വിഭാഗം - 11

26:192
  • وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ﴾١٩٢﴿
  • നിശ്ചയമായും അത് [ഖുര്‍ആന്‍] ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെ.
  • وَإِنَّهُ നിശ്ചയമായും അതു لَتَنزِيلُ അവതരിപ്പിച്ചതു തന്നെ, ഇറക്കിക്കൊടുക്കല്‍ തന്നെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ
26:193
  • نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ﴾١٩٣﴿
  • (ആ) വിശ്വസ്തനായ ആത്മാവ് [ജിബ്രീല്‍] അതുംകൊണ്ട് ഇറങ്ങിയിരിക്കുകയാണ്; -
  • نَزَلَ بِهِ അതുമായി അവതരിച്ചു, അതുംകൊണ്ടു ഇറങ്ങിയിരിക്കുന്നു الرُّوحُ الْأَمِينُ വിശ്വസ്തനായ ആത്മാവ്
26:194
  • عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ﴾١٩٤﴿
  • നിന്‍റെ ഹൃദയത്തില്‍, നീ താക്കീതു നല്‍കുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാന്‍വേണ്ടി; -
  • عَلَىٰ قَلْبِكَ നിന്‍റെ ഹൃദയത്തില്‍ لِتَكُونَ നീ ആയിരിക്കുവാന്‍വേണ്ടി مِنَ الْمُنذِرِينَ താക്കീതു ചെയ്യുന്നവരില്‍ (പെട്ടവന്‍)
26:195
  • بِلِسَانٍ عَرَبِىٍّ مُّبِينٍ ﴾١٩٥﴿
  • സ്പഷ്ടമായ അറബിഭാഷയില്‍.
  • بِلِسَانٍ ഒരു ഭാഷയില്‍ عَرَبِيٍّ അറബിയായ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

‘നീ ജനങ്ങള്‍ക്ക് താക്കീതു നല്‍കുന്ന മുര്‍സലുകളുടെ കൂട്ടത്തില്‍ പെട്ട ആളായിരിക്കുവാന്‍വേണ്ടി നിന്‍റെ ഹൃദയത്തില്‍ അതുമായി – വിശുദ്ധ ഖുര്‍ആനുമായി – വിശ്വസ്തനായ ആത്മാവ് ഇറങ്ങിയിരിക്കുകയാണ്. അത് ലോകരക്ഷിതാവായ അല്ലാഹു അവതരിപ്പിച്ചതു തന്നെയാകുന്നു. സ്പഷ്ടമായ അറബിഭാഷയിലാണ് അതുള്ളത്’ എന്നു സാരം. ഈ ചെറിയ നാല് ആയത്തുകളില്‍ പല പ്രധാന സംഗതികളും അടങ്ങിയിട്ടുണ്ട്. അതിന്‍റെ സംഗ്രഹം ഇങ്ങിനെ മനസ്സിലാക്കാം:-

(1). ‘അല്ലാഹു അവതരിപ്പിച്ചത് എന്ന് പറയാതെ, ലോകരക്ഷിതാവ് അവതരിപ്പിച്ചത്’ (تَنزِيلُ رَبِّ الْعَالَمِينَ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അപ്പോള്‍, സ്വാഭാവികമായും അല്ലാഹുവിന്‍റെ രക്ഷാകര്‍ത്തൃത്വത്തിന്‍കീഴില്‍ നിലകൊള്ളുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകവും, അനുയോജ്യവുമായിരിക്കണം അത് (ഖുര്‍ആന്‍). എല്ലാവരും തങ്ങളുടെ രക്ഷിതാവിനാല്‍ അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥം സ്വീകരിക്കുവാന്‍ കടമപ്പെട്ടവരുമായിരിക്കും. അവരുടെ യഥാര്‍ത്ഥ നന്‍മകള്‍ എന്തൊക്കെയാണെന്നും, ഏതൊക്കെയാണെന്നും ശരിക്കും കണക്കിലെടുത്തുകൊണ്ടായിരിക്കും അത് അവതരിപ്പിച്ചിരിക്കുക. അവരുടെ നന്മക്കും, ഗുണത്തിനും അതിനെക്കാള്‍ ഉതകുന്ന മറ്റൊരു പ്രമാണം ഉണ്ടായിരിക്കുകയില്ല.

(2).’ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെ’ (وَإِنَّهُ لَتَنزِيلُ الخ) എന്ന് ഊന്നിപ്പറഞ്ഞതും അര്‍ത്ഥവത്താകുന്നു. അത് (ഖുര്‍ആന്‍) മുഹമ്മദ്‌ (صلى الله عليه وسلم‏) നബി സ്വന്തം നിലക്ക് പറഞ്ഞതല്ല, മറ്റു വല്ല മനുഷ്യരില്‍നിന്നോ, ജിന്ന്, മലക്ക്, മുതലായവരില്‍നിന്നോ രൂപംകൊണ്ടതുമല്ല. അല്ലാഹുതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നബി (صلى الله عليه وسلم‏)ക്ക് എത്തിച്ചുകൊടുത്തത് ജിബ്രീല്‍ (عليه السلام) ആയതുകൊണ്ട് അത് അല്ലാഹുവില്‍ നിന്നല്ലാതെയാകുന്നുമില്ല. അല്ലാഹു അദ്ദേഹം മുഖേന അത് എത്തിച്ചുകൊടുത്തുവെന്നു മാത്രമേയുള്ളു. എന്നൊക്കെ ഈ പ്രയോഗത്തില്‍ സൂചനകളുണ്ട്.

(3). സൂറത്തു- ശൂറാ : (الشورى) -51ല്‍ വരുന്നതുപോലെ, അല്ലാഹുവില്‍നിന്നു പ്രവാചകന്‍മാര്‍ക്ക്, ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്നത് ഒന്നിലധികം പ്രകാരത്തില്‍ ആകാവുന്നതാണ്. അവയില്‍ ഒന്ന് ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തരം സന്ദേശമെത്തിക്കുക എന്നുള്ളതാകുന്നു. ഇപ്രകാരമാണ് ഖുര്‍ആന്‍റെ അവതരണം നടന്നിട്ടുള്ളത്. ‘അതുംകൊണ്ട് വിശ്വസ്തനായ ആത്മാവ് ഇറങ്ങിയിരിക്കുകയാണ്’ (نَزَلَ بِهِ الرُّوحُ الْأَمِينُ) എന്ന് പറഞ്ഞത് ഇതിനെക്കുറിച്ചാകുന്നു. ‘വിശ്വസ്തനായ ആത്മാവ്’ കൊണ്ടുദ്ദേശ്യം ജിബ്രീല്‍ (عليه السلام) തന്നെ. ജിബ്രീല്‍ തങ്ങളുടെ ശത്രുവാണെന്നും മറ്റും ജൂതന്‍മാര്‍ പറഞ്ഞുവന്നതിനെക്കുറിച്ചുള്ള ഒരു പ്രസ്താവനയില്‍ അല്ലാഹു ഇങ്ങിനെ പറയുന്നു. ‘ആരെങ്കിലും ജിബ്രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ) എന്നാല്‍, അദ്ദേഹം നിന്‍റെ ഹൃദയത്തില്‍ അല്ലാഹുവിന്‍റെ ഉത്തരവുപ്രകാരം അത് അവതരിപ്പിച്ചിരിക്കുകയാണ്’

(قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّـهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ :سورة البقرة: ٩٧)

ജിബ്‌രീല്‍ (عليه السلام) നെ ഉദ്ദേശിച്ച് ‘അല്‍-റൂഹുല്‍ അമീന്‍’ എന്നാണല്ലോ ഇവിടെ പറഞ്ഞത്. ചിലപ്പോള്‍ ‘അല്‍-റൂഹ്’ (الرُّوحُ = ആത്മാവ്) എന്നും ചിലപ്പോള്‍ ‘റൂഹുല്‍ ഖുദുസ്സ്’ (رُوحِ الْقُدُس = പരിശുദ്ധാത്മാവ്) എന്നും പറയാറുണ്ട്‌. അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് വഹ്‌യുകള്‍ (ദിവ്യസന്ദേശങ്ങള്‍) എത്തിച്ചുകൊടുക്കുന്ന മഹാദൂതനാണ്‌ (النّامُوسَ الأَكْبَرَ) അദ്ദേഹം, അഭൗതിക സൃഷ്ടികളായ ആത്മീയജീവികളത്രെ മലക്കുകള്‍. അതുകൊണ്ട് ആത്മാവ് എന്നര്‍ത്ഥമുള്ള ‘റൂഹ്’ എന്ന പ്രയോഗം ഇവിടെ സ്പഷ്ടമാണ്. ഒരു പ്രത്യേക ആളെ ഉദ്ദേശിക്കുന്നതിനെയാണ് ‘അല്‍’ (ال) എന്ന അവ്യയം കുറിക്കുന്നത്. ആ പ്രത്യേക ആത്മാവത്രെ ജിബ്‌രീല്‍ (عليه السلام).

(4). ജിബ്‌രീല്‍ (عليه السلام)നെ വിശ്വസ്തന്‍ (الْأَمِينُ) എന്ന് വിശേഷിപ്പിച്ചതിലും രഹസ്യമുണ്ട്. യാതൊരു കൃത്രിമമോ, മാറ്റത്തിരുത്തമോ അദ്ദേഹത്തില്‍നിന്നു സംഭവിക്കുകയില്ല. അല്ലാഹു ഏല്‍പിച്ച അതേപ്രകാരംതന്നെ സൂക്ഷ്മമായും കൃത്യമായും അദ്ദേഹം തന്‍റെ ദൗത്യം നിര്‍വ്വഹിക്കുന്നതാണ്, എന്ന് താല്‍പര്യം. അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരമല്ലാതെ അത് സംഭവിക്കുകയില്ലെന്ന് മേലുദ്ധരിച്ച ആയത്തിലും പ്രസ്താവിച്ചുവല്ലോ.

(5). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹൃദയത്തിലാണ് ഖുര്‍ആന്‍ അവതരിക്കുന്നതെന്ന് ഇവിടെയും, സൂ : അല്‍ബഖറഃയിലെ ആയത്തിലും അല്ലാഹു വ്യക്തമാക്കുന്നു. കാര്യങ്ങള്‍ ഗ്രഹിക്കുവാനും, സ്മരിക്കുവാനുമുള്ള ആ ആന്തരികശക്തിയാണിവിടെ ഹൃദയം (قلب) കൊണ്ടുദ്ദേശ്യം. അഥവാ ഹൃദയമെന്നു പറയപ്പെടുന്ന ശാരീരികമായ അംശമോ, അവയവമോ അല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ജിബ്രീല്‍ (عليه السلام) ആ വചനങ്ങള്‍ ഓതിക്കൊടുക്കുന്നു, തിരുമേനി(صلى الله عليه وسلم‏)ക്ക് അത് ഹൃദിസ്ഥമാവുകയും ചെയ്യുന്നു. പിന്നീടത് മറന്നുപോകുന്നതുമല്ല. سَنُقْرِئُكَ فَلَا تَنسَىٰ : سورة الأعلى :٦ (നിനക്ക് നാം ഓതിത്തരും; എന്നിട്ട് നീ മറക്കുകയില്ല.)

ഖുര്‍ആനാകുന്ന ദിവ്യവചനങ്ങളുടെ സാരാംശമോ, അര്‍ത്ഥമോ അല്ല – അക്ഷരങ്ങള്‍ സഹിതമുള്ള വചനങ്ങള്‍ തന്നെയാണ് – നബി (صلى الله عليه وسلم‏)ക്ക് മലക്ക് എത്തിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്ന് അല്ലാഹുവിന്‍റെ വചനം (كلام الله) എന്ന് പറയുന്നത്. ‘നാം നിനക്ക് അത് പാരായണം ചെയ്തുതരുന്നു’ (نَتْلُوهَا عَلَيْكَ : سورة الجاثية) എന്നും, നാം അത് ഓതിത്തരുമ്പോള്‍ ആ ഓതിത്തരുന്നതിനെ പിന്‍പറ്റികൊള്ളുക’ (فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ : سورة القيامة) എന്നും മറ്റു അല്ലാഹു ഖുര്‍ആനെപ്പറ്റി പ്രസ്താവിക്കുന്നതില്‍ നിന്നും ഇത് മനസ്സിലാക്കാം. ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഒരാള്‍, അവിടുത്തേക്ക്‌ ‘വഹ്‌യു’ വരുന്നത് എങ്ങിനെയാണെന്ന് ചോദിക്കയുണ്ടായി. അപ്പോള്‍ അവിടുന്ന് ഇങ്ങിനെ മറുപടി പറഞ്ഞു:-

” أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ ، وَهُوَ أَشَدُّهُ عَلَيَّ فَيُفْصَمُ عَنِّي ، وَقَدْ وَعَيْتُ عَنْهُ مَا قَالَ ، وَأَحْيَانًا يَتَمَثَّلُ لِي الْمَلَكُ رَجُلًا فَيُكَلِّمُنِي فَأَعِي مَا يَقُولُ “: متفق عليه

സാരം: ചിലപ്പോള്‍ മണി അടിക്കുന്നതിന്‍റെ ചലചല ശബ്ദം പോലെയാണത് എനിക്ക് വരുന്നത്. അതാണ്‌, എനിക്ക് കൂടുതല്‍ പ്രയാസകരമായിട്ടുള്ളത്‌. അങ്ങനെ, അത് തീരുമ്പോഴേക്കും മലക്കു പറയുന്നത് എനിക്ക് പാഠമായിട്ടുണ്ടായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍, മലക്ക് മനുഷ്യരൂപത്തില്‍ എനിക്ക് പ്രത്യക്ഷപ്പെടും. അപ്പോള്‍ അദ്ദേഹം പറയുന്നത് എനിക്ക് പാഠമാകുന്നു…… (ബു; മു). വഹ്-യിന്‍റെ ഇനങ്ങളെ സംബന്ധിച്ചും മറ്റും സൂ: ശൂറാ 51-ല്‍ വെച്ച് കൂടുതല്‍ വിവരം നമുക്ക് ലഭിക്കുന്നതാണ്. إن شاء الله

(6).’സ്പഷ്ടമായ അറബി ഭാഷയിലാണ്’ (بِلِسَانٍ عَرَبِيٍّ مُّبِينٍ) എന്നു പറഞ്ഞുവല്ലോ. ഖുര്‍ആന്‍ അറബിഭാഷയിലാകുവാനുള്ള കാരണം, അറബിഭാഷയില്‍ തന്നെയുള്ള അവാന്തര വിഭാഗങ്ങളും, പ്രാദേശിക വ്യത്യാസങ്ങളും നോക്കുമ്പോള്‍ ഖുര്‍ആന്‍ അംഗീകരിച്ചിട്ടുള്ള ഭാഷാശൈലിയുടെ സവിശേഷത, അറബിഭാഷാ സാഹിത്യത്തില്‍ അതിനുള്ള പ്രത്യേകത മുതലായതിനെപ്പറ്റി മുഖവുര, അദ്ധ്യായം IV -ലും, സൂ: ത്വാഹാ 113-ന്‍റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഇവിടെ സ്മരിക്കുക. ‘സ്പഷ്ടമായ ഭാഷ’ (لِسَانٍ مُّبِينٍ) എന്ന് ഖുറൈശികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷാശൈലിയെ ഉദ്ദേശിച്ചു പറയപ്പെടാറുണ്ടെന്നും, ഖുര്‍ആന്‍റെ ഭാഷ ഖുറൈശികളുടെ ഭാഷാരീതിയോട് കൂടുതല്‍ അടുപ്പമുണ്ടെന്നും മുഖവുരയില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും, എല്ലാ ഭാഷകളുമെന്നപോലെ അറബിഭാഷയും കാലാന്തരത്തില്‍ – ഭാഷണരീതി, രചനാശൈലി, സാഹിത്യപ്രയോഗം ആദിയായവയില്‍ – പല മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു. എന്നാല്‍, ഖുര്‍ആന്‍റെ ഭാഷാശൈലിയാകട്ടെ – അന്നും, ഇന്നും – പുതുമയോടും, നവചൈതന്യത്തോടും കൂടി അതേ സ്പഷ്ടമായ രൂപത്തില്‍ തന്നെ അവശേഷിക്കുന്നു. എന്നും അങ്ങിനെത്തന്നെ നിലനില്‍ക്കുകയും ചെയ്യും.

26:196
  • وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ ﴾١٩٦﴿
  • നിശ്ചയമായും അത് [ഖുര്‍ആന്‍] മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുമുണ്ട്.
  • وَإِنَّهُ നിശ്ചയമായും അതു لَفِي زُبُرِ ഗ്രന്ഥങ്ങളിലുണ്ടു, ഏടുകളില്‍ തന്നെയുണ്ടു الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ, മുന്‍ഗാമികളുടെ
26:197
  • أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ ﴾١٩٧﴿
  • ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അതറിയാമെന്നുള്ളത് ഇവര്‍ക്ക് [ഈ അവിശ്വാസികള്‍ക്ക്‌] ഒരു ലക്ഷ്യമാകുന്നില്ലയോ?!
  • أَوَلَمْ يَكُن ആകുന്നില്ലയോ, അല്ലേ لَّهُمْ അവര്‍ക്കു آيَةً ഒരു ലക്ഷ്യം, ദൃഷ്ടാന്തം أَن يَعْلَمَهُ അതിനെ അറിയുമെന്നതു, അദ്ദേഹത്തെ (നബിയെ) അറിയുമെന്നുള്ളതു عُلَمَاءُ പണ്ഡിതന്‍മാര്‍, അറിവുള്ളവര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലെ, ഇസ്രാഈല്യരുടെ

അത്, അഥവാ ഖുര്‍ആന്‍ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, അതിന്‍റെ മൂലസിദ്ധാന്തങ്ങളും, പ്രധാന തത്വങ്ങളും മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളിലും ഉണ്ടെന്നും, ആകയാല്‍ ഖുര്‍ആന്‍ പുത്തനായ ഒരു സിദ്ധാന്തം കൊണ്ടുവന്നിരിക്കുകയല്ലെന്നുമാകുന്നു. ഖുര്‍ആനെക്കുറിച്ചും, അതിന്‍റെ മഹത്വത്തെക്കുറിച്ചും ആ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും ഇവിടെ ഉദ്ദേശ്യമായിരിക്കാവുന്നതാണ്. ഈ രണ്ടു വിധത്തിലും ഈ വചനം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. രണ്ടും വാസ്തവമാണുതാനും. പൂര്‍വ്വഗ്രന്ഥങ്ങള്‍ അവയുടെ സാക്ഷാല്‍ രൂപത്തില്‍ ഇന്ന് നിലവിലില്ല. യാതൊരു തരത്തിലുള്ള മാറ്റത്തിനോ, കൈകടത്തലിനോ വിധേയമാകാത്ത ഭാഗമേതെങ്കിലും അവയില്‍ ശേഷിപ്പുണ്ടോ എന്നുപോലും തീര്‍ത്തുപറയുവാന്‍ സാധ്യമല്ല. നബി (صلى الله عليه وسلم‏) യെയും, ഖുര്‍ആനെയും സംബന്ധിക്കുന്ന വശങ്ങളില്‍ പ്രത്യേകിച്ചും കൈകടത്തപ്പെട്ടിരിക്കുകയാണെന്നതും സ്മരണീയമാണ്. എന്നിട്ടുപോലും മേല്‍പറഞ്ഞ രണ്ട് സംഗതികള്‍ക്കും – ഖുര്‍ആന്‍റെ പ്രധാന സിദ്ധാന്തങ്ങളും, തത്വങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ടെന്നും, ഖുര്‍ആനെയും ഖുര്‍ആന്‍റെ മഹത്വത്തെയും സംബന്ധിച്ച് അതില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതിനും – ആ ഗ്രന്ഥങ്ങളില്‍ അങ്ങിങ്ങായി പല തെളിവുകളും ഇന്നും അവശേഷിക്കുന്നുണ്ടുതാനും.

ബൈബിളില്‍ ‘പഴയ നിയമം’ എന്ന പേരില്‍ അറിയപ്പെടുന്ന പൂര്‍വ്വവിഭാഗങ്ങളിലാണ് താരതമ്യേന കൂടുതല്‍ തെളിവ് കാണുക. മൂസാ (عليه السلام) നബിയുടെയും, ഈസാ (عليه السلام) നബിക്ക് മുമ്പുള്ള പല നബിമാരുടെയും വേദഗ്രന്ഥങ്ങളെന്ന നിലക്കാണ് ഈ വിഭാഗം പൊതുവില്‍ വേദക്കാര്‍ കരുതിവന്നത്. ‘പുതിയ നിയമം’ എന്ന പേരില്‍ അറിയപ്പെടുന്ന അവസാനത്തെ ഭാഗം ഈസാ (عليه السلام) നബിയുടെശേഷം അദ്ദേഹത്തിന് ദിവ്യത്വം കല്‍പിച്ചുകൊണ്ടുള്ള ഒരടിസ്ഥാനത്തില്‍ വിരചിതമായിട്ടാണ് കാണപ്പെടുന്നത്. ഇന്ന് ‘ഇഞ്ചീലുകള്‍’ (الإنجيل) അഥവാ സുവിശേഷ പുസ്തകങ്ങള്‍ എന്ന് പറയപ്പെടുന്ന ഓരോന്നും തന്നെ, അദ്ദേഹത്തിനുശേഷം ഓരോരുത്തരുടെ കൈക്ക് വിരചിതമായതാണെന്നുള്ളതില്‍ സംശയമില്ല. അതേ സമയത്ത് ‘പുതിയ നിയമത്തിലെ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ അവ കേവലം ചില ‘ഇഞ്ചീലു’കളും (സുവിശേഷങ്ങളും), ക്രൈസ്തവ സിദ്ധാന്തങ്ങളുമല്ലാതെ, ന്യായപ്രമാണങ്ങളോ, നിയമസംഹിതയോ അല്ലെന്നതും ഒരു വസ്തുതയത്രെ. ‘പഴയനിയമ’ത്തില്‍ എത്രതന്നെ മാറ്റത്തിരുത്തങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍കൂടി – അവ പരിശോധിക്കുന്നപക്ഷം – അതില്‍ ന്യായപ്രമാണവും, നിയമസംഹിതയും അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഒരു സമുദായത്തിന്‍റെ വിജയത്തിനാവശ്യമായ ധാര്‍മ്മിക നിയമ സമൂഹമായിരുന്നു അത് എന്ന ഒരു പ്രതീതി അതില്‍നിന്ന് അനുഭവപ്പെടും. ഇതെല്ലാം ഇവിടെ വിവരിക്കേണ്ടുന്ന ആവശ്യമില്ല. ചുരുക്കത്തില്‍, മേല്‍ചൂണ്ടിക്കാട്ടിയ കാരണങ്ങളാല്‍, പഴയ നിയമത്തെ അപേക്ഷിച്ച് പുതിയ നിയമത്തില്‍ ഖുര്‍ആനെക്കുറിച്ചോ, നബി (صلى الله عليه وسلم) യെക്കുറിച്ചോ വളരെ കുറഞ്ഞ സ്പര്‍ഷനമേ കണ്ടെത്തുവാന്‍ കഴിയുകയുള്ളുവെന്നത് സ്വാഭാവികമാണ്.

ഇന്നത്തെ ബൈബിളിന്‍റെ സ്ഥിതി എന്തായിരുന്നാലും ശരി, തൗറാത്തിലും, ഇഞ്ചീലിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു:

الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ الخ – سورة الأعراف : ١٥٧

(…. തങ്ങളുടെ പക്കല്‍ തൗറാത്തിലും, ഇഞ്ചീലിലും എഴുതി രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കാണുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ റസൂലിനെ പിന്‍പറ്റുന്നവര്‍…….)

നബി (صلى الله عليه وسلم‏)ക്ക് ദിവ്യദൗത്യം (الرسالة) ലഭിക്കുന്നതിനുമുമ്പ് വേദക്കാര്‍ക്ക് പൊതുവിലും, യഹൂദര്‍ക്ക് പ്രത്യേകിച്ചും വരുവാനിരിക്കുന്ന ഒരു പ്രവാചകന്‍റെ ലക്ഷണങ്ങള്‍ സുപരിചിതമായിരുന്നു. അവരുടെ വേദപ്രമാണങ്ങളില്‍നിന്ന് അറിവായ ആ അടയാളങ്ങള്‍ സാക്ഷാല്‍കൃതമായിക്കാണുന്ന ഒരു അന്ത്യപ്രവാചകനെ അവര്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ക്കറിയാവുന്ന അക്കാര്യം യഥാര്‍ത്ഥത്തില്‍ പുലര്‍ന്നുവന്നപ്പോള്‍ അവര്‍ അത് നിഷേധിക്കുകയാണുണ്ടായത്.

فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ – سورة البقرة ٨٩

പ്രസ്തുത അടയാളങ്ങള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ വേദക്കാരായ കുറെ ആളുകള്‍ നബി (صلى الله عليه وسلم‏) യില്‍ വിശ്വസിക്കുകയുണ്ടായിട്ടുള്ളതും ചരിത്രപ്രസിദ്ധമാകുന്നു. അവരില്‍ പണ്ഡിതന്‍മാരായിരുന്ന അബ്ദുല്ലാഹിബ്നുസലാം (رضي الله عنه), സല്‍മാനുല്‍ ഫാരിസീ (رضي الله عنه) എന്നീ പേരുകള്‍ അക്കൂട്ടത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്.

വേദക്കാരല്ലാതിരുന്ന അറബികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍, അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ പരിചിതമല്ലെങ്കിലും വേദക്കാര്‍ മുഖേന ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ അവരും അതിനെക്കുറിച്ച് അജ്ഞരായിരുന്നില്ല. അതുകൊണ്ടാണ്, ഇസ്രാഈല്‍ പണ്ഡിതന്‍മാര്‍ക്ക് അറിയുമെന്ന വസ്തുത അവര്‍ക്കൊരു ലക്ഷ്യമല്ലയോ എന്ന് അല്ലാഹു ചോദിച്ചത്. നബി (صلى الله عليه وسلم‏) തിരുമേനി ഇസ്രാഈല്‍ വര്‍ഗ്ഗത്തില്‍പെട്ട ആളല്ലാതിരുന്നതാണ് വേദക്കാര്‍ നബി (صلى الله عليه وسلم‏) യില്‍ വിശ്വസിക്കാതിരിക്കാന്‍ പ്രധാന കാരണം. എന്നാല്‍, ഇസ്മാഈല്‍ വര്‍ഗ്ഗക്കാരായ അറബികള്‍ ഈ ഒരൊറ്റ ലക്ഷ്യത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രം നബി (صلى الله عليه وسلم‏) യില്‍ വിശ്വസിക്കുവാന്‍ അവകാശപ്പെട്ടവരായിരുന്നു. പക്ഷേ, തങ്ങളുടെ വിഗ്രഹാരാധന മുതലായ അനാചാരങ്ങളെ തിരുമേനി (صلى الله عليه وسلم‏) ശരിവെക്കാതിരുന്നുതു നിമിത്തം അവരും നബി (صلى الله عليه وسلم‏) യെ എതിര്‍ത്തുകളഞ്ഞു.

197-ാം വചനത്തിലെ يَعْلَمَهُ എന്ന വാക്കിനാണ് ‘അതറിയും’ എന്ന് നാം അര്‍ത്ഥം കല്‍പിച്ചത്. ‘അത്’ എന്ന സര്‍വ്വനാമംകൊണ്ടുദ്ദേശ്യം ഖുര്‍ആനാണെന്നും, നബി (صلى الله عليه وسلم‏) യാണെന്നും വരാവുന്നതാണ്. നബി (صلى الله عليه وسلم‏) യാണെന്നു വെക്കുമ്പോള്‍ ‘അദ്ദേഹത്തെ അറിയും’ എന്നാണര്‍ത്ഥം കൊടുക്കേണ്ടത്. ഉദ്ദേശ്യം ഈ രണ്ടില്‍ ഏതായാലും സാരത്തില്‍ രണ്ടും ഒന്നുതന്നെ. കാരണം, നബി (صلى الله عليه وسلم‏) യും ഖുര്‍ആനും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നതും, ഒന്നിന്‍റെ നിഷേധവും, സ്വീകരണവും മറ്റേതിനും ബാധകമാകുന്നതുമാണല്ലോ. ഖുര്‍ആന്‍റെ സത്യതക്കുള്ള തെളിവും നബി (صلى الله عليه وسلم‏) യുടെ സത്യതക്കുള്ള തെളിവും ഒന്നുതന്നെ.

ഖുര്‍ആന്‍റെ വ്യക്തമായ സിദ്ധാന്തങ്ങള്‍ക്കും, പ്രസ്താവനകള്‍ക്കും എതിരായി ബൈബിളില്‍ പലതും കാണാം. അതുമായി യോജിക്കുന്ന (വിഗ്രഹാരാധന തുടങ്ങിയ തുറകളില്‍) ചില വശങ്ങളും അതിലുണ്ട്. അതുകൊണ്ടാണ് ‘വേദക്കാര്‍ പറയുന്നത് നിങ്ങള്‍ സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുത്’ – (لا تُصَدِّقُوا أَهْلَ الْكِتَابِ وَلا تُكَذِّبُوهُمْ كما في البخاري) എന്ന് നബി (صلى الله عليه وسلم‏) പറഞ്ഞത്. തക്കതായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ സത്യമാണെന്നു കാണുന്നതിനെ സത്യമായി സ്വീകരിക്കുകയും, അതേ അടിസ്ഥാനത്തില്‍ തെറ്റായി കാണുന്നതിനെ തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ടെന്നും, രണ്ടും തീര്‍ച്ചപ്പെടുത്തുവാന്‍ തെളിവില്ലാത്ത വിഷയങ്ങളെ സംബന്ധിച്ചാണ് നബി (صلى الله عليه وسلم‏) ഇത് പ്രസ്താവിച്ചിട്ടുള്ളതെന്നും നാം മുഖവുരയില്‍ വിവരിച്ചിരിക്കുന്നു. എനി, നിലവിലുള്ള ബൈബിളില്‍ തന്നെ, ഖുര്‍ആന്‍റെയും, നബി (صلى الله عليه وسلم‏)യുടെയും സത്യതക്ക് തെളിവു നല്‍കുന്ന ചില പ്രസ്താവനകള്‍ ഉദാഹരണാ൪ത്ഥം നമുക്കിവിടെ പരിശോധിച്ചുനോക്കാം:-

1). ആവര്‍ത്തനപുസ്തകത്തില്‍ മൂസാ (عليه السلام) നബിയോടായി യഹോവ (ദൈവം) ഇങ്ങിനെ പറയുന്നു: ‘നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് (ഇസ്രാഈല്യര്‍ക്ക്‌‌) അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നും എഴുന്നേല്‍പ്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്‍മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നത്‌ ഒക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും. എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ അവനോട് കല്പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍, ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.’ (ആവര്‍ത്തനം: 18-ല്‍ 18-22).

ഈ പ്രവചനം യോശുവാ (يوشع – ع) പ്രവാചകനെ സംബന്ധിച്ചാണെന്ന് വേദക്കാര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍, അതേ, പുസ്തകത്തിന്‍റെ അവസാനഭാഗങ്ങളില്‍ മൂസാ (عليه السلام) നബിയുടെ മരണവാര്‍ത്ത വിവരിച്ചതിനെത്തുടര്‍ന്ന് ഇങ്ങിനെ പറഞ്ഞുംകൊണ്ടാണ് അത് അവസാനിക്കുന്നത്: ‘…. മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല’. ഈ വാക്യങ്ങള്‍ മൂസാ (عليه السلام) ക്കുശേഷം ആരോ എഴുതിച്ചേര്‍ത്തതാണെന്ന് സ്പഷ്ടമാണ്. അദ്ദേഹം മരണമടഞ്ഞ ഉടനെത്തന്നെ ആയിരിക്കാനും തരമില്ല; കുറേകാലം ചെന്നശേഷമായിരിക്കണം അതെഴുതപ്പെട്ടത്‌. എങ്ങിനെ നോക്കിയാലും, കേവലം മൂസാ (عليه السلام) നബിയുടെ വാലിയക്കാരനും, അദ്ദേഹത്തിന്‍റെ കാലശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും, പ്രതിനിധിയുമായിരുന്ന യോശുവാ പ്രവാചകനായിരുന്നു മേല്‍കണ്ട പ്രവചനംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് സങ്കല്‍പിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. യോശുവാ പ്രവാചകനാകട്ടെ, ഒരു വേദഗ്രന്ഥമോ, ഒരു പുതിയ നിയമവ്യവസ്ഥയോ കൊണ്ടുവന്നിട്ടുമില്ല. മൂസാ (عليه السلام) നബിയുടെ പിന്‍ഗാമി എന്ന നിലയില്‍, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ (ഇസ്രാഈല്യരെ ഫലസ്തീനില്‍ കുടിയിരുത്തുക മുതലായവ) പൂര്‍ത്തീകരിക്കുക മാത്രമായിരുന്നു നിര്‍വ്വഹിച്ചതും.

ഇസ്രാഈല്യര്‍ക്ക് മൂസാ (عليه السلام) മുഖാന്തരം നല്‍കപ്പെട്ട ഈ പ്രവചനത്തില്‍ ‘അവരുടെ സഹോദരന്‍മാരുടെ’ ഇടയില്‍ നിന്ന് ഒരു പ്രവാചകനെ എഴുന്നേല്‍പിക്കുമെന്നാണല്ലോ പറഞ്ഞത്. അതിന്‍റെ ഉദ്ദേശ്യം ഇസ്രാഈല്‍ വര്‍ഗ്ഗത്തിന്‍റെ സഹോദരവര്‍ഗ്ഗമായ ഇസ്മാഈല്‍ വര്‍ഗ്ഗത്തില്‍നിന്നായിരിക്കും അതെന്ന് വ്യക്തമാണ്. അതായതു: അറബികളില്‍ നിന്നുതന്നെ. യോശുവാ പ്രവാചകനാകട്ടെ, ഇസ്മാഈലീ വര്‍ഗ്ഗക്കാരനോ അറബിയോ അല്ല. ഈ പ്രവചനം ‘നിവൃത്തിയാകുന്നത്’ യേശുക്രിസ്തുവിനെക്കൊണ്ടാണെന്നാണ് മറ്റൊരു വാദം. അദ്ദേഹവും ഇസ്രാഈല്‍ വര്‍ഗ്ഗത്തില്‍ ജനിച്ച ആളാണ്‌ – ഇസ്മാഈലിയല്ല. അതിനും പുറമെ, യോഹന്നാന്‍ എഴുതിയ സുവിശേഷം (ഇഞ്ചീല്‍) ഈ വാദത്തെ നിഷേധിക്കുന്നതായും കാണാം. അതില്‍ പറയുന്നു:-

‘നീ ആര്‍ എന്ന് യോഹന്നാനോട് ചോദിക്കേണ്ടതിന് യെഹുദന്‍മാര്‍ യെരുശലേമില്‍ നിന്ന് പുരോഹിതന്‍മാരെയും ലേവ്യരെയും അവന്‍റെ അടുക്കല്‍ അയച്ചപ്പോള്‍, അവന്‍റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ പറഞ്ഞു: ഞാന്‍ ക്രിസ്തു അല്ല എന്ന് ഏറ്റു പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ? എന്ന് അവരോട് ചോദിച്ചതിന് അല്ല എന്ന് പറഞ്ഞു. നീ ആ പ്രവാചകനാണോ? എന്നതിന് അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു. അവര്‍ അവനോട് : നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ചുതന്നേ എന്തുപറയുന്നു? എന്ന് ചോദിച്ചു. അതിനു അവന്‍: യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു…..’ (യോഹന്നാന്‍ 1-ല്‍ 19-24).

അവര്‍ അക്കാലത്ത് ഒരു ക്രിസ്തുവിനെയും, ഒരു ഏലിയാവിനെയും, ഒരു പ്രവാചകനെയും പ്രതീക്ഷിച്ചു വരുന്നുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നു മനസ്സിലായല്ലോ. ആ പ്രവാചകനാകട്ടെ, ക്രിസ്തുവോ, യോഹന്നാനോ (യഹ്-യാനബിയോ) അല്ലാതെ മറ്റൊരാളായിരിക്കണമെന്നും, തീര്‍ച്ചയാണ്. എന്നാല്‍ യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ, ‘കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍ ആരായിരിക്കും? യെശയ്യാ പ്രവാചകന്‍റെ ഈ പ്രവചനം. യെശയ്യാ പുസ്തകം 60ഉം 61ഉം അദ്ധ്യായങ്ങളില്‍ സുദീര്‍ഘമായി വര്‍ണ്ണിച്ചു കാണാം. അതിന്‍റെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുമ്പോഴും, മോശെ (മൂസാ നബി) യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ചു പറഞ്ഞിട്ടുള്ള ചില വാക്യങ്ങള്‍ നോക്കുമ്പോഴും ആ ‘മരുഭൂമിയില്‍ വിളിച്ചു പറയുന്ന’ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫാ തിരുമേനി (صلى الله عليه وسلم‏) അല്ലാതെ മറ്റാരുമായിരിക്കയില്ല. ആവര്‍ത്തന പുസ്തകത്തിലെ ആ വാക്യങ്ങള്‍ ഇപ്രകാരമാകുന്നു:-

‘യഹോവ സീനായില്‍ നിന്നുവന്നു അവര്‍ക്ക് സേയീരില്‍ നിന്ന് ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍ നിന്ന് വിളങ്ങി, ലക്ഷോപിലക്ഷം വിശുദ്ധന്‍മാരുടെ അടുക്കല്‍ നിന്നു വന്നു, …. (ആവര്‍ത്തന പുസ്തകം: 33-ല്‍

2). ഇവിടെ സീനായിലെ (طور سيناء) വരവ് മൂസാ നബിയും, സേയീരിലെ (جبل ساعير) ഉദയം ഈസാ നബി (عليه الصلاة والسلام) യെയും, പാറാനിലെ (جبل فاران) വിളങ്ങല്‍ മുഹമ്മദ് നബി (صلى الله عليه وسلم‏) യെയും കുറിക്കുന്നു. ആവര്‍ത്തന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയ മരുഭൂമി, അറേബ്യന്‍ മരുഭൂമിയെയും സൂചിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ ഓരോ മലയും സ്ഥിതി ചെയ്യുന്ന സ്ഥാനം കൊണ്ടുതന്നെ ഇതു മനസ്സിലാക്കാം.(*).


(*). പടം 3,5 മുതലായവ നോക്കുക.

26:198
  • وَلَوْ نَزَّلْنَٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ ﴾١٩٨﴿
  • അനറബികളില്‍ (ഏതെങ്കിലും) ചിലരുടെമേല്‍ നാം അത് [ഖുര്‍ആന്‍] അവതരിപ്പിച്ചിരുന്നുവെങ്കില്‍, -
  • وَلَوْ نَزَّلْنَاهُ നാം അതിനെ ഇറക്കിയിരുന്നെങ്കില്‍ عَلَىٰ بَعْضِ ചിലരുടെമേല്‍ الْأَعْجَمِينَ അനറബികളില്‍ (അറബികളല്ലാത്തവരില്‍)
26:199
  • فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ ﴾١٩٩﴿
  • എന്നിട്ട് അദ്ദേഹം അതവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്‌താല്‍, അവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കയില്ല.
  • فَقَرَأَهُ എന്നിട്ടതു അദ്ദേഹം ഓതിക്കൊടുത്താല്‍, വായിച്ചാല്‍ عَلَيْهِم അവര്‍ക്കു, അവരില്‍ مَّا كَانُوا അവരായിരിക്കയില്ല بِهِ അതില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍

മുഹമ്മദ്‌ നബി (صلى الله عليه وسلم) ഒരു അറബിയാണ്, അദ്ദേഹത്തിന്‍റെ ആഗമനത്തെക്കുറിച്ച് വേദക്കാരായ പണ്ഡിതന്‍മാര്‍ക്ക് അറിയുകയും ചെയ്യാം. ആ നിലക്ക് ഇവര്‍ – മുശ്രിക്കുകളായ അറബികള്‍ – അദ്ദേഹത്തില്‍ വിശ്വസിക്കുവാന്‍ കടമപ്പെട്ടവരാകുന്നു. അവരത് ചെയ്യുന്നില്ല. എന്നിരിക്കുമ്പോള്‍, അറബിയല്ലാത്ത ഒരാളുടെ കൈക്കാണ് ഈ ഗ്രന്ഥം – സ്പഷ്ടമായ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ – അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും ഇവര്‍ വിശ്വസിക്കുകയില്ലല്ലോ. എനി, ഖുര്‍ആന്‍ അന്യഭാഷയിലും, റസൂല്‍ അറബിയും ആയാലത്തെ സ്ഥിതിയോ? അതും അങ്ങിനെത്തന്നെ. സൂ: ഹാമീം സജദഃയില്‍ അല്ലാഹു പ്രസ്താവിച്ചതുപോലെ, അപ്പോള്‍ അവര്‍ പറഞ്ഞേക്കും: ‘ഞങ്ങള്‍ക്ക് ഇത് വിസ്തരിച്ചു വിവരിച്ചു തരേണ്ടതല്ലേ! വേദഗ്രന്ഥം അന്യഭാഷയിലും പ്രവാചകന്‍ അറബിയും ആയിരിക്കുകയോ? ഇതെന്തു കഥയാണ്!’ എന്നൊക്കെ. (وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا – الخ : حم السجدة :٤٤). ചുരുക്കത്തില്‍ അവര്‍ വിശ്വസിക്കാതിരിക്കുവാനുള്ള കാരണം അതൊന്നുമല്ല. അത് മറ്റൊന്നാണ്. അത് അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം.

26:200
  • كَذَٰلِكَ سَلَكْنَٰهُ فِى قُلُوبِ ٱلْمُجْرِمِينَ ﴾٢٠٠﴿
  • അപ്രകാരം (ആ) കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് [ആ അവിശ്വാസ നയം] കടത്തിയിരിക്കുകയാണ്.
  • كَذَٰلِكَ അപ്രകാരം سَلَكْنَاهُ അതിനെ നാം കടത്തി, പ്രവേശിപ്പിച്ചിരികുന്നു فِي قُلُوبِ ഹൃദയങ്ങളില്‍ الْمُجْرِمِينَ കുറ്റവാളികളുടെ, പാപികളുടെ
26:201
  • لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ ﴾٢٠١﴿
  • വേദനയേറിയ ശിക്ഷ കാണുന്നതുവരേക്കും അവര്‍ അതില്‍ വിശ്വസിക്കുകയില്ല.
  • لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല بِهِ അതില്‍ حَتَّىٰ يَرَوُا അവര്‍ കാണുന്നതുവരെ الْعَذَابَ ശിക്ഷയെ الْأَلِيمَ വേദനയേറിയ
26:202
  • فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٢٠٢﴿
  • അങ്ങനെ, അവര്‍ക്കറിയാത്തനിലയില്‍ പെട്ടന്ന് അതവര്‍ക്കു വന്നെത്തുകയും (ചെയ്യുന്നതുവരെ); -
  • فَيَأْتِيَهُم അങ്ങനെ അതവര്‍ക്കു വന്നെത്തുകയും بَغْتَةً പെട്ടന്നു وَهُمْ അവരായിരിക്കെ لَا يَشْعُرُونَ അറിയുന്നില്ല, ബോധമില്ലാത്ത(വര്‍)
26:203
  • فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ ﴾٢٠٣﴿
  • അപ്പോള്‍ അവര്‍ പറഞ്ഞേക്കും: 'ഞങ്ങള്‍ താമസം നല്‍കപ്പെടുന്നവരാണോ [ഞങ്ങള്‍ക്ക് വല്ല ഒഴിവും ലഭിക്കുമോ]?!
  • فَيَقُولُوا അപ്പോള്‍ അവര്‍ പറയും هَلْ نَحْنُ നാമാണോ مُنظَرُونَ താമസം ചെയ്യപ്പെടുന്നവര്‍, ഒഴിവു നല്കപ്പെടുന്നവര്‍
26:204
  • أَفَبِعَذَابِنَا يَسْتَعْجِلُونَ ﴾٢٠٤﴿
  • എന്നാല്‍, നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നത്?!
  • أَفَبِعَذَابِنَا എന്നാല്‍ നമ്മുടെ ശിക്ഷയെപ്പറ്റിയോ يَسْتَعْجِلُونَ അവര്‍ ധൃതികൂട്ടുന്നു
26:205
  • أَفَرَءَيْتَ إِن مَّتَّعْنَٰهُمْ سِنِينَ ﴾٢٠٥﴿
  • എനി - നീ കണ്ടുവോ? (ആലോചിച്ചുനോക്കൂ!) - കുറേ കൊല്ലങ്ങളോളം നാം അവര്‍ക്ക് സുഖഭോഗം നല്‍കുന്നതായാല്‍,-
  • أَفَرَأَيْتَ എനി നീ കണ്ടുവോ إِن مَّتَّعْنَاهُمْ നാം അവര്‍ക്കു സുഖഭോഗം നല്‍കിയാല്‍, സൗഖ്യം കൊടുത്താല്‍ سِنِينَ കുറെ കൊല്ലങ്ങള്‍
26:206
  • ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ ﴾٢٠٦﴿
  • പിന്നീട്, താക്കീതു നല്‍കപ്പെടുന്നതുവരെ [ശിക്ഷ] അവര്‍ക്കു വരികയും ചെയ്‌താല്‍, -
  • ثُمَّ جَاءَهُم പിന്നെ അവര്‍ക്കു വരുകയും (ചെയ്‌താല്‍) مَّا യാതൊന്നു كَانُوا അവരായിരുന്നു يُوعَدُونَ താക്കീതു നല്‍കപ്പെടും
26:207
  • مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ ﴾٢٠٧﴿
  • അവര്‍ക്ക് സുഖഭോഗം നല്‍കപ്പെട്ടിരുന്നത് അവരെ സംബന്ധിച്ച് എന്താണ് ഫലം ചെയ്യുക?! (ഒന്നും തന്നെയില്ല).
  • مَا أَغْنَىٰ ഉപകാരം (ഫലം) ചെയ്കയില്ല, എന്തുഫലം ചെയ്യുന്നതാണ് عَنْهُم അവര്‍ക്കു അവരെ സംബന്ധിച്ചു مَّا كَانُوا يُمَتَّعُونَ അവര്‍ക്ക് സൗഖ്യം നല്‍കപ്പെട്ടിരുന്നത്
26:208
  • وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ ﴾٢٠٨﴿
  • ഏതൊരു രാജ്യവും തന്നെ, അതിന് [ആ രാജ്യക്കാര്‍ക്ക്] മുന്നറിയിപ്പു നല്‍കുന്നവര്‍ ഉണ്ടായിരിക്കാതെ നാം നശിപ്പിച്ചിട്ടില്ല.
  • وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഏതൊരു രാജ്യവും إِلَّا لَهَا അതിനില്ലാതെ مُنذِرُونَ മുന്നറിയിപ്പുകാര്‍, താക്കീതുകാര്‍

26:209
  • ذِكْرَىٰ وَمَا كُنَّا ظَٰلِمِينَ ﴾٢٠٩﴿
  • ഉല്‍ബോധനമെന്ന നിലക്ക്, (നശിപ്പിച്ചതില്‍) നാം അക്രമം ചെയ്തവരായിട്ടുമില്ല.
  • ذِكْرَىٰ ഉല്‍ബോധനമായിട്ടു, ഉപദേശമായി وَمَا كُنَّا നാമായിട്ടുമില്ല ظَالِمِينَ അക്രമം ചെയ്യുന്നവര്‍

ഏതു ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കാതിരിക്കത്തക്കവണ്ണമുള്ള നിഷേധനയമാണവരുടെ ഹൃദയത്തില്‍ കടന്നു കൂടിയിരിക്കുന്നത്. അതുകൊണ്ട് ആ വമ്പിച്ച ശിക്ഷ അനുഭവപ്പെടുന്നതുവരെ അവര്‍ വിശ്വസിക്കയില്ല. ശിക്ഷ വരുന്നതാകട്ടെ, വളരെ പെട്ടെന്നും, അവര്‍ ഒട്ടും അറിയാത്ത വിധത്തിലുമായിരിക്കും. അത് വന്നെത്തുമ്പോള്‍ അവര്‍ ഖേദിക്കും. അല്‍പസമയത്തേക്കെങ്കിലും അതില്‍ നിന്നൊരു ഒഴിവ് കിട്ടിയാല്‍ കൊള്ളാമെന്നു അവര്‍ കൊതിച്ചു പോകും. പക്ഷേ, ‘എപ്പോഴാണ് ആ ശിക്ഷ വരുക? (مَتَىٰ هَـٰذَا الْوَعْدُ), നീ പറയുന്ന ശിക്ഷ ഇങ്ങോട്ട് കൊണ്ടുവാ!’ (فَأْتِنَا بِمَا تَعِدنَا) എന്നൊക്കെ അവര്‍ ബദ്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ശിക്ഷ പെട്ടെന്ന് സംഭവിച്ചില്ലെന്നു വന്നാല്‍ അതുകൊണ്ടു അവര്‍ക്ക് വല്ല ഒഴിവും ലഭിക്കുവാനുണ്ടോ? ഇല്ല. കുറെ നീണ്ടകാലത്തോളം അവര്‍ക്ക് സുഖജീവിതം നയിക്കുവാന്‍ സാധിച്ചാല്‍തന്നെയും പിന്നീടവര്‍ക്ക് അതനുഭവപ്പെടാതിരിക്കുകയില്ല. അപ്പോള്‍ ആ സുഖജീവിതംകൊണ്ട് ഒരു ഫലവും അവര്‍ക്കുണ്ടാകാന്‍ പോകുന്നില്ല.

ഇവരെപ്പോലുള്ള ധിക്കാരികളായ പല സമുദായങ്ങളും ഇതിനുമുമ്പ് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കൊന്നും തന്നെ പ്രവാചകന്‍മാര്‍ ഉപദേശവും താക്കീതും ചെയ്‌വാനില്ലാതിരുന്നിട്ടില്ല. അവരെ നിഷേധിക്കുകയും, ധിക്കരിക്കുകയും ചെയ്തതാണ് നാശത്തിന് കാരണം. അല്ലാതെ, അല്ലാഹു അക്രമം പ്രവര്‍ത്തിച്ചിരിക്കുകയല്ല. അതുപോലെ ഇവരെയും അല്ലാഹു ശിക്ഷിക്കുന്നപക്ഷം അതൊരിക്കലും അനീതിയായിരിക്കയില്ല.

26:210
  • وَمَا تَنَزَّلَتْ بِهِ ٱلشَّيَٰطِينُ ﴾٢١٠﴿
  • ഇതുംകൊണ്ട് [ഖുര്‍ആനുമായി] പിശാചുക്കള്‍ ഇറങ്ങുകയുണ്ടായിട്ടില്ല;
  • وَمَا تَنَزَّلَتْ ഇറങ്ങിയിട്ടില്ല بِهِ അതുംകൊണ്ടു الشَّيَاطِينُ പിശാചുക്കള്‍
26:211
  • وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ ﴾٢١١﴿
  • അവര്‍ക്കത് യോജിക്കയുമില്ല; അവര്‍ക്ക് (അതിനു) സാധ്യമാകുന്നതുമല്ല.
  • وَمَا يَنبَغِي അതു യോജിക്കുകയുമില്ല لَهُمْ അവര്‍ക്കു وَمَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുന്നതുമല്ല
26:212
  • إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ ﴾٢١٢﴿
  • നിശ്ചയമായും, അവര്‍ (അതു) കേള്‍ക്കുന്നതില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവരാകുന്നു.
  • إِنَّهُمْ നിശ്ചയമായും അവര്‍ عَنِ السَّمْعِ കേള്‍ക്കുന്നതില്‍നിന്നു, കേള്‍ക്കുന്നതിനെക്കുറിച്ചു لَمَعْزُولُونَ നീക്കം ചെയ്യപ്പെട്ടവരാണ്, വേറിട്ടു നിറുത്തപ്പെട്ടവരാണ്

ഖുര്‍ആനെപ്പറ്റി അവിശ്വാസികള്‍ പുറപ്പെടുവിച്ച പല ആരോപണങ്ങളില്‍ ഒന്നാണ്, അത് പിശാചില്‍നിന്ന് ലഭിച്ചതാണെന്നുള്ള വാദവും. അതിന് ഖണ്ഡനമാണിത്. പിശാച് ഖുര്‍ആന്‍ കൊണ്ടുവന്നിട്ടില്ല എന്നുള്ളതിന് മൂന്ന് തെളിവുകള്‍ അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു:-

1. അതവര്‍ക്ക് യോജിച്ചതല്ല (مَا أَغْنَىٰ عَنْهُم) എന്നാകുന്നു. പിശാചിന്‍റെ പ്രകൃതിയും, അവന്‍റെ ഉദ്ദേശ്യലക്ഷ്യവും ഒന്നുംതന്നെ ഖുര്‍ആനുമായി തീരെ പൊരുത്തപ്പെടാത്തതാകുന്നു. ഏറ്റവും ദുഷിച്ച പ്രകൃതി, തിന്‍മയും, നാശവും വരുത്തണമെന്ന ഉദ്ദേശം, മനുഷ്യനെ വഴിപിഴപ്പിക്കണമെന്ന ലക്ഷ്യം ഇതൊക്കെയാണ് പിശാചിനുള്ളത്. ഖുര്‍ആനാകട്ടെ, സന്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതും, ദുര്‍മാര്‍ഗ്ഗത്തില്‍നിന്ന് തടയുന്നതും, മനസ്സിനും, ആത്മാവിനും, പ്രകാശം നല്‍കുന്നതുമാകുന്നു. ഈ പരസ്പരവൈരുദ്ധ്യങ്ങള്‍ തമ്മിലെങ്ങിനെ യോജിക്കും?!

2.എനി, പിശാച് ഖുര്‍ആനുമായി വരുന്നതില്‍ മേല്‍പറഞ്ഞ പൊരുത്തക്കേടൊന്നും ഇല്ലെന്ന് സങ്കല്‍പ്പിക്കുക: എന്നാലും അവര്‍ക്കതിന് സാധ്യമല്ല. ( وَمَا يَسْتَطِيعُونَ). ഖുര്‍ആന്‍റെ മഹത്വം താങ്ങുവാന്‍ അവര്‍ക്ക് കെല്‍പില്ല. ‘ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്‍റെ മേല്‍ ഇറക്കിയിരുന്നെങ്കില്‍, അത് പേടിക്കുന്നതായും, പൊട്ടിപ്പൊളിയുന്നതായും നീ കാണുമായിരുന്നു!’ (لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ – الخ) എന്നാണ് അല്ലാഹു സൂ: അല്‍ഹശ്റില്‍ – ഉപമാരൂപത്തില്‍ – ഖുര്‍ആന്‍റെ മഹത്വത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. എന്നിരിക്കെ, മലക്കിന്നല്ലാതെ – പിശാചിന് – അത് അല്ലാഹുവില്‍നിന്ന് ഏറ്റുവാങ്ങി പ്രവാചകന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുക സാധ്യമല്ല. വഹ്-യു സ്വീകരിക്കുമ്പോള്‍, നബി (صلى الله عليه وسلم) തിരുമേനി – വളരെ തണുപ്പുള്ള അവസരത്തില്‍പ്പോലും – വിയര്‍ത്തൊലിക്കുമാറ് പ്രയാസമേറിയതാണ് അത്.

3. എനിയൊരു മാര്‍ഗ്ഗമുള്ളത് മലക്കുകളില്‍ നിന്ന് കേള്‍ക്കുകയും, എന്നിട്ടത് ഭൂമിയില്‍ വന്ന് ഓതിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാകുന്നു. ഇതിനും നിവൃത്തിയില്ല. കാരണം, പിശാചുക്കള്‍ മുമ്പ് ആകാശം വരെ കേറിപ്പോകുകയും, മലക്കുകളില്‍നിന്ന് ചില വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ അവര്‍ക്ക് സാധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ – നബി (صلى الله عليه وسلم) ക്ക് വഹ്-യു വരുവാന്‍ ആരംഭിച്ചതു മുതല്‍ക്ക്‌ – പിശാചുക്കളുടെ ആകാശത്തേക്കുള്ള കയറ്റവും, മലക്കുകളില്‍നിന്ന് കേള്‍ക്കുവാനുള്ള സാധ്യതയും തീരെ തടസ്സം ചെയ്യപ്പെട്ടിരിക്കുകയാണ്. (إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ) നബി (صلى الله عليه وسلم) യില്‍നിന്നും ഖുര്‍ആന്‍ പാരായണം കേട്ട ഒരു സംഘം ജിന്നുകള്‍ചെയ്ത ഒരു നീണ്ട പ്രസ്താവന സൂറത്തുല്‍ ജിന്നില്‍ അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ജിന്നുകള്‍ ഇപ്രകാരം പറഞ്ഞതായി കാണാം:-

وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا (٩) – سورة الجن

(ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഞങ്ങള്‍ അതില്‍ പല ഇരിപ്പിടങ്ങളിലും കേള്‍ക്കുവാനായി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍, ആരെങ്കിലും കേള്‍ക്കുവാന്‍ ശ്രമിക്കുന്നതായാല്‍, അവനെ കാത്തുകൊണ്ടിരിക്കുന്ന തീജ്വാലയെ അവന്‍ കണ്ടെത്തുന്നതാണ്.) കൂടുതല്‍ വിവരം സൂറത്തു – സ്വാഫ്ഫാത്തില്‍ വെച്ചു കാണാം. إن شاء الله . സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ശ്രദ്ധിക്കുക.

ഖുര്‍ആന്‍ അല്ലാഹുവില്‍നിന്നുതന്നെയുള്ളതാണെന്നും, അതില്‍ പിശാചിന്‍റെയോ മറ്റോ കൈകടത്തല്‍ ഉണ്ടായിട്ടില്ലെന്നും സ്ഥാപിക്കുകയും, അതുവഴി നബി (صلى الله عليه وسلم) യുടെ പ്രവാചകത്വത്തിന് സത്യസാക്ഷ്യം നല്‍കുകയും ചെയ്തശേഷം, തിരുമേനി (صلى الله عليه وسلم) യോട് തൗഹീദില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ ഉറച്ചുനില്‍ക്കുവാനും, സ്വന്തം കുടുംബത്തിന് പ്രത്യേകം താക്കീത് ചെയ്‌വാനും മറ്റും ഉപദേശിക്കുന്നു:-

26:213
  • فَلَا تَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ ﴾٢١٣﴿
  • ആകയാല്‍, അല്ലാഹുവിനോടു കൂടി വേറെ ഒരു ആരാധ്യനെയും നീ വിളി (ച്ച് പ്രാര്‍ത്ഥി) ക്കരുത്; എന്നാല്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും.
  • فَلَا تَدْعُ ആകയാല്‍ നീ വിളിക്കരുതു, പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ആരാധ്യനെ فَتَكُونَ അപ്പോള്‍ നീ ആയിത്തീരും, ആകും مِنَ الْمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവരില്‍ (പെട്ടവന്‍)
26:214
  • وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ ﴾٢١٤﴿
  • നിന്‍റെ അടുത്ത കുടുംബങ്ങള്‍ക്കു (ശിക്ഷയെക്കുറിച്ച്) മുന്നറിയിപ്പ് നല്‍കുകയും ചെയ്യണം.
  • وَأَنذِرْ നീ മുന്നറിയിപ്പു (താക്കീതു) നല്‍കുകയും ചെയ്യുക عَشِيرَتَكَ നിന്‍റെ കുടുംബത്തിനു, ബന്ധുക്കളെ الْأَقْرَبِينَ അടുത്തവരായ

26:215
  • وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ ﴾٢١٥﴿
  • സത്യവിശ്വാസികളായി നിന്നെ പിന്തുടര്‍ന്നിട്ടുള്ളവര്‍ക്ക് നിന്‍റെ പാര്‍ശ്വം താഴ്ത്തികൊടുക്കുകയും ചെയ്യുക. [അവരുമായി സൗമ്യത്തില്‍ പെരുമാറുക].
  • وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ, ഭാഗത്തെ لِمَنِ اتَّبَعَكَ നിന്നെ പിന്‍തുടര്‍ന്നവര്‍ക്കു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായിട്ടു
26:216
  • فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌ مِّمَّا تَعْمَلُونَ ﴾٢١٦﴿
  • എന്നാല്‍, അവര്‍ നിന്നോട് അനുസരണക്കേട്‌ കാണിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: 'നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഞാന്‍ നിരുത്തരവാദിയാണ്' എന്ന്.
  • فَإِنْ عَصَوْكَ എന്നാലവര്‍ നിന്നോടു അനുസരണക്കേടു കാട്ടിയാല്‍, എതിരു പ്രവര്‍ത്തിച്ചാല്‍ فَقُلْ അപ്പോള്‍ നീ പറയുക إِنِّي നിശ്ചയമായും ഞാന്‍ بَرِيءٌ നിരുത്തരവാദിയാണ്, ഒഴിവായവനാണ് مِّمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു
26:217
  • وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ ﴾٢١٧﴿
  • പ്രതാപശാലിയും കരുണാനിധിയുമായുള്ളവന്‍റെ മേല്‍ (എല്ലാ കാര്യങ്ങളും) ഭരമേല്‍പിക്കുകയും ചെയ്യുക.
  • وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക عَلَى الْعَزِيزِ പ്രതാപശാലിയുടെമേല്‍ الرَّحِيمِ കരുണാനിധിയായ

‘നിന്‍റെ അടുത്ത കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക’ എന്നുള്ള വചനം അവതരിച്ചപ്പോള്‍, റസൂല്‍ (صلى الله عليه وسلم‏) തിരുമേനി ഖുറൈശി ഗോത്രങ്ങളെ വിളിച്ചുവരുത്തി അവരോട് പൊതുവായും, പ്രത്യേകം പ്രത്യേകമായും ഇങ്ങിനെ അറിയിച്ചതായി അബൂഹുറൈറഃ (رضي الله عنه) ഉദ്ധരിക്കുന്നു:-

‘ഖുറൈശികളുടെ സമൂഹമേ! നിങ്ങളുടെ ദേഹങ്ങളെ നരകത്തില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടുത്തുവിന്‍! നിങ്ങള്‍ക്ക് യാതൊരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ ചെയ്‌വാന്‍ നിശ്ചയമായും എനിക്ക് കഴിയുന്നതല്ല.’ (أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ فَإِنِّي لاَ أَمْلِكُ لَكُمْ ضَرًّا وَلاَ نَفْعًا) ‘ലുഅയ്യിന്‍റെ – മകനായ കഅ്ബി (كعب)ന്‍റെ സന്തതികളേ! നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തിക്കൊള്ളുവിന്‍! നിങ്ങള്‍ക്ക് യാതൊരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ ചെയ്‌വാന്‍ നിശ്ചയമായും എനിക്കു കഴിയുകയില്ല’. ഇങ്ങിനെ, ഖുസ്വയ്യ് (قصي) ഗോത്രക്കാരെയും, അബ്ദുമനാഫ് ഗോത്രക്കാരെയും, അബ്ദുല്‍ മുത്ത്വലിബ് ഗോത്രക്കാരെയും വിളിച്ച് ഇതുപോലെ പറഞ്ഞു. പിന്നീട് സ്വന്തം മകള്‍ ഫാത്ത്വിമ (رضي الله عنها) യെ വിളിച്ചു പറഞ്ഞു: ‘മുഹമ്മദിന്‍റെ മകള്‍ ഫാത്ത്വിമാ! നീ നിന്‍റെ ദേഹത്തെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊള്ളുക! നിനക്ക് യാതൊരു ഉപദ്രവമോ ഉപകാരമോ ചെയ്‌വാന്‍ എനിക്ക് കഴിയുന്നതല്ല. അറിഞ്ഞേക്കൂ: നിങ്ങള്‍ക്ക് (എന്നോട്) നിശ്ചയമായും രക്തബന്ധമുണ്ട്. അത് ഞാന്‍ നനക്കേണ്ടപ്രകാരം നനച്ചുകൊള്ളുന്നതാണ്. അതായത്: ഇഹത്തില്‍ ഞാന്‍ നിങ്ങളോട് കുടുംബബന്ധം പാലിക്കുന്നതാകുന്നു. അല്ലാഹുവില്‍നിന്നും (ഉണ്ടാകുന്ന) യാതൊന്നുംതന്നെ ഞാന്‍ നിങ്ങള്‍ക്ക് ഒഴിവാക്കുകയില്ല’. (ബുഖാരി; മുസ്‌ലിം).

സ്വന്തം കുടുംബത്തിന്‍റെ രക്ഷാമാര്‍ഗ്ഗങ്ങളില്‍ പ്രത്യേകം ഔത്സുക്യം കാണിക്കേണ്ടതുണ്ടെന്നും, നേതാക്കള്‍ തങ്ങളുടെ അനുയായികളോട് വിനയത്തിലും, സൗമ്യത്തിലും പെരുമാറേണ്ടതാണെന്നും, വേണ്ടത്ര ഉപദേശിച്ചിട്ടും ജനങ്ങള്‍ അതനുസരിക്കാതെ പിടിവാശിയില്‍ നിലകൊള്ളുന്നപക്ഷം, കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഒഴിഞ്ഞുനില്‍ക്കേണ്ടതാണെന്നും ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ‘അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക’ എന്ന് പറയാതെ, ‘പ്രതാപശാലിയും കരുണാനിധിയുമായുള്ളവനില്‍ ഭരമേല്‍പ്പിക്കുക’ എന്ന് പറഞ്ഞത് അര്‍ത്ഥവത്താകുന്നു. പ്രതാപവും ശക്തിയും ഇല്ലാത്തവരില്‍ ഭരമേല്‍പ്പിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ലഭിക്കുവാനില്ലല്ലോ, കാരുണ്യമില്ലാത്തവന് പ്രതാപമുണ്ടായിട്ടും കാര്യമില്ലതാനും. ഈ രണ്ടു ഗുണങ്ങളും അങ്ങേഅറ്റം പരിപ്പൂര്‍ണ്ണമായവന്‍ അല്ലാഹു മാത്രമാണ്. കൂടാതെ – അടുത്ത വചനങ്ങളില്‍ അനുസ്മരിപ്പിക്കുന്നതുപോലെ – എല്ലാം കണ്ടും കേട്ടും അറിയുന്ന സര്‍വ്വജ്ഞാനിയും അവനാകുന്നു. അപ്പോള്‍, തവക്കലി’ന് (കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുവാന്‍) ഏതു നിലക്കും അര്‍ഹന്‍ അവന്‍തന്നെ. അവനില്‍ ഭരമേല്‍പ്പിക്കുന്നവര്‍ ഒരിക്കലും നിരാശപ്പെടേണ്ടതില്ല. അവരെ അവന്‍ സഹായിക്കുകയും, വിജയിപ്പിക്കുകയും തന്നെ ചെയ്യും.

26:218
  • ٱلَّذِى يَرَىٰكَ حِينَ تَقُومُ ﴾٢١٨﴿
  • അതായത്: നീ നിന്ന് (നമസ്കരിച്ചു) കൊണ്ടിരിക്കുന്ന സമയത്ത് നിന്നെ കണ്ടു കൊണ്ടിരിക്കുന്നവന്‍;
  • الَّذِي യാതൊരുവന്‍ يَرَاكَ അവന്‍ നിന്നെ കാണുന്നു, കണ്ടുകൊണ്ടിരിക്കുന്നു حِينَ تَقُومُ നീ നിന്നുകൊണ്ടിരിക്കുന്ന സമയത്ത്, എഴുന്നേല്‍ക്കുമ്പോള്‍
26:219
  • وَتَقَلُّبَكَ فِى ٱلسَّٰجِدِينَ ﴾٢١٩﴿
  • 'സുജൂദ്' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തില്‍ നീ ചലിച്ചുകൊണ്ടിരിക്കുന്നതും (കാണുന്നവന്‍).
  • وَتَقَلُّبَكَ നീ ചലിക്കുന്നതും, നിന്‍റെ നീക്കവും فِي السَّاجِدِينَ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തില്‍
26:220
  • إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٢٢٠﴿
  • നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
  • إِنَّهُ നിശ്ചയമായും അവന്‍ هُوَ അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍, സര്‍വ്വജ്ഞന്‍

حِينَ تَقُومُ എന്ന വാക്കിനാണ് ‘നീ നിന്നു നമസ്കരിക്കുന്ന സമയം’ എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ‘നീ നില്‍ക്കുന്ന സമയം – അഥവാ എഴുന്നേല്‍ക്കുന്ന സമയം’ എന്നാണ്‌ നേരെ വാക്കര്‍ത്ഥം. ‘നമസ്കാരത്തിലേക്ക് എഴുന്നേല്‍ക്കുന്ന – അഥവാ നമസ്കാരത്തിന് പുറപ്പെടുന്ന – സമയം’ എന്നും ഇവിടെ ഉദ്ദേശ്യമാകാം. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ അര്‍ത്ഥമാണ് കല്‍പിച്ചിട്ടുള്ളതും. രണ്ടില്‍ ഏതര്‍ത്ഥം കല്‍പിച്ചാലും ഇവിടെ ആയത്തിന്‍റെ താല്‍പര്യത്തില്‍ വ്യത്യാസം വരുവാനില്ല. അല്ലാഹു നിന്‍റെ ഓരോ അവസ്ഥയെയും പ്രവൃത്തിയും കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നവനാണ് എന്നത്രെ ചുരുക്കത്തില്‍ ആയത്തിന്‍റെ താല്പര്യം. പല ഘടകങ്ങള്‍ കൂടിച്ചേ൪ന്നതാണ് നമസ്കാരകര്‍മ്മം. അതിലെ മൂന്ന് പ്രധാന ഘടകങ്ങളത്രെ നിറുത്തം (القيام), ‘റുകൂഉ്’ (الركوع = കുമ്പിട്ടു നില്‍ക്കല്‍), ‘സുജൂദ്’ (السجود = സാഷ്ടാംഗം ചെയ്യല്‍) എന്നിവ. ആകയാല്‍, ഈ മൂന്നു വാക്കുകളും അവയില്‍നിന്ന് ഉളവാകുന്ന ക്രിയാരൂപങ്ങളും, നാമവിശേഷണങ്ങളുമെല്ലാംതന്നെ ചില സന്ദ൪ഭങ്ങളില്‍ നമസ്കാരത്തെ ഉദ്ദേശിച്ചു പ്രയോഗിക്കപ്പെടുക സാധാരണമാകുന്നു.

നമസ്കാരത്തിന്‍റെ വിഷയത്തില്‍ നബി (صلى الله عليه وسلم‏) തിരുമേനി എത്രമാത്രം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്ന വസ്തുത പ്രസിദ്ധമാണല്ലോ. അഞ്ചു നേരത്തെ നിര്‍ബ്ബന്ധ നമസ്കാരത്തിന്ന് പുറമെ, അവയുടെ മുമ്പും പിമ്പുമായിക്കൊണ്ടും, ചില പ്രത്യേക സന്ദര്‍ഭങ്ങളിലായിക്കൊണ്ടും അവിടുന്ന് പല ഐച്ഛിക നമസ്കാരങ്ങളും (النوافل) പതിവാക്കിയിരുന്നു. രാത്രിയില്‍ വളരെയേറെ സമയം അവിടുന്ന് നമസ്കാരത്തില്‍ ചിലവഴിച്ചിരുന്നതും, ചിലപ്പോള്‍ കാലില്‍ നീരുകെട്ടി വീങ്ങുമാറ് നിന്ന് നമസ്കരിച്ചിരുന്നതും, അങ്ങേഅറ്റം ഭക്തിനി൪ഭരമായ നിലയില്‍ അത് നിര്‍വ്വഹിച്ചിരുന്നതും, നബിചര്യയില്‍ പരക്കെ അറിയപ്പെട്ട സംഗതികളാണ്. വല്ല ആപല്‍ഭയവും നേരിട്ടാല്‍ അവിടുന്ന് നമസ്കാരത്തെ അഭയം പ്രാപിക്കുക പതിവായിരുന്നു. നമസ്കാരമാണെങ്കില്‍ ശാരീരികമായ ആരാധനാ കര്‍മ്മങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായതും അല്ലാഹുവിന്‍റെ മുമ്പില്‍ ഏറ്റവുമധികം ഭയഭക്തി അര്‍പ്പിക്കുന്നതുമായ ഒരു കര്‍മ്മവും! ഈ നിലക്ക് നീ നിന്ന് നമസ്കരിക്കുന്നതും – അഥവാ നമസ്കാരത്തിന് നില്‍ക്കുന്നതും – സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നതും – അഥവാ നമസ്കരിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അവരുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടുന്നതും – അല്ലാഹു കാണുന്നുണ്ടെന്ന് നബി (صلى الله عليه وسلم‏)യോട് അഭിമുഖമായി പ്രസ്താവിച്ചിട്ടുള്ളത് നബി (صلى الله عليه وسلم‏)യെ സംബന്ധിച്ചിടത്തോളം, മഹത്തായ ഒരു സന്തോഷവാര്‍ത്തയും, അനുമോദനവും തന്നെയാകുന്നു. അതൊന്നും അല്ലാഹു പാഴാക്കുകയില്ല; അതിനെല്ലാമുള്ള വമ്പിച്ച പ്രതിഫലങ്ങളും, ഉന്നതമായ സ്ഥാനമാനങ്ങളും താങ്കള്‍ക്കു ലഭിക്കുക തന്നെ ചെയ്യും; അങ്ങേഅറ്റത്തെ ഭക്തിപുരസ്സരം നടത്തുന്ന പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ക്ക് ഉത്തരം ലഭിക്കാതിരിക്കുകയില്ല എന്നിങ്ങിനെയുള്ള സൂചനകള്‍ അതിലടങ്ങുന്നു.

അതേ സമയത്ത് നമ്മെ സംബന്ധിച്ചിടത്തോളം മറ്റൊരു സൂചനയും അതില്‍ അന്തര്‍ഭവിച്ചു കാണാം. നമസ്കാരത്തില്‍ മനസ്സാന്നിധ്യവും, ഭയഭക്തിയും ഒഴിച്ചുകൂടാത്തതാണെന്നു, അല്ലാഹു നമ്മെ നോക്കിക്കണ്ടുകൊണ്ടിരിക്കുന്നുവെന്ന ബോധത്തോടുകൂടിയായിരിക്കണം നമസ്കരിക്കുന്നതെന്നും അതു ധ്വനിപ്പിക്കുന്നു. നബി (صلى الله عليه وسلم‏) ഒരു ഹദീസില്‍ ഇപ്രകാരം അരുളിച്ചെയ്തിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ്: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ – مسلم (നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന പ്രകാരം അവന്നു ‘ഇബാദത്ത്’ – ആരാധന – ചെയ്യുക. എന്നാല്‍, നീ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു). (മുസ്‌ലിം).

26:221
  • هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ﴾٢٢١﴿
  • ആരുടെമേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വര്‍ത്തമാനം അറിയിച്ചു തരട്ടെയോ? -
  • هَلْ أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വര്‍ത്തമാനം അറിയിച്ചു തരട്ടെയോ عَلَىٰ مَن ആരുടെ മേലാണ് تَنَزَّلُ ഇറങ്ങുന്നതു (എന്നു) الشَّيَاطِينُ പിശാചുക്കള്‍
26:222
  • تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ ﴾٢٢٢﴿
  • മഹാ വ്യാജകനും ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ (പിശാചുക്കള്‍) ഇറങ്ങുന്നത്.
  • تَنَزَّلُ അവ ഇറങ്ങുന്നു عَلَىٰ كُلِّ أَفَّاكٍ എല്ലാ മഹാവ്യാജകന്‍റെമേലും, വലിയ നുണക്കാരുടെ മേല്‍ أَثِيمٍ ദുഷ്ടനായ, വളരെ കുറ്റം ചെയ്യുന്നവനായ
26:223
  • يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ ﴾٢٢٣﴿
  • അവര്‍ ചെവികൊടുക്കുന്നതാണ്; അവരില്‍ അധികമാളും വ്യാജം പറയുന്നവരാകുന്നു.
  • يُلْقُونَ അവര്‍ ഇട്ടുകൊടുക്കുന്നു السَّمْعَ കേള്‍വി, കേട്ടതു وَأَكْثَرُهُمْ അവരില്‍ അധികമാളും كَاذِبُونَ വ്യാജം (കളവു) പറയുന്നവരാണ്

ഖുര്‍ആന്‍ പിശാച് മുഖേന അവതരിച്ചതല്ല, അതു പിശാചിനു യോജിച്ചതും, സാധ്യമാകുന്നതും അല്ല എന്നൊക്കെ ഇതിനുമുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, പിശാച് ഏതു തരത്തിലുള്ള ആളുകളുമായിട്ടാണ് ബന്ധപ്പെടുക, അവന്‍റെ വരവും ഉപദേശവും ഉണ്ടാകുക ആര്‍ക്കാണ് എന്നത്രെ ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. കള്ളവും നുണയും പതിവാക്കിയ മഹാ വ്യാജകന്‍മാര്‍, പാപങ്ങളും ദുഷ്പ്രവൃത്തികളും പതിവാക്കിയ ദുഷ്ടന്‍മാര്‍ ഇവരാണ് പിശാചിന്‍റെ ബന്ധുക്കള്‍. അവരിലാണ് പിശാചിന്‍റെ സാന്നിദ്ധ്യവും, ഉപദേശവും ഉണ്ടാവുക. മനുഷ്യര്‍ക്കു അറിയാന്‍ കഴിവില്ലാത്ത ചില കാര്യങ്ങള്‍ പിശാചുക്കള്‍ക്ക് അറിയാന്‍ സാധിച്ചേക്കും. അവര്‍ ഒരുതരം അദൃശ്യസൃഷ്ടികളാണല്ലോ. നബി (صلى الله عليه وسلم‏) തിരുമേനിക്ക് പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പ് അവര്‍ ആകാശംവരെ കയറിയിരുന്നുവെന്നും, മലക്കുകളില്‍നിന്ന് ചില വാര്‍ത്തകള്‍ കട്ടുകേട്ടിരുന്നുവെന്നും നാം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ പിശാചുക്കള്‍ അത്തരക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും, അതില്‍കൂടി ധാരാളം വ്യാജങ്ങളും കൂട്ടിക്കലര്‍ത്തി അവര്‍ ജനമദ്ധ്യെ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ്.

ഇമാം ബുഖാരീ (റ) ആയിശാ (റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഈ വിഷയം വ്യക്തമാക്കുന്നു. ഹദീസ് ഇപ്രകാരമാണ്: ‘ചില ആളുകള്‍ ഗണിതക്കാരെ (ജോല്‍സ്യക്കാരെ സംബന്ധിച്ച് നബി (صلى الله عليه وسلم‏)യോട് ചോദിക്കുകയുണ്ടായി. നബി (صلى الله عليه وسلم‏) പറഞ്ഞു: “لَيْسُوا بِشَيْءٍ” (അവര്‍ ഒന്നും തന്നെയല്ല – അഥവാ അതില്‍ യാതൊരടിസ്ഥാനവുമില്ല). അപ്പോള്‍ അവര്‍ ചോദിച്ചു: അവര്‍ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യഥാര്‍ത്ഥമാകാറുണ്ടല്ലോ? അപ്പോള്‍ തിരുമേനി (صلى الله عليه وسلم‏) ഇങ്ങനെ മറുപടി പറഞ്ഞു: ” تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ ، فَيَقُرُّهَا فِي أُذُنِ وَلِيِّهِ قَرَّ الدَّجَاجَةِ ، فَيَخْلِطُونَ فِيهَا أَكْثَرَ مِنْ مِائَةِ كَذْبَةٍ ” .(യഥാര്‍ത്ഥമായി പുലരുന്ന ആ വാക്ക് ജിന്നു വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ട് അവന്‍ തന്‍റെ ബന്ധുക്കളുടെ കാതില്‍, പിടക്കോഴി ‘കറകറ’ എന്ന് കുറുകുംപ്രകാരം അത് കുറുകി – മന്ത്രിച്ചു – കൊടുക്കുന്നു. അങ്ങനെ, അവര്‍ അതില്‍കൂടി നൂറിലേറെ കളവും കൂട്ടിക്കലര്‍ത്തുന്നു.’): (رواه البخاري). ഈ വിഷയകമായി ബുഖാരീ (റ) , മുസ്‌ലിം (റ) മുതലായവര്‍ പല മാര്‍ഗ്ഗങ്ങളില്‍നിന്നും ഹദീസുകള്‍ വേറെയും ഉദ്ധരിച്ചു കാണാം. പിശാചുക്കള്‍ മലക്കുകളില്‍നിന്ന് കട്ടു കേള്‍ക്കുന്നതിനെ ഉദ്ദേശിച്ചാണ് ഈ ഹദീസില്‍ ജിന്നുവര്‍ഗ്ഗത്തില്‍ പെട്ടവന്‍ തട്ടിയെടുക്കുന്നത്’ (يَخْطَفُهَا الْجِنِّيُّ) എന്ന് പറഞ്ഞിട്ടുള്ളത്.

പിശാചിന്‍റെ വൈതാളികരായ ചില പ്രശ്നക്കാരില്‍നിന്നും, ഗണിതക്കാരില്‍നിന്നും – അവര്‍ പല പേരുകളിലും അറിയപ്പെടാറുണ്ടെങ്കിലും ശരി – കേള്‍ക്കാറുള്ള ചുരുക്കം ചില വാര്‍ത്തകള്‍ ശരിയായി അനുഭവപ്പെട്ടു കാണുന്നതിനാല്‍ ഇന്നും എത്രയോ ആളുകള്‍ വഞ്ചിതരായിക്കൊണ്ടിരിക്കുന്നു. അത്തരകാരെ സമീപിക്കുന്ന പാമരന്‍മാര്‍ക്കോ, പ്രസ്തുത വൈതാളികന്മാര്‍ക്കോ കണ്ടറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏതെങ്കിലും വാര്‍ത്തകള്‍ പിശാച് കണ്ടറിയുകയും, പല വ്യാജമന്ത്രങ്ങളുടെ കൂട്ടത്തില്‍ ആ വാര്‍ത്തയും അവന്‍ അവര്‍ക്ക് ദുര്‍ബ്ബോധനം ചെയ്കയും ചെയ്തേക്കുന്നതാണ്. അതുകൊണ്ടാണ് – ഹദീസില്‍ സൂചിപ്പിച്ചപ്രകാരം – ഏതോ ചില കാര്യങ്ങള്‍ പ്രശ്നക്കാ൪ പറയുന്നത് ഒത്തുവരുന്നത്. ഈ വാസ്തവം അവര്‍ മനസ്സിലാക്കുന്നില്ല. (പിശാചുക്കളെയും, അവര്‍ മലക്കുകളില്‍ നിന്ന് ചിലത് കട്ടു കേട്ടിരുന്നതിനെയുംകുറിച്ച് കൂടുതല്‍ വിവരം സൂ: അസ്സ്വാഫാത്തില്‍ കാണാം. إن شاء الله . (സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും നോക്കുക.).

223-ാം വചനത്തില്‍ يُلْقُونَ السَّمْعَ എന്ന വാക്കിനാണ് ‘അവര്‍ ചെവികൊടുക്കുന്നു’വെന്നു നാം അര്‍ത്ഥം കല്പിച്ചത്, ശ്രദ്ധിച്ചു കേള്‍ക്കുക – കേള്‍ക്കുവാനായി ചെവിയോര്‍ക്കുക – എന്ന് താല്‍പര്യം: السَّمْعُ (സംഉ) എന്നാല്‍ ‘കേള്‍വി’ എന്നും, يُلْقُونَ (യുല്‍ഖൂന) എന്നാല്‍ ‘ഇട്ടുകൊടുക്കും’ എന്നുമത്രെ പദാര്‍ത്ഥം. രണ്ടുംകൂടി മേല്‍പ്രകാരം ഘടിപ്പിക്കുമ്പോള്‍, നാം പറഞ്ഞ ഉദ്ദേശ്യാര്‍ത്ഥം വരുന്നു. ഈ പ്രയോഗം ഇതേ അര്‍ത്ഥത്തില്‍ സൂ: ഖ്വാഫ് 37ലും കാണാം. കൂടാതെ, السَّمْع എന്ന വാക്ക് ‘കേള്‍ക്കപ്പെട്ട കാര്യ’ (المسموع) എന്ന അര്‍ത്ഥത്തിലും വരാവുന്നതാണ്. يُلْقُونَ എന്ന ക്രിയയില്‍ അതിന്‍റെ കര്‍ത്താവായി സ്ഥിതി ചെയ്യുന്ന സര്‍വ്വനാമം (ضمير) പിശാചുക്കളെ ഉദ്ദേശിച്ചും, മഹാവ്യാജകന്‍മാരും ദുഷ്ടന്‍മാരുമായ ആളുകളെ ഉദ്ദേശിച്ചും ആയിരിക്കാനും ഇടയുണ്ട്. അതുപോലെത്തന്നെ, ‘അവരില്‍ അധികവും’ എന്ന് നാം അര്‍ത്ഥം കല്‍പിച്ച وَأَكْثَرُهُمْ എന്ന വാക്കിലെ هُمْ എന്ന സര്‍വ്വനാമവും ഈ രണ്ടു കൂട്ടരില്‍ ഓരോന്നിലേക്കും മടങ്ങുന്നതാവുകയും ചെയ്യാം. ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് ഈ വചനത്തിന്‍റെ സാരം താഴെ കാണുന്ന രൂപങ്ങളിലെല്ലാം വിവരിക്കപ്പെട്ടുകാണാം. പക്ഷേ, പ്രത്യക്ഷത്തില്‍ അവ ഏറെക്കുറെ വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും നാം മുകളില്‍ നല്‍കിയ വിവരണത്തില്‍നിന്ന് പുറത്തുപോകുന്നില്ലതാനും.

(1). പിശാചുക്കളില്‍നിന്ന് ചില വാര്‍ത്തകള്‍ അറിയുവാനായി ചെവികൊടുക്കുകയും – പരിശ്രമം നടത്തുകയും – അങ്ങനെ അവര്‍ക്കു ലഭിച്ചേക്കുന്ന വാര്‍ത്തകളില്‍ ധാരാളം കളവും കൂട്ടിച്ചേര്‍ത്തു കൊണ്ട് അവര്‍ തങ്ങളുടെ ബന്ധുക്കളായ ഗണിതക്കാര്‍ മുതലായവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.

(2). പിശാചുക്കള്‍ കേട്ട വാര്‍ത്തകളെ അവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കു രഹസ്യമായി ബോധനം നല്‍കുകയും, ആ ബന്ധുക്കള്‍ അതില്‍ ധാരാളം കളവുകള്‍ കൂട്ടിച്ചേര്‍ത്തു ജനമദ്ധ്യെ പ്രചാരം ചെയ്കയും ചെയ്യുന്നു.

(3). വ്യാജകാരികളായ ദുഷ്ടജനങ്ങള്‍ പിശാചുക്കളില്‍ നിന്ന് വാര്‍ത്തകള്‍ ലഭിക്കുവാനായി ശ്രമം നടത്തുകയും അവര്‍ ഈ ദുഷ്ടന്‍മാര്‍ക്ക് കള്ളവാര്‍ത്തകള്‍ രഹസ്യബോധനം നല്‍കുകയും ചെയ്യുന്നു.

(4). പ്രസ്തുത ദുഷ്ടവര്‍ഗ്ഗം പിശാചുക്കളില്‍ നിന്ന് കേള്‍ക്കുന്ന വിവരങ്ങള്‍ കള്ളം കലര്‍ത്തിക്കൊണ്ട് പ്രചരിപ്പിക്കുന്നു. (كما في الرازي وغيره).

ഖുര്‍ആന്‍ ഒരുതരം കവിതയാണ്, മുഹമ്മദ്‌ ഒരു കവിയാണ്‌ എന്നിങ്ങിനെയും ശത്രുക്കള്‍ ആരോപിക്കുക പതിവായിരുന്നു. ഇതിന്‍റെ നിരര്‍ത്ഥതയെക്കുറിച്ചാണ് അടുത്ത വചനങ്ങളില്‍ കാണുന്നത്.

26:224
  • وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ ﴾٢٢٤﴿
  • കവികളാകട്ടെ, അവരെ പിന്‍പറ്റുക ദുര്‍മ്മാര്‍ഗ്ഗികളാകുന്നു.
  • وَالشُّعَرَاءُ കവികളാകട്ടെ يَتَّبِعُهُمُ അവരെ പിന്‍പറ്റുന്നു, അനുഗമിക്കും الْغَاوُونَ വഴിതെറ്റിയവര്‍, ദുര്‍മാര്‍ഗ്ഗികള്‍

26:225
  • أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ ﴾٢٢٥﴿
  • നീ കണ്ടിട്ടില്ലേ, അവര്‍ (ഭാവനയുടെ) എല്ലാ താഴ്വരയില്‍കൂടിയും അലഞ്ഞുനടക്കുന്നതാണ് എന്ന് ?!-
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّهُمْ നിശ്ചയമായും അവര്‍ فِي كُلِّ وَادٍ എല്ലാ താഴ്വരയില്‍ കൂടിയും, എല്ലാ തുറയിലും يَهِيمُونَ അലഞ്ഞു നടക്കുന്നു, ചുറ്റിത്തിരിയുന്നു (എന്ന്)
26:226
  • وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ ﴾٢٢٦﴿
  • അവര്‍, തങ്ങള്‍ പ്രവര്‍ത്തിക്കാത്തതു പറഞ്ഞുകൊണ്ടിരിക്കുമെന്നും (കണ്ടിട്ടില്ലേ)?!
  • وَأَنَّهُمْ നിശ്ചയമായും അവര്‍ يَقُولُونَ പറയുന്നു (എന്നും) مَا لَا يَفْعَلُونَ അവര്‍ ചെയ്യാത്തത്

ഖുര്‍ആന്‍ കവിവാക്യമല്ലെന്നു സൂ: അല്‍ഹാഖ്‌ഖ്വ : 41ലും, നബി (صلى الله عليه وسلم‏) ക്ക് കവിത അറിഞ്ഞുകൂടാ, അത് അവിടുത്തേക്കു യോജിക്കുന്നതുമല്ല എന്ന് സൂ: യാസീന്‍ 69ലും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നബി (صلى الله عليه وسلم‏) ക്ക് അതു യോജിച്ചതല്ലെന്നുള്ളതില്‍ അടങ്ങിയ രഹസ്യം ഈ വചനങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ജനങ്ങളെ സ്വാധീനിക്കുവാനും, ഹൃദയങ്ങളെ വശീകരിക്കുവാനും കവിതക്കുള്ള ശക്തി വളരെ വമ്പിച്ചതാണ്. ഏറെക്കുറെ എല്ലാ കാലത്തും, ഏതു ഭാഷക്കാര്‍ക്കിടയിലും കവികള്‍ക്കു ജനമദ്ധ്യെ ഒരു സ്ഥാനമുണ്ടായിരിക്കും. ഖുര്‍ആന്‍ അവതരിക്കുന്നകാലത്തുള്ള അറബികള്‍ക്കിടയില്‍ കവിതയുടെ സ്ഥാനം ഏറ്റവും വമ്പിച്ചതായിരുന്നു. പ്രതാപശാലിയായ ഒരു ഭരണനേതാവിനെപ്പോലും വെല്ലുന്ന സ്വാധീനം ഒരു കവിക്ക് ചിലപ്പോള്‍ സംസിദ്ധമായേക്കും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ക്കും, ഒരു വമ്പിച്ച ഗോത്രത്തിന്‍റെ അധഃപതനത്തിനും, നേരെമറിച്ച് പുരോഗതിക്കും ഒരുപക്ഷേ ഒരു കവിയുടെ ചില കവിതാശകലങ്ങള്‍ കാരണമായേക്കും. ഖുര്‍ആനെ നേര്‍ക്കുനേരെ സധൈര്യം മുന്നോട്ടുവന്നു പരാജയപ്പെടുത്തുവാന്‍ സാധിക്കാതെ ഗതിമുട്ടിയ ശത്രുക്കള്‍, അതിന്‍റെ അസാധാരണമായ സാഹിത്യവൈഭവത്തിന്‍റെയും, അതിന്‍റെ അമാനുഷികമായ വശ്യശക്തിയുടെയും മുമ്പില്‍ ചിറച്ചുനില്‍ക്കേണ്ടിവന്നു. അതില്‍നിന്ന് ഉടലെടുത്ത ഒരു വാദമാണ് ഈ കവിതാവാദം. പ്രസ്തുത വാദത്തിന്‍റെ നിരര്‍ത്ഥത യുക്തമായ ന്യായങ്ങള്‍ മുഖേന ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കവികളെ പിന്‍പറ്റി നടക്കുന്നവര്‍ – അവരുടെ അനുയായികളും, ഭക്തന്‍മാരും – ദുര്‍മ്മാര്‍ഗ്ഗികളായിരിക്കും. മറ്റൊരു പ്രകാരത്തില്‍ പറയുകയാണെങ്കില്‍, കവികളില്‍നിന്ന് അവരുടെ അനുയായികള്‍ക്കു ലഭിക്കുന്ന പ്രചോദനങ്ങള്‍ സന്‍മാര്‍ഗ്ഗത്തിനു പകരം ദുര്‍മാര്‍ഗ്ഗത്തിലേക്കുള്ള വാസനയും, സല്‍ക്കര്‍മ്മത്തിനുപകരം ദുഷ്കര്‍മ്മങ്ങള്‍ ചെയ്‌വാനുള്ള പ്രോത്സാഹനവും ആയിരിക്കും. എന്നാല്‍ നബി (صلى الله عليه وسلم‏) യുടെയും, അവിടുത്തെ അനുയായികളുടെയും സ്ഥിതി അതിനു വിപരീതമാകുന്നു. നബി (صلى الله عليه وسلم‏) യാണെങ്കില്‍, അവരെ സത്യവിശ്വാസത്തിലേക്കും സന്മാര്‍ഗ്ഗത്തിലേക്കും നയിക്കുന്നു. അവര്‍ക്കു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌വാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ സന്‍മാര്‍ഗ്ഗികളും, സുകൃതവാന്‍മാരുമാണ്. നബി (صلى الله عليه وسلم‏) ഒരു കവിയായിരുന്നുവെങ്കില്‍ ഇപ്രകാരം സംഭവിക്കുമായിരുന്നില്ല. ഇതാണ് ആദ്യത്തെ വചനത്തിലെ ആശയം. ഇപ്പറഞ്ഞതിനു രണ്ടു കാരണങ്ങളാണ് – അനുഭവം സാക്ഷ്യം വഹിക്കുന്ന രണ്ട് വസ്തുതകളാണ് – പിന്നത്തെ രണ്ട് വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.

1-ാമത്തേത്: കവികള്‍ എല്ലാ താഴ്വരയിലൂടെയും അലഞ്ഞുനടക്കുന്നുവെന്നുള്ളതാണ്. അതെ, ഭാവനാലോകത്തു സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നവരാണ് കവികള്‍. അവരുടെ മാനോദൃഷ്ടിയില്‍പെടുന്ന എല്ലാ താഴ്വരയിലും – ഗുണദോഷവിവേചനമന്യെ – യഥേഷ്ടം അവര്‍ വിഹരിക്കും. തങ്ങളുടെ ഏതെങ്കിലും കഴിവുകേടല്ലാതെ, ആ സ്വൈരസഞ്ചാരത്തിനു പരിധി നിര്‍ണ്ണയിക്കുന്ന ഒരു മാനദണ്ഡം അവര്‍ക്കില്ല. കവികളുടെ പൊതുസ്വഭാവമാണിത്. ഈ സഞ്ചാരത്തില്‍ നിര്‍വ്വിഘ്നം എത്രകണ്ടു മുന്നോട്ടു പോകുവാന്‍ കഴിയുന്നുവെന്നുള്ളതാണ് കവിതകളുടെ സ്ഥാനം കണക്കാക്കുന്നതിലുള്ള അളവുകോലും. പ്രേമകഥനം, കാമചേഷ്ടകള്‍, സ്ത്രീസൗന്ദര്യം, സൗന്ദര്യവര്‍ണ്ണന, അധികപ്രശംസ, പരദൂഷണം, പഴി എന്നിത്യാദികളാല്‍ നിറഞ്ഞതാണ് മിക്കവാറും അവരുടെ ഭാവനാലോകം. നല്ലതിനെ ചീത്തയായും, ചീത്തയായതിനെ നല്ലതായും ചിത്രീകരിക്കുക, നിസ്സാരമായതിനെ പര്‍വ്വതീകരിച്ചും മറിച്ചും അവതരിപ്പിക്കുക. പരിപാവനവും പവിത്രവുമായ കാര്യങ്ങളെ അപഹാസ്യമായി കാണിക്കുക, അധാര്‍മ്മികവും നികൃഷ്ടവുമായതിനെ പരിശുദ്ധവും പുരോഗമനവുമായി സമര്‍ത്ഥിക്കുക, ഇല്ലാത്തതിനെ ഉള്ളതായും മറിച്ചും സ്ഥാപിക്കുക, ജനസാമാന്യങ്ങള്‍ക്കും കക്ഷികള്‍ക്കുമിടയില്‍ ശത്രുതയും വൈരാഗ്യവും വളര്‍ത്തുക, ആഭിജാത്യത്തിലും സ്ഥാനമാനാദിയോഗ്യതകളിലും അഹങ്കരിക്കുക, ധീരതയും ഗുണകാംക്ഷയും അഭിനയിക്കുക മുതലായവയത്രെ കവിസാധാരണമായ ആശയങ്ങള്‍.

2-ാമത്തേത് : കവികള്‍, തങ്ങള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാത്തതു പറയുന്നുവെന്നുള്ളതാകുന്നു. ഒന്നാമത്തെ കാരണത്തിന്‍റെ അനിവാര്യഫലമാണിത്. അന്യരെ ഉപദേശിക്കുവാനും, ആക്ഷേപിക്കുവാനും, പ്രശംസിക്കുവാനും, വിമര്‍ശിക്കുവാനുമെല്ലാം കവികള്‍ മിടുക്കന്‍മാരായിരിക്കും. പക്ഷേ, സ്വന്തം കാര്യം വിസ്മരിക്കുകയും ചെയ്യും. ചെയ്യാത്തതും ചെയ്യാന്‍ കഴിവില്ലാത്തതും എടുത്തുകാട്ടി, പ്രകീര്‍ത്തനം ചെയ്‌വാന്‍ മടിക്കുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, വസ്തുതകള്‍ ഉള്ളതുപോലെ മാത്രം വര്‍ണ്ണിച്ചും മാന്യവും ഉത്തമവുമായ നിലയില്‍ പ്രകാശിപ്പിച്ചും കവിതകള്‍ അവതരിപ്പിക്കുന്ന കവികള്‍ വളരെ വിരളമത്രെ.

മുന്‍കാലത്തെ കവിതകളില്‍ മാത്രമല്ല മേല്‍കണ്ട ദോഷങ്ങളുള്ളത്. യാതൊരു ഉത്തമലക്ഷ്യമോ, സദുദ്ദേശമോ ഇല്ലാത്ത ഇന്നത്തെ കവിതാസാഹിത്യങ്ങളിലും, ധാര്‍മ്മികമൂല്യങ്ങളും മനുഷ്യഗുണങ്ങളും നാമാവശേഷമാക്കിക്കൊണ്ട് കേവലം പൈശാചികമായ ദുര്‍വാസനകളും മൃഗീയമായ നടപടിക്രമങ്ങളും പ്രചരിപ്പിച്ചുവരുന്ന ഇന്നത്തെ വിവിധ കലാസാഹിത്യങ്ങളിലും ഉപരിസൂചിതങ്ങളായ ദോഷങ്ങള്‍ തികച്ചും – അല്ല, എത്രയോ കൂടുതലായിത്തന്നെ – കാണാവുന്നതാണ്. എന്നാല്‍, കവിവര്‍ഗ്ഗത്തില്‍പെട്ട എല്ലാ വ്യക്തികളും ഇങ്ങിനെയുള്ളവരാണെന്ന് ഇതിനര്‍ത്ഥമില്ല. ബഹുഭൂരിഭാഗവും ഏറെക്കുറെ അങ്ങിനെയായിരിക്കുമെങ്കിലും ചിലര്‍ ഇത്തരം ദോഷങ്ങള്‍ ബാധിക്കാത്തവരുമുണ്ടായിരിക്കും. അവര്‍ക്ക് ഈ ആക്ഷേപം ബാധകവുമല്ല. മാത്രമല്ല, അത്യാകര്‍ഷകമായ നിലയില്‍ സാരോപദേശങ്ങള്‍ ചെയ്‌വാനും ഉന്നതമായ ആദര്‍ശങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുവാനും, ജനങ്ങള്‍ക്കു സല്‍പന്ഥാവിലേക്ക് ആവേശം നല്‍കുവാനും കവിതവഴി സാധിക്കുന്നതാണ്. ഈ വഴിക്കു തങ്ങളുടെ കവിതാവാസന തിരിക്കുന്നപക്ഷം അവരുടെ കൃത്യം പ്രശംസനീയവും പുണ്യകരവുമായിരിക്കും. എന്നാല്‍, മേല്‍ പ്രസ്താവിച്ച കവിദോഷങ്ങള്‍ ബാധിക്കാത്തവര്‍ ആരായിരിക്കുമെന്ന് അടുത്തവചനത്തില്‍ നിന്ന് മനസ്സിലാക്കാം:-

26:227
  • إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ ۗ وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍ يَنقَلِبُونَ ﴾٢٢٧﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം (പ്രതികാരംവഴി) രക്ഷാനടപടിയെടുക്കുകയും ചെയ്തവരൊഴികെ. [ഇവര്‍ അതില്‍നിന്ന് ഒഴിവാണ്.]. അക്രമം പ്രവര്‍ത്തിച്ചവര്‍ ഉടനെ അറിഞ്ഞു കൊള്ളും, ഏതൊരു പര്യവസാനത്തിലാണ് അവര്‍ തിരിഞ്ഞെത്തുകയെന്ന്!
  • إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ وَذَكَرُوا അവര്‍ സ്മരിക്കുകയും (ഓര്‍ക്കുകയും, പ്രസ്താവിക്കുകയും) ചെയ്തു اللَّـهَ അല്ലാഹുവിനെ كَثِيرًا ധാരാളം, വളരെ وَانتَصَرُوا അവര്‍ രക്ഷാനടപടി സ്വീകരിക്കയും ചെയ്തു, പ്രതികാരനടപടി എടുക്കയും ചെയ്തു, വിജയം നേടുകയും ചെയ്തു مِن بَعْدِ ശേഷമായി مَا ظُلِمُوا അവര്‍ അക്രമം ചെയ്യപ്പെട്ടതിന്‍റെ وَسَيَعْلَمُ ഉടനെ അറിഞ്ഞുകൊള്ളും, വഴിയെ അറിയാറാകും الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ أَيَّ مُنقَلَبٍ ഏതൊരു പര്യവസാനത്തിലാണ് يَنقَلِبُونَ അവര്‍ തിരിഞ്ഞെത്തുന്നതു, എത്തിച്ചേരുന്നതു, മടങ്ങിയെത്തുന്നതു (എന്നു)

ആക്ഷേപത്തിന് വിധേയരല്ലാത്ത നല്ല കവികളുടെ ലക്ഷണങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.

1). സത്യവിശ്വാസം, 2). സല്‍ക്കര്‍മ്മം, 3). അല്ലാഹുവിനെ ധാരാളമായി സ്മരിക്കല്‍, 4).ഇങ്ങോട്ട് കവിതവഴി അക്രമം നടത്തിയവരോട് പ്രതികാരമായി അങ്ങോട്ടും കവിതവഴി നടപടിയെടുക്കുക. ഇവയാണത്.

സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായതും, അതിനെതിരായ ഭാവന ഗതികളില്ലാത്തതും, സല്‍ക്കര്‍മ്മങ്ങള്‍ക്ക് പ്രചോദനവും മാതൃകയും നല്‍കുന്നതും, അല്ലാഹുവിന്‍റെ മഹല്‍ഗുണങ്ങളെയും അവന്‍റെ നിയമനിര്‍ദ്ദേശങ്ങളെയും എടുത്തു കാട്ടുകവഴി അവനെ ധാരാളം ഓര്‍മ്മിപ്പിക്കുന്നതുമായിരിക്കണം മുസ്‌ലിംകളുടെ കവിത. ഇങ്ങിനെയുള്ള കവിതകളെ മേല്‍ കാണിച്ച ദോഷങ്ങള്‍ മലിനപ്പെടുത്തുകയില്ലെന്നുള്ളത് സ്വാഭാവികമാണ്. ശത്രുക്കളുടെ ഭാഗത്തു നിന്ന് അക്രമമായി തൊടുത്തുവിടപ്പെടുന്ന പരിഹാസത്തിന്‍റെയും, ധിക്കാരത്തിന്‍റെയും കവിതകള്‍ക്ക് പകരം അങ്ങോട്ടും അതേ നിലയില്‍ കവിതകള്‍ തൊടുത്തുവിടാവുന്നതാണ്. പക്ഷേ, അവാസ്തവവും, അതിരുകവിച്ചലും ഉണ്ടായിരിക്കരുത്.

നബി (صلى الله عليه وسلم‏) തിരുമേനിയുടെ സഹാബികളില്‍ ഒരു പ്രസിദ്ധ കവിയായിരുന്ന ഹസ്സാന്‍ (حسان بن ثابت – رض) തിരുമേനി (صلى الله عليه وسلم‏) യെ പഴിച്ചുകൊണ്ടും, ആക്ഷേപിച്ചുകൊണ്ടും മുശ്രിക്കുകള്‍ കവിതകള്‍ രചിക്കലും, പാട്ടുപാടലും പതിവായിരുന്നു. അവര്‍ക്ക് മറുപടി പറയുവാന്‍ തിരുമേനി (صلى الله عليه وسلم‏) അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി; أَجِبْ عَنِّي اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ” : متفق عليه “. (എനിക്കുവേണ്ടി മറുപടി പറയുക. അല്ലാഹുവേ, അദ്ദേഹത്തിനു പരിശുദ്ധാത്മാവിനെക്കൊണ്ട് ശക്തി കൂട്ടണേ!). മറ്റൊരിക്കല്‍ തിരുമേനി(صلى الله عليه وسلم‏) ഇങ്ങിനെ പറയുകയുണ്ടായി: اهْجُوا قُرَيْشاً؛ فَإِنَّهُ أَشَدُّ عَلَيْها مِنْ رَشْقٍ بِالنَّبْلِ : مسلم (ഖുറൈശികളെ പഴിച്ച് പാടിക്കൊള്ളുവിന്‍. അതവര്‍ക്ക് അമ്പ് തൊടുത്തു വിടുന്നതിനെക്കാള്‍ കഠിനമായതായിരിക്കും.). കവിതയെ സംബന്ധിച്ച് ഹദീസുകളില്‍ ഇപ്രകാരം വന്നിട്ടുണ്ട്: إنَّ مِنَ الشِّعْر حِكْمةً : البخاري (നിശ്ചയമായും കവിതയില്‍ ചിലത് വിജ്ഞാനമത്രെ). കവികളെ സംബന്ധിച്ച്, ഖുര്‍ആന്‍ അവതരിച്ചതിനെപ്പറ്റി കഅ്ബുബ്നു മാലിക്ക് (റ) നബി (صلى الله عليه وسلم‏)യോട് അന്വേഷിച്ചപ്പോള്‍ അവിടുന്ന് ഇങ്ങിനെ പറഞ്ഞതായി അഹ്മദ് (റ) ഉദ്ധരിക്കുന്നു: إِنَّ الْمُؤْمِنَ يُجَاهِدُ بِسَيْفِهِ وَلِسَانِهِ – أحمد (സത്യവിശ്വാസി അവന്‍റെ വാളുകൊണ്ടും, നാവുകൊണ്ടും സമരം ചെയ്യുന്നതാണ്).

കവികളെ ആക്ഷേപിച്ചുകൊണ്ട് (224 – 226) ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചപ്പോള്‍, ഹസ്സാനുബ്നു സ്സാബിത്, അബ്ദുല്ലാഹിബ്നു റവാഹഃ, കഅ്ബുബ്നു മാലിക് (حسان بن ثابت وعبد الله بن رواحة وكعب بن مالك – رض) എന്നീ സഹാബികള്‍ (തങ്ങളും ഈ ആക്ഷേപങ്ങള്‍ക്ക് വിധേയരാണെന്ന് ഭയപ്പെട്ട്) കരഞ്ഞുംകൊണ്ട് നബി (صلى الله عليه وسلم‏)യുടെ അടുക്കല്‍ വരുകയുണ്ടായി. അവരോട് നബി (صلى الله عليه وسلم‏) തിരുമേനി ഈ (227-ാം) വചനം ഓതിക്കേള്‍പ്പിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: “انتصروا ولا تقولوا إلا حَقًّا، ولا تَذكُروا الآباءَ والأمَّهَاتِ” – رواه ابن جرير بن محمد بن إسحق (നിങ്ങള്‍ – പ്രതികാരമായി – രക്ഷാനടപടി സ്വീകരിച്ചു കൊള്ളുവിന്‍. യഥാര്‍ത്ഥമല്ലാതെ നിങ്ങള്‍ പറയരുത്. പിതാക്കളെയും, മാതാക്കളെയും കുറിച്ച് പ്രസ്താവിക്കുകയും – പഴി പറയുകയും – ചെയ്യരുത്).

അനസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (رحمهما الله) ഇപ്രകാരം ഉദ്ധരിക്കുന്നു: നബി (صلى الله عليه وسلم‏) ക്ക് വാഹനം തെളിക്കുന്ന ഒരാളുണ്ടായിരുന്നു. അ൯ജശഃ (انجشة) എന്നായിരുന്നു പേര്‍. വളരെ നല്ല ശബ്ദമുള്ള ഒരാളായിരുന്നു അദ്ദേഹം. ഒരിക്കല്‍ (താന്‍ പാട്ടു പാടിക്കൊണ്ടിരിക്കെ,) തിരുമേനി (صلى الله عليه وسلم‏) പറഞ്ഞു: ‘അ൯ജശാ, നില്‍ക്കട്ടെ (ക്ഷമിക്കൂ)! പളുങ്കുകള്‍ പൊട്ടിക്കരുത്‌!’ ദുര്‍ബ്ബലഹൃദയരായ സ്ത്രീകളുടെ മനസ്സ് ഇളക്കി വിടരുത് എന്നാണ് ഈ വാക്കിന്‍റെ താല്‍പര്യം എന്ന് ഖത്താദഃ (رحمه الله) പ്രസ്താവിക്കുന്നു. (متفق)

നബി (صلى الله عليه وسلم‏) തിരുമേനിക്ക് മനസ്സമാധാനം നല്‍കുന്നതും, അവിടുത്തെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതുമായ പല ലക്ഷ്യങ്ങളും, തത്വങ്ങളും ഈ സൂറത്തില്‍ വിവരിച്ചു. യുക്തിപരവും ചരിത്രപരവുമായ പല തെളിവുകളും എടുത്തുകാട്ടി. ഇതെല്ലാം അറിഞ്ഞുംകൊണ്ട് പിന്നെയും അവിശ്വാസവും നിഷേധവും കൈവിടാതെയുള്ള അക്രമികള്‍ക്ക് വളരെ കനത്ത ഒരു താക്കീതും നല്‍കിക്കൊണ്ട് സൂറത്ത് അവസാനിക്കുന്നു. ‘അക്രമം പ്രവര്‍ത്തിച്ചവര്‍ ഉടനെ അറിഞ്ഞുകൊള്ളും, ഏതൊരു പര്യവസാനത്തിലാണ് അവര്‍ തിരിഞ്ഞെത്തുന്നതെന്ന്.’ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ
അല്ലാഹു അവന്‍റെ മഹത്തായ കാരുണ്യംകൊണ്ട് നമ്മെയെല്ലാം നല്ല പര്യവസാനത്തില്‍ എത്തിച്ചേരുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. آمين