുവല്ലോ. എന്നിരിക്കെ, ദാനധര്‍മ്മാദി സല്കാര്യങ്ങളില്‍ ചിലവഴിക്കുന്നതുകൊണ്ട് ഒരാള്‍ ദരിദ്രനായി കഷ്ടപ്പെട്ടേക്കുമെന്നോ, ചിലവഴിക്കാതെ കെട്ടിസൂക്ഷിച്ചതുകൊണ്ട് ധനികനായി നിലനില്‍ക്കുമെന്നോ ഭയപ്പെടേണ്ടതില്ല. ഒരു കവി പറഞ്ഞതു വളരെ ശരിയാണ്:

فَلاَ الجُودُ يُفْنِيْهَا إذا هِيَ أَقْبَلَتْ ; ولا البُخْلُ يُبْقِيْها إذا هِيَ تَذْهَبُ

ധനം മുമ്പോട്ടു വരുമ്പോള്‍ ഔദാര്യം അതിനെ നശിപ്പിക്കുന്നതല്ല; അതുവിട്ടു പോകാന്‍ ശ്രമിക്കുന്ന പക്ഷം ലുബ്ധത അതിനെ ശേഷിപ്പിച്ചു നിറുത്തുകയും ഇല്ല എന്നുസാരം. ഹദീസില്‍ مَا نَقَصَتْ صَدَقَةٌ مِنْ مَالٍ الخ – مسلم (ദാനധര്‍മ്മം ഒന്നും തന്നെ ധനത്തില്‍ കുറവു വരുത്തുകയില്ല.) എന്നു വന്നിട്ടുള്ളതും, وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ – سبإ : ٣٩ (നിങ്ങള്‍ വല്ലതും ചിലവഴിക്കുന്നതായാല്‍ അവന്‍ – അല്ലാഹു – അതിനുപകരം നല്‍കും) എന്ന ഖുര്‍ആന്‍ വചനവും ഇവിടെ സ്മരണീയമാണ്. അതുകൊണ്ടാണ് 37-ാം വചനത്തെത്തുടര്‍ന്ന്‍ എല്ലാ ഓരോ വ്യക്തിയെയും അഭിമുഖീകരിച്ചു കൊണ്ടു ഈ വചനത്തില്‍ ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

ദാനധര്‍മ്മം നല്‍കപ്പെടേണ്ടുന്ന മൂന്നു വിഭാഗക്കാരെയാണ് ഇവിടെ എടുത്തുപറഞ്ഞിട്ടുള്ളത്. ഒന്നാമത്തേതു കുടുംബബന്ധമുള്ളവര്‍, കുടുംബബന്ധം പാലിക്കുകയും, കുടുംബാംഗങ്ങളെ സഹായിക്കുകയും ചെയ്യുന്നതിന് ഇസ്‌ലാം എത്രമാത്രം പ്രാധാന്യം കൽപിച്ചിട്ടുണ്ടെന്ന് ഇതുപോലുള്ള പല ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്നും മനസ്സിലാക്കാം. ‘അവന്റെ അവകാശം’ (حَقَّهُ) കൊടുക്കുക എന്നത്രെ അല്ലാഹു ഇവിടെ ഉപയോഗിച്ച വാക്ക്. ഈ ഒരൊറ്റ പ്രയോഗത്തില്‍ നിന്നുതന്നെ അതിന്റെറെ ഗൗരവം മനസ്സിലാക്കാം. ‘സാധു’ (الْمَسَاكِينُ) എന്നു പറഞ്ഞതില്‍ കുടുംബബന്ധമുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടും. കുടുംബബന്ധം ഉള്ളവനും കൂടിയാകുമ്പോള്‍ അവന്റെ അവകാശം ഇരട്ടിക്കുന്നു. ‘വഴിപോക്കന്‍’ (ابْنَ السَّبِيلِ) എന്നു പറഞ്ഞതില്‍ സ്വഭവനം വിട്ടുപോയി വഴിമദ്ധ്യേ നിരാശ്രയരായ യാത്രക്കാരും, ആവശ്യമായ യാത്ര പൂര്‍ത്തീകരിക്കുവാന്‍ കഴിവില്ലാതെ വിഷമിക്കുന്നവരും ഉള്‍പ്പെടുന്നു. അല്ലാഹുവിങ്കല്‍ ദാനധര്‍മ്മങ്ങള്‍ക്കു പുണ്യം ലഭിക്കേണമെങ്കില്‍ അതു അല്ലാഹുവിന്റെ പ്രീതിയെമാത്രം ഉദ്ദേശിച്ചതായിരിക്കണം. അഥവാ ഐഹികമായ എന്തെങ്കിലും സ്വാര്‍ത്ഥമോ നേട്ടമോ ഉദ്ദേശിച്ചാവരുത്. ഈ വസ്തുതയും ഖുര്‍ആന്‍ പലപ്പോഴും എടുത്തുപറയാറുള്ളതാണ്. അടുത്തവചനവും നോക്കുക:

30:39
 • وَمَآ ءَاتَيْتُم مِّن رِّبًا لِّيَرْبُوَا۟ فِىٓ أَمْوَٰلِ ٱلنَّاسِ فَلَا يَرْبُوا۟ عِندَ ٱللَّهِ ۖ وَمَآ ءَاتَيْتُم مِّن زَكَوٰةٍ تُرِيدُونَ وَجْهَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلْمُضْعِفُونَ ﴾٣٩﴿
 • ജനങ്ങളുടെ സ്വത്തുക്കളില്‍വെച്ച് വളര്‍ന്നുണ്ടാകുവാന്‍ വേണ്ടി നിങ്ങള്‍ വല്ല 'രിബാ'യും [വളര്‍ത്തുമുതലും] കൊടുക്കുന്നതായാല്‍ അത് അല്ലാഹുവിന്റെയടുക്കല്‍ വളരുന്നതല്ല; അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് വല്ല 'സകാത്തും' [ധര്‍മ്മവും] നിങ്ങള്‍ കൊടുക്കുന്നതായാല്‍, അക്കൂട്ടര്‍ തന്നെയാണ് ഇരട്ടിപ്പിക്കുന്നവര്‍.
 • وَمَا آتَيْتُم നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍ مِّن رِّبًا വല്ല 'രിബാ'യും (വളര്‍ത്തുമുതലും, പലിശയും) لِّيَرْبُوَ അതു വളര്‍ന്നുണ്ടാകുവാന്‍ فِي أَمْوَالِ النَّاسِ മനുഷ്യരുടെ സ്വത്തുക്കളില്‍ فَلَا يَرْبُو എന്നാലതു വളരുന്നതല്ല عِندَ اللَّـهِ അല്ലാഹുവിങ്കല്‍ وَمَا آتَيْتُم നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍ مِّن زَكَاةٍ വല്ല 'സക്കാത്തും' تُرِيدُونَ നിങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടു وَجْهَ اللَّـهِ അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ) فَأُولَـٰئِكَ എന്നാലവര്‍ هُمُ അവര്‍ തന്നെയാണ് الْمُضْعِفُونَ ഇരട്ടിപ്പിക്കുന്നവര്‍

‘രിബാ’ (رِّبا) എന്ന പദത്തിന്റെ ക്രിയാരൂപം ‘റബാ’ (ربا) എന്നാണ്, ‘വളര്‍ന്നു, വര്‍ദ്ധിച്ചു, ചീര്‍ത്തു, പൊന്തി, കവിഞ്ഞു’ എന്നൊക്കെ അതിനു അര്‍ത്ഥം വരും. ഇതേ ഭൂതക്രിയയുടെ ഭാവിക്രിയാരൂപമാണ് ഈ ആയത്തില്‍ കാണുന്ന ‘യര്‍ബൂ’ (يَرْبُو) എന്ന വാക്ക്. അപ്പോള്‍, ‘രിബാ’ എന്ന വാക്കിന് ‘വളര്‍ച്ച, വര്‍ദ്ധനവ്’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. മൂലധനത്തിന്റെ വര്‍ദ്ധനവായതുകൊണ്ട് ‘പലിശ’ക്കും ‘രിബാ’ എന്നു പറയുന്നു. കൂടുതല്‍ വല്ലതും തിരിച്ചുകിട്ടണമെന്ന പ്രതീക്ഷയോടുകൂടി ആര്‍ക്കെങ്കിലും എന്തെങ്കിലും – ദാനമായോ ഇനാമായോ -കൊടുക്കുന്നതാണ് ഇവിടെ ‘രിബാ’ കൊണ്ടുദ്ദേശ്യം എന്നത്രെ മിക്കവാറും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നത്. അതുകൊണ്ടാണ് ‘വളര്‍ത്തുമുതല്‍’ എന്ന് നാം ‘രിബാ’ക്ക് ഇവിടെ അര്‍ത്ഥം നല്‍കുന്നത്. ഇങ്ങിനെ കൊടുക്കുന്നത് കേവലം കുറ്റകരമാണെന്നു പറഞ്ഞുകൂടാ. പക്ഷേ, അത് അല്ലാഹുവിന്റെ പ്രീതിയെയും, പ്രതിഫലത്തെയും ഉദ്ദേശിച്ചു ചെയ്യുന്ന കര്‍മ്മമല്ലാത്തതുകൊണ്ട് അതിന് അല്ലാഹുവിങ്കല്‍ വളര്‍ച്ചയും അഭിവൃദ്ധിയും ഉണ്ടാകുകയില്ല. അഥവാ ഒരു പുണ്യകര്‍മ്മമായി അല്ലാഹു അതിനെ കണക്കാക്കുകയില്ല. ഇത്തരം ദാനധര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഖുര്‍ആന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. وَلَا تَمْنُن تَسْتَكْثِرُ :المدثر: ٦ (അധികം കിട്ടേണമെന്നുദ്ദേശിച്ചുകൊണ്ട് നീ ഉപകാരം ചെയ്യരുത്.). പലിശ ലഭിക്കേണമെന്ന ഉദ്ദേശത്തോടുകൂടി അന്യനു കൊടുക്കുന്ന സ്വത്താണ് ഇവിടെ ഉദ്ദേശ്യമെന്നും, പലിശ വാങ്ങുന്ന ആള്‍ക്ക് അവന്റെ ഇടപാടുകാരന്‍ കൊടുക്കുന്ന സാധാരണ പലിശ തന്നെയാണുദ്ദേശ്യമെന്നും ചുരുക്കം ചിലരും പ്രസ്താവിച്ചുകാണുന്നു. ഈ രണ്ടു ഇടപാടും തന്നെ അല്ലാഹുവിങ്കല്‍ വളര്‍ച്ചയില്ലാത്തതാണെന്നു മാത്രമല്ല, കുറ്റകരംകൂടിയാണെന്നു പറയേണ്ടതില്ലല്ലോ. الله ٲعلم.

‘സകാത്തു’ (زكوة) എന്ന പദത്തിനും ഏറെക്കുറെ ‘രിബാ’യുടെ അര്‍ത്ഥംതന്നെ വരുമെന്നു പറയാം. ‘വളര്‍ച്ച, പരിശുദ്ധത, അഭിവൃദ്ധി’ എന്നെല്ലാം അതിനും അര്‍ത്ഥമുണ്ടു. പക്ഷേ, ആന്തരികമായ വളര്‍ച്ചക്കും പരിശുദ്ധിക്കുമാണ് ‘സകാത്ത്’ ഉപയോഗിക്കുക. ബാഹ്യമായ അഭിവൃദ്ധിയും വളര്‍ച്ചയുമാണ്‌ ‘രിബാ’ കുറിക്കുന്നത്. ദാനധര്‍മ്മങ്ങള്‍ക്കു പൊതുവിലും, ഇസ്‌ലാമിലെ നിര്‍ബ്ബന്ധധര്‍മ്മത്തിനു പ്രത്യേകിച്ചും ‘സകാത്തു’ എന്നു ഉപയോഗിക്കുന്നു. അവ ധനത്തെ ശുദ്ധീകരിക്കുകയും, ഉടമസ്ഥനു ആത്മീയ പരിശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നതാണതിന്നു കാരണം. ഇവിടെ ഈ രണ്ടര്‍ത്ഥവും ഉദ്ദേശിക്കപ്പെടാവുന്നതാണ്. സ്വത്തില്‍ വര്‍ദ്ധനവുണ്ടാകുവാന്‍ വേണ്ടി – കടമായോ, ധര്‍മ്മമായോ – കൊടുക്കുന്ന ‘രിബാ’യെപ്പോലെയല്ല ‘സകാത്താ’യി കൊടുക്കുന്നതിന്റെ ഫലം. അടിയാന്‍ അല്ലാഹുവിനു നല്‍കിയ ഒരു കടം പോലെയാണ് അവന്‍ അതിനെ കണക്കാക്കുന്നത്. അതു തിരിച്ചുകൊടുക്കുമ്പോള്‍ അനേകം ഇരട്ടികളായി അവന്‍ തിരിച്ചുകൊടുക്കുകയും ചെയ്യും. പക്ഷേ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലക്‌ഷ്യം വെച്ചുകൊണ്ടായിരിക്കണം അതു ചെയ്തിരിക്കുന്നത്. അല്ലാഹു പറയുന്നു:

مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً – البقرة : ٢٤٥

(ആരാണ് അല്ലാഹുവിനു നല്ല കടം കടം കൊടുക്കുന്നവര്‍? എന്നാലവനു വളരെ ഇരട്ടികളായി അവന്‍ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്. (അല്‍ബഖറ: 245). ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കസമാനമുള്ളതു ദാനം ചെയ്‌താല്‍ – പരിശുദ്ധമായതിനെയല്ലാതെ, അല്ലാഹു സ്വീകരിക്കുകയില്ലതാനും – എന്നാലതിനെ അല്ലാഹു അവന്റെ വലങ്കൈ കൊണ്ട് (സന്തോഷത്തോടുകൂടി) സ്വീകരിക്കുന്നതാണ്. പിന്നീട് അതിന്റെ ആള്‍ക്കു വേണ്ടി, നിങ്ങളിലൊരാള്‍ തന്റെ കുതിരക്കുട്ടിയെ വളര്‍ത്തിവരുന്നതുപോലെ, അവന്‍ അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ അതു പര്‍വ്വതം പോലെ ആയിത്തീരും.’ (ബു; മു).

വിഭാഗം - 5

30:40
 • ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٤٠﴿
 • നിങ്ങളെ സൃഷ്ടിച്ച് പിന്നീടു നിങ്ങള്‍ക്ക് ഉപജീവനവും തന്ന്, പിന്നീട് നിങ്ങളെ മരണപ്പെടുത്തുകയും, പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനത്രെ അല്ലാഹു. അതില്‍നിന്ന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങളുടെ പങ്കുകാരില്‍ [ആരാധ്യരില്‍] ഉണ്ടോ?! അവന്‍ എത്രയോ പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് അവന്‍ ഉന്നതനായുള്ളവനുമാകുന്നു!
 • اللَّـهُ അല്ലാഹു الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ ثُمَّ رَزَقَكُمْ പിന്നീടു നിങ്ങള്‍ക്കു ഉപജീവനം നല്‍കി ثُمَّ يُمِيتُكُمْ പിന്നീടു നിങ്ങളെ മരണപ്പെടുത്തുകയും ചെയ്യുന്നു ثُمَّ يُحْيِيكُمْ പിന്നീടു നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നു هَلْ مِن شُرَكَائِكُم നിങ്ങളുടെ പങ്കുകാരിലുണ്ടോ مَّن يَفْعَلُ ചെയ്യുന്നവര്‍ مِن ذَٰلِكُم അതില്‍നിന്നു مِّن شَيْءٍ ഏതെങ്കിലുമൊരു കാര്യം سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ ഉന്നതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു
30:41
 • ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ ﴾٤١﴿
 • മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരി ക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ.
 • ظَهَرَ വെളിപ്പെട്ടു, പ്രത്യക്ഷമായി الْفَسَادُ കുഴപ്പം, നാശം فِي الْبَرِّ കരയില്‍ وَالْبَحْرِ സമുദ്രത്തിലും بِمَا كَسَبَتْ പ്രവര്‍ത്തിച്ചതു നിമിത്തം أَيْدِي النَّاسِ മനുഷ്യരുടെ കൈകള്‍ لِيُذِيقَهُم അവന്‍ അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ بَعْضَ ചിലതു الَّذِي عَمِلُوا അവര്‍ പ്രവര്‍ത്തിച്ച لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ മടങ്ങും
30:42
 • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ ﴾٤٢﴿
 • (നബിയേ) പറയുക: 'നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുവിന്‍, എന്നിട്ടു മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന് നോക്കുവിന്‍'! അവരില്‍ അധികമാളുകളും 'മുശ്‌രിക്കുകള്‍' [പരദൈവവിശ്വാസികള്‍] ആയിരുന്നു.
 • قُلْ പറയുക سِيرُوا നിങ്ങള്‍ നടക്കുവിന്‍, സഞ്ചരിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങനെയായിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلُ മുമ്പുള്ളവരുടെ كَانَ أَكْثَرُهُم അവരിലധികവും ആയിരുന്നു مُّشْرِكِينَ മുശ്‌രിക്കുകള്‍, പരദൈവ വിശ്വാസികള്‍

കരയിലും, കടലിലും മനുഷ്യരുടെ പ്രവൃത്തിദോഷങ്ങള്‍ നിമിത്തമാണ് കുഴപ്പവും നാശവും ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്; എന്നാല്‍ അവയുടെ മുഴുവന്‍ ഫലവും അവര്‍ക്കു ഇവിടെവെച്ച് അല്ലാഹു അനുഭവിപ്പിക്കുന്നില്ല; അവര്‍ ചിന്തിച്ചു പാഠം പഠിച്ച് മടങ്ങുവാനായി ചുരുക്കം ചില പ്രവര്‍ത്തനഫലങ്ങള്‍ മാത്രമേ അനുഭവിപ്പിക്കുന്നുള്ളു എന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്. തുടര്‍ന്നുകൊണ്ട് അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കാതെയും, അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെയും ഇരുന്നതിനാല്‍ പല സമുദായങ്ങള്‍ക്കും നേരിട്ട ശിക്ഷകളും, അവരുടെ പര്യവസാനങ്ങളും ആലോചിച്ചുനോക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ശിര്‍ക്ക്, അവിശ്വാസം, അക്രമം, ദേഹേച്ഛകള്‍ ആദിയായവയാണ് ലോകത്തുണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങള്‍ക്കും കാരണമെന്ന് അല്‍പം ആലോചിച്ചാല്‍ അറിയാവുന്നതാണ്. ഉല്‍പന്നങ്ങളുടെ കുറവ്, അതിവര്‍ഷം, വരള്‍ച്ച ആദിയായവയും സമാധാനജീവിതം താറുമാറാകുന്നതുമെല്ലാം തന്നെ മനുഷ്യപ്രവര്‍ത്തനങ്ങളാല്‍ സംഭവിക്കുന്നവയാണ്. അവയില്‍ ചിലതിന്റെ കാരണങ്ങള്‍ നമുക്കു പ്രത്യക്ഷത്തില്‍തന്നെ അറിയാന്‍ കഴിഞ്ഞേക്കും, ചിലതിന്റെ കാരണങ്ങള്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും വന്നേക്കും. അത്രമാത്രം, പ്രകൃതികോപങ്ങള്‍ എന്നോ, യാദൃച്ഛിക സംഭവങ്ങള്‍ എന്നോ നാം വിശേഷിപ്പിക്കാറുള്ള ആപത്തുകള്‍ പോലും ഇതില്‍നിന്നു ഒഴിവല്ലതന്നെ. അല്ലാഹു പറയുന്നതു നോക്കുക:-

وَلَوْ يُؤَاخِذُ اللَّـهُ النَّاسَ بِظُلْمِهِم………. وَلَا يَسْتَقْدِمُونَ – النحل : ٦١

മനുഷ്യര്‍ ചെയ്യുന്ന അക്രമം കാരണം അല്ലാഹു അവരെ പിടികൂടുകയായിരുന്നുവെങ്കില്‍ അതിന്റെ – ഭൂമിയുടെ – മുകളില്‍ യാതൊരു ജീവിയെയും അവന്‍ ബാക്കി വിട്ടേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവരെ അവന്‍ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ആ അവധി വന്നുകഴിഞ്ഞാല്‍ അവ൪ ഒരു നാഴികനേരം പിന്നോട്ടുപോകുന്നതോ മുന്നോട്ടുപോകുന്നതോ അല്ല. (നഹ്ല്‍ 61).

أَوَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم…… ألَّا الْقَوْمُ الْخَاسِرُونَ : الأعراف

ആ രാജ്യക്കാര്‍ – മുമ്പ് നശിപ്പിക്കപ്പെട്ട സമുദായങ്ങള്‍ – വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍. നാം അവര്‍ക്ക് ആകാശത്തുനിന്നും, ഭൂമിയില്‍നിന്നും ബര്‍ക്കത്തുകള്‍ – അഭിവൃദ്ധിമാര്‍ഗ്ഗങ്ങള്‍ – തുറന്നുകൊടുത്തിരുന്നു. പക്ഷേ, അവര്‍ വ്യാജമാക്കി. അപ്പോള്‍, അവര്‍ പ്രവൃത്തിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടിച്ചു ശിക്ഷിച്ചു. തങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കെ രാത്രിസമയത്തു നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വന്നെത്തുന്നതിനെപ്പറ്റി ആ രാജ്യക്കാര്‍ നിര്‍ഭയ രായിപ്പോയോ?! തങ്ങള്‍ വിളയാടിക്കൊണ്ടിരിക്കെ പൂര്‍വ്വാഹ്ന – ഇളയുച്ച – സമയത്തു നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വന്നെത്തുന്നതിനെപ്പറ്റി ആ രാജ്യക്കാര്‍ നിര്‍ഭയരായിപ്പോയോ?! അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി അവര്‍ നിര്‍ഭയരായോ?!! എന്നാല്‍, നഷ്ടക്കാരായ ജനങ്ങളല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാകുന്നതല്ല. (അഅ്റാഫ്‌ : 98-99). നൂഹ് നബി (عليه الصلاة والسلام) തന്റെ ജനങ്ങള്‍ക്കുനല്‍കിയ ഉപദേശങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നു:-

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا….. وَيَجْعَل لَّكُمْ أَنْهَارًا : نوح

ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടു പാപമോചനം തേടുവിന്‍. നിശ്ചയമായും അവന്‍ വളരെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്കു ആകാശത്തെ – മഴയെ – തുടര്‍ച്ചയായി അയച്ചുതരും. സമ്പത്തുക്കളെക്കൊണ്ടും മക്കളെക്കൊണ്ടും അവന്‍ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കു തോട്ടങ്ങള്‍ ഉണ്ടാക്കിത്തരുകയും ചെയ്യും.’ (സൂ: നൂഹ് : 10-12). ഇതുപോലെ പല ഖുര്‍ആന്‍ വചനങ്ങളും ഇവിടെ സ്മരണീയമാണ്.

വേണ്ടത്ര താക്കീതുകളും, ഉപദേശങ്ങളും നല്‍കിയിട്ടും ജനങ്ങള്‍ ദുഷ്പ്രവൃത്തികളില്‍നിന്നു പിന്‍മാറുന്നില്ലെങ്കില്‍ അവര്‍ അവരുടെ പാട്ടിനു നടന്നുകൊള്ളട്ടെ എന്നുവെച്ച് സത്യവിശ്വാസികള്‍ തങ്ങളുടെ കാര്യം നോക്കിക്കൊള്ളുവാന്‍ അടുത്ത വചനങ്ങളില്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നു:-

30:43
 • فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍ يَصَّدَّعُونَ ﴾٤٣﴿
 • ആകയാല്‍, അല്ലാഹുവില്‍നിന്നു യാതൊരു തടവും ഉണ്ടായിരിക്കാത്ത ഒരു ദിവസം വരുന്നതിനു മുമ്പായി നീ നിന്റെ മുഖം (വക്രതകൂടാതെ) ശരിയായി നില്‍ക്കുന്ന (ഈ) മതത്തിലേക്കു നേരെയാക്കി നിറുത്തിക്കൊള്ളുക. അന്നേ ദിവസം അവര്‍ പിളര്‍ന്നു പിരിയുന്നതാകുന്നു.
 • فَأَقِمْ അതുകൊണ്ടു ശരിക്കു നിറുത്തുക وَجْهَكَ നിന്റെ മുഖം لِلدِّينِ മതത്തിലേക്കു الْقَيِّمِ ശരിയായി നിലകൊള്ളുന്ന (വക്രതയില്ലാത്ത) مِن قَبْلِ أَن يَأْتِيَ വരുന്നതിനുമുമ്പ് يَوْمٌ ഒരു ദിവസം لَّا مَرَدَّ യാതൊരു തടവും (പ്രതിരോധവും) ഇല്ലാത്ത لَهُ അതിനു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു يَوْمَئِذٍ അന്നത്തെ ദിവസം يَصَّدَّعُونَ അവര്‍ പിളരുന്നതാണ്, പിരിയും

തടവില്ലാത്ത ദിവസം എന്നു പറഞ്ഞതു ഖിയാമത്തുനാളിനെ ഉദ്ദേശിച്ചാകുന്നു. അന്ന് മനുഷ്യര്‍, നല്ലവരും, ചീത്തപ്പെട്ടവരും എന്നിങ്ങിനെ വേര്‍പിരിയുന്നതും, ഒരു വിഭാഗം സ്വര്‍ഗ്ഗത്തിലും, മറ്റേ വിഭാഗം നരകത്തിലും പ്രവേശിക്കുന്നതുമാണ്.

30:44
 • مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَـٰلِحًا فَلِأَنفُسِهِمْ يَمْهَدُونَ ﴾٤٤﴿
 • ആര്‍ അവിശ്വസിച്ചുവോ അവന്റെ അവിശ്വാസം അവന്റെ മേല്‍ത്തന്നെയായിരിക്കും (ദോഷം ചെയ്യുക). ആര്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുവോ അവര്‍ തങ്ങള്‍ക്കുതന്നെ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
 • مَن كَفَرَ ആര്‍ അവിശ്വസിച്ചു فَعَلَيْهِ എന്നാല്‍ അവന്റെമേല്‍ തന്നെയാണ് كُفْرُهُ അവന്റെ അവിശ്വാസം وَمَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചു صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَلِأَنفُسِهِمْ എന്നാല്‍ തനിക്കുതന്നെ يَمْهَدُونَ അവര്‍ സൗകര്യമൊരുക്കുന്നു, തയ്യാറാക്കിവെക്കുന്നു
30:45
 • لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِن فَضْلِهِۦٓ ۚ إِنَّهُۥ لَا يُحِبُّ ٱلْكَـٰفِرِينَ ﴾٤٥﴿
 • വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു (അല്ലാഹു) അവന്റെ അനുഗ്രഹത്തില്‍നിന്നു പ്രതിഫലം കൊടുക്കുവാന്‍ വേണ്ടിയാണ് (അതു). നിശ്ചയമായും, അവന്‍ അവിശ്വാസികളെ ഇഷ്ടപ്പെടുന്നതല്ല.
 • لِيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ നിന്ന്, അനുഗ്രഹത്താല്‍ إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നില്ല الْكَافِرِينَ അവിശ്വാസികളെ
30:46
 • وَمِنْ ءَايَـٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾٤٦﴿
 • അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, സന്തോഷവാര്‍ത്ത അറിയിക്കുവാനായിക്കൊണ്ട് കാറ്റുകളെ അവന്‍ അയക്കുന്നത്. അവന്റെ കാരുണ്യത്തില്‍നിന്ന് (ചിലതു) നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും, അവന്റെ കൽപനപ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ (ഉപജീവനം) അന്വേഷിക്കുവാനും വേണ്ടിയാകുന്നു. (അതു),നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമാണ്.
 • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് أَن يُرْسِلَ അവന്‍ അയക്കുന്നതു الرِّيَاحَ കാറ്റുകളെ مُبَشِّرَاتٍ സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു وَلِيُذِيقَكُم നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും مِّن رَّحْمَتِهِ അവന്റെ കാരുണ്യത്തില്‍നിന്നു وَلِتَجْرِيَ നടക്കുവാനും, സഞ്ചരിക്കുവാനും الْفُلْكُ കപ്പല്‍ بِأَمْرِهِ അവന്റെ കൽപനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍നിന്ന് وَلَعَلَّكُمْ നിങ്ങള്‍ ആയേക്കുവാനും, ആയേക്കാം تَشْكُرُونَ നന്ദി ചെയ്യുന്ന, നന്ദി കാണിക്കുന്ന(വര്‍)

മഴ വര്‍ഷിക്കുവാന്‍ പോകുന്നുവെന്നും, ഉല്‍പന്നങ്ങള്‍ ഉണ്ടാകുവാന്‍ അടുത്തിരിക്കുന്നുവെന്നും സൂചിപ്പിക്കുന്നവയാണല്ലോ കാറ്റുകള്‍. അതുകൊണ്ടാണ് അവയെപ്പറ്റി مُبَشِّرَات (സന്തോഷവാര്‍ത്ത അറിയിക്കുന്നവ) എന്നു പറഞ്ഞത്. ആവിയന്ത്രക്കപ്പലുകള്‍ ഉണ്ടാകുന്നതിനു മുമ്പ് കടലില്‍ സഞ്ചരിക്കുന്ന എല്ലാതരം കപ്പലുകള്‍ക്കും കാറ്റിന്റെ സഹായം അനിവാര്യമാണ്. യന്ത്രക്കപ്പലുകള്‍ക്കു കാറ്റിനെ സാധാരണയായി അവലംബിക്കേണ്ടതില്ലെങ്കിലും, കാറ്റിന്റെ ഗതിയും വേഗതയും പാകം തെറ്റാതിരിക്കുന്നതു അതിനും ആവശ്യംതന്നെ. അതുകൊണ്ടാണ് അവന്റെ കൽപനപ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാനും എന്നു പ്രസ്താവിച്ചത്. കാറ്റുകൊണ്ടുണ്ടാകുന്ന പല പ്രയോജനങ്ങളും ഓര്‍മ്മിപ്പിച്ചശേഷം ‘നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടിയും’ (وَلَعَلَّكُمْ تَشْكُرُونَ) എന്നു പറഞ്ഞതു പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു.