സൂറത്തുല്‍ മുഅ്മിനൂന്‍ : വ്യാഖ്യാനക്കുറിപ്പ്
വ്യാഖ്യാനക്കുറിപ്പ് – 1
സൂറത്തുല്‍ മുഅ്മിനൂന്‍ 6ലും മറ്റു പല ഖുര്‍ആന്‍ വചനങ്ങളിലും ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നാല്‍ ആരാണ്? {” معنى ” مَا مَلَكَتْ أَيْمَانُهُمْ}
സ്ഥാപിതതാല്പര്യത്തിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കാറുള്ള ചിലര്‍ مَا مَلَكَتْ أَيْمَانُهُمْ (മാ മലക്കത്ത് – ഐമാനുഹും) എന്ന വാക്കിന് ‘അവരുടെ നിയന്ത്രണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍’ എന്ന് അര്‍ത്ഥം കൊടുത്തു കാണുന്നു. ഇങ്ങിനെയാണ് ഈ വാക്കിന് അര്‍ത്ഥം നല്‍കേണ്ടതെന്നും അവര്‍ പ്രസ്താവിക്കുന്നു. ഇതിന് കാരണമായി രണ്ട് വാദങ്ങളാണ് അവര്‍ കൊണ്ടുവരുന്നത്. 1) അതൊരു അലങ്കാരപ്രയോഗം (മജാസ് – المجاس) ആണെന്നും 2) ഇസ്‌ലാമില്‍ ഒരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കപ്പെട്ടിട്ടില്ല (ആകയാല്‍ അടിമത്വം ധ്വനിക്കുന്ന അര്‍ത്ഥം കൊടുക്കാവതല്ല) എന്നും. എങ്കിലും, ഇതേ കൂട്ടര്‍തന്നെ ഈ വാക്കിന് ചിലപ്പോള്‍ അവരുടെ കൃതികളില്‍ സൂറത്തുന്നിസാഉ് 3,24,25 എന്നീ ആയത്തുകളില്‍) കൊടുത്തുകാണുന്നത് നാം കല്‍പിച്ചിട്ടുള്ള അതേ അര്‍ത്ഥം തന്നെയാണ് താനും. ഒരിടത്ത്: ‘ഉടമസ്ഥതയില്‍ വന്നുചേര്‍ന്നിട്ടുള്ള സ്ത്രീകള്‍’ എന്നും, മറ്റൊരിടത്ത്: ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും, മൂന്നാമതൊരിടത്ത് : ‘ഉടമപ്പെടുത്തിയിട്ടുള്ള അടിമ സ്ത്രീകള്‍’ എന്നും അര്‍ത്ഥം പറഞ്ഞിരിക്കുന്നു. ഈ വാക്കുകള്‍ തമ്മില്‍ അല്പാല്പം അക്ഷരവ്യത്യാസം ഉണ്ടെങ്കിലും സാരത്തില്‍ വ്യത്യസ്തങ്ങളല്ല. എന്തോ കാരണത്താല്‍ അവിടങ്ങളില്‍ അങ്ങിനെയെല്ലാം ആലോചിക്കാതെ മുമ്പ് പറഞ്ഞുപോയതുകൊണ്ടായിരിക്കാം, ‘ഒരു പ്രകാരത്തില്‍ ആ വാക്കിന് ‘വലംകൈകള്‍ ഉടമപ്പെടുത്തിയത്’ എന്നും തര്‍ജ്ജമകൊടുക്കാമെന്ന് ഇവിടെ എത്തിയപ്പോള്‍ അവര്‍ പതുക്കെ സമ്മതിച്ചു കാണുന്നത്. ‘ഏതായാലും അധീനത്തില്‍ കീഴില്‍ ജീവിക്കുന്നവര്‍’ എന്നാണു പോല്‍ ശരിയായ തര്‍ജ്ജമ?! ഭാര്യമാരില്‍പ്പെട്ട ഒരു വിഭാഗം തന്നെയാണ് ഈ വാക്കുകൊണ്ടുദ്ദേശമെന്നും ഇവര്‍ വാദിക്കുന്നു.
ഇതൊരു അലങ്കാരപ്രയോഗം (‘മജാസ്’) ആകുന്നുവെന്നുള്ളത് ശരിതന്നെ. സാക്ഷാല്‍ അര്‍ത്ഥം ഉദ്ദേശിക്കപ്പെടുവാന്‍ തരമില്ലാതെ അതുമായി ബന്ധപ്പെട്ട മറ്റൊരു അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ക്കാണല്ലോ ‘മജാസ്’ – അഥവാ അലങ്കാരപ്രയോഗം – എന്ന് പറയുന്നത്. എന്നാല്‍, ഈ വാക്ക് ‘മജാസാ’ണു എന്നു പറയുന്നതിന്റെ താല്പര്യമെന്താണെന്നും, ഈ വാക്കില്‍ എവിടെയാണ് ഈ അലങ്കാരം അടങ്ങിയിട്ടുള്ളതെന്നും നോക്കേണ്ടതുണ്ട്. مَلَكَتْ (മലക്കത്ത്) എന്ന ക്രിയയിലാണോ? അല്ല. ‘ഉടമപ്പെടുത്തി’ അല്ലെങ്കില്‍, ‘ഉടമയാക്കി’ എന്നാണതിന്റെ അര്‍ത്ഥം. ഈ ക്രിയയിലാണ് ‘മജാസു’ള്ളതെങ്കില്‍ അതിന്റെ അര്‍ത്ഥം ‘അധീനത്തിന്‍ കീഴില്‍ ജീവിച്ചു’ എന്നോ മറ്റോ ആണെന്ന് വാദിക്കാമായിരുന്നു. ‘ഐമാന്‍’ ( أَيْمَان) എന്ന വാക്കിലാണോ മജാസുള്ളത്? അതുമല്ല. അതിന് വലങ്കൈകള്‍ എന്ന അസ്സല്‍ അര്‍ത്ഥം തന്നെയാണുള്ളതും. പിന്നെയോ? വാസ്തവത്തില്‍, ‘ഐമാന്‍’ എന്ന നാമത്തെ ‘മലകത്ത്’ എന്ന ക്രിയയുടെ കര്‍ത്താവാക്കിയതിലാണ് ‘മജാസുള്ളത്’ (*) കാരണം: ‘ഐമാന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം വലങ്കൈകള്‍ എന്നാണല്ലോ. ഉടമപ്പെടുത്തുക എന്ന കാര്യം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ് – വലങ്കൈകളുടെ പ്രവൃത്തിയല്ല അതു കൊണ്ട് മാത്രമാണ് ഇവിടെ ‘മജാസു’ണ്ടെന്നു പറയേണ്ടി വന്നത്. അപ്പോള്‍ ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തി’ (مَلَكَتْ الايْمَانْ) എന്ന് പറയുന്നതിന്റെ ഉദ്ദേശ്യമാകുന്ന അലങ്കാരാര്‍ത്ഥം (المعنى المجازى) ‘അവര്‍ ഉടമപ്പെടുത്തി’ എന്നാകുന്നു. ഇതാണ് ഈ വാക്ക് അലങ്കാരപ്രയോഗമാണെന്ന്‍ പറഞ്ഞതിന്റെ താല്പര്യം. ‘അവന്‍ പ്രവര്‍ത്തിച്ചു’ എന്ന ഉദ്ദേശ്യത്തില്‍ ‘അവന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു’ എന്നിങ്ങിനെയുള്ള പ്രയോഗം അറബിയിലെന്നപോലെ മലയാളത്തിലും കാണാവുന്നതാണ്. ഇവിടെ ‘പ്രവര്‍ത്തിച്ചു’ എന്ന ക്രിയയുടെയോ ‘കരങ്ങള്‍’ എന്ന നാമത്തിന്റെയോ അര്‍ത്ഥത്തിലല്ല അലങ്കാരം നടക്കുന്നത്. ‘കരങ്ങളെ’ ആ ക്രിയയുടെയോ കര്‍ത്താവാക്കിയതിലാണ്. അറബിസാഹിത്യശാസ്ത്രത്തില്‍ (علم البلاغة) അല്‍പം പരിചയമുള്ളവര്‍ക്ക് ഇപ്പറഞ്ഞത് വേഗം മനസ്സിലാക്കുവാന്‍ കഴിയും.
(*).يعني ان المجازهنا في اسناد ملكت الى الا يمان على انها فاعل ملكت لا في “ملكت” ولا في “الا يمان”.
മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ് : ‘അവരുടെ ഭാര്യമാര്‍’ (أَزْوَاجهِمْ) എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണല്ലോ ഖുര്‍ആനില്‍ ഇവിടെയും മറ്റു പലസ്ഥലത്തും أَوْ مَا مَلَكَتْ أَيْمَانُهُمْ (അല്ലെങ്കില്‍ അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍) എന്ന് അല്ലാഹു പറയുന്നത്: അപ്പോള്‍ ‘ഭാര്യമാര്‍’ (أَزْوَاج) എന്ന വാക്കില്‍ ഉള്‍പ്പെടാത്ത മറ്റൊരു വിഭാഗം സ്ത്രീകളെക്കുറിച്ചാണ് ഇത് പറഞ്ഞിട്ടുള്ളതെന്ന് അല്‍പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും – ഇക്കൂട്ടര്‍ക്കൊഴികെ. ഇക്കൂട്ടര്‍ക്ക് ഇത് മനസ്സിലാക്കുവാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. കാരണം: ‘ജിന്നും മനുഷ്യനും’ (اَلْجِنُّ وَالْاِنْسُ) എന്നോ, ‘ജിന്നുകളും മനുഷ്യരും’ (اَلْجنَّةُ وَالنَّاسُ) എന്നോ, പറയുന്നിടത്തെല്ലാം ജിന്നും മനുഷ്യരും ഒന്നുതന്നെയാണെന്നോ, മനുഷ്യരില്‍പെട്ട ഒരു പ്രത്യേക തരക്കാരാണ് ജിന്നുകളെന്നോ അര്‍ത്ഥമാക്കി വ്യാഖ്യാനിക്കുന്നത് ഇവരുടെ സാധാരണ പതിവാണ്. അതേ പതിവ് ഇവിടെയും ആവര്‍ത്തിച്ചുവെന്നേയുള്ളു. അങ്ങനെ, ‘വലങ്കൈകള്‍’ ഉടമപ്പെടുത്തിയവര്‍’ (അല്ലെങ്കില്‍ ‘നിയന്ത്രണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍’) എന്ന് പറഞ്ഞത് ‘ഭാര്യമാരി’ല്‍പെട്ട ഒരു പ്രത്യേക വര്‍ഗ്ഗത്തെപ്പറ്റിയാണെന്ന് ഇവര്‍ ഇവിടെയും വാദിച്ചിരിക്കുന്നത്. ഈ പ്രത്യേകവര്‍ഗ്ഗം കൊണ്ടുദ്ദേശ്യം ‘യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തില്‍പെട്ടവരാണ്’ എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ആയത്തില്‍ (أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ എന്ന്) പറഞ്ഞതിന്റെ സാരം: അവരുടെ ഭാര്യമാരെയോ അല്ലെങ്കില്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തില്‍പെട്ട പ്രത്യേകവര്‍ഗ്ഗം ഭാര്യമാരെയോ’ എന്നായിത്തീരുമല്ലോ. ഇത് പറഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ക്കുതന്നെ ചില സംശയങ്ങള്‍ ഉദിക്കുന്നു:-
ആ സംശയങ്ങളുടെയും, അതിന് അവര്‍ തന്നെ നല്‍കുന്ന മറുപടിയുടെയും ചുരുക്കം ഇതാണ്: ‘അപ്പോള്‍ രണ്ടുതരം ഭാര്യമാര്‍ക്കും (അധീനത്തില്‍ ജീവിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും) വേണം, നികാഹും മഹ്റും. വിവാഹം കഴിക്കേണമെങ്കില്‍ ഇരുകൂട്ടരുടെയും രക്ഷിതാക്കളുടെ അനുമതിയും വേണം. പിന്നെയെന്താണ് രണ്ടുകൂട്ടരും തമ്മില്‍ വ്യത്യാസം? ഉണ്ട് – വ്യത്യാസമുണ്ട്. സ്വതന്ത്രകളായ (അധീനത്തില്‍ ജീവിക്കുന്നവരല്ലാത്ത) സ്ത്രീകളില്‍ ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രബോധവും ഉല്‍കൃഷ്ടചിന്തയും ഉള്ളവരായിരിക്കും. അന്യരുടെ നിയന്ത്രണത്തിന്‍ കീഴില്‍ വല്ല ‘കാലിത്തൊഴുത്തിലോ മറ്റോ’ ജീവിച്ച സ്ത്രീകളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ പതിതസ്വഭാവക്കാരുമായിരിക്കും’ ഇതാണ് ഇവര്‍ പറയുന്നത്. തനി ബാലിശവും കണ്ണു ചിമ്മി ഇരുട്ടാക്കുന്നതുമായ ഈ തത്വശാസ്ത്രം ചരിത്രത്തിന്റെ വെളിച്ചത്തില്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാന്‍ നാം ഇവിടെ മിനക്കെടേണ്ടതില്ല. പക്ഷേ, ഇക്കാരണത്തെ മുന്‍നിര്‍ത്തി ഈ പ്രത്യേക വര്‍ഗ്ഗത്തെ ‘ഭാര്യമാരു’ടെ ( أَزْوَاجُهِمْ) കൂട്ടത്തില്‍ അല്ലാഹു ഉള്‍പ്പെടുത്താതിരുന്നതാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ഇവരുടെ ധൈര്യം കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണ്. ‘തനിക്ക് ലജ്ജയില്ലെങ്കില്‍ താനുദ്ദേശിച്ചത് ചെയ്തുകൊള്ളുക’ (إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت) എന്ന നബിവചനമാണ് ഓര്‍മ്മവരുന്നത്.
ഈ വാക്കിന്റെ (مَا مَلَكَتْ أَيْمَانُهُمْ) അര്‍ത്ഥം മാറ്റുവാനും, അതിന് ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കുവാനുമുള്ള ഒന്നാമത്തെ കാരണത്തെക്കുറിച്ചാണ് നാം ഇതുവരെ സംസാരിച്ചത്. ഇത്രയെല്ലാം പാടുപെട്ടും, വളച്ചുതിരിച്ചും, ലജ്ജാവഹമായ ന്യായം പറയുവാന്‍ സാഹസപ്പെട്ടതു വാസ്തവത്തില്‍ രണ്ടാമത്തെ കാരണത്തിന്റെ സ്ഥാപനത്തിന് വേണ്ടി മാത്രമാണ്. കാലത്തിന്റെ ഒഴുക്കും, ആധുനികലോകത്തിന്റെ ഹിതവും അനുസരിച്ച് പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുവാനും, അതിനോട് യോജിപ്പിച്ച് ഖുര്‍ആനെയും, ഇസ്‌ലാമിനെയും തങ്ങളുടെ വശത്താക്കുവാനും ശ്രമിക്കുന്ന ഒരു പതിവ് ഇന്ന് പലരിലും കാണാറുള്ളതാണ്. ഇസ്ലാം ശരീഅത്ത് പുനപരിശോധിച്ച് പരിഷ്ക്കരിപ്പിക്കുവാനും നാളിതുവരെ ഒരൊറ്റ മുസ്ലിമിന്നും ഭിന്നാഭിപ്രായം തോന്നാത്ത ചില മതനിയമങ്ങള്‍ക്കു രൂപഭേദം വരുത്തുവാനും മുസ്‌ലിം സമുദായത്തില്‍ തന്നെ ഉള്‍പ്പെടുന്ന ചിലരുടെ ‘ശുദ്ധീകരണ പ്രസ്ഥാനങ്ങള്‍’ ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് നമുക്കറിയാമല്ലോ. അക്കൂട്ടത്തില്‍ ഒന്നത്രെ ഇസ്‌ലാമില്‍ യാതൊരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കുകപ്പെടുകയുണ്ടായിട്ടില്ല എന്നും, ഇത് സംബന്ധമായി ഖുര്‍ആനില്‍ കാണപ്പെടുന്ന പ്രസ്താവനകളത്രയും ഇതുവരെ മുസ്ലിംകള്‍ പൊതുവില്‍ മനസ്സിലാക്കിയിട്ടില്ല എന്നുമുള്ള വാദങ്ങളും.
അടിമത്ത സമ്പ്രദായത്തെ ഇസ്ലാം അങ്ങേയറ്റം നിയന്ത്രിച്ചിട്ടുണ്ട്. അടിമത്വം കല്‍പിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടിമത്തത്തെ അത് നിരുത്സാഹപ്പെടുത്തുകയും, അടിമകള്‍ സ്വതന്ത്രരാക്കപ്പെടുവാന്‍ പല മാര്‍ഗ്ഗങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അടിമത്തത്തെ അടിയോടെ, അത് നിയമവിരുദ്ധമാക്കിയിട്ടില്ല. ഇതാണ് വാസ്തവം. ഇതിനെപ്പറ്റി സന്ദര്‍ഭോചിതം പിന്നീട് നാം സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് സൂ: അഹ്സാബിലും, അതിനെത്തുടര്‍ന്നുള്ള വ്യാഖ്യാനക്കുറിപ്പിലും, സൂ: മുഹമ്മദിലും ഇതിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നതുമാണ്. إن شاء الله
വ്യാഖ്യാനക്കുറിപ്പ് – 2
സൂറത്തുല്‍ മുഅ്മിനൂന്‍ 112, 113 പോലെയുള്ള ഏതെങ്കിലും ഖുര്‍ആന്‍ വചനങ്ങള്‍ ‘ഖബ്റി’ലെ ശിക്ഷയെ നിഷേധിക്കുന്നുവോ?!
മനുഷ്യന്‍, മരണശേഷം ഖബ്റുകളില്‍വെച്ച് ചോദ്യം ചെയ്യപ്പെടും; സത്യവിശ്വാസികള്‍ ചോദ്യത്തിന് ശരിക്ക് മറുപടികൊടുക്കും; അനന്തരം അവര്‍ക്ക് സുഖകരമായ അനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യും; അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും മറുപടി പറയുവാന്‍ സാധിക്കയില്ല; അങ്ങിനെ അവര്‍ പലവിധ ശിക്ഷകളും അനുഭവിക്കേണ്ടിവരികയും ചെയ്യും എന്നീ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ – യുക്തിവാദികളായ ചില കക്ഷിക്കാര്‍ക്കൊഴികെ – ആര്‍ക്കും ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. ഇതിനെപ്പറ്റി ഖുര്‍ആനില്‍ സ്പഷ്ടമായ ഭാഷയില്‍ പ്രതിപാദിക്കപ്പെട്ടിട്ടില്ലെങ്കിലും ഏറെക്കുറെ അത് സംബന്ധമായ പല സ്പര്‍ശനങ്ങളും വന്നിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹദീസുകളിലാണെങ്കില്‍, അനിഷേധ്യവും സുവ്യക്തവുമായ അനേകം തെളിവുകള്‍ കാണാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ്, നാം നമസ്കാരത്തിലും മറ്റും اللَّهُمَّ إنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ (അല്ലാഹുവേ! ഞാന്‍ നിന്നോട് ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷതേടുന്നു) എന്ന് അല്ലാഹുവോട് ദുആ ചെയ്‌വാന്‍ ഉപദേശിക്കപ്പെട്ടതും, നാം അത് നിത്യം ചെയ്തുവരുന്നതും.
ഖബ്റിലെ ശിക്ഷയെ നിഷേധിക്കുന്ന കൂട്ടര്‍, ഖുര്‍ആനില്‍നിന്ന് തങ്ങള്‍ക്ക് തെളിവായി എടുത്തുകാട്ടുന്ന ഒരു ആയത്ത് സൂ: യാസീന്‍ 52-ാം വചനമാണ്. ‘സ്വൂറില്‍ (കാഹളത്തില്‍) ഊതപ്പെട്ട് ജനങ്ങളെല്ലാം പുനരെഴുന്നേല്പ്പിക്കപ്പെടുമ്പോള്‍ അവിശ്വാസികള്‍ يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا (ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ ആരാണ് എഴുന്നേല്‍പ്പിച്ചത്?!) എന്ന് പറയുമെന്ന് ആ ആയത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. ഖബ്റുകളില്‍ കഴിച്ചുകൂട്ടിയകാലം യാതൊരുവിധത്തിലുള്ള ശിക്ഷാനുഭവങ്ങളും (സന്തോഷാനുഭവങ്ങളും തന്നെ) കൂടാതെ തനി ഉറക്കുപോലെ ആയിരുന്നുവെന്നാണ് ഈ വചനം കുറിക്കുന്നത്. അതുകൊണ്ട് ഖബ്റില്‍ വെച്ച് ശിക്ഷയോ, സുഖാനുഭവമോ ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല എന്നാണിവരുടെ വാദം. മറ്റൊന്ന്; സൂറത്തുല്‍ മുഅ്മിനൂന്‍ 112- 113 വചനങ്ങളിലെ ആശയം ഉള്‍കൊള്ളുന്ന (ബനൂഇസ്രാഈല്‍ :51; യൂനുസ് :45; ത്വാഹാ :103; റൂം:55; അഹ്ഖ്വാഫ് :35; നാസിആത്ത് :46 മുതലായ) ഖുര്‍ആന്‍ വചനങ്ങളാകുന്നു. ഖിയാമത്ത് നാളില്‍ പുനരെഴുന്നേല്‍പ്പിക്കപ്പെടുന്നതിന് മുമ്പ് തങ്ങള്‍ എത്രകാലം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് തിട്ടപ്പെടുത്തുവാന്‍ മരണപ്പെട്ടവര്‍ക്ക് കഴിയുകയില്ലെന്ന് ഈ വചനങ്ങളില്‍നിന്ന് വ്യക്തമാകുന്നു. ആകയാല്‍ അവര്‍ അതേവരെ ശിക്ഷയോ മറ്റോ കൂടാതെ നിദ്രയില്‍ കിടക്കുകയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ഈ വാദങ്ങള്‍ക്കെതിരായി വരുന്നതും, ഖബ്റിലെ ചോദ്യം, ശിക്ഷ മുതലായവയെ സ്ഥാപിക്കുന്നതുമായ ഹദീസുകളെ ഇവര്‍ അവഗണിക്കുക മാത്രമല്ല, പരിഹാസേന പുറം തള്ളുകയും ചെയ്തുവരുന്നു.
വാസ്തവത്തില്‍, ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നുതന്നെ, ഇവരുടെ വാദം തികച്ചും തെറ്റാണെന്ന് നിഷ്പക്ഷബുദ്ധിയോടെ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഖിയാമത്ത് നാളിലെ അതിഭയാനകങ്ങളായ അനുഭവങ്ങളും, പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത ദൈര്‍ഘ്യവും കാണുമ്പോള്‍, അതിന്റെ മുമ്പ് തങ്ങള്‍ക്ക് കഴിഞ്ഞുപോയിട്ടുള്ള കാലത്തെയും, അനുഭവങ്ങളെയും അതെത്ര ക്ലേശകരമോ, സന്തോഷകരമോ, നീണ്ടുനിന്നതോ ആയിരുന്നുകൊള്ളട്ടെ – അവര്‍ (കുറ്റവാളികളായുള്ളവര്‍) തൃണവല്‍ക്കരിക്കുകയും, നിസ്സാരമായിക്കാണുകയും ചെയ്യുന്നു. അഥവാ, പരലോകത്തിലെ കഠിന യാതനകളനുഭവിച്ചു വരുന്ന ആ ഘട്ടത്തില്‍, അവര്‍ക്ക് അതിനെപ്പറ്റി തിട്ടമായൊന്നും പറയുവാന്‍ സാധ്യമാകാതെ വരുന്നു. പരലോകാനുഭാവങ്ങളെ അപേക്ഷിച്ച് അത് കേവലം ഉറങ്ങിക്കിടക്കുന്ന അവസ്ഥപോലെ മാത്രമാണെന്ന് അവര്‍ക്ക് തോന്നിപ്പോകുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. അല്ലാതെ, മരണശേഷം പുനര്‍ജീവിതസമയം വരെ അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് അവര്‍ക്ക് അതിനുമുമ്പ് കഴിഞ്ഞകാലത്തെക്കുറിച്ച് സൂക്ഷ്മമായി ഒന്നും അറിയാതിരുന്നതെന്നും അല്ല ആയത്തുകളുടെ ഉദ്ദേശ്യം. കാരണം:
(1). പുനരുത്ഥാനത്തിന് മുമ്പ് തങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ള കാലം എത്രയാണെന്ന് പറയുവാന്‍ കഴിയാതെ വരുന്നതും, അത് അല്‍പകാലം മാത്രമായിരുന്നുവെന്ന് മറുപടി പറയുന്നതും അവിശ്വാസികളും കുറ്റവാളികളുമായ ആളുകളാണെന്ന് ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. ചില ആയത്തുകളില്‍ അത് വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ചിലതിന്റെ മുമ്പും പിമ്പും പ്രസ്താവിച്ചിട്ടുള്ള സംഗതികളില്‍നിന്നും അത് ഗ്രഹിക്കുവാന്‍ കഴിയും. സൂ: റൂം 55, 56-ല്‍ ഈ വസ്തുത വളരെ സ്പഷ്ടമായ ഭാഷയില്‍ തന്നെ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:
﴾وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ ﴿٥٥﴾ وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّـهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَـٰذَا يَوْمُ الْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ ﴿٥٦
(അന്ത്യസമയം ലോകാവസാനഘട്ടം – നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്തു പറയും: അവര്‍ ഒരു നാഴിക നേരമല്ലാതെ താമസിച്ചിട്ടില്ല എന്ന്. അപ്രകാരമാണ് അവര്‍ (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്. അറിവും സത്യവിശ്വാസവും നല്‍കപ്പെട്ടവര്‍ പറയും: നിങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (നിശ്ചയപ്രകാരം) പുനരുത്ഥാനദിവസം വരേക്കും തീര്‍ച്ചയായും താമസിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുനരുത്ഥാന ദിവസമാണ്! പക്ഷേ, നിങ്ങള്‍ അറിയാതിരിക്കുകയായിരുന്നു.) കുറ്റവാളികളാണ് ഖിയാമത്തു നാളില്‍ ഇപ്രകാരം പറയുകയെന്നും, സത്യവിശ്വാസികള്‍ അവരുടെ തെറ്റ് തിരുത്തകയാണ് ചെയ്യുന്നതെന്നും ഇതില്‍നിന്ന് സ്പഷ്ടമാണല്ലോ. മരണപ്പെട്ടവരെല്ലാം അതേവരെ ഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അങ്ങിനെ പറയുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സത്യവിശ്വാസികളും അവിശ്വാസികളും തമ്മില്‍ വ്യത്യാസം ഉണ്ടാകുവാന്‍ പാടില്ലല്ലോ. അവിശ്വാസികള്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരുമായുണ്ടാകുന്ന ചോദ്യോത്തരങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ട് സൂ: അഹ്ഖാഫ് 35-ല്‍ അല്ലാഹു പറയുന്നു: ‘അവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ (ശിക്ഷയെ) അവര്‍ കാണുന്ന ദിവസം, പകലില്‍നിന്നുമുള്ള ഒരു നാഴിക സമയമല്ലാതെ അവര്‍ (മുമ്പ്) കഴിച്ചുകൂട്ടിയിട്ടില്ലാത്തതു പോലെയിരിക്കും.’ (كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَار)
കുറ്റവാളികളും അവിശ്വാസികളുമായുള്ളവര്‍ പരലോകശിക്ഷ കാണുമ്പോഴുണ്ടാകുന്ന പരിഭ്രമവും ഭയവും നിമിത്തം ഐഹികജീവിതകാലം എത്രയായിരുന്നുവെന്ന് അവര്‍ക്ക് തിട്ടപ്പെടുത്തിപ്പറയുവാന്‍ കഴിയാതെവരികയും, അത് കേവലം ഒരു നാഴിക സമയം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നിപ്പോകുകയുമാണ് ചെയ്യുന്നതെന്ന് ഈ ആയത്തുകളില്‍നിന്ന് ആര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചില ആയത്തുകളില്‍ ‘ഒരു നാഴിക’ (ساعة) എന്നതിന് പകരം ‘പത്തുദിവസം’ (عشرا) എന്നും ചിലതില്‍ ‘ഒരു സായാഹ്നം അല്ലെങ്കില്‍ അതിന്റെ പൂര്‍വ്വാഹ്നം’ (عشية أو ضحها) എന്നുമൊക്കെ – വ്യത്യസ്തവാക്കുകളില്‍ – പറഞ്ഞുകാണുന്നതും. ദീര്‍ഘഭയംകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.
2.) മേല്‍പ്പറഞ്ഞ ആയത്തുകളില്‍ ‘അല്പമല്ലാതെ താമസിച്ചിട്ടില്ല’. ‘ഒരു നാഴികയല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ല’ എന്നൊക്കെപ്പറഞ്ഞത് അവര്‍ മരണശേഷം ഖബ്റുകളില്‍ കഴിഞ്ഞുകൂടിയ കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് ഇക്കൂട്ടര്‍ വരുത്തിത്തീര്‍ക്കുന്നതും വാസ്തവവിരുദ്ധമാകുന്നു. ഖബ്റുകളില്‍ കഴിഞ്ഞുകൂടിയ കാലവും, മരണത്തിനു മുമ്പ് ജീവിതത്തില്‍ കഴിഞ്ഞ കാലവുമെന്ന വ്യത്യാസമില്ലാതെ, മൊത്തത്തില്‍ മുമ്പ് കഴിഞ്ഞ കാലത്തെപ്പറ്റിയാണ് യഥാര്‍ത്ഥത്തില്‍ ആ പ്രസ്താവനകള്‍ ഉള്ളത്. ഈ രണ്ടില്‍ ഒന്നിനെപ്പറ്റി മാത്രമാണെന്നു വെക്കുകയാണെങ്കില്‍ തന്നെ, അത് മരണത്തിന് മുമ്പ് ഭൂമിയില്‍ ജീവിച്ച കാലത്തെ മാത്രം ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. നാം ഇപ്പോള്‍ വായിച്ചുതീര്‍ന്ന സൂറത്തുല്‍ മുഅ്മിനൂന്‍ 112-ാം വചനത്തില്‍ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَ سِنِينَ (നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ കഴിച്ചുകൂട്ടി?) എന്നാണല്ലോ ചോദിച്ചിട്ടുള്ളത്. നേരെമറിച്ച് ‘മരണശേഷം എത്ര കൊല്ലം’ എന്നോ, ‘ഖബ്റുകളില്‍ എത്രകൊല്ലം’ എന്നോ അല്ല. ‘ഭൂമിയില്‍ (فِي الْأَرْضِ) എന്ന വാക്ക് ഖബ്റുകളില്‍ കഴിഞ്ഞ കാലത്തെയും ഉള്‍പ്പെടുത്തിയേക്കാമെങ്കിലും, ഖബ്റുകളില്‍ വാസം തുടങ്ങുന്നതിന്റെ മുമ്പത്തെ ജീവിതത്തെയാണ് അത് ഒന്നാമതായി ബാധിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അപ്പോള്‍ ഈ ചോദ്യത്തിന്റെ താല്‍പര്യം ഒന്നുകില്‍ ‘നിങ്ങള്‍ മരിക്കുന്നതിനു മുമ്പ് ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു’ എന്നായിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ ഭൂമിയില്‍ മരണം വരെയും, മരണശേഷം ഖബ്റുകളിലും കൂടി എത്രകാലം താമസിച്ചു എന്നാവണം. ഈ രണ്ടിലൊന്നല്ലാതെ, മരണശേഷം ഖബ്റുകളില്‍ മാത്രം എത്ര താമസിച്ചു എന്നായിരിക്കയില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ‘ഭൂമിയില്‍’ എന്നുള്ളതിന് ‘ഖബ്റുകളി’ല്‍ എന്നര്‍ത്ഥമില്ല. സൂ: യൂനുസ് 45ല്‍ അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം പകലില്‍നിന്നുള്ള ഒരു നാഴികയല്ലാതെ അവര്‍ കഴിച്ചുകൂട്ടിയിട്ടില്ലെന്നപോലെ ഇരിക്കും.’ (وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ) എന്നാണ് പറയുന്നത്. ‘ഖബ്റില്‍’ ‘ഉറങ്ങി’ കിടക്കുന്നതിനെ മാത്രം ഉദ്ദേശിച്ചാണിത് പറയുന്നതെങ്കില്‍ ‘രാത്രിയില്‍നിന്നുള്ള ഒരു നാഴിക’ എന്നല്ലേ പറയുവാന്‍ കൂടുതല്‍ ന്യായമുള്ളത്?’ ഇതുപോലെത്തന്നെ, സൂ: നാസിആത്ത് النازعات) 46) ല്‍ ഒരു സായാഹ്നം അല്ലെങ്കില്‍ ഒരു പൂര്‍വ്വാഹ്നം (عشية او ضحها) – അഥവാ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം – എന്ന് പറഞ്ഞിരിക്കുന്നു. ഇതും തന്നെ ഖബ്റുകളിലെ കാലത്തെക്കുറിച്ചോ, അതല്ല മരണത്തിനുമുമ്പുള്ള കാലത്തെക്കുറിച്ചോ – ഏതായിരിക്കുന്നതാണ്- കൂടുതല്‍ യോജിപ്പ് എന്ന് വായനക്കാര്‍ ചിന്തിക്കുക.
ഖിയാമത്തുനാളിലെ പരിഭ്രമംകൊണ്ടല്ല, അതുവരെ ഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അവിശ്വാസികള്‍ മേല്‍പ്പറഞ്ഞ (സൂക്ഷ്മരഹിതമായ) മറുപടി പറയുന്നതെന്നാണല്ലോ ഇക്കൂട്ടരുടെ വാദം. തല്‍ക്കാലം അത് സമ്മതിച്ചേക്കുക. അപ്പോള്‍, ‘ഭൂമിയില്‍ നിങ്ങള്‍ എത്ര താമസിച്ചു’വെന്ന ചോദ്യത്തിന് ‘മരിക്കുന്നതിനുമുമ്പ് ഭൂമിയില്‍ എത്രകാലം താമസിച്ചു’ എന്നു് അര്‍ത്ഥമാക്കുന്നപക്ഷം അവരുടെ മറുപടി ‘ഞങ്ങള്‍ ഭൂമിയില്‍ ഇത്രകാലം താമസിച്ചിട്ടുണ്ട്’ എന്നു് (കാലം തിട്ടപ്പെടുത്തികൊണ്ടുതന്നെ) ആവണമല്ലോ. എനി ആ ചോദ്യത്തിന് മരണംവരെ ജീവിച്ച കാലവും മരണശേഷം ഖബ്റുകളിലുംകൂടി എത്ര താമസിച്ചു’ എന്നാണര്‍ത്ഥം കല്‍പിക്കുന്നതെങ്കില്‍ അതിന്റെ മറുപടി ഏതാണ്ടിങ്ങിനെയായിരിക്കേണ്ടതാണ്: ‘ മരണത്തിനുമുമ്പ് ഇത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ട്; മരണശേഷം ഖബ്റുകളില്‍ എത്രകാലം കഴിഞ്ഞുകൂടി എന്നു് ഞങ്ങള്‍ക്കറിവില്ല. (കാരണം ഞങ്ങള്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവല്ലോ – പടച്ചവനേ!)’
ഇങ്ങിനെയുള്ള മറുപടികളൊന്നും പറയാതെ, ഞങ്ങള്‍ ഒരുദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ താമസിച്ചിരിക്കുന്നു, എണ്ണം അറിയുന്നവരോട് ചോദിച്ചുനോക്കുക’ എന്നിങ്ങിനെ പറയുന്നത് ശിക്ഷമൂലമുള്ള പരിഭ്രമത്തെയല്ല, ഖബ്റിലെ ഉറക്കിനെയാണ് കാണിക്കുന്നതെന്നു് സമര്‍ത്ഥിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. ഈ മറുപടിയെ ഉദ്ധരിച്ചതിനെത്തുടര്‍ന്ന് (മുഅ്മിനൂന്‍ 114 – 115-ല്‍) അല്ലാഹു പ്രസ്താവിക്കുന്നതെന്താണെന്നു വായനക്കാരൊന്ന്‍ മനസ്സിരുത്തിനോക്കുക: ‘നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല എന്നത് ശരിയാണ്, പക്ഷേ, ഐഹികജീവിതം വളരെ ദീര്‍ഘിച്ചതും നിങ്ങളുടെ ഇഷ്ടംപോലെ കഴിച്ചുകൂട്ടാവുന്നതുമാണെന്നു നിങ്ങള്‍ കരുതിവശായി. ഈ കടുത്ത അനുഭവങ്ങളെയും അറ്റമില്ലാത്ത ജീവിതത്തെയും നേരിടേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ നേരത്തെകൂട്ടി മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അവസ്ഥ നിങ്ങള്‍ക്ക് വന്നെത്തുകയില്ലായിരുന്നു’ എന്നല്ലേ ആ പ്രസ്താവനയുടെ സാരം?!
ചുരുക്കത്തില്‍, മേല്‍ കാണിച്ച ആയത്തുകളൊന്നുംതന്നെ, ഖബ്റുകളില്‍ മനുഷ്യന്‍ ഉറങ്ങിക്കിടക്കുകയാണെന്നല്ല കാണിക്കുന്നത്. പരലോകജീവിതത്തിന്റെ ഭയങ്കരതയോടും, ദൈര്‍ഘ്യത്തോടും താരതമ്യം ചെയ്യുമ്പോള്‍, അതിന്റെ മുമ്പുകഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ കേവലം നിസ്സാരമായിത്തോന്നുമെന്ന് മാത്രമാണ് കാണിക്കുന്നത്. മേല്‍പ്പറഞ്ഞ പ്രസ്താവനകളൊന്നുംതന്നെ ഖബ്റുകളില്‍ താമസിച്ച കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. പരമാര്‍ത്ഥം ഇതായിരിക്കെ, അനേകം ഹദീസുകളില്‍ ഖബ്റിലെ ശിക്ഷയെക്കുറിച്ചും മറ്റും പ്രസ്താവിച്ചിട്ടുള്ളതിനെ ഉന്നംവെച്ചുകൊണ്ട് ഇക്കൂട്ടര്‍: ‘തല്ലിന്റെയും കുത്തിന്റെയും കഥ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല’ എന്നും,
‘ഖബ്റിലെ ജീവിതം തല്ലും കുത്തുമായിട്ടാണ് കഴിഞ്ഞുകൂടുകയെങ്കില്‍ ഈ പ്രസ്താവനക്ക് അവകാശമില്ല’ എന്നും പരിഹാസപൂര്‍വ്വം ആവര്‍ത്തിച്ച് പറയുന്നത് എത്രമാത്രം കടുത്തതും ധിക്കാരപരവുമാണെന്ന് ആലോചിച്ചുനോക്കുക! ‘തല്ലും കുത്തും’ എന്ന് പ്രയോഗിച്ചുകൊണ്ടുള്ള ഈ പരിഹാസത്തിന് പാത്രമാകുന്നത്, കേവലം ചില പണ്ഡിതന്‍മാരോ മുന്‍കഴിഞ്ഞുപോയ സഹാബത്ത് തുടങ്ങിയുള്ള മഹാന്‍മാരോ അല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാണെന്നുള്ളതാണ് എത്രയും ശോചനീയം! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഖബ്റുകളിലെ അനുഭവങ്ങളെപ്പറ്റി മുസ്ലിംകള്‍ വിശ്വസിക്കുന്നത്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളെ കണ്ണടക്കുകയും, ഗോപ്യമായ നിലയില്‍ പരിഹസിക്കുകയും ചെയ്തുകൊണ്ട്, ‘തല്ലിന്റെയും കുത്തിന്റെയും കഥ ഖുര്‍ആന്‍ അംഗീകരിച്ചിട്ടില്ലെ’ന്ന്‍ പറഞ്ഞ ഇവര്‍ സൂറത്തുല്‍ മുഅ്മിന്‍ 46-ാം ആയത്തിനെക്കുറിച്ച് അറിയാത്ത ഭാവത്തില്‍ മൗനമവലംബിക്കുന്നത് കാണാം. ഫിര്‍ഔന്റെ കൂട്ടര്‍ക്ക് ഭൂലോകത്തു വെച്ചുണ്ടായ ശിക്ഷയെപ്പറ്റി പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു: النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا – المؤمن: 46 (നരകം! രാവിലേയും വൈകുന്നേരവും അതിങ്കല്‍ അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്.) തുടര്‍ന്നുകൊണ്ട്, ഖിയാമത്തുനാളില്‍ അവരെ അതികഠിനമായ ശിക്ഷയില്‍ അകപ്പെടുത്തുവാന്‍ കല്‍പിക്കുന്നതാണ്(وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ) എന്നും പ്രസ്താവിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക്, മരണത്തിനും പുനരുത്ഥാനത്തിനുമിടയില്‍ ഒരുതരം ശിക്ഷാനുഭവം ഉണ്ടാകുന്നതാണെന്നുള്ളതിന് ഈ ആയത്ത് മതിയായ തെളിവ് നല്‍കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു നമുക്ക് കാണാം. മരണശേഷം ഖബ്റില്‍വെച്ചുണ്ടാകുന്ന അനുഭവങ്ങളെപ്പറ്റി ഹദീസുകളില്‍ വന്നിട്ടുള്ള പല സംഗതികളും സൂ: യാസീനില്‍വെച്ചും സംസാരിക്കാം. إن شاء الله تعالى