സൂറത്തു ത്വാഹാ : 25-54
വിഭാഗം - 2
- قَالَ رَبِّ ٱشْرَحْ لِى صَدْرِى ﴾٢٥﴿
- അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ! എന്റെ നെഞ്ചു [ഹൃദയം] എനിക്കു നീ വിശാലപ്പെടുത്തിത്തരേണമേ!
- قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ, രക്ഷിതാവേ اشْرَحْ വികസിപ്പിച്ചു, (വിശാലപ്പെടുത്തി) തരേണമേ لِي എനിക്കു صَدْرِي എന്റെ നെഞ്ചു (ഹൃദയം)
- وَيَسِّرْ لِىٓ أَمْرِى ﴾٢٦﴿
- 'എന്റെ കാര്യം എനിക്കു എളുപ്പമാക്കിത്തരുകയും ചെയ്യേണമേ!
- وَيَسِّرْ لِي എനിക്കു എളുപ്പമാക്കിത്തരികയും വേണമേ أَمْرِي എന്റെ കാര്യം
- وَٱحْلُلْ عُقْدَةً مِّن لِّسَانِى ﴾٢٧﴿
- 'എന്റെ നാവില്‍നിന്നും നീ കെട്ടഴിച്ചു തരുകയും ചെയ്യേണമേ!-
- وَاحْلُلْ അഴിച്ചുതരുകയും വേണമേ عُقْدَةً കെട്ടു مِّن لِّسَانِي എന്റെ നാവില്‍നിന്നു
- يَفْقَهُوا۟ قَوْلِى ﴾٢٨﴿
- 'എന്നാലവര്‍ [ജനങ്ങള്‍] എന്റെ വാക്കു ഗ്രഹിച്ചു കൊള്ളും.
- يَفْقَهُوا അവര്‍ ഗ്രഹിച്ചുകൊള്ളും قَوْلِي എന്റെ വാക്കു, ഞാന്‍ പറയുന്നതു
- وَٱجْعَل لِّى وَزِيرًا مِّنْ أَهْلِى ﴾٢٩﴿
- 'എന്റെ സ്വന്തക്കാരില്‍നിന്നു എനിക്കൊരു 'വസീറി'നെ! [സഹായകനെ] നീ നിശ്ചയിച്ചു തരുകയും വേണമേ!-
- وَاجْعَل لِّي എനിക്കു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) തരികയും ചെയ്യേണമേ وَزِيرًا ഒരു സഹായകനെ مِّنْ أَهْلِي എന്റെ സ്വന്തക്കാരില്‍ നിന്നു, കുടുംബത്തില്‍ നിന്നു
- هَٰرُونَ أَخِى ﴾٣٠﴿
- 'അതായതു, എന്റെ സഹോദരന്‍ ഹാറൂനെ.
- هَارُونَ അതായതു ഹാറൂനെ أَخِي എന്റെ സഹോദരന്‍
- ٱشْدُدْ بِهِۦٓ أَزْرِى ﴾٣١﴿
- 'അവനെക്കൊണ്ടു എന്റെ ശക്തി നീ ഉറപ്പിച്ചു തരേണമേ!
- اشْدُدْ ِ ഉറപ്പിച്ചു (ബലപ്പെടുത്തി) തരണം بِه അവനെക്കൊണ്ടു, അവന്‍ മൂലം أَزْرِي എന്റെ മുതുകിനെ (ശക്തിയെ)
- وَأَشْرِكْهُ فِىٓ أَمْرِى ﴾٣٢﴿
- 'എന്റെ (കൃത്യനിര്‍വ്വഹണ) കാര്യത്തില്‍ അവനേയും പങ്കുചേര്‍ത്തു തരേണമേ!
- وَأَشْرِكْهُ അവനെ പങ്കു ചേര്‍ക്കുകയും വേണമേ فِي أَمْرِي എന്റെ കാര്യത്തില്‍
- كَىْ نُسَبِّحَكَ كَثِيرًا ﴾٣٣﴿
- ഞങ്ങള്‍ നിനക്കു സ്തോത്രകീര്‍ത്തനം ധാരാളമായി ചെയ്‌വാനും,
- كَيْ نُسَبِّحَكَ ഞങ്ങള്‍ നിനക്കു തസ്ബീഹു ചെയ്‌വാന്‍വേണ്ടി, പ്രകീര്‍ത്തനം നടത്തുവാന്‍, പരിശുദ്ധിയെ കീര്‍ത്തനം ചെയ്‌വാന്‍, സ്തോത്രകീര്‍ത്തനം ചെയ്‌വാന്‍ كَثِيرًا വളരെ, ധാരാളം
- وَنَذْكُرَكَ كَثِيرًا ﴾٣٤﴿
- 'ഞങ്ങള്‍ നിന്നെ അധികമായി സ്മരിക്കുവാനും വേണ്ടിയാകുന്നു (അതു).
- وَنَذْكُرَكَ ഞങ്ങള്‍ നിന്നെ സ്മരിക്കുക (ഓര്‍ക്കുക) യും ചെയ്‌വാന്‍ كَثِيرًا അധികം, ധാരാളം
- إِنَّكَ كُنتَ بِنَا بَصِيرًا ﴾٣٥﴿
- നിശ്ചയമായും, നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.'
- إِنَّكَ നിശ്ചയമായും നീ كُنتَ നീ ആകുന്നു, ആയിരിക്കുന്നു بِنَا ഞങ്ങളെപ്പറ്റി, ഞങ്ങളെ بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍
മൂസാ (عليه السلام) നബി നിര്‍വ്വഹിക്കേണ്ടിയിരിക്കുന്ന ഭാരമേറിയ ചുമതല ശരിക്കു നിറവേറ്റുവാന്‍ ആവശ്യമായ സഹായവും, ചുറ്റുപാടും നല്‍കുവാനായി അദ്ദേഹം മേല്‍പ്രകാരം അല്ലാഹുവോടു പ്രാര്‍ത്ഥിച്ചു. ഹൃദയവികാസം (شرح الصدر) ലഭിക്കുന്നതു ആന്തരമായ സഹായ സിദ്ധിയാണെങ്കില്‍, കാര്യം, എളുപ്പമാക്കികിട്ടുന്നതു (تيسير الامر) ബാഹ്യമായ സഹായത്തെയാണ് സൂചിപ്പിക്കുന്നത്. മൂസാ (عليه السلام) നബിയുടെ നാവിലുള്ള കെട്ട് (عُقْدَةً) എന്നു പറഞ്ഞതു, ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ നാവില്‍ തീപൊള്ളിയിരുന്നതു മൂലമുണ്ടായ ബുദ്ധിമുട്ടാണു എന്നത്രെ ചില ‘മുഫസ്സിറുകള്‍’ പറയുന്നത്. ബൈബ്ളില്‍ ഇതു സംബന്ധിച്ചു പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘മൂസാക്ക് ജനനാല്‍ തന്നെ സംസാരത്തില്‍ വിക്കും കൊഞ്ഞയും ഉണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ഒരു സഹായകനെ ആവശ്യപ്പെട്ടു. നാവിനു ശക്തി കൊടുക്കാമെന്ന് കര്‍ത്താവ് പറഞ്ഞു, മൂസാ വീണ്ടും അപേക്ഷിച്ചു. കര്‍ത്താവ് കോപിച്ചുകൊണ്ട്: ഹാറൂനെ നിശ്ചയിച്ചു തരാമെന്നും, അവന്‍ നിന്നെ സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ടെന്നും അവന്‍ നിന്റെ നാവും, നീ അവന്റെ നേതാവുമാകണമെന്നും പറഞ്ഞു’ (പുറപ്പാട് 4ല്‍ 10-17). ഇതില്‍, കര്‍ത്താവ് (അല്ലാഹു) കോപിച്ചു എന്നും, കോപിക്കത്തക്കവണ്ണം മൂസാ (عليه السلام) നിര്‍ബന്ധിച്ചു എന്നും പറഞ്ഞതു നമുക്കു സ്വീകരിക്കുവാന്‍ നിവൃത്തിയില്ല. കാരണം, ഖുര്‍ആന്‍ അതു അനുകൂലിക്കുന്നില്ല.
ഏതായാലും മൂസാ (عليه السلام) നബിക്കു സംസാരവൈഭവം കുറവായിരുന്നുവെന്നും, അദ്ദേഹത്തെക്കാള്‍ നാവോട്ടവും, സംസാരസാമര്‍ത്ഥ്യവും ഉള്ള ആളായിരുന്നു ഹാറൂന്‍ (عليه السلام) എന്നും തീര്‍ച്ചയാണ്. ഇതു ഖുര്‍ആനും തൗറാത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു. സ്വസഹോദരനെന്ന നിലക്കും ഹാറൂന്‍ (عليه السلام) തന്റെ കൂടെ ഉണ്ടാകുന്നതു നല്ലതാണെന്നു അദ്ദേഹം മനസ്സിലാക്കി. ഖുര്‍ആനില്‍ ഹാറൂന്‍ (عليه السلام) നബിയെക്കുറിച്ച് هُوَ أَفْصَحُ مِنِّي لِسَانًا – القصص :٣٤ (അവന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവനാണെ)ന്നും, തന്നെക്കുറിച്ച്: وَلَا يَنطَلِقُ لِسَانِي -الشعراء:١٣ (എന്റെ നാവോടുകയില്ല) എന്നും മൂസാ (عليه السلام) നബി പറഞ്ഞിട്ടുള്ളതായി കാണാം. ഫിര്‍ഔന്‍ ഒരിക്കല്‍ മൂസാ (عليه السلام) നബിയെപ്പറ്റി وَلَا يَكَادُ يُبِينُ (അവന്‍ വ്യക്തമായി സംസാരിക്കുകയുമില്ല) എന്നു പ്രസ്താവിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നെല്ലാം അദ്ദേഹത്തിന്റെ നാവിലുള്ള കെട്ടു എന്തായിരുന്നുവെന്നു മനസ്സിലാക്കാമല്ലോ.
മൂസാ (عليه السلام) നബിയുടെ അപേക്ഷകളെല്ലാം അല്ലാഹു സ്വീകരിച്ചു. അതു മാത്രമല്ല, അതുപോലെ മുമ്പും വലിയ വലിയ അനുഗ്രഹങ്ങള്‍ പലതും അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടെന്നു അനുസ്മരിപ്പിക്കുകയും ചെയ്യുന്നു:-
- قَالَ قَدْ أُوتِيتَ سُؤْلَكَ يَٰمُوسَىٰ ﴾٣٦﴿
- അവന്‍ പറഞ്ഞു: 'മൂസാ! നീ ചോദിച്ചതു നിനക്കു നല്‍കപ്പെട്ടിരിക്കുന്നു.
- قَالَ അവന്‍ പറഞ്ഞു قَدْ أُوتِيتَ തീര്‍ച്ചയായും നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു سُؤْلَكَ നീ ചോദിച്ചതു, നിന്റെ ചോദ്യം يَا مُوسَىٰ ഹേ മൂസാ
- وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰٓ ﴾٣٧﴿
- തീര്‍ച്ചയായും, മറ്റൊരു പ്രാവശ്യവും നാം നിനക്കു അനുഗ്രഹം ചെയ്തു തന്നിട്ടുണ്ട്:-
- وَلَقَدْ مَنَنَّا തീര്‍ച്ചയായും നാം അനുഗ്രഹം ചെയ്തിട്ടുമുണ്ട് عَلَيْكَ നിനക്കു, നിന്റെമേല്‍ مَرَّةً أُخْرَىٰ മറ്റൊരു പ്രാവശ്യം
- إِذْ أَوْحَيْنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ ﴾٣٨﴿
- അതായതു: നിന്റെ മാതാവിനു ബോധനം നല്‍കപ്പെടേണ്ടതും നാം ബോധനം നല്‍കിയപ്പോള്‍:-
- إِذْ أَوْحَيْنَا നാം ബോധനം നല്‍കിയപ്പോള്‍, അറിയിച്ചപ്പോള്‍ إِلَىٰ أُمِّكَ നിന്റെ മാതാവിനു (ഉമ്മാക്കു) مَا يُوحَىٰ ബോധനം നല്‍കപ്പെടേണ്ടതു
- أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّ لِّى وَعَدُوٌّ لَّهُۥ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ ﴾٣٩﴿
- (എന്നുവെച്ചാല്‍) 'നീ അവനെ പെട്ടിയിലിട്ടു നദിയില്‍ ഇട്ടേക്കുക:- എന്നിട്ട്, നദി അവനെ കരയിലിട്ടുകൊള്ളട്ടെ - എനിക്കു ശത്രുവും, അവനു ശത്രുവുമായുള്ള ഒരാള്‍ അവനെ എടുത്തുകൊള്ളും' എന്നു. എന്റെ പക്കല്‍നിന്നുള്ള ഒരു സ്നേഹം നിന്റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു; എന്റെ നോട്ടത്തിലായി, നിന്നെ (വളര്‍ത്തി) ഉണ്ടാക്കുവാന്‍വേണ്ടിയുമാണ് (അതെല്ലാം).
- أَنِ اقْذِفِيهِ നീ അവനെ ഇട്ടേക്കണമെന്നു فِي التَّابُوتِ പെട്ടിയില്‍ فَاقْذِفِيهِ എന്നിട്ടു അതിനെ (അവനെ) ഇട്ടേക്കുക فِي الْيَمِّ നദിയില്‍, സമുദ്രത്തില്‍ (ജലാശയത്തില്‍) فَلْيُلْقِهِ എന്നിട്ടു ഇട്ടുകൊള്ളട്ടെ الْيَمُّ നദി, സമുദ്രം بِالسَّاحِلِ കരയില്‍, തീരത്തു يَأْخُذْهُ അവനെ എടുത്തുകൊള്ളും عَدُوٌّ لِّي എനിക്കുള്ള ഒരു ശത്രു وَعَدُوٌّ لَّهُ അവന്നും ശത്രു(വായ) وَأَلْقَيْتُ ഞാന്‍ ഇടുകയും ചെയ്തു (നല്‍കി) عَلَيْكَ നിനക്കു, നിന്റെ മേല്‍ مَحَبَّةً ഒരു സ്നേഹം مِّنِّي എന്റെ പക്കല്‍നിന്നുള്ള وَلِتُصْنَعَ നീ വളര്‍ത്തിയുണ്ടാക്കപ്പെടുവാനും, നിന്നെ പരിപാലിച്ചു കൊണ്ടുവരുവാനും عَلَىٰ عَيْنِي എന്റെ ദൃഷ്ടിയില്‍, എന്റെ നോട്ടത്തില്‍ (പ്രത്യേക പരിഗണനയില്‍)
യൂസുഫ് നബി (عليه السلام) ഈജിപ്തിലെ (മിസ്രിലെ) ഭരണകര്‍ത്താവായ സംഭവം പ്രസിദ്ധമാണ്. സൂറത്തു യൂസുഫില്‍ ഇതിനെപ്പറ്റി സവിസ്തരം വിവരിച്ചിട്ടുണ്ട്. അതോടുകൂടി അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരന്‍മാരും – അഥവാ യഅ്ഖൂബ് (عليه السلام) നബിയും കുടുംബവും – ഈജിപ്തില്‍ വന്നു താമസമാക്കിയിരുന്നു. യഅ്ഖൂബ് (عليه السلام) നബിക്കു ഇസ്രാഈല്‍ എന്നും പേരുണ്ടെന്നും, അദ്ദേഹത്തിന്റെ പന്ത്രണ്ടു മക്കള്‍ വഴിക്കുള്ള സന്താനപരമ്പരകള്‍ക്കാണ് ഇസ്രാഈല്‍ വര്‍ഗ്ഗം (بنو إسرائيل) എന്നു പറഞ്ഞുവരുന്നതെന്നും മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇസ്രാഈല്‍ ക്രമേണ ഈജിപ്തില്‍ പെരുകിപ്പെരുകി വന്നു. കാലക്രമത്തില്‍ അവരുടെ പൂര്‍വ്വകാല പ്രശസ്തിയും, പ്രതാപവും നശിച്ചുപോയി. ഖിബ്ത്തീ (*) വര്‍ഗ്ഗക്കാരായ ഫിര്‍ഔന്‍ രാജാക്കളുടെ () ഭരണത്തില്‍, ഇസ്രാഈല്യര്‍ അങ്ങേഅറ്റം മര്‍ദ്ദിക്കപ്പെട്ടുവന്നു. അടിമകളെപ്പോലെയുമല്ല, ആടുമാടുകളെക്കാള്‍ താണവര്‍ഗ്ഗമായിട്ടാണ് കൊപ്തികള്‍ അവരെ ഗണിച്ചു വന്നത്. ഇസ്രാഈല്യരുടെ സംഖ്യാവര്‍ദ്ധനവും, ശക്തിയും നശിപ്പിക്കുവാനായി, അവരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നുകളയുവാന്‍ ഒരു രാജാവ് കല്‍പന പാസ്സാക്കിയിരുന്നു. ഇക്കാലത്താണ് മൂസാ (عليه السلام) നബിയുടെ ജനനമുണ്ടായത്.
(*). ഖിബ്ത്തി എന്ന കൊപ്തി (Coptic – القبط ) വര്‍ഗ്ഗം ഈജിപ്തിലെ പൂര്‍വ്വ നിവാസികളായിരുന്നു. () അക്കാലത്തു ഈജിപ്ത് ഭരിച്ചിരുന്ന രാജാക്കള്‍ ഫിര്‍ഔന്‍, അഥവാ ‘ഫറവോന്‍’ (Pharaoh-فرعون) എന്ന പേരില്‍ അറിയപ്പെടുന്നു.
മാതാവ് തന്റെ ഓമനസന്താനത്തെ സംബന്ധിച്ചു അതിയായി ഭയപ്പെട്ടിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ അവസരത്തില്‍ അല്ലാഹു അവര്‍ക്ക് മേല്‍പറഞ്ഞപ്രകാരം തോന്നിപ്പിച്ചു. അവര്‍ കുട്ടിയെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയിലിട്ടു. ഫിര്‍ഔന്റെ കൊട്ടാരത്തിന്നരികെ ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്ന ആ നദി അതു കരക്കിട്ടു. ആരോ കണ്ടു പെട്ടിയെടുത്തു. അങ്ങിനെ, മൂസാ (عليه السلام) രക്ഷപ്പെട്ടു. ഭാവിയില്‍ തങ്ങളുടെ രാജത്വവും പ്രതാപവുമെല്ലാം നഷ്ടപ്പെടുവാനും, തീരാദുഃഖത്തിനും ഈ കുട്ടി കാരണമാകുമെന്നു അന്നു അവര്‍ എങ്ങിനെ അറിയുവാനാണ്?!
ആരുടേതെന്നറിയപ്പെടാത്ത ആ സുന്ദര ശിശുവിനെ കൊട്ടാരമേല്‍നോട്ടത്തില്‍ – രാജകീയ ലാളനയോടുകൂടി – വളര്‍ത്തപ്പെട്ടുവന്നു. കുട്ടിക്കു മുലകൊടുപ്പാന്‍ അമ്മമാരെ നിശ്ചയിക്കുവാന്‍ നോക്കുമ്പോള്‍, കുട്ടി ആരുടേയും മുല കുടിക്കുന്നില്ല. ആര്‍ക്കും ഊഹിക്കുവാന്‍ കഴിയാത്തവിധം, അപ്പോള്‍ മൂസാ (عليه السلام) നബിക്ക് മറ്റൊരു അനുഗ്രഹവും കൂടി ലഭിച്ചതായി അല്ലാഹു തുടര്‍ന്നു ഓര്‍മ്മപ്പെടുത്തുന്നു:-
- إِذْ تَمْشِىٓ أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُۥ ۖ فَرَجَعْنَٰكَ إِلَىٰٓ أُمِّكَ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَٰكَ مِنَ ٱلْغَمِّ وَفَتَنَّٰكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَٰمُوسَىٰ ﴾٤٠﴿
- നിന്റെ സഹോദരി നടന്നുവരികയും, എന്നിട്ടു: 'ഇവനെ ഏറ്റെടുക്കത്തക്ക ഒരാളെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടയോ?' എന്നു പറയുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക)! അങ്ങനെ, നിന്റെ മാതാവിങ്കലേക്കു - അവള്‍ കണ്ണുകുളുര്‍ക്കുവാനും, വ്യസനിക്കാതിരിക്കുവാനും വേണ്ടി - നിന്നെ നാം മടക്കിക്കൊണ്ടുവന്നു. നീ ഒരാളെ കൊല്ലുകയുണ്ടായി; എന്നിട്ടു: (ആ) ദുഃഖത്തില്‍നിന്നു നിന്നെ നാം രക്ഷപ്പെടുത്തി; പല (വിധ) പരീക്ഷണങ്ങളും നിന്നെ നാം പരീക്ഷിക്കുകയും ചെയ്തു; അങ്ങനെ നീ മദ്‌യൻകാരുടെ കൂട്ടത്തില്‍ കുറേ കൊല്ലങ്ങള്‍ താമസിച്ചു; പിന്നെ, ഒരു നിശ്ചയപ്രകാരം നീ (ഇതാ) വന്നിരിക്കുന്നു - ഹേ, മൂസാ!
- إِذْ تَمْشِي നടന്നുവരുന്ന സന്ദര്‍ഭം أُخْتُكَ നിന്റെ സഹോദരി فَتَقُولُ എന്നിട്ടു അവള്‍ പറയുന്നു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ مَن ഒരാളെപ്പറ്റി يَكْفُلُهُ അവനെ ഏറ്റെടുക്കുന്ന فَرَجَعْنَاكَ അങ്ങനെ നിന്നെ നാം മടക്കി إِلَىٰ أُمِّكَ നിന്റെ മാതാവിങ്കലേക്കു, ഉമ്മയിലേക്കു كَيْ تَقَرَّ കുളുര്‍ക്കുവാന്‍ (സന്തോഷത്താല്‍) عَيْنُهَا അവളുടെ കണ്ണു وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَقَتَلْتَ നീ കൊല്ലുകയും ചെയ്തു نَفْسًا ഒരാളെ, ഒരു ദേഹത്തെ فَنَجَّيْنَاكَ എന്നിട്ടു നിന്നെ നാം രക്ഷപ്പെടുത്തി مِنَ الْغَمِّ ദുഃഖത്തില്‍നിന്നു وَفَتَنَّاكَ നിന്നെ നാം പരീക്ഷണം നടത്തുകയും ചെയ്തു فُتُونًا പല പരീക്ഷണങ്ങള്‍ فَلَبِثْتَ അങ്ങനെ നീ താമസിച്ചു سِنِينَ കുറെ കൊല്ലങ്ങള്‍ فِي أَهْلِ مَدْيَنَ മദ്‌യൻകാരില്‍ (അവരുടെ കൂട്ടത്തില്‍) ثُمَّ جِئْتَ പിന്നെ നീ വന്നു عَلَىٰ قَدَرٍ ഒരു നിശ്ചയപ്രകാരം, കണക്കനുസരിച്ചു, യോഗ്യതയോടെ يَا مُوسَىٰ ഹേ, മൂസാ
- وَٱصْطَنَعْتُكَ لِنَفْسِى ﴾٤١﴿
- എന്റെ സ്വന്തം കാര്യത്തിനു [ദൗത്യത്തിനു] വേണ്ടി ഞാന്‍ നിന്നെ തിരഞ്ഞെടുത്തുണ്ടാക്കിയിരിക്കുകയാണ്.'
- وَاصْطَنَعْتُكَ നിന്നെ നാം തിരഞ്ഞെടുത്തുണ്ടാക്കുകയും ചെയ്തു (പ്രത്യേക പരിഗണനയോടെ വളര്‍ത്തി) لِنَفْسِي എനിക്കു സ്വന്തമായി, എന്റെ സ്വന്തം കാര്യത്തിനു
നദിയിലെറിഞ്ഞ തന്റെ കുഞ്ഞിന്റെ സ്ഥിതി അന്വേഷിക്കുവാന്‍ മാതാവു കഴിയുന്ന ശ്രമം ചെയ്തിരിക്കുമല്ലോ. അവര്‍ കുട്ടിയുടെ സഹോദരിയെ അതിനു ഏര്‍പ്പാടു ചെയ്തു. സഹോദരിയാകട്ടെ, അതും അതിലധികവും നിര്‍വ്വഹിച്ചു: കുട്ടി ആരുടെയും മുല സ്വീകരിക്കാതിരുന്ന തക്കം നോക്കി, കുട്ടിയെ നല്ലവണ്ണം വളര്‍ത്തുവാന്‍ പറ്റിയ ആളെ താന്‍ കൊടുക്കാമെന്നറിയിച്ചു. അങ്ങിനെ, ആ ‘കൊട്ടാരക്കുഞ്ഞി’നെ സ്വമാതാവിനുതന്നെ വളര്‍ത്തുവാന്‍ അല്ലാഹു അവസരം നല്‍കി.
മൂസാ (عليه السلام) ഒരു യുവാവായിരുന്ന കാലത്തു ഒരു സംഭവമുണ്ടായി: ഒരു ഖിബ്ത്തിയും, ഒരു ഇസ്രാഈലിയും തമ്മില്‍ നടന്ന ശണ്ഠയില്‍, ഇസ്രാഈലിയുടെ അപേക്ഷപ്രകാരം അദ്ദേഹം ഇടപെടുകയും, ഖിബ്ത്തിയെ ഒരടി കൊടുക്കുകയും ചെയ്തു. അതില്‍ അവന്റെ കഥ കഴിഞ്ഞു. ഈ സംഭവം നടന്നതു പരസ്യമായ നിലക്കല്ലായിരുന്നു. പക്ഷേ, അതേ ഇസ്രാഈലിയുടെ കാരണമായിത്തന്നെ രഹസ്യം പുറത്തായി. ജനങ്ങള്‍ക്കിടയില്‍ അതു ഒരു സംസാരവിഷയമായി. മൂസാ (عليه السلام) നബിയെ കൊലപ്പെടുത്തുവാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നു അദ്ദേഹത്തിനു അറിവുകിട്ടി. ഇതിനെത്തുടര്‍ന്നു അദ്ദേഹം നാടുവിട്ടു. വളരെ അധികം ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ട് ഫലസ്തീനില്‍ ശുഐബ് (شعيب – عليه السلام) നബിയുടെ രാജ്യമായ മദ്‌യനില്‍ എത്തി. (*). അവിടെ ഒരു മാന്യവൃദ്ധന്റെ വീട്ടില്‍ താമസമാക്കി. എട്ടോ പത്തോ കൊല്ലം തന്റെ ആടുകളെ മേച്ചുകൊടുക്കണമെന്ന നിശ്ചയത്തോടുകൂടി അദ്ദേഹം തന്റെ ഒരു മകളെ മൂസാ (عليه السلام) നബിക്കു വിവാഹം ചെയ്തുകൊടുത്തു. കരാര്‍ പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം ഭാര്യാസമേതം സ്വരാജ്യത്തേക്ക് തിരിച്ചു. ഈ യാത്രയിലാണ് അദ്ദേഹത്തിനു പ്രവാചകത്വം ലഭിച്ചതും, മേല്‍ പ്രസ്താവിച്ച സംഭവങ്ങള്‍ നടന്നതും. നാട്ടിലേക്കു മടങ്ങിപ്പോകും മുമ്പു ഹോറേബ് (حورب) വനാന്തരത്തില്‍ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോള്‍ അഗ്നിദര്‍ശനം ഉണ്ടായെന്നാണ് (പുറപ്പാട് : 3ല്‍ 1-3) തൗറാത്തില്‍ കാണുന്നത്. الله أعلم . മേല്‍ സൂചിപ്പിച്ച സംഭവങ്ങളെപ്പറ്റി കൂടുതല്‍ വിസ്തീര്‍ണ്ണത്തോടെ സൂ: ഖസ്വസിലും മറ്റുമായി താഴെ സൂറത്തുകളില്‍ വിവരിക്കുന്നതാണ്. إن شاء الله
(*).4-ാം പടവും മറ്റും നോക്കുക.
ഇങ്ങിനെയുള്ള പല പരീക്ഷണങ്ങള്‍ മുഖേന മൂസാ (عليه السلام) നബിക്കു തഴക്കവും, പഴക്കവും, കാര്യക്ഷമതയും സിദ്ധിച്ചു. യുക്തമായ പ്രായവും എത്തി. ഈ അവസരത്തിലാണ് അദ്ദേഹത്തെ നബിയായും, റസൂലായും നിശ്ചയിക്കുവാനുള്ള അല്ലാഹുവിന്റെ നിശ്ചയം അവന്‍ നടപ്പില്‍ വരുത്തുന്നത്. അങ്ങനെ, സമയംകൊണ്ടും, പരിതസ്ഥിതികൊണ്ടും അനുയോജ്യമായ ഒരു അവസരത്തില്‍ ആ അസാധാരണമായ തീ – ആ ദിവ്യവെളിച്ചം – അദ്ദേഹത്തെ മാടിവിളിച്ചു. അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള ആ തീരുമാനം നടപ്പിലാക്കുന്നതിനുവേണ്ടിത്തന്നെയാണ് അദ്ദേഹത്തെ ഇങ്ങിനെയെല്ലാം പരിപാലിച്ചു വളര്‍ത്തിക്കൊണ്ടുവന്നതും. ഇതാണ്, 40-ാം വചനത്തിന്റെ അന്ത്യഭാഗവും 41-ാം വചനവും ചൂണ്ടിക്കാട്ടുന്നത്.
ഈ രണ്ടുമൂന്നു ആയത്തുകളിലായി, അല്ലാഹു മൂസാ (عليه السلام) നബിക്കു ചെയ്തുകൊടുത്ത എട്ടു അനുഗ്രഹങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു:
1) പെട്ടിയിലാക്കി നദിയിലിടുവാന്‍ മാതാവിനു തോന്നിച്ചത്.
2) അല്ലാഹുവിന്റെ പ്രത്യേക സ്നേഹം നല്‍കിയത്.
3) പ്രത്യേക പരിഗണനയില്‍ വളര്‍ത്തിയത്.
4) മാതാവിലേക്കു തിരിച്ചു കൊടുത്തത്.
5) കൊലയില്‍ നിന്നു രക്ഷപ്പെടുത്തിയത്.
6) പരീക്ഷണങ്ങളില്‍ ശുഭപര്യവസാനം ലഭിച്ചത്.
7) മദ്‌യനില്‍ അഭയം നല്‍കി സുഖവാസസൗകര്യം കൊടുത്തത്.
8) അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം സിദ്ധിക്കുന്നതും, മനുഷ്യന്റെ യോഗ്യതകൊണ്ടോ, പക്വതകൊണ്ടോ, ഒന്നും സിദ്ധിക്കാത്തതുമായ ആ മഹാഭാഗ്യം – പ്രവാചകത്വത്തിന്റേയും ദൗത്യത്തിന്റേയും (‘നുബുവ്വത്തി’ന്റേയും, ‘രിസാലത്തി’ന്റേയും) സ്ഥാനം – നല്‍കിയത്.
മൂസാ (عليه السلام) നബിക്കു അദ്ദേഹത്തിന്റെ കൃത്യങ്ങളും, ചുമതലകളും വിവരിച്ചുകൊടുക്കുകയും, ഉപദേശങ്ങള്‍ ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:-
- ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَٰتِى وَلَا تَنِيَا فِى ذِكْرِى ﴾٤٢﴿
- 'നീയും, നിന്റെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോകുക; എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്.
- اذْهَبْ നീ പോകുക أَنتَ നീ وَأَخُوكَ നിന്റെ സഹോദരനും بِآيَاتِي എന്റെ ദൃഷ്ടാന്തങ്ങളും കൊണ്ടു وَلَا تَنِيَا നിങ്ങള്‍ രണ്ടാളും അമാന്തിക്കരുത്, പിന്നോക്കമാകരുത് فِي ذِكْرِي എന്നെ സ്മരിക്കുന്നതില്‍, ഓര്‍ക്കുന്നതില്‍
- ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ﴾٤٣﴿
- നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു;
- اذْهَبَا രണ്ടാളും പോകുക إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് إِنَّهُ നിശ്ചയമായും അവന്‍ طَغَىٰ അതിക്രമിയായി, അതിരുവിട്ടിരിക്കുന്നു
- فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ ﴾٤٤﴿
- എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക; അവന്‍ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ, ചെയ്തേക്കാം.'
- فَقُولَا എന്നിട്ടു നിങ്ങള്‍ പറയുവിന്‍ لَهُ അവനോടു قَوْلًا لَّيِّنًا സൗമ്യമുള്ള (മയമുള്ള) വാക്കു لَّعَلَّهُ അവന്‍ ആയേക്കാം يَتَذَكَّرُ ചിന്തിക്കും, ഉപദേശം സ്വീകരിക്കും أَوْ يَخْشَىٰ അല്ലെങ്കില്‍ പേടിക്കും (പേടിച്ചേക്കാം)
- قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ ﴾٤٥﴿
- അവര്‍ പറഞ്ഞു: 'ഞങ്ങളുടെ റബ്ബേ! അവന്‍ ഞങ്ങളുടെ മേല്‍ അവിവേകം പ്രവര്‍ത്തിക്കുകയോ, അതിക്രമിക്കുകയോ ചെയ്തു കളയുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.'
- قَالَا അവര്‍ (രണ്ടാളും) പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّنَا നിശ്ചയമായും ഞങ്ങള്‍ نَخَافُ ഞങ്ങള്‍ ഭയപ്പെടുന്നു أَن يَفْرُطَ അവന്‍ അവിവേകം ചെയ്യുന്നതു, അതിരു കവിയുന്നതു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളോടു أَوْ أَن يَطْغَىٰ അല്ലെങ്കില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നതു
- قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ ﴾٤٦﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: 'നിങ്ങള്‍ പേടിക്കേണ്ട! നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്;- ഞാന്‍ കേള്‍ക്കുകയും, കാണുകയും ചെയ്യും.'
- قَالَ അവന്‍ പറഞ്ഞു لَا تَخَافَا നിങ്ങള്‍ (രണ്ടാളും) ഭയപ്പെടേണ്ട إِنَّنِي നിശ്ചയമായും ഞാന്‍ مَعَكُمَا നിങ്ങളുടെ കൂടെയുണ്ട് أَسْمَعُ ഞാന്‍ കേള്‍ക്കും وَأَرَىٰ ഞാന്‍ കാണുകയും ചെയ്യും
43 മുതല്‍ 46 വരെ വചനങ്ങളിലെ വാചകങ്ങള്‍ നോക്കുമ്പോള്‍ മൂസാ (عليه السلام) നബി ഒന്നിച്ച് ഹാറൂന്‍ (عليه السلام) നബിയും ഉള്ളതായി തോന്നിപ്പോകുന്നു. മൂസാ (عليه السلام) നബിയെ കാണുവാന്‍വേണ്ടി സഹോദരന്‍ ഈജിപ്തില്‍നിന്നു വരുന്നുണ്ടായിരുന്നുവെന്നും, അവര്‍ വഴിയില്‍വെച്ചു ഒരുമിച്ചു കൂടുകയുണ്ടായിട്ടുണ്ടെന്നും ബൈബ്ളും (പുറപ്പാടു: 4ല്‍ 14; 27) പറഞ്ഞുകാണുന്നു. അതുകൊണ്ടായിരിക്കും, മേല്‍വചനങ്ങളില്‍ രണ്ടാളെയും അഭിമുഖീകരിച്ചുകാണുന്നത്. ഒരു പക്ഷേ, ഈ കല്‍പനകള്‍ മൂസാ (عليه السلام) നബിക്കു സീനാപര്‍വ്വതത്തില്‍ വെച്ചുണ്ടായ ഒന്നാമത്തെ ദിവ്യസംഭാഷണത്തിലായിരുന്നില്ലെന്നും വരാം. الله أعلم . മൂസാ (عليه السلام) ഈജിപ്തു വിട്ടപ്പോഴുണ്ടായിരുന്ന രാജാവായ ഫിര്‍ഔന്‍ മരണപ്പെട്ടു പോയിട്ടുണ്ടെന്നും, ഇപ്പോള്‍ വേറെ ഫിര്‍ഔനാണ് നിലവിലുള്ളതെന്നും പുറപ്പാടു പുസ്തകത്തില്‍ (4ല്‍ 19) പ്രസ്താവിക്കുന്നു.
പ്രബോധന മാര്‍ഗ്ഗത്തില്‍ സ്വീകരിക്കപ്പെടേണ്ടുന്ന ഒരു പ്രധാന നയമാണ് 44-ാം വചനത്തില്‍ അല്ലാഹു മൂസാ (عليه السلام) നബിയോടു ഹാറൂന്‍ (عليه السلام) നബിയോടും ഉപദേശിക്കുന്നത്. അതെ, സംസാരിക്കുന്നതും ഉപദേശിക്കുന്നതുമെല്ലാം സൗമ്യമായിക്കൊണ്ടാവണം എന്നു. എത്ര അര്‍ത്ഥവത്തായ ഉപദേശം?! ഫിര്‍ഔനെയും, അവന്റെ പര്യവസാനത്തെയും കുറിച്ചു അല്ലാഹുവിനു നല്ലപോലെ അറിയാം. എങ്കിലും, അവര്‍ നിരാശാഭരിതരാകാതെ ഇരിക്കുവാനയിരിക്കും ‘അവന്‍ ഉപദേശം സ്വീകരിക്കുകയോ, അല്ലെങ്കില്‍ ഭയപ്പെടുകയോ ചെയ്തേക്കാം’ എന്നു പറഞ്ഞത്. ഫിര്‍ഔന്‍ ഉപദേശം സ്വീകരിക്കുകയുണ്ടായില്ലെങ്കിലും, ഭയപ്പെട്ടുപോയിട്ടുണ്ടെന്ന കാര്യം തീര്‍ച്ചയാണല്ലോ. ഫിര്‍ഔനെപ്പറ്റി ഏറെക്കുറെ പരിചയമുള്ള ആ പ്രവാചകന്‍മാർ, അവന്‍ അവിവേകമോ, അതിക്രമോ നടത്തിയേക്കുമെന്നു ഭയം പ്രകടിപ്പിച്ചതില്‍ ആശ്ചര്യമില്ല. അതിനു മറുപടിയായി: ‘ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നതാണ്’ എന്നു അല്ലാഹു അവരോടു പറഞ്ഞു. ഇതില്‍പരം ആശ്വാസപ്രദമായി മറ്റെന്താണു അവര്‍ക്കു ലഭിക്കുവാനുള്ളതു?! അല്ലാഹു പറയുന്നു:-
- فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَٰكَ بِـَٔايَةٍ مِّن رَّبِّكَ ۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ ﴾٤٧﴿
- എനി, നിങ്ങള്‍ അവന്റെ അടുക്കല്‍ ചെന്നിട്ടു പറയണം: 'ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണം; നീ അവരെ യാതന ഏല്‍പിക്കരുത്;- നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടത്രെ ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നിട്ടുള്ളത്. സമാധാനശാന്തി [രക്ഷ], സന്‍മാര്‍ഗ്ഗത്തെ പിന്‍തുടര്‍ന്നവര്‍ക്കായിരിക്കും.
- فَأْتِيَاهُ എനി നിങ്ങള്‍ അവന്റെ അടുക്കല്‍ ചെല്ലുക فَقُولَا എന്നിട്ടു നിങ്ങള്‍ പറയുക إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولَا رَبِّكَ നിന്റെ റബ്ബിന്റെ (രണ്ടു) ദൂതന്‍മാരാണ് فَأَرْسِلْ അതുകൊണ്ട് വിട്ടയക്കണം, അയക്കുക مَعَنَا ഞങ്ങളുടെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ وَلَا تُعَذِّبْهُمْ നീ അവരെ ശിക്ഷിക്കരുത്, യാതന അനുഭവിപ്പിക്കരുത് قَدْ جِئْنَاكَ നിശ്ചയമായും ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നു بِآيَةٍ ദൃഷ്ടാന്തവുംകൊണ്ട് مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്ന് وَالسَّلَامُ ശാന്തി, സമാധാനം രക്ഷ عَلَىٰ مَنِ اتَّبَعَ പിന്‍തുടര്‍ന്നവര്‍ക്കാണ് الْهُدَىٰ സന്‍മാര്‍ഗ്ഗം
- إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ﴾٤٨﴿
- നിശ്ചയമായും ഞങ്ങള്‍ക്കു 'വഹ്‌യു' [ബോധനം] നല്‍കപ്പെട്ടിരിക്കുന്നു: വ്യാജമാക്കി പിന്‍മാറിക്കളയുന്നവര്‍ക്കാണ് ശിക്ഷയുള്ളതെന്നു.
- إِنَّا നിശ്ചയമായും قَدْ أُوحِيَ ഞങ്ങള്‍ വഹ്‌യ് നല്‍കപ്പെട്ടിട്ടുണ്ട്, ബോധനം നല്‍കപ്പെട്ടിട്ടുണ്ട് إِلَيْنَا ഞങ്ങള്‍ക്കു أَنَّ الْعَذَابَ നിശ്ചയമായും ശിക്ഷ عَلَىٰ مَن كَذَّبَ കളവാക്കിയവര്‍ക്കാണ് وَتَوَلَّىٰ പിന്മാറുകയും ചെയ്തു
മൂസാ (عليه السلام) നബിയുടെ നിയമനലക്ഷ്യങ്ങളില്‍ ഒരു പ്രധാനകാര്യമായിരുന്നു, ഇസ്രാഈല്‍ വര്‍ഗ്ഗത്തെ ഖിബ്ത്തികളുടെ അടിമത്തത്തില്‍നിന്നും, മര്‍ദ്ദനങ്ങളില്‍നിന്നും മോചിപ്പിച്ച് അവരുടെ പൂര്‍വ്വദേശമായ ഫലസ്തീനിലേക്ക് കൊണ്ടുവരല്‍. ഈ മോചന കാര്യത്തെക്കുറിച്ച് അല്ലാഹു പറയുന്നതു ഇപ്രകാരമാകുന്നു:
وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ – القصص
സാരം: ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരിക്കുന്നവര്‍ക്കു അനുഗ്രഹം ചെയ്തുകൊടുക്കുകയും, അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്‌വാനാകുന്നു നാം ഉദ്ദേശിക്കുന്നത്. (ഖസ്വസ്വ് – 5). അവരുടെ ഇടയിലുണ്ടായിരുന്ന പ്രവാചകന്‍മാര്‍ അങ്ങിനെ പ്രവചിച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫലസ്തീന്‍ രാജ്യത്തിനു ‘വാഗ്ദത്തഭൂമി’ (*) എന്നു പറയപ്പെടുന്നത്.
(*). فلسطين الموعود (The Promised Land) പടം 5 നോക്കുക.
ഗര്‍വ്വിഷ്ഠനായ മഹാരാജാവും, ദൈവത്വവാദിയായ സര്‍വ്വാധിപതിയുമാണ് ഫിര്‍ഔന്‍. കേവലം സാധാരണക്കാരും, തന്റെ കൊട്ടാരത്തിന്‍ കീഴില്‍വളര്‍ന്നുവന്നവരുമായ രണ്ടാളുകള്‍ ഇത്തരം കാര്യങ്ങള്‍ തുറന്നു പറഞ്ഞാലുണ്ടോ, അവന്‍ ചെവികൊള്ളുന്നു?! എങ്കിലും, ആ പ്രവാചകന്‍മാര്‍ സധൈര്യം തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കുകതന്നെ ചെയ്തു. ‘ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണെന്നും മറ്റും പറഞ്ഞതു ഫിര്‍ഔനിനു രസിച്ചില്ല. അവന്‍ കോപിച്ചു. ‘അഹോ! അപ്പോള്‍, ഞാനല്ലാതെ നിങ്ങള്‍ക്കൊരു റബ്ബുണ്ടോ? അതാരാണ് – കേള്‍ക്കട്ടെ!’ എന്നായി. താനുമായി കൂടുതല്‍ ബന്ധപ്പെട്ടതും, ദൗത്യത്തിന്റെ നേതാവും മൂസാ (عليه السلام) നബിയായതുകൊണ്ട് അവന്‍ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു:
- قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ﴾٤٩﴿
- അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ (രണ്ടാളുടെയും) റബ്ബ് ആരാകുന്നു - ഹേ, മൂസാ!?'
- قَالَ അവന്‍ പറഞ്ഞു, ചോദിച്ചു فَمَن എന്നാല്‍ ആരാണ് رَّبُّكُمَا നിങ്ങള്‍ രണ്ടാളുടെ റബ്ബ് يَا مُوسَىٰ ഹേ മൂസാ
- قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ ﴾٥٠﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: 'ഞങ്ങളുടെ റബ്ബ്, എല്ലാവസ്തുവിനും അതതിന്റെ സൃഷ്ടി [പ്രകൃതരൂപം] കൊടുക്കുകയും, അനന്തരം (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തവനാകുന്നു.'
- قَالَ അദ്ദേഹം പറഞ്ഞു رَبُّنَا ഞങ്ങളുടെ റബ്ബ് الَّذِي أَعْطَىٰ കൊടുത്തിട്ടുള്ളവനാണു, നല്‍കിയവനാണ് كُلَّ شَيْءٍ എല്ലാ വസ്തുവിനും خَلْقَهُ അതിന്റെ സൃഷ്ടി, പ്രകൃതി, പ്രകൃതരൂപം ثُمَّ പിന്നെ, അനന്തരം هَدَىٰ മാര്‍ഗ്ഗദര്‍ശനം നല്‍കി
ഹാ! എത്ര അര്‍ത്ഥഗര്‍ഭമായ മറുപടി! അതിലെ പദങ്ങളും അക്ഷരങ്ങളും ഒന്നു എണ്ണിനോക്കുക. എന്നിട്ട് ആ ചെറുവാക്യത്തിന്റെ ഉദ്ദേശ്യവ്യക്തതയും, അതിലടങ്ങിയ തത്വത്തിന്റെ ഗൗരവവും, വിശാലതയും ചിന്തിച്ചുനോക്കുക! സൃഷ്ടിലോകങ്ങളോളം വലുപ്പവും തൂക്കവും വരുന്ന സാരം! അതിനുമുമ്പില്‍ ആരാണ് മുട്ടുകുത്താതിരിക്കുക?! മുട്ടുകുത്താത്തവനുണ്ടെങ്കില്‍, അവന്‍ ചിന്താശൂന്യനല്ലെങ്കില്‍, മര്‍ക്കടമുഷ്ടിക്കാരനായിരിപ്പാനേ തരമുള്ളു. അതുകൊണ്ടുതന്നെയാണ് ഈ ഉത്തരം കേട്ടഭാവം നടിക്കാതെ, ഫിര്‍ഔന്‍ (അടുത്ത ആയത്തില്‍ കാണുന്നപോലെ) വേഗം ചോദ്യം മാറ്റിക്കളഞ്ഞതും. അവന്നറിയാം: വസ്തുക്കളെ സൃഷ്ടിച്ചതും, അവയുടെ ആകൃതിയും പ്രകൃതിയും നിശ്ചയിച്ചതുമെല്ലാം താനല്ലെന്ന്.
ലോകത്തിലുള്ള നാവുകളെല്ലാം ചേര്‍ന്നാലും പ്രസ്തുത ചോദ്യത്തിന്, മൂസാ (عليه السلام) നബി നല്‍കിയതിലും നന്നായ ഒരു ഉത്തരം കൊടുക്കുക സാധ്യമല്ല. ഓരോ സൃഷ്ടിക്കും അതതിന്റെ അസ്തിത്വം നല്‍കുകയും, ഓരോന്നിന്റെയും ജീവിതത്തിനും, നിലനില്‍പ്പിനും ജീവിതോദ്ദേശ്യം സഫലമാകുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങളെല്ലാം തുറന്നുകൊടുക്കുകയും ചെയ്ത ഏക മഹാശക്തി ഏതാകുന്നുവോ അവനാണ് റബ്ബ്; അവനാണ് രക്ഷിതാവ്; എന്നത്രെ മൂസാ (عليه السلام) പറയുന്നത്. എന്നുവെച്ചാല്‍: ഓരോ ജീവിക്കും വേണ്ടുന്ന സഹജബോധം, ആന്തരികശക്തി, അവയവങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയതെല്ലാം ഏറ്റകുറവുകൂടാതെ പ്രദാനം ചെയ്ത സ്രഷ്ടാവ്. ഓരോന്നിന്റെയും അവയവങ്ങള്‍കൊണ്ടുള്ള ആവശ്യങ്ങള്‍, ശരീരത്തില്‍ അവ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതി, ഓരോന്നും മറ്റേതുമായുള്ള ബന്ധം, ആദിയായ കാര്യങ്ങള്‍ ചിന്തിച്ചു നോക്കുമ്പോള്‍, നാം ആശ്ച്ചര്യപ്പെടാതിരിക്കുകയില്ല. നമ്മുടെ മൂക്ക് മേല്പോട്ടായിരുന്നുവെങ്കില്‍, കണ്ണുകള്‍ മുന്നിലും പിന്നിലുമായിരുന്നുവെങ്കില്‍, വിരലുകള്‍ സമവലുപ്പത്തിലായിരുന്നുവെങ്കില്‍…… അങ്ങിനെ ഓരോന്നിനെക്കുറിച്ചും ഒന്നു ആലോചിച്ചു നോക്കുക! ഓരോന്നും സര്‍വ്വശക്തനായ ഏക ഇലാഹിന്റെ ദൃഷ്ടാന്തങ്ങളായി നമുക്ക് കാണുവാന്‍ കഴിയും. മഹാനായ അബ്ദുല്ലാഹില്‍യാഫിഈ (اليافعي -رحمه الله) പറഞ്ഞതെത്ര വാസ്തവം!-
لَهُ كُلُّ ذرَّاتِ الوُجُوْدِ شَوَاهِدٌ … عَلَى أنهُ البَارِيْ الإِلَهُ المُصَوِّرُ
(രൂപകല്‍പന ചെയ്തു സൃഷ്‌ടിച്ച ദൈവം അവന്‍ (അല്ലാഹു) തന്നെയാണെന്നുള്ളതിനു ലോകത്തുള്ള ഓരോ അണുവും അവന് സാക്ഷികളാകുന്നു).
ഒന്നുകില്‍, ഇതൊന്നും ആലോചിക്കുവാനുള്ള ബുദ്ധിയും ചിന്തയും ഫിര്‍ഔനിനു ഉണ്ടായില്ല; അല്ലെങ്കില്‍ അവന്റെ അഹങ്കാരവും അധികാരപ്രമത്തതയും കാരണം അവനതു വകവെച്ചില്ല; അതുമല്ലാത്തപക്ഷം, ജനങ്ങള്‍ മൂസാ (عليه السلام) നബിയുടെ മറുപടിയില്‍ ആകൃഷ്ടരായിപ്പോകുമെന്ന് അവന്‍ കരുതി; ഏതായാലും മറുപടിയുടെ വിശദീകരണം അവന്‍ ആവശ്യപ്പെട്ടില്ല. ചോദ്യം മറ്റൊരു പ്രകാരത്തില്‍ കൊണ്ടുവരികയാണ് ചെയ്തത്. മൂസാ (عليه السلام) നബിയെ ഈ ചോദ്യത്തിന്റെ മറുപടിയില്‍ കുടുക്കികളയാമെന്നു അവന്‍ കരുതി.
- قَالَ فَمَا بَالُ ٱلْقُرُونِ ٱلْأُولَىٰ ﴾٥١﴿
- അവന്‍ ചോദിച്ചു: '(ശരി) എന്നാല്‍, മുന്‍തലമുറകളുടെ നില എന്താണ്?'
- قَالَ അവന്‍ പറഞ്ഞു فَمَا എന്നാലെന്താണ് بَالُ الْقُرُونِ തലമുറകളുടെ നില الْأُولَىٰ പൂര്‍വ്വികന്‍മാരായ, മുന്‍കഴിഞ്ഞ
- قَالَ عِلْمُهَا عِندَ رَبِّى فِى كِتَٰبٍ ۖ لَّا يَضِلُّ رَبِّى وَلَا يَنسَى ﴾٥٢﴿
- അദ്ദേഹം പറഞ്ഞു: 'അവയെ സംബന്ധിച്ചുള്ള അറിവു എന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ഗ്രന്ഥത്തിലുണ്ട്;- എന്റെ റബ്ബ് പിഴച്ചുപോകയില്ല, അവന്‍ മറന്നുപോകയുമില്ല.'
- قَالَ അദ്ദേഹം പറഞ്ഞു عِلْمُهَا അവയെ സംബന്ധിച്ച അറിവു, അവയുടെ വിവരം عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കലാണ് فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍, ഒരു രേഖയില്‍ (രേഖപ്പെട്ടിരിക്കുകയാണ്) لَّا يَضِلُّ പിഴച്ചുപോകയില്ല رَبِّي എന്റെ റബ്ബ് وَلَا يَنسَى അവന്‍ മറക്കുകയുമില്ല
നിങ്ങള്‍ ഇപ്പറയുന്ന ദൈവത്തെക്കുറിച്ചു മുന്‍കഴിഞ്ഞുപോയ ഞങ്ങളുടെ പൂര്‍വ്വികന്‍മാരൊന്നും അറിഞ്ഞിട്ടും വിശ്വസിച്ചിട്ടുമില്ലല്ലോ. അവരെല്ലാം പിഴച്ചവരും തെറ്റിയവരുമാണെന്നാണോ നിങ്ങള്‍ പറയുന്നത്?’ ഇതാണ്, ഫിര്‍ഔന്‍ ചോദിക്കുന്നതിന്റെ സാരം. അന്ധവിശ്വാസങ്ങളെയും, പഴക്കം ചെന്ന ദുരാചാരങ്ങളെയും കുറിച്ച് ആക്ഷേപിക്കുമ്പോള്‍, ഇത്തരം ചോദ്യങ്ങള്‍ ഉല്‍ഭവിക്കുക സാധാരണമാണ്. ഈ അടിസ്ഥാനത്തില്‍ തന്നെയാണ്, സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ മാമൂലുകളെ ന്യായീകരിക്കാറുള്ളതും. ഈ ചോദ്യത്തിനു മൂസാ (عليه السلام) നബി നല്‍കിയ മറുപടിയുടെ സാരം ഇതാണ്: ‘അവരെപ്പറ്റി ഞാനെന്തു പറയും? അവരുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹുവിനറിയാം. അതൊക്കെ അവന്റെ അടുക്കല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതനുസരിച്ചു അവരില്‍ ഓരോരുത്തര്‍ക്കും തക്ക പ്രതിഫലം അവന്‍ കൊടുത്തുകൊള്ളും. മറവിയോ പിഴവോ അവനു പിണയുകയില്ല. അവരെപ്പറ്റി നിങ്ങള്‍ അന്വേഷിക്കുന്നതെന്തിനാണ്?…… പ്രവാചകന്‍മാരുടെ ഉപദേശരീതിയും, തര്‍ക്കശാസ്ത്രത്തിന്റെ വാദപ്രതിവാദരീതിയും തമ്മിലുള്ള വ്യത്യാസം നോക്കുക! മൂസാ (عليه السلام) നബിയുടെ മറുപടിയില്‍ അടങ്ങിയ തത്വം സൂറത്തുല്‍ ബഖറഃയില്‍ അല്ലാഹു ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നു:-
تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ ١٣٤و١٤١
സാരം: അതൊക്കെ, കാലം കഴിഞ്ഞുപോയ സമുദായം! അതു സമ്പാദിച്ചതു (പ്രവര്‍ത്തിച്ചതിന്റെ ഫലം) അതിനു; നിങ്ങള്‍ സമ്പാദിച്ചതു നിങ്ങള്‍ക്കും: അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോടു ചോദിക്കപ്പെടുകയില്ല.
രണ്ടാമത്തെ ചോദ്യോത്തരങ്ങളെക്കാള്‍ പ്രസക്തമായതു ഒന്നാമത്തേതാണല്ലോ. അതുകൊണ്ടു മൂസാ (عليه السلام) നബിയുടെ ആദ്യത്തെ മറുപടിക്കു അല്ലാഹു ഇങ്ങിനെ വിശദീകരണം നല്‍കുന്നു.
- ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦٓ أَزْوَٰجًا مِّن نَّبَاتٍ شَتَّىٰ ﴾٥٣﴿
- ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തരികയും, അതില്‍ നിങ്ങള്‍ക്കു (പലവിധ) വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിത്തരികയും ചെയ്തിട്ടുള്ളവനത്രെ (അവന്‍). എന്നിട്ട്, അതുമൂലം നാം [അല്ലാഹു] വിഭിന്നങ്ങളായ സസ്യങ്ങളില്‍നിന്നും പല ഇണകള്‍ [ജാതികള്‍] ഉല്‍പാദിപ്പിച്ചിരിക്കുന്നു.
- الَّذِي യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്കു الْأَرْضَ ഭൂമിയെ مَهْدًا തൊട്ടില്‍, വിരുപ്പ് وَسَلَكَ لَكُمْ നിങ്ങള്‍ക്കു ഏര്‍പ്പെടുത്തിത്തരുകയും ചെയ്തു فِيهَا അതില്‍ سُبُلًا വഴികളെ وَأَنزَلَ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം (മഴ) فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു بِهِ അതുകൊണ്ടു, അതിനാല്‍ أَزْوَاجًا പല ഇണകളെ, ഇനങ്ങളെ, ജാതികളെ مِّن نَّبَاتٍ സസ്യങ്ങളില്‍ നിന്നു شَتَّىٰ വിഭിന്നമായ, വിവിധമായ
- كُلُوا۟ وَٱرْعَوْا۟ أَنْعَٰمَكُمْ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّأُو۟لِى ٱلنُّهَىٰ ﴾٥٤﴿
- (മനുഷ്യരേ) നിങ്ങള്‍ തിന്നുകൊള്ളുക! നിങ്ങളുടെ കന്നുകാലികളെ മേയിക്കുകയും ചെയ്യുക! നിശ്ചയമായും, അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ وَارْعَوْا മേയ്ക്കുകയും ചെയ്യുവിന്‍ أَنْعَامَكُمْ നിങ്ങളുടെ കന്നുകാലികളെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي النُّهَىٰ ബുദ്ധിമാന്‍മാര്‍ക്ക്