ഖാരിഅഃ (ഭയങ്കര സംഭവം)
[മക്കയിൽ അവതരിച്ചത് – വചനങ്ങൾ 11]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

101:1
  • ٱلْقَارِعَةُ ﴾١﴿
  • മുട്ടി അലക്കുന്ന (ആ ഭയങ്കര) സംഭവം!
  • الْقَارِعَةُ മുട്ടി അലക്കുന്ന സംഭവം
101:2
  • مَا ٱلْقَارِعَةُ ﴾٢﴿
  • മുട്ടി അലക്കുന്ന സംഭവം എന്നാല്‍ എന്താണ്?!
  • مَا الْقَارِعَةُ എന്താണ് മുട്ടി അലക്കുന്ന സംഭവം
101:3
  • وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ ﴾٣﴿
  • മുട്ടി അലക്കുന്ന സംഭവം എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിയാം?!
  • وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا الْقَارِعَةُ മുട്ടി അലക്കുന്ന സംഭവം എന്താണെന്ന്

‘വളരെ ഊക്കോടെ മുട്ടി അലക്കുന്നത്, മുട്ടി അലക്കുന്നത് മൂലം ഉണ്ടാകുന്ന കടുത്ത ശബ്ദം’ എന്നൊക്കെയാണ്  الْقَارِعَةُ (ഖാരിഅത്ത്) എന്ന വാക്കിന്റെ അര്‍ത്ഥം. ഖിയാമത്ത് നാളാണ് ഇവിടെ വിവക്ഷ. കാഹളം ഊതുന്നതുകൊണ്ടും, ലോകമാസകലം തട്ടിത്തകരുന്നതുകൊണ്ടും ഉണ്ടാകുന്ന ഘോരശബ്ദവും,  തുടര്‍ന്നുണ്ടാകുന്ന വമ്പിച്ച ഭീകരാവസ്ഥകളും കാരണമായി ഖിയാമത്തിന് ആ പേര്‍ നല്‍കപ്പെട്ടിരിക്കുന്നു. ഈ വചനങ്ങളില്‍ ആ ദിവസത്തിന്റെ ഗൗരവത്തിലേക്ക് ശ്രദ്ധതിരിച്ച് കൊണ്ട് അന്നത്തെ ചില സംഭവവികാസങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

101:4
  • يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ ﴾٤﴿
  • (അതെ) മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റപോലെ ആയിത്തീരുന്ന ദിവസം!-
  • يَوْمَ يَكُونُ ആയിത്തീരുന്ന ദിവസം النَّاسُ മനുഷ്യർ كَالْفَرَاشِ പാറ്റ പോലെ ٱلْمَبْثُوثِ പരത്ത (നിരത്ത)പ്പെട്ട, ചിന്നിച്ചിതറിയ
101:5
  • وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ ﴾٥﴿
  • പര്‍വതങ്ങൾ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് ആ സംഭവം]
  • وَتَكُونُ الْجِبَالُ പര്‍വതങ്ങൾ ആയിത്തീരുകയും كَالْعِهْنِ രോമം പോലെ الْمَنفُوشِ കടയപ്പെട്ട (ധൂളമായ)

എന്തുവേണം, എന്താണ് സംഭവിക്കുക, ഭാവി എന്തായിരിക്കും എന്നൊന്നും അറിയാതെ അന്ന് മനുഷ്യകോടികള്‍ അന്തംവിട്ട് ഭയവിഹ്വലരായി ഇയ്യാംപാറ്റക്കൂട്ടങ്ങളെപ്പോലെ ചിന്നിച്ചിതറുകയും നിശ്ചലമായി ഉറച്ചുനിൽക്കുന്ന ഈ കൂറ്റൻ പര്‍വതങ്ങളെല്ലാം അന്ന് കടഞ്ഞ രോമമെന്നോണം ധൂളം ധൂളമായി തട്ടി നിരത്തപ്പെടുകയും ചെയ്യും. ഒടുവില്‍ കലാശം എന്തായിരിക്കും? അല്ലാഹു പറയുന്നു:-

101:6
  • فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ ﴾٦﴿
  • അപ്പോള്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ഘനം തൂങ്ങിയോ അവന്‍:-
  • فَأَمَّا مَن അപ്പോള്‍ ആർ, യാതൊരുവന്‍ ثَقُلَتْ ഘനപ്പെട്ടു, ഭാരം തൂങ്ങി مَوَازِينُهُ അവന്റെ തുലാസ്സു (തൂക്കം)കള്‍
101:7
  • فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴾٧﴿
  • അവന്‍, തൃപ്തികരമായ ജീവിതത്തിലായിരിക്കും.
  • فَهُوَ അപ്പോഴവന്‍ فِي عِيشَةٍ ഒരു ജീവിതത്തിലായിരിക്കും, ഉപജീവനത്തിലാണ് رَّاضِيَةٍ തൃപ്തികരമായ
101:8
  • وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ ﴾٨﴿
  • എന്നാല്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ലഘുവായോ അവനാകട്ടെ,
  • وَأَمَّا مَنْ എന്നാല്‍ യാതൊരുവനോ خَفَّتْ ലഘുവായി, നേര്‍മയായി مَوَازِينُهُ അവന്റെ തുലാസ്സുകള്‍
101:9
  • فَأُمُّهُۥ هَاوِيَةٌ ﴾٩﴿
  • അവന്റെ സങ്കേതം 'ഹാവിയഃ' [അഗാധ നരകം] ആകുന്നു.
  • فَأُمُّهُ എന്നാലവന്റെ മാതാവ്, തള്ള (സങ്കേതസ്ഥാനം) هَاوِيَةٌ ഹാവിയത്താണ്
101:10
  • وَمَآ أَدْرَىٰكَ مَا هِيَهْ ﴾١٠﴿
  • അതു [‘ഹാവിയഃ'] എന്താണെന്ന് നിനക്ക് എന്തറിയാം?!
  • وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا هِيَهْ അതെന്താണെന്ന്
101:11
  • نَارٌ حَامِيَةٌۢ ﴾١١﴿
  • ചൂടേറിയ അഗ്നിയത്രെ!
  • نَارٌ അഗ്നിയത്രെ حَامِيَةٌ ചൂടേറിയ, കടുത്ത ചൂടുള്ള

‘ഉമ്മു’ (ام) എന്ന വാക്കിന്  ‘മാതാവ്, ഉമ്മ, തള്ള, മൂലം, പ്രധാന ഭാഗം, മര്‍മം, കേന്ദ്രസ്ഥാനം, സങ്കേതം’ എന്നിങ്ങിനെ സന്ദര്‍ഭോചിതം പല അര്‍ത്ഥങ്ങളും വരുന്നതാണ്. ഒരു ശിശുവിന് അഭയകേന്ദ്രമായുള്ളത് അതിന്റെ മാതാവാണല്ലോ. എന്നാല്‍ കുറ്റവാളികള്‍ക്ക് അഭയകേന്ദ്രമായി വല്ലതും ഉണ്ടോ? ഇല്ല. അഥവാ ഉണ്ടെങ്കില്‍ അത് നരകം മാത്രമാകുന്നുവെന്നാണ് 9- ാം വചനത്തില്‍ സൂചന. ‘ഹാവിയഃ’ (هاوية) എന്നാൽ ‘വീഴുന്നത്, ആണ്ട് പോകുന്നത്’ എന്നൊക്കെ വാക്കര്‍ത്ഥം, നരകമാണ് വിവക്ഷ. അത്യഗാധമായ ഒരു തീക്കുണ്ഡാരമായതുകൊണ്ട് അതിന് ആ പേര്‍ പറയപ്പെട്ടിരിക്കുന്നു.

മനുഷ്യന്റെ കര്‍മങ്ങളെല്ലാം ഖിയാമത്തുനാളില്‍ തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാല്‍, എങ്ങനെയാണ് കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കുക? ആ തുലാസ്സ് ഏത് തരത്തിലുള്ളതായിരിക്കും? ഇതൊന്നും തിട്ടപ്പെടുത്തുവാൻ നമുക്ക് സാദ്ധ്യമല്ല. യാതൊരു ദുര്‍വ്യാഖ്യാനവും നൽകാതെയും, ഭൗതിക തുലാസ്സുകളോട് താരതമ്യപ്പെടുത്താതെയും നാം അത് വിശ്വസിക്കുന്നു. അതെ, വിശ്വസിക്കണം. പക്ഷേ, ഒരു കാര്യം നമുക്ക് ഓര്‍മിക്കാം. നമ്മുടെ ബാഹ്യദൃഷ്ടികൊണ്ട് കാണുവാൻ കഴിയാത്ത പല വസ്തുക്കളുടെയും അളവും തൂക്കവും കണക്കാക്കുന്നതിന് അല്‍പജ്ഞാനിയായ മനുഷ്യൻ വിവിധ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നു. അപ്പോള്‍, ഈ ലോക പ്രകൃതിക്കതീതമായ പരലോകത്തുവെച്ച് മനുഷ്യകര്‍മങ്ങളടക്കമുള്ള ഏത് കാര്യവും തൂക്കിക്കണക്കാക്കുവാനുള്ള ഒരു മാര്‍ഗം എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹുവിങ്കലുണ്ടായിരിക്കുമെന്ന് കാണുവാന്‍ പ്രയാസമുണ്ടോ?! ഇല്ല തന്നെ.

സൂ: അഅ്റാഫിൽ അല്ലാഹു പറയുന്നു:

وَالْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَن ثَقُلَتْ مَوَازِينُهُ فَأُولَـٰئِكَ هُمُ الْمُفْلِحُونَ وَمَنْ خَفَّتْ مَوَازِينُهُ فَأُولَـٰئِكَ الَّذِينَ خَسِرُوا أَنفُسَهُم –  الأعراف ٨ ،٩

(സാരം: അന്നത്തെ ദിവസം തൂക്കിനോക്കല്‍ യഥാര്‍ത്ഥമായുള്ളതാണ്. അപ്പോള്‍, യാതൊരുവരുടെ തുലാസ്സുകള്‍ -അഥവാ തൂക്കം- ഘനം തൂങ്ങിയോ അവരത്രെ ഭാഗ്യവാന്മാര്‍. യാതൊരുവരുടെ തൂക്കം ലഘുവായോ അവരത്രെ സ്വയം നഷ്ടപ്പെടുത്തിയവര്‍). ആ ഭാഗ്യനഷ്ടങ്ങളുടെ ഒരു വിശദീകരണമാണ് ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. അതെ, സല്‍കര്‍മ്മങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിച്ചവര്‍ ഭാഗ്യവാന്മാരും സ്വര്‍ഗാവകാശികളും. അതിന് പിൻതൂക്കം വന്നുപോയവര്‍ നഷ്ടക്കാരും നരകാവകാശികളും. അല്ലാഹു നമ്മെ സല്‍ക്കര്‍മങ്ങള്‍ക്ക്  മുന്‍‌തൂക്കം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

وللّه الحمد والمنة