സൂറത്തു ത്വാഹാ : വ്യാഖ്യാനക്കുറിപ്പ്
മൂസാ (عليه الصلاة والسلام) നബിയും, ഇസ്രാഈല്‍ ജനതയും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടതും, ഫിര്‍ഔനും, അവന്റെ ജനതയും കടലില്‍ മുങ്ങിനശിച്ചതും കേവലം ഒരു സാധാരണ സംഭവമായിരുന്നുവോ?
മൂസാ (عليه الصلاة والسلام) നബിയും, ഇസ്രാഈല്‍ ജനതയും സമുദ്രം കടന്നു രക്ഷപ്പെട്ടതും, ഫിര്‍ഔനും അവന്റെ ജനതയും അതില്‍ മുങ്ങിനശിച്ചതും അത്യത്ഭുതകരമായ ഒരു അസാധാരണസംഭവമായിരുന്നുവെന്ന് വേദക്കാരും, മുസ്ലിംകളും, മതനിഷേധികളല്ലാത്ത മിക്ക ജനങ്ങളും തന്നെ – വിശ്വസിച്ചുവരുന്നു. ഖുര്‍ആനെ അംഗീകരിക്കുന്ന ആര്‍ക്കും അതില്‍ ഒട്ടും തര്‍ക്കത്തിനോ സംശയത്തിനോ അവകാശമില്ലതാനും. അത്രയും വ്യക്തമായ ഭാഷയില്‍ ഖുര്‍ആന്‍ ആ സംഭവം വിവരിച്ചിട്ടുണ്ട്. മറ്റു പല സംഭവങ്ങളെയും പോലെ, ഈ സംഭവവും ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്ത് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അതില്‍നിന്നെല്ലാം കൂടി വേണം, സംഭവത്തിന്റെ മുഴുവന്‍ രൂപവും ശരിക്കു ഗ്രഹിക്കുവാന്‍. ഈ സംഭവം തൗറാത്തിലും (ബൈബ്ളിന്റെ പഴയ നിയമത്തിലും) വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ചില സംഗതികള്‍ ഒഴിച്ച് ബാക്കി ഭാഗങ്ങള്‍ ഖുര്‍ആനോട് എതിരല്ലാത്ത വിധത്തിലും, പലതും അതിനോട് ശരിക്കു യോജിച്ചുകൊണ്ടും അതിലും കാണാവുന്നതാണ്.
എന്നാല്‍, കക്ഷിതാല്‍പര്യത്തിനോ, പുത്തന്‍ ആദര്‍ശങ്ങളുടെ സംരക്ഷണത്തിനോ വേണ്ടി ചിലരും, ഭൗതിക മനോഗതിയില്‍ നിന്നു ഉടലെടുക്കുന്ന യുക്തിവാദങ്ങളുടെയും, ശാസ്ത്രീയ ചിന്താഗതിയുടെയും അടിസ്ഥാനത്തില്‍ മറ്റു ചിലരും ഈ സംഭവത്തെയും, ഇതുപോലെ ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടുള്ള മറ്റു ചില അസാധാരണ സംഭവങ്ങളെയും ദുര്‍വ്വ്യാഖ്യാനം ചെയ്തുവരാറുണ്ട്. യഥാര്‍ത്ഥമായ കഥകളില്‍കൂടി അടിസ്ഥാനരഹിതമായ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുള്ള കഥാകാരന്‍മാരെക്കൊണ്ട് ഖുര്‍ആന്റെ വ്യാഖ്യാനരംഗത്ത് ഉളവായിത്തീര്‍ന്നിട്ടുള്ള നാശത്തെക്കാള്‍ കൂടുതലാണ്, ഇത്തരക്കാരുടെ ഈ പുതിയ നിഷേധവിക്രിയകള്‍മൂലം ഉളവാകുന്നത്. ഇവരുടെ ചില ദുർവ്യാഖ്യാനങ്ങൾ വഴി, സാധാരണക്കാരായ ആളുകളില്‍ പല ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാവുന്നതു കൊണ്ട് ഈ സംഭവത്തെപ്പറ്റി ഇവിടെ കുറച്ചൊന്നു വിവരിക്കേണ്ടിവന്നിരിക്കുകയാണ്.
ചെങ്കടല്‍ കടന്ന സംഭവത്തെപ്പറ്റി ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന സംഗതികളുടെ രത്നച്ചുരുക്കം ഇതാകുന്നു:- ഇസ്രാഈല്യരെയും കൂട്ടിക്കൊണ്ട് രാത്രി പോയിക്കൊള്ളുവാനും, സമുദ്രത്തില്‍ തന്റെ വടികൊണ്ട് അടിക്കുവാനും മൂസാ (عليه الصلاة والسلام)നോടു അല്ലാഹു കല്‍പിച്ചു.
വടികൊണ്ട് അടിച്ചപ്പോള്‍ സമുദ്രജലം പിളര്‍ന്നു ഇരുവശങ്ങളിലും മലപോലെ ചിറച്ചുനിന്നു. മദ്ധ്യത്തില്‍ തുറന്നുകിട്ടിയ – ഉണങ്ങി വിശാലമായിരുന്ന – ആ മാര്‍ഗ്ഗത്തില്‍കൂടി അവര്‍ അക്കരെപ്പറ്റി രക്ഷപ്പെട്ടു. അവരെ പിടികൂടുവാനായി പിന്നാലെ വന്നിരുന്ന ഫിര്‍ഔനും ജനതയും ആ വഴിക്ക് അവരെ പിന്‍തുടര്‍ന്നു. അവര്‍ സമുദ്രത്തിലായിരുന്നപ്പോള്‍, വെള്ളം തമ്മില്‍ കൂടിച്ചേരുകയും, അവരെല്ലാം മുങ്ങിനശിക്കുകയും ചെയ്തു. വടികൊണ്ടടിച്ചപ്പോള്‍ സമുദ്രം പിളര്‍ന്നു, സമുദ്രമദ്ധ്യത്തില്‍കൂടി നടന്നുപോകത്തക്ക ഒരു മാര്‍ഗ്ഗമുണ്ടായി, ഇസ്രാഈല്യര്‍ അക്കരെ പറ്റുന്നതുവരെ അതു നിലനില്‍ക്കുകയും, ശത്രുക്കള്‍ അതില്‍ പ്രവേശിച്ചു കഴിഞ്ഞതോടെ വെള്ളം തമ്മില്‍ കൂടിച്ചേരുകയും ചെയ്തു എന്നൊക്കെ സമ്മതിച്ചുകൊടുക്കുവാന്‍ ഇക്കൂട്ടരുടെ യുക്തിക്കും ശാസ്ത്രത്തിനും കഴിയുന്നില്ല. അതുകൊണ്ട് ഒന്നുകില്‍, ഖുര്‍ആന്റെ പ്രസ്താവനയെ ഇവര്‍ നിഷേധിക്കണം. അല്ലെങ്കില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു തങ്ങളുടെ ഹിതത്തിനു യോജിപ്പിക്കണം. ഇതല്ലാതെ പോംവഴി ഇവര്‍ക്കില്ല. അങ്ങനെ, തങ്ങള്‍ക്കു അനുകൂലമായ രൂപത്തില്‍ ഈ സംഭവത്തെ വ്യാഖ്യാനിക്കുവാന്‍വേണ്ടി എത്രയോ സാഹസങ്ങള്‍ ഇവര്‍ക്കു പ്രവര്‍ത്തിക്കേണ്ടി വന്നിരിക്കുകയാണ്. സംഭവത്തിനു ഇവര്‍ നല്‍കുന്ന രൂപം ഏതാണ്ട് ഇപ്രകാരമാകുന്നു:-
‘മൂസാ عليه الصلاة والسلام നബിയും ജനതയും കടന്നുപോയ സ്ഥലത്ത് സമുദ്രം – ഇന്നത്തെപ്പോലെ – അധികം ആഴമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ മണല്‍ത്തിട്ടകളും, വെള്ളവും ഇടകലര്‍ന്നുകൊണ്ടായിരുന്നു ഉള്ളത്. ചില പ്രത്യേകസ്ഥലങ്ങളില്‍കൂടി വളഞ്ഞും തിരിഞ്ഞും, സൂക്ഷിച്ചുകൊണ്ടും നടന്നുപോകാവുന്ന വിധം ആഴംകുറഞ്ഞസ്ഥലങ്ങളുണ്ടായിരുന്നു. ഇസ്രാഈല്യര്‍ക്കു – മൂസാ നബിക്കു പ്രത്യേകിച്ചും – ആ വഴി പരിചയമുണ്ടായിരുന്നു. അങ്ങനെ, മൂസാ (عليه الصلاة والسلام) തന്റെ വടികൊണ്ട് തപ്പിത്തടഞ്ഞുകൊണ്ട് അവരോടു കൂടി സമുദ്രം കടന്നു രക്ഷപ്പെട്ടു. ഇതല്ലാതെ, അദ്ദേഹം വടികൊണ്ട് സമുദ്രത്തില്‍ അടിക്കുകയോ, സമുദ്രം പിളരുകയോ ഒന്നും ഉണ്ടായിട്ടില്ല. അവരുടെ പിന്നാലെ വന്ന ഫിര്‍ഔനും പട്ടാളവും – അവരുടെ കോപത്തിന്റെ ഉഗ്രതനിമിത്തം – യാതൊന്നും ആലോചിക്കാതെ ഇസ്രാഈല്യരുടെ നേര്‍ക്കു കുതിച്ചുകൊണ്ടു സമുദ്രത്തില്‍ ഇറങ്ങി. അവര്‍ക്കാകട്ടെ, സമുദ്രത്തിലെ കുന്നും കുണ്ടും ഇടകലര്‍ന്നുകൊണ്ടുള്ള ആ വഴിയൊന്നും അറിഞ്ഞുകൂടായിരുന്നു. കോപാകുലരായ അവര്‍ക്കു – ഇസ്രാഈല്യരെ പിടികൂടുവാനുള്ള വ്യഗ്രതനിമിത്തം – അപകടത്തെപ്പറ്റി ചിന്തിക്കുവാനും കഴിഞ്ഞില്ല. അങ്ങനെ, അവരെല്ലാം ഒരു കയത്തില്‍ ചെന്നു ചാടി മുങ്ങിനശിക്കുകയാണുണ്ടായത്. ഇതാണ് ഇവരുടെ കഥയുടെ ചുരുക്കം.
സൂറത്തു – ശുഅറാഇല്‍ അല്ലാഹു ഈ സംഭവത്തെ വിവരിക്കുന്ന ഭാഗം, ശാന്തമായും, തുറന്ന ഹൃദയത്തോടുകൂടിയും ഒന്നു വായിച്ചുനോക്കുക! അല്ലാഹു പറയുന്നു:-
فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ ۖ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ ﴿٦٣﴾ وَأَزْلَفْنَا ثَمَّ الْآخَرِينَ ﴿٦٤﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ ﴿٦٥﴾ ثُمَّ أَغْرَقْنَا الْآخَرِينَ ﴿٦٦﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿٦٧﴾
(سورة الشعراء: (٦٣ – ٦٧
അര്‍ത്ഥം:- അപ്പോള്‍, നാം മൂസാക്ക് ‘വഹ്-യു’ നല്‍കി: ‘നിന്റെ വടികൊണ്ട് സമുദ്രത്തെ അടിച്ചുകൊള്ളുക’ എന്ന്. അപ്പോള്‍, അതു പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും (വിഭാഗവും) വമ്പിച്ച മലന്തിണ്ണപോലെ ആയിത്തീര്‍ന്നു. അവിടെവെച്ചു നാം മറ്റേ കൂട്ടരെ (ഫിര്‍ഔനിന്റെ ആള്‍ക്കാരെ) അടുപ്പിക്കുകയും ചെയ്തു. മൂസായേയും, തന്റെ ഒന്നിച്ചുള്ളവരേയും മുഴുവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് നാം മറ്റേ കൂട്ടരെ മുക്കിക്കൊന്നു. നിശ്ചയമായും അതില്‍ ദൃഷ്ടാന്തമുണ്ട്. (ശുഅറാഉ: 63-67).
أَنِ اضْرِب بِّعَصَاكَ الْبَحْرَ (നിന്റെ വടികൊണ്ടു സമുദ്രത്തെ – അഥവാ സമുദ്രത്തില്‍ – അടിക്കുക.) എന്ന വാക്യത്തിന് ഇക്കൂട്ടരുടെ അര്‍ത്ഥം: ‘നിന്റെ വടിയും കൊണ്ട് സമുദ്രത്തിലൂടെ യാത്രചെയ്യുക’ എന്നാണ്. അറബിഭാഷയില്‍ അല്‍പപരിചയമുള്ളവര്‍ – ഹൃദയത്തിന്ന്‍ വക്രതയില്ലെങ്കില്‍ – ഈ അര്‍ത്ഥം കാണുമ്പോഴേക്കുതന്നെ ഇതിലെ കൊള്ളരുതായ്മ മനസ്സിലാക്കിക്കൊള്ളും. അറബിഭാഷയില്‍ വേണ്ടത്ര പരിചയമില്ലാത്തവര്‍ക്കുവേണ്ടി ഇതിനെപ്പറ്റി അല്പമൊന്നു വിശദീകരിക്കുന്നതാവശ്യമാണ്.
ضَرَبَ (ള്വറബ) എന്ന ക്രിയക്ക് പല അര്‍ത്ഥങ്ങളുമുണ്ട്. ‘അടിച്ചു’ എന്നു മാത്രമല്ല; അവയില്‍ ഒരര്‍ത്ഥം ‘യാത്രചെയ്തു’ എന്നാണ്. സൂ: അന്നിസാഉ് 101ല്‍ وَإِذَا ضَرَبْتُمْ فِي الْأَرْضِ എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ‘നിങ്ങള്‍ ഭൂമിയില്‍ യാത്രപോയാല്‍’ എന്നാകുന്നു’ ഇതാണ് അവര്‍ അതിനു കൊണ്ടുവരുന്ന തെളിവ്. ഈ ആയത്തില്‍ ‘ള്വറബ’യുടെ അര്‍ത്ഥം ഇതാണെന്നുള്ളതിലും, ‘ള്വറബ’ക്കു പല അര്‍ത്ഥങ്ങളും ഉണ്ടെന്നുള്ളതിലും നമുക്കു യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ, ഒരു ക്രിയയുടെ സാധാരണ അര്‍ത്ഥംമാറി മറ്റൊരു അര്‍ത്ഥം വരുന്നതിനു ചില വ്യവസ്ഥകളെല്ലാമുണ്ട്: കര്‍ത്താവ്, കര്‍മ്മം, ക്രിയയോട് സംബന്ധപ്പെട്ടു നില്‍ക്കുന്ന അവ്യയങ്ങള്‍, (معمولات الفعل ومتعافاته) ആദിയായവയും സന്ദര്‍ഭവും നോക്കേണ്ടതുണ്ട്. ഇതെല്ലാം ഇവിടെ വിവരിച്ചു പറയുക സാദ്ധ്യമല്ല. അതിനാല്‍ വായനക്കാര്‍ക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാനായി, അറബി നിഘണ്ടുക്കളില്‍ സാധാരണ കാണാവുന്ന ചില ഉദാഹരണങ്ങള്‍ ഇവിടെ കാണിക്കാം. അതില്‍നിന്നു ‘ള്വറബ’യുടെ പ്രയോഗങ്ങളും, അര്‍ത്ഥവ്യത്യാസങ്ങളും ഏറെക്കുറെ ആര്‍ക്കും ഗ്രഹിക്കാം. ഓരോ ‘ള്വറബ’യും ഉപയോഗിച്ച സന്ദര്‍ഭവും, അതിന്റെ കര്‍ത്താവും, കര്‍മ്മം മുതലായവയും ഗൗനിക്കുക:
ഇനങ്ങള്‍ |
അറബി നിഘണ്ടുക്കളില്‍ കാണാവുന്ന |
അതനുസരിച്ച് മലയാളത്തില്‍ ‘ള്വറബ‘ക്കു വരുന്ന അര്‍ത്ഥങ്ങള്‍ |
കുറിപ്പുകള്‍ |
|
ഉദാഹരണങ്ങള്‍ |
അറബിയില്‍
അര്‍ത്ഥങ്ങള്‍ |
|||
1. |
ضَرَبَ الْلَّيْلُ | اي طال | (രാത്രി) ദീര്‍ഘിച്ചു | ‘ള്വറബ’ക്കു ഇവിടെ കര്‍മ്മമില്ല. കര്‍ത്താവിനനുസരിച്ച് അര്‍ത്ഥം മാറുന്നു. |
ضَرَبَ الْعَقْرَبُ | اي لدغت | (തേള്‍) കടിച്ചു (കുത്തി) | ||
ضَرَبَ الزّمَانُ | اي ماضي | (കാലം) കഴിഞ്ഞു | ||
2. |
ضَرَبَ الْمِثَالَ | قاله وبينّه | (ഉപമ) പറഞ്ഞു/ വിവരിച്ചു | ഈ നാലിലും കര്‍മ്മങ്ങള്‍ ഉണ്ട്. ഓരോ കര്‍മ്മത്തിനും അനുസരിച്ച ‘ള്വറബ’യുടെ അര്‍ത്ഥം മാറുന്നു. |
ضَرَبَ الْاَجَلَ
|
عينه
|
(അവധി) നിശ്ചയിച്ചു (നിര്‍ണ്ണയിച്ചു) | ||
ضَرَبَ الْدِّرْهَمَ
|
سبكه وطبعه
|
(പണം) അടിച്ചു/ വാര്‍ത്തു | ||
ضَرَبَ الْطَّرِيقَ | جعله وبينه | (വഴി) നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) വ്യക്തമാക്കി | ||
3. | ضَرَبَهُ | اصابه بضربة سيف
او عصا ونحوهما |
(വാള്‍, വടി മുതലായവ കൊണ്ട്) അടിച്ചു/ വെട്ടി | ഇതാണ് ‘ള്വറബ’യുടെ സാക്ഷാല്‍ രൂപവും, സാധാരണ അര്‍ത്ഥവും. ഇവിടെയും കര്‍മ്മം ആവശ്യമാണ്. |
4. |
ضَرَبَهُ بِالْعَصَا | اصابه بضربة العصا | (വടികൊണ്ടുള്ള അടി) ബാധിപ്പിച്ചു (അടിച്ചു) | വാള്‍ കൊണ്ടാകുമ്പോള്‍ ‘വെട്ടി’ എന്നും, വടികൊണ്ടാകുമ്പോള്‍ ‘അടിച്ചു’ എന്നും മാത്രമേ അര്‍ത്ഥമുള്ളു. |
ضَرَبَ بِالسِّيْفِ
|
اصابه بضربه السيف
|
(വാള്‍കൊണ്ടുള്ള അടി) ബാധിപ്പിച്ചു (വെട്ടി) | ||
5. |
ضَرَبَ فِي الْأَرْضِ | سافر | (ഭൂമിയില്‍) യാത്രചെയ്തു | ഇവയില്‍ ‘ള്വറബ’ എന്ന ക്രിയ സംഭവിച്ചതു ഭൂമിയിലും, സമുദ്രത്തിലുമാകുമ്പോള്‍ ‘യാത്രചെയ്തു’ എന്നാണര്‍ത്ഥം. കുഴലില്‍ ആകുമ്പോള്‍ ‘ഊതി’ എന്നും, ഭക്ഷണത്തിലാകുമ്പോള്‍ അതില്‍ ‘പങ്കെടുത്തു’ എന്നും അര്‍ത്ഥമാകുന്നു. |
ضَرَبَ فِي الْبَحْرِ
|
سافر
|
(സമുദ്രത്തില്‍) യാത്രചെയ്തു | ||
ضَرَبَ فِي الْبُوقِ | نفخ | (കുഴലില്‍) ഊതി | ||
ضَرَبَ مَعَ فِي الطَّعَامِ | اشترك واكل | (ഭക്ഷണത്തില്‍) ഒന്നിച്ചു പങ്കെടുത്തു/ തിന്നു. | ||
6. |
ضَرَبَ السِّتَّةَ في الخمسة | كرر فيها | (ആറിനെ അഞ്ചില്‍) ഗുണിച്ചു, പെരുക്കി | ഒന്നാമത്തേതില്‍ കര്‍മ്മമുണ്ടു പക്ഷേ, അതു ‘ആറു’ എന്ന സംഖ്യാ നാമമായതുകൊണ്ടു ‘പെരുക്കി’ എന്നര്‍ത്ഥം വന്നു. രണ്ടാമത്തേതില്‍ കര്‍മ്മമില്ല. في (ഇല്‍) എന്ന അവ്യയത്തിന്റെ സ്ഥാനത്തും عن (വിട്ട്) എന്ന അവ്യയമാണുള്ളതു. |
ضَرَبَ عَنْهُ
|
اعرض
|
(അതിനെ വിട്ട്) തിരിഞ്ഞു പോയി, അവഗണിച്ചു. |
മേൽകണ്ട ഓരോ ഉദാഹരണങ്ങളും, ഓരോന്നിനും നൽകപ്പെട്ട അർത്ഥങ്ങളും പ്രധാന അറബി നിഘണ്ടുക്കളിൽ നിന്നു മാത്രം ഉദ്ധരിച്ചവയാകുന്നു. ‘ള്വറബ’ എന്ന ക്രിയ സംഭവിക്കുന്നത് ‘സമുദ്രത്തിൽ’ (في البحر) ആയിരിക്കുകയും, ‘വടികൊണ്ട്’ (بالعصا) അല്ലാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ നമുക്ക് ഈ ആയത്തിൽ അതിനു ‘യാത്ര ചെയ്യുക’ എന്ന അർത്ഥം കൽപിക്കാമായിരുന്നു. ആയത്തിലാകട്ടെ ‘ള്വറബ’യുടെ കർമ്മം മാത്രമാണ് ‘സമുദ്രം’ (البحر). ള്വറബ സംഭവിക്കുന്നതോ ‘വടി കൊണ്ടും’ (بالعصا) അപ്പോൾ اضرب بعصاك البحر എന്ന വാക്യത്തിനു ‘നിന്റെ വടികൊണ്ട് സമുദ്രത്തെ അടിക്കുക’ എന്നു മാത്രമേ അറബിയിൽ അർത്ഥം വരുവാൻ നിവൃത്തിയുള്ളുവെന്നു മനസ്സിലാക്കാം. അതു പോലെത്തന്നെ ‘ള്വറബ’യുടെ കർമ്മം ‘വഴി’യും അതിനോടു ബന്ധപ്പെട്ടു നിൽക്കുന്നതു ‘സമുദ്ര’വും ആകകൊണ്ടു സൂറ: ത്വാഹാ 77ൽ فاضرب لهم طريقا فى البحر എന്നു പറഞ്ഞതിനു ‘അവർക്കു സമുദ്രത്തിൽ ഒരു വഴി നിശ്ചയിച്ചു കൊടുക്കുക’ എന്നാണർത്ഥമെന്നും മനസ്സിലാക്കാവുന്നതാണ്. സൂ: അൽബഖറഃ 60ൽ അല്ലാഹു ഇങ്ങനെ പറയുന്നു:
وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِب بِّعَصَاكَ الْحَجَرَ– البقرة
(മൂസാ തന്റെ ജനതക്കു വെള്ളം കൊടുക്കുവാൻ അപേക്ഷിച്ചപ്പോൾ നാം പറഞ്ഞു: ‘നീ നിന്റെ വടികൊണ്ടു പാറയെ അടിക്കുക’ എന്ന്. അപ്പോൾ അതിൽനിന്നു പന്ത്രണ്ട് ഉറവുകൾ പൊട്ടിയൊലിച്ചു). ഇവിടെ ‘സമുദ്ര’ (البحر) ത്തിന്റെ സ്ഥാനത്തു ‘പാറ’ (الحجر) യാണ് കർമ്മമായി നിൽക്കുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്. ‘ള്വറബ’ യുടെ പ്രയോഗം രണ്ടിലും ഒരേ മാതിരിതന്നെ. ഇക്കൂട്ടർ പറയുന്നതുപോലെ അര്‍ത്ഥം വരാമെങ്കിൽ, ഇവിടെ ‘നിന്റെ’ വടിയും കൊണ്ട് പാറയിൽകൂടി യാത്രചെയ്യുക’ എന്നു അർത്ഥം വരേണ്ടതാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ, ‘നിന്റെ വടിയുംകൊണ്ട് സമുദ്രത്തിലൂടെ യാത്ര ചെയ്യുക’ എന്ന ആയത്തിനു അര്‍ത്ഥം നൽകിയതു ഇവരുടെ സ്വന്തം വകയാണെന്നും, അതു ശരിയല്ലെന്നും, ഇതിൽ നിന്നെല്ലാം സ്പഷ്ടമായി.
മൂസാ നബിയുടെ വടി, കേവലം ഒരു സാധാരണ വടിയല്ല, ആടുകൾക്ക് ഇല കൊഴിച്ചുകൊടുക്കാനും മറ്റും അദ്ദേഹം അതു ഉപയോഗിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അതിനെല്ലാം പുറമെ – അല്ലാഹുവിന്റെ അനുമതി പ്രകാരം – പാമ്പാക്കുവാനും, പാറയിൽ ഒരടി കൊടുത്തു പന്ത്രണ്ടു നീരുറവുകൾ പൊട്ടിയൊലിപ്പിക്കുവാനും, ഒരടികൊണ്ട് സമുദ്രജലം ഇരുപുറത്തേക്കും ഒഴിച്ചു നിറുത്തി നടുവിൽഉണങ്ങി വിശാലമായ ഒരു മാർഗ്ഗം തുറക്കുവാനും ആ വടി കാരണമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രമേ അതെല്ലാം ഉണ്ടാവുകയുള്ളുവെന്നു പറയേണ്ടതില്ല. അതുകൊണ്ടുതന്നെയാണ് ഇങ്ങിനെയുള്ള സംഭവങ്ങൾ വിവരിക്കുന്നിടത്തെല്ലാം ‘നാം വഹ്‌യു കൊടുത്തു’(أَوْحَيْنَا) എന്നും,’നാം പറഞ്ഞു’(قُلْنَا) എന്നും, മറ്റുമുള്ള ചില വാക്കുകൾ അല്ലാഹു പറഞ്ഞു കാണുന്നതും. മൂസാനബി (عليه الصلاة والسلام) അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടം അനുസരിച്ചല്ല ആ വടി ഉപയോഗപ്പെടുത്തിയിരുന്നതു എന്നു സാരം. ഇതു ഒരു അസാധാരണ സംഭവമായതു കൊണ്ടുതന്നെയാണ്, ഈ സംഭവത്തെപ്പറ്റി إِنَّ فِي ذَٰلِكَ لَآيَةً (നിശ്ചയമായും അതിൽ ദൃഷ്ടാന്തമുണ്ട്) എന്നും അല്ലാഹു പറയുന്നത്. സൂറത്തു: ശുഅറാഇൽ – മൂസാനബിയുടെ മാത്രമല്ല – ഇബ്രാഹീം, നൂഹ്, സ്വാലിഹ്, ഹൂദ്, ലൂത്ത്വ്, ശുഐബ് എന്നീ നബിമാരുടേയും (عليهم السلام) അവരുടെ ജനങ്ങളുടെയും കഥകൾ വിവരിച്ചശേഷമെല്ലാം ഈ വാക്യം അല്ലാഹു ആവർത്തിച്ചാവർത്തിച്ചു പറയുന്നതുകാണാം. ഇതെല്ലാം എന്തിനായിട്ടാണെന്ന് മനസ്സാക്ഷിയോടുകൂടി ആലോചിച്ചു നോക്കുന്നവർക്കറിയാം ഈ വാസ്തവം.
ഇസ്രാഈല്യർ സമുദ്രം കടന്നുപോയതിനെക്കുറിച്ച് : ‘ബനൂ ഇസ്രാഈലിനേയും കൊണ്ടു നാം സമുദ്രം വിട്ടു കടന്നു’- അഥവാ അവരെ നാം സമുദ്രം വിട്ടുകടത്തി (وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ -الاعراف) എന്നും, ‘നാം നിങ്ങളെയും കൊണ്ട് സമുദ്രം പിളർന്നു; അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ഫിർഔന്റെ കൂട്ടരെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കെ, മുക്കി നശിപ്പിക്കുകയും ചെയ്തു.’ (وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ ﴿البقرة: ٥٠﴾) എന്നും മറ്റുമാണ് അല്ലാഹു പറയുന്നത്. അതേസമയത്തു ഫിർഔനെയും കൂട്ടരെയും സംബന്ധിച്ചു അല്ലാഹു പറയുന്നതു എങ്ങിനെയാണെന്നു നോക്കുക:
1. ‘നാം അവരെ സമുദ്രത്തിൽ മുക്കി നശിപ്പിച്ചു’. (فَأَغْرَقْنَاهُمْ فِي الْيَمِّ ﴿الأعراف: ١٣٦﴾).
2. ‘പിന്നെ നാം മറ്റേവരെ മുക്കിക്കൊന്നു.’ (ثُمَّ أَغْرَقْنَا الْآخَرِينَ ﴿الشعراء: ٦٦﴾)
3. ‘മറ്റേകൂട്ടരെ നാം അവിടെ വെച്ച് അടുപ്പിച്ചു.’ (وَأَزْلَفْنَا ثَمَّ الْآخَرِينَ ﴿الشعراء: ٦٤﴾)
4.’നാം അവരെ കടലിൽ എറിഞ്ഞു.’ (فَنَبَذْنَاهُمْ فِي الْيَمِّ ﴿القصص: ٤٠﴾)
5. ഫിർഔന്റെ കൂട്ടരിൽ കഠിന ശിക്ഷ വലയം ചെയ്തു. (وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ ﴿المؤمن: ٤٥﴾)
ഏതെങ്കിലും ഒരു സ്ഥലത്തു ‘ഇസ്രായീല്യർ രക്ഷപ്പെട്ടു’വെന്നോ, ‘അവർ സമുദ്രം കടന്നു’വെന്നോ അല്ലെങ്കിൽ ‘ഫിർഔനും കൂട്ടരും മുങ്ങിമരിച്ചു’വെന്നോ, ‘സമുദ്രത്തിൽ വീണു പോയി’ എന്നോ പറയുന്നില്ല. എല്ലാം അല്ലാഹു ചെയ്തതാണെന്നത്രെ പറഞ്ഞുകാണുക. ഇതെല്ലാം, ഒരു പ്രത്യേക ഉദ്ദേശവും കൂടാതെ, വെറുതെയങ്ങു പറയുന്നതാണോ? ഇവിടെയെല്ലാം ഫിർഔനും കൂട്ടരും കയത്തിൽ വീണു മരിക്കുകയാണുണ്ടായതെന്നും, ഇസ്രാഈല്യർ തപ്പിത്തടഞ്ഞു അക്കരെ പറ്റിയതാണെന്നും അർത്ഥം കൽപ്പിക്കുവാൻ ഒരുമ്പെടുകയാണെങ്കിൽ, പിന്നെ – ഖുർആനിലാകട്ടെ, മറ്റേതെങ്കിലും ഗ്രന്ഥത്തിലാകട്ടെ – വിവിധ രൂപത്തിൽ വാചകങ്ങൾ പ്രയോഗിക്കുന്നതിലുണ്ടോ വല്ല പ്രയോജനവും?! ഓരോ സന്ദർഭത്തിലും അതതിനനുസരിച്ച വാക്കുകൾ അല്ലാഹു പ്രയോഗിച്ചു കാണുന്നതു നമ്മെ ചിന്തിപ്പിക്കുവാൻ വേണ്ടിയാകുന്നു.
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ – الأعراف: ١٣٨ (ഇസ്രാഈൽ സന്തതികളെയും കൊണ്ട് നാം സമുദ്രം വിട്ടുകടന്നു) എന്ന ആയത്തിനു ഇക്കൂട്ടർ നൽകുന്ന അർത്ഥം: ’ഇസ്രാഈല്യരെയും കൊണ്ട് നാം സമുദ്രത്തിന്റെ മുകളിലൂടെ കടന്നുപോയി’ എന്നാണ്. ‘ജാവസ’ (جَاوَز) എന്ന പദം ‘മുകളിലൂടെ കടന്നുപോകുമ്പോൾ’ മാത്രമാണ് ഉപയോഗിക്കുക എന്നും ഇവർ സമർത്ഥിക്കുന്നു. ഈ നിയമവും ഇവരുടെ സ്വന്തംവകയായിരിക്കുവാനേ തരമുള്ളൂ. കാരണം ‘ജാവസ’യുടെ അർത്ഥം, അതിനടുത്തു പറഞ്ഞ കർമ്മത്തെ (مفعول) ‘വിട്ടുകടന്നു’, അല്ലെങ്കിൽ ‘കടന്നുപോയി’ (تعدية) എന്നാകുന്നു. ’അൻ’ (عن) എന്ന അവ്യയം അതിനോടു ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ‘വിട്ടു കൊടുത്തു’ എന്നും, ‘മാപ്പുചെയ്തു’ എന്നും അർത്ഥം വരും. മുകളിലൂടെ കടന്നുപോകുന്നതിലും ഉപയോഗിക്കാമെന്നല്ലാതെ, അങ്ങിനെത്തന്നെ ആയിക്കൊള്ളണമെന്ന് നിബന്ധനയില്ല. എനി, അതും സമ്മതിച്ചു കൊടുത്താൽ തന്നെ, സമുദ്രത്തിനുമീതെ ഇസ്രാഈല്യർ കടന്നുപോയിട്ടുണ്ടോ? അങ്ങിനെ ഇക്കൂട്ടർക്കും വാദമില്ലല്ലോ. അഥവാ അതവർ സമ്മതിച്ചില്ലെങ്കിൽ, അതും ഒരു അമാനുഷിക ദൃഷ്ടാന്തമായിത്തീരുന്നതാണ്. മുങ്ങിച്ചാവാൻ തക്ക വെള്ളമില്ലെങ്കിലും – ചിലയിടങ്ങളിലെങ്കിലും – അവർ വെള്ളത്തിൽ ഇറങ്ങിക്കടക്കേണ്ടി വന്നിട്ടുണ്ടെന്നു ഇവർ പറയുന്നുണ്ടല്ലോ. അപ്പോൾ ചുരുങ്ങിയപക്ഷം, ചിലേടത്തു വെള്ളത്തിൽ ഇറങ്ങിയും, ചിലേടത്തു മണൽത്തിട്ടുകളുടെ മുകളിൽ കൂടിയും കടന്നു പോയിരിക്കണം. എനി, അല്ലാഹു പറയുന്ന രൂപത്തിലാണെങ്കിലോ? ഇസ്രാഈല്യർ ഇറങ്ങിക്കടന്ന വഴി ഉണങ്ങിയതും, (يَبَسًا) തുറന്നു വിശാലമായതും, (رَهْوًا) കൂടി ആയിരുന്നുതാനും. (*) അപ്പോൾ, അവർ കടന്നുപോയതു സമുദ്രത്തിന്റെ മീതെയല്ല, കേവലം അടിയിൽക്കൂടി (സമുദ്രത്തിന്റെ അടിതാനത്തുകൂടി) ആയിരിക്കുവാനേ തരമുള്ളൂ . جاوزت احمد എന്നു പറഞ്ഞാൽ, ‘ഞാൻ അഹ്മദിനെ വിട്ടു അപ്പുറം കടന്നു’ വെന്നല്ലാതെ ‘അഹ്മദിന്റെ മുകളിൽ കൂടി കടന്നുപോയി’ എന്നു അർത്ഥമായിക്കൊള്ളണമെന്നില്ലല്ലോ.
(*) ഈ രണ്ടു വാക്കുകളുടെയും വിവരണം താഴെ വരുന്നുണ്ട്.
എനി നമുക്ക് മൂസാ (عليه الصلاة والسلام) വടികൊണ്ട് അടിച്ചപ്പോൾ സംഭവിച്ചതു എന്തായിരുന്നുവെന്നു നോക്കാം . അതിനെപ്പറ്റി ശുഅറാഇൽ അല്ലാഹു പറഞ്ഞ വാക്കു فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ ﴿الشعراء: ٦٣﴾ എന്നാണല്ലോ .അതെ, അപ്പോൾ, സമുദ്രം പിളർന്നു; മാത്രമല്ല, എന്നിട്ട് ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണ പോലെ ആകുകയും ചെയ്തു. ഇവിടെ ‘പിളർന്നു’ എന്നു നാം അർത്ഥം കൊടുത്തത് انفَلَقَ (ഇൻഫലഖ)എന്ന വാക്കിനും ‘പിളർപ്പു’ എന്നു അർത്ഥം കല്പിച്ചതു ‘ഫിർഖു’ (فِرْق) എന്ന വാക്കിനുമാണ്. ‘ഫിർഖ്’ എന്ന പദത്തിന് ‘പിളർപ്പു’, വേറിട്ടു നിൽക്കുന്നതു, വിഭാഗം, വലിയ ആട്ടിൻകൂട്ടം, ശിശുക്കളുടെ വിഭാഗം’ എന്നൊക്കെയാണ് പ്രധാന നിഘണ്ടുക്കളിൽ അർത്ഥം കാണുന്നത്. വല്ല നിഘണ്ടുവിലും – ഇവർ പറയുന്നതു പോലെ- വെറും ‘ആൾക്കൂട്ടം’ എന്നുള്ള അർത്ഥവും കൂടി കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ, അതു ഇവിടെ ഒരിക്കലും യോജിക്കുകയില്ലെന്നു വഴിയേ മനസ്സിലാക്കാവുന്നതാകുന്നു.
ഖുർആനിലെ വാക്കുകൾക്കുവേണ്ടി പ്രത്യേകം എഴുതപ്പെട്ട നിഘണ്ടുവാണ് ഇമാം റാഗിബിന്റെ മുഫ്റദാത്ത്(المفردات فى غريب القرآن للإمام الراغب – رح) ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിൽ അദ്ദേഹം فرق: فلق (ഫർഖ്, ഫൽഖ്) എന്നിവയെപ്പറ്റി ഇങ്ങനെ പറയുന്നതു കാണാം:–
الفرق يقارب الفلق لكنّ الفلق يقال اعتبارا بالانشقاق والفرق يقال اعتبارا بالانفصال قال وإذ فرقنا بكم البحر والفرق القطعة المنفصلة’-مفردات الراغب
(‘ഫർഖ്’ എന്ന പദം ‘ഫൽഖ്’ എന്ന പദവുമായി അടുപ്പമുള്ളതാണ്. പക്ഷേ ‘ഫൽഖ'(فلق) പിളർപ്പിനെ പരിഗണിച്ചും; ’ഫർഖ്'(فرق) വേറിട്ടു നിൽക്കുന്നതിനെ പരിഗണിച്ചും പറയപ്പെടുന്നു. ‘നിങ്ങളെയും കൊണ്ട് സമുദ്രത്തെ പിളർന്നു’ (وَإِذْ فَرَقْنَا بِكُمُ الْبَحْرَ) എന്നു അല്ലാഹു പറയുന്നു. ഫിർഖ (فرق) എന്നാൽ വേറിട്ടു നിൽക്കുന്ന ഭാഗം ആകുന്നു. അദ്ദേഹം തുടർന്നുകൊണ്ട് ഇങ്ങിനെ പറയുന്നു:
الفلق: شق الشيء وإبانة بعضه عن بعض. يقال: فلقته فانفلق
(ഫൽഖ് എന്നാൽ ഒരു വസ്തു പിളർക്കുകയും അതിന്റെ ഒരു ഭാഗം മറ്റേ ഭാഗത്തുനിന്നു വേർപെടുത്തുകയുമാകുന്നു. ’ഫലഖ്തുഹു ഫൻഫലഖ‘ (ഞാൻ അതു പിളർത്തി അപ്പോൾ അതു പിളർന്നു) എന്നു പറയപ്പെടുന്നതാണ്.)
ഇക്കാലത്ത് പ്രസിദ്ധിനേടിയ ഒരു ആധുനിക അറബി നിഘണ്ടുവാണ് ‘മുൻജിദ് ‘(المنجد). അതിലും തന്നെ ” فَلَقَ الشيءَ: شَقَّهُ” എന്നും انفلق: انشق” എന്നും കാണാം. ‘ഫലഖ്’ എന്നാൽ പിളർത്തി എന്നും, ‘ഇൻഫലഖ’ എന്നാൽ പിളർന്നു എന്നും സാരം. അറബി നിഘണ്ടുക്കളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖാമൂസ് (القاموس) അതിലും ഇങ്ങിനെ കാണാം: وإذ فرقنا بكم البحر » أي فلقناه നിങ്ങളെയും കൊണ്ട് നാം സമുദ്രം ‘ഫർഖു’ ചെയ്തു എന്നു പറഞ്ഞാൽ പിളർത്തി എന്നാണർത്ഥമെന്നു സാരം. മുൻജിദിലെയും ഖാമൂസിലെയും വാചകങ്ങളിൽ നിന്നു ‘ഫലഖ’ക്കു ‘പിളർത്തി’ എന്നും, ‘ഇൻഫലഖ’ക്ക് ‘പിളർന്നു’ എന്നുമാണ് അർത്ഥം എന്ന് വ്യക്തമായി. മൂസാ (عليه الصلاة والسلام) വടികൊണ്ടു അടിച്ചപ്പോൾ സമുദ്രം പിളർന്നിട്ടുണ്ടെന്നും, ഓരോ പിളർപ്പും വലിയ മലന്തിണ്ണപോലെ ആയിരുന്നുവെന്നും, സൂ:ശുഅറാഇൽ നിന്നു മേലുദ്ധരിച്ച ആയത്തിന് അര്‍ത്ഥം കൊടുക്കാതിരിക്കുവാൻ ന്യായമില്ലെന്നു ഇപ്പോൾ ആർക്കും മനസ്സിലാക്കാം.
സൂ: അൽബഖറഃ 50 ൽ وَإِذْ فَرَقْنَا بِكُمُ الْبَحْرَ (നാം നിങ്ങളെയും കൊണ്ട് സമുദ്രം പിളർന്നു) എന്നു പറഞ്ഞതിൽ ‘ഫറഖ’ യുടെ അർത്ഥം ‘പിളർന്നു‘ എന്നാണെന്നു ‘മുഫ്‌റദാത്തി’ന്റെയും ‘ഖാമൂസി’ന്റെയും വാചകങ്ങളിൽ കണ്ടുവല്ലോ. എന്നാൽ, ഈ പുത്തൻ വ്യാഖ്യാനക്കാർ ഈ വാക്യത്തിനു കൊടുക്കുന്ന അർത്ഥവ്യാഖ്യാനം വളരെ വിചിത്രമാണ്! ‘കുറെ’ ആളുകൾ ഒന്നായിച്ചേർന്നു പുഴയോ മറ്റോ കടക്കുമ്പോൾ അവർ കടന്നുപോകുന്ന സ്ഥലത്തെ വെള്ളം കാണുകയില്ല. വെള്ളം രണ്ടായി പിളർന്നപോലെ തോന്നുമല്ലോ. ഇതുപോലെ, ഇസ്രാഈല്യർ സമുദ്രം കടന്നുപോകുമ്പോൾ സമുദ്രം രണ്ടായി പിളർന്നപോലെ തോന്നി’ എന്നാണത്രെ ആയത്തിന്റെ ഉദ്ദേശ്യം! سبحان الله. ‘ഖുർആനാണ് ഏറ്റവും പ്രമാണയോഗ്യമായ ചരിത്രഗ്രന്ഥം’ എന്നും ‘ഖുർആൻ ഒരു വിഷയം ഒരു സ്ഥലത്തു വ്യക്തമായും, മറ്റൊരു സ്ഥലത്തു അവ്യക്തമായും പറഞ്ഞാൽ, വ്യക്തമായി പറഞ്ഞതനുസരിച്ചു മറ്റേസ്ഥലം വിശദീകരിക്കണ’മെന്നും ഇക്കൂട്ടരും സമ്മതിച്ചു കാണാറുണ്ട്. ഈ വ്യാഖ്യാനം മുമ്പിൽവെച്ചുകൊണ്ട് ഒന്നു ആലോചിച്ചു നോക്കുക: ഖുർആന്റെ സുവ്യക്തങ്ങളായ പ്രസ്താവനകളെ ഇവർ വ്യാഖ്യാനിച്ച് അവ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ആർക്കും കാണാവുന്നതാണ്! ‘വടി കൊണ്ട് അടിച്ചപ്പോൾ സമുദ്രം പിളർന്നു, ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ ആയി’ എന്നും,’നാം നിങ്ങളേയും കൊണ്ടു സമുദ്രം പിളർന്നു’ എന്നും അല്ലാഹു പറയുന്നു. ‘അധികം ആളുകൾ ഒന്നിച്ചു കടന്നുപോയപ്പോൾ സമുദ്രം പിളർന്നതുപോലെ തോന്നിയതാണ് – സമുദ്രം പിളർന്നിട്ടൊന്നുമില്ല -എന്നു ഇവരും പറയുന്നു. ഈ രണ്ടിൽ ഏതാണ് വ്യക്തമായതെന്നു ബുദ്ധിയുള്ളവരെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ‘ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ (فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ) ആയി’ എന്നു അല്ലാഹു പറഞ്ഞു. ഇതിൽനിന്നു സമുദ്രജലം ഇരുഭാഗത്തേക്കും വളരെ ഉയരത്തിൽ ചിറച്ചുനിന്നുവെന്നാണോ നാം മനസ്സിലാക്കേണ്ടതു, – അതല്ല – അധികം ആളുകൾ ഒന്നായി വെള്ളത്തിൽ ഇറങ്ങിപ്പോയപ്പോൾ വെള്ളം ശക്തിയായി ഓളം വെട്ടുന്നുണ്ടായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്? മനസ്സാക്ഷിയുള്ളവർ ചിന്തിച്ചു നോക്കുക.!
‘എല്ലാ ഓരോ പിളർപ്പും- അല്ലെങ്കിൽ ഓരോ വിഭാഗവും- മലപോലെ ആയി’ എന്നു അല്ലാഹു പ്രസ്താവിച്ചതിന്റെ സാരം-ഇവരുടെ വാദമനുസരിച്ചു – ഫിർഔന്റെ ആൾക്കൂട്ടവും, മൂസാനബിയുടെ ആൾക്കൂട്ടവും മലപോലെ ആയി എന്നാകുന്നു. അതേസമയത്തു ‘മുപ്പതോ നാല്പതോ പട്ടാളമുണ്ടായാലും മതി, ഇസ്രായീല്യരെ പണിതീർക്കുവാൻ'(*) എന്നും ചിലപ്പോൾ ഇവർ പറഞ്ഞുകാണുന്നു. എന്നിരിക്കെ, വമ്പിച്ച മലന്തിണ്ണയോടു ഉപമിക്കുന്നതു പോകട്ടെ, ഒരു ചെറിയ കുന്നിനോടെങ്കിലും അവരെ ഉപമിക്കാൻ പറ്റമോ? അല്ലെങ്കിൽ സാമാനങ്ങൾ മേൽക്കുമേൽ കുന്നുകൂടുന്നതുപോലെയായിരിക്കുമോ, സമുദ്രത്തിൽ ആളുകൾ പരന്നു നടക്കുന്നത്?! വാസ്തവത്തിൽ, സമുദ്രത്തിൽ നിരന്ന ആൾക്കൂട്ടത്തെ ഉപമിക്കേണ്ടതു പരന്ന മൈതാനത്തോടാണ് – മലയോടല്ല. ഖുർആനിൽ വ്യക്തമായ ഭാഷയിൽ പറഞ്ഞതു മുഴുവനും – അതെത്രതന്നെ അസാധാരണമായിരുന്നാലും -അപ്പടി ശരിയായിരിക്കുമെന്നു വിശ്വസിക്കുവാൻ സാധിക്കുന്നവർക്കേ ഇത്തരം ദുർവ്യാഖ്യാനങ്ങളുടെ ഗൗരവം ഊഹിക്കുവാൻ സാധ്യമാവുകയുള്ളൂ. اللهم الهمنا السداد والصواب
(*) ഇതിനെപ്പറ്റിയും താഴെ കാണാവുന്നതാണ്.
എനി, സമുദ്രത്തിൽ മൂസാനബി (عليه الصلاة والسلام) വടികൊണ്ട് അടിച്ചപ്പോൾ തുറന്നു കിട്ടിയ വഴിയെപ്പറ്റി ആലോചിക്കാം. ത്വാഹാ 77ൽ ഈ വഴിയെപ്പറ്റി ‘ഉണങ്ങിയ വഴി’ (يَبَسًا) യെന്നും സൂറഃ ദുഖാൻ 24ൽ ‘തുറന്നു വിശാലമായത്’ (رَهْوًا) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇക്കൂട്ടർ പറയുന്നത്: ‘മൂസാനബിയും ജനതയും കടന്നുപോയ സ്ഥലത്ത് സമുദ്രം അധികം ആഴമുണ്ടായിരുന്നില്ല; മണൽതിട്ടുകളും വെള്ളവും ഇടകലർന്ന – താണും പൊന്തിയും കിടക്കുന്ന സ്ഥലങ്ങളിൽക്കൂടി വടികൊണ്ടു തപ്പിത്തടഞ്ഞു കൊണ്ടാണ് അവർ രക്ഷപ്പെട്ടതു’ എന്നാണല്ലോ. ഇതിലേക്കു തെളിവായി – ‘വളരെ ശ്രദ്ധേയമായതു’- എന്നു അഭിമാനിച്ചും കൊണ്ട് – ഇവർ കൊണ്ടുവരുന്ന ഒന്നാണ് റഹ് വൻ (رَهْوًا) എന്ന വാക്ക്. ‘ഉയർന്നും താഴ്ന്നും കിടക്കുന്ന സ്ഥലം’ എന്നു ഈ വാക്കിനു അർത്ഥമുണ്ടെന്നും, പ്രധാന നിഘണ്ടുവായ ‘ഖാമൂസിൽ’ ഈ അർത്ഥം കാണാമെന്നും ഇവർ ജൽപ്പിക്കുന്നു. ‘ശ്രദ്ധേയമായ’ ഈ ജൽപനം എത്രമാത്രം അബദ്ധം കലർന്നതാണെന്നു വായനക്കാർക്കു മനസ്സിലാക്കുവാനായി, സാധാരണ തഫ്സീറുകളിലും ഖാമൂസു അടക്കമുള്ള ചില നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തുകാണുന്ന അർത്ഥങ്ങളും നമുക്കൊന്നു പരിശോധിക്കാം. പലതും നമുക്കതിൽനിന്നു മനസ്സിലാക്കുവാൻ കഴിയും.
رَهْوًا (റഹ് വന്‍) എന്ന വാക്കിനു തഫ്സീറുകളില്‍ അര്‍ത്ഥം
നമ്പ്ര്
|
തഫ്സീറുകളില്‍ കൊടുത്ത അര്‍ത്ഥം |
തഫ്സീറുകളില്‍ പറഞ്ഞ വാക്കുകളുടെ സാരം മലയാളത്തില്‍ |
കുറിപ്പുകള്‍ |
1.
|
سمتا |
മാര്‍ഗ്ഗം, നേരെ, ശരിയായ; |
1 മുതല്‍ 6 കൂടിയ അര്‍ത്ഥങ്ങള്‍ മുന്‍ഗാമികളായ പല മഹാന്മാരില്‍ നിന്നുമായി മഹാനായ |
2.
|
طريقا |
വഴി, മാര്‍ഗ്ഗം |
ഇബ്നുജരീര്‍ ഉദ്ധരിച്ചതാണ്. മുന്‍ഗാമികളുടെ തഫ്സീറുകളില്‍ അതിപ്രധാനമായതാണല്ലോ |
3.
|
سهلا |
എളുപ്പമായ, സൌകര്യമായ, നിരപ്പായ, വേഗമായ; |
അദ്ദേഹത്തിന്റെ തഫ്സീര്‍. |
4.
|
دمثا |
മൃദുവായ, സൗമ്യമായ |
|
5.
|
يبسا جددا |
ഉണങ്ങി നിരന്ന് ഉറച്ച് കിടക്കുന്ന |
|
6. |
طريقا يابسا |
ഉണങ്ങിയവഴി. |
|
7.
|
ساكنا ساكنا بغير تشدد
ساكنا على حالته ساكنا على هيئته يبسا كهيئته
|
ശാന്തമായ, അടങ്ങിയ, ഒതുങ്ങിയ, വിഷമം കൂടാത്ത നിലയില്‍ ശാന്തമായ
അതേ നിലയില്‍ ശാന്തമായ. അതേ വിധം ശാന്തമായ അതേ വിധം ഉണങ്ങിയ |
7-ാം നമ്പറിലെ അര്‍ത്ഥങ്ങള്‍, മഹാനായ ഇബ്നുകഥീര്‍, മറാഗീ, ശൌകാനീ, ഫരീദുവജ്ദീ, ബൈള്വാവി, ആലൂസി, റാസി, സമഖ്ശരി (കശ്ശാഫ്) എന്നീ തഫ്സീറുകളില്‍ ഉള്ളവയാണ്. |
8. |
ساكنا
|
അടങ്ങിയ, ശാന്തമായ |
ഇമാം ബുഖാരി നല്‍കിയ അര്‍ത്ഥം |
9. |
الفرجة الواسعة الفجوة الوسعة
|
വിശാലമായ വിടവു വിശാലമായ ഒഴിവു |
റാസി, കശ്ശാഫു, ബൈള്വാവീ എന്നിവയില്‍ ഈ അര്‍ത്ഥങ്ങളും പറഞ്ഞിട്ടുണ്ട്. |
10.
|
منفرجا
مفتوحا ذا فرجة
|
വിടര്‍ന്നതു, അകന്നതു
തുറന്നതു വിടവുള്ളതു, ഒഴിവുള്ളതു |
ശൗകാനീ, കശ്ശാഫു, ബൈള്വാവീ എന്നിവയില്‍ കാണാം. |
11.
|
تهما هوا | ഒതുങ്ങിയ, അകന്ന | തഫ്സീര്‍ ഹഖ്ഖാനീ (ഉര്‍ദു) |
12.
|
خشك | ഉണങ്ങിയ | തഫ്സീര്‍ ഥനാഊ (ഉര്‍ദു) |
13.
|
As a furrow (divided) | (ഇരുഭാഗത്തേക്കു പകുക്കപ്പെട്ട) ഉഴവുചാലുപോലെയുള്ള |
അല്ലാമാ യൂസുഫ് അലി (ഇംഗ്ലീഷ്). |
നിഘണ്ടുക്കളില്‍ رَهْوًا (റഹ്-വന്‍) എന്നതിന്റെ അര്‍ത്ഥം
നിഘണ്ടു |
അര്‍ത്ഥം |
വാചകങ്ങളുടെ സാരം |
കുറിപ്പ് |
مفردات الراغب (മുഫ്റദാത്ത് – റാഗിബ്)
|
(رهو) وازك البحر رهوا اي ساكنا وقيل سعة من الطريق وهو الصحيح الخ الرهو) طائر يشبه الكركي) |
(റഹ്വു): ‘സമുദ്രത്തെ റഹ്-വാ’യി വിട്ടുപോകുക’ (ഖു.ശ.)
അതായതു: ശാന്തമായ നിലയില്‍. ‘വഴിയില്‍നിന്നും വിശാലമായ നിലയില്‍’ എന്നും അര്‍ത്ഥം പറയപ്പെട്ടിട്ടുണ്ട്. ഇതാണ് ശരിയായിട്ടുള്ളതു….. [റഹ്-വു] എന്നാല്‍ ‘കുര്‍കീ’ (കൊക്കു – Crane) പോലെയുള്ള ഒരു പക്ഷി….. |
|
റഹ്-വും |
(_والرهوة) الجماعة من الناس – المكان المرتقع او المنخفض بئر رهوا : واسعة الفم ….. غارة رهو : متتابعة |
[റഹ്-വും, റഹ്വത്തും]: മനുഷ്യരുടെ കൂട്ടം, ഉയര്‍ന്ന – അല്ലെങ്കില്‍ താഴ്ന്ന – സ്ഥലം [റഹ്-വായ കിണര്‍] എന്നു പറഞ്ഞാല്‍ വായ (മുഖം) വിശാലമായ കിണര്‍……
[റഹ്-വായ ഗുഹ] എന്നു പറഞ്ഞാല്‍ തുടരെയുള്ള ഗുഹ എന്നര്‍ത്ഥം. |
മുന്‍ജിദില്‍ “_” ഈ വരയിടുന്നതു, ആദ്യം അര്‍ത്ഥം പറയപ്പെട്ട പദം വീണ്ടും ആവര്‍ത്തിച്ചു പറയുന്നതിന്റെ സൂചനയായിട്ടാകുന്നു. (والرهوة _) അപ്പോള്‍, (الرهو والرهوة)എന്നതു എന്നു വായിക്കണമെന്നു സാരം. |
القاموس المحيط (ഖാമൂസ്)
|
(الرهو) الفتح بين الرجلين والسير الهل والمكان المرتفع والمنخفض كالرهوة فيهما ضد… والجماعة من الناس ونشر الطائر جناحية والسكون
|
(റഹ്-വു) എന്നാല്‍ രണ്ടു കാലുകള്‍ക്കിടയിലുള്ള ഒഴിവും, വേഗത്തിലുള്ള നടത്തവും, ഉയര്‍ന്ന സ്ഥലവും, താഴ്ന്ന സ്ഥലവും ആകുന്നു. ഈ (ഒടുവിലത്തെ രണ്ടു അര്‍ത്ഥത്തിലും ‘റഹ്-വത്തു’ എന്ന വാക്കും ഇതുപോലെത്തന്നെ. വിപരീതാര്‍ത്ഥമുള്ള പദമാകുന്നു…..
മനുഷ്യരുടെ സംഘവും, പക്ഷി അതിന്റെ ചിറകുകള്‍ വിടര്‍ത്തലും, ഒതുക്കവും. (ഇങ്ങിനെയും അര്‍ത്ഥമുണ്ട്). |
ഖാമൂസില്‍ ‘റഹ്-വത്തുപോലെ’ (كالرهوة)എന്നും വിപരീതാര്‍ത്ഥമുള്ളതു’ (ضد) എന്നും പറഞ്ഞതിനെക്കുറിച്ചു
വഴിയെ വിവരിക്കുന്നുണ്ട്. |
الفرائد الدرية (ഫറാഇദു-ദുര്‍-രിയ്യ)
|
Crane رهو ج رهاء (bird) crowd of men. |
‘റഹ്-വു’: ബഹുവചനം റിഹാഉ്: കൊക്ക് (പക്ഷി) ജനക്കൂട്ടം. | ‘ഫറാഇദു-ദുര്‍-രിയ്യ’ എന്ന ഈ നിഘണ്ടുവിലും തന്നെ, മുന്‍ജിദിലേതുപോലെ __ എന്ന വര ആദ്യം പറഞ്ഞ പദം ആവര്‍ത്തിക്കുന്നതിനു തുല്യമാണ്. |
رهوة _ Depressed – or elevated ground He has فعله رهوا done it easily |
‘റഹ്-വും റഹ്-വത്തും’ (രണ്ടായാലും) താണ സ്ഥലം, അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലം എന്നാണ്.’ അവന്‍ അതു റഹ്-വായി ചെയ്തു’ എന്നു പറഞ്ഞാല്‍, ലഘുവായി ചെയ്തുവെന്നര്‍ത്ഥം. |
വായനക്കാർ ചില സംഗതികൾ മനസ്സിരുത്തേണ്ടതുണ്ട്:
(1) ഒരേ പദത്തിനുതന്നെ ചിലപ്പോൾ പരസ്പര വിരുദ്ധങ്ങളായ അർത്ഥങ്ങൾ വരാറുണ്ട്. ആ അർത്ഥങ്ങളിലെല്ലാം ഒരേ സമയത്ത് ആ വാക്ക് ഉപയോഗിക്കപ്പെടുകയില്ല.
(2) ഉയർന്ന സ്ഥലത്തിനോ, അല്ലെങ്കിൽ താഴ്‌ന്ന സ്ഥലത്തിനോ അല്ലാതെ, (ഉയർന്നും താഴ്ന്നും കിടക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ) ‘റഹ്‌വ്’ എന്ന പദവും, ‘റഹ് വത്ത്’ എന്ന പദവും (الرهو والرهوة) വരികയില്ല. അതു കാണിക്കുവാനാണ് മുൻജിദിൽ ٲو (അല്ലെങ്കിൽ) എന്നും ‘ഫറാഇദി’ൽ or (അല്ലെങ്കിൽ) എന്നും, ആ രണ്ടു വാക്കുകൾക്കിടയിൽ കൊടുത്തിരിക്കുന്നത്. ഖാമൂസിലാകട്ടെ, ഇതിനുപകരം ضد (വിപരീതം) എന്നാണ് പറഞ്ഞത്. അതായത്: ആ രണ്ടു പദവും തന്നെ ‘ഉയർന്നസ്ഥലം’ എന്നും ‘താഴ്‌ന്ന സ്ഥലം’ എന്നും വിപരീതാർത്ഥങ്ങൾ ഉള്ളവയാണ് എന്നു സാരം.
(3) ഇപ്പറഞ്ഞതിൽ നിന്ന് ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്ന ഇക്കൂട്ടരുടെ ചില കൃത്രിമങ്ങൾ – അല്ലെങ്കിൽ അജ്ഞത – സ്പഷ്ടമാകുന്നതാണ്. ‘റഹ് വി’ന്റെ അർത്ഥം മാറ്റി തങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുവാനായി ‘ഖാമൂസി’ലെ വാചകത്തിൽനിന്നു തങ്ങൾക്കനുകൂലമാണെന്നു തോന്നുന്ന ഒരു ഭാഗം മാത്രം ഉദ്ധരിച്ചു കൊണ്ട് ‘ഉയർന്നതും താഴ്‌ന്നതുമായ സ്ഥലം’ എന്നു ഇവർ അതിനു അർത്ഥം നിശ്ചയിക്കുന്നു. ‘റഹ് വത്തി’ൽ മാത്രമേ വിപരീതാർത്ഥം വരികയുള്ളൂ; ‘റഹ്-വി’നു രണ്ടുംകൂടി ചേർന്നുള്ള അർത്ഥമാണുള്ളത് എന്നും ‘ മുൻജിദി’ലും അപ്രകാരം കാണാം എന്നും മറ്റും ഇവർ ജൽപിച്ചു കാണാറുണ്ട്. ഈ ജൽപനങ്ങളെപ്പറ്റി ഇപ്പോൾ വായനക്കാർക്ക് വിധി പറയാവുന്നതാണ്. وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ (അല്ലാഹു എല്ലാം കണ്ടു കൊണ്ടിരിക്കുന്നു).
رَهْوًا (റഹ്‌വൻ) എന്ന പദത്തിന്റെ ശരിയായ ഉദ്ദേശ്യം, തുറന്ന് വിശാലവും ശാന്തവുമായത് എന്നാണെന്നു മേൽ കണ്ട ഉദ്ധരണികളിൽ നിന്നു വായനക്കാർക്ക് നല്ലപോലെ മനസ്സിലായല്ലോ. എനി ഈ പദം ഉപയോഗിച്ചു കൊണ്ട് അല്ലാഹു പറഞ്ഞ വാക്യത്തിലേക്കു നോക്കാം. സൂറ: ദുഖാൻ 23-24 ൽ അല്ലാഹു മൂസാ നബിയോടു ഇപ്രകാരം പറയുന്നു :
فأسر بعبادي ليلا إنكم متّبعون واترك البحر رهوا انهم جند مّغرقون- الدخان
(നീ എന്റെ അടിയാന്മാരേയും കൊണ്ട് ഒരു രാത്രിയിൽ കടന്നുപോകുക. നിശ്ചയമായും നിങ്ങൾ പിൻതുടരപ്പെടുന്നവരായിരിക്കും. സമുദ്രത്തെ തുറന്നു കിടക്കുന്ന നിലയിൽ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും അവർ – ഫിർഔന്റെ കൂട്ടർ – മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സേനയാകുന്നു). സൂറത്തു ത്വാഹാ 77ൽ അല്ലാഹു പറഞ്ഞു: ‘ഉണങ്ങിയ ഒരു വഴി സമുദ്രത്തിൽ നീ അവർക്കു ഏർപ്പെടുത്തിക്കൊടുക്കുക’ എന്ന്.
അപ്പോൾ: (1) മൂസാനബി വടികൊണ്ടു സമുദ്രത്തിൽ അടിച്ചാൽ തുറന്നുകിട്ടുന്ന വഴി ഉണങ്ങിയതായിരിക്കും; (2) ആ വഴിയിൽകൂടി അവർ അക്കരെ പറ്റുമ്പോഴേക്കും ഫിർഔനും കൂട്ടരും അവരുടെ പിന്നാലെ വന്നു ആ വഴിയിലൂടെ പ്രവേശിക്കും; (3) അതിനായി ആ തുറന്നുകിട്ടിയ മാർഗ്ഗം അങ്ങനെ തുറന്നു വിശാലമായും, ശാന്തമായും കൊണ്ടുതന്നെ കിടക്കണം. അഥവാ അവർ പ്രവേശിക്കുംമുമ്പ് ആ മാർഗ്ഗം അടഞ്ഞുപോയിക്കൂടാ.. ഇത്രയും സംഗതികൾ ഈ വചനങ്ങളിൽ നിന്നു വ്യക്തമാണ്. ഇസ്രാഈല്യർ അക്കരപറ്റിയശേഷം, ഫിർഔനും കൂട്ടരും പിന്നാലെ വരുന്നതുകണ്ട് ഭയപ്പെട്ട് സമുദ്രം പഴയപടി തമ്മിൽ കൂടിച്ചേർന്നാൽ നന്നായിരുന്നുവെന്ന് മൂസാനബി ആഗ്രഹിക്കുമ്പോഴാണ് ‘ സമുദ്രത്തെ തുറന്നുകിടക്കുന്ന നിലയിൽ വിട്ടുപോകണ’മെന്നു അല്ലാഹു പറഞ്ഞതെന്ന് ഖത്താദഃ (رحمه الله) മുതലായവർ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു.
ഈ വാസ്തവങ്ങളെ, മറച്ചുവെക്കുവാനായി നമ്മുടെ ദുർവ്യാഖ്യാനക്കാർ ‘റഹ്‌വി’ന്റെ അർത്ഥം മാറ്റുക മാത്രമല്ല ചെയ്തിരിക്കുന്നത്. വ്യാകരണപരമായ ഘടനയിലും അവർ കൃത്രിമം നടത്തിയിരിക്കുന്നു. സമുദ്രം വിട്ടു പോകുമ്പോൾ അതിന്റെ സ്ഥിതി (حال) എന്തായിരിക്കണമെന്ന് കാണിക്കുവാനാണ് ‘റഹ്‌വൻ’ എന്ന ആയത്തിൽ പറഞ്ഞത്. അല്ലാതെ സമുദ്രത്തിന്റെ ഒരു വിശേഷണം (صفة) എന്ന നിലക്കല്ല. സമുദ്രത്തിന്റെ വിശേഷണമായിരുന്നെങ്കിൽ വ്യാകരണമുറയനുസരിച്ചു ‘അർ-റഹ്‌വ’ (البحر الرهو) എന്നായിരുന്നു പറയേണ്ടത്. (*) ഇതെല്ലാം ഒളിച്ചുവെച്ചുകൊണ്ട് ഇവർ ആയത്തിനു അർത്ഥം പറയുന്നു: ‘ഉയർന്നും താഴ്ന്നും കിടക്കുന്ന സമുദ്രത്തെ പിന്നിട്ടുകൊണ്ട് പൊയ്‌ക്കൊള്ളുക’ എന്നു ‘റഹ്‌വി’ന്റെ വാക്കർത്ഥം ഇവർ ജൽപിച്ചതുപോലെയാണെന്ന് സങ്കൽപിച്ചാൽതന്നെയും ‘സമുദ്രത്തെ ഉയർന്നും താഴ്ന്നും കിടക്കുന്ന നിലയിൽ വിട്ടുപോകുക’ എന്നേ അർത്ഥമാക്കുവാൻ പാടുള്ളുവെന്ന് അൽപമെങ്കിലും അറബി വ്യാകരണം അറിയുന്നവർക്കറിയാം. ഇതിനുപുറമെ, സമുദ്രം ‘റഹ്‌വാ’യി ത്തീർന്നത് മൂസാനബിയുടെ ഏതെങ്കിലും ഇടപെടലിന്റെ കാരണം കൊണ്ടുണ്ടായതാകുമ്പോൾ മാത്രമേ അതിനെ ‘റഹ്‌വാ’യി വിട്ടുപോകുക എന്നു പറഞ്ഞതിൽ അർത്ഥമുള്ളൂ. നേരെമറിച്ച് സമുദ്രത്തിനു പ്രകൃത്യാ ഉള്ള ഒരു വിശേഷതയാണു ‘റഹ്‌വു’ എങ്കിൽ, അതിനെ അങ്ങിനെത്തന്നെ വിട്ടേച്ചുപോകണമെന്നു കൽപ്പിക്കുന്നതിൽ വിശേഷിച്ചു അർത്ഥമൊന്നും ഉണ്ടാകുവാനില്ല. സമുദ്രമാണെങ്കിൽ അത് താഴ്‌ന്നും പൊന്തിയും കൊണ്ടല്ല നിലകൊള്ളുന്നതെന്നും, കര മാത്രമേ ഉയർന്നും താഴ്‌ന്നും ഇരിക്കുകയുള്ളൂവെന്നും സ്പഷ്ടവുമാണ്.
(*) لأنّ من شرط الصفة ان تكون موافقة الموصوف فى التنكير و التّعريف
മൂസാ (عليه الصلاة والسلام) ഈജിപ്തിൽ നിന്ന് മുമ്പ് മദ്-യനിൽ പോയതും, അവിടെനിന്നു മടങ്ങിയതും ചെങ്കടൽ കടന്നായിരിക്കും. അതിനാൽ, അദ്ദേഹത്തിനു ആ സമുദ്രത്തിൽകൂടി കുന്നും കുണ്ടും തപ്പി കയത്തിൽ വീഴാതെ കടന്നു പോകുവാനുള്ള വഴി അറിയാം, അക്കാലത്തു ചെങ്കടൽ ഇന്നത്തെപോലെ ആഴമുണ്ടായിരിക്കയില്ല. (*) എന്നൊക്കെ ഇക്കൂട്ടർ സങ്കൽപ്പിച്ചു പറയുന്നു. ഇപ്പറഞ്ഞതിനു യാതൊരു തെളിവും ഇവർക്കില്ല. മാത്രമല്ല, ഉറ്റാലോചിക്കുന്നവർക്കു മറിച്ചാണ് തെളിവുകളുള്ളതും: (1) ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ (كَالطَّوْدِ الْعَظِيمِ) ആയി എന്നു അല്ലാഹു പറഞ്ഞുവല്ലോ. അപ്പോൾ അവയുടെ മദ്ധ്യത്തിലൂടെ നിലത്തുകൂടി തുറന്നു കിടക്കുന്ന മാർഗ്ഗം വളരെ താഴെയായിരിക്കണം. ഇതു സമുദ്രത്തിന്റെ ആഴത്തെ കാണിക്കുന്നു. (2) ചെങ്കടലും മദ്ധ്യധരണ്യാഴിയും തമ്മിൽ കൂട്ടിച്ചേർക്കുന്ന തോടാണ് സൂയസ്‌തോട്. (**) ഇതു വെട്ടിയുണ്ടാക്കപ്പെടും മുമ്പ് ആ തോടുപോകുന്ന സ്ഥലങ്ങൾക്കിടയിൽ ഒന്നിലധികം സ്ഥലത്തു കരയായി കിടപ്പുണ്ടായിരുന്നു. (***) മുൻകാലത്തു ആഫ്രിക്കാ വൻകരയും ഏഷ്യാവൻകരയും തമ്മിൽ അഥവാ ഈജിപ്തും ഫലസ്തീൻ പ്രദേശങ്ങളും തമ്മിൽ – കരയാൽ ബന്ധിക്കപ്പെട്ടിരുന്നുവെന്ന് ഭൂമിശാസ്ത്ര വിദ്യാർഥികൾക്കുപോലും അറിയാം. ഈ കരവഴിയായിരുന്നു ഫലസ്തീൻ, ശാം (കൻആൻ) എന്നീ പ്രദേശങ്ങളിൽക്കൂടി അശ്ശൂറിലേക്കും ബാബിലോണ്യയിലേക്കും ഈജിപ്തിൽനിന്നു – ഒട്ടകമാർഗ്ഗം – യാത്ര ചെയ്തിരുന്നത്. (3) യൂസുഫ് നബി (عليه الصلاة والسلام) ഈജിപ്തിലെ ഭരണാധികാരിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സഹോദരസംഘം ഭക്ഷണസാധനങ്ങൾ വാങ്ങുവാനായി ശാമിൽനിന്നു ഈജിപ്തിലേക്കു പോയതും, വന്നതും ഒട്ടകം വഴിയായിരുന്നുവെന്ന് സൂറത്തു യൂസുഫ് 65, 70, 82 എന്നീ വചനങ്ങളിൽനിന്നു മനസ്സിലാക്കാം. ഒട്ടകമാര്‍ഗ്ഗം കര വഴിക്കാണുണ്ടായിരിക്കുകയെന്നു പറയേണ്ടതില്ലല്ലോ. (4) അപ്പോൾ മൂസാനബി عليه الصلاة والسلام ഈജിപ്തിൽ നിന്നു മദ്-യനിലേക്കു പോയതും, വന്നതും ഈ കരമാർഗ്ഗങ്ങളിൽ കൂടിയായിരിക്കുവാനാണ് സാധ്യതയുള്ളതെന്നു വ്യക്തമാകുന്നു.
(*) യഥാർത്ഥത്തിൽ 4000 കൊല്ലങ്ങൾക്കുമുമ്പ് ചെങ്കടലിനു ഇന്നത്തെക്കാൾ വളരെയധികം ആഴം കൂടുതലുണ്ടായിരുന്നുവെന്നാണ് ചില യൂറോപ്യൻ ചരിത്രകാരന്മാർ പ്രസ്താവിച്ചു കാണുന്നത്.
(**) സൂയസ് തോടു ക്രി.1869ൽ തുറക്കപ്പെട്ടു. ഇതു ചെങ്കടലിന്റെ വടക്കേ അറ്റത്തുള്ള സൂയസ് പട്ടണം തുടങ്ങി മദ്ധ്യധരണ്യാഴിയിൽ, പോർട്ട് സൈദിലെത്തുന്നതുവരെ 168 കിലോമീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്നു. സൂയസ് പട്ടണം കടന്നു ചെറിയ മുർറ , വലിയ മുർറ, തിംസാഹ്, മൻസിലഃ മുതലായ തടാകങ്ങളും, കായലുകളും മുറിച്ചുകൊണ്ടാണ് തോടു പോകുന്നത്. ഇവ ഓരോന്നിനിടയിലും കരയിടുക്കുകൾ മുറിച്ചുകീറി കൊണ്ടാണ് തോടു വെട്ടിയിരിക്കുന്നത്. ഇതിൽപെട്ട തിംസാഹ് തടാകമാണ് ഇസ്രാഈല്യർ കടന്നതെന്നും ചിലർക്കു അഭിപ്രായമുണ്ട്. അല്ലാഹുവിനറിയാം.
(***) പടം നമ്പർ 9ഉം 4ഉം മറ്റും നോക്കുക.
‘മൂസാ നബി മുൻപരിചയത്തെ മുൻനിർത്തി സമുദ്രത്തിൽക്കൂടി വടിയും തപ്പിപ്പോയതുകൊണ്ട് അദ്ദേഹവും ജനതയും രക്ഷപ്പെട്ടു; ഫിർഔനിന്നും കൂട്ടുകാർക്കും വഴി പരിചയമില്ലാത്തതുകൊണ്ടും, ഇസ്രാഈല്യരെ പിടികൂടുവാനുള്ള വ്യഗ്രതയാൽ ശ്രദ്ധയില്ലാതെയും പെട്ടെന്നു കയത്തിൽ ചാടി നശിച്ചു’ എന്നാണല്ലോ ഇവരുടെ വാദം. തനി ബാലിശമായ ഈ വിവരണം ബുദ്ധിയുള്ള ഒരാൾക്കും വിശ്വസിക്കുവാൻ സാധിക്കുകയില്ല. ത്വാഹ 78-ൽ; ‘അങ്ങനെ, ഫിർഔൻ തന്റെ സൈന്യങ്ങളോടു കൂടി അവരെ പിന്‍തുടർന്നു. അപ്പോൾ സമുദ്രത്തിൽ നിന്നും അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു!’ എന്നു പറഞ്ഞതു ശ്രദ്ധാർഹമാകുന്നു. ഈ ആയത്തിൽ ‘സൈന്യങ്ങൾ’ എന്നു നാം അർത്ഥം കൊടുത്ത പദം ‘ജുനൂദ്’ (جُنُود) എന്നതാണ്. ഇതു ‘ജുൻദ്'(جُندٌ) എന്നതിന്റെ ബഹുവചനമാകുന്നു. ‘ജുൻദു’ എന്ന വാക്കുതന്നെ ഒരു പട്ടാളക്കാരനല്ല – ഒരു പട്ടാള സംഘത്തിനു പറയുന്ന വാക്കാകുന്നു. അപ്പോൾ ‘ജുനൂദു’ എന്ന വാക്കുകൊണ്ടും ഉദ്ദേശ്യം പല പട്ടാള സംഘങ്ങൾ എന്നായിരിക്കണമല്ലോ. ഇവരെല്ലാം കൂടി പെട്ടെന്ന് ഒരു കയത്തിൽ ചാടി നശിച്ചുവെന്നു പറയുവാൻ ഇവർക്കു മാത്രമേ സാധിക്കുകയുള്ളൂ. ബനൂ ഇസ്രാഈലിനേയും കൊണ്ട് രാത്രി കടന്നുപോകുവാൻ അല്ലാഹു വഹ് യു നൽകി എന്നു പറഞ്ഞശേഷം സൂറ:ശുഅറാ 53, 54ൽ ഇപ്രകാരം പറയുന്നു:
فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ ﴿٥٣﴾ إِنَّ هَـٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ ﴿٥٤﴾ – الشعراء
(അങ്ങനെ, ഫിർഔൻ നഗരങ്ങളിൽ ആളുകളെ ശേഖരിക്കുന്നവരെ അയച്ചു. ‘നിശ്ചയമായും ഇക്കൂട്ടർ കുറഞ്ഞ ആളുകളുള്ള ഒരു സംഘമാണ്. ‘ (എന്നു ഫിർഔൻ പറഞ്ഞു) ഫിർഔന്റെ സൈന്യം വളരെ അധികമുണ്ടെന്നും അതേ സമയത്തു അവരുടെ ദൃഷ്ടിയിൽ ഇസ്രാഈല്യർ നിസ്സാരമാണെന്നുമാണ് ഇതും കാണിക്കുന്നത്. അപ്പോൾ, ഫിർഔന്റെ സംഘം കേവലം 30ഓ 40ഓ മാത്രമായിരിക്കണമെന്ന് വരുത്തുവാനുള്ള ഇവരുടെ പരിശ്രമവും നിരർത്ഥമാണെന്ന് ആർക്കും ഊഹിക്കാവുന്നതാണ്.
‘അപ്പോൾ സമുദ്രം പിളർന്നു, എന്നിട്ടു ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണ പോലെയായി’ (فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ – ٦٣) എന്ന വാക്യത്തിനു ഇക്കൂട്ടർ കൽപിക്കുന്ന അർത്ഥവ്യാഖ്യാനം ‘സമുദ്രം പിളർന്നു, എന്നിട്ടു ഓരോ കൂട്ടവും – ഇസ്രാഈല്യരും, ഫിർഔന്റെ കൂട്ടരും- ഓരോ വലിയ കുന്നുപോലെ ആയി’ എന്നാകുന്നു. ഇരുകൂട്ടരും കുന്നുപോലെ കൂട്ടംകൂടിയിട്ടു പിന്നെയാണ് ഫിർഔനിന്റെ കൂട്ടരെ അല്ലാഹു അങ്ങോട്ടു അടുപ്പിച്ചതെന്നാണല്ലോ ഇതു കൊണ്ടു വരുന്നത്. ‘സമുദ്രം പിളർന്നു’ എന്നു പറഞ്ഞതിനു ഇവർ നൽകുന്ന വിവക്ഷയാണെങ്കിൽ, കുറെ ആളുകൾ കൂട്ടമായി പുഴയോ മറ്റോ കടക്കുമ്പോൾ ആ സ്ഥലത്തെ വെള്ളം രണ്ടായി പിളർന്നതുപോലെ തോന്നുമല്ലോ – അതുപോലെ തോന്നി- എന്നുമാകുന്നു. അപ്പോൾ, ഇവർ പറയുന്നതനുസരിച്ച്, ആദ്യം ഇരുകൂട്ടരും കുന്നുകൂടി നിൽക്കണം, പിന്നെയാവണം വെള്ളം പിളർന്നത്. അല്ലാഹു പറഞ്ഞതു അങ്ങിനെയല്ല- ആദ്യം സമുദ്രം പിളരുകയും, അനന്തരം ഓരോ പിളർപ്പും കുന്നുപോലെ ആകുകയും ചെയ്തുവെന്നുമാണ്. فِرْق ‘ഫിർഖ്’ എന്ന വാക്കിനു ‘ജനക്കൂട്ടം’ എന്നും ‘പിളർന്നു’ (فانفلق) എന്ന വാക്കിനു ‘പിളർന്നപോലെ തോന്നി’ എന്നും അർത്ഥം സമ്മതിച്ചു കൊടുത്താൽപോലും, അല്ലാഹു പറഞ്ഞതിന് നേരെ വിപരീതമാണ് ഇവരുടെ കഥ നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് കാണാം. എനി ഇതും സമ്മതിച്ചുകൊടുക്കുക – അപ്പോൾ മറ്റൊരു വൈരുദ്ധ്യം കാണാം.
കാരണം: സൂറ: ശുഅറാഇലെ ഈ വചനത്തെ തുടർന്ന് കൊണ്ട് അല്ലാഹു പറയുന്നതു ഇങ്ങിനെയാകുന്നു:-
وَأَزْلَفْنَا ثَمَّ الْآخَرِينَ ﴿٦٤﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ ﴿٦٥﴾ – الشعراء
(അവിടെവെച്ചു നാം മറ്റേകൂട്ടരെ – ഫിർഔന്റെ കൂട്ടരെ -അടുപ്പിക്കുകയും ചെയ്തു. മൂസായേയും അദ്ദേഹത്തിന്റെ കൂടെയുള്ളവരേയും മുഴുവൻ നാം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് മറ്റേ കൂട്ടരെ നാം മുക്കിക്കൊന്നു). അപ്പോൾ, ആദ്യം സമുദ്രം പിളർന്നു. പിന്നീടു ഓരോ പിളർപ്പും മലപോലെ ആയി, അവിടെവെച്ചു ഫിർഔന്റെ കൂട്ടർ അടുത്തുവന്നു, മൂസാ നബിയും കൂട്ടരും രക്ഷപ്പെടുകയും ചെയ്തു, എന്നിട്ടു പിന്നെയാണ് ഫിർഔന്റെ കൂട്ടരെ മുക്കി നശിപ്പിച്ചത്. അഥവാ മൂസാ നബിയും കൂട്ടരും അക്കരപററിക്കഴിഞ്ഞതിനു ശേഷമാണ് ഫിർഔനും കൂട്ടരും നശിപ്പിക്കപ്പെട്ടത്. സൂറത്തു യൂനുസ് 90 ൽ അല്ലാഹു പറയുന്നു: ‘നാം ഇസ്രാഈൽ സന്തതികളെയുംകൊണ്ടു സമുദ്രം കടന്നു, എന്നിട്ടു ഫിർഔനും അവന്റെ സൈന്യങ്ങളും അവരെ പിൻതുടർന്നു……’
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ – يونس ٩٠
ഇതിൽനിന്ന് ഇസ്രാഈല്യർ അക്കരപറ്റിയ ശേഷമാണ് ഫിർഔനും കൂട്ടരും പിന്നാലെ ചെന്നതെന്നു വ്യക്തമാണ്. ഇത്രയും പറഞ്ഞതിൽനിന്ന് ഇരുകൂട്ടരും ഒരേ അവസരത്തിൽ സമുദ്രത്തിൽ കുന്നുകൂടി നിന്നിട്ടില്ലെന്നും, അതുകൊണ്ട് മലപോലെ ആയതു രണ്ടു ‘ജനക്കൂട്ട’മല്ല – രണ്ടു ജലഭിത്തികളായിരുന്നു – എന്നും ഗ്രഹിക്കാവുന്നതാണ്.
സൂറ: അൽബഖറഃ : 50 ൽ ‘നിങ്ങളെയുംകൊണ്ടു നാം സമുദ്രത്തെ പിളർന്നു’
(وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ – البقرة: ٥٠)
എന്നു പ്രസ്താവിച്ചിട്ടുണ്ട്. ‘ഈ ആയത്തിൽ ബനൂഇസ്രാഈലിനെക്കൊണ്ടു സമുദ്രം പിളർന്നുവെന്നാണല്ലോ പറഞ്ഞത് – വടികൊണ്ടു പിളർന്നു എന്നല്ലല്ലോ. ഒരു സ്ഥലത്തു വ്യക്തമായും , മറ്റേ സ്ഥലത്തു അവ്യക്തമായും പറഞ്ഞാൽ വ്യക്തമായതു കൊണ്ടു മറ്റേതിനെ വിശദീകരിക്കണമല്ലോ’ എന്നു ഇക്കൂട്ടർ പറഞ്ഞുകാണുന്നു. ഇത് പൊതുജനങ്ങളെ മിരട്ടുവാൻ മാത്രം പോരുന്ന ഒരു ന്യായമാണ്, കാരണം:
(1) വടികൊണ്ടു സമുദ്രത്തെ അടിക്കലോ, സമുദ്രം പിളരുകയോ ഉണ്ടായിട്ടില്ലെന്നുള്ള ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇതു പറയുന്നത്. അതുകൊണ്ടു മാത്രമാണ്, ഈ ആയത്തിലെ പ്രയോഗം (നിങ്ങളേയുംകൊണ്ട് പിളർന്നു എന്ന വാക്ക്) മറ്റുള്ള ആയത്തുകളിൽ ഇതിനേക്കാൾ സ്പഷ്ടമായി വിവരിച്ച വിവരങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യക്തമായതാണെന്നു ഇവർക്കു തോന്നുന്നത്. വാസ്തവമാകട്ടെ, നേരെ മറിച്ചാണുതാനും.
(2) بِكُم (ബികും) എന്ന വാക്കിനു മലയാളത്തിൽ ‘നിങ്ങളേയുംകൊണ്ടു’ എന്നു തർജ്ജമ കൊടുത്ത അടിസ്ഥാനത്തിലുമാണ് ഈ ന്യായം. كُم (കും) എന്നാൽ ‘നിങ്ങൾ’ എന്നർത്ഥം. بِ (ബി) എന്ന അവ്യയം അതോടു കൂടി ചേരുമ്പോൾ അതിനു സന്ദർഭമനുസരിച്ച് പല പ്രകാരത്തിലും തർജ്ജമ പറയാം: ’ നിങ്ങളേയുംകൊണ്ട്, നിങ്ങൾ മൂലം, നിങ്ങളോടുകൂടി, നിങ്ങൾ നിമിത്തം, നിങ്ങളോടു, നിങ്ങളിൽ, നിങ്ങളുടെ കാരണം’ എന്നും മറ്റും അർത്ഥം ആകാവുന്നതാണ്. മാത്രമല്ല, അകർമ്മക്രിയ (لازم) യെ സകർമ്മക്രിയ (متعدى) ആക്കുവാനും, ഒരു കർമ്മമുള്ളതിനെ രണ്ട് കർമ്മങ്ങളോടു ബന്ധപ്പെടുത്തുവാനും ‘ബി’ എന്ന അവ്യയം വരുന്നതാണ്. ചുരുക്കത്തിൽ ഈ വാക്യത്തിൽ പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം ഇവർ പറയുന്നതുപോലെ, ബനൂഇസ്രാഈൽ സമുദ്രത്തിൽ ഇറങ്ങിയതു നിമിത്തം സമുദ്രം പിളർന്നതുപോലെ തോന്നിച്ചു എന്നല്ല, അവർ നിമിത്തം അല്ലാഹു സമുദ്രത്തെ പിളർത്തി – അഥവാ അവരുടെ കാരണത്താലാണ് ഇതു സംഭവിച്ചതു എന്നാകുന്നു.
‘ഇതൊന്നും നമ്മുടെ സ്വന്തം വകയല്ല, ബൈള്വാവിയും മറ്റും എടുത്തുനോക്കുക’ എന്നു സമർത്ഥിച്ചുകൊണ്ടു സൂറ: ത്വാഹാ 79 ന് (وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ ﴿٧٩﴾) എന്നതിനു ഇക്കൂട്ടർ അർത്ഥം പറഞ്ഞതു നോക്കുക: ഫിർഔൻ തന്റെ ജനതയെ തെറ്റായ വഴിയിലാണ് കൊണ്ടുപോയി ചാടിച്ചത്, ലക്ഷ്യപ്രാപ്തിക്കുപയുക്തമായ മാർഗത്തിലല്ല’. ഇതാണ് ഈ ആയത്തിനു ഇവരുടേതായ അർത്ഥം. ഇതു വായിക്കുമ്പോൾ, സാധാരണക്കാരായ ആളുകൾക്ക് അൽപം രുചിതോന്നിയേക്കാം. എങ്കിലും സൂത്രത്തിൽ സ്വന്തം താല്‍പര്യം നേടുവാൻവേണ്ടി സാമർത്ഥ്യപൂർവ്വം നൽകിയ ഒരു അർത്ഥമാണിതെന്നു അൽപം അറബി അറിയാവുന്ന ആർക്കും വേഗം മനസ്സിലാകുന്നതാണ്. ഈ ആയത്തിന്റെ അർത്ഥവും ഉദ്ദേശ്യവും പരിശോധിക്കുന്നതിനു മുമ്പായി ഒന്നു രണ്ടു വസ്തുതകൾ അറിയുന്നത് നന്നായിരിക്കും.’ അപ്പോഴേ അതിനെപ്പറ്റി ശരിക്കു വിധിപറയുവാൻ സാധിക്കയുള്ളൂ. സൂറ: മുഅ്മിനിൽ അല്ലാഹു പറയുന്നു:
قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ ـ المؤمن :٢٩
(ഫിർഔൻ പറഞ്ഞു: ഞാൻ – നല്ലതെന്നു-കാണുന്നതല്ലാതെ നിങ്ങൾക്കു ഞാൻ കാണിച്ചു തരുന്നില്ല. നേർമാർഗ്ഗത്തിലല്ലാതെ ഞാൻ നിങ്ങളെ നയിക്കുന്നുമില്ല.) അതേസമയത്ത് ഫിർഔന്റെ അതേ ജനതയിൽപെട്ട ഒരു സത്യവിശ്വാസി അവരെ ഇങ്ങനേയും ഉപദേശിച്ചിരുന്നു;
يَا قَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ ـ المؤمن:٣٨
(എന്റെ ജനങ്ങളെ, നിങ്ങൾ എന്നെ പിൻപറ്റുവിൻ, ഞാൻ നിങ്ങളെ നേർമാർഗ്ഗത്തിൽ നയിക്കാം.) ഇദ്ദേഹത്തിന്റെ ഉപദേശത്തെ ആ ജനങ്ങൾ വിലവെച്ചില്ല. എന്നാൽ ഫിർഔന്റെ പ്രസ്‌താവന അവരിൽ അവർ അർത്ഥവത്താക്കിയോ? അതുമില്ല, ഇതിനെപ്പറ്റിയാണ് അല്ലാഹു ഈ ആയത്തിൽ പ്രസ്‌താവിച്ചത്. എന്നുവെച്ചാൽ: ഫിർഔൻ, അവർക്കു ശരിയായ മാർഗ്ഗം കാണിച്ചുകൊടുക്കുമെന്നും, അവരെ നേർമാർഗ്ഗത്തിൽ നയിക്കുമെന്നും പറഞ്ഞു അവരെ കബളിപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും, നേരെ മറിച്ചാണ് ഒടുവിൽ സംഭവിച്ചത്.സന്മാർഗത്തിൽ നയിച്ചില്ലെന്നു മാത്രമല്ല – വഴിപിഴപ്പിച്ചു ദുർമാർഗ്ഗത്തിലാക്കുകയും ചെയ്തു. അതെ, ഇഹത്തിൽ, അവർ സമുദ്രത്തിൽ മുങ്ങിനശിക്കേണ്ടിവന്നു. പരത്തിലാകട്ടെ, കാലാകാലത്തെ നരകശിക്ഷയും! ഇതാണ് ആയത്തിന്റെ താൽപര്യം. എന്നല്ലാതെ, ഫിർഔൻ അവരേയും കൊണ്ടു സമുദ്രത്തിൽ കുണ്ടും കുഴിയും നോക്കാതെ തെറ്റായ വഴിയിൽകൂടി കൂട്ടിക്കൊണ്ടുപോയി കയത്തിൽ ചാടിച്ചു എന്നല്ലതന്നെ.
ഫിർഔൻ അവരെ വഴിപിഴപ്പിച്ചു (أَضَلَّ فِرْعَوْنُ) എന്ന് പറഞ്ഞതിന്റെ സാരം സൂറത്തുഹൂദ് 96 -99 ൽ അല്ലാഹു ശരിക്കു വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഫിർഔന്റെയും, ജനതയുടെയും അടുക്കലേക്കു മൂസാനബിയെ ശരിയായ ലക്ഷ്യങ്ങളോടുകൂടി അയക്കുകയുണ്ടായി. എന്നിട്ട് അവർ ഫിർഔന്റെ കൽപ്പന അനുസരിക്കുകയാണ് ചെയ്തത്. ഫിർഔന്റെ കൽപ്പന നേർമാർഗ്ഗമുള്ളതായിരുന്നില്ല. ഖിയാമത്തുനാളിൽ അവൻ അവരുടെ മുമ്പിലായി വന്നുകൊണ്ടു അവരെ നരകത്തിൽ ചാടിക്കും. ഈ ലോകത്തും ഖിയാമത്തുനാളിലും ശാപം അവരുടെ പിന്നാലെയുണ്ട്.’ ‘ഇപ്പോൾ മേൽപറഞ്ഞ ആയത്തിന്റെ താല്പര്യം ഇവർ ജൽപിച്ചതോ ശരി, അതോ നാം ഇപ്പറഞ്ഞതോ ശരി, എന്നു വായനക്കാർക്കു ചിന്തിക്കാം. ഖുർആൻ വ്യാഖ്യാതാക്കൾ ഈ ആയത്തിനു നൽകുന്ന വ്യാഖ്യാനവും ഇപ്രകാരം തന്നെയാകുന്നു.
എനി, ബൈള്വാവീ (القاضى البيضاوى ـ رح) പറഞ്ഞിട്ടുള്ളതു എന്താണെന്നു നമുക്കു നോക്കാം – അദ്ദേഹം ഈ ആയത്തിനുകൊടുത്ത വിവരണം ഇതാണ്:
أو أضلهم فى الدين وما هداهم وهو تهكم به فى قوله وما اهديكم الا سبيل الرشاد أو اضلهم في البحر ومانجا
(സാരം: അവൻ അവരെ മതവിഷയത്തിൽ വഴിപിഴപ്പിച്ചു അവരെ നേർമാർഗ്ഗം കാണിച്ചില്ല. ‘ഞാൻ നിങ്ങളെ നേർമാർഗ്ഗത്തിലല്ലാതെ നയിക്കുകയില്ല’ എന്നു അവൻ (മുമ്പ്) പറഞ്ഞിരുന്നു. അതിൽ അവനെ പരിഹസിച്ച് പറഞ്ഞതാണിത്. അല്ലെങ്കിൽ, (ഇങ്ങനെയും ആവാം:) അവൻ അവരെ സമുദ്രത്തിൽ വഴിപിഴപ്പിച്ചു, അവൻ രക്ഷപ്പെട്ടതുമില്ല എന്നായിരിക്കാം.) ഇതാണ് ബൈള്വാവീ പറഞ്ഞത്. ഇവിടെ, ‘സമുദ്രത്തിൽ വഴിപിഴപ്പിച്ചു’ എന്നും ആയത്തിന്റെ ഉദ്ദേശ്യം വരാമെന്ന് അദ്ദേഹം പറഞ്ഞതിനെ പൊക്കിപ്പിടിച്ചുകൊണ്ടാകുന്നു ഇക്കൂട്ടർ ബൈള്വാവീ നോക്കുവാൻ ആഹ്വാനം ചെയ്തത്. ഈ വാക്കുകൊണ്ട് ബൈള്വാവീ (റ) ഉദ്ദേശിക്കുന്നത്, ഫിർഔൻ അവരെ കയത്തിൽ ചാടിച്ചു എന്നായിരിക്കുമോ? സമുദ്രം പിളർന്നിട്ടില്ലെന്നും, ഫിർഔനും കൂട്ടരും കുണ്ടും കുഴിയും അറിയാതെ, കയത്തിൽ ചാടിയാണ് നശിച്ചതെന്നും വിശ്വസിക്കുന്ന ആളാണോ ബൈള്വാവീ? ഇതാണ് നോക്കേണ്ടത്, എന്നിട്ടുവേണം ആ അർത്ഥത്തെപ്പറ്റി വിധി പറയുവാൻ.
സൂ:ശുഅറാഉ് 63 ന്റെ വ്യാഖ്യാനത്തിൽ ബൈള്വാവീ പറയുന്നത് ഇങ്ങിനെയാണ്:
أي فضرب فانفلق وصار اثني عشر فرقا بينها مسالك. ………….فدخلوا في شعابها كل سبط في شعب
(അങ്ങനെ, അദ്ദേഹം-മൂസാനബി-അടിച്ചു, എന്നിട്ട് അതു- സമുദ്രം പിളർന്ന് 12 പിളർപ്പുണ്ടായി അവയുടെ ഇടയിൽ പ്രവേശനമാർഗ്ഗങ്ങളുണ്ടായിരുന്നു… അങ്ങനെ, ഓരോ ഗോത്രവും ഓരോ ശാഖയിൽകൂടി പ്രവേശിച്ചു.) ഈ വാചകങ്ങൾ പറഞ്ഞ ഇമാം ബൈള്വാവീ പിന്നെ എങ്ങിനെയാണ് ‘ഫിർഔൻ വഴിപിഴപ്പിച്ചു’ (وَأَضَلَّ فِرْعَوْنُ) എന്ന വാചകത്തിനു ഇവർ കൊടുത്ത അര്‍ത്ഥം കൽപിക്കുക?! അവസാനം അവർ സമുദ്രത്തിൽ മുങ്ങി നശിക്കുവാൻ ഫിർഔൻ ഇടവരുത്തിയെന്ന് മാത്രമാണ് ബൈള്വാവീ ആ വാചകംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ആ വാക്കിന് അങ്ങനെയും ഒരു സാരം കൽപിക്കാമെന്ന് (ഒരു രണ്ടാമത്തെ അഭിപ്രായമായിക്കൊണ്ട്) അദ്ദേഹം പറഞ്ഞുവെങ്കിലും, ആയത്തിന്റെ ഒന്നാമത്തെ വ്യാഖ്യാനമായി അദ്ദേഹം സ്വീകരിച്ചതു നാം മുകളിൽ ചൂണ്ടിക്കാട്ടിയ അതേമാതിരിത്തന്നെയാണെന്നു അദ്ദേഹത്തിന്റെ ‘ഇബാറത്തിൽ’ (വാചകത്തിൽ) നിന്നുതന്നെ മനസ്സിലാക്കാമല്ലോ.
ഇക്കൂട്ടർ കൊണ്ടുവരുന്ന മറ്റൊരു ന്യായം ത്വാഹാ: 77-ാം വചനത്തെ ആസ്പദമാക്കിയാകുന്നു. അതിൽ ‘നീ അവർക്കു സമുദ്രത്തിൽ ഉണങ്ങിയ ഒരു മാർഗ്ഗം ഏർപ്പെടുത്തിക്കൊടുക്കുക’ (فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا) എന്നു പറഞ്ഞു. അതിനുശേഷം തുടർന്നുകൊണ്ട് അല്ലാഹു ഇങ്ങിനെ പറയുന്നു: لَّا تَخَافُ دَرَكًا وَلَا تَخْشَىٰ അതായതു: ‘ഫിർഔനിന്റെ കൂട്ടർ പിടികൂടുമെന്ന് ഭയപ്പെടാതെയും, ‘മുങ്ങിപ്പോകുമെന്ന് പേടികൂടാതെയും’ എന്ന് സാരം. ഈ വാക്യം വ്യാകരണ നിയമപ്രകാരം ഒന്നുകിൽ അതിനുമുമ്പ് പറഞ്ഞ ‘മാർഗ്ഗ’ത്തി (طريق) ന്റെ ഗുണവിശേഷണം (صفة) ആയിരിക്കാം. അല്ലെങ്കിൽ മൂസാനബിയുടെ സ്ഥിതി വിശേഷണം (حال) ആവാം. രണ്ടായിരുന്നാലും, സമുദ്രത്തിൽകൂടി അവർക്കു പോകുവാനുള്ള മാർഗ്ഗം ഉണങ്ങി വരണ്ടതായിരിക്കണം. ശത്രുക്കളെയോ, മുങ്ങുന്നതിനെയോ ഭയപ്പെടേണ്ടുന്ന ആവശ്യമില്ലാത്തതുമായിരിക്കണം. ഇതേ വചനത്തിൽ لَّا تَخَافُ (ലാതഖാഫു) എന്നിടത്ത് لَّا تَخَفُ (ലാതഖഫു) എന്നും വായന (قراءة) ഉണ്ട്. ‘ഭയപ്പെടരുത്’ എന്നായിരിക്കും അപ്പോൾ വാക്കര്‍ത്ഥം. ഇതനുസരിച്ചു ഉദ്ദേശ്യം കുറേക്കൂടി വ്യക്തമാണ്.
‘സമുദ്രത്തിൽ ഉണങ്ങിയ ഒരു മാർഗ്ഗം ഏർപ്പെടുത്തിക്കൊടുക്കുക’ എന്നുള്ളതിന് ഇവരുടെ വ്യഖ്യാനപ്രകാരം, ‘സമുദ്രത്തിൽ വടികൊണ്ടു തപ്പി അധികം ആഴമില്ലാത്ത സ്ഥലങ്ങൾ കാണിച്ചുകൊടുക്കുക’ എന്നു സാരമാകുന്നു. അപ്പോൾ ആ മാർഗ്ഗം ഉണങ്ങി വരണ്ടതായിരിക്കുകയില്ല. നേരെമറിച്ച് വെള്ളവും ചളിയും നിറഞ്ഞതായിരിക്കുമല്ലോ. ഇവിടെ ഒരു പുതിയ സൂത്രം ഇവർ കണ്ടുപിടിക്കേണ്ടിവന്നു: ‘ഇടക്കിടെ പൊന്തിനിൽക്കുന്ന മണൽതിട്ടുകളുള്ളതു കൊണ്ടാണത്രെ, ‘ഉണങ്ങിവരണ്ടത്‘ (يَبَسًا) എന്ന വാക്കു സാക്ഷാൽക്കരിക്കുന്നത് കേവലം ബാലിശമായ ഒരു ന്യായീകരണം മാത്രമാണിത്. ഉണങ്ങിവരണ്ട ഒരു വഴി സമുദ്രത്തിൽകൂടി നിശ്ചയിച്ചുകൊടുക്കണമെന്നു പറയുമ്പോൾ, ഭാഷാ പരിചയമുള്ള ഒരാളും അതിനു ഈ സാരം കൽപിക്കുമെന്ന് തോന്നുന്നില്ല. ചില ഭാഗങ്ങൾ ഉണങ്ങിവരണ്ടതും, ബാക്കിയെല്ലാം വെള്ളവും ചളിയും നിറഞ്ഞതും എന്നല്ലല്ലോ അല്ലാഹു പറഞ്ഞിട്ടുള്ളത്.
മറ്റേ രണ്ടു കാര്യങ്ങൾ – ശത്രു പിടികൂടുന്നതിനേയും മുങ്ങിപ്പോകുന്നതിനേയും പേടിക്കേണ്ടതില്ല എന്നു പറഞ്ഞതു – ഇവർ ഇങ്ങിനെ വ്യാഖ്യാനിക്കുന്നു; ’മുൻ പരിചയത്തെ അടിസ്ഥാനമാക്കി വലിയ കയത്തിൽ ചാടാതെ മണൽതിട്ടും ചെറിയ കുണ്ടും നോക്കിത്തപ്പി വളഞ്ഞു തിരിഞ്ഞു സമുദ്രം കടക്കണം. ശത്രുക്കൾക്കു അതൊന്നും അറിയാത്തതുകൊണ്ടു അവർ നേരെ വന്ന് സമുദ്രത്തിൽ – വലിയ -കയത്തിൽ ചാടിക്കൊള്ളും. അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു. അതെ, ഒന്നും ചിന്തിക്കാതെ അഹന്തയോടെ കുതിരപ്പുറത്തു കുതിച്ചുപോകുന്ന ഫിർഔനും പട്ടാളവും പെട്ടെന്ന് ചെന്ന് ചാടിയതു ഒരു കയത്തിലാണ്. പണിയും തീർന്നു.’ ഇതാണ് ഇവർ പറഞ്ഞതിന്റെ ചുരുക്കം. ഇതെല്ലാം കേൾക്കുന്ന മാത്രയിൽ തന്നെ, ബുദ്ധിയും സത്യാന്വേഷണവുമുള്ള ആളുകൾ തള്ളിക്കളയുന്നതാണ്. സമുദ്രത്തിൽ ഒട്ടും പരിചയമില്ലാത്ത ഫിർഔനും, പട്ടാളവും, അതിൽ കുണ്ടും കുഴിയും ഉണ്ടാകുമെന്ന് സംശയിക്കുകപോലും ചെയ്യാതെ, ഒന്നായി സമുദ്രത്തിൽ ഇറങ്ങുകയും, ഒന്നടങ്കം ഒരു കയത്തിൽ പോയി മറിയുകയും ചെയ്തുവെന്ന് പറയുവാൻ ഇവർക്കു മാത്രമേ ധൈര്യം വരൂ. അൽപമെങ്കിലും സങ്കോചമുള്ളവർക്ക് ഇങ്ങിനെയെല്ലാം വാദിക്കുവാൻ മനസ്സു സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ഫിർഔനിന്റെ കൂട്ടരുടെ വരവിനെപ്പറ്റി അല്ലാഹു പറയുന്നതെന്താണ് എന്ന് നോക്കാം: ’ഫിർഔൻ അവന്റെ സൈന്യങ്ങളോടുകൂടി അവരെ പിൻതുടർന്ന് (فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ ف ﴿طه: ٧٨﴾) എന്നും, ‘നിങ്ങൾ ഇസ്രാഈല്യർ – പിൻതുടരപ്പെടുന്നതാണ്‘ (إِنَّكُم مُّتَّبَعُونَ ﴿الدخان: ٢٣﴾) എന്നും മറ്റുമാണ് അല്ലാഹു പറയുന്നത്. അല്ലാതെ അവർ നേരെ അങ്ങു സമുദ്രത്തിൽ ഇറങ്ങി എന്നോ, മറ്റൊരു കുറുക്കുവഴിക്കു പോയി എന്നോ അല്ലല്ലോ. ‘അവരെ പിൻതുടർന്നു’ എന്ന വാക്കിന്റെ പ്രത്യക്ഷമായ താൽപര്യം, അവർ പോയ അതേ വഴിയിലൂടെതന്നെ പോയി എന്നത്രെ. ഇതിനു വേറെ അര്‍ത്ഥം അന്വേഷിക്കുവാൻ മുതിരുന്നതു സ്വന്തം താൽപര്യം സ്ഥാപിക്കുവാനുള്ള പാഴ്വേല മാത്രമായിരിക്കുന്നതാണ്.
ഖുർആനെ ദുർവ്യാഖ്യനം ചെയ്തു സ്വന്തം ആശയങ്ങൾക്കു ഒപ്പിക്കുന്നവരിൽ കാണപ്പെടുന്ന ഒരു പതിവാണ്: ഖുർആനിൽ പ്രസ്താവിച്ച ഒരു വിഷയത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ പ്രചരിച്ചുവന്നിട്ടുള്ള പല അന്ധവിശ്വാസങ്ങളും, കെട്ടുകഥകളും ഒരുമിച്ചുകൂട്ടിക്കൊണ്ട് ആദ്യം അതിനൊരു രൂപം സൃഷ്ടിച്ചുണ്ടാക്കുക, എന്നിട്ടു, കേട്ടമാത്രയിൽ തന്നെ വിശ്വാസയോഗ്യമല്ലെന്നു തോന്നിപ്പോകുന്ന ആ രൂപത്തിന്റെ അടിസഥാനത്തിൽ അതിനെ ഖണ്ഡിക്കുകയും ചെയ്യുക. ഈ അടവു – മററു പലേടത്തുമെന്ന പോലെ – ഇവർ ഇവിടെയും പ്രയോഗിച്ചുകാണാം. അത്തരം അടിസ്ഥാനരഹിതമായ വശങ്ങളെപ്പററി ചിലപ്പോൾ മുഫസ്സിറുകൾ വിമർശനം നടത്തിയിരിക്കുമല്ലോ. ആ വിമർശനങ്ങളെ ഇവർ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തുകയും, തങ്ങളുടെ ആശയത്തിൽ ആ മുഫസ്സിറുകളും തങ്ങളോട് തികച്ചും യോജിച്ചവരാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യും. ഇമാം റാസീ (رحمه الله) യുടെ ചില പ്രസ്താവനകളെ ഉദ്ധരിച്ചുകൊണ്ട് ഈ കഥയിൽ ഇവർ നടത്തിയ ഒരു ശ്രമം ഇതിനു ഒരു ഉദാഹരണമാണ്. ഇതിനെക്കുറിച്ചും നമുക്ക് അൽപമൊന്നു ശ്രദ്ധ കൊടുക്കാം:
ചെങ്കടൽ യാത്രയെക്കുറിച്ച് കഥകളിൽ വന്നിട്ടുള്ള ചില ഭാഗങ്ങളെ ഇമാം റാസീ (رحمه الله) ആദ്യം ഉദ്ധരിച്ചു. തുടർന്നു കൊണ്ട് അദ്ദേഹം അതിലെ ചില വശങ്ങളെക്കുറിച്ച് വിമർശനം നടത്തിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നതു ഇങ്ങനെ സംഗ്രഹിക്കാം:
(1) മൂസാനബി വടികൊണ്ടു സമുദ്രത്തെ അടിച്ചപ്പോൾ 12 വഴികൾ ഉണ്ടായി; ഓരോന്നിനുമിടയിൽ വമ്പിച്ച മലപോലെ ജലഭിത്തികൾ ഉയർന്നുനിന്നിരുന്നു; ഇസ്രായീല്യരുടെ ഓരോ ഗോത്രവും ഓരോന്നിൽക്കൂടി പ്രവേശിച്ചു; എന്നൊക്കെ കഥാവർത്തമാനങ്ങളിൽ വന്നിരിക്കുന്നു. ചിലർ പറയുന്നതു ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാകുന്നു. ആദ്യത്തെ അഭിപ്രായക്കാർക്കുള്ള തെളിവു കഥകളിൽ വന്നിട്ടുള്ളതും ഖുർആനിൽ : فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ (എല്ലാ പിളർപ്പും – വിഭാഗവും – വമ്പിച്ച മലന്തിണ്ണപോലെ ആയി എന്നു പറഞ്ഞിട്ടുള്ളതുമാകുന്നു.(*) രണ്ടാം അഭിപ്രായക്കാർക്കുള്ള തെളിവ് : فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا (സമുദ്രത്തിൽ അവർക്ക് ഒരു ഉണങ്ങിയ വഴി ഏർപ്പെടുത്തിക്കൊടുക്കുക) എന്ന ആയത്തുമാകുന്നു.’ (**)
(*) ‘എല്ലാ പിളർപ്പും’ (كُلُّ فِرْقٍ) എന്നു പറയുമ്പോൾ പിളർപ്പു രണ്ടെണ്ണം മാത്രമല്ല, അധികം ഉണ്ടായിരുന്നുവെന്നാണല്ലോ പ്രത്യക്ഷത്തിൽ തോന്നുക. ഇതുകൊണ്ടാണ് ഈ വാക്ക് അവർ തെളിവാക്കുന്നത്.
(**) വഴി ഒന്നു മാത്രമാണെന്നാണ് ഈ വാക്യംകൊണ്ടു വരുന്നത്.
(2) ‘മൂസാ (عليه الصلاة والسلام) ഇസ്രാഈല്യർക്കു വഴി കാണിച്ചുകൊടുത്തപ്പോൾ, ഞങ്ങള്‍ തമ്മതമ്മിൽ കാണത്തക്കവണ്ണം (ഓരോ വഴികളിൽ നിന്നു മറേറതിലേക്കു കാണാവുന്ന) പഴുതുകൾ ഉണ്ടായിരിക്കണമെന്ന് അവർ ശഠിച്ചുനിന്നു എന്ന് ചില നിവേദനങ്ങളിൽ കാണുന്നു. ഇതു കുറേ വിദൂരമാണ്. കാരണം, അങ്ങേ അററത്തെ ഭയമുള്ള ഈ അവസരത്തിൽ അത്തരം മരവിച്ച വാശിപിടിക്കുക എങ്ങനെയാണ്?
(3) ഫിർഔൻ വലിയ ബുദ്ധിമാനും, തന്ത്രശാലിയുമായിരുന്ന സ്ഥിതിക്ക് എങ്ങനെയാണ്, ഈ നാശത്തിൽ ചെന്നു ചാടുവാൻ മുതിരുന്നത്? സമുദ്രം പിളർന്നതു തന്റെ കൽപനയനുസരിച്ചല്ല. (അതൊരു അമാനുഷിക ദൃഷ്ടാന്തമാണ്) എന്നു അവനു അറിയുമല്ലോ! ഇതിനു രണ്ടു കാരണങ്ങൾ പറയാറുണ്ട്; ഒന്ന്; ജിബ്രീൽ (عليه الصلاة والسلام) ഒരു കുതിരപ്പുറത്തായിരുന്നു. (അദ്ദേഹം) ആദ്യം അതിൽ പ്രവേശിച്ചു. അപ്പോൾ ഫിർഔന്റെ കുതിര അതിനെ പിൻതുടർന്നു എന്നാകുന്നു. വേണമെങ്കിൽ, ഒരാൾക്കു ഇങ്ങിനെയും പറയാം; ‘ഇത് വിദൂരമാണ്. കാരണം: ഇത്തരം സന്ദർഭങ്ങളിൽ രാജാവ് പട്ടാളത്തിന്റെ മുമ്പിലായി പ്രവേശിക്കുക പ്രയാസമാണ്. അങ്ങിനെയാണെന്നു വന്നാൽതന്നെ, അപ്പോൾ ഫിർഔൻ (സ്വേച്ഛപ്രകാരമല്ലാതെ) നിർബന്ധിതനായി പ്രവേശിച്ചുവെന്നാണല്ലോ വരുക. അതു കൂടുതൽ ഭയമുളവാക്കുന്നതും, പ്രവേശനം നിറുത്തിവെക്കുവാൻ പ്രേരിപ്പിക്കുന്നതുമാണല്ലോ! മാത്രമല്ല, ജിബ്രീലിനു എന്താവശൃമുണ്ട്, ഈ തന്ത്രം പ്രയോഗിക്കുവാൻ? അദ്ദേഹത്തിനു ആദ്യമേതന്നെ അവനേയും സൈന്യത്തേയും വെള്ളത്തിലേക്കു പിടിച്ചെറിഞ്ഞുകളയാമല്ലോ!’ എന്ന്. പക്ഷേ, (ന്യായം) പറയുവാൻ കൂടുതൽ തരപ്പെട്ടതു ഇപ്രകാരമാണ്: ‘അവൻ തന്റെ മുന്നണിസൈന്യത്തോട് ആദൃം പ്രവേശിക്കുവാൻ കൽപിച്ചു. അവർ വെള്ളത്തിലകപ്പെട്ടു പോകാതെ കണ്ടപ്പോൾ, തനിക്കും രക്ഷകിട്ടുമെന്ന് മിക്കവാറും ധരിച്ചു. അങ്ങനെ എല്ലാവരും സമുദ്രത്തിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ അല്ലാഹു അവരെ മുക്കിക്കളഞ്ഞു.’
(4) ‘ഫിർഔൻ വിശ്വസിച്ചുകളയുമെന്നു കണ്ട് ജിബ്രീൽ, അവനെ വെള്ളത്തിലും ചെളിയിലും തട്ടിയിട്ടിരുന്നുവെന്ന് ഉദ്ധരിക്കപ്പെടുന്നതു ശരിയല്ല. കാരണം വിശ്വാസം സ്വീകരിക്കുന്നതിനു തടസ്സമുണ്ടാക്കുവാൻ മലക്കിനോ നബിക്കോ പാടില്ലാത്തതാകുന്നു.
(5) ‘മൂസാ നബി സമുദ്രത്തോട്: ‘നീ പിളരുക’ എന്നും മറ്റും സംസാരിച്ചുവെന്നും, സമുദ്രം മറുപടി പറഞ്ഞുവെന്നും പറയപ്പെടുന്നതു (ശരിയാണെങ്കിൽ) നമ്മുടെ (അഹലുസ്സുന്നത്തിന്റെ) പ്രമാണമനുസരിച്ച് അസംഭവ്യമൊന്നുമല്ല. കാരണം, നമ്മുടെ അടുക്കൽ ജീവൻ ഉണ്ടായിരിക്കുവാൻ ജഡകൂടം ഉണ്ടായിരിക്കണമെന്നു നിബന്ധനയില്ല. ‘മുഅ്‌തസില’ കക്ഷിയുടെ അടുക്കൽ ആ സംസാരം യഥാര്‍ത്ഥ സംസാരമായിരിക്കുകയില്ല – സാന്ദർഭികമായ വിവരണം മാത്രമായിരിക്കും’. (റാസിയുടെ വാക്യങ്ങൾ അവസാനിച്ചു. (اهملخصا من ج ٦ص ٦٠ من الرازى)
ഇമാം റാസീ (رحمة الله عليه) ഒന്നാമതായി ചെയ്തതു, സമുദ്രത്തിൽ തുറക്കപ്പെട്ട മാർഗ്ഗം ഒന്നോ പന്ത്രണ്ടോ എന്ന അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും, രണ്ടിനുമുള്ള തെളിവുകൾ ഉദ്ധരിക്കുകയും മാത്രമാണ്. ഇവിടെ രണ്ടിലൊന്നു അദ്ദേഹം ബലപ്പെടുത്തിയിട്ടില്ല. എന്നാൽ, സൂറ: ശുഅറാഅ് 63ന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു: ‘മൂസാനബിയോടു സമുദ്രത്തെ അടിക്കുവാൻ കൽപ്പിച്ചപ്പോൾ അദ്ദേഹം അടിച്ചു; അപ്പോൾ അതു പിളർന്നു എന്നാണ് ആയത്തിന്റെ ഉദ്ദേശ്യമെന്നതിൽ സംശയമില്ല. കാരണം: ആ വാക്യത്തിൽ നിന്നു തന്നെ അതു അറിയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ അടിക്കൽകൂടാതെ പിളരുകയാണെങ്കിൽ, പിന്നെ അടിക്കുവാൻ (اضْرِبْ എന്നു) കൽപ്പിക്കുന്നതു നിരർത്ഥമാണല്ലോ. മാത്രമല്ല, അദ്ദേഹത്തിന്റെ വടി മുഖാന്തരമുള്ള അമാനുഷിക കൃത്യങ്ങളിലൊന്നായിട്ടാണ് അല്ലാഹു അതിനെ നിശ്ചയിച്ചിട്ടുള്ളതും, മൂസാ നബിയുടെ മേൽ കൂടുതൽ വലിയ അനുഗ്രഹമായിത്തീരുന്നതും അദ്ദേഹത്തിന്റെ മഹത്വം ജനങ്ങൾക്കു മനസ്സിലാക്കുവാൻ കൂടുതൽ സാദ്ധ്യമാവുന്നതും അങ്ങിനെ വരുമ്പോഴാണ്.’ (പിന്നീട്, സമുദ്രത്തെപ്പറ്റി പറഞ്ഞശേഷം അദ്ദേഹം തുടരുന്നു:) ‘അങ്ങനെ, അദ്ദേഹത്തോട്: നിന്റെ വടികൊണ്ടു അടിക്കുക എന്നു പറയപ്പെട്ടു; അദ്ദേഹം അടിച്ചു; അതു പിളർന്നു; ഓരോ പിളർപ്പും വമ്പിച്ച മലപോലെ ആയി; അവരിൽ ഓരോ ഗോത്രത്തിനുമായി പന്ത്രണ്ടു മാർഗ്ഗങ്ങളുണ്ടായി.’ (പിന്നീട് ആ മാർഗ്ഗങ്ങളെക്കുറിച്ച് വിസ്തരിച്ച ശേഷം റാസി (رحمة الله عليه) പറയുന്നു:-
‘ഇതു പല നിലക്കും അമാനുഷികം (معجزة) ആയിരുന്നു: (1) വെള്ളം അങ്ങിനെ പിളർന്നത്. (2) ഓരോ ഭാഗത്തും വെള്ളം കുന്നുകൂടി മലപോലെ നിന്നത്. (3) ഫിർഔനും കൂട്ടുകാർക്കും കാറ്റും ഇരുട്ടും അനുഭവപ്പെട്ടുവെന്നു ചില രിവായത്തുകളിൽ വന്നിട്ടുള്ളതു ശരിയാണെങ്കിൽ അതു മൂന്നാമത്തേതും. (4) ആ ഓരോ മാർഗ്ഗങ്ങൾക്കിടയിലുള്ള ഭിത്തികളിൽ അതാതു വഴികളിൽ കൂടി പോകുന്നവർക്ക് പരസ്പരം കാണാമായിരുന്നവിധം പഴുതുകൾ ഉണ്ടായിരുന്നത്. (5) ഫിർഔനും കൂട്ടരും പ്രവേശിച്ചു കഴിയുവോളം സമുദ്രം അങ്ങിനെത്തന്നെ നിന്നത്.’ اه الرازي ج ٦ص ٣٧٣,و ٢٧٤
ഇത്രയും പറഞ്ഞതിൽനിന്ന് ഇമാം റാസിയുടെ അഭിപ്രായം എന്താണെന്നു നല്ലതുപോലെ മനസ്സിലാക്കാം . പന്ത്രണ്ട് വഴികൾ സമുദ്രത്തിൽ തുറക്കപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതെല്ലാം പറഞ്ഞ റാസി (رحمة الله عليه) പ്രസ്തുത സംഭവത്തെക്കുറിച്ച് അതൊരു സാധാരണ സംഭവം മാത്രമായിരുന്നുവെന്നും, ഫിർഔനും കൂട്ടരും അറിയാതെ കയത്തിൽ ചാടിയതാണെന്നും മറ്റും കരുതുമോ? പറയുമോ? ഒരിക്കലുമില്ല. ബുദ്ധിയുള്ളവർ ചിന്തിക്കുക!
2-ാമത്തെ വിമർശനം കൊണ്ട് റാസി (رحمة الله عليه) ഉദ്ദേശിക്കുന്നത്, പന്ത്രണ്ട് മാർഗ്ഗങ്ങളുണ്ടെന്നു പറയപ്പെട്ടതിനെയോ, അതിൽ പഴുതുകൾ ഉണ്ട് എന്ന് പറയപ്പെട്ടതിനെയോ അല്ല . ഇസ്രാഈല്യർ വാശിപിടിച്ചുനിന്നുവെന്നു പറഞ്ഞതിനെക്കുറിച്ചു മാത്രമാണ്. 3-ാമത്തെ വിമർശനം കൊണ്ടുദ്ദേശ്യം, ഫിർഔൻ സമുദ്രത്തിൽ ഇറങ്ങുവാൻ മടിക്കുകയും, അവനെ ഇറക്കുവാനായി ജിബ്രീൽ കുതിരപ്പുറത്തു മുന്നിൽ ഇറങ്ങുകയും ചെയ്തുവെന്നും, ആദ്യമായി ഫിർഔനും, പിന്നെ പട്ടാളവും കടന്നു എന്നുമുള്ള പ്രസ്താവനകളെ ഖണ്ഡിക്കലാകുന്നു. അല്ലാതെ, സമുദ്രം പിളർന്നുവെന്നതിനെ വിമർശിക്കുകയല്ല അതെന്നു തീർച്ചയാണ്. മൂന്നാം വിമർശനത്തിന്റെ ഒടുവിൽ അദ്ദേഹം പറഞ്ഞ വാചകങ്ങൾ സൂക്ഷിച്ചു നോക്കുക. 4-ാമത്തെയും, 5-ാമത്തെയും വിമർശനങ്ങളെക്കുറിച്ച് ഇവിടെ ഒന്നും പ്രസ്താവിക്കേണ്ടതില്ല. കാരണം, അവയിൽ സ്പർശിക്കപ്പെട്ട കാര്യങ്ങൾ രണ്ടും വെറും കഥയുടെ കൂട്ടത്തിലല്ലാതെ എണ്ണപ്പെടുവാൻ രേഖകളൊന്നുമില്ല.
3-ാം വിമർശനത്തിൽ റാസീ (رحمة الله عليه) പ്രസ്താവിച്ച ചില ഭാഗങ്ങളെ (‘ഇത്തരം സന്ദർഭങ്ങളിൽ രാജാവു മുമ്പിലായിരിക്കും’ എന്നു തുടങ്ങി ‘വെള്ളത്തിലേക്കു പിടിച്ചെറിഞ്ഞുകളയാമല്ലോ’ എന്നതു വരെ) മാത്രം എടുത്തുദ്ധരിച്ചു കൊണ്ട് ഈ പുത്തൻ വ്യാഖ്യാനക്കാർ, ഇമാം റാസിയേയും തങ്ങളുടെ പക്ഷക്കാരനാക്കി ചിത്രീകരിക്കുവാൻ തുനിഞ്ഞതു തനി വഞ്ചനയാണെന്നു സ്പഷ്ടമാകുന്നു. ഇമാം ബൈള്വാവിയെ തങ്ങളുടെ പക്ഷത്താക്കുവാൻ ശ്രമിച്ചതിലും കടുത്ത കൃത്രിമമാണ്, ഇമാം റാസിയെപ്പറ്റിയുള്ള ഇവരുടെ പ്രസ്താവനകൾ. റാസിയെക്കുറിച്ച് പറഞ്ഞതുപോലെത്തന്നെയായിരിക്കും, ‘മറ്റുള്ള ഒരു വിഭാഗം മുഫസ്സിറുകളും’ തങ്ങളുടെ അഭിപ്രായക്കാരുമുണ്ടെന്നു വരുത്തുന്ന പ്രസ്താവനയുടെയും കഥ! സ്വന്തം താല്പര്യങ്ങളെ ന്യായീകരിക്കുന്നതിലും വേണ്ടേ അൽപമെങ്കിലും നീതിന്യായം?!
മേൽ വിവരിച്ചതിൽനിന്ന് യുക്തിവാദക്കാരുടെ പുത്തൻ ദുർവ്യാഖ്യാനങ്ങളോടു ഖുർആൻ യോജിക്കുന്നില്ലെന്നും, അതിനാൽ തങ്ങളുടെ വാദങ്ങളും ആശയങ്ങളും ന്യായീകരിക്കുവാൻവേണ്ടി അവർ ഖുർആനിനെ വളരെയധികം വളച്ചുതിരിച്ചു ദുർവ്യാഖ്യാനം ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ടെന്നും, ആ ശ്രമത്തിനിടയിൽ സത്യവും യുക്തിയും മറന്നു പോവുകയാണുണ്ടായിട്ടുള്ളതെന്നും വായനക്കാർ മനസ്സിലാക്കിയിരിക്കുമെന്നു കരുതുന്നു.
മൂസാനബിയും ഇസ്രാഈല്യരും സമുദ്രം കടന്ന സംഭവം കഴിഞ്ഞിട്ട് ആയിരക്കണക്കിനു കൊല്ലങ്ങളായി. ആ സംഭവത്തിൽ വല്ലവർക്കും വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടെങ്കിൽ അതിനെപറ്റി ഇത്രയൊക്കെ നിരൂപണം ചെയ്‌വാനെന്തുണ്ട്? എന്നിങ്ങിനെ വല്ലവർക്കും തോന്നുന്നപക്ഷം, അവരോടു പറയുവാനുള്ളത് ഇതാണ്: ഇതു വാസ്തവത്തിൽ ഒരു കഥയെ ബാധിക്കുന്ന വിഷയമല്ല. ഖുർആനെ അലങ്കോലപ്പെടുത്തി വ്യാഖ്യാനിക്കുകയും, അനിസ്ലാമികമായ ആശയങ്ങൾ ഖുർആന്റെ പേരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഷയമാകകൊണ്ടാണ് ഇത്രയും പ്രസ്താവിക്കേണ്ടി വന്നത്.
അല്ലാഹുവേ! നീ ഞങ്ങൾക്ക് സന്മാർഗ്ഗം കാണിച്ചു തന്നിട്ടുള്ളതിനുശേഷം ഞങ്ങൾ വഴിതെറ്റിപ്പോകുവാൻ ഇടവരുത്തരുതേ! നിന്റെ പക്കൽനിന്നു ഞങ്ങൾക്കു കാരുണ്യം പ്രദാനം ചെയ്യേണമേ. നീയാണ് വളരെ അധികം ദാനം ചെയ്യുന്നവൻ. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും, സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്നവർക്കും നീ പൊറുത്തു തരേണമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ, സത്യവിശ്വാസം സ്വീകരിച്ചിട്ടുള്ളവരോട് യാതൊരു വെറുപ്പും അസൂയയും അനിഷ്ടവും ഉണ്ടാക്കരുതേ! നീ വളരെ ദയാലുവും കരുണാനിധിയുമാകുന്നു.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا الخ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ
آمين