വിഭാഗം - 4

31:31
  • أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَـٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ ﴾٣١﴿
  • അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമുദ്രത്തിൽ കൂടി കപ്പലുകൾ സഞ്ചരിക്കുന്നതു നീ കണ്ടില്ലേ, അവന്റെ ദൃഷ്ടാന്തങ്ങളിൽനിന്നു (ചിലതു) നിങ്ങൾക്കു കാണിച്ചുതരുവാൻ വേണ്ടി?! നിശ്ചയമായും, കൃതജ്ഞരായ എല്ലാ ക്ഷമാശീലന്മാർക്കും അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ ٱلْفُلْكَ കപ്പലുകൾ (ആണെന്നു) تَجْرِى സഞ്ചരിക്കുന്നു فِى ٱلْبَحْرِ സമുദ്രത്തിൽ بِنِعْمَتِ ٱللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്താൽ لِيُرِيَكُم നിങ്ങൾക്കവൻ കാണിച്ചുതരുവാൻ വേണ്ടി مِّنْ ءَايَـٰتِهِۦٓ അവന്റെ ദൃഷ്ടാന്തങ്ങളിൽനിന്നു إِنَّ فِى ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَـَٔايَـٰتٍ പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ നന്ദിയുള്ളവരായ

സത്യവിശ്വാസികൾ നിർവ്വഹിക്കേണ്ടതുള്ള കാര്യങ്ങൾ ആകമാനം പരിശോധിച്ചാൽ അവ ഒന്നുകിൽ ക്ഷമ, അല്ലെങ്കിൽ നന്ദി എന്നീ രണ്ടിലൊരു ഇനത്തിൽപെട്ടതായി കാണാം. അതായത്: വിഷമങ്ങളിലും നാശനഷ്ടങ്ങളിലും ക്ഷമയും സഹനവും പ്രകടമാക്കുക; സുഖസന്തോഷങ്ങളിലും നേട്ടങ്ങളിലും നന്ദിയും കൂറും പ്രകടമാക്കുക. ഇതാണവന്റെ കര്‍മ്മങ്ങളുടെ പശ്ചാത്തലം. ‘സത്യവിശ്വാസമെന്നത് രണ്ടു പകുതിയാണ്: ഒരു പകുതി ക്ഷമയും ഒരു പകുതി നന്ദിയും’ (الإيمان نصفان: نصف صبر ونصف شكر) എന്നു ചില ഹദീഥുകളിലും മറ്റും കാണുന്നതിന്റെ താൽപര്യം അതാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ മനസ്സിരുത്തി ചിന്തിക്കുവാനുള്ള ക്ഷമയും, അതിൽനിന്നു ലഭിക്കുന്ന ജ്ഞാനലഭ്യങ്ങളിൽ നന്ദിയും സത്യവിശ്വാസികളുടെ  ലക്ഷണമായിരിക്കും. അവർക്കേ ദൃഷ്ടാന്തങ്ങൾ ഉപയോഗപ്രദമാകുകയുള്ളൂ.

31:32
  • وَإِذَا غَشِيَهُم مَّوْجٌ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا كُلُّ خَتَّارٍ كَفُورٍ ﴾٣٢﴿
  • കുന്നുകൾപോലെയുള്ള (വമ്പിച്ച) തിരമാല അവരെ മൂടികളഞ്ഞാൽ, അനുസരണം [അഥവാ കീഴ്വണക്കം] അല്ലാഹുവിനു (മാത്രമാക്കി) നിഷ്കളങ്കരായിക്കൊണ്ടു അവർ അവനെ വിളി (പ്രാർഥിച്ചു) ക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്കു രക്ഷപ്പെടുത്തുമ്പോഴോ, അപ്പോൾ അവരിൽ (ചിലർ) മിതത്വം സ്വീകരിച്ചവരുണ്ടായിരിക്കും. (ചിലർ നിഷേധികളും) നന്ദികെട്ട എല്ലാ അതിവഞ്ചകന്മാരുമല്ലാതെ (മറ്റാരും) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.
  • وَإِذَا غَشِيَهُم അവരെ മൂടിയാൽ, ബാധിച്ചാൽ مَّوْجٌ തിരമാല كَٱلظُّلَلِ കുന്നുകളെ (മലകളെ) പ്പോലുള്ള دَعَوُا۟ ٱللَّـهَ അവർ അല്ലാഹുവിനെ വിളിക്കും, പ്രാർത്ഥിക്കും مُخْلِصِينَ നിഷ്കളങ്കരാക്കികൊണ്ടു لَهُ അവനു ٱلدِّينَ അനുസരണം, കീഴ്വണക്കം (ഭക്തി) فَلَمَّا نَجَّىٰهُمْ എന്നാൽ അവൻ അവരെ രക്ഷപ്പെടുത്തുമ്പോഴോ إِلَى ٱلْبَرِّ കരയിലേക്ക് فَمِنْهُم അപ്പോൾ അവരിലുണ്ടായിരിക്കും, അവരിൽനിന്നു (ചിലർ) مُّقْتَصِدٌ മദ്ധ്യനിലക്കാർ, മിതാവസ്ഥയിലുള്ളവൻ وَمَا يَجْحَدُ നിഷേധിക്കയില്ല بِـَٔايَـٰتِنَآ നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ, إِلَّا كُلُّ خَتَّارٍ എല്ലാ അതിവഞ്ചകൻമാരുമല്ലാതെ كَفُورٍ നന്ദികെട്ട, കൃതഘ്നരായ

സമുദ്രയാത്രകൾക്കിടയിൽ കടൽക്ഷോഭമുണ്ടാകുകയും, കുന്നുകൾ കണക്കെ വമ്പിച്ച തിരമാലകളിലകപ്പെടുകയും ചെയ്യുന്ന ആപൽഘട്ടങ്ങൾ വരുമ്പോൾ മുശ്‌രിക്കുകൾ തങ്ങളുടെ ആരാധ്യവസ്തുക്കളായ എല്ലാ ദൈവങ്ങളെയും മറന്നുകളയുന്നു. അല്ലാഹുവിൽമാത്രം ഭയഭക്തി അർപ്പിച്ചുകൊണ്ടു നിഷ്കളങ്ക ഹൃദയത്തോടെ അവനെമാത്രം വിളിച്ചു അവർ രക്ഷക്കുവേണ്ടി പ്രാർത്ഥിക്കും. ആപത്തൊഴിഞ്ഞു കരയിൽ എത്തികഴിഞ്ഞാൽ അവരിൽ ചുരുക്കം ചിലർ മാത്രം ഒരു വിധം മിതമായ നിലക്കാരുണ്ടായിരിക്കും. അഥവാ ശിർക്കിന്റെ പ്രവർത്തനങ്ങൾ പാടെ ഉപേക്ഷിക്കുന്നില്ലെങ്കിലും, അതോടുകൂടി അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും നന്ദിയും കുറച്ചൊക്കെ അവരിൽ അവശേഷിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരാകട്ടെ, തങ്ങൾ ആപൽഘട്ടത്തിൽ അഭയം പ്രാപിക്കയും, തങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനെക്കുറിച്ചു ബോധമോ, ഓർമ്മയോ, നന്ദിയോ ഒന്നുംതന്നെ അവർക്കുണ്ടായിരിക്കയില്ല. ഒട്ടും നന്ദിയില്ലാത്ത തനി നിഷേധികളായ വഞ്ചകരത്രെ ഇവർ.

തൗഹീദിന്റെ ദൃഷ്ടാന്തങ്ങളിൽ പലതും വിവരിച്ചശേഷം, പരമകാരുണികനായ അല്ലാഹു മനുഷ്യരെ ആകമാനം സംബോധന ചെയ്തുകൊണ്ടു അടുത്ത വചനത്തിൽ ഇങ്ങിനെ ഉപദേശിക്കുന്നു:

31:33
  • يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ ﴾٣٣﴿
  • ഹേ, മനുഷ്യരെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ, ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുവിൻ; (അന്ന്) ഒരു ജനയിതാവും [മാതാവോ പിതാവോ] തന്റെ സന്താനത്തിനു (യാതൊന്നും) പ്രയോജനം ചെയ്യുന്നതല്ല, ഒരു സന്താനവുംതന്നെ, തന്റെ ജനയിതാവിനും യാതൊരു പ്രയോജനവും ചെയ്യുന്നവനായിരിക്കയില്ല (അങ്ങിനെയുള്ള ഒരു ദിവസം). നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർത്ഥമാകുന്നു. ആകയാൽ, ഐഹികജീവിതം തീർച്ചയായും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാവഞ്ചകനും [പിശാചും] നിങ്ങളെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ !
  • يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ, ٱتَّقُوا۟ നിങ്ങൾ സൂക്ഷിക്കുവിൻ, കാത്തുകൊള്ളുവിൻ رَبَّكُمْ നിങ്ങളുടെ റബ്ബിനെ وَٱخْشَوْا۟ നിങ്ങൾ ഭയപ്പെടുകയും ചെയ്യുവിൻ يَوْمًا ഒരു ദിവസത്തെ لَّا يَجْزِى പ്രതിഫലം നൽകാത്ത, പര്യാപ്തമാക്കാത്ത (പ്രയോജനം ചെയ്യാത്ത) وَالِدٌ ഒരു ജനയിതാവും (മാതാവോ പിതാവോ) عَن وَلَدِهِۦ തന്റെ സന്താനത്തിനു (മക്കൾക്കു) وَلَا مَوْلُودٌ ഒരു സന്താനവും (മക്കളും) ആയിരിക്കാത്ത, هُوَ അവൻ جَازٍ പ്രതിഫലം നൽകുന്നവൻ (പ്രയോജനം ചെയ്യുന്നവൻ) عَن وَالِدِهِۦ തന്റെ ജനയിതാവിനു شَيْـًٔا യാതൊന്നും, ഒരു കാര്യവും إِنَّ وَعْدَ ٱللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം حَقٌّ യഥാർത്ഥമാണ് فَلَا تَغُرَّنَّكُمُ ആകയാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ ٱلْحَيَوٰةُ ٱلدُّنْيَا ഐഹികജീവിതം وَلَا يَغُرَّنَّكُم നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ بِٱللَّـهِ അല്ലാഹുവിനെ സംബന്ധിച്ചു ٱلْغَرُورُ മഹാവഞ്ചകൻ

അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ടു അവനോടു ഭയഭക്തിയുള്ളവരായിരിക്കുക എന്നത്രെ അല്ലാഹുവിനെ സൂക്ഷിക്കുന്നതുകൊണ്ടുള്ള വിവക്ഷ. മാതാപിതാക്കൾ മക്കൾക്കോ, മക്കൾ മാതാപിതാക്കൾക്കോ യാതൊരു പ്രയോജനവും ചെയ്യാത്ത – അഥവാ എന്തെങ്കിലും ഗുണം ചെയ്യുവാനോ, ദോഷം തടുക്കുവാനോ സാധ്യമാകാത്ത – ദിവസം ക്വിയാമത്തുനാളാണെന്ന് വ്യക്തമാകുന്നു. മനുഷ്യൻ തന്റെ സഹോദരനെയും തന്റെ മാതാവിനെയും, തന്റെ പിതാവിനെയും, തന്റെ ഇണ (ഭാര്യ) യെയും, തന്റെ മക്കളെയും – എല്ലാം തന്നെ – വിട്ട് ഓടിക്കളയുന്ന ദിവസമാണത്. കാരണം, അന്ന് ഓരോ മനുഷ്യനും അവന്നു മതിയാവോളം (സ്വന്തം) കാര്യമുണ്ടായിരിക്കും. (يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ – الى قوله – شَأْنٌ يُغْنِيهِ – عبس) ഓരോ മനുഷ്യനും അവനവൻ ചെയ്ത കർമ്മത്തിനു പണയമായിരിക്കും. (كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ – الطور) അന്നത്തെ അധികാരം മുഴുവനും അല്ലാഹുവിന്നുമാത്രം. (وَالْأَمْرُ يَوْمَئِذٍ لِّلَّهِ – الإنفطار) പ്രതിഫലത്തിന്റെയും വിചാരണയുടെയും ദിവസമായ അന്നേക്കുവേണ്ടി സൽക്കർമ്മങ്ങൾ ചെയ്‍വാനും പാപങ്ങളിൽനിന്നു പശ്ചാത്തപിക്കുവാനും ശ്രദ്ധിക്കുക എന്നത്രെ ഈ ദിവസത്തെ ഭയപ്പെടുക എന്നു പറഞ്ഞതിന്റെ താൽപര്യം.

അല്ലാഹുവിനെ സൂക്ഷിക്കുന്നതിനും, ക്വിയാമത്തു നാളിനെക്കുറിച്ചു ഭയപ്പാടുണ്ടാക്കുന്നതിനും മനുഷ്യർക്കു വിഘാതമായി നിൽക്കുന്നതു പ്രധാനമായും രണ്ടു കാരണങ്ങളാകുന്നു :

1. ഐഹികജീവിത സുഖങ്ങളിൽ ലയിച്ചുപോകുക. പാരത്രിക ജീവിതത്തിൽ വിശ്വസിക്കാത്തവരുടെ ജീവിതലക്ഷ്യം ഭൗതികസുഖം മാത്രമായിരിക്കുമെന്നു പറയേണ്ടതില്ല. എന്നാൽ, കേവലം പരലോകത്തെക്കുറിച്ചു വിശ്വസിക്കുന്നവരിൽപോലും ഭൗതികജീവിതത്തിനു പ്രാധാന്യം നൽകി ഭാവിജീവിതത്തിന്നു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവരാണ് മിക്ക മനുഷ്യരും. (بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا – الأعلى)

2. പിശാചിന്റെ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും. അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവർ, പിശാചിന്റെ പ്രേരണകളും വാഗ്ദാനങ്ങളും മാത്രം ആധാരമാക്കിയാണ് ജീവിതം നയിക്കുകയെന്നു സ്പഷ്ടമാണ്. എന്നാൽ അല്ലാഹുവിലും പരലോകത്തിലും പൊതുവിൽ വിശ്വാസമുള്ളതോടൊപ്പം തന്നെ പിശാചിന്റെ വലയിൽ മനുഷ്യൻ കുടുങ്ങുന്നു. ‘അല്ലാഹു പൊറുക്കുന്നവനാണ്, പരമകാരുണികനാണ്, സൽക്കർമ്മങ്ങൾ ചെയ്‍വാനും, പാപങ്ങളിൽനിന്നു പിൻമടങ്ങുവാനും എനിയും കാലമുണ്ട്. എന്നിങ്ങനെ പലതും പിശാചു തോന്നിപ്പിച്ചുകൊണ്ടിരിക്കും. അതെ, പല വാഗ്ദാനങ്ങളും അവൻ ചെയ്യും; പലതും വ്യാമോഹിപ്പിക്കുകയും ചെയ്യും. പക്ഷെ, എല്ലാം വഞ്ചനമാത്രമായിരിക്കുംതാനും.

(يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا – سورة النساء 120) ഇതു കാരണമായിട്ടാണ് ഐഹികജീവിതവും വഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്ന് അല്ലാഹു മനുഷ്യരെ താക്കീതു ചെയ്യുന്നത്. പ്രസ്തുത രണ്ടു വഞ്ചനകളിലും അകപ്പെടാതെ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ.

31:34
  • إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۢ ﴾٣٤﴿
  • നിശ്ചയമായും അല്ലാഹുവിന്റെ പക്കലത്രെ അന്ത്യസമയത്തിന്റെ അറിവ്. അവൻ മഴ ഇറക്കുകയും ചെയ്യുന്നു; ഗർഭാശയങ്ങളിലുള്ളതിനെ അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താൻ പ്രവർത്തിക്കുകയെന്നുള്ളതു ഒരാളും അറിയുന്നതല്ല; ഏതു നാട്ടിൽവെച്ചാണ് താൻ മരണമടയുകയെന്നും ഒരാളും അറിയുന്നതല്ല. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനാണ്, സൂക്ഷ്മജ്ഞനാണ്.
  • إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عِندَهُۥ അവന്റെ പക്കലാണ് عِلْمُ ٱلسَّاعَةِ അന്ത്യസമയത്തിന്റെ അറിവു وَيُنَزِّلُ അവൻ ഇറക്കുകയും ചെയ്യുന്നു ٱلْغَيْثَ മഴയെ وَيَعْلَمُ അവനറിയുകയും ചെയ്യുന്നു مَا فِى ٱلْأَرْحَامِ ഗർഭാശയങ്ങളിലുള്ളതു وَمَا تَدْرِى അറിയുന്നതല്ല نَفْسٌ ഒരാളും, ഒരു ആത്മാവും مَّاذَا تَكْسِبُ അതെന്തു പ്രവർത്തിക്കുമെന്നതു غَدًا നാളെ وَمَا تَدْرِى അറിയുന്നതുമല്ല نَفْسٌۢ ഒരാളും بِأَىِّ أَرْضٍ ഏതു ഭൂമിയിലാണ് (നാട്ടിലാണ്) تَمُوتُ അതു മരിക്കുന്നത് (എന്നും) إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ സർവ്വജ്ഞനാണ്خَبِيرٌۢ സൂക്ഷമജ്ഞനാണ്

അല്ലാഹുവല്ലാതെ മറ്റാരും അറിയാത്ത അഞ്ച് അദൃശ്യകാര്യങ്ങളാണ് ഈ വചനത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്.

1) ലോകാവസാനഘട്ടം – അത് എപ്പോഴാണെന്നുള്ളത്.

2) മഴ വർഷിക്കൽ – അത് എപ്പോഴാണ്, എവിടെയൊക്കെയാണ്, എങ്ങിനെയൊക്കെയായിരിക്കും എന്നുള്ളത്.

3) ഗർഭത്തിലിരിക്കുന്ന ശിശു – അതു ആണോ പെണ്ണോ പൂര്‍ണ്ണശിശുവോ, അപൂര്‍ണ്ണശിശുവോ, വെളുത്തതോ, കറുത്തതോ, സൽസ്വഭാവിയോ, ദുഃസ്വഭാവിയോ, ദീർഘായുസ്സുള്ളതോ, ഇല്ലാത്തതോ, എന്നിത്യാദിയുള്ളത്.

4) ഒരാൾ നാളെ എന്തൊക്കെ ചെയ്യുമെന്നതു – അഥവാ നാളത്തെ സംഭവങ്ങൾ.

5) ഒരാൾ എവിടെവെച്ച് മരിക്കും – അഥവാ അതു എപ്പോഴാണ്, എങ്ങിനെയാണ് എന്നൊക്കെ. ഈ അഞ്ചിനുപുറമെ വേറെയും എത്രയോ അദൃശ്യകാര്യങ്ങൾ – അല്ലാഹുവിനല്ലാതെ അറിയാവതല്ലാത്ത കാര്യങ്ങൾ – നിലവിലുണ്ട്. കേവലം ചില ഉദാഹരണങ്ങൾ മാത്രമായ ഈ അഞ്ചെണ്ണം ഇവിടെ ഒന്നിച്ചു പ്രസ്താവിച്ചുകാണുവാൻ കാരണം ഈ വചനം അവതരിപ്പിച്ചതു താഴെപറയുന്ന സന്ദർഭത്തിലായത് കൊണ്ടായിരിക്കാം. الله أعلم

വാരിഥുബ്നു അംറ് (وارث بن عمرو) എന്നു പേരായ ഒരാൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിക്കയുണ്ടായി: ‘മുഹമ്മദേ, എപ്പോഴാണ് അന്ത്യസമയം ഉണ്ടാവുക? ഞങ്ങളുടെ നാട് (മഴകിട്ടാതെ) വരൾച്ച പ്രാപിച്ചിരിക്കുകയാണ്. എപ്പോഴാണ് (മഴ പെയ്ത്) ക്ഷേമമുണ്ടായിത്തീരുക? ഞാൻ പോരുമ്പോൾ എന്റെ ഭാര്യക്കു ഗർഭമുണ്ട്. അവൾ എന്തു കുട്ടിയെയാണ് പ്രസവിക്കുക? ഞാൻ ഇന്നു പ്രവർത്തിച്ചതു എനിക്കറിയാം. എന്നാൽ, നാളെ ഞാൻ എന്തൊക്കെ പ്രവർത്തിക്കും? ഞാൻ ജനിച്ചതു ഏതു നാട്ടിലാണെന്നു എനിക്കറിയാം. എന്നാൽ ഞാൻ ഏതു നാട്ടിലാണ് മരണമടയുക?’ ഇതിനെത്തുടർന്നാണ് ഈ ആയത്ത് അവതരിപ്പിച്ചതെന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (*) ‘അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ’ – അഥവാ ഖജനാക്കൾ (مَفَاتِيحُ الْغَيْبِ) എന്നു പ്രസ്താവിച്ചുകൊണ്ട് ഒരിക്കൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനം ഓതുകയുണ്ടായെന്നു ഇബ്നുഉമർ (رضي الله عنهما) നിവേദനം ചെയ്തിരിക്കുന്നു. (ബു; മു.)


(*) رواه المنذري وذكر البغوي وغيره ونحوه


നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കും, ബുദ്ധിക്കും തികച്ചും അതീതമായ കാര്യങ്ങൾക്കാണു അദൃശ്യജ്ഞാനം (الْغَيْب) എന്നു പറയപ്പെടുന്നത്. സാധാരണ പതിവനുസരിച്ചോ, ലക്ഷണങ്ങൾ മുഖേനയോ ലഭിക്കുന്ന അനുമാനങ്ങൾ – അവ യഥാർത്ഥമായി പുലർന്നാലും – അദൃശ്യജ്ഞാനമല്ല. അതുപോലെതന്നെ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രഹണശക്തിയെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്ന യന്ത്രങ്ങൾ മുതലായ ഉപകരണങ്ങൾ വഴി സിദ്ധിക്കുന്ന അറിവുകളും അതിൽ ഉൾപ്പെടുന്നതല്ല. ഉദാഹരണമായി കാറ്റ്, മേഘം, താപം, ഊർജ്ജം ആദിയായവ പരിശോധിച്ച് ഇന്നിന്ന സ്ഥലങ്ങളിൽ ഇന്ന സമയം മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്മാർ അഭിപ്രായപ്പെടുന്നു. വൈദ്യശാസ്ത്രം, ആരോഗ്യശാസ്ത്രം, ശരീരശാസ്ത്രം മുതലായവയിൽ വൈദഗ്ധ്യവും, പരിചയവും സിദ്ധിച്ചവർ ഗർഭത്തിലിരിക്കുന്ന കുട്ടിയെയും, രോഗിയുടെ മരണത്തെയും കുറിച്ച് ചില അഭിപ്രായങ്ങളും, അനുമാനങ്ങളും പുറപ്പെടുവിക്കുന്നു. ഇതെല്ലാം പലപ്പോഴും തെറ്റായും, പലപ്പോഴും ശരിയായുമിരിക്കും. പക്ഷേ, അൽപസ്വൽപ വ്യത്യാസത്തോടുകൂടിയല്ലാതെ തികച്ചും സൂക്ഷ്മമായും കൃത്യമായും സംഭവിക്കുക കേവലം വിരളമാണ്.

ഇതുപോലെതന്നെ, ചില ജ്യോൽസ്യൻമാരും, ചില ശാസ്ത്രജ്ഞൻമാരും – ചില തത്വങ്ങളെ അടിസ്ഥാനമാക്കി – ഈ ലോകഘടന താറുമാറായിപ്പോകുന്ന ഒരു മഹാപ്രളയത്തെക്കുറിച്ച് ചില സന്ദർഭങ്ങളിൽ പ്രവചിക്കുന്നതു കാണാം. കാലനിര്‍ണ്ണയം ചെയ്തുകൊണ്ടുള്ള അത്തരം പ്രവചനങ്ങൾക്കൊന്നും തനി അനുമാനമെന്നതിൽ കവിഞ്ഞു യാതൊരു സ്ഥാനവും ഇല്ലതന്നെ. ചിലതെല്ലാം തെറ്റാണെന്നു ഇതിനകം ലോകം കണ്ടുകഴിഞ്ഞു. ബാക്കിയുള്ളവയും അങ്ങിനെ തെറ്റായി പുലരുകയും ചെയ്യും. നാളെ ഞാൻ ഇന്ന കാര്യം ചെയ്യുമെന്നു പരിപാടിയിടലും, അഭിമാനിക്കലും സാധാരണ മനുഷ്യന്റെ പതിവാണ്. പലപ്പോഴും അതിനു നേരെ വിപരീതമായ കാര്യങ്ങൾ സംഭവിക്കുന്നു. മാത്രമല്ല, പരിപാടിപ്രകാരം സംഭവം നടന്നാൽതന്നെയും സംഭവത്തിന്റെ നാനാവശങ്ങളെയും പരിശോധിക്കുമ്പോൾ അതിൽ പല ഏറ്റപ്പറ്റുകളും വന്നിട്ടുണ്ടായിരിക്കുകയും ചെയ്യും. അതിരിക്കട്ടെ, വരാനിരിക്കുന്ന ഏതെങ്കിലും ഒരു ദിവസത്തിന്റെ ആദ്യംതൊട്ട് അവസാനം വരെയുള്ള സമയങ്ങളിൽ – വേണ്ടാ, നാഴികയിലും വിനാഴികയിലും – എന്തൊക്കെയാണ്, എങ്ങിനെയൊക്കെയാണ് തന്നിൽ സംഭവിക്കുകയെന്ന് ആർക്കെങ്കിലും മുൻകൂട്ടി കണക്കാക്കുവാൻ സാധിക്കുമോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ മേൽ പ്രസ്താവിച്ച അഞ്ചു കാര്യങ്ങളെക്കുറിച്ചു പരിപൂര്‍ണ്ണവും സൂക്ഷ്മവുമായ അറിവു അല്ലാഹുവിനല്ലാതെ മറ്റാർക്കും ഇല്ലതന്നെ. നിശ്ചയമായും അവൻ സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (إِنَّ اللَّهَ عَلِيمٌ خَبِيرٌ)

പഞ്ചേന്ദ്രിയങ്ങൾ വഴി മനുഷ്യനു നേരിൽ കണ്ടെത്താവുന്ന ബാഹ്യമായ കാര്യങ്ങൾക്കപ്പുറം വല്ലതും അവനു അറിയുവാൻ കഴിയുന്നതു കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. എന്നാൽ ഒരേ കാര്യത്തിനുതന്നെ നിരവധി കാരണങ്ങൾ സമ്മേളിക്കേണ്ടതുണ്ടായിരിക്കും. അവയെ പരിപൂര്‍ണ്ണമായും സൂക്ഷ്മമായും മനസ്സിലാക്കുവാൻ പ്രയാസവുമായിരിക്കും. ബാഹ്യമായ സാധാരണ കാരണങ്ങൾക്കു നിദാനമായി മറ്റു ചില കാര്യകാരണങ്ങളുമുണ്ടാകാം. നിത്യസംഭവങ്ങളായ ചെറുതരം കാര്യങ്ങളിൽപ്പോലും അവയുടെ പൂര്‍ണ്ണപട്ടിക തയ്യാറാക്കുവാൻ മനുഷ്യനു കഴിവില്ല. അതുകൊണ്ടാണ് വമ്പിച്ച പരിശ്രമങ്ങളും, അനേകം നിരീക്ഷണപരീക്ഷങ്ങളും നടത്തിയതിന്റെ വെളിച്ചത്തിൽ മനുഷ്യൻ ചെയ്യുന്ന ആസൂത്രണങ്ങൾ പലപ്പോഴും ആശ്ചര്യമാംവണ്ണം പിഴച്ചു പരാജയപ്പെട്ടുപോകുന്നതും. ഇപ്പറഞ്ഞതെല്ലാം ഈ ഭൗതികലോകത്തെ നിത്യയാഥാർത്ഥ്യങ്ങളാണ്. എന്നിരിക്കെ, ആത്മീയലോകത്തെയും, പരലോകത്തെയും കാര്യങ്ങളെക്കുറിച്ചു – അല്ലാഹു അറിയിച്ചു തന്നാലല്ലാതെ – മനുഷ്യന് എന്താണ് അറിയുവാൻ കഴിയുക?!

وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا (നിങ്ങൾക്കു അറിവിൽനിന്നും അൽപം അല്ലാതെ നൽകപ്പെട്ടിട്ടില്ല – (17:85)

‘ഒരാളുടെ മരണം ഇന്ന നാട്ടിൽ വെച്ചായിരിക്കണമെന്നു അല്ലാഹു ഉദ്ദേശിച്ചാൽ അവനു അങ്ങോട്ടു പോകേണ്ടുന്ന ഒരാവശ്യം അല്ലാഹു ഉണ്ടാക്കുന്നു’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥിൽ അരുളിച്ചെയ്തിരിക്കുന്നു. (തി; ത്വ.) ‘എന്റെ അറിവും, താങ്കളുടെ അറിവും, സൃഷ്ടികളുടെ എല്ലാംകൂടിയുള്ള അറിവും ചേർന്നാലും, അല്ലാഹുവിന്റെ അറിവിനെ അപേക്ഷിച്ചു ഈ കുരുവിയുടെ കൊക്ക് സമുദ്രത്തിൽ വരുത്തിയ കുറവുപോലെയല്ലാതെ അതിൽകവിഞ്ഞൊന്നും അതിൽ കുറവു വരുത്തുകയില്ല’. എന്നു ഖിള്വ് ർ (عليه الصلاة والسلام) മൂസാനബി (عليه الصلاة والسلام) യോട് പറഞ്ഞതായി ബുഖാരിയും, മുസ്‌ലിമും (رحمهما الله) മറ്റും ഉദ്ധരിച്ച ദീർഘമായ ഒരു ഹദീഥിൽ കാണാം. അല്ലാഹു പറയുന്നു: (പറയുക : അല്ലാഹുവല്ലാതെ – ആകാശ ഭൂമികളിലുള്ളവർ – അദൃശ്യകാര്യത്തെ അറിയുകയില്ല.

(قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّـهُ – سورة النمل 65 )

الله ٲعلم واٍليه المرجع والماُب وله الفضل والمنة