സൂറത്തുല്‍ ഫലഖ്’ : 01-05
ഫലഖ് (പുലരി)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 5 (മദീനയില്‍ ആണെന്നും അഭിപ്രായമുണ്ട്)
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
ഈ സൂറത്തിനും അടുത്ത സൂറത്തിനും ചേര്‍ന്ന്‍ المعودتان (മുഅവ്വിദത്താനി) എന്ന്‍ പറയപ്പെടുന്നു. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം. വിവിധതരത്തില്‍ ഉണ്ടാകുന്ന കെടുതലുകളില്‍ നിന്ന് അല്ലാഹുവില്‍ ശരണം പ്രാപിക്കുകയും, അവനോട് രക്ഷ തേടുകയും ചെയവാന്‍ പഠിപ്പിക്കുന്നതാണ് രണ്ടു സൂറത്തുകളും. രണ്ടു സൂറത്തുകളുടെയും പ്രാധാന്യം കുറിക്കുന്ന പല ഹദീസുകളും രിവായത്തുകളും വന്നിട്ടുണ്ട്.
റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പ്രസ്താവിച്ചതായി ഉഖ്ബത്തുബ്നു ആമിര്‍ (عقبة بن عامر – رضي) നിവേദനം ചെയ്യുന്നു: “ഈ രാത്രി അവതരിപ്പിക്കപ്പെട്ട ചില ആയത്തുകള്‍ താന്‍ കണ്ടില്ലേ?! അത് പോലെയുള്ളവ തീരെ കാണപ്പെട്ടിട്ടില്ല. അതായത്; قُلْ أَعُوذُ بِرَبِّ الْفَلَقِ و قُلْ أَعُوذُ بِرَبِّ النَّاسِ (സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ്) എന്നിവ. (അ.മു.ത.ന). ഉഖ്ബത്തു ഇബ്നു ആമിര്‍ (رضي الله عنه)ല്‍ നിന്ന് തന്നെ നസാഈ (رحمه الله)യുടെ ഒരു നിവേദനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായും വന്നിരിക്കുന്നു. “ഏതൊരാള്‍ക്കും ചോദിക്കുവാനും രക്ഷതേടുവാനും ഇവയെപ്പോലെ മറ്റൊന്നില്ല.”
- قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ﴾١﴿
- പറയുക: പുലരിയുടെ [പ്രഭാതത്തിന്റെ] റബ്ബിനോടു ഞാന്‍ ശരണം തേടുന്നു:-
- قُلْ പറയുക أَعُوذُ ഞാന്‍ ശരണം (രക്ഷ - അഭയം - കാവല്‍) തേടുന്നു بِرَبِّ റബ്ബിനോട്, റബ്ബില്‍ الْفَلَق പുലരിയുടെ, പ്രഭാതത്തിന്റെ
- مِن شَرِّ مَا خَلَقَ ﴾٢﴿
- അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്;
- مِن شَرِّ مَا യാതൊന്നിന്റെ കെടുതിയില്‍ (ദോഷത്തില്‍ - തിന്മയില്‍) നിന്നു خَلَقَ അവന്‍ സൃഷ്ടിച്ച
- وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴾٣﴿
- ഇരുട്ടിയ രാത്രി മൂടിവരുമ്പോള്‍ അതിന്റെ കെടുതിയില്‍ നിന്നും;
- وَمِن شَرِّ കെടുതിയില്‍ നിന്നും غَاسِقٍ ഇരുട്ടിയ രാത്രിയുടെ إِذَا وَقَبَ അതു മൂടിവരുമ്പോള്‍, മൂടിയാല്‍
- وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ ﴾٤﴿
- കെട്ടുകളില്‍ (മന്ത്രിച്ചു) ഊതുന്നവരുടെ കെടുതിയില്‍ നിന്നും;
- وَمِن شَرِّ കെടുതിയില്‍ നിന്നും النَّفَّاثَاتِ ഊത്തുക്കാരുടെ, ഊത്തുകാരികളുടെ (മന്ത്രം നടത്തുന്നവരുടെ) فِي الْعُقَدِ കെട്ടുകളില്‍
- وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴾٥﴿
- അസൂയക്കാരന്‍ അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍ നിന്നും (ശരണം തേടുന്നു).
- وَمِن شَرِّ കെടുതിയില്‍ നിന്നും حَاسِدٍ അസൂയ വെക്കുന്നവന്റെ إِذَا حَسَدَ അവന്‍ അസൂയ വെക്കുമ്പോള്‍, അസൂയപ്പെട്ടാല്‍
അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷങ്ങളെ വിവരിച്ചു തന്നു കൊണ്ട് യഥാര്‍ത്ഥവും നിഷ്കളങ്കവുമായ തൗഹീദ് (ഏകദൈവവിശ്വാസം) സൂറത്തുല്‍ ഇഖ്ലാസില്‍ അല്ലാഹു നമ്മുക്കു പഠിപ്പിച്ചു. തൗഹീദില്‍ ശിര്‍ക്കിന്റെ യാതൊരുവിധ കലര്‍പ്പും ഉണ്ടാവാന്‍ പാടില്ലെന്നും, എല്ലാ കലര്‍പ്പില്‍ നിന്നും പരിശുദ്ധനാണ് അല്ലാഹു എന്നും, ഏതെങ്കിലും വിധേന ഒരു വസ്തുവിനു അല്ലാഹുവിനോടുള്ള സാദൃശ്യം കല്‍പിക്കല്‍ ശിര്‍ക്കാണെന്നും അതില്‍ നിന്നും സ്പഷ്ട്മാകുകയും ചെയ്തു. ശിര്‍ക്കിന്റെ ഇനങ്ങളില്‍ പ്രധാനമായതും, കൂടുതല്‍ പ്രചാരത്തിലുള്ളതും അല്ലാഹുവിന്റെ കഴിവിലും അധികാരാവകാശത്തിലും അല്ലാഹു അല്ലാത്ത വല്ലവര്‍ക്കും പങ്കാളിത്വം കല്‍പിച്ചുകൊണ്ട് അവരില്‍ നിന്ന് ശാന്തിയും രക്ഷയും തേടലാകുന്നു.
തൗഹീദിന്റെ നിഷേധികളില്‍ നിന്ന് മാത്രമല്ല അതിനെക്കുറിച്ചു വേണ്ടത്ര മനസ്സിലാക്കാത്തവരില്‍ നിന്നും, വിശ്വാസവും അടിയുറച്ചിട്ടിലാത്തവരില്‍ നിന്നും ഇതുണ്ടാകുന്നു. ബാഹ്യമായ കാര്യകാരണബന്ധങ്ങളിലൂടെ മറ്റുവല്ലവരിലും അഭയം പ്രാപിക്കുകയോ, അവരോടു രക്ഷ തേടുകയോ ചെയ്യുന്നത് ശിര്‍ക്കാണെന്നു ഇതിന് അര്‍ത്ഥമില്ല. അദൃശ്യവും മനുഷ്യസാധാരണമല്ലാത്തതുമായ മാര്‍ഗത്തിലൂടെ അല്ലാഹു അല്ലാത്തവരോട് രക്ഷക്കപേക്ഷിക്കലാണ് പാടില്ലാത്തത്. അതുകൊണ്ട് കഴിഞ്ഞ സൂറത്തില്‍ തൗഹീദ് വിവരിച്ചതിനു ശേഷം തുടര്‍ന്നുള്ള രണ്ടു സൂറത്തുകളിലും എങ്ങനെയാണ്, ആരോടാണ്, ഏതു പ്രകാരത്തിലാണ്, ഏതെല്ലാം കാര്യങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ശരണവും രക്ഷയും തേടേണ്ടത് എന്നൊക്കെ നമ്മെ പഠിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
قُلْ أَعُوذُ بِرَبِّ الْفَلَقِ (പറയുക : ഞാന്‍ പുലരിയുടെ റബ്ബിനോടു ശരണം തേടുന്നു). الفلق (ഫലഖ്) എന്നാല്‍, പിളര്‍ത്തുക എന്നാണ് അതിന്റെ സാക്ഷാല്‍ അര്‍ത്ഥം. മണ്ണു പിളര്‍ത്തി ധാന്യം മുളപ്പിക്കല്‍, ധാന്യം പിളര്‍ത്തി അതിന്റെ മുള പൊട്ടിക്കല്‍, ഭൂമി പിളര്‍ത്തി ഉറവു പുറപ്പെടുവിക്കല്‍, ഗര്‍ഭാശയം പിളര്‍ത്തി ശിശുവെ പുറപ്പെടുവിക്കല്‍ എന്നിവയിലെല്ലാം ആ വാക്ക് ഉപയോഗിക്കാം. ഈ അര്‍ത്ഥത്തില്‍ ആണ് إِنَّ اللَّـهَ فَالِقُ الْحَبِّ وَالنَّوَىٰ – الانعام 95 (നിശ്ചയമായും അല്ലാഹു ധാന്യത്തെയും, കുരുവിനെ -പരിപ്പിനെ- യും പിളര്‍ത്തുന്നവനാണ്) എന്നും, فَالِقُ الْإِصْبَاحِ – الانعام : 96 (പ്രഭാതത്തെ പിളര്‍ത്തിയവന്‍) എന്നുമുള്ള വചനങ്ങള്‍. സാമാന്യമായ ഈ അര്‍ത്ഥം സ്വീകരിക്കുമ്പോള്‍ ഒന്നു പിളര്‍ത്തി അതില്‍ നിന്നു മറ്റൊന്ന് ഉത്ഭവിപ്പിക്കുന്ന – അഥവാ സ്ര്ഷടിച്ചുണ്ടാക്കുന്ന – റബ്ബിനോടു ശരണം തേടുന്നു എന്നായിരിക്കും ഇവിടെ വിവക്ഷ. രാത്രിയുടെ ഇരുട്ട് പിളര്‍ന്ന്‍ അതില്‍ നിന്നാണല്ലോ പ്രഭാതത്തിന്റെ പുലരി വെളിപ്പെടുന്നത് . ആകയാല്‍ ‘പുലരി’ അല്ലെങ്കില്‍ ‘പ്രഭാതം’ എന്ന അര്‍ത്ഥത്തിലും ആ വാക്കു ഉപയോഗിക്കപ്പെടുന്നു. ഈ അര്‍ത്ഥമാണ് മുഫസ്സിറുകള്‍ ഏതാനും ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പരിഭാഷയില്‍ നാമും അതുതന്നെ സ്വീകരിച്ചിരിക്കുന്നു. ‘ഫലഖ്’ മായി അര്‍ത്ഥസാമ്യമുള്ള മറ്റൊരു വാക്കാണ് ‘ഫജര്‍’ (الْفَجْرِ) ‘പ്രഭാതം’ എന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ ഉപയോഗത്തിലുള്ളത് അതാണ്. ഇവിടെ ‘ഫലഖ്’ കൊണ്ടുള്ള വിവക്ഷ രണ്ടില്‍ ഏതായാലും ശരി, അതിന്‍റെ കര്‍ത്താവ് ലോകരക്ഷിതാവായ അല്ലാഹു തന്നെയാണല്ലോ. അപ്പോള്‍, ശരണവും രക്ഷയും തേടുന്നത് അവനോടായിരിക്കണം. മറ്റാരില്‍ നിന്നും ആവരുത്, അവങ്കല്‍ നിന്നേ അത് ലഭിക്കുകയുള്ളൂ എന്നെല്ലാം അതില്‍ നിന്ന് സിദ്ധിക്കുന്നു وَلَن تَجِدَ مِن دُونِهِ مُلْتَحَدًا – الكهف (അവനെ കൂടാതെ യാതൊരു രക്ഷാവലംബവും നിനക്കുകിട്ടുന്നതേ അല്ല). ഏതെല്ലാം കാര്യങ്ങളില്‍ നിന്നാണ് അല്ലാഹുവിനോടു ശരണം തേടേണ്ടതെന്നു തുടര്‍ന്നുള്ള വചനങ്ങളില്‍ പറയുന്നു :-
1. مِن شَرِّ مَا خَلَقَ (അവന്‍ സൃഷ്ട്ടിച്ചിട്ടുള്ളവയുടെ കെടുതലില്‍ നിന്നു). അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്റെ സൃഷ്ടി തന്നെ. എല്ലാം ഓരോ തരത്തിലുള്ള നന്മക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയുമാണ്. പക്ഷേ, എന്തെങ്കിലും കാരണവശാല്‍ അവമൂലം ചിലപ്പോള്‍ നാശനഷ്ടവും ആപത്തും സംഭവിച്ചേക്കും. മനുഷ്യജീവിതത്തിനു അത്യന്താപേക്ഷിതമായ വായു, വെള്ളം, ഭക്ഷണം, തീ ആദിയായവ കൊണ്ടുപോലും മനുഷ്യനു ചിലപ്പോള്‍ ആപത്ത് നേരിടാറുണ്ടെന്നു പറയേണ്ടതില്ല. കാരണം ചിലപ്പോള്‍ നമുക്ക് അജ്ഞാതമായിരിക്കും. ചിലപ്പോള്‍, സ്വന്തം കൈക്കു തന്നെ വന്ന പാകപ്പിഴവായിരിക്കും, അലെങ്കില്‍ അന്യരുടെ കാരണത്താലായിരിക്കും എന്നുമാത്രം. വളരെ ഉപകാരമുള്ള ഇരുമ്പുകൊണ്ട് എന്തെല്ലാം അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നു? എത്രയോ വമ്പിച്ച ഒരു അനുഗ്രഹമത്രെ കേവലം നിസ്സാരവസ്തുവായ പേന. അതുകൊണ്ടെഴുതിയ ഒരു വാക്കുമൂലം ചിലപ്പോള്‍ മഹാവിപത്തിന്നിടയായേക്കുമല്ലോ. വേണ്ടാ, ഒരു വാക്കു, ഒരു നോട്ടം, ഒരു വിരല്‍ചൂണ്ടല്‍ ഇവയെല്ലാം തന്നെ, വമ്പിച്ച ആപത്തുകള്‍ വലിച്ചിടുന്നവയായിത്തീര്‍ന്നേക്കാം.
മനുഷ്യസ്വഭാവങ്ങള്‍, ചൂടും തണുപ്പും പോലെയുള്ള പ്രകൃതിമാറ്റങ്ങള്‍, വീട്, വാഹനം തുടങ്ങിയ ഉപകരണങ്ങള്‍ ആദിയായവയൊന്നും തന്നെ ഇതില്‍ നിന്നൊഴിവില്ല. പിശാച്, ദുഷ്ടജന്തുക്കള്‍, രോഗങ്ങള്‍ മുതലായവയുടെ കാര്യം പറയേണ്ടതുമില്ല. ഇങ്ങനെയുള്ള കണക്കറ്റ ദോഷങ്ങളില്‍ ചിലതെല്ലാം മനുഷ്യന്റെ മുന്‍കരുതല്‍ കൊണ്ടോ, പ്രതിരോധ നടപടികൊണ്ടോ ഒഴിവായെന്നു വരാം. കഴിയുന്നത്ര സൂക്ഷ്മത ഉണ്ടായിരിക്കല്‍ ആവശ്യവുമാണ് . എന്നാല്‍ അതും ഫലപ്രദമായിത്തീരുന്നത് അല്ലാഹുവിന്റെ സഹായത്തോടെ മാത്രമായിരിക്കും. മിക്കതില്‍ നിന്നും രക്ഷ ലഭിക്കുന്നതില്‍ മനുഷ്യര്‍ക്കോ മറ്റു വല്ലവര്‍ക്കോ ഒരു പങ്കും ഉണ്ടായിരിക്കയുമില്ല. ഇത്രയും പറഞ്ഞതില്‍ നിന്നു ഈ വാക്യത്തിന്റെ വൈപുല്യവും പ്രാധാന്യവും ഊഹിക്കാമല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹദീസുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്.
അബുസഈദില്‍ ഖുദരി (رحمه الله) പ്രസ്താവിക്കുന്നു: “ഒരു പുതിയ വസ്ത്രം എടുക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിനു ഒരു പേരുവെക്കും. എന്നിട്ട് ഇങ്ങനെ പറയും:
اللَّهُمَّ لَكَ الـحَمْدُ أنْتَ كَسَوْتَنِيهِ، أسْألُكَ مِنْ خَيرهِ وخَيْرِ مَا صُنِعَ لَهُ، وأعوذُ بِكَ مِنْ شَرِّهِ وشَرِّ ما صُنِعَ لَهُ
സാരം: ‘അല്ലാഹുവേ, നീ എനിക്ക് ഇത് ധരിക്കുവാന്‍ തന്നത് പോലെ, നിനക്കാണ് സ്തുതി! ഇതിന്റെ ഗുണവും ഏതൊന്നിനായി ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ കെടുതലില്‍ നിന്നും, ഇതു ഏതൊന്നിനായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ കെടുതലില്‍ നിന്നും ഞാന്‍ നിന്നോടു രക്ഷതേടുകയും ചെയ്യുന്നു.” (ദാ; തി.)
അവിശ്വാസം, കപടവിശ്വാസം, ദാരിദ്ര്യം, അപമാനം, ഉപകാരം ചെയ്യാത്ത അറിവ്, സ്വീകാര്യമല്ലാത്ത കര്‍മ്മം, ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥന, ഭയഭക്തിയില്ലാത്ത ഹൃദയം, തൃപ്തിവരാത്ത മനസ്സ്, ദുര്‍ബലത, ലുബ്ധത, ഭീരുത്വം, മടി, അശുഭകരമായ പര്യവസാനം, വാര്‍ദ്ധക്യക്ഷീണം, ശത്രുക്കളുടെ സന്തോഷം, ദുഃഖം, വ്യസനം, ധനം കൊണ്ടുള്ള ആപത്ത്, വഞ്ചന, അസൂയ, കണ്ണേറു (കരിങ്കണ്ണ്‍), ജീവിതത്തിലെ പരീക്ഷണങ്ങള്‍, മഹാരോഗങ്ങള്‍ എന്നിങ്ങനെ അനേകമനേകം കാര്യങ്ങളില്‍ നിന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവില്‍ ശരണം തേടിയിരുന്നതായി ഹദീസുകളില്‍ കാണാം. അല്ലാഹു സൃഷ്ടിച്ചവയുടെ കെടുതലുകളില്‍ (شَرِّ مَا خَلَقَ) നിന്നു ശരണം തേടുക എന്നതിന്റെ വ്യാപ്തിയും, ഉദാഹരണങ്ങളും ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ചില ഹദീസുഗ്രന്ഥങ്ങളില്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം അദ്ധ്യായങ്ങള്‍ (باب الاستعاذات) തന്നെ ഏര്‍പ്പെടുത്തിക്കാണാം. സത്യവിശ്വാസി അതെല്ലാം അറിയുകയും മാതൃകയാക്കുകയും ചെയ്യല്‍ അത്യാവശ്യമത്രെ. പൊതുവായ കെടുതലുകളില്‍ നിന്നു ശരണം ചോദിക്കുന്നതിനെപ്പറ്റി ആദ്യം പ്രസ്താവിച്ചശേഷം പ്രധാനപ്പെട്ട ചില പ്രത്യേക കെടുതലുകളെക്കുറിച്ചു പറയുന്നു:
2. وَمِن شَرِّ غَاسِقٍ إِذَا وَقَبَ (ഇരുട്ടിയ രാത്രി മൂടിവരുമ്പോഴത്തെ കെടുതലില്‍ നിന്നും). ആപത്തുകള്‍ സംഭവിക്കുവാനുള്ള സാധ്യത പകലിനെക്കാള്‍ രാത്രി കൂടുതലാണല്ലോ. പകല്‍ സമയത്ത് എവിടെ പോകുവാനും ഭയമില്ലാത്തവര്‍ക്കു പോലും രാത്രി പുറത്തിറങ്ങി വിഹരിക്കുവാന്‍ പേടി തോന്നും. ‘എനിക്കൊരു പേടിയുമില്ല ‘ എന്ന് ദുരഭിമാനിച്ചു കൊണ്ട് വെളിച്ചമോ മറ്റു മുന്‍കരുതലുകളോ ഇല്ലാതെ രാത്രിയില്‍ സഞ്ചരിക്കുന്ന പലര്‍ക്കും അപ്രതീക്ഷിതമായ ആപത്തുകള്‍ ഓര്‍ക്കാപ്പുറത്തു നേരിടുന്നതും ദുര്‍ല്ലഭമല്ല. വാസ്തവത്തില്‍ ആ പേടിയില്ലായ്മ ധീരത അല്ല, തന്റേടമില്ലായ്മയും ഭോഷത്തവുമാകുന്നു. രാത്രിയുടെ മാത്രമല്ല, ഈ സൂറത്തിലും അടുത്ത സൂറത്തിലുമായി അല്ലാഹു തുടര്‍ന്നു പറയുന്ന മറ്റു കാര്യങ്ങളുടെയും കെടുതലുകളില്‍ നിന്നു രക്ഷ തേടുവാന്‍ കല്പിച്ചതില്‍ നിന്നു അവ ഓരോന്നിനാലും ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ – അവ ഭൗതികമോ, ധാര്‍മികമോ ആവട്ടെ – വമ്പിച്ചതായിരിക്കുമെന്നു മനസ്സിലാക്കാം. അജ്ഞാതവും, അപ്രതീക്ഷിതവുമായ മാര്‍ഗങ്ങളില്‍ കൂടിയും, സാധാരണഗതിയില്‍ ആപല്‍ശങ്കക്കിടമില്ലാത്ത മാര്‍ഗങ്ങളില്‍ കൂടിയും ആപത്തുകള്‍ നേരിടുന്നതിനെക്കുറിച്ച് നാം സദാ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും, അതില്‍ നിന്ന് രക്ഷക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേണ്ടതുണ്ടെന്നും ഇതില്‍ നിന്നു നാം ഓര്‍മ്മിച്ചിരിക്കേണ്ടതാണ്.
3. وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ (കെട്ടുകളില്‍ മന്ത്രിച്ച് ഊതുന്നവരുടെ കെടുതലില്‍ നിന്നും) മന്ത്രവാദം നടത്തുന്നവരും, ‘സിഹ്ര്‍’ (മാരണം, ജാലവിദ്യ മുതലായവ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം. نَفَث (നഫ്ഥ്) എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് نَفّاَثَات എന്ന വാക്ക്, അല്‍പ്പം തുപ്പുനീര്‍ തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിന്നാണ് അത് ഉപയോഗിക്കാറുള്ളത് (*). ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു . അത് കൊണ്ടാണ് മിക്ക മുഫസ്സിറുകളും -മുന്‍ഗാമികള്‍ വിശേഷിച്ചും- അങ്ങനെ വിവക്ഷ നല്‍കുവാന്‍ കാരണം. മന്ത്രക്കാരും ‘സിഹ്റു’ കാരും വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്‍ഗ്രാഹ്യവുമായിരിക്കുന്നതുകൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്.
قال في المفردات: النَّفْثُ: قَذْفُ الرِّيقِ القليلِ، وهو أَقَلُّ من التَّفْلِ، ونَفْثُ الرَّاقِي والساحرِ أن يَنْفُثَ في عُقَدِهِ، وقال في القاموس: النَّفْث ” وهو كالنَّفْخِ ” أَقَلُّ من التَّفْلِ ، وقال: وَالنَّفَّاثَاتِ فِي الْعُقَدِ السَوَاحِرُ، وقال في المنجد نَفَثَ البُصَاقَ مِنْ فَمِهِ : رَمَى بِهِ وقال نفث فلان سحره (*)
‘കെട്ടുകളില്‍ ഊതുന്നവര്‍‘ എന്ന് പറഞ്ഞതിന്റെ താല്‍പര്യം പുരുഷന്മാരുടെ മനോദൃഢതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങള്‍ വഴി മാറ്റി മറിക്കുന്ന സ്ത്രീകളാണെന്നും ഒരു അഭിപ്രായമുണ്ട്. അബൂമുസ്ലിമിന്റേതായ ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ഇമാം റാസി (رحمه الله) ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികഭാഗവും പറഞ്ഞതിനു എതിരില്ലായിരുന്നുവെങ്കില്‍ ഇതൊരു നല്ല അഭിപ്രായം തന്നെയായിരുന്നു. نَفّاَثَات എന്ന പദം സ്ത്രീലിംഗ രൂപത്തിലുള്ളതാകക്കൊണ്ടായിരിക്കും അതിന് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഈ വിവക്ഷ അബൂമുസ്ലിം നല്‍കിയത്. അല്ലാഹുവിന്നറിയാം. വാസ്തവത്തില്‍, സ്ത്രീലിംഗരൂപത്തിലുള്ള ആ പദം കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നത് വ്യാകരണ നിയമപ്രകാരം യഥാര്‍ത്ഥ സ്ത്രീകള്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. ഊത്തുകാരായ ആത്മാക്കള്‍ എന്നോ, ദേഹങ്ങള്‍ എന്നോ, വിഭാഗക്കാര്‍ എന്നോ (النفوس او الجماعات و نخوها) കല്‍പ്പിച്ചാല്‍ ധാരാളം മതിയാകും. ഇതാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിച്ചിട്ടുള്ളതും. കെട്ടുകളില്‍ ഊതുക എന്നത് കൊണ്ടുദ്ദേശ്യം എന്തായിരുന്നാലും ശരി, ആ പ്രവൃത്തി നടത്തുന്ന എല്ലാവരും -പുരുഷനോ സ്ത്രീയോ ആവട്ടെ- അതില്‍ ഉള്‍പ്പെടുന്നുവെന്നുവെക്കുന്നതാണ് ന്യായവും യുക്തവും.
ഏഷണിപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളാണ് കെട്ടുകളില്‍ ഊതുന്നവരെ കൊണ്ട് വിവക്ഷ എന്നുവേറെയും ഒരഭിപ്രായമുണ്ട് . ഇത് പിന്‍ഗാമികളായ ചില വ്യാഖ്യാതാക്കള്‍ സ്വീകരിച്ചതാണ്. പുരുഷന്മാരെ മയക്കി വശീകരിക്കുന്ന സ്ത്രീകളും, ഏഷണിക്കാരും വരുത്തിത്തീര്‍ക്കുന്ന ആപത്തുകള്‍ വമ്പിച്ചതും അല്ലാഹുവിനോട് ശരണം തേടപ്പേടേണ്ടതുമാണെന്നതില്‍ സംശയമില്ല. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കിന്റെ ശരിയായ അര്‍ത്ഥം നോക്കുമ്പോള്‍ ഭൂരിപക്ഷം മുഫസ്സിറുകളും യോജിക്കുന്ന ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരിയായിത്തോന്നുന്നത്. മുജാഹിദ്, ഇക്രിമഃ, ഹസന്‍, ഖത്താദഃ, ളഹ്-ഹാക്ക് (رَحِمَهُمُ الله) മുതലായവര്‍ സ്വീകരിച്ചിട്ടുള്ളതും അത് തന്നെ. ഒടുവിലത്തെ രണ്ടഭിപ്രായങ്ങളും ആ വാക്ക് ഒരു അലങ്കാര പ്രയോഗമാണെന്നുളള അടിസ്ഥാനത്തിലാണ്. സാക്ഷാല്‍ അര്‍ത്ഥം കല്‍പ്പിക്കുന്നതിന് തടസ്സമില്ലാത്തപ്പോള്‍ അലങ്കാരാര്‍ത്ഥം സ്വീകരിക്കുന്നതിനു ന്യായീകരണമില്ല.
സിഹ്റുകാരെക്കൊണ്ടും മന്ത്രവാദക്കാരെക്കൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവര്‍ നടത്തുന്ന പൈശാചിക പ്രവര്‍ത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറ്റുവാന്‍, ഭാഗ്യം സിദ്ധിക്കുവാന്‍, അന്യനു ആപത്തു നേരിടുവാന്‍, തമ്മില്‍ പിണക്കമുണ്ടാക്കുവാന്‍ -അങ്ങനെ പലതിന്റെ പേരിലും- ഹോമം, ജപം, മുട്ടറുക്കല്‍, ഉറുക്ക്, മന്ത്രം, ജോത്സ്യം എന്നിങ്ങനെ പലതും നടത്തി, അവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ‘അസ്മാഇന്റെ പണിക്കാര്‍’, ‘ത്വല്‍സമാത്തുകാര്‍’ എന്നിങ്ങനെയുള്ള അറബിപ്പേരുകളില്‍ അറിയപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നവര്‍ തന്നെ. ഇവര്‍ തങ്ങളുടെ മന്ത്രതന്ത്രങ്ങളില്‍ ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ മുതലായവയും കൂട്ടിക്കലര്‍ത്തുന്നതു കൊണ്ട് ഇതില്‍ നിന്നു ഒഴിവാകുന്നതല്ല. വേണമെങ്കില്‍, ഈ സൂറത്തു തന്നെയും ഓതിക്കൊണ്ട് കെട്ടുകളില്‍ മന്ത്രിക്കുന്നു. അവരുടെ കെടുതലില്‍ നിന്നുതന്നെ -അവരറിയാതെ- അവര്‍ അല്ലാഹുവില്‍ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന അതേ രൂപത്തില്‍ തന്നെ അവര്‍ക്ക് പോലും അജ്ഞാതമായ ഏതോ ചില പേരുകള്‍ വിളിച്ചു പ്രാര്‍ത്ഥിക്കലും, അര്‍ത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകള്‍ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളായ അവിശ്വാസികള്‍ തങ്ങളുടെ പൂജാകര്‍മ്മങ്ങളില്‍ ചിലപ്പോള്‍ സൂറത്തു യാസീന്‍ പോലെയുള്ള ഖുര്‍ആന്റെ ഭാഗങ്ങളും തൗഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നും വരും. പാമരന്മാരെ വഞ്ചിക്കുവാന്‍ വേണ്ടി പിശാച് ആസൂത്രണം ചെയ്യുന്ന അതിസമര്‍ത്ഥമായ പകിട്ടു വിദ്യകളത്രെ ഇതെല്ലാം.
ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവും അവന്റെ റസൂലും നിര്‍ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്രതന്ത്രങ്ങളും തെറ്റായതും, അവ മൂലം ഏര്‍പ്പെടാവുന്ന കെടുതികള്‍ വളരെ വമ്പിച്ചതുമാകുന്നു. ഇസ്‌ലാമില്‍ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാണ് എന്നിങ്ങനെയുള്ള ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നും മറ്റും മന്ത്രത്തെ സംബന്ധിച്ചു ഇസ്‌ലാമിലെ യഥാര്‍ത്ഥ വിധി എന്തെന്നു മനസ്സിലാക്കാവുന്നതാകുന്നു.
സിഹ്റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനും നബിവചനങ്ങള്‍ക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് ‘കെട്ടുകളില്‍ ഊതുന്നവര്‍’ (النَّفَّاثَاتِ فِي الْعُقَدِ) എന്നതിന്റെ വിവക്ഷ എഷണിക്കാരാണെന്നും, പുരുഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെ പറ്റി ഇവിടെ കൂടുതല്‍ സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മര്‍ഹൂം അല്ലാമാ സയ്യിദ് ഖുത്ത്ബിന്റെ ഒരു പ്രസ്താവന കൊണ്ട് തല്‍ക്കാലം മതിയാക്കാം അതിങ്ങനെ സംഗ്രഹിക്കവുന്നതാണ്.
‘കെട്ടുകളില്‍ ഊതുന്നവര്‍’ എന്ന് വെച്ചാല്‍ , ബാഹ്യേന്ദ്രിയങ്ങളെയും,ആന്തരേന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹ്റുകാരാകുന്നു. വല്ല നൂലിലോ ഉറുമാലിലോ കെട്ടിട്ടുകൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്‍. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്റിന്റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും. ഇതാണ് മൂസാ (عليه السلام) നബിയുടെ കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്‍. സിഹ്റുകാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നിയിരുന്നുവെന്നും, ‘ഭയപ്പെടേണ്ടതില്ല – താന്‍ തന്നെയാണ് ഉന്നതന്‍’ എന്നു അല്ലാഹു പറഞ്ഞുവെന്നും സൂറത്തു ത്വാഹായില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, അവരുടെ കയറും വടിയുമൊന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസാ (عليه السلام) നബിക്കും ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥൈര്യം നല്‍കിയതോടുകൂടി ഭയം നീങ്ങി. പിന്നീട് യഥാര്‍ത്ഥം തുറന്നുകാണുകയും ചെയ്തു. ഇതാണ് സിഹ്റിന്റെ സ്വഭാവ പ്രകൃതി. ഇതു നാം സമ്മതിച്ചു സീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതല്‍ തന്നെയാണിത്.സിഹ്റിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഈ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുക. (في ظلال القرأن)
വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ടു സാദ്ധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യുവാന്‍ സിഹ്ര്‍ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ പിണക്കും വഴക്കും ഉണ്ടാക്കുക, ചില മനുഷ്യപ്പിശാചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അത് കൊണ്ടുണ്ടായിത്തീരുന്നു. ഇന്ദ്രജാലം, ആഭിചാരം, മായവിദ്യ, ജാലം, കണ്കെട്ടു, ചെപ്പിടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്റിന്റെ ഇനങ്ങളില്‍ പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ലു സ്വര്‍ണ്ണമാക്കി മാറ്റുക പോലെയുള്ള കഴിവുകള്‍ സിഹ്റിനുണ്ടെന്ന ധാരണ തികച്ചും മൌഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. നേരെമറിച്ച് സിഹ്റിന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണയും ശരിയല്ല. ഇതാണ് വാസ്തവം.
4. وَمِن شَرِّ حَاسِدٍ إِذَا حَسَدَ (അസൂയക്കാരന്‍ അസൂയവെക്കുമ്പോഴുണ്ടാകുന്ന കെടുതിയില്‍ നിന്നും) മറ്റുള്ളവര്‍ക്ക് വല്ല നന്മയും കൈവരുന്നതിലുള്ള അതൃപ്തിയാണ് അസൂയ. മറ്റുള്ളവരുടെ നന്മ മൂലം തനിക്കൊന്നും നഷ്ടപെടാനില്ലെങ്കിലും അസൂയക്കാരന് അതു സഹിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെ, അവന്‍ അവര്‍ക്ക് തുരങ്കം വെക്കുവാനും, അവരെ അബദ്ധത്തില്‍ ചാടിക്കുവാനും തന്നാലാകുന്ന കുതന്ത്രങ്ങളും ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കും. സമനിലക്കാരെന്നു കരുതപെടുന്നവര്‍ തമ്മിലാണ് അസൂയക്ക് കൂടുതല്‍ സ്ഥാനമുണ്ടാകുക. സാധാരണക്കാരെ അപേക്ഷിച്ച് യോഗ്യതയും സ്ഥാനമാനമുളളവര്‍ക്കിടയിലും കൂടുതലായിക്കാണാം. ഭൌതിക നന്മകളില്‍ മാത്രമല്ല, മതപരവും പാരത്രികവുമായ കാര്യങ്ങളിലും അസൂയ ഉണ്ടാകാറുണ്ട്. വ്യക്തികള്‍ തമ്മിലെന്ന പോലെ, സമൂഹങ്ങളും സമുദായങ്ങളും രാഷ്ട്രങ്ങളും തമ്മിലും അസൂയ പിടിപെടും. യൂസുഫ് (عليه السلام) നബിയുടെ സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റിലിട്ടതും, ഒരു നീണ്ടകാലം അക്ഷമയോടെ തങ്ങള്‍ കാത്തുകൊണ്ടിരുന്ന പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം അറബികളില്‍പെട്ട ആളാകക്കൊണ്ട് വേദക്കാര്‍ ഇസ്‌ലാമിന്റെ ശത്രുക്കളായി മാറിയതും അസൂയകൊണ്ടായിരുന്നു. എന്നിരിക്കെ, അസൂയ നിമിത്തം നേരിടുന്ന ആപത്തുകള്‍ അതിഭയങ്കരമാണെന്നു ഊഹിക്കാമല്ലോ.
റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ചരമം പ്രാപിച്ച രോഗത്തില്‍ അവിടുന്നു ഇഖ്‌ലാസ്വ്, ഫലഖ്, നാസ് എന്നീ മൂന്നു സൂറത്തുകള്‍ (المعوذات)
ഓതി ദേഹത്തില്‍ ഊതിരിയിരുന്നുവെന്നും, രോഗം ശക്തിയായപ്പോള്‍ താന്‍ അവ ഓതി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കയ്യില്‍ ഊതി ആ കൈകൊണ്ട് തടവികൊടുക്കാറുണ്ടായിരുന്നുവെന്നും ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. രോഗികളെ ഈ സൂറത്തുകള്‍ ഓതി മന്ത്രിക്കാമെന്ന് ഇതില്‍ നിന്ന്‍ വ്യക്തമാണ്. അനുവദനീയമെന്നും, അനുവദനീയമല്ലാത്തതെന്നും വ്യത്യാസം കാണാതെ, ഇസ്‌ലാമില്‍ മന്ത്രത്തിനു സ്ഥാനമേ ഇല്ലെന്നു ചിലര്‍ പറയാറുള്ളത് ശരിയല്ലെന്നു ഈ ഹദീസും, ഇതുപോലെയുള്ള മറ്റു പല ഹദീസുകളും സംശയത്തിന്നിടമില്ലാത്തവിധം സ്പഷ്ടമാക്കുന്നു. ഹദീസുകളില്‍ വന്നിട്ടുള്ള മന്ത്രങ്ങള്‍ പരിശോധിച്ചാല്‍, അവയെല്ലാം കേവലം അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനകളാണെന്ന് കാണാവുന്നതാണ്.
ആയിശാ (رضي الله عنها) യുടെ ഈ ഹദീസിന്റെ വ്യാഖ്യാനവേളയില്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ഖലാനി (رحمه الله) ചെയ്ത ഒരു പ്രസ്താവന അറിയുന്നത് ഇവിടെ പ്രയോജനകരമായിരിക്കും, അദ്ദേഹം ആ പ്രസ്‌താവന ഇങ്ങനെ ആരംഭിക്കുന്നു: ‘തിര്‍മിദിയും, നസാഈയും (رحمهما الله) നിവേദനം ചെയ്തിരിക്കുന്നു: ‘മുഅവ്വിദാത്ത്’ (സൂ: ഇഖ്‌ലാസ്വും, ഫലഖും, നാസും) അവതരിക്കുന്നത് വരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിന്നുകളില്‍ നിന്നും, മനുഷ്യന്റെ കണ്ണേറില്‍ നിന്നും (അല്ലാഹുവിനോടു) ശരണം തേടാറുണ്ടായിരുന്നു. പിന്നീട് അവ (ആ സൂറത്തുകള്‍) സ്വീകരിക്കുകയും മറ്റുള്ളവ (മറ്റു വാചകങ്ങളില്‍ ഉള്ള ശരണം തേടല്‍) വിട്ടുകളയുകയും ചെയ്തു.’ അനന്തരം അസ്ഖലാനി (رحمه الله) ഇങ്ങനെ തുടരുന്നു:-
‘മറ്റുള്ള ‘തഅവ്വുദു’ (ശരണം തേടല്‍)കളൊന്നും പാടില്ലെന്നു ഈ ഹദീസുകൊണ്ട് വരുന്നില്ല. പക്ഷേ, ഇവകൊണ്ടുള്ള തേട്ടമാണ് കൂടുതല്‍ നല്ലത്. ഇവയല്ലാത്തതുകൊണ്ടുള്ള ശരണം തേടല്‍ ഉണ്ടായിട്ടുണ്ടുതാനും.എല്ലാവിധ കെടുതികളില്‍ നിന്നുമുള്ള രക്ഷതേടല്‍ മൊത്തത്തിലും വിശദരൂപത്തിലും ഈ രണ്ടു സൂറത്തുകളില്‍ അടങ്ങിയിരിക്കുന്നതാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവകൊണ്ടു മതിയാക്കുവാന്‍ കാരണം. മൂന്നു നിബന്ധനകള്‍ ഒത്തുവന്നാല്‍ മന്ത്രങ്ങള്‍ക്കു വിരോധമില്ലെന്നുള്ളതില്‍ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു.
(1) അല്ലാഹുവിന്റെ വാക്യമോ, അവന്റെ നാമങ്ങളോ, അവന്റെ ഗുണവിശേഷങ്ങളോ കൊണ്ടായിരിക്കുക.
(2) അറബിഭാഷയിലോ അര്‍ത്ഥം അറിയാവുന്ന മറ്റു ഭാഷയിലോ ആയിരിക്കുക.
(3) ഫലം ചെയ്യുവാന്‍ മന്ത്രത്തിനു സ്വയം ശക്തിയില്ല, അല്ലാഹു മാത്രമാണ് ഫലം നല്‍കുന്നവന്‍ എന്ന വിശ്വാസം ഉണ്ടായിരിക്കുക’. (ഫത്ത്ഹുല്‍ബാരി)
മന്ത്രങ്ങള്‍ അറബിയിലോ അര്‍ത്ഥം അറിയാവുന്ന ഭാഷയിലോ ആയിരിക്കണമെന്ന്‍ അസ്ഖലാനി (رحمه الله) പറഞ്ഞുവല്ലോ. അറബി അറിയാത്തവരെ സംബന്ധിച്ച് മന്ത്രം അറബിയിലായാല്‍ മതി എന്ന് ഇതിന്നര്‍ത്ഥമാക്കികൂടാ. അറബികളെ സംബന്ധിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് . അറബികള്‍ക്ക് ആ ഭാഷ അറിയാതിരിക്കയില്ലല്ലോ. പക്ഷേ മന്ത്രിക്കുന്ന വാക്യങ്ങള്‍ ഖുര്‍ആനിലോ ഹദീസിലോ ഉള്ളതാണെങ്കില്‍ അര്‍ത്ഥം അറിയാത്തവര്‍ക്കും അത് ഉപയോഗത്തിന് വിരോധമില്ല. എങ്കിലും ശരിയായ ഫലം ലഭിക്കുവാന്‍ അര്‍ത്ഥം അറിഞ്ഞിരിക്കല്‍ ആവശ്യമാണു താനും. മന്ത്രങ്ങള്‍ അര്‍ത്ഥം അറിയുന്നതോ , ഖുര്‍ആനിലോ ഹദീസിലോ വന്നതോ ആയിരിക്കണമെന്നു നിബന്ധന ഉണ്ടാവാന്‍ പ്രധാന കാരണം സാധാരണ മന്ത്രങ്ങളില്‍ കുറ്റകരമോ അനിസ്ലാമികമോ ആയ ഭാഗങ്ങളുണ്ടാകാറുണ്ടെന്നുള്ളതാണ്. അഥവാ ഇല്ലെന്നു വന്നാല്‍ പോലും, അര്‍ത്ഥം അറിയാത്ത വാക്കുകള്‍ ഉരുവിടുന്നതില്‍ എന്താണ് പ്രയോജനമുള്ളത്? അസ്ഖലാനി (رحمه الله) ചൂണ്ടിക്കാട്ടിയതു പോലെ സൂ: ഫലഖിലും നാസിലും ഉള്ളതല്ലാത്ത മറ്റു വാചകങ്ങള്‍ ഉപയോഗിച്ച് ശരണം തേടുകയോ, മന്ത്രിക്കുകയോ ചെയ്യുന്നതിനു വിരോധമില്ലെന്നും, വിരോധിക്കപ്പെട്ടിരിക്കുന്നത് ഏതു തരത്തിലുള്ള മന്ത്രങ്ങളാണെന്നും താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്.
ഔഫുബ്നു മാലിക്കു (عوف بن مالك رضي الله عنه) പ്രസ്താവിക്കുന്നു: ഞങ്ങള്‍ ‘ജാഹിലിയ്യത്തില്‍’ (ഇസ്‌ലാമിനു മുമ്പ്) മന്ത്രം നടത്താറുണ്ടായിരുന്നു. ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു അതിനെപ്പറ്റി അവിടുന്നു എന്താണ് അഭിപ്രായപ്പെടുന്നത് എന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിങ്ങളുടെ മന്ത്രം എനിക്ക് കാട്ടിത്തരുവിന്‍, (ഞാന്‍ ഒന്ന്‍ പരിശോധിക്കട്ടെ). മന്ത്രത്തില്‍ ശിര്‍ക്കൊന്നുമില്ലെങ്കില്‍ അതിന് തരക്കേടില്ല’. (മു) ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന മന്ത്രങ്ങള്‍ ശിര്‍ക്ക് കലര്‍ന്നതായിരുന്നതു കൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ പറഞ്ഞത് . അതു കൊണ്ടുതന്നെയാണ് മറ്റൊരു ഹദീസില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നതും : ‘നിശ്ചയമായും, മന്ത്രവാദങ്ങളും, ‘തമീമത്തു’കളും, ‘തിവലത്തും’ ശിര്‍ക്കാകുന്നു.’ (ദാ; ജ; ഹാ.). കാവലിനും രക്ഷക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന ഉറുക്കു, കവചം മുതലായവയാണ് ‘തമീമത്തും തിവലത്തും’ (التولة والتمائم) ഇതിന്റെ മുമ്പുദ്ധരിച്ച ഹദീസിലും മറ്റും അനുവദിച്ചതല്ലാത്ത എല്ലാതരം മന്ത്രങ്ങളും ഉറുക്ക്, കവചം, ഐക്കല്‍ മുതലായ എല്ലാ ശരണവകുപ്പുകളും അനുവദനീയമല്ലാത്തതാണെന്ന് ഈ ഹദീസില്‍ നിന്നു മനസ്സിലാക്കാമല്ലോ.
ഹസന്‍ (رضي الله عنه), ഹുസൈന്‍ (رضي الله عنه) എന്നിവര്‍ക്ക് വേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ശരണം തേടിയിരുന്നതായി ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചിരിക്കുന്നു:
أُعِيذُكُمَا بِكَلِماتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ
(സാരം : എല്ലാ പിശാചില്‍ നിന്നും, എല്ലാ വിഷജന്തുക്കളില്‍ നിന്നും ദുഷ്ടക്കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ വചനങ്ങള്‍ മുഖേന ഞാന്‍ നിങ്ങള്‍ക്ക് ശരണം തേടുന്നു.) എന്നിട്ടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറയുകയും ചെയ്തിരുന്നു : നിങ്ങളുടെ പിതാവ് (ഇബ്രാഹിം നബി – തന്റെ മക്കളായ) ഇസ്മാഈലിനും ഇസ്ഹാഖിനും عليهم السلام ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി രോഗികളെ മന്ത്രിച്ചിരുന്ന ഒരു പ്രാര്‍ത്ഥന ഇതാണ്.
اللهمَّ ربَّ الناسِ أذهبِ البأسَ واشفِ أنت الشافِي لا شفاءَ إلا شفاؤُك، شفاءً لا يُغادرُ سَقمًا – متفقٌ عَلَيْهِ
(സാരം: അല്ലാഹുവേ, മനുഷ്യരുടെ റബ്ബേ! വിഷമം നീക്കിത്തരേണമേ; ഇവനെ സുഖപ്പെടുത്തുകയും വേണമേ. നീയാണ് സുഖപ്പെടുത്തുന്നവന്‍. നീ നല്‍കുന്ന സുഖമല്ലാതെ സുഖമില്ല. യാതൊരു രോഗവും അവശേഷിക്കാത്തവണ്ണം സുഖം നല്‍കണേ. (ബു. മു.) മാതൃകക്കു വേണ്ടി മാത്രം ഉദ്ധരിച്ച ഈ നബിവചനങ്ങളില്‍ നിന്നു മന്ത്രത്തെയും, ശരണം തേടുന്നതിനെയും സംബന്ധിച്ചു ഇസ്‌ലാമിന്റെ നിലപാട് എന്താണെന്നു ഏറെക്കുറെ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. و الله ولي التوفيق
اللهم اعذنا من شر ما خلقت و من كل شر انت اعلم به منا
ربنا ولك الحمد و المنة