140

വിഭാഗം - 6

26:105
  • كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ ﴾١٠٥﴿
  • നൂഹിന്‍റെ ജനത മൂര്‍സലുകളെ (ദൈവദൂതന്‍മാരെ) വ്യാജമാക്കി;
  • كَذَّبَتْ വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത الْمُرْسَلِينَ മുര്‍സലുകളെ
26:106
  • إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ ﴾١٠٦﴿
  • -അവരുടെ സഹോദരന്‍ നൂഹ് അവരോട് പറഞ്ഞപ്പോള്‍: 'നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!
  • إِذْ قَالَ പറഞ്ഞപ്പോള്‍ لَهُمْ അവരോട് أَخُوهُمْ نُوحٌ അവരുടെ സഹോദരന്‍ നൂഹ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ, സൂക്ഷിക്കാത്തതെന്താണ്
26:107
  • إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٠٧﴿
  • 'നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.
  • إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാണ്, ദൈവദൂതനാണ്‌
26:108
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٠٨﴿
  • 'അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • فَاتَّقُوا اللَّـهَ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
26:109
  • وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ ﴾١٠٩﴿
  • 'അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
  • .وَمَا أَسْأَلُكُمْ ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍, അതിനായി مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ പേരിലല്ലാതെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ
26:110
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١١٠﴿
  • 'അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.'
  • فَاتَّقُوا اللَّـهَ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

നാം മുമ്പ് പ്രസ്താവിച്ചതുപോലെ, എല്ലാ റസൂലുകളുടെയും പ്രബോധനതത്വം ഒന്നായതുകൊണ്ടാണ് നൂഹ് (عليه السلام) നബിയുടെ ജനത ‘മുര്‍സലുകളെ’ വ്യാജമാക്കി എന്ന് (ബഹുവചനരൂപത്തില്‍) പറഞ്ഞത്. اتَّقُوا اللَّـهَ (അല്ലാഹുവിനെ സൂക്ഷിക്കുവിന്‍) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, അവനില്‍ ശരിയാംവണ്ണം വിശ്വസിക്കുകയും അവന്‍റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും, അവന്‍റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്തുകൊണ്ട് ജീവിക്കുക – അഥവാ അല്ലാഹുവോട് ഭയഭക്തിയുള്ളവരായിരിക്കുക – എന്നത്രെ. അതേ കാര്യങ്ങളാണ് നൂഹ് (عليه السلام) ഉപദേശിക്കുന്നത്. ആ ഉപദേശങ്ങളില്‍ അദ്ദേഹത്തെ അനുസരിക്കണമെന്നാണ് وَأَطِيعُونِ (എന്നെ അനുസരിക്കുകയും ചെയ്യുവിന്‍) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം.

പ്രസ്തുത ഉപദേശംകൊണ്ട് എന്തെങ്കിലും തരത്തിലുള്ള യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ലെന്നും, അതിനുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍നിന്ന് മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്നും നൂഹ് (عليه السلام) നബിയും, താഴെ പറയുന്ന നബിമാരും അവരുടെ ജനങ്ങളോട് പറഞ്ഞിരുന്നതായി അല്ലാഹു ഈ സൂറത്തില്‍ പ്രത്യേകം ഉദ്ധരിക്കുന്നു. ജനങ്ങള്‍ക്ക്‌ സദുപദേശങ്ങളും, മതപ്രബോധനങ്ങളും നടത്തുന്ന ആളുകള്‍ ഗൗരവപൂര്‍വ്വം ഓര്‍മ്മിക്കേണ്ടുന്ന ഒരു കാര്യമാണിത്. അവരുടെ ഉപദേശങ്ങള്‍ എത്രതന്നെ സനാതനമായിരുന്നാലും, അതുവഴി ഭൗതികമായ കാര്യലാഭമാണ് ഉദ്ദേശിക്കുന്നതില്‍, അതിന് നിലയും വിലയുമില്ലാതെ പോകുന്നതാണ്. അതിന് ആത്മീയവീര്യം ഇല്ലാതായിത്തീരുകയും ചെയ്യും. അവരുടെ ലക്ഷ്യം അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലം മാത്രമായിരിക്കേണ്ടതാകുന്നു. നൂഹ് (عليه السلام) നബിയുടെ ഉപദേശങ്ങള്‍ക്ക് ആ ജനത നല്‍കിയ മറുപടിയും, അദ്ദേഹത്തിന്‍റെ പ്രത്യുത്തരവും നോക്കുക:

26:111
  • ۞ قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ ﴾١١١﴿
  • അവര്‍ പറഞ്ഞു: 'ഈ അധമന്‍മാരായ ആളുകള്‍ നിന്നെ പിന്‍തുടര്‍ന്നിരിക്കെ, ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?'
  • قَالُوا അവര്‍ പറഞ്ഞു أَنُؤْمِنُ ഞങ്ങള്‍ വിശ്വസിക്കുമോ لَكَ നിന്നെ وَاتَّبَعَكَ നിന്നെ പിന്‍തുടര്‍ന്നിരിക്കവെ الْأَرْذَلُونَ അധമന്‍മാര്‍, താണ കിടയിലുള്ളവര്‍, നിസ്സാരന്‍മാര്‍
26:112
  • قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ ﴾١١٢﴿
  • അദ്ദേഹം പറഞ്ഞു: 'അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി എനിക്ക് എന്തറിവാണുള്ളത്?!'
  • قَالَ അദ്ദേഹം പറഞ്ഞു وَمَا عِلْمِي എന്‍റെ അറിവ് എന്താണ് (എനിക്കെന്തറിവാണ്) بِمَا യാതൊന്നിനെക്കുറിച്ച് كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന
26:113
  • إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ ﴾١١٣﴿
  • 'അവരുടെ വിചാരണ നടത്തല്‍ എന്‍റെ രക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല. നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നുവെങ്കില്‍!'
  • إِنْ حِسَابُهُمْ അവരുടെ വിചാരണ അല്ല إِلَّا عَلَىٰ رَبِّي എന്‍റെ റബ്ബിന്‍റെമേല്‍ അല്ലാതെ لَوْ تَشْعُرُونَ നിങ്ങള്‍ ബോധമുള്ളവരാകുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നെങ്കില്‍
26:114
  • وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ ﴾١١٤﴿
  • 'ഞാന്‍ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല തന്നെ.'
  • وَمَا أَنَا ഞാനല്ല بِطَارِدِ الْمُؤْمِنِينَ സത്യവിശ്വാസികളെ ആട്ടുന്നവന്‍
26:115
  • إِنْ أَنَا۠ إِلَّا نَذِيرٌ مُّبِينٌ ﴾١١٥﴿
  • 'ഞാന്‍ പ്രത്യക്ഷമായ ഒരു മുന്നറിയിപ്പ് [താക്കീതു]കാരനല്ലാതെ (മറ്റൊന്നും) അല്ല.'
  • إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു മുന്നറിയിപ്പുകാരനല്ലാതെ, താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ, സ്പഷ്ടമായ

നൂഹ് (عليه السلام) നബിയില്‍ വിശ്വസിച്ചിരുന്ന ആളുകള്‍ അവര്‍ക്കിടയില്‍ കേവലം നിസ്സാരന്‍മാരായി ഗണിക്കപ്പെടാറുള്ളവരായിരുന്നു. അല്ലെങ്കില്‍, അവരില്‍ അധികഭാഗവും അങ്ങിനെയുള്ളവരായിരുന്നു. ധനം, കുലം, തൊഴില്‍ വര്‍ഗ്ഗം ആദിയായവയുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്ക് ഉച്ചനീചത്വം കല്‍പിക്കുന്ന സ്വഭാവം മനുഷ്യരില്‍ മുമ്പേയുള്ളതാണ്. സത്യത്തിന്‍റെ മുമ്പിലാകട്ടെ, നബിമാരുടെ ദൃഷ്ടിയിലാകട്ടെ, ഇത്തരം വിഭജനങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലതാനും. ഒരു തത്വത്തിന്‍റെയോ, ആദര്‍ശത്തിന്‍റെയോ അനുകൂലികള്‍ ഉന്നതവര്‍ഗ്ഗത്തില്‍ പെട്ടവരാണോ അല്ലേ എന്നുള്ളതല്ല അതിന്‍റെ സത്യതക്കുള്ള മാനദണ്ഡം. പലപ്പോഴും ഒരു സനാതനതത്വം സ്വീകരിക്കുവാന്‍ ആദ്യമായി മുന്നോട്ടു വരുന്നവര്‍ സാധാരണനിലക്ക് താണതരക്കാരായ ആളുകളായിരുന്നേക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തിന്‍റെ ആദ്യഘട്ടങ്ങള്‍ പരിശോധിച്ചാലും ഇതിന് ഉദാഹരണം കാണാവുന്നതാണ്. ചിലപ്പോള്‍, ഒരു തത്വമെന്ന നിലക്ക് ഉന്നതവിഭാഗത്തില്‍ പെട്ടവരും അതിനെ അനുകൂലിച്ചിരുന്നാല്‍ തന്നെയും, അനുഷ്ഠാനത്തിങ്കലെത്തുമ്പോള്‍ അവര്‍ പിന്നോക്കമായി കാണപ്പെടും. വളരെ മഹത്തായ ഒരു സംരംഭത്തില്‍ – അല്ലെങ്കില്‍ ഒരു സഭയില്‍ – പങ്കെടുക്കുന്നവര്‍ മിക്കവാറും സാധുക്കളും, സാധാരണക്കാരുമാണെന്ന ഒരേ കാരണത്താല്‍, ‘ഭേദപ്പെട്ട വിഭാഗക്കാരാ’യ ആളുകള്‍ അതില്‍ പങ്കെടുക്കുവാന്‍ വൈമനസ്യം കാണിക്കുന്നതും അപൂര്‍വ്വമല്ല. ഈ ദോഷമാണ് നൂഹ് (عليه السلام) നബിയുടെ ജനതക്കും പിണഞ്ഞത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിക്കാത്തവരെപ്പറ്റി സൂ: അഹ്ഖ്വാഫില്‍ ഇങ്ങിനെ പ്രസ്താവിക്കുന്നു:

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَـٰذَا إِفْكٌ قَدِيمٌ : سورة الأحقاف : ١١

(സാരം: അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു പറയുകയാണ്‌: ഇതൊരു നല്ല കാര്യമായിരുന്നെങ്കില്‍ ഇതിലേക്ക് ഇവര്‍ ഞങ്ങളെ മുന്‍കടക്കുകയില്ലായിരുന്നുഎന്ന്. അവര്‍ ഇതുമൂലം സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇതൊരു പഴഞ്ചന്‍ നുണയാണ് എന്ന് അവര്‍ പറഞ്ഞേക്കും.)

ഈ നിസ്സാരന്‍മാരാണ് നിന്‍റെ അനുയായികള്‍ എന്നിരിക്കെ, ഉന്നതന്‍മാരും, ഭേദപ്പെട്ടവരുമായ ഞങ്ങള്‍ നിന്നെ പിന്‍പറ്റുന്നത് ഉചിതമല്ല; അവരെ നീ പുറംതള്ളുന്നപക്ഷം, ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം എന്നാണ്‌ ആ ജനത പറയുന്നത്. നൂഹ് (عليه السلام) നബിയുടെ ഉത്തരം അര്‍ത്ഥഗര്‍ഭമാണ്. എന്നില്‍ വിശ്വസിച്ചിട്ടുള്ളവര്‍ ഏതേതു വിഭാഗത്തില്‍പെട്ടവരാണ്, അവര്‍ എന്തെല്ലാമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നൊക്കെ എനിക്കെങ്ങിനെ അറിയും? അതറിയേണ്ടുന്ന ആവശ്യമോ ബാധ്യതയോ എനിക്കില്ല. അവര്‍ സത്യവിശ്വാസം സ്വീകരിച്ചുവോ ഇല്ലേ എന്നുള്ളതാണ്‌ എന്നെ സംബന്ധിച്ചേടത്തോളം പ്രശ്നം. അവരുടെ രഹസ്യങ്ങള്‍ അല്ലാഹു പരിശോധിച്ചുകൊള്ളും. ഏതായാലും സത്യവിശ്വാസികളായിത്തീര്‍ന്ന അവരെ പുറംതള്ളുവാന്‍ ഞാനൊരിക്കലും തയ്യാറില്ല. നിങ്ങളെ താക്കീതു ചെയ്യല്‍ മാത്രമാണ് എന്‍റെ കടമ. അത് ഞാന്‍ നിര്‍വ്വഹിക്കുന്നു. ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിച്ചേക്കുക. സ്വീകരിച്ചാല്‍ അതിന്‍റെ ഗുണവും, ഇല്ലെങ്കില്‍ അതിന്‍റെ ദോഷവും നിങ്ങള്‍ക്കു തന്നെ. എന്നൊക്കെയാണ് ആ മറുപടിയുടെ ഉള്ളടക്കം. പക്ഷേ, ആ അഹങ്കാരികളുണ്ടോ അവരുടെ പിടിവാശി ഉപേക്ഷിക്കുന്നു?! അവര്‍ ഭീഷണിയിളക്കി:-

26:116
  • قَالُوا۟ لَئِن لَّمْ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ ﴾١١٦﴿
  • അവര്‍ പറഞ്ഞു: 'നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ - നൂഹേ - തീര്‍ച്ചയായും നീ എറിഞ്ഞാട്ടപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും (സൂക്ഷിച്ചുകൊള്ളുക)!'
  • قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ تَنتَهِ നിശ്ചയമായും നീ വിരമിക്കുന്നില്ലെങ്കില്‍ يَا نُوحُ നൂഹേ لَتَكُونَنَّ തീര്‍ച്ചയായും നീ ആയിത്തീരും مِنَ الْمَرْجُومِينَ എറിഞ്ഞാട്ടപ്പെടുന്നവരില്‍, ആട്ടി ഓടിക്കപ്പെടുന്നവരില്‍, എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍

നൂഹ് (عليه السلام) നബി അദ്ദേഹത്തിന്‍റെ നാട്ടുകാരും കുടുംബങ്ങളുമായ ജനതയെ – ഒന്നും പത്തുമല്ല – തൊള്ളായിരത്തി അമ്പത് കൊല്ലക്കാലം ഇടതടവില്ലാതെ തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നിട്ടും ആ ജനതയില്‍നിന്നുണ്ടായിത്തീര്‍ന്ന പ്രതികരണത്തിന്‍റെ അവസാന രൂപമാണ് ഈ ആയത്തില്‍ നാം കാണുന്നത്. അത്രയം കാലത്തു നടന്ന ഒരു നീണ്ട ചരിത്രത്തിന്‍റെ രത്നച്ചുരുക്കമാണ് ഇക്കഴിഞ്ഞ ചുരുക്കം ആയത്തുകളില്‍ നാം വായിച്ചത്. ഇക്കാലത്തിനിടക്ക് അദ്ദേഹത്തിന്‍റെ പ്രബോധനം സ്വീകരിച്ച് സത്യവിശ്വാസം കൈക്കൊണ്ടവരാകട്ടെ, വളരെ കുറച്ചാളുകള്‍ മാത്രമായിരുന്നു. (وَمَا آمَنَ مَعَهُ إِلَّا قَلِيلٌ – هود : ٤٠). എനി, ആ ജനതയില്‍നിന്ന് യാതൊരു ആശക്കും വഴിയില്ലെന്ന് ആ പ്രവാചകവര്യന് ബോധ്യം വന്നു.

26:117
  • قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ ﴾١١٧﴿
  • അദ്ദേഹം പറഞ്ഞു: 'എന്‍റെ രക്ഷിതാവേ, എന്‍റെ ജനങ്ങള്‍ എന്നെ വ്യാജമാക്കിയിരിക്കുന്നു!-
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്‍റെ ജനത كَذَّبُونِ എന്നെ വ്യാജമാക്കിയിരിക്കുന്നു

26:118
  • فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ ﴾١١٨﴿
  • 'ആകയാല്‍, എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനം ഏര്‍പ്പെടുത്തിത്തരേണമേ! എന്നെയും, സത്യവിശ്വാസികളായി എന്‍റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തുകയും ചെയ്യേണമേ!'
  • فَافْتَحْ അതുകൊണ്ട് നീ തുറന്ന് (ഏര്‍പ്പെടുത്തി) തരേണമേ بَيْنِي എന്‍റെ ഇടയിലും وَبَيْنَهُمْ അവരുടെ ഇടയിലും فَتْحًا ഒരു തുറവി (തുറന്ന തീരുമാനം, വ്യക്തമായ വിധി) وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളായിട്ട്, മുഅ്മിനുകളില്‍ നിന്ന്
26:119
  • فَأَنجَيْنَٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ ﴾١١٩﴿
  • അപ്പോള്‍, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തിക്കൊടുത്തു.
  • فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൊടുത്തു وَمَن مَّعَهُ തന്‍റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ നിറക്കപ്പെട്ട
26:120
  • ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ ﴾١٢٠﴿
  • പിന്നെ, ബാക്കിയുള്ളവരെ (അതിന്) ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
  • ثُمَّ പിന്നെ أَغْرَقْنَا നാം മുക്കി, മുക്കി നശിപ്പിച്ചു بَعْدُ ശേഷം, പിന്നീട് الْبَاقِينَ ശേഷിച്ചവരെ, ബാക്കിയുള്ളവരെ
26:121
  • إِنَّ فِى ذَٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٢١﴿
  • നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്; അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വസിച്ചവര്‍
26:122
  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٢٢﴿
  • നിശ്ചയമായും, നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍ തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി

സത്യവിശ്വാസത്തിന്‍റെ വിജയത്തിനും, അവിശ്വാസത്തിന്‍റെയും ധിക്കാരത്തിന്‍റെയും പരാജയത്തിനും, വ്യക്തവും പരസ്യവുമായ ഒരു ദൃഷ്ടാന്തം ആയിത്തീരുമാറ് ഒരു തുറന്ന തീരുമാനം ഉണ്ടാക്കിത്തരേണമേ എന്ന് നൂഹ് (عليه السلام) നബി അവസാനം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അല്ലാഹു അത് സ്വീകരിച്ചു. കല്‍പന പ്രകാരം അദ്ദേഹം ഒരു വലിയ കപ്പല്‍ നിര്‍മ്മിച്ചു. തന്‍റെകൂടെ സത്യവിശ്വാസികളായിരുന്നവരെ മുഴുവനും അതില്‍ കയറ്റി. അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവര്‍ ആകെ 80 പേരായിരുന്നുവെന്നും, അതില്‍ പകുതി സ്ത്രീകളായിരുന്നുവെന്നും പറയപ്പെട്ടു കാണുന്നു. الله أعلم . നാടാകെ മുങ്ങിനശിച്ച ഒരു മഹാജലപ്രളയമുണ്ടായി. കപ്പലിലുള്ളവര്‍ മാത്രം രക്ഷപ്പെടുകയും, മറ്റുള്ളവരെല്ലാം അതില്‍ മുങ്ങി നശിക്കുകയും ചെയ്തു.

ഈ സംഭവത്തിന്‍റെ വിശദവിവരം സൂ: അഅ്റാഫ്, ഹൂദ്‌, നൂഹ് എന്നിവയില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. തുടര്‍ന്നുള്ള ആയത്തുകളില്‍ ഹൂദ്‌ (عليه السلام) നബിയുടെ വൃത്താന്തം ആരംഭിക്കുന്നു;-

വിഭാഗം - 7

26:123
  • كَذَّبَتْ عَادٌ ٱلْمُرْسَلِينَ ﴾١٢٣﴿
  • 'ആദ് (ഗോത്രം) മുര്‍സലുകളെ [ദൈവദൂതന്‍മാരെ] വ്യാജമാക്കി;
  • كَذَّبَتْ عَادٌ ആദ് വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ
26:124
  • إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ ﴾١٢٤﴿
  • അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞപ്പോള്‍: 'നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!'
  • إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ أَخُوهُمْ هُودٌ അവരുടെ സഹോദരന്‍ ഹൂദ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
26:125
  • إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٢٥﴿
  • 'നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.'
  • إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്ക് رَسُولٌ أَمِينٌ വിശ്വസ്തനായ റസൂലാകുന്നു
26:126
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٢٦﴿
  • 'അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.'
  • فَاتَّقُوا اللَّـهَ അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
26:127
  • وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ ﴾١٢٧﴿
  • 'അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല.
  • وَمَا أَسْأَلُكُمْ ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ അതിന്, അതിന്‍റെപേരില്‍ مِنْ أَجْرٍ യാതൊരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലം അല്ല إِلَّا അല്ലാതെ, ഒഴികെ عَلَىٰ മേല്‍, പേരില്‍ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ
26:128
  • أَتَبْنُونَ بِكُلِّ رِيعٍ ءَايَةً تَعْبَثُونَ ﴾١٢٨﴿
  • 'നിങ്ങള്‍ നേരമ്പോക്ക് കാണിച്ചുകൊണ്ട് (വൃഥാ) എല്ലാ മേടുകളിലും അടയാളസ്തംഭംകെട്ടി (നിര്‍മ്മിച്ചു) വരുകയാണോ?!
  • أَتَبْنُونَ നിങ്ങള്‍ കെട്ടിയുണ്ടാക്കുന്നുവോ, കെട്ടിടമുണ്ടാക്കുന്നുവോ بِكُلِّ رِيعٍ എല്ലാ മേടുകളിലും, ഉയര്‍ന്ന കുന്നുകളിലും آيَةً അടയാളം (അടയാളസ്തംഭം) تَعْبَثُونَ നിങ്ങള്‍ നേരമ്പോക്ക് കാണിച്ചുകൊണ്ട്, വ്യഥാ വേല ചെയ്തുകൊണ്ട്, വിളയാടുന്ന നിലയില്‍
26:129
  • وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ ﴾١٢٩﴿
  • 'നിങ്ങള്‍ നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങള്‍ വന്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു?!
  • وَتَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു مَصَانِعَ വന്‍കെട്ടിടങ്ങള്‍ (കൊട്ടാര മന്ദിരങ്ങള്‍ മുതലായവ) لَعَلَّكُمْ നിങ്ങളായേക്കമെന്ന നിലയില്‍, ആകുമെന്ന ഭാവത്തില്‍ تَخْلُدُونَ നിത്യവാസം ചെയ്യുന്ന, ശാശ്വതരായിരിക്കുന്ന(വര്‍)

26:130
  • وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ ﴾١٣٠﴿
  • 'നിങ്ങള്‍ കയ്യൂക്ക് നടത്തുക (എതിര്‍ക്കുക)യാണെങ്കില്‍ നിഷ്ഠൂരന്‍മാരായ നിലയില്‍ കയ്യൂക്ക് നടത്തുകയും [പിടികൂടുകയും] ചെയ്യുന്നു!'
  • وَإِذَا بَطَشْتُم നിങ്ങള്‍ കയ്യൂക്ക് നടത്തിയാല്‍, പിടികൂടിയാല്‍, എതിര്‍ത്താല്‍ بَطَشْتُمْ നിങ്ങള്‍ കയ്യൂക്ക് നടത്തുന്നതാണ്, എതിര്‍ക്കുന്നതാണ് جَبَّارِينَ നിഷ്ഠൂരന്‍മാരായിക്കൊണ്ട്, സ്വേച്ഛാധിപന്മാരായിട്ട്
26:131
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٣١﴿
  • 'ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.'
  • فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
26:132
  • وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ ﴾١٣٢﴿
  • 'നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുള്ളവനെ [അല്ലാഹുവിനെ] നിങ്ങള്‍ സൂക്ഷിക്കുവിന്‍.'
  • وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ الَّذِي യതൊരുവനെ أَمَدَّكُم നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു بِمَا تَعْلَمُونَ നിങ്ങള്‍ക്കറിയാവുന്നതു കൊണ്ട്
26:133
  • أَمَدَّكُم بِأَنْعَٰمٍ وَبَنِينَ ﴾١٣٣﴿
  • 'കന്നുകാലികളെ [ആടുമാടൊട്ടകങ്ങളെ]യും, മക്കളെയുംകൊണ്ട് അവന്‍ നിങ്ങള്‍ക്ക് സഹായം നല്‍കിയിരിക്കുന്നു.'
  • أَمَدَّكُم നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു بِأَنْعَامٍ കന്നുകാലികളെക്കൊണ്ട്, ആടുമാടൊട്ടകത്തില്‍ وَبَنِينَ മക്കളെയും
26:134
  • وَجَنَّٰتٍ وَعُيُونٍ ﴾١٣٤﴿
  • 'തോപ്പുകള്‍കൊണ്ടും നീരുറവകള്‍കൊണ്ടും (സഹായം നല്‍കിയിരിക്കുന്നു).
  • وَجَنَّاتٍ തോപ്പുകളെയും തോട്ടങ്ങളെയും وَعُيُونٍ നീരുറവകളെയും, അരുവികളെയും
26:135
  • إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾١٣٥﴿
  • 'നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ ഭയപ്പെടുന്നു!'
  • إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച

യമന്‍ പ്രദേശങ്ങളില്‍പെട്ട ഹസ്രമൂത്തി (حضر موت) ന്നടുത്ത് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും അഹ്ഖാഫ്‌ (الأحقاف) എന്ന പേരില്‍ അറിയപ്പെടുന്നതുമായ സ്ഥലങ്ങളായിരുന്നു ആദ് സമുദായക്കാരുടെ വാസസ്ഥലം. * ഇന്നവിടെ മണല്‍ക്കാടായിക്കിടക്കുകയാണ്. അതിന് വടക്കുഭാഗത്തായി ‘റുബ്ഉല്‍ഖാലീ’ (الربع الخالي) എന്ന പ്രസിദ്ധമായ അറേബ്യന്‍ മരുഭൂമിയും സ്ഥിതി ചെയ്യുന്നു. വമ്പിച്ച തോട്ടങ്ങള്‍, അരുവികള്‍, കൃഷിസ്ഥലങ്ങള്‍ ആദിയായവയാല്‍ ഫലഭൂയിഷ്ഠമായിരുന്ന ആ രാജ്യം ഇപ്പോള്‍ ജനശൂന്യമായിക്കിടക്കുകയാണ്.


*.ഭൂപടം 8-ല്‍ നോക്കുക.


നൂഹ് (عليه السلام) നബിയുടെ ജനതക്കുശേഷം നിലവില്‍ വന്ന ഒരു സമുദായമാണ് ആദുഗോത്രം എന്ന് സൂ: അഅ്റാഫ് : 69ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, അത് ഇബ്രാഹീം (عليه السلام) നബിക്ക് മുമ്പോ പിമ്പോ എന്ന് ഖണ്ഡിതമായി അറിയപ്പെടുന്നില്ല. മുമ്പായിരുന്നുവെന്നാണ് പലരും പറഞ്ഞു കാണുന്നത്. കയ്യൂക്കിലും മെയ്യൂക്കിലും വളരെ കവിഞ്ഞുനിന്നിരുന്ന അവര്‍ പരുത്ത ദേഹമുള്ളവരുമായിരുന്നു. ഇന്ത്യാ, തുര്‍ക്കിസ്ഥാന്‍ മുതലായ വിദൂരരാജ്യങ്ങളുമായി അവര്‍ കച്ചവടം നടത്തിയിരുന്നുവത്രെ. ഉയര്‍ന്ന് പൊന്തിനില്‍ക്കുന്ന മേടുകളില്‍ വലിയ വലിയ സ്തംഭങ്ങള്‍ കെട്ടിപ്പൊക്കുകയും, കൊട്ടാരസമാനമായ വമ്പിച്ച മന്ദിരങ്ങള്‍, അണക്കെട്ടുകള്‍, വെള്ളത്താവളങ്ങള്‍ മുതലായവ നിര്‍മ്മിക്കുകയും അവരുടെ പതിവായിരുന്നു. ഇതെല്ലാം ഉപയോഗത്തെയോ, ആവശ്യത്തെയോ, അടിസ്ഥാനമാക്കിയല്ല. കേവലം നേരമ്പോക്കിനും അഭിമാനത്തിനും വേണ്ടിമാത്രമായിരുന്നു.

ആദ് സമുദായം വിഗ്രഹാരാധനയില്‍ മുഴുകിയിരുന്ന അവസരത്തിലാണ് ഹൂദ്‌ നബി (عليه السلام) അവരിലേക്കു റസൂലായി നിയോഗിക്കപ്പെട്ടത്. മേല്‍ കണ്ടപ്രകാരം അദ്ദേഹം അവരെ കഴിയുന്നത്ര ഉപദേശിച്ചുനോക്കി. നിഷ്ഠൂര ബുദ്ധികളായിരുന്ന അവരില്‍നിന്നുണ്ടായ മറുപടിയുടെ ചുരുക്കം ഇതായിരുന്നു:

26:136
  • قَالُوا۟ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُن مِّنَ ٱلْوَٰعِظِينَ ﴾١٣٦﴿
  • അവര്‍ പറഞ്ഞു: '(ഹൂദേ) നീ സദുപദേശം നല്‍കിയോ, അല്ലെങ്കില്‍ നീ ഉപദേഷ്ടാക്കളില്‍ പെട്ടവനായില്ലയോ, ഞങ്ങളെ സംബന്ധിച്ച് (രണ്ടും) സമമാകുന്നു.'
  • قَالُوا അവര്‍ പറഞ്ഞു سَوَاءٌ عَلَيْنَا ഞങ്ങളില്‍ (ഞങ്ങളെ സംബന്ധിച്ച്) സമമാണ് أَوَعَظْتَ നീ സദുപദേശം ചെയ്തുവോ أَمْ لَمْ تَكُن അല്ലെങ്കില്‍ നീ ആയില്ലയോ مِّنَ الْوَاعِظِينَ സദുപദേശം നല്‍കുന്നവരില്‍
26:137
  • إِنْ هَٰذَآ إِلَّا خُلُقُ ٱلْأَوَّلِينَ ﴾١٣٧﴿
  • 'ഇത് മുന്‍കഴിഞ്ഞവരുടെ സമ്പ്രദായമല്ലാതെ (മറ്റൊന്നും) അല്ല.'
  • إِنْ هَـٰذَا ഇതല്ല إِلَّا خُلُقُ സ്വഭാവമല്ലാതെ, സമ്പ്രദായമല്ലാതെ الْأَوَّلِينَ മുന്‍കഴിഞ്ഞവരുടെ, ആദ്യത്തെ കൂട്ടരുടെ, മുന്‍ഗാമികളുടെ
26:138
  • وَمَا نَحْنُ بِمُعَذَّبِينَ ﴾١٣٨﴿
  • '(നീ താക്കീതു ചെയ്യുന്നതുപോലെ) ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല തന്നെ.'
  • وَمَا نَحْنُ ഞങ്ങളല്ല بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍

ഹൂദേ, നീ വൃഥാ ഞങ്ങളെ ഉപദേശിച്ച് ബുദ്ധിമുട്ടേണ്ടതില്ല. നീ ഉപദേശിച്ചാലും, ഇല്ലെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ ഈ സമ്പ്രദായത്തില്‍നിന്ന് പിന്‍മാറുവാന്‍ പോകുന്നില്ല. ഇത് ഞങ്ങള്‍ പുത്തനായി സ്വീകരിച്ചതൊന്നുമല്ല. പൂര്‍വ്വപിതാക്കളായിട്ടേ സ്വീകരിച്ചുവന്നതാണ്. അവര്‍ ജീവിച്ചു മരണപ്പെട്ടുപോയതുപോലെ, ഞങ്ങളും ജീവിക്കുകയും മരിക്കുകയും ചെയ്യും. എന്നല്ലാതെ, ഒരു പുനര്‍ജീവിതമോ, ശിക്ഷാനടപടിയോ ഒന്നും ഉണ്ടാകുവാന്‍ പോകുന്നില്ല. എന്നൊക്കെയാണ് അവരുടെ മറുപടി. സൂ: ഹൂദില്‍ ഇവരെപ്പറ്റി അല്ലാഹു ഇങ്ങിനെ പറഞ്ഞു കാണാം:

قَالُوا يَا هُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِي آلِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ : سورة هود : ٥٣

(അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ – ആരാധ്യവസ്തുക്കളെ – ഉപേക്ഷിക്കുന്നവരുമല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല.)

ഇമാം ഇബ്നുജരീര്‍ (റ) പറഞ്ഞതുപോലെ, ഇവരും മക്കാമുശ്രിക്കുകളുടെ മാതിരി ലോകത്തിനൊരു സൃഷ്ടാവും രക്ഷിതാവുമുണ്ടെന്ന വിശ്വാസക്കാരായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. അഥവാ, നിരീശ്വരവാദികളായിരുന്നില്ല. ഞങ്ങളുടെ നടപടികള്‍ മുന്‍ഗാമികളുടെ നടപടികള്‍ തന്നെയാണെന്നും, അതുമൂലം ഞങ്ങള്‍ക്ക് ശിക്ഷ ബാധിക്കാന്‍ പോകുന്നില്ലെന്നും പറയുവാന്‍ കാരണം അതാണ്‌. വിഗ്രഹങ്ങള്‍ അല്ലാഹുവിന്‍റെ മുമ്പില്‍ തങ്ങള്‍ക്ക് ശുപാര്‍ശചെയ്യുമെന്ന് ഇവരും വിശ്വസിച്ചിരുന്നു. അതിനായി ഇവരും വിഗ്രഹാരാധന നടത്തിവന്നു.

26:139
  • فَكَذَّبُوهُ فَأَهْلَكْنَٰهُمْ ۗ إِنَّ فِى ذَٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٣٩﴿
  • അങ്ങനെ, അവര്‍ അദ്ദേഹത്തെ കളവാക്കി. അതിനാല്‍, അവരെ നാം [അല്ലാഹു] നശിപ്പിച്ചു. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്.
    അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
  • فَكَذَّبُوهُ അങ്ങനെ അവരദ്ദേഹത്തെ കളവാക്കി, വ്യാജമാക്കി فَأَهْلَكْنَاهُمْ അപ്പോള്‍ നാമവരെ നശിപ്പിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും, മിക്കവരും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍
26:140
  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٤٠﴿
  • നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

ആദ് സമുദായത്തിന് ബാധിച്ച ശിക്ഷ അതിഘോരമായ കാറ്റായിരുന്നു. ഏഴു രാത്രിയും എട്ടു പകലും നീണ്ടുനിന്ന ഭയങ്കര കൊടുങ്കാറ്റ്! ദീര്‍ഘകായന്‍മാരായിരുന്ന അവരെല്ലാം ഈത്തപ്പന കടപുഴങ്ങി വീണകണക്കെ, അതില്‍ വീണടിഞ്ഞു നശിച്ചുപോയി! കാറ്റ് തട്ടിയ വസ്തുക്കളെല്ലാം നശിച്ച്‌ ദ്രവിച്ച് തുരുമ്പുകളായിത്തീരുകയും ചെയ്തു. അങ്ങിനെ ആ സമുദായം പാടെ നാമാവശേഷമായിപ്പോയി!

(فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ – الحاقة : ٨)