വിഭാഗം - 3

42:20
  • مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ ﴾٢٠﴿
  • ആരെങ്കിലും പരലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ, അവന് അവന്റെ കൃഷിയിൽ[വരുമാനത്തിൽ] നാം വർദ്ധിപ്പിച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ അവന് അതിൽനിന്നും നാം കൊടുക്കും; (പക്ഷെ) പരലോകത്തിൽ അവന് യാതൊരു ഓഹരിയും ഇല്ലതാനും.
  • مَن كَانَ ആരെങ്കിലും ആയാൽ يُرِيدُ ഉദ്ദേശിക്കും حَرْثَ الْآخِرَةِ പരലോകത്തെ കൃഷി (വിള, സമ്പാദ്യം) نَزِدْ لَهُ അവനു നാം വർദ്ധിപ്പിച്ചുകൊടുക്കും فِي حَرْثِهِ അവന്റെ കൃഷിയിൽ وَمَن كَانَ ആരെങ്കിലും ആയിരുന്നാൽ يُرِيدُ ഉദ്ദേശിക്കും حَرْثَ الدُّنْيَا ഇഹത്തിലെ കൃഷിയെ نُؤْتِهِ അവനു നാം കൊടുക്കും مِنْهَا അതിൽ നിന്ന് وَمَا لَهُ അവന്നില്ലതാനും فِي الْآخِرَةِ പരലോകത്തു مِن نَّصِيبٍ ഒരു അംശവും, പങ്കും

കൃഷി സ്ഥലം, ഉഴവ്, കൃഷി എന്നൊക്കെയാണ് (حَرْث) എന്ന വാക്കിന്റെ അർത്ഥം പ്രവർത്തനഫലങ്ങളാകുന്ന നേട്ടങ്ങളാണ് ഇവിടെ വിവക്ഷ. പരലോക ലഭ്യങ്ങളെ ഉന്നംവെച്ച് പ്രവർത്തിക്കുന്നവർക്ക് അല്ലാഹു കൂടുതൽ നേട്ടങ്ങൾ കൈവരുത്തി കൊടുക്കുമെന്നും, ഐഹിക ലാഭങ്ങളെ ഉന്നംവെക്കുന്നവർക്ക് അവരുടെ ഉദ്ദേശ്യങ്ങൾ മുഴുവൻ നിറവേറ്റുകയില്ല – ഏതോ ചിലത് മാത്രമേ നിറവേറ്റുകയുള്ളൂ – എന്നും, അതേസമയത്ത് അവർക്ക് പരലോകത്ത് യാതൊരു നൻമയും ലഭ്യമാകുവാനില്ലെന്നും അല്ലാഹു ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സുറത്ത് ബനൂ ഇസ്രാഈലിലെ ചില ആയത്തുകൾ ഈ വിഷയം കൂടുതൽ വിശദീകരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:

مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ﴿١٨﴾ وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ﴿١٩﴾ كُلًّا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴿٢٠

(സാരം: ആരെങ്കിലും ഈ ക്ഷണിക ലോകത്തെ ഉദ്ദേശിക്കുന്നതായാൽ, അതിൽ അവന് – നാം ഉദ്ദേശിക്കുന്നവർക്ക് – നാം വേണമെന്നു വെക്കുന്നതെന്തോ അത് നാം ക്ഷണം നൽകുന്നതാണ്. പിന്നീട് അവന് നാം നരകം ഏർപ്പെടുത്തിക്കൊടുക്കും. ആക്ഷേപിക്കപ്പെട്ടവനും നിന്ദിക്കപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, വിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്താൽ അങ്ങിനെയുള്ളവരുടെ പരിശ്രമം നന്ദിപൂർവം സ്വീകരിക്കപ്പെടുന്ന തായിരിക്കും. എല്ലാവർക്കും – ഈ വിഭാഗത്തിനും ആ വിഭാഗത്തിനും തന്നെ – നിന്റെ റബ്ബിന്റെ സംഭാവനയിൽ നിന്ന് നാം കയ്യയച്ചുകൊടുക്കുന്നതാണ്. നിന്റെ റബ്ബിന്റെ സംഭാവന മുടക്കം ചെയ്യപ്പെട്ടതായിരിക്കയില്ല. (18-20)

42:21
  • أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ ﴾٢١﴿
  • അതല്ല- (ഒരുപക്ഷെ) അല്ലാഹു അനുവാദം നല്കിയിട്ടില്ലാത്ത വല്ലതും മതത്തിൽ പെട്ടതായി തങ്ങൾക്ക് നിയമിച്ചുകൊടുത്തിട്ടുള്ള വല്ല പങ്കാളികളും അവർക്കുണ്ടോ?! തീരുമാനത്തിന്റെ വാക്ക് (മുമ്പ്) ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ (തൽക്ഷണം) വിധി നടത്തപ്പെടുമായിരുന്നു. അക്രമികളാകട്ടെ, നിശ്ചയമായും അവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
  • أَمْ لَهُمْ അതല്ല (അഥവാ, ഒരുപക്ഷേ) അവർക്കുണ്ടോ شُرَكَاءُ പങ്കുകാർ شَرَعُوا لَهُم അവർക്ക് നിയമിച്ചു (മാർഗ്ഗമാക്കി) കൊടുത്തിട്ടുള്ള مِّنَ الدِّينِ മതത്തിൽ നിന്ന്, മതമായിട്ട് مَا യാതൊന്ന് لَمْ يَأْذَن بِهِ അതിന് അനുവാദം നൽകിയിട്ടില്ല اللَّـهُ അല്ലാഹു وَلَوْلَا ഇല്ലായിരുന്നെങ്കിൽ كَلِمَةُ الْفَصْلِ തീരുമാനത്തിന്റെ വാക്ക് لَقُضِيَ വിധി നടത്തപ്പെടുമായിരുന്നു بَيْنَهُمْ അവർക്കിടയിൽ وَإِنَّ الظَّالِمِينَ നിശ്ചയമായും അക്രമികൾ لَهُمْ عَذَابٌ അവർക്ക്‌ ശിക്ഷയുണ്ട് أَلِيمٌ വേദനയേറിയ
42:22
  • تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ ﴾٢٢﴿
  • (ഈ) അക്രമികളെ , അവർ സമ്പാദിച്ചു വെച്ചതിനെപറ്റി ഭയപ്പെടുന്നവരായി നിനക്ക് കാണാവുന്നതാണ്. അത് [ആ ശിക്ഷ] അവരിൽ സംഭവിക്കുന്നതാണ് താനും. വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലുമായിരിക്കും. അവർ എന്തുദ്ദേശിക്കുന്നുവോ അത് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ അവർക്കുണ്ട്. അതു തന്നെയാണ് വലുതായ അനുഗ്രഹം (അഥവാ ശ്രേഷ്‌ഠത).
  • تَرَى الظّالِمِينَ അക്രമികളെ നിനക്ക് കാണാം, നീ കാണും مُشْفِقِينَ ഭയപ്പെടുന്നവരായി مِمّاكَسَبُوا അവർ സമ്പാദിച്ച (പ്രവർത്തിച്ച)തിനെപ്പറ്റി وَهُوَوَاقِعٌ അത് സംഭവിക്കുന്നതുമാണ് بِهِمْ അവരിൽ وَالّذِينَ آمَنُوا വിശ്വസിച്ചവർ وَعَمِلو الصّالِحَاتِ സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത فِي رَوْضَاتِ തോപ്പുകളിലായിരിക്കും الجَنّاتِ സ്വർഗ്ഗങ്ങളിലെ لَهُمْ അവർക്കുണ്ട് مَا يَشَاءونَ അവരുദ്ദേശിക്കുന്നതു عِندَرَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذَالِكَ هُوَ അതുതന്നെയാണ് الفَضْلُ അനുഗ്രഹം, ശ്രേഷ്ഠത الكَبِير വലിയ

അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാതെ തോന്നിയ മതാചാരങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ബഹുദൈവ വിശ്വാസികളുടെ ശ്രദ്ധയെ തട്ടിയുണർത്തുവാൻ വേണ്ടി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കുകയാണ്: ഒരു പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാത്ത പുത്തൻ മതനിയമങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന മറ്റു വല്ല ദൈവങ്ങളും – മനുഷ്യരിൽ നിന്നോ ജിന്നുകളിൽ നിന്നോ – അവർക്കുണ്ടോ, അഥവാ അതുകൊണ്ടാണോ അവർ ഈ നില സ്വീകരിച്ചിരിക്കുന്നതു എന്ന്? ഉത്തരം വ്യക്തമാണല്ലോ. ന്യായവിസ്താരവും ശിക്ഷാനടപടികളും പരലോകത്തുവെച്ചായിരിക്കുമെന്നു അല്ലാഹു മുമ്പേ തീരുമാനിച്ചുവെച്ചതാക കൊണ്ടാണ് ഇപ്പോൾ അവർ ശിക്ഷിക്കപ്പെടാത്തതെന്നും, വഴിയെ അതവർക്ക് നേരിടേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യുന്നു. അതോടൊപ്പം, സൽക്കർമ്മികളായ സത്യവിശ്വാസികളുടെ ഭാവി എന്തായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

42:23
  • ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ ﴾٢٣﴿
  • അതത്രെ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരായ തന്റെ അടിയാന്മാരോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നത്. (നബിയേ) പറയുക: 'ഞാൻ നിങ്ങളോടു ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, അടുത്ത ബന്ധത്തിലുള്ള(സ്നേഹ) താൽപര്യം എന്നല്ലാതെ. ആരെങ്കിലും, ഒരു നന്മ [പുണ്യം] പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ, നാം അവനു അതിൽ നന്മ[ഗുണം] വർദ്ദിപ്പിച്ചു കൊടുക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനും ആണ്.
  • ذَٰلِكَ الّذِي അതത്രെ യാതൊന്നു يُبَشِّرُاللهُ അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്ന عِبَادَهُ തന്റെ അടിയാന്മാർക്കു الّذِينَ آمَنُوا വിശ്വസിച്ചവരായ وَعَمِلُو الصّالِحَاتِ സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത قُلْ നീ പറയുക لا أسْألُكُمْ ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ അതിന്റെ (ഇതിന്റെ) പേരിൽ أجْرًا ഒരു പ്രതിഫലവും إلا المَوَدَّةَ താൽപര്യം (സ്നേഹം) അല്ലാതെ فِي القُرْبَى അടുത്ത ബന്ധത്തിലുള്ള وَمَن يَقْتَرِفْ ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ حَسَنَةً വല്ല നന്മയും, പുണ്യകർമ്മം نَزِدْلَهُ അവനു നാം വർദ്ധിപ്പിച്ചു കൊടുക്കും فِيهَا അതിൽ حُسْنًا നന്മ, ഗുണം, മെച്ചം إنَّ اللهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് شَكُور നന്ദിയുള്ളവനാണ്

സത്യമത പ്രബോധനം ചെയ്യുന്നതിന്റെ പേരിൽ, മുഹമ്മദ് നബിതിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യാകട്ടെ, മറ്റേതെങ്കിലും പ്രവാചകന്മാരാകട്ടെ, ജനങ്ങളിൽനിന്ന് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ലെന്ന് നിരുപാധികം പ്രസ്താവിക്കുന്ന വളരെയധികം ഖുർആൻ വചനങ്ങൾ കാണാം. പലതും ഇതിനുമുമ്പ് നാം വായിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത ബന്ധത്തിലുള്ള താൽപ്പര്യമല്ലാതെ (إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰ) എന്ന് കൂടി ഈ വചനത്തിൽ കൂടുതലായി പ്രസ്താവിച്ചിരിക്കുന്നു. الْقُرْبٙى എന്ന വാക്കിന് ‘കുടുംബബന്ധം, അടുപ്പം, പുണ്യകർമ്മം’ എന്നിങ്ങിനെ പല അർത്ഥവും വരാവുന്നതുകൊണ്ട് ഇതിന് ഒന്നിലധികം വ്യാഖ്യാനങ്ങൾ കാണുവാൻ കഴിയും. അവയിൽ ഏത് വ്യാഖ്യാനം സ്വീകരിച്ചാലും ശരി, അത് കൊണ്ടുള്ള ഉദ്ദേശ്യം, പ്രബോധനത്തിന്റെ പേരിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളോട് എന്തെങ്കിലും ഒരു പ്രതിഫലം യഥാർത്ഥത്തിൽ ആവശ്യപ്പെടുന്നുണ്ടെന്നല്ല. പ്രസ്തുത വ്യാഖ്യാനങ്ങളുടെ ചുരുക്കം ഇതാണ്:

1) നാം തമ്മിലുള്ള കുടുംബബന്ധംനിമിത്തം നിങ്ങളെന്നോട് സ്നേഹം കാണിക്കണമെന്ന് മാത്രമേ ഞാനാവശ്യപ്പെടുന്നുള്ളൂ. അഥവാ, എന്റെ ദൗത്യനിർവ്വഹണത്തിൽ നിങ്ങൾ ഉൽസുകരല്ലെങ്കിൽ ഇരിക്കട്ടെ, നമ്മുടെ കുടുംബബന്ധം ഓർത്ത് നിങ്ങൾ എന്നെ തടസ്സപ്പെടുത്താതിരിക്കണം : കുടുംബബന്ധം പാലിക്കൽ എല്ലാവരുടെയും കടമയാണല്ലോ എന്ന് സാരം. ഖുറൈശികളെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കുടുംബബന്ധമുള്ളവരാണ് താനും. ഇബ്നു കഥീർ (رحمه الله) മുതലായ പ്രധാന മുഫസ്സിറുകൾ പലരും സ്വീകരിച്ചതും, ഇബ്നു അബ്ബാസ് (رضي الله عنه) ൽ നിന്ന് ബുഖാരി (رحمه الله) ഉദ്ധരിച്ചതുമാണ് ഈ വ്യാഖ്യാനം.

2) നിങ്ങൾ അല്ലാഹുവിനെ അനുസരിച്ച് അവന്റെ അടുപ്പം സമ്പാദിക്കുന്നതിലുള്ള താല്പര്യമാണ് എനിക്കുള്ളത്. ഇതല്ലാതെ മറ്റൊരു പ്രതിഫലവും നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നില്ല.

3) എന്റെ അടുത്ത കുടുംബത്തോട് നിങ്ങൾ സ്നേഹം കാണിക്കണമെന്നല്ലാതെ മറ്റൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനാൽ സ്വാഭാവികമായും ഉണ്ടായിത്തീരുന്ന ഒന്നാണല്ലോ ഇത്. ഈ വ്യാഖ്യാനങ്ങളും, അതതിന്റെ ന്യായങ്ങളും, തെളിവുകളും വിവരിച്ചശേഷം ഇബ്നു കഥീർ (رحمه الله) പ്രസ്താവിക്കുന്ന ചില വരികൾ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: ഇമാം ബുഖാരി ഉദ്ധരിച്ചതുപോലെ, ഈ സമുദായത്തിലെ മഹാ പണ്ഡിതനും, ഖുർആന്റെ അഭിഭാഷകനുമായ ഇബ്നു അബ്ബാസ് (رضي الله عنه) നൽകിയ വ്യാഖ്യാനമാണ് യഥാർത്ഥ വ്യാഖ്യാനം. അഹ്‌ലുബൈത്തിനെ (നബി തിരുമേനിയുടെ വീട്ടുകാരെ അഥവാ കുടുംബത്തെ) സംബന്ധിച്ചുള്ള വസ്വിയ്യത്തും, അവരോട് ആദരവും നന്മയും കാണിക്കണമെന്ന കൽപ്പനയും നാം നിഷേധിക്കുന്നില്ല. പദവിയിലും ശ്രേഷ്ഠതയിലും ഏറ്റവും മാന്യമായ ഗൃഹത്തിൽനിന്നുത്ഭവിച്ച സന്തതികളാണല്ലോ അവർ. അബ്ബാസ് അദ്ദേഹത്തിന്റെ മക്കളും, അലിയും അദ്ദേഹത്തിന്റെ മക്കളും, വീട്ടുകാരും (رٙضِي الله عنهم) എന്നിങ്ങനെയുള്ള അവരുടെ മുൻഗാമികളെപ്പോലെ നബിചര്യകളെ പിൻപറ്റി നടക്കുന്നവരാണെങ്കിൽ വിശേഷിച്ചും! തുടർന്നുകൊണ്ട് ഈ വിഷയകമായി വന്നിട്ടുള്ള ചില ഹദീഥുകളും ഇബ്നു കഥീർ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. അവയിൽ ചിലത് ഇതാണ് :

1) അലി (رضي الله عنه) യോട് അബൂബക്കർ (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) നിവേദനം ചെയ്യുന്നു: എന്റെ കുടുംബം പാലിക്കുന്നതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റസൂൽതിരുമേനിയുടെ കുടുംബം പാലിക്കലാകുന്നു.

2) അൽപം ദീർഘമായ ഒരു ഹദീഥിൽ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ആവർത്തിച്ചു പറഞ്ഞതായി മുസ്‍ലിം (رحمه الله) മുതലായവർ ഉദ്ധരിക്കുന്നു : എന്റെ അഹ്‍ലുബൈത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ ഓർമ്മപ്പെടുത്തുന്നു: (أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي) ആരെല്ലാമാണ് അഹ്‌ലുബൈത്തിൽ ഉൾപ്പെടുന്നത് എന്നതിനെക്കുറിച്ച് സൂ: അഹ്സാബ് 33-ലും അതിന്റെ വ്യാഖ്യാനത്തിലും പ്രസ്താവിച്ചത് ഓർക്കുക.

42:24
  • أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَـٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَـٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٢٤﴿
  • അതല്ല (-പക്ഷെ,) അവൻ [നബി] അല്ലാഹുവിന്റെ പേരിൽ കളവു കെട്ടിച്ചമച്ചു എന്ന് അവർ പറയുന്നുവോ?! എന്നാൽ, അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, (നബിയെ,) നിന്റെ ഹൃദയത്തിനു അവൻ മുദ്ര വെക്കുന്നതാണ്. അല്ലാഹു മിഥ്യയായുള്ളതിനെ മായി (ചു നീ)ക്കുകയും, യാഥാർത്ഥമായുള്ളതിനെ തന്റെ വചനങ്ങൾ മൂലം യാഥാർത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും.നിശ്ചയമായും അവൻ നെഞ്ച് [ഹൃദയം] കളിലുള്ളതിനെക്കുറിച്ച് അറിയുന്നവനാണ്.
  • أمْ يَقُولونَ അതല്ല അവർ പറയുന്നുവോ افْتَرَى അവൻ കെട്ടിച്ചമച്ചുവെന്നു على اللهِ അല്ലാഹുവിന്റെ മേൽ كَذِبًا കളവു, വ്യാജം فَإن يَشَإاللهُ എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം يَخْتِمْ അവൻ മുദ്രവെക്കും عَلَى قَلْبِكَ നിന്റെ ഹൃദയത്തിനു وَيَمْحُ اللهُ അല്ലാഹു മായ്ക്കുകയും(തുടച്ചു നീക്കു)കയും ചെയ്യും البَاطِلَ മിഥ്യയെ, അന്യായത്തെ, വ്യർത്ഥത്തെ وَيُحِقُّ അവൻ യഥാർത്ഥമാക്കുക (സ്ഥാപിക്കുക, സ്ഥിരപ്പെടുത്തുക) യും ചെയ്യും الحَقَّ യാഥാർത്ഥത്തെ, ന്യായത്തെ بِكَلِماتِهِ അവന്റെ വചനങ്ങൾ കൊണ്ട് إنّهُ عليمٌ നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدور നെഞ്ചുകളിൽ (ഹൃദയങ്ങളിൽ) ഉള്ളതിനെ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ പേരിൽ യാതൊന്നും കളവ് പറഞ്ഞുണ്ടാക്കുന്നില്ലെന്നും, അവിടുത്തെ ഉൽബോധനങ്ങളെല്ലാം യഥാർത്ഥമാണെന്നും വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹൃദയത്തിന് അല്ലാഹു മുദ്രവെക്കുകയും, യഥാർത്ഥ സത്യം സ്ഥാപിക്കുന്നതിനുള്ള അനന്തര നടപടികളെടുക്കുകയും ചെയ്യുമായിരുന്നു എന്നു സാരം.

42:25
  • وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ ﴾٢٥﴿
  • അവനത്രെ, തന്റെ അടിയാന്മാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിന്മകൾക്ക് മാപ്പ് കൊടുക്കുകയും, നിങ്ങൾ ചെയ്തുവരുന്നത് അറിയുകയും ചെയ്യുന്നു.
  • وَهُوَ അവനത്രെ الّذِي يَقْبَلُ التَّوْبَةَ പശ്ചാത്താപം (ഖേദം) സ്വീകരിക്കുന്നവൻ عَن عِبَادِهِ തന്റെ അടിയാന്മാരിൽ നിന്ന് وَيَعْفُوا അവൻ മാപ്പു നൽകുകയും ചെയ്യുന്നു عَنِ السَّيِّئَاتِ തിന്മകൾക്ക് وَيَعْلَمُ അവൻ അറിയുകയും ചെയ്യും مَا تفْعَلُون നിങ്ങൾ ചെയ്യുന്നത്
42:26
  • وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَـٰفِرُونَ لَهُمْ عَذَابٌ شَدِيدٌ ﴾٢٦﴿
  • വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവൻ ഉത്തരം നൽകുകയും, അവർക്കു തന്റെ അനുഗ്രഹത്തിൽ (അഥവാ ദയവിൽ) നിന്നും വർദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. അവിശ്വാസികളാകട്ടെ, അവർക്ക് കഠിനമായ ശിക്ഷയുമുണ്ട്.
  • وَيَسْتَجِيبُ അവൻ ഉത്തരം നൽകുന്നു الَّذِينَ آمَنُوا വിശ്വസിച്ചവർക്കു وَعَمِلُو الصَّالِحَاتِ സൽക്കര്‍മ്മമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَيَزِيدُهُمْ അവർക്കു വർദ്ധിപ്പിച്ചു കൊടുക്കും مِن فَضْلِهِ അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്നും وَالكَافِرُونَ അവിശ്വാസികളാകട്ടെ لَهُمْ അവർക്കുണ്ട് عَذَابٌ شَدِيد കഠിനശിക്ഷ

പശ്ചാത്താപത്തെയും, പാപമോചനത്തെയും സംബന്ധിച്ച് സൂ: സുമർ 53ലും, അതിന്റെ വ്യാഖ്യാനത്തിലും വിവരിച്ചത് ഓർക്കുക.

42:27
  • وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌ ﴾٢٧﴿
  • അല്ലാഹു അവന്റെ അടിയാന്മാർക്ക് ഉപജീവനം [ആഹാരം] വിശാലമാക്കി കൊടുത്തിരുന്നുവെങ്കിൽ, അവർ ഭൂമിയിൽ അതിക്രമം നടത്തുമായിരുന്നു. പക്ഷെ, അവൻ താൻ ഉദ്ദേശിക്കുന്ന ഒരു തോത് [വ്യവസ്ഥ] അനുസരിച്ച് ഇറക്കികൊടുക്കുകയാണ്, നിശ്ചയമായും, അവൻ തന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിയും, കണ്ടറിയുന്നവനുമാകുന്നു.
  • وَلَوْ بَسَطَ اللَّـهُ അല്ലാഹു വിശാലമാക്കിയിരുന്നെങ്കിൽ الرِّزْقَ ഉപജീവനം, ആഹാരം لِعِبَادِهِ തന്റെ അടിയാൻമാർക്ക് لَبَغَوْا അവർ അതിക്രമം (കുഴപ്പം) നടത്തുമായിരുന്നു فِي الْأَرْضِ ഭൂമിയിൽ وَلَـٰكِن يُنَزِّلُ എങ്കിലും അവൻ ഇറക്കുന്നു بِقَدَرٍ ഒരു തോത്(അളവ്, കണക്ക്, വ്യവസ്ഥ) പ്രകാരം مَّا يَشَاءُ അവൻ ഉദ്ദേശിക്കുന്നത് إِنَّهُ بِعِبَادِهِ നിശ്ചയമായും അവൻ തന്റെ അടിയാന്മാരെപ്പറ്റി خَبِيرٌ സൂക്ഷ്മജ്ഞാനിയാണ് بَصِيرٌ കണ്ടറിയുന്നവനാണ്

വളരെ ശ്രദ്ധേയമായ ഒരു യാഥാർത്ഥ്യമാണ് ഈ വചനത്തിലൂടെ അല്ലാഹു അറിയിച്ചു തരുന്നത്. എല്ലാവർക്കും അവരുടെ ഇഷ്ടം പോലെ ജീവിതമാർഗ്ഗങ്ങൾ വിശാലമാക്കിക്കൊടുത്താൽ മനുഷ്യർ ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കുകയാണ് ചെയ്യുക. അതുകൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്ന ഒരു തോതനുസരിച്ചാണ് അതു നൽകിക്കൊണ്ടിരിക്കുന്നത്. തന്റെ അടിയാന്മാരായ മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും അവന് സസൂക്ഷ്‍മം അറിയാമല്ലോ. സുഖസൗകര്യങ്ങൾ വർദ്ധിച്ചാലും, കുറഞ്ഞാലും അവരുടെ സ്ഥിതിഗതികൾ എപ്രകാരമായിരിക്കും? അവ ഏത് തോതിൽ നൽകുന്നതിലാണ് പൊതുനൻമ? ഇത്യാദി എല്ലാ കാര്യങ്ങളും അവന് തികച്ചും അറിയാം എന്നൊക്കെയാണ് ഈ വചനം ഉണർത്തുന്നത്. തുറന്ന ഹൃദയത്തോടുകൂടി മനുഷ്യചരിത്രം പരിശോധിക്കുന്ന ഏവർക്കും ഈ യാഥാർത്ഥ്യം വേഗം മനസ്സിലാക്കാവുന്നതാണ്. വ്യക്തികളാകട്ടെ, ജനതകളാകട്ടെ, രാഷ്ട്രങ്ങളാകട്ടെ, ഉയർന്ന ജീവിത നിലവാരത്തിൽ എത്തിക്കഴിഞ്ഞാൽ, മാനുഷികമൂല്യങ്ങളും, ധാർമ്മികബോധവും നശിച്ച്, പൈശാചികവും മൃഗീയവുമായ ജീവിതം നയിക്കുന്നതായിട്ടാണ് അനുഭവം. ഇന്നത്തെ സമ്പന്ന വിഭാഗങ്ങളുടെ സ്ഥിതിഗതികൾ പരിശോധിച്ചാൽ ഈ വാസ്‌തവം മനസ്സിലാക്കാം.

വേണ്ടാ, അൽപമൊന്ന് ആലോചിച്ചുനോക്കുക: ഭൂമിയിൽ എല്ലാവർക്കും വേണ്ടത്ര ജീവിതസൗകര്യങ്ങൾ നല്കപ്പെട്ടുവെന്നു വിചാരിക്കുക. ഒരാൾ മറ്റൊരാളെ അനുസരിക്കുമോ? മറ്റൊരാൾക്ക് കീഴൊതുങ്ങുമോ? കീഴൊതുക്കുവാൻ സാധ്യമാകുമോ? തൊഴിലും ജോലിയും ചെയ്യുവാൻ ആളെ കിട്ടുമോ? അന്യോന്യം തട്ടിക്കയറുവാനും കയ്യേറ്റം ചെയ്യുവാനുമല്ലാതെ സഹായത്തിനോ സഹകരണത്തിനോ ആളുണ്ടാകുമോ?….. എല്ലാവരും ജീവിതക്ലേശം അനുഭവിക്കുന്നതായാലത്തെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെയായിരിക്കുന്നതാണ്. അതു കൊണ്ടുതന്നെയാണ് ഉപജീവനമാർഗ്ഗത്തിൽ അല്ലാഹു ചിലരെ ഉയർത്തിയും, മറ്റുചിലരെ താഴ്ത്തിയും വെച്ചിരിക്കുന്നതും. അപ്പോഴേ മനുഷ്യജീവിതമാകുന്ന തുലാസ്സിന്റെ സമനില (ബാലൻസ്) ശരിപ്പെടുകയുള്ളൂ. അടുത്ത അദ്ധ്യായം 32-ാം വചനത്തിൽ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. താരതമേന്യ നോക്കുമ്പോൾ, ജീവിതസൗകര്യം കുറവാകുന്നതു കൊണ്ട് ഉളവാകുന്ന ദോഷത്തെക്കാൾ അതിന്റെ ആധിക്യംകൊണ്ടാണ് ലോകത്ത്‌ ദോഷം സംഭവിക്കുന്നതെന്ന് കാണാം. ഭൗതിക വീക്ഷണത്തിലൂടെ മാത്രം ഗുണദോഷങ്ങൾ വിലയിരുത്തുന്നവർക്കുമാത്രമേ ഈ വാസ്‌തവം സമ്മതിക്കുവാൻ പ്രയാസം തോന്നുകയുള്ളൂ. മനുഷ്യന്റെ ഏക ജീവിതലക്ഷ്യം ക്ഷണികമായ ഈ ഭൗതിക സുഖഭോഗം മാത്രമായിരിക്കുമല്ലോ അവരുടെ ദൃഷ്ടിയിൽ, നേരെമറിച്ച് അതിനെക്കാൾ ഉപരിയായ – ശാശ്വതമായ – സുഖസൗകര്യങ്ങളാണ് തങ്ങളുടെ ജീവിതലക്ഷ്യമെന്നും, ആകയാൽ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളുടെ സുരക്ഷിതത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അറിയുന്നവർക്ക് ഈ പ്രസ്‌താവനയിൽ അണുവോളം സംശയം തോന്നുകയില്ല.

അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്‌താവിച്ചത്‌:

إنَّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا

(സാരം: എന്റെ ശേഷം നിങ്ങളെപ്പറ്റി ഞാൻ ഭയപ്പെടുന്ന ഒരു കാര്യമാണ്. ഇഹലോകജീവിതത്തിന്റെ മോടിയും അലങ്കാരവും നിങ്ങൾക്ക് തുറന്നുകിട്ടുന്നത്. (ബു.മു) ഈ പ്രവചനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് ശേഷം ഏറെത്താമസിയാതെത്തന്നെ പുലർന്നു കാണുവാനും തുടങ്ങി. മുസ്‌ലിംകളുടെ മതപരവും, ധാർമികവുമായ അധഃപതനത്തിൽ മാത്രമല്ല, ഭരണരംഗത്തും, സാമൂഹ്യ രംഗത്തുമെല്ലാം തന്നെ അവരുടെ യശസ്സ് നഷ്‌ടപ്പെടുവാനും ഒടുക്കം അത് കാരണമായിത്തീരുകയും ചെയ്‌തു.

42:28
  • وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ ﴾٢٨﴿
  • അവൻ തന്നെയാണ് അവർ [ജനങ്ങൾ] നിരാശപ്പെട്ടതിനു ശേഷം മഴ ഇറക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവനും. സ്തുത്യർഹനായ കൈകാര്യകർത്താവും അവൻ തന്നെ.
  • وَهُوَ الَّذِي അവൻ യാതൊരുവനാണ്, അവനാണ് യാതൊരുവൻ يُنَزِّلُ الْغَيْثَ മഴ ഇറക്കുന്ന مِن بَعْدِ ശേഷം مَا قَنَطُوا അവർ നിരാശപ്പെട്ടതിന്റെ وَيَنشُرُ അവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു رَحْمَتَهُ തന്റെ കാരുണ്യം وَهُوَ الْوَلِيُّ അവനത്രെ കൈകാര്യ കർത്താവും الْحَمِيدُ സ്തുത്യർഹൻ, സ്തുതിക്കപ്പെടുന്നവൻ
42:29
  • وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ ﴾٢٩﴿
  • അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, ആകാശങ്ങളെയും ഭൂമിയെയും, ജീവജന്തുക്കളായി അവരണ്ടിലും അവൻ വിതരണം ചെയ്‌തിട്ടുള്ളതിനേയും സൃഷ്ട്ടിച്ചത്. അവൻ ഉദ്ദേശിക്കുന്നതായാൽ. അവയെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനുമാണ് അവൻ.
  • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് خَلْقُ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ചത് وَالْأَرْضِ ഭൂമിയെയും وَمَا بَثَّ فِيهِمَا അവ രണ്ടിലും അവൻ വിതരണം ചെയ്‌തതിനെയും (വ്യാപിപ്പിച്ചതിനെയും) مِن دَابَّةٍ ജീവജന്തുവായിട്ട് وَهُوَ അവൻ عَلَىٰ جَمْعِهِمْ അവരെ ഒരുമിച്ച് കൂട്ടുവാൻ إِذَا يَشَاءُ അവൻ ഉദ്ദേശിക്കുന്ന പക്ഷം, ഉദ്ദേശിക്കുമ്പോൾ قَدِيرٌ കഴിവുള്ളവനാണ്

دَابَّةٍ (ദാബ്ബത്ത്) എന്ന വാക്ക് ചരിക്കുന്ന എല്ലാ ജീവികള്‍ക്കും പറയപ്പെടുന്നതാണ്. മനുഷ്യന്‍, ജിന്ന്‌, മലക്കുകള്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയ എല്ലാ ജീവികള്‍ക്കും ആ വാക്ക് ഉപയോഗിക്കാം. ആകാശഗോളങ്ങളിലും മലക്കുകള്‍ക്കും പുറമേ പലതരം ജീവികള്‍ ഉണ്ടായിരിക്കാമെന്നാണ് ഈ വചനത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്. അല്ലാഹുവിനറിയാം. അവയുടെ പ്രകൃതിസ്വഭാവങ്ങളെപ്പറ്റിയോ മറ്റോ നമുക്കൊന്നും തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഭൂമിയിലെ പലതരം ജീവികളെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നൂര്‍ 45-ല്‍ പറയുന്നു: يَخْلُقُ اللَّهُ مَا يَشَاء അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കും) ആടു – മാട് – ഒട്ടകം – കഴുത – കുതിര മുതലായവയെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നഹ്‍ല് 8 ല്‍ ഇങ്ങിനെ പറയുന്നു: وَيَخْلُقُ مَالَا تَعْلَمُونَ (നിങ്ങള്‍ക്ക് അറിയാത്തതിനെ അവന്‍ സൃഷ്ടിക്കും) ആഗോള നിരീക്ഷകരായ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഉപരിഗോളങ്ങളില്‍ ജീവജാലങ്ങളുള്ളതായി മനസ്സിലാക്കുവാന്‍ കഴിയാത്തത് കൊണ്ടോ, ഏതെങ്കിലും ചില ഗോളങ്ങളില്‍ ജീവികള്‍ ഇല്ലെന്ന് അവരുടെ നിരീക്ഷണങ്ങള്‍ തെളിയിച്ചതുകൊണ്ടോ ഇപ്പറഞ്ഞതിന് തടസ്സം നേരിടുന്നില്ല. മനുഷ്യന്റെ കഴിവും നിരീക്ഷണവും എത്രമേല്‍ പുരോഗമിച്ചാലും ശരി, അല്ലാഹുവിന്റെ സൃഷ്ടിരഹസ്യങ്ങളെ സംബന്ധിച്ചിടത്തോളം വന്‍സമുദ്രങ്ങളിലെ ഒരു തുള്ളിക്കണക്കിന് പോലും അവ എത്തിച്ചേരുകയില്ല. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, ശാസ്ത്രത്തിന്റെ ഭാവിപുരോഗമനംവഴി, ഇന്നുവരെ നാം അറിഞ്ഞിട്ടില്ലാത്ത ഉപരിലോക ജീവികളെപ്പറ്റി കുറച്ചെന്തെങ്കിലും വിവരങ്ങള്‍ നമുക്ക് വഴിയെ അറിയുവാന്‍ സാധിച്ചെന്നുവരാം. അത്രമാത്രം.

എല്ലാറ്റിനെയും സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്ന അല്ലാഹുവിന് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ മുഴുവനും ഒരു സ്ഥലത്ത് ഒരുമിച്ച്കൂട്ടുവാനും കഴിയുന്നതാണ്. അതെ, ഖിയാമാത്തുനാളില്‍ അത് സംഭവിക്കുന്നതുമാകുന്നു നിശ്ചയം അവന്‍ ഉദ്ദേശിക്കുന്നപക്ഷം, ഭൗതികജീവിയായ മനുഷ്യനും, വാനജീവികളായ മറ്റേതെങ്കിലും ജീവികളും തമ്മില്‍ സന്ധിക്കുവാനും തടസ്സമൊന്നുമില്ലതന്നെ. അങ്ങിനെ, അവന്‍ ഉദ്ദേശിക്കുന്നപക്ഷം – അടുത്ത കാലത്ത് ചന്ദ്രനില്‍പോയി തിരിച്ചു പോരുവാന്‍ വേണ്ടുന്ന മാര്‍ഗദര്‍ശനവും സജ്ജീകരണവും നല്‍കി മനുഷ്യനെ സഹായിച്ചതുപോലെ-മറ്റൊരിക്കല്‍ അതിനുള്ള മാര്‍ഗവും മനുഷ്യന് അവന്‍ തുറന്ന്‌ കൊടുത്തേക്കാം. الله اعلم

വിഭാഗം - 4

42:30
  • وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ ﴾٣٠﴿
  • നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു.
  • وَمَا أَصَابَكُم നിങ്ങൾക്ക് എന്ത് ബാധിച്ചാലും, നിങ്ങൾക്ക് ബാധിച്ചത് مِّن مُّصِيبَةٍ ആപത്തായിട്ട്, വല്ല ബാധയും فَبِمَا كَسَبَتْ സമ്പാദിച്ച (പ്രവർത്തിച്ച)തു കൊണ്ടാണ് أَيْدِيكُمْ നിങ്ങളുടെ കരങ്ങൾ, കൈകൾ وَيَعْفُوا അവൻ മാപ്പ് ചെയ്കയും ചെയ്യുന്നു عَن كَثِيرٍ പലതിനെ സംബന്ധിച്ചും, മിക്കതിനെയും

മനുഷ്യൻ ഓർത്തിരിക്കേണ്ടുന്ന ഒരു യാഥാർത്ഥ്യമാണിത്. അതെ, മനുഷ്യനു ബാധിക്കുന്ന ഓരോ ആപത്തും മനുഷ്യ പ്രവർത്തനത്തിന്റെ അനന്തരഫലമായിരിക്കുമെന്ന്. എന്നാൽ, മനുഷ്യന്റെ എല്ലാ പ്രവർത്തികൾക്കും അതതിന്റേതായ ദോഷഫലങ്ങൾ അനുഭവപ്പെടുന്നില്ലതാനും. പലതും അല്ലാഹു മാപ്പാക്കി വിട്ടുകൊടുത്തു കൊണ്ടിരിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ അവസ്ഥ അതിഭയാനകമായിത്തീരുമായിരുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് നോക്കുക:

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى – النحل – ٦١

(മനുഷ്യരുടെ അക്രമത്തിനനുസരിച്ച് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ, അതിന്റെ -ഭൂമിയുടെ- മീതെ യാതൊരു ജീവജന്തുവെയും അവൻ ബാക്കിവച്ചേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിർണയിക്കപ്പെട്ട അവധിവരേക്കും അവൻ അവരെ ഒഴിവാക്കിവെക്കുകയാണ് ചെയ്യുന്നത്. (സൂ: നഹ്ൽ, 61).

മനുഷ്യന്റെ ശരീരാരോഗ്യസംബന്ധമായ കാര്യങ്ങളിൽപോലും മനുഷ്യൻ നിത്യേന ചെയ്‌തു കൊണ്ടിരിക്കുന്ന തെറ്റുകൾക്കനുസരിച്ച് പ്രത്യാഘാതം സംഭവിക്കുന്നുണ്ടായിരുന്നുവെങ്കിൽ, നിശ്ചയമായും ആരോഗ്യത്തോടുകൂടി ജീവിക്കുന്ന മനുഷ്യനെ ലോകത്ത് കാണുവാൻ വളരെ പ്രയാസമാണ്. സ്വഭാവത്തിലും, പെരുമാറ്റത്തിലും, ധാർമികതുറകളിലുമെല്ലാം മനുഷ്യൻ – വ്യക്തിപരമായും സാമൂഹ്യമായും – ചെയ്‌തുവരുന്ന അനീതികളെപ്പറ്റിയും, അവമൂലം നേരിടാവുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ഈ ഖുര്‍ആന്‍ വചനം മുമ്പിൽവെച്ചുകൊണ്ട് ഒന്നാലോചിച്ചുനോക്കുക! അല്ലാഹുവിന്റെ സഹനവും, അവൻ മനുഷ്യനു നല്‍കുന്ന മാപ്പും എത്രയെത്ര മഹത്തരം! മനുഷ്യൻ ചെയ്‌തുകൂട്ടുന്ന കണക്കറ്റ തെറ്റുകുറ്റങ്ങളുടെ അനന്തരഫലങ്ങൾ മിക്കതും സംഭവിക്കാതെ അല്ലാഹു കാത്തുരക്ഷിക്കുന്നു. എത്രയോ തെറ്റുകളുടെ ആപൽഫലങ്ങളിൽ അവൻ അയവ് വരുത്തി ലഘൂകരിക്കുന്നു. മറ്റു ചിലതിന്റെ പ്രതികരണം സാക്ഷാൽരൂപത്തിൽ പ്രത്യക്ഷപ്പെടുത്താതെ, വേറെ ഏതെങ്കിലും എളുതായ മാർഗത്തിൽകൂടി മാത്രം അനുഭവപ്പെടുത്തി കഴിച്ചലാക്കുന്നു. ഇതിനെല്ലാം പുറമേ, ഇഹത്തിൽ വെച്ച് നടപടിയെടുക്കാതെ, പരത്തിലേക്ക് നീക്കിവെക്കുന്ന തെറ്റുകുറ്റങ്ങൾ വേറെയും. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന്റെ പ്രവൃത്തിദോഷങ്ങൾ മുഴുവനും അനുഭവത്തിൽ വരുത്താതെ പലതും അല്ലാഹു മാപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ് (وَيَعْفُوا۟ عَن كَثِيرٍ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: എന്തെങ്കിലും ഒരു ബുദ്ധിമുട്ടാകട്ടെ, വിഷമമാകട്ടെ, വ്യസനമാകട്ടെ, ഉപദ്രവമാകട്ടെ, സങ്കടമാകട്ടെ – ഒരുമുള്ള്‍ കുത്തുന്നതു പോലും – ഒരു മുസ്ലിമിന് സംഭവിക്കുന്നതായാല്‍, അത് നിമിത്തം അല്ലാഹു അവന്റെ തെറ്റുകൾ പൊറുത്തുകൊടുക്കാതിരിക്കുകയില്ല. (ബു;മു.)

42:31
  • وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾٣١﴿
  • ഭൂമിയിൽ നിങ്ങൾ (അല്ലാഹുവിനെ) അസാധ്യമാക്കുന്നവരല്ല; അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കാര്യകർത്താവുമില്ല, ഒരു സഹായകനുമില്ല.
  • وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന)വർ فِي الْأَرْضِ ഭൂമിയിൽ وَمَا لَكُم നിങ്ങൾക്കില്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ مِن وَلِيٍّ ഒരു കൈകാര്യക്കാരനും, രക്ഷാധികാരിയും وَلَا نَصِيرٍ ഒരു സഹായകനുമില്ല
42:32
  • وَمِنْ ءَايَـٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ ﴾٣٢﴿
  • അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, മലകളെപോലെ (ഉയർന്നു കൊണ്ട്) സമുദ്രത്തിൽ (സഞ്ചരിക്കുന്ന) കപ്പലുകൾ.
  • وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് الْجَوَارِ സഞ്ചരിക്കുന്നവ (കപ്പലുകൾ) فِي الْبَحْرِ സമുദ്രത്തിൽ كَالْأَعْلَامِ (പൊന്തിക്കാണുന്ന) മലകളെപ്പോലെ
42:33
  • إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ ﴾٣٣﴿
  • അവൻ ഉദ്ദേശിക്കുന്നപക്ഷം, കാറ്റിനെ അവൻ അടക്കിനിര്‍ത്തുകയും, അങ്ങിനെ അവ അതിന്റെ [സമുദ്രത്തിന്റെ] മുകളിൽ (നിശ്ചലമായും) തങ്ങിനിൽക്കുന്നവയായിത്തീരുകയും ചെയ്യുന്നതാണ്. നിശ്ചയമായും, അതിൽ, ക്ഷമാലുക്കളും നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.
  • إِن يَشَأْ അവൻ ഉദ്ദേശിക്കുന്ന പക്ഷം يُسْكِنِ الرِّيحَ കാറ്റിനെ അവൻ അടക്കിനിർത്തും فَيَظْلَلْنَ എന്നിട്ടവ ആയിത്തീരും رَوَاكِدَ തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ عَلَىٰ ظَهْرِهِ അതിന്റെ മുകളിൽ, പുറത്ത് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ നന്ദിയുള്ളവരായ
42:34
  • أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍ ﴾٣٤﴿
  • അല്ലെങ്കിൽ, അവർ [ജനങ്ങൾ] പ്രവർത്തിച്ചുവെച്ചതിന്റെ കാരണമായി അവയെ [കപ്പലുകളെ] അവൻ നശിപ്പിച്ചു കളഞ്ഞേക്കുന്നതാണ്. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യും.
  • أَوْ يُوبِقْهُنَّ അല്ലെങ്കിൽ അവയെ അവൻ നശിപ്പിക്കും بِمَا كَسَبُوا അവർ പ്രവർത്തിച്ചത് നിമിത്തം وَيَعْفُ അവൻ മാപ്പ് ചെയ്യുകയും ചെയ്യും عَن كَثِيرٍ പലതിനെയും
42:35
  • وَيَعْلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍ ﴾٣٥﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവർ അറിഞ്ഞുകൊള്ളുകയും ചെയ്യും; അവർക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ല എന്ന്. [അതിന്നുംകൂടിയാണ് അങ്ങിനെ ചെയ്തേക്കുന്നത്].
  • وَيَعْلَمَ അറിയുവാനും الَّذِينَ يُجَادِلُونَ തർക്കം നടത്തുന്നവർ فِي آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളിൽ مَا لَهُم അവർക്കില്ല مِّن مَّحِيصٍ ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും

മുൻകാലത്ത് യന്ത്ര കപ്പലുകൾ ഇല്ലാതിരുന്നതുകൊണ്ട് പായകപ്പലുകളെപ്പറ്റിയാണ് ഖുര്‍ആനില്‍ പ്രസ്താവിക്കാറുള്ളത്. എങ്കിലും ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ പായക്കപ്പലുകൾമാത്രമല്ല, പരിഷ്കരിച്ച വൻകപ്പലുകളും ഉൾപ്പെടുന്നുതാനും. സാധാരണനിലയിൽ യന്ത്രക്കപ്പലുകൾക്ക് കാറ്റിന്റെ ഗതിവിഗതികള്‍ ഒരു പ്രശ്നമല്ലെങ്കിലും, അമിതമായ കാറ്റും കോളും അവക്കും പേടിക്കേണ്ടതുണ്ടെന്നതിൽ സംശയമില്ല. ആഞ്ഞടിച്ചും വെള്ളത്തിൽ മുങ്ങിയും, കടലിലെ പാറകളിലും മലകളിലും ചെന്നിടിച്ചും, മണലിൽപൂന്തിയും, യന്ത്രം തകരാറിലായും ഇങ്ങിനെ പലവിധത്തിലുള്ള അപായസാധ്യതകളിൽ നിന്ന് അവയും ഒഴിവല്ല. മനുഷ്യൻ ചെയ്യുന്ന തെറ്റുകുറ്റങ്ങൾ കാരണം അവയെ പല നിലക്കും അപകടപ്പെടുത്തി നടപടിയെടുക്കുവാൻ അല്ലാഹുവിന്‌ കഴിയും. അങ്ങിനെയുള്ള ദുരന്തഘട്ടങ്ങളിൽ അല്ലാഹുവിങ്കൽ നിന്നല്ലാതെ രക്ഷാമാർഗ്ഗമില്ലെന്ന് സത്യനിഷേധികൾക്ക് പോലും ബോധ്യപ്പെടുകയും ചെയ്യും. പക്ഷേ മുപ്പതാംവചനത്തിൽ പറഞ്ഞതുപോലെ, പലതും മാപ്പു നൽകിയും വിട്ടുവീഴ്ച ചെയ്തും കൊണ്ടിരിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് മനുഷ്യന് സമാധാനപൂർവ്വം ഉദ്ദേശിച്ചതു പോലെ സമുദ്ര സഞ്ചാരം നടത്തുവാൻ സൗകര്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങളിൽ ക്ഷമാപൂർവ്വം, കൃതജ്ഞതാബുദ്ധിയോടുകൂടി, ആലോചിച്ച് നോക്കുന്നവർക്ക് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളെയും, അപാരമായ കഴിവുകളെയും, അവന്റെ കൈകാര്യങ്ങളിൽ അന്തർഭവിച്ചിരിക്കുന്ന യുക്തിമഹത്വങ്ങളെയും സാക്ഷീകരിക്കുന്ന ദൃഷ്ടാന്തങ്ങൾ പലതും കണ്ടെത്താവുന്നതാണ്. واللّه الموفق

42:36
  • فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٣٦﴿
  • എന്നാൽ, നിങ്ങൾക്ക് വല്ല വസ്തുവും നൽകപ്പെട്ടിട്ടുണ്ടെങ്കിലത്‌ ഐഹിക ജീവിതത്തിന്റെ ഉപകരണമാകുന്നു. അല്ലാഹുവിന്റെ പക്കലുള്ളതാകട്ടെ, കൂടുതൽ ഉത്തമവും, കൂടുതൽ ശേഷിക്കുന്നതുമാകുന്നു. (അത് ആർക്കാണെന്നോ?-) വിശ്വസിക്കുകയും തങ്ങളുടെ റബ്ബിന്റെ മേൽ (കാര്യങ്ങളെ) ഭരമേല്പിക്കുകയും ചെയ്യുന്നവർക്കും;
  • فَمَا أُوتِيتُم എന്നാൽ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത് مِّن شَيْءٍ വല്ല വസ്തുവും فَمَتَاعُ الْحَيَاةِ ജീവിതത്തിന്റെ ഉപകരണം (വിഭവം) ആകുന്നു الدُّنْيَا ഐഹിക, ഇഹത്തിന്റെ وَمَا عِندَ اللَّـهِ അല്ലാഹുവിങ്കലുള്ളതാകട്ടെ خَيْرٌ ഉത്തമമായതാണ് وَأَبْقَىٰ അധികം ശേഷിക്കുന്നതും لِلَّذِينَ آمَنُوا വിശ്വസിച്ചവർക്ക് وَعَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ മേൽ يَتَوَكَّلُونَ അവർ ഭരമേൽപ്പിക്കുകയും ചെയ്യും
42:37
  • وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ ﴾٣٧﴿
  • മഹാപാപങ്ങളെയും, നീചവൃത്തികളെയും വിട്ടകന്നു നിൽക്കുന്നവർക്കും; ദേഷ്യം വരുമ്പോൾ അവർ പൊറുത്തുകൊടുക്കുകയും ചെയ്യും (അങ്ങിനെയുള്ളവർക്കും);
  • والّذِينَ يَجتَنِبُون വിട്ടകന്നു നിൽക്കുന്നവർക്കും كَبَائِرَ الإثمِ പാപത്തിൽ വലുതായവയെ (മഹാപാപങ്ങളെ) وَالْفَوَاحِشَ നീചവൃത്തികളെയും وَإِذَا مَاغَضِبُوا അവർ കോപിച്ചാൽ, ദേഷ്യം പിടിച്ചാൽ هُمْ يَغْفِرُونَ അവർ പൊറുക്കുകയും ചെയ്യും
42:38
  • وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٣٨﴿
  • തങ്ങളുടെ റബ്ബിന് ഉത്തരം നൽകുകയും, നമസ്കാരം നിലനിർത്തുകയും ചെയ്തവർക്കും; തങ്ങളുടെ കാര്യം തങ്ങൾക്കിടയിൽ കൂടിയാലോചിക്കപെടുന്നതായിരിക്കും, നാം തങ്ങൾക്ക് നല്കിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യും (അങ്ങിനെയുള്ളവർക്കും);
  • والّذِينَ اسْتَجابُوا ഉത്തരം നൽകിയവരും لِرَبِّهِم തങ്ങളുടെ റബ്ബിന് وَأَقَامُوا നിലനിർത്തുകയും ചെയ്തു الصَّلَاةَ നമസ്കാരം وأَمْرُهُم അവരുടെ കാര്യം شُورَىٰ കൂടിയാലോചിക്കപ്പെടുന്നതുമാണ് بَيْنَهُم തങ്ങൾക്കിടയിൽ ومِمّا رَزَقناهُم നാമവർക്ക് നൽകിയതിൽ നിന്ന് يُنفِقون അവർ ചിലവഴിക്കുകയും ചെയ്യും
42:39
  • وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ ﴾٣٩﴿
  • തങ്ങൾക്ക് (വല്ലവരിൽ നിന്നും) അതിക്രമം ബാധിച്ചാൽ, (സ്വയം) രക്ഷാനടപടി എടുക്കുന്നവർക്കും.
  • وَالّذينَ യാതൊരുവർക്കും إِذَا أَصَابَهُمُ അവർക്ക് ബാധിച്ചാൽ الْبَغْىُ അതിക്രമം (കയ്യേറ്റം) هُم അവർ يَنتَصِرُونَ രക്ഷാനടപടിയെടുക്കും

ഇങ്ങിനെയുള്ള സജ്ജനങ്ങൾക്കാണ് അല്ലാഹുവിങ്കൽ നിന്ന് – അഥവാ പരലോകത്തുവെച്ച് – ലഭിക്കുന്ന എല്ലാ പ്രതിഫലങ്ങളും വളരെ ഉത്തമവും, നശിച്ചുപോകാതെ അവശേഷിക്കുന്നതും ആയിരിക്കുക. ഈ ഗുണങ്ങൾ നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിങ്കൽനിന്ന് ലഭിക്കുവാനിരിക്കുന്നത്‌ ശിക്ഷയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം, ഇഹത്തിൽ തങ്ങൾക്ക് ലഭിച്ചതെന്തോ അത് മാത്രമേ അവർക്കുള്ളൂ. ഈ വചനങ്ങളിൽ സജ്ജനങ്ങളുടേതായ പത്ത് ഗുണങ്ങളെയാണ് അള്ളാഹു എടുത്ത് കാണിച്ചിരിക്കുന്നത്:

1) സത്യവിശ്വാസം: സത്യവിശ്വാസം സ്വീകരിക്കാത്തവർക്ക് പരലോകത്ത് യാതൊരു രക്ഷയുമില്ലെന്നും, അവിശ്വാസികളുടെ യാതൊരു കർമ്മവും അവിടെ സ്വീകാര്യമല്ലെന്നും അള്ളാഹു ഖുർആനിൽ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കെ, തുടർന്ന് പറയുന്ന മറ്റെല്ലാ ഗുണങ്ങളും സത്യവിശ്വാസത്തോടുകൂടി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂവെന്ന് പറയേണ്ടതില്ല.

2) കാര്യങ്ങൾ അല്ലാഹുവിൽ ഭാരമേല്പിക്കാൻ, അതായത്: അവനവന്റെ കഴിവിൽപെട്ടതെല്ലാം പ്രവർത്തിക്കുകയും, കഴിവിനപ്പുറമുള്ളതിൽ ശുഭപ്രതീക്ഷയോടും വിശ്വാസത്തോടും കൂടി അല്ലാഹുവിൽ ഭരമേല്പിച്ചു സമാധാനപ്പെടുകയും ചെയ്യുക. ഇതിനെപ്പറ്റിയും ഖുർആനിലും ഹദീഥിലും ധാരാളം പ്രസ്താവിക്കപ്പെടാറുള്ളതാണ്.

3, 4) മഹാപാപങ്ങളിൽ നിന്നും നീചവൃത്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കുക: കർശനമായി വിരോധിക്കപ്പെട്ടിട്ടുള്ളതും, ശിക്ഷാനിയമങ്ങൾക്ക് വിധേയമായതുമായ എല്ലാ പാപങ്ങളും മഹാപാപത്തിൽ ഉൾപ്പെടുന്നു. മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത നിന്ദ്യകൃത്യങ്ങളും, അന്യന് അപമാനവും മാനനഷ്ടവും വരുത്തുന്ന നീചകൃത്യങ്ങളുമാണ് الْفَوَاحِشْ (നീചവൃത്തികൾ) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. നിസ്സാരങ്ങളായ തെറ്റ്കുറ്റങ്ങൾ വന്നു പോകുക മനുഷ്യസഹജമാണ്. അതുകൊണ്ട്‌ അല്ലാഹു അതിൽ വിട്ടുവീഴ്ച ചെയ്യുന്നതാകുന്നു. അല്ലാഹു പറയുന്നു:

إِنْ تَجْتَنِبُوا كَبَابِرَ مَاتُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلا كَرِيمًا – النساء :٣١

(നിങ്ങളോട് വിരോധിക്കപ്പെടുന്നതിൽ വൻകാര്യങ്ങളെ നിങ്ങൾ വിട്ടകന്ന് നിൽക്കുന്നപക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങൾക്ക് നാം മൂടിവെച്ച് – പൊറുത്ത് – തരുകയും, നിങ്ങളെ നാം മാന്യമായ പ്രവേശനം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.(സൂ. നിസാഉ്‌ 31)

5) കോപം വന്നാൽ പൊറുത്തു കൊടുക്കൽ: സഹിഷ്ണുതയില്ലായ്മയിൽനിന്നും, പ്രതികാരവാഞ്ചയില്‍ നിന്നുമാണ് കോപം ഉണ്ടാകുന്നത്. അപ്പോൾ, കോപം അനുഭവപ്പെടുന്നവൻ തന്റെ പ്രതിയോഗിയുടെ നേരെ മാപ്പും വിട്ടുവീഴ്ചയും കൈക്കൊള്ളുന്ന പക്ഷം, അതവന്റെ മാന്യതയും ഹൃദയശുദ്ധിയും പരിപക്വതയുമാണ് കാണിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

لَيْسَ الشَّدِيدُ بالصُّرَعَةِ إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْعَضَبِ – متفق عليه

സാരം: ‘മൽപിടുത്തതിൽ ആളെ വീഴ്‌ത്തുന്നതു കൊണ്ടല്ല, ഊക്കനാകുന്നത്, ദേഷ്യം വരുമ്പോൾ മനസ്സിനെ സ്വാധീനപ്പെടുത്തുന്നവനാണ് ഊക്കൻ’.

6) റബ്ബിന് ഉത്തരം ചെയ്യൽ: അതായത് അല്ലാഹുവും അവന്റെ റസൂലും ഏത് കാര്യത്തിലേക്ക് ക്ഷണിച്ചാലും ആ ക്ഷണം സ്വീകരിക്കുകയും – അത് തന്റെ ഇച്ഛക്കും ഇഷ്ടത്തിനും അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ – അതിനെ നിരുപാധികം പിൻപറ്റി അനുസരിക്കുകയും ചെയ്യുക.

7) നമസ്കാരം നിലനിറുത്തൽ: ഈ രണ്ടു ഗുണങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് വിശേഷിച്ചൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യം ഇല്ലതന്നെ.

8) കാര്യങ്ങളിൽ അന്യോന്യം കൂടിയാലോചനനടത്തൽ: മനുഷ്യന്റെ പാരത്രികമോ, മതപരമോ ആയ വശങ്ങളിൽ മാത്രമല്ല, ലൗകികവും ഭൗതികവുമായ വശങ്ങളിൽ പോലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗുണമത്രെ ഇത്. തർക്കവും കക്ഷിവഴക്കും അവസാനിപ്പിക്കുന്നതിലും, മതകാര്യങ്ങളും, പൊതുകാര്യങ്ങളും, നടപ്പാക്കുന്നതിലും, ഭിന്നാഭിപ്രായങ്ങളിൽ യോജിപ്പ് വരുത്തുന്നതിലും, നാനാമുഖങ്ങളായ പ്രശ്നങ്ങളെ നേരിടുന്നതിലുമെല്ലാം തന്നെ കൂടിയാലോചന എത്രമാത്രം പ്രയോജനകരമാണെന്നു എടുത്ത് പറയേണ്ടതില്ല. നേരെമറിച്ച് അത്യാവശ്യമായ തോതിലെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ ഏകപക്ഷീയമായി കാര്യങ്ങൾ കയ്യാളുന്നത് നിമിത്തം ഉണ്ടാകാറുള്ള ഭവിഷ്യത്തുകൾ പലപ്പോഴും വമ്പിച്ചതായിരിക്കും. അല്ലാഹുവിങ്കൽ നിന്ന് വഹ്‌യ്‌ ലഭിക്കുന്ന ആളായിരുന്നിട്ട് പോലും, പ്രധാന വിഷയങ്ങൾ നേരിടുമ്പോഴെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സ്വഹാബികളുമായി അവയെപ്പറ്റി കൂടിയാലോചന നടത്തുക പതിവായിരുന്നു.

 وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكٌلْ عَلَى اللَّهِ – ال عمران ١٠٩

(നീ അവരുമായി കാര്യത്തിൽ കൂടിയാലോചന നടത്തുക, എന്നിട്ടു നീ തീർച്ചയാക്കിക്കഴിഞ്ഞാൽ അപ്പോൾ അല്ലാഹുവിന്റെമേൽ ഭരമേല്പിച്ചുകൊള്ളുക) എന്ന് അല്ലാഹു നബിയോട് കൽപിക്കുകയും ചെയ്തിരുന്നു. കൂടിയാലോചനയുടെ പ്രാധാന്യത്തെയും, സ്വാഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതിന്റെ ഭവിഷ്യത്തുകളെയും ചൂണ്ടിക്കാട്ടുന്ന പല ഹദീഥുകളും കാണാവുന്നതാണ്. ഇമാം തിർമദീ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥ്‌ – ഇക്കാലത്ത് വിശേഷിച്ചും – പ്രത്യേകം ശ്രദ്ധാർഹമാകുന്നു:

إِذَا كَانَ أُمَرَاؤُكُمْ خِيَارَكُمْ وَأَغْنِيَاؤُكُمْ سُمَحَاءَكُمْ وَأُمُورُكُمْ شُورَى بَيْنَكُمْ فَظَهْرُ الأَرْضِ خَيْرٌ لَكُمْ مِنْ بَطْنِهَا وَإِذَا كَانَ أُمَرَاؤُكُمْ شِرَارَكُمْ وَأَغْنِيَاؤُكُمْ بُخَلاَءَكُمْ وَأُمُورُكُمْ إِلَى نِسَائِكُمْ فَبَطْنُ الأَرْضِ خَيْرٌ لَكُمْ مِنْ ظَهْرِهَا – ترمذي

(നിങ്ങളുടെ അധികാരസ്ഥന്മാർ നിങ്ങളിൽ ഉത്തമന്മാരും നിങ്ങളുടെ ധനികന്മാർ നിങ്ങളിൽ ഔദാര്യവാന്മാരും നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾക്കിടയിൽ കൂടിയാലോചിക്കപ്പെടുന്നവരും ആണെങ്കിൽ നിങ്ങൾക്ക് ഭൂമിയുടെ ഉൾഭാഗത്തേക്കാൾ അതിന്റെ ഉപരിഭാഗം ഉത്തമമായിരിക്കും. നിങ്ങളുടെ അധികാരസ്ഥന്മാർ നിങ്ങളിൽ മോശക്കാരും, നിങ്ങളുടെ ധനികന്മാർ നിങ്ങളിൽ പിശുക്കന്മാരും, നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടെ സ്ത്രീകളുടെ അടുക്കലും ആയിരുന്നാൽ അപ്പോൾ, ഭൂമിയുടെ ഉപരിഭാഗത്തേക്കാൾ അതിന്റെ ഉൾഭാഗം നിങ്ങൾക്ക് ഉത്തമമായിരിക്കും) ഹാ! ഈ ഹദീഥും ഇന്നത്തെ നമ്മുടെ പൊതുനിലയും കൂടി ഒന്ന് ആലോചിച്ച് നോക്കുക. اللٌه اكبر

9) അല്ലാഹു നൽകിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കൽ: അല്ലാഹു നൽകിയതല്ലാതെ മനുഷ്യന്റെ പക്കൽ എന്താണുള്ളത്? ഭൂവിഭവങ്ങളെല്ലാം ഉൽപാദിക്കുന്നതും, മനുഷ്യന്റെ അദ്ധ്വാനം ഫലവത്താകുന്നതും, അവനു അദ്ധ്വാനിക്കുവാൻ കഴിവുണ്ടാക്കുന്നതും അതിനു തോന്നിക്കുന്നത് പോലും – അല്ലാഹുവിന്റെ വകയാണല്ലോ. എന്നിരിക്കെ അല്ലാഹുവിന്റെ മാർഗത്തിൽ അത് വിനിയോഗിക്കുന്നത് മനുഷ്യന്റെ കടമയും, അല്ലാഹുവിനോട് നന്ദി കാണിക്കലുമാണ്. അല്ലാഹു നൽകിയതെല്ലാം ചിലവഴിക്കണമെന്ന് അല്ലാഹു നിർബന്ധിക്കുന്നില്ല. നൽകിയതിൽ നിന്ന് ചിലവഴിക്കുക – അതായതു കഴിവിന്റെ തോതും, വിനിയോഗിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും അനുസരിച്ചു ചിലവഴിക്കുക – എന്നേ അല്ലാഹു ആവശ്യപ്പെടുന്നുള്ളൂ.

10) അന്യരിൽ നിന്ന് അതിക്രമം നേരിട്ടാൽ സ്വയം രക്ഷാനടപടി എടുക്കൽ: അതായത്, അക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, ഭീരുത്വവും ചപലതയും കാണിക്കാതെ, ധീരവും സമർത്ഥവുമായ നിലയിൽ അതിനെ ചെറുക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുക. എതിരാളിയോട് പ്രതികാരം ചെയ്യാതെ മാപ്പു നൽകുവാൻ പ്രോൽസാഹനം നൽകികൊണ്ടുള്ള കൽപനകളും, ഇപ്പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമൊന്നുമില്ല. രണ്ടിന്റെയും സന്ദർഭങ്ങൾ വ്യത്യസ്തമാണ്. വ്യക്തിപരമായ കാര്യവും പൊതുകാര്യവും തമ്മിലും മാപ്പു നൽകിയാൽ അതിനു കുറവുണ്ടാകുന്ന മാന്യനും കൂടുതൽ ധിക്കാരത്തിന് മുതിരുന്ന ദുഷ്ടനും തമ്മിലും, മാപ്പിനെ ദുർബ്ബലതയായി കണക്കാക്കുന്ന പ്രതിയോഗിയും ഔദാര്യമായി ഗണിക്കുന്ന പ്രതിയോഗിയും തമ്മിലും വ്യത്യാസമുണ്ടായിരിക്കും. ഒന്ന് ധീരതയാണെങ്കിൽ മറ്റേത് ഔദാര്യമാകുന്നു. ഒരു കവി ഈ തത്വമാണ് ചൂണ്ടിക്കാട്ടുന്നത്.

إِذَا أَنْتَ أَكْرَمْتَ الكَرِيمَ مَلَكْتَهُ ** وَإِنْ أَنْتَ أَكْرَمْتَ الَلَّئِيمَ تَمَرَدا

وَوَضْعُ النَّدَى فِي مَوْضِعِ السَّيْفِ بِالعُلا ** مُضِرٌّ كَوَضْعِ السَّيْفِ في مَوْضِعِ النَّدَى

(സാരം: മാന്യനെ നീ മാനിച്ചാൽ നിനക്കവനെ സ്വാധീനിക്കാം, ദുഷ്ടനെ മാനിച്ചാൽ അവൻ ധിക്കാരം പ്രവർത്തിക്കയാണ് ചെയ്യുക. അതുകൊണ്ടു വാൾ ഉപയോഗിക്കേണ്ട സ്‌ഥാനത്ത് ഔദാര്യം പ്രയോഗിക്കുന്നത് ഔദാര്യത്തിന്റെ സ്‌ഥാനത്ത് വാൾ പ്രയോഗിക്കുന്നത് പോലെത്തന്നെ, ഉപദ്രവകരമാകുന്നു)

മർഹൂം അല്ലാമ: സയ്യിദ് ക്വുതുബ് അദ്ദേഹത്തിന്റെ തഫ്സീറിൽ ചൂണ്ടിക്കാണിച്ചത് പോലെ, ഈ അദ്ധ്യായം അവതരിച്ചത് മക്കീ കാലഘട്ടത്തിലാണല്ലോ. മുസ്‌ലിങ്ങൾക്ക് തങ്ങളുടെ ശത്രുക്കളോട് പ്രതികാരവും രക്ഷാനടപടിയും കൈക്കൊള്ളുവാൻ സാധിക്കാത്ത, ക്ഷമയും സഹനവും മാത്രം അവലംബമായിരുന്ന കാലമായിരുന്നു അത്. അപ്പോൾ, മുസ്‌ലിം സമുദായത്തിൽ സ്‌ഥിരപ്രതിഷ്ഠിതമായി നിലകൊള്ളേണ്ടിയിരിക്കുന്നതും, സമുദായത്തിന്റെ നിലനില്പിനും വളർച്ചക്കും അവശ്യം ആവശ്യമായിട്ടുള്ളതുമായ ഒരു സ്വഭാവം എന്ന നിലക്കുകൂടിയാണ് അല്ലാഹു – ഇക്കാര്യം – അതിക്രമം ബാധിച്ചാൽ അതിനെതിരെ രക്ഷാനടപടി സ്വീകരിക്കുക എന്ന നയം- മുസ്‌ലിംകളെ പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. മാപ്പു നൽകുന്നതിനെക്കുറിച്ചും പ്രതികാരനടപടി എടുക്കുന്ന പക്ഷം അതെങ്ങിനെയായിരിക്കണമെന്നും അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നു.

42:40
  • وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ ﴾٤٠﴿
  • ഒരു തിന്മയുടെ പ്രതിഫലം, അതുപോലെയുള്ള ഒരു തിന്മയാകുന്നു. എന്നാൽ, ആരെങ്കിലും മാപ്പുനൽകുകയും നന്നാക്കുക (അഥവാ നല്ലത് പ്രവർത്തിക്കുക)യും ചെയ്‌താൽ, അവന്റെ കൂലി അല്ലാഹുവിന്റെ മേൽ (ബാധ്യതപ്പെട്ടത്) ആകുന്നു. നിശ്ചയമായും, അവൻ അക്രമം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല.
  • وَجَزَاءُ سَيِّئَةٍ ഒരു തിന്മയുടെ പ്രതിഫലം سَيِّئَةٌ مِّثْلُهَا അതുപോലെയുള്ള ഒരു തിന്മയാണ് فَمَن عَفا എന്നാൽ ആരെങ്കിലും മാപ്പ് ചെയ്താൽ وَأصْلَحَ നന്നാക്കുകയും, നല്ലതു പ്രവർത്തിക്കുകയും فأَجرُهُ എന്നാലവന്റെ കൂലി, പ്രതിഫലം عَلَى اللَّـهِ അല്ലാഹുവിന്റെ മേലാകുന്നു إِنَّهُ لَا يُحِبُّ നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നില്ല الظَّالِمِينَ അക്രമികളെ
42:41
  • وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَـٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ ﴾٤١﴿
  • തന്നെ ആക്രമിച്ചതിന് ശേഷം ആരെങ്കിലും രക്ഷാനടപടി എടുക്കുന്നതായാൽ, അക്കൂട്ടരുടെ മേൽ [അവർക്കെതിരെ വല്ലതും പ്രവർത്തിക്കുവാൻ] യാതൊരു മാർഗ്ഗവുമില്ല.
  • ولَمَنِ انتَصَرَ ആരെങ്കിലും രക്ഷാനടപടിയെടുത്താൽ بَعْدَ ظُلْمِهِ തന്നെ അക്രമിച്ചതിനു ശേഷം فَأُولَٰئِكَ എന്നാൽ അക്കൂട്ടർ ما عَلَيهِم അവരുടെമേൽ ഇല്ല مِّن سَبِيل യാതൊരു മാർഗ്ഗവും, വഴിയും
42:42
  • إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ ﴾٤٢﴿
  • നിശ്ചയമായും മാർഗ്ഗമുള്ളത് ജനങ്ങളെ അക്രമിക്കുകയും, ന്യായമല്ലാത്ത വിധേന ഭൂമിയിൽ അതിക്രമം നടത്തുകയും ചെയ്യുന്നവരുടെ മേൽമാത്രമാണ്. അക്കൂട്ടർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
  • إِنَّمَا السَّبِيلُ നിശ്ചയമായും മാർഗ്ഗമുള്ളത് عَلَى الَّذِينَ യാതൊരുവരുടെ മേൽ മാത്രമാണ് يَظْلِمُونَ النَّاسَ ജനങ്ങളെ അക്രമിക്കുന്ന وَيَبْغُونَ അതിക്രമം നടത്തുകയും ചെയ്യുന്ന في الأرْضِ ഭൂമിയിൽ بِغيرِ الْحقِّ ന്യായമില്ലാതെ أُولَٰئِكَ അക്കൂട്ടർ لَهُم അവർക്കുണ്ട് عذابٌ أليم വേദനയേറിയ ശിക്ഷ
42:43
  • وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ ﴾٤٣﴿
  • ആരെങ്കിലും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്താൽ, നിശ്ചയമായും അത് (മനോ) ദാർഢ്യതയുള്ള കാര്യങ്ങളിൽ പെട്ടതാകുന്നു.
  • وَلَمَن صَبَرَ ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ وَغَفَرَ പൊറുക്കുകയും إِنَّ ذَٰلِكَ നിശ്ചയമായും അത് لَمِن عَزمِ الأُمُور ദൃഢതയുള്ള (സുദൃഢമായ - വേണ്ടപ്പെട്ട) കാര്യങ്ങളിൽ പെട്ടതുതന്നെ

ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിൽ മാത്രമേ അങ്ങോട്ടും ചെയ്യാൻ പാടുള്ളൂ; അതിൽ കവിയുവാൻ പാടില്ല. തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാണ്. (وَجَزَاءُ سَيِّئَةٍ سيِّئَةٌ مِثۡلُهَا) എന്ന് പറഞ്ഞതിന്റെ താൽപര്യം അതാണ്‌.

(وَاِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُو قِبۡتُم بِهِ وَلَئِن صَبَرۡتُم لَهُوَخَيۡرٌ لِّلصَّابِرينَ – النحل :١٢٦

(നിങ്ങൾ പ്രതികാര നടപടി എടുക്കുകയാണെങ്കിൽ നിങ്ങളോട് എടുക്കപ്പെട്ട നടപടിപോലെയുള്ളത് കൊണ്ട് നടപടിയെടുക്കുവിൻ, നിങ്ങൾ ക്ഷമിക്കുന്നെങ്കിലോ, നിശ്ചയമായും അത് ക്ഷമിക്കുന്നവർക്ക് ഉത്തമമാകുന്നു. (സൂ :നഹ്ൽ)

فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْۚ وَٱتَّقُوا۟ اللَّهَ – البقرة :١٩٤

(ആരെങ്കിലും നിങ്ങളോട് അതിര് വിട്ട് പ്രവർത്തിച്ചാൽ നിങ്ങളോടവൻ അതിരു വിട്ടതുപോലെയുള്ളതുകൊണ്ടു -അങ്ങോട്ടും അതിര് കടന്നുകൊള്ളുവിൻ, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. (അൽബക്വറഃ) എന്നീ വചനങ്ങൾ ഈ വിഷയം കൂടുതൽ വ്യക്തമാക്കുന്നു. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, പല്ലിന് പല്ല്, എന്നിങ്ങനെ കൃത്യമായിട്ടായിരിക്കണം പ്രതികാരം എന്നുള്ളത് ഇസ്‌ലാമിലെ ഖണ്ഡിതമായ നിയമമാണ്. പ്രതികാരം എടുക്കുന്നത് അക്രമി ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിലായിരിക്കയാൽ രണ്ട് ഭാഗക്കാരുടെ പ്രവർത്തനവും ഒരേ രീതിയിലുള്ളതായിരിക്കുമല്ലോ. അതു കൊണ്ടാണ് രണ്ടിനെക്കുറിച്ചും ‘തിന്മ’ എന്നും ‘അതിക്രമം’ എന്ന് (سَيِّئَة، ٱعْتَدَىٰ) അല്ലാഹു പറഞ്ഞിരിക്കുന്നത്.

കൂടാതെ, പ്രധാനപ്പെട്ട ഒരു സൂചനയും അതിൽ അന്തർഭവിച്ചിരിക്കുന്നത് കാണാം. അക്രമിക്കപ്പെട്ടവന്റെ ഒരാവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്; പക്ഷേ, അത് വാസ്തവത്തിൽ ഇങ്ങോട്ട് ചെയ്തതുപോലെയുള്ള അക്രമവും തിന്മയുംതന്നെയാണല്ലോ. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാനത്ത്‌ മാപ്പും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവുമായിട്ടുള്ളത്. ഇതാണാ സൂചന اللّه ٲعلم.

അക്രമിക്ക് മാപ്പ് നൽകുകയെന്നത് അക്രമിക്കപ്പെട്ടവന്റെ ഭാഗത്തുനിന്നുള്ള ഔദാര്യവും, മാന്യതയുമായതുകൊണ്ടുതന്നെയാണ് അല്ലാഹു അതിനെപ്പറ്റി പല സ്ഥലത്തും ശക്തിയായ ഭാഷയിൽ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും. മാപ്പ് നൽകിയതുകൊണ്ട് മതിയാക്കാതെ, നിലവിലുള്ള ശത്രുതാമനഃസ്ഥിതി അവസാനിപ്പിക്കുകയും നല്ലപെരുമാറ്റം വഴി സ്നേഹബന്ധം സ്ഥാപിക്കുകയും ചെയ്യുമ്പോൾ പ്രസ്‌തുത ഗുണം കൂടുതൽ മെച്ചപ്പെട്ടതായിത്തീരുകയും, പ്രതിയോഗിക്ക് അതൊരു ഗുണപാഠമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് മാപ്പ് നൽകുകയും, നന്നാക്കുകയും ചെയ്‌താൽ അതിന് പ്രതിഫലം നൽകൽ അല്ലാഹുവിന്റെ ബാധ്യതയാണ് (فَمَنْ عَفَا وَأَصْلَحَ  الخ) എന്ന് പ്രത്യേകം പ്രസ്‌താവിക്കുന്നതും. (ഹാമീം സജദ : 34, 35 മുതലായ വചനങ്ങൾ ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും).  അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (إِنّهُ لا يُحِبُّ الظَالِمِين) എന്ന വാക്യത്തിൽ ആദ്യമായി അക്രമം നടത്തിയവൻ മാത്രമല്ല, പ്രതികാര നടപടിയിൽ അതിര് കവിഞ്ഞവനും ഉൾപ്പെടുന്നു. രണ്ട് പേർ അന്യോന്യം പഴി പറയുമ്പോൾ അക്രമത്തിന് വിധേയനായവൻ അങ്ങോട്ടുള്ള മറുപടിയിൽ അതിര് വിട്ട് പറയാത്തപക്ഷം, രണ്ട് പേരും, അന്യോന്യം പറഞ്ഞതിന്റെ കുറ്റം മുഴുവനും ആദ്യം പറയുവാൻ തുടങ്ങിയവന്റെ പേരിലായിരിക്കുമെന്നും ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്‌തിട്ടുള്ള ഒരു ഹദീഥിൽ വന്നിട്ടുള്ളത് ഇവിടെ പ്രസ്‌താവ്യമാണ്.

الْمُسْتَبَّانِ ما قالا فَعَلَى البادِئِ، ما لَمْ يَعْتَدِ المَظْلُومُ – أَخْرَجَهُ مُسْلِمٌ

അക്രമത്തിനും കയ്യേറ്റത്തിനും വിധേയനായവൻ നിയമാനുസൃതം രക്ഷാനടപടി എടുക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യുന്നത് തടയുവാനും, അതിനെപ്പറ്റി ആക്ഷേപിക്കുവാനും, അതിന്റെ പേരിൽ അവനെ അക്രമിക്കുവാനും പാടില്ല. നേരെമറിച്ച് വ്യക്തികളെ ആക്രമിക്കുക, നാട്ടിൽ അതിക്രമവും കുഴപ്പവും ഉണ്ടാക്കുക മുതലായവ ചെയ്യുന്ന ദ്രോഹികൾക്കെതിരിൽ മാത്രമേ അതെല്ലാം ചെയ്യാവൂ. ഇഹത്തിൽ വെച്ചുള്ള നടപടികൾക്ക് പുറമെ, അല്ലാഹുവിന്റെ അടുക്കൽ വെച്ചു അതികഠിനമായ ശിക്ഷക്ക് ഇവർ വിധേയരായിരിക്കും. എന്നതൊക്കെയാണ് 41, 42 എന്നീ ആയത്തുകളിൽ പ്രസ്‌താവിക്കുന്നത്. 43-ാം വചനത്തിൽ ക്ഷമയുടെയും, മാപ്പ് നൽകുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ആവർത്തിച്ചുണർത്തിയിരിക്കുകയാണ്. അത് മനോദാർഢ്യതയിൽനിന്ന് ഉളവാകുന്ന ഒരു മഹത്തായ ഗുണമാണെന്നും അല്ലാഹുവിന്റെ അടുക്കൽ അത് നിസ്സാരമല്ല-വളരെ വീര്യപ്പെട്ടതാണ് – എന്നുകൂടി ഊന്നിപ്പറയുന്നു.

അഹ്‌മദ് (رحمه الله), അബൂദാവൂദ് (رحمه الله) എന്നിവർ നിവേദനം ചെയ്‌ത ഒരു ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കൽ അബൂബക്കർ (رضي الله عنه) നോട് ഇപ്രകാരം പറഞ്ഞതായി കാണാം: മൂന്ന് കാര്യങ്ങൾ തികച്ചും പരമാർത്ഥമാണ്: ഏതൊരു അടിയാനും ഒരു അക്രമത്തിന് വിധേയനായിട്ട് അവൻ അല്ലാഹുവിന് വേണ്ടി അതിനെപ്പറ്റി കണ്ണടക്കുന്ന പക്ഷം, അത് മൂലം അല്ലാഹു അവന് പ്രതാപം നൽകുകയും, സഹായിക്കുകയും ചെയ്യാതിരിക്കയില്ല. ഏതൊരു മനുഷ്യനും ചാർച്ചബന്ധം ചേർക്കുന്നതിനെ ഉദ്ദേശിച്ചുകൊണ്ട് ഒരു സംഭാവനയുടെ വാതിൽ (മാർഗ്ഗം) തുറക്കുന്നപക്ഷം, അല്ലാഹു അത് മൂലം അവന് വർദ്ധനവ് നൽകാതിരിക്കയില്ല. ഏതൊരു മനുഷ്യനും തന്നെ (ഉള്ളതിൽ കൂടി) വർദ്ധിച്ചു കിട്ടുവാൻ ഉദ്ദേശിച്ചു കൊണ്ട് ചോദ്യത്തിന്റെ വാതിൽ (യാചനമാർഗ്ഗം) തുറക്കുന്ന പക്ഷം, അത് മൂലം അവന് കുറവ് (നഷ്ടം) അധികരിപ്പിക്കാതിരിക്കയുമില്ല.