വിഭാഗം - 3

29:24
  • فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٢٤﴿
  • എന്നാല്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, 'അവനെ കൊലപ്പെടുത്തുവിന്‍, അല്ലെങ്കില്‍ അവനെ ചുട്ടെരിക്കുവിന്‍' എന്ന്‍ അവര്‍ പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്നു രക്ഷപ്പെടുത്തി. നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
  • فَمَا كَانَ എന്നാല്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ اقْتُلُوهُ നിങ്ങളവനെ കൊല്ലുവിന്‍ أَوْ حَرِّقُوهُ അല്ലെങ്കില്‍ നിങ്ങളവനെ (ചുട്ട്) കരിക്കുവിന്‍ فَأَنجَاهُ اللَّـهُ അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി مِنَ النَّارِ അഗ്നി (തീ) യില്‍ നിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന

ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രവും, അദ്ദേഹം അഗ്നികുണ്ഡത്തില്‍ നിന്ന്‍ രക്ഷപ്പെട്ട സംഭവവും സൂ: അമ്പിയാഇല്‍ വെച്ച് വിസ്തരിച്ചു പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതു ആവര്‍ത്തിക്കേണ്ടതില്ല. അഗ്നിയില്‍നിന്നു രക്ഷപ്പെട്ടശേഷവും അദ്ദേഹം പ്രബോധനം തുടര്‍ന്നുകൊണ്ടിരുന്നു. സ്വജനതക്കിടയില്‍ താമസിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം നാടുവിട്ടുപോകുകയും ചെയ്തു. താഴെ വചനങ്ങള്‍ ഇതിനെക്കുറിച്ചു പ്രസ്താവിക്കുന്നു.

29:25
  • وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ ﴾٢٥﴿
  • (വീണ്ടും) അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനു പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ (ആരാധ്യവസ്തുക്കളായി) സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള താല്‍പ്പര്യത്തിന്നായി മാത്രമാകുന്നു. പിന്നെ, ഖിയാമത്തുനാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുന്നതും, ചിലര്‍ ചിലരെ ശപിക്കുന്നതുമാകുന്നു; നിങ്ങളുടെ സങ്കേതം നരകവുമായിരിക്കും; സഹായികളായിട്ട്‌ നിങ്ങള്‍ക്ക് (ആരും തന്നെ) ഉണ്ടാവുകയുമില്ല'.
  • وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنَّمَا اتَّخَذْتُم നിശ്ചയമായും നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْثَانًا വിഗ്രഹങ്ങളെ مَّوَدَّةَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ള താല്‍പ്പര്യത്തിനു, സ്നേഹബന്ധത്തിനു (മാത്രം) فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ ثُمَّ പിന്നെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يَكْفُرُ നിഷേധിക്കും بَعْضُكُم നിങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരില്‍ وَيَلْعَنُ ശപിക്കുകയും ചെയ്യും بَعْضُكُم നിങ്ങളില്‍ ചിലര്‍ بَعْضًا ചിലരെ وَمَأْوَاكُمُ നിങ്ങളുടെ സങ്കേതം, അഭയസ്ഥാനം النَّارُ നരകമാകുന്നു, അഗ്നിയാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായി (ആരും), സഹായികളില്‍പെട്ട(വര്‍)
29:26
  • فَـَٔامَنَ لَهُۥ لُوطٌ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٦﴿
  • അപ്പോള്‍, ലൂത്ത്വ് അദ്ദേഹത്തെ വിശ്വസിച്ചു. അദ്ദേഹം [ഇബ്രാഹീം] പറഞ്ഞു: 'ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് 'ഹിജ്റ' [നാടുവിട്ട്] പോകുകയാണ്; നിശ്ചയമായും, അവന്‍ തന്നെയാണ്, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍.'
  • فَآمَنَ അപ്പോള്‍ വിശ്വസിച്ചു لَهُ അദ്ദേഹത്തെ لُوطٌ ലൂത്ത്വ് وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنِّي مُهَاجِرٌ നിശ്ചയമായും ഞാന്‍ ഹിജ്റ (നാടുവിട്ടു) പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍

വിഗ്രഹാരാധനയുടെ നിരര്‍ത്ഥതയും, കൊള്ളരുതായ്മയും നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടു പിന്നെയും നിങ്ങളതില്‍ മൂടുറച്ചുകൊണ്ട്‌കൊണ്ടിരിക്കുന്നത് നിങ്ങള്‍ തമ്മതമ്മിലുള്ള സ്നേഹതാല്‍പര്യബന്ധങ്ങള്‍ നിലനിറുത്തുവാനും, അതിന്നു ഭംഗം നേരിടാതിരിക്കുവാനും വേണ്ടി മാത്രമാണെന്നാണ്, ആ മന:ശാസ്ത്രപടുവായ പ്രവാചകവര്യന്‍ അവരോടു പറയുന്നത്. ഈ ആവശ്യാര്‍ത്ഥം ഏറ്റവും കടുത്ത ഈ മഹാപാപം നിങ്ങളിപ്പോള്‍ ന്യായീകരിച്ചുകൊണ്ടിരിക്കുന്നുവല്ലോ. എന്നാല്‍ ഖിയാമത്തുനാളില്‍ നിങ്ങള്‍ തമ്മിലുള്ള ഈ ബന്ധം മുറിഞ്ഞു പോകും. നിങ്ങള്‍ പരസ്‌പരം വൈരികളും, നിഷേധികളുമായി മാറും. നിങ്ങള്‍ അന്യോന്യം ശപിക്കും. ഒടുക്കം സഹായത്തിനും രക്ഷക്കും ആരുമില്ലാതെ എല്ലാവരും കാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടതായും വരും എന്നൊക്കെ അദ്ദേഹം ജനങ്ങളെ താക്കീതുചെയ്യുന്നു.

എത്ര അര്‍ത്ഥവത്തായ ഒരു താക്കീതാണിത്?! തെറ്റായ ആദര്‍ശങ്ങളും, പിഴച്ച നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ജനങ്ങള്‍ക്കിടയില്‍ അനുഭവത്തില്‍ കണ്ടുവരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ ഇബ്രാഹീം നബി (عليه السلام) എടുത്തുകാട്ടിയത്. തങ്ങള്‍ സ്വീകരിച്ച ആദര്‍ശത്തിന്റെയോ ചെയ്തികളുടെയോ ചീത്തത്തം ശരിക്കും മനസ്സിലായാല്‍ പോലും – സഹവര്‍ത്തികളുടെയും, സ്വകക്ഷിയുടെയും അലോഗ്യവും വെറുപ്പും സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടി – അതില്‍ തന്നെ പറ്റിപ്പിടിച്ചുകൂടുകയും, മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അതിനു ന്യായീകരണമുണ്ടാക്കുകയും ചെയ്യുക മിക്കവരുടെയും പതിവാകുന്നു. ചിലപ്പോള്‍, ചുറ്റുപാടു മാറുന്നതോടെ ഇത്തരം ആളുകള്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്തുവാന്‍ തയ്യാറായെന്നും വരും. സമനിലയിലുള്ളവര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ മാത്രമല്ല, ഉയര്‍ന്ന നിലവാരത്തിലും താണ നിലവാരത്തിലുമുള്ളവര്‍ തമ്മിലുള്ള കൂട്ടുബന്ധങ്ങളും ഇതിനു കാരണമായിത്തീരാറുണ്ട്. മേലേക്കിടയിലുള്ളവരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നാല്‍ മാത്രമേ തങ്ങള്‍ക്കു കാര്യലാഭം കൈവരികയുള്ളു, അല്ലെങ്കില്‍ അവരുടെ മര്‍ദ്ദനപരമായ പെരുമാറ്റത്തില്‍ നിന്നു രക്ഷ കിട്ടുകയുള്ളൂവെന്ന് താഴേക്കിടയിലുള്ളവര്‍ ധരിക്കുന്നു. മേലേക്കിടയിലുള്ളവരാകട്ടെ, തങ്ങളുടെ നേതൃത്വവും, സ്വാധീനവും, സ്വാര്‍ത്ഥതാല്‍പര്യങ്ങളും സംരക്ഷിക്കുവാനായി താഴേക്കിടയിലുള്ളവരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാന്‍ അവരും മുതിരുന്നു. ഇതാണ് ഈ രണ്ടു വിഭാഗക്കാരെയും തമ്മില്‍ ആ ദുഷിച്ച സഹവര്‍ത്തിത്വത്തില്‍ കൂട്ടിയിണക്കുന്നത്. ഏതു വിഷയത്തിലാണോ ഒരാള്‍ക്കു മറ്റവരേക്കള്‍ ഉന്നതി ലഭിച്ചിട്ടുള്ളത് എങ്കില്‍, ആ വിഷയത്തില്‍ അയാളെക്കാള്‍ താണ പടിയിലുള്ളവരുടെ എണ്ണം കുറഞ്ഞുപോകാതെ നിലനില്‍ക്കുന്നത് അയാളുടെ നേതൃത്വത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണല്ലോ.

ഇബ്രാഹീം (عليه السلام) നബിയുടെ സുദീര്‍ഘമായ സദുപദേശങ്ങളും അദ്ദേഹം അഗ്നിയില്‍ നിന്ന്‍ അത്ഭുതകരമാം വണ്ണം രക്ഷപ്പെട്ടതും അദ്ദേഹത്തിന്‍റെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം പ്രയോജനപ്പെട്ടില്ല. എങ്കിലും ലൂത്ത്വ് (عليه السلام) അദ്ദേഹത്തെ വിശ്വസിക്കുകയും, അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു. എനി, ആ നാട്ടില്‍ അദ്ദേഹത്തിന് ആശക്കു വകയില്ലാതായി. അദ്ദേഹം തന്‍റെ റബ്ബിങ്കലേക്ക് – അഥവാ റബ്ബ് അനുഗ്രഹിച്ചരുളുകയും കല്പിച്ചരുളുകയും ചെയ്യുന്ന ഒരിടത്തേക്ക് – നാടുവിട്ടുപോകുവാന്‍ ഉറച്ചു. അതെ, ഇറാഖില്‍ നിന്നും ശാമിലേക്കു നീങ്ങി. സഹോദരപുത്രനായ ലൂത്ത്വ് (عليه السلام) അല്ലാതെ, സ്വദേശത്തുനിന്ന്‍ തന്‍റെ അനുയായികളായി മറ്റാരും ഉണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തിനു പിന്നീട് പ്രദാനം ചെയ്ത അനുഗ്രഹങ്ങള്‍ അളവറ്റതും, ഇണയറ്റതുമായിരുന്നു. അല്ലാഹു പറയുന്നു:

29:27
  • وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ ﴾٢٧﴿
  • അദ്ദേഹത്തിന് ഇസ്ഹാഖിനെയും, യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിയില്‍ നാം പ്രവാചകത്വവും, വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതിഫലം ഇഹത്തില്‍ നാം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം പരലോകത്തിലാകട്ടെ, നിശ്ചയമായും സദ്‌വൃത്തന്മാരില്‍പെട്ടവനുമാകുന്നു.
  • وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനം ചെയ്തു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും وَجَعَلْنَا നാം ആക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു فِي ذُرِّيَّتِهِ അദ്ദേഹത്തിന്‍റെ സന്തതിയില്‍ النُّبُوَّةَ പ്രവാചകത്വം وَالْكِتَابَ വേദഗ്രന്ഥവും وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു أَجْرَهُ തന്‍റെ പ്രതിഫലം فِي الدُّنْيَا ഇഹത്തില്‍ وَإِنَّهُ നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍പെട്ടവന്‍ തന്നെ

സ്വന്തം നാട്ടില്‍നിന്നും, സ്വന്തം കുടുംബത്തില്‍നിന്നും ഇബ്രാഹീം നബി (عليه السلام) ബഹിഷ്കൃതനായി. അദ്ദേഹം നാടും വീടും വിട്ടുപോയി. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പാഴാക്കിയില്ല. ശാമില്‍ വന്നശേഷം അദേഹത്തിന് പുത്രനായി ഇസ്ഹാഖ് (عليه السلام) നബിയെയും, പൗത്രനായി യഅ്ഖൂബ് (عليه السلام) നബിയെയും അവന്‍ പ്രദാനം ചെയ്തു. അവരുടെ സന്താനപരമ്പര വര്‍ദ്ധിപ്പിച്ച് നാളിതുവരെ നിലനിറുത്തുകയും ചെയ്തു. പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി ആ പരമ്പരയെ അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം അന്ത്യപ്രവാചകനായ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിവരെ അറിയപ്പെട്ടിട്ടുള്ള പ്രവാചകന്മാരെല്ലാം ആ പരമ്പരയില്‍ ഉള്‍പ്പെട്ടവരാകുന്നു. പിതാവില്ലാതെ ജനിച്ച ഈസാ (عليه السلام) നബിയുടെ മാതാവും അതില്‍പെട്ടവരാണ്. അദ്ദേഹത്തിനുശേഷം ലോകത്തു നിലവില്‍വന്ന എല്ലാ സനാതന തത്വങ്ങളുടെയും ഉറവിടം ആ പരമ്പരയാകുന്നു. ഇങ്ങിനെയുള്ള മഹത്തായ അനുഗ്രഹങ്ങള്‍ പലതും ഈ ലോകത്തു അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ, പരലോകത്തില്‍ അദ്ദേഹം അല്ലാഹുവിന്‍റെ സദ്‌വൃത്തന്മാരായ അടിയാന്മാരില്‍ പെട്ടവനാണെന്ന സാക്ഷ്യപത്രം നല്‍കുകയും ചെയ്തിരിക്കയാണ്. صلى الله عليه وعلى نبينا وسلم

29:28
  • وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ ﴾٢٨﴿
  • ലൂത്ത്വിനെയും (ഓര്‍ക്കുക). അതായത് അദ്ദേഹം തന്‍റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: 'നിശ്ചയമായും, നിങ്ങള്‍ നീചകൃത്യം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു; ലോകരില്‍ നിന്ന്‍ ഒരാളും തന്നെ അതു നിങ്ങള്‍ക്കുമുമ്പ് ചെയ്കയുണ്ടായിട്ടില്ല!
  • وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ കൊണ്ടുവരുന്നു (പ്രവര്‍ത്തിക്കുന്നു) الْفَاحِشَةَ നീചവൃത്തി مَا سَبَقَكُم നിങ്ങള്‍ക്കു മുന്‍കടന്നിട്ടില്ല (മുമ്പ് ചെയ്‌തിട്ടില്ല) بِهَا അതുകൊണ്ട് مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍ നിന്ന്‍
29:29
  • أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٢٩﴿
  • 'നിങ്ങള്‍ (കാമനിവാരണാര്‍ത്ഥം) പുരുഷന്‍മാരുടെ അടുക്കല്‍ തന്നെ ചെല്ലുകയും, വഴി മുറിക്കുകയും [വഴിപോക്കരെ അക്രമിക്കുകയും] നിങ്ങളുടെ സദസ്സില്‍വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ?!' അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, 'നീ സത്യവാദികളില്‍പെട്ടവനാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ!' എന്നു പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല.
  • أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെ ചെയ്യുകയോ الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ وَتَقْطَعُونَ നിങ്ങള്‍ മുറിക്കുകയും (തടസ്സമുണ്ടാക്കുകയും) السَّبِيلَ വഴി, മാര്‍ഗ്ഗം وَتَأْتُونَ നിങ്ങള്‍ കൊണ്ടുവരുകയും فِي نَادِيكُمُ നിങ്ങളുടെ സദസ്സില്‍, സഭയില്‍ الْمُنكَرَ ദുരാചാരം, നിഷിദ്ധം فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ ائْتِنَا നീ ഞങ്ങള്‍ക്കു കൊണ്ടുവാ بِعَذَابِ اللَّـهِ അല്ലാഹുവിന്‍റെ ശിക്ഷയെ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്മാരില്‍പെട്ടവന്‍

മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ലൂത്ത്വ് നബി (عليه السلام) അങ്ങേഅറ്റത്തെ അറപ്പോടും, വെറുപ്പോടും കൂടി അദ്ദേഹത്തിന്‍റെ ജനതയെ ആക്ഷേപിക്കുന്നത്:

(1) സ്ത്രീകള്‍ക്കു പകരം പുരുഷന്മാരെ കാമനിവാരണ മാര്‍ഗ്ഗമായി സ്വീകരിച്ചത്. പ്രകൃതിവിരുദ്ധവും, തികച്ചും മൃഗീയവുമായ ഈ നീചകൃത്യം ആദ്യമായി സ്വീകരിച്ചത് അവരായിരുന്നു. അവരുടെ മുമ്പ് ആരും പ്രവര്‍ത്തിക്കാത്ത ആ നീചവൃത്തി അവരില്‍ സര്‍വ്വത്ര പടര്‍ന്നു പിടിച്ചിരുന്നു. മാനമര്യാദയോ, മനുഷ്യസഹജമായ ലജ്ജാശീലമോ അവരെ തടഞ്ഞിരുന്നില്ല. നീചവും നികൃഷ്ടവുമായ ഈ ഏര്‍പ്പാടു ആദ്യമായി നടപ്പാക്കിയവരെന്ന നിലക്ക് ലോകാവസാനംവരെ ആ കൃത്യത്തിനു മുതിരുന്ന ആളുകള്‍ക്കുണ്ടാകുന്ന കുറ്റങ്ങളില്‍ അവര്‍ക്കും തുല്യപങ്കുണ്ടായിരിക്കും. معاذ الله

(2) വഴിമുറിക്കല്‍, അഥവാ, വഴിപോക്കരായ ആളുകളെ സ്വൈരസഞ്ചാരത്തിനനുവദിക്കാതെ, അവരുടെ ദേഹത്തിനും, ധനത്തിനും, മാനത്തിനും ഭംഗം വരുത്തുന്ന അക്രമങ്ങള്‍ നടത്തുക.

(3) സദസ്സുകളില്‍ – ആളുകള്‍ കൂടിയ സ്ഥലങ്ങളില്‍ – വെച്ച് ദുരാചാരങ്ങളും, നിഷിദ്ധങ്ങളുമായ കൃത്യങ്ങള്‍ സ്വീകരിക്കുക.

അസഭ്യമായ വാക്കും ഭാഷയും ഉപയോഗിക്കല്‍, പരസ്യമായി പുരുഷഭോഗം നടത്തല്‍, അനിയന്ത്രിതമായി ചിരിച്ചുപുളച്ചും, ബഹളം കൂട്ടിയും കൊണ്ടിരിക്കല്‍, ആടു, കോഴി തുടങ്ങിയ ജന്തുക്കള്‍ക്കിടയില്‍ പന്തയപ്പരീക്ഷകള്‍ നടത്തല്‍, വൃഥാ കൂക്കും വിളിയുമുണ്ടാക്കല്‍ എന്നിങ്ങിനെ പലതരം ദുര്‍ന്നടപ്പുകളും, ആ ജനങ്ങള്‍ക്കിടയില്‍ പതിവായിരുന്നുവെന്നാണ് പല നിവേദനങ്ങളില്‍ നിന്നുമായി മനസ്സിലാക്കാന്‍ കഴിയുന്നത്. നിവേദനങ്ങള്‍ വെവ്വേറെ പരിശോധിക്കുമ്പോള്‍ പലതും വിമര്‍ശനാര്‍ഹമായിരിക്കാമെങ്കിലും, ഖുര്‍ആന്‍ അവരെ സംബന്ധിച്ചു ചെയ്യുന്ന പ്രസ്താവനകള്‍ വെച്ചു നോക്കുമ്പോള്‍ അത്തരം സ്വഭാവങ്ങള്‍ അവരില്‍ ഉണ്ടായിരിക്കുകയെന്നതു ഒട്ടും അസംഭവ്യമായി തോന്നുന്നില്ല. (*) الله اعلم


(*) നമ്മുടെ രാജ്യങ്ങളില്‍ ഇന്നു – പരിഷ്കാരത്തിന്‍റെയും, ഉല്‍ബുദ്ധതയുടെയും ഉച്ചകോടിയില്‍ മനുഷ്യന്‍ എത്തിയിരിക്കുന്നുവെന്നു ഘോഷിക്കപ്പെടുന്ന ഇക്കാലത്തു – അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും, പുരോഗമനത്തിന്‍റെയും പേരില്‍ – നടമാടിക്കൊണ്ടിരിക്കുന്ന പല പേക്കൂത്തുകളും, അച്ചടക്കരാഹിത്യവും, ധാര്‍മ്മികാരാജകത്വവും, മാനുഷിക മൂല്യങ്ങളുടെ നേരെയുള്ള പരിഹാസവും കാണുമ്പോള്‍, ഏറെക്കുറെ നാലായിരം കൊല്ലം മുമ്പുണ്ടായിരുന്ന ആ ജനതയുടെ മിക്ക സ്വഭാവങ്ങളും ഇന്നത്തെ ആളുകള്‍ മാതൃകയാക്കിയിരിക്കുകയാണെന്നു തോന്നിപ്പോകുന്നു. നിലവിലുള്ള നിയമങ്ങളുടെ കുത്തയവും, നേതാക്കളുടെയും, അധികാരസ്ഥന്മാരുടെയും കൊള്ളരുതായ്മയും കാരണം ദിനംപ്രതി സമുദായത്തിന്‍റെ സ്വൈരജീവിതം കടങ്കഥയായി അവശേഷിച്ചുകൊണ്ട് അതിദാരുണമായ ഒരാപല്‍ഗര്‍ത്തത്തിലേക്കു നാം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. അല്ലാഹു കാക്കട്ടെ. ആമീന്‍.


ഇമാം തിര്‍മദീ (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസില്‍ ഉമ്മുഹാനീ (ام هانى بنت ابى طالب – رض) ഇപ്രകാരം പറയുന്നു: ‘ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ (നിങ്ങള്‍ നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുന്നു) എന്ന വാക്യത്തെക്കുറിച്ചു ചോദിച്ചു. തിരുമേനി പറഞ്ഞു: ‘അവര്‍ വഴിയില്‍ ഇരുന്ന് ജനങ്ങളെ ചരല്‍ക്കല്ലെടുത്തു എറിയുകയും, പരിഹസിക്കുകയും ചെയ്‌തിരുന്നു’. (الترمذى واحمد والبيهقى والطبرانى)

മനുഷ്യന്‍റെ ധിക്കാരവും, നിഷ്ഠൂരബുദ്ധിയും മുഴുത്തു കഴിഞ്ഞാല്‍ പിന്നെ അവനെ ഉപദേശിക്കുന്നവരുടെ നേരെയും അതേ നിലതന്നെ അവന്‍ കൈക്കൊള്ളും. ഭവിഷ്യത്തുകളെപ്പറ്റി അവന്‍ ചിന്തിക്കുകയില്ല. ചിന്തിച്ചിട്ടു ഫലമില്ലാതാകുന്ന സമയത്തേ അവനു ബോധം വരികയുള്ളു. ലൂത്ത്വ് (അ) നബിയുടെ ഉപദേശങ്ങള്‍ക്കും താക്കീതിനും ആ ജനത കൊടുത്ത മറുപടിയുടെ രത്നച്ചുരുക്കമാണ്‌ അല്ലാഹു ഇവിടെ ഉദ്ധരിച്ചത്: ‘നീ സത്യവാദിയാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ’ എന്ന്‍! എനി, ലൂത്ത്വ് (അ) അല്ലാഹുവിന്‍റെ മുമ്പില്‍ സങ്കടം ബോധിപ്പിക്കുകയല്ലാതെ എന്തു ചെയവാനാണ്?!

29:30
  • قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ ﴾٣٠﴿
  • അദ്ദേഹം പറഞ്ഞു: 'രക്ഷിതാവേ, (ഈ) നാശകാരികളായ ജനങ്ങളുടെ മേല്‍ എന്നെ നീ സഹായിക്കണേ!'
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ انصُرْنِي എന്നെ സഹായിക്കണേ عَلَى الْقَوْمِ ജനങ്ങളുടെ മേല്‍ الْمُفْسِدِينَ നാശകാരികളായ, കുഴപ്പക്കാരായ

അല്ലാഹു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചു. അതു നടപ്പില്‍ വരുത്തിയതെങ്ങിനെയാണെന്ന് തുടര്‍ന്നുള്ള ആയത്തുകളില്‍ വിവരിക്കുന്നു:-

വിഭാഗം - 4

29:31
  • وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ ﴾٣١﴿
  • നമ്മുടെ ദൂതന്‍മാര്‍ [മലക്കുകള്‍] ഇബ്രാഹീമിന്‍റെ അടുക്കല്‍ സന്തോഷവാര്‍ത്തയും കൊണ്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞു: 'നിശ്ചയമായും, ഞങ്ങള്‍ ഈ രാജ്യക്കാരെ നശിപ്പിക്കുന്നവരാകുന്നു. (കാരണം) അതിലെ ആള്‍ക്കാര്‍ അക്രമകാരികളായിത്തീര്‍ന്നിരിക്കുന്നു'.
  • وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്റെ അടുക്കല്‍ بِالْبُشْرَىٰ സന്തോഷവാര്‍ത്തയുംകൊണ്ട് قَالُوا അവര്‍ പറഞ്ഞു إِنَّا مُهْلِكُو നിശ്ചയമായും ഞങ്ങള്‍ നശിപ്പിക്കുന്നവരാണ് أَهْلِ هَـٰذِهِ الْقَرْيَةِ ഈ രാജ്യക്കാരെ إِنَّ أَهْلَهَا നിശ്ചയമായും അതിലെ ആള്‍ക്കാര്‍ كَانُوا ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍

ഇബ്രാഹീം (عليه السلام) നബിക്ക് അദ്ദേഹത്തിന്‍റെ  വാര്‍ദ്ധക്യകാലത്ത് ഒരു പുത്രന്‍ (ഇസ്ഹാഖ് – عليه السلام) ജനിക്കുവാന്‍ പോകുന്നുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ ചെന്ന ദൈവദൂതന്മാരായ മലക്കുകള്‍, ആ കൃത്യം നിര്‍വ്വഹിച്ചശേഷം, തങ്ങള്‍ ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം നശിപ്പിക്കുവാന്‍കൂടി നിയോഗിക്കപെട്ടവരാണെന്ന് അദ്ദേഹത്തെ അറിയിച്ചു. (രണ്ടു പ്രവാചകന്‍മാരും രണ്ടു രാജ്യത്തായിരുന്നു താമസമുറപ്പിച്ചിരുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ 6-ാം വ്യാഖ്യാനക്കുറിപ്പില്‍ നാം വിവരിച്ചിട്ടുണ്ട്.)

29:32
  • قَالَ إِنَّ فِيهَا لُوطًا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ ﴾٣٢﴿
  • അദ്ദേഹം പറഞ്ഞു: 'അതില്‍ ലൂത്ത്വ് ഉണ്ടല്ലോ?!' അവര്‍ പറഞ്ഞു: 'അതിലുള്ളവരെക്കുറിച്ച് ഞങ്ങള്‍ നല്ലവണ്ണം അറിയുന്നവരാണ്; അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു'.
  • قَالَ അദ്ദേഹം പറഞ്ഞു إِنَّ فِيهَا നിശ്ചയമായും അതിലുണ്ട് لُوطًا ലൂത്ത്വ് قَالُوا അവര്‍ പറഞ്ഞു نَحْنُ أَعْلَمُ ഞങ്ങള്‍ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവരാണ് بِمَن فِيهَا അതിലുള്ളവരെപ്പറ്റി لَنُنَجِّيَنَّهُ ഞങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകതന്നെ ചെയ്യും وَأَهْلَهُ അദ്ദേഹത്തിന്‍റെ വീട്ടുകാരെയും, ആള്‍ക്കാരെയും إِلَّا امْرَأَتَهُ അദ്ദേഹത്തിന്‍റെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവള്‍ ആകുന്നു, ആയിരിക്കുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍, കഴിഞ്ഞുപോകുന്നവരില്‍, പിന്തി നില്‍ക്കുന്നവരില്‍

രാജ്യം ഒന്നാകെ നശിപ്പിക്കുവാന്‍ പോകുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്ക് ലൂത്ത്വ് (عليه السلام) നബിയുടെ കാര്യത്തില്‍ ഉല്‍കണ്ഠ തോന്നുക സ്വാഭാവികമാണല്ലോ. അതുകൊണ്ടാണദ്ദേഹം അവരോട് ‘അതില്‍ ലൂത്തുണ്ടല്ലോ’ എന്നു പറയുന്നത്. ലൂത്ത്വ് (عليه السلام) നബിയുടെ ഭാര്യ ശത്രുപക്ഷക്കാരിയായിരുന്നുവെന്നും, അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ കൂട്ടത്തില്‍ അവള്‍ക്കു രക്ഷ കിട്ടാതെ പോയതെന്നും നാം ഇതിനുമുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

29:33
  • وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ ﴾٣٣﴿
  • നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ വരുകയുണ്ടായപ്പോള്‍, അവര്‍ മൂലം അദ്ദേഹത്തിനു വ്യസനം പിടിപെടുകയും, അവരെകൊണ്ട് മനസ്സു മുട്ടുകയും ചെയ്തു. അവര്‍ പറഞ്ഞു: 'പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട! താങ്കളെയും, താങ്കളുടെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു.
  • وَلَمَّا أَن جَاءَتْ വരികയുണ്ടായപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَ അദ്ദേഹത്തിന്നു വ്യസനം (അനിഷ്‌ടം) പിടിപെട്ടു بِهِمْ അവര്‍മൂലം, അവരെക്കൊണ്ടു وَضَاقَ ഇടുങ്ങുകയും ചെയ്തു بِهِمْ അവര്‍മൂലം ذَرْعًا മുഴങ്കൈ [മനസ്സു] وَقَالُوا അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَلَا تَحْزَنْ വ്യസനിക്കുകയും വേണ്ട إِنَّا നിശ്ചയമായും ഞങ്ങള്‍ مُنَجُّوكَ താങ്കളെ രക്ഷപ്പെടുത്തുന്നവരാണ് وَأَهْلَكَ താങ്കളുടെ വീട്ടുകാരെയും, കുടുംബത്തെയും إِلَّا امْرَأَتَكَ താങ്കളുടെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവളാകുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍
29:34
  • إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ ﴾٣٤﴿
  • 'ഈ രാജ്യക്കാര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു വരുന്നതുകൊണ്ട് ആകാശത്തുനിന്ന്‍ അവരുടെ മേല്‍ ഞങ്ങള്‍ ഒരു ആപത്ത് [ശിക്ഷ] ഇറക്കുന്നവരാണ്.'
  • إِنَّا مُنزِلُونَ നിശ്ചയമായും ഞങ്ങള്‍ ഇറക്കുന്നവരാണ് عَلَىٰ أَهْلِ ആള്‍ക്കാരുടെ മേല്‍ هَـٰذِهِ الْقَرْيَةِ ഈ രാജ്യത്തിന്‍റെ رِجْزًا ആപത്തു, ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവരായതുകൊണ്ടു يَفْسُقُونَ തോന്നിയവാസം (തെമ്മാടിത്തം) പ്രവര്‍ത്തിക്കുന്ന (വര്‍)
29:35
  • وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ ﴾٣٥﴿
  • മനസ്സിരുത്തുന്ന ജനങ്ങള്‍ക്ക്‌ അതില്‍ [ആ രാജ്യത്തില്‍] നിന്ന്‍ ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീര്‍ച്ചയായും ബാക്കിയാക്കി വെച്ചിട്ടുണ്ട്.
  • وَلَقَد تَّرَكْنَا തീര്‍ച്ചയായും നാം ഒഴിവാക്കി (ബാക്കിയാക്കി) വെച്ചിട്ടുണ്ട് مِنْهَا അതില്‍ നിന്നു, അതു നിമിത്തം آيَةً بَيِّنَةً വ്യക്തമായ ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതയ്ക്കു يَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്ന

ഇബ്രാഹീം (عليه السلام) നബിയുടെ അടുക്കല്‍ ചെന്ന ദൂതന്‍മാര്‍ പിന്നീടു ലൂത്ത്വ് (عليه السلام) നബിയുടെ അടുക്കല്‍ വന്നു. അതിസുന്ദരമായ മനുഷ്യരൂപത്തിലായിരുന്നു അവര്‍ പ്രത്യക്ഷപ്പെട്ടത്. അവരെ കണ്ടപ്പോള്‍ തന്‍റെ നാട്ടുകാരായ തെമ്മാടികളുടെ നില ഓര്‍ത്ത് അദ്ദേഹത്തിന് അസ്വാസ്ഥ്യം തോന്നി. അപ്പോഴാണ്‌ അവര്‍ തങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നത്. ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യക്കാര്‍ക്ക് പിണഞ്ഞ അതിഭയങ്കരമായ ശിക്ഷയെക്കുറിച്ച് ‘അമ്പിയാഉ്’ , ‘ശുഅറാഉ്’ മുതലായ സൂറത്തുകളില്‍ വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. അതു കേവലം ഒരു ‘പൊട്ടിത്തെറിയായിരുന്നു’ എന്നു ചിലര്‍ പറഞ്ഞു കാണുന്നതു ശരിയല്ലെന്ന് ആ സംഭവത്തെക്കുറിച്ചു അല്ലാഹു പ്രസ്താവിച്ചിട്ടുള്ള വാക്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അറിയുന്നതാണ്. 34-ാം വചനവും ഇതിന്നു തെളിവാകുന്നു.

ضاق ذرعا എന്ന വാക്കിനാണ് ‘മനസ്സുമുട്ടി’ എന്നു സാരാര്‍ത്ഥം കൊടുത്തതു. ‘മുഴങ്കൈ ഇടുങ്ങി’ എന്നും മറ്റുമാണതിനു വാക്കര്‍ത്ഥം നല്‍കേണ്ടതു. ‘ബുദ്ധിമുട്ടി’, കഴിവില്ലാതെ കുഴങ്ങി’ എന്നിങ്ങിനെയുള്ള ഉദ്ദേശ്യത്തിലാണ് ആ വാക്ക് അറബിയില്‍ പ്രയോഗിക്കപ്പെടാറുള്ളത്. നേരെമറിച്ച് ‘കഴിവുണ്ടായി, സാധ്യമായി’ എന്നിങ്ങിനെയുള്ള ഉദ്ദേശ്യത്തില്‍ طال ذرعا (മുഴങ്കൈ നീണ്ടു) എന്നും ഉപയോഗിക്കപ്പെടാറുണ്ട്.

29:36
  • وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾٣٦﴿
  • മദ് യനിലേക്ക് അവരുടെ [മദ്‌യൻകാരുടെ] സഹോദരന്‍ ശുഐബിനെയും അയച്ചു. എന്നിട്ട്, അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുക (അഥവാ ഭയപ്പെടുക)യും ചെയ്യുവിന്‍! നിങ്ങള്‍ നാശകാരികളായിക്കൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്.'
  • وَإِلَىٰ مَدْيَنَ മദ് യനിലേക്ക് أَخَاهُمْ شُعَيْبًا അവരുടെ സഹോദരന്‍ ശുഐബിനെയും فَقَالَ എന്നിട്ട് അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَارْجُوا പ്രതീക്ഷിക്കുകയും, (ഭയപ്പെടുകയും) ചെയ്യുവിന്‍ الْيَوْمَ الْآخِرَ അന്ത്യദിനത്തെ وَلَا تَعْثَوْا നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) مُفْسِدِينَ നാശകാരികളായിക്കൊണ്ടു
29:37
  • فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ ﴾٣٧﴿
  • അപ്പോള്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അതിനാല്‍ അവരെ കഠിനകമ്പനം പിടികൂടി; അങ്ങനെ, അവര്‍ തങ്ങളുടെ വസതികളില്‍ ചത്തൊടുങ്ങിയവരായി.
  • فَكَذَّبُوهُ എന്നിട്ടു അദ്ദേഹത്തെ അവര്‍ വ്യാജമാക്കി فَأَخَذَتْهُمُ അപ്പോള്‍ അവര്‍ക്കു പിടിപെട്ടു الرَّجْفَةُ കഠിനകമ്പനം (കുലുക്കം) فَأَصْبَحُوا അങ്ങനെ അവരായി, രാവിലെയായി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍ (വസതികളില്‍) جَاثِمِينَ ചത്തൊടുങ്ങിയവരായി, ഭൂമിയിലമര്‍ന്നവരായി

ഈ സംഭവവും, ആദ് – ഥമൂദിന്‍റെ കഥയും ഇതിനുമുമ്പ് നാം വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ അതെല്ലാം അല്ലാഹു വളരെ ചുരുക്കത്തില്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

29:38
  • وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ ﴾٣٨﴿
  • ആദിനെയും, ഥമൂദിനെയും (നശിപ്പിക്കുകയുണ്ടായി); അവരുടെ വാസസ്ഥലങ്ങളില്‍ നിന്നു നിങ്ങള്‍ക്കതു വ്യക്തമായിട്ടുമുണ്ട്, തങ്ങളുടെ പ്രവൃത്തികളെ പിശാച് അവര്‍ക്ക് ഭംഗിയാക്കിക്കൊടുക്കുകയും, അങ്ങനെ (ശരിയായ) മാര്‍ഗ്ഗത്തില്‍നിന്ന്‍ അവന്‍ അവരെ തടയുകയും ചെയ്തു. അവര്‍ കണ്ടറിയാവുന്നവരായിരുന്നുതാനും. (പക്ഷേ അവരതു ചെയ്‌തില്ല.)
  • وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَقَد تَّبَيَّنَ അതു വ്യക്തമായിട്ടുമുണ്ട് لَكُم നിങ്ങള്‍ക്കു مِّن مَّسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു وَزَيَّنَ لَهُمُ അവര്‍ക്കു ഭംഗിയാക്കിക്കൊടുത്തു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَصَدَّهُمْ അങ്ങനെ അവന്‍ അവരെ തടഞ്ഞു, തിരിച്ചു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَكَانُوا അവരായിരുന്നുതാനും مُسْتَبْصِرِينَ കണ്ടറിയാവുന്നവര്‍

ആദിന്‍റെ വാസസ്ഥലം യമനിലും, ഥമൂദിന്റേതു ഹിജ്റിലും ആയിരുന്നു. (*) രണ്ടു സ്ഥലങ്ങളിലും അവരവരുടെ അവശിഷ്ടങ്ങള്‍ അറബികള്‍ക്കു കണ്ടു മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു.


(*) പടം 8 നോക്കുക.

29:39
  • وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ ﴾٣٩﴿
  • ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (നശിപ്പിച്ചു.) മൂസാ അവര്‍ക്കു തെളിവുകളുമായി വരികയുണ്ടായി; അപ്പോള്‍ അവര്‍ നാട്ടില്‍ അഹംഭാവം നടിച്ചു. അവര്‍ (നമ്മെ) തോല്പിച്ച് മുന്‍കടന്നുപോകുന്നവരായിരുന്നില്ല.
  • وَقَارُونَ ഖാറൂനെയും وَفِرْعَوْنَ ഫിര്‍ഔനെയും وَهَامَانَ ഹാമാനെയും وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വരികയുണ്ടായി مُّوسَىٰ മൂസാ بِالْبَيِّنَاتِ തെളിവുകളും കൊണ്ട് فَاسْتَكْبَرُوا എന്നിട്ടു അവര്‍ അഹംഭാവം നടിച്ചു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كَانُوا അവരായിരുന്നില്ല سَابِقِينَ മുന്‍കടക്കുന്നവര്‍, കവച്ചുവെക്കുന്നവര്‍
29:40
  • فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾٤٠﴿
  • അതിനാല്‍, എല്ലാവരെയും അവനവന്‍റെ കുറ്റത്തിനു നാം പിടിച്ചു (ശിക്ഷിച്ചു). അങ്ങനെ, നാം ചരല്‍ക്കാറ്റ് അയച്ചിട്ടുള്ളവര്‍ അവരിലുണ്ട്; ഘോരശബ്ദം പിടിപെട്ടവരും അവരിലുണ്ട്; നാം ഭൂമിയില്‍ ആഴ്ത്തിയവരും അവരിലുണ്ട്; നാം (വെള്ളത്തില്‍) മുക്കിനശിപ്പിച്ചവരും അവരിലുണ്ട്. അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല; പക്ഷേ, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തത്.
  • فَكُلًّا അതിനാല്‍ എല്ലാവരെയും أَخَذْنَا നാം പിടിച്ചു, പിടികൂടി بِذَنبِهِ അവനവന്‍റെ കുറ്റത്തിനു, പാപത്തിനു فَمِنْهُم അങ്ങനെ അവരിലുണ്ടു مَّنْ ഒരു കൂട്ടര്‍ أَرْسَلْنَا عَلَيْهِ അവരില്‍ നാം അയച്ചു حَاصِبًا ചരല്‍കാറ്റ്‌ وَمِنْهُم അവരിലുണ്ട് مَّنْ ഒരു കൂട്ടരും أَخَذَتْهُ അവര്‍ക്കു പിടിപെട്ടു الصَّيْحَةُ ഘോരശബ്ദം, അട്ടഹാസം وَمِنْهُم അവരിലുണ്ടു مَّنْ ഒരു കൂട്ടരും خَسَفْنَا بِهِ അവരെ നാം ആഴ്ത്തി الْأَرْضَ ഭൂമിയില്‍, ഭൂമിയെ وَمِنْهُم അവരിലുണ്ടു مَّنْ أَغْرَقْنَا നാം മുക്കിനശിപ്പിച്ചവരും وَمَا كَانَ اللَّـهُ അല്ലാഹു അല്ല, ആയിരുന്നില്ല لِيَظْلِمَهُمْ അവരെ അക്രമിക്കുക, അക്രമിക്കുവാന്‍ (തയ്യാര്‍) وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടുതന്നെ, തങ്ങളുടെ ആത്മാക്കളെ يَظْلِمُونَ അക്രമം ചെയ്യുക, അനീതി ചെയ്യുന്നവ(ര്‍)

അല്ലാഹുവിന്‍റെ ആജ്ഞകളെ ധിക്കരിക്കുകയും, നബിമാരെ നിഷേധിക്കുകയും ചെയ്‌തവര്‍ ഈ ലോകത്തുവെച്ച് അനുഭവിക്കേണ്ടി വന്ന നാലുതരം ശിക്ഷകളെയാണ് അല്ലാഹു ഇവിടെ എടുത്തുപറഞ്ഞത്.

1) ചരല്‍ക്കാറ്റ്. ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം അടിമേലായി മറിക്കപ്പെടുന്നതിനുമുമ്പ് അവിടെ അതിഭയങ്കരമായ ചരല്‍ക്കാറ്റടിക്കുകയുണ്ടായി.

2) ഘോരശബ്ദം. മദ്‌യൻ നിവാസികള്‍ക്കും, ഥമൂദ്‌ ഗോത്രത്തിനും ബാധിച്ച ശിക്ഷ ഇതായിരുന്നു.

3) ഭൂമിയില്‍ ആഴ്ത്തുക. ഖാറൂനും അവന്‍റെ വസതിയും ഭൂമിയില്‍ ആഴ്ത്തപ്പെട്ട സംഭവം കഴിഞ്ഞ സൂറത്തില്‍ പ്രസ്താവിക്കുകയുണ്ടായി.

4) മുക്കി നശിപ്പിക്കല്‍. നൂഹ് (عليه السلام) നബിയുടെ ജനത ജലപ്രളയത്തിലും, ഫിര്‍ഔനും സൈന്യവും ചെങ്കടലിലും മുക്കി നശിപ്പിക്കപ്പെട്ടു.

29:41
  • مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ ﴾٤١﴿
  • അല്ലാഹുവിനു പുറമെ (ഏതെങ്കിലും) രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടുണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാകുന്നു. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ. അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍!
  • مَثَلُ ഉപമ الَّذِينَ اتَّخَذُوا സ്വീകരിച്ചവരുടെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളെ, കാര്യകര്‍ത്താക്കളെ كَمَثَلِ الْعَنكَبُوتِ എട്ടുകാലിയുടെ മാതിരിയാണ് اتَّخَذَتْ ഉണ്ടാക്കിയിട്ടുള്ള بَيْتًا വീടു وَإِنَّ أَوْهَنَ الْبُيُوتِ നിശ്ചയമായും വീടുകളില്‍ ഏറ്റവും ദുര്‍ബ്ബലമായതു لَبَيْتُ الْعَنكَبُوتِ എട്ടുകാലിയുടെ വീടുതന്നെ لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും

എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി ആര്‍ക്കും അറിയാവുന്നതാണ്. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതു പര്യാപ്തമല്ല. കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതു കേടുവന്നു പോകയും ചെയ്യും. ഇതുപോലെത്തന്നെയാണ് അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും, അവരോടു പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു നേര്‍ച്ചവഴിപാടുകള്‍ നടത്തുകയും ചെയ്യുന്നവരുടെ സ്ഥിതിയും. യാതൊരു രക്ഷയും സഹായവും അതുമൂലം അവര്‍ക്കു ലഭിക്കുവാനില്ല. ഒന്നിനെയും ഇതില്‍നിന്ന് ഒഴിവാക്കാനുമില്ല. കാരണം:

29:42
  • إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٤٢﴿
  • നിശ്ചയമായും, തനിക്കു പുറമെ അവര്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുന്നു. പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍ അവനത്രെ.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا يَدْعُونَ അവര്‍ വിളിക്കുന്നതിനെ, പ്രാര്‍ത്ഥിക്കുന്നതു مِن دُونِهِ അവനു പുറമെ مِن شَيْءٍ ഏതൊരു വസ്തുവെയും وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍

അവര്‍ രക്ഷാകര്‍ത്താക്കളായി ഗണിച്ചു വരുന്നവര്‍ ആരാവട്ടെ – വിഗ്രഹങ്ങളോ, ദേവീദേവന്‍മാരോ, മനുഷ്യരോ, മലക്കുകളോ, മഹാത്മാക്കളോ ആരായാലും ശരി – ഓരോരുത്തനെക്കുറിച്ചും, അവരുടെ എല്ലാ സ്ഥിതിഗതികളെക്കുറിച്ചും അല്ലാഹുവിനു നല്ലപോലെ അറിയാം. അവര്‍ക്കാര്‍ക്കും തന്നെ സ്വന്തം നിലക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്‌വാന്‍ കഴിവില്ലെന്നും അവന് പരിപൂര്‍ണ്ണമായും അറിയാം. അതുകൊണ്ടു തന്നെയാണ് ഈ ഉപമയില്‍നിന്ന്‍ ഒരാളെയും ഒഴിവാക്കുവാനില്ലാതിരുന്നതും. ഇതും, ഇതുപോലെ ഖുര്‍ആനില്‍ കാണുന്ന മറ്റു ഉപമകളും ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-

29:43
  • وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ ﴾٤٣﴿
  • ആ ഉപമകള്‍ (എല്ലാംതന്നെ) നാം മനുഷ്യര്‍ക്കു വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെ (ചിന്തിച്ച്) മനസ്സിലാക്കുകയില്ല.
  • وَتِلْكَ الْأَمْثَالُ ആ ഉദാഹരണങ്ങള്‍ نَضْرِبُهَا നാം അവയെ വിവരിക്കുന്നു, ഏര്‍പ്പെടുത്തുന്നു لِلنَّاسِ മനുഷ്യര്‍ക്കു وَمَا يَعْقِلُهَا അവയെ മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല إِلَّا الْعَالِمُونَ അറിവുള്ളവരല്ലാതെ, ജ്ഞാനികളല്ലാതെ
29:44
  • خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ ﴾٤٤﴿
  • ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിശ്ചയമായും അതില്‍ സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ട്.
  • خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ മുറപ്രകാരം, ന്യായപ്രകാരം, യഥാര്‍ത്ഥമനുസരിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്

ഓരോന്നും അതതിന്‍റെ ചിട്ടയും, ക്രമവും അനുസരിച്ച് – നീക്കുപോക്കും, ഏറ്റക്കുറവും കൂടാതെ -യുക്തവും ലക്ഷ്യപൂര്‍ണ്ണവുമായ വിധത്തില്‍ സൃഷ്ടിച്ചിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് ‘മുറപ്രകാരം സൃഷ്ടിച്ചു’ എന്നു പറഞ്ഞിരിക്കുന്നത്.

‘ചാണകം ഒട്ടകത്തെയും, കാല്‍പാടുകള്‍ നടന്നുപോയതിനെയും കുറിക്കുന്നു’ (البعرة تدل على البعير واثار الاقدام تدل على المسير) എന്ന്‍ അറബിയില്‍ ഒരു ഉപമാവാക്യമുണ്ട്. അതുപോലെ ഈ ലോകത്തിലെ ഓരോ മണല്‍തരിയിലും, അതിന്‍റെ സൃഷ്ടാവിന്‍റെ സൃഷ്ടി വൈഭവത്തിനും, അപാരമായ കഴിവിനും മതിയായ ദൃഷ്ടാന്തങ്ങള്‍ അടങ്ങിയിരിക്കുന്നു. വിശ്വാസപൂര്‍വ്വം ചിന്തിക്കുന്നവര്‍ക്കെല്ലാം കണ്ടറിയാവുന്ന ഒരു പരമാര്‍ത്ഥമത്രെ അത്.