തഗാബുൻ (നഷ്ടം വെളിപ്പെടല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

64:1
  • يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീർത്തനം ചെയ്യുന്നു. അവനാണു രാജാധ്യപത്യം; അവന്നാണു സ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീർത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لَهُ الْمُلْكُ അവനാണു രാജത്വം, ആധിപത്യം وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതിയും وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌

‘തസ്ബീഹി’ന്റെ (സ്തോത്രകീർത്തനത്തിന്റെ) വാക്യം കൊണ്ടാരംഭിക്കുന്ന സൂറത്തുകളി (المسبحات)ല്‍ അവസാനത്തേതാണിത്. ‘തസ്ബീഹി’നെക്കുറിച്ചു നാം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. എല്ലാ വസ്തുക്കളും എന്തുകൊണ്ടു അല്ലാഹുവിനു തസ്ബീഹു ചെയ്യുന്നു, എന്തുകൊണ്ടു ചെയ്യണം? ഇതിനുള്ള കാരണവും ഈ വചനത്തില്‍ തന്നെ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നതു കാണാം. തുടർന്നുള്ള വചനങ്ങളില്‍ നിന്നു കൂടുതല്‍ വിശദീകരണവും ലഭിക്കുന്നു.

64:2
  • هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٢﴿
  • അവനത്രെ, നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ടു, നിങ്ങളില്‍ (ചിലര്‍) അവിശ്വാസിയുണ്ട്; നിങ്ങളില്‍ (ചിലര്‍) സത്യവിശ്വാസിയും ഉണ്ട്. നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനുമാകുന്നു.
  • هُوَ അവനത്രെ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ فَمِنكُمْ എന്നിട്ടു നിങ്ങളില്‍ നിന്നു (ചിലര്‍), നിങ്ങളിലുണ്ടു كَافِرٌ അവിശ്വാസി وَمِنكُم നിങ്ങളിൽനിന്നു, നിങ്ങളിലുണ്ടു مُّؤْمِنٌ സത്യവിശ്വാസി(യും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്‌
64:3
  • خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ ﴾٣﴿
  • ആകാശങ്ങളെയും, ഭൂമിയെയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ, നിങ്ങളുടെ രൂപങ്ങളെ നന്നാക്കിത്തീർക്കുകകയും ചെയ്തിരിക്കുന്നു. അവങ്കലേക്കത്രെ, തിരിച്ചെത്തലും.
  • خَلَقَ السَّمَاوَاتِ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാർത്ഥ (മുറ - ന്യായ - കാര്യ) പ്രകാരം وَصَوَّرَكُمْ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ അങ്ങനെ അവന്‍ നന്നാക്കി صُوَرَكُمْ നിങ്ങളുടെ രൂപങ്ങളെ وَإِلَيْهِ അവങ്കലേക്കാണ് الْمَصِيرُ തിരിച്ചെത്തല്‍, ചെന്നുചേരല്‍
64:4
  • يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٤﴿
  • ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു; നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു, നെഞ്ചുകളില്‍ [ഹൃദയങ്ങളില്‍] ഉള്ളതിനെപ്പറ്റി അറിയുന്നവനുമാണ്.
  • يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനുമാണ്‌ بِذَاتِ الصُّدُور നെഞ്ചു (ഹൃദയം) കളിലുള്ളതിനെ

മേല്‍ വിവരിച്ച യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അവിശ്വാസികളായിത്തീർന്ന മുൻസമുദായങ്ങള്‍ അനുഭവിക്കേണ്ടിവന്ന അതേ ദുരന്തഫലങ്ങള്‍ നിലവിലുള്ള ഈ ജനതക്കും ഒരു പാഠമായിരിക്കേണ്ടതുണ്ടെന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു.

64:5
  • أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾٥﴿
  • മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങൾക്കു വന്നിട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യത്തിന്റെ ദുരന്തഫലം അവര്‍ ആസ്വദിച്ചു; അവർക്കു വേദനയേറിയ ശിക്ഷയും ഉണ്ട്.
  • أَلَمْ يَأْتِكُمْ നിങ്ങൾക്കു വന്നിട്ടില്ലേ نَبَأُ വൃത്താന്തം, വര്‍ത്തമാനം الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പു فَذَاقُوا എന്നിട്ടവര്‍ ആസ്വദിച്ചു, രുചിച്ചുനോക്കി وَبَالَ കഠിനഫലം, കെടുതി, ദുരന്തം أَمْرِهِمْ അവരുടെ കാര്യ (വിഷയ) ത്തിന്റെ وَلَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുമുണ്ടു أَلِيمٌ വേദനയേറിയ
64:6
  • ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَقَالُوٓا۟ أَبَشَرٌ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌ ﴾٦﴿
  • അതു ഇതുകൊണ്ടാണ്: (അതായതു) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു: ‘മനുഷ്യരോ നമുക്കു മാർഗദർശനം നൽകുന്നു?’ അങ്ങനെ, അവര്‍ അവിശ്വസിക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരില്‍ നിന്നു) അല്ലാഹുവും ധന്യത കാണിച്ചു. [ഇതാണ് കാരണം]. അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹനുമാണ്.
  • ذَٰلِكَ അതു بِأَنَّهُ കാര്യം (ആണു) എന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായവ (തെളിവുകള്‍) കൊണ്ടു فَقَالُوا എന്നിട്ടവര്‍ പറഞ്ഞു أَبَشَرٌ മനുഷ്യരോ يَهْدُونَنَا നമ്മെ സന്മാർഗത്തിലാക്കുന്നു فَكَفَرُوا അങ്ങനെ അവര്‍ അവിശ്വസിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു وَّاسْتَغْنَى ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി اللَّـهُ അല്ലാഹു وَاللَّـهُ അല്ലാഹുവാകട്ടെ غَنِيٌّ ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്

റസൂലുകള്‍ വേണ്ടത്ര തെളിവുകളുമായി ചെന്നിട്ടും അതൊന്നും വകവെക്കാതെ, നമ്മെ നേർമാർഗത്തിലാക്കുവാന്‍ വന്നിരിക്കുന്നതു നമ്മെപ്പോലുള്ള മനുഷ്യരാണോ എന്നു പറഞ്ഞ് അതെല്ലാം അവര്‍ നിരസിച്ചു. അല്ലാഹുവിന്റെ ആശ്രയവും സഹായവും തങ്ങൾക്കാവശ്യമില്ലാത്ത നിലപാടാണ് അവര്‍ സ്വീകരിച്ചത്. അല്ലാഹുവാകട്ടെ ആരുടെയും യാതൊരാശ്രയവും ആവശ്യമില്ലാത്ത ധന്യനുമാണ്. അവര്‍ അവരുടെ പാട്ടിനു പോകട്ടെ എന്നുവെച്ച് അല്ലാഹു അവരെ പുറംതള്ളുകയും ചെയ്തു. ഇതാണവർക്കു വമ്പിച്ച നാശങ്ങള്‍ പിണയുവാന്‍ കാരണമായത്.

64:7
  • زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٧﴿
  • അവിശ്വസിച്ചവര്‍ ജൽപിക്കുകയാണ്. അവര്‍ (മരണാനന്തരം) എഴുന്നേൽപ്പിക്കപ്പെടുന്നതേയല്ല എന്ന്. (നബിയേ) പറയുക: 'ഇല്ലാതേ! എന്റെ റബ്ബ് തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും; പിന്നീടു നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്കു വൃത്താന്തമറിയിക്കപ്പെടും. അതു അല്ലാഹുവിന്റെമേല്‍ നിസ്സാര കാര്യമാകുന്നു.'
  • زَعَمَ ജൽപിച്ചു, വാദിച്ചു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن لَّن يُبْعَثُوا അവര്‍ എഴുന്നേല്‍പിക്ക (പുനരെഴുന്നേല്‍പിക്ക) പ്പെടുന്നതേയല്ല എന്നു قُلْ പറയുക بَلَىٰ ഇല്ലാതേ, ഉണ്ട്, ഉവ്വ് وَرَبِّي എന്റെ റബ്ബു തന്നെയാണ لَتُبْعَثُنَّ നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും ثُمَّ لَتُنَبَّؤُنَّ പിന്നീടു നിങ്ങൾക്കു വൃത്താന്തം അറിയിക്കപ്പെടും നിശ്ചയം بِمَا عَمِلْتُمْ നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി وَذَٰلِكَ അതു عَلَى اللَّـه അല്ലാഹുവിന്റെമേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമുള്ളതാണ്

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഇങ്ങിനെ ശക്തിയായി ആണയിട്ട് ഉറപ്പിച്ചു മറുപടി പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കൽപിക്കുന്ന മൂന്നു തിരുവചനങ്ങളുള്ളതില്‍ മൂന്നാമത്തേതാണ് ഈ വചനം. ഒന്നാമത്തേതു സൂ: യൂനുസ്: 53ലും, രണ്ടാമത്തേതു സൂ: സബഉ്: 3ലും കാണാം. വിഷയത്തിന്റെ ഗൗരവത്തെയാണിതു കുറിക്കുന്നത്. രണ്ടാമതൊരു ജീവിതം നൽകൽ ഒരു അസാധ്യകാര്യമായി നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതു ഒട്ടും തന്നെ പ്രയാസപ്പെട്ടതല്ല -വളരെ നിസ്സാരമാണ്- എന്നു ഓർമ്മിപ്പിക്കുകയും ചെയ്യുന്നു:

64:8
  • فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾٨﴿
  • ആകയാല്‍, അല്ലാഹുവിലും, അവന്റെ റസൂലിലും നാം അവതരിപ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങള്‍ വിശ്വസിച്ചു കൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
  • فَآمِنُوا ആകയാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَالنُّورِ പ്രകാശത്തിലും الَّذِي أَنزَلْنَا നാം ഇറക്കിയതായ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

ഖുർആനെ ഉദ്ദേശിച്ചാണ് ഇവിടെ പ്രകാശം (النُّور) എന്നു പറഞ്ഞിരിക്കുന്നത്. അജ്ഞത, അസത്യം, ദുർമാർഗം ആദിയായ ഇരുട്ടുകളില്‍നിന്നു ജ്ഞാനത്തിലേക്കും, സത്യത്തിലേക്കും, സന്മാർഗത്തിലേക്കും വെളിച്ചം നൽകുന്ന പ്രകാശമാണല്ലോ അത്.

64:9
  • يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾٩﴿
  • ഒരുമിച്ചുകൂട്ടുന്ന (ആ) ദിവസത്തേക്കു നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓർമിക്കുക);- അതത്രെ നഷ്ടം വെളിപ്പെടുത്തുന്ന ദിവസം! ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവനു അവന്റെ തിന്മകളെ അവന്‍ മറച്ചു (പൊറുത്തു) കൊടുക്കുന്നതാണ്; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും; അതില്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അതത്രെ മഹത്തായ ഭാഗ്യം!
  • يَوْمَ يَجْمَعُكُمْ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം لِيَوْمِ الْجَمْعِ ഒരുമിച്ചുകൂട്ടുന്ന ദിവസത്തേക്കു ذَٰلِكَ അതു, അതത്രെ يَوْمُ التَّغَابُنِ നഷ്ടം വെളിപ്പെടുത്തുന്ന (ലാഭ നഷ്ടം നോക്കുന്ന) ദിവസം وَمَن يُؤْمِن بِاللَّـهِ ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ وَيَعْمَلْ പ്രവർത്തിക്കുകയും صَالِحًا സൽകർമ്മം, നല്ലതു يُكَفِّرْ عَنْهُ അവനിൽനിന്നു മറച്ചു (മൂടി) കൊടുക്കും سَيِّئَاتِهِ അവന്റെ തിന്മകളെ وَيُدْخِلْهُ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും جَنَّاتٍ സ്വർഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിയിൽകൂടി الْأَنْهَارُ അരുവി (നദി) കള്‍ خَالِدِينَ فِيهَا അതില്‍ സ്ഥിര (ശാശ്വത) വാസികളായ നിലക്കു أَبَدًا എന്നെന്നും എക്കാലവും ذَٰلِكَ الْفَوْزُ അതത്രെ ഭാഗ്യം, അതു വിജയമത്രെ الْعَظِيمُ മഹത്തായ, വമ്പിച്ച
64:10
  • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ خَـٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ ﴾١٠﴿
  • അവിശ്വസിക്കുകയും നമ്മുടെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആൾക്കാരാകുന്നു - അതില്‍ സ്ഥിരവാസികളായ നിലയില്‍. (ആ) തിരിച്ചെത്തുന്ന സ്ഥാനം എത്രയോ ചീത്ത!
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍أَصْحَابُ النَّارِ നരകക്കാരാണ് خَالِدِينَ فِيهَا അതില്‍ സ്ഥിരവാസികളായ നിലയില്‍ وَبِئْسَ എത്രയോ ചീത്ത, വളരെ മോശമാണ് الْمَصِيرُ (ആ) തിരിച്ചെത്തുന്ന സ്ഥലം, മടക്കം

ഇഹത്തില്‍വെച്ചു ജീവപര്യന്തം നടത്തിയ വ്യാപാരങ്ങളുടെയെല്ലാം കണക്കു പരിശോധിച്ച് ആർക്കെല്ലാമാണ്‌ നഷ്ടം പിണഞ്ഞിരിക്കുന്നത്. ആർക്കെല്ലാമാണ്‌ ലാഭം കിട്ടിയിരിക്കുന്നത് എന്നു തിട്ടപ്പെടുത്തുന്ന ദിവസം അന്നാണല്ലോ. അതുകൊണ്ടാണ് ആ ദിവസത്തിനു നഷ്ടം വെളിപ്പെടുത്തുന്ന – അഥവാ ലാഭനഷ്ടം കണക്കു നോക്കുന്ന – ദിവസം (يومُ التَّغَابُنِ) എന്നു പറഞ്ഞത്. ആരാണ് ലാഭം നേടിയവരെന്നും എന്താണ് അവർക്കു ലാഭം കിട്ടിയതെന്നും, ആരാണ് നഷ്ടക്കാരെന്നും, എന്താണവർക്കു പിണഞ്ഞ നഷ്ടമെന്നും തുടർന്നു പറഞ്ഞതില്‍നിന്നു തന്നെ സ്പഷ്ടമാണ്.

വിഭാഗം - 2

64:11
  • مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾١١﴿
  • യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്റെ ഹൃദയത്തിനു അവന്‍ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
  • مَا أَصَابَ ബാധിക്കുക (എത്തുക)യില്ല مِن مُّصِيبَةٍ ഒരു ബാധയും, വിപത്തും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ وَمَن يُؤْمِنആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ يَهْدِ അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു قَلْبَهُ അവന്റെ ഹൃദയത്തിനു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
64:12
  • وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ ﴾١٢﴿
  • അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അറിഞ്ഞേക്കുക), -എന്നാല്‍- നിശ്ചയമായും നമ്മുടെ റസൂലിന്റെ മേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.
  • وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ فَإِن تَوَلَّيْتُمْ എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം فَإِنَّمَا عَلَىٰ رَسُولِنَا എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു الْبَلَاغُ الْمُبِينُ പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.
64:13
  • ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٣﴿
  • അല്ലാഹു, അവനല്ലാതെ ആരാധ്യനേയില്ല. അല്ലാഹുവിന്റെ മേല്‍ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
  • اللَّـهُ അല്ലാഹു لَا إِلَـٰهَ ആരാധ്യനേ ഇല്ല, ദൈവമേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ ഭരമേൽപിച്ചു കൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല. ഇതു അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വശമത്രെ. അല്ലാഹുവില്‍ ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന്‍ സന്മാർഗം കാണിച്ചു കൊടുക്കുകയും, അതിലേക്കു നയിക്കുകയും ചെയ്യും. അവനു ബാധിക്കുന്നതെല്ലാം – നന്മയാകട്ടെ, തിന്മയാകട്ടെ – അവനു ഗുണകരമായി കലാശിക്കുകയും ചെയ്യും. അതാണ് ഒരു തിരുവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളി ചെയ്തിരിക്കുന്നത്: ‘സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യമാണ്! അവനു അല്ലാഹു ഏതൊന്നു വിധിച്ചാലും അതവനു ഗുണകരമാകാതിരിക്കുകയില്ല. വല്ല ബുദ്ധിമുട്ടും (കഷ്ടപ്പാടും) അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ, അതവനു ഗുണമായിത്തീരും. വല്ല സന്തോഷവും അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യും. അങ്ങനെ അതും അവനു ഗുണമായിത്തീരും. ഇതു സത്യവിശ്വാസിക്കല്ലാതെ വേറെ ഒരാൾക്കുമുണ്ടാവുകയില്ല’.(ബു; മു.)

അല്ലാഹുവിങ്കല്‍ നിന്നു ‘ഹിദായത്തു’ (സന്മാർഗ്ഗദർശനം) ലഭിക്കുവാനുള്ള ഒന്നാമത്തെ ഉപാധി വിശ്വാസം തന്നെ. വിശ്വാസത്തിന്റെ സാക്ഷാൽകരണം അല്ലാഹുവിനെയും, റസൂലിനെയും -അവരുടെ വിധിവിലക്കുകളെ- അനുസരിക്കൽ കൊണ്ടുമാകുന്നു. ഇതു രണ്ടും സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവനുതന്നെ. റസൂലിനു അതില്‍ ബാധ്യതയൊന്നുമില്ല. അല്ലാഹുവിന്റെ ദൗത്യം ശരിക്കും പ്രബോധനം ചെയ്തു എത്തിച്ചുകൊടുക്കുക മാത്രമേ അദ്ദേഹത്തിനു ചുമതലയുള്ളൂ. അതദ്ദേഹം നിർവഹിച്ചിട്ടുമുണ്ട്. എന്നിട്ട് പിന്നെയും പിന്‍തിരിഞ്ഞു പോകുന്നവര്‍ അവരുടെ കാര്യങ്ങള്‍ ആരിലെങ്കിലും അർപ്പിച്ചുകൊള്ളട്ടെ. തൗഹീദിന്റെ ആൾക്കാരായ സത്യവിശ്വാസികള്‍ അവരുടെ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ മാത്രം അർപ്പിക്കേണ്ടാതാണ്. അവന്‍ മതി അവർക്ക്.

64:14
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَـٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٤﴿
  • ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്കളുണ്ട്; അതിനാല്‍ നിങ്ങള്‍ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ മാപ്പു നൽകുകയും, വിട്ടുകൊടുക്കുകയും, പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّ مِنْ أَزْوَاجِكُمْ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് وَأَوْلَادِكُمْ നിങ്ങളുടെ മക്കളിലും عَدُوًّا ഒരു (തരം) ശത്രു, ചില ശത്രുക്കള്‍ لَّكُمْ നിങ്ങൾക്കു فَاحْذَرُوهُمْ അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക وَإِن تَعْفُوا നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം وَتَصْفَحُوا വിട്ടുകൊടുക്കുകയും وَتَغْفِرُوا നിങ്ങള്‍ പൊറുത്തുകൊടുക്കുകയും فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
64:15
  • إِنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ ﴾١٥﴿
  • നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
  • إِنَّمَا أَمْوَالُكُمْ നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍ وَأَوْلَادُكُمْ നിങ്ങളുടെ മക്കളും فِتْنَةٌ ഒരു പരീക്ഷണം (തന്നെ, മാത്രമാണു) وَاللَّـهُ അല്ലാഹുവാകട്ടെ عِندَهُ അവന്റെ പക്കലുണ്ടു أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം, കൂലി

നിത്യേന നാമെല്ലാവരും ശ്രദ്ധിക്കേണ്ട ചില യാഥാർത്ഥ്യങ്ങളാണ് അല്ലാഹു ഈ വചനങ്ങളില്‍ ഉണർത്തുന്നത്. മനുഷ്യന്‍ അവന്റെ ഐഹികജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടങ്ങളുടെ സിംഹഭാഗവും തന്റെ ഭാര്യാമക്കളെച്ചൊല്ലിയോ, അല്ലെങ്കില്‍ അവരുടെ ഹേതുമൂലം സംഭവിക്കുന്നതോ ആയിരിക്കും. ഭാര്യാമക്കളുടെ നിർബന്ധത്തിനും ശാഠ്യത്തിനും വഴങ്ങി, അല്ലെങ്കില്‍ അവരോടുള്ള വാത്സല്യം നിമിത്തം, അല്ലെങ്കില്‍ അവരുടെ ഏതെങ്കിലും കൊള്ളരുതായ്മ മൂലം അവന്‍ പല അപകടത്തിലും, വേണ്ടാവൃത്തിയിലും ചെന്നുചാടും. അപമാനം സഹിക്കേണ്ടിവരുന്നു, അക്രമത്തിനും വഞ്ചനക്കും ഒരുമ്പെടുന്നു, കുടുംബങ്ങളോടും മിത്രങ്ങളോടും പിണങ്ങേണ്ടിവരുന്നു, ദാനധർമങ്ങള്‍ മുടങ്ങേണ്ടിവരുന്നു, ദുർവ്യയം ചെയ്യുന്നു, കടംപേറുന്നു, വാഗ്ദത്തം ലംഘിക്കുന്നു, മതപരവും സദാചാരപരവുമായ നിർബന്ധകടമകള്‍ ഉപേക്ഷിക്കുന്നു, അങ്ങിനെ പലതും. ചുരുക്കത്തില്‍ ഐഹികവും പാരത്രികവുമായ തുറകളില്‍ അവര്‍ നിമിത്തം അവനു നേരിട്ടേക്കുന്ന ദോഷങ്ങള്‍ നിരവധിയാണ്. അതുകൊണ്ടു ഭാര്യാമക്കള്‍ നിമിത്തം ഇങ്ങിനെയുള്ള ദുരവസ്ഥയില്‍ പതിക്കുവാന്‍ കാരണമാക്കുന്നതിനെക്കുറിച്ച് എപ്പോഴും വളരെ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളണമെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതുചെയ്യുന്നു.

അതേ സമയത്തു മറ്റൊരു വശവും നോക്കേണ്ടാതായുണ്ട്. ഒരാളുടെ ഭാര്യാമക്കള്‍ സ്വാഭാവികമായും അയാളുടെ അത്രതന്നെ പാകത പ്രാപിച്ചവരായിരിക്കയില്ലല്ലോ. അവരെ നന്നാക്കിത്തീർക്കേണ്ടുന്ന ചുമതലയും അവനുണ്ട്. ആകയാല്‍, അവരിൽ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ക്കെല്ലാം അവർക്കെതിരെ നടപടിയെടുക്കുവാന്‍ മുതിരുന്നതും ശരിയല്ല. ചില സന്ദർഭുങ്ങളില്‍ അതു ആവശ്യവും സ്വീകാര്യവുമായിരിക്കാമെന്നു മാത്രം. കഴിയുന്നതും ക്ഷമിക്കുക, മാപ്പും വിട്ടുവീഴ്ചയും കൈകൊള്ളുക, ഇതാണ് കരണീയമായിട്ടുള്ളത്. ഇതിനു പ്രോത്സാഹനം നൽകുക മാത്രമല്ല അല്ലാഹു ചെയ്തിരിക്കുന്നത്. അതു നിമിത്തം അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പൊറുതിയും കാരുണ്യവും ലഭിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (14-ാം വചനത്തിന്റെ അവസാനഭാഗം നോക്കുക.) അപ്പോള്‍, നല്ലതും ചീത്തയും നോക്കാതെ, ന്യായാന്യായവ്യത്യാസം കൂടാതെ, ഹലാലും ഹറാമും (പാടുളളതും പാടില്ലാത്തതും) ആലോചിക്കാതെ കണ്ടമാനം ഭാര്യാമക്കളുടെ ഇഷ്ടത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്കും, നേരെമറിച്ചു വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സ്വന്തം ഭാര്യയെയും മക്കളെയും ശാസിച്ചും മർദ്ദിച്ചും വരുന്നവർക്കും ഈ വചനത്തില്‍ താക്കീതുണ്ടെന്നുകാണാം.

‘നിങ്ങളുടെ സ്വത്തുക്കളും മക്കളും ഒരു പരീക്ഷണം മാത്രമാണ്’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ) എന്ന വാക്യവും വളരെ ശ്രദ്ധാർഹമായ ഒരു തത്വമാണ് ഉൾക്കൊള്ളുന്നത്. അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്കു കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അതു രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ വയ്യ. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിനു പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. പലപ്പോഴും ഐഹികനന്മയും, പാരത്രികനന്മയും തമ്മില്‍ വൈരുദ്ധ്യമായിരിക്കും ഉണ്ടായിരിക്കുക. അങ്ങിനെ വരുമ്പോള്‍, മുൻഗണന നൽകേണ്ടതു ഏതിനാണ് എന്നും അല്ലാഹു അതോടൊപ്പം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ പരീക്ഷണം വിജയകരമായി കലാശിക്കേണമെങ്കില്‍, സ്വത്തുമൂലവും മക്കള്‍മൂലവും ലഭിച്ചേക്കുന്ന എല്ലാ ഐഹിക താൽപര്യങ്ങളെയും വർജ്ജിക്കണമെന്നുണ്ടോ?’അതില്ല.

وَلا تَنْسَ نَصِيبَكَ مِنَ الدُّنْيَا – القصص (ഇഹത്തില്‍ നിന്നുള്ള നിന്റെ പങ്കു വിസ്മരിക്കുകയും വേണ്ടാ.) എന്നാല്‍, പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ ആരായിരിക്കുമെന്നു അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം.

64:16
  • فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٦﴿
  • അതുകൊണ്ട് നിങ്ങൾക്കു സാധ്യമായപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; കേൾക്കുകയും, അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങൾക്കു സ്വന്തംതന്നെ ഗുണകരമായ നിലക്കു (ധനം) ചിലവഴിക്കുകയും ചെയ്യുവിന്‍. യാതൊരുവന്‍ അവന്റെ മനസ്സിന്റെ പിശുക്കില്‍ (അഥവാ ആർത്തിയില്‍) നിന്നു കാത്തുരക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
  • فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ مَااسْتَطَعْتُمْ നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര وَاسْمَعُوا കേൾക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ وَأَنفِقُوا ചിലവു ചെയ്യുകയും ചെയ്യുവിൻ خَيْرً ഗുണമായിട്ടു, ഗുണമായ നിലക്കു لِّأَنفُسِكُمْ നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി وَمَن يُوقَ ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ شُحَّ نَفْسِهِ തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْمُفْلِحُونَ വിജയികള്‍

ധനം മുഖേനയും മക്കള്‍ മുഖേനയുമുള്ള പരീക്ഷണങ്ങളില്‍ വിജയം നേടുവാനുള്ള മാർഗങ്ങള്‍ ഇവയാണ്: (1) എല്ലാ വിഷയത്തിലും അവനവനു കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക. അഥവാ അവന്റെ വിധിവിലക്കുകളെ അതിലംഘിക്കാതെയും, അവന്റെ ശിക്ഷയെ സൂക്ഷിച്ചും കൊണ്ടിരിക്കുക. (2) ഓരോ വിഷയത്തിലും അല്ലാഹുവും അവന്റെ റസൂലും കൽപ്പിക്കുന്ന കൽപ്പനകളും, നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങളും കേട്ടു മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുക. (3) അതനുസരിച്ചു പ്രവർത്തിക്കുക. (4) അവനവനു യഥാർത്ഥത്തില്‍ ഗുണകരമായി കലാശിക്കുന്ന വിഷയങ്ങളില്‍ പരമാവധി ചിലവുചെയ്യുക. ഈ നാലു കാര്യങ്ങളും വേണ്ടതുപോലെ ഗൗനിക്കുന്നവർക്കു തങ്ങളുടെ മക്കളും സ്വത്തുക്കളുമെല്ലാം വമ്പിച്ച അനുഗ്രഹമായിരിക്കും. ഇല്ലെങ്കിലോ? ശാപവും! എന്നാല്‍, ഇക്കാര്യങ്ങള്‍ ഗൗനിക്കപ്പെടുന്നതിനു ഏറ്റവും വലിയ വിഘാതമായിത്തീരുന്നതു മനസ്സിന്റെ അടിത്തട്ടില്‍ ഒളിച്ചു കിടക്കുന്ന ഒരു പൈശാചിക ദുർഗുണമത്രെ. അതെ, സ്വന്തം കയ്യിലുള്ളതു ചിലവാക്കുവാനുള്ള പിശുക്കും, മറ്റുള്ളവരുടെ പക്കലുള്ളതുകൂടി ലഭിക്കുവാനുള്ള ആർത്തിയും. ഇതിനാണ്  شح (‘ശുഹ്-ഹ്) എന്നുപറയുന്നത്. ഏതൊരു ഹൃദയത്തില്‍ ‘ശുഹ്-ഹു’ കുടികൊണ്ടിരിക്കുന്നുവോ ആ ഹൃദയത്തിനു മേല്‍പ്രസ്താവിച്ച നാലുകാര്യങ്ങളും യഥാവിധി സ്വീകരിക്കുവാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് ‘ശുഹ്-ഹി’ല്‍ നിന്നു രക്ഷപ്പെട്ടവരാണ് വിജയികള്‍ എന്ന് അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നത്. (ശുഹ്ഹി-‘ നെപ്പറ്റി സൂ: ഹശ്ര്‍ 9-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓർക്കുക.)

അല്ലാഹുവിനെ സൂക്ഷിക്കണമെന്നു പറഞ്ഞപ്പോള്‍ നിങ്ങൾക്കു് ‘സാധ്യമായത്ര’ (مَا اسْتَطَعْتُمْ) എന്നു ഉപാധിവെച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. ഒരോരുത്തന്റെയും പരമാവധി കഴിവുപോലെ അല്ലാഹുവിനെ സൂക്ഷിക്കണം എന്നു സാരം. സൂ: ആലുഇംറാന്‍ 102ല്‍ ‘അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുവിന്‍’ (اتَّقُوا اللَّـهَ حَقَّ تُقَاتِهِ) എന്നു പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. അല്ലാഹുവിനോടുള്ള കടപ്പാടു പരിപൂർണ്ണുമായി നിറവേറ്റുവാന്‍ മനുഷ്യർക്കു സാധ്യമല്ലെന്നും, സാധ്യതയുടെ അളവില്‍തന്നെ വ്യക്തികളെല്ലാം സമനിലക്കാരല്ലെന്നും വ്യക്തമാണല്ലോ. ഒരാളോടുംതന്നെ ആ ആളുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. (لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) എന്നു അല്ലാഹു അസന്നിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതുകൊണ്ടുതന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നതും:

اذا امرتكم بامر فأتو منه ما استطعتم وما نهيتكم عنه فاجتنبوه – متفق عليه

(നിങ്ങളോടു ഞാന്‍ വല്ല കാര്യവും കൽപ്പിച്ചാൽ നിങ്ങള്‍ അതില്‍ നിങ്ങൾക്കു സാധിക്കുന്നത്ര കൊണ്ടുവരുവിന്‍. നിങ്ങളോടു ഞാന്‍ എന്തു വിരോധിച്ചുവോ അതു നിങ്ങള്‍ വർജ്ജിക്കുകയും ചെയ്യുവിന്‍, (ബു;മു.) കൽപിച്ചതു മുഴുവന്‍ ചെയ്‌വാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ വിരോധിച്ചതു വിട്ടുകളയുവാന്‍ സാധിക്കാതെ വരികയില്ലല്ലോ. അതുകൊണ്ടാണ് വിരോധിച്ചതു അപ്പടി വർജ്ജിക്കുകതന്നെ വേണമെന്നു തിരുമേനി കൽപ്പിക്കുന്നത്.

64:17
  • إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ ﴾١٧﴿
  • അല്ലാഹുവിനു നിങ്ങള്‍ നല്ലതായ കടംകൊടുക്കുന്ന പക്ഷം, അവന്‍ നിങ്ങൾക്കു അതു ഇരട്ടിയാക്കിത്തരുന്നതാണ്; നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു.
  • إِن تُقْرِضُوا നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം يُضَاعِفْهُ لَكُمْ അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും وَيَغْفِرْ لَكُمْ നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും وَاللَّـهُ شَكُورٌ അല്ലാഹു വളരെ നന്ദിയുള്ളവനാണു حَلِيمٌ സഹനശീലനാണ്
64:18
  • عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلْحَكِيمُ ﴾١٨﴿
  • (അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; അഗാധജ്ഞനാണ്!
  • عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെ (പരസ്യമായതിനെ)യും الْعَزِيزُ പ്രതാപശാലിയാണു الْحَكِيمُ അഗാധജ്ഞനാണു, യുക്തിമാനാണു

അല്ലാഹുവിനു നല്ല വിധത്തില്‍ കടം ക്കൊടുക്കുന്നതിനെപ്പറ്റി സൂ: ഹദീദില്‍ വിവരിച്ചിരിക്കുന്നതു ഓർമ്മിക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: (أن الله تعالى يقول: من يقرض غير ظلوم ولا عديم – متفق) ‘അക്രമം ചെയ്യുന്നവനോ കൈവലഞ്ഞവനോ ഒന്നുമല്ലാത്തവനു കടം കൊടുക്കുന്നവര്‍ ആരുണ്ട് എന്നാണ് അല്ലാഹു പറയുന്നത്’ എന്നു സാരം.

اللهم لك الحمد و لك المنة