ജുമുഅഃ നമസ്കാരവും ഖുത്ത്ബഃയും

صلاة الجمعة والخطبة

ഇസ്‌ലാമികാനുഷ്ടാനകര്‍മങ്ങളില്‍ പല നിലക്കും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിര്‍ബന്ധകര്‍മമത്രെ ജുമുഅഃ നമസ്കാരവും ഖുത്ത്ബയും. ജുമുഅഃയുടെ അന്തസാരങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കി അതര്‍ഹിക്കുന്ന രൂപത്തില്‍ നടത്തിപോരുന്നപക്ഷം, നാട്ടില്‍ ഇസ്‌ലാമികബോധവും, സാമൂഹ്യമര്യാദയും, മതഭക്തിയും നിലനിറുത്തുവാന്‍ അത് തികച്ചും പര്യാപ്തമാണെന്നു തീര്‍ത്തു പറയാം. പക്ഷേ, വ്യസനകരം! ഇന്നത്തെ ജുമുഅഃ സമ്പ്രദായങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ മിക്കവാറും ഒരു ചടങ്ങ്, അല്ലെങ്കില്‍ ഒരു പൊതുസമ്മേളനം മാത്രമായി അതു അവശേഷിച്ചിരിക്കുകയാണ്! മുസ്‌ലിം സമുദായത്തില്‍ നമസ്കാരകര്‍മ്മം പാടെ ഉപേക്ഷിക്കുന്ന നാമമാത്രമുസ്‌ലിംകള്‍ ഇന്ന് ധാരാളമാണ്. നമസ്കരിക്കാറുള്ളവരില്‍ പോലും ജുമുഅഃയില്‍ സംബന്ധിക്കണമെന്ന നിര്‍ബന്ധം ഇല്ലാത്ത പലരെയും കാണാം. അതുകൊണ്ട് ഈ അദ്ധ്യായത്തില്‍ ജുമുഅഃയെ പരാമര്‍ശിച്ചുകൊണ്ടുള്ള 9ഉം 10ഉം വചനങ്ങളുടെ അര്‍ത്ഥോദ്ദേശ്യ വ്യാപ്തിക്കുള്ളില്‍ അടങ്ങുന്ന ഒരു ലഘുവിവരണം നല്‍കുന്നത് ഇവിടെ ഉചിതമായിരിക്കും.

يَا أَيُّهَا الَّذِينَ آمَنُوا (ഹേ വിശ്വസിച്ചവരേ,) എന്നു വിളിച്ചുകൊണ്ടാണ്‌ അല്ലാഹു ജുമുഅഃയെക്കുറിച്ചു പ്രസ്താവിക്കുന്നത്. അപ്പോള്‍, പ്രത്യേക പ്രതിബന്ധമില്ലാത്ത ഓരോ സത്യവിശ്വാസിക്കും താഴെ പറയുന്ന കല്പന ബാധകമാണെന്നു വന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പെടുമോ ഇല്ലേ? ഇതു ഇന്നു നമ്മുടെ നാടുകളില്‍ ഒരു തര്‍ക്കവിഷയമായിട്ടാണിരിക്കുന്നത്. ഇതുപോലെ സത്യവിശ്വാസികളെ സംബോധനചെയ്തുകൊണ്ടുള്ള കല്‍പനകളില്‍ ചിലതു പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നതും, പ്രധാനമായും പുരുഷന്മാരെ ബാധിക്കുന്നതും, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെ മാത്രം ബാധിക്കുന്നതും (ഉദാഹരണം : നിസ്സാഅ്:19) ഉണ്ടായിരിക്കും. നബി വചനങ്ങളിലും തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ ജുമുഅഃ നിര്‍ബന്ധമാണെന്നു വ്യക്തമാക്കുന്ന ഒന്നും അറിയപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് നിയമപരമായി പറയുമ്പോള്‍ സ്ത്രീകള്‍ക്കും ജുമുഅഃ നിര്‍ബന്ധമാണെന്നു പറയുവാന്‍ – ക്വുര്‍ആന്‍റെയും നബിവചനങ്ങളുടെയും- അടിസ്ഥാനത്തില്‍ – നിവൃത്തിയില്ല. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും സ്വഹാബത്തിന്‍റെയും കാലത്തെ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ജുമുഅഃയിലും, അഞ്ചുനേരത്തെ ജമാഅത്തു നമസ്കാരങ്ങളിലും, പെരുന്നാള്‍ നമസ്കാരങ്ങളിലും അവര്‍ പങ്കെടുക്കുകയുണ്ടായിരുന്നുവെന്നും, അതിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും, ധാരാളം തെളിവുകളുണ്ട്. അതെല്ലാം ഇവിടെ എടുത്തുദ്ധരിക്കുവാന്‍ സാധ്യമല്ല. കുറെയെല്ലാം പൊതുവില്‍ അറിയപ്പെട്ടതുമാകുന്നു.ഉദാഹരണത്തിനു മാത്രം ചിലത് ചൂണ്ടിക്കാട്ടാം.

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വെള്ളിയാഴ്ച ഖുത്തുബ നടത്തുമ്പോള്‍ പന്ത്രണ്ടു പുരുഷന്മാരല്ലാത്തവരെല്ലാം എഴുന്നേറ്റുപോയി എന്ന ഹദീഥിന്‍റെ ചില രിവായത്തുകളില്‍ ഒരു സ്ത്രീയും ബാക്കിയിരുന്നതായി പ്രസ്താവിച്ചതു 11ാം വചനത്തിന്‍റെ വിവരണത്തില്‍ നാം ഉദ്ധരിച്ചുവല്ലോ. ഇതു പല പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചു കാണാം.

(2) ഉമ്മുഹിശാം (റ) എന്ന വനിതാ സ്വഹാബി സൂറത്ത് ഖ്വാഫ് പാഠമാക്കിയതു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു ഓതിക്കേട്ടിരുന്നതില്‍ നിന്നാണ് എന്നു അവര്‍ പറഞ്ഞതായി ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിക്കുന്നു.

(3) ‘ഫര്‍ദു’ (നിര്‍ബന്ധ) നമസ്കാരങ്ങള്‍ കഴിഞ്ഞാല്‍ സ്ത്രീകള്‍ എഴുന്നേറ്റു പോകുന്നതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പുരുഷന്മാരും കാത്തിരിക്കുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നി ഉമ്മുസലമഃ (റ) യില്‍ നിന്നു ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു.

(4) ഞാന്‍ നമസ്കാരം ദീര്‍ഘിപ്പിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ ശിശുക്കളുടെ ശബ്ദം കേള്‍ക്കുകയും അപ്പോള്‍ അവരുടെ മാതാക്കള്‍ക്ക്‌ വിഷമമുണ്ടാകരുതെന്നു കരുതി ചുരുക്കുകയും ചെയ്യും’മെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. ജുമുഅഃയിലും ജമാഅത്ത് നമസ്കാരങ്ങളിലും സ്ത്രീകള്‍ അക്കാലത്തു സാധാരണ പങ്കെടുക്കാറുണ്ടായിരുന്നുവെന്നു മനസ്സിലാക്കുവാന്‍ ഈ ഹദീസുകള്‍ തന്നെ മതിയാകും. എന്നാല്‍, പുരുഷന്മാരെപ്പോലെ എല്ലാ സ്ത്രീകളും നിര്‍ബന്ധമായി പങ്കെടുത്തിരുന്നുവെന്നു കാണിക്കുന്ന തെളിവുകളൊന്നും അറിയപ്പെടുന്നില്ല.

സ്ത്രീകള്‍ പുരുഷന്മാരുമായി സമ്പര്‍ക്കമുണ്ടാകുവാന്‍ കാരണമാണെന്നതാണ് സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരില്‍ പറയുവാനുള്ള പ്രധാന തടസ്സം. ഈ തടസ്സം ജുമുഅഃക്കോ ജമാഅത്തിനോ സ്ത്രീകള്‍ സംബന്ധിക്കുന്നതിനെ മാത്രം ബാധിക്കുന്നതല്ല. എവിടെവെച്ചും, എപ്പോഴും ഗൗനിക്കേണ്ടുന്ന ഒരു നിര്‍ബന്ധ വിഷയമാണിത്. ഇക്കാര്യത്തില്‍ ഇന്നു മുസ്‌ലിം സമുദായം പൊതുവിലും ‘പരിഷ്കൃതര്‍’ എന്ന് കരുതപ്പെടുന്നവര്‍ വിശേഷിച്ചും അല്ലാഹുവിന്‍റെയും റസൂലിന്‍റെ صلى الله عليه وسلم യുടെയും ശാസനകളെ അവഗണിച്ചിരിക്കുകയാണ്. സ്ത്രീകള്‍ പള്ളിയിലേക്ക് പോകുമ്പോഴും വരുമ്പോഴും, പള്ളിയില്‍വെച്ചും ഇസ്‌ലാമിലെ പര്‍ദാനിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും, പള്ളികളില്‍ അതിനു വിഘ്നം വരുന്ന പരിതസ്ഥിതികള്‍ ഉണ്ടാകരുതെന്നും മാത്രമേ ചുരുക്കത്തില്‍ ഇതുസംബന്ധിച്ചു ഇവിടെ പറയുവാനുള്ളു. അതേ സമയത്ത് സ്ത്രീകള്‍ ജുമുഅഃയില്‍ പങ്കെടുക്കാറുള്ള ചില ഇടങ്ങളിലെ സ്ഥിതിഗതികള്‍ നോക്കുമ്പോള്‍, വല്ല കല്യാണാഘോഷങ്ങള്‍ക്കും വേണ്ടി അണിഞ്ഞൊരുങ്ങാറുള്ള ഒരു പ്രതീതിയാണ് കാണപ്പെടുന്നത്. അഥവാ അല്ലാഹുവിന്‍റെ പള്ളിയില്‍ ഒരു ആരാധനാകര്‍മ്മത്തില്‍, സംബന്ധിക്കുന്നതിനു അനുയോജ്യമായ വേഷഭൂഷണങ്ങളും അച്ചടക്കങ്ങളും കുറവായിരിക്കുമെന്നര്‍ത്ഥം. ഈ നിലപാടു ഒട്ടും ക്ഷന്തവ്യമല്ല.

إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ (ജുമുഅഃ ദിവസത്തിലെ നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍) എന്നാണല്ലോ പിന്നീടുള്ള വാക്യത്തിന്‍റെ തുടക്കം. ‘ജുമുഅഃ ദിവസം’ (يوم الجمعة ) എന്നാണു അറബിയില്‍ വെള്ളിയാഴ്ചയ്ക്കു പേര്‍. ‘ജുമുഅഃ’ എന്നാല്‍ ‘കൂട്ടം, സമ്മേളനം’ എന്നിങ്ങനെയാണര്‍ത്ഥം. അന്നു ജുമുഅഃ കര്‍മ്മം നടക്കുന്നതുകൊണ്ടു അതിനു ഈ പേര്‍ വന്നു. മുന്‍കാലത്ത് മറ്റു ദിവസങ്ങള്‍ക്കുള്ളത് പോലെ ഏതോ ഒരുപേര്‍ വെള്ളിയാഴ്ചയ്ക്കും അറബിയില്‍ ഉണ്ടായിരുന്നിരിക്കും. الله اعلم. ജുമുഅഃ ദിവസത്തിലെ നമസ്കാരം (الصَّلَاةِ مِن يَوْمِ الْجُمُعَةِ)എന്നു പറഞ്ഞിരിക്കകൊണ്ടു ഈ കല്‍പന വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്കാരമായ ജുമുഅഃ നമസ്കാരത്തെ ഉദ്ദേശിച്ചാണെന്നു വ്യക്തം. അപ്പോള്‍ മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച് ഈ നമസ്കാരത്തിന്‍റെ വിളിക്ക് പ്രത്യേകം പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കാമല്ലോ. ‘വിളി’ കൊണ്ടുദ്ദേശ്യം ബാങ്കുവിളിയാണെന്നും പറയേണ്ടതില്ല. ഇമാം മിമ്പറില്‍ കേറിയ ഉടനെ നടത്തപ്പെടുന്ന ബാങ്കാണ് ഇത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തു അതു മാത്രമായിരുന്നു ഉണ്ടായിരുന്നതും.

ഈ ബാങ്കിന് മുമ്പായി മറ്റൊരു ബാങ്ക് വിളിക്കുന്ന ഇന്നത്തെ സമ്പ്രദായം ഉസ്മാന്‍ (رضي الله عنه)ന്‍റെ ഖിലാഫത്ത് കാലത്താണ് ആദ്യമായി ഉണ്ടായതെന്നും, ജനങ്ങള്‍ വളരെ അധികരിച്ചപ്പോള്‍ അങ്ങിനെ ഒരാവശ്യം നേരിട്ടതുകൊണ്ടാണ് അതു ചെയ്തതെന്നും ബുഖാരീ (رحمه الله)യില്‍ കാണാം. അതല്ല, മുആവിയ (رضي الله عنه)യുടെ കാലത്തുണ്ടാക്കിയതാണെന്നും ഒരഭിപ്രായമുണ്ട്. ഏതായാലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലശേഷം ഒരു പുതിയ മതാചാരം ആര്‍ക്കും ഏര്‍പ്പെടുത്തുവാന്‍ പാടില്ലെന്നും, സ്വഹാബികള്‍ വിശേഷിച്ചും അങ്ങിനെ ചെയ്യുകയില്ലെന്നുമുള്ളതില്‍ തര്‍ക്കത്തിനവകാശമില്ല. അപ്പോള്‍, അതൊരു അനുകരണീയമായ മതകര്‍മ്മമെന്ന നിലക്കല്ല, ഒരു താല്‍ക്കാലിക ആവശ്യമെന്ന നിലക്കു ചെയ്തതാണ് എന്നേ അതിനെപ്പറ്റി പറയുവാനുള്ളു. കവിഞ്ഞപക്ഷം, അത്യാവശ്യം നേരിടുമ്പോള്‍ – വേണ്ടിവന്നാല്‍ – അങ്ങിനെ ഒരേര്‍പ്പാടുചെയ്യാം, അതില്ലാത്തപ്പോള്‍ അതു കരണീയവുമല്ല. എന്നല്ലാതെ, അതിനപ്പുറം ഒരു സ്ഥാനം അതിനു കല്പിക്കുവാന്‍ യാതൊരു ന്യായവുമില്ല. അതുകൊണ്ടാണ്, ഉസ്മാന്‍ (رحمه الله), മുആവിയ (رضي الله عنه) എന്നിവരില്‍ ആരാണത് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ കുറിച്ചു സംസാരിക്കവെ ഇമാം ശാഫിഈ (رحمه الله) അദ്ദേഹത്തിന്‍റെ പ്രസിദ്ധഗ്രന്ഥമായ ‘ഉമ്മി’ല്‍ ഇങ്ങിനെ പറഞ്ഞത്. وايهما كان فالامر الذي في عهد رسول الله صل الله عليه وسلم احب الى -كتاب الام (ആ രണ്ടുപേരില്‍ ആരായിരിക്കട്ടെ, റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ള കാര്യമത്രെ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത്.) വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. ശാഫിഈ മദ്ഹബുകാരെന്നു അവകാശപ്പെടുന്നവര്‍ ഈ വാക്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നേരത്തെക്കൂട്ടി ഒരു ബാങ്കോ അറിയിപ്പോ ഇല്ലാതെ, ഇമാം മിമ്പറില്‍ കേറുമ്പോഴത്തെ ബാങ്കുകൊണ്ട് മതിയാക്കുന്നപക്ഷം ജനങ്ങള്‍ സമയത്തേക്കു എത്തിച്ചേരുകയില്ല എന്നു പറയുന്നതു നിരര്‍ത്ഥമാണെന്നുള്ളതിനു അനുഭവം തന്നെ തെളിവാകുന്നു. രണ്ടു ബാങ്കു പതിവാക്കിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ അതു പ്രതീക്ഷിക്കുക സ്വാഭാവികം തന്നെ. പക്ഷേ, ഒരു ബാങ്കുകൊണ്ടു മതിയാക്കുന്ന സമ്പ്രദായം നടപ്പിലുള്ള എവിടെയും അക്കാരണത്താല്‍ ആളുകള്‍ എത്തിച്ചേരാത്ത ദോഷം കാണുന്നില്ല. ബാങ്കു ഒന്നോ അധിലധികമോ ആയാലും ചുരുക്കം ചിലര്‍ വൈകിപ്പോയേക്കുന്നത് സാധാരണമാണ്. മറ്റൊരു വസ്തുതകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. രണ്ടു ബാങ്കു നടപ്പുള്ള സ്ഥലങ്ങളില്‍ ആദ്യത്തെ (പുതിയ) ബാങ്കു ഉച്ചത്തില്‍ വിളിക്കപ്പെടുന്നു. അതേ സമയത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തുള്ളതും, കേട്ട ഉടനെ വ്യാപാരങ്ങളെല്ലാം നിറുത്തിവെച്ചു ജുമുഅഃക്കു വന്നുകൊള്ളണമെന്നു അല്ലാഹു കല്പിച്ചതുമായ സാക്ഷാല്‍ ബാങ്കാകട്ടെ, സദസ്സില്‍ ഹാജറുള്ളവര്‍ പോലും മുഴുവനും കേള്‍ക്കരുതാത്ത വിധം പതുക്കെയും! ഇതെന്തൊരു വിരോധാഭാസമാണ്? അല്ലാഹുവും റസൂലും നിയമിച്ചതിനെ ഒരു ചടങ്ങു മാത്രമായും, നാം നിയമിക്കുന്നതിനെ ഒഴിച്ചുകൂടാത്ത കൃത്യമായും കരുതുക. അല്ലാഹു നമുക്ക് സത്യം സ്വീകരിക്കുവാനുള്ള ബോധം നല്‍കട്ടെ. ആമീന്‍. എനി, ഉസ്മാന്‍ (رضي الله عنه) വര്‍ദ്ധിപ്പിച്ച ബാങ്കാകട്ടെ, പള്ളിയുടെ ഉള്ളില്‍ വെച്ചല്ല, ഒരു ഉയര്‍ന്ന സ്ഥലത്ത് (زورام ഇല്‍) വെച്ചായിരുന്നു. ആദ്യത്തെ ബാങ്കിനു വല്ല ന്യായീകരണവും വേണമെങ്കില്‍ തന്നെ, അതു നാട്ടുകാര്‍ കേള്‍ക്കുവാന്‍ കൂടുതല്‍ ഉപയോഗപ്പെടുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ചായിരിക്കേണ്ടതും യഥാര്‍ത്ഥ ബാങ്ക് യഥാവിധി നടത്തപ്പെടുന്നതും ആയിരിക്കണമല്ലോ.

ദിവസങ്ങളുടെ കൂട്ടത്തില്‍ വെള്ളിയാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുള്ളതായി പല നബിവചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. അന്നു പ്രത്യേകം ഒരു നമസ്കാരവും പ്രസംഗവും നിശ്ചയിക്കപ്പെട്ടതു തന്നെ അതിന്‍റെ പ്രാധാന്യം കുറിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍ വെച്ചു നല്ല ദിവസം വെള്ളിയാഴ്ചയാകുന്നു. അന്നാണ് ആദം (عليه السلام) സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും, അന്നാണ് അദ്ദേഹം അതില്‍നിന്നു പുറത്താക്കപ്പെട്ടതും’. (മു). മറ്റൊരു ഹദീസു ഇപ്രകാരമാകുന്നു : അതില്‍ – വെള്ളിയാഴ്ചയില്‍ – ഒരു നാഴിക സമയമുണ്ട്. മുസ്‌ലിമായ ഒരു അടിയാന്‍ അല്ലാഹുവിനോടു വല്ലതും ചോദിച്ചുകൊണ്ട് നിന്നു നമസ്കരിക്കുന്ന നിലയില്‍ ആ സമയവുമായി ഒത്തുകൂടിയാല്‍, അല്ലാഹു അവനു അതു കൊടുക്കാതിരിക്കുകയില്ല.’ എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: കൈകൊണ്ടു ആംഗ്യം കാണിച്ച് ആ സമയം അല്‍പനേരമേയുള്ളുവെന്നു അറിയിക്കുകയും ചെയ്തു. (ബു;മു).

ജുമുഅക്കു സംബന്ധിക്കുന്നവര്‍ അനുഷ്ടിക്കേണ്ടുന്ന മര്യാദകളെക്കുറിച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീസുകളില്‍ പലതും കാണാം. ഒന്നുരണ്ടെണ്ണം ഉദ്ധരിക്കാം. അവിടുന്നു പറഞ്ഞിരിക്കുന്നു: ‘ഒരു പുരുഷന്‍ വെള്ളിയാഴ്ച കുളിക്കുകയും, കഴിയുന്നത്ര ശുദ്ധീകരിക്കുകയും, അവന്‍റെ എണ്ണ ഉപയോഗിക്കുകയോ വീട്ടിലെ സുഗന്ധദ്രവ്യം തൊടുകയോ ചെയ്യുകയും, പിന്നീടു പോയി രണ്ടാളുകള്‍ക്കിടയില്‍ (തിരക്കിക്കടന്നു) വേര്‍പ്പിരിക്കാതിരിക്കുകയും, പിന്നീടു അവനു വിധിക്കപ്പെട്ടതു നമസ്കരിക്കുകയും, പിന്നെ ഇമാം സംസാരം തുടങ്ങിയാല്‍ മൗനമായിരിക്കുകയും ചെയ്യുന്നപക്ഷം അതിന്‍റെയും (അടുത്ത) മറ്റേ ജുമുഅഃയുടെയും ഇടയ്ക്കുള്ള പാപം പൊറുക്കപ്പെടാതിരിക്കുകയില്ല.’ (ബു). ‘നിങ്ങളുടെ ശ്രേഷ്ടമായ ദിവസങ്ങളില്‍പ്പെട്ടതാണ് വെള്ളിയാഴ്ച ദിവസം. അന്നു നിങ്ങള്‍ എന്‍റെ പേരില്‍ ‘സ്വലാത്ത്’ (അനുഗ്രഹം നേരല്‍) വര്‍ദ്ധിപ്പിക്കുവിന്‍. നിങ്ങളുടെ ‘സ്വലാത്ത് ‘ എനിക്കു പ്രദര്‍ശിപ്പിക്കപ്പെടുന്നതാകുന്നു.’ (ദാ).

വെള്ളിയാഴ്ചത്തെ നമസ്കാരത്തിന്‍റെ വിളി കേട്ടാല്‍ അല്ലാഹുവിന്‍റെ സ്മരണയിലേക്കു ഉത്സാഹിച്ചു വരണം (فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. سعي (‘സഅ് യു’) എന്നാല്‍ ‘യത്നിക്കുക, പരിശ്രമിക്കുക, ഉല്‍സാഹിക്കുക, വേഗം പോകുക, ഓടുക’ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കാറുണ്ട്. ബാങ്കു കേട്ടാല്‍ മറ്റെല്ലാ ജോലിയും ഉടനെ നിര്‍ത്തിവെച്ചു പോകണം എന്നു സാരം. ഓടിപ്പോകണമെന്നര്‍ത്ഥത്തിലല്ല ഇതു പറഞ്ഞിരുക്കുന്നതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു ഹദീസില്‍ നിന്നു ഗ്രഹിക്കാം. അവിടുന്നു പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ ഇഖാമത്തു (നമസ്കാരം തുടങ്ങുന്നു എന്നു അറിയിക്കുന്ന വിളി) കേട്ടാല്‍ നമസ്കാരത്തിലേക്കു നടന്നുപോയ്ക്കൊളളുവിന്‍. നിങ്ങളില്‍ അടക്കവും ഒതുക്കവും ഉണ്ടായിരിക്കണം; ധൃതിപ്പെടരുത്; എന്നിട്ടു (ജമാഅത്തോടൊപ്പം) കിട്ടിയതു നമസ്കരിക്കുകയും നഷ്ടപ്പെട്ടുപോയ ഭാഗം (സ്വന്തം) പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബു;മു). അല്ലാഹുവിന്‍റെ മുമ്പില്‍ ആരാധന നടത്തുവാന്‍ പോകുന്നതു അടക്കത്തിലും ഒതുക്കത്തിലുമായിരിക്കണമെന്നതാണ് ഇതിലടങ്ങിയ തത്വം. അബൂഖത്താദഃ (റ) പറയന്നു: ‘ഒരിക്കല്‍ ഞങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമൊന്നിച്ചു നമസ്കരിക്കുമ്പോള്‍ ഒരു തിരക്കുകേട്ടു. ‘എന്താ വിഷയം?’ എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്വേഷിച്ചു. ‘ഞങ്ങള്‍ നമസ്കാരത്തിലേക്ക് ബദ്ധപ്പെട്ടു വന്നതാണ് ‘ എന്നു അവര്‍ മറുപടി പറഞ്ഞു; തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എന്നാല്‍ അങ്ങിനെ ചെയ്യരുത്. നമസ്കാരത്തിനു വരുമ്പോള്‍ (സാധാരണ പോലെ) നടന്നുവരണം; നിങ്ങളില്‍ അടക്കം വേണം എന്നിട്ടു കിട്ടിയതു നമസ്കരിക്കുക; നഷ്ടമായത് പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബു;മു).

ഇതെല്ലാം കാരണമായിട്ടാണ് فَاسْعَوْا (നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍ ) എന്ന വാക്കിന്‍റെ ഉദ്ദേശ്യം ان تسعى بقلبك و عملك (നിന്‍റെ ഹൃദയം കൊണ്ടും പ്രവര്‍ത്തികൊണ്ടും ഉത്സാഹിക്കുക) എന്നാണെന്നു ഖത്താദഃ (റ)യും ما هو بالسعى على الاقدام ولكن بالقلوب والنية والخشوع (അതു കാലുകൊണ്ടു പാഞ്ഞുപോകല്ലല്ല, പക്ഷേ ഹൃദയം കൊണ്ടും ഉദ്ദേശം കൊണ്ടും ഭക്തികൊണ്ടുമാകുന്നു) എന്നു ഹസന്‍ (റ) യും പറഞ്ഞിരിക്കുന്നതും. (كما في ابن كثير) ആരാധനാകര്‍മങ്ങളുടെ അന്തസ്സത്തകളെക്കുറിച്ചും, ആത്മീയവശങ്ങളെ കുറിച്ചും മനസ്സിലാക്കുന്നവര്‍ക്കേ ഇതുപോലെയുള്ള ഉപദേശങ്ങളുടെ വില കാണ്മാന്‍ കഴിയൂ.

ബാങ്കുവിളി കേട്ടാല്‍പിന്നെ താമസിക്കുവാന്‍ പാടില്ലെന്നു മാത്രമാണ് ഈ ക്വുര്‍ആന്‍ വാക്യത്തില്‍ പറയുന്നത്. അഥവാ ജുമുഅക്ക് പുറപ്പെടേണ്ടതിന്‍റെ അവസാനത്തെ അവസരമാണ് ബാങ്ക് കുറിക്കുന്നത്. കഴിവതും നേരത്തെ പോകുകയാണ് വേണ്ടതെന്നും, നേരത്തെ പോകുന്നതിനു കൂടുതല്‍ പുണ്യം ലഭിക്കുമെന്നും നബിവചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരാള്‍ ‘ജനാബത്ത്’ കുളിയെപോലെ (പൂര്‍ണമായും) കുളിച്ച് ഒന്നാമത്തെ നാഴികയില്‍ തന്നെ ജുമുഅക്കു പോയാല്‍ ഒരു ഒട്ടകത്തെ ബാലിനടത്തിയതിന്‍റെയും, രണ്ടാം നാഴികയില്‍ പോയാല്‍ ഒരു പശുവിനെ ബലികഴിച്ചതിന്‍റെയും, മൂന്നാമത്തേതില്‍ പോയാല്‍ ഒരു കൊമ്പനാടിനെ ബലികഴിച്ചതിന്‍റെയും, നാലാമത്തേതില്‍ പോയാല്‍ കോഴിയെ ബലിചെയ്തതിന്‍റെയും, അഞ്ചാമത്തേതില്‍ പോയാല്‍ ഒരു മുട്ട കൊടുത്തതിന്‍റെയും അത്ര പ്രതിഫലമുണ്ടെന്നും, ഇമാം ഖുത്ത്ബഃക്കു പുറപ്പെട്ടാല്‍ ഈ പ്രത്യേക പ്രതിഫലം നിലച്ചുപോകുമെന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു നബിവചനത്തില്‍ വന്നിരിക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികളെ’ന്നു പറയപ്പെടുന്ന ചില പുത്തന്‍ കൂറ്റുകാര്‍ ഇതുപോലെയുള്ള പല ഹദീസുകളെയും പുച്ഛഭാവത്തില്‍ വീക്ഷിക്കുന്നതും തള്ളിക്കളയുന്നതും കാണാം. അതിനുള്ള കാരണങ്ങളെപ്പറ്റി മതബോധവും ഇസ്‌ലാമിക ചിന്താഗതിയുമുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇസ്‌ലാമില്‍ തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതായി തോന്നുന്നതെല്ലാം യുക്തിവാദം മുഖേന ദുര്‍വ്യാഖ്യാനം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്യുക, മതത്തിന്‍റെ ധാര്‍മികവും ആത്മീയവുമായ വശങ്ങളെ ഇടിച്ചുതാഴ്ത്തുക മുതലായവയാണ് ഇവരുടെ ലക്ഷ്യങ്ങള്‍ എന്നു എല്ലാവര്‍ക്കും അറിയാം. ആ സ്ഥിതിക്കു അങ്ങിനെയുള്ളവരുടെ പഞ്ചസാര വാക്കുകള്‍ക്ക് സത്യവിശ്വാസികള്‍ ഒട്ടും വില കല്പിക്കേണ്ടതില്ല. കല്‍പിക്കുകയുമില്ല. ജുമുഅഃക്കു നേരത്തെ പോകല്‍, സുന്നത്തു നമസ്കാരം, സുന്നത്തു നോമ്പു മുതലായ കര്‍മങ്ങളെല്ലാം ഇവരുടെ ഭാഷയില്‍ ‘അദ്ധ്വനിക്കാത്ത മടിയവര്‍ഗത്തിന്‍റെ സൃഷ്ടികളാണ്’. വയറ്റിന്‍റെ പൂര്‍ണവും ഭൗതികനേട്ടവും മാത്രമാണല്ലോ ഇവരുടെ അടുക്കല്‍ ‘ജീവിതവിജയം’.

ബാങ്കുകേട്ടാല്‍ ജോലികള്‍ വിട്ടേച്ചു ജുമുഅഃക്കു പോകണമെന്നാണ് അല്ലാഹുവിന്‍റെ കല്‍പന. ജുമുഅഃ ഒരു നിര്‍ബ്ബന്ധകടമയാണ് എന്നു ഇതില്‍നിന്നു വ്യക്തമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ കടമയുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നതു കാണുക: അവിടുന്നു ഒരിക്കല്‍ ഇങ്ങിനെ പറഞ്ഞു: ‘ചില ആളുകള്‍ ജുമുഅഃകളെ ഉപേക്ഷിച്ചു വരുന്നതില്‍നിന്നും അവര്‍ വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം, അല്ലാഹു നിശ്ചയമായും അവരുടെ ഹൃദയങ്ങളില്‍ മുദ്ര വെക്കുകയും തന്നെ ചെയ്യും പിന്നീടു അവര്‍ (ഹൃദയങ്ങളില്‍ നന്മ പ്രവേശിക്കാത്ത) അശ്രദ്ധന്മാരുടെ കൂട്ടത്തിലായിത്തീരും.’ (മുസ്‌ലിം). മറ്റൊരു നബിവചനത്തില്‍ ഇങ്ങിനെ കാണാം : ‘ആരെങ്കിലും നിസ്സാരഭാവേന മൂന്നു ജുമുഅഃ ഉപേക്ഷിച്ചാല്‍ അല്ലാഹു അവന്‍റെ ഹൃദയത്തില്‍ മുദ്രകുത്തുന്നതാകുന്നു.’ (ദാ; തി; ജ; ന). ജുമുഅഃയില്‍ സംബന്ധിക്കണമെന്ന നിഷ്കര്‍ഷയില്ലാത്ത ആളുകളെക്കുറിച്ചു പരിശോധിക്കുമ്പോള്‍ ഈ തിരുവചനങ്ങളുടെ യാഥാര്‍ത്ഥ്യം മതബോധമുള്ളവര്‍ക്കു വേഗം മനസ്സിലാകുന്നതാണ്.

‘നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍ നമസ്കാരത്തിനു വരണം’ എന്നല്ല, അല്ലാഹുവിന്‍റെ സ്മരണയാകുന്ന ‘ദിക്ര്‍’ലേക്കു (إِلَىٰ ذِكْرِ اللَّـهِ) വരണം എന്നാണു പറഞ്ഞിരിക്കുന്നത് ഇതും വളരെ ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്‍റെ സ്മരണക്കായി അവന്‍റെ മുമ്പില്‍ തലകുനിച്ചും പ്രാര്‍ത്ഥനയര്‍പ്പിച്ചും നടത്തപ്പെടുന്ന മഹത്തായ ഒരാരാധനയാണ് നമസ്കാരം. ഖുത്ത്ബഃയാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും ഭക്തിയും ശ്രോതാക്കളില്‍ ഉളവാക്കുകയും, അവയെ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഖുത്ത്ബഃയെക്കുറിച്ചു തദ്കീര്‍ (التذكير ഉല്‍ബോധനം ) എന്നു പറയപ്പെടുന്നതും. ഈ രണ്ടും ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെയാണ് അല്ലാഹു – രണ്ടിലൊന്നിനെ പ്രത്യേകം എടുത്തുപറയാതെ – ‘ദിക്ര്‍’ലേക്കു- എന്നു പറഞ്ഞിരിക്കുന്നതും. അപ്പോള്‍, ജുമുഅഃയില്‍ സംബന്ധിക്കാത്ത ആളുകള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിയതുപോലെ – അല്ലാഹുവിന്‍റെ സ്മരണയെ സംബന്ധിച്ചിടത്തോളം അശ്രദ്ധന്മാരാണെന്നു സ്പഷ്ടമാണല്ലോ. ഖുത്ത്ബഃക്കു ഇസ്‌ലാം കല്‍പിക്കുന്ന സ്ഥാനം എത്രത്തോളമാണെന്നു മനസ്സിലാക്കുവാന്‍ ഒന്നുരണ്ടു നബിവചനങ്ങള്‍ ധാരാളം മതിയാകും:-

തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു : ‘ഒരാള്‍ വെള്ളിയാഴ്ച ദിവസം ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ സംസാരിച്ചാല്‍; അവന്‍ ഗ്രന്ഥങ്ങള്‍ പേറുന്ന കഴുതയെപ്പോലെയാണ്. അവനോടു ‘മിണ്ടാതിരിക്കുക’ എന്നു പറയുന്നവനാകട്ടെ ‘അവനു ജുമുഅഃയും ഇല്ല.’ (അ). കഴുതകളെപ്പോലുള്ള മൂഢന്മാരെ അതു ചെയ്കയുള്ളു, അവരോടു ഉപദേശിച്ചിട്ടു ഫലം കാണുകയില്ല, അവരെ ഉപദേശിക്കുവാന്‍ മിനക്കെടുന്നവര്‍ക്ക് ആ സമയം ഖുത്ത്ബഃ കേള്‍ക്കാന്‍ കഴിയാതെ നഷ്ടപ്പെടുകയും ചെയ്യും. ഇതൊക്കെയാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു നബിവചനം നോക്കുക, ‘ആരെങ്കിലും വുളുചെയ്തു – നന്നായി വുളുചെയ്തു – എന്നിട്ടു ജുമുഅഃക്കു വന്നു ശ്രദ്ധിച്ചു കേള്‍ക്കുകയും മൗനമായിരിക്കുകയും ചെയ്തു. എന്നാലവനു അതിന്‍റെയും മറ്റേ ജുമുഅഃയുടെയും, ഇടക്കുള്ളതും, മൂന്നു ദിവസത്തെ കൂടുതലും (പത്തു ദിവസത്തെ പാപങ്ങള്‍) പൊറുക്കപ്പെടുന്നതാണ്. ആരെങ്കിലും ഒരു ചരക്കല്ല് തൊട്ടുപോയാല്‍, അവന്‍ വ്യഥാവിലായിപ്പോയി.'(മു). അതായത്, ഏതെങ്കിലും ഒരു നിസ്സാരകാര്യത്തിലേക്ക് അവന്‍ ശ്രദ്ധ തിരിച്ചാല്‍ ഉപദേശം കേള്‍ക്കുവാന്‍ കഴിയാതെ, അവന്‍ വന്ന കാര്യം നഷ്ടപ്പെട്ടുവെന്നു സാരം. ഇപ്പറഞ്ഞതെല്ലാം മനസ്സിരുത്തിക്കൊണ്ട് ഒന്നാലോചിച്ചു നോക്കുക! ജുമുഅഃക്കു പങ്കെടുക്കുന്നവരില്‍ തന്നെ ചിലര്‍ ഖുത്ത്ബഃവേളയില്‍ അന്യോന്യം സംസാരിച്ചും കളിച്ചും ചിരിച്ചും കൊണ്ടിരിക്കുന്നതും, മറ്റു ചിലര്‍ അന്നേരം കിടന്നും ഉറങ്ങിയും സമയം കഴിക്കുന്നതും നമ്മുടെ നാടുകളില്‍ – ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചും – നിത്യാനുഭവങ്ങളാണ്. ഇവരെക്കാള്‍ ഭേദം ജുമുഅഃക്ക് വരാത്ത മടിയന്മാരും, കപടന്മാരും ആണെന്നും തോന്നിപ്പോകുന്നു. കാരണം, അവരെ കൊണ്ടു മറ്റുള്ളവര്‍ക്കു ശല്യമില്ലല്ലോ.

എനി, ഖുത്ത്ബഃ എങ്ങിനെയുള്ളതാവണം? ഇതാണല്ലോ ഖുത്ത്ബഃയുടെ കാതലായ വശം. ഈ വിഷയകമായി സത്യന്വേഷികള്‍ക്കു കാര്യം മനസ്സിലാക്കുവാന്‍ പോരുന്ന ചില ഹദീസുകള്‍ ഉദ്ധരിക്കാം:

(1) ജാബിറു ബ്നു സമൂറ:(റ) പറയുന്നു: ‘നബി صلى الله عليه وسلمക്കു രണ്ടു ഖുത്ത്ബഃ (പ്രസംഗം) പതിവുണ്ടായിരുന്നു. രണ്ടിനുമിടയില്‍ അവിടുന്നു ഇരിക്കുമായിരുന്നു. (ഖുത്ത്ബഃയില്‍) ഖുര്‍ആന്‍ പാരായണം ചെയ്യുകയും, ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടുത്തെ നമസ്കാരവും മിതമായിരുന്നു, അവിടുത്തെ ഖുത്തുബഃയും മിതമായിരുന്നു’. (മു). അബൂദാവുദ്(റ)ന്‍റെ രിവായത്തില്‍ ‘ഖുര്‍ആനില്‍ നിന്നും പല ആയത്തുകള്‍ പാരായണം ചെയ്യുകയും ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു’ എന്നാണുള്ളത്.

(2) ജാബിര്‍ (റ) പറയുന്നു : ‘റസൂല്‍صلى الله عليه وسلم പ്രസംഗം ചെയ്യുമ്പോള്‍ അവിടുത്തെ രണ്ടുകണ്ണുകളും ചുവപ്പു വര്‍ണ്ണമാകും, ശബ്ദം ഉച്ചത്തിലാകും, കോപം കഠിനമാകും, എത്രത്തോളമെന്നാല്‍, അവിടുന്നു ഒരു സൈന്യത്തെക്കുറിച്ചു താക്കീതു നല്കുന്നവനാണ് എന്നു തോന്നും …..! (മു).

(3) ഉമ്മുഹിശാം (റ) എന്ന വനിതാ സഹാബീ പറയുന്നു : ‘സൂറത്തു ഖ്വാഫ് റസൂല്‍ തിരുമേനി صلى الله عليه وسلم യുടെ നാവില്‍നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). തിരുമേനി صلى الله عليه وسلم എല്ലാ ജുമുഅഃയിലും ജനങ്ങള്‍ക്കു പ്രസംഗം ചെയ്യുമ്പോള്‍ മിമ്പറില്‍ വെച്ചു അതു ഓതാറുണ്ടായിരുന്നു.’ (മു).

ഈ മൂന്നു ഹദീഥുകളില്‍ നിന്നുമായി – ഇതിനു ഉപോല്‍ബലകങ്ങളായ മറ്റു പലതും ഉണ്ടുതാനും – നമുക്ക് താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും: (1) വെള്ളിയാഴ്ച നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ടു പ്രസംഗങ്ങള്‍ ചെയ്യുകയും രണ്ടിനുമിടയില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഒരു ആശ്വസമെന്ന നിലക്കും, ഒന്നാമത്തെ പ്രസംഗത്തില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറഞ്ഞവസാനിച്ചശേഷം അടുത്തതിലേക്കുള്ള വിഷയത്തെപ്പറ്റി അല്‍പമൊന്നു ആലോചിക്കുവാനും ഇതു ഉപകരിക്കുന്നു. അതൊക്കെതന്നെയായിരിക്കാം അതിന്റെ ഉദ്ദേശ്യവും. الله اعلم ഏതായാലും ഈ ഇരുത്തത്തിനു അധികസമയം എടുക്കേണ്ടതില്ല. എങ്കിലും ചിലര്‍ ചെയ്യാറുള്ളതുപോലെ, ഇരുന്നു കഴിയും മുമ്പായി എഴുന്നേല്‍ക്കുവാന്‍ ധൃതികൂട്ടുന്നതും നന്നല്ല. സ്വന്തം യുക്തിയുടെ മാനദണ്ഡംകൊണ്ടുമാത്രം നബിചര്യയെ വിലയിരുത്തുക പതിവുള്ളവര്‍ ഈ ഇരുത്തത്തെ വിമര്‍ശിക്കുകയും, രണ്ടു ഖുത്ത്ബഃയുടെ ആവശ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതില്‍ അതിശയിക്കാനില്ല.അവര്‍ അതും അതിനപ്പുറവും വാദിക്കുവാന്‍ ഒരുമ്പെട്ടവരാണ്. സത്യവിശ്വാസികള്‍ അതില്‍ വഞ്ചിതരാകേണ്ടതില്ല.

(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഖുത്ത്ബഃയില്‍ ഖുര്‍ആന്‍ വചനങ്ങളും ഉപദേശങ്ങളുമായിരുന്നു അടങ്ങിയിരു ന്നത്. നാമും അതേ മാതൃക സ്വീകരിക്കേണ്ടതാണ്. സൂ: ഖ്വാഫ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുത്ത്ബഃയില്‍ സാധാരണ ഓതാറുണ്ടായിരുന്നതില്‍നിന്നു ഒരു സംഗതികൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും, പരലോകം, വിചാരണ മുതലായവയെക്കുറിച്ചുമായിരുന്നു അവിടുന്നു പ്രധാനമായും സ്പര്‍ശിച്ചിരുന്നതെന്നുള്ളതാണ് അത്. സൂ: ഖ്വാഫിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഉപദേശം എന്നു പറയുമ്പോള്‍, അതു സന്ദര്‍ഭത്തിനൊത്തതായിരിക്കണമെന്നു വ്യക്തമാണ്, സദസ്സ്യരെക്കുറിച്ചും, സന്ദര്‍ഭങ്ങളെക്കുറിച്ചും അറിയാവുന്നവനും, ഹൃദയത്തില്‍ ഭയഭക്തിയുള്ളവനുമായ ഒരു ‘ഖത്തീബ്’ (പ്രാസംഗികന്‍) സംസാരിക്കുമ്പോള്‍, അയാളുടെ മനസ്സില്‍ വികാരവും, സംസാരത്തില്‍ ഗൗരവവും, പ്രത്യക്ഷപ്പെടാതിരിക്കയില്ല. ഇന്നത്തെ മിക്ക പ്രാസംഗികന്മാരെയുംപോലെ രസവും ഫലിതവും പറഞ്ഞോ, കുറെ സാഹിത്യക്കസര്‍ത്തുകള്‍ ഉപയോഗിച്ചോ, പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന പുതുവിഷയങ്ങള്‍ അവതരിപ്പിച്ചോ – ഖുത്ത്ബഃകള്‍ നിര്‍വഹിക്കുന്നതായാല്‍ അതുകൊണ്ടു ജുമുഅഃഖുത്ത്ബഃയുടെ ലക്‌ഷ്യം പൂര്‍ത്തിയാകുന്നതല്ല. മതബോധവും ദൈവബോധവും ഉണ്ടാക്കുവാന്‍ അതു ഉപകരിക്കുന്നതുമല്ല. അതുകൊണ്ടു തന്നെയാണ് മനുഷ്യരില്‍ വെച്ച് ഏറ്റവും മാര്‍ദ്ദവശീലനുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പ്രസംഗിക്കുമ്പോള്‍, അവിടുത്തെ തിരുമുഖം ചുവക്കുകയും, അവിടുത്തേക്കു ദേഷ്യം കഠിനമാകുകയും, ശബ്ദം ഉയരുകയും ചെയ്തിരുന്നത്. സംസാരിക്കുന്ന വിഷയം ഗൗരവപ്പെട്ടതും, അതു പ്രാസംഗികന്റെ ഹൃദയത്തില്‍ നിന്നു പൊന്തിവരുന്നതുമാണെങ്കില്‍ മാത്രമേ ഈ വികാരം ഉണ്ടാകുകയുള്ളു.

ജുമുഅഃഖുത്ത്ബഃയുടെ ലക്ഷ്യം ഇന്നതാണെന്ന് അറിയാവുന്നവരില്‍ നിന്നുപോലും സദസ്സ്യര്‍ക്കു ദൈവഭക്തിയും മതബോധവും ഉണ്ടാക്കുന്ന തരത്തിലുള്ള ഖുത്ത്ബഃകള്‍ കേള്‍ക്കുവാനുള്ള ഭാഗ്യം ഇന്നു വളരെ വിരളമായിട്ടാണിരിക്കുന്നത്. ഏറെക്കുറെ നെടുനീളനും പൊടിപൊടിപ്പനുമായ പ്രസംഗങ്ങള്‍ കേള്‍ക്കാം. പേരിനു മാത്രം ഒന്നുരണ്ടു ഖുര്‍ആന്‍ വാക്യങ്ങളും കേട്ടേക്കാം. പക്ഷേ വിഷയം വായില്‍ വന്നതും, ഖുത്ത്ബഃയുടെ ലക്ഷ്യവുമായി ബന്ധമില്ലാത്തതുമായിരിക്കും. പലരുടെയും പ്രസംഗങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കയില്ല. മറ്റു ചിലരുടെ ഉദ്ദേശം തന്നെ മതത്തിന്റെ നിഴലില്‍ കൂടി തങ്ങളുടെ ഭൗതികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കൽ കൂടിയാണെന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങിനെയൊക്കെയാണ് ഇന്നത്തെ ഖത്തീബുമാരില്‍ ഒരു വിഭാഗത്തിന്റെ നിലയെങ്കില്‍, മറ്റൊരു വിഭാഗക്കാര്‍ ചെയ്യുന്നതു മുന്‍കാലത്തു ആരെങ്കിലും രചിച്ചുവെച്ച ഏടുകള്‍ നോക്കി വായിച്ചു തൃപ്തി അടയലാണ്. അതു അറബിയില്‍ തന്നെ വേണമെന്നു അവര്‍ക്കു നിഷ്കര്‍ഷയുമുണ്ട്. സദസ്സ്യരില്‍ ആര്‍ക്കും, അല്ലെങ്കില്‍ ബഹുഭൂരിഭാഗത്തിന് അറബി അറിയുകയില്ല താനും. അത്രയുമല്ല, ആ ഏടു നോക്കി വായിക്കുന്നവനു – അവരുടെ ഭാഷയില്‍ ഖത്തീബിനു – തന്നെയും ചിലപ്പോള്‍ ആ വായിക്കപ്പെടുന്നതിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കയില്ല. ഇതു വാസ്തവത്തില്‍ ‘ഖുത്ത്ബഃ’ (പ്രസംഗം) അല്ല. കേവലം ‘ഖിറാഅത്ത്’ (വായന) മാത്രമാണ്.

ജുമുഅഃഖുത്ത്ബഃ അറബിയില്‍തന്നെ ആയിരിക്കല്‍ നിര്‍ബന്ധമാണോ? അതല്ല, അതാതുനാട്ടിലെ ജനങ്ങള്‍ക്കറിയാവുന്ന ഭാഷയിലായിരിക്കയാണോ വേണ്ടത്? ഇന്നത്തെ ഒരു തര്‍ക്കവിഷയമാണിത്. അല്‍പം തന്‍റേടമുള്ള ഒരു സത്യാന്വേഷിക്ക് ഇതില്‍ സംശയത്തിനവകാശമില്ല. ഈ വിഷയകമായി ഇവിടെ കൂടുതല്‍ സംസാരിച്ചു ദീര്‍ഘിപ്പിക്കുവാന്‍ മുതിരുന്നില്ല. ഖുത്ത്ബഃയുടെ ലക്ഷ്യം സദസ്സ്യരെ ഉപദേശിക്കലും, അവര്‍ക്കു ബോധാമുണ്ടാക്കലുമാണെങ്കില്‍ – അതാണ്‌ ലക്ഷ്യം എന്നു തീര്‍ച്ചയുമാണ്- ഖുത്ത്ബഃ ജനങ്ങള്‍ക്കു ഗ്രഹിക്കാവുന്ന ഭാഷയിലായിരിക്കണമെന്നുള്ളതില്‍ സംശയമില്ലല്ലോ. അറബിയില്‍ തന്നെ വേണമെന്നുള്ളതിനു പ്രസക്തമായ എന്തെങ്കിലും ഒരു തെളിവു ഇല്ലതാനും. അതുകൊണ്ടാണ് മറ്റു പലതിലുമെന്നപ്പോലെ, ഖുത്ത്ബഃയിലെ – ‘ഹംദ്’- തശ്ഹൂദ് – സ്വലാത്ത് ‘ മുതലായ ഭാഗങ്ങള്‍ അറബിയില്‍ ആയിരിക്കണമെന്നും, ഉപദേശത്തിന്‍റെ ഭാഗം അറബിയിലായിരിക്കേണ്ടതി ല്ലെന്നും, കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ (ഫുഖഹാക്കൾ) പ്രസ്താവിക്കുന്നത്. പക്ഷേ, കക്ഷിപിടിച്ചു തര്‍ക്കത്തിനു മിനക്കെടുന്നവര്‍ക്കും, സത്യത്തിനു വഴങ്ങിയാല്‍ സ്വാര്‍ത്ഥങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്കും തെളിവും ന്യായവും സ്വീകാര്യമായിരിക്കയില്ലല്ലോ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സുന്നത്തിനെയാണ് പിന്‍പറ്റേണ്ടതെന്നു ബോധ്യമുള്ള ഖത്തീബുമാര്‍ വേണ്ടതു കഴിയുന്നത്ര ഖുര്‍ആന്‍ വാക്യങ്ങള്‍ ജനങ്ങളെ ഓതികേള്‍പ്പിച്ചു മനസ്സിലാക്കുകയും, അതിന്‍റെ വിവരണത്തില്‍ കഴിയുന്നത്ര നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീഥുകളും ഉള്‍ക്കൊള്ളിക്കുകയാണ്. സ്വന്തംവക സമര്‍ത്ഥനങ്ങളെക്കാളും, സദസ്സ്യരില്‍ മിക്കവര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്ത സാഹിത്യപ്രയോഗങ്ങളെക്കാളും, കാമ്യവും ഉപയോഗപ്രദവും അതായിരിക്കും. നാമമാത്രം ഏതെങ്കിലും അരമുറി ഖുര്‍ആന്‍ വാക്യം ഉദ്ധരിക്കുകയും, പിന്നീടു സ്വന്തം വൈഭവം പ്രകടിപ്പിക്കുകയും, തനിക്കു താല്‍പര്യമുള്ള ആദര്‍ശം പ്രചരിപ്പിക്കുവാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരെ ഖത്തീബുമാരായി ജനങ്ങള്‍ സ്വീകരിക്കരുതെന്നും, കുറെയൊക്കെ വിവരവും, ബോധവും, ഭക്തിയുമുള്ളവരെ മാത്രമേ തങ്ങളുടെ ഖത്തീബുമാരായി സ്വീകരിക്കാവൂ എന്നും എല്ലാ പള്ളിമഹല്ലു ഭാരവാഹികളും പൊതുജനങ്ങളും ഓര്‍ത്തിരിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം, ഇസ്‌ലാമിനെതിരില്‍ ഇന്നു നടമാടികൊണ്ടിരിക്കുന്ന വിവിധ സംരംഭങ്ങള്‍ക്കു – നാം അറിഞ്ഞോ അറിയാതെയോ – നല്‍കുന്ന ഒരു മുതല്‍കൂട്ടായി നമ്മുടെ ഖുത്ത്ബഃകള്‍ കലാശിച്ചേക്കുമെന്ന് ഓര്‍ക്കേണ്ടതാണ്. ഖുത്ത്ബഃ മാതൃഭാഷയില്‍ നടത്തപ്പെടുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യംഉളവാക്കുന്നു. ഈ നിലക്കു ഇവരുടെ മാതൃഭാഷയിലുള്ള പ്രസംഗങ്ങളെക്കാള്‍ ഉത്തമം ഇന്നത്തെ അറബിഖുത്ത്ബഃ വായനയാണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, ഖുത്ത്ബഃയുടെ ലക്ഷ്യം സാധിക്കാത്ത ദോഷം അതിലുണ്ടെങ്കിലും അതുമൂലം ഇങ്ങിനെയുള്ള ആപത്തുകള്‍ നേരിടാനില്ലല്ലോ.

(3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഖുത്ത്ബഃയും, നമസ്കാരവും മിതമായിരുന്നു. ഇതുംതന്നെ ഇന്നു മിക്കവരും അവഗണിച്ചിരിക്കുകയാണ്. ഖുത്ത്ബഃ കൂടുതല്‍ നേരം നീട്ടികൊണ്ടുപോകല്‍ പലരുടെയും പതിവാകുന്നു. സാരവത്തും, കാര്യമാത്രപ്രസക്തവുമായ സംസാരമായിരിക്കുക, ചുരുങ്ങിയ സമയം കൊണ്ടവസാനിപ്പിക്കുക, ഇതാണു കരണീയമായതും, തിരുമേനിയുടെ നടപടിയോടു യോജിച്ചതും. ശ്രോതാക്കളുടെ ശ്രദ്ധയും ക്ഷമയും സജീവമായിരിക്കുവാനും അതാണ്‌ ഉപകരിക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു തിരുവചനത്തില്‍ നിന്നു ഇതു നല്ലപോലെ മനസ്സിലാക്കാം. അവിടുന്നു പറഞ്ഞിരിക്കുന്നു: ‘ഒരു മനുഷ്യന്‍റെ നമസ്കാരം ദീര്‍ഘിക്കലും, അവന്‍റെ പ്രസംഗം (ദീര്‍ഘിക്കാതെ) ചുരുങ്ങലും അവന്‍റെ വിജ്ഞാനത്തിന്‍റെ അടയാളമാകുന്നു.’ (മു). പക്ഷേ, നമസ്കാരം സംഘമായിട്ടാകുമ്പോള്‍ അതു കൂടുതല്‍ ദീര്‍ഘിപ്പിച്ചുകൂടാ എന്നു ഹദീഥുകളില്‍ തന്നെ പ്രസിദ്ധമായി അറിയപ്പെട്ടതാണ്. താരതമ്യേന നോക്കുകയാണെങ്കില്‍ പ്രസംഗം കഴിവതും ചുരുങ്ങുകയും, നമസ്കാരം ദീര്‍ഘിക്കുകയുമാണ് വേണ്ടതു എന്നു സാരം. ‘ഇതു ജുമുഅഃയെ സംബന്ധിച്ചുമാത്രം പ്രസ്തവിച്ചതല്ല. പൊതുവില്‍ ഉള്ള ഒരു വസ്തുതയത്രെ. പ്രസംഗം ചുരുക്കണമെന്നു പറഞ്ഞതില്‍ അടങ്ങിയ തത്വം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെ ചൂണ്ടിക്കാട്ടുന്നതു നോക്കുക : ‘ആകയാല്‍, നിങ്ങള്‍ നമസ്കാരം ദീര്‍ഘിപ്പിക്കുവിന്‍, പ്രസംഗം ചുരുക്കുകയും ചെയ്യുവിന്‍. നിശ്ചയമായും വിവരണത്തിൽ ഒരു വശ്യശക്തിയുണ്ട്. ‘ ഇതാണു ഈ ഹദീഥിന്‍റെ ബാക്കിഭാഗം. വിഷയം ശരിക്കു അവതരിപ്പിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് പ്രസംഗം നീണ്ടുപോകുന്നതെന്നു ഇതില്‍ സൂചന കാണാം.

وَذَرُوا الْبَيْعَ (കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ജുമുഅഃയില്‍ പങ്കെടുക്കുന്നതിനു മുടക്കായിത്തീരുന്ന എല്ലാ ജോലികളും ബാങ്കുവിളി കേട്ടാല്‍ പിന്നീടു തുടരാതെ നിറുത്തിവെക്കണമെന്നാകുന്നു. എന്നല്ലാതെ, കച്ചവടക്കാര്‍ മാത്രം തങ്ങളുടെ ജോലി നിറുത്തി പങ്കെടുത്താല്‍ മതി എന്നു അതിനു അര്‍ത്ഥമില്ല. അടുത്ത വചനത്തില്‍ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കച്ചവടം നടത്തിക്കൊള്ളുവിന്‍ എന്നു പറയാതെ ‘ഭൂമിയില്‍ വ്യാപിച്ച് ഉപജീവനമാര്‍ഗങ്ങള്‍ തേടിക്കൊളുവിന്‍’ എന്നുപറഞ്ഞതില്‍ നിന്നുതന്നെ മനസ്സിലാക്കാം. കച്ചവടത്തെ പ്രത്യേകം എടുത്തുപറയുവാനുള്ള കാരണം പലതുമാവാം. സ്വഹാബികളില്‍ പലരും കച്ചവടക്കാരായിരുന്നു. കച്ചവടങ്ങള്‍ മിക്കവാറും പട്ടണങ്ങളില്‍ ആയിരിക്കും നടക്കുന്നത്. ജുമുഅഃ പോലെയുള്ള പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഉള്‍നാട്ടുകാര്‍ തങ്ങളുടെ ജോലിത്തിരക്കുകള്‍ നേരത്തെ തന്നെ നിറുത്തിവെച്ചു ഒരുങ്ങുന്നതും, അങ്ങാടിയില്‍ വസിക്കുന്നവരും കച്ചവടക്കാരും സമയം അടുക്കുമ്പോള്‍ മാത്രം ജോലി നിറുത്തിവെച്ചു പുറപ്പെടുന്നതുംസാധാരണ പതിവാണല്ലോ. കൂടാതെ ചില വ്യാഖ്യാതാക്കള്‍ സൂചിപ്പിച്ചത് പോലെ (*) വെള്ളിയാഴ്ച മദീനാ പരിസരങ്ങളില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ദിവസം ആയിരിക്കുവാനും കാരണമുണ്ട്. മദീനാപരിസരം യഹൂദപ്രദേശമായിരുന്നുവല്ലോ. അവര്‍ക്കു ശനിയാഴ്ച ഒഴിവുദിവസമാണ്. ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും ഒഴിവുദിവസമാണ്. ആ നിലക്കു വെള്ളിയാഴ്ച അങ്ങാടി കൂടുതല്‍ സജീവമായിരിക്കുക സ്വാഭാവികമായിരിക്കും. ഈ രണ്ടു ദിവസത്തിനും മുമ്പിലായി വെള്ളിയാഴ്ച ദിവസം വാരാന്തപ്പെരുന്നാളായി ആചരിക്കുവാന്‍ അല്ലാഹു നിയമിച്ചത് ഈ സമുദായത്തിനു ലഭിച്ച ഒരു ഭാഗ്യമായി ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടിയതും സ്മരണീയമാകുന്നു. (**). ഏതായാലും ജുമുഅഃക്കു ബാങ്കുവിളിച്ചാല്‍ കച്ചവടം നിറുത്തിവെക്കണമെന്നു അല്ലാഹു കല്പിച്ചിരിക്കെ, ആ കല്‍പന അനുസരിക്കാതെ നടത്തപ്പെടുന്ന എല്ലാ കച്ചവടവും മുസ്‌ലിംകള്‍ക്ക് ഹറാം (കുറ്റകരമായ നിഷിദ്ധം) ആണെന്നുള്ളതില്‍ സംശയമില്ല. ഹറാമാണെന്നു മാത്രമല്ല, ആ കൊള്ളകൊടുക്കലുകള്‍ മതദൃഷ്ട്യാ സാധുവാകുകയില്ല എന്നുപോലും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനു ന്യായവും ഇല്ലാതില്ല.


كما في تفسير المدارك (*)
كما في البخارى و مسلم (**)


തുടര്‍ന്നുകൊണ്ടു അല്ലാഹു പറയുന്നു : ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (അതു നിങ്ങള്‍ക്കു ഗുണകരമാണ് – നിങ്ങള്‍ക്കറിയാമെങ്കില്‍). വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വാക്യമാണിത്. അല്‍പനേരം നിങ്ങളുടെ ലൗകീകകാര്യങ്ങളും ജോലിത്തിരക്കുകളും ഒന്നു നിറുത്തിവെച്ചാലുണ്ടാകുന്ന നഷ്ടവും, ജുമുഅഃയില്‍ പങ്കെടുത്താല്‍ ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും ഒന്നു തുലനം ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം. ഇതാണു നിങ്ങള്‍ക്കു ഉത്തമം – ഇതാണു നിങ്ങള്‍ക്കു കൂടുതല്‍ ലാഭകരം എന്നു താല്പര്യം. ഖുത്ത്ബഃയില്‍ നിന്നു ലഭിക്കാവുന്ന അറിവുകള്‍, സംഘമായി നമസ്കരിക്കുന്നതിലുള്ള നന്മകള്‍, ഒരു നാട്ടിലെ സഹോദരങ്ങള്‍ ഒരിടത്തു സമ്മേളിക്കുന്നതില്‍ അടങ്ങിയ രഹസ്യങ്ങള്‍, സര്‍വ്വോപരി അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിച്ചുകൊണ്ട് അല്‍പ്പനേരം ഐഹിക കാര്യങ്ങളില്‍ നിന്നു സ്വസ്ഥമായി അല്ലാഹുവിന്‍റെ വീട്ടില്‍ അവന്‍റെ സ്മരണയിലും, അവനോടുള്ള പ്രാര്‍ത്ഥനയിലും കഴിഞ്ഞുക്കൂടല്‍, ഇവ ഓരോന്നും സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ വിലപിടിച്ച സമ്പാദ്യം തന്നെയാണ്.

ബാങ്കുവിളിയോടുകൂടി നിറുത്തിവെക്കുവാന്‍ കല്‍പിച്ചിരുന്ന ഏര്‍പ്പാടുകളെല്ലാം ജുമുഅഃ നമസ്കാരം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പുറത്തിറങ്ങി പുനരാരംഭിക്കാമെന്നും, അങ്ങിനെ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്പെടുത്തി കൊടുത്തിട്ടുള്ള ഉപജീവനമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നുമാണ് അടുത്ത (فَإِذَا قُضِيَتِ الصَّلَاةُ االخ) വചനത്തില്‍ അല്ലാഹു അറിയിക്കുന്നത്. നമസ്കാരം കഴിയുന്നതുവരെ എല്ലാ വ്യാപാരങ്ങളും നിറുത്തിവെക്കല്‍ നിര്‍ബന്ധമായിരുന്നതുപോലെ, അതുകഴിഞ്ഞ് ഉടന്‍ ഭൂമിയില്‍ വ്യാപിച്ചു ജോലിയില്‍ പ്രവേശിക്കലും നിര്‍ബന്ധമാണ്‌ എന്ന അര്‍ത്ഥത്തിലുള്ള ഒരു കല്‍പനയല്ല ഇത്. ആദ്യത്തെ നിരോധാജ്ഞയുടെ സമയം നമസ്കാരത്തോടുകൂടി അവസാനിച്ചുവെന്ന അറിയിപ്പും, എനി അതു വീണ്ടും തുടര്‍ന്നുകൊള്ളുവാനുള്ള അനുവാദവും അതോടൊപ്പം അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്ന ആഹാരമാര്‍ഗം തേടിക്കൊള്ളുവാനുള്ള പ്രോത്സാഹനവുമാണ്  അതിൽ അടങ്ങിയിരിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത് അസ്ഥാനത്താവുകയില്ല. ജുമുഅഃയിലാകട്ടെ, മറ്റു ജമാഅത്ത് നമസ്കരങ്ങളിലാകട്ടെ, നമസ്കാരം കഴിഞ്ഞാല്‍ ചില പ്രത്യേക രൂപത്തിലുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ കഴിഞ്ഞേ എഴുന്നേറ്റു പോകാവു എന്നൊരു അലിഖിത നിയമം പലരും പലേടത്തും ആചരിച്ചുവരുന്നുണ്ടല്ലോ. നമസ്കാരം കഴിഞ്ഞാല്‍ ഭൂമിയില്‍ വ്യാപിക്കാമെന്നു അനുവദിച്ചുകൊണ്ടുള്ള അല്ലാഹുവിന്‍റെ കല്പനക്ക് എതിരാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോ, സ്വഹാബികളോ, അവരെ പിന്‍തുടര്‍ന്നുവന്ന മുന്‍ഗാമികളോ അങ്ങിനെ ചെയ്തിരുന്നതുമില്ല. അതേസമയത്തു നമസകാരാനന്തരം പല ദിക്റുകള്‍ ചൊല്ലുവാനും ദുആ ചെയ്‌വാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഊന്നിപ്പറയുകയും, പ്രവര്‍ത്തനത്തില്‍ കാണിച്ചുതരുകയും ചെയ്തിട്ടുണ്ടുതാനും. പക്ഷേ, കൂട്ടായിരുന്നുകൊണ്ടോ, നിര്‍ബന്ധമെന്ന നിലക്കോ അല്ല അത്. ഐച്ഛികവും, പുണ്യകരവും എന്ന നിലക്കുമാത്രം. മതസംബന്ധമായ മിക്ക അനുഷ്ഠാനകര്‍മങ്ങളും പരിശോധിച്ചാല്‍, ഇന്നു നമ്മുടെ സമുദായത്തിന്‍റെ പൊതുനില അങ്ങേഅറ്റം വ്യസനകരമാകുന്നു. ഒന്നുകില്‍, അതില്‍ വെച്ചുകെട്ടിയും കൂട്ടിച്ചേര്‍ത്തും മതത്തിന്‍റെ അതിര്‍ത്തിക്കപ്പുറം കടന്ന ഒരു വിഭാഗത്തെ അല്ലെങ്കില്‍ വെട്ടിച്ചുരുക്കിയും തള്ളിക്കളഞ്ഞും മതത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിച്ചേരാത്ത ഒരു വിഭാഗത്തെ, ഇങ്ങനെയാണധികവും കാണ്മാന്‍ കഴിയുന്നത്. നമസ്കാരത്തിനു ശേഷമുള്ള ദിക്ര്‍, ദുആ മുതലായതും അതില്‍ ഉള്‍പ്പെടുന്നു. ഒരു കൂട്ടര്‍ നമസ്കാരത്തെപ്പോലെയോ നമസ്കരത്തെക്കാളധികമോ പ്രാധാന്യം അതിനു നല്‍കുന്നു. മറ്റൊരു കൂട്ടരാകട്ടെ, അതെല്ലാം പഴഞ്ചനും പരിഹാസവുമായി ഗണിക്കുകയും ചെയ്യുന്നു. അല്ലാഹു നമ്മെയെല്ലാം അവന്‍റെ ഋജുവായ പാതയില്‍നിന്നു ഇടത്തോട്ടും വലത്തോട്ടും തെറ്റാതെ നേര്‍ക്കുനേരെ ചരിക്കുവാന്‍ തൗഫീഖു നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

ജുമുഅഃയെ സംബന്ധിച്ച കാര്യങ്ങള്‍ പ്രസ്താവിച്ചതിനുശേഷം, ജുമുഅഃ കര്‍മങ്ങളില്‍ മാത്രമല്ല, എല്ലാ അവസരത്തിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും ബോധവും സത്യവിശ്വാസികള്‍ക്കുണ്ടായിരി ക്കണമെന്നും, ഇങ്ങനെയുള്ള കല്‍പനകളും ഉപദേശങ്ങളുമെല്ലാം നല്‍കുന്നത് അവരുടെ വിജയത്തിനും നന്മക്കും വേണ്ടിത്തന്നെയാണെന്നും ഉണര്‍ത്തികൊണ്ടാണ് അല്ലാഹു രണ്ടാമത്തെ വചനം അവസാനിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (നിങ്ങള്‍ അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യണം – നിങ്ങള്‍ വിജയിച്ചേക്കാം.).

അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അങ്ങനെ വിജയം പ്രാപിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ നമ്മെയെല്ലാം അവന്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. آمين