സൂറത്തു ത്വാഹാ : 55-76
വിഭാഗം - 3
- ۞ مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ ﴾٥٥﴿
- അതില്‍ [ഭൂമിയില്‍] നിന്നുതന്നെ നിങ്ങളെ നാം സൃഷ്ടിച്ചു, അതില്‍തന്നെ നിങ്ങളെ നാം മടക്കുന്നു, അതില്‍ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരുകയും ചെയ്യും.
- مِنْهَا അതില്‍ നിന്നു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു وَفِيهَا അതില്‍ തന്നെ نُعِيدُكُمْ നിങ്ങളെ നാം മടക്കുന്നു وَمِنْهَا അതില്‍നിന്നു തന്നെ نُخْرِجُكُمْ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു (ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു) تَارَةً أُخْرَىٰ മറ്റൊരു പ്രാവശ്യം.
مَهْد (തൊട്ടില്‍) എന്ന പദത്തിനു ശിശുക്കള്‍ക്കു കിടക്കുവാന്‍ സൗകര്യപ്പെടുത്തുന്ന ‘വിരിപ്പു’ എന്നാണു സാക്ഷാല്‍ അര്‍ത്ഥം. യഥേഷ്ടം ഇരിക്കുവാനും, കിടക്കുവാനും, നടക്കുവാനും, ജോലിചെയ്‌വാനുമെല്ലാം ഉതകുന്ന വിധത്തില്‍ പാകപ്പെടുത്തിയിരിക്കുന്നുവെന്നാണ് ‘ഭൂമിയെ തൊട്ടിലാക്കിത്തന്നു’വെന്നു പറഞ്ഞതിന്റെ താല്‍പര്യം. എല്ലാവരും നിത്യവും കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്നതും, ബുദ്ധിയുള്ളവര്‍ക്കെല്ലാം ചിന്തിച്ചറിയാവുന്നതുമായ ചില ദൃഷ്ടാന്തങ്ങളാണ് അല്ലാഹു ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തിനും, അവനാണ് സൃഷ്ടാവും, രക്ഷിതാവും, ആരാധ്യനും എന്നതിനും അവ ഓരോന്നും തെളിവുകളാകുന്നു. മനുഷ്യനെ അവന്‍ മണ്ണില്‍നിന്നുതന്നെ സൃഷ്ടിച്ചു. മനുഷ്യന്‍ മരിച്ചുപോകുന്നതും മണ്ണിലേക്കുതന്നെ. ആദ്യം മണ്ണില്‍നിന്നു ഉല്‍പാദിപ്പിച്ച അവനു അതേ മണ്ണില്‍നിന്നു മനുഷ്യനെ വീണ്ടും ഒന്നുകൂടി എഴുന്നേല്‍പിക്കുവാന്‍ കഴിയുമെന്നുള്ളതില്‍ ഒട്ടും സംശയത്തിനു അവകാശമില്ലലോ. അല്ലാഹു ഫിര്‍ഔനിന്റെ കഥ തുടരുന്നു:-
- وَلَقَدْ أَرَيْنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ﴾٥٦﴿
- അവനു [ഫിര്‍ഔനിനു] നാം നമ്മുടെ ദൃഷ്താന്തങ്ങളെല്ലാം തീര്‍ച്ചയായും കാണിച്ചുകൊടുത്തു; എന്നിട്ടും, അവന്‍ വ്യാജമാക്കുകയും വിസമ്മതിക്കുകയും ചെയ്തു.
- وَلَقَدْ തീര്‍ച്ചയായും നാം أَرَيْنَاهُ അവനു കാണിച്ചുകൊടുത്തു آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلَّهَا അതെല്ലാം فَكَذَّبَ എന്നിട്ടു അവര്‍ വ്യാജമാക്കി وَأَبَىٰ അവന്‍ വിസമ്മതിക്കുകയും ചെയ്തു (കൂട്ടാക്കിയില്ല).
- قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَٰمُوسَىٰ ﴾٥٧﴿
- അവന്‍ (മൂസായോടു) പറഞ്ഞു: 'ഞങ്ങളുടെ നാട്ടില്‍നിന്നു നിന്റെ ജാലവിദ്യകൊണ്ടു ഞങ്ങളെ പുറത്താക്കുവാന്‍ വേണ്ടി, നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ - മൂസാ?!
- قَالَ അവന്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِتُخْرِجَنَا ഞങ്ങളെ പുറത്താക്കുവാന്‍ مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍) നിന്നു بِسِحْرِكَ നിന്റെ ജാലവിദ്യകൊണ്ടു يَا مُوسَىٰ ഹേ മൂസാ.
- فَلَنَأْتِيَنَّكَ بِسِحْرٍ مِّثْلِهِۦ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَّا نُخْلِفُهُۥ نَحْنُ وَلَآ أَنتَ مَكَانًا سُوًى ﴾٥٨﴿
- എന്നാല്‍, നിശ്ചയമായും ഇതേമാതിരിയുള്ള ജാലവിദ്യ നിന്റെ അടുക്കല്‍ ഞങ്ങളും കൊണ്ടുവരാം!
ആകയാല്‍, ഞങ്ങളുടെയും നിന്റെയും ഇടയ്ക്കു (മത്സര പരീക്ഷക്കായി) ഒരു നിശ്ചയം ഏര്‍പ്പെടുത്തുക! ഞങ്ങളാകട്ടെ, നീയാകട്ടെ, അതു ലംഘിക്കാവതല്ല - മദ്ധ്യമമായ [ശരിയായ] ഒരു സ്ഥലത്തുവെച്ചു (ആയിരിക്കണം).' - فَلَنَأْتِيَنَّكَ എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ നിനക്കു കൊണ്ടുവന്നുതരാംبِسِحْرٍ ജാലവിദ്യയെ مِّثْلِهِ അതുപോലെയുള്ള فَاجْعَلْ ആകയാല്‍ നീ ഏര്‍പ്പെടുത്തുക, നിശ്ചയിക്കുക بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَكَ നിനക്കിടയിലും مَوْعِدًا ഒരു നിശ്ചയം, കരാര്‍ لَّا نُخْلِفُهُ ഞങ്ങള്‍ അതു ലംഘിക്കുകയില്ല, എതിരു നടക്കുകയില്ല نَحْنُ ഞങ്ങള്‍ وَلَا أَنتَ നീയും ഇല്ല (ഇരുകൂട്ടരും ലംഘിക്കാത്ത) مَكَانًا ഒരു സ്ഥലത്തു سُوًى ശരിയായ, മദ്ധ്യമമായ, നിരപ്പായ.
- قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًى ﴾٥٩﴿
- അദ്ദേഹം പറഞ്ഞു: 'നിങ്ങളോടു നിശ്ചയിക്കുന്നതു ഉത്സവദിവസമെന്നും, ഇളയുച്ചസമയത്തു ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടണമെന്നും ആകുന്നു.'
- قَالَ അദ്ദേഹം പറഞ്ഞു مَوْعِدُكُمْ നിങ്ങളുടെ (നിങ്ങളുമായുള്ള) നിശ്ചയം يَوْمُ الزِّينَةِ ഉത്സവദിവസമാണ്, അലങ്കാരത്തിന്റെ ദിവസമാണ് وَأَن يُحْشَرَ ഒരുമിച്ചുകൂട്ടപ്പെടണമെന്നും, ഒരുമിച്ചുകൂടലും النَّاسُ മനുഷ്യര്‍ ضُحًى ഇളയുച്ചക്കു, പൂര്‍വ്വാഹ്ന സമയം.
വിശ്വസിക്കുവാനും, ചിന്തിക്കുവാനും ആവശ്യമായ തെളിവുകളെല്ലാം അവര്‍ ഫിര്‍ഔനിന്റെ മുമ്പില്‍വെച്ചു. വടിയുടെയും, കയ്യിന്റെയും ദൃഷ്ടാന്തങ്ങളും മൂസാ (عليه السلام) നബി കാണിച്ചുകൊടുത്തു. അവന്‍ ചിന്തിക്കുവാനും, മടങ്ങുവാനും തയ്യാറില്ല. മാത്രമല്ല, ‘മൂസാ ഈ വാദവുംകൊണ്ടു വന്നിരിക്കുന്നതു നാട്ടുകാരെ വഞ്ചിച്ച് നമ്മെ തുരത്തിക്കളയുവാനാണ്, അധികാരവും, സ്ഥാനവും കൈക്കലാക്കുവാനുള്ള ഉപായമാണ്. ഇസ്രാഈല്യരെ മോചിപ്പിക്കുവാനെന്ന പേരില്‍ അതിനു സൂത്രം പ്രയോഗിക്കുകയാണ്, ‘എന്നിങ്ങിനെ സമര്‍ത്ഥിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ ശ്രമിക്കുകയാണ് അവന്‍ ചെയ്തത്. മൂസാ (عليه السلام) നബി കാണിച്ച ദൃഷ്ടാന്തങ്ങളെല്ലാം ജാലവിദ്യ (സിഹ്ര്‍) യാണെന്നും, അതുപോലെയുള്ള ജാലവിദ്യ ഞങ്ങളും കാണിച്ചുതരാമെന്നും വീരവാദം ചെയ്തു. ഒരു മത്സരപ്പരീക്ഷക്കു മൂസാ (عليه السلام) നബിയെ ആഹ്വാനം ചെയ്തു. അവന്‍ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം സമയവും സ്ഥലവും നിര്‍ണ്ണയിച്ചു. നാട്ടിലെ അടുത്ത പൊതു ഉല്‍സവദിവസം, പൂര്‍വ്വാഹ്നസമയം, മൈതാനത്തുവെച്ചു നടത്താമെന്നു ഇരുകൂട്ടരും ഉറച്ചു. അതു മേടവിഷുദിവസം (يوم النيروز) ആയിരുന്നുവെന്നു പറയപ്പെടുന്നു.
- فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُۥ ثُمَّ أَتَىٰ ﴾٦٠﴿
- അങ്ങനെ, ഫിര്‍ഔന്‍ തിരിഞ്ഞുപോയി; എന്നിട്ടു തന്റെ തന്ത്രങ്ങള്‍ ശേഖരിച്ചു; പിന്നീടു, അവന്‍ (നിശ്ചയപ്രകാരം) വന്നു.
- فَتَوَلَّىٰ അങ്ങനെ തിരിച്ചുപോയി (വിട്ടുമാറി) فِرْعَوْنُ ഫിര്‍ഔന്‍ فَجَمَعَ എന്നിട്ടു അവന്‍ ശേഖരിച്ചു كَيْدَهُ അവന്റെ തന്ത്രം, ഉപായം ثُمَّ أَتَىٰ പിന്നെ അവന്‍ വന്നു (തയ്യാറായി).
ഫിര്‍ഔന്‍, സമര്‍ത്ഥന്‍മാരായ ജാലവിദ്യക്കാരെ കഴിയുന്നത്ര ശേഖരിച്ചു. ജാലവിദ്യ, ആഭിചാരം മുതലായ ‘സിഹ്ര്‍’ വകുപ്പുകള്‍ക്കു വളരെ പ്രചാരമുള്ള കാലമായിരുന്നു അത്. അവര്‍ക്കു വമ്പിച്ച പ്രതിഫലങ്ങളും നിശ്ചയിച്ചു. കാണികളായി അനേകം ജനങ്ങളും വിളിച്ചു കൂട്ടപ്പെട്ടു. ഇങ്ങിനെയുള്ള ഒരുക്കങ്ങളെപ്പറ്റിയാണ് ‘അവന്റെ തന്ത്രങ്ങള്‍ ശേഖരിച്ചു’ എന്നു പറഞ്ഞത്. കൂടുതല്‍ വിവരം സൂറ: ശുഅറാഇല്‍ കാണാം. إن شاء الله
- قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍ ۖ وَقَدْ خَابَ مَنِ ٱفْتَرَىٰ ﴾٦١﴿
- മൂസാ അവരോടു പറഞ്ഞു: 'നിങ്ങളുടെ നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കരുത്; അവന്‍ വല്ല ശിക്ഷയും കൊണ്ടു നിങ്ങളെ ഉന്‍മൂലനം ചെയ്തുകളഞ്ഞേക്കും. കെട്ടിച്ചമച്ചുണ്ടാക്കുന്നവന്‍ ആരോ അവന്‍, തീര്‍ച്ചയായും പരാജയപ്പെടുന്നതാണ്.
- قَالَ لَهُم അവരോടു പറഞ്ഞു مُّوسَىٰ മൂസാ وَيْلَكُمْ നിങ്ങളുടെ നാശം (കഷ്ടം) لَا تَفْتَرُوا നിങ്ങള്‍ കെട്ടിച്ചമയ്ക്കരുത്, കെട്ടിപ്പറയരുത് عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ كَذِبًا വ്യാജം, കളവു فَيُسْحِتَكُم എന്നാലവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്യും, പറ്റെ നശിപ്പിക്കും بِعَذَابٍ വല്ല ശിക്ഷയും കൊണ്ടു وَقَدْ خَابَ തീര്‍ച്ചയായും പരാജയപ്പെടുന്നതാണ്, ഇച്ഛാഭംഗപ്പെടും مَنِ افْتَرَىٰ കെട്ടിച്ചമച്ചവര്‍.
- فَتَنَٰزَعُوٓا۟ أَمْرَهُم بَيْنَهُمْ وَأَسَرُّوا۟ ٱلنَّجْوَىٰ ﴾٦٢﴿
- അപ്പോള്‍, അവര്‍ തമ്മില്‍ തങ്ങളുടെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായി; അവര്‍ രഹസ്യമായി ഗൂഢസംസാരം നടത്തുകയും ചെയ്തു.
- فَتَنَازَعُوا അപ്പോള്‍ അവര്‍ ഭിന്നാഭിപ്രായത്തിലായി, തമ്മില്‍ വഴക്കായി أَمْرَهُم അവരുടെ കാര്യത്തില്‍ بَيْنَهُمْ അവര്‍ തമ്മില്‍ وَأَسَرُّوا അവര്‍ രഹസ്യമായി നടത്തി النَّجْوَىٰ ഗൂഡസംസാരം, സ്വകാര്യസംഭാഷണം.
മല്‍സരപ്പരീക്ഷക്കുള്ള സദസ്സ് ശരിയായപ്പോള്‍ മൂസാ (عليه السلام) മേല്‍കണ്ട പ്രകാരം ജനങ്ങളെ താക്കീതു ചെയ്തു. ഇതു അവരുടെ മനസ്സില്‍ ഒരു കോളിളക്കമുണ്ടാക്കി. പ്രവാചകന്‍മാരുടെ നാവുകളില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന നിഷ്കളങ്കമായ ഉപദേശങ്ങള്‍ക്ക് ദൈവികമായ ഒരു ആകര്‍ഷണശക്തി ഉണ്ടായിരിക്കുമല്ലോ. ധിക്കാരബുദ്ധികളും – തല്‍ക്കാലത്തേക്കെങ്കിലും – അതിനുമുമ്പില്‍ തലതാഴ്ത്തിപ്പോകും. അങ്ങനെ, ഫിര്‍ഔന്‍ ശേഖരിച്ച ജാലവിദ്യക്കാര്‍ മൂസാ (عليه السلام) നബിയുടെ താക്കീതുകേട്ടു അമ്പരന്നുപോയി. തങ്ങള്‍ എന്തുവേണമെന്നായി. മൂസായോടു നേരിടേണമോ, അതോ പിന്മാറേണമോ എന്നുള്ളതില്‍ അവര്‍ ഭിന്നാഭിപ്രായക്കാരായിത്തീര്‍ന്നു. പക്ഷേ, ഇങ്ങിനെയുള്ള സന്നിഗ്ദ്ധഘട്ടത്തില്‍ ഏതു കക്ഷികളും, തങ്ങളുടെ അധൈര്യവും, ഭിന്നിപ്പും കഴിയുന്നത്ര പുറത്തറിയിക്കാതെ മറച്ചുവെക്കുക സ്വാഭാവികമാണല്ലോ. സ്വകാര്യാലോചനകളും, ഗൂഢസംസാരങ്ങളും നടത്തിയശേഷം ഇങ്ങിനെ ഒരു തീരുമാനത്തിലെത്തി!
- قَالُوٓا۟ إِنْ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ ﴾٦٣﴿
- അവര്‍ പറഞ്ഞു: 'നിശ്ചയമായും, ഇവര്‍ രണ്ടാളും ജാലവിദ്യക്കാര്‍ തന്നെയാണ്:
ഇവര്‍, തങ്ങളുടെ ജാലവിദ്യകൊണ്ട്, നിങ്ങളുടെ നാട്ടില്‍നിന്നു നിങ്ങളെ പുറത്താക്കുവാനും, നിങ്ങളുടെ മാതൃകാപരമായ മാര്‍ഗ്ഗത്തെ കൊണ്ടുപോകുവാനും [നശിപ്പിക്കുവാനും] ഉദ്ദേശിക്കുകയാണ്. - قَالُوا അവര്‍ പറഞ്ഞു إِنْ هَـٰذَانِ നിശ്ചയമായും ഈ രണ്ടുപേര്‍ لَسَاحِرَانِ രണ്ടു ജാലവിദ്യക്കാര്‍ തന്നെ يُرِيدَانِ അവര്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَاكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍നിന്നു) بِسِحْرِهِمَا അവരുടെ ജാലവിദ്യകൊണ്ടു وَيَذْهَبَا അവര്‍ പോകുവാനും بِطَرِيقَتِكُمُ നിങ്ങളുടെ മാര്‍ഗ്ഗവുംകൊണ്ടു (അതിനെ നശിപ്പിക്കുവാനും) الْمُثْلَىٰ മാതൃകാപരമായ, ഉത്തമമായ.
- فَأَجْمِعُوا۟ كَيْدَكُمْ ثُمَّ ٱئْتُوا۟ صَفًّا ۚ وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ ﴾٦٤﴿
- 'ആകയാല്‍, നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങള്‍ക്കു (ഒത്തൊരുമിച്ചു) പൂര്‍ണ്ണബലം നല്‍കുകയും, എന്നിട്ടു അണിയായി (രംഘത്തു) വരുകയും ചെയ്യണം. തീര്‍ച്ചയായും, മേന്മ നേടുന്നതാരോ അവര്‍ ഇന്നു വിജയം പ്രാപിക്കുന്നതാണ്.
- فَأَجْمِعُوا അതുകൊണ്ട് ഒത്തൊരുമിച്ചു ചെയ്യുവിന്‍, പൂര്‍ണ്ണ ശക്തി നല്‍കുവിന്‍ كَيْدَكُمْ നിങ്ങളുടെ തന്ത്രങ്ങള്‍ ثُمَّ പിന്നീടു ائْتُوا നിങ്ങള്‍ വരുവിന്‍ صَفًّا അണിയായി, വരിയായി وَقَدْ أَفْلَحَ തീര്‍ച്ചയായും വിജയം പ്രാപിക്കുന്നതാണ് الْيَوْمَ ഇന്നു مَنِ اسْتَعْلَىٰ മേന്മ നേടിയവര്‍.
അങ്ങനെ, ഭിന്നിപ്പുകളെല്ലാം ഒതുക്കിവെച്ച് ഒറ്റക്കെട്ടായി ധൈര്യസമേതം മുന്നോട്ടു വരുവാന്‍ തന്നെ അവര്‍ ഉറച്ചു. മല്‍സരത്തില്‍ വിജയിക്കുന്നപക്ഷം സിദ്ധിക്കുവാനിരിക്കുന്ന പേരിനും പ്രശസ്തിക്കും പുറമെ, ഫിര്‍ഔന്‍ വാഗ്ദാനം ചെയ്തിട്ടുള്ള വമ്പിച്ച സമ്മാനങ്ങളും സ്ഥാനമാനങ്ങളും അവരെ വ്യാമോഹിപ്പിച്ചു.
- قَالُوا۟ يَٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ﴾٦٥﴿
- അവര്‍ പറഞ്ഞു: 'ഹേ മൂസാ! ഒന്നുകില്‍, നീ (ആദ്യം) ഇടുക; അല്ലാത്തപക്ഷം ഞങ്ങള്‍ ആദ്യം ഇടുന്നവരാകുക (-ഏതാണ് വേണ്ടത്)?'
- قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِمَّا ഒന്നുകില്‍ أَن تُلْقِيَ നീ ഇടുക (പ്രയോഗിക്കുക) وَإِمَّا ഒന്നുകില്‍, അല്ലെങ്കില്‍ أَن نَّكُونَ ഞങ്ങളായിരിക്കുക أَوَّلَ ആദ്യമായി, ഒന്നാമതായി مَنْ أَلْقَىٰ ഇടുന്നവര്‍ (പ്രയോഗിക്കുന്നവര്‍).
- قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴾٦٦﴿
- അദ്ദേഹം പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ ഇട്ടുകൊള്ളുക' (അങ്ങനെ, അവര്‍ ഇടുകയും ചെയ്തു) അപ്പോഴേക്കതാ, അവരുടെ കയറുകളും, വടികളും - അവരുടെ ജാലവിദ്യനിമിത്തം - അവ ഓടുകയാണെന്നു അദ്ദേഹത്തിനു തോന്നിപ്പോകുന്നു!
- قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എന്നാല്‍, എങ്കിലും أَلْقُوا നിങ്ങള്‍ ഇടുവിന്‍ فَإِذَا حِبَالُهُمْ അപ്പോള്‍ (അതാ) അവരുടെ കയറുകള്‍ وَعِصِيُّهُمْ അവരുടെ വടികളും يُخَيَّلُ إِلَيْهِ അദ്ദേഹത്തിനു തോന്നിപ്പിക്കപ്പെടുന്നു, തോന്നുന്നു مِن سِحْرِهِمْ അവരുടെ ജാലം നിമിത്തം أَنَّهَا تَسْعَىٰ അവ ഓടുന്നു (ഓടുകയാണ്) എന്നു.
മൂസാ (عليه السلام) നബിയുടെ വശം തന്റെ വടി മാത്രമാണുള്ളത്. ജാലവിദ്യക്കാരുടെ പക്കലാകട്ടെ, അവരുടെ ജാലസാമഗ്രികളായ വടി, കയര്‍ മുതലായവയുണ്ട്. ആരാണ് ആദ്യം പ്രയോഗിച്ചുകാണിക്കേണ്ടതെന്ന്‍ അവര്‍ അന്വേഷിച്ചു. ഈ അന്വേഷണം കേവലം നീതിയും മര്യാദയുമാണെന്നു പറയേണ്ടതില്ല. എങ്കിലും, വിജയപ്രതീക്ഷയിലുള്ള ദുരഭിമാനമാണ് അവരെ അതിനു പ്രേരിപ്പിച്ചത്. എന്നാല്‍, മൂസാ (عليه السلام) ആദ്യത്തെ സ്ഥാനം അവര്‍ക്കു തന്നെ അനുവദിച്ചുകൊടുത്തു. എന്തോ ചില ഉപായങ്ങള്‍ മൂലം, അവരുടെ വടികളും കയറുകളും ഓടുന്ന പാമ്പുകളെപ്പോലെ ജനദൃഷ്ടിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അവ ഓടുന്നതായി മൂസാ (عليه السلام) നബിക്കും തോന്നിപ്പോയി. അതു ജാലവിദ്യക്കാരുടെ ഉപായതന്ത്രം മാത്രമായിരുന്നുവെന്നു 66,69 വചനങ്ങളില്‍ വ്യക്തമാണ്. സൂ: അഅ്റാഫില്‍ (7:116) ഇതിനെക്കുറിച്ചു سَحَرُوا أَعْيُنَ النَّاسِ (അവര്‍ ജനങ്ങളുടെ കണ്ണുകളെ പകിട്ടാക്കി) എന്നാണ് പ്രസ്താവിക്കുന്നത്.
ജാലവിദ്യ കേവലം ഒരു പകിട്ട് മാത്രമാണ്, അതില്‍ യാഥാര്‍ത്ഥ്യം ഒന്നുമില്ല എന്നു ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. ജാലവിദ്യ എന്നതു ഒരു തരാം അസാധാരണ കഴിവാണെന്ന ഒരു ധാരണയും, വിശ്വാസവും ജനമദ്ധ്യേ കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ പല നാശങ്ങളും സമുദായമദ്ധ്യേ നടമാടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഖുര്‍ആന്‍ ഈ വസ്തുത തുറന്നു പ്രഖ്യാപിച്ചിട്ടു പതിനാലു നൂറ്റാണ്ടുകളായി. എനിയും മുസ്ലിംകളില്‍ പലരും ഈ പരമാര്‍ത്ഥം മനസ്സിലാക്കാത്തതു അത്ഭുതം തന്നെ. ‘സിഹ്ര്‍’ (سِحْر)എന്ന വാക്കിനാണ് ‘ജാലവിദ്യ’ എന്നു അര്‍ത്ഥം കല്‍പിച്ചത്. ‘ഇന്ദ്രജാലം, ആഭിചാരം, പകിട്ട്, ചെപ്പിടിവിദ്യ, കണ്‍കെട്ടുവിദ്യ’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളും അതിനു വരാവുന്നതാണ്. ആകര്‍ഷണം, മാരണം, മന്ത്രവാദം, വശ്യശക്തി ആദിയായ അര്‍ത്ഥത്തിലും ആ വാക്കു ഉപയോഗിക്കപ്പെടാറുണ്ട്. യാഥാര്‍ത്ഥ്യം മനസ്സിലാവാത്ത ഉപായകൃത്യങ്ങള്‍ക്കാണ് പൊതുവില്‍ ‘സിഹ്ര്‍’ എന്നു പറയുന്നത്. ‘ഇസ്മിന്റെ പണി’ എന്ന പേരില്‍ അറിയപ്പെടുന്ന മന്ത്രവാദങ്ങളും (طلسمات) സിഹൃന്റെ ഇനത്തില്‍ ഉള്‍പ്പെട്ടവയാകുന്നു.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ക്കു മുമ്പില്‍ ഏതു സിഹ്റും വിജയിക്കുകയില്ലെന്നു മൂസാ (عليه السلام) നബിക്കു ശരിക്കും അറിയാവുന്നതാണ്. എങ്കിലും, പൊതുജനങ്ങള്‍ അതു കണ്ടു വഞ്ചിതരായിപ്പോകുമോ എന്നു അദ്ദേഹത്തിനു ആശങ്കക്കു അവകാശമുണ്ടല്ലോ. അതിനെപ്പറ്റി അല്ലാഹു പറയുന്നു:
- فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ ﴾٦٧﴿
- അതിനാല്‍, മൂസാക്കു തന്റെ മനസ്സില്‍ ഒരു പേടി തോന്നി [അനുഭവപ്പെട്ടു]
- فَأَوْجَسَ അതിനാല്‍ അനുഭവപ്പെട്ടു, തോന്നി തفِي نَفْسِهِ ന്റെ മനസ്സില്‍ خِيفَةً ഒരു പേടി مُّوسَىٰ മൂസാക്ക്.
- قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ ﴾٦٨﴿
- നാം [അല്ലാഹു] പറഞ്ഞു: 'പേടിക്കേണ്ട: നിശ്ചയമായും നീ തന്നെയാണ് മേലെയാകുന്നവന്‍.
- قُلْنَا നാം പറഞ്ഞു لَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ أَنتَ നീയാണ് الْأَعْلَىٰ മേലെയാകുന്നവന്‍ (വിജയി).
- وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَٰحِرٍ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ ﴾٦٩﴿
- നിന്റെ വലങ്കയിലുള്ളതു [വടി] നീ ഇട്ടുകൊള്ളുക - അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതു അതു വിഴുങ്ങിക്കൊള്ളും! നിശ്ചയമായും അവര്‍ ഉണ്ടാക്കിയതു വെറും ജാലവിദ്യക്കാരുടെ തന്ത്രമാകുന്നു. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല.'
- وَأَلْقِ നീ ഇട്ടുകൊള്ളുക مَا فِي يَمِينِكَ നിന്റെ വലങ്കയ്യിലുള്ളതു تَلْقَفْ അതു വിഴുങ്ങിക്കൊള്ളും مَا صَنَعُوا അവര്‍ ഉണ്ടാക്കിയതു, പ്രവര്‍ത്തിച്ചതു إِنَّمَا صَنَعُوا നിശ്ചയമായും അവര്‍ ഉണ്ടാക്കിയത് كَيْدُ سَاحِرٍ ജാലവിദ്യക്കാരുടെ തന്ത്രം (മാത്രം) ആകുന്നു وَلَا يُفْلِحُ വിജയിക്കുകയില്ല السَّاحِرُ ജാലവിദ്യക്കാരന്‍ حَيْثُ أَتَىٰ അവര്‍ ചെന്നേടത്തു (എവിടെ ചെന്നാലും).
അങ്ങനെ, മൂസാ (عليه السلام) നബി തന്റെ വടി നിലത്തിട്ടു. ഇടേണ്ട താമസം! അതാ അവര്‍ – ആ ജാലവിദ്യക്കാര്‍ – ജനങ്ങളെ പകിട്ടാക്കിക്കാണിച്ച വ്യാജപ്പാമ്പുകളെ അതു വീഴുങ്ങുന്നു! (فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ : الاعراف : 117). ഇതു കണ്ടപ്പോള്‍, മൂസാ (عليه السلام) നബി കാണിച്ചതു ജാലമോ, കപടമോ, അല്ലെന്നും, അദൃശ്യമായ ഒരു ദിവ്യഹസ്തത്തിന്റെ പ്രവര്‍ത്തനമാണതെന്നും ആ ജാലവിദഗ്ദ്ധന്‍മാര്‍ക്ക് ബോധ്യമായി.
- فَأُلْقِىَ ٱلسَّحَرَةُ سُجَّدًا قَالُوٓا۟ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ﴾٧٠﴿
- ഉടനെ, ജാലവിദ്യക്കാര്‍ സാഷ്ടാംഗം [സുജൂദായി] പ്രക്ഷേപിക്കപ്പെട്ടു [നിലം പതിച്ചു].
അവര്‍ പറഞ്ഞു: 'ഹാറൂന്റെയും, മൂസായുടെയും റബ്ബില്‍ ഞങ്ങള്‍ വിശ്വസിച്ചു' എന്നു! - فَأُلْقِيَ ഉടനെ പ്രക്ഷേപിക്കപ്പെട്ടു, ഇടപ്പെട്ടു, എറിയപ്പെട്ടു, (വീണു) السَّحَرَةُ ജാലവിദ്യക്കാര്‍ سُجَّدًا സുജൂദായി, സാഷ്ടാംഗം قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ റബ്ബില്‍, രക്ഷിതാവില്‍ هَارُونَ وَمُوسَىٰ ഹാറൂന്റെയും മൂസായുടെയും.
- قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًا وَأَبْقَىٰ ﴾٧١﴿
- അവന്‍ [ഫിര്‍ഔന്‍] പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കു സമ്മതം തരുന്നതിനുമുമ്പു നിങ്ങള്‍ അവനെ വിശ്വസിച്ചുവല്ലോ?! തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവു തന്നെയാണ്. ആകയാല്‍, ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്തമായ നിലയില്‍ മുറിപ്പിക്കുകയും, നിങ്ങളെ ഈന്തപ്പനത്തടികളില്‍ ക്രൂശിപ്പിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ്, [-മൂസായുടെ റബ്ബോ ഞാനോ-] അതികഠിനവും ശാശ്വതവുമായ ശിക്ഷ നല്‍കുന്നതു എന്നു നിശ്ചയമായും നിങ്ങള്‍ക്കു അറിയാറാകും.'
- قَالَ അവന്‍ പറഞ്ഞു آمَنتُمْ നിങ്ങള്‍ വിശ്വസിച്ചുവല്ലോ, വിശ്വസിച്ചുവോ لَهُ അവനെ قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം തരുന്നതിനുമുമ്പു لَكُمْ നിങ്ങള്‍ക്കു إِنَّهُ നിശ്ചയമായും അവന്‍ لَكَبِيرُكُمُ നിങ്ങളുടെ നേതാവു (നിങ്ങളില്‍ വലിയവന്‍) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചു തന്ന السِّحْرَ ജാലവിദ്യ അതുകൊണ്ടു فَلَأُقَطِّعَنَّ ഞാന്‍ നിശ്ചയമായും മുറിപ്പിക്കും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായി وَلَأُصَلِّبَنَّكُمْ നിങ്ങളെ ഞാന്‍ ക്രൂശിപ്പിക്കുക (ക്രൂശില്‍ തറപ്പിക്കുക)യും ചെയ്യും فِي جُذُوعِ النَّخْلِ ഈന്തപ്പനയുടെ തടികളില്‍ وَلَتَعْلَمُنَّ നിശ്ചയമായും നിങ്ങള്‍ക്കറിയാം أَيُّنَا ഞങ്ങളില്‍ ആരാണ് (ഏതാളാണ്) أَشَدُّ അധികം കഠിനമായവാന്‍ عَذَابًا ശിക്ഷ, ശിക്ഷയില്‍ وَأَبْقَىٰ അധികം നിലനില്‍ക്കുന്നവനും, ശാശ്വതമായവനും, ശേഷിക്കുന്നവനും.
ജാലവിദ്യക്കാരുടെ പെട്ടെന്നുണ്ടായ ഈ സ്ഥിതിമാറ്റം – അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചതു – ഫിര്‍ഔനെ ക്ഷോഭിപ്പിച്ചു. അവര്‍ വിശ്വസിച്ചതു മാത്രമല്ല, തന്റെ ജനത മുഴുവനും തനിക്കു നഷ്ടപ്പെട്ടേക്കുമോ എന്ന ഭയവും അവനെ അസ്വസ്ഥനാക്കി. അതുകൊണ്ടു എനി ഒരാള്‍ക്കും അതിനു ധൈര്യം വരാതിരിക്കത്തക്കവണ്ണം ജാലവിദ്യക്കാരെ അതികഠിനമായ നിലയില്‍ ശിക്ഷിക്കണമെന്നു അവന്‍ കരുതി. തന്റെ പരാജയത്തെ അന്യഥാ വ്യാഖ്യാനിക്കുകയും, ജനങ്ങളെ കബളിപ്പിക്കുകയും ചെയ്‌വാന്‍ ഒരു സൂത്രം കണ്ടുപിടിക്കുകയും ചെയ്തു. അതാണ്, ‘അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചു തന്ന നേതാവാണ്’ എന്നു തട്ടിമൂളിച്ചതു. എന്നുവെച്ചാല്‍ നിങ്ങളും അവനും ഒരു ഗൂഡാലോചന നടത്തി ഒത്തൊരുമിച്ചു ചെയ്തതാണ് ഇതു, നിങ്ങള്‍ മനഃപൂര്‍വ്വം അവനെ ജയിപ്പിച്ചതാണ് എന്നര്‍ത്ഥം. ഇതിനെക്കുറിച്ചു സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നതു ഇങ്ങിനെയാണ്:
إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِي الْمَدِينَةِ لِتُخْرِجُوا مِنْهَا أَهْلَهَا ۖ فَسَوْفَ تَعْلَمُونَ : الأعراف:١٢٣
(സാരം: നിശ്ചയമായും ഇതു, ഇന്നാട്ടുകാരെ ഇവിടെനിന്നു പുറത്താക്കുവാന്‍വേണ്ടി നിങ്ങള്‍ പ്രായോഗിച്ചതായ ഒരു ഗൂഢതന്ത്രം തന്നെ. അതുകൊണ്ടു താമസിയാതെ നിങ്ങള്‍ക്കു അറിയാറാകും:)
കൈകാലുകള്‍ ഇടതും വലതുമായി – വ്യത്യാസപ്പെട്ട നിലയില്‍ – മുറിച്ചുകളയുകയും, അനന്തരം അവരെ മരത്തടിയില്‍ ക്രൂശിച്ചു നിറുത്തുകയും ചെയ്യുന്നതു കണ്ടു ജനങ്ങള്‍ പാഠം പഠിക്കണമെന്നായിരുന്നു ആ സ്വേച്ഛാധിപതിയുടെ തീരുമാനം. അങ്ങനെ – ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നതുപോലെ – കാലത്തു ജാലവിദ്യക്കാരും, അവിശ്വാസികളുമായിരുന്ന അവര്‍, വൈകുന്നേരമായപ്പോഴേക്കും രക്തസാക്ഷികളും പുണ്യവാളന്മാരുമായി ത്തീര്‍ന്നു. الحمد لله
‘ഹാറൂന്റെയും മൂസായുടെയും രക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചു’ എന്നാണല്ലോ ഇവിടെ പറഞ്ഞത്. സൂ: അഅ്റാഫില്‍ (121,122) ‘ഞങ്ങള്‍ ലോകരക്ഷിതാവില്‍ – അതായതു, മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍ വിശ്വസിച്ചു ( آمَنَّا بِرَبِّ الْعَالَمِينَ : رَبِّ مُوسَىٰ وَهَارُونَ) എന്നും പറഞ്ഞുകാണാം. ഇതില്‍ ഒരു രഹസ്യം കിടപ്പുണ്ട്: ‘ഞാനാണ് നിങ്ങളുടെ അത്യുന്നതനായ റബ്ബ് ‘ (أَنَا رَبُّكُمُ الْأَعْلَىٰ : النازعات:٢٤) എന്നും ‘ഞാനല്ലാതെ നിങ്ങള്‍ക്കു ഒരു ഇലാഹും ഉള്ളതായി ഞാന്‍ അറിയുന്നില്ല’ (مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِي: القصص:٣٨) എന്നും നിസ്സങ്കോചം പ്രസ്താവിച്ചവനാണ് ഫിര്‍ഔന്‍. എന്നിരിക്കെ, ‘ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചു’ എന്നുമാത്രം അവര്‍ പറയുന്നപക്ഷം തന്നെപ്പറ്റിയാണ് അവര്‍ അപ്പറഞ്ഞതെന്നു ഫിര്‍ഔന്‍ തെറ്റിദ്ധരിക്കുവനോ, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുവനോ ഇടയുണ്ട്. ഇങ്ങിനെ ഒരു തെറ്റിദ്ധാരണക്കു ഇടം നല്‍കാതിരിക്കാനും, തങ്ങളുടെ വിശ്വാസദാര്‍ഢ്യത്തെ തുറന്നു കാണിക്കുവാനുമായിരിക്കാം അവര്‍ ‘മൂസായുടെയും, ഹാറൂന്റെയും റബ്ബില്‍’ എന്നു പ്രത്യേകം എടുത്തു പറയുന്നതു. الله أعلم. എന്നാല്‍, ഫിര്‍ഔന്റെ ആ കടുത്ത ഭീഷണിക്കു ജാലവിദ്യക്കാരുടെ – സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചു കഴിഞ്ഞ ആ ധീരപുരുഷന്‍മാരുടെ – മറുപടി ഇതായിരുന്നു:-
- قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ ﴾٧٢﴿
- അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കുവന്നു കിട്ടിയിട്ടുള്ള വ്യക്തമായ തെളിവുകളെക്കാളും ഞങ്ങളെ പടച്ചുണ്ടാക്കിയവനെക്കാളും നിനക്കു ഞങ്ങള്‍ (ഒരിക്കലും) മുന്‍ഗണന നല്‍കുകയില്ല തന്നെ!
അതുകൊണ്ടു നീ വിധിക്കുന്നതെന്തോ അതു വിധിച്ചേക്കുക! നിശ്ചയമായും, ഈ ഐഹിക ജീവിതത്തിലേ നീ വിധിക്കുകയുള്ളു. - قَالُوا അവര്‍ പറഞ്ഞു لَن نُّؤْثِرَكَ ഞങ്ങള്‍ നിനക്കു മുന്‍ഗണന (പ്രാധാന്യം) നല്‍കുന്നതല്ലതന്നെ عَلَىٰ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടു (കിട്ടിയിട്ടു)ള്ളതിനേക്കാള്‍ مِنَ الْبَيِّنَاتِ തെളിവുകളില്‍നിന്നു, തെളിവുകളായി وَالَّذِي فَطَرَنَا ഞങ്ങളെ പടച്ചുണ്ടാക്കിയവനേക്കാളും فَاقْضِ അതുകൊണ്ടു നീ വിധിക്കുക مَا യാതൊന്നു, ഏതോ അതുأَنتَ നീ قَاضٍവിധിക്കുന്നവനാണു (അങ്ങിനെയുള്ളതു) إِنَّمَا تَقْضِي നിശ്ചയമായും നീ വിധിക്കുകയുള്ളു هَـٰذِهِ الْحَيَاةَ ഈ ജീവിതത്തില്‍ (മാത്രം) الدُّنْيَا ഐഹികമായ.
- إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَٰيَٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌ وَأَبْقَىٰٓ ﴾٧٣﴿
- 'നിശ്ചയമായും, ഞങ്ങളാകട്ടെ, ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുകയാണ് - ഞങ്ങളുടെ (എല്ലാ) തെറ്റുകളും, നീ ഞങ്ങളെ നിര്‍ബ്ബന്ധിച്ചു ചെയ്യിച്ച ജാലവൃത്തിയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരുവാന്‍ വേണ്ടി.
അല്ലാഹുവാകട്ടെ, വളരെ നല്ലവനും, ശേഷിച്ചിരിക്കുന്നവനുമത്രെ.' - إِنَّا നിശ്ചയമായും ഞങ്ങള്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّنَا ഞങ്ങളുടെ റബ്ബില്‍ لِيَغْفِرَ അവന്‍ പൊറുത്തുതരുവാന്‍ لَنَا ഞങ്ങള്‍ക്കു خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍ وَمَا യാതൊന്നും أَكْرَهْتَنَا عَلَيْهِ നീ അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചിരിക്കുന്നു مِنَ السِّحْرِ ജാലവിദ്യയില്‍നിന്നു, ജാലവൃത്തിയായി وَاللَّـهُ അല്ലാഹുവാകട്ടെ خَيْرٌ വളരെ നല്ലവനാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നവനുമാകുന്നു.
അല്ലാഹുവിനെക്കാള്‍ സൃഷ്ടികള്‍ക്കു യാതൊരുവിധ മുന്‍ഗണനയും നല്‍കാതിരിക്കുക, അല്ലാഹുവിന്റെ കാര്യത്തില്‍ സൃഷ്ടികളെ – അവരെത്ര ശക്തന്മാരായാലും ശരി – ഭയപ്പെടാതിരിക്കുക, വ്യക്തമായ ലക്‌ഷ്യം കണ്ട ഉടനെ സത്യത്തിലേക്കു മടങ്ങുക, അതിനായി ആത്മാര്‍പ്പണം പോലും ചെയ്‌വാന്‍ സന്നദ്ധരാവുക, സത്യത്തിനെതിരായി ഐഹികമായ യാതൊരു കാര്യലാഭവും മോഹിക്കാതിരിക്കുക ഇങ്ങിനെ പല മഹല്‍ഗുണങ്ങളും ഈ സത്യവിശ്വാസികളില്‍ നിന്നു നമുക്ക് പഠിക്കുവാനുണ്ട്. അല്ലാഹു പറയുന്നു:
- إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ﴾٧٤﴿
- നിശ്ചയമായും കാര്യം [വാസ്തവം]: ആരെങ്കിലും തന്റെ റബ്ബിന്റെ അടുക്കല്‍ കുറ്റവാളിയായിക്കൊണ്ടു ചെല്ലുന്നതായാല്‍, നിശ്ചയമായും അവനു നരകമായിരിക്കും ഉണ്ടാവുക: അതില്‍ അവന്‍ മരിക്കുകയില്ല: ജീവിക്കുകയുമില്ല.
- إِنَّهُ നിശ്ചയമായും കാര്യം مَن يَأْتِ ആരെങ്കിലും വരുന്നതായാല്‍, ചെല്ലുന്നതായാല്‍ رَبَّهُ തന്റെ റബ്ബിന്റെ അടുക്കല്‍ مُجْرِمًا കുറ്റവാളിയായിക്കൊണ്ടു فَإِنَّ لَهُ എന്നാല്‍ നിശ്ചയമായും അവനുണ്ടു جَهَنَّمَ നരകം لَا يَمُوتُ അവന്‍ മരിക്കയില്ല فِيهَا അതില്‍ وَلَا يَحْيَىٰ ജീവിക്കയുമില്ല.
- وَمَن يَأْتِهِۦ مُؤْمِنًا قَدْ عَمِلَ ٱلصَّٰلِحَٰتِ فَأُو۟لَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلْعُلَىٰ ﴾٧٥﴿
- ആരെങ്കിലും അവന്റെ അടുക്കല്‍, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള സത്യവിശ്വാസിയായിക്കൊണ്ടു ചെല്ലുന്നതായാല്‍, അക്കൂട്ടര്‍ക്കുതന്നെയാണ് ഉന്നത പദവികള്‍.
- وَمَن يَأْتِهِ ആരെങ്കിലും അവന്റെ അടുക്കല്‍ വരുന്നതായാല്‍ مُؤْمِنًا സത്യവിശ്വാസിയായിക്കൊണ്ടു قَدْ عَمِلَ അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ എന്നാല്‍ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണ്, അവര്‍ക്കുണ്ടു الدَّرَجَاتُ പദവികള്‍ الْعُلَىٰ ഉന്നതമായ.
- جَنَّٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ ﴾٧٦﴿
- അതായതു: താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗാരാമാങ്ങള്‍! അവരതില്‍ നിത്യവാസികളായിക്കൊണ്ടിരിക്കും.
പരിശുദ്ധത നേടിയവര്‍ക്കുള്ള പ്രതിഫലമത്രെ അത്! - جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കും مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായ നിലയില്‍ فِيهَا അതില്‍ وَذَٰلِكَ അതു, ആയതു جَزَاءُ പ്രതിഫലമാണു مَن تَزَكَّىٰ പരിശുദ്ധി നേടിയ (പ്രാപിച്ച)വരുടെ.
നരകത്തില്‍ ജീവിതവും മരണവും ഉണ്ടാവുകയില്ല എന്നു പറഞ്ഞതിന്റെ സാരം, ഒരുകാലത്തും മുറിഞ്ഞു പോകാത്ത ശിക്ഷയായിരിക്കും ഉണ്ടാവുക എന്നത്രെ. ഏതെങ്കിലും ഒരു കാലത്തു മരണം സംഭവിക്കുമായിരുന്നുവെങ്കില്‍, അതോടുകൂടി നരകയാതനക്കൊരു അറുതികിട്ടുമെന്ന് ആശിക്കാമായിരുന്നു – അതില്ല. എന്നാലവിടെ ജീവിക്കുകയാണെന്നു പറയത്തക്കവണ്ണം അല്‍പം വല്ല ആശ്വാസവും ലഭിക്കുമോ? അതുമില്ല! അല്ലാഹു പറയുന്നു;
لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ : فاطر: ٣٦
സാരം: അവരില്‍ മരിക്കുവാനുള്ള തീരുമാനം എടുക്കപ്പെടുന്നതല്ല; അതിലെ ശിക്ഷ അവര്‍ക്കു ലഘൂകരിക്കപ്പെടുന്നതുമല്ല. അങ്ങിനെയാണ് നന്ദികെട്ടവര്‍ക്കെല്ലാം നാം പ്രതിഫലം കൊടുക്കുന്നത്. تَزَكَّىٰ (പരിശുദ്ധി നേടി) എന്നു പറഞ്ഞതിന്റെ താല്‍പര്യം അവിശ്വാസം, നിഷേധം തുടങ്ങിയ അഴുക്കുകള്‍ പുരളാതെയും, പാപങ്ങളും കുറ്റങ്ങളുമാകുന്ന കറകള്‍ പറ്റാതെയും ആത്മശുദ്ധിയുള്ളവരായിരിക്കുക എന്നാകുന്നു.
ഫിര്‍ഔനും തന്റെ ആള്‍ക്കാരും ജാലവിദ്യാമത്സരത്തില്‍ പരാജയമടഞ്ഞുവല്ലോ. ജാലവിദ്യക്കാരാകട്ടെ, മൂസാ (عليه السلام) നബിയില്‍ വിശ്വസിക്കുകയും, ഫിര്‍ഔനിന്റെ ശിക്ഷക്കു വിധേയരാവുകയും ചെയ്തു. ഇതോടെ, ഇസ്രാഈല്യരുടെ ഭാഗം ശക്തിപ്പെടുവാന്‍ തുടങ്ങി. ഉപദേശങ്ങള്‍ ചെയ്തും, ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തും കൊണ്ടു വളരെക്കാലം മൂസാ (عليه السلام) നബി ഫിര്‍ഔനിനേയും ജനതയേയും സത്യവിശ്വാസത്തിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. വടിയും, കയ്യുമല്ലാത്ത വേറെയും ചില ദൃഷ്ടാന്തങ്ങള്‍ മൂസാ (عليه السلام) നബിയുടെ കൈക്കു അല്ലാഹു അവര്‍ക്കു കാണിച്ചുകൊടുത്തു. എന്നിട്ടൊന്നും അവര്‍ തങ്ങളുടെ അക്രമവും നിഷേധവും നിറുത്തല്‍ ചെയ്തില്ല. അവ തുടര്‍ന്നുകൊണ്ടേ ഇരുന്നു. ഇസ്രാഈല്യരെ വിട്ടുകൊടുക്കാന്‍ കൂട്ടാക്കിയതുമില്ല. അങ്ങനെ, അല്ലാഹു അവരില്‍ താഴെ കാണുന്ന ശിക്ഷാനടപടി എടുത്തു. അല്ലാഹു പറയുന്നു: