സൂറത്തു ത്വാഹാ : 01-24
ത്വാഹാ
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 135 – വിഭാഗം (റുകുഅ്) 8
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ ﴾٢﴿
- (നബിയേ), നീ ക്ലേശിക്കുവാന്‍വേണ്ടി നിനക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടില്ല;
- مَا أَنزَلْنَا നാം അവതരിപ്പിച്ചിട്ടില്ല عَلَيْكَ നിനക്കു الْقُرْآنَ ഖുര്‍ആനെ لِتَشْقَىٰ നീ ക്ലേശിക്കുവാന്‍, വിഷമിക്കുവാന്‍
- إِلَّا تَذْكِرَةً لِّمَن يَخْشَىٰ ﴾٣﴿
- പക്ഷേ, ഭയപ്പെടുന്നവര്‍ക്കു ഒരു ഉപദേശമായിട്ടത്രെ (അവതരിപ്പിച്ചതു);-
- إِلَّا പക്ഷെ, അല്ലാതെ, ഒഴികെ تَذْكِرَةً ഉപദേശമായിട്ടു, സ്മരണയായിട്ടു لِّمَن يَخْشَىٰ ഭയപ്പെടുന്നവര്‍ക്കു
- تَنزِيلًا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَٰوَٰتِ ٱلْعُلَى ﴾٤﴿
- ഭൂമിയും, ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്റെ അടുക്കല്‍നിന്ന് അവതരിപ്പിച്ചതത്രെ.
- تَنزِيلًا അവതരിപ്പിക്കല്‍, അവതരിപ്പിക്കപ്പെടല്‍ مِّمَّنْ خَلَقَ സൃഷ്ടിച്ചവന്റെ പക്കല്‍ നിന്നു الْأَرْضَ ഭൂമിയെ وَالسَّمَاوَاتِ ആകാശങ്ങളേയും الْعُلَى ഉന്നതങ്ങളായ, മീതെയുള്ളതായ
ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണപ്പെടുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് ഖണ്ഡിതമായി നമുക്കു ഒന്നും പറയുക സാധ്യമല്ലെന്നും മറ്റുമുള്ള വിവരം ഇതിനു മുമ്പ് പലതവണ നാം പ്രസ്താവിച്ചുവല്ലോ. അവയില്‍പെട്ടതുതന്നെയാണ് ഈ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്ന ‘ത്വാഹാ’യും. എന്നാല്‍, ‘ത്വാഹാ’യെ സംബന്ധിച്ചിടത്തോളം ‘ഹേ മനുഷ്യാ’ (يا رجل) എന്ന അര്‍ത്ഥത്തിലുള്ള ഒരു പ്രയോഗമാണ് അതെന്നു പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞുകാണുന്നു. الله أعلم
സൂറത്തു മര്‍യം പോലെത്തന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനവിഷയത്തില്‍ വിഷമം നിറഞ്ഞു കൊണ്ടിരുന്ന കാലഘട്ടത്തില്‍ അവതരിച്ചതാണ് ഈ സൂറത്തും. എവിടെ നോക്കിയാലും നിഷേധവും ധിക്കാരവും കൊടുമ്പിരിക്കൊള്ളുകയാണ്. സ്വാഗതവും സ്വീകരണവുമാകട്ടെ, നന്നേ കുറവും. സമുദായത്തിനു മുഴുവനും മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ ഏതൊരു ഹൃദയം വെമ്പല്‍കൊള്ളുന്നുവോ ആ ഹൃദയത്തിന്റെ സ്വന്തം കുടുംബവും നാട്ടുകാരും തന്നെ ഈ നില സ്വീകരിച്ചു കാണുമ്പോള്‍ അതിനുണ്ടാകുന്ന ദുഃഖവും പരിഭ്രമവും എത്രമാത്രമായിരിക്കും?! അതുകൊണ്ടത്രെ, ഈ കാലഘട്ടത്തില്‍ അവതരിച്ച സൂറത്തുകളില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മനസ്സമാധാനം നല്‍കുന്ന വളരെയധികം വചനങ്ങള്‍ കാണുന്നത്. ഇത്തരം സാന്ത്വനവാക്കുകള്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ആണെങ്കിലും, സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന അവിടുത്തെ അനുയായികള്‍ക്കും അവ മനസ്സമാധാനം നല്‍കുന്നുണ്ട്. വേണ്ടുന്ന കാര്യം ഉപദേശിച്ചു കഴിഞ്ഞാല്‍ പിന്നെ, ഇഷ്ടമുള്ളവര്‍ സ്വീകരിച്ചുകൊള്ളട്ടെ, അല്ലാത്തവര്‍ നിരസിച്ചുകൊള്ളട്ടെ എന്നുവെച്ചു സമാധാനിക്കേണ്ടതാണെന്നും, മനസ്സുമുട്ടി ക്ലേശിക്കേണ്ടതില്ലെന്നും അവ അനുസ്മരിപ്പിക്കുന്നു. മേല്‍പറഞ്ഞതില്‍നിന്നു 2ഉം 3ഉം വചനങ്ങളുടെ താല്‍പര്യം വ്യക്തമാണല്ലോ. ചില ആളുകള്‍ രണ്ടാം വചനത്തിന്റെ താല്‍പര്യം: ‘നീ ജീവിതക്ലേശം അനുഭവിക്കുവാനല്ല – ജീവിതപുരോഗതി നേടുവാനാണു – ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നിങ്ങിനെ വിവക്ഷിച്ചുകാണുന്നു. ഇതല്ല ആ വചനത്തിന്റെ താല്‍പര്യമെന്നു 3-ാം വചനം കൊണ്ടു തന്നെ സ്പഷ്ടമാകുന്നതാണ്.
‘ഭയപ്പെടുന്നവര്‍’ (مَن يَخْشَىٰ) എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം, അല്ലാഹുവിനെയും, അവന്റെ ശിക്ഷയേയും ഭയപ്പെടുന്നവരത്രെ. ആകാശഭൂമികളുടെ സൃഷ്ടാവിങ്കല്‍ നിന്നാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നു വരുമ്പോള്‍, അവന്റെ സൃഷ്ടികളുടെ എല്ലാവിധ നന്മക്കും പുരോഗതിക്കും വേണ്ടുന്നതൊക്കെ അതില്‍ അടങ്ങിയിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
- ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ ﴾٥﴿
- പരമകാരുണികനായുള്ളവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു.
- الرَّحْمَـٰنُ പരമകാരുണികന്‍ عَلَى الْعَرْشِ അര്‍ശില്‍, സിംഹാസനത്തില്‍ اسْتَوَىٰ ആരോഹണം ചെയ്തിരിക്കുന്നു
- لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ ٱلثَّرَىٰ ﴾٦﴿
- അവന്റേതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും, അവ രണ്ടിനുമിടയിലുള്ളതും, മണ്ണിന്റെ അടിയിലുള്ളതും (എല്ലാം).
- لَهُ അവന്റേതാണു, അവന്നാണു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും وَمَا تَحْتَ താഴെയുള്ളതും, ചുവട്ടിലുള്ളതും الثَّرَىٰ മണ്ണിന്റെ
എല്ലാം അവന്റെ സൃഷ്ടിതന്നെ. എല്ലാറ്റിന്റെയും ഉടമസ്ഥതയും ഭരണകൈകാര്യവും അവന്റേതുതന്നെ.
- وَإِن تَجْهَرْ بِٱلْقَوْلِ فَإِنَّهُۥ يَعْلَمُ ٱلسِّرَّ وَأَخْفَى ﴾٧﴿
- നീ വാക്കു ഉച്ചത്തില്‍ പറയുന്നുവെങ്കില്‍, നിശ്ചയമായും അവന്‍ രഹസ്യവും, (അതിലും) കൂടുതല്‍ ഗുഢമായതും അറിയുന്നതാണ് (എന്നു ധരിച്ചുകൊള്ളുക).
- وَإِن تَجْهَرْ നീ ഉച്ചത്തിലാക്കുന്നുവെങ്കില്‍, ഉറക്കെ പറയുന്നുവെങ്കില്‍ بِالْقَوْلِ വാക്കിനെ, പറയുന്നതിനെ فَإِنَّهُ എന്നാല്‍ അവന്‍ Fيَعْلَمُ അവന്‍ അറിയുന്നു السِّرَّ സ്വകാര്യം, രഹസ്യം وَأَخْفَى കൂടുതല്‍ ഗൂഢമായതും, അധികം മറഞ്ഞതും
- ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ﴾٨﴿
- അല്ലാഹുവത്രെ (അവന്‍)! അവനല്ലാതെ ആരാധ്യനേ ഇല്ല.
ഏറ്റവും നല്ല നാമങ്ങള്‍ അവന്നുണ്ട്. - اللَّـهُ അല്ലാഹു, അല്ലാഹുവത്രെ لَا إِلَـٰهَ ആരാധ്യനേ ഇല്ല, ഇലാഹില്ലإِلَّا هُوَ അവനല്ലാതെ لَهُ അവന്നുണ്ടു الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല
‘പരമകാരുണികനായുള്ളവന്‍ അര്‍ശില്‍ (സിംഹാസനത്തില്‍) ആരോഹണം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞതിലെ ‘ആരോഹണ’ത്തിന്റെ രൂപം എന്താണെന്നു നമുക്കു അറിയുക സാദ്ധ്യമല്ല. അപ്രകാരം തന്നെ, അല്ലാഹുവിന്റെ തിരുനാമാങ്ങളുടെയും, ഉല്‍കൃഷ്ട ഗുണവിശേഷങ്ങളുടെയും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും നമുക്കധികമൊന്നും അറിയുവാന്‍ കഴിയില്ല. സൃഷ്ടികളില്‍ നിന്നു സകലവിധേനയും വ്യത്യസ്തനും, അത്യുന്നതനും, പരമപരിശുദ്ധനുമായ അല്ലാഹുവിനെ സംബന്ധിച്ച് അവന്‍ തന്നെ നമുക്കു അറിയിച്ചു തന്നിട്ടുള്ളതെല്ലാം, വാസ്തവവും പരമാര്‍ത്ഥവുമാണെന്നു നാം ധരിക്കുകയും, വിശ്വസിക്കുകയും വേണം. ഇത്തരം വിഷയങ്ങളില്‍ ഇമാം മാലിക്കു (رحمه الله) പോലെയുള്ള മുന്‍ഗാമികളായ മഹാപണ്ഡിതന്‍മാര്‍ സ്വീകരിച്ച നയമാണു ഏറ്റവും സുരക്ഷിതമായിട്ടുള്ളത്. ആരോഹണത്തെ സംബന്ധിച്ചു അദ്ദേഹം പറയുന്നതു ഇങ്ങിനെയാകുന്നു, ‘ആരോഹണം’ എന്നതു നമുക്കറിയാം. അതിന്റെ രൂപം നമുക്കു അജ്ഞാതമാകുന്നു.’ (الاستواء معلوم والكيف مجهول) എന്നാല്‍, പില്‍ക്കാലക്കാരായ പണ്ഡിതന്‍മാരില്‍ ഒരു വിഭാഗക്കാര്‍, ഇത്തരം വിഷയങ്ങളില്‍ ‘തഅ്വീൽ’ (تأويل) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പുതിയ നയം സ്വീകരിക്കാറുണ്ട്. അതായതു: സന്ദര്‍ഭത്തോടു യോജിക്കുമെന്നു കാണപ്പെടുന്ന ഒരു വ്യാഖ്യാനം കൊടുത്തു യോജിപ്പിക്കുക എന്നാണ് അതുകൊണ്ടു വിവക്ഷ. മുന്‍ഗാമികള്‍ സ്വീകരിച്ചു വന്ന നയമാണു കൂടുതല്‍ സുരക്ഷിതമായി നാം കാണുന്നത്. അതില്‍ പിഴവും അബദ്ധവും പിണയുവാനില്ല.
ആകാശഭൂമികളും, അവയിലുള്ള സര്‍വ്വവസ്തുക്കളും സൃഷ്ടിച്ചതും, പരിപാലിക്കുന്നതും, നിയന്ത്രിക്കുന്നതുമെല്ലാം അല്ലാഹുവാണല്ലോ. അവന്‍ സര്‍വ്വശക്തനും, സര്‍വ്വജ്ഞനുമാണ്. പ്രപഞ്ചത്തിലുള്ള ചെറുതും, വലുതുമായ എല്ലാ വസ്തുക്കളെക്കുറിച്ചും, അതില്‍ സംഭവിക്കുന്ന ഓരോ ചലനങ്ങളെക്കുറിച്ചും അവന്‍ അറിയുന്നു. രഹസ്യപരസ്യമെന്നോ, ഉറക്കെ പതുക്കെ എന്നോ ഉള്ളവ്യത്യാസം അവനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. സൂറത്തുല്‍ – മുല്‍ക്കില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: ‘നിങ്ങളുടെ വാക്കുകളെ നിങ്ങള്‍ പതുക്കെപറയുകയോ, അല്ലെങ്കില്‍ അതിനെ ഉറക്കെ പറയുകയോ ചെയ്തുകൊള്ളുക – നിശ്ചയമായും അവന്‍ ഹൃദയങ്ങളില്‍ ഉള്ളതിനെക്കുറിച്ചു അറിയുന്നവനാകുന്നു.’
(وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ – سورة الملك 13)
എന്നാല്‍, ‘ദിക്ര്‍’, ‘ദുആ’ (الذكر والدعاء) – അഥവാ ദൈവകീര്‍ത്തനങ്ങള്‍, പ്രാര്‍ത്ഥനകള്‍ മുതലായവ അധികം ഉച്ചത്തിലല്ലെങ്കിലും, മിതമായ സ്വരത്തില്‍ ഉച്ചരിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതു അല്ലാഹുവിന്റെ കേള്‍വിയെ അടിസ്ഥാനമാക്കി നിര്‍ദ്ദേശിക്കപ്പെട്ടതല്ല. അവയുടെ ഉള്ളടക്കം അവ നടത്തുന്നവന്റെ ഹൃദയത്തില്‍ കൂടുതല്‍ പതിയുവാനും, സാരം മനസ്സില്‍ രൂപപ്പെടുത്തുവാനും ഉതകുന്നതുകൊണ്ടാകുന്നു മനസ്സാന്നിദ്ധ്യത്തിനു ഭംഗം വരുത്തുന്ന ഇതര വിഷയങ്ങളിലേക്കു ശ്രദ്ധ തിരിയാതിരിക്കുവാനും ഇതു സഹായകമായിരിക്കുമല്ലോ.
അല്ലാഹുവിന്റെ പരിപൂര്‍ണ്ണതയുടെയും, പരിശുദ്ധതയുടെയും പാരമ്യത്തെ സൂചിപ്പിക്കുന്ന അവന്റെ തിരുനാമങ്ങളത്രെ ‘ഏറ്റവും നല്ല നാമങ്ങള്‍’ എന്നു പറഞ്ഞതുകൊണ്ടു വിവക്ഷ. ഇത്തരം തിരുനാമങ്ങള്‍ക്കുള്ള അർഹത അല്ലാഹുവിനു മാത്രമേയുള്ളൂ. ഖുർആനിലും , ഹദീസിലും അവന്റെ തിരുനാമങ്ങളായി പലതും വന്നിട്ടുണ്ട്. അവയാണ് الأسماء الحسنى (ഏറ്റവും നല്ല നാമങ്ങള്‍) എന്നു പറയപ്പെടുന്നത്. അടുത്ത വചനം മുതല്‍ മൂസാ (عليه السلام) നബിയുടെ ചരിത്രകഥ ആരംഭിക്കുന്നു:-
- وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ ﴾٩﴿
- (നബിയേ) മൂസായുടെ വര്‍ത്തമാനം നിനക്കു വന്നെത്തിയിട്ടുണ്ടോ?-
- وَهَلْ أَتَاكَ നിനക്കു വന്നിട്ടുണ്ടോ, വന്നെത്തിയിട്ടുണ്ടോ حَدِيثُ مُوسَىٰ മൂസായുടെ വര്‍ത്തമാനം, വൃത്താന്തം
- إِذْ رَءَا نَارًا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًى ﴾١٠﴿
- അതായതു: അദ്ദേഹം ഒരു തീ കണ്ടപ്പോള്‍ (സംഭവിച്ചതു): അദ്ദേഹം തന്റെ വീട്ടുകാരോടു പറഞ്ഞു: 'നിങ്ങള്‍ (ഇവിടെ) നില്‍ക്കുക, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; ഞാന്‍ നിങ്ങള്‍ക്കു അതില്‍നിന്നു ഒരു തീക്കൊള്ളി (കത്തിച്ചെടുത്തു) കൊണ്ടുവന്നേക്കാം, അല്ലെങ്കില്‍ തീയിങ്കല്‍വെച്ചു ഒരു വഴികാട്ടിയെ കണ്ടെത്തിയേക്കാം.'
- إِذْ رَأَىٰ അദ്ദേഹം കണ്ടപ്പോള്‍ نَارًا ഒരു തീ, ഒരു അഗ്നി فَقَالَ അപ്പോള്‍ അദ്ദേഹം പറഞ്ഞു لِأَهْلِهِ തന്റെ വീട്ടുകാരോട് امْكُثُوا നിങ്ങള്‍ താമസിക്കുക, (ഇവിടെ) നില്‍ക്കുക إِنِّي നിശ്ചയമായും ഞാന്‍ آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നേക്കാം مِّنْهَا അതില്‍നിന്നു بِقَبَسٍ ഒരു തീക്കൊള്ളി (കത്തിചെടുത്തതു) أَوْ أَجِدُ അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം, എനിക്കു കിട്ടിയേക്കും عَلَى النَّارِ തീയിങ്കല്‍, തീയിന്നടുക്കല്‍ هُدًى വല്ല വഴി കാട്ടിയേയും, മാര്‍ഗ്ഗദര്‍ശനവും
മൂസാ (عليه السلام) നബിയുടെ കഥ ഇവിടെ ആരംഭിക്കുന്നതു അദ്ദേഹത്തിന്റെ ജനനം മുതല്‍ക്കല്ല. അദ്ദേഹത്തിനു പ്രവാചകത്വവും, ദിവ്യസന്ദേശവും ലഭിക്കുന്നതു മുതല്‍ക്കാണ്. അതിനുമുമ്പുള്ള സ്ഥിതിഗതികളെക്കുറിച്ചു വഴിയെ പ്രസ്താവിക്കുന്നുണ്ട്. മൂസാ (عليه السلام) നബിയുടെ സ്വരാജ്യമായ ഈജിപ്തില്‍ നിന്നു കാരണവശാല്‍ മദ്യനില്‍ (മിദ്യാനില്‍) പോയി കുറേക്കാലം അവിടെ അഭയാര്‍ത്ഥിയായി കഴിഞ്ഞുകൂടിയശേഷം, അദ്ദേഹം ഭാര്യാസമേതം ഈജിപ്തിലേക്കു മടങ്ങിപ്പോരുകയായിരുന്നു. ഈ അവസരത്തിലാണ് സീനാതാഴ്വരയില്‍ ഒരു മരത്തില്‍നിന്നു അദ്ദേഹം തീ കാണുന്നത്. ഈ സ്ഥലത്തിനു ഹോറേബ് (حورب) എന്നാണ് തൗറാത്തില്‍ പേരു പറഞ്ഞിട്ടുള്ളത്. തീ കണ്ടപ്പോള്‍ അവര്‍ക്കു വലിയ ആശ്വാസമായി. തണുപ്പും ഇരുട്ടും കൊണ്ടു മാത്രമല്ല, വഴി അറിയാതെയും അവര്‍ ബുദ്ധിമുട്ടിയിരുന്നു. വഴിയില്‍വെച്ചു ഭാര്യ പ്രസവിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. അവര്‍ക്കു തീ കായുവാന്‍ അല്‍പം തീ കിട്ടിയാല്‍ അതു ഉപകാരം, ഒരു പക്ഷെ തീയിന്നടുത്തു ഉണ്ടായേക്കാവുന്ന ആളില്‍ നിന്നുവല്ല വിവരവും ലഭിച്ചെങ്കില്‍ അതും ഉപകാരം, എന്നിങ്ങിനെയുള്ള പ്രതീക്ഷയോടുകൂടി മൂസാ (عليه السلام) വീട്ടുകാരെ വഴിയില്‍ നിറുത്തി ആ തീ കണ്ട സ്ഥലത്തേക്കു പോയി.
- فَلَمَّآ أَتَىٰهَا نُودِىَ يَٰمُوسَىٰٓ ﴾١١﴿
- അങ്ങനെ, അദ്ദേഹം അതിനടുത്തു ചെന്നപ്പോള്‍, (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു: 'ഹേ, മൂസാ!'-
- فَلَمَّا أَتَاهَا അങ്ങനെ അതിനടുത്തുചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു يَا مُوسَىٰ ഹേ മൂസാ
- إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًى ﴾١٢﴿
- 'ഞാനത്രെ നിന്റെ റബ്ബ്! ആകയാല്‍, നീ നിന്റെ ചെരിപ്പുകള്‍ (രണ്ടും) അഴിച്ചുവെക്കുക; നിശ്ചയമായും, നീ 'ത്വുവാ' എന്ന പരിശുദ്ധ താഴ്വരയിലാകുന്നു.'
- إِنِّي നിശ്ചയമായും ഞാന്‍ أَنَا رَبُّكَ ഞാന്‍ നിന്റെ റബ്ബാണ്, ഞാനാണ് നിന്റെ റബ്ബ് فَاخْلَعْ അതുകൊണ്ടു അഴിച്ചു വെക്കുക نَعْلَيْكَ നിന്റെ രണ്ടു ചെരിപ്പുകള്‍ إِنَّكَ നിശ്ചയമായും നീ بِالْوَادِ താഴ്വരയിലാണ് الْمُقَدَّسِ പരിശുദ്ധമായ طُوًى ത്വുവാ എന്ന
- وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ ﴾١٣﴿
- (എന്റെ ദൗത്യത്തിനും സംഭാഷണത്തിനും ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; അതിനാല്‍, 'വഹ്യു' [ബോധനം] നല്‍കപ്പെടുന്നതിനെ ശ്രദ്ധിച്ചുകേള്‍ക്കുക.
- وَأَنَا اخْتَرْتُكَ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു فَاسْتَمِعْ ആകയാല്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക لِمَا يُوحَىٰ വഹ്യു (ബോധനം) നല്‍കപ്പെടുന്നതിനെ
- إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ ﴾١٤﴿
- 'നിശ്ചയമായും, ഞാന്‍ തന്നെയാണ് അല്ലാഹു; ഞാനല്ലാതെ ആരാധ്യനേ ഇല്ല; അതുകൊണ്ടു നീ എന്നെ (മാത്രം) ആരാധിക്കുക; എന്നെ സ്മരിക്കുന്നതിനുവേണ്ടി നമസ്ക്കാരം നിലനിര്‍ത്തുകയും ചെയ്യുക.
- إِنَّنِي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ്, ഞാനാണു അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا أَنَا ഞാനല്ലാതെ فَاعْبُدْنِي ആകയാല്‍ എന്നെ ആരാധിക്കുക, എനിക്കു ഇബാദത്തു ചെയ്യുക وَأَقِمِ الصَّلَاةَ നമസ്ക്കാരം നിലനിര്‍ത്തുകയും ചെയ്യുക لِذِكْرِي എന്നെ സ്മരിക്കുവാന്‍, എന്റെ ഓര്‍മ്മക്കുവേണ്ടി
- إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ ﴾١٥﴿
- 'നിശ്ചയമായും, അന്ത്യസമയം വരുന്നതാകുന്നു; ഓരോ ആള്‍ക്കും താന്‍ പരിശ്രമിക്കുന്നതിനു പ്രതിഫലം നല്‍കപ്പെടുന്നതിനായി ഞാനതു ഗോപ്യമായി വെക്കുമാറാകുന്നതാണ്.'
- إِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം (ലോകാവസാനസമയം) آتِيَةٌ വരുന്നതാണ് أَكَادُ ഞാന്‍ ആകുമാറാകും أُخْفِيهَا ഞാന്‍ അതു മറച്ചുവെക്കുവാന്‍, ഗോപ്യമാക്കുവാന്‍ لِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുന്നതിനു كُلُّ نَفْسٍ ഓരോ ആള്‍ക്കും, ഓരോ ആത്മാവിനും بِمَا تَسْعَىٰ താന്‍ പരിശ്രമിക്കുന്നതിനു, അതു പരിശ്രമിക്കുന്നതിനു
- فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ ﴾١٦﴿
- 'അതിനാല്‍ അതില്‍ വിശ്വസിക്കാതിരിക്കുകയും, തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ അതില്‍നിന്നു നിന്നെ തടഞ്ഞു കളയാതിരുന്നുകൊള്ളട്ടെ; എന്നാല്‍, [തടഞ്ഞാല്‍] നീ നാശമടഞ്ഞുപോകും'.
- فَلَا يَصُدَّنَّكَ അതിനാല്‍ നിന്നെ തടഞ്ഞുപോകരുതു عَنْهَا അതില്‍നിന്നു مَن لَّا يُؤْمِنُ വിശ്വസിക്കാത്തവര്‍ بِهَا അതില്‍ وَاتَّبَعَ പിന്‍പറ്റുകയും ചെയ്ത هَوَاهُ തന്റെ ഇച്ഛയെ فَتَرْدَىٰ തന്നിഷ്ടം എന്നാല്‍ നീ നാശമടയും
മൂസാ (عليه السلام) ചെന്നുനോക്കുമ്പോള്‍, തീക്കനല്‍ കൊണ്ടുപോരുവാനോ, തീ കായുവാനോ പറ്റുന്ന തീയല്ല അവിടെ കണ്ടത്. അസത്യത്തെയും, ധിക്കാരത്തെയും എരിച്ചുകളയുന്ന ഒരു ദിവ്യപ്രകാശമായിരുന്നു അത്. അവിടെ വെച്ചു മേല്‍കണ്ട സന്ദേശങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു നല്‍കി. അതോടെ, അദ്ദേഹം അല്ലാഹുവിന്റെ റസൂലായി (ദൂതനായി) നിയമിക്കപ്പെടുകയും ചെയ്തു. ഇസ്ലാമിന്റെ മൂലസിദ്ധാന്തങ്ങളും, തത്വങ്ങളും ഈ സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളതു കാണാം.
ബഹുമാനിക്കപ്പെടുന്ന സ്ഥലത്തു ചെല്ലുമ്പോള്‍ നഗ്നപാദത്തോടെ പ്രവേശിക്കുന്നതു പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു മര്യാദയാകുന്നു. ചെരിപ്പഴിച്ചുവെക്കുവാന്‍ പറഞ്ഞ ഈ കല്‍പന തൗറാത്തിലും (പുറപ്പാട്: 3ല്‍ 5) കാണാം. മുന്‍ഗാമികളായ മഹാന്‍മാര്‍ കഅ്ബായെ ‘ത്വവാഫ്’ (പ്രദക്ഷിണം) ചെയ്യുമ്പോഴും നഗ്നപാദരായിട്ടായിരുന്നു ചെയ്തിരുന്നത്. ലോകസൃഷ്ടാവുമായി സംഭാഷണം നടത്തുന്ന അവസരത്തില്‍ അവന്റെ അടിയാനായ മനുഷ്യന്‍ എത്രതന്നെ താഴ്മയും, ഭക്തിയും പ്രകടിപ്പിച്ചാലും അതു നല്ലതാണെന്നു പറയേണ്ടതില്ല. മേല്‍ പ്രസ്താവിച്ച സന്ദേശങ്ങള്‍ നല്‍കിയശേഷം അല്ലാഹു മൂസാ (عليه السلام) നോടു ചോദിക്കുന്നു:
- وَمَا تِلْكَ بِيَمِينِكَ يَٰمُوسَىٰ ﴾١٧﴿
- 'നിന്റെ വലതുകയ്യില്‍ എന്താണതു - മൂസാ?'
- وَمَا تِلْكَ അതെന്താണു بِيَمِينِكَ നിന്റെ വലതു കയ്യില്‍ يَا مُوسَىٰ ഹേ മൂസാ
- قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ ﴾١٨﴿
- അദ്ദേഹം പറഞ്ഞു: 'അതു എന്റെ വടിയാകുന്നു; ഞാനതിന്മേല്‍ (ആശ്വാസത്തിനായി) ഊക്കുകൊള്ളുകയും, അതുകൊണ്ടു എന്റെ ആടുകള്‍ക്ക് (ഇല) തച്ചുകൊഴിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്; എനിക്കു അതില്‍ വേറെയും ഉപയോഗങ്ങളുണ്ട്.'
- قَالَ അദ്ദേഹം പറഞ്ഞു هِيَ അതു عَصَايَ എന്റെ വടിയാണ് أَتَوَكَّأُ ഞാന്‍ ഊക്കുകൊള്ളും, ബലംകൊള്ളും, ഊന്നും عَلَيْهَا അതിന്‍മേല്‍ وَأَهُشُّ ഞാന്‍ തച്ചുകൊഴിച്ചു കൊടുക്കുകയും ചെയ്യും بِهَا അതുകൊണ്ട് عَلَىٰ غَنَمِي എന്റെ ആടുകള്‍ക്ക് وَلِيَ എനിക്കുണ്ടു فِيهَا അതില്‍, അതിനാല്‍ مَآرِبُ പ്രയോജനങ്ങള്‍, ആവശ്യങ്ങള്‍ أُخْرَىٰ വേറെ ചില
- قَالَ أَلْقِهَا يَٰمُوسَىٰ ﴾١٩﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: 'അതുഇടുക - മൂസാ!'
- قَالَ അവന്‍ പറഞ്ഞു أَلْقِهَا അതു ഇടുക يَا مُوسَىٰ ഹേ മൂസാ
- فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌ تَسْعَىٰ ﴾٢٠﴿
- അങ്ങനെ, അദ്ദേഹം അതു ഇട്ടു; അപ്പോഴതാ, അതു ഓടുന്ന ഒരു പാമ്പാകുന്നു!
- فَأَلْقَاهَا അപ്പോള്‍ അദ്ദേഹം അതു ഇട്ടു فَإِذَا هِيَ അപ്പോഴതാ അതു حَيَّةٌ ഒരു പാമ്പാകുന്നു تَسْعَىٰ ഓടുന്ന, ഓടുന്നു
- قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ ﴾٢١﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: 'അതു എടുത്തുകൊള്ളുക - പേടിക്കേണ്ട! നാം അതു അതിന്റെ ആദ്യസ്ഥിതിയില്‍ (തന്നെ) ആക്കിത്തീര്‍ക്കും.'
- قَالَ അവന്‍ പറഞ്ഞു خُذْهَا അതു എടുക്കുക وَلَا تَخَفْ നീ പേടിക്കേണ്ട سَنُعِيدُهَا നാമതിനെ മടക്കും, ആക്കിത്തീര്‍ക്കും سِيرَتَهَا അതിന്റെ സ്ഥിതിയില്‍, സമ്പ്രദായത്തില്‍ الْأُولَىٰ ആദ്യത്തെ
മൂസാ (عليه السلام) നബിയുടെ കയ്യിലുള്ളതു ഒരു വടിയാണെന്നു അല്ലാഹുവിനു അദ്ദേഹത്തേക്കാള്‍ അറിയാം. എന്നാലതു, കേവലം ഒരു സാധാരണ വടിമാത്രമാണെന്നും, ചില നിസ്സാര ഉപയോഗങ്ങളില്‍ കവിഞ്ഞ് അദ്ദേഹത്തിനു അതുകൊണ്ടൊന്നും സാധിക്കുകയില്ലെന്നും ആദ്യം അദ്ദേഹത്തെ സമ്മതിപ്പിക്കുന്നു. അതിനുശേഷം അതേവരെ അദ്ദേഹത്തിനു ഊഹിക്കുവാന്‍പോലും ഇടവരാത്ത ചില അത്ഭുത കൃത്യങ്ങള്‍ ആ വടിമൂലം കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. അതിലേക്കു അദ്ദേഹത്തിന്റെ ശ്രദ്ധ പ്രത്യേകം തട്ടിയുണര്‍ത്തുവാനായിട്ടാണ് ‘അതെന്താണ്’ എന്നു അല്ലാഹു ചോദിക്കുന്നത്.
മൂസാ (عليه السلام) നബിയാകട്ടെ, ‘അതെന്റെ വടിയാണ്’ എന്നു പറഞ്ഞു മതിയാക്കുന്നില്ല. അല്ലാഹുവുമായി സംഭാഷണം നടത്തുവാന്‍ തനിക്കു സിദ്ധിച്ച ഈ അവസരം – ലോകത്തു മറ്റാര്‍ക്കും സിദ്ധിച്ചിട്ടില്ലാത്ത ഈ മഹാഭാഗ്യം – കൂടുതല്‍ ആസ്വദിക്കുവാനുള്ള വെമ്പല്‍കൊണ്ട്, ആ വടിയാല്‍ തനിക്കുള്ള പല ഉപയോഗങ്ങളും അദ്ദേഹം എടുത്തുപറയുന്നു. ചിലതെല്ലാം പറഞ്ഞു. എനിയും ചിലതെല്ലാം തുടര്‍ന്നു പറയുവാന്‍ അദ്ദേഹത്തിനു ആഗ്രഹമുണ്ട്. മര്യാദക്കേടായിപ്പോകുമോ എന്ന് ഭയന്നു ‘വേറെയും പല ആവശ്യങ്ങള്‍ അതുകൊണ്ടുണ്ട്’ എന്നു പറഞ്ഞു മതിയാക്കുകയാണ്. ഒരു പക്ഷെ, എന്താണതെന്ന് ചോദിച്ചെങ്കില്‍ വീണ്ടും കുറേക്കൂടി സംസാരിക്കുവാന്‍ അവസരം തനിക്കു ലഭിക്കുമല്ലോ എന്നദ്ദേഹം കരുതിയിരിക്കാം. എന്നാല്‍, ആ വടിമുഖേന കാണിച്ചുകൊടുക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നതു അതിമഹത്തായ ചില കാര്യങ്ങളാണ്. ശരി, എന്നാല്‍ ആ വടി താഴെ ഇടുക, എന്നു അല്ലാഹു കല്‍പിക്കുന്നു.
നിലത്തിട്ട താമസം! അതാ, അതൊരു പെരുമ്പാമ്പായി മാറിയിരിക്കുന്നു! സാധാരണ പെരുമ്പാമ്പല്ല – കുതിച്ചോടുന്ന സര്‍പ്പക്കുട്ടിയെപ്പോലെ ഓടുന്ന പാമ്പ്! ഈ പാമ്പിനെപ്പറ്റി ഖുര്‍ആനില്‍ 7: 107, 26: 32ല്‍ പെരുമ്പാമ്പ് (ثُعْبَانٌ) എന്നും, 27:10, 28:31ല്‍ ചെറുസര്‍പ്പം പോലെയുള്ളതു (كَأَنَّهَا جَانٌّ) എന്നും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണ്ടപ്പോള്‍ മൂസാ (عليه السلام) നബിക്കു പേടിതോന്നി വഴിയോട്ടു മാറുന്നു! അല്ലാഹു പറയുന്നു: പേടിക്കേണ്ട, പേടിക്കുവാനൊന്നുമില്ല, ധൈര്യസമേതം അതിനെ കൈകൊണ്ടു എടുത്തേക്കുക, അതു പഴയ വടിയായിത്തന്നെ മാറും. ഇതാ എനിയും നോക്കൂ:-
- وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ ﴾٢٢﴿
- 'നിന്റെ കൈ നിന്റെ പാര്‍ശ്വത്തിലേക്കു ചേര്‍ത്തു വെക്കുക: എന്നാലതു മറ്റൊരു ദൃഷ്ടാന്തമായിക്കൊണ്ടു - യാതൊരു ദൂഷ്യവും കൂടാതെ - വെളുത്തതായി പുറത്തുവരുന്നതാണ്;-
- وَاضْمُمْ നീ ചേര്‍ത്തു(കൂട്ടി)വെക്കുക يَدَكَ നിന്റെ കൈ إِلَىٰ جَنَاحِكَ നിന്റെ പാര്‍ശ്വ(കക്ഷ)ത്തിലേക്കു تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെള്ളനിറമുള്ളതായി (മിനുങ്ങിക്കൊണ്ടു) مِنْ غَيْرِ سُوءٍ യാതൊരു ദൂഷ്യവും (കേടുപാടും) കൂടാതെ آيَةً أُخْرَىٰ മറ്റൊരു ദൃഷ്ടാന്തമായി
- لِنُرِيَكَ مِنْ ءَايَٰتِنَا ٱلْكُبْرَى ﴾٢٣﴿
- 'നമ്മുടെ വലിയ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു) നിനക്കു കാണിച്ചു തരുവാന്‍വേണ്ടിയത്രെ (അതു).
- لِنُرِيَكَ നിനക്കു നാം കാട്ടിത്തരുവാന്‍ വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു) الْكُبْرَى വലിയതായ, വമ്പിച്ച
- ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ﴾٢٤﴿
- 'നീ ഫിര്‍ഔന്റെ അടുക്കലേക്കു പോകുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുകയാണ്.'
- اذْهَبْ നീ പോകുക إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് إِنَّهُ നിശ്ചയമായും അവന്‍ طَغَىٰ അതിക്രമിയായിരിക്കുന്നു, അതിരുകവിഞ്ഞിരിക്കുന്നു, അക്രമം മുഴുത്തിരിക്കുന്നു
വലങ്കൈ ഇടത്തേ പാര്‍ശ്വത്തില്‍ തോള്‍ക്കയ്യിനു താഴെ (കക്ഷത്തു) വെച്ചെടുത്തു നോക്കുമ്പോള്‍, അതു തനി വെള്ളവര്‍ണ്ണമായി പ്രകാശിക്കുന്നു! കയ്യിനോ, ദേഹത്തിനോ, ഒന്നും തന്നെ, അതുമൂലം യാതൊരു ദോഷവും ഇല്ല. തിരികെ വെച്ചാല്‍ പഴയപടി തന്നെ ആകുകയും ചെയ്യുന്നു! ഈ മഹത്തായ ദൃഷ്ടാന്തങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു കാണിച്ചു കൊടുത്തു പരിചയപ്പെടുത്തുകയാണ്. വളരെ ഗൗരവാവഹമായ ഒരു കൃത്യം നിര്‍വ്വഹിക്കുവാനാണു മൂസാ (عليه السلام) നിയുക്തനാകുന്നത്. അതിനുള്ള അധികാരപത്രവും ലക്ഷ്യവുമാണു ഈ അമാനുഷിക ദൃഷ്ടാന്തങ്ങള്‍. അതുകൊണ്ടാണ് താന്‍ നിയോഗിക്കപ്പെട്ട ജനതയെ സത്യമാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുവാന്‍ അദ്ദേഹം പോകുന്നത്. സ്വേച്ഛാധികാരിയായ ഒരു ഭരണകര്‍ത്താവാണ് ഫിര്‍ഔന്‍. ഈജിപ്തിലെത്തിയാല്‍, അദ്ദേഹത്തിനു നേരിടേണ്ടുന്നതു ഫിര്‍ഔനെയാണ്. താനാണെങ്കില്‍, ഫിര്‍ഔന്റെ കൊട്ടാരത്തിന്‍ കീഴില്‍ വളര്‍ത്തപ്പെടുകയും അതിനുശേഷം, ഒരു കൊലപാതകത്തിന്റെ പേരില്‍ നാടുവിട്ടു പോകുകയും ചെയ്ത ആളും അവിടെച്ചെന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്നു അദ്ദേഹത്തിനു അറിഞ്ഞുകൂടാ. ഒരു പ്രവാചകന്റെ കര്‍ത്തവ്യമാകട്ടെ, വളരെ വമ്പിച്ചതാണ്. ഭയങ്കരമായ പല വിഷമങ്ങളും, പ്രതിബന്ധങ്ങളും അദ്ദേഹത്തിനു തരണം ചെയ്യേണ്ടതായി നേരിട്ടേക്കും. ആകയാല്‍ മൂസാ (عليه السلام) അല്ലാഹുവോടു പ്രാര്‍ത്ഥിക്കുന്നു:-