നാസ് (ജനങ്ങള്‍)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 6 (മദനിയാണെന്നും അഭിപ്രായമുണ്ട്)

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

കഴിഞ്ഞ സൂറത്തിന്‍റെ പ്രാരംഭത്തിലും വിവരണത്തിലും ഈ രണ്ടു സൂറത്തുകളെയും സംബന്ധിച്ച് ഉദ്ധരിച്ച ഹദീസുകള്‍ ഇവിടെയും ഓര്‍മിക്കുക

114:1
 • قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴾١﴿
 • പറയുക: മനുഷ്യരുടെ റബ്ബിനോടു ഞാന്‍ ശരണം തേടുന്നു,-
 • قُلْ പറയുക أَعُوذُ ഞാന്‍ ശരണം (രക്ഷ-അഭയം) തേടുന്നു بِرَبِّ النَّاسِ മനുഷ്യരുടെ രക്ഷിതാവിനോടു
114:2
 • مَلِكِ ٱلنَّاسِ ﴾٢﴿
 • (അതെ) മനുഷ്യരുടെ രാജാധിപതിയായ,-
 • مَلِكِ النَّاسِ മനുഷ്യരുടെ രാജാവായ
114:3
 • إِلَٰهِ ٱلنَّاسِ ﴾٣﴿
 • മനുഷ്യരുടെ ആരാധ്യനായ (റബ്ബിനോടു),-
 • إِلَـٰهِ النَّاسِ മനുഷ്യരുടെ ഇലാഹായ (ആരാധ്യനായ)
114:4
 • مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴾٤﴿
 • (കുസൃതികൂട്ടി) പിന്‍മാറിക്കളയുന്നവന്‍റെ ദുര്‍‍മന്ത്രത്തിന്‍റെ കെടുതിയില്‍ നിന്നു,-
 • مِن شَرِّ കെടുതലില്‍ (ദോഷത്തില്‍‍-തിന്‍മയില്‍‍) നിന്നു الْوَسْوَاسِ ദുര്‍മന്ത്രത്തിന്‍റെ الْخَنَّاسِ പിന്‍മാറിക്കളയുന്ന (ഒളിഞ്ഞുപോകുന്ന)വന്‍റെ
114:5
 • ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴾٥﴿
 • അതായതു, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍‍മന്ത്രം നടത്തുന്നവന്‍,-
 • الَّذِي يُوَسْوِسُ ദുര്‍മന്ത്രം നടത്തുന്നവന്‍ فِي صُدُورِ നെഞ്ഞു(ഹൃദയം)കളില്‍ النَّاسِ മനുഷ്യരുടെ
114:6
 • مِنَ ٱلْجِنَّةِ وَٱلنَّاسِ ﴾٦﴿
 • ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും (ദുര്‍മുന്ത്രം നടത്തുന്നവന്‍).
 • مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നു وَالنَّاسِ മനുഷ്യരില്‍‍ നിന്നും

[ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നുമായി മനുഷ്യഹൃദയങ്ങളില്‍ ദുര്‍മന്ത്രം നടത്തുന്നവന്‍റെ-അതായതു (കുസൃതിനടത്തി) പിന്‍മാറിക്കളയുന്നവന്‍റെ – ദുര്‍മന്ത്രത്തിന്‍റെ കെടുതിയില്‍നിന്ന് മനുഷ്യരുടെ ആരാധ്യനായ, മനുഷ്യരുടെ രാജാധിപതിയായ, മനുഷ്യരുടെ രക്ഷിതാവിനോടു ഞാന്‍ ശരണം തേടുന്നു.]

അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ നിന്നു മൊത്തത്തിലും ചില പ്രത്യേക വസ്തുക്കളില്‍നിന്നു വിശേഷിച്ചും സംഭവിക്കാവുന്ന കെടുതലുകളില്‍ നിന്നു ശരണം തേടണമെന്നു കഴിഞ്ഞ സൂറത്തില്‍ അല്ലാഹു ഉല്‍ബോധിപ്പിച്ചു. മനുഷ്യര്‍ക്കു അറിയുവാന്‍ കഴിയാത്തരൂപത്തില്‍ സദാ നേരിട്ടേക്കുന്ന ഗൗരവമേറിയ മറ്റൊരു കെടുതലില്‍നിന്നുകൂടി നാം അല്ലാഹുവിനോടു ശരണം തേടേണ്ടതുണ്ടെന്നും, ആ കെടുതിയെപ്പറ്റി നാമെപ്പോഴും ബോധവാന്‍മാരായിരിക്കേണ്ടതുണ്ടെന്നും ഈ സൂറത്തു മുഖേന അല്ലാഹു പഠിപ്പിക്കുന്നു. മനുഷ്യന്‍റെ ധാര്‍മ്മികബോധം നശിപ്പിച്ചു ദുര്‍നടപ്പുകാരാക്കിത്തീര്‍ക്കുന്നതും, ഐഹികജീവിതത്തെ കളങ്കപ്പെടുത്തി മലീമസമാക്കുന്നതും, പരലോകജീവിതത്തെ പാടെ അപകടത്തിലാക്കുന്നതും, അതേസമയത്ത് ബാഹ്യദൃഷ്ടികൊണ്ടു കണ്ടുപിടിക്കുവാ൯ കഴിയാത്തതുമാണ് ആ ദുശ്ശക്തി. അതുകൊണ്ടു ഖുര്‍ആന്‍റെ ഏറ്റവും ഒടുവിലത്തേതായ ഈ സൂറത്തില്‍ അതിനെപ്പറ്റി അല്ലാഹു പ്രത്യേകം ഓര്‍മിപ്പിച്ചിരിക്കുന്നു.

എന്താണീ അജ്ഞാതശക്തി? മനുഷ്യമക്കളില്‍ ദുഷിച്ച വിചാരവികാരങ്ങള്‍ ഇളക്കിവിട്ടും, ദുര്‍വൃത്തികള്‍ക്കു പ്രേരണനല്‍കിയും, നല്ലതു ചീത്തയായും ചീത്ത നല്ലതായും ചിത്രീകരിച്ചുകൊടുത്തും, വ്യമോഹങ്ങള്‍ക്ക് വശംവദരാക്കിയും അവരെ വഴിപിഴപ്പിക്കുകയാണ് അതിന്‍റെ ജോലി. അതിനായി അവരറിയാതെ അവരുടെ ഹൃദയങ്ങളില്‍ ‘കുസു കുസു’ ദുര്‍മന്ത്രം നടത്തുകയും, ബാഹ്യരംഗത്തു പ്രത്യക്ഷപ്പെടാതെ കുസൃതികൂട്ടി ഒളിഞ്ഞു പിന്‍മാറുകയും ചെയ്യുക അതിന്‍‍റെ പതിവാകുന്നു. അതിനെ കണ്ണുകൊണ്ടു കണ്ടുപിടിക്കുവാനോ കൈകൊണ്ടു എത്തിപ്പിടിക്കുവാനോ സാധ്യമല്ല. അത്രയും സൂത്രത്തിലും നിഗൂഢതയിലുമായിരിക്കും അതിന്‍റെ പ്രവര്‍ത്തനം. മനുഷ്യന്‍റെ വിചാരവികാരങ്ങളെയും കര്‍മരംഗങ്ങളെയും നിയന്ത്രിച്ചുവരുന്നതു ഹൃദയമാണല്ലോ. ആ ഹൃദയത്തിന്‍റെ മദ്ധ്യത്തില്‍‍വെച്ചാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തപ്പെടുന്നത്. എന്നിരിക്കുമ്പോള്‍, അതിനെ എത്രമാത്രം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ടെന്നു ഊഹിക്കാവുന്നതാണ്.

രണ്ടുതരം പിശാചുക്കളില്‍നിന്നാണ് ഈ ഉപദ്രവങ്ങള്‍ മനുഷ്യനു നേരിടുന്നത്. (1) ജിന്നുവര്‍ഗത്തില്‍‍പെട്ട പിശാചുക്കള്‍.(2) മനുഷ്യവര്‍ഗത്തില്‍‍പെട്ട പിശാചുക്കള്‍. മനുഷ്യവര്‍ഗത്തിന്‍റെ ആരംഭംമുതല്‍ക്കേ അവരുടെ പരമശത്രുവായ ഇബ് ലീസിന്‍റെ സന്തതികളും സൈന്യങ്ങളുമാണ് ജിന്നിലെ പിശാചുക്കള്‍. അവരാകട്ടെ, മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവരും, മനുഷ്യര്‍ക്ക് ‌കാണ്‍മാന്‍ കഴിയാത്ത ആത്മീയജീവികളുമാണ്. മനുഷ്യപ്പിശാചുക്കളാകട്ടെ, അവര്‍ മനുഷ്യര്‍ തന്നെയാണെങ്കിലും ദുര്‍മന്ത്രം നടത്തുന്നതിലും വഴിപിഴപ്പിക്കുന്നതിലും ജിന്നുവര്‍ഗത്തിലെ പിശാചുക്കളെക്കാള്‍ ഒട്ടും താണവരല്ല. ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും പ്രവാചകന്‍മാരാല്‍ പ്രബോധനം ചെയ്യപ്പെട്ട സന്‍മാര്‍ഗങ്ങളില്‍‍നിന്നു അകറ്റിക്കളയുന്നതിലും ഇരുകൂട്ടരും അന്യോന്യം പങ്കുകാരും സഹകാരികളുമായിരിക്കും. അല്ലാഹു പറയുന്നു:-

الاية : الانعام – وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا (അതുപോലെ എല്ലാ ഓരോ പ്രവാചകനും തന്നെ, മനുഷ്യരിലും ജിന്നിലുമുള്ള പിശാചുക്കളാകുന്ന ചില ശത്രുക്കളെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരോടു വഞ്ചനക്കായി മോടിവാക്കുകള്‍ സ്വകാര്യസംഭാഷണം ചെയ്തുകൊണ്ടിരിക്കും. (സൂ: അന്‍ആം 112). الاية : الانعام – وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി, നിശ്ചയമായും പിശാചുക്കള്‍ തങ്ങളുടെ മിത്രങ്ങളോടു സ്വകാര്യഭാഷണം നടത്തുന്നതാണ്. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം നിശ്ചയമായും നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ. (അന്‍ആം : 121). ഇരുവിഭാഗക്കാരും തമ്മില്‍ പരസ്പരണധാരണയും സഹകരണവും ഉണ്ടെന്നു ഇതില്‍ നിന്നു സ്പഷ്ടമാണല്ലോ. ദുര്‍മന്ത്രങ്ങളുടെ മൂപ്പുവഹിക്കുന്നവര്‍ ജിന്നുകളിലെ പിശാചുക്കളാണെന്നും അവരുടെ ദുരുപദേശങ്ങള്‍ സ്വീകരിച്ചു അവരെ അനുകരിക്കുകയാണ് മനുഷ്യപ്പിശാചുക്കള്‍ ചെയ്യുന്നതെന്നും രണ്ടാമത്തെ വചനത്തില്‍ നിന്നും മനസ്സിലാക്കാം.

നബി (സ) പറയുകയുണ്ടായി:‘നിങ്ങളില്‍ ഒരാളും തന്നെ, ജിന്നില്‍നിന്നുള്ള അവന്‍റെ ഇണ (قرين)യും, മലക്കുകളില്‍നിന്നുള്ള അവന്‍റെ ഇണയും അവനില്‍ നിയോഗിക്കപ്പെടാതില്ല.’ സഹാബികള്‍ ചോദിച്ചു: ‘അങ്ങേക്കുമോ?’ തിരുമേനി പറഞ്ഞു: ‘എനിക്കും തന്നെ. പക്ഷേ, എന്‍റെ ഇണയുടെ മേല്‍ അല്ലാഹു എനിക്കു സഹായം നല്‍കിയിരിക്കുന്നു. അതിനാല്‍ അവന്‍ കീഴൊതുങ്ങിയിരിക്കുന്നു. അവന്‍ എന്നോടു നല്ലതിന്നല്ലാതെ ഉപദേശിക്കുകയില്ല.’ (മുസ്‌ലിം). മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: ‘നിശ്ചയമായും പിശാചു മനുഷ്യനില്‍നിന്നു അവന്‍റെ രക്തസഞ്ചാരമുള്ളിടത്തൊക്കെ സഞ്ചരിക്കുന്നതാണ്.’ (ബു; മു)

മനുഷ്യഹൃദയങ്ങളില്‍ പിശാചിന്‍റെ വിഷമത്തിനു ഒരു ഉദാഹരണം നബി(സ) പറഞ്ഞുതരുന്നതു നോക്കുക:‘നിങ്ങളൊരാളുടെ അടുക്കല്‍ പിശാചുവരും. എന്നിട്ടവന്‍ പറയും (തോന്നിപ്പിക്കും); ഇന്ന വസ്തു സൃഷ്ടിച്ചുണ്ടാക്കിയതാരാണ്‌? ഇന്ന വസ്തു സൃഷ്ടിച്ചുണ്ടാക്കിയതാരാണ്‌! അങ്ങനെ(ഒടുക്കം)അവന്‍ പറയും: നിന്‍റെ റബ്ബിനെ സൃഷ്ടിച്ചതാരാണ്? അവിടെ എത്തിയാല്‍ അപ്പോള്‍, അവന്‍ (മനുഷ്യന്‍) അല്ലാഹുവില്‍ ശരണംതേടിക്കൊള്ളുകയും (അതില്‍നിന്നു) വിട്ടുനില്‍ക്കുകയും ചെയ്തുകൊള്ളട്ടെ’ (ബു; മു) മനുഷ്യഹൃദയങ്ങളില്‍ ആദ്യമാദ്യം അന്വേഷണരൂപത്തില്‍ ഉത്തരം കിട്ടാവുന്ന സംശയങ്ങളും ക്രമേണ ഉത്തരംമുട്ടിക്കുന്ന ആശയക്കുഴപ്പങ്ങളും പിശാചു കുത്തിച്ചെലുത്തും. അങ്ങനെ ഒടുക്കം വഴിപിഴപ്പിക്കുകയും ചെയ്യും. അതുകൊണ്ടു ഇതുപോലെയുള്ള ആപല്‍‍സതന്ധിയിലേക്കു നീങ്ങുവാന്‍ മനസ്സിനെ അനുവദിക്കരുത് എന്നാണ് ഹദീസിന്‍റെ താല്‍പര്യം. ഇതേ അടവു ചില മനുഷ്യപ്പിശാചുക്കളിലും കാണാവുന്നതാണ്. അന്വേഷണം, വിശകലനം, നിരൂപണം, ചര്‍ച്ച ആദിയായ മധുരപ്പേരുകള്‍ നല്‍കി തര്‍ക്കത്തിലേക്കും ആശയക്കുഴപ്പത്തിലേക്കും, ഒടുക്കം നിഷേധത്തിലേക്കും എത്തിച്ചേ അവര്‍ അടങ്ങുകയുള്ളു. ന്യായവാദങ്ങളും യുക്തിവാദങ്ങളും മോഹനവാക്കുകളും അവരുടെ ആയുധങ്ങളായിരിക്കും.

‘പിശാചു പറയും’ എന്നു പറഞ്ഞതിന്‍റെ സാരം, മനുഷ്യന്‍ കേള്‍ക്കെ അവന്‍ ഉച്ചത്തില്‍ സംസാരിക്കുമെന്നല്ല. മനുഷ്യന്‍റെ ഹൃദയങ്ങളില്‍ അങ്ങിനെ ഓരോ സംശയങ്ങള്‍ അവന്‍ ജനിപ്പിക്കുകയോ അവന്‍റെ അനുയായികളായ ദുഷ്ടജനങ്ങള്‍ മുഖേന കുതര്‍ക്കങ്ങളും ദുര്‍ന്യായങ്ങളും സമര്‍പ്പിക്കുകയോ ചെയ്യുമെന്നാകുന്നു. ഈ വിഷയകമായി നബി (സ) പ്രസ്താവിച്ച മറ്റൊരു വചനം കാണുക:‘മനുഷ്യര്‍ തമ്മില്‍ അന്യോന്യം ചോദ്യം നടത്തിക്കൊണ്ടിരിക്കും. അങ്ങനെ പറയപ്പെടും: ഇതാ ഇതൊക്കെ അല്ലാഹു സൃഷ്ടിച്ച. എന്നാല്‍‍, അല്ലാഹുവിനെ ആര്‍ സൃഷ്ടിച്ചു (അവന്‍ എങ്ങിനെ ഉണ്ടായി)? ഈ തരത്തില്‍പെട്ട വല്ലതും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍‍, അവന്‍ ഇങ്ങനെ പറഞ്ഞു കൊള്ളട്ടെ: ഞാന്‍ അല്ലാഹുവിലും അവന്‍റെ റസൂലുകളിലും വിശ്വസിക്കുന്നു എന്ന്.’ (ബു; മു.) പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളെക്കുറിച്ചു നാം വളരെ ഗൗരവപൂര്‍വ്വം കരുതിയിരിക്കേണ്ടതുണ്ടെന്നും, അതില്‍നിന്നു രക്ഷകിട്ടുവാന്‍ അല്ലാഹുവിനോടു സദാ പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും, ഇതില്‍ നിന്നൊക്കെ സ്പഷ്ടമാകുന്നു.

ജിന്നുവര്‍ഗത്തെയും ശൈത്താനാകുന്ന പിശാചിനെയും സംബന്ധിച്ചു ഇതിനുമുമ്പു പലപ്പോഴും നാം സംസാരിച്ചതാണ്. അതുകൊണ്ടു ജിന്നും മനുഷ്യനും രണ്ടും പ്രത്യേക വര്‍ഗമാണെന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി ഇവിടെ കൂടുതലായൊന്നും പ്രസ്താവിക്കേണ്ടതില്ല. എന്നിരുന്നാലും, مِنَ الْجِنَّةِ وَالنَّاسِ (ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും) എന്നു ഇവിടെ അല്ലാഹു പറഞ്ഞതില്‍ നിന്നു തന്നെ, രണ്ടും രണ്ടു പ്രത്യേകവര്‍ഗ്ഗമാണെന്നു ഖുര്‍ആനില്‍ വിശ്വസിക്കുന്ന ഏതൊരാളും സമ്മതിക്കേണ്ടിവരുമെന്നുകൂടി ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ.

ജിന്നുകള്‍ എന്നു പറയുന്നതു മനുഷ്യവര്‍ഗത്തിലെ ചില അപരിഷ്കൃത വിഭാഗങ്ങള്‍ക്കാണ് എന്നാണല്ലോ ആ വര്‍ഗത്തെ നിഷേധിക്കുന്നവരുടെ വാദം. അങ്ങിനെയാണെങ്കില്‍ ഇവിടെ الجنة (ജിന്നത്ത്) കൊണ്ടുദ്ദേശ്യം അപരിഷ്കൃതവിഭാഗക്കാരായ മനുഷ്യരും, الناس (അന്നാസ്‌) കൊണ്ടുദ്ദേശ്യം പരിഷ്കൃതരായ മനുഷ്യരും ആയിരിക്കണമല്ലോ. എന്നാല്‍‍, الناس എന്ന വാക്കു കൊണ്ടു ഖുര്‍ആനില്‍ പലേടത്തും അപരിഷ്കൃതരെന്നോ പരിഷ്കൃതരെന്നോ തരംതിരിക്കുവാന്‍ പാടില്ലാത്ത വിധം മനുഷ്യവര്‍ഗത്തെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുതന്നെ ഉപയോഗിച്ചാണ് കാണുന്നത്. ചില ഉദാഹരണങ്ങള്‍ കാണുക: قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا – الاعراف (പറയുക: ഹേ, മനുഷ്യരെ, ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്‍റെ റസൂലാകുന്നു. (അഅ്റാഫ് 158) يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ – اول النسآء (ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിന്‍, (നിസാഅ് – 1). റസൂല്‍ (സ) തിരുമേനി പരിഷ്കൃതജനവിഭാഗത്തിലേക്കോ മറ്റേതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്കോ മാത്രമുള്ള റസൂലാണോ?! മനുഷ്യവിഭാഗങ്ങളില്‍ ഏതെങ്കിലും ചില വിഭാഗക്കാര്‍ മാത്രം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചാല്‍ മതി എന്നുണ്ടോ? ഇതുപോലെ നിരവധി സ്ഥലങ്ങളില്‍ الناس എന്ന വാക്കില്‍ മനുഷ്യവര്‍ഗം മുഴുവനും ഉള്‍പ്പെടുമെങ്കില്‍ അതോടു ചേര്‍ത്തു ജിന്നിനെയും കൂട്ടിപ്പറയുമ്പോഴേക്കും എങ്ങിനെയാണ് അതിന്‍റെ അര്‍ത്ഥത്തില്‍ ആ മാറ്റം സംഭവിക്കുന്നതു?! ആലോചിച്ചുനോക്കുക.

അല്ലാഹുവിന്‍റെ സൃഷ്ടികളില്‍‍നിന്നുണ്ടായേക്കുന്ന എല്ലാ കെടുതലുകളില്‍ നിന്നും, രാത്രി ഇരുട്ടുമൂടിയാലുണ്ടാകുന്ന കെടുതലുകളില്‍ നിന്നും, കെട്ടുകളില്‍ ഊതുന്നവരുടെ കെടുതലുകളില്‍ നിന്നും, അസൂയക്കാര്‍ അസൂയപ്പെട്ടാലുണ്ടാകുന്ന കെടുതലുകളില്‍ നിന്നും പ്രഭാതത്തിന്‍റെ നാഥനായ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. ജിന്നുകളിലും മനുഷ്യരിലുമുള്ള എല്ലാ കുസൃതിക്കാരുടെയും ദുര്‍മന്ത്രങ്ങളുടെ കെടുതലില്‍നിന്നും മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. വിശുദ്ധ ഖുര്‍ആന്‍റെ അധ്യാപനങ്ങളും നബി മുഹമ്മദ്‌ മുസ്തഫാ(സ) തിരുമേനിയുടെ ചര്യകളും അനുസരിച്ചു ജീവിക്കുവാനും, അല്ലാഹുവിന്‍റെ‌ പൊരുത്തവും പ്രീതിയും ലഭിക്കുന്ന സൌഭാഗ്യവാന്മാരായ സജ്ജനങ്ങളില്‍ ഉള്‍പ്പെടുവാനും അവന്‍ നമുക്കേവര്‍ക്കും തൗഫീക്ക് നല്‍കട്ടെ, ആമീന്‍. മുസ്‌ലിം സമുദായത്തിനു അവന്‍ യശസ്സും വിജയവും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വിശുദ്ധ ഖുര്‍ആന്‍റെ അര്‍ത്ഥവും ചുരുക്കസാരങ്ങളും വിവരിക്കുന്ന ഈ പരിപാവനഗ്രന്ഥം സൂറത്തുല്‍ കഹ്ഫുമുതല്‍ ആരംഭിച്ച് സൂറത്തുന്നാസ് വരെയുള്ള ഈ പകുതിയുടെ കരട് പകര്‍പ്പ് ഇവിടെവെച്ച് പൂര്‍ത്തിയാക്കുകയും, അതിന്‍റെ പേരില്‍ കാരുണ്യവാന്‍മാരില്‍വെച്ചു ഏറ്റവും കാരുണ്യവാനായ റബ്ബിനെ ഹൃദയം നിറഞ്ഞ സ്തുതി സ്തുതിക്കുകയും, ഇതിന്‍റെ ഒടുവിലത്തെ വരി എഴുതിത്തീരുകയും ചെയ്ത അതേ നിമിഷത്തില്‍ തന്നെ -ഹിജ്റ വര്‍ഷം 1382ല്‍ റബീഉല്‍ആഖിര്‍ മാസം 28ന്നു (ക്രിസ്താബ്ദം 1962 സെപ്റ്റംബര്‍ 28ന്നു) വെള്ളിയാഴ്ച ദിവസം –അല്ലാഹുവിന്‍റെ പള്ളിയില്‍ നിന്നു ജുമുഅ: ബാങ്കുവിളി കേള്‍ക്കുവാന്‍ ഭാഗ്യമുണ്ടായപ്പോഴത്തെ പറഞ്ഞാലൊതുങ്ങാത്ത സന്തോഷം ഞങ്ങളിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ! അല്ലാഹുവേ, നിനക്കു സ്തുതി! അളവറ്റ സ്തുതി! അല്ലാഹുവേ, നിനക്കു നന്ദി! അളവറ്റ നന്ദി! അല്ലാഹുവേ, ഞങ്ങളുടെ പക്കല്‍ വന്നുപോയിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പാകപ്പിഴവുകളും നിന്‍റെ കാരുണ്യം കൊണ്ടും ദയവുകൊണ്ടും ഞങ്ങള്‍ക്കു നീ മാപ്പാക്കിത്തരേണമേ! അല്ലാഹുവേ, ഞങ്ങള്‍ക്ക് സത്യം കാണിച്ചുതന്നും ഞങ്ങളെ സന്മാര്‍ഗത്തില്‍ നയിച്ചും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ! അല്ലാഹുവേ, നിന്‍റെ തിരുവചനമായ വിശുദ്ധഖുര്‍ആന്‍റെ ബാക്കിയുള്ള പകുതിയും ഇപ്രകാരം എഴുതി പൂര്‍ത്തിയാക്കുവാനുള്ള ഞങ്ങളുടെ ഉദ്ദേശം പൂര്‍ത്തിയാക്കിത്തരുകയും, ഈ ഗ്രന്ഥം ഞങ്ങളുടെയും, ഇതിന്നായി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ സഹോദരന്മാരുടെയും സല്‍കര്‍മ്മമായി നീ അംഗീകരിക്കുകയും, ഇതുമുഖേന പൊതുജനങ്ങള്‍ക്ക് ഖുര്‍ആനിന്‍റെ സന്ദേശങ്ങള്‍ മനസ്സിലാക്കുവാന്‍ തൗഫീക്ക് നല്‍കുകയും ചെയ്യേണമേ! آمين

الحمد لله الذى بنعمته تتم الصالحات وبفضله تتم القربات, حمدا يوافي نعمه و يكافي مزيده. اللهم لك الحمد ولك الشكر ولك المنة والفضل. اللهم اجعل القرآن العظيم ربيع قلوبنا ونور صدورنا وجلاء حزننا وذهاب همنا وغمنا. ربنا لا تؤاخذنا ان نسينا او اخطأنا ربنا ولا تحمل علينا اصرا كما حملته علي الذين من قبلنا ربنا ولا تحملنا ما لا طاقة لنا به واعف عنا واغفر لنا وارحمنا انت مولانا فانصرنا على القوم الكافرين. اللهم صل على من انزلت عليه القرآن وجعلته خاتم الرسل و الأنبيآء نبينا وهادينا و مرشدنا محمد وآله وصحبه ومن اتبعهم باحسان الى يوم الدين وسلام على المرسلين والحمـــد لله رب العــــالميـــــن (واما بنــعمة ربــك فحدث)

(كان تمام الفراغ من تبيض النسخة المسودة من تفسير النصف الثاني من القرآن الكريم يوم الثلثاء الخامس من صفر سنة ۱۳۹۲ هـ – سنة ١٩٧٢ م – بعد ان فرغ من تسويدها قبل عشر سنوات. كتبه بقلمه افقر الورى الى الله محمد بن حسن الامانى عفر الله عنه و عن زميله الشيخ الموقر علوى المولوى. كان الله لهما ولوالديهما ولمن أعانهما ولجميع المسلمين فى الدنيا والاخرة)