കൗഥർ (ധാരാളം)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 3]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

വിഭാഗം - 1

108:1
  • إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ ﴾١﴿
  • നിശ്ചയമായും, നാം നിനക്ക് ധാരാളം (നന്മകള്‍) നല്‍കിയിരിക്കുന്നു.
  • إِنَّا أَعْطَيْنَاكَ നിശ്ചയമായും നാം നിനക്ക് നല്‍കി, തന്നു الْكَوْثَرَ ധാരാളമായത്, വളരെ നന്മ, കൗഥര്‍
108:2
  • فَصَلِّ لِرَبِّكَ وَٱنْحَرْ ﴾٢﴿
  • ആകയാല്‍, നിന്റെ റബ്ബിനു നീ നമസ്കരിക്കുകയും (ബലി) അറുക്കുകയും ചെയ്യുക.
  • فَصَلِّ ആകയാല്‍ നീ നമസ്കരിക്കുക لِرَبِّكَ നിന്റെ റബ്ബിനു وَانْحَرْ അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക
108:3
  • إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ﴾٣﴿
  • നിശ്ചയമായും നിന്നോടു വിദ്വേഷം വെക്കുന്നവന്‍ തന്നെയാണ് വാലറ്റവന്‍ [ഭാവിയില്ലാത്തവന്‍].
  • إِنَّ شَانِئَكَ നിശ്ചയമായും നിന്നോടു ഈര്‍ഷ്യത (പക - വിദ്വേഷം) കാണിക്കുന്നവന്‍ هُوَ അവന്‍ തന്നെ الْأَبْتَرُ (വാലു) അറ്റവന്‍, മുറിഞ്ഞുപോയവന്‍ (ഭാവി നഷ്ടപ്പെട്ടവന്‍)

الكوثر (കൗഥര്‍) എന്നാല്‍ ‘ധാരാളമുള്ളത്, ധാരാളമായ നന്മ, വലിയ ധര്‍മ്മിഷ്ടന്‍’ എന്നൊക്കെ അര്‍ത്ഥമാകുന്നു. ഇബ്നു അബ്ബാസ്, ഇക്രിമഃ, സഈദുബ്നു ജുബൈര്‍, മുജാഹിദ്, ഹസന്‍ ബസരീ (رضي الله عنهم أجمعين) മുതലായ പലരും الخير الكثير (ധാരാളമായ നന്മ) എന്നാണ് ഇവിടെ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. ഇഹത്തില്‍ വെച്ചും പരത്തില്‍ വെച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ ധാരാളക്കണക്കിലുണ്ടെന്ന് പറയേണ്ടതില്ലല്ലോ. സ്വര്‍ഗത്തില്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു നല്‍കുന്ന ‘ഹൗള്വുല്‍ കൗഥര്‍’ (الحوض الكوثر) എന്ന അരുവി – അല്ലെങ്കില്‍ തടാകം – ആണ് അതു കൊണ്ടുദ്ദേശ്യമെന്നും പല മഹാന്മാരും പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഇതും ഇതല്ലാത്തതും അടക്കം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ആ വാക്കില്‍ അടങ്ങുന്നുവെന്ന് വെക്കുന്നതിനാണ് കൂടുതല്‍ ഔചിത്യം കാണുന്നത്. ആ കണക്കറ്റ അനുഗ്രങ്ങളില്‍ പ്രധാനമായ ഒന്നാണ് ‘ഹൗള്വുല്‍ കൗഥര്‍’എന്നുള്ളതില്‍ സംശയമില്ല.

ആയിശ (رضي الله عنها) യോടു انااعطيناك الكوثر (നിനക്കു നാം ‘കൗഥര്‍’ നല്‍കിയിരിക്കുന്നു) എന്ന വചനത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, ‘അതു നിങ്ങളുടെ നബിക്ക് (സ്വര്‍ഗത്തില്‍) നല്‍കപ്പെട്ടിട്ടുള്ള അരുവിയാണ്’ എന്ന് മറുപടി പറഞ്ഞതായി ഇമാം ബുഖാരി (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നു ഉമര്‍ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘എന്റെ ഹൗള്വു’ ഒരു മാസത്തെ വഴി അകലമുള്ളതാണ്. അതിന്റെ ഭാഗങ്ങള്‍ സമമാണ്, (സമചതുരത്തിലാണ്) അതിലെ വെള്ളം പാലിനേക്കാള്‍ വെള്ളയായതും, അതിന്റെ വാസന കസ്തൂരിയേക്കാള്‍ നല്ലതും, അതിലെ കൂജ (പാനപാത്രം)കള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ കണക്കെയുള്ളതുമാകുന്നു. അതില്‍ നിന്ന്‍ ആരെങ്കിലും കുടിക്കുന്ന പക്ഷം അവന് ഒരു കാലത്തും ദാഹം ഉണ്ടാകുകയില്ല.’ (ബു.മു.) വേറെയും ഹദീസുകള്‍ ‘ഹൗള്വുല്‍ കൗഥറി’നെ സംബന്ധിച്ചു വന്നിരിക്കുന്നു. സ്ഥല ദൈര്‍ഘ്യം ഭയന്ന് കൂടുതല്‍ ഉദ്ധരിക്കുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ശേഷം മതത്തില്‍ അനാചാരങ്ങള്‍ ഉണ്ടാക്കിത്തീര്‍ത്തവര്‍ക്ക്‌ അതില്‍ നിന്ന് കുടിക്കുവാന്‍ സാധിക്കുന്നതല്ലെന്ന് ബുഖാരി (رحمه الله) ഉദ്ധരിച്ച വേറെ ഒരു ഹദീസില്‍ വന്നിട്ടുള്ളത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു.

മറ്റുള്ള പ്രവാചകന്മാര്‍ക്ക് ലഭിച്ചത് പോലെയുള്ള അനുഗ്രഹങ്ങള്‍ക്ക്‌ പുറമെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു പ്രത്യേകമായി ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് അതിനു നന്ദിയായി നമസ്കാരകര്‍മവും, ബലികര്‍മവും നിര്‍വ്വഹിക്കണമെന്ന് ഈ സുറത്ത് മുഖേന അല്ലാഹു തിരുമേനിക്കു ഉപദേശം നല്‍കുന്നു. ഈ ഉപദേശം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വേണ്ടും വണ്ണം സ്വീകരിച്ചുവന്നിട്ടുണ്ട് താനും. രാത്രിയില്‍ അധിക സമയം നിന്ന് നമസ്കരിക്കുന്നതുമൂലം അവിടുത്തെ കാലില്‍ നീരുകെട്ടിപ്പോകുമായിരുന്നു. അവിടുത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തന്നിരിക്കെ ഇത്രത്തോളം വിഷമിക്കുന്നത് എന്തിനാണെന്ന് ആയിശ (رضي الله عنها) ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു നന്ദിയുള്ള അടിമ ആകേണ്ടതല്ലേ?!’ എന്നായിരുന്നു അവിടുന്ന് മറുപടി പറഞ്ഞത്. നമസ്കാരം വര്‍ദ്ധിപ്പിക്കുന്നതില്‍ തിരുമേനിക്കുണ്ടായിരുന്ന അതീവ താല്‍പര്യം പ്രസിദ്ധമാണ്. മൃഗബലി നടത്തുന്ന കാര്യത്തിലും തിരുമേനി മുന്‍പന്തിയില്‍ തന്നെയായിരുന്നു. വലിയ പെരുന്നാളിലും, ഹജ്ജിന്റെയും ഉംറഃയുടെയും അവസാനത്തിലും ധാരാളം ബലികര്‍മം നടത്തുക അവിടുത്തെ പതിവായിരുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അവിടുത്തെ പ്രബോധന സംരംഭത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ തങ്ങള്‍ പ്രയോഗിക്കുന്ന എല്ലാ അടവുകളും പരാജയപ്പെടുന്നതില്‍ ക്ഷുഭിതരായ ശത്രുക്കള്‍ തിരുമേനിയെക്കുറിച്ചു പലതും പറഞ്ഞുകൊണ്ടിരിക്കും. അക്കൂട്ടത്തില്‍, ‘മുഹമ്മദ് അധികം താമസിയാതെ മരണമടയും, അതോടെ ഈ പുത്തന്‍ പ്രസ്ഥാനവും നശിച്ചുകൊള്ളും, അവനു ആണ്‍മക്കള്‍ ജീവിക്കുന്നില്ല, അതു കൊണ്ടു അവന്റെ പ്രാതിനിധ്യം ഏറ്റെടുക്കുവാന്‍ ആളുണ്ടാകുകയില്ല. ആകയാല്‍ അവന്‌ ഇവിടെ ഭാവിയില്ല’ എന്നൊക്കെപ്പറഞ്ഞു അവര്‍ കൃതാര്‍ത്ഥത അടയും. ഇവരെക്കുറിച്ചാണ് അവസാനത്തെ സൂക്തത്തില്‍ പ്രസ്താവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുവാന്‍ പോകുന്നത് നേരെ മറിച്ചാണ്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് വിദ്വേഷവും പകയും വെച്ചു പുലര്‍ത്തുന്ന അക്കൂട്ടരാണ് വാലറ്റവര്‍, അവര്‍ക്കാണ് പിന്തുടര്‍ച്ചയില്ലാത്തത്, അവരുടെ പേരും പ്രശസ്തിയുമാണ് നശിക്കാന്‍ പോകുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പിന്തുടര്‍ച്ചയും സ്മരണയും പ്രശസ്തിയുമെല്ലാം തന്നെ ലോകാവസാനം വരെ നിലനില്‍ക്കാതിരിക്കയില്ല എന്നൊക്കെയാണ് അവസാനത്തെ വചനത്തില്‍ സൂചിപ്പിക്കുന്നത്. സംഭവിച്ചതും അങ്ങിനെത്തന്നെ. والله اعلم

(ولله الحمد والمنة)