ഹുമസഃ (കുത്തിപറയുന്നവര്‍)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 9

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

104:1
  • وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴾١﴿
  • (അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുന്നവരുമായ എല്ലാവര്‍ക്കും നാശം!
  • وَيْلٌ നാശം, കഷ്ടപ്പാട് لِكُلِّ هُمَزَةٍ എല്ലാ കുത്തിപ്പറയുന്ന (ഇടിച്ചുതാഴ്‌ത്തുന്ന)വര്‍ക്കും لُّمَزَةٍ ദുഷിച്ചുപറയുന്ന (കുറവാക്കിപ്പറയുന്ന)വരായ
104:2
  • ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ ﴾٢﴿
  • അതായത് ധനം ശേഖരിക്കുകയും, അത് എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന് (നാശം).
  • الَّذِي جَمَعَ അതായത് ശേഖരിച്ച (ഒരുമിച്ചുകൂട്ടിയ)വന്‍ مَالًا ധനം, സ്വത്ത് وَعَدَّدَهُ അതിനെ എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്ത
104:3
  • يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ ﴾٣﴿
  • അവന്റെ ധനം അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു.
  • يَحْسَبُ അവന്‍ കണക്കാക്കുന്നു, വിചാരിച്ചുകൊണ്ട് أَنَّ مَالَهُ അവന്റെ ധനം (ആകുന്നു) എന്ന് أَخْلَدَهُ അവനെ ശാശ്വതനാക്കി (സ്ഥിരവാസിയാക്കി)യിരിക്കുന്നു

കുറെ ധനം ശേഖരിച്ചുണ്ടാക്കുകയും, അത് വേണ്ടപ്പെട്ട വിഷയങ്ങളില്‍ വിനിയോഗിക്കാതെ അഹങ്കാരപൂര്‍വ്വം അതിന്റെ എണ്ണവും വണ്ണവും മാത്രം ചിന്താവിഷയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദുഷ്ടന്മാരില്‍ സ്വാഭാവികമായും കാണാവുന്ന സമ്പ്രദായമാണ് അന്യരെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് ഇടിച്ചു താഴ്ത്തലും, കുറ്റവും കുറവും എടുത്തുകാട്ടി ദുഷിച്ചുകൊണ്ടിരിക്കലും. തങ്ങളുടെ ധനം തങ്ങള്‍ക്ക് ഈ ലോകത്ത് ശാശ്വത ജീവിതം നേടിക്കൊടുത്തിട്ടുണ്ടെന്നും, തങ്ങളും തങ്ങളുടെ ധനവും ഒരിക്കലും നശിക്കുകയില്ലെന്നുമുള്ള ഭാവമായിരിക്കും ആ ധനപൂജകന്‍മാരില്‍ നിന്നും പ്രകടമാകുന്നത്. ഇങ്ങിനെയുള്ളവര്‍ക്ക് വമ്പിച്ച നാശമാണുള്ളത്‌ എന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുകയാണ്.

104:4
  • كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ ﴾٤﴿
  • വേണ്ട! നിശ്ചയമായും അവന്‍ 'ഹുത്വമഃ'യില്‍ [ധ്വംസിച്ചു കളയുന്ന നരകത്തില്‍] എറിയപ്പെടുന്നതാണ്.
  • كَلَّا വേണ്ട لَيُنبَذَنَّ നിശ്ചയമായും അവന്‍ ഇടപ്പെടും, എറിയപ്പെടും فِي الْحُطَمَةِ 'ഹുത്വമഃ'യില്‍
104:5
  • وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ ﴾٥﴿
  • 'ഹുത്വമഃ' എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിയാം?!
  • وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا الْحُطَمَةُ 'ഹുത്വമഃ' എന്താണെന്ന്
104:6
  • نَارُ ٱللَّهِ ٱلْمُوقَدَةُ ﴾٦﴿
  • അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയത്രെ (അത്)!
  • نَارُ اللَّـهِ അല്ലാഹുവിന്റെ അഗ്നിയാണ് الْمُوقَدَةُ കത്തിക്ക(ജ്വലിപ്പിക്ക)പ്പെട്ട
104:7
  • ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ ﴾٧﴿
  • (എന്നുവെച്ചാല്‍) ഹൃദയങ്ങളില്‍ (കയറിച്ചെന്ന്) എത്തിനോക്കുന്നത്.
  • الَّتِي تَطَّلِعُ എത്തിനോക്കുന്നത്, കയറിച്ചെല്ലുന്നത്‌ عَلَى الْأَفْئِدَةِ ഹൃദയങ്ങളുടെമേല്‍
104:8
  • إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴾٨﴿
  • നിശ്ചയമായും, അത് അവരുടെ മേല്‍ അടച്ചു മൂടപ്പെടുന്നതായിരിക്കും.
  • إِنَّهَا നിശ്ചയമായും അത് عَلَيْهِم അവരുടെമേല്‍ مُّؤْصَدَةٌ അടച്ചുമൂടപ്പെട്ടതായിരിക്കും
104:9
  • فِى عَمَدٍ مُّمَدَّدَةٍۭ ﴾٩﴿
  • നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) തൂണുകളിലായിക്കൊണ്ട്.
  • فِي عَمَدٍ ചില തൂണുകളിലായിട്ട് مُّمَدَّدَةٍ നീട്ടിയുണ്ടാക്കപ്പെട്ട, നീണ്ട (വമ്പിച്ച)

الْحُطَمَةِ (ഹുത്വമഃ) എന്നത് നരകത്തിന്റെ വിശേഷണ നാമങ്ങളില്‍ ഒന്നാകുന്നു. അതില്‍ ഇടപ്പെടുന്ന ഏതൊരു വസ്തുവെയും കത്തിച്ചു നശിപ്പിക്കുമാറ് അതികഠിനമായത് എന്ന് സാരം. ഇതിന്റെ ഒരു വിശദീകരണമത്രെ തുടര്‍ന്ന് കാണുന്നത്. സാധാരണ അറിയപ്പെടുന്ന അഗ്നിയല്ല നരകാഗ്നി. അല്ലാഹു പ്രത്യേകം തയ്യാറാക്കിവെച്ചിട്ടുള്ള കഠിനകഠോരമായ ഒരു പ്രത്യേക അഗ്നിയാണത്. മാംസമോ, ബാഹ്യാവയവങ്ങളോ മാത്രമല്ല ആ അഗ്നി എരിച്ചു കളയുന്നത്. ഹൃദയങ്ങളുടെ ഉള്ളോട്ട് കയറിച്ചെന്ന് അവയെയും അത് കടന്നാക്രമിക്കുന്നതാണ്. മാത്രമല്ല, വമ്പിച്ച നെടുംതൂണുകള്‍ക്കുള്ളില്‍ അവര്‍ ബന്ധിക്കപ്പെടുകയും, വാതിലുകള്‍ അടച്ചു മൂടപ്പെടുകയും ചെയ്യുന്നു. അങ്ങനെ, യാതൊരുതരത്തിലുള്ള ആശ്വാസത്തിനും യാതൊരു പഴുതും കിട്ടാതെ നാനാഭാഗത്തൂടെയും അവര്‍ നിത്യയാതന അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നിങ്ങനെ നരകശിക്ഷയുടെ ഗൗരവരവത്തെപ്പറ്റി അല്ലാഹു വര്‍ണ്ണിച്ചിരിക്കുകയാണ്. ഇതെല്ലാം പരലോക സംബന്ധമായ അദൃശ്യകാര്യങ്ങളാകകൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കുക സാധ്യമല്ല. അല്ലാഹുവിന്റെ വിവരണത്തില്‍ നിന്നുതന്നെ അതിന്റെ ഗൗരവം ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാക്കാമല്ലോ. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.