വിഭാഗം - 8

26:141
  • كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ ﴾١٤١﴿
  • 'ഥമൂദ്‌' (ഗോത്രം) ദൈവദൂതന്‍മാരെ [മുര്‍സലുകളെ] വ്യാജമാക്കി:
  • كَذَّبَتْ ثَمُودُ ഥമൂദ്‌ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ
26:142
  • إِذْ قَالَ لَهُمْ أَخُوهُمْ صَٰلِحٌ أَلَا تَتَّقُونَ ﴾١٤٢﴿
  • അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞപ്പോള്‍: 'നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!'
  • إِذْ قَالَ لَهُمْ അവരോട്‌ പറഞ്ഞപ്പോള്‍ أَخُوهُمْ صَالِحٌ അവരുടെ സഹോദരന്‍ സ്വാലിഹ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
26:143
  • إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٤٣﴿
  • 'നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.'
  • إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്
26:144
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٤٤﴿
  • 'അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • فَاتَّقُوا اللَّـهَ ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

26:145
  • وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ ﴾١٤٥﴿
  • 'അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
  • وَمَا أَسْأَلُكُمْ നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്, അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍
26:146
  • أَتُتْرَكُونَ فِى مَا هَٰهُنَآ ءَامِنِينَ ﴾١٤٦﴿
  • 'ഇവിടെയുള്ളതില്‍ [ഭൗതികസുഖങ്ങളില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ വിട്ടേക്കപ്പെടുന്നതാണോ?!'
  • أَتُتْرَكُونَ നിങ്ങള്‍ വിട്ടേക്കപ്പെടുമോ, ഉപേക്ഷിച്ചുവിടപ്പെടുമോ فِيمَا هَاهُنَا ഇവിടെയുള്ളതില്‍ آمِنِينَ നിര്‍ഭയരായിക്കൊണ്ട്, വിശ്വസ്തരായിക്കൊണ്ട്
26:147
  • فِى جَنَّٰتٍ وَعُيُونٍ ﴾١٤٧﴿
  • 'അതായത്, തോപ്പുകളിലും നീരുറവുകളിലും,-
  • فِي جَنَّاتٍ തോപ്പുകളിലായിട്ട് وَعُيُونٍ നീരുറവകളിലും
26:148
  • وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ ﴾١٤٨﴿
  • 'വിളകളിലും, (പഴങ്ങളുടെ ഭാരത്താല്‍) കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകളിലും?!'
  • وَزُرُوعٍ വിളകളിലും, കൃഷികളിലും وَنَخْلٍ ഈത്തപ്പനകളിലും طَلْعُهَا അവയുടെ കുല هَضِيمٌ ഒടിഞ്ഞു തൂങ്ങിയതാണ്, ഒടിഞ്ഞു വീഴാറായതാണ്
26:149
  • وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا فَٰرِهِينَ ﴾١٤٩﴿
  • 'ആഹ്ലാദചിത്തരായുംകൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും (പാറ) വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു!'
  • وَتَنْحِتُونَ നിങ്ങള്‍ വെട്ടിത്തുറക്കുന്നു, തുറന്നുണ്ടാക്കുന്നു, ശില്‍പ വേല ചെയ്യുന്നു مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ, ചില വീടുകളെ فَارِهِينَ ആഹ്ലാദചിത്തരായി, സുഖലോലുപന്‍മാരായി
26:150
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٥٠﴿
  • 'ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.'
  • فَاتَّقُوا اللَّـهَ ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
26:151
  • وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ ﴾١٥١﴿
  • അതിക്രമികളുടെ കല്‍പന നിങ്ങള്‍ അനുസരിക്കുകയും അരുത്;-
  • وَلَا تُطِيعُوا നിങ്ങള്‍ അനുസരിക്കുകയുമരുത് أَمْرَ الْمُسْرِفِينَ അതിക്രമികളുടെ കല്‍പന, അതിരുകടന്നവരുടെ നിര്‍ദ്ദേശം
26:152
  • ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ ﴾١٥٢﴿
  • 'അതായത്, നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും, (നാട്) നന്നാക്കാതിരിക്കുകയും ചെയ്യുന്നവരുടെ (കല്‍പന).
  • الَّذِينَ യാതൊരുകൂട്ടര്‍ يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു, നാശമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَلَا يُصْلِحُونَ നന്‍മയുണ്ടാക്കുന്നുമില്ല, നന്നാക്കുകയുമില്ല

ഹിജാസില്‍നിന്ന് സിറിയയിലേക്ക് പോകുന്ന ഒട്ടകപ്പാതയില്‍ സ്ഥിതിചെയ്യുന്ന രാജ്യമായിരുന്നു പ്രാചീന ഗോത്രമായ ‘ഥമൂദി’ന്‍റെ വാസസ്ഥലം. ‘അല്‍ഹിജ്ര്‍’ (الحجر) എന്നും, ‘മദാഇനുസ്വാലിഹ് (സ്വാലിഹിന്‍റെ പട്ടണങ്ങള്‍ – مدائن صالح) എന്നും ഇതിനു പേര്‍ പറയുന്നു. (*) മദീനായില്‍നിന്ന് വടക്ക് സുമാര്‍ 180 നാഴികയും, തബൂക്കില്‍നിന്ന് തെക്കുകിഴക്ക്‌ ഏകദേശം 170 നാഴികയും അകലെയായി അത് സ്ഥിതിചെയ്യുന്നു. മിക്ക ഭാഗവും മലമ്പാറകളാല്‍ ആവൃതമാണ്. ക്രിസ്താബ്ദം 1880-ല്‍ അറബി രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡൌട്ടി (**) എന്ന ഒരു യൂറോപ്യന്‍ സഞ്ചാരി, ആ രാജ്യങ്ങളെ സംബന്ധിച്ചെഴുതിയ ഗ്രന്ഥത്തില്‍ അല്‍ഹിജ്റിന്‍റെ ഒരു വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്.


(*) ഭൂപടം 8 നോക്കുക.
(**) C.M.Doughty.


മലമ്പാറകള്‍ വെട്ടി നിര്‍മ്മിച്ച വീടുകള്‍, ക്ഷേത്രങ്ങള്‍, ദര്‍ബാറുകള്‍ മുതലായവയുടെ അവശിഷ്ടങ്ങള്‍, താഴെ പറയുന്ന പ്രകാരം സ്വാലിഹ് (عليه السلام) നബിയുടെ ഒട്ടകത്തെ അവിശ്വാസികള്‍ അപകടപ്പെടുത്തിയ സ്ഥലം (مبرك الناقية – ഒട്ടകം മുട്ടുകുത്തിയ സ്ഥലം) അത് വെള്ളം കുടിച്ചിരുന്ന കിണര്‍ മുതലായവ ഇന്നും കാണാവുന്നതായി ആ ചരിത്ര ഗവേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. എത്രയോ കൊല്ലങ്ങള്‍ക്ക് മുമ്പു തന്നെ അറബികള്‍ ദൂരദേശങ്ങളുമായി കച്ചവടം നടത്തിയിരുന്നു. സുദീര്‍ഘമായ ഒട്ടകമാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു അത്. അറേബ്യാ ഉപഭൂഖണ്ഡത്തിന്‍റെ തെക്കേ അറ്റത്ത്‌ യമനില്‍നിന്നു തുടങ്ങി മക്കാ, മദീനാ, തബൂക്ക്, മദാഇന്‍, ലൂത്ത്വ്‌ (عليه السلام) നബിയുടെ രാജ്യങ്ങള്‍ എന്നീ പ്രദേശങ്ങള്‍ വഴി അത് മആനി (معان)ല്‍ എത്തുന്നു. അനന്തരം ഒരു ശാഖ ഈജിപ്തിലേക്കും, മറ്റേത് നേരെ ദിമിശ്ഖി (دمشق – ഡമാസ്ക്കസ്) ലേക്കും പിരിഞ്ഞുപോകുന്നു. (***) ഈ പാത കേവലം ഒരു വാണിജ്യമാര്‍ഗ്ഗം മാത്രമല്ല, അറബികളുടെ പൊതുവായ ഹജ്ജുമാ൪ഗ്ഗം (درب الحج) കൂടിയാണ്. അതുകൊണ്ടാണ്, ലൂത്ത്വ് (عليه السلام) നബി സ്വാലിഹ് (عليه السلام) നബി എന്നിവരുടെ സമുദായങ്ങളുടെ ചരിത്രം പറയുമ്പോള്‍, അറബികള്‍ക്ക് പരിചയമുള്ള സ്ഥലങ്ങളെന്ന നിലക്കു ഖുര്‍ആന്‍ അവയെ വിവരിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും.


(***) പടം 8 നോക്കുക.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരിക്കല്‍ ആ നാട്ടിനടുത്തുകൂടി പോയപ്പോള്‍, അല്ലാഹുവിന്‍റെ ശാപത്തിന് ഇരയായ ആ നാട്ടില്‍ കരഞ്ഞുകൊണ്ടല്ലാതെ നിങ്ങള്‍ പ്രവേശിക്കരുതെന്ന് സഹാബികളെ ഉപദേശിക്കയുണ്ടായി. ഭൗതികമായ ആര്‍ഭാടങ്ങളിലും, ആഡംബര ജീവിതത്തിലും മുഴുകിയിരുന്ന ഈ സമുദായവും വിഗ്രഹാരാധനക്കാരായിരുന്നു. ഇതര സമുദായങ്ങളെപ്പോലെത്തന്നെ അവരും തങ്ങളുടെ പ്രവാചകനോട് പെരുമാറി:-

26:153
  • قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ ﴾١٥٣﴿
  • അവര്‍ പറഞ്ഞു: 'നിശ്ചയമായും നീ ആഭിചാരബാധിതരില്‍ പെട്ടവന്‍ തന്നെയാണ്.
  • قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിതരില്‍ പെട്ടവന്‍തന്നെ, (മാരണം ചെയ്യപ്പെട്ടവനാണ്)
26:154
  • مَآ أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّٰدِقِينَ ﴾١٥٤﴿
  • 'നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല. ആകയാല്‍, നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍, ഒരു ദൃഷ്ടാന്തം കൊണ്ടുവാ?'
  • مَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള فَأْتِ ആകയാല്‍ നീ വാ بِآيَةٍ ദൃഷ്ടാന്തവും കൊണ്ട് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍, സത്യവാദികളില്‍ (പെട്ടവന്‍)
26:155
  • قَالَ هَٰذِهِۦ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ ﴾١٥٥﴿
  • അദ്ദേഹം പറഞ്ഞു: 'ഇതാ (ദൃഷ്ടാന്തമായി) ഒരൊട്ടകം! ഒരു (ദിവസത്തെ) വെള്ളം കുടി അതിനും, ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടി നിങ്ങള്‍ക്കും (ഊഴം) ആകുന്നു.
  • قَالَ അദ്ദേഹം പറഞ്ഞു هَـٰذِهِ نَاقَةٌ ഇതാ ഒരൊട്ടകം لَّهَا അതിന്, അതിന്നാണ് شِرْبٌ ഒരു കുടി, (ഒരുപ്രാവശ്യത്തെ കുടിക്കല്‍) وَلَكُمْ നിങ്ങള്‍ക്കാണ്, നിങ്ങള്‍ക്കുമുണ്ട് شِرْبُ يَوْمٍ ഒരു ദിവസത്തെ കുടി مَّعْلُومٍ നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട, അറിയപ്പെട്ട

26:156
  • وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ ﴾١٥٦﴿
  • 'യാതൊരു (തരത്തിലുള്ള) തിന്മകൊണ്ടും നിങ്ങള്‍ അതിനെ തൊട്ടുപോകരുത്‌ [ഉപദ്രവിക്കരുത്];- (കാരണം) അപ്പോള്‍ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും.'
  • وَلَا تَمَسُّوهَا നിങ്ങളതിനെ തൊടരുത്, സ്പര്‍ശിക്കരുത് بِسُوءٍ ഒരു തിന്മകൊണ്ടും فَيَأْخُذَكُمْ എന്നാല്‍ നിങ്ങള്‍ക്കു പിടിപെട്ടേക്കും, നിങ്ങളെ ബാധിച്ചേക്കും عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَظِيمٍ വമ്പിച്ച
26:157
  • فَعَقَرُوهَا فَأَصْبَحُوا۟ نَٰدِمِينَ ﴾١٥٧﴿
  • എന്നാല്‍, അവര്‍ അതിനെ (കുതികാല്‍വെട്ടി) അറുത്തുകളഞ്ഞു. അങ്ങിനെ, അവര്‍ ഖേദക്കാരായിത്തീ൪ന്നു.
  • فَعَقَرُوهَا എന്നാല്‍ അവര്‍ അതിനെ കുത്തി അറുത്തു, കുതികാല്‍ വെട്ടി فَأَصْبَحُوا അങ്ങനെ (അതുകാരണം) അവര്‍ ആയി نَادِمِينَ ഖേദക്കാര്‍, വ്യസനിച്ചവര്‍
26:158
  • فَأَخَذَهُمُ ٱلْعَذَابُ ۗ إِنَّ فِى ذَٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٥٨﴿
  • ഉടനെ, ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • فَأَخَذَهُمُ ഉടനെ (അതിനാല്‍) അവരെ പിടികൂടി الْعَذَابُ ശിക്ഷ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയിരുന്നില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍
26:159
  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٥٩﴿
  • നിശ്ചയമായും നിന്‍റെ രക്ഷിതാവു തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

ആരില്‍നിന്നോ ആഭിചാരബാധയേറ്റ് നിനക്ക് ബുദ്ധി ഭ്രമിച്ചുപോയിരിക്കയാണ്, അതുകൊണ്ടാണ് നീ ഇങ്ങിനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്, ഞങ്ങളില്‍ കവിഞ്ഞ ഒരു വിശേഷതയും നിനക്കില്ല, നീ പറയുന്ന വാദം ശരിയാണെങ്കില്‍ ഒരു ദൃഷ്ടാന്തം ഞങ്ങള്‍ക്കു കാട്ടിത്തരണം എന്നാണ് ഇവര്‍ സ്വാലിഹ് (عليه السلام) നബിയോട് പറയുന്നത്. അവസാനം ഒരു ഒട്ടകത്തെ അല്ലാഹു അവര്‍ക്ക് ദൃഷ്ടാന്തമാക്കി കൊടുത്തു. അതിന് എന്തോ ചില അസാധാരണത്വമുണ്ടായിരുന്നു. (*). അവരുടെ വെള്ളത്താവളത്തില്‍നിന്ന് വെള്ളം കുടിക്കുവാന്‍ – ഒരു ദിവസം ഒട്ടകത്തിനും, ഒരു ദിവസം അവര്‍ക്കും എന്ന്- പ്രത്യേകം ഊഴം നിശ്ചയിച്ചിരുന്നു. ഇതവര്‍ക്ക് സഹിക്കാതായി.


(*).അത് കേവലം ഒരു സാധാരണ ഒട്ടകം മാത്രമായിരുന്നുവെന്ന് ചിലര്‍ പറഞ്ഞുകാണുന്നു. ഇതിനെക്കുറിച്ച്‌ സൂറത്തുല്‍ ഖമറില്‍വെച്ച് നമുക്ക് സംസാരിക്കാം. ان شاء الله


ഒട്ടകത്തിന്‍റെ തീറ്റ, വെള്ളംകുടി മുതലായവ ഒന്നിലും കൈകടത്തരുത് എന്നൊക്കെ പ്രവാചകന്‍ അവരെ മുടക്കിയിരുന്നു. അങ്ങനെ വല്ലതും ചെയ്‌താല്‍ അവര്‍ക്ക് വമ്പിച്ച ശിക്ഷ അനുഭവപ്പെടുമെന്ന് താക്കീതും നല്‍കി. പക്ഷേ, കുറേ കഴിഞ്ഞപ്പോള്‍, അതിനെ കൊന്നുകളയുവാന്‍ അവര്‍ ഒരാളെ ശട്ടംകെട്ടി. അവനതിനു ധൈര്യപ്പെടുകയും ചെയ്തു. ഒട്ടകത്തെ അപകടപ്പെടുത്തിയാല്‍ മൂന്ന് ദിവസംകൊണ്ട് ശിക്ഷ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. സംഭവം കഴിഞ്ഞശേഷം അവര്‍ അതിനെക്കുറിച്ച് ഖേദക്കാരായി. എങ്കിലും ഫലമെന്ത്?! താക്കീതു ചെയ്യപ്പെട്ട കഠോരശിക്ഷ – ഒരുതരം ഭൂകമ്പവും ഒരു വമ്പിച്ച ശബ്ദവും, അഥവാ ഇടിത്തീയും – ഉണ്ടായി. അവര്‍ നിശ്ശേഷം നശിച്ചുപോയി! പ്രവാചകനും, സത്യവിശ്വാസികളും നേരത്തെത്തന്നെ സ്ഥലംവിട്ടുപോയി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവര്‍ 120 പേരും, നശിച്ചുപോയവര്‍ 5000 വീട്ടുകാരുമായിരുന്നുവെന്ന് ചിലര്‍ രേഖപ്പെടുത്തി കാണുന്നു. അല്ലാഹുവിന്നറിയാം.

ഥമൂദ്‌ ഗോത്രക്കാര്‍ ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോള്‍ സ്വാലിഹ് (عليه السلام) ദുആ ചെയ്തു. ഒരു പാറക്കല്ല് പൊട്ടിക്കീറി അതില്‍നിന്നാണ് ഒട്ടകം പ്രത്യക്ഷപ്പെട്ടതെന്നും, ആവശ്യമുള്ളവര്‍ക്കെല്ലാം ഇഷ്ടംപോലെ കറന്നു കുടിക്കുമാറ് ധാരാളം പാലുണ്ടായിരുന്ന ഒട്ടകമായിരുന്നു അതെന്നും മറ്റും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ ഇതിനൊന്നും വിശ്വാസയോഗ്യമായ തെളിവ് കാണുന്നില്ല. ഥമൂദ്‌ ഗോത്രക്കാരുടെ ചരിത്രം അടുത്ത സൂറത്തിലും മറ്റു പല സൂറത്തുകളിലും അല്ലാഹു ഉദ്ധരിച്ചിട്ടുള്ളതാകുന്നു.

വിഭാഗം - 9

26:160
  • كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ ﴾١٦٠﴿
  • ലൂത്ത്വിന്‍റെ ജനത മുര്‍സലുകളെ വ്യാജമാക്കി;-
  • كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്‍റെ ജനത الْمُرْسَلِينَ മുര്‍സലുകളെ
26:161
  • إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ ﴾١٦١﴿
  • അവരുടെ സഹോദരന്‍ ലൂത്ത്വ്‌ അവരോട് പറഞ്ഞപ്പോള്‍; 'നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ'?!
  • إِذْ قَالَ لَهُمْ അവരോടു പറഞ്ഞപ്പോള്‍ أَخُوهُمْ لُوطٌ അവരുടെ സഹോദരന്‍ ലൂത്ത്വ്‌ أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
26:162
  • إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٦٢﴿
  • 'നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.'
  • إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്
26:163
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٦٣﴿
  • 'അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.'
  • فَاتَّقُوا اللَّـهَ ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
26:164
  • وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ ﴾١٦٤﴿
  • 'അതിന്‍റെ പേരില്‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ പേരില്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.'
  • وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേലല്ലാതെ

‘അവരുടെ സഹോദരന്‍’ (أَخُوهُمْ)എന്നും, വിശ്വസ്തനായ റസൂല്‍ (رَسُولٌ أَمِينٌ) എന്നും ഓരോ നബിമാരെപ്പറ്റിയും വിശേഷിപ്പിച്ചു പറഞ്ഞതില്‍ ചില സൂചനകളുണ്ട്. അവരെപ്പോലെ അവരുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടിയിരുന്ന ആളും, അവര്‍ക്ക് സുപരിചിതനും, അവരുമായി ബന്ധപ്പെട്ടവനുമായ വ്യക്തിയെയായിരുന്നു ഓരോ സമുദായത്തിലേക്കും റസൂലായി നിയോഗിക്കപ്പെട്ടിരുന്നത് എന്നത്രെ ഒരു സൂചന. മറ്റൊന്ന്: പ്രവാചകത്വം ലഭിക്കുന്നതുവരെ വിശ്വസ്തനും സത്യവാനുമാണെന്നു സമ്മതിക്കപ്പെട്ടിരുന്ന വ്യക്തികളാണ് അവര്‍ എന്നുള്ളതാണ്. ആ സ്ഥിതിക്ക് ഓരോ സമുദായത്തിനും സുപരിചിതനും സുസമ്മതനുമായ അവരുടെ പ്രവാചകനെ നിഷേധിക്കുവാന്‍ ന്യായമില്ലല്ലോ.

162,163, 164 എന്നീ ആയത്തുകളിലെ വാക്യങ്ങള്‍ ലൂത്ത്വ്‌ (عليه السلام) നബി മാത്രമല്ല. ഇതിനുമുമ്പ് പ്രസ്താവിക്കപ്പെട്ട നബിമാരും അവരുടെ സമുദായങ്ങളോട്‌ പറഞ്ഞിരുന്നുവെന്നു നാം കണ്ടു. തുടര്‍ന്നു വരുന്ന ശുഐബ് (عليه السلام) നബിയുടെ വാക്യങ്ങളിലും അതേ വാക്കുകള്‍ കാണാം. എല്ലാ റസൂലുകളുടെയും പരമപ്രധാനമായ പ്രബോധനതത്വം ഏതാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അതിനു പുറമെ, അതതു സമുദായത്തിന്‍റെയും, സന്ദര്‍ഭത്തിന്‍റെയും പരിതസ്ഥിതിയനുസരിച്ച് ചില പ്രത്യേകം വിഷയങ്ങള്‍ ഓരോ റസൂലിനും പ്രത്യേകം ഉപദേശിക്കുവാനുണ്ടായിരിക്കുമെന്നും – ഓരോരുത്തരുടെയും പ്രസ്താവനകള്‍ പരിശോധിച്ചാല്‍ – കാണാവുന്നതാണ്. അക്കൂട്ടത്തില്‍, ലൂത്ത്വ്‌ (عليه السلام) നബിയുടെ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു നീചപ്രവൃത്തിയെ – പ്രകൃതിവിരുദ്ധമായ ഒരു ദുര്‍ന്നടപ്പിനെ – പ്പറ്റി അദ്ദേഹം അവരോടു എടുത്തുപറയുന്നു.

26:165
  • أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَٰلَمِينَ ﴾١٦٥﴿
  • 'ലോകരില്‍ നിന്ന് നിങ്ങള്‍ (മാത്രം) ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയോ'?!
  • أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ الذُّكْرَانَ ആണുങ്ങളുടെ അടുക്കല്‍ مِنَ الْعَالَمِينَ ലോകരില്‍ നിന്ന്
26:166
  • وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ ﴾١٦٦﴿
  • 'നിങ്ങളുടെ ഇണകളായി നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുതന്നതിനെ [ഭാര്യമാരെ] നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു?! എന്നാല്‍, നിങ്ങള്‍ അതിക്രമകാരികളായ ഒരുജനതതന്നെ!'
  • وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു, ഉപേക്ഷിക്കുകയും ചെയ്യുന്നു مَا خَلَقَ സൃഷ്ടിച്ചിട്ടുള്ളതിനെ لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبُّكُم നിങ്ങളുടെ റബ്ബ് مِّنْ أَزْوَاجِكُم നിങ്ങളുടെ ഇണകളായി, ഭാര്യമാരില്‍നിന്ന് بَلْ എന്നാല്‍, പക്ഷേ أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് عَادُونَ അതിക്രമകാരികളായ

സ്വന്തം ഭാര്യമാരെ വീട്ടില്‍ വിട്ടേച്ച്‌ അവര്‍ക്കുപകരം പുരുഷന്‍മാരെക്കൊണ്ട് കാമനിവൃത്തി വരുത്തുന്ന അതിനികൃഷ്ടമായ ഒരു സമ്പ്രദായത്തെക്കുറിച്ചാണ് ലൂത്ത്വ് (عليه السلام) നബി ആക്ഷേപിക്കുന്നത്. ഈ ലജ്ജാവഹമായ വഴക്കം മുമ്പൊരു സമുദായത്തിലും പതിവില്ലാത്തതായിരുന്നു. ഇതുകൂടാതെ, കവര്‍ച്ച, കൊള്ള മുതലായ പല തോന്നിയവാസങ്ങളും ഇവര്‍ നടത്തിയിരുന്നതായി സൂറത്തുല്‍ ‘അങ്കബൂത്തി’ (العنكبوت) ല്‍ കാണാം. ലൂത്ത് (عليه السلام) നബിയുടെ ഉപദേശങ്ങളൊന്നും അവര്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, അവര്‍ അദ്ദേഹത്തിനു ഇങ്ങിനെ ഒരു അന്ത്യശാസനവും നല്‍കി.

26:167
  • قَالُوا۟ لَئِن لَّمْ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ ﴾١٦٧﴿
  • അവര്‍ പറഞ്ഞു: 'നീ വിരമിക്കാത്തപക്ഷം ലൂത്ത്വേ - തീര്‍ച്ചയായും നീ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരുന്നതാണ്'.
  • قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ تَنتَهِ തീര്‍ച്ചയായും നീ വിരമിച്ചില്ലെങ്കില്‍ يَا لُوطُ ലൂത്ത്വേ لَتَكُونَنَّ നിശ്ചയമായും നീ ആയിത്തീരും مِنَ الْمُخْرَجِينَ പുറത്താക്കപ്പെടുന്നവരില്‍
26:168
  • قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ ﴾١٦٨﴿
  • അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും ഞാന്‍ നിങ്ങളുടെ (ഈ) പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്.
  • قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لِعَمَلِكُم നിങ്ങളുടെ പ്രവൃത്തിയോടു مِّنَ الْقَالِينَ കഠിനവിദ്വേഷമുള്ളവരില്‍ പെട്ടവനാണ്, വളരെ വെറുക്കുന്നവന്നാണ്

നിന്‍റെ ഈ ഉപദേശങ്ങളൊക്കെ നിറുത്തല്‍ ചെയ്യാത്തപക്ഷം ഞങ്ങള്‍ നിന്നെ ബഹിഷ്കരിച്ച്‌ നാട്ടില്‍ നിന്ന് പുറംതള്ളുമെന്നായിരുന്നു അവരുടെ അന്ത്യശാസനം. ലൂത്ത്വ്‌ (عليه السلام) നബിയാകട്ടെ, തന്‍റെ കഠിനമായ പ്രതിഷേധവും വെറുപ്പും തുറന്നു പ്രഖ്യാപിച്ചു. അവരില്‍ നിന്നും എനി പ്രതീക്ഷക്ക് പഴുതില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു:-

26:169
  • رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ ﴾١٦٩﴿
  • 'രക്ഷിതാവേ, ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നു എന്നെയും എന്‍റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തണേ!'
  • رَبِّ രക്ഷിതാവേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ وَأَهْلِي എന്‍റെ സ്വന്തക്കാരെയും, ആള്‍ക്കാരെയും, കുടുംബത്തെയും مِمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നു
26:170
  • فَنَجَّيْنَٰهُ وَأَهْلَهُۥٓ أَجْمَعِينَ ﴾١٧٠﴿
  • അങ്ങനെ, അദ്ദേഹത്തെയും, തന്‍റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തി;-
  • فَنَجَّيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ സ്വന്തക്കാരെയും أَجْمَعِينَ മുഴുവനായും
26:171
  • إِلَّا عَجُوزًا فِى ٱلْغَٰبِرِينَ ﴾١٧١﴿
  • അവശേഷിച്ചവരില്‍ പെട്ട ഒരു വൃദ്ധസ്ത്രീ ഒഴികെ.
  • إِلَّا عَجُوزًا ഒരു വൃദ്ധസ്ത്രീ ഒഴികെ, ഒരു കിഴവിയെ അല്ലാതെ فِي الْغَابِرِينَ അവശേഷിച്ചവരില്‍ പെട്ട, പിന്തിനിന്നവരില്‍
26:172
  • ثُمَّ دَمَّرْنَا ٱلْءَاخَرِينَ ﴾١٧٢﴿
  • പിന്നെ, മറ്റുള്ളവരെ നാം തകര്‍ത്തു (നിശ്ശേഷം നശിപ്പിച്ചു)കളഞ്ഞു.
  • ثُمَّ പിന്നെ دَمَّرْنَا നാം തകര്‍ത്തു, നിശ്ശേഷം നശിപ്പിച്ചു الْآخَرِينَ മറ്റുള്ളവരെ, മറ്റേ കൂട്ടരെ
26:173
  • وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ ﴾١٧٣﴿
  • അവരുടെമേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ (ആ) മഴ വളരെ ചീത്ത!
  • وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു, മഴ പെയ്യിപ്പിച്ചു عَلَيْهِم അവരില്‍ مَّطَرًا ഒരു മഴ فَسَاءَ വളരെ ചീത്ത, മോശപ്പെട്ടതു مَطَرُ الْمُنذَرِينَ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെട്ടവരുടെ മഴ
26:174
  • إِنَّ فِى ذَٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٧٤﴿
  • നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരിലധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍
26:175
  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٧٥﴿
  • നിശ്ചയമായും, നിന്‍റെ റബ്ബുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

ലൂത്ത്വ് (عليه السلام) നബിയുടെ ദുആ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും പ്രഭാതത്തിനുമുമ്പായി നാടുവിട്ടുകൊള്ളുവാന്‍ അല്ലാഹു കല്പിച്ചു. ആ നാട്ടില്‍ അദ്ദേഹത്തിന്‍റെ ഒരേ ഒരു വീടല്ലാതെ മുസ്ലിം വീടുണ്ടായിരുന്നില്ല. (الذاريات : ٢٦). ലൂത്ത്വ്‌ (عليه السلام) നബിയുടെ ഭാര്യയായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നില്ല. അവള്‍ തോന്നിയവാസികളുടെ പക്ഷക്കാരിയായിരുന്നു. അവള്‍ അദ്ദേഹത്തോടൊപ്പം പുറത്തുപോകാതെ അവശേഷിക്കുകയും, ജനങ്ങള്‍ക്ക് ബാധിച്ച മഹാശിക്ഷയില്‍ അകപ്പെടുകയും ചെയ്തു. 171-ാം വചനത്തില്‍ പ്രസ്താവിച്ച വൃദ്ധസ്ത്രീ (عَجُوز) അവളാകുന്നു. ഈ ജനതയെപ്പറ്റി ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ചിട്ടുണ്ട്. ഹൂദ്‌, ഹിജ്ര്‍ (هود، الحجر) എന്നീ സൂറത്തുകളില്‍ പറഞ്ഞിട്ടുള്ളതിന്‍റെ സംക്ഷിപ്തം ഇതാണ്:-

ഇബ്രാഹീം (عليه السلام) നബിയുടെ വാര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിന് ഒരു കുട്ടി ജനിക്കുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനായി വന്ന ദൂതന്‍മാര്‍ (മലക്കുകള്‍) അതിനുശേഷം ലൂത്ത്വ് (عليه السلام) നബിയുടെ അടുക്കല്‍ ചെന്നു. കേവലം മൃഗീയ സ്വഭാവികളായ തന്‍റെ നാട്ടുകാര്‍ തന്‍റെ അതിഥികളെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിക്കുമോ എന്ന് അദ്ദേഹത്തിന് ഭയമായി. അതിഥികള്‍ മലക്കുകലാണെന്ന വസ്തുത അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. (അവര്‍ സുന്ദരന്‍മാരായ യുവാക്കളുടെ രൂപത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടതും.). ആ തെമ്മാടികള്‍ ഇവരെപ്പറ്റി അറിഞ്ഞു. അവര്‍ സസന്തോഷം അവിടെ എത്താതിരുന്നില്ല. ലൂത്ത്വ് (عليه السلام) നബിയാകട്ടെ, ധര്‍മ്മസങ്കടത്തിലായി ‘ഹേ ജനങ്ങളേ, വേണമെങ്കില്‍ എന്‍റെ പെണ്‍മക്കളിതാ, അവരെ ഞാന്‍ വിവാഹംകഴിച്ചുതരാം, എന്‍റെ വിരുന്നുകാരെ സംബന്ധിച്ച് നിങ്ങളെന്നെ വഷളാക്കരുത്’ എന്നൊക്കെ അദ്ദേഹം അവരോട് പറഞ്ഞു. ‘ലൂത്ത്വേ, നിന്‍റെ പെണ്‍കുട്ടികളെയൊന്നും ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ ഉദ്ദേശം എന്താണെന്ന് നിനക്കറിയാമല്ലോ’ എന്നായിരുന്നു അവരുടെ മറുപടി. അദ്ദേഹത്തിന്‍റെ പാരവശ്യം കണ്ടപ്പോള്‍ മലക്കുകള്‍ തങ്ങളുടെ സ്ഥിതി വിവരിച്ചുകൊടുത്തു. ‘ഞങ്ങള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ദൂതന്‍മാരാണ്, ഈ ജനതയെ നശിപ്പിക്കുവാനായി അയക്കപ്പെട്ടവരാണ്, അതുകൊണ്ട് താങ്കളും കുടുംബവും രാത്രി തന്നെ സ്ഥലം വിടണം, പോകുമ്പോള്‍ ആരും തിരിഞ്ഞു നോക്കരുത്, താങ്കളുടെ ഭാര്യ തിരിഞ്ഞുനിന്നേക്കും, അവളും ആപത്തു പിണയേണ്ടവളാണ്. ശിക്ഷ വര്‍ഷിക്കുന്നത് നേരം പുലരുന്നതോടെയായിരിക്കും എന്നീ വിവരങ്ങള്‍ അറിയിച്ചു. അതേപ്രകാരം സംഭവം നടക്കുകയും ചെയ്തു. ഒരു തരം അട്ടഹാസം (ഘോരശബ്ദം), ആകാശത്തുനിന്ന് അത്ഭുതകരമായ ഒരസാധാരണ മഴ (ചൂളക്കല്ലുകളാല്‍ വര്‍ഷിപ്പിക്കപ്പെട്ട മഴ) എന്നിവ സംഭവിക്കുകയും , രാജ്യം കീഴുമേലായി മറിക്കപ്പെടുകയും ഉണ്ടായി!

ബൈബിളിലും ഈ സംഭവം വിവരിച്ചിരിക്കുന്നു. അതില്‍ ശിക്ഷയുടെ സ്വഭാവം പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്‌ : ‘ യഹോവ (ദൈവം) സോദോമിന്‍റെയും, ഗോമോരയുടെയും (*) മേല്‍ യഹോവയുടെ സന്നിധിയില്‍നിന്ന്, ആകാശത്തു നിന്നുതന്നെ, ഗന്ധകവും, തിയ്യും വര്‍ഷിപ്പിച്ചു. ആ പട്ടണങ്ങള്‍ക്കും, പ്രദേശത്തിന് മുഴുവനും, ആ പട്ടണത്തിലെ നിവാസികള്‍ക്കും, നിലത്തെ സസ്യങ്ങള്‍ക്കും ഉന്‍മൂലനാശം വരുത്തി. ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നില്‍നിന്ന് തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.’ (ഉല്‍പത്തി. അ: 18.19).


(*) سدوم وعمورية (പടം 4-ഉം 5-ഉം നോക്കുക).


ഈ സംഭവത്തിന്‍റെ ദൃഷ്ടാന്തമായി, അതിന്‍റെ അറികുറികല്‍ നിലനിറുത്തിക്കൊണ്ട് ‘ലൂത്ത്വ് കടല്‍ (بحر لوط) ചാവുകടല്‍ (بحر الميت) എന്നീ പേരുകളില്‍ അറിയപ്പെടുന്ന തടാകം ഇന്നും സ്ഥിതി ചെയ്യുന്നുവെന്ന് സൂ: അമ്പിയാഇല്‍ നാം ചൂണ്ടിക്കാട്ടുകയുണ്ടായി. ലൂത്ത്വ് (عليه السلام) നബിയുടെ ജനതയുടെ വാസസ്ഥലങ്ങളാണ് സോദോമും, ഗോമോരായും. ഈ രാജ്യങ്ങള്‍ പ്രസ്തുത തടാകത്തിന്‍റെ പരിസരപ്രദേശങ്ങളിലായിരുന്നു. അവ നശിപ്പിക്കപ്പെട്ടതോടെ ആ തടാകത്തില്‍ ലയിച്ചു പോകുകയാണുണ്ടായത്. ഈ സൂറത്തിന്‍റെ അവസാനത്തില്‍ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പില്‍നിന്നു ഈ വിഷയകമായി കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്. അടുത്ത ആയത്തുകളില്‍ ശുഐബ് (عليه السلام) നബിയുടെ കഥയുടെ ചുരുക്കം കാണാം:-