സൂറത്തുര്‍ റഅ്ദ്: 19-31
വിഭാഗം - 3
- ۞ أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ ﴾١٩﴿
- (നബിയേ) അപ്പോള്‍, നിനക്കു നിന്റെ റബ്ബിങ്കല്‍ നിന്നു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതു യഥാര്‍ത്ഥമാണെന്നു അറിയാവുന്നവന്‍, അന്ധനായുള്ള ഒരുവനെപ്പോലെയാണോ?! ബുദ്ധിമാന്‍മാര്‍മാത്രമേ ഉറ്റാലോചിക്കൂ.
- أَفَمَن അപ്പോള്‍ യാതൊരുവനോ يَعْلَمُ അവന്നറിയാം أَنَّمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു എന്നു إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നു الْحَقُّ യഥാര്‍ത്ഥമാണ് (എന്ന്) كَمَنْ ഒരുവനെപ്പോലെ هُوَ അവന്‍ أَعْمَىٰ അന്ധനാണ് إِنَّمَا يَتَذَكَّرُ ഉറ്റാലോചിക്കുകയുള്ളു أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍ (മാത്രം).
അല്ലാഹു അവതരിപ്പിച്ചതാണു യഥാര്‍ത്ഥവും സത്യവുമെന്ന് മനസ്സിലാക്കുന്നവനാണു യഥാര്‍ത്ഥത്തില്‍ കാഴ്ചയുള്ളവന്‍. അല്ലാത്തവന്‍ ബാഹ്യത്തില്‍ കാഴ്ചയുള്ളവനാണെങ്കിലും അവന്‍ അന്ധനുതുല്യനാണ്. അവന്‍ ഉള്‍ക്കാഴ്ചയില്ലാത്തവനും ഉറ്റാലോചിക്കത്തക്ക ബുദ്ധി ഇല്ലാത്തവനുമാണ് എന്നത്രെ ഈ വചനത്തിലടങ്ങിയ തത്വം.
أُولُو الْأَلْبَابِ (ബുദ്ധിമാന്‍) എന്നു അല്ലാഹു പറയുന്നത് – പലരും ധരിക്കാറുള്ളതുപോലെ – ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുവാനോ, ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ കണ്ടുപിടിക്കാനോ, രാഷ്ട്രമീമാംസകള്‍ തയ്യാറാക്കുവാനോ പ്രാപ്തരാകുമാറുള്ള ‘ബുദ്ധിജീവികള്‍ എന്ന അര്‍ത്ഥത്തിലല്ലെന്ന് മനസ്സിരുത്തേണ്ടതുണ്ട്. അല്ലാഹു തന്നെ ആ വാക്കിനു നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ നിന്നുവേണം അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍. സൂ: ആലുഇംറാനിലെ 7, 8; 190-194 മുതലായ വചനങ്ങളില്‍ ഇതിന് മുമ്പു ചിലതെല്ലാം നാം കാണുകയുണ്ടായി. തുടര്‍ന്നുള്ള വചനങ്ങളില്‍ അവരുടെ വിശേഷതകള്‍ വിവരിക്കുന്നത് കൂടികാണുക:-
- ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَٰقَ ﴾٢٠﴿
- അതായതു, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ആജ്ഞ) നിറവേറ്റുകയും, ഉറപ്പ് (നല്‍കിയതു) ലംഘിക്കാതിരിക്കയും ചെയ്യുന്നവര്‍:-
- الَّذِينَ യാതൊരു കൂട്ടര്‍ يُوفُونَ അവര്‍ നിറവേറ്റും, പാലിക്കും بِعَهْدِ കരാറിനെ, ഉത്തരവിനെ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) وَلَا يَنقُضُونَ അവര്‍ ലംഘിക്കുകയില്ല, ഉടക്കുന്നതല്ല الْمِيثَاقَ ഉറപ്പിനെ, കരാറിനെ.
- وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ ﴾٢١﴿
- യാതൊരു കൂട്ടരും: ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്പിച്ചിരിക്കുന്നുവോ അതിനോടു അവര്‍ (ബന്ധം) ചേര്‍ക്കും; തങ്ങളുടെ റബ്ബിനെ അവര്‍ പേടിക്കുകയും, കടുത്ത വിചാരണയെ അവര്‍ ഭയപ്പെടുകയും ചെയ്യും;
- وَالَّذِينَ യാതൊരു കൂട്ടരും يَصِلُونَ അവന്‍ ചേര്‍ക്കും مَا أَمَرَ കല്‍പിച്ചതിനെ اللَّـهُ അല്ലാഹു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيَخْشَوْنَ അവര്‍ പേടിക്കുകയും ചെയ്യും رَبَّهُمْ അവരുടെ റബ്ബിനെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യും سُوءَ الْحِسَابِ മോശപ്പെട്ട (കടുത്ത) വിചാരണ.
- وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ ﴾٢٢﴿
- യാതൊരു കൂട്ടരും: തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ആഗ്രഹിച്ച് അവര്‍ ക്ഷമ കൈകൊണ്ടു; അവര്‍ നമസ്കാരം നിലനിറുത്തുകയും, തങ്ങള്‍ക്കു നാം [അല്ലാഹു] നല്‍കിയതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിക്കുകയും ചെയ്തു; തിന്മയെ അവര്‍ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നതാണ്. അക്കൂട്ടര്‍ക്കത്രെ, ഭവനത്തിന്റെ (ശുഭ) പര്യവസാനം.
- وَالَّذِينَ യാതൊരു കൂട്ടരും صَبَرُوا അവര്‍ ക്ഷമിച്ചു ابْتِغَاءَ തേടി (ആഗ്രഹിച്ചു) കൊണ്ടു وَجْهِ മുഖത്തെ (പ്രീതിയെ) رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَقَامُوا നിലനിറുത്തുകയും ചെയ്തു الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും ചെയ്തു مِمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍ നിന്നു سِرًّا സ്വകാര്യ (രഹസ്യ)മായി وَعَلَانِيَةً പരസ്യമായിട്ടും وَيَدْرَءُونَ അവര്‍ തടയുക (തട്ടിക്കളയുക)യും ചെയ്യും بِالْحَسَنَةِ നന്മകൊണ്ടു السَّيِّئَةَ തിന്മയെ أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടു, അവര്‍ക്കാണു, അവര്‍ക്കത്രെ عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ.
ബുദ്ധിമാന്‍മാരുടെ ലക്ഷണങ്ങളാണ് ഈ വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നതു: (1) അല്ലാഹുവുമായുള്ള കരാറുകളും പ്രതിജ്ഞയും പാലിക്കുക. അതായത് പ്രവാചകന്‍മാര്‍ മുഖേനയോ, ദൃഷ്ടാന്തങ്ങള്‍ മുഖേനയോ, അറിയപ്പെട്ടിട്ടുള്ള കടമകളും ബാധ്യതകളും നിറവേറ്റുക. 2. കരാറുകളും ഉറപ്പുകളും ലംഘിക്കാതിരിക്കുക. അഥവാ, സത്യവിശ്വാസത്തിന്റെയും, അല്ലാഹുവുമായുള്ള പ്രതിജ്ഞകളുടെയും അടിസ്ഥാനത്തില്‍ അവനോടോ, ജനങ്ങളോടോ നല്‍കിയ എല്ലാ ഉറപ്പുകളും നിറവേറ്റുക. നേര്‍ച്ചകള്‍ ധനപരമായ ഇടപാടുകള്‍, ഉടമ്പടികള്‍, വാഗ്ദാനങ്ങള്‍ ആദിയായവ ഇതില്‍ ഉള്‍പ്പെടുന്നു. ഖത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഉടമ്പടിയെയും കരാറു പാലിക്കുന്നതിനെയുംപറ്റി ഇരുപതില്‍പരം സ്ഥലത്ത് അല്ലാഹു ഖുര്‍ആനില്‍ പ്രസ്താവിച്ചിരിക്കുന്നു. അതിന്റെ ഗൗരവവും പ്രാധാന്യവുമാണതു കുറിക്കുന്നത്.’ . 3. അല്ലാഹു എന്തെല്ലാം ബന്ധങ്ങള്‍ ചേര്‍ക്കുവാന്‍ കല്പിച്ചിട്ടുണ്ടോ അതെല്ലാം ചേര്‍ക്കുക. കുടുംബബന്ധം പാലിക്കല്‍ ഇതില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നു. അയല്‍ക്കാര്‍, പാവപ്പെട്ടവര്‍, സാധുക്കള്‍, ദുര്‍ബ്ബലര്‍, വയസ്സുചെന്നവര്‍, ഗുരുനാഥന്‍മാര്‍ മുതലായവരോടും, മതചിഹ്നങ്ങള്‍, മതസ്ഥാപനങ്ങള്‍ ആദിയായവയോടും പാലിക്കേണ്ടുന്ന എല്ലാ ബന്ധങ്ങളും പാലിക്കല്‍ ഇതില്‍ ഉള്‍പെടുന്നു.
(4). റബ്ബിനെ പേടിക്കുക. എല്ലാ നന്മകളുടെയും ഉത്ഭവം അതില്‍ നിന്നാണെന്നും, എല്ലാ തിന്മകളുടെയും ഉത്ഭവം അതിന്റെ പോരായ്മയില്‍ നിന്നാണെന്നുമിരിക്കെ, അതിന്റെ പ്രാധാന്യത്തെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതില്ലല്ലോ. (5). അല്ലാഹുവിന്റെ മുമ്പില്‍ കടുത്ത വിചാരണയെ നേരിടേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയപ്പാട്. ഇതു സംബന്ധിച്ചു അല്‍പം മുമ്പു പ്രസ്താവിച്ച വിവരങ്ങള്‍ ഇവിടെയും സ്മരണീയമാകുന്നു. (6) റബ്ബിന്റെ പ്രീതിയെ ആഗ്രഹിച്ചുകൊണ്ടു ക്ഷമ കൈകൊള്ളുക. കടമകളും പുണ്യകര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലും, നിരോധിക്കപ്പെട്ടതും ദോഷകരങ്ങളുമായ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ടുകളെ സഹിക്കലും, രോഗം, കഷ്ടപ്പാട് ദാരിദ്ര്യം പോലെയുള്ള കാര്യങ്ങളില്‍ സഹനം സ്വീകരിക്കലും ഇതില്‍ ഉള്‍പെടുന്നു. നിര്‍ബ്ബന്ധിതാവസ്ഥ കൊണ്ടോ, സല്‍പേരിനു വേണ്ടിയോ, സ്വാര്‍ത്ഥതാല്‍പര്യങ്ങളെ ഉന്നം വെച്ചോ അല്ലാതെ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചുകൊണ്ടുകൂടിയായിരിക്കണം അത്. (7). നമസ്കാരം നിലനിര്‍ത്തുക. (8). അല്ലാഹു നല്‍കിയ ധനത്തില്‍ നിന്നു – കഴിവും ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു – രഹസ്യ പരസ്യവ്യത്യാസം കൂടാതെ ചിലവഴിക്കുക. ഈ രണ്ടു കാര്യങ്ങളെ സംബന്ധിച്ചും ഖുര്‍ആനില്‍ അടിക്കടി ഉണര്‍ത്താറുള്ളതും, രണ്ടിനും ഇസ്ലാം കല്‍പിച്ചിട്ടുള്ള സ്ഥാനവും പരക്കെ അറിയപ്പെട്ടതാകുന്നു, പരസ്യമായി ചിലവഴിക്കുന്നതു ജനപ്രീതി നേടുവാനോ, സല്‍കീര്‍ത്തിക്കു വേണ്ടിയോ ആയിരിക്കരുതെന്നും പ്രത്യേകം പറയേണ്ടതില്ല. അതുപോലെത്തന്നെ, ചിലവഴിക്കുന്നതു സ്വകാര്യമായിത്തന്നെ വേണമെന്നുള്ള നിഷ്കര്‍ഷ വെക്കുന്നതും, പരസ്യമായി ചിലവഴിക്കുന്നതില്‍ മാത്രം താല്‍പര്യം കാണിക്കുന്നതും ശരിയല്ല. രണ്ടും സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കേണ്ടതാകുന്നു. (9) നന്മകൊണ്ടു തിന്മയെ തടുക്കുക. അഥവാ തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുക, ഇങ്ങോട്ടു തിന്മ ചെയ്തവരോട് അങ്ങോട്ട് നന്മചെയ്യുക, പാപം ചെയ്‌താല്‍ പശ്ചാത്തപിച്ചു മടങ്ങുക, വല്ല ദുഷ്ക്കര്‍മ്മവും ചെയ്തുപോയാല്‍ ഉടനെ വല്ല സല്‍ക്കര്‍മ്മവും ചെയ്യുക, അക്രമികള്‍ക്കു മാപ്പു നല്‍കുക, ഒരു തിന്മയെ തടയുവാന്‍ പല മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അവയില്‍ കൂടുതല്‍ നയപരവും ലഘുവായതുമായ മാര്‍ഗ്ഗം സ്വീകരിക്കുക ആദിയായവയെല്ലാം ഈ ഇനത്തില്‍പെടുന്നു. والله الموفق والمعين
19-ാം വചനത്തില്‍ ‘ബുദ്ധിമാന്‍മാര്‍ മാത്രമേ ഉറ്റാലോചിക്കുകയുള്ളൂ’ (إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ) എന്നു പറഞ്ഞുവല്ലോ, മേല്‍കണ്ട ഗുണങ്ങളോടു കൂടിയവരാണു ബുദ്ധിമാന്‍മാര്‍ എന്നു ചൂണ്ടിക്കാട്ടിയ ശേഷം, ഇങ്ങനെയുള്ളവര്‍ക്ക് ലഭിക്കുന്ന നേട്ടം അല്ലാഹു വിവരിച്ചതു أُولَـٰئِكَ لَهُمْ عُقْبَى الدَّارِ (അക്കൂട്ടര്‍ക്കാണ് ഭവനത്തിന്റെ ശുഭപര്യവസാനം) എന്നാകുന്നു. ഈ പര്യവസാനം കൊണ്ടുദ്ദേശ്യമെന്താണെന്നു അല്ലാഹു തന്നെ തുടര്‍ന്നുള്ള വചനങ്ങളില്‍ വ്യക്തമാക്കുന്നു:-
- جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ﴾٢٣﴿
- അതായതു, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! [അതാണവരുടെ പര്യവസാനം] അവരും, അവരുടെ പിതാക്കളില്‍നിന്നും, ഇണകളില്‍നിന്നും, സന്തതികളില്‍നിന്നും (സദ്‌വൃത്തരായി) നന്നായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. എല്ലാ വാതിലിലൂടെയും മലക്കുകള്‍ അവരില്‍ പ്രവേശിച്ചുകൊണ്ടിരിക്കും:-
- جَنَّاتُ സ്വര്‍ഗ്ഗങ്ങള്‍ عَدْنٍ സ്ഥിരവാസത്തിന്റെ يَدْخُلُونَهَا അതില്‍ അവര്‍ പ്രവേശിക്കും وَمَن صَلَحَ നന്നായവരും مِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നു وَأَزْوَاجِهِمْ അവരുടെ ഇണകളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَالْمَلَائِكَةُ മലക്കുകള്‍ يَدْخُلُونَ പ്രവേശിക്കും عَلَيْهِم അവരില്‍ مِّن كُلِّ എല്ലാറ്റിലൂടെയും بَابٍ വാതില്‍.
- سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ﴾٢٤﴿
- (അവര്‍ പറയും:) 'നിങ്ങള്‍ ക്ഷമ കൈകൊണ്ടതു നിമിത്തം നിങ്ങള്‍ക്കു 'സലാം' [ശാന്തിയുണ്ടാവട്ടെ]!' അപ്പോള്‍, ഭവനത്തിന്റെ (ശുഭ) പര്യവസാനം വളരെ നന്നായിരിക്കുന്നു!
- سَلَامٌ സലാം (സമാധാനശാന്തി) عَلَيْكُم നിങ്ങള്‍ക്കു(ണ്ടാവട്ടെ) بِمَا صَبَرْتُمْ നിങ്ങള്‍ ക്ഷമിച്ചതുകൊണ്ടു فَنِعْمَ അപ്പോള്‍ വളരെ (എത്രയോ) നന്നായി عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ.
കഴിഞ്ഞ വചനങ്ങളില്‍ വിവരിച്ച ഗുനങ്ങളോട് കൂടിയ ബുദ്ധിമാന്‍മാര്‍ക്ക് ശുഭപര്യവസാനിയായ ഭവനം ലഭിക്കുമെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവരുടെ വാസസ്ഥലം സ്വര്‍ഗ്ഗമായിരിക്കുമെന്നാണെന്നും, സ്വര്‍ഗ്ഗത്തില്‍ തുരുതുരെ അനുമോദനങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുമെന്നും ഈ വചനങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അവര്‍ക്ക് ഇത്രയും വമ്പിച്ച അനുഗ്രഹീത ജീവിതം ലഭിക്കുവാനുള്ള അടിസ്ഥാന കാരണം അവരുടെ ക്ഷമാശീലമാണല്ലോ. അവരുടെ മറ്റുള്ള ഗുണഗണങ്ങളെല്ലാം ഓരോ തരത്തില്‍ അവരുടെ ക്ഷമയെ ആശ്രയിച്ചുള്ളവയാണ്. അതുകൊണ്ടാണ് മലക്കുകളുടെ അനുമോദനത്തില്‍ بِمَا صَبَرْتُمْ (നിങ്ങള്‍ ക്ഷമിച്ചതുകൊണ്ടു) എന്നു പ്രത്യേകം എടുത്തു പറയുന്നത്. والله أعلم
സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിച്ചവര്‍ക്ക് അവരുടെ പ്രതിഫലമായി സ്വര്‍ഗ്ഗം ലഭിക്കുമെന്നതിനു പുറമെ, അവരുടെ ഇഷ്ടബന്ധുക്കളില്‍ നല്ലവരായ ആളുകളെയും – ഇഹത്തില്‍ – അവര്‍ കൂട്ടുജീവിതം നയിച്ചിരുന്നതുപോലെ – സ്വര്‍ഗ്ഗത്തില്‍ അവരോടൊപ്പം താമസിക്കുമാറാക്കിക്കൊടുക്കുന്നതു അല്ലാഹു അവര്‍ക്കു നല്‍കുന്ന ഒരു മഹത്തായ അനുഗ്രഹമത്രെ. ഇക്കാര്യം സൂ:ത്വൂര്‍ 21-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാകുന്നു. ഒരു യഥാര്‍ത്ഥം ഇവിടെ ഓര്‍മ്മിക്കേണ്ടതായുണ്ട്: ഒരു വ്യക്തി എത്ര തന്നെ ഉല്‍കൃഷ്ട പദവിയിലുള്ള ആളായിരുന്നാലും അക്കാരണത്താല്‍ അയാളുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരലോകത്തു ഒരു പുണ്യവും ലഭിക്കുവാന്‍ പോകുന്നില്ലെന്നും, അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവരവര്‍ക്ക് മാത്രമാണുള്ളതു (وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى) എന്നുമുള്ളതില്‍ സംശയമില്ല. നൂഹ് (عليه السلام) നബിയുടെ മകനും ഇബ്രാഹീം (عليه السلام)നബിയുടെ പിതാവിനും ലൂത്ത് (عليه السلام) നബിയുടെ ഭാര്യക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിതൃവ്യനുമൊക്കെ രക്ഷ കിട്ടാതിരുന്നതും അതുകൊണ്ടാണല്ലോ. മേല്‍ വിവരിച്ച ബുദ്ധിമാന്‍മാരുടെ സ്വര്‍ഗ്ഗപ്രവേശത്തെപ്പറ്റി പറഞ്ഞപ്പോള്‍ “അവരുടെ പിതാക്കളും ഇണകളും സന്തതികളും പ്രവേശിക്കും” എന്നു പറയാതെ, ‘അവരില്‍ നിന്നു നന്നായിട്ടുള്ളവരും പ്രവേശിക്കും (….وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ) എന്നു വിശേഷിപ്പിച്ചതു അത്കൊണ്ടാകുന്നു. സൂറ: ത്വൂറിലെ വാചകം ഇങ്ങിനെയാകുന്നു: وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ (വിശ്വസിക്കുകയും, വിശ്വാസത്തോടുകൂടി തങ്ങളുടെ സന്തതികള്‍ തങ്ങളെ പിന്‍തുടരുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ സന്തതികളെ നാം അവരോട് ചേര്‍ത്തുകൊടുക്കുന്നതാണ്.)
ഇപ്പോള്‍, രണ്ടുകൂട്ടരും സത്യവിശ്വാസികളും സദ്‌വൃത്തരും ആയിരിക്കുമ്പോഴാണ് ഈ ഭാഗ്യം ലഭിക്കുകയെന്നു സ്പഷ്ടമായി. അപ്പോള്‍, അവരെയും അവരുടെ സദ്‌വൃത്തരായ ബന്ധുകുടുംബങ്ങളെയും സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചു കൂട്ടുമെന്നു പറഞ്ഞതില്‍ എന്താണു വിശേഷതയുള്ളതെന്ന് ചോദിക്കപ്പെടാം. രണ്ടുകൂട്ടരും സ്വര്‍ഗ്ഗസ്ഥരാകുന്നതുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ ഇരുകൂട്ടര്‍ക്കും ഒന്നിച്ചു കൂട്ടുജീവിതം നയിക്കുവാന്‍ സാധിക്കണമെന്നില്ലല്ലോ. അവരെ അപേക്ഷിച്ച് അവരുടെ ബന്ധുകുടുംബത്തില്‍പെട്ടവര്‍ പദവികളില്‍ താഴേ കിടക്കാരായിരിക്കുകയും ചെയാം. ആ സ്ഥിതിക്കു ഇരുകൂട്ടര്‍ക്കും സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളെ ഒന്നിച്ചും കൂട്ടായും ആസ്വദിക്കുവാന്‍ അവസരം ലഭിക്കുന്നതു വമ്പിച്ച ഒരു അനുഗ്രഹം തന്നെയാണല്ലോ. അല്ലാഹു പറഞ്ഞ വാക്കുകളില്‍ന നിന്നുതന്നെ മനസ്സിലാക്കാവുന്നതാണിത്.
- وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۙ أُو۟لَٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ ﴾٢٥﴿
- യാതൊരു കൂട്ടരാകട്ടെ, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ഉത്തരവു) ഉറപ്പിച്ചതിനുശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവോ അതിനെ അവര്‍ ലംഘിക്കുകയും, ഭൂമിയില്‍ അവര്‍ നാശം ഉണ്ടാക്കുകയും ചെയ്യുന്നു; (അങ്ങിനെയുള്ള) അക്കൂട്ടര്‍ - അവര്‍ക്കത്രെ ശാപം! ഭവനത്തിന്റെ (പര്യവസാന) മോശവും അവര്‍ക്കു തന്നെ!!
- وَالَّذِينَ യാതൊരു കൂട്ടരാകട്ടെ يَنقُضُونَ അവര്‍ ലംഘിക്കുന്നു عَهْدَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) കരാറ്, ഉത്തരവു, ആജ്ഞ مِن بَعْدِ ശേഷം مِيثَاقِهِ അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ മുറിക്കുകയും ചെയ്യുന്നു مَا യാതൊന്നിനെ أَمَرَ اللَّـهُ അല്ലാഹു കല്‍പിച്ചിരിക്കുന്നു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ നാശമുണ്ടാക്കുകയും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കത്രെ اللَّعْنَةُ ശാപം وَلَهُمْ അവര്‍ക്കുണ്ട്, അവര്‍ക്കുതന്നെ سُوءُ ദൂഷ്യം, തിന്മ, ദോഷം, മോശം الدَّارِ ഭവനത്തിന്റെ.
കഴിഞ്ഞ വചനങ്ങളില്‍ ബുദ്ധിമാന്‍മാരുടെ സല്‍ഗുണങ്ങളെയും, അവര്‍ക്കു ലഭിക്കുവാനിരിക്കുന്ന സല്‍ഫലങ്ങളെയും കുറിച്ച് വിവരിച്ചശേഷം, നേരെമറിച്ച് വിഡ്ഢികളായ ആളുകളുടെ സ്വഭാവങ്ങളും അവര്‍ക്കു ലഭിക്കുവാനിരിക്കുന്ന ദുഷ്ഫലങ്ങളും എന്തായിരിക്കുമെന്നു വിവരിക്കുകയാണ്. അവരുടെ വിപരീത സ്വഭാവങ്ങളാണു ഇവര്‍ക്കുള്ളത്. അതിനാല്‍ ആദ്യം പറഞ്ഞവര്‍ അല്ലാഹുവിന്റെ പ്രീതിക്കും അനുഗ്രഹങ്ങള്‍ക്കും, പാത്രമാകുമ്പോള്‍, ഇവര്‍ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കുമാണു പാത്രമാകുന്നതെന്നും, അവരുടെ പര്യവസാനം സ്വര്‍ഗ്ഗമാകുന്ന ഭവനത്തിലേക്കായിരിക്കുമ്പോള്‍, ഇവരുടെ പര്യവസാനം നരകമാകുന്ന ഭവനത്തിലേക്കായിരിക്കുമെന്നുമാണ് അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം. പരലോകത്തു രണ്ടു കൂട്ടരുടെയും സ്ഥിതി ഇതാണെങ്കിലും ഐഹികജീവിതത്തില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ അല്ലാഹു ആ വ്യത്യാസം കാണിക്കുകയില്ലെന്നുകൂടി അടുത്ത വചനത്തില്‍ സൂചിപ്പിക്കുന്നു.
- ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْءَاخِرَةِ إِلَّا مَتَٰعٌ ﴾٢٦﴿
- അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഐഹികജീവിതംകൊണ്ടു ആഹ്ലാദം കൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം ഒരു (നിസ്സാര) അനുഭവമല്ലാതെയല്ലതാനും.
- اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുകയും ചെയ്യുന്നു وَفَرِحُوا അവര്‍ ആഹ്ലാദം (പുളകം - സന്തോഷം) കൊള്ളുകയും ചെയ്തിരിക്കുന്നു بِالْحَيَاةِ ജീവിതം കൊണ്ടു, ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا الْحَيَاةُ ജീവിതമല്ലതാനും الدُّنْيَا ഐഹിക فِي الْآخِرَةِ പരലോകത്തില്‍ (അപേക്ഷിച്ചു) إِلَّا مَتَاعٌ ഒരു അനുഭവം (ഉപകരണം) അല്ലാതെ.
ആഹാരം മുതലായ ഐഹിക ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ സന്‍മാര്‍ഗ്ഗികളെന്നോ ദുര്‍മ്മാര്‍ഗ്ഗികളെന്നോ ഉള്ള വ്യത്യാസം അല്ലാഹു കല്‍പിക്കാറില്ല. രണ്ടു വിഭാഗക്കാരിലും ചിലര്‍ക്ക് വിശാലമായും ചിലര്‍ക്ക് പരിമിതമായും നല്‍കുകയാണു ചെയ്യുന്നത്. ആര്‍ക്കാണു വിശാലമാക്കേണ്ടത് ആര്‍ക്കാണു പരിമിതമാക്കേണ്ടത് എന്നത് അവന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ചായിരിക്കും കണക്കാക്കപ്പെടുന്നത്. ഈ വചനത്തിലെ ഒന്നാമത്തെ വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത് അതാണ്. ഈ വിഷയം ഒന്നിലധികം സ്ഥലത്തു ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ളതത്രെ. വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും – രണ്ടും തന്നെ – ഓരോ തരത്തിലുള്ള പരീക്ഷണമാണെന്നും, ഒന്നാമത്തേതു നന്ദിയും നന്ദികേടും പരീക്ഷിക്കുവാനും, രണ്ടാമത്തേതു ക്ഷമയും ക്ഷമകേടും പരീക്ഷിക്കുവാനും വേണ്ടിയാണെന്നും ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നു അറിയപ്പെട്ടതാകുന്നു. തുടര്‍ന്നു പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങളില്‍ പുളകം കൊള്ളുകയും, അതുകൊണ്ടു തൃപ്തിപ്പെടുകയുമാണു ദുര്‍മ്മാര്‍ഗ്ഗികള്‍ ചെയ്യുന്നത്. വാസ്തവത്തില്‍, പരലോക ജീവിതത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഐഹിക ജീവിതം കേവലം നിസ്സാരമായ ഒരു നാമമാത്ര വസ്തു എന്നല്ലാതെ അതിലപ്പുറം ഒരു സ്ഥാനവും അതിനു കല്പിക്കുവാനില്ലതാനും.
ഒരാള്‍ തന്റെ കൈവിരല്‍ സമുദ്രത്തില്‍ മുക്കി എടുക്കുമ്പോള്‍ ആ വിരലില്‍ ഉണ്ടാകുന്ന വെള്ളവും, സമുദ്രത്തിലെ വെള്ളവും തമ്മിലുള്ള താരതമ്യം പോലെയാണു പരലോകത്തെ അപേക്ഷിച്ചു ഇഹലോകത്തിന്റെ സ്ഥിതി എന്നു ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപമിച്ചിരിക്കുന്നു. (അ; മു; തി). ഇബ്നു മസ്ഊദു (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണു: റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പായയില്‍ ഉറങ്ങി. എഴുന്നേറ്റപ്പോള്‍ പായയുടെ പാട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പാര്‍ശ്വത്തില്‍ പതിഞ്ഞിരുന്നു. ഞങ്ങള്‍ അവിടുത്തോടു: ‘ഞങ്ങള്‍ അങ്ങേക്കു (മെത്തയോ വിരിപ്പോ) വല്ലതും ഉണ്ടാക്കിത്തരട്ടെയോ?’ അപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണു: ‘ഞാനും ഇഹലോകവുമായി എന്തുണ്ടു ബന്ധം?! ഒരു വാഹന യാത്രക്കാരന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ തണല്‍ തേടി ചെന്നു, പിന്നെ അതു വിട്ടേച്ചു പോകുകയും ചെയ്തുവെന്നതു പോലെ മാത്രമേ ഞാന്‍ ഇഹത്തിലുളളു.’ (തി).
വിഭാഗം - 4
- وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ ﴾٢٧﴿
- അവിശ്വസിച്ചവര്‍ പറയുന്നു: 'ഇവന്റെ [നബിയുടെ] മേല്‍ അവന്റെ റബ്ബിങ്കല്‍നിന്നു വല്ല ദൃഷ്ടാന്തവും അവതരിപ്പിക്കപ്പെടാത്തതെന്ത്?!' പറയുക: 'നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, (മനസ്സു) മടങ്ങിയവരെ അവങ്കലേക്കു അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു;-
- وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ അവതരിപ്പിക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെ (ഇവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബില്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു إِلَيْهِ അവങ്കലേക്ക് مَنْ أَنَابَ (ഹൃദയം) മടങ്ങിയവരെ, വിനയപ്പെട്ടവരെ.
- ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ﴾٢٨﴿
- 'അതായതു, വിശ്വസിക്കുകയും, അല്ലാഹുവിന്റെ സ്മരണകൊണ്ടു തങ്ങളുടെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവര്‍.
അല്ലാ (-അറിയുക)! അല്ലാഹുവിന്റെ സ്മരണകൊണ്ടത്രെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നത്. - الَّذِينَ അതായതു യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَتَطْمَئِنُّ ശാന്തമായിത്തീരുക (അടങ്ങുക)യും ചെയ്യുന്നു قُلُوبُهُم തങ്ങളുടെ ഹൃദയങ്ങളെ بِذِكْرِ സ്മരണ (ഓര്‍മ്മ) കൊണ്ടു اللَّـهِ അല്ലാഹുവിന്റെ أَلَا അല്ലാ, അറിയുക بِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണ കൊണ്ടു, ഓര്‍മ്മകൊണ്ടാണ് تَطْمَئِنُّ ശാന്തമാകുന്നത്, അടങ്ങുന്നു الْقُلُوبُ ഹൃദയങ്ങള്‍.
- ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍ ﴾٢٩﴿
- 'യാതൊരു കൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കാണു മംഗളവും, നല്ല മടക്കസ്ഥാനവും!'
- الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ طُوبَىٰ മംഗളം لَهُمْ അവര്‍ക്കാണു وَحُسْنُ مَآبٍ നല്ല മടക്ക (പ്രാപ്യ) സ്ഥാനവും.
ദൃഷ്ടാന്തങ്ങള്‍ ധാരാളം ഉണ്ടായിരുന്നിട്ടും പിന്നെയും അവിശ്വാസികള്‍ പുതിയ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നതിനെപ്പറ്റി ഇതിനു മുമ്പും പിമ്പും പല സ്ഥലങ്ങളിലും പ്രസ്താവിച്ചിട്ടുള്ളതാണ്. അതുപോലെത്തന്നെ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുമെന്നും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുമെന്നും പറഞ്ഞതിന്റെ താല്‍പര്യത്തെക്കുറിച്ചും ഒന്നിലധികം പ്രാവശ്യം മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണു. അതുകൊണ്ടു ഈ രണ്ടു കാര്യത്തെക്കുറിച്ചു പ്രത്യേകമൊന്നും വിവരിക്കുന്നില്ല. അല്ലാഹുവിലേക്കു മനസ്സു മടങ്ങി വിനയരായിത്തീരുന്നവരെയാണു അവന്‍ നേര്‍വഴിയില്‍ ചേര്‍ക്കുക (وَيَهْدِي إِلَيْهِ مَنْ أَنَابَ) എന്നു പറഞ്ഞതില്‍നിന്നു തന്നെ അവന്‍ വഴിപിഴവിലാക്കുന്നതു ആരെയായിരിക്കുമെന്നു മനസ്സിലാക്കാവുന്നതാണല്ലോ. പുതിയ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കുവാന്‍ കല്‍പിച്ച മറുപടിയുടെ ആകെ സാരം ഇങ്ങനെ പറയാം:നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടിലെങ്കില്‍, നിങ്ങള്‍ക്കു എനി പുതിയൊരു ദൃഷ്ടാന്തം ഇറക്കിത്തന്നിട്ടു ഫലമുണ്ടാകുവാന്‍ പോകുന്നില്ല. നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിത്തരുവാന്‍ ഭക്തിയോടും താഴ്മയോടും കൂടി അവനോടു അപേക്ഷിക്കുകയാണു നിങ്ങള്‍ ചെയ്യേണ്ടത്. നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി തന്നെയാണു നിങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍, അതിനു വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ നിങ്ങളുടെ മുമ്പില്‍ തന്നെയുണ്ട്.
അല്ലാഹുവിന്റെ സ്മരണകൊണ്ടു ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നു (أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ) എന്നു പറഞ്ഞതു വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വാക്യമാകുന്നു. അല്ലാഹുവിനെക്കുറിച്ചു യഥാര്‍ത്ഥമായ സ്മരണയും ബോധവും ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു ഭയാശങ്കകളോ ആശയക്കുഴപ്പങ്ങളോ, അസ്വാസ്ഥ്യങ്ങളോ ഒന്നും തന്നെ ബാധിക്കുവാനില്ല. അവരെപ്പോഴും ശാന്തരും വേവലാതിയില്ലാത്തവരും, സംതൃപ്തരും അതോടൊപ്പം ധീരചിത്തരുമായിരിക്കും. അവരുടെ വാക്കും, പ്രവൃത്തിയും, വിചാരവികാരങ്ങളുമേല്ലാം നിയന്ത്രിതങ്ങളുമായിരിക്കും. അല്ലാഹുവല്ലാത്ത മറ്റേതിനെക്കുറിച്ചുള്ള സ്മരണമൂലവും ഉണ്ടാവാത്ത ഗുണങ്ങളത്രെ അവ. മാത്രമല്ല മിക്കപ്പോഴും അവയുടെ എതിര്‍ഗുണങ്ങളാണു അതിന്റെ ഫലം. അല്ലാഹുവിന്റെ സ്മരണ (ذِكْر اللَّـه) സാക്ഷാല്‍കൃതമാകുമ്പോള്‍ അതു മനസാ – വാചാ – കര്‍മ്മണാ എന്നീ മൂന്നു രൂപത്തിലും പ്രകടമായിത്തീരുന്നതാകുന്നു. ധ്യാനം, ഭക്തി, വിനയം ആദിയായവ ഹൃദയംകൊണ്ടും, തസ്ബീഹു (അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യല്‍), ഹംദു (സ്തുതികീര്‍ത്തനം ചെയ്യല്‍) തക്ബീര്‍ (മഹത്വകീര്‍ത്തനം), ദുആ (പ്രാര്‍ത്ഥന), ഖുര്‍ആന്‍ പാരായണം മുതലായവ നാവുകൊണ്ടും, നമസ്ക്കാരം നോമ്പു ദാനകര്‍മ്മങ്ങള്‍ മുതലായ കര്‍മ്മങ്ങള്‍ പ്രവൃത്തികൊണ്ടും ഉണ്ടാകുന്ന സ്മരണ (ذِكْرِ)കളത്രെ.
- كَذَٰلِكَ أَرْسَلْنَٰكَ فِىٓ أُمَّةٍ قَدْ خَلَتْ مِن قَبْلِهَآ أُمَمٌ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَٰنِ ۚ قُلْ هُوَ رَبِّى لَآ إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ ﴾٣٠﴿
- മുമ്പ് പല സമുദായങ്ങള്‍ കഴിഞ്ഞുപോകുകയുണ്ടായിട്ടുള്ള ഒരു സമുദായത്തില്‍, അതുപോലെ [അവരില്‍ അയക്കുകയുണ്ടായതുപോലെ] നിന്നെ നാം (റസൂലായി) അയച്ചിരിക്കുന്നു, നിനക്കു നാം 'വഹ്-യു' [സന്ദേശം] നല്‍കിയതിനെ നീ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുവാന്‍ വേണ്ടി.
അവരാകട്ടെ, പരമകാരുണികനില്‍ അവിശ്വസിക്കുകയും ചെയ്യുന്നു. പറയുക: 'അവന്‍ എന്റെ റബ്ബാകുന്നു; അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല; അവന്റെ മേലത്രെ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്; അവനിലെക്കുതന്നെയാണു എന്റെ (പശ്ചാത്തപിച്ച്) മടക്കവും.' - كَذَٰلِكَ അപ്രകാരം, അതുപോലെ أَرْسَلْنَاكَ നിന്നെ നാം അയച്ചിരിക്കുന്നു فِي أُمَّةٍ ഒരു സമുദായത്തില്‍ قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهَا അതിന്റെ (ആ സമുദായത്തിന്റെ) മുമ്പു أُمَمٌ പല (ചില) സമുദായങ്ങള്‍ لِّتَتْلُوَ നീ ഓതിക്കൊടുക്കു (ഓതികേള്‍പ്പിക്കു)വാന്‍ വേണ്ടി عَلَيْهِمُ അവരുടെ മേല്‍, അവര്‍ക്കു الَّذِي أَوْحَيْنَا നാം വഹ്-യു നല്‍കിയതിനെ إِلَيْكَ നിനക്കു وَهُمْ അവരാകട്ടെ يَكْفُرُونَ അവിശ്വസിക്കുന്നു بِالرَّحْمَـٰنِ റഹ്മാനില്‍ (പരമകാരുണികനില്‍) قُلْ പറയുക هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് (രക്ഷിതാവാണ്) لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ عَلَيْهِ അവന്റെ മേലത്രെ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَإِلَيْهِ അവങ്കലേക്കുതന്നെയാണു مَتَابِ എന്റെ പശ്ചാത്താപം, മടക്കം.
സാരം: മുമ്പു പല സമുദായങ്ങളിലേക്കും നാം റസൂലുകളെ അയക്കുകയുണ്ടായിരുന്നു. അതുപോലെ, ഈ സമുദായാത്തിലേക്കു നിന്നെ അയച്ചിരിക്കുകയാണു, ഇതൊരു പുതിയ ഏര്‍പ്പാടൊന്നുമല്ല. അവരുടെ നന്മക്കുവേണ്ടി നാം നിനക്കു എത്തിച്ചുതന്നെ സന്ദേശങ്ങള്‍ അവരെ കേള്‍പിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാണു നിന്നെ അയച്ചിരിക്കുന്നതും. അല്ലാഹു അവര്‍ക്കു നല്‍കിയ ഈ വമ്പിച്ച കാരുണ്യത്തിനു അവര്‍ നന്ദികാണിക്കുകയാണു വേണ്ടിയിരുന്നത്. പക്ഷെ, നന്ദിക്കുപകരം മഹാ കാരുണികനായ അല്ലാഹുവില്‍ അവിശ്വസിച്ചു നന്ദികേടു കാണിക്കുകയാണവര്‍ ചെയ്യുന്നത്. അവര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, എല്ലാം അവനില്‍ അര്‍പ്പിച്ചുകൊണ്ടു നീ തൗഹീദില്‍ ഉറച്ചുതന്നെ നിന്നുകൊള്ളുക.
- وَلَوْ أَنَّ قُرْءَانًا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ ۗ بَل لِّلَّهِ ٱلْأَمْرُ جَمِيعًا ۗ أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًا ۗ وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ ﴾٣١﴿
- വല്ല 'ഖുര്‍ആനും' [പാരായണ ഗ്രന്ഥവും], അതുമൂലം മലകള്‍ (തല്‍സ്ഥാനങ്ങളില്‍ നിന്നു) നടത്തപ്പെടുകയോ, അതുമൂലം മരണപ്പെട്ടവരുമായി സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ (അത് ഈ ഗ്രന്ഥം തന്നെയാകുമായിരുന്നു). പക്ഷേ, കല്‍പന [അധികാരം] മുഴുവനും അല്ലാഹുവിന്നാകുന്നു.
അപ്പോള്‍, വിശ്വസിച്ചവര്‍ക്കു വ്യക്തമായി അറിഞ്ഞുകൂടേ? അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുമായിരുന്നുവെന്ന്!
അവിശ്വസിച്ചവര്‍ അവ പ്രവര്‍ത്തിച്ചതു നിമിത്തം - അവര്‍ക്കു മുട്ടി അലക്കുന്ന വല്ല [ശിക്ഷാ] സംഭവവും ബാധിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ വസതിക്കു സമീപം അതു [വന്നു] ഇറങ്ങികൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നതുവരെ. നിശ്ചയമായും, അല്ലാഹു കരാറു നിശ്ചയത്തിന് എതിരു പ്രവര്‍ത്തിക്കുകയില്ല. - وَلَوْ أَنَّ ആയിരുന്നെങ്കില്‍ قُرْآنًا വല്ല ഖുര്‍ആനും (പാരായണഗ്രന്ഥവും) سُيِّرَتْ بِهِ അതുമൂലം നടത്തപ്പെട്ടു الْجِبَالُ മല (പര്‍വ്വതം)കള്‍ أَوْ قُطِّعَتْ അല്ലെങ്കില്‍ മുറിക്കു (തുണ്ടമാക്ക)പ്പെട്ടു بِهِ അതുമൂലം الْأَرْضُ ഭൂമി أَوْ كُلِّمَ അല്ലെങ്കില്‍ സംസാരിക്കപ്പെട്ടു بِهِ അതുമൂലം, അതിനാല്‍ الْمَوْتَىٰ മരണപ്പെട്ടവരുമായി بَل പക്ഷേ, എന്നാല്‍, എങ്കിലും لِّلَّـهِ അല്ലാഹുവിനാണു الْأَمْرُ കല്‍പന (അധികാരം), കാര്യം جَمِيعًا മുഴുവനും أَفَلَمْ يَيْأَسِ അപ്പോള്‍ നിരാശപ്പെട്ടി (വ്യക്തമായി അറിഞ്ഞിട്ടി)ല്ലേ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ أَن لَّوْ يَشَاءُ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എന്നു اللَّـهُ അല്ലാഹു لَهَدَى അവന്‍ സന്‍മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്തിരുന്നു (വെന്നു) النَّاسَ മനുഷ്യരെ جَمِيعًا മുഴുവനും وَلَا يَزَالُ ആയിക്കൊണ്ടേയിരിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ تُصِيبُهُم അവര്‍ക്കു ബാധിച്ചുകൊണ്ടു بِمَا صَنَعُوا അവര്‍ പ്രവര്‍ത്തിച്ചതിനാല്‍ قَارِعَةٌ വല്ല മുട്ടി അലക്കുന്ന സംഭവം أَوْ تَحُلُّ അല്ലെങ്കില്‍ അതു ഇറങ്ങിക്കൊണ്ടു, നീ ഇറങ്ങിക്കൊണ്ടു قَرِيبًا അടുത്തു, സമീപത്തു مِّن دَارِهِمْ അവരുടെ വസതിക്കു, ഭവനത്തോടു حَتَّىٰ يَأْتِيَ വരുന്നതുവരെ وَعْدُ اللَّـهِ അല്ലാഹുവിന്റെ വാഗ്ദത്തം, വാഗ്ദാനം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُخْلِفُ എതിരു ചെയ്യുക (ലംഘിക്കുക)യില്ല الْمِيعَادَ നിശ്ചയത്തെ, കരാര്‍ (വാഗ്ദത്ത) നിശ്ചയം.
മുന്‍വേദഗ്രന്ഥങ്ങളില്‍പെട്ട ഏതെങ്കിലും ഒരു പാരായണ ഗ്രന്ഥം അവതരിപ്പിക്കുകയോ, പാരായണം ചെയ്യപ്പെടുകയോ ചെയ്തതു നിമിത്തം – അതിന്റെ ഗൗരവത്താല്‍ -വല്ല മലകളും അവയുടെ സ്ഥാനം തെറ്റി നീങ്ങിപ്പോകുകയോ, ഭൂമി പൊട്ടിക്കീറി തുണ്ടമായിപ്പോകുകയോ, മരണപ്പെട്ടുപോയ ആളുകളുമായി സംസാരം നടത്തുവാന്‍ സാധിക്കുകയോ ഉണ്ടായിട്ടില്ല. അങ്ങിനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍, നിശ്ചയമായും ഈ ഖുര്‍ആന്‍ മൂലവും അതൊക്കെ സംഭവിക്കുമായിരുന്നു. ഏതു നിലക്കും ഈ ഗ്രന്ഥം അവയെക്കാളെല്ലാം ശ്രേഷ്ഠമായതു തന്നെ. പക്ഷേ, വേദഗ്രന്ഥങ്ങള്‍ മുഖേന അങ്ങിനെയൊന്നും സംഭവിക്കാറില്ലാത്ത സ്ഥിതിക്ക് ഈ ഖുര്‍ആന്‍ സത്യമാണെങ്കില്‍ ഞങ്ങള്‍ക്കു എന്തുകൊണ്ടു ഇന്നിന്ന ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നില്ല എന്നും മറ്റും അവിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനു ന്യായമില്ല. ഖുര്‍ആന്റെ ഏതെങ്കിലും പോരായ്മയോ, ന്യൂനതയോ അല്ല അവരുടെ ഈ നിഷേധത്തിനു കാരണം. അല്ലാഹുവിന്റെ കയ്യിലാണു സര്‍വ്വ കാര്യങ്ങളുടെയും അധികാരവും നിയന്ത്രണവുമിരിക്കുന്നത്. അവന്‍ വേണമെന്നുദ്ദേശിക്കുന്ന പക്ഷം ഇവരടക്കം എല്ലാ മനുഷ്യരും വിശ്വസിക്കുക തന്നെ ചെയ്യും, പക്ഷെ, അവന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. സന്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ അര്‍ഹതയുള്ളവരും അതിനു സന്നദ്ധതയുള്ളവരും ആരൊക്കെയാണെന്നു അവന്നറിയാം. അങ്ങിനെയുള്ളവര്‍ അതില്‍ വിശ്വസിക്കുകയും, അവരെ അവന്‍ സ്വര്‍ഗ്ഗത്തിലാക്കുകയും ചെയ്യും. ഈ വസ്തുത സത്യവിശ്വാസികള്‍ക്കു ശരിക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടു ആ സത്യനിഷേധികളെപ്പറ്റി അവര്‍ ആശിച്ചിരിക്കേണ്ടതില്ല. ഏതായാലും ഒരു കാര്യം തീര്‍ച്ചയാകുന്നു: അല്ലാഹു ചെയ്ത വാഗ്ദത്തം – ഇസ്ലാമിന്റെ വിജയം – നടപ്പില്‍ വരുക തന്നെ ചെയ്യും. അതുവരെ സ്വൈര്യമായിരിക്കുവാന്‍ അവിശ്വാസികള്‍ക്കു സാധ്യമായിരിക്കയില്ല. അവര്‍ക്കിടയില്‍ തന്നെയോ, അല്ലെങ്കില്‍ അവര്‍ക്കു സ്വൈര്യജീവിതം സാദ്ധ്യമല്ലാത്ത വിധം അവരുടെ സമീപ സ്ഥലങ്ങളില്ലോ എന്തെങ്കിലും മഹാവിപത്തുകള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അല്ലാഹുവിന്റെ നിശ്ചയത്തിനു ഒരിക്കലും മാറ്റം വരുകയില്ല. ഇതൊക്കെയാണ് ഈ വചനത്തിലടങ്ങിയ സാരം.
ഇസ്ലാമിന്റെ വിജയവും, ശിര്‍ക്കിന്റെ പരാജയവും അടുത്ത ഭാവിയില്‍ പരിപൂര്‍ണ്ണമായിത്തീരുനതാണെന്നുള്ള അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമായി പുലരുന്നതും, അതുവരെയും യുദ്ധം, ക്ഷാമം തുടങ്ങിയ ആപത്തുകള്‍ മുശ്രിക്കുകള്‍ക്കു അനുഭവപ്പെട്ടുകൊണ്ടിരുന്നതും പ്രസിദ്ധമാണല്ലോ. أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ എന്ന വാക്യത്തിനു – പരിഭാഷയില്‍ കണ്ടതുപോലെ – ‘അല്ലെങ്കില്‍ അവരുടെ വസതിക്കു സമീപം അതു (ആ മുട്ടി അലക്കുന്ന സംഭവം) വന്നിറങ്ങിക്കൊണ്ടിരിക്കും’ എന്നു അര്‍ത്ഥം കല്‍പിച്ചുകൊണ്ടുള്ളതാണ് മേല്‍കണ്ട വിവരണം. ആ വാക്യത്തിനു ‘അല്ലെങ്കില്‍ നീ (നബി) അവരുടെ വസതിക്കു സമീപം ഇറങ്ങിച്ചെല്ലും’ എന്നും അര്‍ത്ഥം വരാവുന്നതാണ്. മക്കാവിജയം വഴി ഇസ്ലാമിന്റെ വിജയം പൂര്‍ത്തിയാകുന്നതുവരെ അതിന്റെ പരിസരങ്ങളിലുള്ള ഓരോ രാജ്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജയിച്ചടക്കിക്കൊണ്ടിരിക്കും എന്നായിരിക്കും അപ്പോള്‍ ഇതിന്റെ താല്‍പര്യം. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം ഈ വാക്യത്തിനു കല്‍പിച്ചിരിക്കുന്ന വ്യാഖ്യാനം ഇതാകുന്നു.
قُرْآن (ഖുര്‍ആന്‍) എന്ന വാക്കിന് ‘പാരായണം’ എന്നും ‘പാരായണ ഗ്രന്ഥം’ എന്നും അര്‍ത്ഥമുണ്ടെന്നും, ഇതില്‍നിന്നാണ് വിശുദ്ധ ഖുര്‍ആനിനു اَلْقُرْآن എന്നു പേര്‍ വന്നതെന്നും കഴിഞ്ഞ സൂറത്തിലെ 2-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിരിക്കുന്നു. ഇവിടെ ‘ഖുര്‍ആന്‍’ എന്നു പറഞ്ഞതു മുന്‍വേദഗ്രന്ഥങ്ങളാകുന്ന പാരായണ ഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാകുന്നു. ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നു: ‘ദാവൂദ് (عليه السلام) നു ഖുര്‍ആന്‍ ലഘുവാക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മൃഗത്തിനു (വാഹനത്തിനു) ജീനിയിട്ടു കെട്ടുവാന്‍ അദ്ദേഹം കല്പിച്ചിട്ട് അതു കെട്ടിത്തീരും മുമ്പായി അദ്ദേഹം ഖുര്‍ആന്‍ ഓതുമായിരുന്നു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നതുമില്ല.’ (അ; ബു). ഈ നബി വചനത്തില്‍ ‘ഖുര്‍ആന്‍’ എന്നു പറഞ്ഞതു ദാവൂദു (عليه السلام) നബിയുടെ വേദഗ്രന്ഥത്തെ (സബൂറിനെ) ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്.
أَفَلَمْ يَيْأَسِ എന്ന വാക്കിനാണു – മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കല്‍പിച്ചപോലെ – ‘അറിഞ്ഞുകൂടേ’ എന്നു നാമും അര്‍ത്ഥം കല്പിച്ചിരിക്കുന്നതും. സാധാരണഗതിയില്‍ ‘നിരാശപ്പെട്ടിട്ടില്ലേ’ എന്നായിരിക്കും ആ വാക്കിനര്‍ത്ഥം വരുക. ഒരു കാര്യത്തെപ്പറ്റി ശരിക്കും വ്യക്തമായി അറിയുമ്പോഴാണല്ലോ അതിന്റെ മറുവശത്തെപ്പറ്റി നിരാശപ്പെടുന്നത്. അവിശ്വാസികള്‍ ഖുര്‍ആനില്‍ വിശ്വസിക്കാത്തതിന്റെ കാരണം നല്ലപോലെ അറിയാവുന്ന സ്ഥിതിക്കു അവര്‍ വിശ്വസിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കു ആശയും പ്രതീക്ഷയും ഉണ്ടാവാന്‍ അവകാശമില്ലല്ലോ. അതാണു ഈ പ്രയോഗത്തിലടങ്ങിയ സൂചന.