സൂറത്തുല്‍ ആദിയാത്ത് : 01-11
ആദിയാത്ത് (ഓടുന്നവ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 11 [മദനീയാണെന്നും അഭിപ്രായമുണ്ട്]
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- وَٱلْعَـٰدِيَـٰتِ ضَبْحًا ﴾١﴿
- കിതച്ച് (ശീഘ്രഗതിയില്‍) ഓടുന്നവ തന്നെയാണ (സത്യം)!-
- وَالْعَادِيَاتِ ഓടുന്നവ തന്നെയാണ ضَبْحًا കിതച്ച്
- فَٱلْمُورِيَـٰتِ قَدْحًا ﴾٢﴿
- അങ്ങനെ, (കുളമ്പ് കല്ലില്‍) ഉരസി തീ പറപ്പിക്കുന്നവ;-
- فَالْمُورِيَاتِ അങ്ങനെ (എന്നിട്ടു) തീ കത്തിക്കുന്നവ قَدْحًا (കല്ല്) ഉരസിയിട്ട്
- فَٱلْمُغِيرَٰتِ صُبْحًا ﴾٣﴿
- അങ്ങനെ, പ്രഭാതത്തില്‍ (ചെന്ന്) ആക്രമണം നടത്തുന്നവ;-
- فَالْمُغِيرَاتِ അങ്ങനെ (എന്നിട്ട്) ആക്രമണം നടത്തുന്നവ صُبْحًا പ്രഭാതത്തില്‍
- فَأَثَرْنَ بِهِۦ نَقْعًا ﴾٤﴿
- എന്നിട്ട് അതില്‍ [പ്രഭാതത്തില്‍ ] അവ പൊടിപടലം ഇളക്കി വിട്ടു ;-
- فَأَثَرْنَ بِهِ എന്നിട്ട് അതില്‍ അവ ഇളക്കിവിട്ടു, കിളറിപ്പിച്ചു نَقْعًا പൊടിപടലം
- فَوَسَطْنَ بِهِۦ جَمْعًا ﴾٥﴿
- എന്നിട്ട് അതില്‍ [പ്രഭാതത്തില്‍ ] അവ (ശത്രു) സംഘത്തിന് നടുവില്‍ പ്രവേശിച്ചു
- فَوَسَطْنَ എന്നിട്ട് (അങ്ങനെ) അവ മദ്ധ്യത്തില്‍ ചെന്നു بِهِ അതില്‍ جَمْعًا സംഘത്തിന്, കൂട്ടത്തില്‍
ഇങ്ങനെയുള്ള ഗുണങ്ങള്‍ ഒത്തിണങ്ങിയ മുന്തിയ തരം കുതിരകളെ കൊണ്ട് സത്യം ചെയ്തു പറയുന്നു എന്ന് സാരം. അതിശീഘ്രം കിതച്ചു പാഞ്ഞുകൊണ്ട്, ഓട്ടത്തിന്റെ ഊക്കും വേഗതയും നിമിത്തം കാലുകള്‍ കല്ലില്‍ ഉരസി തീ പറപ്പിച്ച് കൊണ്ടും, ശത്രുക്കള്‍ എഴുന്നേറ്റ് പുറത്തുവരും മുമ്പായി പ്രഭാത വേളയില്‍ തന്നെ അവരുടെ താവളത്തിലെത്തി ആക്രമണം നടത്തി കൊണ്ടും, അന്തരീക്ഷം പൊടിപടലത്താല്‍ മൂടുമാറ് ജാഗ്രതയില്‍ ശത്രുമദ്ധ്യേ കടന്ന് ചെന്ന് പട നടത്തുന്നവ എന്നിങ്ങിനെയാണ് കുതിരകളുടെ ഗുണങ്ങളായി അല്ലാഹു എടുത്ത് പറഞ്ഞിരിക്കുന്നത്.
യന്ത്രീകൃത യുദ്ധസാമഗ്രികള്‍ പ്രചാരത്തില്‍ വരുന്നതുവരെ യുദ്ധരംഗങ്ങളില്‍ കുതിരക്ക് വമ്പിച്ച സ്ഥാനമാണുണ്ടായിരുന്നത്. ധർമ സമരങ്ങള്‍ക്ക് കുതിരകളെ സജ്ജമാക്കുന്നതിനും കുതിരപ്പയറ്റുകള്‍ പരിശീലിപ്പിക്കുന്നതിനും ഇസ്‌ലാമില്‍ വളരെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ക്ക് വേണ്ടി നിങ്ങള്‍ കഴിയും പ്രകാരം ശക്തിയും, കെട്ടിപ്പോഷിപ്പിച്ച കുതിരകളെയും നിങ്ങള്‍ തയ്യാറാക്കി വെക്കണമെന്നും, അതുമൂലം അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭീതിപ്പെടുത്താമെന്നും (സൂ: അൻഫാല്‍ : 60ല്‍) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് സ്മരണീയമാകുന്നു. അല്ലാഹുവില്‍ വിശ്വസിച്ച് കൊണ്ടും, അവന്റെ വാഗ്ദാനത്തെ സത്യമാക്കി കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തില്‍ ഒരു കുതിരയെ വല്ലവരും മുടക്കി വെച്ചാല്‍, അതിന് വയറു നിറക്കുന്നതും, ദാഹം തീർക്കുന്നതും, അത് കാഷ്ടിക്കുന്നതും, മൂത്രിക്കുന്നതുമെല്ലാം തന്നെ ഖിയാമത്തുനാളില്‍ അവരുടെ തുലാസ്സില്‍ ഉണ്ടായിരിക്കും എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും അരുളിച്ചെയ്തിരിക്കുന്നു. (ബു.) അഥവാ, അതിന് വേണ്ടി ചെയ്യുന്ന എല്ലാ പ്രവർത്തികള്‍ക്കും, അതിന്റെ ചലനങ്ങള്‍ക്കും അവർക്ക് പുണ്യം ലഭിക്കുമെന്നും, അവയെല്ലാം അവരുടെ സല്‍കർമ്മങ്ങളായി ഗണിക്കപ്പെടുമെന്നും താല്പര്യം. ഉത്തമഗുണങ്ങളോട് കൂടിയ കുതിരകളെ തയ്യാറാക്കി വെക്കുവാനുള്ള പ്രോത്സാഹനവും, കുതിരകളുടെ ഉത്തമഗുണങ്ങള്‍ ഏതൊക്കെയാണെന്നുളള സൂചനയും ഈ സത്യവാചകങ്ങളില്‍ അടങ്ങിയിരിക്കുന്നുവെന്ന് പറയാം. മനുഷ്യന്റെ പൊതുവെയുള്ള ഒരു സ്വഭാവമാണ് ഈ സത്യം മുഖേന അല്ലാഹു എടുത്ത് കാട്ടുന്നത്. അല്ലാഹു പറയുന്നു :-
- إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ ﴾٦﴿
- നിശ്ചയമായും, മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
- إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لِرَبِّهِ അവന്റെ റബ്ബിനോട് لَكَنُودٌ നന്ദികെട്ടവന്‍ തന്നെയാണ്
- وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ ﴾٧﴿
- നിശ്ചയമായും, അവന്‍ അതിന് സാക്ഷ്യം നൽകുന്നവനും തന്നെ.
- وَإِنَّهُ നിശ്ചയമായും അവന്‍ عَلَىٰ ذَٰلِكَ അതിന്റെമേല്‍ لَشَهِيدٌ സാക്ഷ്യം വഹിക്കുന്നവന്‍ തന്നെ
- وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ ﴾٨﴿
- നിശ്ചയമായും,അവന്‍ നല്ലതിനോട് [ധനത്തോട് ] സ്നേഹത്തില്‍ കാഠിന്യമുള്ളവനും തന്നെയാണ്.
- وَإِنَّهُ നിശ്ചയമായും അവന്‍ لِحُبِّ الْخَيْرِ നല്ലതിനോടുള്ള സ്നേഹത്തില്‍ لَشَدِيدٌ കഠിനമായവന്‍ തന്നെ
മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കി അവന് വേണ്ടുന്ന ആരോഗ്യം, ധനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുത്ത്, രക്ഷിച്ച് വളർത്തിപ്പോരുന്ന അവന്റെ രക്ഷിതാവാണല്ലോ അല്ലാഹു. അവനെ കുറിച്ചുള്ള ബോധമോ ഭയപ്പാടോ ഇല്ലാതെ, അവന്റെ കൽപനകള്‍ മാനിക്കാതെ, അവന്റെ മുമ്പില്‍ തലകുനിക്കാതെ, അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയും കൂറുമില്ലാതെ കഴിഞ്ഞു കൂടുകയാണ് മനുഷ്യന്‍. അവന്‍ തന്നെ അതിന് സാക്ഷ്യവും വഹിക്കുന്നുണ്ട്. അവന്റെ സ്ഥിതിഗതികള്‍, അവന്റെ വാക്കുകള്‍, പ്രവർത്തികൾ എന്നിവയും – അവന്റെ മനസ്സാക്ഷി പോലും – അതിന് സാക്ഷിയാണ്. പരപ്രേരണകളും, സ്ഥാപിത താല്‍പര്യങ്ങളും ഒഴിച്ച് നിറുത്തി അല്‍പനേരം അവനൊന്ന് മനസ്സ് തുറന്ന് ചിന്തിച്ച് നോക്കിയാല്‍ അവന്റെ മനസ്സാക്ഷി തന്നെ അവനോടത് തുറന്ന് പറയും. അല്ലാഹുവിനോട് നന്ദി കാട്ടുന്നതിന് പകരം ഐഹിക സുഖസൗകര്യങ്ങളിലാണ് അവന്റെ ശ്രദ്ധ അവന്‍ കേന്ദ്രീകരിക്കുന്നത്. ധനമാണ് അവന്റെ ഏറ്റവും വലിയ ലക്‌ഷ്യം. അതിനായി എന്ത് മാർഗവും അവന്‍ സ്വീകരിക്കും. കിട്ടിയതെല്ലാം സ്വായത്തമാക്കും. കയ്യിലണഞ്ഞത് ചിലവാക്കാന്‍ കൂട്ടാക്കുകയില്ല. അവിടെയും നന്ദികേട് തന്നെ.
7 ാം വചനത്തില്‍ وَإِنَّهُ (നിശ്ചയമായും അവന്‍) എന്ന വാക്കിലെ സർവ്വനാമം (ضمير) കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് മനുഷ്യനാണ് എന്ന നിലക്കാണ് മുകളില്‍ നാം വിവരിച്ചത്. അല്ലാഹുവാണ് അതുകൊണ്ട് ഉദ്ദേശ്യമെന്നും വരാം. ചില വ്യാഖ്യാതാക്കള്‍ ആ നിലക്കാണ് ആ വചനം വ്യാഖ്യാനിച്ചിരിക്കുന്നതും. മനുഷ്യന്റെ നന്ദികേടിന് അല്ലാഹു സാക്ഷിയാണ്, അഥവാ അവന്‍ അതെല്ലാം കണ്ടറിഞ്ഞ്കൊണ്ടിരിക്കുന്നവനാണ് എന്നായിരിക്കും അപ്പോള്‍ സാരം. الخير (ഖൈര്‍) എന്നാല്‍ നല്ലത്, ഗുണം, ഉത്തമമായത് എന്നൊക്കെ വാക്കർത്ഥമാകുന്നു. ധനം ഒരു നല്ല വസ്തുവായി ഗണിക്കപ്പെടുന്നത് കൊണ്ട് ധനത്തെ – അല്ലെങ്കില്‍ ധനാധിക്യത്തെ – ഉദ്ദേശിച്ചും ആ പദം ഉപയോഗിക്കാറുണ്ട്. സൂറത്തുല്‍ ബഖറ: 180ല്‍ ഈ അർത്ഥത്തില്‍ ആ പദം അല്ലാഹു ഉപയോഗിച്ചിരിക്കുന്നത് കാണാം. ധനത്തെ മാത്രമല്ലാതെ, ഇഹത്തില്‍ നന്നായി ഗണിക്കപ്പെടുന്ന എല്ലാറ്റിനെയും ഉദ്ദേശിച്ചാണ് അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്ന് വെക്കുന്നതിലും അസാംഗത്യം കാണുന്നില്ല. ആ വചനത്തിന്റെ താൽപര്യം അപ്പോഴും വ്യക്തമാണല്ലോ. الله اعلم . നന്ദിയില്ലാത്ത മനുഷ്യനെ അല്ലാഹു താക്കീത് ചെയ്യുന്നു:-
- أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ ﴾٩﴿
- എന്നാല്‍, അവന്‍ അറിയുന്നില്ലേ ? ഖബ്റുകളിലുള്ളത് ഇളക്കി മറി(ച്ചു പുറത്താ)ക്കപ്പെട്ടാല്‍...!-
- أَفَلَا يَعْلَمُ എന്നാലവന്‍ അറിയുന്നില്ലേ, അറിഞ്ഞു കൂടേ إِذَا بُعْثِرَ ഇളക്കി മറിക്ക (പുറത്തെടുക്ക) പ്പെട്ടാല്‍ مَا فِي الْقُبُورِ ഖബ്റുകളിലുള്ളത്
- وَحُصِّلَ مَا فِى ٱلصُّدُورِ ﴾١٠﴿
- നെഞ്ച് [ഹൃദയം]കളിലുള്ളത് (വെളിക്ക്) വരുത്തപ്പെടുകയും (ചെയ്‌താല്‍).....! [എന്തായിരിക്കും അപ്പോള്‍ അവന്റെ സ്ഥിതി !]
- وَحُصِّلَ വരുത്തപ്പെടുക (വെളിക്ക് കൊണ്ട് വരപ്പെടുക)യും مَا فِي الصُّدُورِ നെഞ്ച് (ഹൃദയം) കളിലുള്ളത്
- إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ ﴾١١﴿
- നിശ്ചയമായും, അന്നത്തെ ദിവസം അവരെപ്പറ്റി അവരുടെ റബ്ബ് സൂക്ഷ്മമായി അറിയുന്നവന്‍ തന്നെ
- إِنَّ رَبَّهُمْ നിശ്ചയമായും അവരുടെ റബ്ബ് بِهِمْ അവരെപ്പറ്റി يَوْمَئِذٍ ആ ദിവസം لَّخَبِيرٌ സൂക്ഷ്മജ്ഞാനി തന്നെ
മരണപ്പെട്ടവരെല്ലാം ഖബ്റുകളില്‍ നിന്ന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപെടുകയും, ഒരോരുത്തന്റെയും ഹൃദയത്തില്‍ ഒളിഞ്ഞു കിടപ്പുള്ള വിചാരവികാര രഹസ്യങ്ങളെല്ലാം വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന്‍ അവന്‍ മനസ്സിലാക്കുന്നില്ലേ? അവന്റെ ഒരൊറ്റ രഹസ്യവും അന്ന് വെളിക്ക് വരാതിരിക്കയില്ല. എല്ലാം അല്ലാഹു ശരിക്കും സൂക്ഷ്മമായും അറിയുന്നവനാണ്. ഇതവര്‍ ഓര്‍ത്തുകൊള്ളട്ടെ!
اللهم لك الحمد و لك المنة