വിഭാഗം - 2

49:11
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾١١﴿
 • ഹേ, വിശ്വസിച്ചവരേ, ഒരു ജനത (വേറെ) ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവർ [പരിഹസിക്കപ്പെടുന്നവർ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. സ്ത്രീകൾ സ്ത്രീകളെപ്പറ്റിയും അരുത്. ഇവർ [പരിഹസിക്കപ്പെടുന്ന സ്ത്രീകൾ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ [തമ്മതമ്മിൽ] കുറവാക്കുകയും ചെയ്യരുത്. (അസഭ്യമായ) അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്ടപ്പേര് (ഉപയോഗിക്കൽ) എത്ര ചീത്ത! ആർ പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികൾ.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا يَسْخَرْ പരിഹസിക്കരുത്, കളിയാക്കരുത് قَوْمٌ ഒരു ജനത, ചില പുരുഷന്മാർ مِّن قَوْمٍ ഒരു ജനതയെ عَسَىٰ أَن يَكُونُوا അവർ ആയിരുന്നേക്കാം خَيْرًا مِّنْهُمْ അവരെക്കാൾ ഉത്തമം, നല്ലവർ وَلَا نِسَاءٌ സ്ത്രീകളും അരുത് مِّن نِّسَاءٍ സ്ത്രീകളെപ്പറ്റി عَسَىٰ أَن يَكُنَّ അവർ ആയിരുന്നേക്കാം خَيْرًا مِّنْهُنَّ അവരെക്കാൾ ഉത്തമം وَلَا تَلْمِزُوا നിങ്ങൾ കുറവാക്കുക (അപമാനിക്കുക, കുത്തിപ്പറയുക)യും അരുത് أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ وَلَا تَنَابَزُوا അന്യോന്യം (വിളിച്ച്) അപമാനിക്കുകയും അരുത് بِالْأَلْقَابِ അർത്ഥപ്പേര് (സ്ഥാനപ്പേര്)കൾ കൊണ്ട് بِئْسَ വളരെ ചീത്ത, എത്ര മോശം الِاسْمُ الْفُسُوقُ ദുഷ്ടപ്പേർ ചീത്ത നാമം, തോന്ന്യാസപ്പേർ بَعْدَ الْإِيمَانِ സത്യ വിശ്വാസത്തിന് ശേഷം وَمَن لَّمْ يَتُبْ ആർ പശ്ചാത്തപിച്ചില്ലയോ فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الظَّالِمُونَ അക്രമികൾ

قوم (കൗമ്) എന്ന വാക്കിന് ജനതജനങ്ങൾ എന്നൊക്കെയാണ് വാക്കർത്ഥം. പക്ഷേപുരുഷന്‍മാരെമാത്രം ഉദ്ദേശിച്ചുംസ്ത്രീകളെയും കൂടി ഉദ്ദേശിച്ചുംഅത് ഉപയോഗിക്കപ്പെടാറുണ്ട്. ഒരാൾക്ക് എന്തെങ്കിലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം. അതേ സമയത്ത് അയാൾക്ക് മറ്റ് ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഒരാൾ പ്രത്യക്ഷത്തിൽ, കുറ്റമറ്റവനാണെങ്കിലുംയഥാർത്ഥത്തിൽ ദുഷിച്ചവനായിരിക്കാം. ചുരുക്കത്തിൽആരെല്ലാമാണ് ഉത്തമരെന്നുംആരെല്ലാമാണ് അധമരെന്നും തീർച്ചപ്പെടുത്തുവാൻവയ്യ. അതുകൊണ്ട് പുരുഷനായാലുംസ്ത്രീയായാലും ഒരാൾക്ക് ഒരാളെ പരിഹസിക്കുവാൻ അർഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.

സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരൻമാരുമാണെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ഒരേ ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീഥിൽ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളെ ഉപമിച്ചിരിക്കുന്നത്. എന്നിരിക്കെഒരാൾ മറ്റേയാളെ പരിഹസിക്കുകയോഅപമാനിക്കുകയോ ചെയ്യുമ്പോൾ ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു. ‘നിങ്ങൾ നിങ്ങളെത്തന്നെ കുറവാക്കരുത്’ (لَا تَلْمِزُوا أَنفُسَكُمْ) എന്ന പ്രയോഗം വഴി ഇങ്ങനെയുള്ള വസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയർച്ചയോ താഴ്ച്ചയോ കുറിക്കുന്ന പേരുകൾക്കാണ് الألقاب (അർത്ഥപ്പേരുകൾ) എന്ന് പറയുന്നത്. ഹാസ്യനാമങ്ങൾപരിഹാസപ്പേരുകൾ മുതലായവ ഉപയോഗിച്ച് നിന്ദിക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്. നേരെമറിച്ച് യോഗ്യതയെയോസ്നേഹത്തെയോ കുറിക്കുന്ന പേരുകൾ ഉപയോഗിക്കുന്നതിന് വിരോധമില്ല. അത് നല്ലതും കൂടിയാകുന്നു.

സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ദുഷിച്ച പേരുകൾ ഉപയോഗിക്കുന്നത് വളരെ ചീത്തയാണ് (بِئْسَ الِاسْم الْفُسُوق بَعْد الْإِيمَان) എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതൊന്നും സത്യവിശ്വാസികൾക്ക് യോജിച്ചതല്ലഇസ്‌ലാമിക സംസ്കാരത്തിന് നിരക്കുകയുമില്ല; ‘ജാഹിലിയ്യാ’ സമ്പ്രദായമാണ്സംസ്കാര വിരുദ്ധവുമാണ്മുസ്‌ലിംകളുടെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്തുവരുകയോമുസ്‌ലിംകളെപറ്റി അവ ഉപയോഗിക്കുകയോ ചെയ്തുകൂടാ എന്നൊക്കെയാണ് അതിന്റെ താൽപര്യം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്നുമസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നു: لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلَا اللَّعَّانِ وَلَا الْفَاحِشِ وَلَا الْبَذِيءِ – الترمذي والبيهقي (സാരം: ‘സത്യവിശ്വാസി കുത്തിപ്പറയുന്നവനായിരിക്കില്ലശപിച്ചു പറയുന്നവനുമായിരിക്കയില്ല. ദുഷ്ടനുമായിരിക്കയില്ലഅസഭ്യം പുലമ്പുന്നവനുമായിരിക്കയില്ല’. (തിബ.) ഒരാളുടെ പക്കൽനിന്ന് അങ്ങനെ വല്ല വീഴ്ചയും വന്നുപോയാൽ ഉടനെ പശ്ചാത്തപിച്ചുമടങ്ങണം. എന്നാൽ അല്ലാഹു പൊറുത്തുകൊടുക്കും. മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാർഹവുമാണ് എന്നൊക്കെ അവസാനത്തെ വാക്യം ഓർമിപ്പിക്കുന്നു.

49:12
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ﴾١٢﴿
 • ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്. തന്റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിനു നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അതു നിങ്ങൾ വെറുക്കുന്നു. [അതുപോലെ ഒന്നത്രെ പരദൂഷണവും.] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ اجْتَنِبُوا നിങ്ങൾ അകന്നു നിൽക്കുക, വർജ്ജിക്കുക كَثِيرًا മിക്കതും, പലതും, അധികം, مِّنَ الظَّنِّ ഊഹത്തിൽ (ധാരണയിൽ) നിന്ന് إِنَّ بَعْضَ الظَّنِّ നിശ്ചയമായും ഊഹത്തിൽ ചിലത് إِثْمٌ കുറ്റമാണ്, പാപമാണ് وَلَا تَجَسَّسُوا നിങ്ങൾ ചാരവൃത്തി(ഗൂഢാന്വേഷണം) നടത്തുകയും അരുത് وَلَا يَغْتَب (അഭാവത്തിൽ) ദൂഷണം പറയുകയും അരുത് بَّعْضُكُم നിങ്ങളിൽ ചിലർ بَعْضًا ചിലരെക്കുറിച്ച് أَيُحِبُّ ഇഷ്ടപ്പെടുമോ أَحَدُكُمْ നിങ്ങളിലൊരാൾ أَن يَأْكُلَ അവൻ തിന്നുവാൻ لَحْمَ أَخِيهِ തന്റെ സഹോദരന്റ മാംസം مَيْتًا മരണപ്പെട്ടവനായ (ശവമായ) നിലയിൽ فَكَرِهْتُمُوهُ എന്നാലത് നിങ്ങൾ വെറുക്കുന്നു وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു تَوَّابٌ പശ്ചാത്താപം സ്വീകരിക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

മനുഷ്യർ തമ്മതമ്മിൽ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും. അവയിൽ ഏതാനും ചിലതു ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻ സാധിക്കയില്ല. ഇങ്ങിനെയുള്ള ധാരണകൾ വെച്ചുപുലർത്തുന്നവർ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും, സംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലമോ? പലപ്പോഴും ദൂരവ്യാപകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വർജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽ പ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരു തത്വമാണിത്.

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَ تَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا – متفق عليه

(നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്, ഗൂഢാന്വേഷണം നടത്തുകയും അരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (ബു; മു.) ഉമർ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘സത്യവിശ്വാസിയായ നിന്റെ സഹോദരനിൽനിന്നു പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്.’ (ابن كثير)

തെറ്റായധാരണ, നീചമായ മനസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുർഗുണങ്ങളിൽനിന്നു ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല. അഥവാ അന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയുംകൊണ്ടിരിക്കുക മുതലായവ. ഇതിന്റെ അനന്തരഫലം ആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻമാത്രമേ ഇത് പര്യാപ്തമാകുകയുള്ളു. അൽപം മാന്യതയോ, സൽബുദ്ധിയോ ഉള്ളവരാരും അതിനു മുതിരുകയില്ലതന്നെ. ‘വിശ്വസിച്ചവരേ’ എന്നു വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കയാൽ ഓരോ മുസ്‌ലിമും അവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. والله موفق

സൽക്കർമങ്ങളെ കാർന്നുതിന്നുന്നതും, ഏറെക്കുറെ മിക്ക ആളുകളിലും കണ്ടേക്കുന്നതുമായ ഒരു ദുസ്വഭാവമത്രെ ‘ഗീബത്തു’ (الغيبة) അഥവാ പരദൂഷണം. ഗീബത്തു എന്നാലെന്താണെന്നു സ്വഹാബികൾക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചുകൊടുത്തത് ഇങ്ങിനെയാണ്: ذِكرُكَ أَخَاكَ بما يَكرَهُ (നീ നിന്റെ സഹോദരനെക്കുറിച്ച് അവനു വെറുപ്പുള്ള കാര്യം പ്രസ്താവിക്കലാണ്.) ‘എന്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉണ്ടായിരുന്നാലോ?’ എന്നു ചോദിക്കപ്പെട്ടപ്പോൾ തിരുമേനി പറഞ്ഞു:

إنْ كَانَ فِيهِ مَا تَقُولُ فَقَدْ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ – مسلم

(നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ ‘ഗീബത്തു’ പറഞ്ഞു. അതവനിൽ ഇല്ലെങ്കിലോ നീ അവനെക്കുറിച്ചു നുണ കെട്ടിപ്പറഞ്ഞു. (മുസ്‌ലിം.) ഒരാൾ തന്റെ സഹോദരന്റെ മരണശേഷം അവന്റെ മാംസം തിന്നുന്നതിനു തുല്യമാണ് പരദൂഷണം എന്നു അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. എത്ര ഭയങ്കര പാപമാണ്‌ അതെന്ന്‌ ഈ ഉപമയിൽനിന്നു മനസ്സിലാക്കാം. മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞതു ഇപ്രകാരമായിരുന്നു: الْمُسْلِمُ مَنْ سَلَمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ – متفق عليه (ഏതൊരുവന്റെ നാവിൽ നിന്നും, കയ്യിൽ നിന്നും മുസ്‌ലിംകൾ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്. (ബു: മു)

ഒന്നിലധികം മാർഗങ്ങളിൽകൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങിനെ വായിക്കാം: ‘അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാൾ സംസാരിക്കുമ്പോൾ, അതിനു ഒരു നിലയും വിലയും ഉള്ളതായി അവൻ ധരിച്ചിരിക്കയില്ല. എങ്കിലും അതുമൂലം അല്ലാഹു അവനു പല പദവികൾ ഉയർത്തികൊടുക്കുന്നതായിരിക്കും. ഒരാൾ അല്ലാഹു കോപിക്കുന്ന ഒരു വാക്കു സംസാരിക്കുമ്പോൾ, അയാൾ അതിനു ഒരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല, എങ്കിലും അതുമൂലം അവൻ നരകത്തിൽ ആഴ്ന്നുപോയേക്കും’. വാചകങ്ങളിൽ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും, മുസ്‌ലിമും (رحمهما الله ) മറ്റും ഈ ഹദീഥ് ഉദ്ധരിച്ചുകാണാം. സംസാരത്തിൽ പൊതുവെയും, മറ്റൊരാളെപ്പറ്റി ഗുണദോഷിക്കുമ്പോൾ പ്രത്യേകിച്ചും വളരെ ഗൗനിക്കേണ്ടതുണ്ടെന്നു ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതാകുന്നു. ഒരിക്കൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രിയപത്നി ആയിശഃ (رضي الله عنها) തന്റെ സഹകളത്രയായ ഹഫ്സ്വഃ (رضي الله عنها) യെപ്പറ്റി ‘കുറിയവൾ’ (قصيرة) എന്നു കൈകൊണ്ടു ആംഗ്യം കാണിച്ചപ്പോൾ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓർമിച്ചിരിക്കേണ്ടതാണ്;

لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ – أبو داودو الترمذي (സമുദ്രജലത്തിൽ കലർത്തിയാൽ അതിനെ കുലുക്കുമാറുള്ള ഒരു വാക്കാണ്‌ നീ പറഞ്ഞത്!) ഇങ്ങിനെയുള്ള വസ്തുതകളാണ് واتقوا الله (അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം) എന്ന വാക്യം സൂചിപ്പിക്കുന്നത്. തുടർന്നുകൊണ്ടു പശ്ചാത്താപത്തിന്റെ കാര്യവും ഓർമിപ്പിച്ചിരിക്കുന്നു.

49:13
 • يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ﴾١٣﴿
 • ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.
 • يَا أَيُّهَا النَّاس ഹേ മനുഷ്യരേ إِنَّا خَلَقْنَاكُم നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു مِّن ذَكَرٍ ഒരു ആണിൽ നിന്ന് وَأُنثَىٰ ഒരു പെണ്ണിൽനിന്നും وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു شُعُوبًا ശാഖകൾ وَقَبَائِلَ ഗോത്രങ്ങളും لِتَعَارَفُوا നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ إِنَّ أَكْرَمَكُمْ നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ, മാന്യൻ عِندَ اللَّـهِ അല്ലാഹുവിങ്കൽ أَتْقَاكُمْ നിങ്ങളിൽ അധികം തഖ്‌വാ (സൂക്ഷ്മത, ഭയഭക്തി) ഉള്ളവനാണ് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ സർവ്വജ്ഞനാണ് خَبِيرٌ സൂക്ഷ്മജ്ഞാനിയാണ്

കഴിഞ്ഞ ആയത്തുകൾ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ടുള്ളതായിരുന്നു. ഈ ആയത്താകട്ടെ, മനുഷ്യലോകത്തെ ആകമാനം അഭിമുഖീകരിച്ചുകൊണ്ടാണുള്ളത്. ലോകരാഷ്ട്രങ്ങൾ അൽപം ദശവർഷങ്ങൾക്ക് മുമ്പു മാത്രം പ്രഖ്യാപനം ചെയ്യാൻ ധൈര്യപ്പെട്ടതും, പ്രഖ്യാപിച്ചവർക്കുപോലും ശരിക്ക് പ്രായോഗികരംഗത്ത്‌ വരുത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതുമായ ഒരു തത്വം, ഈ വിശുദ്ധവചനം മുഖേന ഖുർആൻ ആയിരത്തിനാനൂറ് കൊല്ലംമുമ്പ് ജനമദ്ധ്യേ തുറന്ന ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്: മനുഷ്യരേ, നിങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്; ആദമിന്റെയും ഹവ്വാഇന്റെയും സന്തതികളാണ്- നിങ്ങൾക്കിടയിൽ ആഭിജാത്യത്തിന്റെ പേരിലോ, തൊലിവർണത്തിന്റെ പേരിലോ മറ്റോ ഉച്ചനീചത്വമില്ല. എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടികളും ഒരേ കുടുംബത്തിലെ പൗരൻമാരുമാണ്. അതേസമയത്ത്‌ അല്ലാഹു നിങ്ങളെ ചില ശാഖകളും ഗോത്രങ്ങളുമാക്കിവെച്ചിട്ടുണ്ട്. ഇത് ഉൽകൃഷ്ടതയുടെയോ, നികൃഷ്ടതയുടെയോ അടിസ്ഥാനത്തിലല്ല, നിങ്ങൾ അന്യോന്യം തിരിച്ചറിയുവാനും പരിചയപ്പെടുവാനുംവേണ്ടി മാത്രമാകുന്നു. പക്ഷേ, നിങ്ങൾക്കിടയിൽ ഉയർച്ചയും താഴ്ചയും കണക്കാക്കുന്ന മറ്റൊരു മാനദണ്ഡമുണ്ട്. അത് ‘തഖ്‌വാ’ യാകുന്നു. അതെ, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരാരോ അവർ ഉന്നതൻമാരും, അല്ലാത്തവർ അധമൻമാരും, ഏറ്റവും ഭയഭക്തൻ ആരോ അവനാണ് അവന്റെ അടുക്കൽ ഏറ്റവും ആദരണീയൻ.

ഈ വചനത്തിന്റെ ആശയം വിശദീകരിക്കുന്ന പല നബിവചനങ്ങളും ഹദീഥുഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ഉദാഹരണാർത്ഥം ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം:

1) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും, സ്വത്തുക്കളിലേക്കും നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നോക്കുന്നു.’ (മു.)

2) മക്കാവിജയ ദിവസം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഹേ, മനുഷ്യരേ, മനുഷ്യർ രണ്ടുതരം ആളുകളാണ്: പുണ്യവാനും, സൂക്ഷ്മതയുള്ളവനും, അല്ലാഹുവിങ്കൽ ആദരണീയനുമായവൻ ഒന്ന്. ദുഷ്ടനും, ദുർമാർഗിയും അല്ലാഹുവിങ്കൽ നിന്ദ്യനുമായുള്ളവൻ മറ്റൊന്ന്. എല്ലാവരും ആദമിന്റെ സന്താനങ്ങളാണ്. ആദമിനെ അല്ലാഹു മണ്ണിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു’. പിന്നീട് തിരുമേനി ഈ ആയത്ത് ഓതുകയും ചെയ്തു. (തി; ബ.)

3) തിരുമേനിയുടെ ഒടുക്കത്തെ ഹജ്ജിൽ ചെയ്ത പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു: ‘മനുഷ്യരേ, അറിഞ്ഞേക്കുക: നിങ്ങളുടെ റബ്ബ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനെക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന് അറബിയെക്കാളും ഇല്ല; കറുത്തവന് ചുവന്നവനെ (വെള്ളക്കാരനെ)ക്കാളും ഇല്ല; ചുവന്നവന് കറുത്തവനെക്കാളും ഇല്ല- ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു.’ (ബ)

4) ‘നിശ്ചയമായും ജാഹിലിയ്യാ കാലത്തിലെ ഡംഭും, പിതാക്കളുടെ പേരിലുള്ള ഗർവും നാട്യവും അല്ലാഹു നിങ്ങളിൽ നിന്നു എടുത്തു കളഞ്ഞിരിക്കുന്നു. നിങ്ങളെല്ലാവരും ആദമിനും ഹവ്വാഇന്നും ഉള്ളവരത്രെ.’ (ബ.)

മനുഷ്യപിതാവ് ആദം നബി (അ)യാണോ അല്ലേ? മനുഷ്യരെയെല്ലാം ഒരേ ദേഹത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു (خَلَقْنَاكُم مِّن نَّفْسٍ وَاحِدَةٍ) എന്നു വേറെ സ്ഥലങ്ങളിൽ ഖുർആൻ പ്രസ്താവിച്ചിട്ടുള്ളതും,ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചു (خَلَقْنَاكُم مِنْ ذَكَرٍ وَأُنْثَى) എന്ന്‌ പ്രസ്താവിച്ചിട്ടുള്ളതും തമ്മിൽ വല്ല പൊരുത്തക്കേടും ഉണ്ടോ? ഇതിനെപ്പറ്റിയും, ഈ വിഷയത്തിൽ ചിലർക്കുള്ള ആശയകുഴപ്പങ്ങളെപ്പറ്റിയും സൂറത്ത്- സുമർ, 6–ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം വിവരിച്ചു പറഞ്ഞിട്ടുള്ളത് ഓർക്കുക.

49:14
 • قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٤﴿
 • ‘അഅ്റാബികൾ’ [മരുഭൂവാസികളായ അറബികൾ] പറയുന്നു: ‘ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു’ എന്ന്. പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല. എങ്കിലും, ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ [കീഴ്പ്പെട്ടിരിക്കുന്നു] എന്ന് നിങ്ങൾ പറഞ്ഞേക്കുക. നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം (ഇതുവരെയും) പ്രവേശിച്ചിട്ടേയില്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം, നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
 • قَالَتِ പറഞ്ഞു, പറയുന്നു الْأَعْرَابُ മരുഭൂവാസികളായ( ഗ്രാമീണരായ) അറബികൾ آمَنَّا ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്നു قُل പറയുക لَّمْ تُؤْمِنُوا നിങ്ങൾ വിശ്വസിച്ചിട്ടല്ല وَلَـٰكِن قُولُوا എങ്കിലും നിങ്ങൾ പറഞ്ഞേക്കുക, أَسْلَمْنَا ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്നു وَلَمَّا يَدْخُلِ പ്രവേശിച്ചിട്ടേയില്ല الْإِيمَانُ സത്യവിശ്വാസം فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിൽ وَإِن تُطِيعُوا നിങ്ങൾ അനുസരിക്കുന്ന പക്ഷം اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും لَا يَلِتْكُم അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം) വരുത്തുകയില്ല مِّنْ أَعْمَالِكُمْ നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് شَيْئًا യാതൊന്നും, ഒട്ടും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
49:15
 • إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ ﴾١٥﴿
 • നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സന്ദേഹപ്പെടാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ (ധർമ്മ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു. അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ.
 • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ الَّذِينَ آمَنُوا വിശ്വസിച്ചവരത്രെ بِاللَّـهِ അല്ലാഹുവിൽ وَرَسُولِهِ അവന്റെ റസൂലിലും ثُمَّ പിന്നെ എന്നിട്ട് لَمْ يَرْتَابُوا അവർ സന്ദേഹം (സംശയം) വെച്ചതുമില്ല وَجَاهَدُوا അവർ സമരവും ചെയ്തു بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കൾ കൊണ്ട് وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങളും (കൊണ്ട്) فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ أُولَـٰئِكَ هُمُ അക്കൂട്ടർ തന്നെയാണ് الصَّادِقُونَ സത്യവാൻമാർ, സത്യം പറഞ്ഞവർ

മദീനഃയുടെ വെളിപ്രദേശങ്ങളിൽ പാർക്കുന്ന മരുഭൂവാസികളായ ‘അസദ്‘ ഗോത്രത്തിൽ പെട്ട കുറെ ആളുകൾ തങ്ങൾക്കു ക്ഷാമം പിടിപെട്ട അവസരത്തിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമീപിക്കുകയുണ്ടായി. പല അറബി ഗോത്രങ്ങളും ചെയ്തതുപോലെ തങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി യുദ്ധത്തിനു പുറപ്പെട്ടിട്ടില്ലഅത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് തങ്ങൾ ചെയ്ത ഔദാര്യമായിരുന്നുതങ്ങൾ ഇപ്പോൾ വളരെ പ്രാരാബ്ധത്തിലും വിഷമത്തിലും അകപ്പെട്ടിരിക്കുകയാണ് എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അവർ ഉണർത്തുകയുംവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുസ്വത്തിൽനിന്ന് തങ്ങൾക്കു വല്ലതും തന്നു സഹായിക്കണമെന്നായിരുന്നു അവരുടെ വരവിന്റെ ആവശ്യംഇവരെപ്പറ്റിയാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. വിശ്വാസം നാവുകൊണ്ട് പ്രകടമാക്കിയാൽ പോരാഅത് ഹൃദയത്തിൽ സ്ഥാനം പിടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയത്തിൽ ഇതുവരെയും വിശ്വാസം പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. പക്ഷെനിങ്ങൾ ഇസ്‌ലാമിനെതിരിൽ സമരം നടത്താതെ അടങ്ങിയിരുന്ന സ്‌ഥിതിക്ക്‌ أَسْلَمْنَا ( ഞങ്ങൾ കീഴൊതുങ്ങി) എന്ന് പറയാമെന്നല്ലാതെ آمِنًا (ഞങ്ങൾ വിശ്വസിച്ചു) എന്ന് പറയുവാൻ നിങ്ങൾക്ക് അവകാശമില്ല. യാതൊരു സന്ദേഹത്തിനും ഇടമില്ലാത്തവണ്ണം അല്ലാഹുവിലും റസൂലിലും മനപൂർവ്വം വിശ്വസിക്കണം. മനസ്സിൽ വിശ്വസിച്ചുവെച്ചാലും പോരാഅത് പ്രവർത്തനത്തിൽ പ്രകടമാക്കുകയും അങ്ങിനെ അല്ലാഹുവിന്റെ മാർഗത്തിൽ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുകയും വേണ്ടതുണ്ട്. എന്നാൽ മാത്രമേ നിങ്ങൾ യഥാർത്ഥ വിശ്വാസികളാവുകയുള്ളൂഎന്നൊക്കെയാണ് അവരെ ഉൽബോധിപ്പിക്കുന്നത്.

‘ഈമാൻ’ എന്നത് വിശ്വാസത്തെ കുറിക്കുന്നു. ആ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലുള്ള അനുസരണവും പ്രവർത്തനവുമാണ് ‘ഇസ്‌ലാം’ഈമാൻ കൂടാതെയുള്ള ഇസ്‌ലാം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഈമാന്റെ അനിവാര്യ ഫലമത്രെ ഇസ്‌ലാം. അതേസമയത്ത് ഇസ്‌ലാം ഉണ്ടായതുകൊണ്ട് ഈമാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് അഅ്റാബി‘ കളോട് ഈമാൻ സ്വീകരിച്ചു എന്ന് പറയരുതെന്നും ഇസ്‌ലാം സ്വീകരിച്ചു എന്ന് പറഞ്ഞാൽ മതിയെന്നും കല്പിച്ചത്. കപടവിശ്വാസികൾ എന്ന ഒരു വിഭാഗം ആളുകളുണ്ടാകുന്നതും ഇതുകൊണ്ടാണ്. പക്ഷെ, ഹൃദയത്തിൽ വിശ്വാസമുണ്ടോ എന്നറിയുവാൻ മനുഷ്യനു സാധ്യമല്ല. അല്ലാഹുവിനു മാത്രമേ അതറിയുകയുള്ളൂ. എങ്കിലുംഇസ്‌ലാമിനെ അംഗീകരിച്ചു കാണുന്ന ഏവരെക്കുറിച്ചും അവർ മുസ്‌ലിമും മുഅ്മിനും ആണെന്നു – അഥവാ ഇസ്‌ലാമും ഈമാനും കൂടിയുണ്ടെന്നു – വിധി കൽപിക്കുവാനെ നമുക്ക് നിർവ്വാഹമുള്ളൂ. ഇസ്ലാമിന്റെ നിയമവും അത് തന്നെ. ലക്ഷ്യവുംതെളിവും വർദ്ധിക്കുന്തോറും ഈമാൻ ശക്തിപ്പെട്ടുകൊണ്ടിരിക്കും. സൽക്കർമങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്യും. നേരെമറിച്ച് ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഈമാനെ ക്ഷയിപ്പിക്കുകയും, ദുഷ്ക്കർമങ്ങൾ അതിനു തേയ്മാനം വരുത്തുകയും ചെയ്യും. ഈമാനും ഇസ്‌ലാമും ഒന്ന് തന്നെയാണെന്ന് ചില തൽപ്പര കക്ഷികൾ വാദിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഖുർആനിൽ നിന്നും ഹദീസിൽനിന്നും വേറെ പല തെളിവുകളാൽ ആ വാദം ശരിയല്ലെന്ന് സ്‌ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ അതിനെപ്പറ്റി കൂടുതൽ സ്പർശിക്കുന്നില്ല.

സത്യവിശ്വാസികളുടെ ഗുണങ്ങൾ വിവരിച്ചകൂട്ടത്തിൽവിശ്വസിച്ചിട്ട് പിന്നെ സന്ദേഹപ്പെട്ടതുമില്ല (ثُمَّ لَمْ يَرْتَابُوا) എന്ന് പറഞ്ഞുവല്ലോ. തെളിവുകൾ മുഖേന – യാതൊരുസംശയത്തിനും പഴുതില്ലാത്തവിധം – ഒരുവിഷയത്തിൽ വിശ്വാസം ഉണ്ടായിത്തീർന്നശേഷം വീണ്ടും പുതിയ തെളിവുകൾ ലഭിക്കുകയോവിശ്വസിക്കപ്പെട്ട കാര്യം നേരിൽ കണ്ടു അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ആ വിശ്വാസം പൂർവ്വാധികം ശക്തിപ്പെടുമെന്നുംമനസ്സിന് കൂടുതൽ സമാധാനവുംസംതൃപ്തിയും ഉണ്ടായിത്തീരുമെന്നും പറയേണ്ടതില്ല. ഇതുകൊണ്ട് മുമ്പത്തെ വിശ്വാസം സംശയാസ്പദമായിരുന്നുവെന്നോഅപൂർണ്ണമായിരുന്നുവെന്നോ വരുന്നില്ലതാനും. (സൂ: ജാഥിയ: 3 – 5 ലും വിവരണത്തിലും വിശ്വാസത്തിന്റെ ഇനങ്ങളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.) ആകാശത്തിലൂടെ പറന്ന്‍ പായുന്ന വിമാനം കണ്ടിട്ടില്ലാത്തതുകൊണ്ട് ഇന്ന് അതിനെ ആരും നിഷേധിക്കുകയോഅതിൽസംശയിക്കുകയോ ഇല്ല. അങ്ങനെ ഒന്നില്ലെന്ന്‍ പറഞ്ഞാൽ ആരും അത് സമ്മതിക്കുകയുമില്ല. പക്ഷെകണ്ണിൽ കണ്ടു കഴിയുമ്പോൾ ഉണ്ടാകുന്ന മനഃസ്സമാധാനവും സംതൃപ്തിയും അതിന്റെ മുമ്പ് അവർക്ക് തീർച്ചയായും ഉണ്ടായിരിക്കയില്ല. ഓരോ മുസ്‌ലിമും മലക്കുകളിൽ വിശ്വസിക്കുന്നു. പക്ഷേ മലക്കിനെ കണ്ടിട്ടുള്ള പ്രവാചകനും അല്ലാത്തവരും ഒരു പോലെയാണോ?!

മരണപ്പെട്ടവരെ അല്ലാഹു ജീവിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ ആശങ്കയോ സംശയമോ കൂടാതെപരിപൂർണ്ണമായും വിശ്വസിച്ച പ്രവാചകവര്യനാണ് ഇബ്റാഹീം നബി(عليه السلام) എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അദ്ദേഹം അല്ലാഹുവിനോട് ‘ മരണപ്പെട്ടവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നത് എന്ന്‍ എനിക്ക് കാണിച്ചു തരേണമേ!‘ (رَبِّ أَرِنِي كَيْفَ تُحْيِ الْمَوْتَى) എന്ന്‍ പ്രാർത്ഥിച്ചതായി സൂ: അൽബക്വറഃ 260ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇതിനുള്ള കാരണം മേൽപറഞ്ഞതിൽനിന്ന് മനസ്സിലാക്കാം. മാത്രമല്ല, “നീ വിശ്വസിച്ചിട്ടില്ലേ?” (أَوَلَمْ تُؤْمِن) എന്ന് അല്ലാഹു അദ്ദേഹത്തോട് ചോദിച്ചതായുംഅദ്ദേഹം, ‘ഇല്ലാതെ! എങ്കിലും എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാണ്.‘ (بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِي) എന്ന് അദ്ദേഹം ഉത്തരം പറഞ്ഞതായും അവിടെ തുടർന്ന് പറഞ്ഞിരിക്കുന്നു. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിച്ചു കണ്ടെങ്കിലേ താനത് വിശ്വസിക്കുകയുള്ളൂവെന്ന അർത്ഥത്തിലോജീവിപ്പിക്കുന്നതിനെപ്പറ്റി തനിക്ക് അൽപമെങ്കിലും സംശയം തോന്നിയതുകൊണ്ടോ അല്ല ഇബ്റാഹീം (അ) ഈ പ്രാർത്ഥന ചെയ്തതെന്ന് വക്രബുദ്ധികളല്ലാത്ത ഏവർക്കും വ്യക്തമാണ്.

എന്നിരിക്കെ, 15-ാം വചനത്തിലെ ثُمَّ لَمْ يَرْتَابُوا (പിന്നെ അവർ സന്ദേഹപ്പെട്ടതുമില്ല) എന്ന വാക്കിന്റെ മറവുപിടിച്ചുംകൊണ്ട് അല്ലാഹു മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുമെന്നതിൽ ഇബ്റാഹീം നബി (عليه السلام) ക്കു വിശ്വാസമുണ്ടായിരുന്നില്ലേഅദ്ദേഹത്തിന് അതിനുമുമ്പ് ആ വിഷയത്തിൽ മനസ്സമാധാനമില്ലാതെ സംശയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവോ എന്നൊക്കെ പരിഹാസപൂർവ്വം ചിലർ ചോദിക്കുന്നതിന്റെ രഹസ്യം ആർക്കും അജ്ഞാതമല്ല. തങ്ങളുടെ ഭൗതികശാസ്ത്രങ്ങൾക്ക് അനുകൂലിക്കുവാൻ കഴിയാത്ത ഏതൊരു കാര്യവും ഖുർആനിലോ മറ്റോ വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചുകണ്ടാൽമനസ്സുകൊണ്ട് അതിനെ വെറുക്കുകയുംനാവുകൊണ്ട് അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഒപ്പിക്കുകയും ചെയ്യാൻ മിനക്കെടുന്നവരാണ് ഈ ചോദ്യകർത്താക്കൾ. മരണപ്പെട്ടവരെ ഈ ലോകത്തുവെച്ച് ജീവിപ്പിക്കുകയെന്ന കാര്യം ഇവരുടെ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതാകകൊണ്ട് (أَرِنِي كَيْفَ تُحْيِي الموتى) (മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാട്ടിത്തരണേ!) എന്ന വാക്യത്തിന് ‘നിർജ്ജീവമായ ഹൃദയങ്ങളെ എങ്ങനെയാണ് നീ ഉദ്ധരിക്കുക എന്ന് കാട്ടിത്തരണം‘ എന്നത്രെ ഇവർ കൽപ്പിക്കുന്ന അർത്ഥം. ليطمئن قلبي (എന്റെ മനസ്സ് സമാധാനമടയുവാൻ) എന്ന വാക്കിന് എന്റെ സംശയവും അസ്വാസ്ഥ്യവും തീർന്ന്‍ എന്റെ മനസ്സിന് സമാധാനം ലഭിക്കുവാൻ എന്നാണ് ഇവർ നൽകുന്ന വ്യാഖ്യാനം. ഖുർആനിൽ അല്ലാഹു ഉപയോഗിച്ച പല വാക്കുകളും അസ്‌ഥാനത്തായിപ്പോയിട്ടുണ്ടെന്നായിരിക്കും ഇവരുടെ ഇത്തരം ചില അർത്ഥവ്യാഖ്യാനം കാണുമ്പോൾ തോന്നിപ്പോകുക! الله اكبر സന്ദർഭവശാൽ ഈ വിഷയം ഇവിടെ സ്പർശിച്ചുവെന്നേയുള്ളൂ. ഇതിനെപ്പറ്റി സൂ: അൽബക്വറഃയിൽ വെച്ച് കൂടുതൽ വിവരിച്ചിട്ടുണ്ട്.

49:16
 • قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾١٦﴿
 • (നബിയേ) പറയുക: നിങ്ങളുടെ മത (വിശ്വാസ)ത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?! അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അറിയുന്നു; അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.
 • قُلْ നീ പറയുക أَتُعَلِّمُون നിങ്ങൾ പഠിപ്പിക്കുക (അറിയിക്കുക)യോ اللَّـهَ അല്ലാഹുവിനെ بِدِينِكُمْ നിങ്ങളുടെ മതത്തെ പറ്റി وَاللَّـهُ അല്ലാഹുവാകട്ടെ يَعْلَمُ അവൻ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും عَلِيمٌ അറിവുള്ളവനാണ്
49:17
 • يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ ﴾١٧﴿
 • അവർ 'ഇസ്‌ലാം' സ്വീകരിച്ചത് [കീഴൊതുങ്ങിയത്], നിന്റെമേൽ (അവർ ചെയ്ത) ദാക്ഷിണ്യമായി അവർ (എടുത്തു)കാട്ടുന്നു. പറയുക: 'നിങ്ങളുടെ ഇസ്ലാമിനെ [കീഴൊതുക്കത്തെ] എന്റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്. പക്ഷേ, നിങ്ങൾക്ക് സത്യവിശ്വാസത്തിലേക്ക് മാർഗദർശനം നൽകിയതിനെ അല്ലാഹു നിങ്ങളുടെമേൽ (അങ്ങോട്ട്) ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്; നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ.'
 • يَمُنُّون അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായി പറയുന്നു, ഉപകാരമെടുത്തു കാട്ടുന്നു عَلَيْكَ നിൻെറ മേൽ, നിന്നോട് أَنْ أَسْلَمُوا അവർ ഇസ്ലാം സ്വീകരിച്ചത് قُل നീ പറയുക, لَّا تَمُنُّوا നിങ്ങൾ ദാക്ഷിണ്യമായി കാട്ടരുത്, കാട്ടേണ്ടതില്ല عَلَىَّ എൻെറ മേൽ إِسْلَامَكُم നിങ്ങളുടെ ഇസ്ലാമിനെ بَلِ اللَّـهُ എങ്കിലും (പക്ഷേ) അല്ലാഹു يَمُنُّ عَلَيْكُمْ നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു أَنْ هَدَاكُمْ അവൻ നിങ്ങൾക്ക് മാർഗദർശനം ചെയ്തത്, വഴികാട്ടിയത് لِلْإِيمَانِ സത്യവിശ്വാസത്തിലേക്ക് إِن كُنتُمْ നിങ്ങളാണെങ്കിൽ صَادِقِينَ സത്യവാൻമാർ, സത്യം പറയുന്നവർ
49:18
 • إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ ﴾١٨﴿
 • നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
 • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു غَيْبَ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യ കാര്യം, (മറഞ്ഞത്) وَالْأَرْضِ ഭൂമിയിലെയും وَاللَّـهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി

14-ാം വചനത്തിൽ പ്രസ്താവിച്ച ആ അഅ്റാബികളെ സംബന്ധിച്ചാണ് പറയുന്നത്. അവരുടെ പ്രസ്താവനകളും ഭാവവും കണ്ടാൽഅല്ലാഹുവിന് അവരുടെ സ്ഥിതിഗതികൾ ഒന്നും അറിയുകയില്ല, അവർ മുസ്ലിംകളാണെന്നും വിശ്വസിച്ചിട്ടുണ്ടെന്നും അവർ അല്ലാഹുവിനെ പറഞ്ഞു പഠിപ്പിക്കുകയാണ് എന്നും തോന്നിപ്പോകും. ആകാശഭൂമികളിലുള്ള എല്ലാ കാര്യവും അറിയുന്നവനാണ് അല്ലാഹു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് അവരുടെ സംസാരം. മാത്രമല്ലഅവർ ഇസ്ലാമിനെ അംഗീകരിക്കുന്നതുംശത്രുപക്ഷത്ത് ചേർന്ന് യുദ്ധത്തിനൊരുങ്ങാതിരുന്നതും അവർ ചെയ്ത ദയാദാക്ഷിണ്യമാണെന്നുംഅതിന്റെ പേരിൽ അല്ലാഹുവും റസൂലും അവരോട് കടപ്പെട്ടിട്ടുണ്ടെന്നുമാണ് അവരുടെ നില. സത്യവിശ്വാസം സ്വീകരിച്ചുവെന്നുംതങ്ങൾ മുസ്‌ലിംകളാണെന്നും അവർ പറയുന്നത് വാസ്തവമാണെങ്കിൽകാര്യം നേരെ മറിച്ചാണുള്ളത്. കാരണംഅതിനുള്ള പ്രചോദനവും മനഃസ്ഥിതിയും അവരിൽ ഉളവാക്കി സത്യത്തിലേക്ക് നയിച്ചത് അല്ലാഹുവാണ്. അതിന്റെ ഫലം അവർക്കുതന്നെയാണ് താനും. എന്നിരിക്കെഅല്ലാഹു അവർക്ക് അങ്ങോട്ടാണ് ദാക്ഷിണ്യം ചെയ്ത് കൊടുത്തിരിക്കുന്നത്. അവർ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുകയാണ്. അവരോട് യാതൊരു കടപ്പാടും അല്ലാഹുവിന്നാകട്ടെറസൂലിന്നാകട്ടെ ഇല്ല എന്ന് സാരം. തങ്ങളുടെ പ്രവൃത്തികളടക്കമുള്ള എല്ലാ രഹസ്യ പരസ്യങ്ങളും- ചെറുതുംവലുതുമെന്ന വ്യത്യാസം കൂടാതെ- അല്ലാഹു അറിയുമെന്ന ബോധമില്ലാത്തത്കൊണ്ടാണല്ലോ ഇത്തരം ധാരണകളും പ്രസ്താവനകളും അവരിൽനിന്ന് ഉണ്ടായിത്തീരുന്നത്. അതുകൊണ്ട് അവസാനത്തെ വചനത്തിൽഅല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണെന്ന് ഒന്നുകൂടി ഊന്നി പറഞ്ഞിരിക്കുകയാണ്.

ഹുനൈൻ യുദ്ധത്തിൽ ലഭിച്ച ‘ഗനീമത്ത്’ സ്വത്തുകൾ ഭാഗിച്ചപ്പോൾചില പ്രത്യേക കാരണങ്ങളെ മുൻനിർത്തി ചില ആളുകൾക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൂടുതൽ കൊടുക്കുകയുണ്ടായി. ഇത് ‘അൻസ്വാരി’കൾക്കിടയിൽ അൽപമൊരു മുറുമുറുപ്പിന് കാരണമായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിളിച്ചു കൂട്ടി ഉപദേശിക്കുകയും സംഗതി വിവരിച്ചുകൊടുക്കുകയും ചെയ്തപ്പോൾതങ്ങളുടെ പക്കൽവന്നുപോയ അബദ്ധത്തിൽ അവരെല്ലാം വ്യസനിക്കുകയുംകരയുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് സംസാരിച്ച കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: ഹേഅൻസ്വാരികളെ നിങ്ങൾ വഴിപിഴച്ചവരായിരുന്നുഎന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ നേർമാർഗത്തിലാക്കിയില്ലേനിങ്ങൾ ദരിദ്രൻമാരായിരുന്നുഎന്നിട്ട് ഞാൻ മുഖാന്തരം നിങ്ങളെ ധന്യരാക്കിയില്ലേനിങ്ങൾ ശത്രുക്കളായിരുന്നുഎന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളുടെ മനസ്സുകൾക്കിടയിൽ ഇണക്കിച്ചേർത്തില്ലേ? ألم أجدكم ضلالاً فهداكم الله بي، وعالة فأغناكم الله بي، واعداء فالف بين قلوبكم بي ഈ ഓരോന്നിലും അൻസ്വാരികൾ ഇങ്ങനെ ഉത്തരം പറഞ്ഞു: അതെഅല്ലാഹുവുംഅവന്റെ റസൂലുമാണ് ഏറ്റവും ദാക്ഷിണ്യം ചെയ്തവർ’ (الله ورسوله أمن)

اللهم لك الحمد ولك الفضل والمنة

[التبىض ليلة الإثنين ٢٨ جمادي الأخرى ١٣٩٠ها٧٠/٨/٣٠ والسويد ٦٢/٦/٣ م]