വിഭാഗം - 3

23:33
  • وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْـَٔاخِرَةِ وَأَتْرَفْنَـٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ ﴾٣٣﴿
  • അദ്ദേഹത്തിന്റെ ജനതയില്‍നിന്ന്, അവിശ്വസിക്കുകയും പരലോകത്തെ കാണുന്നതിനെ വ്യാജമാക്കുകയും ഐഹിക ജീവിതത്തില്‍ നാം സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ളവരായ പ്രമുഖസംഘം (ഇപ്രകാരം) പറഞ്ഞു: 'ഇവന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും തന്നെ) അല്ല: നിങ്ങള്‍ തിന്നുന്നതില്‍നിന്നു അവന്‍ തിന്നുകയും, നിങ്ങള്‍ കുടിക്കുന്നതില്‍നിന്ന് അവന്‍ കുടിക്കുകയും ചെയ്യുന്നു.'
  • وَقَالَ الْمَلَأُ പ്രമുഖസംഘം പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് الَّذِينَ كَفَرُوا അവിശ്വസിച്ചവരായ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِلِقَاءِ الْآخِرَةِ പരലോകത്തെ കാണുന്നതിനെ وَأَتْرَفْنَاهُمْ നാം അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ള فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يَأْكُلُ അവന്‍ തിന്നുന്നു مِمَّا യാതൊന്നില്‍ നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു مِنْهُ അതില്‍ നിന്നു (അങ്ങിനെയുള്ളതില്‍നിന്നു) وَيَشْرَبُ അവന്‍ കുടിക്കുകയും ചെയ്യുന്നു مِمَّا تَشْرَبُونَ നിങ്ങള്‍ കുടിക്കുന്നതില്‍നിന്നു
23:34
  • وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَـٰسِرُونَ ﴾٣٤﴿
  • 'നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, നിശ്ചയമായും അപ്പോള്‍ നിങ്ങള്‍ നഷ്ടക്കാര്‍ തന്നെയാണ്.'
  • وَلَئِنْ أَطَعْتُم നിങ്ങള്‍ അനുസരിച്ചുവെങ്കില്‍ بَشَرًا ഒരു മനുഷ്യനെ مِّثْلَكُمْ നിങ്ങളെപ്പോലെയുള്ള إِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا എന്നാല്‍, അപ്പോള്‍ لَّخَاسِرُونَ നഷ്ടക്കാര്‍ തന്നെ
23:35
  • أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَـٰمًا أَنَّكُم مُّخْرَجُونَ ﴾٣٥﴿
  • 'നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാലും, നിങ്ങള്‍ (രണ്ടാമതും) പുറത്തു കൊണ്ടുവരപ്പെടുന്നവരാണെന്നു അവന്‍ നിങ്ങളോട് താക്കീതു നല്‍കുന്നുവോ?!'
  • أَيَعِدُكُمْ അവന്‍ നിങ്ങളോട് താക്കീതു ചെയ്യുന്നുവോ أَنَّكُمْ നിങ്ങളാണെന്ന് إِذَا مِتُّمْ നിങ്ങള്‍ മരണപ്പെട്ടാല്‍ وَكُنتُمْ നിങ്ങള്‍ ആകുകയും (ചെയ്‌താല്‍) تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَنَّكُم مُّخْرَجُونَ നിശ്ചയമായും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നവരാണെന്ന്
23:36
  • هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ﴾٣٦﴿
  • 'നിങ്ങളോട് താക്കീതു നല്‍കപ്പെടുന്നകാര്യം വളരെ വിദൂരം, വിദൂരം!'
  • هَيْهَاتَ വിദൂരം (അസംഭവ്യം) هَيْهَاتَ വിദൂരം لِمَا تُوعَدُونَ നിങ്ങളോട് താക്കീതു ചെയ്യപ്പെടുന്ന കാര്യം
23:37
  • إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ﴾٣٧﴿
  • 'അത് [ജീവിതമെന്നത്] നമ്മുടെ ഐഹിക ജീവിതമല്ലാതെ (ഒന്നും) ഇല്ല;' നാം മരിക്കുന്നു, ജീവിക്കുകയും ചെയ്യുന്നു - നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ!
  • إِنْ هِيَ അതല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കയും ചെയ്യുന്നു وَمَا نَحْنُ നാമല്ലതന്നെ بِمَبْعُوثِينَ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍

23:38
  • إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ ﴾٣٨﴿
  • 'ഇവന്‍ അല്ലാഹുവിന്റെമേല്‍ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ (ഒന്നും) അല്ല; നാം അവനെ വിശ്വസിക്കുന്നവരല്ല തന്നെ.'
  • إِنْ هُوَ അവന്‍ അല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ അല്ലാതെ افْتَرَىٰ കെട്ടിച്ചമച്ച, കെട്ടിപ്പറയുന്ന عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ് وَمَا نَحْنُ നാം അല്ലതന്നെ لَهُ അവനെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍

നാം ജനിച്ചുണ്ടാകുന്നു, കുറെകഴിയുമ്പോള്‍ മരിക്കുകയും ചെയ്യുന്നു, മറ്റൊരു കൂട്ടര്‍ വീണ്ടും ജനിക്കുന്നു. എന്നല്ലാതെ, മരിച്ചശേഷം ജീവിക്കുക എന്ന പ്രശ്നമേയില്ല; ഇവന്‍ എന്തൊക്കെയോ കെട്ടിപ്പറയുകയാണ്; അവനെ വിശ്വസിക്കാന്‍ നിവൃത്തിയില്ല. എന്നാണവര്‍ പറയുന്നത്. ഇങ്ങിനെ, തന്റെ ജനത വിശ്വസിക്കുവാന്‍ ഭാവമില്ലെന്നും, നിഷേധത്തിലും അവിശ്വാസത്തിലും ഉറച്ചു നില്‍ക്കുവാന്‍തന്നെ തീര്‍ച്ചയാക്കിയിരിക്കുകയാണെന്നും ഹൂദ്‌ നബി (عليه السلام) ക്ക് ബോധ്യമായി:

23:39
  • قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٣٩﴿
  • അദ്ദേഹം പറഞ്ഞു: 'റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നതുകൊണ്ട് നീ എന്നെ സഹായിക്കേണമേ!'
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ, റബ്ബേ انصُرْنِي നീ എന്നെ സഹായിക്കണേ بِمَا كَذَّبُونِ ഇവര്‍ എന്നെ വ്യാജമാക്കിയതുകൊണ്ട്
23:40
  • قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَـٰدِمِينَ ﴾٤٠﴿
  • അവന്‍ [അല്ലാഹു] പറഞ്ഞു: 'നിശ്ചയമായും, അല്‍പ കാലംകൊണ്ട് അവര്‍ ഖേദിക്കുന്നവരായിത്തീരുന്നതാണ്.'
  • قَالَ അവന്‍ പറഞ്ഞു عَمَّا قَلِيلٍ അല്‍പകാലം കൊണ്ടു, കുറഞ്ഞകാലത്തില്‍ لَّيُصْبِحُنَّ നിശ്ചയമായും അവര്‍ ആയിത്തീരും نَادِمِينَ ഖേദിക്കുന്നവര്‍
23:41
  • فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَـٰهُمْ غُثَآءً ۚ فَبُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ ﴾٤١﴿
  • അങ്ങനെ, (നീതി) മുറയനുസരിച്ച് (ആ) കഠോര ശബ്ദം അവരെ പിടികൂടി; എന്നിട്ട് നാം അവരെ ചണ്ടിയാക്കി (നശിപ്പിച്ചു) കളഞ്ഞു. ആകയാല്‍, അക്രമികളായ ജനതക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത:
  • فَأَخَذَتْهُمُ അങ്ങനെ അവരെ പിടികൂടി, പിടിപെട്ടു الصَّيْحَةُ കഠോരശബ്ദം, അട്ടഹാസം بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തില്‍ فَجَعَلْنَاهُمْ അങ്ങനെ നാം അവരെ ആക്കി غُثَاءً ചണ്ടി, ചവര്‍ فَبُعْدًا അപ്പോള്‍ (ആകയാല്‍) വിദൂരം, വിദൂരത لِّلْقَوْمِ ജനതക്ക് الظَّالِمِينَ അക്രമികളായ

‘കഠോരശബ്ദം, അട്ടഹാസം, പെട്ടെന്നുണ്ടാകുന്ന ഭയങ്കരനാശം’ എന്നിങ്ങനെ അര്‍ത്ഥങ്ങളുള്ള പദമാണ് صَّيْحَة. ‘ആദ്’ സമുദായത്തിനു ബാധിച്ച ശിക്ഷ എന്തായിരുന്നുവെന്ന് ഈ പദംകൊണ്ട് സ്പഷ്ടമാകുന്നില്ല. ജിബ്രീല്‍ (عليه الصلاة والسلام) വമ്പിച്ച ഒരു ശബ്ദമിട്ടതുമൂലമാണ് അവര്‍ നശിപ്പിക്കപ്പെട്ടതെന്നു പല മഹാന്‍മാരും പറഞ്ഞുകാണുന്നു. ഭൂകമ്പം പോലെയുള്ള ഒരു പൊട്ടിത്തെറിയായിരുന്നു അതെന്നും ചിലര്‍ പ്രസ്താവിക്കുന്നുണ്ട്. അല്ലാഹുവിന്നറിയാം. 31 മുതല്‍ ഇതുവരെയുള്ള ആയത്തുകള്‍ സ്വാലിഹു (عليه السلام) നബിയെയും, അവരുടെ സമുദായമായ ഥമൂദിനെ (ثمود) യും കുറിച്ചാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. غُثَاء എന്ന പദം, മലവെള്ളം ഒഴുകി വരുമ്പോള്‍ അതിലുണ്ടാകുന്ന ചണ്ടിചവറുകള്‍ക്കാണ് സാക്ഷാല്‍ ഉപയോഗിക്കപ്പെടുന്നത്. എല്ലാവരും ചത്തൊടുങ്ങി ഛിന്നഭിന്നമായി പോയി എന്നു സാരം. بُعْدًا എന്നാല്‍ ‘ദൂരം, അകലം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് വളരെ അകലപ്പെട്ട് ശാപകോപങ്ങള്‍ക്കു പാത്രമായ ദൗര്‍ഭാഗ്യത്തെയാണ്‌ കുറിക്കുന്നത്.

23:42
  • ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ ﴾٤٢﴿
  • പിന്നീട്, അവരുടെ ശേഷമായി പല തലമുറകളെയും നാം ഉത്ഭവിപ്പിച്ചു;-
  • ثُمَّ أَنشَأْنَا പിന്നെ നാം ഉത്ഭവിപ്പിച്ചു مِن بَعْدِهِمْ അവരുടെ ശേഷമായി قُرُونًا തലമുറകളെ آخَرِينَ വേറെ ആളുകളായ
23:43
  • مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ ﴾٤٣﴿
  • ഒരു സമുദായവും തന്നെ, അതിന്റെ അവധിയെ മുന്‍കടക്കുന്നതല്ല; (അവധിക്ക്) പിന്നിലായിപ്പോകുന്നതുമല്ല.
  • مَا تَسْبِقُ മുന്‍കടക്കുന്നില്ല, മുന്‍കടന്നിരുന്നില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധി وَمَا يَسْتَأْخِرُونَ പിന്നിലായിപ്പോകുന്നുമില്ല
23:44
  • ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَـٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ ﴾٤٤﴿
  • പിന്നീട്, നാം നമ്മുടെ ദൂതന്മാരെ [റസൂലുകളെ] തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു; ഓരോ സമുദായത്തിനും, അതിന്റെ ദൂതന്‍ വരുമ്പോഴെല്ലാം അവര്‍, അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത്. അങ്ങനെ, അവരില്‍ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു. [ഒന്നിനു ശേഷം ഒന്നായി നശിപ്പിച്ചു]. അവരെ (മുഴുവനും) നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിക്കാതിരിക്കുന്ന ജനങ്ങള്‍ക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത!
  • ثُمَّ أَرْسَلْنَا പിന്നെ നാം അയച്ചു رُسُلَنَا നമ്മുടെ റസൂലുകളെ تَتْرَىٰ തുടര്‍ച്ചയായി, തുടരെത്തുടരെ كُلَّ مَا جَاءَ വരുമ്പോഴെല്ലാം أُمَّةً ഒരു സമുദായത്തിന് رَّسُولُهَا അതിന്റെ റസൂല്‍ كَذَّبُوهُ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَتْبَعْنَا അങ്ങനെ നാം അനുഗമിപ്പിച്ചു, തുടര്‍ത്തിവിട്ടു بَعْضَهُم അവരില്‍ ചിലരെ بَعْضًا ചിലരോടു وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു أَحَادِيثَ വര്‍ത്തമാനങ്ങള്‍, കഥാവിഷയങ്ങള്‍ فَبُعْدًا അപ്പോള്‍ വിദൂരത لِّقَوْمٍ ഒരു ജനങ്ങള്‍ക്കു لَّا يُؤْمِنُونَ വിശ്വസിക്കാത്ത

നൂഹ് (عليه السلام) നബിയുടെ ശേഷമുണ്ടായ ഒരു തലമുറയെപ്പറ്റിയാണ് 31-ാം വചനത്തില്‍ പറഞ്ഞിരുന്നത്. പിന്നീടും പല തലമുറകള്‍ ഉയര്‍ന്നു വരികയും, അവരിലെല്ലാം അല്ലാഹു റസൂലുകളെ അയച്ചുകൊണ്ടിരിക്കയും ചെയ്തിട്ടുണ്ടെന്നും, റസൂലുകളെ കളവാക്കിയവര്‍ക്ക് അല്ലാഹുവില്‍നിന്ന് ശിക്ഷകള്‍ ബാധിച്ചുവെന്നും മൊത്തത്തില്‍ പ്രസ്താവിക്കുകയാണ് ഈ ആയത്തുകള്‍. നൂഹ് (عليه السلام) ന്റെ ജനതയെയും, ആദു – ഥമൂദ് വര്‍ഗ്ഗങ്ങളെയും കുറിച്ച് പ്രസ്താവിച്ചശേഷം സൂ: ഇബ്രാഹീം 9-ല്‍ ഇപ്രകാരം പറയുന്നു:

 وَالَّذِينَ مِن بَعْدِهِمْ لَا يَعْلَمُهُمْ إِلَّا اللَّـه – سورة ابراهيم 9

(അവര്‍ക്ക് ശേഷമുള്ളവരും – അവരെക്കുറിച്ച് അല്ലാഹു അല്ലാതെ അറിയുകയില്ല). അപ്പോള്‍, നമുക്ക് വിവരം ലഭിച്ചിട്ടില്ലാത്ത എത്രയോ തലമുറകള്‍ അതിനുശേഷം കഴിഞ്ഞുപോയിട്ടുണ്ടെന്ന് അനുമാനിക്കാമല്ലോ. അടുത്ത ആയത്തില്‍ മൂസാ (عليه السلام) നബിയെയും ജനതയെയും സംബന്ധിച്ചു വിവരിക്കുന്നുമുണ്ട്. ആകയാല്‍ ആദു- ഥമൂദിനും, മൂസാ (عليه السلام) നബിയുടെ ജനതക്കും ഇടയില്‍ കഴിഞ്ഞുപോയിട്ടുള്ള അനവധി സമുദായങ്ങളെ സംബന്ധിച്ച ഒരു സൂചനയാണ് 42-ാം വചനത്തിലുള്ളത്. ആ സമുദായങ്ങളുടെ ചരിത്രത്തിന്റെ ആകെ സാരം തുടര്‍ന്നുള്ള വചനങ്ങളില്‍ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവര്‍ അവന്റെ ദൗത്യത്തെയും അവന്റെ ദൂതന്‍മാരെയും കളവാക്കി നിഷേധിച്ചു; അതുനിമിത്തം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അവര്‍ പാത്രമായിത്തീര്‍ന്നു. ഇതാണത്.

ഈ സമുദായങ്ങളുടെയെല്ലാംതന്നെ, നിഷേധത്തില്‍ രണ്ടു വാദഗതികള്‍ അടങ്ങിയിട്ടുള്ളതു കാണാം: (1). നമ്മെപ്പോലെയുള്ള ഒരു മനുഷ്യന്‍ ദൈവദൂതനാകുന്നതെങ്ങിനെ? (2). മരണാനന്തരം വീണ്ടും ജീവിപ്പിക്കപ്പെടുമെന്ന് പറയുന്നതു സംഭവ്യമാണോ? എന്നാല്‍, ലോകസൃഷ്ടാവിന്റെ ആസ്തിക്യത്തില്‍ അവരാരും നിഷേധം പുറപ്പെടുവിച്ചതായി കാണുന്നില്ല. അതേ സമയത്ത് ആരാധന പലര്‍ക്കും ചെയ്യുകയും ചെയ്യും. പരസ്പരവിരുദ്ധമായ ഈ നിലപാട് അവര്‍ സ്വീകരിച്ചത് കാര്യം മനസ്സിലാകാതെയല്ല – ഗര്‍വ്വും ധിക്കാരവും മൂലമായിരുന്നു – എന്നു് ഖുര്‍ആന്‍ പലപ്പോഴും എടുത്തു പറഞ്ഞിട്ടുള്ളതാണ്. ധിക്കാരം അതിരുകവിയുമ്പോള്‍, ഓരോ സമുദായവും അതതിന് നിശ്ചയിക്കപ്പെട്ട കൃത്യസമയത്തുതന്നെ, ഓരോതരം ശിക്ഷയില്‍ അകപ്പെട്ടു നാമാവശേഷമായിപ്പോകുന്നു. അങ്ങനെ, അവരുടെ പഴങ്കഥകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു.

23:45
  • ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَـٰرُونَ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ ﴾٤٥﴿
  • പിന്നീട്, മൂസായെയും, അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും, നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ അധികൃതരേഖയോടും കൂടി നാം അയക്കുകയുണ്ടായി.
  • ثُمَّ أَرْسَلْنَا പിന്നെ, നാം അയച്ചു مُوسَىٰ മൂസയെ وَأَخَاهُ هَارُونَ അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ അധികൃത രേഖയുമായും مُّبِينٍ വ്യക്തമായ, സ്പഷ്ടമായ
23:46
  • إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ ﴾٤٦﴿
  • ഫിര്‍ഔന്റെയും അവന്റെ പ്രമുഖസംഘത്തിന്റെയും അടുക്കലേക്ക്. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്; അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.
  • إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് وَمَلَئِهِ അവന്റെ പ്രമുഖസംഘത്തിന്റെയും, പ്രധാനികളുടെയും فَاسْتَكْبَرُوا എന്നിട്ട് അവര്‍ അഹംഭാവം നടിച്ചു وَكَانُوا അവരായിരുന്നു قَوْمًا ഒരു ജനത عَالِينَ പൊങ്ങച്ചക്കാരായ (ഔന്നത്യം കാട്ടുന്ന)
23:47
  • فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَـٰبِدُونَ ﴾٤٧﴿
  • അതിനാല്‍, അവര്‍ പറഞ്ഞു: 'നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരെ - അവരുടെ ജനങ്ങളാകട്ടെ, നമ്മുടെ ആരാധകന്‍മാരുമാണ് - നാം വിശ്വസിക്കുകയോ?!'
  • فَقَالُوا അതിനാല്‍ അവര്‍ പറഞ്ഞു أَنُؤْمِنُ നാം വിശ്വസിക്കുകയോ, വിശ്വസിക്കുമോ لِبَشَرَيْنِ രണ്ടു മനുഷ്യരെ مِثْلِنَا നമ്മെപ്പോലെയുള്ള وَقَوْمُهُمَا അവരുടെ ജനങ്ങളാകട്ടെ لَنَا നമ്മുക്ക്, നമ്മുടെ عَابِدُونَ ആരാധകന്‍മാരാണ്
23:48
  • فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ ﴾٤٨﴿
  • അങ്ങനെ അവര്‍, രണ്ടുപേരെയും വ്യാജമാക്കി; തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു!
  • فَكَذَّبُوهُمَا അങ്ങനെ രണ്ടാളെയും അവര്‍ കളവാക്കി فَكَانُوا അതിനാല്‍ അവര്‍ ആയി مِنَ الْمُهْلَكِينَ നശിപ്പിക്കപ്പെട്ടവരില്‍
23:49
  • وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ لَعَلَّهُمْ يَهْتَدُونَ ﴾٤٩﴿
  • മൂസാക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുമുണ്ട് - അവര്‍ [അദ്ദേഹത്തിന്റെ ജനത] സന്‍മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി.
  • وَلَقَدْ آتَيْنَا നാം നല്‍കുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും നല്‍കി مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം لَعَلَّهُمْ അവര്‍ ആകുവാന്‍വേണ്ടി, ആയേക്കാം يَهْتَدُونَ സന്‍മാര്‍ഗ്ഗം പ്രാപിക്കും

പ്രവാചകന്‍മാര്‍ മനുഷ്യരായിരുന്ന കാരണം പറഞ്ഞു നിഷേധിക്കുന്ന നയം, ഫിര്‍ഔന്റെ കൂട്ടരിലും നാം കാണുന്നു. അവിശ്വാസികളായ സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം, ഇതുപോലെ പല സാമ്യങ്ങളും കാണാവുന്നതാണ്. അതുകൊണ്ടാണ് അവരെ സംബന്ധിച്ച് അല്ലാഹു ഒരിടത്ത് ഇങ്ങിനെ പറഞ്ഞത്: ‘അവര്‍ ഇതിനെപ്പറ്റി പരസ്പരം ഒസ്യത്ത് ചെയ്തിരിക്കുകയാണോ? – അല്ല – എങ്കിലും, അവര്‍ ധിക്കാരികളായ ഒരു ജനതയാണ്.’

أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ : الذاريات:٥٣

(ഫിര്‍ഔനും കൂട്ടരും സമുദ്രത്തില്‍മുക്കി നശിപ്പിക്കപ്പെട്ട ശേഷമാണ് മൂസാ (عليه السلام) നബിക്കു തൗറാത്തു നല്‍കപ്പെട്ടത്‌. അതിനുമുമ്പ് അങ്ങിനെയുള്ള ഒരു ന്യായപ്രമാണഗ്രന്ഥം അവതരിച്ചിട്ടുള്ളതായി അറിയില്ല. മുന്‍സമുദായങ്ങളില്‍ കഴിഞ്ഞതുപോലെ, തൗറാത്തിനുശേഷം, ഒരു സമുദായം ഒന്നാകെ നശിപ്പിക്കപ്പെട്ടതായും അറിയില്ല. മൂസാനബിയുടെ കാലം മുതല്‍ക്ക് അവിശ്വാസികള്‍ക്കെതിരായി ധര്‍മ്മസമരം (ജിഹാദ്) നടന്നുവന്നതായി കാണപ്പെടുന്നുമുണ്ട്. അല്ലാഹു പറയുന്നു:-

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ : القصص :٤٣

(പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് അന്തര്‍ബോധങ്ങളായും, മാര്‍ഗ്ഗദര്‍ശനമായും കാരുണ്യമായുംകൊണ്ട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിട്ടുണ്ട് – അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.).

ഫിര്‍ഔനും കൂട്ടുകാരും, മൂസാ (عليه السلام) നബിയെയും, ഹാറൂന്‍ (عليه السلام) നബിയെയും വെറും സാധാരണക്കാരാണെന്നു പറഞ്ഞു തരംതാഴ്ത്തിയെന്നു മാത്രമല്ല, അതിനും പുറമെ അവരുടെ ജനങ്ങള്‍ തങ്ങളുടെ ആരാധകന്‍മാരുമാണ് وَقَوْمُهُمَا لَنَا عَابِدُونَ എന്നുകൂടി പറയുന്നു. ഫിര്‍ഔന്റെ ആള്‍ക്കാര്‍ ‘ഖിബ്ത്ത്വീ’ (കൊപ്തീ) വര്‍ഗ്ഗവും, മൂസാ നബിയുടെ ആള്‍ക്കാര്‍ ഇസ്രാഈല്‍ വര്‍ഗ്ഗവുമാണ്. ഖിബ്ത്ത്വീവര്‍ഗ്ഗം ഇസ്രാഈല്യരെ അടിച്ചമര്‍ത്തി അടിമകളാക്കിവെച്ചതിനെ ഉദ്ദേശിച്ചുകൊണ്ടാണിതു പറയുന്നത്. മാത്രമല്ല, ഫിര്‍ഔനാണെങ്കില്‍, താന്‍ ഇലാഹാണെന്നും, റബ്ബാണെന്നും (ആരാധ്യനും, രക്ഷിതാവുമാണെന്ന്) വാദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ 47-ാം വചനത്തിന്റെ സാരം ഇപ്രകാരമാണ്: ‘നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരാണ് മൂസായും, ഹാറൂനും. വാസ്തവത്തില്‍ നമ്മളെപ്പോലെ എന്നും പറഞ്ഞുകൂടാ – നമ്മുടെ ചൊല്പടിയില്‍ മാത്രം കഴിഞ്ഞുകൂടുന്ന നമ്മുടെ ആരാധകന്‍മാരായ ഒരു കീഴ്വര്‍ഗ്ഗത്തില്‍പെട്ടവരാണ്. എന്നിരിക്കെ, ഇവര്‍ രണ്ടാളും ഇറക്കുമതി ചെയ്യുന്ന ഈ പുതിയ സിദ്ധാന്തത്തില്‍ നാം എങ്ങിനെ അവരെ വിശ്വസിക്കും!? ഇതാണവരുടെ വാദം.

عَابِدُونَ (ആബിദൂന്‍) എന്ന വാക്കിനാണ് ‘ആരാധകന്‍മാര്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഏകവചനം عَابِد (ആബിദ്) എന്നാകുന്നു. عِبَادَة (ഇബാദത്ത്) ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥത്തിലുള്ള കര്‍ത്തൃനാമം (إسم الفاعل) ആണത്. ഇബാദത്തിന് സാധാരണമായ അര്‍ത്ഥം എന്താണെന്നു കഴിഞ്ഞ സൂറത്ത് 77-ാം വചനത്തിന്റെ വിവരണത്തില്‍ നാം കണ്ടുവല്ലോ. ഇവിടെ മേല്‍സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹ 5-ാം ആയത്തിന്റെ വിവരണത്തില്‍ കാണാം.

23:50
  • وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَـٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ ﴾٥٠﴿
  • 'ഇബ്നു മര്‍യമി'നെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു;
    നിവാസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്ക് (എത്തിച്ച്) രണ്ടുപേര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.
  • وَجَعَلْنَا നാം ആക്കി ابْنَ مَرْيَمَ ഇബ്നുമര്‍യമിനെ (മര്‍യമിന്റെ മകനെ) وَأُمَّهُ തന്റെ ഉമ്മയെയും آيَةً ഒരു ദൃഷ്ടാന്തം وَآوَيْنَاهُمَا രണ്ടാള്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു إِلَىٰ رَبْوَةٍ ഒരു മേടു പ്രദേശത്തേക്ക് ذَاتِ قَرَارٍ നിവാസയോഗ്യമായ, താമസിക്കാന്‍ പറ്റിയ وَمَعِينٍ ഒഴുക്കുജലമുള്ളതുമായ

പിതാവില്ലാതെ മര്‍യമില്‍ നിന്നുമാത്രം ഈസാ (عليه السلام) ജനിച്ചതിനെ ഉദ്ദേശിച്ചാണ് രണ്ടുപേരെയും കൂടി ‘ഒരു ദൃഷ്ടാന്തം’ (آيَة) ആക്കി എന്നു പറഞ്ഞത്. പലപ്പോഴും പിതാവിന്റെ പേരോടുച്ചേര്‍ത്തും, ചിലപ്പോള്‍ മാതാവിന്റെ പേരോട് ചേര്‍ത്തും, ഇന്നാളുടെ മകന്‍ എന്ന് ആളുകളെ നാമകരണം ചെയ്യുന്നത് അറബിഭാഷയില്‍ പതിവാണ്. ഇതിന്നു كنية (ഓമനപ്പേര്‍ – മറുപേര്‍ – വീട്ടുപേര്‍) എന്നു പറയപ്പെടും. ‘ഇബ്നുഅബ്ബാസ്‌, ഇബ്നു ഉമര്‍’ മുതലായ പേരുകള്‍ ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഈസാ (عليه السلام) നബിക്കു പിതാവില്ലാത്തതുകൊണ്ട് ‘ഇബ്നു മര്‍യം’ (മര്‍യമിന്റെ മകന്‍) എന്ന് ഓമനപ്പേര്‍ വന്നു. ഇതുകൊണ്ടുതന്നെയാണ് ഖുര്‍ആനില്‍ അദ്ദേഹത്തെപ്പറ്റി ‘ഈസബ്നുമര്‍യം’ (മര്‍യമിന്റെ മകന്‍ ഈസാ) എന്നു പറയുന്നതും.

മര്‍യമിനും പുത്രനും അഭയം നല്‍കിയ മേടുപ്രദേശം ഏതാണെന്നുള്ളതില്‍ മുന്‍ഗാമികള്‍ക്കിടയില്‍ പല അഭിപ്രായങ്ങള്‍ കാണാം. ദിമശ്ഖി (ഡമസ്ക്സി)ലാണെന്നും, ബൈത്തുല്‍ മുഖദ്ദസിലാണെന്നും, ഈജിപ്തിലാണെന്നും, ഫലസ്തീനിലെ റംലഃയിലാണെന്നും പക്ഷങ്ങളുണ്ട്. ഇബ്നുസൈദ്‌ (رحمه الله), ഇബ്നു മുസയ്യബ് (رحمه الله) (*) എന്നിവര്‍ പറഞ്ഞ പ്രകാരം, ഈജിപ്തിലായിരുന്നുവെന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായിരിക്കുവാന്‍ ന്യായം കാണുന്നത്. ഇഞ്ചീലില്‍ ഇങ്ങനെ കാണാം: ‘അവന്‍ (യോസേഫ്) എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍തന്നെ കൂട്ടികൊണ്ട് പുറപ്പെട്ട് മിസ്രയീമിലേക്ക് (ഈജിപ്തിലേക്ക്) പോയി. ഹെരോദാവിന്റെ മരണത്തോളം അവിടെ പാര്‍ത്തു. (മത്തായി 2-ല്‍ 14, 15). മെസീഹാ (ഈസാ) യുടെ ജനനത്തെക്കുറിച്ചു ജോത്സ്യന്‍മാരില്‍ നിന്ന് യഹൂദന്‍മാരുടെ രാജാവ് പിറക്കാറായിട്ടുണ്ടെന്ന് അറിവുകിട്ടിയതനുസരിച്ച് ഹിരോദസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചതാണ് ഇതിനു കാരണമെന്നും, രണ്ടുവയസ്സിനു താഴെയുള്ള വളരെ കുട്ടികള്‍ ഇക്കാരണത്താല്‍ ബെത്ത്-ലെഹേമില്‍ (**) بيت لحم കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതില്‍ പ്രസ്താവിച്ചു കാണാം.


(*) عبد الرحمان بن زيدبن أسلم وسعيد بن المسعيب رحمهما الله

(**) പടം 3 നോക്കുക.


പല നബിമാരുടെയും, സമുദായങ്ങളുടെയും കഥകള്‍ ചൂണ്ടിക്കാണിച്ചശേഷം – ഖുര്‍ആനില്‍ പല സ്ഥലത്തും പതിവുള്ളതുപോലെ – ഏകമതം, ഏകസമുദായം എന്ന അടിസ്ഥാന തത്വത്തെ ഓര്‍മ്മപ്പെടുത്തുന്നു. മുന്‍കഴിഞ്ഞ നബിമാര്‍ക്കെല്ലാം അവതരിപ്പിക്കപ്പെട്ട അദ്ധ്യാപനങ്ങളുടെ രത്നച്ചുരുക്കം അല്ലാഹു ഇങ്ങനെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു:-