വിഭാഗം - 3

26:34
  • قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٌ ﴾٣٤﴿
  • തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫി൪ഔന്‍) പറഞ്ഞു: 'നിശ്ചയമായും, ഇവന്‍ അറിവുള്ള (നിപുണനായ) ഒരു ജാലവിദ്യക്കാരന്‍തന്നെ!
  • قَالَ അവന്‍ പറഞ്ഞു لِلْمَلَإِ പ്രമുഖരോടു, പ്രധാനികളോടു حَوْلَهُ തന്‍റെ ചുറ്റുമുള്ള إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ لَسَاحِرٌ ഒരു ജാലവിദ്യക്കാരന്‍ തന്നെ عَلِيمٌ അറിവുള്ളവനായ
26:35
  • يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ ﴾٣٥﴿
  • 'അവന്‍ തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കുവാന്‍ ഉദ്ദേശിക്കുകയാണ്. അതിനാല്‍, [അവനെപ്പറ്റി] നിങ്ങള്‍ എന്തു നിര്‍ദ്ദേശിക്കുന്നു!'.
  • يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍നിന്നു, നാട്ടില്‍ നിന്നു بِسِحْرِهِ അവന്‍റെ ജാലവിദ്യകൊണ്ടു فَمَاذَا അതിനാല്‍ എന്താണ് تَأْمُرُونَ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു, കല്‍പിക്കുന്നു
26:36
  • قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَٰشِرِينَ ﴾٣٦﴿
  • അവര്‍ പറഞ്ഞു: 'അവനും, അവന്‍റെ സഹോദരനും ഇടകൊടുക്കുക; നഗരങ്ങളില്‍, ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുകയും ചെയ്യുക;-
  • قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവന്നു ഒഴിവുകൊടുക്കുക, സാവകാശം കൊടുക്കുക وَأَخَاهُ അവന്‍റെ സഹോദരന്നും وَابْعَثْ നിയോഗിക്കുകയും ചെയ്യുക فِي الْمَدَائِنِ നഗരങ്ങളില്‍, പട്ടണങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ
26:37
  • يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ ﴾٣٧﴿
  • അവര്‍, എല്ലാ അറിവുള്ള [നിപുണന്‍മാരായ] ജാലവിദ്യക്കാരേയും അങ്ങയുടെ അടുക്കല്‍ കൊണ്ടുവരട്ടെ.'
  • يَأْتُوكَ അവര്‍ തനിക്ക് (അങ്ങേക്ക്) കൊണ്ടുവരട്ടെ, വരട്ടെ بِكُلِّ سَحَّارٍ എല്ലാ സിഹ്റന്‍മാരെയും കൊണ്ടു, എല്ലാ ജാലവിദ്യക്കാരെയും عَلِيمٍ അറിവുള്ള (നിപുണരായ)

മൂസാ കാണിച്ചത് ഒരു ദിവ്യദൃഷ്ടാന്തമൊന്നുമല്ല – ജാലവിദ്യ (*) മാത്രമാണ് – പക്ഷേ അവനതില്‍ നിപുണനാണ്; അതുവഴി ജനങ്ങളെ വശീകരിച്ച് നാട്ടില്‍നിന്ന് പുറത്ത് കൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഫി൪ഔന്‍ സമര്‍ത്ഥിച്ചു. എങ്കിലും, എനി എന്തു വേണമെന്നറിയാതെ കുഴങ്ങി. ദര്‍ബാറിലുള്ളവരോട് നിര്‍ദ്ദേശം തേടി. തല്‍ക്കാലം മൂസാ (അ) നബിയെയും, സഹോദരന്‍ ഹാറൂന്‍ (അ) നബിയെയും ഒഴിവാക്കിവിടുവാനും നാട്ടിലെല്ലാമുള്ള സമര്‍ത്ഥരായ ജാലവിദ്യക്കാരെ ശേഖരിച്ചുകൊണ്ടുവന്ന് ഒരു മത്സരം നടത്തുവാനും അവര്‍ അഭിപ്രായപ്പെട്ടു. പെട്ടെന്ന് മൂസാ (അ) നബിയെ കൊലചെയ്യുകയോ മറ്റോ ചെയ്താല്‍, അത് ജനങ്ങളില്‍ ആശയക്കുഴപ്പവും, ആശങ്കയും ഉളവാക്കിയേക്കുമെന്ന് അവര്‍ കരുതിയിരിക്കാം. ഏതായാലും വമ്പിച്ച ഒരു ജനാവലിയുടെ മുമ്പില്‍വെച്ച് പരസ്യമായിത്തന്നെ അത് നടക്കണമെന്ന് അല്ലാഹുവും ഉദ്ദേശിച്ചു.


(*). ‘ജാലവിദ്യ’ എന്നര്‍ത്ഥം കല്‍പിച്ച ‘സിഹ്ര്‍’ (السحر) എന്ന വാക്കില്‍ പല ഇനങ്ങളും ഉള്‍പ്പെടുമെന്ന് സൂ: അല്‍ബഖറ 102ന്‍റെയും ത്വാഹാ 68-ന്‍റെയും വിവരണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

26:38
  • فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوْمٍ مَّعْلُومٍ ﴾٣٨﴿
  • അങ്ങനെ, അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
  • فَجُمِعَ السَّحَرَةُ അങ്ങനെ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു لِمِيقَاتِ يَوْمٍ ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്കു مَّعْلُومٍ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട)
26:39
  • وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ ﴾٣٩﴿
  • ജനങ്ങളോട് ചോദിക്കപ്പെട്ടു: 'നിങ്ങള്‍ സമ്മേളിക്കുന്നുണ്ടോ?-
  • وَقِيلَ പറയപ്പെട്ടു لِلنَّاسِ മനുഷ്യരോട് هَلْ أَنتُم നിങ്ങളാണോ مُّجْتَمِعُونَ സമ്മേളിക്കുന്നവര്‍ (ഒരുമ്മിച്ചുകൂടുന്നുവോ)
26:40
  • لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَٰلِبِينَ ﴾٤٠﴿
  • 'ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍, നമുക്ക് അവരെ പിന്‍തുടര്‍ന്നേക്കാമല്ലോ!'
  • لَعَلَّنَا نَتَّبِعُ നമുക്കു പിന്‍പറ്റാം, തുടര്‍ന്നേക്കാം السَّحَرَةَ ജാലവിദ്യക്കാരെ إِن كَانُوا അവര്‍ ആയിരുന്നാല്‍ هُمُ അവര്‍ തന്നെ الْغَالِبِينَ ജയിച്ചവര്‍, വിജയികള്‍

അങ്ങനെ, ഉത്സവദിവസം പൂര്‍വ്വാഹ്നസമയത്തേക്ക് എല്ലാവരും സമ്മേളിച്ചു. അനേകം ജാലവിദ്യക്കാരും – ആയിരക്കണക്കിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു – ധാരാളം പ്രേക്ഷകരും! രാജകീയമായ പ്രചാരണം മുറക്കു നടന്നിരിക്കുമല്ലോ. മിക്കവാറും ജാലവിദ്യക്കാര്‍ക്കുതന്നെയാണ് വിജയമുണ്ടാകുകയെന്നാണവരുടെ പ്രതീക്ഷ.

26:41
  • فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَٰلِبِينَ ﴾٤١﴿
  • അങ്ങിനെ, ജാലവിദ്യക്കാര്‍ വന്നപ്പോള്‍ അവര്‍ ഫി൪ഔനോട് പറഞ്ഞു: 'ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും വല്ല പ്രതിഫലവും ഉണ്ടായിരിക്കുമോ?'
  • فَلَمَّا جَاءَ അങ്ങിനെ വന്നപ്പോള്‍ السَّحَرَةُ ജാലവിദ്യക്കാര്‍ قَالُوا അവര്‍ പറഞ്ഞു لِفِرْعَوْنَ ഫി൪ഔനോടു أَئِنَّ തീര്‍ച്ചയായും ഉണ്ടോ لَنَا ഞങ്ങള്‍ക്കു لَأَجْرًا പ്രതിഫലം, കൂലി إِن كُنَّا ഞങ്ങളായിരുന്നാല്‍, ആണെങ്കില്‍ نَحْنُ ഞങ്ങള്‍ തന്നെ الْغَالِبِينَ വിജയികള്‍
26:42
  • قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ ﴾٤٢﴿
  • അവന്‍ പറഞ്ഞു: 'അതെ,അപ്പോള്‍, നിശ്ചയമായും നിങ്ങള്‍ (നമ്മുടെ സന്നിധിയില്‍) സാമീപ്യം നല്‍കപ്പെടുന്നവരില്‍ പെട്ടവരുമായിരിക്കും.'
  • قَالَ അവന്‍ പറഞ്ഞു نَعَمْ അതെ, ഉവ്വ് وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا അപ്പോള്‍, എന്നാല്‍ لَّمِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെടുന്നവരില്‍പെട്ടവരുമാണു (അടുത്ത ആളുകളായിരിക്കും)

26:43
  • قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ﴾٤٣﴿
  • മൂസാ അവരോടു [ജാലവിദ്യക്കാരോട്] പറഞ്ഞു: 'നിങ്ങള്‍ക്ക് ഇടുവാനുള്ളത് ഇട്ടേക്കൂ.'
  • قَالَ لَهُم مُّوسَىٰ അവരോടു മൂസാ പറഞ്ഞു أَلْقُوا നിങ്ങള്‍ ഇടുക, പ്രയോഗിക്കുക مَا യാതൊന്നു أَنتُم مُّلْقُونَ നിങ്ങള്‍ (അതു) ഇടുന്നവരാകുന്നു
26:44
  • فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَٰلِبُونَ ﴾٤٤﴿
  • അപ്പോള്‍, അവര്‍ തങ്ങളുടെ കയറുകളും, വടികളും (നിലത്ത്) ഇട്ടു. അവര്‍ (ഇപ്രകാരം) പറയുകയും ചെയ്തു: 'ഫി൪ഔന്‍റെ വീര്യംകൊണ്ട് നിശ്ചയമായും ഞങ്ങള്‍തന്നെയായിരിക്കും വിജയികള്‍!'
  • فَأَلْقَوْا അങ്ങനെ അവര്‍ ഇട്ടു حِبَالَهُمْ അവരുടെ കയറുകള്‍ وَعِصِيَّهُمْ അവരുടെ വടികളും وَقَالُوا അവര്‍ പറയുകയും ചെയ്തു بِعِزَّةِ വീര്യംകൊണ്ട്, പ്രതാപംകൊണ്ട്, മഹത്വത്താല്‍ فِرْعَوْنَ ഫി൪ഔന്‍റെ إِنَّا നിശ്ചയമായും ഞങ്ങള്‍ لَنَحْنُ ഞങ്ങള്‍തന്നെയാണു الْغَالِبُونَ വിജയികള്‍, ജയിക്കുന്നവര്‍
26:45
  • فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ﴾٤٥﴿
  • അനന്തരം മൂസാ തന്‍റെ വടി ഇട്ടു. അപ്പോഴതാ, അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതിനെ (മുഴുവനും) അതു വിഴുങ്ങിക്കളയുന്നു!
  • فَأَلْقَىٰ مُوسَىٰ അനന്തരം മൂസാ ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അതു تَلْقَفُ വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതു, കൃത്രിമം ചെയ്തിരുന്നതു
26:46
  • فَأُلْقِىَ ٱلسَّحَرَةُ سَٰجِدِينَ ﴾٤٦﴿
  • അപ്പോള്‍, ജാലവിദ്യക്കാര്‍ 'സുജൂദാ'യി വീഴ്ത്തപ്പെട്ടു [സാഷ്ടാംഗം നിലംപതിച്ചു].
  • فَأُلْقِيَ അപ്പോള്‍ ഇടപ്പെട്ടു (നിലംപതിച്ചു) السَّحَرَةُ ജാലവിദ്യക്കാര്‍ سَاجِدِينَ സുജൂദ്‌ ചെയ്യുന്നവരായ നിലയില്‍, സുജൂദ്‌ ചെയ്തുകൊണ്ട്
26:47
  • قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَٰلَمِينَ ﴾٤٧﴿
  • അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ലോകരക്ഷിതാവില്‍ വിശ്വസിച്ചു,-
  • قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ الْعَالَمِينَ ലോകരക്ഷിതാവില്‍
26:48
  • رَبِّ مُوسَىٰ وَهَٰرُونَ ﴾٤٨﴿
  • 'അതായത്, മൂസായുടേയും, ഹാറൂന്‍റെയും രക്ഷിതാവില്‍!'
  • رَبِّ مُوسَىٰ മൂസായുടെ റബ്ബ് وَهَارُونَ ഹാറൂന്‍റെയും

എന്തോ ചില രഹസ്യപ്രയോഗങ്ങളുടെയോ മറ്റോ സഹായത്താല്‍ പൊതുജനദൃഷ്ടിയില്‍ പാമ്പുകളാണെന്ന് തോന്നിക്കുന്നവിധം ജാലവിദ്യക്കാര്‍ നടത്തിയ പ്രദര്‍ശനം പാടെ പരാജയപ്പെട്ടു. അവര്‍ നിലത്തിട്ടിരുന്ന കയറുകളും വടികളുമാകുന്ന കൃത്രിമപ്പാമ്പുകളെയെല്ലാം മൂസാ (അ) നബിയുടെ വടിയാകുന്ന ഭയങ്കരനായ ആ പെരുമ്പാമ്പ് വിഴുങ്ങിക്കളഞ്ഞു. അവര്‍ പരാജയം പരാജയം സമ്മതിച്ചു. അത് ദൈവിക ദൃഷ്ടാന്തം തന്നെയാണെന്ന് അവര്‍ക്ക് ശരിക്കും ബോധ്യപ്പെട്ടു. അവര്‍ ലോകരക്ഷിതാവില്‍ വിശ്വസിക്കയും അവന് സുജൂദായി നിലംപതിക്കയും ചെയ്തു. തങ്ങളുടെ വിശ്വാസം ഒട്ടും ധൈര്യക്ഷയം കൂടാതെ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഫി൪ഔന്ന് ഇത് വമ്പിച്ച അടിയാണെന്ന് പറയേണ്ടതില്ലല്ലോ.

26:49
  • قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ ۚ ﴾٤٩﴿
  • അവന്‍ [ഫി൪ഔന്‍] പറഞ്ഞു: 'നിങ്ങള്‍ക്ക് ഞാന്‍ സമ്മതം നല്‍കും മുമ്പായി അവനെ നിങ്ങള്‍ വിശ്വസിച്ചു (അല്ലേ)?! നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവുതന്നെയാണ്. അതുകൊണ്ട് അടുത്തുതന്നെ നിങ്ങള്‍ക്കറിയാറാകും;-
  • قَالَ അവന്‍ പറഞ്ഞു ءَامَنتُمْ لَهُ നിങ്ങള്‍ അവനെ വിശ്വസിച്ചു (അല്ലേ) قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം നല്‍കുന്നതിനുമുമ്പ് لَكُمْ നിങ്ങള്‍ക്കു إِنَّهُ لَكَبِيرُكُمُ നിശ്ചയമായും അവന്‍ നിങ്ങളുടെ വലിയവന്‍ (നേതാവു) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നവനായ السِّحْرَ ജാലവിദ്യ فَلَسَوْفَ ആകയാല്‍ വഴിയെ (അടുത്തുതന്നെ) تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം
26:50
  • لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ ﴾٥٠﴿
  • നിശ്ചയമായും, നിങ്ങളുടെ കൈകളും, കാലുകളും വ്യത്യസ്തമായനിലയില്‍ ഞാന്‍ മുറിപ്പിച്ചുകളയും; നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിപ്പിക്കുകയും ചെയ്യും.'
  • لَأُقَطِّعَنَّ നിശ്ചയമായും ഞാന്‍ മുറിപ്പിക്കും, ധാരാളം മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായ നിലയില്‍ وَلَأُصَلِّبَنَّكُمْ നിശ്ചയമായും ഞാന്‍ നിങ്ങളെ ക്രൂശിപ്പിക്കുകയും ചെയ്യും أَجْمَعِينَ മുഴുവനും
26:51
  • قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴾٥١﴿
  • അവര്‍ പറഞ്ഞു: 'ഒരു ദോഷവുമില്ല [വിരോധവുമില്ല]; നിശ്ചയമായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാകുന്നു.
  • قَالُوا അവര്‍ പറഞ്ഞു لَا ضَيْرَ ദോഷമില്ല, വിരോധമില്ല إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു مُنقَلِبُونَ മടങ്ങിച്ചെല്ലുന്നവര്‍തന്നെ, തിരിച്ചെത്തുന്നവരാണ്
26:52
  • إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ ﴾٥٢﴿
  • 'ഞങ്ങള്‍ സത്യവിശ്വാസികളില്‍ ആദ്യത്തേവരായതിനാല്‍, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്കു പൊറുത്തുതരുമെന്ന് ഞങ്ങളാശിക്കുന്നു'.
  • إِنَّا نَطْمَعُ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു, മോഹിക്കുന്നു أَن يَغْفِرَ പൊറുത്തുതരുമെന്നു لَنَا ഞങ്ങള്‍ക്കു رَبُّنَا ഞങ്ങളുടെ റബ്ബ് خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍, പിഴവുകള്‍ أَن كُنَّا ഞങ്ങള്‍ ആയതിനാല്‍ أَوَّلَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ ആദ്യത്തേവര്‍, പ്രഥമവിശ്വാസികള്‍

ഫി൪ഔന്‍ ക്രോധിച്ചു. തന്‍റെ അനുമതികൂടാതെ ജാലവിദ്യക്കാര്‍ അല്ലാഹുവില്‍ വിശ്വസിച്ചത് വമ്പിച്ച തെറ്റായി അവന്‍ ചിത്രീകരിച്ചു. അവരങ്ങിനെ ചെയ്‌വാന്‍ കാരണം, മൂസാ (അ) നബി അവരുടെ നേതാവും, ഗുരുവും ആയതാണെന്ന് പറഞ്ഞ് തന്‍റെ പരാജയം മറച്ചുവെക്കുവാന്‍ ശ്രമിച്ചു. ആ ശുദ്ധാത്മാക്കളായ സത്യവിശ്വാസികളുടെ കൈകാലുകള്‍ – ഒരു പുറത്തെ കാലും മറുപുറത്തെ കയ്യുമായി – മുറിച്ചും, അവരെ കുരിശില്‍ തറച്ചും മൃഗീയമായി ശിക്ഷിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു. എന്നാല്‍, സത്യവിശ്വാസത്തില്‍ ഉറച്ചുകഴിഞ്ഞ അവര്‍ അതൊന്നും വിലവെച്ചില്ല. യാതൊരു വിരോധവുമില്ല; ഞങ്ങള്‍ ഏതായാലും അല്ലാഹുവിങ്കലേക്ക്‌ മടങ്ങിച്ചെല്ലുന്നവര്‍ തന്നെയാണ്; മരണം ഒരിക്കല്‍ അനിവാര്യമാണ്; അതുകൊണ്ട് തന്‍റെ ശിക്ഷയൊന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. മാത്രമല്ല, ഞങ്ങള്‍ ദൃഷ്ടാന്തം കണ്ട ഉടനെത്തന്നെ ആദ്യമായി വിശ്വസിച്ചവരായതുകൊണ്ട് അല്ലാഹു ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുമുണ്ട്‌.’ എന്നിങ്ങനെയാണവര്‍ ഫി൪ഔന്ന് സധീരം മറുപടി കൊടുത്തത്. ഫി൪ഔന്‍റെ വിധിക്ക് ഈജിപ്തില്‍ മറുകൈ ഇല്ലല്ലോ. അങ്ങനെ അവരെല്ലാം തൗഹീദിന്‍റെ രക്തസാക്ഷികളായിത്തീര്‍ന്നു.

പിന്നീട് കുറേകാലം മൂസാ (അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പല അമാനുഷിക ദൃഷ്ടാന്തങ്ങളും അല്ലാഹു അദ്ദേഹത്തിന്‍റെ കൈക്ക് കാണിച്ചുകൊടുത്തു. ഫി൪ഔനും അവന്‍റെ ജനതയും അവരുടെ പഴയ നിലപാടില്‍തന്നെ ഉറച്ചുനിന്നു. ഇസ്രാഈല്യരില്‍പെട്ട കുറെ ആളുകള്‍ മാത്രം തൗഹീദില്‍ വിശ്വസിച്ചു. മൂസാ (അ) നബി പ്രബോധനം ചെയ്തു തുടങ്ങിയതുമുതല്‍ ഇസ്രാഈല്‍ ഗോത്രക്കാര്‍ കൂടുതല്‍ മര്‍ദ്ദനത്തിന്നിരയായിരുന്നു. അവര്‍ മൂസാ (അ) നബിയെ പൊറുതിമുട്ടിക്കുകയായി. അവരെ രക്ഷിക്കുവാനായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയായി, അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു.

വിഭാഗം - 4

26:53
  • ۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ ﴾٥٣﴿
  • നാം മൂസാക്ക്‌ 'വഹ്‌യു' (ബോധനം) നല്‍കി: 'എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക (രാത്രി പോയിക്കൊള്ളുക); നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫി൪ഔനും കൂട്ടരും നിങ്ങളുടെ പിന്നാലെ വരും).'
  • وَأَوْحَيْنَا നാം ബോധനം നല്‍കി, വഹ്‌യ്‌ കൊടുത്തു إِلَىٰ مُوسَىٰ മൂസാക്ക് أَنْ أَسْرِ നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന് بِعِبَادِي എന്‍റെ അടിയാന്‍മാരുമായി إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരായിരിക്കും
26:54
  • فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَٰشِرِينَ ﴾٥٤﴿
  • അപ്പോള്‍, (വിവരമറിഞ്ഞ്) ഫി൪ഔന്‍ നഗരങ്ങളില്‍ (ജനങ്ങളെ) ശേഖരിക്കുന്ന ആളുകളെ അയച്ചു (അവര്‍ ഇങ്ങിനെ പ്രചാരം ചെയ്തു):-
  • فَأَرْسَلَ فِرْعَوْنُ അപ്പോള്‍ ഫി൪ഔന്‍ അയച്ചു فِي الْمَدَائِنِ നഗരങ്ങളില്‍, രാജ്യങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്നവരെ, ഒരുമിച്ചുകൂട്ടുന്നവരെ
26:55
  • إِنَّ هَٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ ﴾٥٥﴿
  • 'നിശ്ചയമായും, ഇക്കൂട്ടര്‍ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ.
  • إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَشِرْذِمَةٌ ഒരു സംഘംതന്നെയാണ്, കൂട്ടംതന്നെ قَلِيلُونَ കുറഞ്ഞആളുള്ള, കുറഞ്ഞവരായ
26:56
  • وَإِنَّهُمْ لَنَا لَغَآئِظُونَ ﴾٥٦﴿
  • അവര്‍ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്.
  • وَإِنَّهُمْ നിശ്ചയമായും അവര്‍ لَنَا നമ്മെ لَغَائِظُونَ അരിശംകൊള്ളിക്കുന്നവരുമാണ്
26:57
  • وَإِنَّا لَجَمِيعٌ حَٰذِرُونَ ﴾٥٧﴿
  • 'നാമാകാട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു.'
  • وَإِنَّا നിശ്ചയമായും നാം لَجَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടക്കാര്‍തന്നെ حَاذِرُونَ ജാഗരൂകരായ, ഉണര്‍വുള്ള

വഹ്‌യ്‌ അനുസരിച്ച് മൂസാ (അ) നബിയും ഇസ്രാഈല്യരും രാത്രി പുറപ്പെട്ടു. ഫി൪ഔന്‍ എങ്ങിനെയോ വിവരമറിഞ്ഞു. ഉടനടി പല ഭാഗത്തേക്കും ആളയച്ച് സൈന്യസജ്ജീകരണം ചെയ്തു. ഇസ്രാഈല്‍ ജനത നന്നെക്കുറച്ചേയുള്ളു. അവരെ പിടിക്കുവാന്‍ നമുക്ക് പ്രയാസമില്ല. അവര്‍ മുമ്പേതന്നെ നമ്മെ അരിശം കൊള്ളിച്ചുവന്ന ജനതയാണ്. അവരെ നാമെപ്പോഴും ജാഗരൂകരായും ഗൗനിച്ചും തന്നെയാണ് കഴിഞ്ഞുകൂടുന്നതും, എന്നിങ്ങിനെ പ്രഖ്യാപനം നടത്തി. ഒരു വമ്പിച്ച സേന തയ്യാറായി.

حَاذِرُونَ എന്ന വാക്കിന് പകരം حَذرُونَ എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നാം ജാഗ്രതയെടുത്തവരാണ് – അഥവാ ആയുധസാമഗ്രികള്‍ മുതലായ മുന്‍കരുതല്‍ ചെയ്തിട്ടുള്ളവരാണ് – എന്ന് സാരമാകുന്നു.

26:58
  • فَأَخْرَجْنَٰهُم مِّن جَنَّٰتٍ وَعُيُونٍ ﴾٥٨﴿
  • അങ്ങനെ, നാം അവരെ തോപ്പുകളില്‍ നിന്നും, (നദി മുതലായ) നീരുറവകളില്‍നിന്നും പുറത്തിറക്കി;
  • فَأَخْرَجْنَٰهُم അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി مِّن جَنَّاتٍ തോപ്പുകളില്‍നിന്ന് وَعُيُونٍ നീരുറവകളില്‍നിന്നും, അരുവികളില്‍ നിന്നും
26:59
  • وَكُنُوزٍ وَمَقَامٍ كَرِيمٍ ﴾٥٩﴿
  • ഭണ്ഡാരങ്ങളില്‍നിന്നും, മാന്യമായ സ്ഥാനത്തു നിന്നും (പുറത്തിറക്കി - അവര്‍ ഇസ്രാഈല്യരെ പിന്‍തുടര്‍ന്നു).
  • وَكُنُوزٍ ഭണ്ഡാരങ്ങളില്‍നിന്നും وَمَقَامٍ സ്ഥാനത്തുനിന്നും كَرِيمٍ മാന്യമായ
26:60
  • كَذَٰلِكَ وَأَوْرَثْنَٰهَا بَنِىٓ إِسْرَٰٓءِيلَ ﴾٦٠﴿
  • അപ്രകാരമാണ് (സംഭവിച്ചത്). അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു.
  • كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا അവയ്ക്കു നാം അവകാശപ്പെടുത്തി, അതിനു അവകാശികളാക്കി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ

ഉല്പന്നസമൃദ്ധങ്ങളായ തോട്ടങ്ങള്‍, ജലാശയങ്ങള്‍ക്കരികെ പരന്നുകിടക്കുന്ന വിശാലമായ വയല്‍പാടങ്ങള്‍, നീലനദിയും ഉപനദികളും തുടങ്ങിയ ജലാശയങ്ങള്‍, കണക്കില്ലാത്ത സ്വര്‍ണ്ണനിക്ഷേപങ്ങള്‍, അന്തരീക്ഷത്തില്‍ തല പൊക്കിനില്‍ക്കുന്ന കൊട്ടാരങ്ങള്‍. അതിവിസ്തൃതമായ രമ്യഹര്‍മ്മ്യങ്ങള്‍ എന്നിങ്ങിനെ ഈജിപ്തില്‍ തങ്ങള്‍ക്കുള്ള സര്‍വ്വസ്വവും പിന്നില്‍ വിട്ടേച്ചുകൊണ്ട് ഫി൪ഔനും സൈന്യവും പുറത്തുവന്നു – അല്ലാഹു അവരെ പുറത്തിറക്കി, അങ്ങിനെയാണ് അക്കഥ സംഭവിച്ചത്. അതേ പ്രകാരത്തിലുള്ള സുഖസൗകര്യങ്ങള്‍ പിന്നീട് അല്ലാഹു ഇസ്രാഈല്യര്‍ക്ക് ഫലസ്തീനില്‍ വെച്ച് നല്‍കുകയുണ്ടായി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തി’ എന്ന് പറഞ്ഞത്. ഫി൪ഔനും കൂട്ടരും നശിപ്പിക്കപ്പെട്ടശേഷം ഇസ്രാഈല്യര്‍ ഈജിപ്തിലേക്ക് മടങ്ങിയതായി ചരിത്രം കാണുന്നില്ല.

26:61
  • فَأَتْبَعُوهُم مُّشْرِقِينَ ﴾٦١﴿
  • എന്നിട്ട് അവര്‍ (ഫി൪ഔനും സൈന്യവും) ഉദയവേളയിലായിക്കൊണ്ട് അവരുടെ പിന്നാലെ വന്നു.
  • فَأَتْبَعُوهُم َ എന്നിട്ടു അവര്‍ അവരെ അനുഗമിച്ചു, പിന്നാലെ ചെന്നു مُّشْرِقِين അവര്‍ ഉദയവേളയിലായിക്കൊണ്ട്. (ഉദയസമയത്ത്)
26:62
  • فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ ﴾٦٢﴿
  • അങ്ങനെ, രണ്ടു സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ ആള്‍ക്കാര്‍ പറഞ്ഞു: 'നിശ്ചയമായും നാം, പിടിയിലകപ്പെടുന്നവരാണല്ലോ!'
  • فَلَمَّا تَرَاءَى അങ്ങനെ അന്യോന്യം കണ്ടപ്പോള്‍, കാണാറായപ്പോള്‍ الْجَمْعَانِ രണ്ടു സംഘവും قَالَ പറഞ്ഞു أَصْحَابُ مُوسَىٰ മൂസായുടെ ആള്‍ക്കാര്‍ إِنَّا لَمُدْرَكُونَ നാം പിടിയില്‍പെടുന്നവര്‍തന്നെ
26:63
  • قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ ﴾٦٣﴿
  • അദ്ദേഹം (മൂസാ) പറഞ്ഞു: 'ഒരിക്കലുമില്ല, 'എന്‍റെ കൂടെ എന്‍റെ റബ്ബുണ്ട്; അവന്‍ എനിക്ക് (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.'
  • قَالَ അദ്ദേഹം പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല إِنَّ مَعِيَ നിശ്ചയമായും എന്‍റെ കൂടെയുണ്ട് رَبِّي എന്‍റെ റബ്ബ് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കികൊള്ളും, എനിക്കു വഴികാട്ടും

ഫി൪ഔനും പട്ടാളസംഘവും ഉദയസമയത്ത് തങ്ങളുടെ അടുത്തെത്താറായിക്കണ്ടപ്പോള്‍, ഇസ്രാഈല്യര്‍ മുറവിളി കൂട്ടുകയായി. അവര്‍ ചെങ്കടലിനടുത്തെത്തിയിരിക്കുന്നു. പിന്നാലെ ശത്രുക്കളും, മുന്നില്‍ സമുദ്രവും! മൂസാ (അ) നബിക്കറിയാം, അല്ലാഹു തങ്ങളെ രക്ഷിക്കുമെന്ന്. അദ്ദേഹം അവരെ സമാധാനിപ്പിച്ചു.

26:64
  • فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴾٦٤﴿
  • അപ്പോള്‍, 'നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക' എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു.
  • فَأَوْحَيْنَا അപ്പോള്‍ നാം വഹ്‌യു (ബോധനം) നല്‍കി إِلَىٰ مُوسَىٰ മൂസാക്ക് أَنِ اضْرِب അടിക്കുക എന്ന് بِّعَصَاكَ നിന്‍റെ വടികൊണ്ട് الْبَحْرَ സമുദ്രത്തില്‍, സമുദ്രത്തിനു فَانفَلَقَ അപ്പോളതു പിളര്‍ന്നു فَكَانَ എന്നിട്ടു ആയി كُلُّ فِرْقٍ എല്ലാ പിളര്‍പ്പും كَالطَّوْدِ മലന്തിണ്ണപോലെ الْعَظِيمِ വമ്പിച്ച
26:65
  • وَأَزْلَفْنَا ثَمَّ ٱلْءَاخَرِينَ ﴾٦٥﴿
  • അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു.
  • وَأَزْلَفْنَا നാം അടുപ്പിക്കയും ചെയ്തു, അണയിച്ചു ثَمَّ അവിടെ വെച്ചു الْآخَرِينَ മറ്റേവരെ, മറ്റേകൂട്ടരെ
26:66
  • وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴾٦٦﴿
  • മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
  • وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു مُوسَىٰ മൂസായെ وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും
26:67
  • ثُمَّ أَغْرَقْنَا ٱلْءَاخَرِينَ ﴾٦٧﴿
  • പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു.
  • ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി, മുക്കി നശിപ്പിച്ചു الْآخَرِينَ മറ്റേവരെ
26:68
  • إِنَّ فِى ذَٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾٦٨﴿
  • നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വലിയ) ദൃഷ്ടാന്തം وَمَا كَانَ ആയിട്ടില്ല, ഇല്ല, അല്ല أَكْثَرُهُم അവരില്‍ അധികമാളും مُّؤْمِنِينَ വിശ്വാസികള്‍, വിശ്വസിക്കുന്നവര്‍
26:69
  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٦٩﴿
  • നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി, വീര്യപ്പെട്ടവ൯ الرَّحِيمُ കരുണാനിധി

വഹ്‌യ്‌ കിട്ടിയ പ്രകാരം മൂസാ (അ) നബി തന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചതോടെ സമുദ്രം ഇരുപുറങ്ങളിലേക്കും മാറി നിന്നു. ഇസ്രാഈല്യര്‍ക്ക് സസുഖം കടന്നുപോകുമാറ് വിശാലമായ മാര്‍ഗ്ഗം തുറക്കപ്പെട്ടു. ഇരുപുറങ്ങളിലും വമ്പിച്ച മലപോലെ ജലം ഉയര്‍ന്ന് ചിറച്ചു നില്‍ക്കുന്നതിന്നിടയില്‍ക്കൂടി അവര്‍ മറുകരപറ്റി രക്ഷപ്പെട്ടു. അപ്പോഴേക്കും അവരെ പിടികൂടുവാന്‍ വേണ്ടി പിന്‍തുടര്‍ന്നു വരുന്ന ഫി൪ഔനും കൂട്ടരും ആ വിശാലമായ സമുദ്രകവാടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഉടനെ വെള്ളം തമ്മില്‍ കൂട്ടിമുട്ടുകയും അവര്‍ ആകമാനം മുങ്ങിനശിക്കുകയും ചെയ്തു.

മേലുദ്ധരിച്ച ആ വമ്പിച്ച സമുദ്രത്തില്‍, അല്ലാഹുവിന്‍റെ ഏകത്വത്തിനും, ശക്തിമാഹാത്മ്യത്തിനും, മൂസാ (അ) നബിയുടെ സത്യതക്കുമെല്ലാംതന്നെ മതിയായ ദൃഷ്ടാന്തങ്ങളുണ്ട്. അതേ വിശ്വാസത്തിലേക്കാണ് മുഹമ്മദ്‌ (സ്വ) നബിയും ജനങ്ങളെ ക്ഷണിക്കുന്നത്. എന്നിരിക്കെ, അദ്ദേഹത്തില്‍ വിശ്വസിക്കുവാനും ഈ സംഭവം തെളിവായിത്തീരുന്നു. എന്നാല്‍ മനുഷ്യരില്‍ അധികമാളുകളും ചിന്തിക്കുന്നില്ല, വിശ്വസിക്കുന്നുമില്ല.

67,68 എന്നീ ആയത്തുകളിലെ അതേ വാചകങ്ങള്‍ 8ഉം 9ഉം ആയത്തുകളിലും നാം കണ്ടുവല്ലോ. സസ്യലതാദികളുടെ ഉല്‍പാദനത്തിലടങ്ങിയ ദൃഷ്ടാന്തം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അവിടെ അത് പ്രസ്താവിച്ചത്. ഇവിടെ മൂസാ (അ) നബിയുടെയും, ഫി൪ഔന്‍റെയും കഥയെത്തുടര്‍ന്നാണ്. എനിയും, ഈ സൂറത്തിൽ തുടർന്നു വരുന്ന ഓരോ നബിമാരുടെ കഥക്കുശേഷവും ആ വാക്യങ്ങൾ കാണാവുന്നതാണ്. അങ്ങിനെ, ഈ സൂറത്തില്‍ അത് എട്ടു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിരിക്കയാണ്. പ്രസ്തുത ദൃഷ്ടാന്ത സംഭവങ്ങള്‍ എല്ലാംതന്നെ മനുഷ്യസാധ്യമല്ലാത്തതും, സാധാരണ ഗതിക്കതീതമായതുമാണെന്ന് ആ വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഖുര്‍ആനില്‍ ഇങ്ങിനെയുള്ള സൂചനകള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയത്രെ. നമ്മെ ചിന്തിപ്പിക്കുവാനാണ് അതെന്ന് പറയേണ്ടതില്ല.

അല്ലാഹു പ്രതാപശാലിയാണ്, (الْعَزِيزُ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, മനുഷ്യന്‍ എത്ര അനുസരണമില്ലാത്തവനും, ധിക്കാരിയുമായിരുന്നാല്‍പോലും, അവന്‍റെ പ്രതാപത്തിനും, മഹത്വത്തിനും യാതൊരു കോട്ടവും നേരിടുവാനില്ലെന്നും, അതിന്‍റെ നാശം മനുഷ്യന്‍തന്നെയാണ് അനുഭവിക്കേണ്ടിവരികയെന്നും ഓര്‍മ്മപ്പെടുത്തുകയാകുന്നു. അതോടൊന്നിച്ചുതന്നെ ‘കരുണാനിധി’ (الرَّحِيمُ) യാണ് എന്നും ഉണര്‍ത്തിയിടുള്ളത് നോക്കുക. മനുഷ്യന്‍ എന്ത് തെറ്റുകുറ്റം ചെയ്താലും ശരി, ഖേദിച്ചു മടങ്ങുന്നപക്ഷം അത് പൊറുത്തുകൊടുത്ത് കരുണചെയ്യുവാന്‍ അല്ലാഹു തയ്യാറാണെന്നത്രെ അത് കാണിക്കുന്നത്. അപ്പോള്‍, മനുഷ്യന്‍ എല്ലാ സമയത്തും അല്ലാഹുവിന്‍റെ ശിക്ഷയെ ഭയപ്പെട്ടും. അവന്‍റെ കാരുണ്യത്തെ പ്രതീക്ഷിച്ചും കൊണ്ടിരിക്കേണ്ടതാകുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. നബി (സ്വ) തിരുമേനി ഇപ്രകാരം പ്രസ്താവിക്കുന്നു:-

لَوْ يَعْلَمُ الْمُؤْمِنُ مَا عِنْدَ اللَّهِ مِنَ الْعُقُوبَةِ مَا طَمِعَ بِجَنَّتِهِ أَحَدٌ ، وَلَوْ يَعْلَمُ الْكَافِرُ مَا عِنْدَ اللَّهِ مِنَ الرَّحْمَةِ مَا قَنَطَ مِنْ الرَّحْمَةِ أَحَدٌ : رواه مسلم

(സത്യവിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിന്‍റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ച് (പൂര്‍ണ്ണമായി) അറിഞ്ഞിരുന്നുവെങ്കില്‍, അവന്‍റെ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഒരാളുംതന്നെ പ്രതീക്ഷിക്കുന്നതല്ല. അവിശ്വാസിയായ മനുഷ്യന്‍ അല്ലാഹുവിന്‍റെ പക്കലുള്ള കാരുണ്യത്തെക്കുറിച്ച് (ശരിക്ക്) അറിയുമായിരുന്നെങ്കില്‍, അവന്‍റെ കാരുണ്യത്തെക്കുറിച്ച് ഒരാളുംതന്നെ നിരാശപ്പെടുന്നതുമല്ല.) ഓരോന്നും അത്രയും വിശാലവും ശക്തിമത്തുമാണെന്ന് സാരം.