സൂറത്തുല്‍ അങ്കബൂത്ത് : 64-69
വിഭാഗം - 7
- وَمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ ٱلدَّارَ ٱلْءَاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٦٤﴿
- ഈ ഐഹിക ജീവിതം, വിനോദവും, കളിയും അല്ലാതെ (മറ്റൊന്നും) അല്ല. നിശ്ചയമായും പരലോക ഭവനമാകട്ടെ, അതാണ് (യഥാര്‍ത്ഥത്തിലുള്ള) ജീവിതം. അവര്‍ക്കറിയാമായിരുന്നുവെങ്കില്‍ (അവര്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുമായിരുന്നില്ല)!
- وَمَا هَـٰذِهِ الْحَيَاةُ ഈ ജീവിതമല്ല الدُّنْيَا ഐഹികമായ, ഇഹത്തിലെ إِلَّا لَهْوٌ വിനോദമല്ലാതെ وَلَعِبٌ കളിയും, വിളയാട്ടും وَإِنَّ الدَّارَ الْآخِرَةَ നിശ്ചയമായും പരലോകഭാവനമാകട്ടെ لَهِيَ അതുതന്നെയാണ് الْحَيَوَانُ ജീവിതം, ജീവസ്സുള്ളതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും (എങ്കില്‍)
ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങളും, ഉപാധികളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാല്‍ വെറും കളിവിനോദമാണെന്നു കാണാം. ഒന്നിനും നിലനില്‍പില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്കു നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതിലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ജീവിതം. അതുകൊണ്ട് ആ ജീവിതത്തിലേക്ക് ഉപയോഗപ്രദമായിത്തീരുന്നതെന്തോ അതു സമ്പാദിക്കുവാന്‍ ശ്രമിക്കുകയാണ് അവന്‍ ഇവിടെവെച്ച് ചെയ്യേണ്ടത്. ഇഹലോകവും, പരലോകവും തമ്മിലുള്ള അന്തരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ ഇങ്ങിനെ വിവരിക്കുന്നു:-
وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ – مسلم
സാരം: അല്ലാഹുവാണ സത്യം! പരലോകത്തെ അപേക്ഷിച്ച് ഇഹലോകം, നിങ്ങളിലൊരാള്‍ അവന്റെ വിരല്‍ സമുദ്രത്തില്‍ ഇടുന്നതിനു തുല്ല്യമാണ്. എന്തുമാത്രം (വെള്ളം) കൊണ്ടാണ് അതു തിരിച്ചെടുക്കുന്നതു എന്നു അവന്‍ പരിശോധിച്ചു നോക്കട്ടെ. (മുസ്‌ലിം).
- فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ﴾٦٥﴿
- എന്നാല്‍, അവര്‍ [ബഹുദൈവവിശ്വാസികള്‍] കപ്പലില്‍ കയറിയാല്‍, കീഴ്വണക്കം അല്ലാഹുവിന്നു നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. എന്നിട്ട് കരയിലേക്ക് അവന്‍ അവരെ രക്ഷപ്പെടുത്തിക്കൊടുക്കുമ്പോഴോ - അപ്പോള്‍ അവരതാ - (അവനോടു) പങ്കുചേര്‍ക്കുന്നു!
- فَإِذَا رَكِبُوا എന്നാല്‍ അവര്‍ കയറിയാല്‍ فِي الْفُلْكِ കപ്പലില്‍ دَعَوُا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും اللَّـهَ അല്ലാഹുവിനെ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു لَهُ അവനു الدِّينَ കീഴ്വണക്കം, അനുസരണം, മതം فَلَمَّا نَجَّاهُمْ എന്നിട്ട് അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്ക് إِذَا അപ്പോഴതാ هُمْ അവര്‍ يُشْرِكُونَ പങ്കുചേര്‍ക്കുന്നു, ശിര്‍ക്കുവെക്കുന്നു
- لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ﴾٦٦﴿
- നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ അവര്‍ നന്ദികേടുകാണിക്കട്ടെ! അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ! എന്നാല്‍ വഴിയെ അവര്‍ക്കു അറിയാറാകും!
- لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കട്ടെ, കാണിക്കുവാന്‍ വേണ്ടി بِمَا آتَيْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ وَلِيَتَمَتَّعُوا അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ, ചെയ്യുവാനായിട്ടും فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവന്‍ അറിയും
ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന ഒരു കനത്ത തക്കീതാണിത്. അവര്‍ കപ്പലില്‍ കയറി സമുദ്രയാത്ര ചെയ്യുമ്പോള്‍, കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യന്മാരെയല്ല വിളിച്ചു പ്രാര്‍ത്ഥിക്കുക. നിഷ്കളങ്കമായ ഭയഭക്തിയോടുകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കും. ആപത്തു നീങ്ങി കരയിലേക്കു രക്ഷപ്പെട്ടു കഴിയുന്നതോടെ അതെല്ലാം മറന്ന് വീണ്ടും പഴയ ശിര്‍ക്കു തന്നെ ആവര്‍ത്തിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടാണ് തങ്ങള്‍ക്കു അഭയം തേടുവാനുള്ളതെന്നോ അവനാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നോ ഉള്ള ഭാവംപോലും അവരില്‍ പ്രകടമാകുകയില്ല. ഈ മുശ്‌രിക്കുകളെ അല്ലാഹു താക്കീതു ചെയ്യുകയാണ്: അവരങ്ങനെ നന്ദികേട് കാണിച്ചാലും, സുഖജീവിതം നയിച്ചുകൊണ്ടും നടക്കട്ടെ, അതിന്റെ ഫലം അവര്‍ക്കു വഴിയെ അറിയാം എന്ന്‍.
لِيَكْفُرُوا എന്നും, وَلِيَتَمَتَّعُوا എന്നുമുള്ള ക്രിയാരൂപങ്ങള്‍ക്ക് ‘അവര്‍ നന്ദികേടു കാണിക്കുവാന്‍ വേണ്ടിയും, അവര്‍ സുഖമാസ്വദിക്കുവാന്‍ വേണ്ടിയും’ എന്നും അര്‍ത്ഥം വരാവുന്നതാണ്. അവര്‍ കരയിലേക്കു രക്ഷപ്പെട്ടശേഷം വീണ്ടും ശിര്‍ക്കു തുടരുന്നതിന്റെ അനന്തരഫലം അത് രണ്ടുമായിരിക്കും എന്നാണ് അപ്പോള്‍ അതിന്റെ സാരം. وَلِيَتَمَتَّعُوا എന്നതിലെ ‘ലാമി’നു ‘സുകൂന്‍’ കൊടുത്തുകൊണ്ടും ഇവിടെ വായനയുണ്ട്. ഇതനുസരിച്ച് നാം ആദ്യം നല്‍കിയ അര്‍ത്ഥം തന്നെയാണ് നല്‍കേണ്ടതും.
വിഗ്രഹാരാധകന്മാരായ മുശ്‌രിക്കുകള്‍ ആപല്‍ഘട്ടങ്ങളിലെങ്കിലും തങ്ങളുടെ പങ്കുകാരെ വിട്ടേച്ച് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുമെന്നു അല്ലാഹു പറയുന്നു. എന്നാല്‍, സാധാരണമായ ആവശ്യങ്ങളില്‍ അല്ലാഹുവിനെമാത്രം വിളിക്കുകയും, ആപത്തുകളില്‍ ‘നേര്‍ച്ച’ക്കാരെയും മറ്റും വിളിക്കുകയും ചെയ്യുന്ന ചിലരെ മുസ്‌ലിംകള്‍ക്കിടയില്‍ കാണാമെന്നതു വളരെ ആശ്ചര്യകരവും വേദനാജനകവുമാണ്. ഇതും, ഇതുപോലുള്ളതുമായ ഖുര്‍ആന്‍ വചനങ്ങള്‍ അവര്‍ക്കും വമ്പിച്ച താക്കീതാണെന്നുള്ളതില്‍ സംശയമില്ല.
- أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ ﴾٦٧﴿
- നിര്‍ഭയമായ ഒരു 'ഹറം' [അലംഘ്യ സങ്കേതം] നാം ഏര്‍പ്പെടുത്തിയിട്ടുള്ളത് അവര്‍ കാണുന്നില്ലേ?! അവരുടെ ചുറ്റുപാടില്‍നിന്ന്‍ ജനങ്ങള്‍ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, മിഥ്യയായിട്ടുള്ളതില്‍ അവര്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അവര്‍ അവിശ്വസിക്കുക (അഥവാ നന്ദികേടു കാണിക്കുക) യും ചെയ്യുകയാണോ?!
- أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّا جَعَلْنَا നാം ഏര്‍പ്പെടുത്തി (ആക്കി)യിട്ടുള്ളതു حَرَمًا ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം آمِنًا നിര്‍ഭയമായ وَيُتَخَطَّفُ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു النَّاسُ മനുഷ്യര്‍ مِنْ حَوْلِهِمْ അവരുടെ ചുറ്റുപാടില്‍ നിന്നും أَفَبِالْبَاطِلِ എന്നിട്ടും വ്യര്‍ത്ഥമായ (മിഥ്യയായ)തിലോ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു وَبِنِعْمَةِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തിലോ يَكْفُرُونَ അവര്‍ അവിശ്വസിക്കുന്നു, നന്ദികേടു കാണിക്കുന്നു
- وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَٰفِرِينَ ﴾٦٨﴿
- അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ തനിക്കു സത്യം വന്നെത്തുമ്പോള്‍ അതിനെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ കൂടുതല്‍ അക്രമിയായുള്ളവന്‍ ആരാണ്?! അവിശ്വാസികള്‍ക്കു നരകത്തില്‍ പാര്‍പ്പിടം ഇല്ലയോ?! (നിശ്ചയമായും ഉണ്ട്.)
- وَمَنْ أَظْلَمُ കൂടുതല്‍ അക്രമി ആരാണു مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിയുണ്ടാക്കിയ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ كَذِبًا വ്യാജം أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِالْحَقِّ സത്യത്തെ لَمَّا جَاءَهُ അതു തനിക്കു വന്നപ്പോള്‍ أَلَيْسَ ഇല്ലയോ فِي جَهَنَّمَ നരകത്തില്‍ مَثْوًى പാര്‍പ്പിടം لِّلْكَافِرِينَ അവിശ്വാസികള്‍ക്കു
സമുദ്രത്തില്‍ വെച്ചുണ്ടാകുന്ന ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടുമാത്രം സഹായത്തിനു പ്രാര്‍ത്ഥിച്ച് തൗഹീദ് പ്രകടിപ്പിക്കുന്ന ആ മുശ്‌രിക്കുകള്‍ നിവസിക്കുന്നതു മക്കാഹറമിലാണല്ലോ. അതിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ ആക്രമണങ്ങളും, രക്തച്ചൊരിച്ചലും നിത്യേന നടമാടിക്കൊണ്ടിരിക്കുന്നു. അതേസമയത്തു ഖുറൈശികളാകട്ടെ, ഏറ്റവും ശക്തിമത്തായ കോട്ടകളിലെന്നപോലെ യുദ്ധഭീതിയും, ആക്രമണഭയവും നേരിടാതെ ഹറമില്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുകൂടുന്നു. പരിശുദ്ധ കഅ്ബയുടെ പരിസരപ്രദേശമായ ആ ആദരണീയ സ്ഥലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍വെച്ച് അക്രമങ്ങളും, കയ്യേറ്റങ്ങളും പാടില്ലെന്നും, ഹറമില്‍ പ്രവേശിച്ചവരെല്ലാം നിര്‍ഭയരായിരിക്കുമെന്നുമുള്ള അല്ലാഹുവിന്റെ നിയമം ഖുറൈശികളും അല്ലാത്തവരും ഒരുപോലെ പാലിച്ചുവരുന്നു. കപ്പലുകളിലാകുമ്പോള്‍ തങ്ങളുടെ വിഗ്രഹാദി ദൈവങ്ങളെ വിട്ടേച്ച് അല്ലാഹുവിനെമാത്രം വിളിച്ചു രക്ഷക്കപേക്ഷിക്കുന്നതുപോലെ, ഹറമില്‍ സുരക്ഷിതമായി സമാധാനത്തോടെ കഴിഞ്ഞുകൂടുന്ന അവസരത്തിലും എന്തുകൊണ്ട് അവര്‍ക്കു അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനുമാത്രം ആരാധന നടത്തുകയും ചെയ്തുകൂടാ?! അല്ലാഹു അവര്‍ക്കു നല്‍കിയ ഈ മഹത്തായ അനുഗ്രഹത്തിനു നന്ദി കാണിക്കുന്നതിനുപകരം, വിഗ്രഹങ്ങളെ അല്ലാഹുവിനു സമമാക്കി ആരാധിക്കുകയും, അവയോടു പ്രാര്‍ത്ഥിക്കുകയുമാണല്ലോ അവര്‍ ചെയ്യുന്നത്. ഇതില്‍പരം അക്രമം മറ്റേതാണ്?! അതിനാല്‍, അല്ലാഹു അവര്‍ക്കു മരണാനന്തരം നരകത്തിലാണ് പാര്‍പ്പിടം ഒരുക്കിവെച്ചിട്ടുള്ളത്. അവരെ ശിക്ഷിക്കുവാന്‍ അതില്‍ ധാരാളം സ്ഥലമുണ്ടു!
അവിശ്വാസികളെക്കുറിച്ച് പലതും പ്രസ്താവിച്ചശേഷം വിശ്വാസികളായ സജ്ജനങ്ങളുടെ നേട്ടത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു:-
- وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ﴾٦٩﴿
- നമ്മുടെ കാര്യത്തില്‍ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതന്മാരോടു കൂടെയായിരിക്കുന്നതുമാകുന്നു.
- وَالَّذِينَ جَاهَدُوا സമരം നടത്തുന്നവര്‍ فِينَا നമ്മുടെ കാര്യത്തില്‍ لَنَهْدِيَنَّهُمْ നിശ്ചയമായും നാം അവരെ നയിക്കും سُبُلَنَا നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَمَعَ الْمُحْسِنِينَ സുകൃതവാന്മാരുടെ (സല്‍ഗുണവാന്മാരുടെ, പുണ്യവാന്മാരുടെ) കൂടെയായിരിക്കും
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – അവന്റെ തൗഹീദിനെ ഉയര്‍ത്തുകയും, മതത്തെ സഹായിക്കുകയും ചെയ്യുന്ന വിഷയത്തില്‍ – വേണ്ടിവന്നാല്‍ അടര്‍ക്കളത്തിലിറങ്ങി യുദ്ധം നടത്തുകവരെയുള്ള സമരങ്ങള്‍ നടത്തുവാന്‍ തയ്യാറുള്ള സത്യവിശ്വാസികള്‍ക്കു അവന്റെ പ്രീതിയും പ്രതിഫലവും കൂടുതല്‍ കൂടുതല്‍ ലഭിക്കുവാനുതകുന്ന മാര്‍ഗ്ഗങ്ങളില്‍ ചരിക്കുവാനുള്ള മാര്‍ഗ്ഗദര്‍ശനവും സഹായവും അവന്‍ ചെയ്തുകൊടുക്കും. അവന്‍, അങ്ങിനെയുള്ള സല്‍ഗുണവാന്മാരുടെ പക്ഷത്തായിരിക്കുന്നതുമാണ്. അല്ലാഹു ഏതു പക്ഷത്താണോ ആ പക്ഷത്തിലുള്ളവരത്രെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. സൂ: മുഹമ്മദ് 17ല്‍ അല്ലാഹു ഇപ്രകാരം പറയുന്നു: وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ – محمد സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അവര്‍ക്കുവേണ്ടുന്ന ഭയഭക്തി നല്‍കുകയും ചെയ്യുമെന്ന് സാരം.
അല്ലാഹു നമ്മെയെല്ലാം ഭയഭക്തരും, സുകൃതന്മാരുമായ അടിയാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. آمين
[التسويد: ١٨ ربيع الٲول ١٣٨٠: ٦٠/٨/٣١ م والتبييض: ٤ جمادى الاخرى ١٣٨٧: ٩/٨/٦٧]