75:22
  • وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴾٢٢﴿
  • ചില മുഖങ്ങള്‍ അന്നത്തെ ദിവസം (സന്തോഷിച്ചു) പ്രസന്നമായവയായിരിക്കും;-
  • وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്നു نَّاضِرَةٌ പ്രസന്നമായ (ഭംഗിയായ - ശോഭിക്കുന്ന) വയായിരിക്കും
75:23
  • إِلَىٰ رَبِّهَا نَاظِرَةٌ ﴾٢٣﴿
  • (അതെ) അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും.
  • إِلَىٰ رَبِّهَا അവയുടെ റബ്ബിങ്കലേക്കു نَاظِرَةٌ നോക്കുന്നവയായിരിക്കും
75:24
  • وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ ﴾٢٤﴿
  • (മറ്റു) ചില മുഖങ്ങളാകട്ടെ, അന്നത്തെ ദിവസം (വിഷാദിച്ചു) ചുളുങ്ങിയവയുമായിരിക്കും;-
  • وَوُجُوهٌ ചില മുഖങ്ങളാവട്ടെ يَوْمَئِذٍ അന്നു بَاسِرَةٌ ചുളുങ്ങിയ (ചുളിഞ്ഞ - ഇറുകിയ - ഇരുണ്ട)വയായിരിക്കും
75:25
  • تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ ﴾٢٥﴿
  • അവയെക്കൊണ്ടു വല്ല അത്യാപത്തും പ്രവര്‍ത്തിക്കപ്പെടുമെന്നു അവ (ഉറപ്പായി) ധരിക്കുന്നതാണ്.
  • تَظُنُّ അവ ധരിക്കും (ഉറപ്പിക്കും) أَن يُفْعَلَ ചെയ്യപ്പെടു (പ്രവര്‍ത്തിക്കപ്പെടു)മെന്നു بِهَا അവയെക്കൊണ്ടു, അവയോടു فَاقِرَةٌ വല്ല അത്യാപത്തും, നട്ടെല്ലിനു ബാധിക്കുന്ന വിപത്തു

അതായത്, സന്തോഷാധിക്യത്താല്‍ സജ്ജനങ്ങളുടെ മുഖങ്ങള്‍ പ്രശോഭിച്ചു പ്രസന്നങ്ങളായിത്തീരുകയും, അല്ലാഹുവിനെ ദര്‍ശിക്കുകയെന്ന മഹാഭാഗ്യം അവര്‍ക്കു സിദ്ധിക്കുകയും ചെയ്യും. അതേ സമയത്തു ദുര്‍ജ്ജനങ്ങളാകട്ടെ, തങ്ങള്‍ക്ക് അത്യാപത്താണ് നേരിടുവാനുള്ളതെന്നു കണ്ടു അങ്ങേയറ്റം വിഷാദപ്പെടുകയും അവരുടെ മുഖങ്ങള്‍ ഇരുളടഞ്ഞു ചുളുങ്ങിപ്പോകുകയും ചെയ്യുന്നു.

സ്വര്‍ഗീയ അനുഗ്രഹങ്ങളില്‍ ഏറ്റവും വമ്പിച്ച അനുഗ്രഹമാണ് അല്ലാഹുവിന്‍റെ തിരുസന്നിധി ദര്‍ശിക്കുവാനുള്ള ഭാഗ്യം. ‘മുഅ്തസിലഃ’ വിഭാഗക്കാരെപ്പോലെയുള്ള ചില യുക്തിവാദക്കാര്‍ക്ക് അവരുടെ തത്വശാസ്ത്രമനുസരിച്ച് ഈ ദര്‍ശനത്തെ അംഗീകരിക്കുവാന്‍ സാധിക്കയില്ല. അതുകൊണ്ടു അവര്‍ അതു സംബന്ധിച്ച രേഖകളെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്തുകാണാം. പക്ഷേ, ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ബലപ്പെട്ട പല ഹദീസുകളില്‍ നിന്നും വ്യക്തമായി അറിയപ്പെട്ടതും, സഹാബികള്‍, താബിഉകള്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ എന്നു വേണ്ട, പൊതുവില്‍ മുസ്‌ലിം സമുദായം മുഴുവനും അംഗീകരിച്ചതുമായ ഒരു യാഥാർത്ഥ്യമാണത്. അബൂസഊദ് (റ), അബൂഹുറൈറഃ (റ) എന്നീ സഹാബികളില്‍ നിന്നു ഇമാം ബുഖാരിയും മുസ്‌ലിം (റ) മറ്റും ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ചില ആളുകള്‍ ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ, നാം ഖിയാമത്തു നാളില്‍ നമ്മുടെ റബ്ബിനെ കാണുമോ? അപ്പോള്‍ തിരുമേനി പറഞ്ഞു: ഒട്ടും മേഘമില്ലാത്ത അവസരത്തില്‍ സൂര്യനെയും ചന്ദ്രനെയും കാണുന്നതില്‍ നിങ്ങള്‍ക്കു വിഷമം നേരിടുമോ? അവര്‍ പറഞ്ഞു: ഇല്ല. തിരുമേനി പറഞ്ഞു: അതുപോലെ, നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ വഴിയെ കാണുന്നതാണ്.’

നബി(സ) അരുളിച്ചെയ്തതായി സ്വുഹൈബ്(റ) പ്രസ്താവിക്കുന്ന ഒരു ഹദീസിന്‍റെ സാരം ഇപ്രകാരമാണ്: ‘സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍, നിങ്ങള്‍ക്കു ഞാന്‍ വല്ലതും കൂടുതലായി നല്‍കേണ്ടതുണ്ടോ എന്നു അല്ലാഹു അവരോടു ചോദിക്കും. അവര്‍ മറുപടി പറയും: നീ ഞങ്ങളുടെ മുഖം വെള്ളയാക്കി (ഞങ്ങള്‍ക്കു സന്തോഷം നല്‍കി)ത്തരുകയും ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഞങ്ങളെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തുതന്നില്ലേ? (എനി എന്താണ് ഞങ്ങള്‍ക്കുവേണ്ടത്?!) അപ്പോള്‍ മറ ഉയര്‍ത്തപ്പെടും. എന്നിട്ടു അവര്‍ അല്ലാഹുവിന്‍റെ തിരുമുഖം നോക്കിക്കാണും. അപ്പോള്‍ അവര്‍ക്കു തങ്ങളുടെ റബ്ബിനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്ടപ്പെട്ടതായി മറ്റൊന്നും തന്നെ ഉണ്ടായിരിക്കയില്ല. പിന്നീടു തിരുമേനി

لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ – سورة يونس 26

(നന്മ പ്രവര്‍ത്തിച്ചവര്‍ക്കു ഏറ്റവും നല്ല പ്രതിഫലമുണ്ട്; കൂടുതലുമുണ്ട്.) എന്ന ഖുര്‍ആന്‍ വചനം ഓതുകയും ചെയ്തു. (മുസ്‌ലിം) ‘ഏറ്റവും നല്ല പ്രതിഫലം’ എന്നു പറഞ്ഞതു സ്വര്‍ഗവും, ‘കൂടുതല്‍’ എന്നു പറഞ്ഞതു തിരുമുഖദര്‍ശനവും ആകുന്നുവെന്നാണ് തിരുമേനി ഇതുമുഖേന ചൂണ്ടിക്കാട്ടിയത്. ‘അപ്പോള്‍ മറ ഉയര്‍ത്തപ്പെടും’ എന്നുള്ള ഹദീസിലെ വാക്യം ശ്രദ്ധേയമാണ്. അല്ലാഹുവിന്‍റെ തിരുമുഖം സൃഷ്ടികള്‍ക്കു കാണുവാന്‍ സാധിക്കാതിരിക്കുമാറുള്ള എന്തോ ഒരു മറ – ആ മറ എന്താണെന്നു അല്ലാഹുവിനറിയാം – ഉണ്ടെന്നും, ആ മറ ആരില്‍ നിന്നും നീക്കപ്പെടുന്നുവോ ആ ഭാഗ്യവാന്‍മാര്‍ക്കേ അതിനു സാധിക്കുകയുള്ളൂവെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. ഈ വസ്തുത അല്ലാഹുവിന്‍റെ വചനത്തില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. സൂറത്തുല്‍ മുത്വഫ്-ഫിഫീനില്‍ നരകക്കാരായ മഹാപാപികളെപ്പറ്റി അല്ലാഹു പറയുന്നു:

15 كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ – سورة المطففين

(അങ്ങിനെയല്ലാ, നിശ്ചയമായും അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നും മറയിടപ്പെടുന്നവരാണ്). ഇമാം ശാഫീ (റ) ചൂണ്ടിക്കാണിച്ചതു പോലെ, അല്ലാഹുവിനെ ദര്‍ശിക്കുന്നതില്‍ നിന്നു സജ്ജനങ്ങള്‍ മറയിടപ്പെടുന്നതല്ല. അതു കൊണ്ടാണല്ലോ അവിശ്വാസികള്‍ മറയിടപ്പെടുന്നവരാണെന്നു അല്ലാഹു പറഞ്ഞിരിക്കുന്നത്.

75:26
  • كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ ﴾٢٦﴿
  • വേണ്ട! അതു [പ്രാണന്‍] തോളെല്ലിങ്കല്‍ [തൊണ്ടക്കുഴിയില്‍] എത്തിയാല്‍,-
  • كَلَّا വേണ്ട, അങ്ങിനെയല്ല إِذَا بَلَغَتِ അതു എത്തിയാല്‍ التَّرَاقِيَ തോളെല്ലിങ്കല്‍, വളയനെല്ലുകളില്‍
75:27
  • وَقِيلَ مَنْ ۜ رَاقٍ ﴾٢٧﴿
  • 'ആരുണ്ടു മന്ത്രം നടത്തുന്നവന്‍' എന്നു പറയപ്പെടുകയും,-
  • وَقِيلَ പറയപ്പെടുകയും مَنْ ആരുണ്ട്, ആരാണു رَاق മന്ത്രം നടത്തുന്നവന്‍, വൈദ്യക്കാരന്‍
75:28
  • وَظَنَّ أَنَّهُ ٱلْفِرَاقُ ﴾٢٨﴿
  • അവന്‍ [മരണം ആസന്നമായവന്‍] അതു (തന്‍റെ) വേര്‍പാടാണെന്നു (ഉറപ്പായി) ധരിക്കുകയും,-
  • وَظَنَّ അവന്‍ ധരിക്കുക (ഉറപ്പിക്കുക)യും أَنَّهُ الْفِرَاقُ അതു വേര്‍പാടാണെന്നു

75:29
  • وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ ﴾٢٩﴿
  • കണങ്കാല്‍ കണങ്കാലോടു കൂടിപ്പിണയുകയും (ചെയ്‌താല്‍)!-
  • وَالْتَفَّتِ കൂടിപ്പിണയുകയും, പറ്റിച്ചേരുകയും السَّاقُ കണങ്കാല്‍ بِالسَّاقِ കണങ്കാലോടു
75:30
  • إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ ﴾٣٠﴿
  • അന്നു നിന്‍റെ റബ്ബിങ്കലേക്കായിരിക്കും (അവനെ) കൊണ്ടുപോകുന്നത്.
  • إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണ് يَوْمَئِذٍ അന്നു الْمَسَاقُ തെളിക്കല്‍ (കൊണ്ടുപോകല്‍)

ഈ രംഗം അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല. അല്‍പമൊന്നു ആലോചിക്കുന്ന ഏവനും അതിന്‍റെ ഗൗരവം ഏറെക്കുറെ ഊഹിക്കാവുന്നതാണ്. ഏതൊരുവനും നിസ്സഹായനായി മുട്ടുകുത്തുന്ന രംഗമത്രെ അത്. അതെ, ഈ ലോകവുമായി എന്നെന്നേക്കും വിടവാങ്ങുകയും, വിഭാവനകള്‍ക്കതീതമായ പരലോകജീവിതവുമായി കണ്ടുമുട്ടുകയും ചെയ്യുന്ന രംഗം!

വിഭാഗം - 2

75:31
  • فَلَا صَدَّقَ وَلَا صَلَّىٰ ﴾٣١﴿
  • എന്നാല്‍, അവന്‍ (വിശ്വസിച്ച്) സത്യമാക്കിയിട്ടില്ല, നമസ്കരിച്ചിട്ടുമില്ല;-
  • فَلَا صَدَّقَ എന്നാല്‍ അവന്‍ സത്യമാക്കിയിട്ടില്ല (വിശ്വസിച്ചിട്ടില്ല) وَلَا صَلَّىٰ നമസ്കരിച്ചിട്ടുമില്ല
75:32
  • وَلَٰكِن كَذَّبَ وَتَوَلَّىٰ ﴾٣٢﴿
  • പക്ഷേ, വ്യാജമാ(ക്കി നിഷേധി)ക്കുകയും, പിന്‍തിരിയുകയും ചെയ്തിരിക്കുന്നു!
  • وَلَـٰكِن പക്ഷേ, എങ്കിലും, എന്നാല്‍ كَذَّبَ അവന്‍ വ്യാജമാക്കിയിരിക്കുന്നു وَتَوَلَّىٰ പിന്‍തിരിയുക (തിരിഞ്ഞു പോകുക)യും ചെയ്തിരിക്കുന്നു
75:33
  • ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ ﴾٣٣﴿
  • പിന്നെ (അതിനും പുറമെ) അവന്‍ തന്‍റെ സ്വന്തക്കാരിലേക്കു ദുരഭിമാനം നടിച്ചു കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു.
  • ثُمَّ ذَهَبَ പിന്നെ അവന്‍ പോകുകയും ചെയ്തു إِلَىٰ أَهْلِهِ തന്‍റെ സ്വന്ത (ആള്‍)ക്കാരിലേക്കു يَتَمَطَّىٰ ദുരഭിമാനം നടിച്ചുകൊണ്ടു, അഹങ്കരിച്ചുകൊണ്ടു
75:34
  • أَوْلَىٰ لَكَ فَأَوْلَىٰ ﴾٣٤﴿
  • (ഹേ, മനുഷ്യാ,) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതു തന്നെ! [നിനക്കു യോജിച്ച ശിക്ഷതന്നെ]
  • أَوْلَىٰ ഏറ്റവും യോജിച്ചതു, വേണ്ടപ്പെട്ടതു (വലിയ നാശം) لَكَ നിനക്കു فَأَوْلَىٰ ഏറ്റവും യോജിച്ചതു
75:35
  • ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ ﴾٣٥﴿
  • പിന്നെ (വീണ്ടും) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതുതന്നെ! [നിനക്കു യോജിച്ച ശിക്ഷ തന്നെ]
  • ثُمَّ പിന്നെയും أَوْلَىٰ لَكَ നിനക്കു ഏറ്റവും യോജിച്ചതു فَأَوْلَىٰ ഏറ്റവും യോജിച്ചതു

മരണപ്പെട്ടുനോക്കുമ്പോള്‍ അവനു രക്ഷക്കുവേണ്ടുന്ന യാതൊന്നും അവന്‍റെ കൂടെയില്ല. സത്യമെന്നു വിശ്വസിക്കേണ്ടതൊന്നും അവന്‍ വിശ്വസിച്ചിട്ടില്ല. മനുഷ്യന്‍റെ പ്രധാന കടമയായ നമസ്കാരകര്‍മവും അവന്‍ നിര്‍വ്വഹിച്ചിട്ടില്ല. നേരെമറിച്ച് സത്യയാഥാര്‍ത്ഥ്യങ്ങളെ വ്യാജമാക്കി നിഷേധിക്കുകയും, ഉപദേശങ്ങളും കല്‍പനകളും അനുസരിക്കാതെ പിന്‍തിരിഞ്ഞു കളയുകയുമാണവന്‍ ചെയ്തിരിക്കുന്നത്. മാത്രമോ? ഇതിനെല്ലാം പുറമെ സത്യത്തിനെതിരില്‍ താന്‍ സ്വീകരിച്ചു വന്ന ധിക്കാര പ്രവര്‍ത്തനങ്ങളില്‍ അഹങ്കരിച്ചുകൊണ്ടും ദുരഭിമാനം നടിച്ചുകൊണ്ടും അവന്‍ തന്‍റെ ആള്‍ക്കാരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തിരുന്നു. ഇത്രയും കടുത്ത ധിക്കാരിയാണവന്‍. എടോ! നിനക്കു കിട്ടേണ്ടുന്നതു – അതെ തികച്ചും നിനക്കു യോജിച്ച ശിക്ഷ – തന്നെയാണ് നിനക്കുള്ളതു എന്നു അല്ലാഹു അവനെ താക്കീതു ചെയ്യുകയാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ചു കൊണ്ടുള്ള ഈ താക്കീതു അല്ലാഹുവിനു അവനോടുള്ള കോപത്തിന്‍റെ കാഠിന്യത്തെയാണ് കാണിക്കുന്നത്.

അക്രമകാരികളായ ആളുകള്‍ക്ക് വല്ല നാശവും സംഭവിക്കുമ്പോള്‍ ‘നിനക്കു കിട്ടേണ്ടതുകിട്ടി’ എന്നും, ‘നിനക്കു യോജിച്ചതുതന്നെയാണത്’ എന്നുമൊക്കെ പറയാറുണ്ടല്ലോ. അതുപോലെയുള്ള ഒരു പ്രയോഗമാണ് 34, 35 വചനങ്ങളില്‍ (أَوْلَىٰ لَكَ) എന്നു ആവര്‍ത്തിചു പറഞ്ഞിരിക്കുന്നത്. 31,32 വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയതു പോലെയുള്ള പാപങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നിനക്കു വളരെ ചേര്‍ന്നതു തന്നെയാണ് (35-ാം വചനത്തില്‍ പ്രസ്താവിച്ച) ആ അഹങ്കാരവും ദുരഭിമാനവും, എന്നിങ്ങിനെയും ആ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതായതു, ഇത്രയും ധിക്കാരത്തിനു മുതിര്‍ന്ന നീ നിന്‍റെ ആ പ്രവര്‍ത്തനങ്ങളില്‍ അഹങ്കാരം കൊള്ളുന്നതും നിനക്കു യോജിച്ചതുതന്നെ, അതില്‍ ആശ്ചര്യമില്ല എന്നു സാരം. രണ്ടായാലും അല്ലാഹുവിനു അവനോടുള്ള കോപവും അമര്‍ഷവുമാണതു കാണിക്കുന്നതു എന്നു വ്യക്തം. അല്ലാഹുവിന്‍റെ കോപത്തിനും ക്രോധത്തിനും പാത്രമാകാതെ നമ്മെയെല്ലാം അവന്‍ കാത്തു രക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു :-

75:36
  • أَيَحْسَبُ ٱلْإِنسَٰنُ أَن يُتْرَكَ سُدًى ﴾٣٦﴿
  • മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്‍ വെറുതെയങ്ങു ഉപേക്ഷിക്കപ്പെടുമെന്നു?!
  • أَيَحْسَبُ ഗണിക്കു (വിചാരിക്കു)ന്നുവോ الْإِنسَانُ മനുഷ്യന്‍ أَن يُتْرَكَ അവന്‍ ഉപേക്ഷിക്ക (വിട)പ്പെടുമെന്നു سُدًى വെറുതെ
75:37
  • أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ ﴾٣٧﴿
  • അവന്‍ (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തില്‍ നിന്നുമുള്ള ഒരു തുള്ളിയായിരുന്നില്ലേ?!-
  • أَلَمْ يَكُ അവനായിരുന്നില്ലേ نُطْفَةً ഒരു തുള്ളി, ബിന്ദു مِّن مَّنِيٍّ ഇന്ദ്രിയ (ശുക്ല)ത്തില്‍ നിന്നുള്ള يُمْنَىٰ ഒഴുക്ക (സ്രവിക്ക)പ്പെടുന്ന, ഒലിക്കുന്ന
75:38
  • ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ﴾٣٨﴿
  • പിന്നീടവന്‍ ഒരു രക്തപിണ്ഡമായി; എന്നിട്ട് (അവനെ) അവന്‍ [അല്ലാഹു] സൃഷ്ടിച്ചു ശരിപ്പെടുത്തി;-
  • ثُمَّ كَانَ പിന്നെ അവനായി, ആയിരുന്നു عَلَقَةً ഒരു രക്തപിണ്ഡം, ചോരക്കട്ട فَخَلَقَ എന്നിട്ടു അവന്‍ സൃഷ്ടിച്ചു فَسَوَّىٰ അങ്ങനെ ശരിപ്പെടുത്തി, ചൊവ്വാക്കി
75:39
  • فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ ﴾٣٩﴿
  • അങ്ങനെ, അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
  • فَجَعَلَ مِنْهُ എന്നിട്ടു അവനില്‍ (അതില്‍) നിന്നു ഉണ്ടാക്കി الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ അതായതു ആണ് وَالْأُنثَىٰ പെണ്ണ്
75:40
  • أَلَيْسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحْۦِىَ ٱلْمَوْتَىٰ ﴾٤٠﴿
  • (അങ്ങിനെയുള്ള) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനല്ലേ?!
  • أَلَيْسَ ذَٰلِكَ ആ അവനല്ലേ بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَن يُحْيِيَ അവന്‍ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ

അതെ, നിശ്ചയമായും അവന്‍ അതിനു കഴിവുള്ളവന്‍ തന്നെ ! ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യജീവിയെ കേവലം നിസ്സാരവും നിര്‍ജ്ജീവവുമായ ഒരു വസ്തുവില്‍ നിന്നു ഉത്ഭവിപ്പിച്ച് പല ഘട്ടങ്ങളെയും തരണം ചെയ്യിച്ച് ഈ നിലക്ക് എത്തിച്ച ആ മഹാശക്തിക്ക്‌ അവന്‍റെ മരണശേഷം അവനെ വീണ്ടും ഒന്നു ജീവിപ്പിക്കുവാന്‍ കഴിയുമോ എന്നു വിശേഷബുദ്ധിയുള്ള ആരെങ്കിലും സംശയിക്കുവാന്‍ അവകാശമുണ്ടോ?!

ഈ ഒടുവിലത്തെ വചനം ഓതിക്കഴിഞ്ഞാല്‍ سبحانك (നീ മഹാപരിശുദ്ധന്‍!) എന്നും بلى (ഇല്ലാതേ! നിശ്ചയമായും കഴിയും) എന്നു നബി(സ) പറഞ്ഞിരുന്നതായി ഹദീസില്‍ വന്നിട്ടുണ്ട്. ഹദീസ് സൂ: മുര്‍സലാത്തിന്‍റെ അവസാനത്തില്‍ കാണാം. (ഇ.അ.) അതുപോലെ നാമും പറയുന്നതു ആവശ്യമാണ്‌. ഈ വചനങ്ങള്‍ മനഃപൂര്‍വ്വം അര്‍ത്ഥം ആലോചിച്ചുകൊണ്ടു ഓതുന്നവന്‍ താനറിയാതെത്തന്നെ അപ്രകാരം പറഞ്ഞേക്കുകതന്നെ ചെയ്യും.

[اللهم لك الحمد ولك المنة والفضل]