38:65
  • قُلْ إِنَّمَآ أَنَا۠ مُنذِرٌ ۖ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ﴾٦٥﴿
  • (നബിയേ) പറയുക: 'നിശ്ചയമായും ഞാൻ ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു; ഏകനായ സർവാധിപതിയായ അല്ലാഹു അല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ.
  • قُلْ നീ പറയുക إِنَّمَا أَنَا - നിശ്ചയമായും ഞാൻ مُنذِرٌ ഒരു മുന്നറിയിപ്പുകാരൻ (മാത്രം) ആകുന്നു وَمَا مِنْ إِلَـٰهٍ ഒരു ഇലാഹുമില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ الْوَاحِدُ ഏകനായ الْقَهَّارُ സർവ്വാധികാരിയായ
38:66
  • رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّـٰرُ ﴾٦٦﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്റെയും രക്ഷിതാവാണ്, പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവനാണ് (അവൻ).
  • رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനിടയിലുള്ളതിന്റെയും الْعَزِيزُ പ്രതാപശാലിയാണ് الْغَفَّارُ വളരെ പൊറുക്കുന്നവൻ
38:67
  • قُلْ هُوَ نَبَؤٌا۟ عَظِيمٌ ﴾٦٧﴿
  • പറയുക: അത് ഒരു വമ്പിച്ച വർത്തമാനമാകുന്നു!-
  • قُلْ നീ പറയുക هُوَ نَبَأٌ അതൊരു വർത്തമാനമാണ് عَظِيمٌ വമ്പിച്ച
38:68
  • أَنتُمْ عَنْهُ مُعْرِضُونَ ﴾٦٨﴿
  • നിങ്ങൾ അതിൽ നിന്നു (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
  • أَنتُمْ നിങ്ങൾ عَنْهُ അതിൽ നിന്നു, അതു വിട്ടു مُعْرِضُونَ തിരിഞ്ഞു പോകുന്നവരാണ്, അശ്രദ്ധരാണ്
38:69
  • مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ ﴾٦٩﴿
  • 'മലഉൽ അഅ്ലാ’യെ [ഉന്നത സമൂഹത്തെ]ക്കുറിച്ച് - അവർ വിവാദം നടത്തിക്കൊണ്ടിരിക്കുമ്പോൾ - എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല;-
  • مَا كَانَ لِيَ എനിക്കില്ല, ഉണ്ടായിട്ടില്ല مِنْ عِلْمٍ യാതൊരറിവും بِالْمَلَإِ الْأَعْلَىٰ മലഉൽ അഅ്ലായെ (ഉന്നത സമൂഹത്തെ) പ്പറ്റി إِذْ يَخْتَصِمُونَ അവർ വിവാദം (തർക്കം) നടത്തുമ്പോൾ
38:70
  • إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ﴾٧٠﴿
  • ഞാൻ ഒരു പ്രത്യക്ഷനായ താക്കീതുകാരനാണ് എന്നതിനാലല്ലാതെ, എനിക്ക് വഹ്‌യു [ദിവ്യബോധനം] നൽകപ്പെടുന്നില്ല.
  • إِن يُوحَىٰ വഹ്‌യു നൽകപ്പെടുന്നില്ല إِلَيَّ എനിക്ക് إِلَّا أَنَّمَا أَنَا ഞാൻ ആയതിനാലല്ലാതെ نَذِيرٌ ഒരു താക്കീതുകാരൻ مُّبِينٌ പ്രത്യക്ഷനായ

ആകാശഭൂമികളെ സൃഷ്ടിച്ചു നിയന്ത്രിച്ചുപോരുന്ന സർവ്വാധിപതിയായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നുള്ള പ്രബോധനവും, അതു നിഷേധിക്കുന്നവരെ താക്കീതു ചെയ്യലുമാണ് എന്‍റെ കൃത്യം. ഇതൊരു ചെറിയ വിഷയമാണെന്ന് നിങ്ങൾ ധരിക്കേണ്ട. ഏറ്റവും വമ്പിച്ച ഒരു കാര്യമാണിത്. പക്ഷെ, നിങ്ങൾ അതിനെ അവഗണിച്ചു തള്ളുകയാണ് ചെയ്യുന്നത്. ഞാൻ ഇതു പ്രബോധനം ചെയ്‍വാൻ കാരണം, അല്ലാഹു എന്നെ നിങ്ങൾക്കു താക്കീതു ചെയ്‍വാൻവേണ്ടി അയച്ചിരിക്കുന്നതാണ്. അങ്ങനെ, അവനിൽനിന്നു എനിക്കു വഹ്‌യ് ലഭിക്കുകയും ചെയ്യുന്നു. എന്നല്ലാതെ, മലക്കുകളുടെ ഉന്നത സമൂഹമാകുന്ന ‘മലഉൽഅഅ്ലാ’യുടെ ഇടയിൽ നടന്നതോ, നടന്നുവരുന്നതോ ആയ വിവാദസംസാരങ്ങളെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ. ഞാനിതു പ്രബോധനം ചെയ്‍വാൻ കാരണം അതല്ലതാനും. വഹ്‌യു മൂലമാണ് അതിനെ സംബന്ധിച്ചു എനിക്കു അറിവു ലഭിച്ചിരിക്കുന്നത്. എന്നു താൽപര്യം.

‘മലഉൽ അഅ് ലാ’ (الملأ الاعلى) എന്ന വാക്കിനു ‘ഉന്നത സമൂഹം’ എന്നും മറ്റും വിവർത്തനം നല്കപ്പെടാം. ഇതു മലക്കുകൾക്കു പൊതുവിൽ പറയപ്പെടുന്നതാണെന്നും, അതല്ല അവരിലുള്ള ഒരു പ്രത്യേക വിഭാഗത്തിനു പറയപ്പെടുന്നതാണെന്നും മഹാന്മാർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. ഏതായാലും ‘മലഉൽ അഅ്ലാ’ എന്ന പേർ മലക്കുകളെ ഉദ്ദേശിച്ചു മാത്രം പറയപ്പെടുന്നതാണെന്നും, മനുഷ്യരെക്കുറിച്ചു പറയപ്പെടുന്നതല്ലെന്നുമുള്ളതിൽ ആർക്കും പക്ഷാന്തരമില്ല. ‘മലഉൽ അഅ്ലാ’ വിവാദം നടത്തികൊണ്ടിരിക്കുമ്പോൾ എനിക്കു അവരെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നാണല്ലോ 69-ാം വചനത്തിൽ പറഞ്ഞിരിക്കുന്നത്. മലക്കുകൾ വിവാദം നടത്തുന്ന സംഭവം പലതുമായിരിക്കുവാൻ സാധ്യതയുണ്ട്. എങ്കിലും ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വിവാദം ഏതാണെന്നു അടുത്ത 71-ാം വചനത്തിൽനിന്നു മനസിലാക്കാം. അതായതു ഞാൻ മനുഷ്യനെ സൃഷ്ടിക്കുവാൻ പോകുന്നുവെന്നു നിന്‍റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം (إذْ قَالَ رَبُّكَ لِلْمَلائِكَة) എന്നാണതിന്‍റെ തുടക്കം. അപ്പോൾ മലഉൽ അഅ്ലാ’ എന്നു പറഞ്ഞതു മലക്കുകളെ ഉദ്ദേശിച്ചാണെന്നും വിവാദം കൊണ്ടുദ്ദേശ്യം മനുഷ്യവർഗത്തെക്കുറിച്ച് അവർ അല്ലാഹുവുമായി നടത്തിയ വിവാദമാണെന്നും സ്പഷ്ടമായി. വിവാദത്തിന്‍റെ സന്ദർഭം വ്യക്തമാക്കിയെങ്കിലും, എന്തായിരുന്നു ആ വിവാദമെന്നു ഇവിടെ അല്ലാഹു പറഞ്ഞിട്ടില്ല. പക്ഷെ, സൂറത്തുൽ ബഖറഃ 30-32ൽ അതിനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചപ്പോൾ, ‘ഭൂമിയിൽ ഞാനൊരു ഖലീഫയെ ആക്കുവാൻ പോകുന്നു’ വെന്ന് അവൻ മലക്കുകളോട് പറയുകയുണ്ടായി. അപ്പോൾ, അവർ അല്ലാഹുവിനോടു: ‘ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതിൽ ഏർപ്പെടുത്തുകയാണോ’ എന്നും മറ്റും ചോദിച്ചു. ‘നിങ്ങൾക്കറിയാത്തതു എനിക്കറിയാം’ എന്നു അല്ലാഹു മറുപടിയും പറഞ്ഞു. (وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ – الْعَلِيمُ الْحَكِيمُ : البقرة) എന്നാണവിടെ പറഞ്ഞിരിക്കുന്നത്.

പിശാചുക്കൾ ആകാശത്തു ചെന്നു മലക്കുകളിൽ നിന്നു ചില വാർത്തകൾ കട്ടു കേൾക്കാറുണ്ടായിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തോടുകൂടി അതു മുടക്കം ചെയ്യപ്പെട്ടുവെന്നും ഖുർആൻ വ്യക്തമായ ഭാഷയിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതിനെ വിശ്വസിക്കുവാൻ കഴിയാത്തവർ, ആ ഖുർആൻ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തകൂട്ടത്തിൽ ‘മലഉൽ അഅ്ലാ’ എന്നുപറയുന്നത് മനുഷ്യരിലുള്ള പ്രമുഖ നേതാക്കളാണെന്നു തട്ടിവിട്ടിട്ടുണ്ട്. ഇവിടെ 69-ാം വചനത്തിൽ പ്രസ്താവിച്ച മലഉൽ അഅ്ലായുടെ വിവാദം കൊണ്ടുദ്ദേശിക്കുന്നതു മുൻപ് 59 മുതൽ 63- കൂടിയ വചനങ്ങളിൽ പ്രസ്താവിച്ച നരകവാസികളുടെ വിവാദമാണെന്നും അവർ സമർത്ഥിക്കുന്നു. ഇവരുടെ ഈ വാദങ്ങളെയും, ദുർവ്യാഖ്യാനങ്ങളെയും വേണ്ടത്ര തെളിവുസഹിതം സൂ: ഹിജ്‌റിനു ശേഷമുള്ള വ്യാഖ്യാനക്കുറുപ്പിൽ നാം ഖണ്ഡിച്ചിരിക്കുന്നു. അതുകൊണ്ടു ഇവിടെ എനി അതൊന്നും ആവർത്തിക്കേണ്ടുന്ന ആവശ്യമില്ല. മലക്കുകൾ നടത്തിയ വിവാദത്തിന്‍റെ സന്ദർഭവും, അനന്തര സംഭവങ്ങളും അടുത്ത വചനങ്ങളിൽ കാണുക:-

38:71
  • إِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن طِينٍ ﴾٧١﴿
  • അതായതു, നിന്‍റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം; 'ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ [മനുഷ്യവർഗ്ഗത്തെ] സൃഷ്ടിക്കുവാൻ പോകുന്നു.
  • إذْ قَال പറഞ്ഞ സന്ദർഭം , പറഞ്ഞപ്പോൾ رَبُّكَ നിന്റെ റബ്ബ് للْمَلٰئِكَةِ മലക്കുകളോട് إنِّي നിശ്ചയമായും ഞാൻ خَالِقٌ സൃഷ്ടിക്കുന്നവനാണ്(സൃഷ്ടിക്കുവാൻ പോകുന്നു) بَشَرًا ഒരു മനുഷ്യനെ مِّن طِين കളിമണ്ണിൽ നിന്ന്
38:72
  • فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ ﴾٧٢﴿
  • 'അങ്ങനെ, ഞാനവനെ (രൂപം നൽകി) ശരിപ്പെടുത്തുകയും, അവനിൽ എന്‍റെ (വക) ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ, നിങ്ങൾ അവന്നു, 'സുജൂദാ’യി (തലകുനിച്ച്‌) വീഴണം'.
  • فَإذَا سَوَّيْتُهُ അങ്ങനെ ഞാനവനെ ശരിപ്പെടുത്തി (രൂപപ്പെടുത്തി)യാൽ وَنَفَخْتُ ഞാൻ ഊതുകയും (ചെയ്താൽ) فِيهِ അവനിൽ مِن روحِي എന്റെ ആത്മാവിൽ നിന്നും فَقَعُوا അപ്പോൾ നിങ്ങൾ വീഴുവിൻ لَهُ سَاجِدِين അവനു സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായി
38:73
  • فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ ﴾٧٣﴿
  • അപ്പോൾ മലക്കുകളെല്ലാവരും - മുഴുവനും - സുജൂദ് ചെയ്തു;
  • فَسَجَدَ المَلٰئِكَةُ അപ്പോൾ മലക്കുകൾ സുജൂദ് ചെയ്തു كُلُّهُمْ അവരെല്ലാം أجْمَعُون മുഴുവൻ
38:74
  • إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ ﴾٧٤﴿
  • -ഇബ്‌ലീസ് ഒഴികെ. അവൻ ഗർവ്വു നടിച്ചു. അവൻ അവിശ്വാസികളിൽ പെട്ടവനാകുന്നു.
  • إِلَّا إبْلِيسَ ഇബ്'ലീസൊഴികെ اسْتَكْبَرَ അവൻ ഗർവ്വ് (അഹംഭാവം, വലുപ്പം) നടിച്ചു وكان അവൻ ആകുന്നു, ആയിരുന്നു مِنَ الْكافِرين അവിശ്വാസികളിൽപെട്ട (വൻ)

മനുഷ്യപിതാവായ ആദം നബി (عليه السلام) നെ സൃഷ്ടിച്ചപ്പോഴത്തെ ചില സംഭവങ്ങളാണ് ഈ വചനങ്ങളിൽ കാണുന്നത്. അൽബക്വറഃ, അഅ്റാഫ്, ഹിജ്ർ, ഇസ്‌റാഉ് എന്നീ സൂറത്തുകളിലും മറ്റും ഈ സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, മനുഷ്യ വർഗ്ഗത്തെ സൃഷ്ടിക്കുവാൻ പോകുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോൾ, ആദ്യം അവർ അതിനെക്കുറിച്ച് ചോദ്യം ചെയ്‌തതും, പിന്നീട് മനുഷ്യന്റെ സവിശേഷതയും ശ്രേഷ്‌ഠതയും കണ്ടപ്പോൾ തങ്ങൾക്ക് പിണഞ്ഞ അബദ്ധം അവർ സമ്മതിച്ചതും സൂ: അൽബക്വറഃ (30-33)യിൽ മാത്രമേ പറയപ്പെട്ടിട്ടുള്ളൂ. ആദം നബി (عليه السلام) ന് സൂജൂദ് ചെയ്യുവാൻ മലക്കുകളോട് കൽപിച്ചതും, ഇബ്‌ലീസ് മാത്രം ആ കൽപന അനുസരിക്കാതിരുന്നതും പല സൂറത്തുകളിലും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഇവിടെയും ആ സംഭവം തന്നെയാണ് വിവരിക്കുന്നത്.

മനുഷ്യന്റെ ഉൽപത്തിയെ-അഥവാ ആദം നബി (عليه السلام)ന്റെ സൃഷ്‌ടിയെ-ക്കുറിച്ച്‌ പ്രസ്‌താവിക്കുമ്പോൾ മൂന്നുനാല് വാക്കുകൾ അല്ലാഹു ഉപയോഗിച്ചു കാണാം:

1) مِن تُرَابٍ (മണ്ണിൽ നിന്ന്) എന്നും,

2) مِّن طِينٍ (കളിമണ്ണിൽ നിന്ന്) എന്നും,

3) حَمَإٍ مَّسْنُونٍ (കറുപ്പ് നിറം വരുകയും മണത്തിൽ വ്യത്യാസം സംഭവിക്കുകയും ചെയ്‌തിട്ടുള്ള കുഴഞ്ഞു പാകപ്പെട്ട കളിമണ്ണ്) എന്നും,

4) صَلْصَالٍ كَالْفَخَّارِ (ചൂള വെക്കപ്പെട്ടിട്ടുള്ള ഇഷ്‌ടികപോലെ തട്ടിയാൽ ‘ചലപല’ ശബ്‌ദമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്) എന്നും.

ഇവയിൽ ഒന്നാമത്തെ വാക്ക് മനുഷ്യന്റെ ഉത്ഭവസ്ഥാനം സാമാന്യമായി ചൂണ്ടിക്കാട്ടുന്നു. ഒരു പാത്രമോ മറ്റോ ഉണ്ടാക്കുവാനുദ്ദേശിക്കുമ്പോൾ, ആദ്യം മണ്ണിൽനിന്ന് അതിനു പറ്റിയ തരം കളിമണ്ണ് തിരഞ്ഞെടുക്കപ്പെടുമല്ലോ. പിന്നീടതു കുഴച്ചും മറ്റും പാകപ്പെടുത്തി മൂശയിൽവെച്ച് രൂപം നൽകി ഉണങ്ങിയശേഷം ചൂളക്കുവെക്കുകയും ചെയ്യുന്നു. ഇതുപോലെ, ഏതോ ചില പരിവർത്തനഘട്ടങ്ങളെ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്ന് മൊത്തത്തിൽ മനസ്സിലാക്കാം. ചില ഹദീഥുകളും ഇതിന് പിൻബലമായുണ്ട്. പക്ഷേ, ഓരോ ദശയേയും സംബന്ധിച്ച സൂക്ഷ്‌മമോ വിശദമോ ആയ വിവരണങ്ങളൊന്നും നൽകുവാൻ നമുക്ക് സാധ്യമല്ല. അതേ സമയത്ത് പരിണാമ വാദങ്ങൾ പോലെയുള്ള ഭൗതിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽമാത്രം മനുഷ്യന്റെ ഉൽപത്തിയെക്കുറിച്ച് വിധി കൽപിക്കുവാനും, ആ വിധിക്ക് അനുകൂലമല്ലെന്ന് കാണുന്ന പ്രമാണങ്ങളെ കേവലം ഉപമകളും അലങ്കാരങ്ങളുമാക്കി അവഗണിക്കുവാനും നമുക്ക്‌ നിവൃത്തിയില്ല.

وَنَفَخْتُ فِيهِ مِن رُّوحِي (‘എന്റെ ആത്മാവിൽനിന്നും അവനിൽ ഊതുകയും ചെയ്താൽ) എന്ന വാക്യം ശ്രദ്ധേയമാകുന്നു. ജഡത്തിൽ ആത്മാവും കൂടി ചേരുമ്പോഴാണല്ലോ അത് ജീവിയായിത്തീരുന്നത്. ജഡം ഭൗതികാംശങ്ങളാൽ സൃഷ്‌ടിക്കപ്പെട്ടതാണ്. ആത്മാവാകട്ടെ, തനി ദൈവികമാണ്. അഥവാ മറ്റാർക്കും യാഥാർഥ്യം കണ്ടുപിടിക്കുവാനും, അപഗ്രഥനം നടത്തുവാനും കഴിയാത്തതും, അല്ലാഹുവിന് മാത്രം അറിയാവുന്നതുമായ ഒരു രഹസ്യമാകുന്നു. എന്റെ ആത്മാവ് (رُّوحِي) എന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്. പരമാണുവിൽപോലും ശാസ്ത്രം കൈകാര്യം ചെയ്യുവാൻ തുടങ്ങിയിട്ടുള്ള ഇക്കാലത്തും ആത്മാവിന്റെ സത്ത ഒരു പരമരഹസ്യമായിത്തന്നെ ഇരിക്കുകയാണ് അതങ്ങിനെത്തന്നെ തുടരുകയും ചെയ്യും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു പറയുന്നത് നോക്കുക:

وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلً – الإسراء: ٨٥

(അവർ നിന്നോടു ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ റബ്ബിന്റെ കാര്യത്തിൽ പെട്ടതാണ്. നിങ്ങൾക്കു  അറിവിൽനിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല. (സൂ: ഇസ്‌റാഉ്) മനുഷ്യന് ഇന്നേവരെ ലഭിച്ചതും, മേലിൽ ലഭിക്കുവാനിരിക്കുന്നതുമായ എല്ലാ അറിവുകളും ഈ അൽപമായ അറിവിന്റെ പരിധിയിൽ ഒതുങ്ങിനിൽക്കുന്നു.

ആദമിന് സൂജൂദ് ചെയ് വാനുള്ള കൽപന മലക്കുകളെ അഭിമുഖീകരിക്കുന്നതായിട്ടാണ് ക്വുർആനിൽ എല്ലാ സ്ഥലത്തും പറയപ്പെട്ടിരിക്കുന്നത്. ഇബ്‌ലീസാണെങ്കിൽ ജിന്നുവർഗത്തിൽ പെട്ടവനാണ് (كَانَ مِنَ الْجِنِّ) എന്ന് സൂ: അൽകഹ്ഫിൽ അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷെ, സൂജൂദിന്റെ കൽപന ധിക്കരിക്കുക മൂലം അല്ലാഹുവിന്റെ ശാപകോപത്തിന് പാത്രമാകുന്നതിനുമുമ്പ് അവൻ മലക്കുകളാകുന്ന ‘മലഉൽ അഅ്ലാ’ (الْمَلَأ الْأَعْلَىٰ) യുടെ കൂട്ടത്തിലായിരുന്നുവെന്നും, പ്രസ്‌തുത സംഭവത്തിനു ശേഷമാണ് അവൻ അവരിൽനിന്ന് ബഹിഷ്‌കരിക്കപ്പെട്ടതെന്നുമാണ് ക്വുർആൻ വ്യാഖ്യാതാക്കൾ പ്രസ്‌താവിച്ചു കാണുന്നത്. 69-ാം വചനവും 71-ാം വചനവും തമ്മിലുള്ള ബന്ധം നോക്കുമ്പോഴും ഈ പ്രസ്‌താവന ശരിയായിരിക്കുവാൻ ന്യായം കാണുന്നു. അല്ലായിരുന്നുവെങ്കിൽ സുജൂദ് ചെയ് വാനുള്ള കൽപന മലക്കുകളോടാണല്ലോ – എനിക്ക് ബാധകമല്ലല്ലോ – എന്ന് ഇബ്‌ലീസ് പറയുമായിരുന്നു. തന്റെ ധിക്കാരത്തെ ന്യായീകരിച്ച കൂട്ടത്തിൽ ഇങ്ങിനെയൊരു സൂചന പോലും അവൻ ഉന്നയിച്ചിട്ടില്ലതാനും. അപ്പോൾ, وَكَانَ مِنَ الْكَافِرِينَ (അവൻ അവിശ്വാസികളിൽ പെട്ടവനാണ്) എന്ന് പറഞ്ഞതിന്റെ താൽപര്യം രണ്ട് പ്രകാരത്തിലായിരിക്കാവുന്നതാണ്. അതായത്, സൂജൂദ് ചെയ് വാൻ കൂട്ടാക്കാതെ ഗർവ് നടിച്ചതുകൊണ്ട് അവൻ അവിശ്വാസികളിൽ പെട്ടവനായിതീർന്നു (اي صار مِنَ الْكَافِرِينَ) എന്നും, അവൻ അവിശ്വാസികളുടെ കൂട്ടത്തിൽപെട്ടവനാണെന്ന് അല്ലാഹുവിന് മുമ്പേ അറിയാമായിരുന്നു (اي كان في علم الله من الكافرين) എന്നും, ഈ രണ്ട് പ്രകാരത്തിലും ഈ വാക്യത്തിന് മഹാന്മാർ അർത്ഥം കൽപിച്ചു കാണാം.

മലക്കുകളോട് ആദം നബി (عليه السلام)ന് സുജൂദ് ചെയ്യുവാൻ കൽപിച്ചതിൽ നമുക്കറിയാത്ത പല യുക്തികളും അടങ്ങിയിരിക്കാം. ഏതായാലും അത് മനുഷ്യവർഗത്തിന്റെ ശ്രേഷ്‌ഠതയും, അല്ലാഹുവിങ്കൽ മനുഷ്യനുള്ള സ്ഥാനവും കാണിക്കുന്നുണ്ടെന്ന് സ്‌പഷ്‌ടമത്രെ. ഈ സുജൂദ് എങ്ങിനെയുള്ളതായിരുന്നുവെന്നതിൽ ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. സുജൂദ് യഥാർത്ഥത്തിൽ അല്ലാഹുവിനായിരുന്നുവെന്നും, ആദം നബി (عليه السلام) കേവലം ഒരു ക്വിബ്‌ല മാത്രമായിരുന്നു- അഥവാ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്- എന്നുമാണ് ചിലർ പറയുന്നത്. അതല്ല, ഒരു ഉപചാരവും ബഹുമാനവുമെന്ന നിലക്കായിരുന്നുവെന്ന് വേറെ ചിലരും പറയുന്നു. സുജൂദുകൊണ്ട് ഇവിടെ വിവക്ഷ സാഷ്ടാംഗ നമസ്‌കാരമല്ല- താഴ്‌മയും വിനയവും കാണിക്കലാണ്- എന്ന് മൂന്നാമതൊരു വിഭാഗം പറയുന്നു. അല്ലാഹുവിനറിയാം. ഏതായാലും- ഇമാം റാസി (رحمه الله) പ്രസ്‌താവിച്ചതു പോലെ – ഈ സുജൂദിന്റെ ഉദ്ദേശ്യം ആദം നബി (عليه السلام)ന് ആരാധന ചെയ്യലല്ല എന്നുള്ളതിൽ സംശയമില്ല. ഈ വിഷയത്തിൽ മുസ്‌ലിംകൾക്കിടയിൽ ഭിന്നാഭിപ്രായവുമില്ല. കാരണം, അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ ശിർക്കാണെന്നും, ശിർക്ക്‌ ചെയ്‍വാൻ അല്ലാഹു ഒരിക്കലും കൽപിക്കുകയില്ലെന്നും സ്‌പഷ്‌ടമാകുന്നു. ഈ സുജൂദിന്റെ താൽപര്യം എന്തുതന്നെ ആയിരുന്നാലും അതു അല്ലാഹുവിന്റെ കൽപന അനുസരിച്ചാണല്ലോ. ഈ സുജൂദിനെ ആധാരമാക്കി മനുഷ്യവർഗം മലക്കുകളടക്കമുള്ള മറ്റെല്ലാ വർഗങ്ങളെക്കാളും ശ്രേഷ്ഠതയുള്ളവരാണെന്ന് തീർത്തു പറയുവാൻ സാധ്യമല്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ മുസ്‌ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതും. ഇബ്‌ലീസ് സുജൂദ് ചെയ്യാതിരിക്കാൻ പറഞ്ഞ ന്യായവും അനന്തരസംഭവങ്ങളും അടുത്ത വചനങ്ങളിൽ ഉദ്ധരിക്കുന്നു:

38:75
  • قَالَ يَـٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ ﴾٧٥﴿
  • അവൻ [റബ്ബ്] പറഞ്ഞു. 'ഹേ,ഇബ്‌ലീസ്! എന്‍റെ കരങ്ങളാൽ ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിന് സുജൂദ് ചെയ്യുവാൻ നിന്നെ മുടക്കിയത് എന്താണ്? നീ ഗർവ്വ് നടിച്ചുവോ, അതല്ല-നീ ഉന്നതന്മാരിൽ പെട്ടവനാണോ?!'
  • قال അവൻ പറഞ്ഞു يا إبْلِيسُ ഹേ, ഇബ്'ലീസ് ما مَنَعَكَ നിന്നെ മുടക്കി( തടസ്സപ്പെടുത്തി)യതെന്തു أن تَسْجُدَ നീ സുജൂദ് ചെയ്യുന്നതിന് لِما خَلَقْتُ ഞാൻ സൃഷ്ടിച്ചതിന് بِيَدَيّ എന്റെ ഇരു കരങ്ങളാൽ, കൈകൾ കൊണ്ട് أسْتَكْبَرْتَ നീ ഗർവ്വ് നടിച്ചുവോ أمْ كُنتَ അതല്ല(അല്ലെങ്കിൽ) നീ ആയോ, ആണോ مِنَ الْعاَلين ഉന്നതന്മാരിൽ, ഉയർന്നവരിൽ (പെട്ടവൻ)
38:76
  • قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ ﴾٧٦﴿
  • അവൻ പറഞ്ഞു: 'ഞാൻ അവനെക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയാൽ സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണിനാലും സൃഷ്ടിച്ചിരിക്കുന്നു.'
  • قال അവൻ പറഞ്ഞു أنا خَيرٌ ഞാൻ ഉത്തമനാണ് مِنهُ അവനെക്കാൾ خَلَقْتَنِي നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു من نار തീയിനാൽ ,അഗ്നിയിൽ നിന്ന് وخَلَقْتَهُ അവനെ നീ സൃഷ്ടിച്ചു مِن طِين കളിമണ്ണിനാൽ
38:77
  • قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴾٧٧﴿
  • അവൻ [റബ്ബ്] പറഞ്ഞു: 'എന്നാൽ നീ ഇവിടത്തിൽ നിന്ന് പുറത്തുപോകണം. നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു.'
  • قال അവൻ പറഞ്ഞു فاخرُج എന്നാൽ നീ പുറത്ത് പോകണം مِنها ഇതിൽ (ഇവിടത്തിൽ) നിന്ന് فإِنَّكَ കാരണം,നിശ്ചയമായും നീ رَجِيم ആട്ടപ്പെട്ടവനാണ്
38:78
  • وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ ﴾٧٨﴿
  • 'നിശ്ചയമായും, (പ്രതിഫല) നടപടിയെടുക്കുന്ന ദിവസംവരേക്കും നിന്‍റെമേൽ എന്‍റെ ശാപമുണ്ടായിരിക്കുന്നതുമാണ്.
  • وإنَّ عَليكَ നിശ്ചയമായും നിന്റെ മേൽ ഉണ്ടുതാനും لَعْنَتِي എന്റെ ശാപം إلىَ يَوْمِ الدِّين നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം വരെ
38:79
  • قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ﴾٧٩﴿
  • അവൻ പറഞ്ഞു: 'രക്ഷിതാവേ! എന്നാൽ, അവർ [മനുഷ്യർ] ഉയർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസംവരേക്കും നീ എനിക്കു കാലതാമസം നൽകേണമേ!'.
  • قَالَ അവൻ പറഞ്ഞു رَبِّ എൻെറ രക്ഷിതാവേ فَأَنظِرْنِي എനിക്ക് ഒഴിവ് (കാലതാമസം) നൽകണേ إِلَىٰ يَوْمِ ദിവസം വരെ يُبْعَثُونَ അവർ (ഉയിർത്തു) എഴുന്നേൽപിക്കപ്പെടുന്ന
38:80
  • قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ ﴾٨٠﴿
  • അവൻ [അല്ലാഹു] പറഞ്ഞു: 'എന്നാൽ, നീ കാലതാമസം നൽകപ്പെട്ടവരുടെ കൂട്ടത്തിൽതന്നെ;-
  • قَالَ അവൻ പറഞ്ഞു فَإِنَّكَ എന്നാൽ നിശ്ചയമായും നീ مِنَ الْمُنظَرِينَ കാലതാമസം നൽകപ്പെട്ടവരിൽ തന്നെ
38:81
  • إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ ﴾٨١﴿
  • (പക്ഷേ, നിശ്ചിതമായി) അറിയപ്പെട്ട (ആ) സമയത്തിന്‍റെ ദിവസംവരേക്കും (മാത്രം)'.
  • إِلَىٰ يَوْمِ الْوَقْتِ (ആ) സമയത്തിൻെറ ദിവസം വരെ الْمَعْلُومِ അറിയപ്പെട്ട (നിശ്ചിതമായ)

ഗർവ്വ്, അസൂയ, വർഗ്ഗീയ അഹന്ത ആദിയായവ മൂലം പിശാച് അല്ലാഹുവിന്റെ കൽപന ധിക്കരിച്ചു. ചോദ്യം ചെയ്യപ്പെട്ടപ്പോൾ, പശ്ചാത്താപത്തിനും, വിനയത്തിനും പകരം ധൃഷ്ടതയും അഹങ്കാരവും പ്രകടിപ്പിക്കുകയും ചെയ്തു. എന്നെന്നേക്കും അല്ലാഹുവിന്റെ ശാപകോപത്തിന് അവൻ വിധേയനായിത്തീർന്നു. അങ്ങിനെയാണെങ്കിൽ, പുനരുത്ഥാനദിവസംവരെ തനിക്ക് മരണം ബാധിക്കാതെ സ്വതന്ത്രമായി വിഹരിക്കുവാൻ അനുവദിക്കണമെന്നാണ് അനന്തരം അവൻ അപേക്ഷിച്ചത്. ഇതുമൂലം, അവനു ലോകാവസാനം വരെയുളള മനുഷ്യരെ വഞ്ചിക്കുവാനും, മരണത്തിൽ നിന്നു രക്ഷ നേടുവാനും കഴിയുമല്ലോ, പക്ഷേ, ലോകവസാന സമയം വരെ മാത്രം ഒഴിവ് നൽകാമെന്നായിരുന്നു അല്ലാഹുവിന്റെ മറുപടി. ഈ അനുവദിച്ചു കിട്ടിയ അവസരം, എങ്ങിനെ ഉപയോഗപ്പെടുത്തുവാനാണ് അവൻ ഉദ്ദേശിച്ചതെന്ന് നോക്കുക!

38:82
  • قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴾٨٢﴿
  • അവൻ [ഇബ്‌ലീസ്] പറഞ്ഞു: 'എന്നാൽ, നിന്‍റെ പ്രതാപം കൊണ്ടു (സത്യം!) ഞാൻ അവരെ [മനുഷ്യരെ] മുഴുവനും നിശ്ചയമായും വഴിതെറ്റിക്കുക തന്നെ ചെയ്യും;
  • قَالَ അവൻ പറഞ്ഞു فَبِعِزَّتِكَ എന്നാൽ നിൻെറ പ്രതാപംകൊണ്ട് (സത്യം) لَأُغْوِيَنَّهُمْ നിശ്ചയമായും ഞാനവരെ വഴിതെറ്റിക്കും أَجْمَعِينَ എല്ലാവരെയും
38:83
  • إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴾٨٣﴿
  • അവരിൽനിന്നും കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) നിന്‍റെ അടിയാന്മാരെ ഒഴികെ.
  • إِلَّا عِبَادَكَ നിൻെറ അടിയാന്മാരെ ഒഴികെ مِنْهُمُ അവരിൽനിന്നു الْمُخْلَصِينَ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരാക്കപെട്ട)

ഗർവ്വും, അഹന്തയും ഒരാളെ എത്രമാത്രം അധഃപ്പതിപ്പിക്കുമെന്നുള്ളതിന് ഇബ്‌ലീസിന്‍റെ ഉദാഹരണം നമുക്കു വമ്പിച്ച പാഠമായിരിക്കേണ്ടതാണ്. ഒരു തെറ്റ് ചെയ്താൽ അത് ന്യായീകരിക്കുവാൻ വേണ്ടി മനഃപ്പൂർവ്വം അതിനേക്കാൾ ഉപരിയായ എന്തു അക്രമവും അനീതിയും കൈകൊള്ളുവാനും, ഒടുക്കം യാതൊരു രക്ഷക്കും പഴുതില്ലാത്തവിധം അങ്ങേഅറ്റം ദുരന്തം അനുഭവിക്കുവാനും അതു കാരണമായിത്തീരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഗർവ്വിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് നോക്കുക: (لا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ- مسلم) (ഏതൊരുവന്റെ ഹൃദയത്തിൽ ഗർവ്വിൽ നിന്നും ഒരു അണുത്തൂക്കം ഉണ്ടായോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല. (മുസ്‌ലിം). ഗർവ്വിന്റെ ഭവിഷ്യത്തു എത്ര ആപൽക്കരം!

المخلصين എന്ന വാക്ക് ‘ലാമി’നു അകാരം (فتح) കൊടുത്തും, ഇകാരം (كسر) കൊടുത്തും വായനയുണ്ട്. അകാരമാകുമ്പോൾ ‘കളങ്കരഹിതരാക്കപ്പെട്ടവർ’ എന്നും, ഇകാരമാകുമ്പോൾ ‘കളങ്കരഹിതർ’ എന്നും അർത്ഥം പറയാം: രണ്ടായിരുന്നാലും നിഷ്കളങ്കരായ ശുദ്ധഹൃദയൻമാരാണ് അതുകൊണ്ട് വിവക്ഷ. കളങ്കം, സ്വാർത്ഥം, ദേഹേച്ഛ, ഭൗതികലക്ഷ്യം, കാപട്യം ആദിയായവ നിമിത്തം ഹൃദയത്തിനു മാലിന്യം ബാധിച്ചവർ മാത്രമേ പിശാചിന്റെ വലയിൽ അകപ്പെടുകയുള്ളൂ. അഥവാ അവരെ മാത്രമേ അവനു വഴിപിഴപ്പിക്കുവാൻ കഴിയുകയുള്ളൂ. ഈ യാഥാർത്ഥ്യം ഇബ്‌ലീസ് ഇവിടെ തുറന്നു സമ്മതിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ഈ വാസ്തവം സദാ ഓർമ്മിക്കുവാനായി ഇവിടെയും, മറ്റു പലേടത്തും ഖുർആൻ ഇതു ആവർത്തിച്ചുണർത്തിയിരിക്കുന്നു. അല്ലാഹുവിന്റെ നിഷ്കളങ്കരായ അടിയാന്മാരിൽ അവൻ നാമെല്ലാവരെയും ഉൾപ്പെടുത്തട്ടെ, ആമീൻ.

38:84
  • قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ ﴾٨٤﴿
  • അവൻ (റബ്ബ്) പറഞ്ഞു: 'അപ്പോൾ പരമാർത്ഥം ഇതത്രെ; പരമാർത്ഥം തന്നെയാണ് ഞാൻ പറയുന്നതു,-
  • قَالَ അവൻ പറഞ്ഞു فَالْحَقُّ എന്നാൽ (അപ്പോൾ) പരമാർത്ഥം, യഥാർത്ഥം وَالْحَقَّ പരമാർത്ഥം (സത്യം); തന്നെ أَقُولُ ഞാൻ പറയുന്നു
38:85
  • لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ﴾٨٥﴿
  • നിശ്ചയമായും, നിന്നെക്കൊണ്ടും, അവരിൽനിന്നു നിന്നെ പിൻപറ്റിയ എല്ലാവരെക്കൊണ്ടുമായി ഞാൻ 'ജഹന്നം' [നരകം] നിറക്കുന്നതാണ്!'
  • لَأَمْلَأَنَّ തീർച്ചയായും ഞാൻ നിറയ്ക്കും جَهَنَّمَ ജഹന്നം, നരകം مِنكَ നിന്നെക്കൊണ്ട്, നിന്നാലും وَمِمَّن تَبِعَكَ നിന്നെ പിൻപറ്റിയവരെക്കൊണ്ടും, പിൻപറ്റിയവരാലും مِنْهُمْ അവരിൽ നിന്ന് أَجْمَعِينَ എല്ലാം, മുഴുക്കെ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു.

38:86
  • قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ ﴾٨٦﴿
  • (നബിയേ,) പറയുക: 'ഞാൻ നിങ്ങളോട് ഇതിന്‍റെ [ഖുര്‍ആന്‍റെ] പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ (കൃത്രിമമായി) സാഹസം പ്രവർത്തിക്കുന്നവരിൽ പെട്ടവനല്ലതാനും.
  • قُلْ പറയുക مَا أَسْأَلُكُمْ ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ ഇതിൻറെ (അതിൻറെ) പേരിൽ مِنْ أَجْرٍ ഒരു പ്രതിഫലവും وَمَا أَنَا ഞാനല്ലതാനും مِنَ الْمُتَكَلِّفِينَ സാഹസം പ്രവർത്തിക്കുന്ന, (കൃത്രിമം പ്രവർത്തിക്കുന്ന, വിഷമം ഏൽക്കുന്ന) വരിൽ പെട്ട(വൻ)
38:87
  • إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ ﴾٨٧﴿
  • ഇതു ലോകർക്കു (മുഴുവനും) വേണ്ടിയുള്ള ഒരു ഉൽബോധനം (അഥവാ സന്ദേശം) അല്ലാതെ (മറ്റൊന്നും) അല്ല.
  • إِنْ هُوَ ഇതല്ല, അതല്ല إِلَّا ذِكْرٌ ഒരു ഉൽബോധനം (സന്ദേശം, സ്‌മരണ, ഉപദേശം) അല്ലാതെ لِّلْعَالَمِينَ ലോകർക്കു
38:88
  • وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ ﴾٨٨﴿
  • 'തീർച്ചയായും, ഇതിന്‍റെ വൃത്താന്തം ഒരു (കുറഞ്ഞ) കാലത്തിനുശേഷം നിങ്ങൾക്കു നിശ്ചയമായും അറിയാറാകുന്നതുമാണ്.'
  • وَلَتَعْلَمُنَّ നിശ്ചയമായും നിങ്ങൾ അറിയുന്നതുമാണ് نَبَأَهُ ഇതിൻറെ വൃത്താന്തം, വാർത്ത بَعْدَ حِينٍ ഒരു (കുറഞ്ഞ) കാലത്തിനു ശേഷം

ഇല്ലാത്ത യോഗ്യത നടിക്കുന്നവൻ, കൃത്രിമവേഷം അഭിനയിക്കുന്നവൻ, വിഷമകരമായ കാര്യം ഏറ്റെടുക്കുന്നവൻ എന്നിങ്ങിനെയുള്ള അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടുന്നതാണ് متكلّف എന്ന വാക്ക്. ക്വുർആന്‍റെ പ്രബോധനം മുഖേന യാതൊരു വിധത്തിലുള്ള സ്വാർത്ഥമോ, കാര്യലാഭമോ നിങ്ങളിൽ നിന്നു ഞാൻ ഉദ്ദേശിക്കുന്നില്ല; എനിക്കു യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു സ്ഥാനം കൃത്രിമമായി അഭിനയിച്ച് ഇങ്ങിനെ ഒരു സാഹസത്തിന് ഞാൻ മുതിരുന്നതുമല്ല. ഞാൻ അത്തരത്തിൽപ്പെട്ട ഒരു സ്വഭാവക്കാരനല്ലെന്നു നിങ്ങൾക്കറിയാമല്ലോ. ലോകർക്കാകമാനം പ്രബോധനം ചെയ്യുവാനായി അല്ലാഹു എന്നെ നിയോഗിച്ചതു കൊണ്ട് മാത്രം ഞാൻ ഇതുമായി മുമ്പോട്ടു വന്നിരിക്കുകയാണ്. ഇപ്പോൾ, നിങ്ങളിത് സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെങ്കിലും, താമസംവിനാ നിങ്ങൾക്കിതിന്‍റെ സത്യയാഥാർത്ഥ്യം തീർച്ചയായും ബോധ്യപ്പെടാതിരിക്കയില്ല എന്നു സാരം.

الْعٙالٙمُونٙ (ലോകർ) എന്ന വാക്കിൽ മനുഷ്യർ, മലക്കുകൾ, ജിന്നുകൾ എന്നീ ബുദ്ധിവർഗ്ഗങ്ങളെല്ലാം ഉൾപ്പെടുന്നു. പക്ഷേ, ക്വുർആന്‍റെ പ്രബോധനം മനുഷ്യർക്കും ജിന്നുകൾക്കും ആകകൊണ്ട് ഇവിടെ ആ രണ്ട് വർഗ്ഗങ്ങളാണുദ്ദേശ്യം. ലോകരുടെ രക്ഷിതാവ് (ربّ الْعٙالٙمِين) എന്ന് പറയുമ്പോൾ അതിൽ ബുദ്ധിവർഗ്ഗം മുഴുവനും ഉൾപ്പെടുന്നു. ചില സന്ദർഭങ്ങളിൽ ബുദ്ധിവർഗ്ഗങ്ങളും അല്ലാത്തവയുമായ അഖില വസ്തുക്കളെയും ഉദ്ദേശിച്ചുകൊണ്ടും, ചിലപ്പോൾ മനുഷ്യരെ മാത്രം ഉദ്ദേശിച്ചുകൊണ്ടും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്.

ഇബ്നു മസ്ഊദ് (رضي الله عنها) ൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഹേ മനുഷ്യരേ, നിങ്ങളിൽ ആർക്കെങ്കിലും വല്ലതും അറിവുള്ള പക്ഷം, അവൻ അതനുസരിച്ച് പറഞ്ഞുകൊള്ളട്ടെ. വല്ലവർക്കും (ഏതെങ്കിലും കാര്യം) അറിയാത്ത പക്ഷം ‘അല്ലാഹുവിനറിയാം’ (الله اعلم) എന്നും പറഞ്ഞുകൊള്ളട്ടെ. ഒരു മനുഷ്യൻ തനിക്കറിയാത്തത്തിനെക്കുറിച്ചു ‘അല്ലാഹുവിനറിയാം’ എന്ന് പറയുന്നതും അറിവിൽപെട്ടതുതന്നെ. (അറിവിന്‍റെ ലക്ഷണമാണത്). എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ പ്രവാചകനോട് അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നുവല്ലോ: ‘പറയുക: ഇതിന്‍റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ (കൃത്രിമമായി) സാഹസം പ്രവർത്തിക്കുന്നവരിൽ പെട്ടവനുമല്ല’.
قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ (ബു; മു.) അറിയാത്ത കാര്യത്തിൽ അറിയുമെന്ന് നടിക്കുന്നത് കൃത്രിമവും സാഹസവുമാണല്ലോ.

ഒരു കുറഞ്ഞ കാലത്തിനുശേഷം ഇതിന്‍റെ വൃത്താന്തം നിങ്ങൾക്ക് അറിയാറാകുമെന്നുള്ള അവസാനത്തെ വചനത്തിൽ അവിശ്വാസികൾക്ക് വളരെ ശക്തിയായ ഒരു താക്കീതാണ് അടങ്ങിയിരിക്കുന്നത്. കുറച്ചുകാലത്തിനുശേഷം (َبَعْد حِينٍ) എന്ന് പറഞ്ഞതിന്‍റെ താൽപര്യം, മരണവേളയിൽ എന്നും, ഖിയാമത്തുനാളിൽ എന്നും, ഇസ്‌ലാമിനു പ്രചാരം സിദ്ധിക്കുന്നതോടുകൂടി എന്നും – ഇങ്ങിനെ രണ്ടുമൂന്നു പ്രകാരത്തിൽ – വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ഇവ ഒന്നും പരസ്പരവിരുദ്ധമല്ല. ഓരോ അഭിപ്രായവും ഓരോ നിലക്ക് ശരിയാണെന്ന് അൽപം ആലോചിച്ചാൽ ആർക്കും മനസ്സിലാകുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുർആൻ പ്രബോധനം ചെയ്തു കൊണ്ടിരുന്നപ്പോൾ അതിനെ നിഷേധിച്ച അതേ ജനത തന്നെ അധികം താമസിയാതെ അതിന്‍റെ അനുയായികളും പ്രചാരകന്മാരുമായി മാറിയതും, അൽപ വർഷങ്ങൾക്കകം അതിന്‍റെ സന്ദേശങ്ങൾക്ക് ലോകത്തിന്‍റെ നാനാഭാഗത്തും സ്വീകരണം ലഭിച്ചതും പ്രസിദ്ധമാണല്ലോ. കൂടാതെ, ഓരോ വ്യക്തിയും ഈ ഭൗതികജീവിതവുമായി വേർപെടുന്നതോടുകൂടി അവന് യഥാർത്ഥം ബോദ്ധ്യമാകുന്നതാണെന്നും തീർച്ചതന്നെ.

{والله أعلم وإليه المرجع والمآب ,وله الفضل والمنة}