മുൽക്ക് (ആധിപത്യം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 30 – വിഭാഗം (റുകൂഅ്) 2
[അവസാനത്തെ ആയത്തു മദനീയാണെന്നും അഭിപ്രായമുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

ജുസ്ഉ് - 29

വിഭാഗം - 1

67:1
  • تَبَـٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
  • രാജാധിപത്യം യാതൊരുവന്‍റെ കൈവശമാണോ അവന്‍ നന്മ (അഥവാ മഹത്വം) ഏറിയവനാകുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
  • تَبَارَكَ നന്മ (ഗുണം - മഹത്വം - മേന്മ) ഏറിയിരിക്കുന്നു الَّذِي യാതൊരുവന്‍ بِيَدِهِ അവന്‍റെ കയ്യിലാണ്, കൈവശമാണ് الْمُلْكُ രാജത്വം, ആധിപത്യം وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
67:2
  • ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ ﴾٢﴿
  • നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍). അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി.
  • الَّذِي خَلَقَ സൃഷ്ടിച്ചവന്‍ الْمَوْتَ وَالْحَيَاةَ മരണവും ജീവിതവും لِيَبْلُوَكُمْ നിങ്ങളെ പരീക്ഷണം ചെയ്യാന്‍വേണ്ടി أَيُّكُمْ നിങ്ങളില്‍ ഏതൊരുവനാണ് (ആരാണ്) أَحْسَنُ അധികം നല്ലവന്‍ (എന്നു) عَمَلًا പ്രവൃത്തി, കര്‍മ്മം وَهُوَ الْعَزِيزُ അവനത്രെ പ്രതാപശാലി الْغَفُورُ വളരെ പൊറുക്കുന്നവന്‍

അഖില വസ്തുക്കളുടെയും ഭരണാധിപതിയും, സര്‍വ്വശക്തനുമായ അല്ലാഹു എല്ലാവിധ നന്മയും എല്ലാ മഹല്‍ഗുണങ്ങളും വര്‍ദ്ധിച്ചവനാണ് എന്ന മുഖവുരയോടുകൂടിയ പ്രാരംഭ വചനത്തിനു ശേഷം, അതിന്‍റെ കാരണം – അല്ലെങ്കില്‍ വിശദീകരണം – എന്നോണം വമ്പിച്ച ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു. കേവലം ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യന്‍ ഒരിക്കല്‍ ഒരു ജീവിയായി ഭൂമിയില്‍ പിറക്കുന്നു. അല്‍പകാലത്തിനുശേഷം അവന്‍റെ ജീവിതം അവസാനിച്ച് അവന്‍ മരണമടയുകയും ചെയ്യുന്നു. രണ്ടും മനുഷ്യന്‍റെ ആവശ്യപ്രകാരമോ, അവന്‍റെ ഉദ്ദേശമനുസരിച്ചോ, അവന്‍റെ പ്രവര്‍ത്തനംകൊണ്ടോ അല്ല സംഭവിക്കുന്നത്. രണ്ടും അല്ലാഹു കണക്കാക്കുന്നതും, അവന്‍റെ പ്രവര്‍ത്തനം കൊണ്ടുണ്ടാകുന്നതുമത്രെ. അപ്പോള്‍ ഈ ജീവിതത്തിന്‍റെ ലക്ഷ്യം എന്തായിരിക്കും, അല്ലെങ്കില്‍ എന്തായിരിക്കണം എന്നു നിശ്ചയിക്കുന്നതും അല്ലാഹു തന്നെ ആവാനേ നിവൃത്തിയുള്ളൂ. മരണത്തോടുകൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ ഈ താല്‍ക്കാലിക ജീവിതത്തിന്‍റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം പ്രാപിക്കുന്നതില്‍ ഓരോരുത്തനും എത്രമാത്രം വിജയിച്ചിട്ടുണ്ട് – അല്ലെങ്കില്‍ പരാജയപ്പെട്ടിട്ടുണ്ട് – എന്നു തിട്ടപ്പെടുത്തുന്നത് അവന്‍റെ മരണത്തോടുകൂടിയായിരിക്കും. അപ്പോള്‍, മരണവും ജീവിതവും ഏര്‍പ്പെടുത്തിയിരിക്കുന്നത് നിങ്ങളില്‍ വെച്ച് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശോധിക്കുവാന്‍ വേണ്ടിയാണെന്ന് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം വ്യക്തംതന്നെ.

പ്രവര്‍ത്തനത്തിന്‍റെ അവസരം ജീവിതകാലമാണെങ്കിലും അതിനു വിരാമമിടുന്നതും, അതിനെ വിലയിരുത്തുന്നതും മരണത്തോടുകൂടിയാണ്. പരീക്ഷണഫലം തൃപ്തികരമാണെങ്കില്‍ സിദ്ധിക്കുവാനിരിക്കുന്ന സൗഭാഗ്യവും അല്ലെങ്കിലുണ്ടാകുന്ന ദൗര്‍ഭാഗ്യവും അവര്‍ണ്ണനീയമാകുന്നു. ആ നിലക്ക് ജീവിതത്തെക്കാള്‍ മനുഷ്യന് ചിന്താവിഷയമായിരിക്കേണ്ടത് അവന്‍റെ മരണമാണെന്ന് പറയേണ്ടതില്ല. ആദ്യം മരണത്തെക്കുറിച്ചും, പിന്നീട് ജീവിതത്തെക്കുറിച്ചും അല്ലാഹു പ്രസ്താവിച്ചതും ഇതുകൊണ്ടായിരിക്കാം. അല്ലാഹുവിനറിയാം. എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്ന സര്‍വ്വജ്ഞനാണല്ലോ അല്ലാഹു. എന്നിരിക്കെ, പരീക്ഷണ ഫലം എന്തായിരിക്കുമെന്ന് അറിയാത്തതു കൊണ്ടല്ല അവന്‍ പരീക്ഷണം നടത്തുന്നതെന്ന് സ്പഷ്ടമാകുന്നു. ഇഹത്തില്‍വെച്ച് ഒരോരുത്തനും യഥാര്‍ഥത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് പ്രത്യക്ഷത്തില്‍ വെളിപ്പെട്ടു കാണുവാനും, അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തന്‍റെയും പേരില്‍ നടപടി എടുക്കുവാനും വേണ്ടിയാകുന്നു അത്. അടുത്ത വചനത്തില്‍ മറ്റൊരു യാഥാര്‍ത്ഥ്യം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

67:3
  • ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴾٣﴿
  • അടുക്കുകളായ നിലയില്‍ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). പരമകാരുണികനായുള്ളവന്‍റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുകയില്ല. എന്നാല്‍, നീ (ഒന്നു) ദൃഷ്ടി മട(ക്കി നോ)ക്കുക: വല്ല പിഴവും നീ കാണുന്നുവോ?!
  • الَّذِي خَلَقَ സൃഷ്ടിച്ചവന്‍ سَبْعَ سَمَاوَاتٍ ഏഴ് ആകാശങ്ങളെ طِبَاقًا അടുക്കുകളായിട്ട്, അടുക്കടുക്കായി (ഒന്നൊന്നോട്) യോജിച്ചുകൊണ്ട് مَّا تَرَىٰ നീ കാണുകയില്ലفِي خَلْقِ الرَّحْمَـٰنِ പരമകാരുണികന്‍റെ സൃഷ്ടിയില്‍ مِن تَفَاوُتٍ ഒരു ഏറ്റക്കുറവും (വൈകല്യവും) فَارْجِعِ എന്നാല്‍ നീ മട(ക്കി നോ)ക്കുക الْبَصَرَ ദൃഷ്ടിയെ هَلْ تَرَىٰ നീ കാണുന്നുവോ, കാണുമോ مِن فُطُورٍ വല്ല പിഴവും (കീറലും, പൊട്ടും)
67:4
  • ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴾٤﴿
  • പിന്നെയും രണ്ട് ആവര്‍ത്തി നീ മട(ക്കി നോ)ക്കുക: നിന്ദ്യമായനിലയില്‍ നിന്നിലേക്കുതന്നെ ദൃഷ്ടി തിരിച്ചുവരുന്നതാണ് - അതാകട്ടെ, പരവശപ്പെട്ടതുമായിരിക്കും.
  • ثُمَّ ارْجِعِ പിന്നെ നീ മടക്കി (വീണ്ടും) നോക്കുക الْبَصَرَ ദൃഷ്ടിയെ, കണ്ണിനെ كَرَّتَيْنِ രണ്ട് ആവര്‍ത്തി (പ്രാവശ്യം) يَنقَلِبْ തിരിച്ചുവരും, മറിഞ്ഞുവരും إِلَيْكَ നിന്നിലേക്ക്‌ الْبَصَرُ ദൃഷ്ടി, കാഴ്ച خَاسِئًا നിന്ദ്യമായ നിലയില്‍ (പരാജയപ്പെട്ടു കൊണ്ട്) وَهُوَ അത്, അതാകട്ടെ حَسِيرٌ പരവശപ്പെട്ട (കുഴങ്ങിയ)തായിരിക്കും

‘ഏഴ് ആകാശങ്ങളെ’ (سَبْعَ سَمَاوَاتٍ) ക്കുറിച്ച് നാം ഇതിനുമുമ്പ് സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. (സൂ: മുഅ്മിനൂന്‍ 17ന്‍റെയും, സൂ:ത്വലാഖ് 12ന്‍റെയും വ്യാഖ്യാനം നോക്കുക) അവ ഒന്ന് ഒന്നിനുമീതെ അടുക്കടുക്കായി അഥവാ തട്ടുതട്ടായി – സ്ഥിതിചെയ്യുന്നുവെന്ന് അല്ലാഹു വ്യക്തമായി പ്രസ്താവിക്കുന്നു. ഹദീഥിലും ഇതിനെപ്പറ്റി പ്രസ്താവിച്ചുകാണാം. സൂ: മുഅ്മിനൂനില്‍ വെച്ച് നാം ചൂണ്ടിക്കാട്ടിയതു പോലെ, നാളിതുവരെ ഒരു ആകാശത്തിന്‍റെ അതിര്‍ത്തിപോലും ക്ളിപ്തമായി നിര്‍ണ്ണയിക്കുവാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ആകാശങ്ങളുടെ എണ്ണത്തെക്കുറിച്ചോ അവയുടെ അടുക്കുകളുടെ സ്വഭാവത്തെക്കുറിച്ചോ ശാസ്ത്രം മുഖേന നമ്മുക്ക് സൂക്ഷ്മവിവരങ്ങള്‍ ലഭിക്കുവാനില്ല. ലോകസൃഷ്ടാവായ അല്ലാഹു സൃഷ്ടിച്ചു നിയന്ത്രിച്ചുപോരുന്ന അവയെക്കുറിച്ച് അവന്‍ വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ചിട്ടുള്ള ഏതൊരു കാര്യവും അപ്പടി വിശ്വസിക്കുവാന്‍ ശാസ്ത്രത്തിന്‍റെയോ മറ്റോ അനുമതി നമുക്ക് ആവശ്യവുമില്ല. ഭൗതികവീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍, ശാസ്ത്രത്തിന്‍റെ പുരോഗതി വളരെ വമ്പിച്ചതാണെന്ന വിഷയത്തില്‍ നമുക്ക് തര്‍ക്കമില്ല. പക്ഷേ, അല്ലാഹുവിന്‍റെ സൃഷ്ടി രഹസ്യങ്ങളാകുന്ന അനന്തയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ അതിന്‍റെ സ്ഥാനം – അതെത്ര വമ്പിച്ചതായിരുന്നാലും – കേവലം നിസ്സരമാകുന്നു. وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്‍പമല്ലാതെ നൽകപ്പെട്ടിട്ടില്ല. 17:85)

മേല്‍പ്പോട്ട് കണ്ണുമിഴിച്ച് നോക്കുമ്പോള്‍ എല്ലാവര്‍ക്കും കാണാവുന്ന ഒരു വമ്പിച്ച നീലക്കുട എന്നുമാത്രം ആകാശത്തെപ്പറ്റി മനസ്സിലാക്കിയ പാമരന്‍മാരെയും, ഉപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും ഉപയോഗിച്ച് ചന്ദ്രനിലും മറ്റും നിരീക്ഷണം നടത്തിവരുന്ന മഹാവീരന്‍മാരെയും, ആകാശ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന കോടാനുകോടി നക്ഷത്രഗോളങ്ങളെക്കുറിച്ച് അത്യല്‍ഭുതകരങ്ങളായ നിരവധി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രകേസരികളെയും, എന്നു വേണ്ട ഓരോ മനുഷ്യവ്യക്തിയെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഉറപ്പിച്ചു പറയുന്നു: പരമകാരുണികനായ അവന്‍റെ സൃഷ്ടിയില്‍ എവിടെയെങ്കിലും എന്തെങ്കിലും ഏറ്റക്കുറവോ വൈകല്യമോ കാണാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന്. അത്രയും പറഞ്ഞ് മതിയാക്കുന്നില്ല. അതില്‍ പൊട്ടോ പൊളിവോ പോലുള്ള വല്ല പോരായ്മയും ഉണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിച്ചു നോക്കുവാന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പോരാ, നിങ്ങള്‍ പരാജിതരായി പരവശപ്പെട്ടുകൊണ്ട് പിന്‍മടങ്ങുക തന്നെ വേണ്ടിവരുമെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുകകൂടി ചെയ്യുന്നു. ഈ പ്രഖ്യാപനത്തെ മറികടക്കുവാന്‍ ബുദ്ധിയുള്ള – മനസ്സാക്ഷിയുള്ള – വക്രതയില്ലാത്ത – ഭൗതികഭ്രമത്താല്‍ ഹൃദയം മരവിക്കാത്ത – ഏതെങ്കിലും ഒരു വ്യകതിക്ക് സാധിക്കുമോ? ഒരിക്കലുമില്ല. ആകാശഭൂമികളിലടങ്ങിയ വിവിധ രഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും, അതേ സമയത്ത് അവയുടെ കര്‍ത്താവിനെക്കുറിച്ചും, അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യമഹാശക്തിയെക്കുറിച്ചും, മാത്രം ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കോ, നഗ്നമായ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ നിസ്സങ്കോചം കണ്ണടച്ച് നിഷേധിക്കുവാന്‍ ധൈര്യപ്പെടുന്ന ഹൃദയശൂന്യന്‍മാര്‍ക്കോ അല്ലാതെ ഈ പ്രഖ്യാപനത്തിനു മുമ്പില്‍ തലകുനിക്കാതിരിക്കുവാന്‍ സാധ്യമല്ലതന്നെ. അല്ലാഹുവിന്‍റെ മഹത്വത്തിനുള്ള മറ്റൊരു ദൃഷ്ടാന്തമാണ് അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്:-

67:5
  • وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ ﴾٥﴿
  • തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളിക്കുകള്‍ കൊണ്ട് നാം അലങ്കരിച്ചിട്ടുണ്ട്. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു. അവര്‍ക്ക് ജ്വലിക്കുന്ന അഗ്നി (നരക) ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • وَلَقَدْ زَيَّنَّا തീര്‍ച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട് السَّمَاءَ الدُّنْيَا ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ بِمَصَابِيحَ ദീപങ്ങള്‍കൊണ്ട് وَجَعَلْنَاهَا അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു رُجُومًا എറിയപ്പെടുന്നവ, എറിയാനുള്ളത് لِّلشَّيَاطِينِ പിശാചുക്കള്‍ക്ക്‌, പിശാചുക്കളെ وَأَعْتَدْنَا لَهُمْ അവര്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു عَذَابَ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്‍റെ) ശിക്ഷ

എണ്ണമറ്റ നക്ഷത്രങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഭൂമിയെക്കാളും എത്രയോ മടങ്ങു വലുപ്പം കൂടിയവയും ഭൂമിയില്‍നിന്ന് ബഹുദൂരം സ്ഥിതിചെയുന്നവയുമാണ് അവ. അഥവാ ഓരോന്നും ഓരോ മഹാലോകമത്രെ. നമുക്ക് ഊഹിക്കുവാന്‍പോലും സാധ്യമല്ലാത്ത എന്തൊക്കെയോ സംഭവങ്ങളും, ഏതൊക്കെയോ വസ്തുക്കളും അവയില്‍ നടമാടുന്നുണ്ടായിരിക്കും. അതോടൊപ്പം തന്നെ, ഭൂമിക്കുമീതെ വളരെ കമനീയമായി നിര്‍മിക്കപ്പെട്ട അതിവിശാലവും കലാമയവുമായ ഒരു പന്തലിന്‍റെ മുകള്‍ ഭാഗത്ത് മിന്നിത്തിളങ്ങിയും കത്തിശോഭിച്ചും കൊണ്ടിരിക്കുന്ന ദീപാലങ്കാരമായും അല്ലാഹു അവയെ ആക്കി വെച്ചിരിക്കുന്നു. കൂടാതെ, ആകാശത്തുവെച്ച് മലക്കുകള്‍ക്കിടയില്‍ നടക്കുന്ന ചില സംസാരങ്ങളെ പതിയിരുന്ന് കട്ടുകേള്‍ക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കുവാനുള്ള ഒരു ഏര്‍പ്പാടും ആ നക്ഷത്രങ്ങള്‍ വഴി അല്ലാഹു ചെയ്തുവെച്ചിരിക്കുന്നു. അഥവാ അവയില്‍നിന്ന് പുറത്തുവരുന്ന ഒരു തരം അഗ്നിജ്വാലകളാകുന്ന ഉല്‍ക്കകള്‍മൂലം പിശാചുക്കള്‍ എറിഞ്ഞാട്ടപ്പെടുന്നു. അങ്ങിനെ, ഭൂമിക്കും മനുഷ്യര്‍ക്കും അലങ്കാരവസ്തുക്കളായും, പിശാചുക്കള്‍ക്ക്‌ അഗ്നിയമ്പുകളായും അല്ലാഹു അവയെ നിശ്ചയിച്ചിരിക്കുകയാണ്.

ഏറ്റവും അടുത്ത ആകാശം (السَّمَاءَ الدُّنْيَا) എന്ന് പറഞ്ഞത് ഭൂമിയുമായി കൂടുതല്‍ അടുത്തത് എന്ന ഉദ്ദേശ്യത്തിലാകുന്നു. അപ്പോള്‍ നാം കാണുന്ന നക്ഷത്രഗോളങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ആ ഒരു ആകാശത്തിലാണെന്നും, ഏഴു ആകാശങ്ങളില്‍ ബാക്കി ആറും അതിനു പുറമെ – അതിന്നപ്പുറത്ത് – സ്ഥിതിചെയുന്നുണ്ടെന്നും, മനുഷ്യന്‍റെ കഴിവില്‍പെട്ട എല്ലാ നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും ഈ ഒരേ ആകാശാതിര്‍ത്തിക്കുള്ളില്‍ മാത്രം നടക്കുന്നതാണെന്നും ഇതില്‍നിന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

رُجُوم (റുജൂമ്) എന്ന വാക്കിനാണ് ‘എറിഞ്ഞാട്ടുന്നവ’ എന്ന് നാം അര്‍ത്ഥം കൽപിച്ചിരിക്കുന്നത്. നക്ഷത്രങ്ങളില്‍നിന്ന് പുറപ്പെടുന്ന ഉല്‍ക്കകളാല്‍ പിശാചുക്കളെ എറിഞ്ഞാട്ടുന്ന വിവരം സൂ: ഹിജ്ര്‍, സ്വാഫ്-ഫാത്ത്, ജിന്ന് മുതലായ സൂറത്തുകളില്‍ ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. അതാണ്‌ ഇവിടെയും സൂചിപ്പിച്ചിരിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പൊതുവില്‍ അംഗീകരിച്ച അര്‍ത്ഥവും അതാണ്‌. (*) ഏതോ ചിലര്‍ മാത്രം അതിന് ‘ഊഹങ്ങള്‍’- അഥവാ ഊഹത്തിനു വിധേയമായവ (ظنونا) എന്ന് അര്‍ത്ഥം കല്‍പിച്ചു കാണാം. നക്ഷത്രങ്ങളുടെ ഗതിവിഗതികളെ അടിസ്ഥാനമാക്കി ഭാവികാര്യങ്ങളെക്കുറിച്ചും മറ്റും ഗണിച്ചു പറയുന്ന ജ്യോത്സ്യക്കാരും, രാശിനോട്ടക്കാരുമാകുന്ന മനുഷ്യപ്പിശാച്ചുക്കളുടെ ഊഹങ്ങള്‍ക്ക് നക്ഷത്രങ്ങള്‍ ഇടമായിത്തീരുന്നു എന്നാണ് അപ്പോള്‍ ആ വാക്യത്തിന്‍റെ താല്‍പര്യം. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെയും അവമൂലം പിശാചുക്കള്‍ എറിഞ്ഞാട്ടപ്പെടുന്നുവെന്നുള്ളതിന് ഈ വാക്യം ഒരു പ്രകാരത്തിലും എതിരാകുന്നില്ല. ഇത് ഒരു വിഷയം. അത് മറ്റൊരു വിഷയം. അത്രമാത്രം. പിശാചുക്കളുടെ കട്ടുകേള്‍വിയെയും, അവരെ ഉല്‍ക്കകള്‍കൊണ്ടു എറിഞ്ഞാട്ടുന്നതിനെയും നിഷേധിക്കുന്ന യുക്തിവാദക്കാരായ ചില പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ (ظنونا എന്ന) അര്‍ത്ഥം പൊക്കിപ്പിടിച്ചുകൊണ്ട് ആ വിഷയകമായി വന്നിട്ടുള്ള എല്ലാ ഖുര്‍ആന്‍ വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. ഇവരെപ്പറ്റി സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വേണ്ടത്ര സംസാരിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല.


(*) رجم (റജമ്) എന്ന ധാതുവില്‍നിന്നുള്ളതാണ് رجوم (റുജൂമ്). ഈ ധാതുവിനു ‘എറിയുക’ എറിഞ്ഞാട്ടുക, എറിഞ്ഞുകൊല്ലുക, ആട്ടിയോടിക്കുക, തുരത്തുക, ശപിക്കുക, ശകാരിക്കുക, ആരോപിക്കുക, തള്ളിക്കളയുക, ഊഹിക്കുക, എയ്യുക’ എന്നീ അര്‍ത്ഥങ്ങളെല്ലാം വരുന്നതാണ്. എല്ലാം അതത് സന്ദര്‍ഭംകൊണ്ട് മനസ്സിലാക്കേണ്ടതാകുന്നു.

67:6
  • وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ ﴾٦﴿
  • തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്ക് 'ജഹന്നമി' (നരകത്തി)ന്‍റെ ശിക്ഷയുണ്ട്. (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്ത!
  • وَلِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കുണ്ട് بِرَبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ عَذَابُ جَهَنَّمَ ജഹന്നമിന്‍റെ ശിക്ഷ وَبِئْسَ വളരെ ചീത്ത الْمَصِيرُ തിരിച്ച് (മടങ്ങി) എത്തുന്ന സ്ഥലം
67:7
  • إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًا وَهِىَ تَفُورُ ﴾٧﴿
  • അവര്‍ അതില്‍ ഇടപ്പെട്ടാല്‍, അതിന് ഒരു ഗര്‍ജ്ജനം അവര്‍ കേള്‍ക്കുന്നതാണ്. അതാകട്ടെ, തിളച്ചുമറിഞ്ഞു കൊണ്ടുമിരിക്കും!
  • إِذَا أُلْقُوا അവര്‍ ഇടപ്പെട്ടാല്‍ فِيهَا അതില്‍ سَمِعُوا لَهَا അതിന് അവര്‍ കേള്‍ക്കും شَهِيقًا ഒരു ഗര്‍ജനം, അലര്‍ച്ച, അട്ടഹാസം, ഉഗ്രശ്വാസം وَهِيَ അത് تَفُورُ തിളച്ചുമറിയുക (ക്ഷോഭിക്കുക - പൊന്തിമറിയുക)യും ചെയ്യും
67:8
  • تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ ﴾٨﴿
  • ഉഗ്രകോപം നിമിത്തം അത് (പൊട്ടിച്ചിതറി) വേര്‍പെട്ടുപോകുമാറാകും! ഓരോ കൂട്ടം (ആളുകള്‍) അതില്‍ ഇടപ്പെടുമ്പോഴൊക്കെ അതിലെ പാറാവുകാര്‍ അവരോടു ചോദിക്കും: 'നിങ്ങള്‍ക്ക് താക്കീതു നല്‍കുന്ന ആള്‍ വന്നിരുന്നില്ലേ?'
  • تَكَادُ അത് ആകാറാകും تَمَيَّزُ വേര്‍പെട്ടുപോകുക مِنَ الْغَيْظِ ഉഗ്രകോപത്താല്‍, കഠിനകോപം നിമിത്തം كُلَّمَا أُلْقِيَ ഇടപ്പെടുമ്പോഴെല്ലാം فِيهَا അതില്‍, അതിലേക്ക് فَوْجٌ ഒരു കൂട്ടം, സംഘം سَأَلَهُمْ അവരോട് ചോദിക്കും خَزَنَتُهَا അതിലെ പാറാവുകാര്‍, കാവല്‍ക്കാര്‍ أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിരുന്നില്ലേ, വന്നില്ലേ نَذِيرٌ താക്കീതുകാരന്‍
67:9
  • قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍ كَبِيرٍ ﴾٩﴿
  • അവര്‍ പറയും: 'ഇല്ലാതേ! തീര്‍ച്ചയായും ഞങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ആള്‍ വന്നിരിക്കുന്നു. എന്നാല്‍, ഞങ്ങള്‍ വ്യാജമാക്കുകയാണ് ചെയ്തത്. ഞങ്ങള്‍ (അവരോട്) പറയുകയും ചെയ്തു: 'അല്ലാഹു യാതൊന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ വലുതായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല.'
  • قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതെ, (ഉണ്ട്) قَدْ جَاءَنَا തീര്‍ച്ചയായും ഞങ്ങള്‍ക്ക് വന്നിട്ടുണ്ട് نَذِيرٌ താക്കീതുകാരന്‍ فَكَذَّبْنَا എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കി وَقُلْنَا ഞങ്ങള്‍ പറയുകയും ചെയ്തു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല مِن شَيْءٍ ഒരു വസ്തുവും إِنْ أَنتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലല്ലാതെ كَبِيرٍ വലുതായ
67:10
  • وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ ﴾١٠﴿
  • അവര്‍ (വീണ്ടും) പറയും: 'ഞങ്ങള്‍ കേള്‍ക്കുകയോ, ബുദ്ധികൊടു (ത്തുമനസ്സിലാ)ക്കുകയോ ചെയ്തിരുന്നുവെങ്കില്‍, ഞങ്ങള്‍ (ഈ) ജ്വലിക്കുന്ന അഗ്നിയുടെ ആള്‍ക്കാരില്‍ ആകുമായിരുന്നില്ല.'
  • وَقَالُوا അവര്‍ പറയുകയും ചെയ്യും لَوْ كُنَّا ഞങ്ങളായിരുന്നെങ്കില്‍ نَسْمَعُ ഞങ്ങള്‍ കേട്ടിരുന്നു أَوْ نَعْقِلُ അല്ലെങ്കില്‍ ബുദ്ധികൊടുത്തിരുന്നു, മനസ്സിരുത്തിയിരുന്നു, ഗ്രഹിച്ചിരുന്നു مَا كُنَّا ഞങ്ങളാകുമായിരുന്നില്ല فِي أَصْحَابِ ആള്‍ക്കാരില്‍, കൂട്ടരില്‍ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ നരകത്തിന്‍റെ
67:11
  • فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًا لِّأَصْحَـٰبِ ٱلسَّعِيرِ ﴾١١﴿
  • അങ്ങനെ, അവര്‍ തങ്ങളുടെ കുറ്റം (ഏറ്റുപറഞ്ഞു) സമ്മതിക്കുന്നതാണ്. അപ്പോള്‍, ജ്വലിക്കുന്ന അഗ്നിയുടെ ആള്‍ക്കാര്‍ക്ക് വിദൂരം (അഥവാ ശാപം).
  • فَاعْتَرَفُوا അങ്ങനെ അവര്‍ സമ്മതിക്കും, ഏറ്റു പറയും بِذَنبِهِمْ തങ്ങളുടെ കുറ്റത്തെ (പാപത്തെ)പ്പറ്റി فَسُحْقًا അപ്പോള്‍ വിദൂരം (ശാപം), നാശം لِّأَصْحَابِ السَّعِيرِ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാര്‍ക്ക്

സത്യനിഷേധികളായ അവിശ്വാസികളെ നരകത്തില്‍ ഇടുമ്പോഴത്തെ സന്ദര്‍ഭം അല്ലാഹു വിവരിക്കുകയാണ്. അത്യുഗ്രമായ ഉഷ്ണതാപവും, അതികഠോരമായ കോപതാപവും നിമിത്തം സ്വയം പൊട്ടിത്തെറിച്ചു ചിന്നിച്ചിതറിപ്പോകുമാറ് തിളച്ചുവമിച്ച് എരിപൊരികൊള്ളുന്ന നരകം അവരുടെ നേരെ ഇരമ്പി ഗര്‍ജിക്കും! അന്നേരം കുറ്റവാളികളുടെ അട്ടഹാസവും, ഭയപ്പാടും, നിലവിളിയും എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ കൂട്ടം ആളുകളെയും നരകത്തിലേക്കു വലിച്ചിടുമ്പോള്‍ അവരോട് അതിലെ ഉദ്യോഗസ്ഥന്മാരായ മലക്കുകള്‍ ചോദിക്കും: ‘ഈ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്കു താക്കീതു നല്‍കുന്നതിന് ആരും വന്നിട്ടുണ്ടായിരുന്നില്ലേ?!’ നരകത്തിലെ ഉദ്യോഗസ്ഥന്മാരാകട്ടെ – കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടതുപോലെ – ദയതോന്നാത്ത പരുഷസ്വഭാവികളും, കഠോരന്‍മാരും (غلاظ شداد)! ഈ ചോദ്യം അവരെ കൂടുതല്‍ വ്യാകുലരാക്കുമെന്ന് വ്യക്തമാണ്. തങ്ങളുടെ പക്കല്‍ വന്നുപോയ തെറ്റ് അങ്ങേയറ്റത്തെ വിനയത്തോടെ അവര്‍ തുറന്നു സമ്മതിക്കും. ‘ഞങ്ങള്‍ക്ക് താക്കീതു നല്‍കുന്ന പ്രവാചകന്മാര്‍ വരാതിരുന്നിട്ടില്ല, എങ്കിലും, ഞങ്ങളവരെ നിഷേധിച്ചു തള്ളിക്കളയുകയും പരിഹസിക്കുകയുമാണുണ്ടായത്. അയ്യോ! അന്ന് അത് കേട്ടനുസരിക്കുകയും, ബുദ്ധി ഉപയോഗിച്ച് മനസ്സിരുത്തുകയും ചെയ്തിരുന്നെങ്കില്‍ ഈ അനുഭവത്തിന് ഇടവരികയില്ലായിരുന്നു…!’ പക്ഷേ, ഈ അവസരത്തില്‍ കുറ്റസമ്മതംകൊണ്ട് ഫലമില്ലല്ലോ. കാരുണ്യത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും കണികപോലും ഇനി അവര്‍ക്ക് പ്രതീക്ഷിക്കുവാനില്ലാത്തവണ്ണം വിദൂരത്തിലും ശാപത്തിലുമാണവരുള്ളത്. أعاذنا الله (അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, – ആമീന്‍). നരകത്തില്‍ പ്രവേശിക്കുന്ന ഒരാളുംതന്നെ, സ്വര്‍ഗത്തെക്കാള്‍ നരകത്തിനാണ് താന്‍ അര്‍ഹനെന്ന് ബോധ്യം വരാത്തവരുണ്ടാകയില്ല, എന്ന് ഒരു നബി വചനത്തില്‍ വന്നിരിക്കുന്നു. (അ)

67:12
  • إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴾١٢﴿
  • നിശ്ചയമായും, തങ്ങളുടെ റബ്ബിനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നവര്‍, അവര്‍ക്ക് പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ട്.
  • إِنَّ നിശ്ചയമായും الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവര്‍ رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യമായ നിലക്ക് (കാണാതെ) لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ كَبِيرٌ വലുതായ പ്രതിഫലവും

അല്ലാഹുവിനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവന്‍ ഇങ്ങോട്ട് കാണുന്നുവെന്ന ബോധത്തോടെ വര്‍ത്തിക്കുക. സ്വകാര്യജീവിതത്തിലും ബാഹ്യജീവിതത്തിലും ഒരുപോലെ സൂക്ഷ്മത പാലിക്കുക, ജനബോധ്യത്തിനും കീര്‍ത്തിക്കും വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുക, അല്ലാഹുവിനെയും അവന്‍റെ ശിക്ഷയെയും കണ്‍മുമ്പില്‍ കണ്ടാലേ വിശ്വസിക്കു എന്ന് ശഠിക്കാതെ ലക്ഷ്യദൃഷ്ടാന്തങ്ങള്‍ മുഖേന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി ഭയഭക്തിയോടെ ജീവിക്കുക മുതലായവയാണ് അദൃശ്യമായ നിലയില്‍ റബ്ബിനെ ഭയപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍. അല്ലാഹുവിന്‍റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാനില്ലാത്ത ആ മഹാദിനത്തില്‍ അവന്‍ തണല്‍ നല്‍കി രക്ഷിക്കുന്ന ഏഴുകൂട്ടരെപ്പറ്റി വിവരിക്കുന്ന പ്രസിദ്ധമായ ഹദീഥില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയിട്ടുള്ള രണ്ടുകൂട്ടര്‍ ഇവരാകുന്നു:

(1) സ്ഥാനമാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ദുര്‍വൃത്തിക്കായി) ക്ഷണിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയവന്‍.

(2) വല്ല ദാനധര്‍മ്മവും ചെയ്യുമ്പോള്‍ വലത്തേകൈ ചിലവഴിച്ചത് ഇടത്തേകൈ അറിയാത്തവണ്ണം ചിലവഴിക്കുന്ന – അഥവാ അത്രയും രഹസ്യമായി ധര്‍മ്മം ചെയ്യുന്ന – മനുഷ്യന്‍ (ബു:മു.).

67:13
  • وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾١٣﴿
  • നിങ്ങള്‍ നിങ്ങളുടെ വാക്ക് (സംസാരം) പതുക്കെയാക്കിക്കൊള്ളുക, അല്ലെങ്കില്‍ അത് ഉറക്കെയാക്കിക്കൊള്ളുക. (രണ്ടും, സമമാണ്). (കാരണം) നിശ്ചയമായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനാകുന്നു.
  • وَأَسِرُّوا നിങ്ങള്‍ രഹസ്യം (പതുക്കെ) ആക്കുവീന്‍ قَوْلَكُمْ നിങ്ങളുടെ വാക്ക് (സംസാരം) أَوِ اجْهَرُوا بِهِ അല്ലെങ്കില്‍ അതിനെ പരസ്യം (ഉറക്കെ) ആക്കുവീന്‍ إِنَّهُ عَلِيمٌ നിശ്ചയമായും അവന്‍ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ഞു (ഹൃദയം) കളിലുള്ളതിനെ
67:14
  • أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ ﴾١٤﴿
  • സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ! അവനാകട്ടെ, ഗൂഢ രഹസ്യമറിയുന്നവനാണ്, സൂക്ഷ്മജ്ഞാനിയാണ്.
  • أَلَا يَعْلَمُ അറിയുകയില്ലേ, അവന്‍ അറിയാതിരിക്കുമോ مَنْ خَلَقَ സൃഷ്ടിച്ചവന്‍, അവന്‍ സൃഷ്ടിച്ചവരെ وَهُوَ അവനാകട്ടെ اللَّطِيفُ ഗൂഢമായതിനെ (സൂക്ഷ്മമായതിനെ) അറിയുന്നവനാണ്, സൗമ്യമായുള്ളവനാണ് الْخَبِيرُ സൂക്ഷ്മജ്ഞാനിയാണ്

أَلَا يَعْلَمُ مَنْ خَلَقَ എന്ന വാക്യത്തിന് ‘അവന്‍ സൃഷ്ടിച്ചുണ്ടാക്കിയവരെ അവന്‍ അറിയുകയില്ലേ?’ എന്നും അര്‍ത്ഥം വരാവുന്നതാണ്. രണ്ടായാലും ഉദ്ദേശ്യം വ്യക്തംതന്നെ.

വിഭാഗം - 2

67:15
  • هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ ﴾١٥﴿
  • അവനത്രെ നിങ്ങള്‍ക്കു (കൈകാര്യം നടത്തുമാറ്) ഭൂമിയെ വിധേയമായതാക്കിത്തന്നവന്‍. അതിനാല്‍ നിങ്ങള്‍ അതിന്‍റെ തോളുകളിലൂടെ [ഉപരിതലത്തിലൂടെ] സഞ്ചരിക്കുകയും, അവന്‍റെ (വക) ആഹാരത്തില്‍ നിന്നു തിന്നുകയും ചെയ്തുകൊള്ളുവിന്‍. അവങ്കലേക്കു തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.
  • هُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്ക് ആക്കി തന്ന الْأَرْضَ ഭൂമിയെ ذَلُولًا വിധേയമായതു (പാകപ്പെട്ടതു) فَامْشُوا അതിനാല്‍ നടന്നു (സഞ്ചരിച്ചു) കൊള്ളുവിന്‍ فِي مَنَاكِبِهَا അതിന്‍റെ തോളു (വശം - വഴി - ഗിരിമാര്‍ഗം - ഉപരിതലം) കളില്‍കൂടി وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِن رِّزْقِهِ അവന്‍റെ ആഹാര (ഉപജീവന)ത്തില്‍ നിന്നു وَإِلَيْهِ അവനിലേക്കുതന്നെ النُّشُورُ (ഉയിര്‍ത്തു) എഴുന്നേല്‍പ്പ്

യഥേഷ്ടം വിഹരിക്കുവാനും ഉപജീവനമാര്‍ഗങ്ങളന്വേഷിച്ചുകൊണ്ടിരിക്കുവാനും ഉതകത്തക്കവണ്ണം ഭൂമിയെ മനുഷ്യനു പാകപ്പെടുത്തിത്തന്നിട്ടുള്ളതിനെ ഓര്‍മിപ്പിച്ചുകൊണ്ട്, അത് ഉപയോഗപ്പെടുത്താന്‍ അല്ലാഹു നമ്മെ പ്രോത്സാഹിപ്പിക്കുകയാണ്. എല്ലാം അല്ലാഹു തരും എന്ന് കരുതി അലസമായിരിക്കരുതെന്നും അതില്‍ സൂചനയുണ്ട്. അതേ സമയത്ത് ഉപജീവന വിഷയത്തിലും, സമ്പാദ്യത്തിലും മാത്രം ശ്രദ്ധ ചെലുത്തി ഭാവിജീവിതത്തിന്‍റെ കാര്യം മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

67:16
  • ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ ﴾١٦﴿
  • ആകാശത്തുള്ളവനെ - അവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതു - നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?! എന്നാല്‍, അപ്പോഴതു ക്ഷോഭിച്ചു ഇളകി മറിഞ്ഞുകൊണ്ടിരിക്കും!
  • أَأَمِنتُم നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ مَّن فِي السَّمَاءِ ആകാശത്തിലുള്ളവനെ أَن يَخْسِفَ بِكُمُ നിങ്ങളെ അവന്‍ ആഴ്ത്തുന്നതിനെ, വിഴുങ്ങിക്കുന്നതു الْأَرْضَ ഭൂമിയില്‍, ഭൂമിയെ فَإِذَا هِيَ എന്നാല്‍ അപ്പോഴതു تَمُورُ പിടച്ചുമറിയും, ഇളകി ക്ഷോഭിക്കും, കിടിലംകൊള്ളും
67:17
  • أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴾١٧﴿
  • അതല്ലെങ്കില്‍, ആകാശത്തുള്ളവനെ - അവന്‍ നിങ്ങളുടെ മേല്‍ വല്ല ചരല്‍വര്‍ഷവും അയക്കുന്നത് - നിങ്ങള്‍ നിര്‍ഭയരായിരിക്കയാണോ?! എന്നാല്‍, നിങ്ങള്‍ക്ക് അറിയാറാകും, എന്‍റെ താക്കീത് എങ്ങിനെയിരിക്കുന്നുവെന്ന്!
  • أَمْ أَمِنتُم അതല്ലെങ്കില്‍ നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ مَّن فِي السَّمَاءِ ആകാശത്തിലുള്ളവനെ أَن يُرْسِلَ അവന്‍ അയക്കുന്നത് عَلَيْكُمْ നിങ്ങളുടെ മേല്‍ حَاصِبًا ചരല്‍ വര്‍ഷം, ചരല്‍കാറ്റ് فَسَتَعْلَمُونَ എന്നാല്‍ നിങ്ങള്‍ക്കറിയാറാകും, വഴിയെ അറിയും كَيْفَ എങ്ങിനെയാണ് (എന്ന്) نَذِيرِ എന്‍റെ താക്കീത്, താക്കീതുകാരന്‍
67:18
  • وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ ﴾١٨﴿
  • തീര്‍ച്ചയായും, ഇവരുടെ മുമ്പുള്ളവരും വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട്, എന്‍റെ പ്രതിഷേധം എങ്ങിനെയുണ്ടായി?! (അവര്‍ അതൊന്നു ആലോചിച്ചു നോക്കട്ടെ).
  • وَلَقَدْ كَذَّبَ തീര്‍ച്ചയായും വ്യാജമാക്കി الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَكَيْفَ كَانَ എന്നിട്ട് എങ്ങിനെയായി, ഉണ്ടായി نَكِيرِ എന്‍റെ പ്രതിഷേധം, വെറുപ്പ്

مَّن فِي السَّمَاءِ (ആകാശത്തിലുള്ളവന്‍) എന്നു പറഞ്ഞതു അല്ലാഹുവിനെ ഉദ്ദേശിച്ചാണ്. പക്ഷെ, അവന്‍ അവന്‍റെ സൃഷ്ടിയായ ആകാശത്തില്‍ ഒരിടത്ത് ഇരിക്കുകയാണെന്നോ മറ്റോ ഈ വാക്കുമൂലം ഊഹിക്കാവതല്ല. അല്ലാഹു അനാദ്യനും, അനന്തനും, എല്ലാറ്റില്‍നിന്നും വ്യത്യസ്തനുമാണല്ലോ. അല്ലാഹു ‘അര്‍ശിന്‍മേല്‍ ആരോഹണം ചെയ്തു’ (استوى على العرش) എന്നതുപോലെയുള്ള ഒരു പ്രയോഗം തന്നെയാണിതും. ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് നാം ഇതിനുമുമ്പ് ചിലപ്പോഴൊക്കെ സംസാരിച്ചിട്ടുണ്ട്. അവയുടെ ബാഹ്യാര്‍‍ത്ഥമല്ലാതെ, അവയുടെ യാഥാര്‍ത്ഥ്യം തിട്ടപ്പെടുത്തുവാന്‍ നമ്മുക്ക് സാധ്യമല്ല. എന്തെങ്കിലും വ്യാഖ്യാനം നല്‍കി തൃപ്തിപ്പെടുത്തുന്നതിനേക്കാള്‍ ഉത്തമവും സുരക്ഷിതവുമായ മാര്‍ഗം, വ്യാഖ്യാനം അല്ലാഹുവിങ്കലേക്ക് വിടുകയാകുന്നു. സൂ: സജദഃയില്‍ يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ (അവന്‍ ആകാശത്തു നിന്ന് ഭൂമിയിലേക്ക് കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അവിടെ നാം പ്രസ്താവിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുന്നത് നന്നായിരിക്കും.

നിങ്ങളുടെ നിഷേധവും ധിക്കാരവും അവസാനിപ്പിക്കാതെ എന്നും നിങ്ങള്‍ക്കിവിടെ ശാന്തമായി കഴിഞ്ഞുകൂടാമെന്നു കരുതേണ്ട. ഈ ഭൂമി ക്ഷോഭിച്ചിളകി അതില്‍ നിങ്ങളെ ആഴ്‌ത്തിക്കളയുകയോ, അല്ലെങ്കില്‍ ഒരു ചരല്‍വര്‍ഷം – അല്ലെങ്കില്‍ ചരല്‍കാറ്റ് – അയച്ചുകൊണ്ട് നിങ്ങളെ നശിപ്പിക്കുകയോ ചെയ്‍വാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. നിങ്ങളെപ്പോലുള്ളവരില്‍ അങ്ങിനെ പലതും ഇതിനുമുമ്പ് സംഭവിച്ചിട്ടുമുണ്ട്. നിങ്ങളില്‍ അപ്രകാരമുള്ള ആപത്തുകളൊന്നും സംഭവിക്കുകയില്ലെന്ന് ഭയം കൂടാതെ നിങ്ങള്‍ സമാധാനപ്പെട്ടിരിക്കുകയാണോ? ആ വിചാരം വേണ്ട. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം. ഖാറൂനും അവന്‍റെ ഭവനവും ഭൂമിയില്‍ ആഴ്ത്തപ്പെട്ടതും ലൂത്ത്വ് (عليه السلام) നബിയുടെ ജനതയുടെമേല്‍ ചരല്‍വര്‍ഷം ഉണ്ടായതും, കഅ്ബ പൊളിക്കുവാന്‍ ശ്രമിച്ച ആനപ്പട്ടാളം കല്ലുകളാല്‍ നശിപ്പിക്കപ്പെട്ടതും മേല്‍പറഞ്ഞതിനു ഉദാഹരണങ്ങളാണല്ലോ.

67:19
  • أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ ﴾١٩﴿
  • അവരുടെ മീതെ (ചിറകുവിരുത്തി) അണിനിരന്നുകൊണ്ടും, (ചിറകു) കൂട്ടിപിടിച്ചുകൊണ്ടും പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ ?! പരമകാരുണികനല്ലാതെ (ആരും) അവയെ പിടിച്ചു നിറുത്തുന്നില്ല. നിശ്ചയമായും, അവന്‍ എല്ലാ വസ്തുവെക്കുറിച്ചും, കണ്ടറിയുന്നവനാകുന്നു.
  • أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الطَّيْرِ പക്ഷികളിലേക്ക് فَوْقَهُمْ അവരുടെ മീതെ صَافَّاتٍ അണിനിരന്നുകൊണ്ട്, വരിയായിട്ട് وَيَقْبِضْنَ അവ കൂട്ടുകയും ചെയ്യും, (കൂട്ടിക്കൊണ്ടും) مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا الرَّحْمَـٰنُ പരമകാരുണികനല്ലാതെ إِنَّهُ നിശ്ചയമായും അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും بَصِيرٌ കണ്ടറിയുന്നവനാണ്

ഇതെല്ലാം അല്ലാഹുവിന്‍റെ അപാരമായ കഴിവുകളുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണല്ലോ.

67:20
  • أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَـٰنِ ۚ إِنِ ٱلْكَـٰفِرُونَ إِلَّا فِى غُرُورٍ ﴾٢٠﴿
  • അതല്ലാ, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, പരമകാരുണികനായുള്ളവന് പുറമെ നിങ്ങളെ സഹായിക്കുന്ന നിങ്ങളുടെ ഒരു പട്ടാളമായുള്ളവന്‍ - ആരാണുള്ളത്?! അവിശ്വാസികള്‍ വഞ്ചനയില്‍ (അകപ്പെട്ടിരിക്കുക) അല്ലാതെ (മറ്റൊന്നും) അല്ല.
  • أَمَّنْ അതല്ല (അതല്ലെങ്കില്‍ - അഥവാ) ആരാണ് هَـٰذَا ഇവന്‍ (ഇങ്ങനെയുള്ളവന്‍) الَّذِي അതായത് യാതൊരുവന്‍ هُوَ جُندٌ لَّكُمْ അവന്‍ നിങ്ങള്‍ക്ക് പട്ടാളമാണ്, സൈന്യമാണ്‌ يَنصُرُكُم നിങ്ങളെ സഹായിക്കുന്ന مِّن دُونِ الرَّحْمَـٰنِ പരമകാരുണികന് പുറമെ (കൂടാതെ) إِنِ الْكَافِرُونَ അവിശ്വാസികളല്ല إِلَّا فِي غُرُورٍ വഞ്ചനയിലല്ലാതെ
67:21
  • أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّ وَنُفُورٍ ﴾٢١﴿
  • അതല്ലെങ്കില്‍, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, അവന്റെ [അല്ലാഹുവിന്റെ] ആഹാരം അവന്‍ നിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവന്‍ - ആരാണുള്ളത്?! (ആരുമില്ല) എങ്കിലും, അവര്‍ ധിക്കാരത്തിലും, വെറുപ്പിലും നിരതരായിരിക്കുകയാണ്.
  • أَمَّنْ هَـٰذَا അതല്ല ഇവനാരാണ് الَّذِي يَرْزُقُكُمْ അതായത് നിങ്ങള്‍ക്ക് ആഹാരം (ഉപജീവനം) നല്‍കുന്ന إِنْ أَمْسَكَ അവന്‍ നിറുത്തിയാല്‍, പിടിച്ചുവെക്കുന്നപക്ഷം رِزْقَهُ അവന്‍റെ ആഹാരം بَل لَّجُّوا (എങ്കിലും) എന്നാല്‍ അവര്‍ നിരതരായിരിക്കുന്നു, ശഠിച്ചുനില്‍ക്കുകയാണ് فِي عُتُوٍّ ധിക്കാര (അതിക്രമ)ത്തില്‍ وَنُفُورٍ വെറുപ്പിലും, അറപ്പിലും
67:22
  • أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٢٢﴿
  • അപ്പോള്‍, മുഖം കുത്തിമറിഞ്ഞുകൊണ്ട് നടക്കുന്നവനാണോ കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവന്‍, അതല്ല, നേരെയുള്ള പാതയിലൂടെ ശരിക്കു നടക്കുന്നവനോ?!
  • أَفَمَن يَمْشِي അപ്പോള്‍ (എന്നാല്‍) നടക്കുന്നവനോ مُكِبًّا മറിഞ്ഞു (കമിഴ്ന്നു) വീണുകൊണ്ട് عَلَىٰ وَجْهِهِ തന്‍റെ മുഖത്തിന്മേല്‍ (മുഖം കുത്തി) أَهْدَىٰ കൂടുതല്‍ സന്മാര്‍ഗം (നേര്‍വഴി) പ്രാപിച്ചവന്‍ أَمَّن يَمْشِي അതല്ല (അതോ) നടക്കുന്നവനോ سَوِيًّا ശരിക്ക്, നേരെ عَلَىٰ صِرَاطٍ പാതയിലൂടെ مُّسْتَقِيمٍ നേര്‍ക്കുനേരെയുള്ള, ചൊവ്വായ

സാരം: അല്ലാഹു അല്ലാത്ത ഒന്നിനെയും ആരാധിച്ചിട്ട് യാതൊരു ഫലവുമില്ല. ആരില്‍നിന്നും ഒരു സഹായവും അവര്‍ക്ക് പ്രതീക്ഷിക്കുവാനില്ല. അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്ന് അവരെ സഹായിക്കുവാന്‍ തക്ക ഏതൊരു സേനയാണ് അവര്‍ക്കുള്ളത്! ആരുമില്ല. പക്ഷേ, അവര്‍ വഞ്ചിതരായിരിക്കുക മാത്രമാണ്. അല്ലാഹു അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപജീവനമാര്‍ഗം അവന്‍ നിറുത്തല്‍ ചെയ്തെന്നു വിചാരിക്കുക. എന്നാല്‍ പിന്നെ അവര്‍ക്ക് ആഹാരത്തിന് വകനല്‍കുവാന്‍ വേറെ ആരുണ്ട്?! ആരുമില്ല. വാസ്തവത്തില്‍ ഇതെല്ലാം അവര്‍ക്ക് ആലോചിച്ചറിയാവുന്ന സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളത്രെ. എന്നിട്ടും അവര്‍ സത്യത്തെ ധിക്കരിച്ചും, വെറുത്തും കൊണ്ടുതന്നെ കഴിഞ്ഞുകൂടുകയാണ്. പിന്നെ എങ്ങിനെയാണ് അവര്‍ക്ക് രക്ഷകിട്ടുക?! നേര്‍ക്കുനേരെ ചൊവ്വായ മാര്‍ഗത്തിലൂടെ ശരിക്ക് നടന്നുപോകുന്നവരും, വക്രമായ വഴിയിലൂടെ മുഖം കുത്തിമറിഞ്ഞും വീണുംകൊണ്ടു പോകുന്നവരും ഒരിക്കലും സമമാകുകയില്ലല്ലോ. ഇവരില്‍ ആരാണ് ഉദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചേരുക എന്ന് പറയേണ്ടതില്ല. ഇതു പോലെയാണ് സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതിയും.

67:23
  • قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًا مَّا تَشْكُرُونَ ﴾٢٣﴿
  • (നബിയേ) പറയുക: 'നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കുകയും, നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചകളും, ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരുകയും ചെയ്തവനത്രെ അവന്‍ [അല്ലാഹു]. നന്നെക്കുറച്ചേ നിങ്ങള്‍ നന്ദിചെയ്യുന്നുള്ളു.
  • قُلْ പറയുക هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنشَأَكُمْ നിങ്ങളെ ഉണ്ടാക്കിയ (സൃഷ്ടിച്ച), ഉൽപത്തിയാക്കിയ وَجَعَلَ لَكُمُ നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തരുകയും السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ച (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا എന്തോ (നന്നെ) കുറച്ചു (മാത്രം) تَشْكُرُونَ നിങ്ങള്‍ നന്ദിക്കാട്ടുന്നു (ചെയ്യുന്നു)
67:24
  • قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ ﴾٢٤﴿
  • പറയുക: 'നിങ്ങളെ ഭൂമിയില്‍ പെരുപ്പിച്ചുണ്ടാക്കിയവന്‍ അവനത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്നു.'
  • قُلْ പറയുക هُوَ الَّذِي യാതൊരുവന്‍ അവനത്രെ ذَرَأَكُمْ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കിയ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവനിലേക്ക് (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടുന്നു
67:25
  • وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ ﴾٢٥﴿
  • അവര്‍ [അവിശ്വാസികള്‍] പറയുന്നു: 'എപ്പോഴാണ് ഈ (ഒരുമിച്ചു കൂട്ടുമെന്ന) വാഗ്ദാനം? - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കേള്‍ക്കട്ടെ)!'.
  • وَيَقُولُونَ അവര്‍ പറയുന്നു مَتَى എപ്പോഴാണ് هَـذَا الْوَعْدُ ഈ വാഗ്ദാനം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
67:26
  • قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ﴾٢٦﴿
  • പറയുക: 'നിശ്ചയമായും (ആ) അറിവ്‌ അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു, ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ മാത്രമാണ്.'
  • قُلْ പറയുക إِنَّمَا الْعِلْمُ നിശ്ചയമായും അറിവ് عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَإِنَّمَا أَنَا നിശ്ചയമായും ഞാന്‍ نَذِيرٌ ഒരു താക്കീതുകാരന്‍ (മാത്രം) مُّبِينٌ സ്പഷ്ടമായ

എല്ലാവരും ഒരുമിച്ചു കൂട്ടുന്ന ആ ദിവസം എപ്പോഴാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. എനിക്കോ മറ്റാര്‍ക്കെങ്കിലുമോ അതറിയുകയില്ല. എന്‍റെ ചുമതല നിങ്ങളെ വ്യക്തമായി താക്കീതു ചെയ്യല്‍ മാത്രമാണ്. പക്ഷേ, ഒരിക്കല്‍ അത് അനുഭവപ്പെടുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട. അതിന്‍റെ സമയത്തെക്കുറിച്ചല്ല, അതിനെ തുടര്‍ന്നുണ്ടാവാനിരിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത് എന്ന് താല്‍പര്യം. ആ ദിവസം ആസന്നഭാവിയില്‍ വന്നെത്തുമെന്ന കാര്യം ഉറപ്പായതുകൊണ്ട് അത് സംഭവിക്കുമ്പോള്‍ അവരിലുണ്ടാകുന്ന പ്രതികരണങ്ങളെപ്പറ്റി ഭൂതകാലരൂപത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നു.-

67:27
  • فَلَمَّا رَأَوْهُ زُلْفَةً سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ ﴾٢٧﴿
  • എന്നാല്‍, അവര്‍ അത് സമീപിച്ചതായി കണ്ടപ്പോള്‍ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങള്‍ക്ക് മ്ളാനത ബാധിച്ചു! (അവരോട്) പറയപ്പെടുകയും ചെയ്തു: നിങ്ങള്‍ യാതൊന്നിനെക്കുറിച്ച് വാദിച്ചുകൊണ്ടിരുന്നുവോ അതത്രെ ഇത്.
  • فَلَمَّا رَأَوْهُ അങ്ങിനെ അവരത് കണ്ടപ്പോള്‍ زُلْفَةً സമീപത്ത്, അടുത്തായി سِيئَتْ മ്ളാനമാക്കപ്പെട്ടു (വഷളായി - കറുത്തു - ദുഃഖപ്പെട്ടു) وُجُوهُ الَّذِينَ യാതൊരു കൂട്ടരുടെ മുഖങ്ങള്‍ كَفَرُوا അവിശ്വസിച്ച وَقِيلَ പറയപ്പെടുകയും ചെയ്തു هَـذَا الَّذِي ഇതാ യാതൊന്നും, യാതൊന്നു ഇതത്രെ كُنتُم بِهِ അതിനെക്കുറിച്ച് നിങ്ങളായിരുന്നു تَدَّعُونَ വാദിക്കും, വിളിച്ചാവശ്യപ്പെടുക

ആ സന്ദര്‍ഭം അത്രവിദൂരമൊന്നുമല്ല. വന്നു കഴിഞ്ഞുവെന്നു തന്നെ പറയാം, അതവര്‍ കാത്തിരുന്നുകൊള്ളട്ടെ എന്നാണ് ഭൂതകാലരൂപത്തിലുള്ള ഈ പ്രയോഗത്തിലടങ്ങിയ സൂചന. تَدَّعُونَ എന്ന വാക്കിന് ‘വാദിക്കുക’ എന്നും ‘വിളിച്ചാവശ്യപ്പെടുക’ എന്നും അര്‍ഥം വരാം. അന്ത്യനാളിനെക്കുറിച്ച് തര്‍ക്കിച്ചും വാദിച്ചും കഴിയുന്നവരും, എന്താണ് അത് വന്നു കാണാത്തതെന്ന് പരിഹാസപൂര്‍വ്വം ധൃതികൂട്ടിക്കൊണ്ടിരിക്കുന്നവരുമാണല്ലോ അവര്‍.

67:28
  • قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَـٰفِرِينَ مِنْ عَذَابٍ أَلِيمٍ ﴾٢٨﴿
  • പറയുക: 'നിങ്ങള്‍ കണ്ടുവോ, എന്നെയും, എന്‍റെ കൂടെയുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവന്‍ കരുണ ചെയ്യുകയോ ചെയ്‌താല്‍, - എന്നാല്‍ ആരാണ് വേദനയേറിയ ശിക്ഷയില്‍നിന്ന് അവിശ്വാസികള്‍ക്ക് രക്ഷനല്‍കുന്നതു? (ഇതൊന്നു പറയുവീന്‍)!'
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِنْ أَهْلَكَنِيَ എന്നെ നശിപ്പിച്ചാല്‍ اللَّـهُ അല്ലാഹു وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും أَوْ رَحِمَنَا അല്ലെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക്‌ കരുണ (ദയ) ചെയ്‌താല്‍ فَمَن يُجِيرُ എന്നാല്‍ ആര്‍ രക്ഷിക്കും, കാക്കും الْكَافِرِينَ അവിശ്വാസികളെ مِنْ عَذَابٍ ശിക്ഷയില്‍ നിന്ന് أَلِيمٍ വേദനയേറിയ
67:29
  • قُلْ هُوَ ٱلرَّحْمَـٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَـٰلٍ مُّبِينٍ ﴾٢٩﴿
  • പറയുക: 'അവന്‍ പരമകാരുണികനത്രെ; അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; അവന്‍റെ മേല്‍തന്നെ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, (അടുത്ത്) നിങ്ങള്‍ക്ക് അറിയാറാകും: സ്പഷ്ടമായ വഴിപിഴവില്‍ ആരാണുള്ളത് എന്ന്!'
  • قُلْ هُوَ പറയുക അവന്‍ الرَّحْمَـنُ പരമകാരുണികനാണ് ءَامَنَّا بِهِ ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍തന്നെ تَوَكَّلْنَا ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു فَسَتَعْلَمُونَ എന്നാല്‍ നിങ്ങള്‍ക്ക് അറിയാറാകും, വഴിയെ അറിയും مَنْ ആര്‍, ഏതൊരുവനാണ് هُوَ അവന്‍ فِي ضَلَالٍ വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലാണ് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

ഖുര്‍ആനില്‍ പലേടങ്ങളിലും കാണാവുന്നതുപോലെ, ഇവിടെയും ഇതിനുമുമ്പുള്ള ചില വചനങ്ങളിലും അല്ലാഹുവിന്‍റെ ‘പരമകാരുണികന്‍’ (الرَّحْمَـنِ) എന്ന നാമം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാകുന്നു. അവന്‍റെ കാരുണ്യാധിക്യത്തെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുകയും, പാപികള്‍ പശ്ചാത്തപിച്ചു മടങ്ങുന്നപക്ഷം അവന്‍റെ കാരുണ്യത്തില്‍ നിരാശക്ക് അവകാശമില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയുമാണ് അവ ചെയ്യുന്നത്.

67:30
  • قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَآءٍ مَّعِينٍۭ ﴾٣٠﴿
  • പറയുക: 'നിങ്ങള്‍ കണ്ടുവോ, നിങ്ങളുടെ വെള്ളം വറ്റിയതായിത്തീര്‍ന്നാല്‍, ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന (ഉറവു) വെള്ളം കൊണ്ടുവന്ന് തരിക? (പറയുവിന്‍)!'
  • قُلْ أَرَأَيْتُمْ പറയുക, നിങ്ങള്‍ കണ്ടുവോ إِنْ أَصْبَحَ ആയിത്തീര്‍ന്നാല്‍ مَاؤُكُمْ നിങ്ങളുടെ വെള്ളം غَوْرًا വറ്റിയത്, വരണ്ടത് فَمَن എന്നാലാരാണ് يَأْتِيكُم നിങ്ങള്‍ക്ക് കൊണ്ടുവരിക بِمَاءٍ വെള്ളം مَّعِينٍ ഒഴുകിവരുന്ന, ഉറവ്, പൊടിഞ്ഞുവരുന്ന

അല്ലാഹുവല്ലാതെ ആരുമില്ലെന്ന് വ്യക്തം. സാധാരണ പതിവില്‍ കവിഞ്ഞു കുറച്ചു ദിവസങ്ങളോളം മഴ പെയ്യാന്‍ താമസിച്ചാലത്തെ കഥ നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. ഒരുപക്ഷേ, കിണറും കുളവും ആഴംകൂട്ടിയോ, പമ്പ് ഉപയോഗിച്ചോ ചില ദിവസങ്ങള്‍കൂടി കഴിച്ചുകൂട്ടാമെന്നു വിചാരിക്കുക. എന്നാല്‍, ആകാശത്തു നിന്ന് മഴ പെയ്യുവാന്‍ ദീര്‍ഘിച്ചുപോയാല്‍ – അല്ലെങ്കില്‍ ഭൂമിയിലെ ഈര്‍പ്പവും ഉറവും ഉണങ്ങിപ്പോയാല്‍ – ഇതുകൊണ്ടൊന്നും പ്രയോജനമില്ലല്ലോ. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യുകയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ബുദ്ധിമാന്മാരുടെ കൂട്ടത്തില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ولله الحمد والمنة