നസ്വർ (സഹായം)
[മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 3]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

110:1
  • إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ ﴾١﴿
  • അല്ലാഹുവിന്‍റെ സഹായവും, വിജയവും വന്നാല്‍:-
  • إِذَاجَاءَ വന്നാല്‍, വരുമ്പോള്‍ نَصْرُاللَّـهِ അല്ലാഹുവിന്‍റെ സഹായം وَالْفَتْحُ വിജയവും, തുറവിയും
110:2
  • وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا ﴾٢﴿
  • അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും (ചെയ്‌താല്‍),-
  • وَرَأَيْتَ നീ കാണുകയും (ചെയ്‌താല്‍) النَّاسَ മനുഷ്യരെ يَدْخُلُونَ അവര്‍ പ്രവേശിക്കുന്നതായി فِي دِينِ اللَّـهِ അല്ലാഹുവിന്‍റെ മതത്തില്‍ أَفْوَاجًا കൂട്ടങ്ങളായി; കൂട്ടംകൂട്ടമായി
110:3
  • فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا ﴾٣﴿
  • അപ്പോള്‍ നീ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് 'തസ്ബീഹു' [സ്തോത്ര കീര്‍ത്തനം] ചെയ്തുകൊള്ളുക; അവനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
  • فَسَبِّحْ അപ്പോള്‍ (എന്നാല്‍) നീ തസ്ബീഹു നടത്തിക്കൊളളുക بِحَمْدِ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ رَبِّكَ നിന്‍റെ റബ്ബിനെ, റബ്ബിന്‍റെ وَاسْتَغْفِرْهُ അവനോടു പാപമോചനം തേടുകയും ചെയ്യുക إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു (ആണ്) تَوَّابًا പശ്ചാത്താപം സ്വീകരിക്കുന്നവന്‍

നബി(സ) തിരുമേനിയുടെ വിയോഗത്തിന് അൽപം മുമ്പായി അവതരിച്ച ഒരു സൂറത്താണിത്. അവര്‍ണനീയമായ ത്യാഗങ്ങളും ഞെരുക്കങ്ങളും സഹിച്ചുകൊണ്ട് ഏതാണ്ടു ഇരുപത്തിമൂന്നു കൊല്ലക്കാലം നടത്തിവന്ന അവിശ്രമ പരിശ്രമങ്ങള്‍ക്ക് പൂര്‍ണവിജയം സിദ്ധിച്ചുകഴിഞ്ഞിരിക്കുകയാണ്. അതുകണ്ട് അവിടുത്തെ കണ്ണിനു കുളിര്‍മയും, മനസ്സിന് സംതൃപ്തിയും കൈവന്നിരിക്കുന്നു. അല്ലാഹു അവന്‍റെ ദീനിനെ –ഇസ്‌ലാം മതത്തെ– സഹായിച്ചു. അവന്‍റെ നബിയെയും സഹായിച്ചു. ആ സത്യമതത്തിനെതിരില്‍ എന്തെന്നില്ലാത്ത കോലാഹലം നടത്തി കുപ്രസിദ്ധി നേടിയ വിരുദ്ധശക്തികളെല്ലാം മലപോലെവന്ന് മഞ്ഞുപോലെ നീങ്ങിപ്പോയി. വിഗ്രഹാദി വിവിധ ദൈവങ്ങളുടെ കൂത്തരംഗമായിരുന്ന അറേബ്യാ ഉപഭൂഖണ്ഡത്തില്‍നിന്ന് ഇസ്‌ലാമിന്‍റെ ശത്രൂക്കളാകുന്ന ശിര്‍ക്കിന്‍റെ അനുയായികളും, അവരുടെ ദൈവങ്ങളും നിഷ്കാസനം ചെയ്യപ്പെട്ടു. അല്ലാഹുവിന്‍റെ മതമാകുന്ന ഇസ്‌ലാമിന്‍റെ പതാക എല്ലായിടത്തും ഉയര്‍ന്നു. അറേബ്യ മുഴുവനും സത്യവിശ്വാസത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും നാടായി മാറി. അയല്‍പക്കങ്ങളില്‍ നിലവിലുള്ള കുഫ്റിന്‍റെ സാമ്രാജ്യങ്ങളിലെ മഹാരഥന്‍മാര്‍ തങ്ങളുടെ ഭാവിയെ ഉല്‍കണ്ഠയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ‘മക്കാവിജയ’മാകുന്ന ‘വിജയങ്ങളുടെ വിജയം’ കഴിഞ്ഞതോടെ ഇസ്‌ലാമിനെ ആശ്ലേഷിക്കുവാനായി നാനാപ്രദേശങ്ങളില്‍നിന്നും ആള്‍ക്കൂട്ടങ്ങള്‍ തുടരെത്തുടരെ മദീനയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. പുറംനാടുകളില്‍ ഇസ്‌ലാമിന്‍റെ സന്ദേശവും വിജ്ഞാനവും പ്രചരിപ്പിക്കുവാനും, അതിന്‍റെ പതാക പറപ്പിക്കുവാനും നബി(സ) തിരുമേനിയുടെ ശിക്ഷണം ലഭിച്ച പ്രഗത്ഭരായ ശിഷ്യഗണങ്ങള്‍ അവിടുത്തെ പ്രതിനിധാനം ചെയ്യാന്‍ സജ്ജമായിരിക്കുന്നുമുണ്ട്.

ചുരുക്കത്തില്‍, നബി(സ) തിരുമേനിയുടെ ദൗത്യലക്ഷ്യം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കയാണ്. അഥവാ ഇഹത്തില്‍ വെച്ച് അവിടുത്തേക്ക്‌ സിദ്ധിക്കേണ്ടുന്ന സഹായവാഗ്ദാനങ്ങള്‍ കിട്ടിക്കഴിഞ്ഞു; ഇസ്‌ലാമിനു വിജയവും സിദ്ധിച്ചു; ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്നു ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് അവിടുത്തേക്ക്‌ കണ്ടാനന്ദിക്കുമാറാകുകയും ചെയ്തു. എനി, അവിടുത്തേക്ക്‌ വേണ്ടി അല്ലാഹു തന്‍റെ അടുക്കല്‍ ഒരുക്കിവെച്ചിട്ടുള്ളതും, എല്ലാറ്റിനെക്കാളും ഉപരിയായതുമായ അനുഗ്രഹങ്ങള്‍ നല്‍കുവാനിരിക്കുന്നു. അതിനായി, അല്ലാഹു അവന്‍റെ തിരുദുതരെ അവന്‍റെ പരിശുദ്ധസന്നിധിയിലേക്കു സ്വാഗതം ചെയ്യുകയാണ് ഈ സൂറത്ത് മുഖേന. അഥവാ, ആ യാത്രക്കു ഒരുങ്ങിക്കൊള്ളുവാനുള്ള സൂചനയാണ് ഇതിലുള്ളത്. യാത്രക്കുമുമ്പായി, ഇതേവരെ ലഭിച്ച വമ്പിച്ച അനുഗ്രഹങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും നന്ദിയായി അവനു സ്തുതികീര്‍ത്തനവും, സ്തോത്രകീര്‍ത്തനവും ചെയ്യണമെന്നും, വല്ല വിധേനയും വന്നുവശായേക്കാനിടയുള്ള അബദ്ധങ്ങളും വീഴ്ചകളും മാപ്പുചെയ്തുകിട്ടുവാന്‍ വേണ്ടി അവനോടു പാപമോചനം തേടണമെന്നും ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. അഥവാ –സൂറത്തുല്‍ ഇന്‍ശിറാഹി (الانشراح)ന്‍റെ അവസാനത്തില്‍ കണ്ടതുപോലെ –ഞെരുക്കവും ഭാരവും നീങ്ങി എളുപ്പവും സൗകര്യവും ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ എനി, അല്ലാഹുവിന്‍റെ സാമീപ്യവും പ്രീതിയും കൂടുതല്‍ ലഭിക്കുവാന്‍ ശ്രമിക്കുകയും, അതിനുവേണ്ടത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊളളണമെന്ന് താല്‍പര്യം.

പ്രവാചകന്മാര്‍ പാപങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കുമെന്നിരിക്കെ, പാപമോചനം തേടുവാന്‍ നബി(സ)യോടു കല്‍പിച്ചത് എന്തുകൊണ്ടാണെന്നു വല്ലവരും സംശയിച്ചേക്കാം. നബിമാരുടെ പാപങ്ങള്‍ കൊണ്ടുള്ള വിവക്ഷയെപ്പറ്റി സൂ: ഫത്തഹ്: 2ന്‍റെയും , സൂ: മുഹമ്മദ്: 19ന്‍റെയും, സൂ: സ്വാദ്: 34–38ന്‍റെയും വ്യാഖ്യാനങ്ങളില്‍ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരം അവിടങ്ങളില്‍ നോക്കുക. നബിമാരുടെ ഉന്നതപദവി വെച്ചുനോക്കുമ്പോള്‍, അവരുടെ പക്കല്‍ വന്നേക്കാവുന്ന കേവലം നിസ്സാരമായ വീഴ്ചകളും അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്കപ്പെട്ടേക്കും. എന്നല്ലാതെ, കുറ്റകരമോ നിഷിദ്ധമോ ആയ തെറ്റുകുറ്റങ്ങള്‍ അവര്‍ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ല. കൂടാതെ, നബിമാര്‍ ജീവിച്ചിരിപ്പുളളപ്പോള്‍ തങ്ങളുടെ സമുദായമദ്ധ്യേ നടമാടുന്ന പാകപ്പിഴവുകളില്‍ ഒരു ബാദ്ധ്യത അവര്‍ക്കും ഉണ്ടായിരിക്കാവുന്നതുമാണ്. അതോടുകൂടി, നബി(സ) തിരുമേനി അവിടുത്തെ സമുദായത്തിന്‍റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കൽപിക്കപ്പെട്ടിട്ടുമുണ്ട്. (സൂ: മുഹമ്മദ്: 19) ഇങ്ങനെ പലനിലക്കുമായിരിക്കാം, നബി(സ)യോടു പാപമോചനം തേടുവാന്‍ കല്‍പിച്ചത്. അല്ലാഹുവിനറിയാം. ഏതായാലും, നബി(സ) തിരുമേനി പോലും അല്ലാഹുവിനോടു പാപമോചനം തേടുവാന്‍ കല്‍പിക്കപ്പെട്ടിരിക്കുമ്പോള്‍ -തിരുമേനി(സ)യാകട്ടെ, അത് അവിടുത്തെ നിത്യപതിവാക്കി നമുക്ക് മാതൃക കാണിച്ചുതന്നിട്ടുമുണ്ട്- നാമെല്ലാവരും അതിനു കൂടുതല്‍ കടമപ്പെട്ടവരാണെന്നു വ്യക്തം. ആ നിലക്കു ഈ കല്‍പന നമ്മെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ശക്തമായ ഒരു ഉപദേശപാഠം കൂടിയാണ്.

ഇബ്നു അബ്ബാസ്‌(റ) പ്രസ്താവിച്ചതായി ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസിന്‍റെ സാരം ഇപ്രകാരമാണ്: ‘ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന വൃദ്ധന്മാരോടൊപ്പം എന്നെയും ഉമര്‍‍(റ) അദ്ദേഹത്തിന്‍റെ സദസ്സില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. അതിനെപ്പറ്റി ചിലരുടെ മനസ്സില്‍ വെറുപ്പു തോന്നിയിരിക്കണം. അവര്‍ പറഞ്ഞു: ‘എന്താണ് (ഈ ചെറുപ്രായക്കാരനായ) ഇവനെ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുവാന്‍? ഞങ്ങള്‍ക്ക് ഇവനെപോലെയുള്ള മക്കളും കൂടിയുണ്ടല്ലോ’. അപ്പോള്‍, ഉമര്‍‍(റ) പറഞ്ഞു: ‘ഇയാള്‍ നിങ്ങള്‍ക്കറിയാവുന്ന ആളാണല്ലോ’ (*) അങ്ങനെ, ഒരു ദിവസം ഉമര്‍‍(റ) അവരെയെല്ലാം വിളിച്ചുവരുത്തി. കൂട്ടത്തില്‍ എന്നെയും ചേര്‍‍ത്തു. അന്ന് എന്നെ അവരുടെ കൂട്ടത്തില്‍ ക്ഷണിച്ചത് അവര്‍ക്ക് എന്നെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുവാനായിരുന്നുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നിട്ട് അദ്ദേഹം ചോദിച്ചു : إِذَاجَاءَنَصْرُاللَّـهِ وَالْفَتْحُ (അല്ലാഹുവിന്‍റെ സഹായവും, വിജയവും വന്നാല്‍ ….. ) എന്നു അല്ലാഹു പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ എന്തുപറയുന്നു? അവരില്‍ ചിലര്‍‍ പറഞ്ഞു: നമുക്ക് സഹായം ലഭിക്കുകയും, വിജയം സിദ്ധിക്കുകയും ചെയ്യുമ്പോള്‍ നാം അല്ലാഹുവിനെ സ്തുതിക്കുകയും, അവനോടു പാപമോചനം തേടുകയും ചെയ്യണമെന്ന് അല്ലാഹു നമ്മോട് കല്‍പിക്കുകയാണ്’. വേറെ ചിലര്‍‍ ഒന്നും പറയാതെ മൗനം അവലംബിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നോട് : ‘അങ്ങനെത്തന്നെയാണോ താനും പറയുന്നത് -ഇബ്നു അബ്ബാസേ?!’ എന്ന് ചോദിച്ചു . ‘അല്ല’ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ചോദിച്ചു: ‘താന്‍ എന്തു പറയുന്നു?’ അപ്പോള്‍ ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു : ‘അത് റസൂല്‍(സ) തിരുമേനിയുടെ ആയുഷ്കാലാവധി അറിയിച്ചുകൊടുത്തതാണ്. അതായത്, അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നാല്‍ അത് നിന്‍റെ അവധിയുടെ അടയാളമാണ്. അപ്പോള്‍ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് നീ ‘തസ്ബീഹ്’ നടത്തുകയും, അവനോടു പാപമോചനം തേടുകയും ചെയ്തുകൊള്ളുക (എന്നു താല്‍പര്യം)’. ഇതു കേട്ടപ്പോള്‍ ഉമര്‍‍(റ) പറഞ്ഞു: ‘താന്‍ പറയുന്നതല്ലാതെ അതില്‍ നിന്നു ഞാനും മനസ്സിലാക്കുന്നില്ല.’ (ബു)

(*) നബി(സ)യുടെ പ്രിയപ്പെട്ട പിതൃവ്യപുത്രനും, ഖുര്‍ആനെ സംബന്ധിച്ചു കൂടുതല്‍ അറിയുന്ന ദേഹവുമാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. ആ നിലക്ക് അദ്ദേഹത്തിന്‍റെ ചെറുപ്രായം ഗൗനിക്കപ്പെടേണ്ടതില്ല എന്നു സാരം. നബി(സ)തിരുമേനി ചരമം പ്രാപിക്കുമ്പോള്‍ അദ്ദേഹത്തിനു ഏറെക്കുറെ 13 വയസ്സു മാത്രമേ പ്രായമുണ്ടായിരിക്കയുള്ളു.

ഈ സൂറത്തില്‍ അടങ്ങിയ സൂചനയാണ് ഇബ്നു അബ്ബാസ്(റ) ചൂണ്ടിക്കാട്ടിയത്. വേറെയും പല സംഗതികളും ഈ ഹദീസില്‍നിന്നു ഗ്രഹിക്കുവാനുണ്ട്. നമ്മുടെ സന്ദര്‍ഭം അതല്ലാത്തതുകൊണ്ട് ആ വിവരണത്തിനു ഇവിടെ മുതിരുന്നില്ല. ഈ സൂറത്തു അവതരിച്ചപ്പോള്‍, റസൂല്‍(സ) തിരുമേനി قد نعيت الي نفسي (എനിക്കു എന്‍റെ മരണവാര്‍ത്ത അറിയിക്കപ്പെട്ടു) എന്ന് പറഞ്ഞതായി അഹ്‌മദും ബൈഹഖീയും(റ) രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ സൂറത്തിന് سورة التوديع (യാത്ര അയപ്പിന്‍റെ അദ്ധ്യായം) എന്നും പേര്‍‍ പറയപ്പെട്ടിട്ടുള്ളത് ഇതുകൊണ്ടാണ്.

ബുഖാരി, മുസ്‌ലിം(റ) മുതലായവര്‍‍ രേഖപ്പെടുത്തുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഖുര്‍ആന്‍റെ താല്‍പര്യം സ്വീകരിച്ചുകൊണ്ട് (ഈ സൂറത്തിലെ നിര്‍ദ്ദേശപ്രകാരം) റുകൂഇലും, സുജൂദിലും വളരെ പ്രാവശ്യം നബി(സ) ഇങ്ങനെ പറയാറുണ്ടായിരുന്നു: سُبْحَانَكَ الَلهُمَّ رَبَّنَا وَبِحَمْدِكَ اَللَّهٌمَّ اغْفِرْلِي (ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിനക്കു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അല്ലാഹുവേ, എനിക്കു പൊറുത്തു തരേണമേ!)’. റസൂല്‍(സ) അവിടുത്തെ അവസാനകാലത്ത് سبحان الله وبحمده استغفر الله و اتوب اليه (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അല്ലാഹുവിനോടു ഞാന്‍ പാപമോചനം തേടുകയും, അവങ്കലേക്ക്‌ ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു) എന്ന് അധികം പറയാറുണ്ടായിരുന്നുവെന്നു ആയിശാ(റ) പ്രസ്താവിച്ചതായി അഹ്‌മദും(റ) ഉദ്ധരിച്ചിരിക്കുന്നു. നബി(സ)യുടെ അവസാനകാലത്ത് അവിടുന്നു നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, വരുമ്പോഴും പോകുമ്പോഴുമെല്ലാം തന്നെ سبحان الله وبحمده എന്നു പറഞ്ഞിരുന്നുവെന്നു ഉമ്മുഹാനീ(റ) പ്രസ്താവിച്ചതായി മുസ്‌ലിമും(റ) ഉദ്ധരിക്കുന്നു. മുമ്പില്ലാത്ത ഈ പതിവിനു കാരണം ചോദിച്ചപ്പോള്‍, ഈ സൂറത്തില്‍ പ്രസ്താവിച്ച അടയാളം കണ്ടതുകൊണ്ടാണെന്ന് തിരുമേനി(സ) മറുപടി പറഞ്ഞതായും ആ രണ്ടു ഹദീസുകളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

نحمد الله ونستغفره و نتوب اليه
و له المنة و الفضل