സൂറത്തുല്‍ മാഊന്‍ : 01-07
മാഊൻ (പരോപകാര വസ്തുക്കള്‍)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 7]
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ ﴾١﴿
- മതത്തെ വ്യാജമാക്കുന്നവനെ നീ കണ്ടുവോ?!-
- أَرَأَيْتَ നീ കണ്ടുവോ الَّذِي يُكَذِّبُ വ്യാജമാക്കുന്നവനെ بِالدِّينِ മതത്തെ, പ്രതിഫലനടപടിയെ
- فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ ﴾٢﴿
- അനാഥക്കുട്ടിയെ തള്ളിവിടുന്നവനത്രെ അത്.
- فَذَٰلِكَ الَّذِي യാതൊരുവനത്രെ അത് يَدُعُّ തള്ളിവിടുന്നു, പിടിച്ചുതള്ളുന്ന, തുരത്തിവിടുന്ന الْيَتِيمَ അനാഥക്കുട്ടിയെ
- وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ ﴾٣﴿
- പാവപ്പെട്ടവന്റെ ഭക്ഷണത്തെപ്പറ്റി അവന്‍ പ്രോത്സാഹനം നൽകുകയുമില്ല.
- وَلَا يَحُضُّ അവന്‍ പ്രോത്സാഹനം നൽകുകയുമില്ല عَلَىٰ طَعَامِ ഭക്ഷണത്തിന്റെ മേല്‍ الْمِسْكِينِ സാധുവിന്റെ, പാവപ്പെട്ടവന്റെ
- فَوَيْلٌ لِّلْمُصَلِّينَ ﴾٤﴿
- എന്നാല്‍, നമസ്കാരക്കാര്‍ക്ക് നാശം!
- فَوَيْلٌ എന്നാല്‍ നാശം, കഷ്ടം لِّلْمُصَلِّينَ നമസ്കാരക്കാര്‍ക്കാണ്, നമസ്കരിക്കുന്നവര്‍ക്കത്രെ
- ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴾٥﴿
- അതായത്, തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് അശ്രദ്ധരായുള്ളവര്‍ക്ക്,-
- الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ عَن صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് سَاهُونَ അശ്രദ്ധരാണ്, വിസ്മരിച്ചവരാണ്
- ٱلَّذِينَ هُمْ يُرَآءُونَ ﴾٦﴿
- (അതെ) യാതൊരു കൂട്ടര്‍; അവര്‍ (മറ്റുള്ളവരെ) കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു;
- الَّذِينَ അതായത് യാതൊരുവര്‍ هُمْ يُرَاءُونَ അവര്‍ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു
- وَيَمْنَعُونَ ٱلْمَاعُونَ ﴾٧﴿
- പരോപകാരവസ്തു(ക്കളെ) അവര്‍ മുടക്കം ചെയ്കയും ചെയ്യും. [ഇങ്ങനെയുള്ളവര്‍ക്കാണ് നാശം]
- وَيَمْنَعُونَ അവര്‍ മുടക്കുകയും ചെയ്യും الْمَاعُونَ പരോപകാരവസ്തുവെ (ചെറുകിട ആവശ്യവസ്തുക്കളെ)
മതസിദ്ധാന്തങ്ങള്‍, പരലോകജീവിതം, കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം ആദിയായ കാര്യങ്ങളെ വ്യാജമാക്കുന്ന മതനിഷേധികളുടെയും, കപടവിശ്വാസികളുടെയും ചില ലക്ഷണങ്ങള്‍ ഈ സൂറത്തില്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. ഓരോന്നും വളരെ ശ്രദ്ധാര്‍ഹമായ കാര്യങ്ങളും നിത്യജീവിതത്തില്‍ സൂക്ഷിക്കപ്പെടേണ്ടവയുമാകുന്നു.
(1) അനാഥകുട്ടികളോടു നിര്‍ദ്ദയമായും പരുഷമായും പെരുമാറുക.
(2) പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന വിഷയത്തില്‍ പ്രോത്സാഹനം നല്‍കാതിരിക്കുക.
ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും ഖുര്‍ആന്‍ പലപ്പോഴും ശക്തിയായ ഭാഷയില്‍ ഉണര്‍ത്താറുള്ളതാണ്. കഴിഞ്ഞ ചില സൂറത്തുകളില്‍വെച്ച് ഇതു സംബന്ധിച്ച് ചിലതെല്ലാം നാം വായിക്കുകയും ചെയ്തിരിക്കുന്നു. അനാഥക്കുട്ടികളെ പുറംതള്ളുന്നതും സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പ്രോത്സാഹനം നല്‍കാതിരിക്കലും മതനിഷേധത്തിന്റെ ലക്ഷണമായിട്ടാണ് അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നത്. ഇതോര്‍ക്കുമ്പോള്‍, അനാഥകളെ ആദരിക്കുകയും, അവരുടെ നന്മക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതിന്റെയും, സാധുക്കളുടെ വിശപ്പും പട്ടിണിയും തീര്‍ക്കുകയും ആ വിഷയത്തില്‍ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നതിന്റെയും, ബാധ്യത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം എത്രമേല്‍ വമ്പിച്ചതാണെന്ന് ഊഹിക്കാവുന്നതാണ്.
(3) നമസ്കാരത്തെക്കുറിച്ചു ശ്രദ്ധയില്ലാതിരിക്കുക. ‘നമസ്കാരക്കാര്‍ക്കാണ് നാശം’ എന്നു പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അല്ലാഹു ഉണര്‍ത്തുന്നത്. നമസ്കാരത്തിന്റെ നിയമപരമായ നിര്‍ബന്ധത്തിനു വിധേയരായിരിക്കുകയും എന്നിട്ട് അതിനെക്കുറിച്ച് അശ്രദ്ധരാവുകയും ചെയ്യുന്ന കപടന്മാരെപ്പറ്റിയാണ് ഈ പ്രസ്താവന എന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. അവരെപ്പറ്റി هُمْ يُرَاءُونَ (അവര്‍ മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യും) എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. പ്രത്യക്ഷത്തില്‍ തന്നെ അവിശ്വാസികളായ ആളുകള്‍ക്ക് മറ്റുള്ളവരെ കാണിക്കുവാനായി നമസ്ക്കാരം നിര്‍വഹിക്കേണ്ടുന്ന ആവശ്യമില്ലല്ലോ. അശ്രദ്ധ പല വിധത്തിലും ആവാം. പാടേ ഉപേക്ഷിക്കുക, ചിലപ്പോള്‍ മാത്രം നമസ്കരിക്കുക, മറ്റുള്ളവരുടെ കൂട്ടത്തിലാകുമ്പോള്‍ മാത്രം നമസ്കരിക്കുക, സമയനിഷ്‌ഠ പാലിക്കാതിരിക്കുക, നമസ്കരിക്കുമ്പോള്‍ അതിലെ ഒഴിച്ചുകൂടാത്ത ഘടകങ്ങളും നിബന്ധനകളും ഗൗനിക്കാതിരിക്കുക, അന്യചിന്തകളില്‍ മുഴുകിക്കൊണ്ടു ബാഹ്യരൂപം മാത്രം കഴിച്ചുകൂട്ടുക, നമസ്കാരത്തില്‍ നാവുകൊണ്ട് ചൊല്ലുന്ന ദിക്ര്‍ – ദുആ – ഖുര്‍ആന്‍ മുതലായവയുടെ സാരം ഓര്‍ക്കാതെയും അറിയാതെയും കേവലം ഒരു ചടങ്ങായി മാത്രം നിറവേറ്റുക എന്നിവയെല്ലാംതന്നെ – ഇമാം ഇബ്‌നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയത് പോലെ – നമസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധയുടെ ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഓരോന്നും പ്രത്യേകം നോക്കുമ്പോള്‍ ചിലത് ചിലതിനേക്കാള്‍ ഗൗരവം കൂടിയതോ കുറഞ്ഞതോ ആയിരിക്കുമെന്നു പറയേണ്ടതില്ല. എന്നാല്‍ ഈ ദോഷങ്ങള്‍ മുഴുവനുമോ ഏതാനുമോ ഒരാളില്‍ സമ്മേളിക്കുന്നപക്ഷം, ആ നമസ്കാരക്കാരന്‍ കപടവിശ്വാസികളുടെ ഇനത്തില്‍ പെട്ടവനാണെന്നുള്ളതില്‍ സംശയമില്ല. معاذ الله
കപടവിശ്വാസികളുടെ ലക്ഷണങ്ങള്‍ പറയുന്ന കൂട്ടത്തില്‍, മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരം നിര്‍വഹിക്കുകയില്ലെന്നും, നമസ്കാരത്തില്‍ അവര്‍ അല്ലാഹുവിനെ അല്‍പമല്ലാതെ ഓര്‍മ്മിക്കുകയില്ലെന്നും, അതൃപ്തിയോടുകൂടിയല്ലാതെ അവര്‍ ധനം ചിലവഴിക്കുകയില്ലെന്നും അല്ലാഹു വേറെ സ്ഥലങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. (സൂ: നിസാഉ് 142; സൂ: തൌബ 54).
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ പറയുകയുണ്ടായി: “അത് കപടവിശ്വാസിയുടെ നമസ്കാരമാണ്! അത് കപടവിശ്വാസിയുടെ നമസ്കാരമാണ്! അത് കപടവിശ്വാസിയുടെ നമസ്കാരമാണ്! അതായത് അവന്‍ സൂര്യനെ നോക്കി കാത്തുകൊണ്ടിരിക്കും. അങ്ങനെ, അത് പിശാചിന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലായിത്തീരുമ്പോള്‍ അവന്‍ എഴുന്നേല്‍ക്കും. എന്നിട്ട് ഒരു നാലുവട്ടം കൊത്തും. അതില്‍ അല്ലാഹുവിനെ അല്‍പമാത്രമല്ലാതെ അവന്‍ ഓര്‍മിക്കുകയുമില്ല.” (ബു.മു.). സൂര്യന്‍ പിശാചിന്റെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ ആകുക എന്ന് പറഞ്ഞതിന്റെ താല്‍പര്യം അസ്‌തമിക്കുവാന്‍ പോകുക എന്നത്രെ. അസ്‌തമനവേളയിലും ഉദയവേളയിലും ചില മതക്കാര്‍ സൂര്യനെ ആരാധിക്കാറുള്ളതിനെ സൂചിപ്പിച്ചുകൊണ്ടാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ പ്രസ്താവിച്ചത്. അപ്പോള്‍, കപടവിശ്വാസിയുടെ നമസ്കാരം സമയം തെറ്റിച്ചുകൊണ്ടായിരിക്കുമെന്നതിനുപുറമെ, അതു സൂര്യാരാധകരുടെ ആരാധനയുമായി സാദൃശ്യമുള്ളതായിത്തീരുകയും ചെയ്യുന്നു. നാല് കൊത്തുകൊത്തും എന്ന് പറഞ്ഞതിന്റെ താല്‍പര്യം, ആവശ്യമായ നിയമങ്ങളും മര്യാദകളും ഗൗനിക്കാതെയും, നമസ്കാരത്തിന്റെ കാതലായ വശം – അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ – പാലിക്കാതെയും കോഴി കൊത്തുംപോലെ വേഗത്തില്‍ ഒരു നാല് റക്അത്ത് കുമ്പിടും എന്നത്രെ. ‘അസര്‍’ നമസ്കാരത്തെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇവിടെ ഉദാഹരിച്ചത്. മറ്റു നമസ്കാരങ്ങളുടെ സ്ഥിതിയും ഇതില്‍ നിന്ന് ഊഹിക്കാമല്ലോ.
4-ാമത്തെ ലക്ഷണം, അയല്‍വാസികള്‍ സാധാരണ അന്യോന്യം പരോപകാരത്തിന് വിട്ടുകൊടുക്കാറുള്ള ചെറുതരം ഉപകരണങ്ങളെ തടയുക -അഥവാ അവ മറ്റുള്ളവര്‍ക്ക് ഉപയോഗത്തിനു വിട്ടുകൊടുക്കാതിരിക്കുക- എന്നുള്ളതാകുന്നു. ماعون (മാഊന്‍) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. ഏറെക്കുറെ വ്യത്യസ്തമായ വാചകങ്ങളിലാണെങ്കിലും, ആ വാക്കിന് പല മഹാന്മാരും നല്‍കിയിട്ടുള്ള നിര്‍വചനങ്ങളുടെ സാരമാണ് നാം മേലുദ്ധരിച്ചത്. അന്യോന്യം ഉപയോഗത്തിനുവേണ്ടി വായ്പ എന്ന നിലക്ക് ജനങ്ങള്‍ പരസ്പരം വിട്ടുകൊടുക്കാറുള്ള കുടുക്ക, കൊട്ടക്കോരി, മഴു മുതലായ അത്യാവശ്യ വസ്തുക്കള്‍ക്കാണ് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്ത് ഞങ്ങള്‍ ‘മാഊന്‍’ എന്നു പറഞ്ഞിരുന്നതെന്നു ഇബ്‌നു മസ്ഊദ് (رضي الله عنها) പ്രസ്താവിച്ചതായി പല മാര്‍ഗ്ഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ‘മാഊനില്‍’ പ്രധാനമായത് സക്കാത്തും, അതില്‍ ഏറ്റവും താണ പടിയിലുള്ളത്, തരിപ്പ, കൊട്ടക്കോരി, സൂചി എന്നിവയും ആകുന്നുവെന്ന് ഇക്രിമഃ (عكرمة – رضي) പ്രസ്താവിച്ചതായും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ‘മാഊനി’നെപ്പറ്റി പലരുടെയും വാചകങ്ങള്‍ ഉദ്ധരിച്ചശേഷം ഇബ്‌നു കഥീര്‍ (رحمه الله) ഇപ്രകാരം പറയുന്നു: ‘ഇക്രിമഃ (رَضِيَ اللهُ عَنْهُ) ഈ പറഞ്ഞത് നന്നായിട്ടുണ്ട്. മേലുദ്ധരിച്ച എല്ലാ പ്രസ്താവനകളും അതിലടങ്ങുന്നു. അവയെല്ലാം ചെന്നെത്തുന്നത് ഒരേ ഒരു വസ്തുതയിലേക്കാണ്. അതായത്, ധനം കൊണ്ടോ, ഉപയോഗം കൊണ്ടോ, സഹായസഹകരണം ചെയ്യാതിരിക്കുക എന്നത്രെ അത്.’
ചുരുക്കിപ്പറഞ്ഞാല്‍, താങ്കളുടെ രക്ഷിതാവിനുള്ള പ്രധാന ആരാധനയായ നമസ്കാരം പോലും നന്നായി നിര്‍വഹിക്കാത്തവരും, നഷ്‌ടം ബാധിക്കാത്ത വിധത്തിലെങ്കിലും നിത്യോപയോഗ വസ്തുക്കളെക്കൊണ്ട് ജനങ്ങള്‍ക്ക് സഹായസഹകരണം ചെയ്യാന്‍ തയ്യാറില്ലാത്തവരുമായിരിക്കും കപടവിശ്വാസികള്‍ എന്ന് സാരം. അല്ലാഹുവിന് ചെയ്യേണ്ടുന്ന മറ്റുള്ള ആരാധനകളുടെ കാര്യത്തിലും, ജനങ്ങള്‍ക്ക് നല്‍കേണ്ടുന്ന സക്കാത്ത് മുതലായ ദാനധര്‍മ്മങ്ങളിലും അവരുടെ നില കൂടുതല്‍ കൂടുതല്‍ ശോചനീയമായിരിക്കുമെന്നു വ്യക്തമാണ്. ഇങ്ങിനെയുള്ളവര്‍ വല്ലപ്പോഴുമൊക്കെ വലിയ ആരാധകന്മാരായി ചമഞ്ഞേക്കാം. അല്ലെങ്കില്‍ ഏതെങ്കിലും നല്ല വിഷയത്തില്‍ ‘വന്‍ തുക’കള്‍ സംഭാവനകള്‍ നല്‍കി ‘ഉദാരമതി’കളായി പ്രത്യക്ഷപ്പെട്ടെന്നും വന്നേക്കാം. പക്ഷെ, ആത്മാര്‍ത്ഥതയും നിഷ്കളങ്കതയുമല്ല, പേരും കീര്‍ത്തിയുമായിരിക്കും അവരുടെ ലക്‌ഷ്യം. ചിലപ്പോള്‍ ഏതെങ്കിലും സ്വാര്‍ത്ഥം നേടുവാനുള്ള മാര്‍ഗമായിട്ടോ ഏതെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയോ ആയിരിക്കാം അത്. ഇങ്ങിനെയുള്ള കര്‍മങ്ങളൊന്നും അല്ലാഹുവിങ്കല്‍ വിലപ്പോകുകയില്ലെന്ന് സ്പഷ്ടമാണ്.
തന്റെ കൊട്ടക്കോരികൊണ്ട് അല്‍പം വെള്ളം കോരുവാന്‍, തന്റെ പേനകൊണ്ട് എന്തെങ്കിലുമൊന്ന് എഴുതുവാന്‍, തന്റെ മണ്‍വെട്ടി കൊണ്ട് കുറച്ചുസമയം മണ്ണുകൊത്തുവാന്‍, തന്റെ പറമ്പില്‍കൂടി വല്ല ചുമടുംകൊണ്ട് നടന്നുപോകുവാന്‍, സ്ഥലം ഒഴിവായിക്കൊണ്ട് പോകുന്ന തന്റെ വാഹനത്തില്‍ കാല്‍നടപോകുന്ന ക്ഷീണിച്ച ഒരു സഹോദരന് അൽപനേരം കയറിയിരിക്കുവാന്‍, പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും ലേശമൊന്ന് നീങ്ങികൊടുത്ത് മറ്റൊരാള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുവാന്‍ എന്നിങ്ങനെയുള്ള നിസ്സാരകാര്യങ്ങളില്‍ പോലും സന്മനസ്സുകാണിക്കാത്ത പലരെയും ധാരാളം കാണാവുന്നതാണ്. പട്ടിണികൊണ്ടോ മഹാരോഗം മുതലായവകൊണ്ടോ ഗതിമുട്ടി കഷ്ടപ്പെട്ട് സഹായത്തിന് യാചിച്ചു വരുന്നവരെ നിര്‍ദ്ദയം ആട്ടിക്കളയുന്നവരും ദുര്‍ല്ലഭമല്ല. അതേ സമയം അത്തരം വ്യക്തികളില്‍പ്പെട്ട ചിലര്‍പോലും സാധുസംരക്ഷണത്തിനും അഗതിശുശ്രൂഷകള്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്കോ മറ്റോ വന്‍തുകകള്‍ സംഭാവന ചെയ്യുകയും ചെയ്തേക്കും! ഇത്തരം ‘വമ്പിച്ച ഔദാര്യ’ങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയോ പ്രതിഫലമോ ഉന്നംവെച്ചുകൊണ്ടുള്ളതാവാന്‍ തരമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുവാന്‍ അതില്‍ വകയുമില്ല. കാരണം, അതില്‍ അവര്‍ക്ക് ഉദ്ദേശശുദ്ധിയില്ലെന്നാണ് അവരുടെ മറ്റു ചെയ്തികള്‍ തെളിയിക്കുന്നത്. അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണല്ലോ. യഥാര്‍മായ സേവനതല്പരതയും, ഉദാരമനസ്കതയും ഉള്ളവര്‍ സന്ദര്‍ഭത്തിനും, കഴിവിനും അനുസരിച്ച് കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കേണ്ടതാണ്. വലുപ്പചെറുപ്പമോ രഹസ്യപരസ്യമോ, മുഹൂര്ത്തവ്യത്യാ
[ومن الله التوفيق لما يحب ويرضي وله الحمد والمنة]