സൂറത്തുല്‍ അങ്കബൂത്ത് : 45-63
വിഭാഗം - 5
- ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ ﴾٤٥﴿
- (നബിയേ) വേദഗ്രന്ഥത്തില്‍ നിന്നു നിങ്ങള്‍ക്ക് 'വഹ്യ്' [ബോധനം] നല്‍കപ്പെട്ടിട്ടുള്ളതു നിങ്ങള്‍ പാരായണം ചെയ്യുക. നമസ്കാരം നിലനിറുത്തുകയും ചെയ്യുക; നിശ്ചയമായും നമസ്കാരം, നീചവൃത്തിയില്‍ നിന്നും, നിഷിദ്ധമായതില്‍നിന്നും തടയുന്നു. അല്ലാഹുവിനെ ഓര്‍മ്മിക്കുന്നതു ഏറ്റവും വലിയ കാര്യംതന്നെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു അല്ലാഹു അറിയുന്നതാണ്.
- اتْلُ നിങ്ങള്‍ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹ്യു നല്കപ്പെട്ടതു إِلَيْكَ നിങ്ങള്‍ക്ക് مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, വേദഗ്രന്ഥമായിട്ടു وَأَقِمِ الصَّلَاةَ നമസ്കാരം നിലനിറുത്തുകയും ചെയ്യുക إِنَّ الصَّلَاةَ നിശ്ചയമായും നമസ്കാരം تَنْهَىٰ തടയുന്നു, നിരോധിക്കുന്നു عَنِ الْفَحْشَاءِ നീചവൃത്തി (ദുഷ്പ്രവൃത്തി)യില്‍നിന്നു وَالْمُنكَرِ നിഷിദ്ധമായ (നികൃഷ്ടമായ-വെറുക്കപ്പെട്ട)തില്‍നിന്നും وَلَذِكْرُ اللَّـهِ അല്ലാഹുവിനെ ഓര്മ്മിക്കല്, സ്മരിക്കല്‍ أَكْبَرُ ഏറ്റവും വലിയ (മഹത്തായ) കാര്യംതന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا تَصْنَعُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു
വിശുദ്ധ ഖുര്‍ആനാകുന്ന വേദഗ്രന്ഥം പാരായണം ചെയ്വാനും, നമസ്കാരം നിലനിറുത്തുവാനുമുളള ഈ കല്പന ബാഹ്യത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, വാസ്തവത്തില്‍ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മാത്രം ബാധകമായതല്ല, എല്ലാവര്ക്കും ബാധകമായതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സ്വയംതന്നെ ഒരു പുണ്യകര്‍മ്മമാകുന്നു. അതിലടങ്ങിയ തത്വങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായ വശങ്ങള് മനസ്സിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ് വായനയുടെ ആവശ്യം. അതു പ്രവര്‍ത്തനത്തിലും, പ്രയോഗത്തിലും വരുത്തുകയാണ് അതിന്റെ പരമമായ ലക്ഷ്യം. നമസ്കാരം നിലനിറുത്തുവാന്‍ കല്പിച്ചതിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍ അല്ലാഹുതന്നെ ഇവിടെ ഉണര്‍ത്തുന്നു. നീചവും നിഷിദ്ധവുമായ കാര്യങ്ങളില്‍നിന്നു നമസ്കാരം മനുഷ്യനെ തടയുന്നുവെന്നുള്ളതാണു അതിലൊന്ന്. പക്ഷേ, നാമമാത്ര നമസ്കാരംകൊണ്ട് ഈ ഉദ്ദേശ്യം സാദ്ധ്യമാവുകയില്ല. അതുകൊണ്ടാണ് ‘നമസ്കരിക്കണ’മെന്നു പറഞ്ഞു മതിയാക്കാതെ ‘നമസ്കാരം നിലനിറുത്തുക’ (أَقِمِ ٱلصَّلَوٰةَ) എന്നു പറഞ്ഞിരിക്കുന്നത്. പതിവായും, കൃത്യമായും, പരിപൂര്‍ണ്ണമായും, ഹൃദയസാന്നിധ്യത്തോടും, ഭയഭക്തിയോടും കൂടിയും ആയിരിക്കണം നമസ്കാരം. എന്നാല്‍ മാത്രമേ നമസ്കാരം യഥാര്‍ത്ഥത്തില്‍ നിലനിറുത്തലാവുകയുള്ളൂ. അല്ലാഹുവിനെ ഓര്‍മ്മിക്കുകയാണ് നമസ്കാരത്തിന്റെ മറ്റൊരു ഉദ്ദേശ്യം. ‘അല്ലാഹുവിനെ ഓര്മ്മിക്കല് ഏറ്റവും വലിയ കാര്യമാണ്’ (وَلَذِكْرُ اللَّـهِ أَكْبَرُ) എന്നു തുടര്‍ന്നു പറഞ്ഞിട്ടുള്ളതില്‍ നിന്നും ‘എന്നെ സ്മരിക്കുവാനായി നമസ്കാരം നിലനിറുത്തുക’ (وَأَقِمِ الصَّلَاةَ لِذِكْرِي) എന്ന് സൂ: ത്വാഹായില്‍ മൂസാ (عليه الصلاة والسلام) നബിയോടു പറഞ്ഞിട്ടുള്ളതില്‍ നിന്നും മറ്റും ഇതു വ്യക്തമാണ്. നമസ്കാരത്തില്‍ അടങ്ങിയിട്ടുള്ള ഓരോ ഘടകവും – വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നിര്‍വ്വഹിക്കുന്ന ഓരോ കര്‍മ്മവും – പരിശോധിച്ചാലും അവയെല്ലാം ഈ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമാണെന്നു കാണാം.
അപ്പോള്‍, നമസ്കാരംകൊണ്ട് ഈ ഉദ്ദേശ്യങ്ങള്‍ – നീചനികൃഷ്ടകൃത്യങ്ങളില് നിന്ന് വിരമിക്കലും, അല്ലാഹുവിനെക്കുറിച്ചുള്ള ബോധം ഉണ്ടായിരിക്കലും – കൈവരുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നമസ്കാരം അതിന്റെ യഥാരൂപത്തിലായിരുന്നില്ലെന്നാകുന്നു. ‘ഒരുവന്റെ നമസ്കാരം അവനെ നീചവൃത്തിയില്‍നിന്നും, നിഷിദ്ധമായതില്‍നിന്നും തടഞ്ഞില്ലെങ്കില്‍ അവനു നമസ്കാരമില്ല’.
(مَنْ لَمْ تَنْهَهُ صَلَاتُهُ عَنِ الْفَحْشَاءِ وَالْمُنْكَرِ فَلَا صَلَاة لَهُ – ابو حاتم وغيره) എന്ന ഹദീസ് ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ ആയത്തിന്റെ അവസാനഭാഗവും ഇതിലേക്കു സൂചന നല്കുന്നു: وَاللَّـهُ يَعْلَمُ مَا تَصْنَعُونَ (നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു അല്ലാഹു അറിയുന്നു.)
ذِكْر (ദിക്ര്) എന്ന വാക്കിന് ‘സ്മരിക്കുക, നിരൂപിക്കുക, ഓര്‍മ്മിക്കുക, പറയുക, ധ്യാനിക്കുക’ എന്നിങ്ങനെ സന്ദര്‍ഭോചിതം പല അര്‍ത്ഥവും പറയാവുന്നതാണ്. ‘അല്ലാഹുവിന്റെ ദിക്ര് ‘ (ذِكْرُ اللَّـهِ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സുകൊണ്ടും വാക്കുകൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു. അഥവാ, അല്ലാഹുവിന്റെ മഹല്‍ ഗുണങ്ങളെയും, സൃഷ്ടിമാഹാത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താവിചാരങ്ങളും, അവനോടുള്ള മാനസികമായ ഭയഭക്തിയും, ‘തസ്ബീഹ്, തഹ് ലീല്, തക്ബീര്‍, ഹംദ്, ദുആ’ (*) മുതലായ ധ്യാനവാക്യങ്ങളും – എല്ലാംതന്നെ – ദിക്റുകളാകുന്നു. വാഗ് മൂലമുള്ള ഈ ദിക് റുകള്‍ക്കും ഹൃദയസാന്നിധ്യം അത്യന്താപേക്ഷിതമാണ്. അല്ലാഹു പ്രസ്താവിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ഉദ്ധരിക്കുന്നു:-
أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعهُ إِذَا ذَكَرَني، فَإن ذَكرَني في نَفْسهِ، ذَكَرْتُهُ في نَفسي، وإنْ ذَكَرَني في ملإٍ، ذكَرتُهُ في ملإٍ خَيْرٍ منْهُمْ – متفق عليه
സാരം: എന്റെ അടിയാന് എന്നെപ്പറ്റി വിചാരിക്കുന്നതിനനുസരിച്ചായിരിക്കും ഞാന്‍. അവന് എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയുണ്ടായിരിക്കും. അവന് സ്വയം (മനസ്സില്‍) എന്നെ ഓര്‍ത്താല്‍ ഞാന്‍ അവനെയും സ്വയം ഓര്‍ക്കും. ഒരു സംഘത്തില്‍വെച്ച് അവന് എന്നെ ഓര്‍ത്താല്‍ (എന്നെക്കുറിച്ച് പ്രസ്താവിച്ചാല്‍) അവരെക്കാള്‍ ഉത്തമമായ ഒരു സംഘത്തില്‍വെച്ച് ഞാന്‍ അവനെയും ഓര്‍ക്കും (പ്രസ്താവിക്കും). (ബു. മു.) ‘എന്നെപ്പറ്റി വിചാരിക്കുന്നതിനനുസരിച്ചായിരിക്കും ഞാന്‍’ എന്നു പറഞ്ഞിട്ടുള്ളതു വളരെ ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിലും, കൃപാകടാക്ഷത്തിലും ഒരാള്‍ക്കു എത്രകണ്ട് ശുഭാപ്തിവിശ്വാസവും, സുപ്രതീക്ഷയും ഉണ്ടോ ആ തോതനുസരിച്ചായിരിക്കും അല്ലാഹു അവനോട് ഇടപെടുക എന്നു താല്പര്യം. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്മ്മയനുസരിച്ചായിരിക്കും ഈ വിശ്വാസവും, പ്രതീക്ഷയും ഉണ്ടാവുക.
(*) التسبيح والتهليل والتكبير والحمد والدعاء
‘കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത്?’ എന്ന് ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു ഇങ്ങനെ മറുപടി കൊടുക്കയുണ്ടായി: ‘അല്ലാഹുവിന്റെ ദിക്ര്’ നിമിത്തം നിന്റെ നാവു നനഞ്ഞതായിക്കൊണ്ടു – നാവിനാല്‍ ദിക്ര് നടത്തിക്കൊണ്ടിരിക്കെ – നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു’.
(أَنْ تُفَارِقَ الدُّنْيَا وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ – احمد والترمذى)
وَلَذِكْرُ اللَّـهِ أَكْبَرُ (അല്ലാഹുവിന്റെ സ്മരണ ഏറ്റവും വലിയതു തന്നെ.) എന്ന വാക്യത്തെ ചിലര്‍ വ്യാഖ്യാനിച്ചിട്ടുള്ളതു ഇപ്രകാരമാകുന്നു: അല്ലാഹു അവന്റെ കാരുണ്യവും, അനുഗ്രഹവും വഴി നിങ്ങളെ – മനുഷ്യരെ – സ്മരിക്കുന്നത്, നിങ്ങള്‍ അവനെ അനുസരണവും, കര്‍മ്മങ്ങളുംവഴി സ്മരിക്കുന്നതിനെക്കാള്‍ എത്രയോ വമ്പിച്ചതും, ശ്രേഷ്ഠമായതുമാകുന്നു. الله ٲعلم
ജുസ്ഉ് - 21
- ۞ وَلَا تُجَٰدِلُوٓا۟ أَهْلَ ٱلْكِتَٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَٰحِدٌ وَنَحْنُ لَهُۥ مُسْلِمُونَ ﴾٤٦﴿
- വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ തര്‍ക്കം നടത്തരുത്; അവരില്‍നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുകയും ചെയ്യണം: 'ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആരാധ്യനും, നിങ്ങളുടെ ആരാധ്യനും ഒരുവനാകുന്നു; ഞങ്ങള്‍ അവന് കീഴ്പ്പെട്ടവരും (മുസ്ലിംകളും) ആകുന്നു'.
- وَلَا تُجَادِلُوا നിങ്ങള്‍ തര്‍ക്കം നടത്തരുത്, വാഗ്വാദം ചെയ്യരുത് أَهْلَ الْكِتَابِ വേദക്കാരോടു إِلَّا بِالَّتِي യാതൊന്നുകൊണ്ടല്ലാതെ (യാതൊരു രീതിയിലല്ലാതെ) هِيَ അതു أَحْسَنُ ഏറ്റവും നല്ലതാണ് إِلَّا الَّذِينَ യാതൊരു കൂട്ടരോടൊഴികെ ظَلَمُوا അക്രമം പ്രവര്‍ത്തിച്ച مِنْهُمْ അവരില്‍നിന്നു وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യണം آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِالَّذِي أُنزِلَ إِلَيْنَا ഞങ്ങളിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളതില്‍ وَأُنزِلَ إِلَيْكُمْ നിങ്ങളിലേക്കും ഇറക്കപ്പെട്ടിട്ടുള്ളതിലും وَإِلَـٰهُنَا ഞങ്ങളുടെ ഇലാഹും (ആരാധ്യനും) وَإِلَـٰهُكُمْ നിങ്ങളുടെ ഇലാഹും وَاحِدٌ ഒരുവനാണ്, ഏകനാണ് وَنَحْنُ ഞങ്ങള്‍ لَهُ അവന് مُسْلِمُونَ കീഴ്പെട്ടവരുമാണ്, അനുസരണമുള്ളവരാണ്
ജൂതന്മാരും, ക്രിസ്ത്യാനികളുമാകുന്ന വേദക്കാരെ ഇസ്ലാമിലേക്കു പ്രേരിപ്പിക്കുവാന്വേണ്ടി അവരുമായി വാഗ്വാദം നടത്തുമ്പോള്‍, യുക്തവും ഹൃദ്യവുമായ ന്യായങ്ങളും, ലക്ഷ്യങ്ങളും മുഖേന സൗമ്യമായ രൂപത്തിലായിരിക്കണം അതു നടത്തുന്നത് എന്ന് ഈ വചനം മുസ്ലിംകളെ ശാസിക്കുന്നു. കുതര്‍ക്കങ്ങള്‍ നടത്തുന്നവര്‍, അപമര്യാദയോടെ പെരുമാറുന്നവര്‍, ന്യായത്തിനും ലക്ഷ്യത്തിനും വില കല്പിക്കാത്തവര് എന്നിങ്ങിനെയുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കല്പന ബാധകമല്ല. അവരോടു പരുഷമായും, ഗൗരവപൂര്‍വ്വവും ഇടപെടേണ്ടതായി വരുന്നതാണ്. إِلَّا الَّذِينَ ظَلَمُوا مِنْهُمْ (അവരില്‍നിന്നും അക്രമം പ്രവര്‍ത്തിച്ചവരൊഴികെ) എന്ന വാക്കു അതാണ് കാണിക്കുന്നത്. അക്രമം അതിരുകവിഞ്ഞ് വാളെടുക്കുന്നതുവരെ നില എത്തിച്ചേര്ന്നിട്ടുള്ളപക്ഷം, അങ്ങിനെയുള്ളവരോടുള്ള വാദപ്രതിവാദം വാള്മുഖേന ആയിരികേണ്ടതാകുന്നു.
വാസ്തവമോ അവാസ്തവമോ എന്ന് തീരുമാനിക്കുവാന്‍ നിവൃത്തിയില്ലാത്ത വല്ല വാര്‍ത്തയും അവര്‍ -വേദക്കാര്‍- കൊണ്ടുവരുന്നപക്ഷം അതു സ്വീകരിക്കുവാനും, നിഷേധിക്കുവാനും നിവൃത്തിയില്ല. വാസ്തവത്തില്‍ അതു സത്യമായേക്കാനിടയുള്ളതുകൊണ്ട് നിഷേധിക്കാന്‍ പാടില്ല; അസത്യമായിരിക്കാനിടയുള്ളതുകൊണ്ട് സ്വീകരിക്കാനും പാടില്ല. അതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ മുസ്ലിംകള് കൈകൊള്ളേണ്ടുന്ന നയമാണ് وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ (ഞങ്ങള്‍ക്കു ഇറക്കപ്പെട്ടതിലും, നിങ്ങള്‍ക്കു ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറയണം.) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. അതായത്: ഞങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നതു പോലെത്തന്നെ നിങ്ങള്‍ക്കു ഇറക്കപ്പെട്ടിട്ടുള്ള എല്ലാ യഥാര്‍ത്ഥ വേദഗ്രന്ഥങ്ങളിലും മൊത്തത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു; ഒന്നുപോലും ഞങ്ങള്‍ നിധേഷിക്കുന്നില്ല. പക്ഷേ, ഖുര്‍ആനെപ്പോലെ അവ സുരക്ഷിതമല്ലാത്തതു കൊണ്ട് – പല ഏറ്റക്കുറവുകളും കൈകടത്തലുകളും അവയില്‍ നടത്തപ്പെട്ടിട്ടുള്ളതുകൊണ്ട് – ഇന്നത്തെ രൂപത്തില്‍ നിങ്ങളുടെ വേദഗ്രന്ഥങ്ങള്‍ അപ്പടി സ്വീകരിക്കുവാനോ, വിശദരൂപത്തില്‍ ഓരോന്നിലും വിശ്വസിക്കുവാനോ ഞങ്ങള്‍ക്കു നിവൃത്തിയില്ല. എന്നിങ്ങിനെയാണ് വേദക്കാര്‍ തൗറാത്തില്നിന്നോ, ഇഞ്ചീലില്‍ നിന്നോ വല്ല ഭാഗവും ഉദ്ധരിച്ചു കാണിക്കുമ്പോള്‍ മുസ്ലിംകള്‍ക്കു പറയുവാനുള്ളത്.
അബൂഹുറൈറ (റ) പ്രസ്താവിച്ചതായി ബുഖാരി (റ) ഇപ്രകാരം ഉദ്ധരിക്കുന്നു:
كَانَ أَهْلُ الْكِتَابِ يَقْرَءُونَ التَّوْرَاةَ بِالْعِبْرَانِيَّةِ، وَيُفَسِّرُونَهَا بِالْعَرَبِيَّةِ لأَهْلِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ تُصَدِّقُوا أَهْلَ الْكِتَابِ وَلاَ تُكَذِّبُوهُمْ، وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا – الآيَةَ – رواه البخارى
‘ഇസ്ലാമിന്റെ ആള്‍ക്കാര്‍ക്ക് (മുസ്ലിംകള്ക്ക്) വേദക്കാര്‍ അബ്റാനീ (ഹിബ്രു) ഭാഷയില്‍ തൗറാത്ത് വായിച്ച് അറബിയില്‍ വിവരിച്ചുകൊടുക്കാറുണ്ടായിരുന്നു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങള്‍ വേദക്കാരെ (അവരുടെ പ്രസ്താവനകളെ) സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. നിങ്ങള്‍ آمَنَّا بِاللَّهِ الخ എന്ന് (ഈ വചനത്തിന്റെ അവസാനം വരെ) പറഞ്ഞേക്കുവിന്.’ (ബു)
വേദക്കാരില്‍ നിന്നും, നിലവിലുള്ള തൗറാത്ത് ഇഞ്ചീലുകളില്നിന്ന് (ബൈബ്ളില്‍നിന്ന്) വാര്‍ത്തകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരം നാം മുഖവുരയില്‍ പ്രതിപാദിച്ചിട്ടുള്ളതു നോക്കുക.
- وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ ۚ فَٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلْكَٰفِرُونَ ﴾٤٧﴿
- അതുപോലെ, [മുന്‍വേദങ്ങള്‍ ഇറക്കിയതുപോലെ] നിനക്ക് നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കയാണ്. എന്നാല്‍, നാം വേദഗ്രന്ഥം നല്കിയിട്ടുള്ളവര് [വേദക്കാര്‍] ഇതില്‍ വിശ്വസിക്കുന്നതാണ്. ഇക്കൂട്ടരിലും തന്നെ ഇതില്‍ വിശ്വസിക്കുന്നവരുണ്ട്. നമ്മുടെ ലക്ഷ്യങ്ങളെ അവിശ്വാസികളല്ലാതെ നിഷേധിക്കുകയില്ല.
- وَكَذَٰلِكَ അപ്രകാരം, അതുപോലെ أَنزَلْنَا നാം ഇറക്കിയിരിക്കുന്നു, അവതരിപ്പിച്ചു إِلَيْكَ നിനക്ക്, നിന്നിലേക്ക് الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം فَالَّذِينَ എന്നാല്‍ (അപ്പോള്‍) യാതൊരുകൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്കു നല്കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു, വിശ്വസിക്കും بِهِ ഇതില്‍, അതില്‍ وَمِنْ هَـٰؤُلَاءِ ഇക്കൂട്ടരിലുമുണ്ട്, ഇവരില്‍ നിന്നുമുണ്ട് مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ بِهِ ഇതില്‍, അതില്‍ وَمَا يَجْحَدُ നിഷേധിക്കയില്ല بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളെ إِلَّا الْكَافِرُونَ അവിശ്വാസികളല്ലാതെ, (സത്യത്തെ) മൂടിവെക്കുന്നവരല്ലാതെ
വേദക്കാരായ എല്ലാവരും ഖുര്‍ആനില്‍ വിശ്വസിക്കും എന്നല്ല ഉദ്ദേശ്യം. തൗറാത്തിലും, ഇഞ്ചീലിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ള അടയാളങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ പുലര്‍ന്നു കണ്ടതിനെ നിഷേധിക്കുവാനും, അന്യഥാ വ്യാഖ്യാനിക്കാനും മുതിരാത്തവരും, ഖുര്‍ആനെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുന്നവരുമായ എല്ലാവരും അതില്‍ വിശ്വസിക്കുന്നതാണ് എന്നു താല്പര്യം. അബ്ദുല്ലാഹിബ്നു സലാം (رضي الله عنه) തുടങ്ങിയ പല പണ്ഡിതന്മാരും മറ്റു പലരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിലും, ഖുര്‍ആനിലും വിശ്വസിച്ചിരുന്നതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലശേഷവും എത്രയോ ആളുകള്‍ ഇസ്ലാമില്‍ വന്നിട്ടുള്ളതും പ്രസ്താവ്യമാണ്. സൂ: ആലുഇംറാനില്‍ അല്ലാഹു പറയുന്നു:
وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّـهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّـهِ لَا يَشْتَرُونَ بِآيَاتِ اللَّـهِ ثَمَنًا قَلِيلًا ۗ أُولَـٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ – آل عمران – 199
(അല്ലാഹുവോട് ഭക്തി കാണിക്കുന്നവരായുംകൊണ്ടും അല്ലാഹുവിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, തങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും വിശ്വസിക്കുന്നവര്‍, നിശ്ചയമായും വേദക്കാരിലുണ്ട്. അവര്‍ അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ക്ക് അല്പമായ വില വാങ്ങുന്നതല്ല. അക്കൂട്ടര്‍ക്കു അവരുടെ പ്രതിഫലം തങ്ങളുടെ രക്ഷിതാവിന്റെ പക്കല്‍ ഉണ്ടായിരിക്കും.) ആലുഇംറാന് മദനീസൂറത്തുകളില്പെട്ടതും അങ്കബൂത്ത് മക്കീസൂറത്തുകളില്‍ ഉള്‍പ്പെട്ടതുമാണ്.
മക്കായിലെ മുശ്രിക്കുകളെ ചൂണ്ടിക്കൊണ്ടാണ് وَمِنْ هَـٰؤُلَاءِ (ഇക്കൂട്ടരിലുമുണ്ട്) എന്നു പറഞ്ഞത്. വേദക്കാരായാലും അല്ലെങ്കിലും ശരി, ഖുര്‍ആനെ നിഷേധിക്കുന്നവര്‍ ഒരിക്കലും സത്യാന്വേഷികളും യഥാര്‍ത്ഥ ദൈവവിശ്വാസികളും ആയിരിക്കയില്ല: സത്യനിഷേധികളായ അവിശ്വാസികള്‍ മാത്രമേ അതിനെ നിഷേധിക്കുകയുള്ളൂ എന്ന് അല്ലാഹു തുറന്ന് പ്രഖ്യാപിച്ചിരിക്കയാണ്. 48-ാം വചനത്തില്‍ അവരെക്കുറിച്ച് വ്യര്‍ത്ഥകാരികള്‍ – അഥവാ നിരര്‍ത്ഥവാദികള്‍- എന്നും, 49-ല്‍ അക്രമകാരികള്‍ എന്നും പറയുന്നു. അപ്പോള്‍ ഖുര്‍ആനില്‍ വിശ്വസിക്കാത്ത ഒരാള്‍ ഒരു വിധേനയും അല്ലാഹുവിന്റെ അടുക്കല്‍ മോക്ഷത്തിനു വിധേയനാവുകയില്ലെന്നുള്ളതില് സംശയമില്ല – മറ്റുവിധേന അവര്‍ എത്ര നല്ലവരായാലും ശരി.
- وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَٰبٍ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًا لَّٱرْتَابَ ٱلْمُبْطِلُونَ ﴾٤٨﴿
- യാതൊരു ഗ്രന്ഥവും ഇതിന് മുമ്പ് നീ പാരായണം ചെയ്യുകയാകട്ടെ, നിന്റെ വലതുകൈകൊണ്ട് അതെഴുതുകയാകട്ടെ ചെയ്തിരുന്നില്ല. അങ്ങിനെയാണെങ്കില്‍ ഈ വ്യര്‍ത്ഥകാരികള്‍ക്ക് സന്ദേഹപ്പെടാമായിരുന്നു.
- وَمَا كُنتَ നീ ആയിരുന്നില്ലتَتْلُو പാരായണം ചെയ്യും مِن قَبْلِهِ ഇതിനുമുമ്പ് مِن كِتَابٍ ഒരു ഗ്രന്ഥവും, ഗ്രന്ഥത്തില്‍ നിന്ന് (ഒന്നും) وَلَا تَخُطُّهُ നീ അതു എഴുതുകയും ചെയ്തിരുന്നില്ല بِيَمِينِكَ നിന്റെ വലങ്കൈകൊണ്ട് إِذًا എന്നാല്‍ (അങ്ങിനെയാണെങ്കില്‍) لَّارْتَابَ സംശയിക്കാമായിരുന്നു, സന്ദേഹിക്കാമായിരുന്നു لْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥവാദികള്‍ (ക്ക്)
- بَلْ هُوَ ءَايَٰتٌۢ بَيِّنَٰتٌ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّٰلِمُونَ ﴾٤٩﴿
- എങ്കിലും അത് ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളില്‍ സുവ്യക്തമായി (തെളിഞ്ഞു) കിടക്കുന്ന ലക്ഷ്യങ്ങളാകുന്നു. അക്രമകാരികളല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയില്ല.
- بَلْ എങ്കിലും, പക്ഷേ هُوَ അതു آيَاتٌ ലക്ഷ്യങ്ങളാണ്, ദൃഷ്ടാന്തങ്ങളാണ് بَيِّنَاتٌ സുവ്യക്തങ്ങളായ, തെളിഞ്ഞുകിടക്കുന്ന فِي صُدُورِ الَّذِينَ യാതൊരു കൂട്ടരുടെ നെഞ്ഞു (ഹൃദയം) കളില്‍ أُوتُوا الْعِلْمَ ജ്ഞാനം നല്കപ്പെട്ടിട്ടുള്ള وَمَا يَجْحَدُ നിഷേധിക്കുകയില്ല بِآيَاتِنَا നമ്മുടെ ആയത്തുകളെ إِلَّا الظَّالِمُونَ അക്രമകാരികളല്ലാതെ
ജ്ഞാനികളായുള്ളവര്‍ ഖുര്‍ആനാകുന്ന ആ ഗ്രന്ഥം പഠിക്കുകയും, ഗ്രഹിക്കുകയും, മനഃപാഠമാക്കുകയും ചെയ്യുന്നു. അതിന്റെ സന്ദേശങ്ങളും മാര്ഗ്ഗദര്ശനങ്ങളും അവരുടെ എല്ലാ ജീവിത തുറകളിലേക്കും അവര്‍ക്കു വെളിച്ചം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതര വേദഗ്രന്ഥങ്ങളെപ്പോലെ അതിനെ മാറ്റിമറിക്കുവാനോ, അതില്‍ കയ്യേറ്റം നടത്തുവാനോ സാധ്യതയില്ല. ഖുര്‍ആന്റെ പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിതമായിരിക്കുവാന്‍ ഇതും കാരണമാകുന്നു. ലോകത്തു നിലവിലുള്ള മുസ്ഹഫിന്റെ പ്രതികളെല്ലാം നഷ്ടപ്പെട്ടാലും ഖുര്‍ആന്‍ – അതിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റം കൂടാതെ – യഥാരൂപത്തില്‍തന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സുരക്ഷിതമായി അവശേഷിക്കുന്നതാണ്. ഖുര്‍ആനോളം വലുപ്പം വരുന്ന ഏതൊരു ഗ്രന്ഥവും കാലവ്യത്യാസം കൂടാതെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്നതായി കാണപ്പെടുകയില്ല എന്ന തീര്‍ത്തുപറയാം. الحمد لله
- وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَٰتٌ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْءَايَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ﴾٥٠﴿
- അവര്‍ [അവിശ്വാസികള്‍] പറയുകയാണ്: 'അവന് അവന്റെ രക്ഷിതാവിങ്കല്നിന്ന് വല്ല ദൃഷ്ടാന്തങ്ങളും ഇറക്കപ്പെട്ടുകൂടേ?!' (നബിയേ) പറയുക: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്; ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ എന്നേയുള്ളൂ.'
- وَقَالُوا അവര്‍ പറയുന്നു لَوْلَا أُنزِلَ ഇറക്കപ്പെട്ടുകൂടേ, ഇറക്കപ്പെടരുതോ عَلَيْهِ അവന്റെമേല്‍, അവനു آيَاتٌ വല്ല ദൃഷ്ടാന്തങ്ങളും مِّن رَّبِّهِ അവന്റെ റബ്ബിന്റെ പക്കല്‍നിന്ന് قُلْ പറയുക إِنَّمَا الْآيَاتُ നിശ്ചയമായും ദൃഷ്ടാന്തങ്ങള്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രമാണ്) وَإِنَّمَا أَنَا നിശ്ചയമായും ഞാന്‍ نَذِيرٌ താക്കീതുകാരന്‍ (മാത്രമാണ്, എന്നേയുള്ളു) مُّبِينٌ സ്പഷ്ടമായ
എനിക്കു തോന്നുമ്പോള്‍ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ – അത്ഭുതസംഭവങ്ങള്‍ വെളിപ്പെടുത്തുവാന്‍ – എനിക്കു കഴിവില്ല. അല്ലാഹുവിന്റെ അനുമതിപ്രകാരം, അവനുദ്ദേശിക്കുമ്പോള്‍ മാത്രമേ അതു വെളിപ്പെടുകയുള്ളൂ. എന്റെ ചുമതല നിങ്ങളെ താക്കീതുചെയ്യല്‍ മാത്രമാണ്. അതു ഞാന്‍ നിര്‍വ്വഹിക്കുന്നു എന്നു സാരം.
- أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ ﴾٥١﴿
- അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിലയില്‍ ഈ വേദഗ്രന്ഥം നിനക്കു നാം അവതരിപ്പിച്ചു തന്നിട്ടുള്ളത് അവര്‍ക്ക് (ദൃഷ്ടാന്തത്തിന്) മതിയായിട്ടില്ലേ?! വിശ്വസിക്കുന്ന ജനതക്ക് നിശ്ചയമായും അതില്‍ കാരുണ്യവും, ഉപദേശവുമുണ്ട്.
- أَوَلَمْ يَكْفِهِمْ അവര്‍ക്കു മതിയായിട്ടില്ലേ, പോരെയോ أَنَّا أَنزَلْنَا നാം ഇറക്കിയതു عَلَيْكَ നിനക്കു الْكِتَابَ വേദഗ്രന്ഥം يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടു عَلَيْهِمْ അവര്‍ക്കു, അവരില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَرَحْمَةً കാരുണ്യം, അനുഗ്രഹം وَذِكْرَىٰ ഉപദേശവും, സ്മരണയും لِقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന
വിഭാഗം - 6
- قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴾٥٢﴿
- (നബിയേ) പറയുക: 'എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായിക്കൊണ്ട് അല്ലാഹുതന്നെ മതി. ആകാശങ്ങളിലും, ഭൂമിയിലുമുള്ളതു (മുഴുവനും) അവന് അറിയുന്നു. വ്യര്‍ത്ഥമായതില്‍ വിശ്വസിക്കുകയും, അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍തന്നെയാണ് നഷ്ടപ്പെട്ടവര്‍.
- قُلْ പറയുക كَفَىٰ മതി بِاللَّـهِ അല്ലാഹുതന്നെ بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും شَهِيدًا സാക്ഷിയായിട്ടു, ദൃക്സാക്ഷിയായി يَعْلَمُ അവന് അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ بِالْبَاطِلِ വ്യര്‍ത്ഥത്തില്‍ (അയഥാര്‍ത്ഥമായതില്‍) وَكَفَرُوا അവിശ്വസിക്കുകയും ചെയ്ത بِاللَّـهِ അല്ലാഹുവില്‍ أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْخَاسِرُونَ നഷ്ടപ്പെട്ടവര്‍
- وَيَسْتَعْجِلُونَكَ بِٱلْعَذَابِ ۚ وَلَوْلَآ أَجَلٌ مُّسَمًّى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٥٣﴿
- അവര്‍ നിന്നോട് ശിക്ഷക്ക് ധൃതികൂട്ടുന്നു. നിര്‍ണ്ണയിക്കപ്പെട്ട ഒരവധി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് (ഇപ്പോള്‍തന്നെ) ശിക്ഷ വരുമായിരുന്നു. അവര്‍ അറിയാത്ത നിലയില്‍ തീര്‍ച്ചയായും അതവര്‍ക്ക് പെട്ടെന്ന് വന്നെത്തുക തന്നെ ചെയ്യുന്നതാണ്.
- وَيَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതിപ്പെടുന്നു بِالْعَذَابِ ശിക്ഷക്ക്, ശിക്ഷയെപ്പറ്റി وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَجَلٌ ഒരവധി مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട لَّجَاءَهُمُ അവര്‍ക്കു വരികതന്നെ ചെയ്യുമായിരുന്നു الْعَذَابُ ശിക്ഷ وَلَيَأْتِيَنَّهُم അതവര്‍ക്കു വന്നെത്തുകയുംതന്നെ ചെയ്യും بَغْتَةً പെട്ടെന്നു, യാദൃച്ഛികമായി وَهُمْ അവര്‍ ആയിരിക്കെ لَا يَشْعُرُونَ അറിയുന്നില്ല
- يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَٰفِرِينَ ﴾٥٤﴿
- അവര്‍ നിന്നോട് ശിക്ഷക്കു ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നു; നരകമാകട്ടെ, നിശ്ചയമായും അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു.
- يَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതിപ്പെടുന്നു بِالْعَذَابِ ശിക്ഷക്ക് وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം, നരകം لَمُحِيطَةٌ വലയം ചെയ്യുന്നതാണ് بِالْكَافِرِينَ അവിശ്വാസികളെ
- يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ ﴾٥٥﴿
- അവരുടെ മുകള്‍ഭാഗത്തുകൂടിയും, അവരുടെ കാലുകളുടെ അടിയില്‍ കൂടിയും ശിക്ഷ അവരെ മൂടുന്ന ദിവസം! (അന്നാണ് അതുണ്ടാകുക.) 'നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതു [പ്രവര്‍ത്തിച്ചതിന്റെ ഫലം] നിങ്ങള്‍ ആസ്വദിക്കുവിന്‍'. എന്ന് അവന് [അല്ലാഹു] പറയുകയും ചെയ്യും.
- يَوْمَ يَغْشَاهُمُ അവരെ മൂടുന്ന (പൊതിയുന്ന) ദിവസം الْعَذَابُ ശിക്ഷ مِن فَوْقِهِمْ അവരുടെ മുകളില്‍ കൂടി, മീതെനിന്നു وَمِن تَحْتِ അടിയില്‍ (താഴെ) നിന്നും أَرْجُلِهِمْ അവരുടെ കാലുകളുടെ وَيَقُولُ അവന് പറയുകയും ചെയ്യും ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ مَا كُنتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
നീ താക്കീതു ചെയ്യുന്ന ശിക്ഷ എന്താണ് എനിയും വന്നുകാണാത്തത്?! എന്ന് പറഞ്ഞ് അവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു പരിഹാസപൂര്‍വ്വം ധൃതികൂട്ടുകയാണ്. എന്നാല്‍, അല്ലാഹു അതിനൊരു അവധി നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ തല്‍ക്ഷണം തന്നെ അതവര്‍ക്ക് അനുഭവപ്പെടുമായിരുന്നു. ശിക്ഷ വരുന്നതാകട്ടെ, അപ്രതീക്ഷിതമായ നിലയിലും, വളരെ പെട്ടെന്നുമായിരിക്കും. നാനാഭാഗത്തുകൂടിയും അതവരെ പിടികൂടുകയും ചെയ്യും. ഒരു ഭാഗത്തും രക്ഷക്കു പഴുതുണ്ടായിരിക്കയില്ല.
لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ
(നരകത്തില്‍ നിന്നും അവര്‍ക്കൊരു വിരിപ്പുണ്ടായിരിക്കും: അവരുടെ മേല്‍ഭാഗത്തുനിന്നു മൂടികളും ഉണ്ടായിരിക്കും. 7:41)
لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ
(അവര്‍ക്കു അവരുടെ മുകളില്‍കൂടി നരകത്തില്‍ നിന്നുള്ള തണലുകള്‍ – മൂടികള്‍ – ഉണ്ടായിരിക്കും. അവരുടെ അടിയില്‍കൂടിയും തണലുകള്‍ ഉണ്ടായിരിക്കും. 39:16)
മുശ്രിക്കുകളെയും, വേദക്കാരെയും സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, അവരുടെ മര്‍ദ്ദനങ്ങളും അക്രമങ്ങളും ഹേതുവായി, അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയില്‍ നാടുവിട്ട് (ഹിജ്റ) പോയിക്കൊള്ളുവാന്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നിര്‍ദ്ദേശം നല്കുന്നു:-
- يَٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌ فَإِيَّٰىَ فَٱعْبُدُونِ ﴾٥٦﴿
- വിശ്വസിച്ചവരായ എന്റെ അടിയാന്മാരെ, നിശ്ചയമായും എന്റെ ഭൂമി വിശാലമായതാകുന്നു; അതുകൊണ്ട് നിങ്ങള്‍ എന്നെത്തന്നെ ആരാധിക്കുവിന്‍.
- يَا عِبَادِيَ എന്റെ അടിയാന്മാരെ الَّذِينَ آمَنُوا വിശ്വസിച്ചവരായ إِنَّ أَرْضِي നിശ്ചയമായും എന്റെ ഭൂമി وَاسِعَةٌ വിശാലമായതാണ് فَإِيَّايَ അതുകൊണ്ട് എന്നെ فَاعْبُدُونِ എന്നെ (ത്തന്നെ) ആരാധിക്കുവിന്‍
- كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ ﴾٥٧﴿
- ഓരോ ആത്മാവും [ആളും] മരണം ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
- كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും ذَائِقَةُ الْمَوْتِ മരണം ആസ്വദിക്കുന്നതാണ് ثُمَّ പിന്നീടു إِلَيْنَا നമ്മുടെ അടുക്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
- وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَٰمِلِينَ ﴾٥٨﴿
- വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്നും അടിഭാഗത്തു കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഉന്നത സൗധങ്ങളില്‍, നിശ്ചയമായും നാം അവര്‍ക്കു താമസസൗകര്യം ചെയ്തുകൊടുക്കുന്നതാകുന്നു; അവരതില്‍ നിത്യവാസികളായിക്കൊണ്ട്. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം വളരെ വിശിഷ്ടം!
- وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَنُبَوِّئَنَّهُم നിശ്ചയമായും നാം അവരെ താമസിപ്പിക്കും, സൗകര്യം ചെയ്തുകൊടുക്കും مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു غُرَفًا ഉന്നത സൗധങ്ങളില്‍, മണിമാളികകളില്‍ تَجْرِي ഒഴുകും مِن تَحْتِهَا അതിന്റെ അടിയില്‍കൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായിക്കൊണ്ട് فِيهَا അവയില്‍ نِعْمَ എത്രയോ വിശിഷ്ടം أَجْرُ الْعَامِلِينَ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം, കൂലി
- ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٥٩﴿
- അതായത്: സഹനം കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിന്റെമേല്‍ (കാര്യങ്ങള്‍) ഭരമേല്പിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍.
- الَّذِينَ صَبَرُوا സഹനം കൈകൊണ്ടവര്‍ وَعَلَىٰ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ يَتَوَكَّلُونَ ഭരമേല്‍പ്പിക്കുകയും ചെയ്യുന്ന
- وَكَأَيِّن مِّن دَآبَّةٍ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦٠﴿
- എത്രയോ ജീവികളാണ്, അവയുടെ ആഹാരം അവ (സ്വയം) വഹിക്കാത്തതായുള്ളത്?! അവയ്ക്കും, നിങ്ങള്‍ക്കും അല്ലാഹു ആഹാരം നല്കുന്നു. അവന് (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
- وَكَأَيِّن എത്രയോ, എത്രയാണ് مِّن دَابَّةٍ ജീവിയായിട്ട് لَّا تَحْمِلُ വഹിക്കാത്ത, ഏല്‍ക്കാത്ത رِزْقَهَا അതിന്റെ ആഹാരം, ഉപജീവനം اللَّـهُ يَرْزُقُهَا അതിന് (അവയ്ക്ക്) അല്ലാഹു ആഹാരം നല്കുന്നു وَإِيَّاكُمْ നിങ്ങള്‍ക്കും وَهُوَ അവന് السَّمِيعُ കേള്‍ക്കുന്നവനാണ് الْعَلِيمُ അറിയുന്നവനാണ്
അല്ലാഹുവിന്റെ ഭൂമി കുടുസ്സായതല്ല – വിശാലമായതാണ്. എന്നിരിക്കെ, ഒരു നാട്ടില്‍വെച്ച് അവനെ ആരാധിക്കുവാനും, അവന്റെ മതം അനുഷ്ഠിക്കുവാനും സാധ്യമാകാത്ത പക്ഷം, സാധ്യമാകുന്ന മറ്റൊരു നാട്ടില്‍ പോയിട്ടെങ്കിലും അതു ചെയ്യേണ്ടതാണ്. നാടുവിട്ട് പോകുകയെന്നതു വളരെ വിഷമം പിടിച്ചതുതന്നെ. എന്നാല്‍ അതുമൂലം നേരിടാവുന്ന വിഷമങ്ങളില്വെച്ച് ഏറ്റവും വലിയതു മരണമാണല്ലോ. എവിടെയായിരുന്നാലും അതാര്‍ക്കും കൂടാതെ കഴിയുകയില്ല. മരണാനന്തരം മടങ്ങിച്ചെല്ലുന്നതു അല്ലാഹുവിങ്കലേക്കാണുതാനും. ക്ഷമയും സഹനവും സ്വീകരിച്ചുകൊണ്ടും, കാര്യങ്ങളെല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടും സല്‍ക്കര്‍മ്മം ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് നിശ്ചയമായും അവന് സ്വര്‍ഗ്ഗത്തില്‍ അത്യുന്നതവും, ശാശ്വതവുമായ സുഖസൗകര്യങ്ങള്‍ നല്കുന്നു. മറ്റൊന്നുള്ളതു ഉപജീവനത്തിന്റെ കാര്യമാണ്. ഈ ലോകത്ത് എത്രയോ ജീവികള്‍ -അതില്‍ മനുഷ്യരും മനുഷ്യേതരജീവികളും ഉള്‍പ്പെടുന്നു – അതതിന്റെ ഉപജീവനകാര്യം സ്വയം നടത്തുവാനോ, നികത്തുവാനോ കഴിയാത്തതായിട്ടുണ്ട്. അവയ്ക്കെല്ലാം ഓരോ വിധത്തില്‍ ആഹാരം ലഭിക്കാതിരിക്കുന്നില്ല. അവയ്ക്കു മാത്രമല്ല, വാസ്തവത്തില്‍ എല്ലാവര്ക്കും തന്നെ ഭക്ഷണം നല്കുന്നതു അല്ലാഹുവാണ്. എവിടെയായാലും എല്ലാവര്ക്കും അവന് അതു നല്കുന്നതാകുന്നു. അവന് എല്ലാ കാര്യവും – എല്ലാവരുടെ കാര്യവും – അറിയുന്നവനത്രെ. എന്നൊക്കെയാണ് ചുരുക്കത്തില്‍ ഈ വചനങ്ങളുടെ സാരം. ഇതനുസരിച്ച് സഹാബികള്‍ ആദ്യം അബീസീനിയായിലേക്കും, പിന്നീട് മദീനായിലേക്കും ഹിജ്റ പോയതു പ്രസിദ്ധമാണ്.
ജനപ്പെരുപ്പം നിമിത്തം ഭൂമിയില്‍ മനുഷ്യനു പാര്‍പ്പിടമില്ലാതെ കുഴങ്ങുമെന്നും, ഭക്ഷണമില്ലാതെ കഷ്ടപ്പെടുമെന്നും പെരുമ്പറയടിച്ചുകൊണ്ട് അതിന്റെ പേരില്‍ മനുഷ്യജനനം നിയന്ത്രിക്കുവാന്‍ പ്രകൃതിവിരുദ്ധവും, തികച്ചും ആഭാസകരവുമായ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുകയും, അവ പ്രചാരത്തില്‍വരുത്തി പരസ്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്. ഇതിനു ഏതെല്ലാം ന്യായീകരണങ്ങള്‍ സമര്‍ത്ഥിക്കപ്പെട്ടാലും ശരി, ഈ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ അല്ലാഹുവിനെക്കുറിച്ചുള്ള അവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാകുന്നു. അല്ലാഹുവാണ് ഭൂലോകത്തിന്റെയും മനുഷ്യവര്‍ഗ്ഗത്തിന്റെയും സൃഷ്ടാവെന്നും, അവന് സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണെന്നും, അവനാണ് എല്ലാവര്ക്കും യഥാര്‍ത്ഥത്തില്‍ ഉപജീവനം നല്കുന്നവനെന്നും വിശ്വസിക്കുന്ന ഒരാള്‍ക്കുംതന്നെ ഈ പ്രസ്ഥാനത്തെ അനുകൂലിക്കുവാന്‍ സാദ്ധ്യമല്ല. അല്ലാഹുവിന്റെ ഭൂമി വിശാലമാണെന്നും, എല്ലാവര്ക്കും ആഹാരം നല്കുന്നവന് അവനാണെന്നും – ഈ ആയത്തുകളിലും മറ്റു പല ആയത്തുകളിലുമായി – അല്ലാഹു ആവര്‍ത്തിച്ചു പറയുന്നതിനെ അവഗണിച്ചുകൊണ്ടല്ലാതെ ആ സംരംഭങ്ങളില്‍ പങ്കുചേരുവാനോ അനുകൂലിക്കുവാനോ ഒരു മുസ്ലിമിന്നും നിര്‍വ്വാഹമില്ലാത്തതാണ്. ഈ വിഷയം ഇവിടെ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. അല്ലാഹു സഹായിച്ചാല്‍ സൂ: സുഖ്റുഫിലും മറ്റും കൂടുതല്‍ സംസാരിക്കാം. والله الموفق
- وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴾٦١﴿
- 'ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തതാരാണ്' എന്നു നീ അവരോട് [ബഹുദൈവവിശ്വാസികളോട്] ചോദിക്കുന്ന പക്ഷം, തീര്‍ച്ചയായും, അവര്‍ പറയും: 'അല്ലാഹുവാണ്' എന്ന്. (അപ്പോള്‍, എങ്ങിനെയാണ് അവര്‍ (തൗഹീദില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?!
- وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്ന പക്ഷം مَّنْ خَلَقَ സൃഷ്ടിച്ചതാരാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَسَخَّرَ കീഴ്പ്പെടുത്തുകയും, നിയന്ത്രിക്കുകയും ചെയ്തതു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നത്
ലോകസൃഷ്ടാവും, ലോകകാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്നു മുശ്രിക്കുകളും സമ്മതിക്കുന്നു. എന്നിരിക്കെ ആരാധ്യനായി അവനല്ലാത്തവരെ സ്വീകരിക്കുന്നതില്‍ യാതൊരു ന്യായവുമില്ല, അതുതികച്ചും വിഡ്ഢിത്തം മാത്രമാണ് എന്നു സാരം.
മനുഷ്യന്റെ ജീവിതപ്രശ്നങ്ങളില്‍ അതിപ്രധാനമായ ഒന്നത്രെ ആഹാരത്തിന്റെ കാര്യം. എന്നാല്‍ ആഹാരത്തിന്റെ സാക്ഷാല്‍ കൈകാര്യകര്‍ത്താവ് അല്ലാഹുതന്നെയാണ്. മനുഷ്യന് അതിനുവേണ്ടി എന്തു നടപടിയെടുത്താലും ശരി, അല്ലാഹു കണക്കാക്കിയതേ ആര്‍ക്കും ലഭിക്കുകയുള്ളൂ. അവന് ഉദ്ദേശിക്കുന്നതനുസരിച്ചായിരിക്കും അതില്‍ ഏറ്റക്കുറവുകള്‍ അനുഭവപ്പെടുന്നത്. അവനല്ലാത്തവരെ ഇലാഹായി സ്വീകരിച്ചതുകൊണ്ട് ഇക്കാര്യത്തിലും യാതൊരു മാറ്റവും നേരിടുവാനില്ല. അപ്പോള്‍, ആ നിലക്കും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-
- ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٦٢﴿
- അല്ലാഹു, തന്റെ അടിയാന്മാരില് നിന്ന് താന്‍ ഉദ്ദേശിക്കുന്നവന് ആഹാരം [ഉപജീവനമാര്‍ഗ്ഗം] വിശാലപ്പെടുത്തിക്കൊടുക്കുകയും, അവന് [താന്‍ ഉദ്ദേശിക്കുന്നവന്] ഇടുക്കമാക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാണ്.
- اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ആഹാരം, ഉപജീവനം لِمَن يَشَاءُ അവന് ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്റെ അടിയാന്മാരില് നിന്നു وَيَقْدِرُ അവന് ഇടുക്കമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക)യും ചെയ്യുന്നു لَهُ അവനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ) പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ച് ചിലര്‍ക്ക് വിശാലമായും, മറ്റു ചിലര്‍ക്കു കുടുസ്സായും അവന് ആഹാരം നല്കുമെന്നു പറഞ്ഞതിന്റെ താല്പര്യം, യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നിയപോലെ അവന് പ്രവര്‍ത്തിക്കുന്നുവെന്നല്ല. നേരെ മറിച്ച് ആര്‍ക്കാണ്, എങ്ങിനെയാണ് എത്രയാണ് അത് നല്‍കേണ്ടതെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും – ചെറുതും വലുതുമെന്ന വ്യത്യാസമില്ലാതെ – അറിയുന്നവനാണവന്‍. ആ അറിവനുസരിച്ച് തികച്ചും യുക്തമായ നിലയില്‍ അവനതു നിയന്ത്രിക്കുന്നു. ഈ പരമാര്‍ത്ഥമാണ് ആയത്തിലെ അവസാനവാക്യം വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യന്റെ അനുമാനങ്ങള്ക്കതീതമാണത്. മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല അതിന്റെ തോതു നിര്‍ണ്ണയിക്കുന്നതു – വാസ്തവത്തില്‍ അവ രണ്ടും ഒഴിച്ചുകൂടാത്തതാണെങ്കിലും ശരി.
അറിവ്, ബുദ്ധി, സാമര്‍ത്ഥ്യം, പരിചയം, ശരീരസ്ഥിതി ആദിയായ ഗുണങ്ങളിലെല്ലാം സമനിലക്കാരെന്നു കാണപ്പെടുന്ന രണ്ടുപേര്‍ ഒരേ ദിവസം മുതല്‍ ഒരേതരം തൊഴില്‍ ചെയ്തു തുടങ്ങിയെന്ന് വെക്കുക. അല്ലെങ്കില്‍ ഒരേ തോതില്‍ മുതലിറക്കി ഒരേ രീതിയില്‍ വ്യവസായം ആരംഭിച്ചുവെന്നു കരുതുക: കുറച്ചു ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോഴേക്കു രണ്ടാളുടേയും അദ്ധ്വാനഫലങ്ങളില്‍ തീര്‍ച്ചയായും വ്യത്യാസം കാണാം. ഒരുപക്ഷെ, ഒരുവന് വലിയൊരു തുക സമ്പാദിച്ചിരിക്കുകയും, മറ്റേവന് വലിയൊരു സംഖ്യക്ക് കടപ്പെട്ടിരിക്കുകയും ചെയ്തിരിക്കും. ഏതായാലും, രണ്ടാളുടെയും നില ശരിക്കും ത്യല്യമായിക്കാണുകയില്ല. എന്താണിതിനു കാരണം? എടുക്കുന്നവനും, കൊടുക്കുന്നവനും, കണക്കാക്കുന്നവനുമെല്ലാം യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് എന്നതു തന്നെ. നമ്മുടെ പ്രവര്‍ത്തനങ്ങളും, ആസൂത്രണങ്ങളുമെല്ലാം തന്നെ കേവലം ബാഹ്യമായ ചില കാരണങ്ങള്‍ മാത്രമാണ്. ഒരേ കാരണത്താല്‍ – അല്ലെങ്കില്‍ ഒരേ മാര്‍ഗ്ഗത്തിലൂടെ – അനുഭവപ്പെടുന്ന ഫലം പരസ്പരം വ്യത്യസ്തമോ, വിരുദ്ധമോ ആയിട്ടാണ് കാണപ്പെടുന്നതെങ്കില്‍, അതിന്റെയെല്ലാം പിന്നില്‍ വേറെ ഒരു അദൃശ്യ ഹസ്തംകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നു തീര്‍ച്ചതന്നെ. ഇല്ലായിരുന്നുവെങ്കില്‍ ഓരോ മനുഷ്യന്റെയും അദ്ധ്വാനം, സാമര്‍ത്ഥ്യം, കഴിവ് ആദിയായവയുടെ തോതനുസരിച്ച് – കൃത്യമായിത്തന്നെ – സമ്പത്തും ജീവിതവിഭവങ്ങളും ഓരോരുത്തന്നും ഈ ലോകത്തു ലഭ്യമാകേണ്ടിയിരുന്നു. അല്ലാഹു വേറൊരിടത്തു പറയുന്നതു നോക്കുക:
مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ…. – الاسراء 18
ക്ഷണികമായതിനെ – ഐഹിക വിഭവങ്ങളെ -ആരെങ്കിലും ഉദ്ദേശിക്കുന്നതായാല്‍ അവനു – അതായതു നാം ഉദ്ദേശിക്കുന്നവര്‍ക്ക് – അതില്‍ വെച്ചു നാം ഉദ്ദേശിക്കുന്നത് വേഗം നല്‍കുന്നതാണ്…. എന്നു സാരം.
- وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴾٦٣﴿
- 'ആകാശത്തുനിന്ന് (മഴ) വെള്ളം ഇറക്കിയിട്ട് അതുമൂലം, ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം - ജീവിപ്പിക്കുന്ന [ഉല്പാദന യോഗ്യമാക്കുന്ന]വന്‍ ആരാണ്?' എന്ന് അവരോടു നീ ചോദിക്കുന്നപക്ഷം, നിശ്ചയമായും അവര്‍ പറയും: 'അല്ലാഹുവാണ്' എന്നു. പറയുക: 'അല്ലാഹുവിന്നാണ് സ്തുതി!' പക്ഷേ, അവരില്‍ അധികമാളും ബുദ്ധി കൊടു(ത്ത് ചിന്തി)ക്കുന്നില്ല.
- وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്നപക്ഷം مَّن نَّزَّلَ ആരാണ് ഇറക്കിയതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടു ജീവിപ്പിച്ചു بِهِ അതുമൂലം الْأَرْضَ ഭൂമിയെ مِن بَعْدِ مَوْتِهَا അതു നിര്‍ജ്ജീവമായതിനു ശേഷം لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹുവാണ് എന്ന് قُلِ പറയുക الْحَمْدُ സ്തുതി, സ്തോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ أَكْثَرُهُمْ എങ്കിലും അവരിലധികവും لَا يَعْقِلُونَ ബുദ്ധികൊടുക്കുന്നില്ല, മനസ്സിരുത്തുന്നില്ല
61-ാം വചനത്തിലെ ആശയം തന്നെയാണ് ഈ വചനവും ഉള്‍ക്കൊള്ളുന്നത്. അല്ലാഹുവല്ലാതെ സൃഷ്ടാവില്ലെന്നും, സുര്യചന്ദ്രാദികളെ നിയന്ത്രിക്കല്‍, മഴ വര്‍ഷിപ്പിച്ച് ഭൂമിയെ ഉല്പാദനയോഗ്യമാക്കല് തുടങ്ങിയ വന്‍കാര്യങ്ങളെല്ലാം നടത്തുന്നതു അവന് തന്നെയാണെന്നും അവര്‍ക്കറിയാം. ഏറ്റവും അടിസ്ഥാനപരമായ ഈ യാഥാര്‍ത്ഥ്യം അവര്‍ സമ്മതിക്കുന്നതിന്റെ പേരിലാണ് അല്ലാഹുവിനെ സ്തുതിക്കുവാന്‍ നബി (സ) യോട് കല്‍പ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം സമ്മതിക്കുന്നതിന്റെ അനന്തരഫലമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് അംഗീകരിക്കല്‍. രണ്ടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ബഹുദൈവവിശ്വാസികള്‍ ഒട്ടും മനസ്സിലാക്കുന്നില്ല: ലവലേശം ചിന്തിക്കുന്നുമില്ല. ഇതാണവര്‍ക്ക് പിണഞ്ഞ ആപത്ത്.