ഫാത്തിഹ (പ്രാരംഭം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 7

ജുസ്ഉ് - 1

വിഭാഗം 1

വിശുദ്ധ ഖുര്‍ആനില്‍ ആദ്യം വായിക്കപ്പെടുന്നതും ‘മുസ്ഹഫു’കളില്‍ ഒന്നാമതായി എഴുതപ്പെടുന്നതുമായ സൂറത്ത് (അദ്ധ്യായം) എന്ന നിലക്ക് ഇതിന് ‘സൂറത്തുല്‍ ഫാതിഹഃ (سورة الفاتحة) അഥവാ പ്രാരംഭം എന്നും, ‘ഫാതിഹത്തുല്‍ കിതാബ് ‘ (فاتحة الكتاب) അഥവാ വേദഗ്രന്ഥത്തിന്റെ പ്രാരംഭം എന്നും പേര് പറയപ്പെടുന്നു. ഖുര്‍ആന്റെ മൂലം – അഥവാ കേന്ദ്രം – എന്ന അര്‍ത്ഥത്തില്‍ ‘ഉമ്മുല്‍ ഖുര്‍ആന്‍’ എന്നും, ‘ഉമ്മുല്‍ കിതാബ്’ (أم القرآن ، أم الكتاب) എന്നും പേരുണ്ട്. അല്ലാഹുവിന്റെ അത്യുല്‍കൃഷ്ടങ്ങളായ വിശേഷണ നാമങ്ങള്‍, ഏകദൈവ സിദ്ധാന്തം (തൗഹീദ്) മരണാനന്തര ജീവിതം, പ്രതിഫലനടപടി തുടങ്ങിയ മൗലിക സിദ്ധാന്തങ്ങള്‍, കര്‍മ്മപരവും സാന്മാര്‍ഗ്ഗികവുമായ നിയമ നിര്‍ദ്ദേശങ്ങള്‍, ചരിത്ര സംഭവങ്ങള്‍ ആദിയായ വിഷയങ്ങളാണ് ഖുര്‍ആനിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍. ഇവയുടെയെല്ലാം ഒരു സാരാംശം ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നു. ഇതത്രെ ഈ രണ്ട് പേരുകളും സൂചിപ്പിക്കുന്നത്. ‘ഉമ്മ്’ എന്ന പദത്തിന് ‘ഉത്ഭവസ്ഥാനം, കേന്ദ്രം, പ്രധാനഭാഗം, സങ്കേതം, മാതാവ്, മര്‍മ്മം’ എന്നൊക്കെ സന്ദര്‍ഭം പോലെ അര്‍ത്ഥങ്ങള്‍ വരുന്നതാണ്.

മേല്‍കണ്ട പേരുകള്‍ക്ക് പുറമെ ഹദീസുകളിലും സഹാബികളും, താബിഉകളുമായ മഹാന്മാരുടെ മൊഴികളിലുമായി വേറെയും പല പേരുകള്‍ ഈ സൂറത്തിന് പറയപ്പെട്ടു കാണാം. എല്ലാം തന്നെ ഇതിന്റെ ഓരോ തരത്തിലുള്ള പ്രാധാന്യവും ശ്രേഷ്ഠതയും ചൂണ്ടിക്കാട്ടുന്നു. ഖുര്‍ആനിക വിജ്ഞാനങ്ങളുടെ മൗലികവശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന നിലക്ക് ‘അസാസുല്‍ ഖുര്‍ആന്‍ ‘(أساس القران ഖുര്‍ആന്റെ അസ്തിവാരം) എന്നും, മനസ്സിരുത്തി പഠിക്കുകയും വിശദവിവരങ്ങള്‍ തുടര്‍ന്നന്വേഷണം നടത്തുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഈ സൂറത്തു തന്നെ മതിയാകുമെന്ന അര്‍ത്ഥത്തില്‍ ‘കാഫിയ’ (الكافية- മതിയായത്) എന്നും, വിജ്ഞാനമൂല്യങ്ങളുടെ നിക്ഷേപം എന്ന ഉദ്ദേശ്യത്തില്‍ ‘കന്‍സു’ (الكنز – നിക്ഷേപം) എന്നുമുള്ള പേരുകള്‍ അവയില്‍ ചിലതാകുന്നു. കൂടാതെ, ഇതിന്റെ തുടക്കം അല്ലാഹുവിന്റെ മഹല്‍ഗുണങ്ങളെ എടുത്തു കാട്ടികൊണ്ടുള്ള സ്തുതികീര്‍ത്തനമായതു കൊണ്ട് سورة الحمد (സ്തുതി കീര്‍ത്തനത്തിന്റെ അദ്ധ്യായം), അവസാനഭാഗം പ്രാര്‍ത്ഥനാരൂപത്തില്‍ ആകയാല്‍ سورة الدعاء (പ്രാര്‍ത്ഥനയുടെ അദ്ധ്യായം) നമസ്കാരത്തില്‍ ഒഴിച്ചുകൂടാത്തതാകയാല്‍ سورة الصلاة (നമസ്കാരത്തിന്റെ അദ്ധ്യായം) എന്നിങ്ങനെയും ഇതിന് പേരുണ്ട്.

നബി മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മക്കാ ജീവിതകാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചത് എന്നാണ് ശരിയായ അഭിപ്രായം. അല്ലാഹു പറയുന്നു:

(وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ (سورة الحجر :٨٧

(തീര്‍ച്ചയായും ആവര്‍ത്തിത വചനങ്ങളില്‍ പെട്ട ഏഴെണ്ണവും, മഹത്തായ ഖുര്‍ആനും നാം നിനക്കു നല്‍കിയിട്ടുണ്ട് (ഹിജ്ര്‍ : 87)). ഏഴ് ആവര്‍ത്തിത വചനങ്ങള്‍ (السبع المثانى) എന്നു പറഞ്ഞിരിക്കുന്നത് സൂറത്തുല്‍ ഫാതിഹയെ ഉദ്ദേശിച്ചാണെന്ന് ഇമാം അഹ്മദ്, ബുഖാരീ (رحمهما الله) മുതലായവര്‍ അബൂസഈദിബ്നുല്‍ മുഅല്ലാ (റ)വില്‍ നിന്ന് രേഖപ്പെടുത്തിയ ഒരു നബി വചനത്തില്‍ നിന്ന് വ്യക്തമാകുന്നു. സൂറത്തുല്‍ ഫാതിഹ ഏഴ് ആയത്ത് (സൂക്തം)കളാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരങ്ങളിലായി ഓരോ മുസ്‌ലിമും പതിനേഴു പ്രാവശ്യം അത് ദിനംപ്രതി പാരായണം ചെയ്യേണ്ടതുണ്ട്. സുന്നത്ത് നമസ്കാരങ്ങളിലും മറ്റുമായി ദശക്കണക്കിലും ശതക്കണക്കിലും വേറെയും ആവര്‍ത്തിക്കപ്പെടുന്നു. ഏഴ് ആവര്‍ത്തിത വചനങ്ങള്‍ എന്ന് ഈ സൂറത്തിനെക്കുറിച്ച് പറഞ്ഞതിന്റെയും, ഈ വചനത്തില്‍ ഈ ഒരു സൂറത്തിനെ പ്രത്യേകം എടുത്തു പറഞ്ഞതിന്റെയും രഹസ്യം ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ് . സൂറത്തുല്‍ ഹിജ്ര്‍ മക്കീ സൂറത്തുകളില്‍ പെട്ടതാണെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍, ഈ സൂറത്ത് അതിന് മുമ്പ് തന്നെ അവതരിപ്പിച്ചിരിക്കുമല്ലോ. المثانى (ആവര്‍ത്തിതങ്ങള്‍) എന്ന വാക്കിന് വേറെ നിലക്കും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അതിനെപ്പറ്റി യഥാസ്ഥാനത്ത് വെച്ച് വിവരിക്കാം. إن شاء الله

അബൂസഈദിബ്നുല്‍ മുഅല്ലാ (റ)വില്‍ നിന്നുള്ള മേല്‍ സൂചിപ്പിച്ച ഹദീസില്‍ ‘ഖുര്‍ആനിലെ ഏറ്റവും മഹത്തായ ഒരു സൂറത്ത് ഞാന്‍ തനിക്ക് പഠിപ്പിച്ചു തരട്ടെയോ ‘എന്ന് അദ്ദേഹത്തോട് ചോദിച്ചു കൊണ്ടത്രെ ‘സൂറത്തുല്‍ ഫാതിഹ’യാണത് എന്നും, ‘അതാണ്‌ ഏഴ് ആവര്‍ത്തിത വചനങ്ങള്‍’ എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരിക്കുന്നത്. അഹ്മദ്, തിര്‍മദീ (رحمهما الله) മുതലായവര്‍ ഉബയ്യുബ്നു കഅ്ബ് (റ) വഴി ഉദ്ധരിച്ച വേറൊരു ഹദീസില്‍ ‘തൗറാത്തിലാകട്ടെ, ഇഞ്ചീലിലാകട്ടെ, സബൂറിലാകട്ടെ, ഫുര്‍ഖാനി (ഖുര്‍ആനി) ലാകട്ടെ ഇതു പോലൊരു സൂറത്ത് അവതരിച്ചിട്ടില്ല’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായും വന്നിരിക്കുന്നു. അബൂഹുറൈറ (رحمه الله) ഉദ്ധരിച്ച ഒരു നബിവചനം ഇപ്രകാരമാകുന്നു: ‘ഉമ്മുല്‍ ഖുര്‍ആന്‍ ഓതിയിട്ടില്ലാത്ത വല്ല നമസ്കാരവും ആരെങ്കിലും നമസ്കരിച്ചാല്‍ അത് അപൂര്‍ണമാണ്, അത് അപൂര്‍ണമാണ്, അത് അപൂര്‍ണമാണ്'(മു; ന; തി). ‘ഫാതിഹത്തുല്‍ കിതാബ് ഓതാത്തവന് നമസ്കാരമില്ല’ എന്ന് മറ്റൊരു നബിവചനം ഉബാദതുബ്നുസ്സ്വാമിത്ത് (റ) (عبادة بن الصامت – رض)ല്‍ നിന്ന് ബുഖാരീയും മുസ്ലിമും (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെയുള്ള ഹദീസുകളെ അടിസ്ഥാനമാക്കിയാണ് നമസ്കാരത്തിന്റെ ഓരോ ‘റക്അത്തി’ലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണെന്ന്‍ മാലിക്, ശാഫിഈ, അഹ്മദ് (رَحِمَهُمُ الله) മുതലായവരടക്കം ഭൂരിപക്ഷം പണ്ഡിതന്മാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നതും. ഈ സൂറത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സംബന്ധിച്ച് എനിയും പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും കൂടുതല്‍ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല.

‘അഊദു’ ചൊല്ലല്‍ (ഓതല്‍) അഥവാ ശരണം തേടല്‍

الاستعاذة

اعوذ بالله من الشيطان الرجيم (അഊദു – ബില്ലാഹി – മിനശ്ശൈത്വാനി – റജീം) എന്നുള്ള പ്രാര്‍ത്ഥനക്കാണ് സാധാരണ ‘അഊദു’ ചൊല്ലല്‍ എന്ന് പറഞ്ഞുവരുന്നത്. ആട്ടപ്പെട്ട – അഥവാ ശപിക്കപ്പെട്ട – പിശാചില്‍ നിന്ന്‍ ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു എന്നാണിതിന്റെ അര്‍ത്ഥം . മനുഷ്യന്റെ ആജീവനാന്ത ശത്രുവും അവന്റെ നന്മയില്‍ ഏറ്റവും കടുത്ത അസൂയാലുവുമത്രെ പിശാച്. പിശാചില്‍ നിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഈ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം. മനുഷ്യന് മനുഷ്യവര്‍ഗത്തില്‍ തന്നെ പലതരം ശത്രുക്കളുണ്ട്. ആ ശത്രുക്കളില്‍ നിന്നുള്ള രക്ഷക്കുവേണ്ടിയും നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, മനുഷ്യശത്രുക്കളില്‍ നിന്ന്‍ നേരിടുന്ന ഉപദ്രവങ്ങളും അതിനുള്ള നിവാരണങ്ങളും കുറെയെല്ലാം നമുക്ക് ഊഹിക്കാവുന്നതും മനസ്സിലാക്കാവുന്നതുമാകുന്നു . പിശാചാണെങ്കില്‍ നമുക്ക് കാണുവാന്‍ കഴിയാത്ത ഒരു അദൃശ്യ ജീവി. (*). അവന്റെ ചെയ്തികളും ഉപദ്രവങ്ങളും നമ്മുടെ ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടെത്തുവാനോ , ബുദ്ധി കൊണ്ട് തിട്ടപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം ഗോപ്യമായിരിക്കും. തന്നാല്‍ കഴിയുന്ന എല്ലാ അടവുകളും മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ താന്‍ ഉപയോഗപ്പെടുത്തുമെന്ന് അല്ലാഹുവിന്റെ മുമ്പാകെ പ്രതിജ്ഞയെടുത്തവനത്രെ പിശാച്. ഈ വസ്തുത അല്ലാഹു ഖുര്‍ആന്‍ മുഖേന നമ്മെ ആവര്‍ത്തിച്ചറിയിച്ചിട്ടുള്ളതുമാകുന്നു. (അഅ്റാഫ് :16,17, ഹിജ്ര്‍ : 39, അല്‍കഹ്ഫ്‌ : 50, ഫാത്വിര്‍ : 6, സ്വാദ് : 82 മുതലായ സ്ഥലങ്ങളില്‍ നോക്കുക.) ചുരുക്കത്തില്‍ പിശാചില്‍ നിന്നുള്ള രക്ഷ അല്ലാഹുവില്‍ നിന്ന് തന്നെ നമുക്ക് ലഭിക്കേണ്ടിയിരിക്കുന്നു.


(*) പിശാച് വര്‍ഗ്ഗത്തെയും, ആ വര്‍ഗ്ഗത്തെ നിഷേധിക്കുന്നവരുടെ വാദത്തെയും സംബന്ധിച്ച് സൂറത്തുല്‍ ഹിജ്റി (15-ാം അദ്ധ്യായം)ന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട് .


മനുഷ്യരും പിശാചുക്കളുമാകുന്ന രണ്ടു തരം ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് ഒന്നിച്ച് ഉപദേശം നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ പരിശോധിച്ചാല്‍ മേല്‍ പറഞ്ഞ പരമാര്‍ത്ഥം – പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്ന്‍ രക്ഷപ്പെടുവാനുള്ള ഏകമാര്‍ഗം അല്ലാഹുവിനോട് രക്ഷ തേടലാണെന്ന വസ്തുത – മനസ്സിലാക്കാവുന്നതാണ്. ഇമാം ഇബ്നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയത് പോലെ, രണ്ട് ശത്രുക്കളില്‍ നിന്നുമുള്ള രക്ഷാമാര്‍ഗങ്ങളെപ്പറ്റി ഒന്നിച്ച് വിവരിക്കുന്ന മൂന്ന് സ്ഥലങ്ങളാണ് ഖുര്‍ആനിലുള്ളത്. ഇതാണവ:-

(1) سورة الأعراف – ١٩٩ -٢٠٠

خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَـٰهِلِينَ ﴿١٩٩﴾ وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ ﴿٢٠٠

(2) سورة المؤمنون – ٩٦ – ٩٨

ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴿٩٦﴾ وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَ‌ٰتِ ٱلشَّيَـٰطِينِ ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨

(3) حم السجدة – ٣٤ -٣٦

ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَ‌ٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾ وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٣٦

സാരം :

1 . നീ മാപ്പ് സ്വീകരിക്കുകയും, സദാചാരം – അഥവാ സല്‍ക്കാര്യം – കൊണ്ട് കല്‍പ്പിക്കുകയും, വിവരമില്ലാത്ത മൂഢന്മാരില്‍നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക. പിശാചില്‍നിന്ന്‍ വല്ല ദുഷ്പ്രേരണയും വല്ലപ്പോഴും നിന്നെ ഇളക്കിവിടുന്ന പക്ഷം നീ അല്ലാഹുവിനോട് ശരണം തേടുക. നിശ്ചയമായും, അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അഅ്റാഫ് :199, 200)

2. കൂടുതല്‍ നന്നായുള്ളത് ഏതാണോ അത് വഴി നീ തിന്മയെ തടുത്തു കൊള്ളുക. അവര്‍ വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം ഏറ്റവും അറിയുന്നവനാകുന്നു. ‘എന്റെ റബ്ബേ, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന് ഞാന്‍ നിന്നില്‍ ശരണം തേടുന്നു’ വെന്നും ‘അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാവുന്നതിനെക്കുറിച്ചും ഞാന്‍ നിന്നില്‍ ശരണം തേടുന്നു’വെന്നും നീ പറയുകയും ചെയ്യുക (മുഅ്മിനൂന്‍: 96 – 98)

3. കൂടുതല്‍ നന്നായുള്ളത് കൊണ്ട് നീ (തിന്മയെ) തടുത്തു കൊള്ളുക. അങ്ങനെ ചെയ്‌താല്‍ യാതൊരുവനും നിനക്കുമിടയില്‍ ശത്രുതയുണ്ടോ അവന്‍ ഒരു ഉറ്റ ബന്ധുവെന്നപോലെ ആയിത്തീരും. ക്ഷമിക്കുന്നവര്‍ക്കല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവര്‍ക്കുമല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല. വല്ലപ്പോഴും പിശാചില്‍ നിന്ന്‍ വല്ല ദുഷ്പ്രേരണയും നിന്നെ ഇളക്കി വിടുന്ന പക്ഷം, നീ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവനത്രെ കേള്‍ക്കുന്നവനും അറിയുന്നവനും. (ഹാമീം സജദ: 34 – 36)

ശത്രു മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണെങ്കില്‍, മയം, നയം, വിട്ടുവീഴ്ച, ഉപകാരം മുതലായവ വഴി അവനെ സൗമ്യപ്പെടുത്തുകയും അവനുമായുള്ള ബന്ധം നന്നാക്കിത്തീര്‍ക്കുകയും ചെയ്യാം. ശത്രു പിശാചായിരിക്കുമ്പോള്‍, അവന്‍ അദൃശ്യ ജീവി ആയതുകൊണ്ട് അവനോട് നയത്തിനോ, മയത്തിനോ മറ്റോ മാര്‍ഗ്ഗമില്ല. അവനില്‍ നിന്ന് രക്ഷപ്പെടുവാന്‍ അല്ലാഹുവില്‍ ശരണം തേടുകയേ നിവൃത്തിയുള്ളൂ എന്ന വസ്തുത ഈ വചനങ്ങളില്‍ നിന്ന്‍ വ്യക്തമാണ്. പിശാചിനെക്കുറിച്ച് നാം സദാ ബോധവാന്മാരയിരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്ന:

إِنَّ ٱلشَّيْطَـٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَـٰبِ ٱلسَّعِيرِ (سورة فاطر – ٦)

(നിശ്ചയമായും, പിശാച് നിങ്ങള്‍ക്ക് ശത്രുവാകുന്നു. അതിനാല്‍, നിങ്ങളവനെ ശത്രുവാക്കി വെക്കുവിന്‍. അവന്‍ തന്റെ കക്ഷിയെ ക്ഷണിക്കുന്നത് ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവരാകുവാന്‍ വേണ്ടിയാകുന്നു. (ഫാത്വിര്‍ : 6). അപ്പോള്‍, പൊതുവില്‍ എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് പിശാചിന്റെ ദുഷ്പ്രേരണകള്‍ക്ക് വശംവദരാകുവാന്‍ ഇടയുള്ള സന്ദര്‍ഭങ്ങളിലും നാം പിശാചിനെപ്പറ്റി അല്ലാഹുവിനോട് രക്ഷ തേടേണ്ടതുണ്ട്.

അല്ലാഹു പറയുന്നു:

فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾ (النحل – ٩٨)

(നീ ഖുര്‍ആന്‍ ഓതുന്നതായാല്‍ ആട്ടപ്പെട്ട പിശാചില്‍നിന്ന്‍ അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക (നഹ്ല്‍ 98)

ഈ വചനത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതും, പൊതുവെ അംഗീകരിക്കപ്പെട്ടു വരുന്നതും ഖുര്‍ആന്‍ പാരായണം ആരംഭിക്കുമ്പോള്‍ ‘അഊദു’ ചോല്ലേണ്ടതുണ്ട് എന്നത്രെ. ഹദീസിന്റെ പിന്‍ബലവും ഈ അഭിപ്രായത്തിനുണ്ട്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ഭംഗം വരുമാറ് പിശാചിന്റെ ദുര്‍മ്മന്ത്രങ്ങള്‍ ഏല്‍ക്കാതിരിക്കുവാന്‍ ഇത് ഉപകരിക്കുന്നു. അവന്റെ ദുര്‍മ്മന്ത്രത്തിനു സന്ദര്‍ഭം കാണുന്നിടത്തൊക്കെ ‘അഊദു’ ചൊല്ലുന്നത് നന്നായിരിക്കുമെന്ന്‍ ബുഖാരീ (رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു ഹദീസില്‍നിന്ന്‍ മനസ്സിലാക്കാവുന്നതാകുന്നു. ഹദീസിന്റെ പ്രസക്ത ഭാഗം ഇങ്ങനെ ഉദ്ധരിക്കാം: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സാന്നിധ്യത്തില്‍ വെച്ച് രണ്ട് പേര്‍ തമ്മില്‍ ചീത്ത പറയുകയുണ്ടായി. കോപം നിമിത്തം ഒരാളുടെ മുഖം ചുവന്നു . അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എനിക്ക് ഒരു വാക്ക് അറിയാം. അതവന്‍ പറഞ്ഞിരുന്നെങ്കില്‍ അവനില്‍ കാണുന്ന ആ കോപം അവനെ വിട്ടു പോയേക്കുമായിരുന്നു. അതെ, أعوذ بالله من الشيطان الرجيم’. പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ ബാഹ്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ‘അഊദു’ ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് പോലും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. നിര്‍ബന്ധമെന്ന് പറഞ്ഞുകൂടാ; എങ്കിലും, പ്രധാനപ്പെട്ട ഒരു ഐഛികപുണ്യ കര്‍മ്മമാണത് എന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. പാരായണം നമസ്കാരത്തില്‍ വെച്ചാവുമ്പോള്‍, ‘അഊദു’ പതുക്കെ ചൊല്ലുകയാണ് വേണ്ടത്. പിശാചില്‍ നിന്ന്‍ നേരിട്ടേക്കാവുന്ന ആപത്തുകളുടെ ആധിക്യവും, നിഗൂഢതയും, ഗൗരവവും ആലോചിക്കുകയും അവയില്‍നിന്നുള്ള രക്ഷാമാര്‍ഗ്ഗം അല്ലാഹുവിന്റെ കാവല്‍ മാത്രമാണെന്ന് ഓര്‍ക്കുകയും ചെയ്യുമ്പോഴേ ‘അഊദു’ വാകുന്ന പ്രാര്‍ത്ഥനയുടെ ഗൗരവം വേണ്ടതുപോലെ വിലയിരുത്താന്‍ കഴിയുകയുള്ളു.

ബിസ്മി’ ചൊല്ലല്‍ – അഥവാ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കല്‍

البسملة

അബൂബക്കര്‍ സിദ്ധീഖ് (رضي الله عنه) ന്റെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരിച്ച് എഴുതപ്പെട്ട ഒന്നാമത്തെ മുസ്ഹഫ് മുതല്‍ക്കുള്ള എല്ലാ മുസ്ഹഫുകളിലും സൂറത്തു–ത്തൗബ ഒഴിച്ചു മറ്റുള്ള 113 സൂറത്തുകളും ആരംഭിക്കുന്നത് ‘ബിസ്മി’ കൊണ്ടാകുന്നു. (തൗബ സൂറത്തില്‍ ബിസ്മി ഇല്ലാതിരിക്കുവാന്‍ കാരണം മുഖവുരയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം യഥാസ്ഥാനത്തുവെച്ചും കാണാം. إِنْ شَاءَ اللَّهُ). കൂടാതെ, സൂറത്തുന്നംല് 30-ാം വചനത്തിലും ഒരു ‘ബിസ്മി’ അടങ്ങിയിരിക്കുന്നു. ആ ബിസ്മി ആ വചനത്തിന്റെ ഒരു ഭാഗമാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സൂറത്തുകളുടെ ആരംഭത്തിലുള്ള ബിസ്മികള്‍ ഖുര്‍ആനില്‍ പെട്ടതാണോ, അല്ലേ എന്നുളളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അവയുടെ ചുരുക്കം ഇതാണ്.

(1) ഓരോന്നിലെയും ബിസ്മി ആ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്നു.

(2) അതതു സൂറത്തുകളിലെ ഒന്നാം ആയത്തിന്റെ ഒരു ഭാഗമാണ് ബിസ്മി.

(3) സൂറത്തുല്‍ ഫാതിഹയില്‍ മാത്രം ഒന്നാമത്തെ ആയത്താകുന്നു. മറ്റു സൂറത്തുകളിലേത് സൂറത്തുകള്‍ തമ്മില്‍ തിരിച്ചറിയുവാനായി ആരംഭത്തില്‍ കൊടുത്തിട്ടുള്ളതുമാകുന്നു.

(4) ഫാതിഹ അടക്കം എല്ലാ സൂറത്തുകളുടെയും ആരംഭം കുറിക്കുന്നതാണവ. അഥവാ ഒന്നുംതന്നെ അതതു സൂറത്തുകളിലെ ആയത്തുകളല്ല. ഓരോ അഭിപ്രായക്കാര്‍ക്കും ഹദീസുകളില്‍നിന്നും മറ്റുമായി ഉദ്ധരിക്കുവാനുള്ള ന്യായങ്ങളും, തെളിവുകളും ഉദ്ധരിക്കുന്നപക്ഷം അത് കുറേ ദീര്‍ഘിച്ചുപോകുന്നതാണ്.

ഒരു കാര്യം തീര്‍ത്തു പറയാം. ഖുര്‍ആന്‍ പാരായണം തുടങ്ങുമ്പോഴും, സൂറത്തുകളുടെ ആരംഭത്തിലും – ഫാത്തിഹഃയുടെ ആരംഭത്തില്‍ വിശേഷിച്ചും – ‘ബിസ്മി’ ചൊല്ലല്‍ ആവശ്യമാകുന്നു . നബി (صلى الله عليه وسلم) തിരുമേനിക്ക് അവതരിച്ച ഒന്നാമത്തെ ഖുര്‍ആന്‍ വചനം اقْرَأْ بِاسْمِ رَبِّكَ (നീ നിന്റെ റബ്ബിന്റെ നാമത്തില്‍ വായിക്കുക) എന്നായിരുന്നു. റബ്ബിന്റെ നാമത്തില്‍ ആരംഭിക്കുന്നതിന്റെ പ്രാവര്‍ത്തികരൂപം ‘ബിസ്മി’ മുഖേന നമുക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാട്ടിത്തന്നിട്ടുമുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഖുര്‍ആന്‍ പാരായാണത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പാരായണം ചെയ്തിരുന്നത് നീട്ടി നീട്ടിക്കൊണ്ടായിരുന്നുവെന്ന്‍ അനസ് (رضي الله عنه) പ്രസ്താവിച്ചതായും, അനന്തരം അദ്ദേഹം ‘ബിസ്മില്ലാഹി’ എന്നും, ‘അര്‍-റഹ്മാനി’ എന്നും, ‘അര്‍-റഹീം’ എന്നും നീട്ടി നീട്ടിക്കൊണ്ട് ചൊല്ലിക്കാട്ടിയതായും ബുഖാരീ (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബിസ്മിയോടുകൂടിയാണ് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതെന്നാണ് ഇതില്‍ നിന്ന്‍ മനസ്സിലാകുന്നത്. കൂടാതെ, ഉമ്മുസലമഃ (رضي الله عنها) യില്‍ നിന്ന്‍ അഹ്മദ്, അബൂദാവൂദ്, ഹാകിം (رَحِمَهُمُ الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഓത്ത് മുറിച്ചു മുറിച്ചുകൊണ്ട് (ആയത്തുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ഓതാതെ) ആയിരുന്നുവെന്ന് അവര്‍ പറഞ്ഞതായും, ബിസ്മിയും ഫാത്തിഹഃ യിലെ രണ്ട് ആയത്തുകളും ഓതിക്കൊണ്ട് അതിന്നവര്‍ ഉദാഹരണം കാട്ടിക്കൊടുത്തതായും വന്നിരിക്കുന്നു.

ഖുര്‍ആന്‍ പാരായണവേളയില്‍ മാത്രമല്ല, നല്ലതും വേണ്ടപ്പെട്ടതുമായ ഏതൊരു കാര്യം തുടങ്ങുമ്പോഴും അത് അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കേണ്ടതാണെന്ന് – അഥവാ ബിസ്മിയോട് കൂടി തുടങ്ങണമെന്ന് – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ചര്യയില്‍ നിന്ന്‍ പൊതുവില്‍ അറിയപ്പെട്ട ഒരു സംഗതിയാകുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബിസ്മി ചൊല്ലുവാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകളും നിലവിലുണ്ട്. ജലപ്രളയത്തില്‍നിന്ന്‍ രക്ഷപ്പെടുവാനായി അല്ലാഹുവിന്റെ കല്‍പന പ്രകാരം നൂഹ് (عليه السلام) നബി കപ്പലില്‍ കയറിയപ്പോള്‍ ‘ബിസ്മില്ലാഹി’ എന്നു പറഞ്ഞതായും (ഹൂദ്‌ : 41), യമനിലെ രാജ്ഞിക്ക്‌ സുലൈമാന്‍ (عليه السلام) നബി അയച്ച കത്തിന്റെ ആദ്യത്തില്‍ ‘ബിസ്മി’ മുഴുവനായും എഴുതിയിരുന്നതായും (നംല് : 30) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പ്രധാന കാര്യങ്ങള്‍ ‘ബിസ്മി’ കൊണ്ട് ആരംഭിക്കുന്ന സ്വഭാവം പൂര്‍വ പ്രവാചകന്മാര്‍ മുതല്‍ക്കേയുള്ള പതിവാണെന്ന്‍ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.

നല്ല കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതില്‍ പല യുക്തിരഹസ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന്‍ അല്‍പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നല്‍കുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്റെ സ്മരണയും, അതിനുള്ള ഒരു നന്ദിയുമായിരിക്കും അത്. ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേറ്റുവാനുള്ള സഹായം, അതിന് പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളില്‍ നിന്നുള്ള രക്ഷ, പ്രത്യേകിച്ചും പിശാചിന്റെ ഇടപെടലില്‍ നിന്നുള്ള കാവല്‍, ആ കാര്യം അല്ലാഹുവിങ്കല്‍ സ്വീകാര്യമായതായിരിക്കുവാനുള്ള ഭാഗ്യം ഇതെല്ലാം അല്ലാഹുവില്‍നിന്ന്‍ മാത്രം ലഭിക്കേണ്ടുന്നവയാണ്. ആ നിലക്ക് അവന്റെ നാമവും അവന്റെ കൃപാകടാക്ഷവും ഓര്‍ത്തും ഉച്ചരിച്ചും കൊണ്ടുള്ള ശുഭസൂചകമായ തുടക്കം അതിന്റെ പര്യവസാനം ശുഭകരമായിത്തീരുവാനും കാരണമാകുന്നതാണ്. ഒരാള്‍ ഒരു സല്‍ക്കാര്യം തന്നെ ചെയ്യുന്നുവെന്ന്‍ വെക്കുക. ആ അവസരത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള വിചാരവികാരമൊന്നും കൂടാതെയാണ് അയാള്‍ അതു ചെയ്യുന്നതെങ്കില്‍, ആ കാര്യം ചെയ്തതിന്റെ പേരില്‍ അല്ലാഹുവിന്റെ പ്രീതിക്കോ പ്രതിഫലത്തിനോ അയാള്‍ക്ക് അവകാശമില്ല.

നമസ്കാരത്തിലാകുമ്പോള്‍ ബിസ്മി ഉറക്കെ ചൊല്ലുന്നതോ, പതുക്കെ ചൊല്ലുന്നതോ നല്ലത്? ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. രണ്ടും തീര്‍ത്തു പറയത്തക്കവണ്ണം ഹദീസുകളില്‍ നിന്ന്‍ തെളിവ് ലഭിക്കാത്തതും, ബിസ്മി ഖുര്‍ആനിലെ ഒരു ആയത്താണോ അല്ലേ എന്ന വിഷയത്തിലുള്ള വ്യത്യസ്താഭിപ്രായങ്ങളുമാണ് ഈ ഭിന്നിപ്പിന് കാരണം. എങ്കിലും നമസ്കാരത്തില്‍വെച്ച് ബിസ്മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്കാരത്തിന് അതുമൂലം ഭംഗം നേരിടുമെന്ന്‍ ആരും പറയുന്നില്ല. രണ്ടിലൊന്ന് നിര്‍ബന്ധമാണെന്നും ആര്‍ക്കും അഭിപ്രായമില്ല. രണ്ടില്‍ ഏതാണ് നല്ലത് എന്നതില്‍ മാത്രമേ ഭിന്നിപ്പുള്ളു. ഇമാം ഇബ്നു ഖയ്യിം (رحمه الله) അദ്ദേഹത്തിന്റെ പ്രസിദ്ധ നബിചര്യാഗ്രന്ഥമായ സാദുല്‍മആദി (زاد المعاد)ല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന മദ്ധ്യേ ഇങ്ങിനെ പ്രസ്താവിക്കുന്നു: ‘…………പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അഊദു ചൊല്ലും. പിന്നെ ഫാത്തിഹ സൂറത്ത് ഓതും. ചിലപ്പോള്‍ ഉറക്കെ ബിസ്മി ചൊല്ലും. ഉറക്കെ ചൊല്ലുന്നതിനെക്കാള്‍ അധികം അവിടുന്ന്‍ പതുക്കെ ചൊല്ലുകയായിരുന്നു ചെയ്തിരുന്നത്. രാവും പകലും അഞ്ചുനേരങ്ങളില്‍ അവിടുന്ന്‍ പതിവായി യാത്രയില്‍വെച്ചും നാട്ടില്‍വെച്ചും ഉറക്കെ ചൊല്ലി വരികയും, എന്നിട്ടത് ഖുലഫാഉ-ര്‍റാശീദിനും, ഭൂരിപക്ഷം സഹാബികള്‍ക്കും, ആ നല്ലകാലക്കാരായ നാട്ടുകാര്‍ക്കും അജ്ഞാതമായിരിക്കുകയും ചെയ്യുക സംഭവ്യമല്ല തന്നെ…..’. ‘അഊദു’ വിനെപ്പറ്റി പ്രസ്താവിച്ചതുപോലെതന്നെ, ബിസ്മിയെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഓരോ അഭിപ്രായത്തിനും ഹദീസുകളെയോ മറ്റോ ആധാരമാക്കി കൊണ്ടുള്ള ന്യായീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. (ഫിഖ്ഹു ഗ്രന്ഥങ്ങളാണതിന്റെ സ്ഥാനം). ഉദ്ധരിക്കുവാനുള്ള ഹദീസുകളാകട്ടെ, – ഇബ്നുഖയ്യിം (رحمه الله) പറഞ്ഞതു പോലെ – ഒന്നുകില്‍ വിഷയം വ്യക്തമല്ലാത്തതോ, അല്ലെങ്കില്‍ ദുര്‍ബ്ബലങ്ങളോ ആണുതാനും.

എങ്കിലും അവയില്‍ നിന്ന്‍ ഇത്രയും സംഗതികള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

(1) സൂറത്തുകളുടെ ആരംഭങ്ങളിലുള്ള ഓരോ ബിസ്മിയും സൂറത്തിലെ ഓരോ ആയത്തോ, ആയത്തിന്റെ ഭാഗമോ ആണെങ്കിലും അല്ലെങ്കിലും ശരി, അവ പൊതുവില്‍ ഖുര്‍ആനില്‍ ഉള്‍പ്പെട്ടതും, അതോടൊപ്പം സൂറത്തുകളുടെ തുടക്കം കുറിക്കുന്നതുമാകുന്നു. ഉസ്മാന്‍ (رضي الله عنه) തയ്യാറാക്കിയ ഒന്നാമത്തെ പകര്‍പ്പ് മുസ്വ്-ഹഫ് മുതല്‍ ഇന്നേ വരെയുള്ള എല്ലാ മുസ്വ്-ഹഫുകളിലും തൗബയൊഴികെ ഓരോ സൂറത്തിന്റെയും ആരംഭത്തില്‍ ‘ബിസ്മി’ എഴുതപ്പെട്ടിട്ടുള്ളതുതന്നെ ഇതിന് തെളിവാകുന്നു.

(2) ഖുര്‍ആന്‍ പാരായണം ചെയുമ്പോള്‍ ആദ്യം ‘അഊദും’, പിന്നീട് ‘ബിസ്മി’യും ചൊല്ലേണ്ടതാണ്.

(3) ഓരോ സൂറത്തും ‘ബിസ്മി’യോട് കൂടി ഓതുകയാണ് വേണ്ടത്.

(4) നമസ്കാരത്തിലാവുമ്പോള്‍ ‘അഊദു’ പതുക്കെ ഓതണം. ‘ബിസ്മി’ പതുക്കെയും, ഉറക്കെയും ആവാമെങ്കിലും കൂടുതല്‍ നല്ലത് പതുക്കെയാകുന്നു. الله اعلم. എനി നമുക്ക് സൂറത്തിലേക്ക് പ്രവേശിക്കാം. അല്ലാഹു പറയുന്നു:-

1:1
  • بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ ﴾١﴿
  • പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
  • بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
1:2
  • ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴾٢﴿
  • സ്തുതി (മുഴുവന്‍) ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു;-
  • الْحَمْدُ സ്തുതി (മുഴുവനും) لِلَّـهِ അല്ലാഹുവിനാകുന്നു رَبِّ രക്ഷിതാവ്, യജമാനന്‍, പരിപാലകന്‍, الْعَالَمِينَ ലോകരുടെ, ലോകങ്ങളുടെ(യെല്ലാം).
1:3
  • ٱلرَّحْمَـٰنِ ٱلرَّحِيمِ ﴾٣﴿
  • പരമകാരുണികനും കരുണാനിധിയുമായുള്ളവന്‍;-
  • الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി

1:4
  • مَـٰلِكِ يَوْمِ ٱلدِّينِ ﴾٤﴿
  • പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍
  • مَالِكِ ഉടമസ്ഥന്‍, (ملك രാജാവ്) يَوْمِ ദിവസത്തിന്റെ الدِّينِ പ്രതിഫലത്തിന്റെ, നിയമനടപടിയുടെ
1:5
  • إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴾٥﴿
  • നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു
  • إِيَّاكَ നിന്നെ(ത്തന്നെ), നിനക്ക് (മാത്രം) نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു وَ ഉം إِيَّاكَ നിന്നോട് (തന്നെ - മാത്രം) نَسْتَعِينُ ഞങ്ങള്‍ സഹായം (ഉതവി) തേടുന്നു
1:6
  • ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ﴾٦﴿
  • ചൊവ്വായ പാതയില്‍ നീ ഞങ്ങളെ വഴി ചേര്‍ക്കേണമേ!-
  • اهْدِ നീ നയിക്കേണമേ, ചേര്‍ക്കേണമേ, മാര്‍ഗദര്‍ശനം നല്‍കേണമേ نَا ഞങ്ങളെ, ഞങ്ങള്‍ക്ക് الصِّرَاطَ പാതയില്‍ الْمُسْتَقِيمَ നേരെയുള്ള, ചൊവ്വായ
1:7
  • صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ ﴾٧﴿
  • (അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍, (അതേ,) കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ (വരുടെ പാതയില്‍)
  • صِرَاطَ പാത الَّذِينَ യാതൊരു കൂട്ടരുടെ أَنْعَمْتَ നീ അനുഗ്രഹിച്ചു عَلَيْهِمْ അവര്‍ക്ക് ,അവരുടെ മേല്‍ غَيْرِ ഒഴികെയുള്ള , അല്ലാത്ത الْمَغْضُوبِ കോപിക്കപ്പെട്ട(വര്‍), കോപബാധിത(ര്‍) عَلَيْهِمْ അവരുടെമേല്‍, അവരോട് وَلَا അല്ലാത്തവരും الضَّالِّينَ വഴിപിഴച്ചവര്‍

ഈ സൂറത്തിന്റെ അവസാനത്തില്‍ آمين (ആമീന്‍) എന്ന് ചൊല്ലേണ്ടതാകുന്നു. ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നര്‍ത്ഥം. കൂടുതല്‍ വിവരം താഴെ വരുന്നുണ്ട്. ‘ബിസ്മി’ സൂറത്തുല്‍ ഫാത്തിഹയിലെ ഒരു ആയത്താണെന്ന അഭിപ്രായക്കാര്‍ 6ഉം 7ഉം വചനങ്ങള്‍ കൂടി 7-ാമത്തെ വചനമായി എണ്ണിവരുന്നു. ആകെ 7 വചനങ്ങളാണെന്നുള്ളതില്‍ ഭിന്നിപ്പില്ല.

الله (അല്ലാഹു) എന്ന വാക്കിന്റെ മൂല ധാതു ഏതാണെന്നുള്ളതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാം. ഏതായിരുന്നാലും ശരി, അഖില ലോകങ്ങളുടെയും സൃഷ്ടാവും, നിയന്താവും പരിപാലകാനും, രക്ഷിതാവും, യജമാനനും ഉടമസ്ഥനുമായ ആ ഏക മഹാശ്ശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമ (علم) മത്രെ അത്. അവന്റെ തിരുനാമങ്ങളായി ഖുര്‍ആനിലോ, മറ്റു വേദഗ്രന്ഥങ്ങളിലോ, പ്രവാചക വാക്യങ്ങളിലോ വന്നിട്ടുള്ള എല്ലാ നാമങ്ങളും അവന്റെ ഓരോ തരത്തിലുള്ള മഹല്‍ ഗുണങ്ങളെ എടുത്തു കാട്ടുന്ന വിശേഷണങ്ങളായിരിക്കും. ‘അല്ലാഹു’ എന്നുള്ള പേര്‍ അവന്നല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഉപയോഗിക്കപ്പെടാവതുമല്ല. ആരാധിക്കപ്പെടുന്ന വസ്തു – അഥവാ ദൈവം എന്ന അര്‍ത്ഥത്തില്‍ സദാ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് إله (ഇലാഹ്). ഈ രണ്ട് വാക്കുകളും തമ്മില്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും സാമാന്യം യോജിപ്പുണ്ടെന്നതിനെ മുന്‍നിറുത്തി إله എന്ന പദത്തില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ത്തു പ്രത്യേകിപ്പിച്ചതാണ് الله എന്ന പദമെന്ന്‍ പലരും പ്രസ്താവിക്കുന്നു. ഇതനുസരിച്ച് ആ സംജ്ഞാ നാമത്തിന്റെ അര്‍ത്ഥം, ‘സാക്ഷാല്‍ ദൈവം’ – അഥവാ ആരാധിക്കപ്പെടുവാന്‍ യഥാര്‍ത്ഥ അര്‍ഹതയുള്ളവന്‍ – എന്നായിരിക്കുന്നതാണ്. الله اعلم.

ഖുര്‍ആന്‍ പാരായണം അടക്കമുള്ള എല്ലാ നല്ല കാര്യങ്ങളും തുടങ്ങുമ്പോള്‍ ബിസ്മി കൊണ്ട് ആരംഭിക്കുന്നതിനെയും, ഓരോ സൂറത്തുകളുടെയും തുടക്കത്തില്‍ ഉള്ള ബിസ്മികള്‍ അതത് സൂറത്തുകളില്‍പ്പെട്ട ആയത്തുകളാണോ എന്നതിനെയും സംബന്ധിച്ച് നാം മുകളില്‍ ചിലതെല്ലാം പ്രസ്താവിച്ചുവല്ലോ. ഇവിടെ ഒരു സംശയത്തിന് അവകാശമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അവനാണത് അവതരിപ്പിച്ചതും. എന്നിരിക്കെ, അവന്‍ അവന്റെ നാമത്തില്‍ ആരംഭിക്കുന്നതിലടങ്ങിയ യുക്തി രഹസ്യമെന്താണ്? ഇതാണാ സംശയം. ഖുര്‍ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങള്‍ നാം ആരംഭിക്കേണ്ടത് എങ്ങിനെയാണെന്ന് പഠിപ്പിക്കുക, മുകളില്‍ ചൂണ്ടിക്കാട്ടിയത് പോലെയുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്ക് സൂചന നല്‍കുക, നല്ല ആരംഭത്തിന്റെ പ്രായോഗിക രൂപം കാണിച്ചു തരുക മുതലായവയത്രെ അതിലടങ്ങിയ രഹസ്യം . മനുഷ്യന്‍ ചെയ്യേണ്ടുന്നതെല്ലാം പഠിപ്പിക്കുകയാണല്ലോ ഖുര്‍ആന്റെ അവതരണോദ്ദേശ്യം. ഒരു നല്ല ഗ്രന്ഥം ആരംഭിക്കുമ്പോള്‍ അതിന്റെ തുടക്കം നന്നായിരിക്കേണ്ടതിന്റെ ആവശ്യകത പറയേണ്ടതില്ല. എന്നിരിക്കെ, ഏത് ഗ്രന്ഥങ്ങളെക്കാളും എല്ലാ നിലക്കും ഉന്നത സ്ഥാനം അര്‍ഹിക്കുന്ന ഖുര്‍ആന്റെ തുടക്കം മറ്റെല്ലാറ്റിനെക്കാളും നന്നായിരിക്കണമല്ലോ. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതില്‍ പരം ഉത്തമമായ ആരംഭം വേറെ ഏതാണുള്ളത്?!

അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതിന്റെ പ്രാധാന്യവും, അതിലടങ്ങിയ യുക്തിയും മനസ്സിലാക്കുവാന്‍ പോരുന്ന രണ്ടു നാമവിശേഷണങ്ങളാണ് ‘അര്‍-റഹ്മാനും’ ‘അര്‍ -റഹീമും’ (الرَّحْمَـٰنِ ,الرَّحِيمِ). ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ, പ്രത്യേകമായതോ പൊതുവെയുള്ളതോ ഐഹികമോ പാരത്രികമോ ആയ സകലവിധ അനുഗ്രഹങ്ങളുടെയും കര്‍ത്താവായ പരമകാരുണികന്‍ എന്ന് ‘അര്‍-റഹ്മാനി’നും, നന്മ ചെയ്യുന്നവര്‍ക്ക് പ്രത്യേകമായി സിദ്ധിക്കുവാനിരിക്കുന്ന മഹാനുഗ്രഹങ്ങളുടെ ദാതാവായ കരുണാനിധി എന്ന് ‘അര്‍-റഹീമി’നും വിവക്ഷ നല്‍കപ്പെടുന്നു .

കാരുണ്യത്തിന്റെയും, കൃപാകടാക്ഷത്തിന്റെയും, പരമകേന്ദ്രമെന്നപോലെ, അധികാരത്തിന്റെയും ന്യായാധിപത്യത്തിന്റെയും പരമ കേന്ദ്രവും തന്നെയാണ് അല്ലാഹു. അവന്‍ പറയുന്നു:

(نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ ﴿٤٩﴾ وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ ﴿٥٠﴾ (سورة الحجر: ٥٠,٤٩

എന്റെ അടിയാന്മാര്‍ക്കു വിവരമറിയിക്കുക: ഞാന്‍ തന്നെയാണ് വളരെ പൊറുക്കുന്നവും കരുണാനിധിയുമെന്നും, എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷയെന്നും. (ഹിജ്ര്‍ : 49, 50). പക്ഷെ, അവന്റെ കാരുണ്യക്കനിവ് അവന്റെ കോപത്തെ കവിഞ്ഞു നില്‍ക്കുന്നു. സത്യനിഷേധത്തിലും തോന്നിയവാസത്തിലും മുഴുകിയ ധിക്കാരികള്‍പോലും അവന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ സദാ ആസ്വദിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടത്രെ. സൂറ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: ….وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ… (എന്റെ കാരുണ്യം എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു.) ഇതേ വാക്യത്തിന്റെ തുടര്‍ച്ചയായി ഇങ്ങിനെയും പറയുന്നു:

فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ﴿١٥٦﴾ (سورة الأعراف : ١٥٦)

(സൂക്ഷ്മത പാലിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്കും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഞാന്‍ അതിനെ രേഖപ്പെടുത്തി വെച്ചേക്കുന്നതാണ്. (അഅ്റാഫ് : 156). ഈ രണ്ടു വാക്യങ്ങളില്‍ ഒന്നാമത്തേതിന്റെ ആശയം ഉള്‍ക്കൊള്ളുന്ന വാക്കാണ് ‘അര്‍-റഹ്മാന്‍’ എന്നും, രണ്ടാമത്തേതിന്റെ ആശയം ഉള്‍ക്കൊള്ളുന്ന വാക്കാണ് ‘അര്‍-റഹീം’ എന്നും പറയാം.

ഈ രണ്ടു നാമവിശേഷണങ്ങളാല്‍ അല്ലാഹുവിനെ വിശേഷിപ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ഒരാള്‍ ഒരു കാര്യം ആരംഭിക്കുമ്പോള്‍, തനിക്ക് അതുവരെ അവനില്‍നിന്ന്‍ ലഭിച്ചു കഴിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു സ്മരണയും, മേലില്‍ അവനില്‍ നിന്ന് തനിക്ക് ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് വേണ്ടിയുള്ള ഒരപേക്ഷയും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി കാണാം. ഇമാം ബുഖാരിയും, മുസ്ലിമും (رحمهما الله) ഉദ്ധരിച്ച ഒരു നബിവചനത്തിന്റെ സാരം ഇപ്രകാരമാണ്: ‘അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍, അവന്‍ ഒരു ഗ്രന്ഥത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തി അവന്റെ അര്‍ശിനു (സിംഹാസനത്തിനു) മീതെ അവന്റെയടുക്കല്‍ വെച്ചിരിക്കുന്നു: ‘നിശ്ചയമായും, എന്റെ കാരുണ്യം കോപത്തെ മുന്‍കടന്നിരിക്കുന്നു.’ അവര്‍ രണ്ടുപേരും ഉദ്ധരിച്ച വേറെ ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: ‘അല്ലാഹുവിന്റെ കാരുണ്യം നൂറായി ഭാഗിച്ചാല്‍ അതിന്റെ ഒരു ഭാഗം മാത്രമാണ് ഈ ലോകത്ത് ജിന്ന്, മനുഷ്യന്‍, മൃഗം തുടങ്ങിയ എല്ലാ ജീവികള്‍ക്കുമിടയില്‍ അവന്‍ അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ തമ്മില്‍ തമ്മില്‍ കരുണയും ദയയും കാണിക്കുന്നത് അത് കൊണ്ടത്രെ. ദുഷ്ടമൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളോട് ദയ കാണിക്കുന്നതും അതുകൊണ്ട് തന്നെ. ബാക്കി തൊണ്ണൂറ്റി ഒമ്പത് ഭാഗവും ഖിയാമത്ത് നാളില്‍ തന്റെ അടിയാന്മാര്‍ക്ക് കരുണ ചെയ്‌വാനായി അവന്‍ കരുതി വെച്ചിരിക്കുകയാണ്. ഹാ! അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം!

الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ (സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു എല്ലാ സ്തുതിയും) എന്നാണല്ലോ ആദ്യത്തെ വചനം. സ്തുതികീര്‍ത്തനങ്ങളുടെ ഏതു വകുപ്പ് പരിശോധിച്ചാലും ശരി, സ്തുതി ഏതു കാര്യത്തിന്റെ പേരിലായാലും ശരി, യഥാര്‍ത്ഥത്തില്‍ ആ സ്തുതിക്കുള്ള കാരണ കര്‍ത്താവും, ആ കാര്യത്തിന്റെ ഉത്ഭവകേന്ദ്രവും അല്ലാഹുവായിരിക്കുമെന്ന്‍ കാണാം. ഉദാഹരണമായി : ഒരാളെ അയാളുടെ ഔദാര്യത്തിന്റെ പേരില്‍ നാം സ്തുതിക്കുന്നുവെന്നു വിചാരിക്കുക. അയാളെ സൃഷ്ടിച്ചത്, ഉദാരശീലനാക്കിയത്, ഔദാര്യം ചെയ്യാനുള്ള വക അയാള്‍ക്ക് നല്‍കിയത്, അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുമാറാക്കിയത്, അത് അയാളുടെ സല്‍കര്‍മ്മമായി അംഗീകരിക്കുന്നത് എന്നിങ്ങിനെ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളുടെ കര്‍ത്താവ് അല്ലാഹുവല്ലാതെ മറ്റാരാണ്?! അപ്പോള്‍, എല്ലാ സ്തുതികര്‍മ്മങ്ങളുടെയും അര്‍ഹന്‍ യഥാര്‍ഥത്തില്‍ അവന്‍ തന്നെ.

ഒരാള്‍ തന്റെ ഉദ്ദേശ്യമനുസരിച്ച് ചെയ്യുന്ന സല്‍ക്കാര്യങ്ങളെ മുന്‍നിറുത്തി അയാളെ പ്രശംസിക്കുക എന്നാണ് حمد (സ്തുതി) കൊണ്ട് വിവക്ഷ. അതില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ന്നപ്പോള്‍ സ്തുതിയുടെ ഇനത്തില്‍ പെട്ടതെല്ലാം അതിലുള്‍പ്പെടുന്നു. അതുകൊണ്ടാണ് الحمد എന്ന വാക്കിന് ‘സര്‍വസ്തുതിയും, സ്തുതി മുഴുവനും’ എന്നൊക്കെ അര്‍ത്ഥം കല്പിക്കപ്പെടുന്നത്. (*). സ്വന്തം ഉദ്ദേശപ്രകാരമല്ലാതെയുണ്ടാകുന്ന നല്ല കാര്യങ്ങളെപ്പറ്റി പുകഴ്ത്തിപ്പറയുന്നതിന് حمد (സ്തുതി) എന്ന് പറയാറില്ല. അതിന് مدح (പ്രശംസ) എന്നാണ് പറയപ്പെടുക. ഈ വാക്കാകട്ടെ , ഉദ്ദേശ്യപൂര്‍വ്വവും അല്ലാതെയും ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യും. ഉദാഹരണം : ജ്ഞാനം, പരസഹായം, ഭയഭക്തി, കൃത്യനിഷ്ഠ ആദിയായ ഗുണങ്ങളെപ്പറ്റി പുകഴ്ത്തുന്നതിനു حمد (സ്തുതി) എന്നും مدح (പ്രശംസ) എന്നും പറയാം. എന്നാല്‍ സൗന്ദര്യം, ശബ്ദഗുണം, ശരീരവടിവ്, പോലെയുള്ളവയെപ്പറ്റി പുകഴ്ത്തുന്നതിന് مدح (പ്രശംസ) എന്നല്ലാതെ حمد (സ്തുതി) എന്നു പറയാറില്ല. ഒരാളില്‍ നിന്ന് ലഭിച്ച ഏതെങ്കിലും ഉപകാരത്തിന്റെ പേരില്‍ അയാളെ പ്രശംസിക്കുന്നതിന് شكر (നന്ദി) എന്നു പറയപ്പെടുന്നു. നന്ദിയാകട്ടെ, വാക്ക്മൂലം മാത്രമല്ല, മനസ്സുകൊണ്ടും പ്രവൃത്തി മുഖേനയും പ്രകടിപ്പിക്കാവുന്നതുമാണ്. മേല്‍ വിവരിച്ചതില്‍ നിന്ന്‍ ഈ മൂന്ന് വാക്കുകളും തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ യോജിപ്പും, ചില സന്ദര്‍ഭങ്ങളില്‍ വിയോജിപ്പും ഉണ്ടാവാമെന്ന്‍ മനസ്സിലാക്കാമല്ലോ. യോജിപ്പിന്റെ വശങ്ങളെ പരിഗണിച്ച് കൊണ്ടാണ് ഈ മൂന്ന് പദങ്ങളെയും ചിലര്‍ പര്യായ പദങ്ങള്‍ എന്നോണം ഉപയോഗിച്ചു കാണുന്നത്. ഈ ഉപയോഗം ചിലപ്പോള്‍, ആശയക്കുഴപ്പത്തിന് കാരണമാകാറുള്ളത് കൊണ്ടാണ് ഈ വാക്കുകളെക്കുറിച്ചു ഇത്രയും വിവരിച്ചത്.


(*). ഇംഗ്ലീഷിലെ The എന്ന അവ്യയത്തിന്റെ സ്ഥാനമാണു അറബിയിലെ ال എന്ന അവ്യയത്തിനുള്ളത്. മലയാളത്തില്‍ ഇതിന്റെ സ്ഥാനത്ത് നില്‍ക്കുന്ന വാക്കുകളില്ല . ഒരു സാമാന്യ (نكرة) നാമത്തില്‍ ال ചേരുമ്പോള്‍ അതിന്റെ സാമാന്യത്വം നീങ്ങി അതൊരു പ്രത്യേകാര്‍ത്ഥമുള്ളതായി തീരുന്നു. ഉദാഹരണം: قَلَمٌ എന്നാല്‍ ഏതെങ്കിലും ഒരു പേനയും اَلْقَلَمُ എന്നാല്‍ ഒരു പ്രത്യേക പേനയോ, പേനയുടെ വര്‍ഗ്ഗമോ ആയിരിക്കും ഉദ്ദേശ്യം . കൂടുതല്‍ വിവരം ഭാഷാസാഹിത്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നറിയേണ്ടതാകുന്നു


എല്ലാ സ്തുതിയും അല്ലാഹുവിന് തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ പോരുന്ന അവന്റെ ചില ഉല്‍കൃഷ്ട ഗുണവിശേഷങ്ങളാണ് തുടര്‍ന്നു പ്രസ്താവിച്ചിരിക്കുന്നത്. رَبِّ الْعَالَمِينَ (ലോകരുടെ രക്ഷിതാവ്) الرَّحْمَـٰنِ (പരമകാരുണികന്‍) الرَّحِيمِ (കരുണാനിധി), مَالِكِ يَوْمِ الدِّينِ (പ്രതിഫലദിവസത്തിന്റെ ഉടമസ്ഥന്‍) ഇവയാണത്. ഈ ഓരോ വിശേഷണങ്ങളിലും അടങ്ങിയിട്ടുള്ള സാരങ്ങളുടെ വൈപുല്യം ആലോചിക്കുന്നപക്ഷം, സ്തുതി മുഴുവനും അല്ലാഹുവിനാണെന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.

رب (റബ്ബ്) എന്ന വാക്കിനു ‘രക്ഷിതാവ്, പരിപാലകന്‍, വളര്‍ത്തുന്നവന്‍, യജമാനന്‍’ എന്നിങ്ങനെയും ‘ഉടമസ്ഥന്‍, കൈകാര്യം നടത്തുന്നവന്‍’ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഈ എല്ലാ അര്‍ത്ഥത്തിലും അവന്‍ റബ്ബുതന്നെ. ‘ലോകം’ എന്നര്‍ത്ഥമായ عالم (ആലമു) ന്റെ ബഹുവചനമാണ് عالمين (ആലമീന്‍). ഈ ബഹുവചനരൂപം ബുദ്ധിജീവികളിലാണ് സാധാരണ ഉപയോഗിക്കപ്പെടാറെങ്കിലും – ബുദ്ധിജീവികളെന്നോ മറ്റു ജീവികളെന്നോ നിര്‍ജ്ജീവ വസ്തുക്കളെന്നോ വ്യത്യാസം കൂടാതെ – അഖില ലോകങ്ങളുടെ റബ്ബ് എന്നത്രെ رَبِّ الْعَالَمِينَ കൊണ്ടു വിവക്ഷ. മൂസാ (عليه السلام) നബിയും, ഹാറൂന്‍ (عليه السلام) നബിയും ഫിര്‍ഔന്റെ അടുക്കല്‍ ചെന്ന്:

إِنَّا رَسُولُ رَبِّ الْعَالَمِينَ :الشعراء : ١٦

(‘ഞങ്ങള്‍ റബ്ബുല്‍ ആലമീ’ന്റെ ദൂതന്മാരാണ്) എന്നു പറഞ്ഞപ്പോള്‍ ഫിര്‍ഔന്‍ ചോദിച്ചു:

وَمَا رَبُّ الْعَالَمِينَ : ٢٣

(എന്താണ് ‘റബ്ബുല്‍ ആലമീന്‍’?)

ഇതിനു മൂസാ (عليه السلام) നല്‍കിയ മറുപടി:

رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا : ٢٤

(ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയില്‍ ഉള്ളവയുടെയും റബ്ബ്) എന്നായിരുന്നു. (ശുഅറാഉ് : 16, 23, 24).

الرَّحْمَـٰنِ ,الرَّحِيمِ (പരമകാരുണികന്‍, കരുണാനിധി) എന്നിവയെപ്പറ്റി ബിസ്മിയുടെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞു. ബിസ്മി ഈ സൂറത്തിലെ ഒരു ആയത്താണെന്ന അഭിപ്രായം സ്വീകരിച്ചാലും ഈ രണ്ടു തിരുനാമങ്ങള്‍ വീണ്ടും ഇവിടെ ആവര്‍ത്തിച്ചത് കേവലം ഒരു ആലങ്കാരികമായ ഉദ്ദേശത്തിലൊന്നുമല്ല. അല്ലാഹുവിന്റെ നാമത്തില്‍ ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതിലടങ്ങിയ തത്വങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു ബിസ്മിയില്‍ ആ വിശേഷണങ്ങള്‍. ഇവിടെയാകട്ടെ, സ്തുതികീര്‍ത്തനങ്ങളെല്ലാം എന്തു കൊണ്ട് അല്ലാഹുവിന് അവകാശപ്പെട്ടതായി എന്നുള്ളതിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്ന ഗുണ വിശേഷണങ്ങളുടെ കൂട്ടത്തില്‍, അവന്റെ കാരുണ്യത്തിനുള്ള സ്ഥാനം കൂടിഎടുത്തു കാണിച്ചിരിക്കുകയാണ്.

‘റഹ്മാന്‍’, റഹീം എന്നീ രണ്ടു രൂപങ്ങളും അല്ലാഹുവിന്റെ അതിരറ്റ കാരുണ്യത്തെ പ്രകാശിപ്പിക്കുന്നവയാണെങ്കിലും, ‘റഹ്മാന്‍’ എന്ന രൂപമാണ് കാരുണ്യത്തിന്റെ അതിവിശാലതയെ കൂടുതല്‍ ദ്യോതിപ്പിക്കുന്നത്. ‘റഹ്മാന്‍’ എന്ന് അല്ലാഹുവിനെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഉപയോഗിക്കപെടാറില്ല. ‘അല്ലാഹു’ എന്ന സംജ്ഞാ നാമത്തെ കഴിച്ചാല്‍ പിന്നെ അവന്റെ നാമവിശേഷണങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഇതര നാമങ്ങളില്‍വെച്ച് കൂടുതല്‍ സ്ഥാനം ഖുര്‍ആനില്‍ കല്പിക്കപ്പെട്ടു കാണുന്നതും ‘റഹ്മാന്‍’ എന്ന നാമത്തിനാകുന്നു. ‘അല്ലാഹു’ എന്ന നാമം പോലെ – മറ്റു വിശേഷണങ്ങളൊന്നും കൂടാതെ – ‘അര്‍-റഹ്മാന്‍’ എന്ന നാമവും അല്ലാഹുവിന് ഉപയോഗിക്കപ്പെട്ടു കാണാം. (ഇസ്രാഉ് 110; സൂഃ റഹ്മാന്‍ 1; ഫുര്‍ഖാന്‍ 59 മുതലായവയും വ്യാഖ്യാനവും നോക്കുക.). അതുകൊണ്ടാണ് – നാമമായോ വിശേഷണമായോ – അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ‘റഹ്മാന്‍’ എന്ന് ഉപയോഗിക്കുവാന്‍ പാടില്ലെന്ന്‍ പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്ത് യമാമയില്‍ പ്രവാചകനായി അഭിനയിക്കുകയും, അബൂബക്കര്‍ (رضي الله عنه) ന്റെ ഖിലാഫത്തു കാലത്ത് യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്ത മുസൈലിമത്തുല്‍ കദ്ദാബിനെ (കള്ളപ്രവാചകനായ മുസൈലമ യെ) കുറിച്ചല്ലാതെ ‘റഹ്മാന്‍’ എന്നു പറയപ്പെട്ടതായി ചരിത്രമില്ല. അതും യമാമയിലെ റഹ്മാന്‍ (رحمان اليمامة) എന്ന ഉപാധിയോടു കൂടിയായിരുന്നു. (*)


(*) ‘അബ്ദുറഹ്മാന്‍’ എന്നതിന്റെ സ്ഥാനത്ത് ‘എ.റഹ്മാന്‍ ‘ പോലെയുള്ള പ്രയോഗം നന്നല്ല. അല്ലാഹുവിന് മാത്രം യോജിക്കുന്ന നാമവിശേഷണങ്ങളെല്ലാം തന്നെ സൃഷ്ടികളുടെ പേരായി ഉപയോഗിക്കുന്നത് സൂക്ഷിക്കേണ്ടതാകുന്നു. ഇതെല്ലാം അല്ലാഹുവിനോടുള്ള അനാദരവായിരിക്കുന്നതാണ്.


അടുത്ത വിശേഷണമായി പറഞ്ഞത് مَالِكِ يَوْمِ الدِّينِ (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍) എന്നാണല്ലോ. دين (ദീന്‍) എന്ന പദത്തിന് ആണ് ഇവിടെ ‘പ്രതിഫലം’ എന്നര്‍ത്ഥം കൊടുത്തത്. കൂടാതെ, ‘മതം, നടപടിക്രമം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം, പതിവ്’ എന്നിങ്ങിനെ സന്ദര്‍ഭമനുസരിച്ച് അതിന് പല അര്‍ത്ഥങ്ങളും വരും. സൃഷ്ടികളുടെ സകല കര്‍മങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്ന ആ മഹാ ദിനമായ ഖിയാമത്തുനാളാണ് പ്രതിഫല ദിവസംകൊണ്ടു വിവക്ഷ. مَالِكِ (മാലികി) എന്നതിന്റെ സ്ഥാനത്ത് مَلِكِ (മലികി) എന്നും വായനയുണ്ട്. (*). പ്രതിഫല ദിവസത്തിന്റെ രാജാവ് എന്നായിരിക്കും അപ്പോള്‍ വാക്കര്‍ത്ഥം. രണ്ടായാലും ആ ദിവസത്തിലെ സര്‍വ്വാധിപതിയും ഏകാധിപതിയും അല്ലാഹു മാത്രമായിരിക്കുമെന്ന്‍ താല്‍പര്യം. പ്രതിഫലത്തിന്റെ ദിവസമെന്നാലെന്താണ് എന്ന് നിനക്കറിയാമോ? എന്ന് ചോദിച്ചുകൊണ്ട് സൂറത്തുല്‍ ഇന്‍ഫിത്വാറില്‍ അല്ലാഹു പറയുന്നു:

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّـهِ – سورة الإنفطار:١٩

(സാരം : ഒരാള്‍ക്കും തന്നെ മറ്റൊരാള്‍ക്കുംവേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാത്ത ദിവസം! അന്ന്‍ കാര്യം – അഥവാ അധികാരം – അല്ലാഹുവിനായിരിക്കും.).


(*). ഇതുപോലെ ഖുര്‍ആനില്‍ ചില സ്ഥലത്ത് കാണപ്പെടുന്ന വായനാവ്യത്യാസങ്ങളെപ്പറ്റി മുഖവുരയില്‍ വിവരിച്ചിട്ടുള്ളത് നോക്കുക.


കേവലം മൂന്ന് ചെറു വാക്യങ്ങളിലായി എടുത്തുകാണിച്ച ഈ നാല് വിശേഷണങ്ങളില്‍ ഓരോന്നും ദ്യോതിപ്പിക്കുന്ന അര്‍ത്ഥ സാരങ്ങളുടെ അഗാധതയും, വൈപുല്യവും മനസ്സിരുത്തുന്നപക്ഷം, എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ അര്‍ഹനായുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നു തികച്ചും ബോധ്യപ്പെടുന്നതാണ്. അല്ലാഹുവിന്റെ ഈ നാലു ഉൽകൃഷ്ട ഗുണങ്ങങ്ങളെയും ഓര്‍മ്മിച്ചുകൊണ്ട് ഒരു അടിയാന്‍ അവനു സ്തുതി കീര്‍ത്തനം ചെയുമ്പോള്‍, തന്റെ മുമ്പിലും, തന്റെ സമീപത്തും അല്ലാഹു സ്ഥിതി ചെയുന്നുണ്ടെന്നുള്ള ഒരു പ്രതീതി ആ അടിയാന്റെ മനസ്സില്‍ പ്രകടമാകുന്നതാണ്. അങ്ങനെ, അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട് അവന്‍ പറയുകയാണ് : إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ – ഞാനും എന്നെപ്പോലെയുള്ള സത്യവിശ്വാസികളെല്ലാവരും – ആരാധിക്കുന്നു: നിന്നോട് ഞാന്‍ സഹായം തേടുകയും ചെയ്യുന്നു). അതെ, മേല്‍ പ്രസ്താവിച്ച അത്യുല്‍കൃഷ്ട ഗുണങ്ങങ്ങളോട് കൂടിയവന്‍ നീയല്ലാതെ ആരുമില്ലെന്ന്‍ ഞങ്ങള്‍ക്ക് ബോധ്യമാണ്; അത് കൊണ്ട് ഞങ്ങളുടെ ആരാധനകളും, സഹായാര്‍ത്ഥനകളും നിന്റെ മുമ്പില്‍ മാത്രമേ ഞങ്ങള്‍ അര്‍പ്പിക്കുകയുള്ളുവെന്ന് ഞങ്ങളിതാ ഉറപ്പിച്ചു പറയുന്നു എന്ന്‍ താല്‍പര്യം.

نَعْبُدُ എന്ന ക്രിയയുടെ മൂല ധാതുവായ عِبَادَة (ഇബാദത്ത്) ന്റെ വിവര്‍ത്തനമായിട്ടാണ് ‘ആരാധന’ എന്ന വാക്ക് നാം ഉപയോഗിച്ചിരിക്കുന്നത്. نَسْتَعِينُ എന്ന ക്രിയയുടെ മൂലധാതുവായ إسْتِعَانَة (ഇസ്തിആനത്ത്) ന്റെ വിവര്‍ത്തനമായി ‘സഹായം തേടുക’ എന്നും ഉപയോഗിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്മാരുടെയും പ്രബോധന വിഷയങ്ങളില്‍ വെച്ച് ഏറ്റവും മൗലിക പ്രധാനമായ വിഷയം തൗഹീദ് (ഏകദൈവ സിദ്ധാന്തം) ആണല്ലോ. തൗഹീദിന്റെ കാതലായ വശമത്രെ ആരാധനയിലും, സഹായാര്‍ത്ഥനയിലുമുള്ള തൗഹീദ്. എന്നാല്‍ പില്‍കാല മുസ്ലിംകള്‍ക്കിടയില്‍ വളരെയേറെ തെറ്റിദ്ധാരണയും വ്യതിയാനവും വന്നു പോയിട്ടുള്ള വിഷയവും അതാണ്. അങ്ങിനെ തൗഹീദിന്റെ അടിത്തറക്കുതന്നെയും കോട്ടം തട്ടിക്കുന്ന എത്രയോ അന്ധവിശ്വാസങ്ങളും, ആശയാദര്‍ശങ്ങളും, ആചാരാനുഷ്ഠാനങ്ങളും സമുദായമദ്ധ്യെ കടന്നു കൂടിയിരിക്കുന്നു. ഒരു പൂര്‍ണമായ ശുദ്ധീകരണത്തിന് സാധ്യമാകാത്ത വിധം സമുദായത്തില്‍ അവ വേരൂന്നിക്കഴിഞ്ഞിരിക്കുകയാണ്. معاذ الله (അല്ലാഹുവില്‍ ശരണം!).

നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ ‘ഇബാദത്ത്’ (عبادة) എന്ന പദത്തിനു പല അര്‍ത്ഥങ്ങളും കാണാം. ‘അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്, താഴ്മ പ്രകടിപ്പിക്കല്‍’ എന്നിങ്ങനെയും, ‘വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍’ എന്നിങ്ങിനെയും അര്‍ത്ഥങ്ങള്‍ കാണും. (*). ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്‍ഭവിച്ചു കാണാം. എന്നാല്‍ ‘ശറഇ’ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ത്ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍വെച്ച് കൂടുതല്‍ അനുയോജ്യമായത് എന്ന നിലക്ക് ‘ആരാധന’ എന്ന് പരക്കെ അതിനു വിവര്‍ത്തനം നല്‍കപ്പെട്ടുവരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (أقصى غاية التذلل و الخشوع) എന്നാണ് മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്‌ലാമിലെ പണ്ഡിത ശ്രേഷ്ഠന്മാരും – വാക്കുകളില്‍ അല്‍പ സ്വല്‍പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും – മുന്‍കാലം മുതല്‍ക്കേ ‘ഇബാദത്തി’നു നല്‍കി വരുന്ന നിര്‍വചനം അതാണ്.


(*) الطاعة, الخضوع, الخشوع, التذلل, التنسك, و نحوها
Worship, adoration, piety, servitude, godliness, submission മുതലായവയും.


ഭാഷാപരമായും മതപരമായും അതിന്റെ അര്‍ത്ഥങ്ങളെപ്പറ്റി ഇമാം ഇബ്നു കഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

والعبادة في اللغة من الذلة، يقال: طريق معبد وبعير معبد أي مذلل، وفي الشرع عبارة عما يجمع كمال المحبة والخضوع والخوف

സാരം: ‘ഭാഷയില്‍ ‘ഇബാദത്ത്‌’ എന്നാല്‍, നിന്ദ്യതയില്‍ -അഥവാ താഴ്മയില്‍- നിന്നുണ്ടാകുന്നതാണ്. ‘മുഅബ്ബദായ’ വഴി എന്നും ‘മുഅബ്ബദായ’ ഒട്ടകം എന്നും പറയപ്പെടാറുണ്ട്. അതായത് ‘മുദല്ലലായ’ (അധികമായി ഉപയോഗിച്ച് ഒതുക്കവും പാകതയും വരുത്തപ്പെട്ട)ത് എന്നര്‍ത്ഥം. ‘ശറഇ’ലാകട്ടെ സ്നേഹത്തിന്റെയും, ഭക്തിയുടെയും, ഭയത്തിന്റെയും പൂര്‍ണതയെ ഒരുമിച്ച് കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിന് പറയപ്പെടുന്ന വാക്കാണത്’. താഴ്മയില്‍ നിന്നും, വിനയത്തില്‍ നിന്നും മാത്രമല്ല -സ്നേഹത്തില്‍ നിന്നും ഭയപ്പാടില്‍ നിന്നും കൂടിയാണ്- ഇബാദത്ത് രൂപം കൊള്ളുന്നതെന്നത്രെ ഇബ്നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടുന്നത്. അപ്പോഴേ താഴ്മയും ഭക്തിബഹുമാനവും അങ്ങേ അറ്റത്തേതാകുകയുള്ളു എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ അവരുടെ ആരാധ്യവസ്തുക്കളെ അത്യധികം സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുന്നതില്‍ നിന്നാണ് അവയോടുള്ള താഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യകാരണബന്ധങ്ങള്‍ക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപെടുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യധികമായിത്തീരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ വിശ്വാസത്തില്‍നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തിബഹുമാനത്തിന്റെയും പ്രകടനമാണ് ഇബാദത്താകുന്ന ആരാധന. സയ്യിദ് റഷീദു രിള്വാ മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ സ്നേഹം കൊണ്ടോ പ്രേമം കൊണ്ടോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും, അധികാരശക്തിയോ അക്രമമോ ഭയന്നോ, വല്ല കാര്യ ലാഭവും പ്രതീക്ഷിച്ചോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും – അതെത്ര വമ്പിച്ചതായാലും – അതിനൊന്നും ‘ഇബാദത്ത്’ എന്ന് പറയപ്പെടാറില്ല. കാരണം, അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുത്തതല്ല.

സ്നേഹത്തിന്റെയും ഭയഭക്തിയുടെയും സമ്മേളനത്തില്‍ നിന്നാണ് ഇബാദത്തിന്റെ ഉത്ഭവമെന്ന് വരുമ്പോള്‍, ഇബാദത്ത് ചെയ്യപ്പെടുന്ന ആളുടെ – അല്ലെങ്കില്‍ വസ്തുവിന്റെ – കല്‍പനാ നിര്‍ദ്ദേശമനുസരിച്ചോ, അറിവോടും ത്രിപ്തിയോടും കൂടിയോ ഉണ്ടാകുന്ന പ്രകടനങ്ങളെ ഇബാദത്താകുകയുള്ളൂവെന്നില്ലെന്ന്‍ വ്യക്തമാണ്. അത്രയുമല്ല, ചിലപ്പോള്‍ ആരാധ്യന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പോലും അതുണ്ടാവാം. മരണപ്പെട്ടു പോയ മഹാത്മാക്കള്‍ക്ക്‌ പലരും ഇബാദത്ത് ചെയ്തുവരുന്നുണ്ട്. ആ മഹാത്മാക്കള്‍ അതറിയുകയോ തൃപ്തിപ്പെടുകയോ ചെയ്യുന്നില്ല. ഈസാ (عليه السلام) നബിക്ക് ക്രിസ്ത്യാനികള്‍ ഇബാദത്ത് ചെയ്യുന്നു. അതദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹം പ്രബോധനം ചെയ്തിരുന്ന തൗഹീദിനു കടകവിരുദ്ധവുമാണത്. വിഗ്രഹങ്ങളാണെങ്കില്‍, തങ്ങളുടെ ആരാധകരെപറ്റിയോ, ആരാധനയെപ്പറ്റിയോ അറിയുവാനുള്ള ഗ്രഹണശക്തിപോലും അവക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍, അങ്ങേയറ്റത്തെ സ്നേഹം, ബഹുമാനം, ഭയം, ഭക്തി, താഴ്മ, വിനയം, അദൃശ്യമായ കഴിവിലുള്ള വിശ്വാസം ആദിയായവയുടെ സമ്മേളനത്തില്‍ നിന്നാണ് ഇബാദത്ത് ഉരുത്തിരിയുന്നത്.

അല്ലാഹു പറയുന്നു:

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ : سورة البقرة:١٦٥

(മനുഷ്യരിലുണ്ട് ചിലര്‍ : അവര്‍ അല്ലാഹുവിനുപുറമെ ചില സമന്മാരെ സ്വീകരിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോടു ഏറ്റവും ശക്തിമത്തായ സ്നേഹമുള്ളവരായിരിക്കും. (അല്‍ ബക്വറഃ : 165)). വീണ്ടും പറയുന്നു:

قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ : سورة آل عمران : ٣١

(പറയുക : നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിച്ചു വരുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍. എന്നാല്‍, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യുന്നതാണ്. (ആലുഇംറാന്‍ : 31)

ബഹുദൈവവിശ്വാസികളെ സംബന്ധിച്ചു മറ്റൊരിടത്ത് പറയുന്നു:

وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ :سورة الزمر : ٣٦

(അല്ലാഹുവിനു പുറമെയുള്ളവരെക്കുറിച്ചു അവര്‍ നിന്നെ ഭയപ്പെടുത്തുന്നു. (സുമര്‍ : 36).

സത്യവിശ്വാസികളോടായി പറയുന്നു:

وَخَافُونِ إِن كُنتُم مُّؤْمِنِينَ: سورة آل عمران :١٧٥

(നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ എന്നെ ഭയപ്പെടുവീന്‍. (ആലുഇംറാന്‍ : 175)

ഈ അടുത്തകാലംവരെ മുസ്ലിംകള്‍ക്കിടയിലും ഇസ്‌ലാമിക വിജ്ഞാന സാഹിത്യങ്ങളിലും ‘ഇബാദത്തി’ ന് പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന മേല്‍കണ്ട അര്‍ത്ഥ വിവരണങ്ങള്‍ക്ക് വിരുദ്ധമായി ഇപ്പോള്‍ ചില കക്ഷികള്‍ അതിന് ‘അനുസരണം’ എന്നും മറ്റുമൊക്കെ അര്‍ത്ഥം കല്‍പ്പിക്കുകയും, തദടിസ്ഥാനത്തില്‍ അവരുടേതായ പല പുതിയ വാദഗതികളും പുറപ്പെടുവിക്കുകയും ചെയ്യുന്നത് പൊതുവെ അറിയാവുന്നതാണല്ലോ. ആ അര്‍ത്ഥത്തെപ്പറ്റിയും അതിലടങ്ങിയ വൈകല്യങ്ങളെപ്പറ്റിയും ഇവിടെ ഒരു ചര്‍ച്ചക്ക് മുതിരുന്നില്ല. മുതിരുന്നപക്ഷം അത് കുറേ ദീര്‍ഘിച്ചുപോകും. പല പണ്ഡിതന്മാരും, ഗ്രന്ഥകര്‍ത്താക്കളും അതിനെ ഖണ്ഡിക്കുകയും വിമര്‍ശിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. സത്യാന്വേഷികള്‍ക്ക് കാര്യം ഗ്രഹിക്കുവാന്‍ മുകളില്‍ വിവരിച്ചതു കൊണ്ട് തന്നെ സാധിക്കുകയും ചെയ്യും. ان شاء الله

عبادة (ഇബാദത്തി)നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്ന്‍ طاعة (ത്വാഅത്ത്) എന്നു പറഞ്ഞു കാണും . ഈ വാക്കിന് ‘അനുസരണം’ എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിന് എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ് . വാസ്തവത്തില്‍ കല്‍പന അനുസരിക്കുക എന്ന അര്‍ത്ഥത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം – അഥവാ സ്വമേധയാ ചെയ്യുന്ന സല്‍ക്കര്‍മ്മം – എന്ന അര്‍ത്ഥത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്‍പന അനുസരിക്കുക – അല്ലെങ്കില്‍ നിയമം അനുസരിക്കുക – എന്ന അര്‍ത്ഥത്തിലാകുമ്പോള്‍ അതിന്റെ ക്രിയാരൂപം اطاع (അത്വാഅ) എന്നായിരിക്കും. (*). പുണ്യം ചെയ്യുകയെന്നും സ്വമേധയാ നല്ല കാര്യം ചെയ്യുകയെന്നും അര്‍ത്ഥം ആകുമ്പോള്‍ ക്രിയ تطوع (തത്വവ്വഅ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐച്ഛികമായ (സുന്നത്ത്) നമസ്കാരം പോലെയുള്ള നിര്‍ബ്ബന്ധമല്ലാത്ത പുണ്യകര്‍മം ചെയ്യുക എന്നാണ് അതിന്റെ സുപരിചിതമായ അര്‍ത്ഥമെന്ന് ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഏതാണ്ട് അത് പോലെത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദി (റ) യും പറഞ്ഞു കാണാം. 2:15 ലും, 2:184 ലും കാണാവുന്നതുപോലെ تطوع خيرا എന്നു പറയുമ്പോള്‍ നിര്‍ബ്ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയാ ചെയ്തു എന്നല്ലാതെ – നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ – അര്‍ത്ഥം വരുന്നതല്ല. ആരും അങ്ങനെ പറയാറുമില്ല.


(*) قال في المنجد : يقال امره فاطاع بالالف لا غير و قال اطاعه اطاعة و طاعة انقادله


ഖുര്‍ആന്റെ വാക്കര്‍ത്ഥങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ് ഇമാം റാഗിബ് (റ) ന്റെ ‘അല്‍മുഫ്റദാത്ത്’ (المفردات). അതില്‍ അദ്ദേഹം പറയുന്നു:

العبودية اظهار التذلل و العبادة ابلغ لا نهاغاية التذلل و لا يستحقها الا من له غاية الافضال وهو الله تعالى ولهذا قال لا تعبدوا الا اياه

(ഉബൂദിയത്ത് – അടിമത്വം – എന്നാല്‍ താഴ്മ പ്രകടിപ്പിക്കലാണ്. ‘ഇബാദത്ത്’ അതിനേക്കാള്‍ ശക്തിയേറിയതാണ്. കാരണം, അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യുവാന്‍ കഴിവുള്ളവനല്ലാതെ അതിന് അവകാശമില്ല. അത് അല്ലാഹുവാണു താനും. അത് കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് അവന്‍ പറഞ്ഞിരിക്കുന്നതും). ഇതില്‍നിന്ന്‍ ഇബാദത്തും’, ‘ഉബൂദിയത്തും’ (العبادة والعبودية) തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായതു, ഉബൂദിയ്യത്തിനേക്കാള്‍ പ്രത്യേകമായതും, ഉബൂദിയ്യത്തിനെക്കാള്‍ ശക്തമായതും (اخص منها وابلغ) ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല عَبَدَ (അബദ) എന്ന ക്രിയക്കു മാത്രമേ ‘ഇബാദത്ത്’ എന്ന ധാതുരൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ عبُد ,عَبَد (മദ്ധ്യത്തിലെ അക്ഷരത്തിനു ‘അ’ കാരമായും ‘ഉ’ കാരമായും) എന്നീ രണ്ട് ക്രിയാ രൂപങ്ങളുടെയും ധാതുരൂപമായി വരികയും ചെയ്യും. عبَدَ (بالفتح) യുടെ ധാതുവാകുമ്പോള്‍ അതിനും ‘ഇബാദത്തി’ന്റെ അര്‍ത്ഥം തന്നെയായിരിക്കും. അപ്പോള്‍ അത് സകര്‍മ്മക രൂപത്തിലുള്ളതും (متعدى) ആയിരിക്കും. عبُد (بالضم) യുടേതാകുമ്പോള്‍ അടിമത്വം എന്നുമായിരിക്കും അര്‍ത്ഥം. ഇപ്പോള്‍ ആ ക്രിയ അകര്‍മ്മകക്രിയയും (لازم) ആയിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ‘അബദ’ എന്ന ക്രിയയും അതില്‍നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപെടുന്നു. ‘അബുദ’ എന്ന ക്രിയയും അതില്‍നിന്നുള്ള പദങ്ങളും അടിമത്വം – അഥവാ അടിമയായിരിക്കല്‍ – എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുവായിവരുന്നത് കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അര്‍ത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൗനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് عبادة എന്നവാക്കിന് ഭാഷാര്‍ത്ഥങ്ങള്‍ പറയുമ്പോള്‍, ‘അടിമത്വം, അടിമവേല, അടിമവൃത്തി’ എന്നുമൊക്കെ അര്‍ത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തില്‍ عبودية നല്ലാതെ عبادة നു അങ്ങിനെ ഭാഷയിലും അര്‍ത്ഥമില്ല.

അങ്ങേ അറ്റത്തെ സ്നേഹബഹുമാനത്തിനും, ഭയഭക്തിക്കും അര്‍ഹനായുള്ള ഏക മഹാശക്തി അല്ലാഹു മാത്രമാണെന്ന് മേല്‍ പ്രസ്താവിച്ച നാല് ഗുണവിശേഷണങ്ങളില്‍ നിന്നും സ്പഷ്ടമായല്ലോ. അതിനെത്തുടര്‍ന്നു ആരാധനക്കും സഹായാര്‍ത്ഥനക്കും യഥാര്‍ത്ഥത്തില്‍ അര്‍ഹനായുള്ളവന്‍ നീ ഒരുവനേയുള്ളുവെന്ന് ഏറ്റുപറയലും മറ്റാരുടെ മുമ്പിലും അതു രണ്ടും ഞങ്ങള്‍ സമര്‍പ്പിക്കുകയില്ലെന്ന പ്രതിജ്ഞയുമാണ് ഈ (4-ാം) വചനത്തില്‍ അടങ്ങിയിരിക്കുന്നത്. നമസ്കാരത്തിലും, നമസ്കാരത്തിനു പുറത്തുമായി ഓരോ സത്യവിശ്വാസിയും പല പ്രാവശ്യം ഇതാവര്‍ത്തിച്ചു പറയേണ്ടതുണ്ട്. അല്ലാഹുവിന്റെ സ്തുതികീര്‍ത്തനമായി ആരംഭിക്കുകയും, അവനോടുള്ള മഹത്തായ ഒരു പ്രാര്‍ത്ഥനയുമായി അവസാനിക്കുകയും ചെയ്യുന്ന (അതെ, സൂറത്തുല്‍ ഹംദ് എന്നും, സൂറത്തു ദ്ദുആ എന്നും കൂടി പറയപ്പെടുന്ന) ഈ അദ്ധ്യായത്തില്‍ ആ രണ്ടിനുമിടക്ക് വെച്ച് അവന്റെ അടിയാന്‍ അവനെ അഭിമുഖീകരിച്ചു കൊണ്ട് സമര്‍പ്പിക്കുന്ന ഈ പ്രതിജ്ഞ എത്രത്തോളം ഗൗരവമേറിയതാണെന്ന് ആലോചിച്ചുനോക്കുക! ഇത് കണക്കിലെടുത്തു കൊണ്ടാണ് ‘സ്വകാര്യ സംഭാഷണത്തിന്റെ – അഥവാ കൂടിക്കാഴ്ച യുടെ – അദ്ധ്യായം (سورة المناجاة) എന്നു കൂടി ഈ സൂറത്തിനു പേര്‍ പറയപ്പെട്ടിരിക്കുന്നത്.

എനി, وَإِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു) എന്ന വാക്യത്തെകുറിച്ചാണ് ചിലത് മനസ്സിലാക്കുവാനുള്ളത്. ഏതെല്ലാം കാര്യങ്ങളിലുള്ള സഹായത്തിന്നാണീ അര്‍ത്ഥിക്കുന്നതെന്ന്‍ ഇതില്‍ വ്യക്തമാക്കപെട്ടിട്ടില്ല. ആ സ്ഥിതിക്ക് ഏതെല്ലാം കാര്യത്തില്‍ സഹായത്തിന് ആവശ്യമായിരിക്കുമോ അതിലെല്ലാം സഹായമര്‍ത്ഥിക്കുന്നു എന്ന് വെക്കുവാനാണ് ന്യായം. സാഹിത്യശാസ്ത്രത്തി (علم البلاغة)ല്‍ അംഗീകരിക്കപ്പെട്ട പൊതുതത്വമാണിത്. മിക്കവാറും ഖുര്‍ആന്‍ വ്യാഖ്യാതക്കളുടെ അഭിപ്രായവും ഇതുതന്നെ. ഇതിന്റെ തൊട്ടുമുമ്പത്തെ വാക്യത്തില്‍ ആരാധനയെക്കുറിച്ചു പറഞ്ഞിരിക്കകൊണ്ട് ആരാധനാ കര്‍മ്മങ്ങള്‍ യഥാവിധി സ്വീകരിക്കുവാനുള്ള സഹായാര്‍ത്ഥന ഇതില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന്‍ തീര്‍ച്ചയായും പറയാം. മനുഷ്യന്റെ കടമകളില്‍ വെച്ച് പരമപ്രധാനമായ കടമയും അല്ലാഹുവിനെ മാത്രം ആരധിക്കലാണല്ലോ. അത് വേണ്ടതുപോലെ നിറവേറ്റുവാനുള്ള ശേഷിയും, ഭാഗ്യവും, സാഹചര്യവുമെല്ലാം അല്ലാഹുവില്‍നിന്നുതന്നെ ലഭിക്കേണ്ടതുണ്ട്. പക്ഷേ, അത് കൊണ്ട് – ചില വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നത് പോലെ – അതിനു വേണ്ടി മാത്രമുള്ള സഹായാര്‍ത്ഥനയാണെന്നുവെച്ച് അതിനെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല.

ഐഹികം, പാരത്രികം, മതപരം, ലൗകികം, എന്നിങ്ങനെയുള്ള തരവ്യത്യാസം കൂടാതെ സകല കാര്യങ്ങള്‍ക്കും അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. സാധാരണഗതിയില്‍ സ്വന്തം കഴിവിലോ, മനുഷ്യകഴിവിലോ പെട്ടതായി കരുതപ്പെടുന്ന കാര്യങ്ങളും ഇതില്‍നിന്നൊഴിവല്ല തന്നെ. ഒരു ഉദാഹരണം കൊണ്ട് ഇത് മനസ്സിലാക്കാം. എഴുത്തും വായനയും അറിയുന്ന ഒരാള്‍ക്ക് ഒരു കത്തെഴുതുവാന്‍ ഒറ്റനോട്ടത്തില്‍ ഒരു പേന, അല്പം മഷി, ഒരു കടലാസ്സുകഷ്ണം ഇത്രയേ വേണ്ടൂ. അല്‍പം ആലോചിച്ചുനോക്കൂ. ആ പേന കയ്യിലെടുക്കുവാന്‍, അത് പിടിച്ചെഴുതുവാന്‍, ഉദ്ദിഷ്ഠ കാര്യങ്ങള്‍ മനസ്സില്‍ തോന്നുവാന്‍, അതിനുള്ള വാക്കുകള്‍ ഓര്‍മ്മവരുവാന്‍, അവ പിഴക്കാതെ രേഖപ്പെടുത്തുവാന്‍ – അങ്ങിനെ പലതും പലതും – അയാള്‍ക്ക്‌ സാധ്യമാകേണ്ടതുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നിന് തടസ്സം നേരിടുമാറുള്ള കാര്യങ്ങളില്‍ നിന്ന്‍ അയാള്‍ രക്ഷപ്പെട്ടിരിക്കേണ്ടതുമുണ്ട്. കൈക്ക് ഒരു വിറയല്‍, അല്ലെങ്കില്‍ ഒരു വേദന, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരപകടം എന്നിങ്ങനെ ഓര്‍ക്കാപ്പുറത്ത് നേരിടാവുന്ന എത്രയെത്ര കാര്യങ്ങളില്‍നിന്ന്‍ അയാള്‍ സുരക്ഷിതനായിരിക്കണം? ആലോചിച്ചുനോക്കുക! ചുരുക്കിപ്പറഞ്ഞാല്‍, ഏതൊരു നിസ്സാര കാര്യത്തിലും അതിനുള്ള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവില്‍ നിന്നുത്തന്നെ ലഭിക്കേണ്ടതുണ്ട്. അത് കൊണ്ട് സൃഷ്ടികളില്‍ നിന്ന്‍ ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന്‍ അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. അതുകൊണ്ടാണ് ‘നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന് പറയുന്നത്. അദൃശ്യമായ കഴിവ് അല്ലാഹുവിന് മാത്രമാകകൊണ്ട് മറ്റാരോടും അതിനപേക്ഷിക്കുന്നത് വ്യര്‍ത്ഥമായിരിക്കുമെന്ന് മാത്രമല്ല, അത് തനി ശിര്‍ക്കും കൂടിയാണ് താനും. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് (لا تَدْعُوا مَعَ الله احدا) എന്ന് അല്ലാഹു പറഞ്ഞതും അതുകൊണ്ടുതന്നെ.

ഈ യാഥാര്‍ത്ഥ്യം ഓര്‍മ്മിച്ചുകൊണ്ടും ആ വാക്യത്തെപ്പറ്റി വീണ്ടും ഒന്നാലോചിച്ചു നോക്കുക. വേണ്ടപ്പെട്ടതും നല്ലതുമായ എല്ലാ കാര്യങ്ങള്‍ക്കും വേണ്ടിയുള്ള സഹായാര്‍ത്ഥനയാണ് അതെന്ന്‍ പറയുന്നതിന്റെ ഔചിത്യം അപ്പോള്‍ ബോധ്യമാകുന്നതാണ്. ഇബ്നു അബ്ബാസ് (رضي الله عنه) ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു:- ഒരു ദിവസം ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിന്നാലെയുണ്ടായിരുന്ന അവസരത്തില്‍ അവിടുന്ന്‍ എന്നോട് ഇപ്രകാരം പറഞ്ഞു: ‘ഹേ കുട്ടീ, ഞാന്‍ നിനക്ക് ചില വാക്കുകള്‍ പഠിപ്പിച്ചു തരാം; നീ അല്ലാഹുവിനെ കാത്തുകൊള്ളുക. എന്നാലവന്‍ നിന്നെ കാക്കും, നീ അല്ലാഹുവിനെ കാത്തുകൊള്ളുക. എന്നാലവനെ നിനക്കു മുമ്പില്‍ കണ്ടെത്താം. നീ (വല്ലതും) ചോദിക്കുന്നതായാല്‍ അല്ലാഹുവിനോട് ചോദിക്കുക. നീ (വല്ലതിലും) സഹായര്‍ത്ഥിക്കുന്നതായാല്‍ അല്ലാഹുവിനോട് സഹായമര്‍ത്ഥിക്കുക. നീ അറിഞ്ഞേക്കണം: നിനക്ക് വല്ല ഉപകാരവും ചെയ്‌വാന്‍ സമുദായം ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക് നിശ്ചയിച്ചുവെച്ചതല്ലാതെ ഒരു ഉപകാരവും അവര്‍ നിനക്ക് ചെയ്കയില്ല. നിനക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ അവര്‍ ഒത്തൊരുമിച്ചാലും അല്ലാഹു നിന്റെ പേരില്‍ നിശ്ചയിച്ചുവെച്ചതല്ലാതെ അവര്‍ നിനക്ക് ഉപദ്രവം ചെയ്കയുമില്ല…’ (തിര്‍മിദീ).

ഇപ്പറഞ്ഞതില്‍ നിന്ന്‍ സൃഷ്ടികളോട് യാതൊരു കാര്യത്തിലും സഹായം അര്‍ത്ഥിക്കേണ്ടതില്ലെന്നോ, അര്‍ത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: —— وَتَعَاوَنُوا عَلَى الْبِرِّ وَٱلتَّقْوَىٰ – (പുണ്യകരമായതിലും, ഭയഭക്തിയിലും – അഥവാ സൂക്ഷ്മത പാലിക്കുന്നതിലും നിങ്ങളന്യോന്യം സഹായം നല്കുവീന്‍ (മാഇദ : 2)). മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള കഴിവില്‍ പെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന്‍ സാരം. ഇത് തെറ്റല്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അത്യാവശ്യവും, ചിലപ്പോള്‍ അനിവാര്യവും കൂടിയായിരിക്കും. ദുല്‍ഖര്‍നൈനി (عليه الصلاة والسلام) പോലും – ‘യാജൂജ് മാജൂജി’ന്റെ പ്രവേശനം തടയുവാനുള്ള അണക്കെട്ട് നിര്‍മ്മാണത്തില്‍ ജനങ്ങളോട് – فَأَعِينُونِي بِقُوَّةٍ (ശക്തി നല്‍കി എന്നെ സഹായിക്കണം) എന്ന് ആവശ്യപ്പെട്ടതായും, അവര്‍ ഇരുമ്പ് കട്ടികളും മറ്റും നല്‍കി സഹായിച്ചതായും സൂറത്തുല്‍ കഹ്ഫില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യമാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന്‍ മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമേ സഹായം തേടാവൂ എന്നതില്‍ സംശയമില്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ത്ഥിക്കുന്നത് കേവലം നിരര്‍ത്ഥമാണെന്ന് മാത്രമല്ല, അത് ശിര്‍ക്കും സൃഷ്ടികള്‍ക്ക് ദിവ്യത്വം കല്പിക്കലുമാകുന്നു.

ഈ സൂറത്തിന്റെ പാരായണം നടക്കുന്നത് പലപ്പോഴും ഒന്നിലധികംപേരുള്ള സംഘത്തില്‍ വെച്ചാവാമെങ്കിലും ചിലപ്പോഴെല്ലാം ഒരാള്‍ ഒറ്റയായിക്കൊണ്ടായിരിക്കുമല്ലോ. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ‘ഞങ്ങള്‍ ആരാധിക്കുന്നു, ഞങ്ങള്‍ സഹായം തേടുന്നു , ഞങ്ങളെ വഴിചേര്‍ക്കണം’ എന്നൊക്കെ ബഹുവചന രൂപത്തില്‍ പ്രയോഗിക്കുന്നതിന്റെ രഹസ്യമെന്താണെന്നു സംശയിക്കപ്പെട്ടേക്കാം. സത്യവിശ്വാസികളെല്ലാം ഒരേ ആദര്‍ശത്തിലും ലക്ഷ്യത്തിലും നിലകൊള്ളുന്നവരും, ഓരോ വ്യക്തിയും സമുദായത്തിന്റെ പൊതു നന്മയിലും വിജയത്തിലും പങ്കും താല്‍പര്യവും ഉണ്ടായിരിക്കേണ്ടവരുമാണെന്നത്രെ അത് ധ്വനിപ്പിക്കുന്നത്. സത്യവിശ്വാസികള്‍ സഹോദരന്മാരാണ് (إنما المؤمنون إخوة) എന്നും, നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കണം, നിങ്ങള്‍ ഭിന്നിക്കരുത് (وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا) എന്നും അല്ലാഹു പറയുന്നു. ‘പരസ്പരം കരുണയും, സ്നേഹവും, ദയയും, കാണിക്കുന്ന വിഷയത്തില്‍ മുസ്ലിംകള്‍ ഒരേ ശരീരം പോലെയാണ് -‘ അഥവാ ആയിരിക്കണം എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും പറയുന്നു. (ബു, മു). ഓരോ വ്യക്തിയും സ്വന്തം കാര്യത്തില്‍മാത്രം താല്‍പര്യം പുലര്‍ത്തിയാല്‍ പോരാ, ഏക മനസ്സോടെ കൂട്ടായ താല്‍പര്യവും, സംഘടിതമായ ഉത്തരവാദിത്വബോധവും ഉള്ളവരായിരിക്കണമെന്നാണല്ലോ ഇതിന്‍റെയൊക്കെ താല്‍പര്യം.

നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളുവെന്നും, നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളുവെന്നും അല്ലാഹുവിന്റെ മുമ്പില്‍ അവന്റെ അടിയാന്മാര്‍ പ്രതിജ്ഞയെടുക്കുമ്പോള്‍, നിങ്ങള്‍ ലക്ഷ്യംവെക്കുന്ന ഏറ്റവും വലിയ സഹായം എന്താണെന്ന് ഒരു ചോദ്യത്തിന് സ്ഥാനമുണ്ടല്ലോ. ഇതിനുള്ള മറുപടി എന്നോണമാണ് اهْدِنَا الصِّرَاطَ الْمُسْتَقِيمَ (നേരെ ചൊവ്വായ പാതയില്‍ ഞങ്ങളെ നീ വഴി ചേര്‍ക്കേണമേ) എന്ന പ്രാര്‍ത്ഥന. ഞങ്ങള്‍ നിന്നില്‍ നിന്നും അര്‍ത്ഥിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇതാണ്, ഈ അനുഗ്രഹം നീ ഞങ്ങള്‍ക്ക് കനിഞ്ഞേകുന്നപക്ഷം ഞങ്ങളുടെ മറ്റാവശ്യങ്ങളെല്ലാം സഫലീകൃതമായി തീര്‍ന്നുകൊള്ളും എന്ന് സാരം.

هدى (ഹദാ) എന്ന ക്രിയയുടെ ആജ്ഞാരൂപം (امر) ആണ് اهد (ഇഹ്ദി). (ആജ്ഞക്കും, അപേക്ഷക്കും, ഉപദേശത്തിനുമൊക്കെ ഒരേ രൂപം തന്നെയാണ് അറബിയിലുള്ളത്). ഇതിന്റെ ധാതുരൂപങ്ങളാണ് ‘ഹിദായത്തും’, ‘ഹുദായും’ (الهداية والهدى) സൗമ്യമായി അറിയിക്കുക, മാര്‍ഗദര്‍ശനം നല്‍കുക, വഴികാട്ടുക, വഴിയില്‍ചേര്‍ക്കുക, നിര്‍ദ്ദേശം നല്‍കുക (الدلالة بلطف, الدلالة الارشاد, ارائة الطريق, الايصال اليها) എന്നൊക്കെയാണ് ഈ രണ്ടിനും നിഘണ്ടുക്കളില്‍ അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത്. ‘സന്മാര്‍ഗ്ഗം – അഥവാ നേര്‍വഴി’ എന്ന അര്‍ത്ഥത്തിലും അവ ഉപയോഗിക്കുക പതിവാണ്. നല്ലകാര്യത്തിലേക്ക് മാര്‍ഗദര്‍ശനം നല്കുന്നതിലാണ് ഈ ധാതുവില്‍ നിന്നുള്ള പദങ്ങള്‍ അധികം ഉപയോഗിക്കപ്പെടാറുള്ളത്. ഇവയുടെ വിപരീതാര്‍ത്ഥങ്ങളില്‍ വരുന്ന പദങ്ങളാണ് ضلال, ضلالة (ള്വലാലും, ള്വലാലത്തും) അവയില്‍ നിന്നുൽതഭവിക്കുന്ന ഇതര രൂപങ്ങളും.

മാര്‍ഗദര്‍ശനം നല്‍കുക അഥവാ വഴികാട്ടുക എന്ന അര്‍ത്ഥത്തിലും, സന്മാര്‍ഗത്തിലാക്കുക അഥവാ നേര്‍വഴിയില്‍ ചേര്‍ക്കുക എന്ന അര്‍ത്ഥത്തിലും ഖുര്‍ആനില്‍ ‘ഹിദായത്ത്’ ഉപയോഗിക്കാറുണ്ട്. ഈ രണ്ടര്‍ത്ഥവും വേര്‍തിരിച്ചു മനസില്ലാകാത്തപക്ഷം ചില സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ ആശയക്കുഴപ്പം നേരിട്ടേക്കും. ഒന്നാമത്തെ അര്‍ത്ഥത്തിന് ഉദാഹരണമാണ് :

وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ : سورة حم ﺍﻟسجدﺓ : ١٧

(എന്നാല്‍, ഥമൂദ്‌ ഗോത്രമാകട്ടെ, അവര്‍ക്കു നാം മാര്‍ഗദര്‍ശനം നല്‍കി. എന്നിട്ടവര്‍ നേര്‍മാര്‍ഗ്ഗത്തേക്കാള്‍ അന്ധതയോടു ഇഷ്ടം കാണിക്കയാണ് ചെയ്തത് (ഹാമീം സജദ : 17) ) എന്ന വാക്യം. അല്ലാഹു അവരെ സന്മാര്‍ഗത്തിലാക്കിക്കഴിഞ്ഞശേഷം അവരതു ഉപേക്ഷിച്ചുവെന്നല്ല. പ്രവാചകന്‍ മുഖേനയും മറ്റും സന്മാര്‍ഗം ഉപദേശിച്ചുകൊടുത്തിട്ടും അതുവകവെക്കാതെ അന്ധതയില്‍ – അഥവാ ദുര്‍മാര്‍ഗത്തില്‍ – മുഴുകുകയാണ് അവര്‍ ചെയ്തതെന്നത്രെ ഉദ്ദേശ്യം. രണ്ടാമത്തെ അര്‍ത്ഥത്തിന് ഉദാഹരണം:

إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ) ٥٦ : سورة القصص)

(നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുന്നു. (ഖസ്വസ് : 56). എല്ലാവര്‍ക്കും നേര്‍മാഗ്ഗം കാണിച്ചുകൊടുക്കലാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൃത്യം. നേര്‍മാര്‍ഗത്തിലാക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൃത്യമല്ല. അത് അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌ എന്ന് സാരം.

അല്ലാഹുവില്‍ നിന്ന്‍ മനുഷ്യര്‍ക്ക് ഹിദായത്ത് (മാര്‍ഗദര്‍ശനം) ലഭിക്കുന്നത് ഏതെല്ലാം പ്രകാരത്തിലാണെന്ന്‍ തിട്ടപ്പെടുത്തിപ്പറയുവാന്‍ നമുക്ക് സാധ്യമല്ല. وَإِن تَعُدُّوا نِعْمَةَ اللَّـهِ لَا تُحْصُوهَا (അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം അത് നിങ്ങള്‍ക്ക് കണക്കാക്കാവതല്ല). എങ്കിലും – ഇമാം ബൈളാവി, ഇമാം റാഗിബ് (റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയത് പോലെ – അതിങ്ങനെ ഭാഗിക്കാം: (1) ജീവിതാവശ്യങ്ങള്‍ നിറവേറ്റത്തക്കവണ്ണം വിശേഷബുദ്ധി, ബാഹ്യേന്ദ്രിയങ്ങള്‍, ആന്തരേന്ദ്രിയങ്ങള്‍ മുതലായവ നല്‍കി അനുഗ്രഹിക്കുക വഴി ലഭിക്കുന്നത്

(رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ – (سورة طه : ٥٠

(എല്ലാ വസ്തുവിനും അതതിന്റെ സൃഷ്ടി നല്‍കുകയും, പിന്നീട് മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തവനത്രെ നമ്മുടെ റബ്ബ്.)

എന്ന വചനം ഇതിലേക്കാണ് ചൂണ്ടുന്നത്.

(2) സത്യാസത്യങ്ങളും, നന്മതിന്മകളും തിരിച്ചറിയുവാനുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളും നല്‍കുക വഴി ലഭിക്കുന്നത്.

(وَهَدَيْنَاهُ النَّجْدَيْنِ  – (سورة البلد :١٠

(അവന് – മനുഷ്യന് – പൊന്തി നില്‍ക്കുന്ന രണ്ട് മാര്‍ഗ്ഗങ്ങളെ നാം കാട്ടിക്കൊടുത്തു) എന്ന വചനം ഈ ഇനത്തെ സൂചിപ്പിക്കുന്നു.

(3) പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിക്കുന്നത്

(وَجَعَلْنَاهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا – (سورة الأنبياء : ٧٣

(അവരെ – മുമ്പ് പ്രസ്താവിച്ച പ്രവാചകന്മാരെ – നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തിരിക്കുന്നു) എന്ന വചനം ഇത് ചൂണ്ടിക്കാട്ടുന്നു.

(4) സന്മാര്‍ഗ ചാരികളായ ആളുകള്‍ക്ക് അല്ലാഹുവില്‍നിന്നും ലഭിക്കുന്ന പ്രത്യേക സഹായമാകുന്ന ‘തൗഫീഖ്’ മൂലം ലഭിക്കുന്നത് –

وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى

(സന്മാര്‍ഗം പ്രാപിച്ചവര്‍ക്ക് അവന്‍ സന്മാര്‍ഗം വര്‍ധിപ്പിച്ചു കൊടുക്കും) എന്നും

(وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا (سورة العنكبوت : ٦٩

(നമ്മുടെ വിഷയത്തില്‍ സമരം നടത്തുന്നവരെ നാം നമ്മുടെ മാര്‍ഗങ്ങളില്‍ ചേര്‍ക്കുകതന്നെചെയ്യും) എന്നും പറഞ്ഞത് ഈ ഇനത്തില്‍ പെട്ട ഹിദായത്താകുന്നു.

(5) പരലോകത്ത് വെച്ച് സ്വര്‍ഗീയ ജീവിതം തുടങ്ങിയ മഹാ ഭാഗ്യങ്ങള്‍ നല്‍കുന്നത് മുഖേനയുള്ളത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായി മരണപ്പെട്ടവരെ പറ്റി –

(سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ﴿٥﴾ وَيُدْخِلُهُمُ ٱلْجَنَّةَ ﴿٦﴾ (سورة محمد

(വഴിയെ അവന്‍ – അല്ലാഹു – അവരെ വഴിചേര്‍ക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും, അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും) എന്ന് പറഞ്ഞത് ഈ ഇനത്തിനും ഉദാഹരണമാകുന്നു.

അവിശ്വാസികള്‍ക്കും, ദുര്‍മാര്‍ഗികള്‍ക്കും ഹിദായത്ത് ലഭിക്കുകയില്ലെന്ന്‍ അല്ലാഹു പ്രസ്താവിക്കാറുള്ളത് ഇവയില്‍ നാലാമത്തേതും അഞ്ചാമത്തേതുമായ ഹിദായത്തുകളെ ഉദ്ദേശിച്ചാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോ മറ്റോ ഹിദായത്ത് നല്‍കുന്നതല്ല എന്ന് പറയുമ്പോള്‍ അതില്‍ ഒന്നാമത്തെയും, നാലാമത്തെയും, അഞ്ചാമത്തെയും ഹിദായത്തുകള്‍ ഉള്‍പ്പെടുന്നു. ഈ മൂന്നും അല്ലാഹുവില്‍ നിന്ന് മാത്രം സിദ്ധിക്കുന്നവയാകുന്നു. ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും ഹിദായത്തുകള്‍ സത്യവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും നല്‍കപ്പെടുന്നവയാണ്. ഇവിടെ ‘ഹിദായത്ത്’ കൊണ്ടുള്ള ഉദ്ദേശ്യം മേല്‍ വിവരിച്ച എല്ലാ ഇനങ്ങളും ആയിരിക്കാമെങ്കിലും നാലും അഞ്ചും ഇനങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. ഭാഷാപരമായി നോക്കുമ്പോള്‍ ‘ഹുദാ’യും ‘ഹിദായത്തും’ (الهدى والهداية) ഒരുപോലെയാണെങ്കിലും, രണ്ടും തമ്മില്‍ അല്പം വ്യത്യാസമുണ്ടെന്നും, അല്ലാഹുവില്‍ നിന്ന്‍ മാത്രം ലഭിക്കുന്ന ഹിദായത്തിനെ ഉദ്ദേശിച്ചാണ് ഖുര്‍ആനില്‍ ‘ഹുദാ’ എന്ന് പറയാറുള്ളതെന്നും ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

(قُلْ إِنَّ الْهُدَىٰ هُدَى اللَّـهِ  – (سورة آل عمران : ٧٣

(പറയുക: നിശ്ചയമായും ‘ഹുദാ’ അല്ലാഹുവിന്റെ ‘ഹുദാ’യാകുന്നു. (3:73)

قُلْ إِنَّ هُدَى اللَّـهِ هُوَ الْهُدَىٰ  – ١٢٠: سورة البقر

(പറയുക: നിശ്ചയമായും അല്ലാഹുവിന്റെ ‘ഹുദാ’ യാണ് ‘ഹുദാ’ (2:120) പോലെയുള്ള വചനങ്ങള്‍ അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

‘ഹിദായത്തി’ ന്റെ വിവരണത്തില്‍ പണ്ഡിതന്മാരുടെ വ്യത്യസ്തങ്ങളായ പ്രസ്താവനകള്‍ കാണാം. പലതും തത്വത്തില്‍ യോജിക്കുമെങ്കിലും ചിലത് വിമര്‍ശന വിധേയങ്ങളോ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്നതോ ആയിരിക്കും. ആധുനികഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്താവനകളിലാണ് ഈ ദോഷം കൂടുതല്‍ പ്രകടമാകുന്നത്. ഈ ഖുര്‍ആന്‍ വചനത്തിന് ചിലര്‍ നല്‍ക്കുന്ന വ്യാഖ്യാനം കാണുമ്പോള്‍, ഹിദായത്തിന്റെ അതിപ്രധാനമായ പല വശങ്ങളും അവര്‍ക്ക് ചിന്താവിഷയമേ അല്ലെന്ന്‍ തോന്നിപ്പോകും. ഇങ്ങിനെയുള്ള ചില വസ്തുതകളെ പരിഗണിച്ചാണ് ഈ വിഷയം ഇവിടെ കുറച്ചൊന്ന് വിശദീകരിക്കേണ്ടി വന്നത്. ഖുര്‍ആനില്‍ ഹിദായത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പല സന്ദര്‍ഭങ്ങളിലും ഈ വിശദീകരണം ഓര്‍മയിലുണ്ടായിരിക്കുന്നത് പ്രയോജനകരമായിരിക്കുന്നതുമാണ് إِنْ شَاءَ اللَّهُ. വിഷയത്തിന്റെ പ്രാധാന്യത്തെ മുന്‍നിറുത്തിത്തന്നെയാണ് ഇമാം റാഗിബ് (رحمه الله) തന്റെ ഖുര്‍ആന്‍ നിഘണ്ടുവില്‍ ‘ഹിദായത്തി’ന്റെ വിവരണത്തിനായി കുറെ പേജുകള്‍ വിനിയോഗിച്ചിരിക്കുന്നതും, അറബി അറിയാവുന്നവരും താല്പര്യമുള്ളവരും ആ പേജുകളൊന്ന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. والله ولي التوفيق

ചൊവ്വായ പാത അഥവാ വളവും വക്രതയുമില്ലാത്ത വഴി (الصِّرَاطَ الْمُسْتَقِيمَ) കൊണ്ടു വിവക്ഷിക്കപ്പെട്ടതെന്തെന്ന് തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നുതന്നെ സാമാന്യം മനസ്സിലാക്കാവുന്നതാണ്. എന്നാലും വിശദീകരണത്തില്‍ വ്യാഖ്യാതാക്കള്‍ പലരും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുകാണാം. ഇമാം ഇബ്നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതു പോലെ, ബാഹ്യത്തില്‍ അവ വ്യത്യസ്തങ്ങളായി തോന്നുമെങ്കിലും വാസ്തവത്തില്‍ അവയെല്ലാം ഒരേ ആശയത്തില്‍ ചെന്ന് കലാശിക്കുന്നവയാകുന്നു. അതായത്, അല്ലാഹുവും, അവന്റെ റസൂലും നിര്‍ദേശിച്ചുതന്ന മാര്‍ഗ്ഗം എന്നതില്‍ ആ പ്രസ്താവനകളെല്ലാം എത്തിച്ചേരുന്നു. ഈ വസ്തുത ഇമാം ഇബ്നു ജരീറും (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പലരുടെയും വ്യാഖ്യാനങ്ങള്‍ ഉദ്ധരിച്ചശേഷം എല്ലാ വ്യാഖ്യാനത്തിലും വെച്ച് നല്ല വ്യാഖ്യാനം ഇതാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം (റ) പറയുന്നു: ‘(അല്ലാഹുവേ!’) നീ തൃപ്തിപ്പെട്ടവരും, നിന്റെ അടിയാന്മാരില്‍ നീ അനുഗ്രഹിച്ചിട്ടുള്ളവരുമായ ആളുകള്‍ക് നീ തൗഫീഖ് ചെയ്തു (സാധിപ്പിച്ചു) കൊടുത്ത വാക്കുകളിലും പ്രവൃത്തികളിലും ഉറച്ചുനില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് നീ തൗഫീഖ് നല്‍കേണമേ എന്നാണ് ഉദ്ദേശ്യം. ഇപ്പറഞ്ഞതാണ് ‘ചൊവ്വായ പാത’ കാരണം (സൂറഃ നിസാഉ് 69 ല്‍ പറഞ്ഞത് പോലെ അല്ലാഹു) അനുഗ്രഹം ചെയ്തു കൊടുത്തിട്ടുള്ള നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ (സജ്ജനങ്ങള്‍) എന്നിവര്‍ക്ക് തൗഫീഖ് ലഭിച്ച അക്കാര്യങ്ങള്‍ അനുഷ്ഠിക്കുവാന്‍ ആര്‍ക്ക് തൗഫീഖ് ലഭിക്കുന്നുവോ അവര്‍ക്ക് ഇസ്‌ലാമിനെ ആചരിക്കുവാനും, റസൂലുകളുടെ സത്യത അംഗീകരിക്കുവാനും, വേദഗ്രന്ഥങ്ങളെ മുറുകെ പിടിക്കുവാനും, അല്ലാഹു കല്‍പിച്ചതിനെ അനുസരിക്കുവാനും, വിരോധിച്ചതിനെ വര്‍ജിക്കുവാനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ഖലീഫമാരുടെയും സജ്ജനങ്ങളുടെയും മാര്‍ഗം പിന്‍പറ്റുവാനും തീര്‍ച്ചയായും തൗഫീഖ് ലഭിച്ചിരിക്കുന്നു. ഇതൊക്കെ തന്നെയാണ് ‘ചൊവ്വായ പാത’. ചൊവ്വായ പാതകൊണ്ടുള്ള ഉദ്ദേശ്യം വിവരിക്കുന്നതില്‍ വന്നിട്ടുള്ള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ ഇബ്നു ജരീര്‍ (رحمه الله) ഈ വിവരണത്തില്‍ കൂട്ടിയിണക്കി സംയോജിപ്പിച്ചിരിക്കുന്നു.

ചൊവ്വായ മാര്‍ഗം സ്വീകരിച്ചവരാണല്ലോ സത്യവിശ്വാസികള്‍. എന്നിരിക്കെ, തങ്ങള്‍ക്ക് സിദ്ധിച്ചു കഴിഞ്ഞ ആ കാര്യത്തിന് വേണ്ടി നമസ്കാരങ്ങളിലും മറ്റും ഈ പ്രാര്‍ത്ഥന പിന്നെയും അവര്‍ ആവര്‍ത്തിക്കുന്നത് എന്തിനാണ്? എന്ന് സംശയിക്കാമല്ലോ. ഇതുപോലെയുള്ള ചില സംശയങ്ങള്‍ വേറെ ചില സന്ദര്‍ഭങ്ങളിലും ചിലര്‍ക്ക് തോന്നുവാന്‍ അവകാശമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഉപകരിക്കുന്ന ഒരു മറുപടി ഈ സംശയത്തിന്ന് ഇബ്നു കഥീര്‍ (رحمه الله) ഇവിടെ നല്‍കിയിരിക്കുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ‘സിദ്ധിച്ചു കഴിഞ്ഞ അതേ കാര്യം പിന്നെയും സിദ്ധിക്കുവാനല്ല ഈ പ്രാര്‍ത്ഥന. അല്ലാഹുവില്‍ നിന്നുള്ള ഹിദായത്ത് മനുഷ്യന് സദാ സമയത്തും ലഭിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അത് കൊണ്ടാണ് ഇങ്ങിനെ പ്രാര്‍ത്ഥിക്കുവാന്‍ കല്പിച്ചിരിക്കുന്നത്. അവന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് വഴിപിഴച്ചു പോകാതെ, സ്ഥിരച്ചിത്തതയോടെ അതില്‍ ഉറച്ചു നില്‍ക്കുവാനും, അതില്‍ അഭിവൃദ്ധിയും വളര്‍ച്ചയും ലഭിച്ചുകൊണ്ടിരിക്കുവാനും അല്ലാഹുവിന്റെ സഹായവും തൗഫീഖും സിദ്ധിച്ചു കൊണ്ടിരിക്കേണ്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സ്വന്തം ദേഹത്തിനു പോലും ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ മനുഷ്യന് കഴിവില്ല. ആകയാല്‍, അല്ലാഹുവിന്റെ സഹായഹസ്തം എല്ലാ സമയത്തും തന്റെ നേരെ നീട്ടിക്കൊണ്ടിരിക്കുവാന്‍ അവന്‍ അവനോട് അപേക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണെന്ന് ഇത് മൂലം ഉണര്‍ത്തുന്നു. ഇക്കാരണത്താല്‍ തന്നെയാണ് ഇങ്ങിനെ പ്രാര്‍ത്ഥിക്കുവാനും സത്യവിശ്വാസികളോട് അല്ലാഹു ഉപദേശിച്ചത്:

(رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (سورة آل عمران : ٨

(ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയ ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്റെ പക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ് വലിയ ദാനക്കാരന്‍ (ആലുഇംറാന്‍ : 8)

الصِّرَاطَ الْمُسْتَقِيمَ (ചൊവ്വായ പാത) കൊണ്ടുള്ള വിവക്ഷ എന്താണെന്നും, അതിന്റെ ക്രിയാത്മകവും, നിഷേധാത്മകവുമായ വശങ്ങള്‍ ഏതാണെന്നും ചുരുങ്ങിയ വാക്കുകളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ (നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവരുടെ പാത) ഇതാണതിന്റെ ക്രിയാത്മക വശം. ഈ അനുഗ്രഹീതര്‍ ആരാണെന്നും, അവര്‍ ചരിച്ച പാതയിലൂടെ ചരിക്കുവാന്‍ നാം എന്ത് ചെയ്യേണ്ടതുണ്ടെന്നും മറ്റൊരു വചനത്തില്‍ നിന്ന്‍ മനസ്സിലാക്കാം. അല്ലാഹു പറയുന്നു:-

(وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا  – (سورة النساء : ٦٩

(സാരം : അല്ലാഹുവിനെയും റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അക്കൂട്ടര്‍, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള നബിമാര്‍, സ്വീദ്ദിക്കുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് കൂടെയായിരിക്കും. അവര്‍ വളരെ നല്ല സുഹൃത്തുക്കളാകുന്നു) (4:69)

ഇതിന്റെ ഒരു വിശദീകരണം തന്നെയാണ് അല്പം മുമ്പ് ഇബ്നു ജരീര്‍ (رحمه الله) ന്റെ ഉദ്ധരണിയിലൂടെ നാം വായിച്ചതും.

ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ബൈളാവീ (റ) പ്രസ്താവിച്ച ചില പ്രസ്താവനകളുടെ രത്നച്ചുരുക്കം അറിയുന്നതും സന്ദര്‍ഭോചിതമായിരിക്കുമെന്ന് തോന്നുന്നു. അതിങ്ങനെ ഉദ്ധരിക്കാം: ‘അല്ലാഹുവിന്റെ അനുഗ്രഹം കണക്കറ്റതാണെങ്കിലും അവയെ ഐഹികമെന്നും പാരത്രികമെന്നും രണ്ടായി ഭാഗിക്കാം. ഒന്നാമത്തേത് രണ്ടു വിധത്തിലുണ്ട്: ദൈവികമായി സിദ്ധിക്കുന്നതും, പരിശ്രമം വഴി സിദ്ധിക്കുന്നതും. ദൈവീകമായതിലും രണ്ടുവകയുണ്ട്: ആത്മീയവും ശാരീരികവും. ആത്മാവ്, വിശേഷബുദ്ധി, കാര്യഗ്രഹണ ശക്തി, ചിന്താശക്തി ആദിയായവ ആത്മീയങ്ങളത്രെ. ശരീരഘടന, ആകൃതി, ആരോഗ്യം, സൗന്ദര്യം ആദിയായവ ശാരീരികങ്ങളുമാകുന്നു. സല്‍സ്വഭാവം, യോഗ്യത, പാണ്ഡിത്യം, നേതൃത്വം, സംസ്കാരം, സമ്പത്ത്, സ്വാധീനം ആദിയായവയും, ദുര്‍ഗുണങ്ങളില്‍ നിന്ന്‍ സംശുദ്ധമായിരിക്കലുമെല്ലാം അദ്ധ്വാനം വഴി സിദ്ധിക്കുന്ന അനുഗ്രഹങ്ങളാണ്. രണ്ടാമത്തേത് – അഥവാ പാരത്രികമായത് – പാപം പൊറുക്കപ്പെടല്‍, അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലഭിക്കല്‍, പുണ്യവാളന്മാരുടെ കൂട്ടത്തില്‍ ശാശ്വത വിജയവും സ്വര്‍ഗീയ ജീവിതവും സിദ്ധിക്കല്‍പോലെയുള്ള അനുഗ്രഹങ്ങളാകുന്നു. ഈ ഒടുവില്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ട അനുഗ്രഹങ്ങളും, അവ ലഭിക്കുവാന്‍ സഹായകമായിത്തീരുന്ന മറ്റു വിഭാഗത്തില്‍ പെട്ട കാര്യങ്ങളുമാണ് ഇവിടെ ‘അനുഗ്രഹം’ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ആ പാതയുടെ നിഷേധാത്മക വശം ഇതാണ്: غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ അതായത്, കോപവിധേയരും, വഴിപിഴച്ചവരുമായ ആളുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗ്ഗം എന്ന് സാരം. എന്നാല്‍, കോപബാധിതരും, വഴിപിഴച്ചവരും എന്ന് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെന്നാണ് എനി ആലോചിക്കുവാനുള്ളത്. അഹ്മദ്, തിര്‍മിദി, ഇബ്നു ജരീര്‍, ഇബ്നു അബീഹാതിം, ഇബ്നു ഹിബ്ബാന്‍ (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ചില ഹദീസുകളില്‍ ‘കോപബാധിതര്‍’ കൊണ്ടുദ്ദേശ്യം യഹൂദികള്‍ ആണെന്നും ‘വഴിപിഴച്ചവര്‍’ കൊണ്ടുദ്ദേശ്യം നസ്രാനി (ക്രിസ്ത്യാനി) കളാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി വന്നിരിക്കുന്നു. സഹാബികളില്‍ നിന്നും അപ്രകാരം രിവായത്തുകള്‍ കാണാം. ഈ രണ്ടു വാക്കുകളുടെയും വ്യാഖ്യാനത്തില്‍ ഇതല്ലാത്ത മറ്റൊരു വ്യാഖ്യാനവും ഉള്ളതായി എനിക്കറിഞ്ഞുകൂടാ എന്നു പോലും ഇബ്നു അബീഹാത്വിം (رحمه الله) പ്രസ്താവിച്ചതായി കാണുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഈ വ്യാഖ്യാനം നിലവിലിരിക്കെ മറ്റു വ്യാഖ്യാനങ്ങള്‍ ആരായേണ്ടതില്ല എന്ന് വ്യക്തമാണ്. എന്നാല്‍, കോപവിധേയര്‍ യഹൂദികളും വഴിപിഴച്ചവര്‍ ക്രിസ്ത്യാനികളുമാണെന്ന് വരുവാന്‍ കാരണമെന്താണെന്നും, അല്ലാഹുവിന്റെ കോപത്തിനും, വഴിപിഴവിനും കാരണമാക്കുന്ന ആ കാര്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാര്‍ഗമെന്താണെന്നും നിശ്ചയമായും ആലോചിക്കേണ്ടതുണ്ട്.

ചുരുക്കി വിവരിക്കുകയാണെങ്കില്‍ – ഇബ്നു കഥീര്‍ (رحمه الله) സൂചിപ്പിച്ചതു പോലെ – ഇങ്ങിനെ പറയാം: സത്യം അന്വേഷിച്ചറിയുകയും, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയാണ് അനുഗ്രഹീതരുടെ മാര്‍ഗം. സത്യം അറിഞ്ഞിട്ടും അത് അനുഷ്ഠാനത്തില്‍ വരുത്താതെ പുറം തള്ളിക്കളയുകയാണ് കോപവിധേയരുടെ മാര്‍ഗം. സത്യം മനസ്സിലാക്കാതെ സത്യമാര്‍ഗ്ഗം തെറ്റിപ്പോകുന്നതാണ് വഴിപിഴച്ചവരുടെ മാര്‍ഗ്ഗം. യഹൂദികളെ ഉദ്ദേശിച്ച് കോപവിധേയരായവര്‍ എന്ന് പറഞ്ഞത് അവര്‍ അറിവുണ്ടായിട്ടും അതിന് എതിര് പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും, ക്രിസ്ത്യാനികളെപ്പറ്റി വഴിപിഴച്ചവര്‍ എന്ന് പറഞ്ഞത് അവര്‍ സത്യം അറിയാതെ പിഴച്ചതു കൊണ്ടാണെന്നും ഇമാം ഇബ്നു തൈമിയ്യ (رحمه الله) യും ചൂണ്ടിക്കാട്ടിയിരിക്കുന്നു. (اقتضاء الصراط المستقيم കാണുക).

മൊത്തത്തില്‍ പറഞ്ഞാല്‍, കോപവിധേയര്‍ യഹൂദരും, വഴിപിഴച്ചവര്‍ ക്രിസ്ത്യാനികളും തന്നെ. എങ്കിലും ഇവരല്ലാത്തവരിലും, കോപത്തിന് വിധേയരായവരും, വഴിപിഴച്ചവരുമുണ്ട് എന്ന് അല്ലാഹുവിന്റെ വചനങ്ങളില്‍ നിന്ന്‍ തന്നെ വ്യക്തമാണ്. സത്യവിശ്വാസം സ്വീകരിച്ചശേഷം മനപൂര്‍വ്വം അതിനെ പരിത്യജിക്കുന്നവരെ പറ്റി

(فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ (سورة النحل : ١٠٦

(അവരുടെമേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും.. (നഹ്ല്‍ : 106)) എന്നും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‍ ജനങ്ങളെ തടയുന്ന അവിശ്വാസികളെ പറ്റി:

(قَدْ ضَلُّوا ضَلَالًا بَعِيدًا (سورة النساء : ١٦٧

(അവര്‍ വിദൂരമായ വിഴിപിഴവ് പിഴച്ചു പോയി (നിസാഉ് : 167)) എന്നും പറയുന്നു. കപട വിശ്വാസികളെയും, മുശ്രിക്കുകളെയും സംബന്ധിച്ച് :

(وَغَضِبَ اللَّـهُ عَلَيْهِمْ وَلَعَنَهُمْ (سورة الفتح :٦

(അല്ലാഹു അവരുടെമേല്‍ കോപിക്കുകയും, അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. (ഫത്ഹ്: 6)) എന്നും പറഞ്ഞിരിക്കുന്നു. ഒരു സമുദായമെന്ന നിലക്ക് കോപശാപങ്ങളില്‍ യഹൂദ സമുദായവും, വഴിപിഴവില്‍ ക്രിസ്തീയ സമുദായവും മുന്നിട്ടു നില്‍ക്കുന്നുവെന്നായിരിക്കും മേല്‍ സൂചിപ്പിച്ച ഹദീസുകളുടെ താല്‍പര്യം. الله اعلم യഹൂദികളെ പറ്റി:-

(مَن لَّعَنَهُ اللَّـهُ وَغَضِبَ عَلَيْهِ (سورة المائدة ٦

(അല്ലാഹു ശപിക്കുകയും കോപിക്കുകയും ചെയ്തവര്‍ (മാഇദ: 60)) എന്നും

(بَل لَّعَنَهُمُ اللَّـهُ بِكُفْرِهِمْ (سورة البقرة ٨٨

(അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു (അല്‍ ബഖറ: 88)) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെ പറ്റി:

(قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ (سورة المائدة ٧٧

(അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്. വളരെ ആളുകളെ പിഴപ്പിക്കുകയും, ചൊവ്വായ മാര്‍ഗ്ഗംവിട്ട് പിഴക്കുകയും ചെയ്തിരിക്കുന്നു. (മാഇദ: 77)) എന്നും പ്രസ്താവിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക്‌ വിധേയരാകാതെ, സത്യ മാര്‍ഗത്തില്‍ നിന്ന് വഴിപിഴച്ചുപോകാതെ അവന്റെ അനുഗ്രഹങ്ങള്‍ക്ക് പാത്രങ്ങളായിത്തീരുന്ന സജ്ജനങ്ങളില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ഇമാം മുസ്‌ലിം, നസാഈ (رحمهما الله) മുതലായവര്‍ അബൂഹുറൈറ (رحمه الله) യില്‍നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നമസ്കാരം എനിക്കും എന്റെ അടിയാനുമിടയില്‍ രണ്ട് പകുതിയായി ഭാഗിക്കപ്പെട്ടിരിക്കുന്നു. എന്റെ അടിയാന്‍ ചോദിക്കുന്നത് അവന് ലഭിക്കുന്നതാണെന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അടിയാന്‍ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: എന്റെ അടിയാന്‍ എന്നെ സ്തുതിച്ചു. അവന്‍ الرَّحْمَـٰنِ الرَّحِيمِ എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: എന്‍റെ അടിയാന്‍ എന്നെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു. അവന്‍ مَالِكِ يَوْمِ الدِّينِ എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: എന്റെ അടിയാന്‍ എന്നെ മഹത്വപ്പെടുത്തി. അവന്‍ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും : ഇത് എനിക്കും എന്റെ അടിയാനുമിടയിലുള്ള കാര്യമാണ്. എന്‍റെ അടിയാന്‍ ചോദിക്കുന്നത് അവന് ലഭിക്കുന്നതാണ്. അങ്ങനെ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ഇത് എന്‍റെ അടിയാനുള്ളതാണ്. അവന്‍ ചോദിക്കുന്നത് അവന് ലഭിക്കും.’

ഈ സൂറത്ത് ഓതിക്കഴിയുമ്പോള്‍ അതോടുചേര്‍ന്ന് ‘ആമീന്‍’ (آمين) ചൊല്ലേണ്ടതുണ്ടെന്നും, ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നാണ് അതിന്റെ അര്‍ത്ഥമെന്നും നാം മുമ്പ് പറഞ്ഞുവല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ ചൊല്ലിയിരുന്നതായി അഹ്മദ്, അബൂദാവൂദ്, തിര്‍മദീ (رحمهما الله) മുതലായവര്‍ രേഖപ്പെടുത്തിയ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില രിവായത്തുകളില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് നീട്ടിചൊല്ലിയിരുന്നതായും, മറ്റു ചിലതില്‍ ഉറക്കെ ചൊല്ലിയിരുന്നതായും വന്നിരിക്കുന്നു. നമസ്കാരത്തില്‍ ഇതൊരു ബലപ്പെട്ട സുന്നത്തുമത്രെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഇമാം ആമീന്‍ പറയുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറഞ്ഞുകൊള്ളണം. കാരണം, ഒരാളുടെ ആമീന്‍ പറയല്‍ മലക്കുകള്‍ ആമീന്‍ പറയുന്നതുമായി യോജിച്ചുവന്നാല്‍ അവന് അവന്റെ മുന്‍കഴിഞ്ഞ പാപം പൊറുത്തുകൊടുക്കപ്പെടുന്നതാണ്.’ (ബു; മു). വേറെയും ഹദീസുകള്‍ ‘ആമീനെ’പ്പറ്റി ഉദ്ധരിക്കുവാനുണ്ട്.

اللهم لك الحمد والمنة والفضل وانت الموفق والمعين
لما تحب و ترضى

(كان الفراغ من تسويد تفسيرهذه السورة الكريمة ليلة السبت ٢٦ شوال سنة ١٣٩٥ه ٣١/١٠/١٩٧٥م و من تبييضه ليلة الاربعاء ٢٨ شوال سنة ١٣٩٧ه , ١١/١٠/١٩٧٧م)