റഅ്ദ് (ഇടിനാദം)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 43 – വിഭാഗം (റുകുഅ്) 6

[മക്കായില്‍ അവതരിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

കേവലാക്ഷരങ്ങള്‍കൊണ്ട് ആരംഭിക്കുന്ന സൂറത്തുകളില്‍ ഒന്നാണിതും. ഈ അക്ഷരങ്ങളെപ്പറ്റി സൂറത്തുല്‍ ബഖറഃയുടെ ആരംഭത്തിലും മറ്റും മുമ്പു വിവരിച്ചിരിക്കുന്നു. പതിമൂന്നാം വചനത്തില്‍ ഇടിയെ സംബന്ധിച്ചുള്ള പരാമര്‍ശം കാണാം. അതില്‍നിന്നാണ് ‘ഇടി’ എന്നര്‍ത്ഥമായ الرَّعْدُ (റഅ്ദ്) എന്നു ഈ സൂറത്തിനു പേര്‍ വന്നത്

13:1
  • الٓمٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ۗ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ ﴾١﴿
  • 'അലിഫ് - ലാം - മീം - റാ'. ഇവ (വേദ)ഗ്രന്ഥത്തിന്റെ 'ആയത്തു' [സൂക്തം] കളത്രെ. നിന്റെ റബ്ബിങ്കല്‍നിന്നു നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ യഥാര്‍ത്ഥവുമാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികപേരും (അതില്‍) വിശ്വസിക്കുന്നില്ല.
  • الٓمٓر 'അലിഫ്, ലാം, മീം, റാ' تِلْكَ അവ (ഇവ) آيَاتُ ആയത്തുകളാണ് الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ وَالَّذِي أُنزِلَ إِلَيْكَ നിനക്കു ഇറക്കപ്പെട്ടത് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്ന് الْحَقُّ യഥാര്‍ത്ഥമാണ് وَلَـٰكِنَّ എങ്കിലും أَكْثَرَ അധികവും النَّاسِ മനുഷ്യരില്‍ لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല
13:2
  • ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَـٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ ﴾٢﴿
  • അല്ലാഹുവത്രെ, നിങ്ങള്‍ക്കു കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തി (നിറുത്തി) യവന്‍. പിന്നെ, അവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു. സൂര്യനെയും, ചന്ദ്രനെയും അവന്‍ (നിയന്ത്രണ) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു; ആയത്തു [ലക്ഷ്യദൃഷ്ടാന്തം] കള്‍ വിശദീകരിച്ചു തരുന്നു. (അതെ) നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ഉറച്ചു വിശ്വസിക്കുവാന്‍വേണ്ടി.
  • اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു رَفَعَ അവന്‍ ഉയര്‍ത്തി السَّمَاوَاتِ ആകാശങ്ങളെ بِغَيْرِ عَمَدٍ ഒരു തൂണും (തൂണുകളൊന്നും) കൂടാതെ تَرَوْنَهَا നിങ്ങള്‍ കാണുന്ന, നിങ്ങളവയെ കാണുമാറുള്ള ثُمَّ اسْتَوَىٰ പിന്നെ അവന്‍ ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്‍മേല്‍, സിംഹാസനത്തില്‍ وَسَخَّرَ അവന്‍ വിധേയമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും كُلٌّ എല്ലാം يَجْرِي നടക്കും, സഞ്ചരിക്കുന്നു لِأَجَلٍ ഒരവധിയിലേക്കു (വരെ) مُّسَمًّى നിര്‍ണ്ണയം ചെയ്യപ്പെട്ട يُدَبِّرُ അവന്‍ നിയന്ത്രിക്കുന്നു الْأَمْرَ കാര്യത്തെ يُفَصِّلُ അവന്‍ വിശദീകരിക്കുന്നു, വിസ്തരിച്ചുകൊണ്ടു الْآيَاتِ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ لَعَلَّكُم നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം بِلِقَاءِ കാണുന്ന (കണ്ടുമുട്ടുന്ന)തിനെ പ്പറ്റി رَبِّكُمْ നിങ്ങളുടെ റബ്ബിനെ تُوقِنُونَ നിങ്ങള്‍ ഉറപ്പിക്കുക, ഉറപ്പായി വിശ്വസിക്കുക

‘നിങ്ങള്‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശങ്ങളെ ഉയര്‍ത്തിയിരിക്കുന്നു (رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا) എന്നു പറഞ്ഞതില്‍നിന്നു മനുഷ്യര്‍ക്കു കാണാവുന്നതല്ലാത്ത ഏതെങ്കിലും തൂ‍‌ണ്‍ ആകാശങ്ങള്‍ക്കു ഉണ്ടായിരിക്കാമെന്നു വരുന്നു. അതെ, അല്ലാഹുവിന്റെ മഹത്തായ കഴിവ് (القدرة) ത്രെ അത്. ശാസ്ത്രത്തിന്റെ ഭാഷയില്‍ അതിനു ആകര്‍ഷണശക്തി എന്നു പറയപ്പെടുന്നുവെങ്കിലും ആകര്‍ഷണശക്തിയുടെ യാഥാര്‍ത്ഥ്യമെന്തെന്നോ, അതെവിടെനിന്നു വന്നുവെന്നോ പറയുവാന്‍ ശാസ്ത്രത്തിനു കഴിവില്ല. അഖിലാണ്ഡലോകങ്ങള്‍ ഓരോന്നും അതതിന്റെ സ്ഥാനം തെറ്റാതെയും, ചിന്നിച്ചിതറാതെയും നിലകൊള്ളുന്നതിനു ആകര്‍ഷണശക്തി എന്നൊരു പേര്‍ നല്‍കി തൃപ്തിപ്പെടുക മാത്രമാണു ശാസ്ത്രം വാസ്തവത്തില്‍ ചെയ്യുന്നത്. عَمَد (തൂണുകള്‍) എന്നതിന്റെ വിശേഷണമായിക്കൊണ്ടാണു تَرَوْنَهَا (നിങ്ങള്‍ കാണുന്ന) എന്ന ക്രിയ നിലകൊള്ളുന്നതെന്ന നിലക്കാണ് മുകളില്‍ നാം സ്വീകരിച്ച അര്‍ത്ഥവ്യാഖ്യാനം. വ്യാകാരണപരമായി നോക്കുമ്പോള്‍ അതു അതിന്റെ വിശേഷണം (صِفَة) അല്ലാതെ വേറൊരു വാക്യമായും വരാം. അപ്പോള്‍ അതിന്റെ മുമ്പത്തെ വാക്യത്തിനു ‘യാതൊരു തൂണുകളും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തിയവനത്രെ അല്ലാഹു’ എന്നും تَرَوْنَهَا എന്ന വാക്യത്തിനു ‘നിങ്ങള്‍ അവയെ – അഥവാ ആകാശങ്ങളെ (തൂണുകൂടാതെ) കണ്ടുകൊണ്ടിരിക്കുന്നു’ എന്നും അര്‍ത്ഥമായിരിക്കും. രണ്ടായാലും ആശയത്തില്‍ വ്യത്യാസമില്ലതാനും. ഉപരിഭാഗത്തു സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രഹങ്ങളും നക്ഷത്രലോകങ്ങളും ഒന്നൊഴിയാതെ അതതിനു നിശ്ചയിക്കപ്പെട്ട സ്ഥാനവലയങ്ങളില്‍നിന്നും, സഞ്ചാരമാര്‍ഗ്ഗങ്ങളില്‍ നിന്നും തെറ്റാതെ നിലകൊള്ളുന്നു. ഈ വ്യവസ്ഥക്ക് അല്ലാഹു ഒരു കാലാവധി നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ലോകാവസാനഘട്ടം വരുമ്പോള്‍ ഈ വ്യവസ്ഥമാറി മറ്റൊരു വ്യവസ്ഥ നടപ്പില്‍ വരുന്നു. ‘എല്ലാം ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ സഞ്ചരിക്കുന്നു’ വെന്നു പറഞ്ഞതു ഇതിനെപ്പറ്റിയാകുന്നു.

അല്ലാഹു അര്‍ശില്‍ ആരോഹണം ചെയ്തു (اسْتَوَىٰ عَلَى الْعَرْشِ) എന്നു പറഞ്ഞതിനെപ്പറ്റി സൂ: അഅ്റാഫ് 54; യൂനുസ് 3; സജദഃ 4; ഹദീദ് 4 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അതു ഇവിടെയും ഓര്‍ക്കുക. അല്ലാഹുവിന്റെ സിംഹാസനാരോഹണത്തെ സംബന്ധിച്ചു അതെങ്ങിനെയെന്നു തിട്ടപ്പെടുത്തുവാന്‍ നമുക്കു സാദ്ധ്യമല്ലെങ്കിലും, ചെറുതും വലുതുമായ അഖിലാണ്ഡ കാര്യങ്ങളെല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും മാത്രമാണു നടക്കുന്നതെന്ന തത്വമാണു അതില്‍ അടങ്ങിയിരിക്കുന്നത്. തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്നു തന്നെ ഇതു വ്യക്തമാകുകയും ചെയ്യുന്നു. ഈ വചനത്തിലും, തുടര്‍ന്നുള്ള വചനങ്ങളിലുമായി വിവരിക്കപ്പെടുന്ന നിത്യസത്യങ്ങളായ ദൃഷ്ടാന്തങ്ങള്‍ മനുഷ്യരാകുന്ന നിങ്ങള്‍ക്കു വിവരിച്ചു തരുന്നതു മരണാനന്തരം നിങ്ങള്‍ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നും, നിങ്ങള്‍ക്കു രണ്ടാമതൊരു ജീവിതം കൂടിയുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കി ഉറപ്പിക്കുവാന്‍ വേണ്ടിയാകുന്നുവെന്നത്രെ അവസാനത്തെ വാക്യം ഓര്‍മ്മിപ്പിക്കുന്നത്.

13:3
  • وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَـٰرًا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ ﴾٣﴿
  • അവനത്രെ, ഭൂമിയെ വിശാലപ്പെടുത്തുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന മലകളെയും നദികളെയും ഉണ്ടാക്കുകയും ചെയ്തവനും. എല്ലാ ഫലവര്‍ഗ്ഗങ്ങളില്‍നിന്നും തന്നെ, അതില്‍ അവന്‍ ഈരണ്ടു ഇണകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാത്രിയെ അവന്‍ പകലിനു മൂടിയിടുന്നു. നിശ്ചയമായും, അതില്‍ (ഒക്കെയും) ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
  • وَهُوَ الَّذِي അവന്‍ യാതൊരുവനുമത്രേ , അവന്‍ തന്നെ യാതൊരുവന്‍ مَدَّ الْأَرْضَ അവന്‍ ഭൂമിയെ നീട്ടി (വിശാലപ്പെടുത്തി), അയച്ചുവിട്ടു وَجَعَلَ فِيهَا അതില്‍ ആക്കുക (ഉണ്ടാക്കുക)യും رَوَاسِيَ ഉറച്ചു നില്‍ക്കുന്ന (നങ്കൂരമിട്ടു നില്‍ക്കുന്നവയെ (മലകളെ) وَأَنْهَارًا നദി (പുഴ) കളെയും وَمِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളിലെ جَعَلَ فِيهَا അതിലവന്‍ ആക്കി (ഉണ്ടാക്കി) യിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ اثْنَيْنِ രണ്ടു (വീതം), (ഈ) രണ്ടു يُغْشِي അവന്‍ മൂടിയിടുന്നു اللَّيْلَ രാത്രിയെ النَّهَارَ പകലിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ (തന്നെ) لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يَتَفَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന
13:4
  • وَفِى ٱلْأَرْضِ قِطَعٌ مُّتَجَـٰوِرَٰتٌ وَجَنَّـٰتٌ مِّنْ أَعْنَـٰبٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَٰحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ ﴾٤﴿
  • ഭൂമിയില്‍ (തന്നെ) പരസ്പരം സമീപത്തു നിലകൊള്ളുന്ന പല (തരം) ഖണ്ഡങ്ങളും, മുന്തിരികളുടേതായ പല (തരം) തോട്ടങ്ങളും, കൃഷികളുമുണ്ട്; ഇണച്ചമുള്ളവയും, ഇണച്ചമുള്ളതല്ലാത്തതുമായ ഈത്തപ്പനകളും (ഉണ്ട്); ഒരേ വെള്ളം കൊണ്ടു അതിനു നനക്കപ്പെടുന്നു (എന്നിട്ടും) അവയില്‍ ചിലതിനെ ചിലതിനേക്കാള്‍ തീറ്റയില്‍ നാം ശ്രേഷ്ഠമാക്കുന്നു. നിശ്ചയമായും, അതില്‍ (ഒക്കെയും) ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
  • وَفِي الْأَرْضِ ഭൂമിയിലുമുണ്ട് قِطَعٌ പല ഖണ്ഡങ്ങള്‍, തുണ്ടങ്ങള്‍, ഭാഗങ്ങള്‍, മുറികള്‍ مُّتَجَاوِرَاتٌ അന്യോന്യം അടുത്തു (ചേര്‍ന്നു) നില്‍ക്കുന്ന, അന്യോന്യം അയല്‍പക്കത്തായുള്ള وَجَنَّاتٌ തോട്ടങ്ങളും, തോപ്പുകളും مِّنْ أَعْنَابٍ മുന്തിരികളാലുള്ള وَزَرْعٌ കൃഷിയും, കൃഷികളും وَنَخِيلٌ ഈന്തപ്പനയും, ഈത്തപ്പനകളും صِنْوَانٌ ഇണച്ചമുള്ള وَغَيْرُ صِنْوَانٍ ഇണച്ചമില്ലാത്തവയും يُسْقَىٰ അതു നനക്കപ്പെടുന്നു بِمَاءٍ وَاحِدٍ ഒരേ വെള്ളംകൊണ്ടു وَنُفَضِّلُ നാം ശ്രേഷ്ടമാക്കുക (മെച്ചപ്പെടുത്തുക)യും ചെയ്യുന്നു بَعْضَهَا അവയില്‍ ചിലതിനെ عَلَىٰ بَعْضٍ ചിലതിനെക്കാള്‍ فِي الْأُكُلِ തീറ്റയില്‍, തീനിയില്‍, കനിയില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ദൃഷ്ടാന്തങ്ങള്‍തന്നെ لِّقَوْمٍ ജനങ്ങള്‍ക്കു يَعْقِلُونَ ബുദ്ധി കൊടുക്കുന്ന, ഗ്രഹിക്കുന്ന

ഉപരിയാകാശങ്ങളെ തൂണുകൂടാതെ ഉയര്‍ത്തി വ്യവസ്ഥപ്പെടുത്തി വെച്ചതിനെ ഓര്‍മ്മിപ്പിച്ചശേഷം, ഭൂമിയില്‍ മനുഷ്യന്‍ നിത്യേന കണ്ടനുഭവിച്ചു കൊണ്ടിരിക്കുന്ന ഏതാനും ദൃഷ്ടാന്തങ്ങളെ അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു:

(1) ഭൂമിയെ പരത്തിവിശാലമാക്കിയത്. ഭൂമി യഥാര്‍ത്ഥത്തില്‍ ഒരു ഗോളാകൃതിയിലാണെങ്കിലും കാഴ്ചയിലും ഉപയോഗത്തിലും അതു പരപ്പും നിരപ്പുമാകുന്നു. അതിലെ നിവാസികള്‍ക്കും അതു വിശാലമാകുന്നു. ആളെണ്ണി ഭൂപരിധി നിശ്ചയിക്കുകയോ, തലയെണ്ണി മനുഷ്യപരിധി നിര്‍ണ്ണയിക്കുകയോ വേണമെന്നു വല്ലവര്‍ക്കും തോന്നിയിട്ടുണ്ടെങ്കില്‍, അതു ഭൂമിയുടെ വലുപ്പക്കുറവുകൊണ്ടോ, അതിന്റെ സൃഷ്ടാവിന്റെ പോരായ്മകൊണ്ടോ അല്ല. മനുഷ്യന്‍ നിര്‍മ്മിച്ചുണ്ടാക്കിയ അക്രമപരമായ അതിരു വരമ്പുകളുടെയും കുടുസ്സായ നിയമപരിധികളുടെയും ഫലമാണത്. അതെ, ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ (കരയിലും കടലിലും മനുഷ്യരുടെ കരങ്ങള്‍ ചെയ്തുവെച്ചതു നിമിത്തം കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. (30:41).

(2) ഭൂമിക്ക് ഇളക്കവും ചരിവും ബാധിക്കാതെ ഉറച്ചു നില്‍ക്കുമാറ് അതിന്റെ ഘനം ശരിപ്പെടുത്തി നിറുത്തുന്നതിന് വമ്പിച്ച മലകളെ സ്ഥാപിച്ചത്.

(3) ദൂരദേശങ്ങളിലേക്കു വെള്ളം എത്തിച്ചുകൊടുക്കുകയും, കരയില്‍ ഒതുങ്ങാതെവരുന്ന വെള്ളം സമുദ്രത്തിലേക്കു ഒഴുക്കിവിടുകയും ചെയ്യുന്ന നദികളെ ഏര്‍പ്പെടുത്തിയത്.

(4) വിവിധതരം ഫലവര്‍ഗ്ഗങ്ങളെ ഉല്‍പാദിപ്പിക്കുകയും, എല്ലാറ്റിലും ഈ രണ്ടുവീതം ഇണകളെ ഏര്‍പ്പെടുത്തുകയും ചെയ്തത്. നാടന്‍ – കാടന്‍, വലുത് – ചെറുത്, വെള്ള – ചുവപ്പ്, മധുരം – പുളി, മുന്തിയത് – താണത്, ആണ്‍വര്‍ഗ്ഗം – പെണ്‍വര്‍ഗ്ഗം എന്നിത്യാദി ഏതെങ്കിലും ഈ രണ്ടു വകുപ്പുകളില്ലാത്ത ഫലവര്‍ഗ്ഗങ്ങള്‍ കാണപ്പെടുകയില്ല. സസ്യങ്ങളടക്കം എല്ലാ വസ്തുക്കളിലും രണ്ടു ഇണകള്‍ ഉണ്ടെന്ന ഈ തത്വത്തെ ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. ഖുര്‍ആന്‍ ഒരു ദൈവീക ഗ്രന്ഥമാണെന്നുള്ളതാണു ഇതും കാണിക്കുന്നത്.

(5) പകല്‍ മുഴുവനും വിവിധ ജോലിത്തിരക്കുകളില്‍ മുഴുകിയിരിക്കുന്ന ജനകോടികള്‍ക്കു വിശ്രമാര്‍ത്ഥം രാത്രിയെക്കൊണ്ടു പകലിനെ മൂടി ഇരുട്ടും സ്വസ്ഥതയും നല്‍കുന്നത്.

(6) അടുത്തടുത്തും തൊട്ടുതൊട്ടും സ്ഥിതി ചെയ്യുന്നതും, അതോടുകൂടി വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയതുമായ ഭൂപ്രദേശങ്ങള്‍ ഏര്‍പ്പെടുത്തിയത്. മരുഭൂമി, വനഭൂമി, കൃഷിനിലം, തരിശുനിലം ഉല്‍പാദനയോഗ്യം, ഉല്‍പാദനയോഗ്യമല്ലാത്തതു, മണല്‍പ്രദേശം, ചളിപ്രദേശം എന്നിങ്ങിനെ ഒന്നിനൊന്നു വ്യത്യാസപ്പെട്ടുകൊണ്ടാണല്ലോ ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

(7) പല ജാതികളും ഇനങ്ങളും ഉള്ള മുന്തിരിത്തോട്ടങ്ങളും, ഈന്തത്തോട്ടങ്ങളും പോലെയുള്ളവ ഉണ്ടാക്കിയത്.

(8) ഈത്തപ്പനകളില്‍ തന്നെ ഓരോ മുരടില്‍നിന്നു ഇണച്ചവും ചിനപ്പും പൊട്ടി ഒന്നിലധികം ശാഖകള്‍ ഉള്ളതും, ഒറ്റത്തടി മാത്രമുള്ളതും എന്നിങ്ങിനെ വ്യത്യാസപ്പെടുത്തിയത്. അറബികള്‍ക്കു സുപരിചിതമായതെന്ന നിലക്കു ഈന്തപ്പനയിലുള്ള ഈ തരവ്യത്യാസം മാത്രമേ അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളുവെങ്കിലും നമ്മുടെ നാടുകളിലുള്ള പപ്പായ, ഈന്ത് മുതലായ ചില പനവര്‍ഗ്ഗങ്ങളിലും – ചുരുക്കമെങ്കിലും ചിലപ്പോള്‍ തെങ്ങു, കമുങ്ങു എന്നിവയിലും കാണാവുന്നതാണിത്.

(9) എല്ലാറ്റിനും ഒരേ വെള്ളംകൊണ്ടുതന്നെയാണു നനവു ലഭിക്കുന്നതെങ്കിലും എല്ലാം ഒരേ വിധത്തിലായിരിക്കാതെ മേല്‍പറഞ്ഞ പ്രകാരം പലതരത്തിലായി വളരുന്നത്.

(10) ഓരോന്നില്‍നിന്നും ലഭിക്കുന്ന ഭോജ്യവസ്തുക്കളെ ഒരേതരം ഗുണങ്ങളോടു കൂടിയാക്കാതെ ചിലതിനു ചിലതിനെക്കാള്‍ മെച്ചവും ഗുണവും നല്‍കിയത്. സ്വാദിലും, ഗുണത്തിലും, പോഷകത്തിലും, രുചിയിലുമെല്ലാം തന്നെ ഓരോന്നും മറ്റേതില്‍നിന്നു വ്യത്യസ്തമാണല്ലോ.

ഇങ്ങിനെ, നിത്യേന മനുഷ്യന്‍ കണ്ടറിഞ്ഞും, അനുഭവിച്ചുംകൊണ്ടിരിക്കുന്ന വമ്പിച്ച അനുഗ്രഹങ്ങള്‍ ഓരോന്നും തന്നെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ മഹാശക്തിയാകുന്ന സൃഷ്ടാവിനെപ്പറ്റി ഓര്‍മ്മിപ്പിക്കുവാനും, അവന്റെ കഴിവും മഹത്വവും മനസ്സിലാക്കുവാനും ധാരാളം മതിയായ ദൃഷ്ടാന്തങ്ങളാകുന്നു. ഇതെല്ലാം അതിവിദഗ്ധനായ ഒരു സൃഷ്ടി കര്‍ത്താവിന്റെ വ്യവസ്ഥകൊണ്ടല്ലാതെ സ്വയം അങ്ങു സംഭവിക്കുന്നതാണെന്ന് വല്ലവരും കരുതുമോ?! കരുതുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളല്ലെങ്കില്‍ – വക്രബുദ്ധികളായിരിക്കുമെന്നു തീര്‍ത്തുപറയാം. ഇതെല്ലാം വ്യവസ്ഥാപിതമായി സൃഷ്ടിച്ചു നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ആ മഹാശക്തിക്കു – അല്ലാഹുവിനു. മരണശേഷം മനുഷ്യനു മറ്റൊരു ജീവിതം നല്‍കുവാന്‍ കഴിയുകയില്ലെന്നോ, അതു സംഭവ്യമല്ലെന്നോ പറയുന്നതും കടുത്ത വിഡ്ഢിത്തമത്രെ. അതാണു അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.

13:5
  • وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍ جَدِيدٍ ۗ أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ وَأُو۟لَـٰٓئِكَ ٱلْأَغْلَـٰلُ فِىٓ أَعْنَاقِهِمْ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٥﴿
  • നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അത്ഭുതമത്രെ അവരുടെ വാക്ക്. 'ഞങ്ങള്‍ മണ്ണായിട്ടാണോ ഞങ്ങള്‍ (വീണ്ടും) ഒരു പുതിയ സൃഷ്ടിപ്പിലായിത്തീരുന്നത്?!' [ഈ വാക്കിനെപ്പറ്റിയാണു നീ അത്ഭുതപ്പെടേണ്ടത്]. അക്കൂട്ടര്‍, തങ്ങളുടെ റബ്ബില്‍ അവിശ്വസിച്ചവരത്രെ; അക്കൂട്ടരാകട്ടെ, വിലങ്ങുകള്‍ അവരുടെ കഴുത്തുകളിലുണ്ടായിരിക്കും; അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരുമാകുന്നു. അവരതില്‍ നിത്യവാസികളുമായിരിക്കും.
  • وَإِن تَعْجَبْ നീ ആശ്ചര്യപ്പെടുന്ന പക്ഷം, അത്ഭുതപ്പെടുന്നുവെങ്കില്‍ فَعَجَبٌ എന്നാല്‍ അത്ഭുതമാണ് قَوْلُهُمْ അവരുടെ വാക്കു, പറയല്‍ أَإِذَا كُنَّا ഞങ്ങള്‍ ആയിട്ടാണോ, ആയിരിക്കുമ്പോഴോ تُرَابًا മണ്ണു أَإِنَّا ഞങ്ങളോ لَفِي خَلْقٍ ഒരു സൃഷ്ടിപ്പില്‍ (ആകുന്നതു) جَدِيدٍ പുതുതായ أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാകുന്നു بِرَبِّهِمْ തങ്ങളുടെ റബ്ബില്‍ وَأُولَـٰئِكَ അക്കൂട്ടര്‍, അവരാകട്ടെ الْأَغْلَالُ വിലങ്ങു (കുരുക്കു -ആമം) കള്‍ فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളിലുണ്ട് (ഉണ്ടായിരിക്കും) وَأُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണു

മേല്‍ചൂണ്ടിക്കാട്ടിയതുപോലുള്ള ധാരാളം ദൃഷ്ടാന്തങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ടു ഞങ്ങള്‍ മരിച്ചു മണ്ണായിട്ടു പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുകയോ എന്നു പരിഹാസ രൂപത്തില്‍ അവര്‍ ചോദിക്കുന്നു! വല്ല വിഷയത്തിലും അത്ഭുതപ്പെടാമെങ്കില്‍ ഈ ചോദ്യത്തിലല്ലേ അത്ഭുതപ്പെടേണ്ടത്? സത്യനിഷേധികളായ അവിശ്വാസികളാണു ഈ ചോദ്യം ചോദിക്കുന്നവര്‍. ഇപ്പോള്‍ അവര്‍ സ്വതന്ത്രരായി കഴിയുന്നുവെങ്കിലും നരകത്തില്‍വെച്ചു അവരുടെ കഴുത്തുകളില്‍ വിലങ്ങുകളിട്ടു ബന്ധിക്കപ്പെടുക തന്നെ ചെയ്യും. അവര്‍ നരകത്തില്‍ നിത്യവാസികളുമായിരിക്കും.

‘കഴുത്തില്‍ വിലങ്ങുകളുണ്ടായിരിക്കും’ എന്നു പറഞ്ഞതു നരകത്തില്‍ അവര്‍ക്കുണ്ടാകുന്ന അനുഭവമെന്ന നിലക്കാണു മിക്ക വ്യാഖ്യാതാക്കളും വ്യാഖ്യാനിക്കുന്നത്. പരമ്പരാഗതമായ അന്ധവിശ്വാസങ്ങള്‍ക്കു അവര്‍ അടിമപ്പെട്ടിരിക്കുകയാണ് – അഥവാ അതു നിമിത്തമാണവര്‍ വിശ്വസിക്കാത്തത് – എന്നാണതിന്റെ ഉദ്ദേശ്യമെന്നും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിരിക്കുന്നു. الله أعلم

13:6
  • وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلَـٰتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ ﴾٦﴿
  • (നബിയേ) അവര്‍ നിന്നോടു നന്മക്കു മുമ്പായി തിന്മക്കു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; അവരുടെമുമ്പു മാതൃകാശിക്ഷകള്‍ (പലതും) കഴിഞ്ഞുപോയിട്ടുണ്ടുതാനും. [അതവര്‍ ഓര്‍ക്കുന്നില്ല]. നിശ്ചയമായും നിന്റെ റബ്ബ് മനുഷ്യരുടെ അക്രമത്തോടുകൂടി(യും) അവര്‍ക്കു പാപമോചനം നല്‍കുന്നവന്‍ തന്നെ. നിശ്ചയമായും, നിന്റെ റബ്ബ്, കഠിനമായ ശിക്ഷാനടപടിയെടുക്കുന്നവനും തന്നെയാകുന്നു.
  • وَيَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതി കൂട്ടുന്നു بِالسَّيِّئَةِ തിന്മയെപ്പറ്റി, തിന്മക്കു قَبْلَ الْحَسَنَةِ നന്മയുടെ മുമ്പു وَقَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ടുതാനും, കഴിഞ്ഞിട്ടും مِن قَبْلِهِمُ അ(ഇ)വര്‍ക്കു മുമ്പു الْمَثُلَاتُ മാതൃകാ ശിക്ഷകള്‍ وَإِنَّ رَبَّكَ നിശ്ചയമായും, നിന്റെ റബ്ബ് لَذُو مَغْفِرَةٍ പാപമോചനം നല്‍കുന്ന (പൊറുക്കുന്ന)വന്‍തന്നെ لِّلنَّاسِ മനുഷ്യര്‍ക്കു عَلَىٰ ظُلْمِهِمْ അവരുടെ അക്രമത്തോടെ وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَشَدِيدُ കഠിനമായവന്‍തന്നെ الْعِقَابِ ശിക്ഷാനടപടി

13:7
  • وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦٓ ۗ إِنَّمَآ أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ ﴾٧﴿
  • (ആ) അവിശ്വസിച്ചവര്‍ പറയുന്നു: 'ഇവന്റെ റബ്ബിങ്കല്‍നിന്നു ഒരു (പ്രത്യേക) ദൃഷ്ടാന്തം ഇവനു അവതരിപ്പിക്കപ്പെടാത്തതെന്ത്?' (നബിയേ) നീ ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ മാത്രമാകുന്നു. എല്ലാ ജനങ്ങള്‍ക്കുമുണ്ടു ഒരു വഴികാട്ടി. [ഇവരുടെ വഴികാട്ടിയത്രെ നീ].
  • وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ ഇറക്കപ്പെട്ടുകൂടേ, അവതരിപ്പിക്കപ്പെടാത്തതെന്തു عَلَيْهِ അവന്റെമേല്‍, ഇവനു آيَةٌ ഒരു ദൃഷ്ടാന്തം, ഒരു ദൃഷ്ടാന്തവും مِّن رَّبِّهِ തന്റെ റബ്ബില്‍നിന്നു إِنَّمَا أَنتَ നിശ്ചയമായും നീ (മാത്രം) مُنذِرٌ ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ (മാത്രം) وَلِكُلِّ قَوْمٍ എല്ലാ ജനങ്ങള്‍ക്കും (ജനതക്കും) ഉണ്ട് هَادٍ ഒരു വഴികാട്ടി, മാര്‍ഗ്ഗദര്‍ശകന്‍

രക്ഷക്കും സമാധാനത്തിനും ആഗ്രഹിക്കുകയോ, സത്യവിശ്വാസംവഴി അതിനുള്ള മാര്‍ഗ്ഗം അവലംബിക്കുകയോ ചെയ്യാതെ – അതിനു മുമ്പായി – തങ്ങളോടു താക്കീതു ചെയ്യപ്പെടുന്ന ആ ശിക്ഷ ഇങ്ങോട്ടുവരട്ടെ എന്നു മുശ്രിക്കുകള്‍ ധൃതികൂട്ടിയിരുന്നതിനെപ്പറ്റിയാണു ആദ്യത്തെ വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇവരെപ്പോലെയുള്ള നിഷേധികള്‍ക്കു അല്ലാഹുവിങ്കല്‍ നിന്നുള്ള കടുത്ത ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നുള്ളതിനു എത്രയോ ഉദാഹരണങ്ങള്‍ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്. അതുപോലെ വല്ല ശിക്ഷയും ഇവര്‍ക്കും വരാമെന്ന് ഇവര്‍ ധരിച്ചിരിക്കട്ടെ. പെട്ടെന്നു നടപടിയെടുക്കാതിരിക്കുന്നതു അല്ലാഹുവിന്റെ ഔദാര്യംകൊണ്ടു മാത്രമാണ്. മനുഷ്യരുടെ അക്രമങ്ങള്‍ പരിഗണിക്കുമ്പോള്‍ അപ്പപ്പോള്‍ നടപടി എടുക്കാവുന്നതാണെങ്കിലും അല്ലാഹു അവരോടു വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത്. ശിക്ഷാനടപടി എടുക്കുമ്പോഴാകട്ടെ, അത് കഠിനതരവുമായിരിക്കും. ഇതൊക്കെയാണ് അവര്‍ക്ക് നല്‍കുന്ന മറുപടിയുടെ സാരം.

അതേ മുശ്രിക്കുകളുടെ മറ്റൊരു പരിഹാസമാണു രണ്ടാമത്തെ വചനത്തില്‍ കാണുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യത്ത തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങള്‍ മുമ്പിലുണ്ടായിരുന്നിട്ടും അതൊന്നും വകവെക്കാതെ അവര്‍ പിന്നെയും വേറെ ദൃഷ്ടാന്തങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. (6:8; 10:20; 25:21; 17: 90 – 93 മുതലായവ നോക്കുക). ഇതിനു നല്‍കിയ മറുപടിയുടെ സാരം ഇതാണു: ദൃഷ്ടാന്തങ്ങള്‍ കാട്ടികൊടുക്കുവാനുള്ള കഴിവോ, ചുമതലയോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കില്ല. അവരെ ഉപദേശിക്കലും താക്കീതു ചെയ്യലും മാത്രമാണു അവിടുന്നു ചെയ്യേണ്ടത്. ഓരോ സമുദായത്തിനും സന്മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ അല്ലാഹു പ്രത്യേകം ദൂതന്‍മാരെ അയക്കുകയുണ്ടായിട്ടുണ്ട്. അതുപോലെ, ഈ സമുദായത്തിന്റെ വഴികാട്ടിയായി അയക്കപ്പെട്ട ഒരാളാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും.

വിഭാഗം - 2

13:8
  • ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ ﴾٨﴿
  • എല്ലാ (ഓരോ) പെണ്ണും ഗര്‍ഭം ധരിക്കുന്നതു അല്ലാഹു അറിയുന്നു; ഗര്‍ഭാശയങ്ങള്‍ കുറവു വരുത്തുന്നതും, അവ(ക്കു) വര്‍ദ്ധനവ് വരുന്നതും (അറിയുന്നു). എല്ലാ കാര്യവും (തന്നെ) അവന്റെ അടുക്കല്‍ ഒരു (നിശ്ചിത) തോതനുസരിച്ചാകുന്നു.
  • اللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു مَا تَحْمِلُ ഗര്‍ഭം ധരിക്കുന്നതിനെ كُلُّ أُنثَىٰ എല്ലാ പെണ്ണും وَمَا تَغِيضُ കുറവു വരുത്തുന്നതും, ചുരുങ്ങിപ്പോകുന്നതും الْأَرْحَامُ ഗര്‍ഭാശയങ്ങള്‍ وَمَا تَزْدَادُ അവ അധികരിപ്പിക്കുന്നതും, വര്‍ദ്ധിക്കുന്നതും وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും عِندَهُ അവന്റെ അടുക്കല്‍ بِمِقْدَارٍ ഒരു തോതു (കണക്കു - അളവു) അനുസരിച്ചാണ്
13:9
  • عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ ﴾٩﴿
  • (അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണു; മഹാനാണു; അത്യുന്നതനായുള്ളവനാണു.
  • عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും الْكَبِيرُ വലിയവനാണ്‌, മഹാനാണ് الْمُتَعَالِ അത്യുന്നതനാണ്
13:10
  • سَوَآءٌ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ ﴾١٠﴿
  • നിങ്ങളില്‍നിന്നു വാക്കിനെ രഹസ്യമാക്കിയവനും, അതിനെ പരസ്യമാക്കിയവനും (അവന്റെ അടുക്കല്‍) സമമാകുന്നു; യാതൊരുവന്‍ രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നുവോ അവനും, പകലില്‍ വെളിക്കു വരുന്നവനും (സമമാണ്).
  • سَوَاءٌ സമമാണു, ഒരുപോലെയാണു مِّنكُم നിങ്ങളില്‍നിന്നു مَّنْ أَسَرَّ സ്വകാര്യ (രഹസ്യ) മാക്കിയവന്‍ الْقَوْلَ വാക്കു, പറയുന്നതിനെ وَمَن جَهَرَ ഉറക്കെയാക്കി (പരസ്യമാക്കി)യവനും بِهِ അതിനെ അതുകൊണ്ടു وَمَنْ ഒരുവനും, യാതൊരുവനും هُوَ അവന്‍ مُسْتَخْفٍ മറഞ്ഞി (ഒളിഞ്ഞി) രിക്കുന്നവനാണു بِاللَّيْلِ രാത്രിയില്‍ وَسَارِبٌ പ്രത്യക്ഷത്തില്‍ (വെളിയില്‍) വരുന്നവനും بِالنَّهَارِ പകലില്‍

അല്ലാഹുവിന്റെ സര്‍വ്വജ്ഞതയും, സൂക്ഷ്മജ്ഞതയും വെളിപ്പെടുത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണു ഈ വചനങ്ങളില്‍ കാണുന്നത്. ഓരോ പെണ്ണും ഗര്‍ഭം ധരിക്കുന്നതിനെയും അതില്‍ വരുന്ന ഏറ്റക്കുറവുകളെയും അവന്‍ അറിയുന്നു. അതെ, ഗര്‍ഭം എപ്പോള്‍ ഉണ്ടാകുന്നു, എപ്പോള്‍ പ്രസവിക്കുന്നു, ആണാണോ, പെണ്ണാണോ, പൂര്‍ണ്ണ ഗാത്രമോ, വികല ഗാത്രമോ, ഭാഗ്യമുള്ളതോ, നിര്‍ഭാഗ്യമുള്ളതോ, തടിച്ചതോ, മെലിഞ്ഞതോ, സ്വരൂപിയോ, വിരൂപിയോ, എന്നിത്യാദി കാര്യങ്ങളും, ഓരോ ഗര്‍ഭത്തിലും എത്രകുട്ടി ജനിക്കുമെന്നു തുടങ്ങിയ കാര്യങ്ങളും അവനറിയാം. ഓരോ വസ്തുവിനും, ഓരോ കാര്യത്തിനും അതു ഇന്നിന്ന പ്രകാരം ആയിരിക്കണമെന്നും, ആയിരിക്കുമെന്നും അവന്‍ ഓരോ തോതും കണക്കും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചു മാത്രമേ എല്ലാം സംഭവിക്കുകയുള്ളു. രഹസ്യ പരസ്യമെന്ന വ്യത്യാസം അവനെ സംബന്ധിച്ചിടത്തോളം ഇല്ലതന്നെ. രണ്ടും അവന് ഒരുപോലെയാകുന്നു. ഉദാഹാരണമായി, രാത്രിയുടെ കൂരിരുട്ടില്‍ ഒളിഞ്ഞു മറഞ്ഞിരിക്കുന്നവനും, പകല്‍ വെളിച്ചത്തില്‍ വെളിക്കിറങ്ങി നടക്കുന്നവനും അവന്റെ അടുക്കല്‍ സമമാണ്. മഹത്വത്തിന്റെയും, ഉന്നതിയുടെയും പാരമ്യം പ്രാപിച്ചവനാണു അവന്‍.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘അദൃശ്യജ്ഞാനത്തിന്റെ താക്കോലുകള്‍ (പ്രധാന വിഷയങ്ങള്‍) അഞ്ചെണ്ണമാകുന്നു. അല്ലാഹു അല്ലാതെ അവ അറിയുകയില്ല. നാളെ (ഭാവിയില്‍) എന്തുണ്ടാകുമെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. ഗര്‍ഭാശയങ്ങള്‍ കുറവു വരുത്തുന്നതെന്താണെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. മഴ വരുക എപ്പോഴാണെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. ഏതു ഭൂമിയിലാണു താന്‍ മരണപ്പെടുകയെന്നു ഒരാളും അറിയുകയില്ല. അന്ത്യസമയം എപ്പോള്‍ നിലവില്‍ വരുമെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല.’ (ബുഖാരി). ഭൂത – വര്‍ത്തമാന – ഭാവികാല വ്യത്യാസം കൂടാതെ, ചെറുപ്പ വലുപ്പ വ്യത്യാസം കൂടാതെ, സകല കാര്യങ്ങളും അല്ലാഹുവിന്റെ അറിവും, നിശ്ചയവും, പരിപാടിയും അനുസരിച്ചു മാത്രമേ സംഭവിക്കുകയുള്ളുവെന്നുള്ളതിനു മതിയായ തെളിവത്രെ ഈ വചനങ്ങള്‍. (കൂടുതല്‍ വിശദീകരണത്തിനു സൂ: ഹദീദിനു ശേഷമുള്ള ‘ഖളാഖദ്ര്‍’ എന്ന വ്യാഖ്യാനക്കുറിപ്പു നോക്കുക) മനുഷ്യരെ ആപത്തുകളില്‍നിന്നു കാത്തു രക്ഷിക്കുവാന്‍ വേണ്ടി അജ്ഞാതമായ ചില ഏര്‍പ്പാടുകള്‍ അല്ലാഹു ചെയ്തുവെച്ചിട്ടുണ്ടെന്നു അടുത്ത വചനത്തില്‍ അല്ലാഹു അറിയിക്കുന്നു:-

13:11
  • لَهُۥ مُعَقِّبَـٰتٌ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ ۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ ﴾١١﴿
  • അവനു [മനുഷ്യനു] അവന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും (ഒന്നിനുശേഷം ഒന്നായി) തുടര്‍ന്നുവരുന്ന ചില കൂട്ടങ്ങളുണ്ട്; അല്ലാഹുവിന്റെ കല്പനയാല്‍ അവര്‍ അവനെ കാത്തുകൊണ്ടിരിക്കുന്നു. നിശ്ചയമായും, ഒരു ജനതയും അവരുടെ സ്വന്തങ്ങളിലുള്ളതിനെ [സ്വന്തം സ്ഥിതിഗതികളെ] മാറ്റം വരുത്തുന്നതുവരേക്കും അവരി(ല്‍ നിലവി)ലുള്ളതിനെ അല്ലാഹു മാറ്റം വരുത്തുകയില്ല. ഒരു ജനതയെപ്പറ്റി വല്ല തിന്മയും അല്ലാഹു ഉദ്ദേശിച്ചാല്‍, അതിനു യാതൊരു തടവുമില്ല; അവനുപുറമെ ഒരു രക്ഷാധികാരിയും അവര്‍ക്കില്ലതാനും.
  • لَهُ അവന്നുണ്ടു مُعَقِّبَاتٌ തുടര്‍ച്ചയായി (ഒന്നിനുപിന്നാലെ ഒന്നായി) വരുന്നവ مِّن بَيْنِ يَدَيْهِ അവന്റെ മുമ്പിലൂടെ وَمِنْ خَلْفِهِ അവന്റെ പിമ്പിലൂടെയും يَحْفَظُونَهُ അവര്‍ അവനെ കാക്കുന്നു, സൂക്ഷിക്കുന്നു مِنْ أَمْرِ കല്‍പനയാല്‍, കല്‍പന നിമിത്തം اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُغَيِّرُ മാറ്റം (വ്യത്യാസം) വരുത്തുകയില്ല مَا بِقَوْمٍ ഒരു ജനതയി (ജനങ്ങളി) ലുള്ളതിനെ حَتَّىٰ يُغَيِّرُوا അവര്‍ മാറ്റം (വ്യത്യാസം) വരുത്തുന്നതുവരേക്കും مَا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ളതിനെ وَإِذَا أَرَادَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു بِقَوْمٍ ഒരു ജനതയെപ്പറ്റി, വല്ല ജനങ്ങളിലും, ജനതയെക്കൊണ്ടും سُوءًا വല്ല തിന്മയും, ഒരു തിന്മ فَلَا مَرَدَّ എന്നാല്‍ തടവില്ല, തടുക്കല്‍ ഇല്ല لَهُ അതിനു وَمَا لَهُم അവര്‍ക്കില്ല താനും مِّن دُونِهِ അവനു പുറമേ, അവനെകൂടാതെ مِن وَالٍ ഒരു രക്ഷാധികാരിയും

مُعَقِّبَاتٌ (മുഅഖ്-ഖിബാത്ത്) എന്ന വാക്കിനു ‘ആദ്യത്തെ സംഘത്തിനു പിന്നാലെ മറ്റേ സംഘം തുടര്‍ന്നുവരുന്ന കാവല്‍ക്കാരായ മലക്കുകള്‍ (ملائكة حفظة تعقب الأولى منها الأخرى) എന്നാണു ഇമാം ബുഖാരീ (رحمه الله) അര്‍ത്ഥം ഉദ്ധരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിഭാഗവും സ്വീകരിക്കുന്നതും, കൂടുതല്‍ സ്വീകാര്യമായതുമായ അര്‍ത്ഥവും അതു തന്നെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഒരു കൂട്ടം മലക്കുകള്‍ രാത്രിയും, ഒരു കൂട്ടം മലക്കുകള്‍ പകലുമായി നിങ്ങളില്‍ തുടര്‍ന്നുവന്നുകൊണ്ടിരിക്കും. സുബ്ഹ് നമസ്കാരത്തിലും, അസര്‍ നമസ്കാരത്തിലും അവര്‍ ഒരുമിച്ചു ചേരും. രാത്രി കഴിച്ചുകൂട്ടിയവര്‍ കയറിചെല്ലുമ്പോള്‍ അല്ലാഹു അവനു നിങ്ങളെപ്പറ്റി കൂടുതല്‍ അറിയാവുന്നതോടുകൂടിത്തന്നെ – അവരോടു ചോദിക്കും: എന്റെ അടിയാന്‍മാരെ നിങ്ങള്‍ വിട്ടുപോന്നതു എങ്ങിനെയാണ്? അവര്‍ പറയും: ഞങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നതു അവര്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോഴാണു; ഞങ്ങള്‍ അവരെ വിട്ടു പോന്നതും അവര്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോഴാണു.’ (ബു; മു).

ഓരോ തരത്തിലായി എല്ലായ്പോഴും മലക്കുകള്‍ മനുഷ്യനോടു ബന്ധപ്പെട്ടു വരുന്നുണ്ടെന്നു പല ഹദീസുകളില്‍നിന്നും അറിയപ്പെട്ടതും, ചില ഖുര്‍ആന്‍ വചനങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതുമാകുന്നു. അത്രയുമല്ല, ഈ ഭൗമികമായ കാര്യങ്ങളില്‍തന്നെയും മലക്കുകള്‍ പല തരത്തില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം – അതു ഭൗതിക ദൃഷ്ടികള്‍ക്കോ മനുഷ്യശാസ്ത്രങ്ങള്‍ക്കോ അജ്ഞാതമാണെങ്കിലും ഖുര്‍ആനും ഹദീസും മുഖേന സ്ഥാപിതമായിട്ടുള്ളതാണ്. അല്ലാഹുവിലും , അദൃശ്യ കാര്യങ്ങളിലും വിശ്വാസമുള്ളവര്‍ക്കൊന്നും അതു നിഷേധിക്കേണ്ടുന്ന ഗതികേടും വരുകയില്ല. مُعَقِّبَاتٌ കൊണ്ടു വിവക്ഷ കേവലം ചില ‘പ്രകൃതി ശക്തികളാ’ണെന്നും മറ്റും വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ സാഹസപ്പെട്ടു കാണുന്നു. മേല്‍കണ്ട യഥാര്‍ത്ഥങ്ങളുടെ നേരെയുള്ള അവഗണനയില്‍നിന്നു ഉല്‍ഭവിച്ചതാണു ആ വ്യാഖ്യാനം. يَحْفَظُونَهُ مِنْ أَمْرِ اللَّـهِ (അല്ലാഹുവിന്റെ കല്‍പന നിമിത്തം അവര്‍ അവനെ കാക്കുന്നു) എന്നും അതിനെ വിശേഷിപ്പിച്ചതില്‍ നിന്നുതന്നെ ആ ‘ശക്തികള്‍’ കേവലം ബുദ്ധിജീവികളായിരിക്കുമെന്നു വ്യക്തമാകുന്നു താനും. മനുഷ്യന്റെ കര്‍മ്മങ്ങളെല്ലാം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന രണ്ടു മലക്കുകള്‍ അവന്റെ വലത്തും ഇടത്തുമായി സദാ നിലവിലുണ്ടെന്നു 50:18; 82:10, 11 എന്നീ വചനങ്ങളില്‍ അല്ലാഹു അറിയിച്ചു തന്നിട്ടുള്ളതാണ്. അതുപോലെ അവന്റെ മുമ്പിലും പിമ്പിലുമായി അവനെ തിന്മകളില്‍നിന്നും ഉപദ്രവങ്ങളില്‍ നിന്നും കാക്കുന്ന വേറൊരു വിഭാഗം മലക്കുകള്‍ ഊഴം വെച്ചു മാറിമാറി വന്നുകൊണ്ടിരിക്കുന്നുണ്ടെന്നത്രെ ഈ വചനം മുഖേന അറിയിക്കുന്നതു.

يَحْفَظُونَهُ مِنْ أَمْرِ اللَّـهِ (അല്ലാഹുവിന്റെ കല്‍പ്പന നിമിത്തം അവര്‍ അവനെ കാക്കുന്നു) എന്ന വാക്യത്തെ സംബന്ധിച്ച് ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ)ല്‍ നിന്നു ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘അവര്‍ അവനെ മുമ്പിലൂടെയും പിമ്പിലൂടെയും കാക്കുന്നു. എന്നാല്‍, അല്ലാഹുവിന്റെ വിധി നിശ്ചയം വരുമ്പോള്‍ അവര്‍ അവനില്‍നിന്നു ഒഴിഞ്ഞുപോകും.’ മുജാഹിദു (رحمه الله) പറഞ്ഞതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരു അടിയാനും തന്നെ അവന്റെ ഉറക്കിലും, അവന്റെ ഉണര്‍ച്ചയിലും ജിന്ന്, മനുഷ്യന്‍, പ്രാണികള്‍ എന്നിവയില്‍ നിന്നു അവനെ കാക്കുവാന്‍ ഏല്‍പിക്കപ്പെട്ട ഒരു മലക്കു ഇല്ലാത്തവനില്ല. അവയില്‍പെട്ട വല്ലതും അവനെ ഉദ്ദേശിച്ചു വരുമ്പോള്‍, അല്ലാഹു അനുവാദം നല്‍കിയതൊഴിച്ചു ബാക്കി എല്ലാറ്റിനോടും ആ മലക്ക് ‘പിന്നോക്കം പോകുക’ എന്നു പറയാതിരിക്കുകയില്ല’. അലി (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇങ്ങിനെയും രിവായത്തു വന്നിരിക്കുന്നു. ‘ഒരു അടിയാന്റെ കൂടെയും തന്നെ, അവന്റെ മേല്‍ വല്ല മതിലും വീഴുകയോ, അവന്‍ കിണറ്റില്‍ വീഴുകയോ, അവനെ ദുഷ്ടമൃഗം പിടിക്കുകയോ, അവന്‍ മുങ്ങിപ്പോകുകയോ, കരിഞ്ഞുപോകുകയോ ചെയ്യുന്നതില്‍ നിന്ന് കാത്തുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഇല്ലാതെയില്ല. (അല്ലാഹുവിന്റെ) വിധി വരുമ്പോള്‍ അവന്റെയും വിധിയുടെയുമിടയില്‍ അവര്‍ ഒഴിവാക്കികൊടുക്കും. അഥവാ അതു അല്ലാഹു വിധിച്ചപോലെ വരട്ടെ എന്നുവെച്ച് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നു സാരം. ആപത്തുകളില്‍ നിന്നും തിന്മകളില്‍ നിന്നും മനുഷ്യനെ കാത്തു രക്ഷിക്കുവാന്‍ മലക്കുകള്‍ ഉണ്ടെങ്കില്‍ പിന്നെ, മനുഷ്യന്‍ എന്തുകൊണ്ടു ചിലപ്പോള്‍ ആപത്തുകള്‍ക്കു വിധേയനാകുന്നു? എന്നു ചോദിക്കുന്ന പക്ഷം അതിനുള്ള മറുപടി ഈ മഹാന്‍മാരുടെ പ്രസ്താവനകളില്‍നിന്നു മനസ്സിലാക്കാമല്ലോ. വേണ്ടാ, തുടര്‍ന്നുകൊണ്ടുള്ള വാക്യങ്ങളില്‍തന്നെയും ഇതിനു മറുപടി കാണാവുന്നതാണ്‌.

തുടര്‍ന്നുള്ള വാക്യങ്ങളില്‍ മൂന്നുകാര്യങ്ങള്‍ അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു: (1) ഒരു ജനത അവരുടെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിയില്‍ മാറ്റം വരുത്തുകയില്ല. (…إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ) ഒരു ജനസമൂഹത്തിന്റെ അഭിവൃദ്ധിക്കോ, ഭദ്രതക്കോ, സമാധാനത്തിനോ തകരാറ് ബാധിക്കുന്നുവെങ്കില്‍ അതു അവരുടെ തന്നെ ചെയ്തികളുടെ ഫലമായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാകുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും ആ ചെയ്തികളില്‍ പങ്കുണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍, അവരില്‍പെട്ട ഒരു വിഭാഗത്തിന്റെയോ ചില വ്യക്തികളുടെയോ ചെയ്തികളായിരിക്കും സമൂഹത്തിനു പൊതുവെ നാശകരമായി കലാശിക്കുന്നത്. അതാണു മറ്റൊരു സ്ഥലത്തു അല്ലാഹു ചൂണ്ടിക്കാട്ടുന്നത്: وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً (നിങ്ങളില്‍നിന്ന് അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമായി ബാധിക്കാത്ത കുഴപ്പത്തെ സൂക്ഷിക്കുവിന്‍ (8:25). അബൂബക്കര്‍ സിദ്ദീഖ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘അക്രമിയെ കണ്ടിട്ടു ജനങ്ങള്‍ അവന്റെ കൈക്കു പിടിക്കുന്നില്ലെങ്കില്‍, അല്ലാഹു തന്റെ പക്കല്‍നിന്നുള്ള വല്ല ശിക്ഷയും അവര്‍ക്കു പൊതുവായി ബാധിപ്പിക്കുമാറാകുന്നതാണ്.’ (ദാ; തി; ന). ഒരേ ഒരു നേതാവിന്റെയോ, ഭരണത്തലവന്റെയോ ഒരു കൊള്ളരുതായ്മ മൂലം ഒരു സംഘടനക്കോ, ഒരു രാഷ്ട്രത്തിനോ വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതു അപൂര്‍വ്വമല്ലല്ലോ.

2. ഏതെങ്കിലും ഒരു കൂട്ടര്‍ക്കു വല്ല തിന്മയും ബാധിക്കണമെന്നു അല്ലാഹു ഉദ്ദേശിച്ചാല്‍ പിന്നെ അതിനു യാതൊരു തടവും ഉണ്ടായിരിക്കയില്ല. (وَإِذَا أَرَادَ اللَّـهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ). രോഗം, ക്ഷാമം, പരാജയം, ഭയം, ദേഹനഷ്ടം, ധനനഷ്ടം തുടങ്ങിയ എല്ലാതരം തിന്മകളും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ, പ്രത്യേകമായ (അവരില്‍നിന്നുള്ള) കാരണമോ, യുക്തമായ ലക്ഷ്യമോ കൂടാതെ അങ്ങിനെ അല്ലാഹു ഉദ്ദേശിക്കുകയില്ലെന്നു തീര്‍ച്ചതന്നെ. അല്ലാഹു അങ്ങിനെ ഉദ്ദേശിച്ചു കഴിഞ്ഞാല്‍ പിന്നെ, ആരാലും ഒരു കാരണത്താലും അതു തടയുവാന്‍ ആര്‍ക്കും സാധ്യമല്ലെന്നു താല്‍പര്യം. 3. മനുഷ്യരുടെ കൈകാര്യങ്ങള്‍ നടത്തുന്ന യഥാര്‍ത്ഥ രക്ഷാധികാരി അല്ലാഹുവല്ലാതെ മറ്റാരുമല്ല. وَمَا لَهُم مِّن دُونِهِ مِن وَالٍ ദൈവങ്ങള്‍ക്കോ, ദിവ്യന്‍മാര്‍ക്കോ, പുണ്യാത്മാക്കള്‍ക്കോ, പിശാചുക്കള്‍ക്കോ, ജിന്നുകള്‍ക്കോ, മലക്കുകള്‍ക്കോ ഒന്നും തന്നെ അതില്‍ പങ്കില്ല. മനുഷ്യര്‍ക്കു വല്ല ഗുണമോ ദോഷമോ ചെയ്‌വാനും, നന്മയോ തിന്മയോ നല്‍കുവാനുള്ള യഥാര്‍ത്ഥ കഴിവു അല്ലാഹുവിനു മാത്രമേയുള്ളു.

13:12
  • هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ ﴾١٢﴿
  • അവനത്രെ, (നിങ്ങള്‍) ഭയപ്പെടുവാനും, മോഹിക്കുവാനുമായി നിങ്ങള്‍ക്കു മിന്നല്‍ കാണിച്ചുതരുന്നവന്‍. ഘനവത്തായ മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
  • هُوَ الَّذِي അവന്‍ യാതൊരുവനാണു يُرِيكُمُ നിങ്ങള്‍ക്കു കാണിച്ചുതരുന്നു الْبَرْقَ മിന്നല്‍, മിന്ന് خَوْفًا ഭയമായിട്ടു, ഭയത്തിനായി وَطَمَعًا മോഹമായിട്ടു, മോഹത്തിനും وَيُنشِئُ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു السَّحَابَ മേഘം, മേഘങ്ങള്‍ الثِّقَالَ ഘനപ്പെട്ടവയായ

13:13
  • وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَـٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَـٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ ﴾١٣﴿
  • അവനെ സ്തുതിച്ചുകൊണ്ടു ഇടി 'തസ്ബീഹു' [പ്രകീര്‍ത്തനം] നടത്തുകയും ചെയ്യുന്നു; അവനെക്കുറിച്ചു ഭയം നിമിത്തം മലക്കുകളും ('തസ്ബീഹു' നടത്തുന്നു). ഇടിത്തീകളെയും അവന്‍ അയക്കുന്നു; എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അവയെ ബാധിപ്പിക്കുന്നു. അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുകയാണ്; അവനാകട്ടെ, ശക്തിമത്തായ തന്ത്രശാലിയുമാകുന്നു. [അവനില്‍ നിന്നു രക്ഷപ്പെടുക അവര്‍ക്കു സാധ്യമല്ല].
  • وَيُسَبِّحُ തസ്ബീഹു (പ്രകീര്‍ത്തനം - വാഴ്ത്തല്‍) നടത്തുകയും ചെയ്യുന്നു الرَّعْدُ ഇടി, ഇടിമുഴക്കം بِحَمْدِهِ അവന്റെ സ്തുതിയോടെ, അവനെ സ്തുതിച്ചുകൊണ്ടു وَالْمَلَائِكَةُ മലക്കുകളും مِنْ خِيفَتِهِ അവന്റെ ഭയത്താല്‍, പേടിനിമിത്തം وَيُرْسِلُ അവന്‍ അയക്കുകയും ചെയ്യുന്നു الصَّوَاعِقَ ഇടിത്തീ (ഇടിവാള്‍)കളെ فَيُصِيبُ بِهَا എന്നിട്ടു അവയെ അവന്‍ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَهُمْ അവര്‍, അവരോ يُجَادِلُونَ തര്‍ക്കം നടത്തുന്നു فِي اللَّـهِ അല്ലാഹു(വിന്റെ കാര്യത്തി)ല്‍ وَهُوَ അവനാകട്ടെ شَدِيدُ കഠിനമായ (ശക്തിമത്തായ)വനാണു الْمِحَالِ തന്ത്രം, ഊക്ക്, ശക്തി, ഉഗ്രത, ക്രോധം

അല്ലാഹുവിന്റെ ശക്തിമഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ പോരുന്നതും, നിത്യാനുഭവങ്ങളില്‍പെട്ടതുമായ ചില കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. മിന്നല്‍ ഉണ്ടാകുമ്പോള്‍, പെട്ടെന്നുണ്ടാകുന്ന അതിന്റെ ശക്തമായ തിളക്കം മൂലം മനുഷ്യര്‍ ഭയന്നു ഞെട്ടിപ്പോകുന്നു. അതിനെ തുടര്‍ന്നുണ്ടാകാവുന്ന മഴയെയും അതിന്റെ ഉപയോഗത്തേയും ഓര്‍ത്തു മോഹവും ആശയവും തോന്നുകയും ചെയ്യും. അതാണു خَوْفًا وَطَمَعًا (ഭയത്തിനും മോഹത്തിനുമായി) എന്നു പറഞ്ഞിരിക്കുന്നത്. ‘ഘനവത്ത്’ (الثِّقَال) എന്നു മേഘങ്ങളേ വിശേഷിപ്പിച്ചതു, അവയില്‍നിന്നു വര്‍ഷിക്കുന്ന മഴവെള്ളത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. കാറ്റുമൂലം മേഘങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്നഒരുതരം വൈദ്യുത പ്രവാഹം നിമിത്തം മിന്നല്‍ പ്രകാശവും, ഇടിനാദവും ഉണ്ടായിത്തീരുന്നുവെന്നു പറയപ്പെടുന്നു. രണ്ടും ഒരേ സമയത്തുണ്ടാകുന്നുവെങ്കിലും പ്രകാശത്തിന്റെ സഞ്ചാരം വേഗത്തിലും (*) ശബ്ദത്തിന്റെ സഞ്ചാരം അതിനെ അപേക്ഷിച്ചു സാവധാനത്തിലുമാകകൊണ്ടു ആദ്യം നമുക്കനുഭവപ്പെടുന്നതു മിന്നലായിരിക്കും. അതുകൊണ്ടായിരിക്കാം ആദ്യം അല്ലാഹു മിന്നലിനെപ്പറ്റി പ്രസ്താവിച്ചതും. الله أعلم

—–
(*). പ്രകാശം സെക്കന്റില്‍ 1,86,000 നാഴിക വേഗതയിലും ശബ്ദം ഒരു മിനുട്ടില്‍ 11,000 നാഴിക വേഗതയിലുമാണു സഞ്ചരിക്കുന്നത്.
—–

മലക്കുകള്‍ അല്ലാഹുവിനെ ഭയന്നു ‘തസ്ബീഹു’ നടത്തുമെന്നു പറഞ്ഞതിന്റെ താല്‍പര്യം വ്യക്തംതന്നെ. എന്നാല്‍, ഒരു ശബ്ദം മാത്രമാകുന്ന ഇടി അല്ലാഹുവിനെ സ്തുതിക്കുകയും അവനു തസ്ബീഹു നടത്തുകയും ചെയ്യുന്നുവെന്നു പറഞ്ഞതിന്റെ വിവക്ഷ എന്തായിരിക്കും? അല്ലാഹു പറയുന്നു: تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ (സാരം: ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവനു തസ്ബീഹു നടത്തുന്നു. ഒരു വസ്തുവും തന്നെ അവനെ സ്തുതിച്ചുകൊണ്ടു തസ്ബീഹു നടത്താത്തതായിട്ടില്ല. എങ്കിലും അവരുടെ തസ്ബീഹ് നിങ്ങള്‍ ഗ്രഹിക്കുകയില്ല. (17:44). ഈ ആശയം അടുത്ത 15-ാം വചനത്തിലും കാണാവുന്നതാണ്‌. അതുകൊണ്ടു ഇടിയുടെ സ്തുതി കീര്‍ത്തനങ്ങളെക്കൊണ്ടുള്ള സാക്ഷാല്‍ വിവക്ഷ എന്താണെന്നു നമുക്കു ഗ്രഹിക്കുവാന്‍ കഴിയാത്തതാണെന്നും, അതിനോടു യോജിക്കുന്ന ഒരര്‍ത്ഥത്തിലുള്ള സ്തുതിയും, കീര്‍ത്തനവുമായിരിക്കും അതെന്നുംവെച്ച് സമാധാനിക്കുവാനേ നിവൃത്തിയുള്ളു. ഓരോ വസ്തുവും ഓരോന്നിലുണ്ടാകുന്ന മാറ്റങ്ങളും അല്ലാഹുവിന്റെ മഹിതമഹത്വങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നവയാണെന്നുള്ള കാര്യം സ്പഷ്ടമാണുതാനും. ഇടിയും ഇതില്‍നിന്നു ഒഴിവല്ല. ഇടിത്തീയിന്റെ (ഇടിവാളിന്റെ) ഭയങ്കരതയും അതുമൂലം ഉണ്ടാകാറുള്ള അത്യാഹിതങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണ്. പെട്ടന്നുള്ള ജീവനാശം മാത്രമല്ല, വമ്പിച്ച കെട്ടിടങ്ങള്‍, അണക്കെട്ടുകള്‍, പാറക്കൂട്ടങ്ങള്‍ മുതലായവപോലും മിടിയിടകൊണ്ടു പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായിത്തീരുന്നു. എന്നാല്‍, ഇടിത്തീകള്‍ ഉണ്ടാകുമ്പോഴൊക്കെ ആപത്തു സംഭവിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോഴും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കും മാത്രമേ ആപത്തു നേരിടുന്നുള്ളു. അതാണു فَيُصِيبُ بِهَا مَن يَشَاءُ (എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അവയെ ബാധിപ്പിക്കുന്നു) എന്നു പറഞ്ഞത്.

ഇടി, മിന്നല്‍, മേഘം, മഴ, ഇടിവാള്‍ എന്നിവക്കെല്ലാം ശാസ്ത്രത്തിന്റെ ഭാഷയില്‍ അതിനു കാരണങ്ങള്‍ പലതും പറയുവാനുണ്ടെങ്കിലും ആ കാരണങ്ങള്‍ വ്യവസ്ഥപ്പെടുത്തിയതും, ആ കാരണങ്ങള്‍ ഒത്തു കൂടുമ്പോള്‍ അവയെ സൃഷ്ടിരംഗത്തു വരുത്തുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല. അല്ലാഹു നിശ്ചയിച്ചുവെച്ചതും, നിലവില്‍ കണ്ടുവരുന്നതുമായ ചില നടപടിക്രമങ്ങളെ അടിസ്ഥാനമാക്കി ഇന്നിന്ന കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്നിന്ന കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നോ, ഇന്നിന്ന കാര്യങ്ങള്‍ക്കു ഇന്നിന്നവയാണു കാരണങ്ങളെന്നോ പറയുകയല്ലാതെ, പുതിയ കാര്യകാരണ ബന്ധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മനുഷ്യര്‍ക്കോ മനുഷ്യശാസ്ത്രങ്ങള്‍ക്കോ സാധ്യമല്ല തന്നെ. എല്ലാം അവന്റെ വ്യവസ്ഥയും പരിപാടിയും അനുസരിച്ചു നടക്കുന്നു. എല്ലാം അവന്റെ സൃഷ്ടിയും. ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിച്ചു സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ, അല്ലാഹുവിന്റെ ഏകത്വത്തിലും, അധികാരാവകാശങ്ങളിലും തര്‍ക്കം നടത്തിക്കൊണ്ടിരിക്കുകയാണു അവിശ്വാസികള്‍. തല്‍ക്കാലം അവരെ അവരുടെ പാട്ടിനു വിട്ടിട്ടുണ്ടെങ്കിലും അവരുടെ മേല്‍ അതിശക്തമായ നടപടി അല്ലാഹു എടുത്തേക്കുകതന്നെ ചെയ്യുമെന്നാണ് അവസാനത്തെ വാക്യത്തിന്റെ താല്‍പര്യം.

(1).ഇടിയും, ഇടിവാളും കേള്‍ക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചിരിക്കുന്നു: (*) ‘അല്ലാഹുവേ, നിന്റെ കോപംകൊണ്ടു ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷകൊണ്ടു ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനുമുമ്പു നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ!’ (അ; തി; ന മുതലായവരും, ബുഖാരീ – കിതാബുല്‍ അദബിലും). (2) ഇടികേള്‍ക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നുവെന്നു അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ)യും പ്രസ്താവിച്ചിരിക്കുന്നു: (**). ‘യാതൊരുവനെ സ്തുതിച്ചുകൊണ്ടു ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാപരിശുദ്ധന്‍ – അവനെ ഞാന്‍ വാഴ്ത്തുന്നു.’ (ഇബ്നു ജരീര്‍).


(*) اللَّهُمَّ لا تَقْتُلْنَا بِغَضَبِكَ ، وَلا تُهْلِكْنَا بِعَذَابِكَ ، وَعَافِنَا قَبْلَ ذَلِكَ
(**) سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ

13:14
  • لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَـٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَـٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ ﴾١٤﴿
  • യഥാര്‍ത്ഥ (വിളിച്ചു) പ്രാര്‍ത്ഥന അവനോടാണ്. [അവനോടു മാത്രമേ പാടുള്ളു] അവനു പുറമെ അവര്‍ (വിളിച്ചു) പ്രാര്‍ത്ഥിക്കുന്നവരാകട്ടെ, അവര്‍ അവര്‍ക്കു യാതൊന്നും (തന്നെ) ഉത്തരം നല്‍കുന്നതല്ല; തന്റെ വായില്‍ എത്തുവാന്‍ വേണ്ടി വെള്ളത്തിലേക്കു തന്റെ രണ്ടു കൈകള്‍ നീ(ട്ടിക്കാ)ട്ടുകയും, അതു അതില്‍ [വെള്ളം വായില്‍] എത്താതിരിക്കുകയും ചെയ്യുന്നവനെപ്പോലെയല്ലാതെ. അവിശ്വാസികളുടെ (വിളിച്ചു) പ്രാര്‍ത്ഥന, വഴികേടില്‍ (അഥവാ വൃഥാ) അല്ലാതെ (മറ്റൊന്നും) അല്ല.
  • لَهُ അവന്നാണു, അവനോടാണു دَعْوَةُ വിളി, പ്രാര്‍ത്ഥന الْحَقِّ യഥാര്‍ത്ഥ, ന്യായമായ وَالَّذِينَ يَدْعُونَ വിളിക്കുന്നവര്‍, പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ لَا يَسْتَجِيبُونَ അവര്‍ ഉത്തരം നല്‍കുകയില്ല لَهُم അവര്‍ക്കു بِشَيْءٍ യാതൊന്നും, ഒരു കാര്യത്തിനും إِلَّا كَبَاسِطِ നീട്ടുന്ന (വിരുത്തുന്ന)വനെപ്പോലെയല്ലാതെ كَفَّيْهِ തന്റെ കൈപത്തികളെ إِلَى الْمَاءِ വെള്ളത്തിലേക്കു لِيَبْلُغَ അതു എത്തുവാന്‍വേണ്ടി فَاهُ തന്റെ വായില്‍ وَمَا هُوَ അതല്ലതാനും بِبَالِغِهِ അതിലെത്തുന്നതു وَمَا دُعَاءُ പ്രാര്‍ത്ഥന (വിളി) അല്ല الْكَافِرِينَ അവിശ്വാസികളുടെ إِلَّا فِي ضَلَالٍ പിഴവില്‍ (വൃഥാ) അല്ലാതെ

വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുവാന്‍ അവകാശപ്പെട്ടവന്‍ അല്ലാഹു മാത്രമാകുന്നു. അവനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടു ഒരു കാര്യവുമില്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതു, ഒരാള്‍ കിണറ്റിനരികെ ചെന്ന് ദാഹനിവൃത്തിക്കായി അതിലേക്കു രണ്ടുകൈയും നീട്ടുന്നതിനു തുല്യമാകുന്നു. വെള്ളം അവിടെയുണ്ടു. അതവന്നു ആവശ്യവുമുണ്ട്. പക്ഷേ, കൈനീട്ടിയതുകൊണ്ടു വെള്ളം വായിലെത്തുകയില്ലല്ലോ. തൊട്ടികെട്ടി മുക്കിയെടുക്കുകയാണു വെള്ളം കിട്ടുവാനുള്ള മാര്‍ഗ്ഗം. അതുപോലെ, ഉദ്ദിഷ്ടകാര്യം സാധിക്കുവാന്‍ അതിന്റെ നേര്‍ക്കു നേരെയുള്ള മാര്‍ഗ്ഗം തന്നെ സ്വീകരിക്കണം. അല്ലാഹു അല്ലാത്തവരെ വിളിച്ചപേക്ഷിച്ചതുകൊണ്ടു ഉദ്ദിഷ്ടകാര്യംസാധിക്കുവാന്‍ പോകുന്നില്ല. അതു അവിശ്വാസികളുടെ പണിയാകുന്നു. വെറും ഒരു പാഴ്വേല മാത്രമാണത്.

13:15
  • وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَـٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۩ ﴾١٥﴿
  • ആകാശങ്ങളിലും, ഭൂമിയിലുള്ളവര്‍ സ്വമനസ്സാലെയും, വെറുപ്പോടെയും അല്ലാഹുവിനു തന്നെ 'സുജൂദു' ചെയ്യുന്നു; രാവിലെയും, വൈകുന്നേരങ്ങളിലും അവരുടെ നിഴലുകളും (സുജൂദു ചെയ്യുന്നു).
  • وَلِلَّـهِ അല്ലാഹുവിനു (തന്നെ) يَسْجُدُ സുജൂദു ചെയ്യുന്നു مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും طَوْعًا അനുസരണപൂര്‍വ്വം (സ്വമനസ്സാലെ) وَكَرْهًا അതൃപ്തിയോടും, വെറുപ്പായിക്കൊണ്ടു, നിര്‍ബ്ബന്ധിതമായും وَظِلَالُهُم അവരുടെ നിഴലുകളും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരവും, വൈകുന്നേരങ്ങളിലും.

ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന ആയത്തുകളില്‍ ഒന്നാണിതും, ആരാധനയായി ചെയ്യപ്പെടുന്ന സാഷ്ടാംഗ നമസ്കാരത്തെ ഉദ്ദേശിച്ചാണു സാധാരണ നാം ‘സുജൂദു (سجود) എന്നു പറയാറുള്ളതെങ്കിലും വിധേയത്വവും താഴ്മയും പ്രകടിപ്പിക്കുക എന്നാണതിന്റെ മൂലാര്‍ത്ഥം. സുജൂദു രണ്ടു തരത്തിലുണ്ടു. സ്വന്തം ഇച്ഛയനുസരിച്ചുള്ളതും (السجود بلا اختيار)ഏതെങ്കിലും നിലക്കുള്ള വിധേയത്വം അനുസരിച്ചുള്ളതും (سجود بالتسخير) ഇച്ഛയനുസരിച്ചും സ്വമനസ്സാലെയും ഉണ്ടാകുന്ന സുജൂദാണ് പുണ്യകര്‍മ്മവും പ്രതിഫലം നല്‍കപ്പെടുന്നതുമായിരിക്കുക. فَاسْجُدُوا لِلَّـهِ وَاعْبُدُوا (നിങ്ങള്‍ അല്ലാഹുവിനു സുജൂദു ചെയ്യുകയും ആരാധന ചെയ്യുകയും ചെയ്‍വിന്‍ (53: 62) എന്നതുപോലെയുള്ള കല്‍പനകള്‍ ഈ അര്‍ത്ഥത്തിലുള്ള സുജൂദിനെപ്പറ്റിയാകുന്നു. നിഴലുകള്‍ സുജൂദു ചെയ്യുന്നുവെന്നു ഈ വചനത്തിലും, സൂ: നഹ്ല്‍ 48ലും കാണുന്നതു രണ്ടാമത്തെ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്ന സുജൂദിനെപ്പറ്റിയുമാകുന്നു. ആകാശഭൂമികളിലുള്ള ജീവികളും മലക്കുകളും അല്ലാഹുവിനു സുജൂദു ചെയ്യുന്നുവെന്നു സൂ: നഹ്ല്‍ 39ല്‍ പറഞ്ഞിരിക്കുന്നതില്‍ ഈ രണ്ടര്‍ത്ഥത്തിലുള്ള സുജൂദുകളും ഉള്‍പെടുന്നു. മറ്റൊരു വിധത്തില്‍ പറയുന്നപക്ഷം, താഴ്മയും ഭക്തിയും അര്‍പ്പിച്ചുകൊണ്ടു ആരാധനാ രൂപത്തില്‍ ചെയ്യപ്പെടുന്ന സാഷ്ടാംഗ നമസ്കാരത്തിനും, ഏതെങ്കിലും നിര്‍ബ്ബന്ധത്തിനോ, അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കോ വഴങ്ങിക്കൊണ്ടുള്ള വിധേയത്വത്തിനും, ‘സുജൂദു’ എന്നു പറയപ്പെടും. (ഇമാം റാഗിബിന്റെ ‘അല്‍മുഫ്റദാത്തും’ മറ്റും നോക്കുക.)

ആകാശഭൂമികളിലുള്ളവര്‍ (مَن فِي السَّمَاوَاتِ وَالْأَرْضِ) എന്നു പറഞ്ഞതില്‍ മലക്കുകള്‍, മനുഷ്യര്‍, ജിന്നുകള്‍ എന്നീ ബുദ്ധിവര്‍ഗ്ഗങ്ങളെല്ലാം ഉള്‍പ്പെടുന്നു. മലക്കുകള്‍ മുഴുവനും, മനുഷ്യരിലും ജിന്നുകളിലുമുള്ള സത്യവിശ്വാസികളും സ്വമനസ്സാലെയും ഇച്ഛയനുസരിച്ചും തന്നെ അല്ലാഹുവിനു ആരാധനയായി സുജൂദു ചെയ്യുന്നു. കപടവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ മുസ്ലിംകളായി അഭിനയിക്കുന്നവരാകകൊണ്ടു മനമില്ലാമനസ്സോടെയാണെങ്കിലും അവരും അല്ലാഹുവിനു സുജൂദു ചെയ്യേണ്ടി വരുന്നു. അതുപോലെ, ചില അത്യാപല്‍ഘട്ടങ്ങള്‍ നേരിടുമ്പോള്‍, തങ്ങളുടെ ഇതരദൈവങ്ങളെയെല്ലാം മറന്നു യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനെമാത്രം വിളിച്ചുകൊണ്ടു അവനു സുജൂദായി വീഴുവാന്‍ ബഹുദൈവ വിശ്വാസികളും ചിലപ്പോള്‍ നിര്‍ബ്ബന്ധിതരാകാറുണ്ട്. അല്ലാഹു നിശ്ചയിച്ച പ്രകൃതിവ്യവസ്ഥകള്‍ക്കു മുമ്പില്‍ തല കുനിക്കുകയും അവക്കു വഴങ്ങുകയും ചെയ്യുന്നതില്‍നിന്നു ആരും ഒഴിവില്ലതാനും. ജീവികളും, നിര്‍ജ്ജീവികളുമടക്കം സകല വസ്തുക്കളും ഈ അര്‍ത്ഥത്തില്‍ അല്ലാഹുവിനു സുജൂദു ചെയ്യുന്നവര്‍ തന്നെ. നിഴലുകള്‍ പദാര്‍ത്ഥങ്ങളല്ലെങ്കിലും, അവപോലും അവക്കു അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായിട്ടാണിരിക്കുന്നത്. ഉദാഹരണമായി രാവിലെയും വൈകുന്നേരവും അവക്കു ദൈര്‍ഘ്യം കൂടുന്നു. പിന്നീടവ ചുരുങ്ങുന്നു. ചില പ്രത്യേക അവസരങ്ങളില്‍ അവ വലത്തോട്ടു തിരിയുന്നു. മറ്റു ചിലപ്പോള്‍ ഇടത്തോട്ടും തിരിയുന്നു. അതിലൊന്നും ഒരു മാറ്റവും വരുത്തുവാന്‍ ആര്‍ക്കും സാധ്യവുമല്ല. ഇതെല്ലാം അല്ലാഹുവിന്റെ മഹത്വത്തെയും പരിശുദ്ധതയെയും വെളിപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളാണല്ലോ. (സൂറ: നഹ്ല്‍: 48; 49; ഹജ്ജ് : 18 എന്നീ വചനങ്ങളും അവയുടെ വ്യാഖ്യാനവും കൂടി നോക്കുക.)

13:16
  • قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ ۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَـٰتُ وَٱلنُّورُ ۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَـٰبَهَ ٱلْخَلْقُ عَلَيْهِمْ ۚ قُلِ ٱللَّهُ خَـٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّـٰرُ ﴾١٦﴿
  • പറയുക: 'ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ്?' പറയുക: 'അല്ലാഹുവാണ്.' [എന്നല്ലാതെ മറുപടി പറയുവാനില്ലല്ലോ]. പറയുക: 'എന്നിരിക്കെ, തങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെയും) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്‌വാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ അവനുപുറമെ നിങ്ങള്‍ ഉണ്ടാക്കിയിരിക്കുകയോ?! പറയുക: 'അന്ധനും, കാഴ്ചയുള്ളവനും സമമാകുമോ?! അല്ലാത്തപക്ഷം, അന്ധകാരങ്ങളും പ്രകാശവും സമമാകുമോ?! അതല്ല, അല്ലാഹുവിനു ഇവര്‍ പങ്കാളികളെ ഏര്‍പ്പെടുത്തിയിരിക്കുന്നുവോ?! (അതെ) അവന്‍ സൃഷ്ടിച്ചതുപോലെ അവര്‍ സൃഷ്ടിച്ചിട്ട് ഇവര്‍ക്ക് സൃഷ്ടി(കള്‍ തമ്മില്‍) തിരിച്ചറിയാതായിരിക്കുന്നുവെന്നോ?!' പറയുക: 'അല്ലാഹുവത്രെ എല്ലാ വസ്തുവിന്റെയും സ്രഷ്ടാവ്. [വേറെ സ്രഷ്ടാവേ ഇല്ല. അവനത്രെ, സര്‍വ്വാധികാരിയായുള്ള ഏകനും.'
  • قُلْ പറയുക مَن ആരാണു رَّبُّ റബ്ബ്, രക്ഷിതാവ്, നാഥന്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും قُلِ പറയുക اللَّـهُ അല്ലാഹുവാണ് قُلْ പറയുക أَفَاتَّخَذْتُم എന്നിരിക്കെ (അപ്പോള്‍) നിങ്ങള്‍ ആക്കിയിരിക്കയാണോ مِّن دُونِهِ അവനുപുറമെ أَوْلِيَاءَ ചില രക്ഷാധികാരികളെ, കാര്യകര്‍ത്താക്കളെ لَا يَمْلِكُونَ സ്വാധീനമാക്കാത്ത, അവര്‍ അധീനമാക്കുന്നില്ല لِأَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങള്‍ക്കു, തങ്ങള്‍ക്കു തന്നെ نَفْعًا ഒരു ഉപകാരത്തെ وَلَا ضَرًّا ഒരു ഉപദ്രവത്തെയും ഇല്ല قُلْ പറയുക هَلْ يَسْتَوِي സമമാകുമോ الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും أَمْ അതല്ല, അല്ലാത്തപക്ഷം, അതോ هَلْ تَسْتَوِي സമമാകുമോ الظُّلُمَاتُ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ وَالنُّورُ പ്രകാശവും أَمْ جَعَلُوا അതല്ല അവര്‍ ആക്കിയോ لِلَّـهِ അല്ലാഹുവിനു شُرَكَاءَ ചില പങ്കുകാരെ خَلَقُوا۟ അവർ സൃഷ്ടിച്ചിരിക്കുന്നു كَخَلْقِهِۦ അവന്റെ സൃഷ്ടിപോലെ فَتَشَابَهَ എന്നിട്ടു തിരിച്ചറിയാതായി, പരസ്പരം സാദൃശ്യമായി الْخَلْقُ സൃഷ്ടി عَلَيْهِمْ അവര്‍ക്കു قُلِ പറയുക اللَّـهُ അല്ലാഹു خَالِقُ സൃഷ്ടാവാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ അവനത്രെ الْوَاحِدُ ഏകനും الْقَهَّارُ സര്‍വ്വാധികാരിയായ

ബഹുദൈവ വിശ്വാസിയെ അന്ധനോടും, ബഹുദൈവവിശ്വാസത്തെ അന്ധകാരത്തോടും, സത്യവിശ്വാസിയെ കാഴ്ചയുള്ളവനോടും, സത്യവിശ്വാസത്തെ പ്രകാശത്തോടും ഉപമിച്ചിരിക്കുകയാണ്. ഈ വചനത്തിലെ ആശയം ഒരു വിശദീകരണവും കൂടാതെ സ്വയം വ്യക്തമാകുന്നു. അടുത്ത വചനത്തില്‍, യഥാര്‍ത്ഥവും അയഥാര്‍ത്ഥവും തമ്മിലുള്ള അന്തരം കാണിക്കുന്ന രണ്ടു ഉപമകള്‍ അല്ലാഹു വിവരിക്കുന്നു:-

13:17
  • أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَـٰعٍ زَبَدٌ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَـٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ ﴾١٧﴿
  • അവന്‍ [അല്ലാഹു] ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കി; എന്നിട്ട് പല താഴ്വരകളും അവയുടെ തോതനുസരിച്ചു (വെള്ളം) ഒഴുകി; അപ്പോള്‍ (ആ) ഒഴുക്ക് പൊന്തിവരുന്ന ഒരു (തരം) നുരയെ വഹിച്ചുകൊണ്ടു വന്നു. വല്ല ആഭരണത്തെയോ, ഉപകരണത്തെയോ (ഉണ്ടാക്കുവാന്‍) ആഗ്രഹിച്ച് തീയില്‍ (ഇട്ട്) അവര്‍ ചുട്ടുപഴുപ്പിക്കാറുള്ള (ലോഹ) വസ്തുവില്‍നിന്നും അതുപോലെയുള്ള നുരയുണ്ടായിരിക്കും. അപ്രകാരം, യഥാര്‍ത്ഥത്തെയും, അയഥാര്‍ത്ഥത്തെയും അല്ലാഹു (ഉപമിച്ചു) വിവരിക്കുന്നു. എന്നാലപ്പോള്‍, ആ നുര - അത് പുറംതള്ളായി (നശിച്ചു) പോകുന്നു. എന്നാല്‍, മനുഷ്യര്‍ക്ക് ഉപയോഗപ്പെടുന്ന വസ്തുവാകട്ടെ, അതു ഭൂമിയില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു. അപ്രകാരം, അല്ലാഹു ഉപമകളെ വിവരിക്കുന്നു.
  • أَنزَلَ അവന്‍ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَسَالَتْ എന്നിട്ടു ഒലിച്ചു, ഒഴുകി أَوْدِيَةٌ താഴ്വരകള്‍ بِقَدَرِهَا അവയുടെ (തോത(കണക്ക)നുസരിച്ചു فَاحْتَمَلَ എന്നിട്ടു വഹിച്ചുവന്നു السَّيْلُ ഒഴുക്കു (വെള്ളം) زَبَدًا ഒരു (തരം) നുരയെ, പത رَّابِيًا പൊന്തിനില്‍ക്കുന്ന وَمِمَّا يُوقِدُونَ അവര്‍ തീ കത്തിക്കുന്ന (കത്തിച്ചു പഴുപ്പിക്കുന്ന) വസ്തുവില്‍ നിന്നും عَلَيْهِ അതിന്‍മേല്‍ فِي النَّارِ തീയില്‍ ابْتِغَاءَ ആഗ്രഹിച്ചുകൊണ്ടു حِلْيَةٍ വല്ല ആഭരണത്തെയും أَوْ مَتَاعٍ അല്ലെങ്കില്‍ ഉപകരണത്തെയും زَبَدٌ നുരയുണ്ടായിരിക്കും مِّثْلُهُ അതുപോലുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ ആക്കുന്നു, അടിക്കുന്നു (വിവരിക്കുന്നു) اللَّـهُ അല്ലാഹു الْحَقَّ യഥാര്‍ത്ഥത്തെ, ന്യായമായതിനെ وَالْبَاطِلَ അയഥാര്‍ത്ഥത്തെ (അന്യായമായതിനെ)യും فَأَمَّا എന്നാലപ്പോള്‍ الزَّبَدُ നുര, പത فَيَذْهَبُ അതു പോകും, നശിക്കുന്നു جُفَاءً പുറംതള്ളായി وَأَمَّا مَا يَنفَعُ എന്നാല്‍ ഉപയോഗപ്പെടുന്നതാകട്ടെ النَّاسَ മനുഷ്യര്‍ക്കു فَيَمْكُثُ അതു താമസിക്കുന്നു (തങ്ങുന്നു) فِي الْأَرْضِ ഭൂമിയില്‍ كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു (വിവരിക്കുന്നു) الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങള്‍

അല്ലാഹുതന്നെ പ്രസ്താവിച്ചതുപോലെ, യഥാര്‍ത്ഥവും അയഥാര്‍ത്ഥവും – അഥവാ സത്യവും മിഥ്യയും – തമ്മിലുള്ള വ്യത്യാസത്തിനു നല്ല ഉദാഹരണങ്ങളാണിത്. ഒന്ന് വെള്ളവുമായി ബന്ധപ്പെട്ടതും, മറ്റേതു തീയുമായി ബന്ധപ്പെട്ടതും. രണ്ടിലെയും സാദൃശ്യബിന്ദു ഒന്നുതന്നെ. ഇതുപോലെ, കപട വിശ്വാസികളെക്കുറിച്ചും തീയും വെള്ളവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില ഉപമകള്‍ അല്‍ബഖറഃ 17 – 20ല്‍ മുമ്പുകഴിഞ്ഞുപോയിട്ടുണ്ട്‌. താഴെ കാണുന്നതുപോലെയുള്ള ചില ഹദീസുകളിലും അപ്രകാരം കാണാം. ഈ ഉപമകളുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം:

മഴ വര്‍ഷിക്കുന്നതോടെ മലഞ്ചരിവുകളില്‍ സ്ഥിതിചെയ്യുന്ന താഴ്വരകളിലൂടെ അതതിന്റെ വലുപ്പവും കിടപ്പും അനുസരിച്ച് മലവെള്ളം കുത്തി ഒഴുകിവരുമല്ലോ. ധാരാളം നുരയും പതയും വഹിച്ചുകൊണ്ടായിരിക്കും അത് ഒഴുകിവരുന്നത്. അതുപോലെത്തന്നെ, ആഭരണം മുതലായ ചില ഉപകരണങ്ങളെ ഉണ്ടാക്കുവാന്‍വേണ്ടി സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ലോഹങ്ങള്‍ തീയിലിട്ട് പഴുപ്പിച്ച് ഉരുക്കിയെടുക്കുമ്പോള്‍ അതിനുമീതെയും ഒരുതരം പതയും നുരയും കാണാവുന്നതാണ്‌. ഈ രണ്ടുതരം നുരകളും ഉപകാരമില്ലാത്ത കീടങ്ങളാണെന്നുമാത്രമല്ല, അവക്കു നിലനില്‍പുമുണ്ടായിരിക്കയില്ല. വെള്ളത്തിലെ നുര താഴ്‌വരയുടെ ഓരങ്ങളിലൂടെയും മറ്റുമായി ചിന്നിച്ചിതറി പുറംതള്ളപ്പെട്ടുപോകുന്നു. തീച്ചൂളകളിലെ നുരയും അതുപോലെ പുറംതള്ളപ്പെട്ടു പോകുന്നു. അവയില്‍ മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്ന ഭാഗമാകട്ടെ – അഥവാ ഒന്നാമത്തേതില്‍ വെള്ളവും, രണ്ടാമത്തേതില്‍ ലോഹ ദ്രാവകവും – ശേഷിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതുപോലെ മിഥ്യയായുള്ളത് ആദ്യം ആകര്‍ഷകമായി വെളിപ്പെടുമെങ്കിലും താമസംവിനാ ഉപകാരമില്ലാതെ നശിച്ചുപോകും. സത്യമാകട്ടെ, സ്ഥിരവും ഭദ്രവുമായി അവശേഷിക്കുകയും അതിന്റെ പ്രയോജനം നിലനില്‍ക്കുകയും ചെയ്യുന്നു.

ഈ ഉപമയില്‍ നിന്നുമറ്റൊരു വസ്തുതകൂടി ഗ്രഹിക്കേണ്ടതായുണ്ട്. കീടവും, നുരയും, പുറംതള്ളപ്പെട്ടു പോയ ശേഷം ലഭിക്കുന്ന വെള്ളവും ലോഹവും കൊണ്ടുള്ള പ്രയോജനം, അവയെ പ്രയോജനപ്പെടുത്തുന്ന ആളുടെ സ്ഥിതിക്കനുസരിച്ച് കൂടിയും കുറഞ്ഞും വരുമല്ലോ. അതുപോലെ, അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന സത്യ യാഥാര്‍ത്ഥ്യങ്ങളില്‍ എത്രകണ്ട് ശ്രദ്ധപതിക്കുകയും, അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും അവമൂലം ലഭിക്കുന്ന പ്രയോജനവും. അബൂമൂസല്‍ അശ്അരീ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപമാരൂപത്തില്‍ ഈ വാസ്തവം ഇപ്രകാരം ചൂണ്ടികാട്ടിയിരിക്കുന്നു:-

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു എന്നെ നിയോഗിച്ചയച്ച സന്‍മാര്‍ഗ്ഗത്തിന്റെയും ജ്ഞാനത്തിന്റെയും ഉദാഹരണം, ഒരു മഴയുടെ മാതിരിയാകുന്നു: അതു വല്ല ഭൂമിയിലും ബാധിക്കുമ്പോള്‍ അതില്‍ ഒരു വിഭാഗം ആ വെള്ളം സ്വീകരിച്ച് പുല്ലുകളും ധാരാളം സസ്യങ്ങളും മുളപ്പിക്കുന്നു. അതില്‍ വരണ്ട പ്രദേശങ്ങളുമുണ്ടായിരിക്കും. അവ ആ വെള്ളം തടഞ്ഞുവെക്കും. എന്നിട്ട് അതുമൂലം അല്ലാഹു ജനങ്ങള്‍ക്കു പ്രയോജനം നല്‍കുന്നു. അങ്ങനെ, അവര്‍ കുടിക്കുകയും, (കാലികളെ) മേയിക്കുകയും, കുടിപ്പിക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്നു. വേറെ ഒരു വിഭാഗത്തിനും ആ മഴ ബാധിക്കും: അവ വെറും മരുപ്രദേശങ്ങളായിരിക്കും. അവ വെള്ളം തടഞ്ഞുവെക്കുകയോ, സസ്യങ്ങളെ മുളപ്പിക്കുകയോ ചെയ്കയില്ല. അല്ലാഹുവിന്റെ മതത്തില്‍ വിജ്ഞാനം നേടുകയും, അല്ലാഹു എന്നെ നിയോഗിച്ചയച്ച കാര്യം അവന്‍ ഉപയോഗപ്പെടുത്തിക്കൊടുക്കുകയും, അങ്ങനെ അതു അറിയുകയും (മറ്റുള്ളവര്‍ക്ക്) പഠിപ്പിക്കുകയും ചെയ്തവരുടെയും, അതിലേക്ക് തലപൊക്കിനോക്കാതെയും, എന്നെ അയക്കപ്പെട്ട സന്‍മാര്‍ഗ്ഗം സ്വീകരിക്കാതെയും ഇരിക്കുന്നവരുടെ ഉപമയാകുന്നു അതു.’ (ബു; മു). അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച മറ്റൊരു നബിവചനത്തിന്റെ സാരം ഇങ്ങിനെയാകുന്നു: ‘എന്റെയും നിങ്ങളുടെയും ഉദാഹരണം, ഒരു തീകത്തിച്ചവന്റെ മാതിരിയാകുന്നു: അതിന്റെ ചുറ്റുപാടും വെളിച്ചം പ്രകാശിച്ചപ്പോള്‍ വണ്ടുകളും, തീയില്‍ ചാടിവീഴാറുള്ള ഈ പ്രാണികളും അതില്‍ വന്നു വീഴാന്‍ തുടങ്ങി. അവന്‍ അവയെ തടുത്തുകൊണ്ടിരുന്നു. എന്നിട്ടും അവ അവനെ തോല്‍പ്പിച്ച് അതില്‍ തിരക്കി വീണുകൊണ്ടിരിക്കുകയായി. ഇതാണ് എന്റെയും നിങ്ങളുടെയും ഉപമ. ഞാന്‍ നിങ്ങളുടെ ഊരക്കു പിടിച്ച് തീയിനെവിട്ടേച്ച്‌ നിങ്ങള്‍ ഇങ്ങോട്ടുവരുവിന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എന്നെ അതിജയിച്ചു അതില്‍ വീഴുകയും ചെയ്യുന്നു.’ (അ; ബു; മു).

13:18
  • لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَـٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ ﴾١٨﴿
  • തങ്ങളുടെ റബ്ബിനു ഉത്തരം നല്‍കിയവര്‍ക്ക് ഏറ്റം നന്നായുള്ളതു [ഏറ്റം നല്ല പ്രതിഫലം] ഉണ്ടായിരിക്കും. അവനു ഉത്തരം നല്‍കാത്തവരാകട്ടെ, അവര്‍ക്കു ഭൂമിയിലുള്ളതു മുഴുവനും, അതോടൊപ്പം അത്രയും (കൂടി) ഉണ്ടായിരുന്നാലും അതു (ഒക്കെയും) അവര്‍ തെണ്ടം കൊടുക്കുകതന്നെ ചെയ്യുന്നതാണ്.

    അക്കൂട്ടര്‍ക്ക് തന്നെയാണ് കടുത്ത വിചാരണയും (ഉണ്ടായിരിക്കുക). അവരുടെ സങ്കേതസ്ഥാനമാകട്ടെ, 'ജഹന്നമും' [നരകവും] ആകുന്നു. (ആ) തൊട്ടില്‍ എത്രയോ ചീത്തയും!
  • لِلَّذِينَ اسْتَجَابُوا ഉത്തരം നല്‍കിയവര്‍ക്ക് لِرَبِّهِمُ തങ്ങളുടെ റബ്ബിനു الْحُسْنَىٰ ഏറ്റവും നല്ലതു وَالَّذِينَ لَمْ يَسْتَجِيبُوا ഉത്തരം ചെയ്യാത്തവര്‍ لَهُ അവന്നു لَوْ أَنَّ لَهُم അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ مَّا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും, സര്‍വ്വവും وَمِثْلَهُ അതിന്റെ അത്രയും, അതുപോലെയുള്ളതും مَعَهُ അതോടുകൂടി لَافْتَدَوْا അവര്‍ തെണ്ടം (മോചനമൂല്യം) കൊടുക്കുകതന്നെ ചെയ്യും بِهِ അതിനെ, അതുകൊണ്ടു أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടായിരിക്കും, അവര്‍ക്കത്രെ سُوءُ الْحِسَابِ മോശപ്പെട്ട, (കടുത്ത) വിചാരണ وَمَأْوَاهُمْ അവരുടെ പ്രാപ്യ (സങ്കേത) സ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ (വളരെ) ചീത്തയും الْمِهَادُ തൊട്ടില്‍.

അല്ലാഹുവിനു ഉത്തരം നല്‍കുക എന്നു വെച്ചാല്‍, തൗഹീദിലും, ഖുര്‍ആനിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും വിശ്വസിക്കുകവഴി നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനുള്ള അവന്റെ ക്ഷണം സ്വീകരിക്കുക എന്നാകുന്നു. അത് സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നല്ലതായ ശാശ്വതസ്വര്‍ഗ്ഗമായിരിക്കും ലഭിക്കുക. നാമ മാത്ര വിചാരണ മാത്രമേ അവര്‍ക്ക് നേരിടേണ്ടി വരികയുമുള്ളു. ആ ക്ഷണം സ്വീകരിക്കാത്തവര്‍ക്കു ഏറ്റവും മോശപ്പെട്ട പ്രതിഫലമായ നരകവുമായിരിക്കും ലഭിക്കുക. അവര്‍ വളരെ കടുത്ത വിചാരണയെ നേരിടേണ്ടതായും വരും. തങ്ങളുടെ ചെറുതും വലുതുമായ സകല ചെയ്തികള്‍ക്കും അവര്‍ കൈകെട്ടി ഉത്തരം പറയേണ്ടിവരും. ഭൗതികമായ താല്‍പര്യങ്ങളിലും, സുഖസൗകര്യങ്ങളിലും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറില്ലാതിരുന്ന അവര്‍ അവിടെ വെച്ചു തങ്ങള്‍ക്കു ഭൂലോകം മുഴുവനും, അതിലപ്പുറവും ഉണ്ടായിരുന്നാലും അതെല്ലാം മോചനമൂല്യമായി നല്‍കി രക്ഷപ്പെടുവാന്‍ തയ്യാറായിരിക്കും എന്ന് സാരം.

ആയിശാ (رضي الله عنها) ല്‍നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: അവര്‍ പറയുകയാണ്‌: ‘ഖിയാമത്തു നാളില്‍ വിചാരണക്ക് വിധേയരാകുന്ന ആരും നാശത്തിലകപ്പെടാതിരിക്കയില്ല’ എന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി, ഞാന്‍ ചോദിച്ചു: ‘(വലങ്കയ്യില്‍ കര്‍മ്മരേഖ നല്‍കപ്പെടുന്ന സജ്ജനങ്ങളെപ്പറ്റി) അവര്‍ ലഘുവായ ഒരു വിചാരണക്കു വിധേയരാകുമെന്നു അല്ലാഹു (84:7,8ല്‍) പ്രസ്താവിച്ചിട്ടില്ലേ’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അത് കര്‍മ്മങ്ങളെ കാട്ടിക്കൊടുക്കല്‍ മാത്രമാകുന്നു. ആര്‍ കര്‍ശനമായ വിചാരണക്കു വിധേയരാകുന്നുവോ അവന്‍ നാശമടയുന്നതാണ്.’ (ബു; മു). ഒരു രിവായത്തില്‍ ‘അവന്‍ നാശമടയും’ എന്നതിനുപകരം ‘അവന്‍ ശിക്ഷിക്കപ്പെടും’ എന്നാണുള്ളത്.