അറബികള്‍ക്ക് പരസഹായം ആവശ്യമില്ല. إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ (നിശ്ചയമായും, നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ വേണ്ടി, അറബി ഭാഷയിലുള്ള ഒരു ക്വുര്‍ആനായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു) എന്ന് അല്ലാഹു പ്രസ്താവിച്ചതില്നിന്ന് തന്നെ ഇത് സ്പഷ്ടമാണ്. ചില ശൈലികളും, പ്രയോഗങ്ങളും നോക്കുമ്പോള്‍, പല ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അല്പം ചില വ്യത്യാസം കാണപ്പെട്ടേക്കാമെങ്കിലും, ക്വുറൈശികളുടെ ഭാഷാരീതി അറബികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു. സാഹിത്യപുരോഗതിയില്‍ ഏറ്റവും മുന്നിട്ടു നില്ക്കുന്നതും അവരുടെ ഭാഷാരീതിയായിരുന്നു. ക്വുറൈശികളിലാണല്ലോ നബി (സ.അ) ജനിച്ചു വളര്‍ന്നതും. ആകയാല്‍, ക്വുറൈശികളുടെ ഭാഷാശൈലിയാണ് പൊതുവില്‍ ക്വുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്വ്ഹഫിന്റെ കുറേ കോപ്പികള്‍ തയ്യാറാക്കുവാന്‍ സൈദുബ്നുഥാബിത്ത് (റ)ന്റെ നേതൃത്വത്തില്‍ ഉഥ്മാന് (റ) ഒരു സംഘത്തെ ചുമതലപ്പെടുത്തിയ വിവരം നാം മുമ്പ് പറഞ്ഞിട്ടുണ്ട്. അവരോട് ഉഥ്മാന് (റ) ഇപ്രകാരം ഉണര്‍ത്തിയിരുന്നതായി ബുഖാരിയില്‍ കാണാം: إِذَا اخْتَلَفْتُمْ أَنْتُمْ وَزَيْدُ بْنُ ثَابِتٍ فِى عَرَبِيَّةٍ مِنْ عَرَبِيَّةِ الْقُرْآنِ فَاكْتُبُوهَ ا بِلِسَ انِ قُرَيْشٍ ، فَإِنَّ الْقُرْآنَ أُنْزِلَ بِلِسَانِهِمْ . (നിങ്ങളും, സൈദു ബ്നുഥാബിത്തും തമ്മില്‍ ക്വുര്‍ആന്റെ അറബിഭാഷാ പ്രയോഗങ്ങളില്‍പെട്ട വല്ലതിലും ഭിന്നാഭിപ്രായമുണ്ടായാല്‍ നിങ്ങളത് ക്വുറൈശികളുടെ ഭാഷയനുസരിച്ച് എഴുതിക്കൊള്ളുവീന്‍. കാരണം, അവരുടെ ഭാഷയനുസരിച്ചാണ് ക്വുര്‍ആന്‍ അവതരിച്ചിട്ടുള്ളത്). സൈദ് (റ) ക്വുറൈശിയായിരുന്നില്ല -അന്‍സ്വാരികളില്‍പെട്ടആളായിരുന്നു- എന്നത് ഇവിടെ സ്മരണീയമാണ്. بِلِسَانٍ عَرَبيٍّ مُّبِينٍ – الشعراء (സ്പഷ്ടമായ അറബി ഭാഷയില്‍) എന്ന വചനം മുഖേന ക്വുര്‍ആനും ഈ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. ‘മുബീനായ’ ഭാഷ ( لسان مبين ) എന്ന് ക്വുറൈശികളുടെ ഭാഷയെപ്പറ്റി പറയപ്പെടാറുണ്ടായിരുന്നു.
ചുരുക്കത്തില്‍, മേല്‍ പറഞ്ഞ കാരണങ്ങളാല്‍ ക്വുര്‍ആന്റെ വാച്യാര്‍ത്ഥങ്ങളും, വ്യക്തമായ ഉദ്ദേശ്യങ്ങളും മനസ്സിലാക്കുവാന്‍ അന്നത്തെ അറബികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. അവര്‍ക്ക് മനസ്സിലാകാത്ത സൂചനകളും മറ്റും നബി (സ.അ) അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍, പരലോകകാര്യങ്ങള്, അദൃശ്യവാര്‍ത്തകള്‍ മുതലായവയെക്കുറിച്ച് അധികം ചോദ്യം ചെയ്യുന്നതും, ചുഴിഞ്ഞന്വേഷണം നടത്തുന്നതും നിരുത്സാഹെ പ്പടുത്തപ്പെട്ടിരിക്കുന്നതുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് ക്വുര്‍ആനില്‍ നിന്നോ, നബി വാക്യങ്ങളില്‍നിന്നോ വ്യക്തമായി മനസ്സിലാകുന്നതിനപ്പുറം ആരായുന്ന പതിവ് സ്വഹാബികള്‍ക്കുണ്ടായിരുന്നതുമില്ല. ഈ പതിവ് പില്കാലത്തുണ്ടായി ത്തീര്ന്നതാകുന്നു. ക്വുര്‍ആന്‍ ഒരേ പ്രാവശ്യമായി അവതരിക്കാതെ, സന്ദര്‍ഭത്തിനൊത്ത് 23 കൊല്ലംകൊണ്ട് അവതരണം പൂര്‍ത്തിയായതും, നബി (സ.അ) അവരുടെ ഇടയില്‍ ഉണ്ടായിരുന്നതും ക്വുര്‍ആന്‍ വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്ക് വളരെ സൗകര്യം നല്കി. ബുദ്ധിശക്തി, സത്യാന്വേഷണ തല്പരത, ഭാഷയുമായുള്ള ഇണക്കം എന്നിവയ്ക്ക് പുറമെ, പ്രവാചകത്വത്തിന്റെ തണലില്‍, ക്വുര്‍ആന്റെ പ്രഭയേറ്റുകൊണ്ട് കഴിഞ്ഞു കൂടുവാന്‍ ഭാഗ്യം സിദ്ധിച്ചവരായിരുന്നു സ്വഹാബികള്‍.
നബി (സ.അ) യില്‍ നിന്നും അവര്‍ പകര്‍ത്തെടുത്ത വിജ്ഞാന ദീപങ്ങള്‍ അവരുടെ പിന്‍ഗാമികളായ ‘താബിഉകള്‍’ ( التابعون )ക്കും അതേ പ്രകാരം അവര്‍ ഏല്പിച്ചുകൊടുത്തു. താബിഉകള്‍ അവരുടെ കൃത്യവും വേണ്ടും വണ്ണം നിര്‍വ്വഹിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ, വിജ്ഞാനങ്ങള്‍ ശാസ് ത്രീയരൂപം പൂണ്ടു കഴിഞ്ഞിരുന്നില്ല. ക്വുര്‍ആനല്ലാത്ത ലിഖിതഗ്രന്ഥങ്ങളും- അവര്‍ക്കിടയില്‍ വിശേഷിച്ചും- ഇല്ലായിരുന്നു. മുഖാമുഖമായും, കര്‍ണാകര്‍ണികയായും കേട്ടുപഠിക്കലും, അത് അതേപടി പിന്നീടുള്ളവര്‍ക്ക് നിവേദനം (രിവായത്ത്) ചെയ്തുകൊടുക്കലുമായിരുന്നു അവരുടെ പതിവ്. കേട്ടത് ഹൃദിസ്ഥമാക്കുവാനുള്ള വമ്പിച്ച കഴിവ് അവരുടെ ഒരു പ്രത്യേകത കൂടിയായിരുന്നു. ഇതിനെല്ലാം പുറമെ, ഇസ്ലാമിന്റെ പ്രചരണത്തിലും, വിജയത്തിലും തങ്ങളുടെ മുഴുവന്‍ സമയവും അവര്‍ക്ക് ശ്രദ്ധപതിപ്പിച്ചുകൊണ്ടിരിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങിനെ, ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ വ്യാപൃതരാകേണ്ടുന്ന ആവശ്യമോ, അതിനുള്ള സന്ദര്‍ഭമോ മുന്ഗാമികള്ക്ക് അധികമൊന്നും നേരിട്ടിരുന്നില്ല.
കാലക്രമത്തില്‍, സ്ഥിതിഗതികള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. അറബികളും അല്ലാത്തവരും കൂടിക്കലര്‍ന്നു. നുബുവ്വത്തിന്റെ തണലും വെളിച്ചവും ഏല്ക്കുവാന് അവസരം ലഭിച്ചിട്ടില്ലാത്തവര്‍ രംഗത്തുവന്നു. ഭാഷാപരമായ രംഗങ്ങളില്‍ പോലും, അറബികളുടെ സ്ഥിതിഗതികള്‍ പല മാറ്റത്തിനും വിധേയമായി. നബി (സ.അ) ക്കു ശേഷം, യുദ്ധസംബന്ധവും ഭരണസംബന്ധവുമായ കാരണങ്ങളാല്‍ പണ്ഡിതന്മാരായ സ്വഹാബികള്‍ പലരും രാജ്യത്തിന്റെ നാനാ ഭാഗത്തും വിട്ടുപോയി താമസമുറപ്പിക്കേണ്ടി വന്നു. ഓരോരുത്തര്‍ക്കും അതതു സ്ഥലങ്ങളില്‍ ശിഷ്യഗണങ്ങളുമുണ്ടായി ത്തീര്‍ന്നു. ഒരു വിഭാഗക്കാര്‍ക്ക് ലഭിച്ച അറിവ് മറ്റേ വിഭാഗക്കാര്‍ക്ക് ലഭിക്കാതിരിക്കുവാന്‍ ഇത് ഇടയാക്കി. ക്രമേണ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. അന്വേഷണങ്ങളും, ചോദ്യോത്തരങ്ങളും അധികരിച്ചു. വിജ്ഞാനതുറകളില്‍ ഗ്രന്ഥരചന യും ആരംഭിച്ചു. പലരും വിജ്ഞാനത്തിന്റെ ചില തുറകളില്‍ മാത്രം ശ്രദ്ധയും ശ്രമവും ചെലുത്തുകയുണ്ടായി. ചുരുക്കത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാന വിജ്ഞാനം ( علم التفسير ) എന്ന പേരില്‍ ഒരു ശാസ്ത്രം രൂപമെടുത്തു. അതോടെ നബി (സ.അ) യില്‍നിന്നും സ്വഹാബികളില്‍നിന്നും ലഭിച്ചിട്ടുള്ള പ്രമാണങ്ങള്‍ക്ക് പുറമെ -മുമ്പില്ലാതിരുന്നതും, മുമ്പ് ആവശ്യമില്ലാതിരുന്നതുമായ- പല ഉപാധികളും അതിനാവശ്യമായി വന്നു. ഭാഷാ നിഘണ്ടുക്കള്‍, വ്യാകരണം, ഭാഷാ സാഹിത്യ ശാസ്ത്രങ്ങള്‍ എന്നിങ്ങിനെ പലതും ആവശ്യമായി. ക്രമേണ ക്രമേണ ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ വൃത്തം അങ്ങനെ വിപുലമായിത്തീര്‍ന്നു.
ക്വുര്‍ആന്റെ സാക്ഷാല്‍ വ്യാഖ്യാതാവ് നബി തിരുമേനി (സ.അ) തന്നെയാണെന്ന് പറയേണ്ടതില്ല. ‘ജനങ്ങള്‍ക്ക് നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് തനിക്ക് ഈ പ്രമാണം അവതരിപ്പിച്ചിരിക്കുന്നത്’ എന്നാണല്ലോ (നഹ്ല് 44) നബി (സ.അ) യോട് അല്ലാഹു പറഞ്ഞിരിക്കുന്നത്. ക്വുര്‍ആന്റെ എല്ലാ വാക്യങ്ങളും എടുത്തുദ്ധരിച്ച് അവയുടെ അര്‍ത്ഥവും, ഉദ്ദേശ്യവും വെവ്വേറെ വിവരിച്ചു തന്നിട്ടുണ്ടെന്നല്ല, നബി (സ.അ) ക്വുര്‍ആന്റെ വ്യാഖ്യാതാവാണെന്നു പറഞ്ഞതിന്റെ താല്പര്യം. അങ്ങിനെ ചെയ്യേണ്ടുന്ന ആവശ്യവും ഇല്ലായിരുന്നു. ചില വചനങ്ങളുടെ സാരോദ്ദേശ്യങ്ങള്‍ വിവരിച്ചുകൊടുക്കുക, ചിലതില്‍ അന്തര്ഭവിച്ചു കിടപ്പുള്ള രഹസ്യങ്ങളും, തത്വങ്ങളും വ്യക്തമാക്കികൊടുക്കുക, ഉദാഹരണങ്ങള്‍ വിവരിക്കുക, ക്വുര്‍ആന്റെ അധ്യാപനങ്ങളും കല്പനാ നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്തി പ്രവര്‍ത്തനത്തില്‍ കാണിച്ചുകൊടുക്കുക, ചില കാര്യങ്ങളെപ്പറ്റി അവ ഇന്ന ആയത്തിന്റെ താല്പര്യത്തില് ഉള്കൊള്ളുന്നതാണെന്ന് ചൂണ്ടിക്കാട്ടുക, സാമാന്യമായി പറഞ്ഞതിനെ വിശദീകരിക്കുക, സംക്ഷി പ്തമായിപ്പറഞ്ഞതിനെ വിസ്തരിക്കുക എന്നിങ്ങനെയുള്ള കൃത്യങ്ങളായിരുന്നു നബി (സ.അ) ചെയ്യേണ്ടിയിരുന്നത്. അതുതന്നെയാണ് അവിടുന്ന് നിര്‍വ്വഹിച്ചതും. അതു തന്നെയാണ് നബി (സ.അ) യുടെ സുന്നത്ത്, അഥവാ ഹദീഥ് എന്നു പറയുന്നത്.
ഹിദീഥ് ഗ്രന്ഥങ്ങളില്‍, നബി (സ.അ) യുടെ സുന്നത്തുകള്‍ (വാക്കും പ്രവൃത്തിയും) രേഖപ്പെട്ടുകിടക്കുന്ന കാലത്തോളം, അവിടുത്തെ വ്യാഖ്യാനവും നിലവിലുണ്ടായിരിക്കു ന്നതാണ്. എന്നാല്‍, ഹദീഥ് ഗ്രന്ഥങ്ങളില്‍ സുന്നത്തുകളെ രേഖപ്പെടുത്തുന്നത് വിഷയത്തിന്റെ സ്വഭാവമനുസരിച്ചു പല അധ്യായങ്ങളും, പംക്തികളുമായി ക്രമപ്പെടുത്തിക്കൊണ്ടായിരിക്കും. അതുകൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാന പംക്തി എന്ന പ്രത്യേക തലക്കെട്ടുകളില്‍ വളരെ അധികമൊന്നും ഹദീഥുകള്‍, ഹദീഥ്ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി കണ്ടെന്നുവരികയില്ല. ക്വുര്‍ആന്റെ ഏതെങ്കിലും വചനമോ, വാക്കോ, അവതരണ സന്ദര്‍ഭമോ എടുത്തുദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്താവനകളായിരിക്കും ഈ പംക്തിയില്‍ സാധാരണ രേഖപ്പെടുത്തിക്കാണുക. ഇക്കാരണത്താല്‍, ഈ പ്രത്യേക പംക്തികളില്‍ ചേര്‍ക്കപ്പെട്ടു കാണുന്ന ഹദീഥുകള്‍ മാത്രമാണ് ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ നമുക്ക് നബി (സ.അ) യില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നു ധരിച്ചുകൂടാത്തതാണ്. അതുപോലെത്തന്നെ, നബി (സ.അ) യുടെ വിയോഗത്തോടുകൂടി അവിടുത്തെ ക്വുര്‍ആന്‍ വ്യാഖ്യാന പരമ്പര മുറിഞ്ഞുപോയെന്നും, പിന്നീടുള്ളവരെല്ലാം അവരവരുടെ അഭിപ്രായമനുസരിച്ചു വ്യാഖ്യാനിച്ചു പോരുകയാണ് ചെയ്യുന്നതെന്നും ചിലര്‍ ധരിക്കാറുള്ളതും പ്രചരിപ്പിക്കാറുള്ളതും തെറ്റാകുന്നു.
നബി (സ.അ) യുടെ കാലത്ത് ആവശ്യമില്ലാതിരുന്ന പലതും, ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ പിന്നീട് ആവശ്യമായി വന്നുവെന്ന് പറഞ്ഞുവല്ലോ. ഇതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കാം. ഒരു വ്യാഖ്യാതാവിന് -അറബി ഭാഷാ പരിജ്ഞാനത്തിനു പുറമെ- വ്യാകരണം, സാഹിത്യം, അലങ്കാരം ആദിയായ ശാസ്ത്രങ്ങളിലും വ്യുല്പത്തി വേണം. പദങ്ങളുടെയും, വാചകങ്ങളുടെയും ഘടനാ വിശേഷതകളും, അവയില്‍ അടങ്ങിയ പ്രത്യേകതകളും മനസ്സിലാക്കുവാന്‍ ഇത് ആവശ്യമാകുന്നു. സാധാരണ ഉപയോഗത്തിലില്ലാത്ത പദങ്ങളും, പ്രയോഗങ്ങളും, അര്‍ത്ഥവൈവിദ്ധ്യം വരുന്ന പദങ്ങളും അറിഞ്ഞിരിക്കണം. ഹദീഥ്ഗ്രന്ഥങ്ങള് പരിചയിക്കുകയും, പരിശോധിക്കുകയും വേണം. സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികളായ പണ്ഡിതന്മാരുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ആരായേതുണ്ട്. ഇസ്ലാമിക ചരിത്രങ്ങളും പരിശോധിക്കേിയിരിക്കുന്നു. ആയത്തുകളുടെ അവതരണ ഹേതുക്കള്‍, അവതരിച്ച സന്ദര്‍ഭങ്ങള്‍ മുതലായവയും അറിഞ്ഞിരിക്കണം. ക്വുര്‍ആനില്‍ നിന്നും, ഹദീഥുകളില്‍ നിന്നും മതവിധികള്‍ മനസ്സിലാക്കുന്നതിന് ഒഴിച്ചു കൂടാത്ത കര്‍മശാസ് ത്രനിദാനവും അറിഞ്ഞിരിക്കേതുണ്ട്. ഇങ്ങിനെ പലതും ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാകുന്നു.
നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ ഹൃദയം, ക്വുര്‍ആന്‍ എന്ത് പ്രസ്താവിക്കുന്നുവോ അത് -ആരുടെ ഇഷ്ടത്തിനോ, ആദര്‍ശത്തിനോ, താല്പര്യത്തിനോ നിരക്കാത്തതായാലും ശരി- അപ്പടി സ്വീകരിക്കുവാന്‍ തയ്യാറുള്ള മനഃസ്ഥിതി, വളച്ചു തിരിച്ചോ, ദുര്‍വ്യാഖ്യാനം ചെയ്തോ സ്വന്തം താല്പര്യം നേടാന്‍ ശ്രമിക്കാതെ, നേര്‍ക്കുനേരെ ഉള്ളടക്കം തുറന്നുകാണിക്കുവാനുള്ള സന്നദ്ധത, താന്‍ പറയുന്നതിനെപ്പറ്റി അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുള്ള ബോധം, അല്ലാഹുവിന്റെ പ്രതിഫലത്തിലുള്ള മോഹം, ഉദ്ദേശ്യം ശരിക്ക് മനസ്സിലാകാത്ത സന്ദര്‍ഭങ്ങളില്‍ അത് തുറന്നു പറയാനുള്ള മനക്കരുത്ത്, സത്യവും, ന്യായവും ആര് പറഞ്ഞാലും സ്വീകരിക്കുവാനുള്ള സന്നദ്ധത മുതലായ ഗുണങ്ങളും വ്യാഖ്യാതാവിന് അവശ്യം ആവശ്യമാകുന്നു. പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസം കാണുമ്പോള്‍, അവ തമ്മില്‍, കഴിയുന്നത്ര യോജിപ്പിച്ചു നല്ലനിലക്ക് വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. മറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ പൊക്കിക്കാണിച്ചും, പരസ്പര വൈരുദ്ധ്യം സ്ഥാപിച്ചും പുറംതള്ളിക്കളയുവാന്‍ തുനിയുകയല്ല വേണ്ടത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ, ആരുടെ അഭിപ്രായവും തള്ളിക്കളയുകയോ, സ്ഥിരപ്പെടുത്തുകയോ ചെയ്യരുത്. ആയത്തുകളുടെ വിവരണങ്ങളില്‍, കാലോചിതമായ സംഗതികളെ സ്പര്‍ശിച്ചു സംസാരിക്കുന്നതും ആവശ്യമാണ്. എന്നാല്‍ ആയത്തുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതിയ അര്‍ത്ഥം കല്പിച്ചുാക്കി കാലത്തിനൊത്ത് വ്യാഖ്യാനിക്കുവാന്‍ മുതിരുന്നത് വമ്പിച്ച അനീതിയുമാകുന്നു.
(*) الامام ابوجعفر محمد بن جرير الطبرى والامام ابو الفداء اسماعيل بن كثير القرشى الدمشقى رحمھما لله تعالى
വ്യാഖ്യാനിക്കേണ്ട രീതി
പ്രമുഖരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ കൂട്ടത്തില്‍ പലനിലക്കും പ്രസിദ്ധി നേടിയ രണ്ട് മഹാന്മാരാണ് ഇമാം ഇബ്നുജരീരിത്ത്വബ്രീ (റ)യും, ഇമാം ഇബ്നുകഥീറും (റ).(*) ഇബ്നു ജരീര്‍ (റ) ഹിജ്റഃ 3-ാം നൂറ്റാണ്ടില്‍ ജീവിച്ച് 4-ാം നൂറ്റാിന്റെ ആദ്യത്തില്‍- ഹിജ്റഃ 310 ല്‍ അന്തരിച്ച ആളാണ്. ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ എന്നപോലെ ഹദീഥിലും, ഇസ്ലാം ചരിത്രത്തിലും ലോകപ്രസിദ്ധി നേടിയ ഒരു മഹാനാണദ്ദേഹം. ക്വുര്‍ആന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തില്‍ -സ്വഹാബികളുടെയും, താബിഉകളുടെയും വ്യാഖ്യാനങ്ങളെ മുമ്പില്‍വെച്ചു കൊണ്ടും, അഭിപ്രായവ്യത്യാസങ്ങളില്‍ ലക്ഷ്യസഹിതം പരിശോധിച്ചു വിധി കല്‍പ്പിച്ചുകൊണ്ടും – വിരചിതമായ ഒരു മഹല്‍ ഗ്രന്ഥമത്രെ അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥം ( جامع البيان فى تفسير ال قرآن ). ‘അതുപോലെയുള്ള ഒരു തഫ്സീര്‍ ഗ്രന്ഥം മറ്റാരാലും രചിക്കപ്പെടുകയുണ്ടായിട്ടില്ല എന്നകാര്യത്തില്‍ മുസ്ലിം സമുദായത്തിനിടയില്‍ ഭിന്നാഭിപ്രായമില്ല’ എന്നാണ് ഇമാം നവവി (റ) അതിനെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്. ക്വുര്‍ആനും ഹദീഥും ധാരാളക്കണക്കിനുദ്ധരിച്ചുകൊണ്ടും, കാര്യകാരണ സഹിതം വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടും- മുന്‍ഗാമികളായ മഹാന്മാരുടെ മാര്‍ഗത്തില്‍ നിന്നു ഒട്ടും വ്യതിചലിക്കാതെ- ക്വുര്‍ആന്‍ വ്യാഖ്യാനിച്ച മദ്ധ്യകാല പണ്ഡിതനാണ് ഇബ്നുകഥീര്‍ (റ). ഇദ്ദേഹം ഹിജ്റഃ 774-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ തഫ്സീര്‍ ഗ്രന്ഥം ( تفسير القرآن العظيم ) പൂര്‍വ്വ നൂറ്റാണ്ടുകള്‍ക്കുശേഷം രചിക്കപ്പെട്ട തഫ്സീറുകളില്‍ പ്രധാനപ്പെട്ടതും, എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമാകുന്നു. ഈ രണ്ടു മഹല്‍ഗ്രന്ഥങ്ങളുടെയും മുഖവുരകളില്‍ ആ മഹാന്മാര് രേഖപ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാകുന്നു. അവയിലെ പ്രസക്ത ഭാഗങ്ങളാണ് ഈ അധ്യായത്തില്‍ നാം പ്രധാനമായി അവലംബമാക്കുന്നത്.
ക്വുര്‍ആന്‍, ഹദീഥ്, സ്വഹാബികളുടെ വചനങ്ങള്‍ തുടങ്ങിയ തെളിവുകള്‍ നിരത്തിക്കാട്ടിക്കൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാന സംബന്ധമായ പല കാര്യങ്ങളെക്കുറിച്ചും -കാര്യകാരണത്തോടുകൂടി- സുദീര്‍ഘം സംസാരിച്ചശേഷം ഇബ്നുജരീര്‍ (റ) പ്രസ്താവിച്ച ചില വരികളുടെ സംഗ്രഹം ഇപ്രകാരമാകുന്നു:-
‘ക്വുര്‍ആന്‍ വ്യാഖ്യാനം ചെയ്യുന്നതിന്റെ പല വശങ്ങളെക്കുറിച്ചും നാം ഇതിനു മുമ്പ് സംസാരിച്ചു. ക്വുര്‍ആന്റെ വ്യാഖ്യാനം മൊത്തത്തില്‍ ഇങ്ങിനെ മൂന്നു വിധത്തിലാണെന്നും നാം പ്രസ്താവിച്ചു. അതിലൊന്ന്: അല്ലാഹുവിനു മാത്രം അറിയാവുന്നതും, മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതുമാകുന്നു. അന്ത്യഘട്ടത്തിന്റെ (ക്വിയാമത്തു നാളിന്റെ) സമയം, ഈസാ (അ) ഇറങ്ങിവരുന്ന സമയം, കാഹളത്തില്‍ ഊതുന്ന സമയം എന്നിങ്ങനെ വരാനിരിക്കുന്ന സംഭവങ്ങളുടെ സമയങ്ങളും അതുപോലെയുള്ള മറ്റുകാര്യങ്ങളുമാണിത്. രണ്ടാമത്തേത്: നബി (സ.അ) ക്ക് മാത്രം അല്ലാഹു അറിയിച്ചുകൊടുത്തിട്ടുള്ളതും, ജനങ്ങളില്‍ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങളാകുന്നു. അതായത്: നബി തിരുമേനി (സ.അ) വിവരിച്ചുകൊടുക്കാതെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തവ (മതവിധികള്‍, ശിക്ഷാനിയമങ്ങള്‍, അനുഷ്ഠാനക്രമങ്ങള്‍ മുതലായവ). മൂന്നാമത്തേത്: ക്വുര്‍ആന്‍ അവതരിച്ച ഭാഷ അറിയുന്നവര്‍ക്ക് ഗ്രഹിക്കാവുന്നത്. എന്നുവെച്ചാല്‍, അറബിഭാഷയും, അതിന്റെ വ്യാകരണവും അറിയുന്നവര്‍ക്ക് മാത്രം ഗ്രഹിക്കാവുന്നത്.
‘യഥാര്‍ത്ഥം ഇതാണെങ്കില്‍, ജനങ്ങള്‍ക്ക് അറിയുവാന്‍ സാധ്യമായ വശങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ സത്യത്തോടു യോജിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവരും, ഏറ്റവും വ്യക്തമായ തെളിവുകള്‍ സഹിതം വ്യാഖ്യാന വിവരണം നല്‍കുന്നവരും ഇങ്ങിനെയുള്ളവരായിരിക്കും: അതായത് നബി (സ.അ) യില്‍ നിന്ന് വ്യാഖ്യാനം ലഭിക്കേണ്ട വിഷയത്തില്‍, നബി (സ.അ) യുടെ ഹദീഥുകള്‍ വഴി കൂടുതല്‍ തെളിവു നല്കുന്നവര്. പലമാര്‍ഗങ്ങളില്‍ കൂടിയും പ്രസിദ്ധമായ ഹദീഥുകളെ ഉദ്ധരിച്ചോ, അല്ലെങ്കില്‍ വിശ്വസ്തരും, മര്യാദക്കാരുമായ നിവേദകന്മാരില് നിന്നു ഉദ്ധരിച്ചോ ഇത് ചെയ്യാം. അല്ലാത്തപക്ഷം ഹദീഥുകളുടെ ബലാബലം പരിശോധിക്കുന്നതിന് നിശ്ചയിക്ക പ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഇത് ചെയ്യാവുന്നതാണ്. ഭാഷാജ്ഞാനങ്ങള്‍ വഴി ലഭിക്കാവുന്ന വ്യാഖ്യാനങ്ങളില്‍, ഭാഷക്കാരുടെ പ്രസിദ്ധ കവിതകളില്‍ നിന്നോ, അവര്‍ക്കിടയില്‍ സുപരിചിതമായ സംസാരശൈലികളില്‍ നിന്നോ സാക്ഷ്യം നല്കിക്കൊണ്ടായിരിക്കണം വ്യാഖ്യാനിക്കുന്നത്. മുന്‍ഗാമികളായ സ്വഹാബികള്‍, ഇമാമുകള്‍, പിന്‍ഗാമികളായ താബിഉകള്‍, സമുദായത്തിലെ പണ്ഡിതന്മാര് എന്നിവരുടെ അഭിപ്രായങ്ങള്‍ക്ക് പുറത്തുപോകാതിരിക്കുന്നപക്ഷം- ഇങ്ങിനെയുള്ള വ്യാഖ്യാനം ആരുടെതായിരുന്നാലും ശരി-ആ വിവരണവും, വ്യാഖ്യാനവും കൊള്ളാവുന്നതാകുന്നു’. (തഫ്സീര്‍ ഇബ്നുജരീര്‍ വാ: 1 പേ: 21).
ഇനി, ഇബ്നുകഥീര്‍ (റ) ചെയ്ത പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിക്കാം. അദ്ദേഹം പറയുന്നു:-
‘ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്ന മാര്‍ഗങ്ങളില്‍ വെച്ച് ഏറ്റവും നല്ല മാര്‍ഗം ഏതാണെന്ന് ചോദിച്ചാല്‍ ഇങ്ങിനെ മറുപടി പറയാം:- ഏറ്റവും നല്ല മാര്‍ഗമിതാണ്: ക്വുര്‍ആന്‍ കൊണ്ട് തന്നെ അതിനെ വ്യാഖ്യാനിക്കുക. ഒരിടത്ത് സാമാന്യമായി ചുരുക്കിപ്പറഞ്ഞ വിഷയം മറ്റൊരിടത്ത് വിശദീകരിച്ചു പറഞ്ഞിരിക്കും. അതിനു സാധ്യമാകാതെ വന്നാല്‍, നീ സുന്നത്തിനെ മുറുകെ പിടിച്ചുകൊള്ളുക. അത് ക്വുര്‍ആനെ വിവരിച്ചുതരുന്നതും, വ്യക്തമാക്കിത്തരുന്നതുമാണ്. അത്രയുമല്ല, നബി (സ.അ) ഏതെല്ലാം കാര്യം വിധിച്ചിട്ടുണ്ടോ അതെല്ലാം തന്നെ, തിരുമേനി ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതാണ് എന്നത്രെ ഇമാം ശാഫിഈ (റ) പറയുന്നത്. അല്ലാഹു പറയുന്നു:
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا – النساء ١٠٥
(നിനക്ക് അല്ലാഹു കാണിച്ചു -മനസ്സിലാക്കി- തന്നിട്ടുള്ളത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ നീ വിധി നടത്തുവാനായി നാം നിനക്ക് യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. നീ ചതിയന്മാര്ക്ക് വേണ്ടി തര്‍ക്കം നടത്തുന്നവനാകരുത്). അല്ലാഹു വീണ്ടും പറയുന്നു:
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ – النحل ٦٤
(അവര്‍ യാതൊന്നില്‍ ഭിന്നിച്ചിരിക്കുന്നുവോ അത് നീ അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും അല്ലാതെ, നാം നിന്റെമേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല).
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
(മനുഷ്യര്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിച്ചേക്കുവാന്‍ വേണ്ടിയും നാം നിനക്ക് പ്രമാണം -ക്വുര്‍ആന്‍-അവതരിപ്പിച്ചിരിക്കുന്നു).
‘ഇത്കൊണ്ടാണ് റസൂല്‍ (സ.അ) ഇപ്രകാരം അരുള്‍ചെയ്തത്: الا انى اوتيت القرآن ومثلھ معھ – ابوداود وابن ماجھ (അറിയുക: എനിക്ക് ക്വുര്‍ആനും, അതോടൊപ്പം അത്രയും കൂടി നല്കപ്പെട്ടിരിക്കുന്നു). തിരുമേനിയുടെ സുന്നത്താണ് ഇതുകൊണ്ടുദ്ദേശ്യം. വാസ്തവത്തില്‍, സുന്നത്തും നബി (സ.അ) ക്ക് ലഭിക്കുന്ന വഹ്യ്തന്നെയാണ്. പക്ഷേ, ക്വുര്‍ആന്‍ (വേദഗ്രന്ഥമെന്ന നിലക്ക്) പാരായണം ചെയ്യപ്പെടുന്നു. സുന്നത്ത് (ആ നിലക്ക്) പാരായണം ചെയ്യപ്പെടുന്നില്ല. ഈ വസ്തുത അനേകം ലക്ഷ്യങ്ങള്‍ മുഖേന ഇമാം ശാഫിഈ (റ) മുതലായ മഹാന്മാര് തെളിയിച്ചിട്ടുള്ളതാണ്. അത് വിവരിക്കേണ്ട സ്ഥാനം ഇതല്ല. ക്വുര്‍ആന്റെ വ്യാഖ്യാനം ക്വുര്‍ആനില്‍ നിന്ന്തന്നെ അന്വേഷിക്കുക, ലഭിക്കാത്ത പക്ഷം സുന്നത്തില്‍ നിന്നും. ഇതാണിവിടെ പറയുവാനുള്ളത്.
‘മുആദ് ( معاذ – رض )നെ യമനിലേക്ക് അയച്ചപ്പോള്‍ നബി (സ.അ) അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത് ഇങ്ങിനെയായിരുന്നു. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: നീ ഏതനുസരിച്ചു വിധിക്കും? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കിതാബനുസരിച്ച്. തിരുമേനി: അല്ലാഹുവിന്റെ കിതാബില്‍ നീ കണ്ടില്ലെങ്കിലോ? മുആദ്:എന്നാല്‍ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്. തിരുമേനി: (അതിലും) കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ അഭിപ്രായം ആരായും. അപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചില്‍ (സന്തോഷപൂര്‍വ്വം) കൊട്ടിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ തൃപ്തിപ്പെടുന്ന കാര്യത്തിലേക്ക് അല്ലാഹുവിന്റെ റസൂലിന്റെ ദൂതന് ഉതവിചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും! ഈ ഹദീഥ് പല ഹദീഥ്ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും, നിവേദന പരമ്പര നല്ലതാണെന്ന് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്.(*)
(*) അബൂദാവൂദ്, തിര്‍മദീ, ദാരിമി (റ) എന്നിവര്‍ ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥാണിത്. ഇത് മുമ്പൊരിക്കല്‍ ഉദ്ധരിച്ചിട്ടുണ്ട്.
‘ക്വുര്‍ആനിലും, സുന്നത്തിലും വ്യാഖ്യാനം കണ്ടെത്താത്തപ്പോള്‍ നാം സ്വഹാബികളുടെ വചനങ്ങളിലേക്ക് മടങ്ങണം. മറ്റാര്‍ക്കും കൈവന്നിട്ടില്ലാത്ത അവസരങ്ങളും സന്ദര്‍ഭങ്ങളും ലഭിച്ചവരാണല്ലോ അവര്‍. തികഞ്ഞ ബുദ്ധി ശക്തിയും, യഥാര്‍ത്ഥമായ വിജ്ഞാനവും സല്‍ക്കര്‍മശീലവും അവര്‍ക്ക് – അവരില്‍ നിന്നുള്ള പണ്ഡിത ന്മാരായ മഹാന്മാര്ക്ക് പ്രത്യേകിച്ചും- നല്കപ്പെട്ടിട്ടുമുണ്ട്. ഇബ്നുമസ്ഊദ്(റ) പ്രസ്താവിച്ചതായി ഇബ്നുജരീര്‍ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: ‘താനല്ലാതെ മറ്റൊരു ഇലാഹും ഇല്ലാത്തവനായ അല്ലാഹു തന്നെയാണ! അല്ലാഹുവിന്റെ കിതാബിലെ ഏതൊരു ആയത്തും ആരുടെ കാര്യത്തില്‍ അവതരിച്ചുവെന്നും എവിടെ വെച്ച് അവതരിച്ചുവെന്നും എനിക്ക് നല്ലപോലെ അറിയാത്തതായിട്ടില്ല. അല്ലാഹുവിന്റെ കിതാബിനെ പറ്റി എന്നെക്കാള്‍ അറിയുന്ന ഒരാള്‍, വാഹനം ചെന്നെത്താവുന്ന വല്ല സ്ഥലത്തും ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകുമായിരുന്നു’ ഇബ്നു മസ്ഊദ് (റ)ല്‍ നിന്ന് അഅ്മശ് ( الاعمش – رح ) ഉദ്ധരിക്കുന്നു : ‘ഞങ്ങളില്‍ – സ്വഹാബികളില്‍- ഒരാള്‍ ഒരു പത്ത് ആയത്ത് പഠിച്ചാല്‍, അവയുടെ സാരങ്ങളും, അവയനുസരിച്ചുള്ള പ്രവര്‍ത്തനവും മനസ്സിലാക്കാതെ അതിനപ്പുറം കടക്കുകയില്ലായിരുന്നു’. അബൂഅബ്ദിര്‍ റഹ്മാന് സലമീ (റ) പറയുന്നു: ‘ഞങ്ങള്‍ക്ക് ക്വുര്‍ആന്‍ ഓതിത്തരുന്നവര്‍ (സ്വഹാബികള്‍) ഞങ്ങളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: വ്യാഖ്യാനിക്കേണ്ടുന്ന രീതി നബി (സ.അ) യില്‍ നിന്ന് തങ്ങള്‍ ക്വുര്‍ആന്‍ ഓതിക്കേട്ടിരുന്നു. പത്ത് ആയത്തുകള്‍ പഠിച്ചാല്‍, അവയില്‍ അടങ്ങിയ കാര്യം പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാതെ അവയുടെ പുറകെ വേറെ ആയത്തുകള്‍ ഞങ്ങള്‍ പഠിക്കുകയില്ല. അങ്ങനെ, ക്വുര്‍ആനും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ഒന്നിച്ചുതന്നെ ഞങ്ങള്‍ പഠിച്ചു’.
ഇബ്നു കഥീര്‍ (റ) തുടരുന്നു: ‘സ്വഹാബികളില്‍ ക്വുര്‍ആനിനെ പറ്റി കൂടുതല്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് തിരുമേനിയുടെ പിതൃവ്യപുത്രന്‍ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ). തിരുമേനിയുടെ പ്രാര്‍ത്ഥനാ ഫലമായി ‘തര്‍ജുമാനുല്‍ ക്വുര്‍ആന്‍’ ( ترجمان ال قرآن ) ക്വുര്‍ആന്‍ വ്യാഖ്യാതാവ് എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായി. ‘അല്ലാഹുവേ, ഇവന് മതത്തില്‍ വിജ്ഞാനം നല്‍കുകയും, വ്യാഖ്യാനം പഠിപ്പിക്കുകയും വേണമേ! ( اللھم فقھھ فى ا لدين وعلمھ التأويل ) എന്നു തിരുമേനി അദ്ദേഹത്തിനുവേണ്ടി ‘ദുആ’ ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഇബ്നുമസ്ഊദ് (റ) ക്വുര്‍ആന്റെ വളരെ നല്ല ഒരഭിഭാഷകനാണ് ഇബ്നുഅബ്ബാസ്’ എന്ന് പറഞ്ഞിരിക്കുന്നു. ഹിജ്റഃ 23 ലാണ് ഇബ്നുമസ്ഊദ് (റ)ന്റെ വിയോഗം. അതിനു ശേഷം ഇബ്നു അബ്ബാസ് (റ) 36 കൊല്ലം ജീവിച്ചിരുന്നിട്ടുണ്ട്. അപ്പോള്‍ ഇബ്നുമസ്ഊദ് (റ)നു ശേഷവും അദ്ദേഹം എത്രയോ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുമല്ലോ. അലി (റ) ഒരിക്കല്‍ അദ്ദേഹത്തെ ഹജ്ജിന്റെ അമീറായി നിശ്ചയിച്ചിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ സൂറത്തുല്‍ ബക്വറഃ-സൂറത്തുന്നൂറാണെന്നും ഒരു രിവായത്തുണ്ട്- ഓതി വ്യാഖ്യാനിക്കുകയുണ്ടായി. റോമക്കാരും, തുര്‍ക്കികളും, ദൈലമു (*) കാരും ആ വ്യാഖ്യാനം കേട്ടിരുന്നുവെങ്കില്‍ അവരെല്ലാം ഇസ്ലാമില്‍ വരുമായിരുന്നു’ എന്നിങ്ങിനെ അബൂവാഇല്‍ (റ) പ്രസ്താവിച്ചിരിക്കുന്നു.
‘ഇങ്ങിനെയുള്ള കാരണങ്ങള്‍കൊണ്ടാണ് ഇസ്മാഈല്‍(**) സുദ്ദീ (റ) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്ന മിക്ക വ്യാഖ്യാനങ്ങളും ഇബ്നുമസ്ഊദ് (റ), ഇബ്നു അബ്ബാസ് (റ) എന്നീ രണ്ടു പേരില്‍നിന്ന് വന്നിട്ടുള്ള വ്യാഖ്യാനങ്ങളായത്. എങ്കിലും, വേദക്കാരില്‍ നിന്ന് ഉദ്ധരിച്ചുകൊള്ളുവാന്‍ നബി (സ.അ) അനുവദിച്ച ഇനത്തില്‍പ്പെട്ട ചില പ്രസ്താവനകള്‍ സ്വഹാബികള്‍ മുഖേന ലഭിച്ചിട്ടുള്ളതും അദ്ദേഹം -സുദ്ദീ (റ)- ചിലപ്പോള്‍ ഉദ്ധരിക്കാറുണ്ട്. തിരുമേനി അരുളിയത് ഇതാണ് : عَنِّي وَلَوْ آيَةً وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّار – البخاري (ഒരു ആയത്തായിരുന്നാല്‍ പോലും നിങ്ങള്‍ എന്നില്‍ നിന്നും- മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കണം. ഇസ്റാഈല്യരില്‍ നിന്ന് ഉദ്ധരിക്കാം, വിരോധമില്ല. ആരെങ്കിലും എന്റെ മേല്‍ കരുതിക്കൂട്ടി കളവ് പറയുന്ന പക്ഷം അവന് നരകത്തിലുള്ള തന്റെ ഇരിപ്പിടം കാത്തിരുന്നുകൊള്ളട്ടെ -ബു.) ഈ ഹദീഥ് ഇബ്നുഉമര്‍ (റ) ഉദ്ധരിച്ചതാണ്. വേദക്കാരില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാമെന്ന് അദ്ദേഹം ഈ ഹദീഥില്‍ നിന്ന് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് യര്മൂക് യുദ്ധത്തില്‍ വെച്ച് വേദക്കാരുടെ ചില ഗ്രന്ഥക്കെട്ടുകള്‍ അദ്ദേഹത്തിന് കിട്ടിയശേഷം അതില്‍ നിന്ന് അദ്ദേഹം വര്‍ത്തമാനങ്ങള്‍ ഉദ്ധരിച്ചു വന്നിരുന്നത്.
(*) കാസ്പിയന്‍ കടലിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗീലാനി ( جيلان ) ലെ മലമ്പ്രദേശം.
(**) اسماعيل بن عبد الرحمن السدي الكبير – رح
‘എന്നാല്‍, ഇസ്റാഈലീ വാര്‍ത്തകള്‍ (വേദക്കാരില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍) ഉദ്ധരിക്കുന്നത് അതുമുഖേന വിഷയങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ വേണ്ടിയല്ല, സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാകുന്നു. കാരണം, ഇസ്റാഈലീ വാര്‍ത്തകള്‍ ഈ മൂന്നില്‍ ഒരു പ്രകാരമുള്ളവയായിരിക്കും:
1 ) നമ്മുടെ കൈവശമുളള രേഖകളാല്‍ സത്യമാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നവ. ഇത് ശരിയായിട്ടുള്ളത്തന്നെ.
2) എതിരായ രേഖകള്‍ നമ്മുടെ കൈവശമുള്ളതിനാല്‍, കളവാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നത്.
3) സത്യമെന്നോ അസത്യമെന്നോ അറിയത്തക്ക തെളിവില്ലാത്തവ. ഇത് നമുക്ക് വിശ്വസിക്കുവാനോ, കളവാക്കി തള്ളുവാനോ നിവൃത്തിയില്ല. മേല്‍ പറഞ്ഞ ആവശ്യാര്‍ത്ഥം (സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടി) അത് ഉദ്ധരിക്കാവുന്നതാണ്. ഇത്തരം ഉദ്ധരണികളാകട്ടെ, മിക്കവാറും മതസംബന്ധമായി യാതൊരു പ്രയോജനവും നല്‍കാത്തവയുമായിരിക്കും. വേദക്കാരായ പണ്ഡിതന്മാര്ക്കിടയില് തന്നെ, ഈ വിഭാഗത്തില്‍ വളരെ ഭിന്നിപ്പുകള്‍ കാണുന്നതും അതുകൊണ്ടാണ്. അതേ കാരണത്താല്‍, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും അതില്‍ ഭിന്നാഭിപ്രായം ഉണ്ടായിക്കൊണ്ടിരിക്കും. ‘അസ്വ്ഹാബുല്‍ കഹ്ഫി’ന്റെ (ഗുഹാവാസികളുടെ) എണ്ണം, പേര്, അവരുടെ നായയുടെ വര്‍ണം, മൂസാ നബി (അ)യുടെ വടി ഏത് വൃക്ഷത്തില്‍ നിന്നുള്ളതായിരുന്നു, ഇബ്റാഹീം നബി (അ)ക്ക് അല്ലാഹു ജീവിപ്പിച്ചു കൊടുത്ത പക്ഷികള്‍ ഏതെല്ലാമായിരുന്നു, മൂസാ (അ) അല്ലാഹുവിന്റെ സംസാരം കേട്ടത് ഏത് വൃക്ഷത്തിങ്കല്‍ നിന്നാണ് എന്നിങ്ങനെ ക്വുര്‍ആനില്‍ വ്യക്തമാക്കിയിട്ടില്ലാത്ത വിഷയങ്ങളില്‍ കാണപ്പെടുന്ന പ്രസ്താവനകളെല്ലാം ഈ ഇനത്തില്‍- സത്യമോ അസത്യമോ എന്ന് നിര്ണയിക്കുവാന് കഴിയാത്തതും പ്രയോജനമില്ലാത്തതുമായ ഇസ്റാഈലീ വാര്‍ത്തകളില്‍- ഉള്‍പ്പെട്ടതാകുന്നു.
‘ഇസ്റാഈല്യരില്‍ നിന്ന് ഇങ്ങിനെ ഭിന്നമായ പ്രസ്താവനകള്‍ ഉദ്ധരിക്കുന്നതിന് തെറ്റില്ലെന്ന് ക്വുര്‍ആന്‍ മുഖേനതന്നെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ………. سَيَقُولُونَ ثَلَاثَةٌ رَّابعُهُمْ كَلْبُهُمْ – الكهف (അവര്‍, ഗുഹാവാസികള്‍ -മൂന്നാളാണ്, അവരില്‍ നാലാമത്തേത് അവരുടെ നായയാണ് എന്ന് അവര്‍ പറയും. അഞ്ചാളാണ്, ആറാമത്തേത് അവരുടെ നായയാണ് എന്നും പറയും. അദൃശ്യകാര്യത്തില്‍ ഊഹപ്രകടനം നടത്തുകയത്രെ (അവര്‍ ചെയ്യുന്നത്)! ഏഴു പേരാണ്, എട്ടാമത്തേത് അവരുടെ നായയാണ് എന്നും പറയുന്നു. (നബിയേ) പറയുക: അവരുടെ എണ്ണത്തെക്കുറിച്ച് എന്റെ റബ്ബ് ശരിക്കറിയുന്നവനാകുന്നു. അല്പം ആളുകളല്ലാതെ അവരെക്കുറിച്ച് അറിയുന്നതല്ല. എന്നിരിക്കെ അവരുടെ കാര്യത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്. അവരുടെ കാര്യത്തില്‍, ഇവരില്‍ ഒരാളോടും നീ തീരുമാനമാവശ്യപ്പെടുകയും ചെയ്യരുത്’ (അല്‍കഹ്ഫ് : 22).
‘ഇസ്റാഈലീ വാര്‍ത്തകളെ സംബന്ധിച്ച് നാം ഗൗനിക്കേണ്ട കാര്യങ്ങളെല്ലാം അല്ലാഹു ഈ വചനത്തില്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. മൂന്നു അഭിപ്രായങ്ങളെ അല്ലാഹു ഇതില്‍ ഉദ്ധരിച്ചു. ആദ്യത്തെ രണ്ടും (ഊഹപ്രകടനമാണെന്ന് പറഞ്ഞ്) ബലഹീനമാക്കിക്കാണിച്ചു. മൂന്നാമത്തേതിനെപ്പറ്റി ശരിയോ തെറ്റോ എന്നു വ്യക്തമാക്കാതെ- മൗനമവലംബിച്ചു. അപ്പോള്‍, ഈ അഭിപ്രായം ശരിയായിരിക്കുമെന്ന് വരുന്നു. കാരണം, ഇതും തെറ്റായിരുന്നുവെങ്കില്‍, ഇതിനെപ്പറ്റിയും അത് തെറ്റാണെന്ന് ഉണര്‍ത്തേണ്ടിയിരുന്നു. ഏതായാലും അവരുടെ എണ്ണം അറിയുന്നതില്‍ വലിയ പ്രയോജനമൊന്നും ഇല്ലെന്നും അല്ലാഹു ഓര്‍മപ്പെടുത്തി. അവരുടെ എണ്ണം അല്ലാഹുവിന് നല്ലവണ്ണം അറിയാമെന്നും, അവരെപ്പറ്റി അറിയുന്നവര്‍ അല്പം ആളുകളേയുള്ളൂ എന്നും, അക്കാര്യത്തില്‍ പ്രയോജനമില്ലാത്ത തര്‍ക്കത്തിന് മുതിരേണ്ടതില്ലെന്നും പ്രസ്താവിച്ചു. ഇങ്ങിനെയുള്ള അഭിപ്രായ വ്യത്യാസങ്ങളിലെല്ലാം നാം കൈക്കൊള്ളേണ്ടതെന്താണെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാകുന്നു. അതെ, അഭിപ്രായങ്ങളെല്ലാം ഉദ്ധരിക്കുക, അതില്‍ ശരിയായത് ഏതാണെന്ന് ചൂണ്ടിക്കാട്ടുക, അല്ലാത്തത് ദുര്‍ബ്ബലമാണെന്ന് കാണിക്കുക. വ്യത്യസ്താഭിപ്രായങ്ങളില്‍ അടങ്ങിയിരിക്കുന്ന തത്വം എടുത്തുകാട്ടുക, ഇങ്ങിനെ ചെയ്താല്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അവസരം കുറയുന്നതാണ്.
‘എന്നാല്‍, ഒരു വിഷയത്തിലുള്ള ഒരു അഭിപ്രായം മാത്രം ഉദ്ധരിച്ചു ബാക്കി വിട്ടേച്ചു കളയുന്നവന് കാര്യത്തിന് പോരാത്തവനാണ്. കാരണം, ഒരുപക്ഷേ, അവന് ഉദ്ധരിക്കാതെ വിട്ടുകളഞ്ഞ അഭിപ്രായങ്ങളിലായിരിക്കും യഥാര്‍ത്ഥം അടങ്ങിയിട്ടുള്ളത്. അതുപോലെത്തന്നെ, വ്യത്യസ്ത അഭിപ്രായങ്ങളില്‍ ബലപ്പെട്ടതിനെക്കുറിച്ച് ഒന്നും പ്രസ്താവിക്കാതെ അപ്പടി ഉദ്ധരിച്ചു മതിയാക്കുന്നവനും പോരാത്തവന്‍ തന്നെ. യഥാര്‍ത്ഥത്തില്‍ ശരിയല്ലാത്തതിനെ കല്പിച്ചുകൂട്ടി ബലപ്പെടുത്തുന്ന പക്ഷം, തീര്‍ച്ചയായും അവന് കല്പിച്ചുകൂട്ടി കളവ് കെട്ടിപ്പറയുകയാണ് ചെയ്യുന്നത്. എനി, അറിയാതെയാണിത് ചെയ്യുന്നതെങ്കില്‍, അവന് അബദ്ധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇപ്രകാരംതന്നെ, പ്രയോജനമില്ലാത്ത അഭിപ്രായങ്ങള്‍ എടുത്തു കാട്ടുന്നവരും, സാരം നോക്കുമ്പോള്‍ ഒന്നോ രണ്ടോ അഭിപ്രായമായി അവശേഷിക്കുമാറ് വാക്കുകളില്‍ മാത്രം പരസ്പര വ്യത്യാസമുള്ള പ്രസ്താവനകള്‍ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവരും വൃഥാ സമയം ചിലവഴിക്കുകയത്രെ ചെയ്യുന്നത്’.
ഇബ്നു കഥീര്‍ (റ) തുടരുന്നു: ‘മറ്റൊരു വിഷയം: എനി ക്വുര്‍ആനിലും സുന്നത്തിലും വ്യാഖ്യാനം കണ്ടെത്തിയില്ല, സ്വഹാബികളില്‍ നിന്നും ലഭിച്ചില്ല എന്നാലോ? ഈ അവസരത്തില്‍ അധിക ഇമാമുകളും (പണ്ഡിത നേതാക്കളും) താബിഉകളുടെ പ്രസ്താവനകളിലേക്കാണ് മടങ്ങാറുള്ളത്. താബിഉകളില്‍ ഏറ്റവും പ്രധാനിയായ മഹാനാണ് മുജാഹിദ് (റ). അദ്ദേഹം ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഒരു ദൃഷ്ടാന്തം ( اية فى التفسير ) തന്നെയാകുന്നു. മുഹമ്മദ്ബ്നു ഇസ്ഹാക്വ് (റ) പറഞ്ഞതുപോലെ, മുസ്വ്ഹഫിന്റെ ആദ്യം മുതല്‍ അവസാനം വരെ ഓരോ ആയത്തി (വചനത്തി) ങ്കലും നിറുത്തി അതിനെപ്പറ്റി ചോദിച്ചറിഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ് (റ)ന്റെ അടുക്കല്‍ നിന്ന് മൂന്നു പ്രാവശ്യം ക്വുര്‍ആന്‍ പരിശോധന നടത്തിയ ആളാണ് മുജാഹിദ് (റ). ഇബ്നു അബ്ബാസ് (റ)ല്‍നിന്നു ഇദ്ദേഹം ക്വുര്‍ആന്‍ വ്യാഖ്യാനം പഠിച്ചു എഴുതിയെടുത്തിരുന്നതായി ഇബ്നു അബീമുലൈക (റ)യും പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ‘മുജാഹിദില്‍നിന്നു നിനക്കു തഫ്സീര്‍ ലഭിച്ചാല്‍ അതു തന്നെ മതി’ എന്ന് സുഫ്യാനുഥ്ഥൗരി (റ) പറയാറുണ്ടായിരുന്നതും. അപ്രകാരം തന്നെ, സഈദുബ്നു ജുബൈര്‍, ഇക്രിമഃ, അത്വാഉ് , ഹസന്‍ബസ്വരീ, മസ്റൂക്വ്, സഈദുബ്നുല്‍ മുസ്വയ്യബ്, അബുല്‍ ആലിയഃ, റബീഉ്, ക്വത്താദഃ, ദ്വഹ്ഹാക്ക് മുതലായ താബിഉകള്‍, ഇവരുടെ പിന്‍ഗാമികളായ ‘താബിഉത്താബിഉകള്‍’, അവരുടെ ശേഷമുള്ളര്‍ ഇവരെല്ലാം ക്വുര്‍ആന്‍ വചനങ്ങളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതും നോക്കണം.
‘ഇങ്ങിനെയുള്ളവരുടെ പ്രസ്താവനകള്‍ ഉദ്ധരിക്കുമ്പോള്‍, വാചകങ്ങളില്‍ പരസ്പരം വ്യത്യാസം കണ്ടേക്കും. വിവരമില്ലാത്ത ആളുകള്‍ അവയെല്ലാം വെവ്വേറെ അഭിപ്രായങ്ങളാണെന്നു ധരിക്കുകയും, അങ്ങനെ ആ നിലക്കു ഉദ്ധരിക്കുകയും ചെയ്തേക്കും. വാസ്തവം അതായിരിക്കുകയുമില്ല. ഒരു കാര്യത്തെക്കുറിച്ചു പറയുമ്പോള്‍, ചിലര്‍ സ്പഷ്ടമായ വാക്കുകളിലും, മറ്റുചിലര്‍ അതിന്നു സമാനമോ സദൃശമോ ആയ വേറെ വാക്കുകളിലും സംസാരിച്ചിട്ടുണ്ടായിരിക്കും. സാരത്തില്‍ എല്ലാം ഒന്നായിരിക്കുകയും ചെയ്യും. മിക്കപ്പോഴും ഇങ്ങിനെയായിരിക്കും സംഭവിക്കുക. ബുദ്ധിമാനായ മുഫസ്സിര്‍ (വ്യാഖ്യാതാവ്) ഈ വസ്തുത ഓര്മവെക്കേണ്ടതാകുന്നു.
‘ശുഅ്ബഃ (റ) മുതലായവര്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: ‘താബിഉകളുടെ പ്രസ്താവനകള്‍ ശാഖാപരമായ കാര്യങ്ങളില്‍ പോലും തെളിവല്ല എന്നിരിക്കെ, എങ്ങിനെയാണ് ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവ തെളിവായിത്തീരുക? ‘ ഇപ്പറഞ്ഞതിന്റെ താത്പര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കെതിരില്‍ അവരുടെ അഭിപ്രായങ്ങള്‍ തെളിവാകുന്നില്ല എന്നത്രെ. നേറെ മറിച്ച് താബിഉകള്‍ ഏകോപിച്ചു പറഞ്ഞിട്ടുള്ള അഭിപ്രായം തെളിവാണെന്നുള്ളതില്‍ സംശയമില്ല. അവര്‍ ഏകോപിക്കാതെ ഭിന്നിച്ചിരിക്കുകയാണെങ്കിലോ? അപ്പോള്‍, അവരില്‍ ഒരാളുടെ അഭിപ്രായം അവരില്‍പ്പെട്ടവരോ ശേഷമുള്ളവരോ ആയ മറ്റുള്ളവര്ക്കെതിരില് തെളിവാകുന്നതല്ല. ഈ സന്ദര്‍ഭത്തില്‍, ക്വുര്‍ആന്റെ ഭാഷ, സുന്നത്ത് , അറബിഭാഷാശൈലി, സ്വഹാബികളുടെ വാക്കുകള്‍ മുതലായതിലേക്കു മടങ്ങേതാണ്’.
‘സ്വന്തം അഭിപ്രായത്തിനൊത്തു ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് ‘ഹറാമാ’കുന്നു. നബി (സ.അ) അരുളിച്ചെയ്തതായി ഇബ്നു അബ്ബാസ് (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: من قال فى القرآن برأيه او مالا يعلم فليتبوآ مقعده من النار (ആരെങ്കിലും ക്വുര്‍ആനില്‍ തന്റെ അഭിപ്രായം അനുസരിച്ചോ, തനിക്കറിയാത്തതിനെക്കുറിച്ചോ പ്രസ്താവിക്കുന്നതായാല്‍, അവന് തന്റെ ഇരിപ്പിടം നരകത്തില്‍ നിന്നും പ്രതീക്ഷിച്ചുകൊള്ളട്ടെ!) ഈ ഹദീഥ് ഇബ്നുജരീര്‍, തിര്‍മദീ, അബൂദാവൂദ്, നസാഈ മുതലായവര്‍ ഉദ്ധരിച്ചതാകുന്നു. മറ്റൊരു ‘രിവായത്തിലെ’ വാക്യം ഇതാണ്: من قال فى كتاب الله برأيه فاصاب فقد اخطأ (ആരെങ്കിലും അല്ലാഹുവിന്റെ കിതാബില്‍ തന്റെ അഭിപ്രായമനുസരിച്ച് പ്രസ്താവിക്കുകയും, എന്നിട്ടതു നേരായിരിക്കുകയും ചെയ്താലും അവന് പിഴച്ചുപോയി). കാരണം, അവന് തനിക്കു വിവരമില്ലാത്തതിനായി സാഹസം പ്രവര്‍ത്തിക്കുകയും, കല്പിക്കപ്പെടാത്തതില്‍ തലയിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് അവന് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ശരിയാണെന്നു വന്നാല്‍ തന്നെ -അറിവില്ലാത്തവന് കല്പിക്കുന്ന വിധി ശരിയായിരുന്നാലും അവന് നരകത്തിലായിരിക്കുമെന്ന് (ഹദീഥില്‍) വന്നിട്ടുള്ളതുപോലെ- വേണ്ടാത്ത വിഷയത്തില്‍ പ്രവേശിച്ചത്നിമിത്തം അവന് അബദ്ധം പ്രവര്‍ത്തിച്ചവനായിത്തീരുന്നു. വ്യഭിചാരാരോപണം ചെയ്യുകയും, അതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു: فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِندَ اللَّهِ هُمُ الْكَاذِبُونَ (അവര്‍ സാക്ഷികളെ കൊണ്ടുവരാത്ത സ്ഥിതിക്ക് അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍). ആരോപണം യഥാര്‍ത്ഥത്തില്‍ സത്യമായിരുന്നാല്‍ പോലും നാലു സാക്ഷികളില്ലാത്തപക്ഷം, അവര്‍ കളവു പറയുന്നവരാണെന്നാണല്ലോ ഈ വചനം വിധിക്കുന്നത്. തങ്ങള്‍ക്ക് പ്രസ്താവിക്കുവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അവര്‍ പുറപ്പെടുവിച്ചത് എന്നുള്ളതാണ് ഇതിന് കാരണം. മുന്‍ഗാമികളായ പല മഹാന്മാരും ശരിയായ വിധത്തില്‍ തങ്ങള്‍ക്കറിയാത്ത തഫ്സീറുകളെപ്പറ്റി സംസാരിക്കുവാന്‍ മടി കാണിച്ചിരുന്നത് ഇങ്ങിനെയുള്ള കാരണങ്ങളാലാകുന്നു.
സൂക്ഷ്മമായി അറിയാത്തതോ, തെളിവ് ലഭിച്ചിട്ടില്ലാത്തതോ ആയ വ്യാഖ്യാനങ്ങള്‍ പറയുവാന്‍ സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികള്‍ വളരെ വൈമനസ്യം കാണിച്ചിരുന്നുവെന്ന് സ്ഥാപിക്കുന്ന പല രിവായത്തുകളും, ഉദാഹരണങ്ങളും തുടര്‍ന്നുകൊണ്ട് ഇബ്നുകഥീര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ ചിലതിലെ പ്രസക്തഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:-
‘ഉമര്‍ (റ) പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് (സൂറത്ത് ‘അബസ’യിലെ وَفَاكِهَةً وَأَبًّا (പഴവര്‍ഗവും മേച്ചല്‍ ചെടികളും) എന്ന വചനം ഓതിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: وَفَاكِهَة (‘ഫാകിഹത്ത്’) നമുക്കു മനസ്സിലായി. എന്നാല്‍ وَأَبًّا (‘അബ്ബ്’) എന്തായിരിക്കും?’ പിന്നീട് അദ്ദേഹം തന്നോടായിത്തന്നെ ഇങ്ങിനെ പറഞ്ഞു: ‘ഉമറേ (ഇതിനെപ്പറ്റി ആലോചിച്ചു) നീ ഇങ്ങിനെ വിഷമം പേറുന്നത് എന്തിനാണ്?!’ ഭൂമിയില്‍ ഉല്പാദിപ്പിക്കുന്ന ചെടിവര്‍ഗമാണ് ‘അബ്ബ്’ എന്ന് അദ്ദേഹത്തിന് അറിയാതിരിക്കുവാന്‍ തരമില്ല. പക്ഷേ, (ആയത്തിന്റെ താല്പര്യം ഗ്രഹിക്കുവാന്‍) അത് എങ്ങിനെയുള്ളതാണെന്നു സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ഉദ്ദേശ്യം. ഇബ്നുഅബ്ബാസ് (റ)നോട് ഒരാള്‍, ‘ആയിരം കൊല്ലത്തോളം വലുപ്പമുള്ള ദിവസം ( يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ ).’ (32:5) എന്ന് അല്ലാഹു പറഞ്ഞതിനെപ്പറ്റി ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെ മറിച്ചുചോദിച്ചു: ‘അമ്പതിനായിരം കൊല്ലത്തോളം വലുപ്പമുള്ള ഒരു ദിവസം ( يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ) (70:4) എന്നു അല്ലാഹു പറഞ്ഞത് ഏതാണ്?’ ചോദ്യകര്‍ത്താവ് മറുപടി പറഞ്ഞു: ‘അത് പറഞ്ഞുതരുവാന്‍ വേണ്ടിതന്നെയാണ് ഞാന്‍ താങ്കളോടു ചോദിക്കുന്നതും’, അദ്ദേഹം പറഞ്ഞു: ‘അങ്ങിനെ രണ്ടു ദിവസത്തെ കുറിച്ച് അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അവ ഏതാണെന്ന് അല്ലാഹുവിനറിയാം’. തനിക്ക് അറിയാത്തതിന് വ്യാഖ്യാനം നല്കുവാന് ഇബ്നു അബ്ബാസ് (റ) ഇഷ്ടപ്പെട്ടില്ല എന്നു ചുരുക്കം. മസ്റൂക്വ് (റ) പ്രസ്താവിക്കുന്നു: اتقوا التفسير فانما ھو الرواية عن لله (നിങ്ങള്‍ ക്വുര്‍ആന്‍ വ്യാഖ്യാനം ചെയ്യുന്നത് സൂക്ഷിക്കണം. കാരണം, നിശ്ചയമായും അത് അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്യലത്രെ).
പിന്നീട് ഇബ്നുകഥീര്‍ (റ) തുടരുന്നു: ‘മേലുദ്ധരിച്ചതും, അതുപോലുള്ളതുമായ ബലവത്തായ പല രിവായത്തുകളും മുന്‍ഗാമികളായ ഇമാമുകളില്‍ നിന്നു വന്നിട്ടുണ്ട്. തങ്ങള്‍ക്കറിവില്ലാത്തതിന്റെ വ്യാഖ്യാനത്തില്‍ സംസാരിക്കുന്നത് അവരെല്ലാം തെറ്റായി ഗണിച്ചിരുന്നുവെന്നാണ് അവയെല്ലാം കാട്ടിത്തരുന്നത്. എന്നാല്‍, ഭാഷമുഖേനയും, മതവിജ്ഞാനം മുഖേനയും ലഭിക്കുന്ന വ്യാഖ്യാനം പറയുന്നതില്‍ വിരോധമില്ലതാനും. അതുകൊണ്ടാണ് മേല്പറഞ്ഞവരും, അല്ലാത്തവരുമായ മഹാന്മാരില് നിന്ന് വ്യാഖ്യാനസംബന്ധമായ പ്രസ്താവനകള്‍ പലതും നിവേദനം ചെയ്യപ്പെടുന്നതും. എന്നുവെച്ചാല്‍, അവര്‍ തങ്ങള്‍ക്കറിയാവുന്നതില്‍ സംസാരിക്കുകയും, അറിയാത്തതില്‍ മൗനമവലംബിക്കുകയും ചെയ്തു. അതാണല്ലോ ഏവരുടെയും കടമ. അറിവില്ലാത്തതിനെപ്പറ്റി മൗനം അവലംബിക്കുന്നത് നിര്‍ബന്ധമാണെന്നപോലെ ത്തന്നെ, അറിയാവുന്നതിനെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോള്‍ അതു പറഞ്ഞുകൊടുക്കലും നിര്‍ബന്ധമാകുന്നു. നിശ്ചയമായും നിങ്ങളത് -വേദഗ്രന്ഥം- ജനങ്ങള്‍ക്കു വിവരിച്ചുകൊടുക്കണം. അതിനെ ഒളിച്ചു വെക്കരുത്’ (3:187) എന്ന് അല്ലാഹു പറയുന്നു. من سئل عن علم فكتمه الجم يوم القيمة بلجام من نار (ഒരു ജ്ഞാനത്തെക്കുറിച്ചു ഒരാളോടു ചോദിക്കപ്പെട്ടിട്ട് അവനത് ഒളിച്ചുവെച്ചാല്‍, ക്വിയാമത്തുനാളില്‍ അവന് അഗ്നിയാലുള്ള ഒരു കടിഞ്ഞാണ്കൊണ്ട് കടിഞ്ഞാണിടപ്പെടുന്നതാണ്.) എന്നുള്ള നബിവചനവും പല മാര്‍ഗങ്ങളില്‍ കൂടി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
‘അല്ലാഹുവിനു മാത്രം അറിയാവുന്ന ഭാഗങ്ങളും, പണ്ഡിതന്മാര്ക്ക് അറിയാവുന്ന ഭാഗങ്ങളും, അറബികള്‍ക്ക് തങ്ങളുടെ ഭാഷ വഴി അറിയാവുന്നതും, ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്തതും (ഇങ്ങിനെ പല ഇനങ്ങള്‍) ക്വുര്‍ആനിലുണ്ട്. ഈ വസ്തുത ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കിയിട്ടുള്ളത് ഇബ്നു ജരീര്‍ (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു: التفسير على اربعة اوجه تفسير تعرفه العرب من كلامها وتفسير وتفسير لايعذر احد بجهالته وتفسير يعرفه العلماء وتفسير لا يعلمه أحد الا الله (തഫ്സീര്‍ നാലു വിധത്തിലുണ്ട്: അറബികള്‍ തങ്ങളുടെ ഭാഷയില്‍ നിന്നു മനസ്സിലാക്കുന്ന തഫ്സീര്‍, ആര്‍ക്കും അറിയാതിരിക്കുവാന്‍ പാടില്ലാത്ത തഫ്സീര്‍, പണ്ഡിതന്മാര്ക്ക് അറിയാവുന്ന തഫ്സീര്‍, അല്ലാഹു അല്ലാത്ത ഒരാള്‍ക്കും അറിഞ്ഞുകൂടാത്ത തഫ്സീര്‍ ഇവയാണിത്)’ [ഇബ്നു കഥീറില്‍ നിന്നുള്ള ഉദ്ധരണി ഇവിടെ അവസാനിച്ചു].
ആര്‍ക്കും അറിയാതിരിക്കുവാന്‍ പാടില്ലാത്തത് എന്നു പറഞ്ഞതിന്റെ വിവക്ഷ. എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ‘ഹലാലും ഹറാമും’ (അനുവദനീയവും നിഷിദ്ധവും) പോലെയുള്ള മതവിധികളാണെന്ന് ആ രണ്ടു മഹാന്മാരുടെയും പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുന്‍ഗാമികളായ മഹാന്മാര് സ്വീകരിച്ചുവന്നതും, അനുകരണീയവുമായ പൗരാണിക രീതി-സലഫീ ശൈലി- എങ്ങിനെയായിരുന്നുവെന്ന് ഈ രണ്ടു മഹാന്മാരുടെയും, മേലുദ്ധരിച്ച പ്രസ്താവനകളില്‍ നിന്ന് നമുക്ക് മനസ്സിലായല്ലോ. അതേ മാര്‍ഗം തെറ്റാതെ അവര്‍ തങ്ങളുടെ തഫ്സീര്‍ ഗ്രന്ഥങ്ങള്‍ രചിച്ചു വന്നതുകൊണ്ടു തന്നെയാണ് പൗരാണിക തഫ്സീറുകളില്‍ ഇബ്നുജരീറിനും, മദ്ധ്യകാല തഫ്സീറുകളില്‍ ഇബ്നു കഥീറിനും ഉന്നതസ്ഥാനം ലഭിച്ചതും.
ക്വുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍, ഓരോ വാക്കിനും, ഓരോ ആയത്തിനും മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നല്‍കാവൂ എന്നോ, അവരില്‍ നിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേല്‍ വിവരിച്ചതില്‍ നിന്ന് ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം ഇങ്ങിനെ സംഗ്രഹിക്കാവുന്നതാണ്.
1) മുന്‍ഗാമികള്‍ ഏകോപിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്.
2) അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്ഷ്യം കൂടാതെ ഒന്നിന് മറ്റേതിനെക്കാള്‍ മുന്‍ഗണന നല്‍കരുത്.
3) ക്വുര്‍ആന്റെ ഭാഷാ സാഹിത്യത്തില്‍ നിന്നും, മതവിജ്ഞാനങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്ക്ക് അവകാശമുണ്ട്. എന്നാലവ മുന്‍ഗാമികള്‍ സ്വീകരിച്ചതിന് വിരുദ്ധമാകരുത്.
4) മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (സ.അ) യുടെ സുന്നത്തിനാണ് വില കല്പിക്കേത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകള്‍ക്കും.
5) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത കാര്യങ്ങളില്‍ ക്വുര്‍ആന്റെ പ്രസ്താവനകളില്‍ നിന്ന് നേര്‍ക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചുകൂടാത്തതാണ്.
6) നബി (സ.അ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളില്‍, നബി (സ.അ) യില്‍ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളില്‍ മാത്രമാണ് മേല്‍ ചൂണ്ടിക്കാട്ടിയ തത്വങ്ങള്‍ സ്വീകരിക്കേത്.
7) ഈ അടിസ്ഥാനത്തില്‍ അല്ലാത്ത വ്യാഖ്യാനങ്ങള്‍ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.
അംഗീകൃത തത്വങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും, ക്വുര്‍ആന്റെ ഭാഷാശൈലികളില്‍ നിന്ന് ഗ്രഹിക്കാവുന്നതുമായ വല്ല പുതിയ സാരങ്ങളും കണ്ടുപിടിക്കുന്നതുകൊണ്ടോ, കാലോചിതമായ വിവരണ മുഖങ്ങള്‍ അംഗീകരിച്ചതുകൊണ്ടോ, അനുയോജ്യമായ ഉദാഹരണങ്ങളും പ്രതിപാദനരീതികളും സ്വീകരിച്ചത്കൊണ്ടോ ഒരാളുടെ വ്യാഖ്യാനം അയാളുടെ സ്വന്തം അഭിപ്രായമാണെന്ന് വരുന്നതല്ല. വാസ്തവത്തില്‍, ഇങ്ങിനെയുള്ള ഓരോ ആവശ്യങ്ങള്‍ കൊണ്ടു തന്നെയാണ് പല വ്യാഖ്യാതാക്കളും പുതിയ പുതിയ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ഇടയായതും. ഒരാള്‍ക്ക് ഒരു ആദര്‍ശമോ, അഭിപ്രായമോ ഉണ്ടായിരിക്കുക -അത് മതപരമോ, ഭൗതികമോ, ശാസ്ത്രീയമോ ഏതെങ്കിലുമാവട്ടെ- അത് ക്വുര്‍ആന്‍ അംഗീകരിക്കുന്നുവെന്നോ, പ്രോത്സാഹി പ്പിക്കുന്നുവെന്നോ, വരുന്നതില്‍ അയാള്‍ക്ക് താല്പര്യവും ഉണ്ടായിരിക്കുക. എന്നിട്ട് വല്ല പഴുതും കാണുമ്പോള്‍ അതനുസരിച്ച് ക്വുര്‍ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുക. ഇതാണ് സ്വന്തം അഭിപ്രായമനുസരിച്ച് ക്വുര്‍ആന്‍ വ്യാഖ്യാനിക്കുക എന്നു പറയുന്നത്. ഇതാണ് ആക്ഷേപാര്‍ഹവും കുറ്റകരവും. ആ ആദര്‍ശം -അല്ലെങ്കില്‍ അഭിപ്രായം- യഥാര്‍ത്ഥത്തില്‍ ക്വുര്‍ആന്‍ സ്വീകരിച്ചിട്ടില്ലാത്തതായിരിക്കണമെന്നോ, അത് മൗനം അവലംബിച്ചതായിരിക്കണമെന്നോ ഇല്ല. ക്വുര്‍ആന്‍ പൊതുവില്‍ അത് അംഗീകരിച്ചിട്ടുള്ള തത്വമാണെന്നു വന്നാല്‍പോലും, ആ വിഷയത്തെ സംബന്ധിച്ചു പ്രതിപാദിക്കുന്നതല്ലാത്ത ആയത്തുകളുടെ വിവരണത്തില്‍ അതു ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കുന്നതും ആക്ഷേപാര്‍ഹം തന്നെയാകുന്നു. പലര്‍ക്കും പിണയാറുള്ള ഒരു അമളിയും, അബദ്ധവുമാണിത്. ചിലപ്പോള്‍ സദുദ്ദേശ്യത്തോടുകൂടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ഓരോ ആയത്തിലെയും പ്രതിപാദ്യവിഷയങ്ങള്‍ ഏതാണോ അതില്‍ ഏറ്റക്കുറവു വരുത്താതെ അതു വിവരിക്കുകയും, വ്യഖ്യാനിക്കുകയുമാണ് വ്യാഖ്യാതാക്കള്‍ ചെയ്യേണ്ടത്. വാചകങ്ങളുടെ ഘടനാവിശേഷതകളോ, മുന്‍ഗാമികളില്‍നിന്ന് അവയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രസ്താവനകളോ ഗൗനിക്കാതെ -അല്ലെങ്കില്‍ മനസ്സിലാക്കാതെ- വാക്കുകളുടെ ഭാഷാര്‍ത്ഥം മാത്രം ആസ്പദമാക്കി അര്‍ത്ഥവ്യാഖ്യാനം നല്‍കുന്നതും ഭീമമായ അബദ്ധമാകുന്നു.
ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവിനെ സംബന്ധിച്ചിടത്തോളം, ക്വുര്‍ആന്‍ മുഴുവന്‍ ഭാഗവും, ഹൃദിസ്ഥമായിരിക്കുക എന്നത് വളരെ വമ്പിച്ച ഒരു നേട്ടമാണ്. ഒരു സ്ഥലത്ത് ഉദ്ദേശ്യം സ്പഷ്ടമായി കാണുന്നില്ലെങ്കില്‍, മറ്റ് സ്ഥലങ്ങളില്‍ നിന്ന് അത് സ്പഷ്ടമായി മനസ്സിലാക്കുവാനും മറ്റും ഇത് അത്യാവശ്യമത്രെ. മുഴുവന്‍ ഭാഗം മനഃപാഠമില്ലെങ്കില്‍, തത്തുല്യമായ വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള മറ്റു ആയത്തുകള്‍ വേുമ്പോള് ഓര്മവരത്തക്കവണ്ണം പരിചയമുണ്ടായിരിക്കുകയെങ്കിലും ആവശ്യമാകുന്നു. ഇതും ഇല്ലാത്തപക്ഷം, പലപ്പോഴും അബദ്ധവും വിഷമവും പിണഞ്ഞേക്കുന്നതാണ്. ولله الموفق والمعين
യഹൂദരില്‍നിന്നോ, ക്രിസ്ത്യാനികളില്‍നിന്നോ, അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നതെല്ലാം ‘ഇസ്റാഈലിയ്യത്തി ‘ല്‍ ഉള്‍പ്പെടുന്നു. സത്യാസത്യമോ, ന്യായാന്യായമോ നോക്കാതെ കണ്ടമാനം ഇസ്റാഈലിയ്യാത്ത് ഉദ്ധരിക്കുകയും, അവയെ അടിസ്ഥാനമാക്കി ക്വുര്‍ആന്റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുക വഴി, ക്വുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പല വ്യാഖ്യാതാക്കളും അനേകം അബദ്ധങ്ങള്‍ ചെയ്യുകയുണ്ടായിട്ടുണ്ട്. ക്വുര്‍ആന്റെ മൂലതത്വങ്ങള്‍ക്കുപോലും വിരുദ്ധമായ-അബദ്ധപൂര്‍ണമായ- പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവ മുഖേന പൊതുജനമദ്ധ്യേ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരെമറിച്ച്, ഇസ്റാഈലിയ്യാത്തില്‍ പെട്ടതാണെന്നോ, ഈസ്റാഈലിയ്യാത്ത് ഉദ്ധരിക്കാറുള്ള ആളുകള്‍ ഉദ്ധരിച്ചതാണെന്നോ ഉള്ള ഏക കാരണത്താല്‍ -സത്യാസത്യമോ, ബലാബ ലമോ ഗൗനിക്കാതെ- എല്ലാം അങ്ങ് തള്ളിക്കളയുന്ന ചില ആളുകളെയും കാണാം. ഈ ഭ്രമം പിടിപെട്ടവര്‍ക്ക് ചിലപ്പോള്‍, ക്വുര്‍ആനിന്റെയോ ഹിദീഥിന്റെയോ പ്രസ്താവനകളാല്‍ സ്ഥാപിതമായ യാഥാര്‍ത്ഥ്യങ്ങളെപ്പോലും നിരസിക്കേണ്ടതായി നേരിടുന്നതും അപൂര്‍വ്വമല്ല. മുന്‍പറഞ്ഞപോലെ, ഇസ്റാഈലിയ്യാത്ത് മുഴുവനും സ്വീകാര്യമോ, മുഴുവനും തള്ളിക്കളയേണ്ടവയോ അല്ല. രണ്ടിനും നിര്വ്വാഹമില്ലാത്തൊരു വിഭാഗം കൂടി അതിലുണ്ട് എന്ന് ആലോചിക്കേണ്ടതാകുന്നു. അതുകൊണ്ടാണ് ‘വേദക്കാരെ നിങ്ങള്‍ സത്യപ്പെടുത്തുകയും, കളവാക്കുകയും ചെയ്യരുത്’. لا تصدقوا اھل الكتاب ولا تكذبوھم – ا لبخارى എന്നും മറ്റും നബി (സ.അ) അരുളിച്ചെയ്തിരിക്കുന്നതും.
വല്ല വിഷയത്തിലും ഇസ്റാഈലിയ്യാത്തിനെ തെളിവായെടുക്കുവാനോ, അവയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു വിഷയം സ്ഥാപിക്കുവാനോ പാടില്ലതാനും. ക്വുര്‍ആനിലോ, ഹദീഥിലോ വന്നിട്ടുള്ള വല്ല വിഷയത്തോടും യോജിച്ചുകാണുന്ന ഭാഗം അസത്യമാണെന്നുവെച്ച് തള്ളിക്കളയുവാനും പാടില്ല. ഈ വസ്തുതയും നബി (സ.അ) ഉണര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ ഉമര്‍ (റ) തനിക്കു വേദക്കാരില്‍ നിന്നു കിട്ടിയ ഒരു ഗ്രന്ഥവുമായി നബി (സ.അ) യുടെ അടുക്കല്‍ ചെന്ന് വായിച്ചു കേള്‍പ്പിച്ചു. അപ്പോള്‍, തിരുമേനികോപിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: ‘ഞാന്‍ ഇത് നിങ്ങള്‍ക്ക് ശുദ്ധ വെള്ളയായ (കലര്‍പ്പും സംശയവും കൂടാത്ത) വിധം കൊണ്ടുവന്നു തന്നിട്ടുണ്ട്. നിങ്ങള്‍ അവരോട് ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, യഥാര്‍ത്ഥമായ വല്ലതും അവര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുകയും നിങ്ങളതു വ്യാജമാക്കുകയും ചെയ്തേക്കും. അല്ലെങ്കില്‍ അയഥാര്‍ത്ഥമായ വല്ലതും അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരുകയും, നിങ്ങള്‍ അത് സത്യമാക്കുകയും ചെയ്തേക്കാം. എന്റെ ആത്മാവ് യാതൊരുവന്റെ കൈവശമാണോ അവന് തന്നെ സത്യം! മൂസാ (അ) ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കില്‍, അദ്ദേ ഹത്തിന് എന്നെ പിന്തുടരുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല’. ( لو كان موسى حيا لما وسعه الا اتباعى ) ഇമാം അഹ്മദും (റ) ഇബ്നു അബീശൈബഃ (റ)യും മറ്റും ഉദ്ധ രിച്ചതാണ് ഈ ഹദീഥ്. ഈ വിഷയത്തില്‍ ഇബ്നു കഥീര്‍ (റ) പ്രസ്താവിച്ചത് നാം മുമ്പ് വായിച്ചുവല്ലോ.
വ്യാഖ്യാനിക്കുമ്പോള്‍ മനസ്സിരുത്തേണ്ട ചില വിഷയങ്ങള്‍
1. ‘അല്‍മുഹ്കമും അല്‍മുതശാബിഹും’ (المحكم والمتشابه)
‘അല്‍മുഹ്കം’ ( المحكم ) എന്നാല്‍ ‘ബലവത്തായത്, ദൃഢപ്രധാനമായത്, നിയമബലമുള്ളത്’ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാകുന്നു. സൂറത്തു ഹൂദിന്റെ ആരംഭത്തില്‍ ക്വുര്‍ആനെപ്പറ്റി كِتَابٌ أُحْكِمَتْ آيَاتُهُ (അതിന്റെ ആയത്തുകള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അനാവശ്യമോ, അകാര്യമോ ഇല്ലാതെ, സുദൃഢവും സുശക്തവുമായ സത്യയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതാണ് അവ എന്ന് സാരം. ‘അല്‍മുതശാബിഹ്’ ( المتشابه ) എന്നാല്‍, ‘പരസ്പര സാദൃശ്യമുള്ളത്’ എന്നര്‍ത്ഥം. സൂറഃ സുമര്‍:23ല്‍ كِتَابًا مُّتَشَابِهًا (പരസ്പര സാദൃശ്യമുള്ള ഗ്രന്ഥം) എന്ന് അല്ലാഹു ക്വുര്‍ആനെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, വാചകത്തിന്റെ മേന്മയിലും, സാരങ്ങളുടെ ഉല്‍കൃഷ്ടതയിലുമെല്ലാം പരസ്പര സാദൃശ്യമുള്ളതും, ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ് അതിലെ ഭാഗങ്ങള്‍ എന്നുദ്ദേശ്യം. അപ്പോള്‍, ഒരു നിലക്കു നോക്കുമ്പോള്‍ ക്വുര്‍ആന്‍ മുഴുവനും ‘മുഹ്കമും’, മറ്റൊരു നിലക്ക് നോക്കുമ്പോള്‍ അത് മുഴുവനും ‘മുതശാബിഹും’ ആകുന്നു. അന്യോന്യം പൊരുത്തക്കേടില്ലാത്ത അര്‍ത്ഥങ്ങളാണ് ഇവിടെ ഈ രണ്ടു പദങ്ങള്‍ക്കും കല്പിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ പരസ്പര വൈരുദ്ധ്യമുള്ള രണ്ട് ഉദ്ദേശ്യാര്‍ത്ഥങ്ങളിലും ഈ പദങ്ങള്‍ ക്വുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ അടിസ്ഥാനത്തിലാണ് ഈ അധ്യായത്തില്‍ മുഹ്കമിനെയും മുതശാബിഹിനെയും കുറിച്ച് പ്രതിപാദിക്കപ്പെടുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. സുഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:-
هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ – آل عمران ٧
സാരം: ‘നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ അവനത്രെ (അല്ലാഹുവത്രെ). അതില്‍ ‘മുഹ്കമാ’യ (ദൃഢ പ്രധാനമായ) ആയത്തുകളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൂലമായുള്ളത്. വേറെ ചിലത് ‘മുതശാബിഹു’കളും (പരസ്പര സാദൃശ്യമുള്ളവയും) ആകുന്നു. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചുകൊണ്ടും, വ്യാഖ്യാനം ചെയ്യുവാന്‍- പൊരുളറിയുവാന്‍- ആഗ്രഹിച്ചുകൊണ്ടും അതില്‍ നിന്നും ‘മുതശാബിഹാ’യതിനു പിന്നാലെ കൂടുന്നു.
ഈ വചനത്തിലെ ‘മുഹ്കം – മുതശാബിഹു’കളുടെ നിര്‍വ്വചനം പല മഹാന്മാരും പല വാചകങ്ങളില്‍ പ്രസ്താവിച്ചു കാണാം. ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണാവുന്ന കേവലാക്ഷരങ്ങള്‍ പോലെ, അല്ലെങ്കില്‍ പരലോക സംബന്ധമായ അദൃശ്യകാര്യങ്ങള്‍ പോലെ, യാഥാര്‍ത്ഥ്യം അല്ലാഹുവിന്നു മാത്രം അറിയാവുന്ന കാര്യങ്ങള്‍ക്കാണ് മുതശാബിഹ് എന്നു പറയുന്നത് എന്നത്രെ ചിലരുടെ പക്ഷം. വേറെയും അഭിപ്രായങ്ങളുണ്ട്. അവയെല്ലാം പരിശോധിച്ചാല്‍ ലഭിക്കുന്ന ആകെ സാരവും, അവയില്‍വെച്ച് ഏറ്റവും യുക്തമായി കാണുന്നതും ഇമാം ഇബ്നുകഥീര്‍ (റ) മുതലായ മഹാന്മാര് നല്കുന്ന നിര്‍വ്വചനമാകുന്നു. അദ്ദേഹം ‘മുഹ്കമു’കള്‍ക്ക് നല്കിയ നിര്‍വ്വചനം ഇതാണ്: اي بينات واضحات الدلالة لاالتباس فيها على احد (ഒരാള്‍ക്കും ആശയക്കുഴപ്പമില്ലാത്തവണ്ണം സ്പഷ്ടമായും വ്യക്തമായും സാരം നല്കുന്നവ). ‘മുതശാബിഹു’കള്‍ക്ക് അദ്ദേഹത്തിന്റെ നിര്‍വ്വചനം ഇപ്രകാരമാകുന്നു. اي تحتمل دلالتها موافقة الحكم وقد تحتمل شيأ اخر من حيث اللفظ والتركيب لا من حيث المراد (അതായത് , പദങ്ങളും ഘടനയും നോക്കുമ്പോള്‍ -ഉദ്ദേശ്യം നോക്കുമ്പോഴല്ല- മുഹ്കമിനോട് യോജിക്കുന്ന സാരമായിരിക്കുവാനും, മറ്റുവല്ല സാരവും ആയിരിക്കുവാനും ഹിതമുണ്ടായിരിക്കുന്നവ).
ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു വിഭാഗവും സാക്ഷാല്‍ ഉദ്ദേശ്യമെന്താണെന്ന് തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം പരസ്പര സാദൃശ്യമുള്ള ഒന്നിലധികം അര്‍ത്ഥസാരങ്ങള്‍ വരാവുന്ന മറ്റൊരു വിഭാഗവും ക്വുര്‍ആനിലുണ്ട്. ആദ്യത്തെ വിഭാഗമാണ് ക്വുര്‍ആനിന്റെ മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട ആയത്തുകള്‍ക്ക് വ്യാഖ്യാനം നല്കുവാനും, അതിന്റെ സാക്ഷാല്‍ ഉദ്ദേശ്യം ചുഴിഞ്ഞന്വേഷിക്കുവാനും മുതിരുന്നത് കുഴപ്പം സൃഷ്ടിക്കലാണ്. അതിന് മിനക്കെടുന്നവര്‍ ഹൃദയത്തില്‍ വക്രത – ദുരുദ്ദേശ്യവും കാപട്യവും- ഉള്ളവരായിരിക്കും. സംശയം നേരിടുമ്പോള്‍, ഒന്നാമത്തെ വിഭാഗത്തിലേക്ക് മടങ്ങുകയും, അവയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ക്ക് തീരുമാനം കാണുകയും വേണം എന്നൊക്കെയാണ് ഈ വചനം പഠിപ്പിക്കുന്നത്.
ഇമാം ശാഹ് വലിയുല്ലാഹി-ദ്ദഹ്ലവി (റ) അദ്ദേഹത്തിന്റെ(*) ‘അല്‍ഫൗസുല്‍ കബീര്‍’ (الفوز الكبير) എന്ന വിശ്രുത ഗ്രന്ഥത്തില്‍ ‘മുഹ്കമിനും’, ‘മുതശാബിഹി’നും ഉദാഹരണ സഹിതം നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങളുംകൂടി നമുക്കൊന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു:-
(*) ക്വുര്‍ആന്‍, ഹദീഥ്, ഫിക്വ്ഹ്, ശരീഅത്ത് നിയമ രഹസ്യങ്ങള്‍ ആദിയായ ഇസ്ലാമിക വിഷയങ്ങളില്‍ മഹദ് ഗ്രന്ഥങ്ങള്‍ രചിച്ച ഒരു മഹാപുരുഷനത്രെ ദഹ്ലവീ. ( الإمام شاه ولى لله الدھلوى –رحمه لله ) ഡല്‍ഹിക്കാരനായ ഇദ്ദേഹം, ഹിജ്റഃ വര്‍ഷം 1176 ലാണ് പരലോകം പ്രാപിച്ചത്. ഇന്ത്യന്‍ മുസ്ലിംകളില് -പണ്ഡിത ലോകത്ത് വിശേഷിച്ചും- മതപരവും വിജ്ഞാനപരവുമായ പുതിയ ഉണര്‍വ്വും, വിപ്ലവകരമായ പരിഷ്കരണങ്ങളും വരുത്തിയ ഒരു സമുദായോദ്ധാരകന്‍ കൂടിയായിരുന്നു ശാഹ്വലിയുല്ലാഹി. الفوز الكبير فى أصول التفسير (ക്വുര്‍ആന്‍ വ്യാഖ്യാന നിദാനങ്ങളില്‍ മഹത്തായ വിജയം) എന്ന പേരില്‍ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ഥം- വലിപ്പത്തില്‍ അധികമൊന്നുമില്ലെങ്കിലും- ഉള്‍ക്കനവും ഉള്ളടക്കവും നോക്കുമ്പോള്‍, ക്വുര്‍ആന്‍ വ്യാഖ്യാന രംഗത്ത് ഒരു മഹത്തായ നേട്ടമാണ്.
‘അറിയുക: ‘മുഹ്കം’ എന്നാല്‍, ഭാഷാപരിജ്ഞാനമുള്ളവന് ഒരേ ഒരു ആശയം (സാരം) അല്ലാതെ മനസ്സിലാക്കുവാന്‍ കഴിയാത്തതാകുന്നു. ആശയം മനസ്സിലാക്കുന്ന കാര്യത്തില്‍ പൂര്‍വ്വ അറബികളുടെ നിലപാടാണ് പരിഗണിക്കപ്പെടേണ്ടത്. അഥവാ, നമ്മുടെ കാലത്തുള്ള സൂക്ഷ്മ ഗവേഷകന്മാരുടെ നിലപാടല്ല. നിഷ്പ്രയോജനകരമായ സൂക്ഷ്മ ഗവേഷണം നടത്തല്‍ ഇന്നൊരു മഹാരോഗമായിത്തീര്‍ന്നിരിക്കുകയാണ്. അത് ‘മുഹ്കമി’നെ ‘മുതശാബിഹും’ അറിയപ്പെട്ടതിനെ അറിയപ്പെടാത്തതും ആക്കിത്തീര്‍ക്കുന്നു. ‘മുതശാബിഹ്’ എന്നാല്‍ രു (ഒന്നിലധികം) ആശയങ്ങള്‍ വരുവാന്‍ ഹിതമുള്ളതാകുന്നു.
തുടര്‍ന്നുകൊണ്ട് ഒന്നിലധികം സാരങ്ങള്‍ വരുവാനുള്ള കാരണങ്ങളും, ഓരോന്നിനും ഉദാഹരണങ്ങളും ദഹ്ലവീ (റ) വിവരിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണ് :-
1) ഒരു സര്‍വ്വനാമം (ضمير) കൊണ്ട് ഉദ്ദേശിക്കപ്പെടാവുന്ന നാമങ്ങള്‍ ( ( المراجع ഒന്നിലധികം ഉണ്ടായിരിക്കുക. ഉദാഹരണം: امرنى الامير ان العن فلانا لعنه لله ഇന്ന ആളെ ശപിക്കണമെന്ന് അമീര്‍ എന്നോട് കല്പിച്ചു. അല്ലാഹു അയാളെ ശപിക്കട്ടെ) ഈ വാക്യത്തില്‍ ‘അയാളെ’ എന്നുള്ള സര്‍വ്വനാമം കൊണ്ടുദ്ദേശ്യം, ‘ഇന്നവനും’ ‘അമീറും’ ആകാവുന്നതാണല്ലോ.
2) രണ്ടു അര്‍ത്ഥമുള്ള പദമായിരിക്കുക. ഉദാഹരണം لامستم (‘ലാമസ്തും’) കൈകൊണ്ട് സ്പര്‍ശിച്ചു എന്നും, സംയോഗംമൂലം സ്പര്‍ശിച്ചു എന്നും ഇതിനു അര്‍ത്ഥം വരും.
3) ഒന്നിനെ മറ്റൊന്നുമായി കൂട്ടിച്ചേര്‍ത്ത് ( عطف ചെയ്തു) പറയുമ്പോള്‍, അത് അടുത്തുള്ള വാക്കിനോടും, അകലത്തിലുള്ള വാക്കിനോടും ചേര്‍ന്നതായിരിക്കുവാന്‍ സാധ്യതയുണ്ടാവുക. ഉദാഹരണം: وامسحوا برؤسكم وارجل كم (നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; നിങ്ങളുടെ കാലുകളും) ഇതിന്റെ മുമ്പ് മുഖവും, കൈയും കഴുകണമെന്ന് പറഞ്ഞിട്ടുണ്ട്, ആകയാല്‍ وارجلكم (കാലുകളും) എന്ന വാക്ക് മുഖങ്ങളോടും കൈകളോടും ചേര്‍ന്നതാണെന്ന് വെക്കുവാനും തലകളോട് ചേര്‍ന്നതാണെന്ന് വെക്കുവാനും തരമുണ്ട്. ഒന്നാമത്തേതനുസരിച്ച് (വുദ്വൂ ചെയ്യുമ്പോള്‍) മുഖവും കയ്യും പോലെ കാലും കഴുകണമെന്ന് വരുന്നു. അപ്പോള്‍ ( وارجُلَ كم ) (‘വഅര്‍ജുലക്കും’) എന്നാണ് വായിക്കുക, രാമത്തേതനുസരിച്ച് തലയെപ്പോലെ കാലും വെള്ളംകൊണ്ടു തടവിയാല്‍ മതിയാകുമെന്ന് വരും. ഇതനുസരിച്ചാണ് وارجُلِكم (‘വ അര്‍ജുലിക്കും’) എന്ന് ഇവിടെ വായിക്കപ്പെട്ടിട്ടുള്ളത്.
4) ഒരു വാക്ക് അതിനു മുമ്പുള്ള വാചകത്തോട് ചേര്‍ത്തു പറയപ്പെട്ടതോ ( المعطوف) അല്ലെങ്കില്‍ പുതുതായി ആരംഭിക്കുന്നതോ (المستأنف) ആയിരിക്കുവാന്‍ സാദ്ധ്യതയുണ്ടാവുക. ഇതിനു ഉദാഹരണമായി ദഹ്ലവി കാണിച്ചിരിക്കുന്നത് ഈ അധ്യായത്തിന്റെ ആരംഭത്തില്‍ നാം ഉദ്ധരിച്ച (ആലുഇംറാനിലെ 7-ാമത്തെ) ആയത്തിന്റെ തുടര്‍ന്നുള്ള ഭാഗമാകുന്നു. അതില്‍നിന്ന് നമുക്ക് ഇവിടെ പലതും മനസ്സിലാക്കേണ്ടതുള്ളതുകൊണ്ട് അതിനപ്പറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതാണ് ആയത്തിന്റെ ബാക്കി ഭാഗം:-
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ﴿٧﴾ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ – آل عمران
വായനക്കാര്‍ക്ക് വിഷയം മനസ്സിലാക്കുന്നതിനും വിവരണത്തിന്റെ സൗകര്യത്തിനും വേണ്ടി ഇതിലെ ഓരോ വാക്യവും അതിന്റെ സാരവും നമുക്ക് വെവ്വേറെ പരിശോധിക്കാം :-
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ (അതിന്റെ -പരസ്പര സാദൃശ്യമുള്ളതിന്റെ-വ്യാഖ്യാനം, അഥവാ പൊരുള്‍ അല്ലാഹു അല്ലാതെ അറിയുന്നതുമല്ല) ഈ വാക്യത്തിന്റെ തൊട്ട വാക്യം തുടങ്ങുന്നത് وَ (‘വ’) എന്ന അവ്യയം കൊണ്ടാണല്ലോ. ഈ അവ്യയം ആ വാക്യത്തെ അതിന്റെ മുമ്പത്തെ വാക്യത്തോടു ചേര്‍ത്തു പറയാനുള്ളത് ( عطف ചെയ്വാനുള്ള അവ്യയം) ആയിരിക്കാനിടയുണ്ട്. അപ്പോള്‍ രണ്ട് വാചകവും ചേര്‍ത്ത് ഇങ്ങിനെ വായിക്കാം. وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ (അതിന്റെ വ്യാഖ്യാനം, അഥവാ പൊരുള്‍ അല്ലാഹുവും, അറിവില്‍ അടിയുറച്ചവരുമല്ലാതെ അറിയുന്നതുമല്ല). ഇതനുസരിച്ച് ഈ വാക്യത്തിന്റെ അവസാനത്തില്‍ ( فِي الْعِلْمِ എന്നിടത്തു) ‘വക്വ്ഫ്’ (വിരാമം) വേണ്ടതാകുന്നു. പ്രസ്തുത അവ്യയം و പുതിയ വാചകത്തിന്റെ തുടക്കം കുറിക്കുവാനുള്ളതും ( استئناف ന്റെതും) ആയിരിക്കാവുന്നതാണ്. അപ്പോള്‍, ആദ്യത്തെ വാചകം الا لله (‘ഇല്ലല്ലാഹു’) എന്നിടത്ത് അവസാനിക്കുന്നു. അവിടെ വക്വ്ഫ് ചെയ്യുകയും വേണം. രണ്ടാമത്തെ വാചകം ഇങ്ങിനെ വായിക്കാം: وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ الخ (അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയുകയും ചെയ്യും………)
‘വ്യാഖ്യാനം’ അഥവാ ‘പൊരുള്‍’ എന്ന് നാമിവിടെ അര്‍ത്ഥം കല്പിച്ചത് تأويل (‘തഅ്വീല്’) എന്ന പദത്തിനാണ്. ഇതിനു ‘വ്യാഖ്യാനം, വിവരണം’ എന്നിങ്ങിനെയും, ‘ആന്തരാര്‍ത്ഥം, പൊരുള്‍, കലാശം’ എന്നിങ്ങിനെയും അര്‍ത്ഥങ്ങള്‍ വരുന്നതാകുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊള്ളുന്ന ആയത്തു കള്‍ക്കാണ് ‘മുതശാബിഹ്’ എന്നുപറയുന്നതെന്ന അഭിപ്രായക്കാരും, ‘തഅ്വീലിന്’ രണ്ടാമത് കാണിച്ച അര്‍ത്ഥം നല്‍കുന്നവരും ഒന്നാമത്തെ വാചകം الا لله എന്നിടത്ത് അവസാനിപ്പിച്ച് വക്വ്ഫ് ചെയ്യുന്നു. ഒന്നിലധികം സാരങ്ങള്‍ വരാവുന്ന ആയത്തുകള്‍ക്കാണ് ‘മുതശാബിഹ്’ എന്ന് പറയുന്നതെന്ന അഭിപ്രായക്കാരും, ‘തഅ്വീലിന്’ നാം ആദ്യം കാണിച്ച അര്‍ത്ഥം കല്പിക്കുന്നവരും فى العلم എന്നിടത്തും അവസാനിപ്പിച്ചു വക്വ്ഫ് ചെയ്യുകയും, തുടര്‍ന്നുള്ള വാക്യം يقو لون (‘യക്വൂലൂന’) മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ രണ്ടു പ്രകാരത്തിലും വക്വ്ഫ് ചെയ്യുന്ന പണ്ഡിതന്മാര് പലരും ഉണ്ട്. ഓരോരുത്തരും ഓരോ വീക്ഷണ കോണില്‍കൂടിയാണ് അപ്രകാരം ചെയ്യുന്നത്. ശാഹ്വലിയുല്ലാഹിദ്ദഹ്ലവീ (റ) ഈ വചനം ‘മുതശാബിഹി’നു ഉദാഹരണമായിക്കാട്ടിയത് വളരെ യുക്തമായിട്ടുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ. എനി, നമുക്ക് ആയത്തിന്റെ ബാക്കി ഭാഗത്തിലേക്ക് പ്രവേശിക്കാം:-
‘ഹൃദയത്തില്‍ വക്രതയുള്ളവര്‍ മുതശാബിഹിന്റെ പിന്നാലെ കൂടി കുഴപ്പമുണ്ടാക്കുവാനും അതിന് വ്യാഖ്യാനം നല്കുവാനും ശ്രമിക്കുന്നതാണ്’ എന്ന് അല്ലാഹു ആദ്യം പറഞ്ഞുവല്ലോ. ‘എന്നാല്‍, അറിവില്‍ അടിയുറച്ച ആളുകള്‍, അഥവാ മതവിജ്ഞാനത്തില്‍ പടുത്വം നേടിയ പണ്ഡിതന്മാര് ‘മുതശാബിഹു’കളായ ആയത്തിനെക്കുറിച്ച് എന്തുനില കൈക്കൊള്ളും? ഇതാണ് അല്ലാഹു അടുത്ത വാക്യത്തില്‍ പ്രസ്താവിക്കുന്നത്. يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا (അവര്‍ പറയും: ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. എല്ലാം ഞങ്ങളുടെ റബ്ബിന്റെ പക്കല്‍നിന്നുള്ളതാണ്. എന്ന്. ഇതിനെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിക്കുന്നു: وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (ബുദ്ധിമാന്മാരല്ലാതെ ഉറ്റാലോചിക്കുന്നതല്ല) അവര്‍ ഇങ്ങിനെ തുടര്‍ന്നു പ്രാര്‍ത്ഥനയും നടത്തും: رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ സന്മാര്ഗത്തിലാക്കി തന്നിട്ടുള്ളതിനുശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ തെറ്റിച്ചുകളയരുതേ! ഞങ്ങള്‍ക്ക് നിന്റെ പക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്.)
ഈ ആയത്തില്‍നിന്നും, മേല്‍ വിവരിച്ചതില്‍നിന്നുമായി നമുക്ക് പല സംഗതികളും ഗ്രഹിക്കാവുന്നതാണ്:
1) സുവ്യക്തവും സ്പഷ്ടവുമായ അര്‍ത്ഥോദ്ദേശ്യങ്ങളുള്ളത് (المحكم) എന്നും, അല്ലാഹുവിന് മാത്രം അന്തഃസാരങ്ങള്‍ അറിയാവുന്നത് -അല്ലെങ്കില്‍, അല്ലാഹുവിനും പാണ്ഡിത്യത്തില്‍ അടിയുറച്ച ബുദ്ധിമാന്മാര്ക്കും അറിയാവുന്നത്- ( المتشابه ) എന്നും, ഇങ്ങിനെ രണ്ടു തരം വചനങ്ങള്‍ ക്വുര്‍ആനിലുണ്ട്.
2) ആദ്യത്തെതാണ് ക്വുര്‍ആനിന്റെ മൂലപ്രധാനമായ ഭാഗം. അതുകൊണ്ട് അതിനെ അവലംബമാക്കിക്കൊണ്ടായിരിക്കണം എല്ലാ തത്വങ്ങളും കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടുന്നതും.
3) ‘മുതശാബിഹ്’ വിഭാഗത്തില്‍പ്പെട്ട വാക്യങ്ങള്‍ക്ക് ‘മുഹ്കമി’ന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും വിവരണവുമല്ലാതെ, അവയെപ്പറ്റി കൂടുതല്‍ ചുഴിഞ്ഞന്വേഷണം നടത്തുവാനോ, അവയുടെ സാക്ഷാല്‍ ഉദ്ദേശ്യം തിട്ടപ്പെടുത്തി കുടുസ്സാക്കി കൈകാര്യം ചെയ്യുവാനോ, പാടില്ലാത്തതാകുന്നു.
4) അങ്ങിനെ ചെയ്യുന്നപക്ഷം, അത് മതത്തില്‍ കുഴപ്പമുണ്ടാക്കലാണ്. ഹൃദയത്തില്‍ വക്രതയുള്ള – ദുരുദ്ദേശ്യവും കാപട്യവും ഉള്ള- ആളുകളായിരിക്കും അതിനു മുതിരുക.
5) പാണ്ഡിത്യവും വിവേകവുമുള്ളവര്‍ അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ കരണ്ടു നോക്കി വ്യാഖ്യാനിക്കുവാന്‍ മുതിരുകയില്ല. മാത്രമല്ല, അവര്‍ ഉറ്റാലോചിക്കുകയും, അവരുടെ പക്കല്‍ അബദ്ധം വന്നുപോകാതിരിക്കുന്നതിനും, കൂടുതല്‍ മാര്‍ഗദര്‍ശനം ലഭിക്കുന്നതിനും വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും.
6) അവയുടെ ഉദ്ദേശ്യം തങ്ങള്‍ക്കു മനസ്സിലായാലും ഇല്ലെങ്കിലും ശരി, അതില്‍ അവര്‍ ശരിക്കും വിശ്വസിക്കുകയും യഥാര്‍ത്ഥം അല്ലാഹുവിങ്കലേക്ക് വിട്ടേക്കുകയും ചെയ്യും. ചുരുക്കത്തില്‍ ആയത്തിന്റെ സാരം ഇതാണ്.
ഇബ്നു അബ്ബാസ് (റ) വിന്റെ മുകളിലുദ്ധരിച്ച ഒരു പ്രസ്താവന ഈ ആയത്തിന്റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നതാകകൊണ്ട് നമുക്ക് അതിവിടെ ഒന്ന് കൂടി സ്മരിക്കാം: ‘തഫ്സീര്‍ നാല് വിധത്തിലാണുള്ളത്.
1) അറബികള്‍ അവരുടെ ഭാഷയില്‍ നിന്ന് മനസ്സിലാക്കുന്ന തഫ്സീര്‍,
2) ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്ത തഫ്സീര്‍,
3) പണ്ഡിതന്മാര്ക്ക് അറിയാവുന്ന തഫ്സീര്‍,
4) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത തഫ്സീര്‍
ഇവയാണത്’. അഹ്മദ്, ബുഖാരി, മുസ്ലിം (റ) മുതലായവര്‍ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥില്‍ ആഇശഃ (റ) പറയുന്നു: റസൂല്‍ തിരുമേനി (സ.അ) ഈ ആയത്ത് (ആലുഇംറാനില്‍ നിന്നും നാം ഉദ്ധരിച്ചു വിവരിച്ച വചനം) ഓതിക്കൊണ്ട് ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി فاذا رأيتم الذين يتبعون ما تشابه منه فأولئك الذين سمى الله فاحذروهم ( അപ്പോള്‍ , അതില്‍ പരസ്പര സാദൃശ്യമുള്ളതിന്റെ പിന്നാലെ പോകുന്നവരെ നിങ്ങള്‍ കണ്ടാല്‍ അവരത്രെ, അല്ലാഹു (ഹൃദയത്തില്‍ വക്രതയുള്ളവരെന്ന്) പേരുവെച്ച കൂട്ടര്. ആകയാല്‍, നിങ്ങളവരെ സൂക്ഷിച്ചുകൊള്ളണം). അഹ്മദ് (റ)ന്റെ നിവേദനത്തിലെ വാക്കുകള്‍ ഇതാണ് : فاذا رأيتم الذين يجادلون فيه فهم الذين عنى الله فاحذروهم (അതുകൊണ്ട് അതില്‍ തര്‍ക്കം നടത്തുന്നവരെ നിങ്ങള്‍ കണ്ടാല്‍, അവരത്രെ അല്ലാഹു ഉദ്ദേശിച്ചവര്‍. ആകയാല്‍ നിങ്ങള്‍ അവരെ സൂക്ഷിച്ചുകൊള്ളണം).
വാക്കര്‍ത്ഥങ്ങളിലാകട്ടെ, വാചകങ്ങളുടെ അര്‍ത്ഥത്തിലാകട്ടെ, അവയുടെ താല്‍പര്യങ്ങളിലാകട്ടെ, പരസ്പരം വ്യത്യസ്തങ്ങളായ ഒന്നിലധികം രൂപം വരാവുന്ന സന്ദര്‍ഭങ്ങളില്‍, ഉദ്ദേശ്യം ഇന്നതാണെന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന മറ്റു ക്വുര്‍ആന്‍ വാക്യങ്ങളില്‍നിന്നോ നബി വചനങ്ങളില്‍നിന്നോ, മുന്‍ഗാമികളായ പണ്ഡിതന്മാരുടെ വാക്യങ്ങളില്‍നിന്നോ അവയുടെ സാക്ഷാല്‍ ഉദ്ദേശ്യം കണ്ടുപിടിക്കുവാന്‍ ശ്രമിക്കേണ്ടതാകുന്നു. കണ്ടുകിട്ടാത്ത പക്ഷം, അവയുടെ സാരം ഇന്നതാണെന്ന് നിര്‍ണയിക്കുവാനും, കണക്കിലേറെ ഗവേഷണം നടത്തി ഏതെങ്കിലുമൊന്ന് ഉറപ്പിക്കുവാനും പാടില്ലാത്തതുമാകുന്നു. കവിഞ്ഞ പക്ഷം, ഇന്നിന്ന പ്രകാരത്തിലെല്ലാം അതിന്റെ അര്‍ത്ഥവും, ഉദ്ദേശ്യവും വരാവുന്നതാണെന്ന് പറഞ്ഞു മതിയാക്കുകയും, യഥാര്‍ത്ഥം അല്ലാഹുവിനറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യാവുന്നതാകുന്നു ومن الله التوفيق
ശാഹ്വലിയ്യുല്ലാഹിദ്ദഹ്ലവി (റ)യുടെ ഒരു പ്രസ്താവനകൂടി ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: ‘മുതശാബിഹായ ആയത്തുകള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതിലും, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ ( صفات الله ) വിവരിക്കുന്നതിലും ‘മുതകല്ലിമു’കള്‍ ( المتكلمون -വിശ്വാസ ശാസ്ത്രപണ്ഡിതന്മാര്) സ്വീകരിച്ചുവരുന്ന സമ്പ്രദായം എന്റെ അഭിപ്രായഗതിക്ക് നിരക്കാത്തതാണ്. ഇമാം മാലിക്, ഥൗരീ ( الثورى ) ഇബ്നുല്‍ മുബാറക് (റ) മുതലായവരുടെയും, പൗരാണിക പണ്ഡിതന്മാരുടെയും അഭിപ്രായഗതിയാണ് എനിക്കുമുള്ളത്. മുതശാബിഹായുള്ളതിനെ അവയുടെ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ വിട്ടേക്കുക, അവയുടെ വ്യാഖ്യാനത്തില്‍ പൂണ്ടു പിടിക്കാതിരിക്കുക, (ക്വുര്‍ആനില്‍ നിന്നു) കണ്ടുകിട്ടുന്ന മതവിധികളില്‍ തര്‍ക്കം നടത്താതിരിക്കുക, ഏതെങ്കിലും ഒരു പ്രത്യേക അഭിപ്രായഗതി ( المذھب ) മുറുകെ പിടിച്ചുകൊണ്ടു മറ്റുള്ളതെല്ലാം അവഗണിച്ചുകളയാതിരിക്കുക മുതലായവയത്രെ അത്. ക്വുര്‍ആനില്‍ നിന്ന് അറിയപ്പെടുന്ന തെളിവുകളെ തള്ളിക്കളയുവാന്‍ ഉപായം പ്രയോഗിക്കുന്നതു ശരിയല്ല. അത് ക്വുര്‍ആന്‍ കൊണ്ട് തട്ടിക്കളിക്കുന്ന ( ( التدارء بالقرآن കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.(*) ആയത്തുകള്‍ മനസ്സിലാക്കിത്തരുന്ന സാരങ്ങള്‍ എന്താണെന്നു അന്വേഷിക്കുക, സ്വന്തം അഭിപ്രായം അതിനോടു യോജിച്ചാലും ഇല്ലെങ്കിലും അത് അപ്പടി സ്വീകരിക്കുക, ഇതാണ് വേണ്ടത്. എന്നാല്‍, ക്വുര്‍ആന്റെ ഭാഷയെ സംബന്ധിച്ചേടത്തോളം മുന്‍ഗാമികളായ അറബികളുടെ ഉപയോഗങ്ങളില്‍നിന്നാണത് മനസ്സിലാക്കേണ്ടത്. ഇതില്‍, സ്വഹാബികളുടെയും താബിഉകളുടെയും പ്രമാണങ്ങളെയാണ് സാര്‍വ്വത്രികമായ അവലംബമായി ഗണിക്കേണ്ടത്. ( الفوز الكبير ) കൂടുതല്‍ വിശദീകരണം ആലുംഇംറാന്‍ 7-ാം ആയത്തിന്റെ വിവരണത്തില്‍.
(*) ചില കര്‍മ ശാസ്ത്ര പണ്ഡിതന്മാര് തങ്ങളുടെ ‘മദ്ഹബു ‘കളെ ന്യായീകരിക്കുവാന്‍ വേണ്ടി നടത്താറുള്ള നയോപായങ്ങളെ ഉദ്ദേശിച്ചാണ് ദഹല്വി (റ) ഉപായം പ്രയോഗിക്കുക ( التحيل ) എന്നു പറഞ്ഞത്. ഒരു ക്വുര്‍ആന്‍ വചനത്തില്‍ നിന്നു ലഭിക്കുന്ന ഒരു വിധിയെ മറ്റൊരു വചനംകൊണ്ടു ഖണ്ഡിക്കുവാന്‍ നടത്തുന്ന പരിശ്രമത്തിനാണ് ക്വുര്ആന്കൊണ്ടു തട്ടിക്കളിക്കുക ( التدارء بالقرآن ) എന്നു പറഞ്ഞത്. ഇതു ഹദീഥില്‍ പ്രത്യേകം വിരോധിച്ചി ട്ടുള്ളതാകുന്നു. വാസ്തവത്തില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ പരസ്പരം ബലപ്പെടുത്തുകയല്ലാതെ, ഒരിക്കലും ഒന്നൊന്നിനു വിരുദ്ധമായിരിക്കുകയില്ലല്ലോ. സ്വന്തം അഭിപ്രായങ്ങളെ സ്ഥാപിക്കുന്ന തല്പരകക്ഷികളായിരിക്കും ഈ ദുഷ്കൃത്യത്തിനു മുതിരുക എന്നുപറയേണ്ടതില്ല.
2. അവതരണ ഹേതു ( سبب النزول )
ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ടുന്ന ഒരു വിഷയമാണ് ആയത്തുകളുടെ അവതരണ ഹേതു. ഏതെങ്കിലും സംഭവത്തെത്തുടര്‍ന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ക്കു മറുപടിയായോ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചെന്നുവരും. ഇവക്കു അവയുടെ അവതരണ ഹേതുക്കള്‍ എന്നു പറയുന്നു. അവതരണഹേതു രണ്ടു മൂന്നു തരത്തിലുണ്ടാവാം.
1) ആയത്തിന്റെ അര്‍ത്ഥസാരങ്ങള്‍ മനസ്സിലാക്കുവാന്‍ ഒഴിച്ചുകൂടാത്തത്. ഈ ഇനത്തില്‍പെട്ടവയെക്കുറിച്ചു ക്വുര്‍ആന്‍ വ്യാഖ്യാതാവും അറിഞ്ഞിരിക്കാത്തപക്ഷം, ആയത്തിന്റെ സാക്ഷാല്‍ ഉദ്ദേശ്യവും, താല്പര്യവും മനസ്സിലാക്കാന്‍ കഴിയാതെ വരും.
2) ആയത്തിന്റെ ഉദ്ദേശ്യം ഗ്രഹിക്കുന്നതിനു അനിവാര്യമല്ലെങ്കിലും അതിനു സഹായകമായിരിക്കുന്നത്. ഈ ഇനത്തില്‍പെട്ട അവതരണഹേതുക്കളും അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.
3) ആയത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനു സഹായകമാകാത്തവ. ഈ ഇനത്തിന്നുവേണ്ടി സമയം പാഴാക്കേണ്ടുന്ന ആവശ്യമില്ല.
അവതരണ ഹേതുക്കള്‍ എന്ന പേരില്‍, സാധാരണ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിക്കാറുള്ള കഥകളില്‍ ഒരു വ്യാഖ്യാതാവ് അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഭാഗം വളരെക്കുറച്ചേയുള്ളൂവെന്നതാണ് വാസ്തവം. ഓരോ ആയത്തിനും ഓരോ അവതരണഹേതു ഉദ്ധരിക്കുവാനും, മിക്ക ആയത്തുകളുടെയും താല്പര്യത്തിനു അനുയോജ്യമായ കഥകള്‍ പറയുവാനും ചില മുഫസ്സിറുകള്‍ മിനക്കെടാറുണ്ട്. ഇതിന് ഫലമായി, അനാവശ്യവും , അടിസ്ഥാനരഹിതവുമായ എത്രയോ കഥകള്‍ പല തഫ്സീര്‍ ഗ്രന്ഥങ്ങളിലും സ്ഥലം പിടിച്ചിരിക്കുന്നു. ബലാബലമോ, സത്യാസത്യമോ അന്വേഷിക്കാതെ കണ്ടതും കേട്ടതുമെല്ലാം രേഖപ്പെടുത്തുക പതിവാക്കിയ ചില വ്യാഖ്യാതാക്കളും ഉണ്ട്. തന്നിമിത്തം, സമുദായമദ്ധ്യെ കടന്നുകൂടിയിട്ടുള്ള തെറ്റിദ്ധാരണകളും, അന്ധവിശ്വാസങ്ങളും നിരവധിയാകുന്നു. ക്വുര്‍ആന്‍കൊണ്ടും, നബി (സ.അ) യുടെ സുന്നത്തുകൊണ്ടും സ്ഥാപിതമായ തത്വസിദ്ധാന്തങ്ങള്‍ക്കു നിരക്കാത്തതോ, വിശ്വാസയോഗ്യമല്ലാത്ത മാര്ഗത്തില്കൂടി നിവേദനം ചെയ്യപ്പെട്ടതോ, തനി ഇസ്റാഈലിയ്യത്തില്‍ ഉള്‍പ്പെട്ടതോ അല്ലാതിരിക്കുകയും, ആയത്തിന്റെ സാരം മനസ്സിലാക്കുന്നതില്‍ സഹായകമായിരിക്കുകയും ചെയ്യുന്ന കഥകളും സംഭവങ്ങളും മാത്രമേ പരിഗണിക്കപ്പെടേണ്ടതുള്ളൂ.
‘ഈ വചനം ഇന്ന വിഷയത്തില്‍ അവതരിച്ച് ‘ഇന്നതിനെപ്പറ്റിയാണ് അല്ലാഹു പറയുന്നത്’ ‘അതിനെത്തുടര്‍ന്ന് ഇന്ന വചനം അവതരിച്ചു’ എന്നൊക്കെ മുന്‍ഗാമി കളുടെ വാക്കുകളില്‍ കാണുമ്പോഴേക്കും അവ ആ ആയത്തുകളുടെ സാക്ഷാല്‍ അവതരണഹേതുക്കള്‍തന്നെയാണെന്ന് തീര്‍ച്ചപ്പെടുത്തിക്കൂടാത്തതാണ്. ‘ഇന്നിന്ന വിധത്തിലുള്ള വിഷയങ്ങളെക്കുറിച്ചാണ് ഈ ആയത്തില്‍ പറയുന്നത്’ ‘ഇതുപോലുള്ള വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്’ ‘ഈ ആയത്തിന്റെ ഉള്ളടക്കത്തില്‍ ഇതും ഉള്‍പ്പെടുന്നു’ എന്നിങ്ങിനെയുള്ള അര്‍ത്ഥത്തിലായിരിക്കും പലപ്പോഴും അവര്‍ ആ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ഒരേ ആയത്തിനെ സംബന്ധിച്ചുതന്നെ വ്യത്യസ്തങ്ങളായ ഒന്നിലധികം സ്വീകാര്യയോഗ്യമായ രിവായത്തുകള്‍ കാണപ്പെടാറുളളതും. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവര്‍, ആ രിവായത്തുകള്‍ പരസ്പര വിരുദ്ധങ്ങളാണെന്നോ, ചില ആയത്തുകള്‍ ഒന്നിലധികം പ്രാവശ്യം അവതരിച്ചിട്ടുണ്ട് എന്നോ തെറ്റിദ്ധരിച്ചേക്കുന്നതാണ്. ഹദീഥുകളില്‍ പോലും ചിലപ്പോള്‍, ഇതുപോലെയുള്ള പ്രയോഗങ്ങള്‍ കാണപ്പെട്ടേക്കും. ഇങ്ങിനെയുള്ള പ്രസ്താവനകളില്‍ ആയത്തിന്റെ ഉദ്ദേശ്യത്തിലേക്കു വെളിച്ചം നല്കുന്ന ഭാഗവും, കേവലം ഉദാഹരണമായി മാത്രം എടുക്കാവുന്ന ഭാഗവും പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു.
ഒരു കാര്യം പ്രത്യേകം ഓര്‍മവെക്കേണ്ടതുണ്ട്: ഏതെങ്കിലും ഒരു സംഭവത്തെ ത്തുടര്‍ന്നോ, ഏതെങ്കിലും വ്യക്തികളുടെ ചെയ്തികളെ സൂചിപ്പിച്ചുകൊണ്ടോ അവതരിച്ച ആയത്തുകളില്‍ അടങ്ങിയിട്ടുള്ള വിധി, ആ സംഭവത്തിനുമാത്രം ബാധകമായതാണെന്നോ, അതില്‍ സൂചിപ്പിച്ച വ്യക്തികളെ മാത്രം ബാധിക്കുന്നതാണെന്നോ കരുതിക്കൂടാത്തതാകുന്നു. ഈ വസ്തുത ഗ്രഹിക്കായ്ക നിമിത്തവും പലര്‍ക്കും പലപ്പോഴും അമളി പിണയാറുണ്ട്. الحكم عام وان كان النزول خاصا (അവതരണഹേതു പ്രത്യേകമായതായിരുന്നാലും, വിധി പൊതുവായതാണ് ) എന്ന തത്വം സര്‍വ്വസ്വീകാര്യമായിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാകുന്നു. ഉദാഹരണമായി: അബൂബക്ര് (റ) ചെയ്ത ഒരു സല് പ്രവൃത്തിയെപ്പറ്റി ഒരു ആയത്തില്‍ പ്രശംസിച്ചു പറയുന്നുവെന്ന് കരുതുക. അല്ലെങ്കില്‍ അബൂജഹ്ലിന്റെ ദുഷ്ചെയ്തിയെപ്പറ്റി ആക്ഷേപിച്ചു ഒരു ആയത്തില്‍ പറയുന്നുവെന്ന് വെക്കുക. അത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവരും അതുപോലെയുള്ള പ്രശംസക്ക് അര്‍ഹരാണെന്നും, അത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവരും അതുപോലെയുള്ള ആക്ഷേപങ്ങള്‍ക്ക് പാത്രമാണെന്നുമാണ് നാം അതില്‍ നിന്നു മനസ്സിലാക്കേണ്ടത്.
3. ‘നസ്ഖ്’ (ദുര്‍ബ്ബലപ്പെടുത്തല്‍ النسخ)
വളരെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും, ഖണ്ഡനമണ്ഡനങ്ങള്‍ക്കും ഇടയായിട്ടുള്ള ഒരു വിഷയമാണ് ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ ‘നസ്ഖ്’ന്റെ വിഷയം. മുന്‍ഗാമികള്‍ ഈ വാക്കിനു നല്‍കിവരുന്ന അര്‍ത്ഥങ്ങളും, പിന്‍ഗാമികള്‍ അതിനു നല്കിയ നിര്‍വ്വചനങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഇതിനുള്ള പ്രധാന കാരണം. ‘നീക്കം ചെയ്യുക, പകര്‍ത്തുക’ എന്നൊക്കെയാണ് ‘നസ്ഖ്’ ( النسخ ) എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. ഒരു ഗ്രന്ഥത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പകര്‍ത്തി എഴുതുന്നതിനും, തണല്‍ വെയിലിനെ നീക്കുന്നതിനുമെല്ലാം ‘നസ്ഖ്’ എന്ന് പറയാറുള്ളത് ഈ അര്‍ത്ഥ ത്തിലാണ്. ഒരു അംഗീകൃതമായ രേഖ മുഖേന മുമ്പുള്ള ഒരു മത നിയമം നീക്കം ചെയ്യുക അഥവാ അതിനെ ദുര്‍ബ്ബലപ്പെടുത്തുക ( رفع حكم شرعى بدليل شرعى ) എന്നിങ്ങനെയുള്ള ഒരു സാങ്കേതികാര്‍ത്ഥത്തിലാണ് പിന്‍ഗാമികള്‍ ‘നസ്ഖ്’ ഉപയോഗിച്ചുവരുന്നതും, കൈകാര്യം ചെയ്യുന്നതും. ദുര്‍ബ്ബലപ്പെടുത്തപ്പെട്ട നിയമ ത്തിനും, അതിന്റെ ലക്ഷ്യത്തിനും ‘മന്‍സൂഖ്’ ( المنسوخ ) എന്നും ദുര്‍ബ്ബലപ്പെടുത്തുന്ന പുതിയ രേഖക്കും അതിലെ വിധിക്കും ‘നാസിഖ്’ ( الناسخ ) എന്നും പറയപ്പെടും. വിശദീകരണവേളയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പലതും കാണാമെങ്കിലും, ഈ നിര്‍വ്വചന പ്രകാരം ക്വുര്‍ആനില്‍ നസ്ഖിന് വളരെ തുച്ഛം ഉദാഹരണങ്ങളല്ലാതെ ലഭിക്കുവാനില്ല. എന്നാല്‍, സ്വഹാബികള്‍, താബിഈങ്ങള്‍ തുടങ്ങിയ മുന്‍ഗാമികളുടെ പ്രസ്താവനകള്‍ പരിശോധിക്കുന്നതായാല്‍, നീക്കം ‘ചെയ്യുക’ ( الازالة ) എന്ന ഭാഷാര്‍ത്ഥത്തിലാണ് അവര്‍ ആ വാക്ക് ഉപയോഗിച്ചിരുന്നതെന്ന് കാണാം. ഈ അര്‍ത്ഥമാകട്ടെ, കൂടുതല്‍ വിശാലവും, വ്യാപകമായിട്ടുള്ളതുമാണ്.
ഏതെങ്കിലും ഒരു കാര്യത്തിന്റെ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥമല്ല അവിടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്ന് കാണിക്കുക, ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട ഒരു നിയമത്തിന് ആ ഉപാധി ഉണ്ടായിരിക്കല്‍ നിര്‍ബന്ധമില്ലെന്ന് കാണിക്കുക, സാമാന്യമായി പ്രസ്താവിക്കപ്പെട്ട ഒരു ലക്ഷ്യംകൊണ്ടുദ്ദേശ്യം ഏതെങ്കിലും പ്രത്യേകമായിട്ടുള്ള ഒന്നാണെന്ന് മനസ്സിലാക്കുക, ഇസ്ലാമിന് മുമ്പുണ്ടായിരുന്ന ഏതെങ്കിലും പതിവുകളെ നീക്കം ചെയ്യുക എന്നിങ്ങനെയുള്ള പല അര്‍ത്ഥങ്ങളിലും അവര്‍ ‘നസ്ഖ്’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ആകയാല്‍, മുന്‍ഗാമികളുടെ അര്‍ത്ഥം അനുസരിച്ച് ക്വുര്‍ആനില്‍ നസ്ഖിന്റെ വൃത്തം വലുതായിത്തീരുന്നു. നൂറുക്കണക്കില്‍ ആയത്തുകള്‍ ‘മന്‍സൂഖു’ കളുടെ ഇനത്തില്‍ ഉള്‍പ്പെട്ടതായി മുന്ഗാമികളില് ചിലര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ എണ്ണിക്കാണുന്നതിന്റെ രഹസ്യം ഇതാണ്. ഈ വാസ്തവം മനസ്സിലാക്കാത്തവര്‍ ആ ഗ്രന്ഥങ്ങളുടെ നേരെ പുച്ഛഭാവം ഉള്‍ക്കൊള്ളുന്നത് കാണാം. ഹിജ്റഃ 118 ല്‍ കാലഗതി പ്രാപിച്ച ഖത്താദഃ (റ), മൂന്നാം നുറ്റാുകാരായ അബൂഉബൈദ് (റ), അബൂദാവൂദ് (റ), അബൂജഅ്ഫര്‍-നഹ്ഹാസ് (റ), ആറാം നൂറ്റാണ്ടുകാരനായ ഇബ്നുല്‍ ജൗസീ (റ) മുതലായ പലരും ഈ വിഷയകമായി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
മേല്പറഞ്ഞ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ പലര്‍ക്കും അബദ്ധം പിണയാറുണ്ട്. ‘നസ്ഖി’ന് പിന്‍ഗാമികള്‍ കല്പിച്ചു വരുന്ന നിര്‍വ്വചനങ്ങളിലൂടെ മാത്രം അതിനെ പരിചയപ്പെടുകയും, അതോടൊപ്പം മേല്‍ കണ്ട മഹാന്മാരുടെ പ്രസ്താവനകള്‍ കാണുകയും ചെയ്യുന്നതിന്റെ ഫലമായി ക്വുര്‍ആനില്‍ എത്രയോ ആയത്തുകളുടെ വിധികള്‍ ദുര്‍ബ്ബലപ്പെട്ടുപോയിട്ടുണ്ടെന്ന് പലരും ധരിച്ചുപോകുകയും, അതുവഴി നിരവധി ആയത്തുകളില്‍ അടങ്ങിയിരിക്കുന്ന മതവിധികളും, തത്വങ്ങളും അവഗണിക്കപ്പെടുവാന്‍ ഇടയാവുകയും ചെയ്തിരിക്കുന്നു. ചില തഫ്സീര്‍ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകുന്നതാണ്. ശത്രുക്കള്‍ക്ക് മാപ്പു നല്കുവാനും, വിട്ടുവീഴ്ച കൈകൊള്ളുവാനും നിര്‍ദ്ദേശിക്കുന്ന ആയത്തുകള്‍ കാണുന്നിടത്തെല്ലാം, അവ യുദ്ധത്തിന്റെ ആയത്തുകള്‍ മുഖേന മന്‍സൂഖാണ് (ദുര്‍ബ്ബലപ്പെടുത്തപ്പെട്ടത്) എന്നും, ദാനധര്‍മങ്ങള്‍ ചെയ്വാന് ശക്തിയായ ഭാഷയില്‍ ഊന്നിപ്പറയുന്ന ആയത്തുകള്‍ കാണുമ്പോള്‍ അവ സകാത്തിന്റെ ആയത്തുകളാല്‍ ‘മന്‍സൂഖാ’ണ് എന്നും ചിലര്‍ വിധികല്പിക്കാറുള്ളത് ഇതിന് ഉദാഹരണമത്രെ. വാസ്തവത്തില്‍ ഇതൊന്നുംതന്നെ ‘മന്‍സൂഖ്’കളില്‍ പെട്ടതല്ല. ‘മുഹ്കമു’ (നിയമ ബലമുള്ളത്)കളില്‍ പെട്ടവതന്നെയാണ്. (*)
(*) ‘മുഹ്കമു’ ( المحكم ) എന്ന പദം മുമ്പ് പറഞ്ഞതുപോലെ ‘മുതശാബിഹി’ന്റെ വിപരീതമായും ‘മന്‍സൂഖി’ന്റെ വിപരീതമായും ഉപയോഗിക്കാറുണ്ട്.
നേരെ മറിച്ച് നിലവിലുള്ള ഒരു നിയമം നീക്കം ചെയ്ത് പകരം വേറെ ഒരു നിയമം നടപ്പിലാക്കുന്നത് കേലവം യുക്തിപരമല്ലെന്നും ഏറ്റവും വലിയ യുക്തിമാനും സര്‍വ്വജ്ഞാനിയുമായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഉണ്ടാകുവാന്‍ പാടില്ലെന്നുമുള്ള നിഗമനത്തില്‍ മറ്റൊരു വിഭാഗം ആളുകള്‍ ക്വുര്‍ആനില്‍ ‘നസ്ഖ്’ എന്നൊന്ന് തീരെ ഇല്ലെന്ന് ധരിക്കുകയും, അങ്ങിനെ വാദിക്കുകയും ചെയ്യാറുണ്ട്. വാസ്തവത്തില്‍, സ്വഹാബികള്‍ അടക്കമുള്ള മുന്‍ഗാമികള്‍ കല്പിച്ചിരുന്ന വിപുലാര്‍ത്ഥത്തിലുള്ള നസ്ഖ് ക്വുര്‍ആനില്‍ ഉണ്ടായിരിക്കുന്നത് (ചില ആയത്തുകള്‍ ‘നാസിഖും’ ചിലത് ‘മന്സൂഖും’ ആയേക്കുന്നത്) യുക്തിഹീനമല്ല. സ്വാഭാവികം മാത്രമാകുന്നു. ഇതുപോലെത്തന്നെ ഒരു നിയമത്തിന് ആസ്പദമായിരുന്ന താല്ക്കാലികമായ ഒരു തത്വത്തിന്റെ അഭാവത്തില്‍ -ആ തത്വം കാലഹരണപ്പെട്ടുപോയതിനാല്‍- തല്‍സ്ഥാനത്ത് കൂടുതല്‍ യുക്തമായ മറ്റൊരു നിയമം സ്ഥിരപ്പെടുത്തുക എന്നുള്ളതും, മനുഷ്യവംശത്തിന്റെ ബുദ്ധിപരവും സാമൂഹ്യവുമായ പക്വതയും പാകതയും പൂര്‍ത്തിയാകുംമുമ്പ് അതാതുകാലത്തിനനുസരിച്ച് പൂര്‍വ്വഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്ന അനുഷ്ഠാന നിയമങ്ങള്‍ മാറ്റി പകരം കൂടുതല്‍ യുക്തമായ നിയമങ്ങള്‍ കൊണ്ടുവരുക എന്നുള്ളതും ആവശ്യമാണെന്ന് പറയേണ്ടതില്ല. നസ്ഖിന് മുന്‍ഗാമികള്‍ കല്പിച്ചിരുന്ന അര്‍ത്ഥമനുസരിച്ച് ഇതെല്ലാം നസ്ഖിന്റെ ഇനത്തില്‍ ഉള്‍പ്പെടുന്നു. അല്ലാഹു പറയുന്നു:-
مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ – البقرة
സാരം : നാം വല്ല ആയത്തും ‘നസ്ഖ്’ ചെയ്കയോ, അല്ലെങ്കില്‍ അത് വിസ്മരിപ്പിച്ച് കളയുകയോ ചെയ്യുന്ന പക്ഷം, അതിനേക്കാള്‍ ഉത്തമമോ അതുപോലെയുള്ളതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് നിനക്ക് അറിഞ്ഞുകൂടേ?! (അല്‍ബക്വറഃ: 106).
وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ ۙ وَاللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إِنَّمَا أَنتَ مُفْتَرٍ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ – النحل ١٠١
ഒരു ആയത്തിന്റെ സ്ഥാനത്ത് നാം വേറൊരു ആയത്ത് പകരമാക്കുന്നതായാല്‍-അല്ലാഹുവാകട്ടെ, താന്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഏറ്റവും അറിയുന്നവനുമാണ്- അവര്‍ പറയും: നീ കെട്ടിപ്പറയുന്നവന്‍ മാത്രമാണ് എന്ന്. പക്ഷേ, അവരില്‍ അധികമാളുകളും അറിയുന്നില്ല. (നഹ്ല്: 101)
തൗറാത്തിലെ ചില അനുഷ്ഠാനക്രമങ്ങള്‍ ക്വുര്‍ആന്‍ മുഖേന ദുര്‍ബലപ്പെടുത്തി പകരം കൂടുതല്‍ യുക്തമായ അനുഷ്ഠാനക്രമങ്ങള്‍ ക്വുര്‍ആന്‍ നടപ്പാക്കിയതിനെയും, താല്‍ക്കാലിക പരിതഃസ്ഥിതികള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെട്ടിരുന്ന ചില നിയമങ്ങള്‍ക്കു പകരം സ്ഥിരവും ശാശ്വതവുമായ മതവിധി സ്ഥാപിക്കുന്നതിനെയും എടുത്തുപൊക്കിക്കൊണ്ട് യഹൂദികള്‍ മുതലായ ഇസ്ലാമിന്റെ വൈരികള്‍ ക്വുര്‍ആന്റെയും നബി (സ.അ) യുടെയും നേരെ തൊടുത്തുവിട്ടിരുന്ന ആക്ഷേപങ്ങള്‍ക്കു മറുപടിയായിട്ടാണ് ആദ്യത്തെ വചനം അവതരിച്ചിട്ടുള്ളത് എന്നു സ്മരണീയമാകുന്നു. ‘നസ്ഖി’ന്റെ നിര്‍വ്വചനത്തിലും, ക്വുര്‍ആനില്‍ ‘നസ്ഖ്’ വരുന്ന കാര്യത്തിലും പണ്ഡിതന്മാര്ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്നു കഥീര്‍(റ) ഇപ്രകാരം പറയുന്നു:
അല്ലാഹുവിന്റെ ‘ഹുക്മു’ (മതവിധി)കളില്‍ നസ്ഖ് വരുകയെന്നത് -അതില്‍ യുക്തിസഹമായ തത്വം ഉള്‍ക്കൊള്ളുന്നതുകൊണ്ട്- ‘ജാഇസാ’ണെന്ന (വിരോധമില്ലാത്തതാണെന്ന) കാര്യത്തില്‍ മുസ്ലിംകള് എല്ലാവരും ഏകാഭിപ്രായക്കാരാകുന്നു. (ക്വുര്‍ആനില്‍) അതു സംഭവിച്ചിട്ടുണ്ടെന്നു പറയുന്നവരുമാണ് അവരെല്ലാവരും. ക്വുര്‍ആന്‍ വ്യാഖ്യാതാവായ അബൂമുസ്ലിം ഇസ്വ്ഫഹാനീ(*) പറയുന്നത് ക്വുര്‍ആനില്‍ നസ്ഖില്‍പെട്ട ഒന്നും തന്നെ ഇല്ലെന്നാകുന്നു. അദ്ദേഹത്തിന്റെ ഈ വാദം ദുര്‍ബ്ബലവും തള്ളപ്പെട്ടതും ബാലിശവുമാണ്. ക്വുര്‍ആനില്‍ വന്നിട്ടുള്ള നസ്ഖുകള്‍ക്ക് മറുപടി പറയുവാന്‍ അദ്ദേഹം വളരെ പാടുപെടേണ്ടി വന്നിട്ടുണ്ട്. ഭര്‍ത്താവു മരണപ്പെട്ട ഭാര്യ ഒരു കൊല്ലം ‘ഇദ്ദഃ’ ( العدة ) ആചരിക്കണമെന്നുള്ള (അല്‍ബക്വറഃ : 240ലെ) നിയമം, അവള് നാലു മാസവും പത്തുദിവസവും ‘ഇദ്ദഃ’ ആചരിക്കുകയെന്ന (അല്‍ബക്വറഃ: 234) നിയമം കൊണ്ട് നസ്ഖ് ചെയ്തിരിക്കുകയാണ്. ഇതിന്നു അദ്ദേഹം സ്വീകാര്യമായ മറുപടി പറഞ്ഞിട്ടില്ല. ബൈത്തുല്‍ മുക്വദ്ദസ് ‘ക്വിബ്ലഃ’യായിരുന്നതിനു ശേഷം, ‘കഅ്ബ’യെ ‘ക്വിബ്ലഃ’യാക്കിയതും നസ്ഖില്‍പെട്ടതാണ്. ഇതിനും അദ്ദേഹം മറുപടി ഒന്നും പറഞ്ഞിട്ടില്ല. യുദ്ധത്തില്‍ അവിശ്വാസികളായ പത്തുപേരോട് ഒരു മുസ്ലിം എന്ന കണക്കില്‍ മുസ്ലിംകള് ക്ഷമിച്ചുനില്‍ക്കേണ്ടതുണ്ടെന്ന കല്പന, രണ്ടു പേരോട് ഒരാള്‍ ക്ഷമിച്ചു നിന്നാല്‍ മതിയാകുമെന്ന് (അന്‍ഫാല്‍: 65,66) നിയമിച്ചതും അതില്‍ ഉള്‍പ്പെട്ടതാണ് ( ابن ك ثير ). ഈ ഒടുവില്‍ കാണിച്ച ഉദാഹരണത്തില്‍ ഒന്നാമത്തെ വിധിമാറ്റി അതിന് പകരമായിട്ടാണ് രണ്ടാമത്തെ വിധി ഉണ്ടായിട്ടുള്ളതെന്നു ക്വുര്‍ആന്റെ പ്രസ്താവനകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്. الان خفف لله عن كم (ഇപ്പോള്‍, അല്ലാഹു നിങ്ങള്‍ക്ക് ലഘൂകരണം നല്കിയിരിക്കുന്നു) എന്ന മുഖവുരയോടു കൂടിയാണ് രണ്ടാമത്തെ വിധി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഒരു വിധി മാറ്റി പകരം വേറൊരു വിധി നടപ്പാക്കുമ്പോള്‍, ഏതാണ്ട് ഇതുപോലെയുള്ള വാക്കുകള്‍ ഉപയോഗിച്ചത് ക്വുര്‍ആനില്‍ വേറെയും കാണാം.
(*) ഒരു വലിയ മുഫസ്സിറാണ് അബൂ മുസ്ലിം ഇസ്വ്ഫഹാനീ. പക്ഷേ, അദ്ദേഹത്തിന് സ്വന്തമായുള്ള അഭിപ്രായങ്ങള്‍ പലതും കാണാവുന്നതാണ്. നസ്ഖിന്റെ വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകരിച്ചു സംസാരിക്കുന്ന ചില ആളുകളെ കാണാവുന്നതാണ്.
وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ
(നിങ്ങള്‍ നിങ്ങളുടെ മനസ്സിലുള്ളത് വെളിവാക്കിയാലും, അത് മറച്ചുവെച്ചാലും അല്ലാഹു അതിനെക്കുറിച്ചു നിങ്ങളെ വിചാരണ നടത്തും (അല്‍ബക്വറഃ: 284) എന്ന വചനം അവതരിച്ചപ്പോള്‍ ‘ഞങ്ങള്‍ക്ക് സാധ്യമല്ലാത്ത കാര്യം ഞങ്ങളോട് കല്പിക്കപ്പെട്ടിരിക്കുന്നുവല്ലോ’ ( كلفنا من الاعمال مالا نطيق ) എന്ന് സ്വഹാബികള്‍ നബി (സ.അ) യോട് സങ്കടപ്പെട്ടുവെന്നും, തിരുമേനി അവരോട് അതിനെപ്പറ്റി ഗുണദോഷിക്കുകയും അവര്‍ സമാധാനപ്പെടുകയും ഉണ്ടായെന്നും, പിന്നീട് അല്‍ബക്വറഃയിലെ അവസാനത്തെ വചനം അവതരിച്ചു അതിനെ നസ്ഖ് ചെയ്തുവെന്നും അബൂഹുറയ്റഃ (റ) വഴി ഇമാം മുസ്ലിം രിവായത്തുചെയ്ത ഒരു ഹദീഥില്‍ കാണാം. ഓരോരുത്തനും കഴിവുള്ളതല്ലാതെ, ആരോടും ശാസിക്കപ്പെടുകയില്ലെന്നും, മറന്നുകൊണ്ടോ, അബദ്ധത്തിലോ ചെയ്തുപോകുന്ന കുറ്റങ്ങള്‍ പാപങ്ങളല്ലെന്നും ആ വചനത്തില്‍നിന്നു സ്പഷ്ടമാകുന്നുണ്ട്. അപ്പോള്‍, കഴിവില്‍പെട്ടതും, മറന്നോ അബദ്ധത്തിലോ വന്നുവശായതല്ലാത്തതുമായ കുറ്റങ്ങളിലേ ശിക്ഷയുണ്ടാകുകയുള്ളൂ എന്ന് വ്യക്തമായി. ഇതുപോലെ ത്തന്നെ, ആലുഇംറാന് 102-ല്‍ اتَّقُوا اللَّهَ حَقَّ تُقَاتِهِ (അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സുക്ഷിക്കുവീന്‍!) എന്ന ആയത്തിന്റെ താല്പര്യത്തെ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ (നിങ്ങള്‍ക്കു സാധ്യമാകും പ്രകാരം അല്ലാഹുവിനെ സൂക്ഷിക്കുവീന്‍) (64:16) എന്ന ആയത്ത്കൊണ്ട് നസ്ഖ് ചെയ്തിരിക്കുന്നുവെന്ന് പറയപ്പെടാറുണ്ട്. ആദ്യത്തെ ആയത്തിന്റെ ഉദ്ദേശ്യം അതിന്റെ ബാഹ്യാര്‍ത്ഥം അനുസരിച്ചല്ല- രണ്ടാമത്തെ ആയത്തില്‍ വ്യക്തമാക്കപ്പെട്ടതനുസരിച്ചാണ്- നിലകൊള്ളുന്നത് എന്നത്രെ ഇതിന്റെ സാരം. മുന്‍ഗാമികള്‍ ‘നസ്ഖി’ന്നു കല്പിച്ചിരുന്ന വിശാലാര്‍ത്ഥത്തിലാണ്- പിന്‍ഗാമികളുടെ സാങ്കേതികാര്‍ത്ഥത്തിലല്ല- ഇത്തരം സ്ഥാനങ്ങളിലെല്ലാം നസ്ഖ് ഉണ്ടെന്ന് പറയുന്നത്. ഭാഷാര്‍ത്ഥത്തിലുള്ള നസ്ഖിന്റെ ഇനത്തില്‍പെട്ട ‘നാസിഖു-മന്‍സൂഖു’കള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ ‘നാസിഖാ’ണെന്ന് കരുതപ്പെടുന്ന ആയത്തുകള്‍, അതിലെ ‘മന്‍സൂഖെ’ന്ന് കരുതപ്പെടുന്ന ആയത്തുകളുടെ സാക്ഷാല്‍ ഉദ്ദേശ്യം വിവരിച്ചു തരികയാണ് ചെയ്യുന്നതെന്ന് കാണാവുന്നതാണ്.
ഒരു വിഷയത്തില്‍, സാങ്കേതികാര്‍ത്ഥത്തിലുള്ള നസ്ഖ് ഉണ്ടെന്ന് വെക്കേണമെങ്കില്‍, ‘നാസിഖും’ ‘മന്‍സൂഖു’മായി ഗണിക്കപ്പെടുന്ന ആയത്തുകളുടെ സാരോദ്ദേശ്യങ്ങള്‍ തമ്മില്‍ ഒരുവിധേനയും കൂട്ടിയോജിപ്പിക്കുവാന്‍ സാധ്യമല്ലാതിരിക്കണം. അതോടുകൂടി ‘നാസിഖാ’യി ഗണിക്കപ്പെടുന്ന ആയത്ത് മറ്റേ ആയത്ത് അവതരിച്ച തിന് ശേഷം മാത്രം അവതരിച്ചതായിരിക്കുകയും വേണം. ഈ ഉപാധികള്‍ ശരിക്കും തിട്ടപ്പെട്ട നസ്ഖുകള്‍ക്ക് ഉദാഹരണം ക്വുര്‍ആനില്‍ അധികമൊന്നും കാണുകയില്ല. ഇമാം സുയൂത്വീ (റ) അദ്ദേഹത്തിന്റെ അല്‍ഇത്ക്വാന്‍(*) എന്ന വിശ്രുത ഗ്രന്ഥത്തില്‍, നസ്ഖിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് സംസാരിച്ച കൂട്ടത്തില്‍ സാങ്കേതിക അര്‍ത്ഥത്തിലുള്ള മന്‍സൂഖായ ആയത്തുകളുടെ എണ്ണം ഏതാണ്ട് ഇരുപതോളം മാത്രമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ‘ആ ഇരുപതില്‍പെട്ട മിക്കതിലും ഈയുള്ളവന് ആലോചിക്കേണ്ടതായുണ്ട്’ എന്നൊരു പ്രസ്താവനയോടുകൂടി ശാഹ് വലിയുല്ലാഹിദ്ദഹ്ലവീ (റ) അദ്ദേഹത്തിന്റെ ‘ഫൗസുല്‍കബീര്‍’ എന്ന ഗ്രന്ഥത്തില്‍ അവ ഓരോന്നും എടുത്തുദ്ധരിക്കുകയും, അഞ്ചെണ്ണത്തിലൊഴിച്ച് ബാക്കിയുള്ളതിലൊന്നും നസ്ഖ് ഉള്ളതായി തീര്‍ത്തു പറയുവാന്‍ നിവൃത്തിയില്ലെന്ന് കാര്യകാരണസഹിതം വിധികല്പിക്കുകയും ചെയ്തിരിക്കുകയാണ്. അബൂമുസ്ലിമിന്നെതിരായി ഇബ്നു കഥീര്‍ (റ) ഉദ്ധരിച്ച -മേല്‍കണ്ട- മൂന്നു ഉദാഹരണങ്ങളില്‍ ആദ്യത്തേതും, അവസാനത്തേതുമാണ് ദഹ്ലവീ എണ്ണിയ അഞ്ചില്‍ രണ്ടെണ്ണം. സുയൂത്വീ (റ) കാണിച്ച ഉദാഹരണങ്ങള്‍ ചര്‍ച്ചനടത്തിക്കൊണ്ട് സാങ്കേതികാര്‍ത്ഥത്തിലുള്ള മന്‍സൂഖാകുന്നില്ലെന്ന് അദ്ദേഹം വിധി കല്പിച്ച കൂട്ടത്തില്‍, നാം മേല്‍കാണിച്ച രണ്ടു ഉദാഹരണങ്ങളും -അല്‍ബക്വറഃയിലെ 284 ഉം, ആലുഇംറാനിലെ 102 ഉം വചനങ്ങളും- ഉള്‍പ്പെടുന്നു.
(*) ക്വുര്‍ആന്റെയും, ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെയും നാനാവശങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ( السيوطى رح ) ഇമാം സുയൂത്വീ രചിച്ചിട്ടുള്ള മഹാഗ്രന്ഥമാണ് ‘അല്‍ ഇത്ക്വാന്‍’ ( الاتقان فى علوم القرآن )
ഇത്രയും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്:
1) ക്വുര്‍ആനില്‍, തീരെ നസ്ഖ് ഇല്ലെന്നു പറയുന്നത് ശരിയല്ല. വിശദീകരണത്തിലും, ഉദാഹരണത്തിലും അഭിപ്രായവ്യത്യാസമുണ്ടാകുമെങ്കിലും, ക്വുര്‍ആനില്‍ നസ്ഖ് ഉണ്ടെന്നുള്ളത് തര്‍ക്കമറ്റതാകുന്നു.
2) ‘നസ്ഖ്’ എന്ന വാക്ക് മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്നത് കുറേ വിശാലമായ അര്‍ത്ഥത്തിലായിരുന്നതുകൊണ്ട് അവരുടെ പ്രസ്താവനകളില്‍, നസ്ഖിന്റെ ആയത്തുകള്‍ പലതും ഉള്ളതായിക്കണ്ടേക്കും. വാസ്തവത്തില്‍ അവ ഇന്നറിയപ്പെടുന്ന സാങ്കേതികാര്‍ത്ഥത്തിലുള്ള നസ്ഖുകളില്‍ ഉള്‍പ്പെട്ടവയല്ല. അഥവാ, ഏതെങ്കിലും ഒരു വ്യാഖ്യാനത്തിന്റെ ഇനത്തില്‍പ്പെട്ടവയായിരിക്കും.
3) ഇസ്ലാമിക ഗ്രന്ഥങ്ങളില്‍, പില്ക്കാല പണ്ഡിതന്മാര് കല്പിച്ചുവരുന്ന അര്‍ത്ഥത്തിലുള്ള നസ്ഖിന്റെ ആയത്തുകള്‍ വളരെ കുറച്ചേയുള്ളൂ.
4) മേല്‍ സൂചിപ്പിച്ച ഉപാധികള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ നസ്ഖിന്റെ കാര്യം ആലോചനാ വിഷയമാകുകയുള്ളൂ.
5) ഉപാധികള്‍ പൂര്‍ത്തിയാക്കുന്നതിലും, വ്യാഖ്യാനം നല്‍കുന്നതിലും അഭിപ്രായവ്യത്യാസം ഉണ്ടാകാവുന്നത് കൊണ്ട് ഒരു വ്യാഖ്യാതാവ് നാസിഖും, മന്‍സൂഖുമായികരുതുന്ന ആയത്തുകളില്‍ മറ്റൊരു വ്യാഖ്യാതാവ് നസ്ഖിന്റെ വാദം ശരിവെച്ചില്ലെന്നു വരാവുന്നത് സ്വാഭാവികമാണ്.
6) നിലവിലുള്ള ഏതെങ്കിലും ഒരു മതനിയമം നീക്കം ചെയ്ത് പകരം, കൂടുതല്‍ ഉപയുക്തമായ മറ്റൊരു നിയമം തല്‍സ്ഥാനത്തുകൊണ്ടു വരിക എന്നത് ഇസ്ലാമിന്റെയോ, ക്വുര്‍ആനിന്റെയോ പോരായ്കകൊണ്ടോ, അപ്രായോഗികതകൊണ്ടോ ഉണ്ടാകുന്നതല്ല. നേരെമറിച്ച്, അത് അതിന്റെ പ്രായോഗികതയും, മനുഷ്യന്റെ പൊതുനന്മയില് അതിനുള്ള താല്പര്യവുമാണ് കുറിക്കുന്നത്. കാരണം, മാനുഷിക വളര്‍ച്ച പൂര്‍ത്തിയായിട്ടില്ലാത്ത ഒരു കാലത്തിനനസുരിച്ച്കൊണ്ടോ, ഇസ്ലാമിന്റെ മുഴുവന്‍ വശവും നടപ്പില്‍ വരുന്നതിനുമുമ്പ്- ഇസ്ലാമിന്റെ ആരംഭത്തില്‍ -നിലവിലുണ്ടായിരുന്ന താല്‍ക്കാലിക പരിതഃസ്ഥിതികള്‍ പരിഗണിച്ചുകൊണ്ടോ നിയമിതമായിരുന്ന ചുരുക്കം ചില നിയമങ്ങള്‍ മാത്രമാണ് നസ്ഖിന് വിധേയമായിട്ടുള്ളത്. അവയ്ക്ക് പകരം സ്ഥാപിതമായ ശാശ്വത നിയമങ്ങളാകട്ടെ, പ്രായോഗികതയിലോ, അനുഷ്ഠാന സൗകര്യത്തിലോ, അല്ലെങ്കില്‍ അവമൂലം ലഭിക്കാനിരിക്കുന്ന പുണ്യഫലങ്ങളിലോ-ഇവയെല്ലാറ്റിലുമോ- കൂടുതല്‍ ഗുണകരവും മെച്ചപ്പെട്ടവയുമാണു താനും.
ക്വുര്‍ആന്‍ വചനങ്ങളിലെന്നപോലെ, നബി (സ.അ) യുടെ സുന്നത്തിലും നസ്ഖ് ഉണ്ടായിരിക്കും. ഇതിനെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ടതായിട്ടില്ല. ‘ഉസ്വൂലി’ന്റെ (കര്‍മശാസ്ത്ര നിദാനത്തിന്റെ) ഗ്രന്ഥങ്ങളില്‍ അതിനെപ്പറ്റി സവിസ്തരം പ്രതിപാദി ക്കപ്പെട്ടിട്ടുള്ളതാണ്. ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവ് അറിഞ്ഞിരിക്കേണ്ടുന്ന അത്യാവശ്യ വസ്തുതകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് നാമിവിടെ ചെയ്യുന്നത്. ولله الموفق
വ്യാഖ്യാനത്തില്‍ ഗൗനിക്കപ്പെടേണ്ടുന്ന മറ്റു ചില കാര്യങ്ങള്‍
ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ അറിഞ്ഞിരിക്കേണ്ടതും, പാലിക്കേണ്ടതുമായ കാര്യങ്ങള്‍ ഇനിയും പലതുമുണ്ട്. ഉദാഹരണമായി ചുരുക്കം ചിലതുകൂടി ഇവിടെ സൂചിപ്പിക്കാം:- 1) ലോപനം ( الحذف ) അതായത് ഒരു വാക്യത്തില്‍ നിന്നു അതിലെ ചില പദങ്ങള്‍ വിട്ടുകളയുക. ഇതു ഭാഷയില്‍ സാധാരണമാണ്. ഉദാഹരണം: وَأُشْرِبُوأ فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ (അവരുടെ ഹൃദയങ്ങളില്‍ പശുക്കുട്ടി കുടിപ്പിക്കപ്പെട്ടിരിക്കുന്നു) ഇവിടെ العجل (പശുക്കുട്ടി) എന്നതിന് മുമ്പ് ഒരു പദം ലോപിച്ചിട്ടുണ്ട്. حب العجل (പശുക്കുട്ടിയോടുള്ള പ്രേമം) എന്നാണ് സാക്ഷാലുള്ളത്. وِسْئلِ الْقِرْيَةَ (രാജ്യത്തോട് ചോദിക്കുക) എന്നതിന്റെ സാക്ഷാല്‍ രൂപം واسأل اھل القرية (രാജ്യക്കാരോട് ചോദിക്കുക) എന്നും, واخْتَارَ مُوسىَ قَوْمَهُ (മൂസാ തന്റെ ജനതയെ തിരഞ്ഞെടുത്തു) എന്നതിന്റെ സാക്ഷാല്‍ രൂപം من قومھ (തന്റെ ജനതയില്‍ നിന്ന് തിരഞ്ഞെടുത്തു) എന്നുമാകുന്നു. ചിലപ്പോള്‍ ഒന്നിലധികം പദങ്ങളും- ചിലപ്പോള്‍ വാക്യങ്ങള്‍തന്നെയും- ഇങ്ങിനെ ലോപിച്ചിരിക്കും. ഉദാഹരണം: فَأَوْحَيْنآ إِلىَ مُوسَى أَنِ اضرِب بِّعصَاكَ البَحْرَ فَانفَلَقَ (അപ്പോള്‍ നാം മൂസാക്ക് വഹ്യ് നല്കി. നീ നിന്റെ വടിക്കൊണ്ട് സമുദ്രത്തെ അടിക്കുക എന്ന്. അപ്പോള്‍ അത് പിളര്‍ന്നു). മൂസാക്ക് വഹ്യ് നല്കിയപ്പോഴേക്കും സമുദ്രം പിളര്‍ന്നുവെന്നല്ല فضرب موسى بعصاه البحر فانفلق (അങ്ങനെ, മൂസാ തന്റെ വടികൊണ്ട് സമുദ്രത്തെ അടിച്ചു, അപ്പോള്‍ അത് പിളര്‍ന്നു) എന്നാകുന്നു. ഇങ്ങിനെ അനേകം ഉദാഹരണങ്ങള്‍ ക്വുര്‍ആനില്‍ കാണാം. ഇപ്രകാരം ലോപിച്ചുപോയ വാക്കുകളെ സന്ദര്‍ഭം കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്.
2) സാധാരണ ഉപയോഗിക്കപ്പെടാറുള്ള വാക്കിനുപകരം മറ്റൊരു വാക്ക് ഉപയോഗിക്കുക ( الابدال ) ഉദാഹരണം أَ هىذَا الّذى يذْكُرُ ءَالِهَتَكُمْ (ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ പറയുന്നവന്?) ഇവിടെ ഉദ്ദേശ്യം الذى يسب الھتكم (നിങ്ങളുടെ ദൈവങ്ങളെ പഴിച്ചു പറയുന്നവന്) എന്നത്രെ. فَأَذَ قَهَا اللهُ لِلباسَ الْجُوعِ (അപ്പോള്‍ അല്ലാഹു അതിന് വിശപ്പിന്റെ വസ്ത്രത്തെ ആസ്വദിപ്പിച്ചു) എന്നിടത്ത് طعم الجوع (വിശപ്പിന്റെ രുചിയെ) എന്നാണുദ്ദേശ്യം. ഇത്തരം പ്രയോഗങ്ങളില്‍ സാഹിത്യപരമായും, ആലങ്കാരികവുമായുള്ള പല സൂചനകളും അടങ്ങിയിരിക്കുന്നതാണ്.
3) ഇടക്ക് വെച്ച് സംസാരമുഖം മാറ്റുക ( الالتفات فى الكلام ) ഉദാഹരണമായി, സംഭാഷകന്‍ തന്നെക്കുറിച്ച് , ‘ഞാന്‍’ എന്നോ ‘ഞങ്ങള്‍’ എന്നോ (ഉത്തമ പുരുഷരൂപത്തില്‍) സംസാരിച്ചുകൊണ്ടിരിക്കെ, ഇടക്ക് വെച്ച് ‘അവന്’ എന്നോ ‘അവര്‍’ എന്നോ തന്നെപ്പറ്റിത്തന്നെ (പ്രഥമ പുരുഷരൂപത്തില്‍) പ്രയോഗിക്കുക. അല്ലെങ്കില്‍ ശ്രോതാക്കളെ കുറിച്ച് ‘നിങ്ങള്‍’ എന്നോ ‘നീ’ എന്നോ (മദ്ധ്യമ പുരുഷ രൂപത്തില്‍) പറഞ്ഞുകൊണ്ടിരിക്കേ ‘അവര്‍’ എന്നോ അവന് എന്നോ (പ്രഥമ പുരുഷ രൂപത്തില്‍) പ്രസ്താവിക്കുക. ക്വുര്‍ആനില്‍ ഇങ്ങിനെയുള്ള പ്രയോഗവും ധാരാളം കാണാം. ഉദാഹരണം: وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ أَزْوَاجًا مِّن نَّبَاتٍ شَتَّىٰ (അവന് ആകാശത്തു നിന്ന് വെള്ളം ഇറക്കി. എന്നിട്ടു നാം അതുകൊണ്ട് പല ജാതി സസ്യങ്ങളെ ഉല്പാദിപ്പിച്ചു (20:53) ഇവിടെ, ‘നാം’ ഉല്പാദിപ്പിച്ചു ( اخرجنا ) എന്നു പറഞ്ഞതു ‘അവന് ഉല്പാദിപ്പിച്ചു ( اخرج ) എന്നതിന്റെ സ്ഥാനത്താകുന്നു. ‘നാം’ എന്നും ‘അവന്’ എന്നും ഉപയോഗിച്ചിരിക്കുന്നത് അല്ലാഹുവിനെ ഉദ്ദേശിച്ചു തന്നെയാണ്. ഇതിലെല്ലാം അടങ്ങിയ സാഹിത്യ രഹസ്യങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിന്നു മനസ്സിലാക്കേണ്ടതാകുന്നു.
4) കൂടാതെ, വാചകത്തിന്റെ സ്വാഭാവികമായ രൂപം മാറ്റി മറ്റൊരു രൂപം നല്കല് ( القلب ), ചില അവ്യയങ്ങളോ മറ്റോ കൂടുതലാക്കല്‍ ( الزيادة ) , ഒരു ക്രിയയില്‍ മറ്റൊരു ക്രിയയുടെ അര്‍ത്ഥവും കൂടി ഉള്‍പ്പെടുത്തല്‍ ( التضمين ) , സാക്ഷാല്‍ അര്‍ത്ഥത്തിലല്ലാതെ ആലങ്കാരികമായ അര്‍ത്ഥത്തില്‍ പദങ്ങളും, വാക്യങ്ങളും ഉപയോഗിക്കല്‍ ( المجاز ) എന്നിങ്ങനെ അനേകം കാര്യങ്ങള്‍ അറിഞ്ഞിരിക്കേതുണ്ട്. അറബി ഭാഷാ പരിജ്ഞാനം കൊണ്ട് ഏറെക്കുറെ ഇതൊക്കെ മനസ്സിലാക്കാമെങ്കിലും, ക്വുര്‍ആനെ സംബന്ധിച്ചിടത്തോളം, അതിനു പുറമെ ക്വുര്‍ആന്റെ പ്രത്യേക സാഹിത്യവുമായുള്ള പരിചയം കൂടി ആവശ്യമാണ്.
ഇതുപോലെത്തന്നെ, വാച്യാര്‍ത്ഥം, വ്യംഗ്യാര്‍ത്ഥം, ദ്വയാര്‍ത്ഥം, സൂചനാര്‍ത്ഥം, പദാര്‍ത്ഥം, താല്പര്യം, ബാഹ്യാര്‍ത്ഥം, ആന്തരാര്‍ത്ഥം ആദിയായി വാക്യങ്ങളുടെ അര്‍ത്ഥ സാരങ്ങളില്‍ വരുന്ന തരാതരങ്ങളും, താരതമ്യങ്ങളും അറിഞ്ഞിരിക്കണം. ولله الموفق والمعين
ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍
1. മുന്‍ഗാമികള്‍
വിശുദ്ധ ക്വുര്‍ആന്റെ ഒന്നാമത്തെ വ്യാഖ്യാതാവും, ഏറ്റവും വലിയ വ്യാഖ്യാതാവും- അതെ, അതിന്റെ സാക്ഷാല്‍ വ്യാഖ്യാതാവ്- നബി തിരുമേനി (സ.അ) യാണെന്നും, തിരുമേനിയില്‍ നിന്ന് സ്വഹാബികള്‍ ക്വുര്‍ആന്റെ വ്യാഖ്യാനം മുഖാമുഖമായി കേട്ടുപഠിച്ചും, ചോദിച്ചറിഞ്ഞും കൊണ്ടിരുന്നുവെന്നും നാം കണ്ടുവല്ലോ. തിരുമേനിയുടെ കാലശേഷം, അവര്‍ അന്യോന്യം അന്വേഷിച്ചും, ചര്‍ച്ച നടത്തിയും ക്വുര്‍ആന്‍ വിജ്ഞാനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുക പതിവായിരുന്നു. ഓരോരുത്തര്‍ക്കും അല്ലാഹു നല്കിയ ബുദ്ധിശക്തി, അന്വേഷണ സൗകര്യം, ജ്ഞാനഭാഗ്യം ആദിയായവയുടെ തോതനുസരിച്ച് വ്യക്തികള്‍ക്കിടയില്‍ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്ന് മാത്രം. അങ്ങനെ, സ്വഹാബികളുടെ കൂട്ടത്തില്‍, ക്വുര്‍ആന്‍ വ്യാഖ്യാന വിജ്ഞാനത്തില്‍ കൂടുതല്‍ പ്രാമുഖ്യം നേടിയിരുന്നവര്‍ വിശിഷ്യാ പത്തുപേരായിരുന്നു. ‘ഖുലഫാഉര്‍ റാശിദീന്‍’ എന്നറിയപ്പെടുന്ന ആദ്യത്തെ ഖലീഫഃമാരായ അബൂബക്ര് (റ), ഉമര്‍ (റ), ഉഥ്മാന് (റ), അലി (റ) എന്നിവരും താഴെ കാണുന്ന ആറുപേരുമാണത്. അന്തരിച്ച ഹിജ്റാ വര്‍ഷമാണ് ബ്രാക്കറ്റില്‍.
1. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (32) 2. അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (86) 3. ഉബയ്യുബ്നുകഅ്ബ് (20) 4. സൈദുബ്നുഥാബിത്ത് (45) 5. അബൂമൂസല്‍ അശ്അരി (44) 6. അബ്ദുല്ലാഹ് ഇബ്നു സുബൈര്‍ (73)
ഖുലഫാഉര്‍ റാശിദുകളുടെ കൂട്ടത്തില്‍ അലി (റ)യില്‍ നിന്നാണ് കൂടുതല്‍ തഫ്സീറുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിലും കൂടുതലായിട്ടാണ് ഇബ്നുമസ്ഊദ് (റ)ല്‍ നിന്നു ലഭിക്കുന്നത്. ഇബ്നു അബ്ബാസ് (റ) ആകട്ടെ, ‘തര്‍ജുമാനുല്‍ ക്വുര്‍ആന്‍ (ക്വുര്‍ആന്റെ പരിഭാഷകന്) എന്നും’, ഹിബ്റുല്‍ ഉമ്മ ( حبر الامة – സമുദായത്തിലെ പണ്ഡിതന്) എന്നുമുള്ള അപരനാമങ്ങളാല്‍ പ്രസിദ്ധി നേടിയ മഹാനും, നബി (സ.അ) യുടെ പ്രത്യേക പ്രാര്‍ത്ഥന ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയുമാണ്.
ഇബ്നു അബ്ബാസ് (റ)ല്‍ നിന്നു തഫ്സീറുകള്‍ നിവേദനം ചെയ്യപ്പെടുന്ന മാര്‍ഗങ്ങള്‍ പ്രധാനമായി നാലെണ്ണെമാകുന്നു.
1) ഹിജ്റഃ 143 ല്‍ മരണമടഞ്ഞ അലിയ്യബ്നു ത്വല്‍ഹഃ മുഖേന. ഇബ്നു അബ്ബാസ് (റ)ല്‍ നിന്നും ഇദ്ദേഹം വഴി രിവായത്തു ചെയ്യപ്പെടുന്ന തഫ്സീറുകളാണ് ഇമാം ബുഖാരി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
2) ഹിജ്റഃ 120 ല്‍ മരണപ്പെട്ട ക്വൈവസുബ്നു മുസ്ലിം മുഖേന.
3) പ്രസിദ്ധ ചരിത്രകാരനായ ഇബ്നു ഇസ്ഹാക്വ് മുഖേന.
4) ഹിജ്റഃ 146 ല്‍ മരണപ്പെട്ട ‘കല്‍ബി’ എന്ന മുഹമ്മദ് ബ്നു സാഇബ് മുഖേന.
ഈ നാലാമത്തെ മാര്‍ഗമാണ് ഇവയില്‍ വെച്ചു ബലഹീനമായത്. ഇതുപോലെത്തന്നെ ‘സുദ്ദിസ്വഗീര്’ (ചെറിയ സുദ്ദി) എന്നറിയപ്പെടുന്ന മുഹമ്മദുബ്നു മര്‍വാന്റെ മാര്‍ഗവും വളരെ ബലഹീനമായതാകുന്നു. ഇബ്നു അബ്ബാസ് (റ) ല്‍ നിന്നു വിവിധ മാര്‍ഗങ്ങളില്‍ കൂടി ലഭിച്ച തഫ്സീറുകളെ ശേഖരിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ് ‘ഇബ്നു അബ്ബാസിന്റെ തഫ്സീര്‍’ تفسير ابن عباس എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥം. പ്രസിദ്ധ അറബി നിഘണ്ടുവായ ക്വാമൂസി ( القاموس )ന്റെ കര്‍ത്താവ് ഫൈറൂസാബാദിയാണ് ഇതിന്റെ കര്‍ത്താവ്.
നബി (സ.അ) യുടെ കാലത്ത് തന്നെ ക്വുര്‍ആന്‍ മനഃപഠമാക്കിയവരില് ഒരാളും, നല്ല ഓത്തുകാരനുമായിരുന്നു ഉബയ്യുബ്നു കഅ്ബ് (റ). റമദ്വാന്‍ മാസത്തിലെ രാത്രി നമസ്കാരത്തില്‍ ഉമര്‍ (റ) ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചത് അദ്ദേഹത്തെയായിരുന്നു. നബി (സ.അ) യുടെ എഴുത്തുകാരില്‍പെട്ട ഒരു പ്രധാനിയും, അബൂബക്ര് (റ)ന്റെ കാലത്തു ക്വുര്‍ആന്‍ ശേഖരിച്ച് ‘മുസ്വ്ഹഫാ’ക്കിയ ആളുമാണ് സൈദുബ്നു ഥാബിത്ത് (റ). ഉഥ്മാന് (റ)ന്റെ കാലത്തു മുസ്ഹഫിന്റെ പകര്‍പ്പുകളെടുത്ത സംഘത്തിന്റെ തലവനും അദ്ദേഹം തന്നെ. ഈ സംഘത്തില്‍പ്പെട്ട ഒരു അംഗം തന്നെയായിരുന്നു അബ്ദുല്ലാഹിബ്നു സുബൈറും (റ). അബൂമൂസല്‍ അശ്അരീ (റ) ഒരു നല്ല ഓത്തുകാരനായിരുന്നുവെന്നും, നബി (സ.അ) അദ്ദേഹത്തിന്റെ ഓത്തു കേള്‍ക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും നാം ഇതിന് മുമ്പ് കണ്ടുവല്ലോ.
സ്വഹാബികളില്‍ നിന്നു ക്വുര്‍ആന്‍ വിജ്ഞാനവും, തഫ്സീറും പഠിച്ചറിഞ്ഞ ‘താബിഈ’ പ്രമുഖന്മാരാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ രണ്ടാമത്തെ തലമുറ. ഇവരെ മൂന്നായി ഭാഗിക്കാം:
1) ഇബ്നു അബ്ബാസ് (റ)ന്റെ ശിഷ്യന്മാരായ മക്കായിലെ പണ്ഡിതന്മാര്.
2) ഇബ്നുമസ്ഊദ് (റ)ന്റെ ശിഷ്യന്മാരായ കൂഫയിലെ പണ്ഡിതന്മാര്.
3) സൈദ്ബ്നു അസ്ലം (റ)ന്റെ ശിഷ്യന്മാരായ മദീനായിലെ പണ്ഡിതന്മാര്.
വളരെ സ്വഹാബികളുമായി ബന്ധം പുലര്‍ത്തുകയും, അവരില്‍ നിന്ന് അറിവ് സമ്പാദിക്കുകയും ചെയ്ത ഒരു പ്രസിദ്ധ താബിഈ പ്രമുഖനായിരുന്നു സൈദ്ബ്നു അസ്ലം ( زيد بن اسلم رض ) ഇദ്ദേഹത്തിന്റെ വിയോഗം ഹിജ്റഃ : 136 ലായിരുന്നു.
ഇബ്നു അബ്ബാസ് (റ)ന്റെ പ്രധാന ശിഷ്യന്മാര്:-
1. മുജാഹിദ് (103)
2. സഈദുബ്നുജുബൈര്‍ (94)
3. ത്വാഊസ് (106)
4. അത്വാഉബിന് അബീറബാഹ് (114)
5. ഇക്രിമഃ മൗലാ ഇബ്നു അബ്ബാസ് (105)
‘നാലാളുകളില്‍ നിന്ന് നിങ്ങള്‍ തഫ്സീര്‍ സ്വീകരിച്ചുകൊള്ളുവീന്‍!’ എന്ന് പറഞ്ഞുകൊണ്ട് മഹാനായ സുഫ്യാനുഥൗരി, ഇവരില്‍ ആദ്യത്തെ മൂന്നാളുടെ പേരും (താഴെ പറയുന്ന) ള്വഹ്ഹാക് (റ)ന്റെ പേരും എണ്ണുകയുണ്ടായെന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ക്വത്താദഃ (റ) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം വന്നിട്ടുണ്ട്: ‘താബിഉകളില്‍ ഏറ്റവും അറിവുള്ളവര്‍ നാലാളാകുന്നു:
1) അത്വാഉ്ഃ ഇദ്ദേഹം ഹജ്ജുകര്മങ്ങളെ ( المنا سك ) സംബന്ധിച്ച് കൂടുതല്‍ അറിയുന്നവരാണ്.
2) സഈദുബ്നുജുബൈര്‍: ഇദ്ദേഹം തഫ്സീര്‍ കൂടുതല്‍ അറിയുന്നവരാണ്.
3) ഇക്രിമഃ ഇദ്ദേഹം ചരിത്രം കൂടുതല്‍ അറിയുന്നവരാണ്.
4) ഹസന് ബസ്വരീ: ഇദ്ദേഹം ‘ഹലാലും ഹറാമും’ (മതനിയമങ്ങള്‍) കൂടുതല്‍ അറിയുന്നവരാണ്.
മുജാഹിദ്(റ)നെക്കുറിച്ചു ഇതിന്നു മുമ്പു നാം പരിചയെ പ്പടുത്തുകയുണ്ടായിട്ടുണ്ട്. ഇമാം ശാഫിഈ (റ), ബുഖാരീ (റ) മുതലായവര്‍ തഫ്സീറില്‍ അദ്ദേഹത്തെ അവലംബമാക്കാറുെന്നതു പ്രസ്താവ്യമാണ്.
ഇബ്നു മസ്ഊദ് (റ)ന്റെ ശിഷ്യന്മാര്:-
1. അല്‍ക്വമ (102)
2. അസ്വദുബ്നുയസീദ് (75)
3. ഇബ്റാഹീം നക്വ്ഈ (95)
4. ശഅ്ബീ (105)
സൈദുബ്നു അസ്ലം (റ)ന്റെ ശിഷ്യന്മാര്:-
1. അബ്ദുറഹ്മാന് ബിന്‍സൈദ് (182)
2. ‘ഇമാം’ മാലിക് (179)
3. ഹസ്വന്ബസരീ (121)
4. അത്വാഉ് (135)
5. മുഹമ്മദുബ്നു കഅ്ബ് (117)
6. ള്വഹ്ഹാക്ക് (105)
7. അബുല്‍ ആലിയ (90)
8. അത്വിയ്യഃ (111)
9. ക്വത്താദഃ (117)
10. റബീഉ് (139)
11. സുദ്ദീ കബീര്‍ (ഇസ്മാഈല്‍ ബിന്‍ അബ്ദുറഹ്മാന്) (127).
പല സ്വഹാബികളില്‍ നിന്നും, താബിഉകളില്‍ നിന്നും വിജ്ഞാനം ശേഖരിച്ച മറ്റൊരു വിഭാഗം താബീഈ പ്രമുഖന്മാരാണ് 3-ാം തലമുറ:-
1. ഇബ്നുഉയയ്നഃ എന്ന സുഫ്യാന് (198)
2. വകീഉ് (197)
3. ശുഅ്ബഃ (160)
4. ഇസ്ഹാക്വുബ്നുറാഹവൈഹി(238)
5. ഇബ്നുഅബീശൈബ:
മുതലായ പലരും ഈ തലമുറയിലുണ്ട്. നാലാം തലമുറയിലെ പ്രധാനികളില്‍ ചിലര്‍ ഇവരാകുന്നു:
1. ഇബ്നുഅബീഹാതിം (327)
2. ഇബ്നുമാജഃ (273)
3. ഇബ്നുമര്‍ദവൈഹി (410)
4. ഇബ്നുഹിബ്ബാന്‍ (354)
5. ഇബ്നുല്‍ മുന്ദിര് (236)
6. ഇബ്നുജരീര്‍ (310)
പൗരാണിക ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ വളരെ പ്രധാനപെട്ട ഒരു മഹാ ഗ്രന്ഥമാണ് ഇബ്നുല്‍ ജരീര്‍ (റ) ന്റെ തഫ്സീര്‍. ഇതിനെപറ്റി മുമ്പ് നാം പ്രസ്താവിച്ചുവല്ലോ. ഇമാം സുബ്കീ(റ) തന്റെ ത്വബക്വാത്ത് ( الطبقات السبكى ) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇബ്നു ജരീര്‍ തന്റെ അനുയായികളോട്’ ക്വുര്‍ആന്‍ ഒരു വ്യാഖ്യാനം എഴുതുന്നതില്‍ വിരോധമുണ്ടോ?’ എന്ന് ചോദിക്കുകയുണ്ടായി. അവര്‍ ചോദിച്ചു: ‘അതിന്റെ വലിപ്പം എത്രവരും!’ അദ്ദേഹം പറഞ്ഞു: ‘മുപ്പതിനായിരം കഷ്ണം’. അവര്‍ പറഞ്ഞു: അത് പൂര്‍ത്തിയാകും മുമ്പായി ആയുഷ്ക്കാലം കഴിഞ്ഞു പോയേക്കുമല്ലോ?’ എന്നിട്ട് അദ്ദേഹം മുവ്വായിരത്തോളം കഷ്ണത്തിലായി അത് ചുരുക്കി എഴുതുകയാണ് ചെയ്തത്, എന്നിപ്രകാരം രിവായത്തു ചെയ്യപ്പെട്ടിരിക്കുന്നു. ആ മഹല്‍ ഗ്രന്ഥത്തിന്റെ പേര് جامع البيان فى تفسير القرآن (ക്വുര്‍ആന്‍ വ്യാഖ്യാനത്തിലുള്ള വിവരണ സമാഹാരം) എന്നാണ്.
2. പിന്‍ഗാമികളായ മുഫസ്സിറുകള്‍
മേല്‍കണ്ട മഹാന്മാരുടെ കാലങ്ങള്‍ കഴിയുമ്പോഴേക്കും മുസ്ലിംകളുടെ സ്ഥിതിഗതികളില്‍ ക്രമേണ പല മാറ്റങ്ങളും സംഭവിച്ചു തുടങ്ങി. മുമ്പില്ലാത്ത ശാസ്ത്രീയ വിജ്ഞാനങ്ങളും വൈദേശിക സംസ്കാരങ്ങളും പ്രചാരത്തില്‍ വന്നുകൊണ്ടിരുന്നു. ഇസ്ലാമിക വിജ്ഞാനങ്ങള്‍ പലതും ശാസ്ത്രീയ രൂപം പൂണ്ടുകൊണ്ടിരിക്കുകയായി. വിവിധ തുറകളിലും ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. മുഖാമുഖമായും, നിവേദന പരമ്പരകളില്‍ കൂടിയുമായിരുന്ന ജ്ഞാനസമ്പാദന മാര്‍ഗങ്ങളിലും, ക്വുര്‍ആന്റെ വ്യാഖ്യാനത്തിന്റെ രീതിയിലും ഇതോടെ മാറ്റം സംഭവിച്ചു. മുന്‍ഗാമികളുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ഉദ്ധരിക്കുന്നതില്‍ നിവേദന പരമ്പര വിവരിക്കുകയും, ബലാബലം പരിശോധിക്കുകയും ചെയ്യുന്ന സമ്പ്രദായം വിസ്മരിക്കപ്പെട്ടു. ശാസ്ത്രങ്ങളുടെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലും ആദര്‍ശങ്ങളുടെയും കക്ഷികളുടെയും അടിസ്ഥാനത്തിലുമുള്ള ചിന്താഗതികളും താല്പര്യങ്ങളും ഉടലെടുത്തു.
ഇത്യാദി കാരണങ്ങളാല്‍ -മറ്റു പലതിലുമെന്നപോലെ- ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തിലും പുതിയ സമ്പ്രദായങ്ങള്‍ രംഗപ്രവേശം ചെയ്തു. കാലം ചെല്ലുന്തോറും അതതു കാലത്തിന്നനുസരിച്ച ചില മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നതല്ലാതെ, ക്വുര്‍ആന്റെ ഉള്ളടക്കം യഥാവിധി സമുദായത്തിനു മനസ്സിലാക്കികൊടുക്കുകയും, കാമ്പും കാതലുമായ വശങ്ങളിലേക്ക് ജനങ്ങളെ ആനയിക്കുകയും ചെയ്തിരുന്ന ആ പഴയ പരമ്പര്യം രണ്ടാമത് ഉടലെടുക്കുകയുണ്ടായില്ല. പൊതുനിലയാണ് ഇപ്പറഞ്ഞത്. എങ്കിലും, നാളിതുവരെയും- ഇടക്കിടെ അല്ലാഹു സമുദായത്തിനു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ചില മഹാവ്യക്തികളുടെ സേവനങ്ങള്‍ മുഖേന-വിശുദ്ധ ക്വുര്‍ആന്റെ വ്യാഖ്യാനസമ്പത്ത് സമുദായത്തിനു മുഴുവന്‍ നഷ്ടപ്പെടാതെ, അതിന്റെ സ്മരണകള്‍ അവന് നിലനിറുത്തിക്കൊണ്ടുവന്നിട്ടുണ്ട്. الحمد لله
അങ്ങനെ, ചില ആളുകള്‍ തങ്ങളുടെ തഫ്സീറുകളില്‍ ‘ഇല്‍മുല്‍കലാം’ (വിശ്വാസശാസ്ത്രം) സംബന്ധമായ വാഗ്വാദങ്ങളും, ഖണ്ഡനമണ്ഡനങ്ങളും, ചോദ്യോത്തരങ്ങളും പ്രധാന വിഷയമാക്കി. അല്ലാഹുവിന്റെ തിരുനാമങ്ങള്‍ക്കും ഗുണവിശേഷണങ്ങള്ക്കും ( اسماء لله وصفاته ) ശാസ് ത്രീയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും, എതിര് കക്ഷികള്‍ക്കു മറുപടി പറയുകയും ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി. മറ്റൊരു കൂട്ടര്, ക്വുര്‍ആന്റെ സാഹിത്യത്തിലും, ഭാഷാഭംഗിയിലും ശ്രദ്ധകേന്ദ്രീകരിച്ചു. അതിന്റെ അമാനുഷിക ഗുണം വെളിപ്പെടുത്തുന്നതില്‍ മാത്രം സമയം വിനിയോഗിച്ചു. വേറൊരു കൂട്ടര്, വ്യാകരണ സംബന്ധമായും, ഭാഷാപരവുമായുള്ള വശങ്ങളിലാണ് പൂണ്ടുപിടിച്ചത്. വായനാമുറകള്‍, ഉച്ചാരണരീതി, പാരായണ മര്യാദകള്‍ ആദിയായവയാണ് മറ്റു ചിലര്‍ പ്രധാനമായും പരിശോധിച്ചത്. ഇനിയും ചിലര്‍, ക്വുര്‍ആനില്‍ അന്തര്ഭവിച്ചുകിടപ്പുള്ള അന്തസാരങ്ങളും, രഹസ്യവിജ്ഞാനങ്ങളും കണ്ടുപിടിക്കുവാന്‍ അതിന്റെ ആഴം തപ്പിക്കൊണ്ടിരുന്നു. അതേസമയത്തു ഒരുതരം ആളുകള്‍, ക്വുര്ആന്വാക്യങ്ങളെ ചികിത്സകള്‍ക്കും, മന്ത്രവാദത്തിനും ഉപയോഗപ്പെടുത്തുന്ന സൂത്രങ്ങള്‍ ആരായുകയാണ് ചെയ്തിരുന്നത്.
വേറൊരു കൂട്ടര് ചെയ്തത് ഇതൊന്നുമല്ല. ഓരോ ആയത്തിനോടും യോജിക്കുന്ന കഥകളും, വാര്‍ത്താനിവേദനങ്ങളും തേടിപ്പിടിച്ച് ശേഖരിക്കുകയാണ് ചെയ്തത്. സ്വീകാര്യമെന്നോ അല്ലാത്തതെന്നോ വിവേചനം ചെയ്യാതെ നബി തിരുമേനി (സ.അ) യുടെ ഹദീഥുകള്‍, സ്വഹാബിമാരുടെയും പണ്ഡിതന്മാരുടെയും പ്രസ്താവനകള്‍, ഇസ്റാഈലീ വൃത്താന്തങ്ങള്‍, നാടോടിക്കഥകള്‍ തുടങ്ങി കണ്ടതും കേട്ടതുമെല്ലാം അവര്‍ തഫ്സീറുകളില്‍ ഉള്‍ക്കൊള്ളിച്ചു. അതിശയോക്തികളും, കള്ളക്കഥകളും മാത്രമല്ല ഇത്തരം തഫ്സീറുകളില്‍ സ്ഥലം പിടിച്ചത്. ക്വുര്‍ആന്റെ സിദ്ധാന്തങ്ങള്‍ക്കും, ഇസ്ലാമിലെ മൗലിക തത്വങ്ങള്‍ക്കും കടകവിരുദ്ധമായ കഥകളും, പ്രസ്താവനകളും തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ കടന്നുകൂടി. മദ്ധ്യനൂറ്റാണ്ടുകളിലും, അനന്തര കാലങ്ങളിലും ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ പലരും സ്വീകരിച്ചുവന്ന പൊതുനില ഇതാണ്. പ്രചാരത്തിലിരിക്കുന്ന ചെറുതും വലുതുമായ പല തഫ്സീറുകളും പരിശോധിച്ചാല്‍, ഈ വസ്തുത മനസ്സിലാകുന്നതാകുന്നു.
ഒരു കാര്യം നാം പ്രത്യേകം ഓര്‍മിച്ചിരിക്കേതുണ്ട്. ആദ്യ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തഫ്സീര്‍ ഗ്രന്ഥങ്ങളുടെ പൊതുനില മേല്പറഞ്ഞ പ്രകാരമാണെന്ന് വെച്ച് അവയെല്ലാം അപ്പടി പുറം തള്ളിക്കളയേണ്ടതാണെന്നോ, അവയിലൊന്നും സമുദായത്തിന് ഉപകാരപ്രദങ്ങളായ സംഭാവനകള്‍ അടങ്ങിയിട്ടില്ലെന്നോ ധരിച്ചുകൂടാ. മൊത്തത്തില്‍ പറയുമ്പോള്‍, പല പോരായ്മകളും ന്യൂനതകളും ഉള്ളതോടൊപ്പം തന്നെ അനര്‍ഘങ്ങളായ അനേകം സംഭാവനകള്‍ അവ സമുദായത്തിന് സമര്‍പ്പിച്ചിട്ടുമുണ്ട്. വിലയേറിയ എത്രയോ വിജ്ഞാന രത്നങ്ങള്‍ കാഴ്ചവെച്ചിട്ടുമുണ്ട്. ഈ ശാസ്ത്രയുഗത്തില്‍ പുതുതായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന പല നൂതനവാദങ്ങള്‍ക്കും, ഭൗതികവീക്ഷണങ്ങളില് നിന്ന് നാമ്പെടുക്കുന്ന പല ആശയക്കുഴപ്പങ്ങള്‍ക്കും ക്വുര്‍ആന്റെ അടിസ്ഥാനത്തില്‍ മറുപടി കണ്ടുപിടിക്കുവാന്‍ വെളിച്ചം നല്കുന്ന പല തത്വങ്ങളും അവ മുഖേന നമുക്കു ലഭിക്കുന്നു. ഇതൊന്നും ആലോചിക്കാതെ- നല്ലതും ചീത്തയും വിവേചിക്കുവാന്‍ ശ്രമിക്കാതെ- അവയെപ്പറ്റി ഒന്നടങ്കം ‘കുറ്റം പറഞ്ഞു കൂലികഴിക്കു’വാന്‍ ശ്രമിക്കുന്നതും തികച്ചും അക്രമവും ധാര്‍ഷ്ട്യവുമാകുന്നു. ക്വുര്‍ആനിലെ വിജ്ഞാനസമ്പത്തു സമുദായമദ്ധ്യേ വിതരണം ചെയ്യലാണ് എല്ലാവരുടെയും ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിലുള്ള ജയാപജയ ങ്ങളുടെ തോത് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഓരോന്നിലെയും നല്ല വശങ്ങള് വിവേചിച്ചറിഞ്ഞ് നല്ലവശം ഉപയോഗപ്പെടുത്തുകയാണ് ആവശ്യം. അതാണ് ബുദ്ധി. പരിതഃസ്ഥിതികളുടെ ഒഴുക്കിനും, പരിസരങ്ങളുടെ സമ്മര്‍ദ്ദത്തിനും, കാലികമായ ആശയമാറ്റങ്ങള്‍ക്കുമനുസരിച്ച് മനഃസ്സാക്ഷി മാറാതെ, ആത്മ സംയമനവും, വിശ്വാസ ദാര്‍ഢ്യതയും പാലിക്കുന്നവരത്രെ ഭാഗ്യവാന്മാര്.