അത്യഗാധമായ ഒരു വിജ്ഞാന മഹാസാഗരമത്രെ വിശുദ്ധ ക്വുര്‍ആന്‍. ബുദ്ധിശക്തിയും പരിശ്രമവും അനുസരിച്ച് അതില്‍ നിന്ന് വിജ്ഞാനങ്ങള്‍ കരസ്ഥമാകുന്നു. ഉദ്ദേശ്യലക്ഷ്യങ്ങളും, താല്പര്യവും, അഭിരുചിയും, ഭാഗ്യവും അനുസരിച്ച് അതില്‍ ഏറ്റക്കുറവുണ്ടായിരിക്കും. ഓരോ ആവര്‍ത്തി പരിശോധിക്കുമ്പോഴും മുമ്പ് ലഭിക്കാത്ത വിഭവങ്ങള്‍ പലതും വായനക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഒരു വൈയാകരണന് വ്യാകരണപാഠങ്ങള്‍ കൂടുതല്‍ ലഭിക്കുമ്പോള്‍ ഒരു സാഹിത്യകാരന് സാഹിത്യത്തിലേക്ക് മുതല്ക്കൂട്ടുകള് ധാരാളം ലഭിക്കുന്നു. ഒരു മതോപദേഷ്ടാവിന് സദുപദേശങ്ങളും താക്കീതുകളുമാണ് കൂടുതല്‍ കണ്ടെത്തുവാന്‍ സാധിക്കുന്നതെങ്കില്‍, ഒരു കര്‍മ ശാസ്ത്രപണ്ഡിതന് കര്‍മപരമായ നിയമനിര്‍ദ്ദേശങ്ങളും, സൂചനകളുമായിരിക്കും അധികം കെടുക്കുവാന്‍ കഴിയുക. ഒരു സമുദായ നേതാവിന് അനേകം സാമൂഹ്യ നിയമങ്ങളും ഭരണമുറകളും പഠിക്കുവാന്‍ കഴിയുന്ന അതേ ഗ്രന്ഥത്തില്‍നിന്നു ഒരു താര്ക്കികന് തര്‍ക്ക ശാസ്ത്രവിജ്ഞാനങ്ങളും മനസ്സിലാക്കുവാന്‍ കഴിയുന്നു. ഭയഭക്തിയും, പരലോക വിശ്വാസവും അടിയുറച്ചു കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിക്ക് സത്യവിശ്വാസവും, സന്മാര്ഗവും അത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. അതേ സമയത്ത് അവിശ്വാസത്തിന്റെ കണ്ണുകള്‍ കൊണ്ട് നോട്ടമിടുകയും, നിഷേധമനസ്സോടുകൂടി വീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല താനും. അങ്ങനെ, ശാസ്ത്രവീക്ഷകന് ശാസ്ത്രീയ വിജ്ഞാനങ്ങളും, ബുദ്ധിമാന് ബുദ്ധി വികാസവും സഹൃദയന് സല്‍കര്‍മ വാഞ്ഛയും അത് പ്രദാനം ചെയ്യുന്നു. അല്ലാഹു പറയുന്നു: مَافَرَّطْنَافِي الْكِتَابِ مِنْ شَيْءٍ (ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല).
അല്ലാഹുവിന്റെ അസ്തിത്വം, അവന്റെ ഏകത്വം, മരണാനന്തരജീവിതം, പരലോക രക്ഷാ ശിക്ഷകള്‍, വിശുദ്ധ ഖുര്‍ആന്റെയും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സത്യത ആദിയായ മൗലിക പ്രധാനങ്ങളായ വിഷയങ്ങളാണ് ക്വുര്‍ആനിലെ മുഖ്യപ്രതിപാദ്യം. ക്വുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങളെ പലരും പലവിധത്തില്‍ ഭാഗിക്കാറുണ്ടെങ്കിലും-ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍- അവയെല്ലാം താഴെ കാണുന്ന അഞ്ച് ഇനങ്ങളില്‍ ഉള്‍പ്പെട്ടതാകുന്നു.
1). മതനിയമങ്ങള്‍ (الأحكام). ആരാധനാകര്‍മങ്ങള്‍, ഇടപാടുകള്‍, പെരുമാറ്റങ്ങള്‍, ഗാര്‍ഹികവും സാമൂഹികവുമായ കാര്യങ്ങള്‍ തുടങ്ങി ജീവിതവശങ്ങളെ ബാധിക്കുന്ന വിധിവിലക്കുകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മതനിയമങ്ങള്‍ അഞ്ചുതരത്തിലാണുള്ളത്.
(1) നിര്‍ബന്ധം: അഥവാ ഉപേക്ഷിക്കുവാന്‍ പാടില്ലാത്തത് (الواجب)
(2) ഐച്ഛികം: അഥവാ നിര്‍ബന്ധമല്ലാത്തതും അനുഷ്ഠിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതും (المندوب)
(3) അനുവദനീയം: അഥവാ അനുഷ്ഠിക്കുകയോ ഉപേക്ഷിക്കുയോ ചെയ്യാവുന്നത് (المباح).
(4) അനഭിലഷണീയം: അഥവാ വിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും ഉപേക്ഷിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യം ( المكروه )
(5) നിഷിദ്ധം: അഥവാ നിരോധിക്കപ്പെട്ടത് (الحرام). ഈ അഞ്ചു വിധികള്‍ الاحكام الشرعية (ശരീഅത്ത് വിധികള്‍) എന്ന പേരില്‍ അറിയപ്പെടുന്നു. ഈ വിഭാഗത്തെപ്പറ്റി വിശകലനം ചെയ്യുന്ന വിജ്ഞാന ശാസ്ത്രത്തിനാണ് ഇസ്ലാമിക കര്‍മശാസ്ത്രം അല്ലെങ്കില്‍ ധര്‍മശാസ്ത്രം (علم الفقه) എന്നുപറയുന്നത്.
2. ന്യായവാദങ്ങളും വിമര്‍ശനങ്ങളും. അതായത്, സത്യനിഷേധികളുടെ വാദങ്ങള്‍ ഉദ്ധരിച്ച് ഖണ്ഡിക്കുക, അവരുടെ ന്യായവാദങ്ങള്‍ക്ക് മറുപടി പറയുക, അവയുടെ നിരര്‍ത്ഥത സ്ഥാപിക്കുക മുതലായവ. ക്വുര്‍ആന്‍ അവതരിക്കുമ്പോള്‍ അതിന്റെ എതിരാളികള്‍ പ്രധാനമായി നാലു കൂട്ടരായിരുന്നു. ബഹുദൈവവിശ്വാസികളും (മുശ്രിക്കുകള്‍), യഹൂദരും, ക്രിസ്ത്യാനികളും, കപടന്മാരും (മുനാഫിക്വുകള്‍). (ഇവരെപ്പറ്റി കൂടുതല്‍ വിവരം താഴെ വരുന്നുണ്ട്). നിരീശ്വരവാദികളെക്കുറിച്ചും പ്രകൃതിവാദികളെ ക്കുറിച്ചും ക്വുര്‍ആനില്‍ പലതും പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും, ക്വുര്‍ആന്‍ അവതരിച്ച കാലത്ത് ഒരു പ്രത്യേക കക്ഷിയെന്ന നിലക്ക് അവര്‍ നിലവിലുണ്ടായിരുന്നില്ല. ആകയാല്‍, അവരുമായുള്ള സംവാദങ്ങള്‍ ക്വുര്‍ആനില്‍ താരതമ്യേന കുറവായിക്കാണാം. ഈ വിജ്ഞാന വിഭാഗത്തെപ്പറ്റി പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ശാസ്ത്രമാണ് ഇസ്ലാമിക വിശ്വാസ ശാസ്ത്രം (علم الكلام او علم العقائد)
3. അല്ലാഹുവിന്റെ ഉല്‍കൃഷ്ട ഗുണങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, അനുഗ്രഹങ്ങള്‍ ആദിയായവയെ സംബന്ധിച്ചുള്ള ഉല്ബോധനങ്ങള്.
4. സത്യവിശ്വാസികളായ സജ്ജനങ്ങളുടെ സല്‍ഫലങ്ങളും, അവിശ്വാസികളായ ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും ഉദാഹരിക്കുന്ന ചരിത്രസംഭവങ്ങളുടെ വിവരണം
5. മരണം, മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകള്‍ തുടങ്ങിയ പാര ത്രിക കാര്യങ്ങളെക്കുറിച്ചുള്ള വിവരണം. ഈ മൂന്ന് തുറകളിലും വിരചിതമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ധാരാളമുണ്ട്.
ഈ അഞ്ചുതരം വിജ്ഞാനങ്ങളില്‍, അവസാനത്തെ നാലിനങ്ങള്‍ക്കാണ് ക്വുര്‍ആന്‍ ഒന്നാമത്തെതിനെക്കാള്‍ പ്രാധാന്യം നല്‍കിക്കാണുക. കാരണം: സത്യവിശ്വാസവും, സന്മാര്ഗവും സ്വീകരിക്കുന്നതിനുമുമ്പായി കാര്‍മിക നിയമങ്ങള്‍ ഉപദേശിച്ചിട്ടു ഫലമില്ലല്ലോ. സത്യവിശ്വാസവും, സന്മാര്ഗവും സ്വീകരിച്ചു കഴിഞ്ഞവര്‍ക്ക് അവരുടെ ചര്യയെ വ്യവസ്ഥപ്പെടുത്തുന്നതിനാവശ്യമായ നിയമങ്ങളെ പറ്റി അറിയേണ്ട ആവശ്യം നേരിടുകയും അവരത് അനുഷ്ഠാനത്തില്‍ വരുത്തിക്കൊള്ളുകയും ചെയ്യും. നേരെമറിച്ച് അവിശ്വാസത്തിലും, ദുര്‍മാര്‍ഗത്തിലും മുഴുകിക്കിടക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിച്ചു സത്യത്തിലേക്ക് കൊണ്ടുവരുവാനുള്ള ഉപദേശലക്ഷ്യങ്ങളാകട്ടെ, ഒന്നോ രണ്ടോ പ്രാവശ്യം ആവര്‍ത്തിച്ചു കേള്‍പ്പിച്ചാല്‍ മതിയാവുകയില്ല. അവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതുവരെ ആവര്‍ത്തിച്ചും വിവരിച്ചും കേള്‍പ്പിക്കല്‍ ആവശ്യമാകുന്നു. ഇതുകൊണ്ടാണ് പ്രവാചകത്വത്തിന്റെ ആദ്യകാലങ്ങളില്‍ അവതരിച്ച സൂറത്തുകളില്‍, നിയമനിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും ഉള്‍ക്കൊള്ളുന്ന ഭാഗം അധികമൊന്നും കാണാതിരിക്കുന്നത്. ജനങ്ങള്‍ സത്യമാര്‍ഗവുമായി പരിചയപ്പെടുകയും, മൂലസിദ്ധാന്തങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തതോടുകൂടിയാണ് കര്‍മവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ മിക്കവാറും അവതരിക്കുവാന്‍ തുടങ്ങിയത്. അജ്ഞതാന്ധകാരത്തില്‍ മുഴുകിക്കിടക്കുന്ന ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്ന ഉപദേശകന്മാരും ക്വുര്‍ആന്റെ ഈ നയം അനുകരിക്കേതാകുന്നു.
ഇറാക്വുകാരനായ ഒരാളോട് ഒരു സന്ദര്‍ഭത്തില്‍ ആഇശഃ (റ) പ്രസ്താവിച്ച ചില വാക്യങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു. ആ വാക്യങ്ങളുടെ സാരം ഇപ്രകാരമാണ്. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ആദ്യമായി അവതരിച്ചത് ‘മുഫസ്സ്വലാ’യ (ചെറിയ) സൂറത്തുകളില്‍ ഒന്നായിരുന്നു. അതില്‍ സ്വര്‍ഗനരകങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ, ജനങ്ങള്‍ ഇസ്ലാമിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരുന്നപ്പോള്‍, ‘ഹലാലും’, ‘ഹറാമും’ (മതനിയമങ്ങള്‍) അവതരിക്കുകയുണ്ടായി. ആദ്യം തന്നെ, ‘നിങ്ങള്‍ കള്ളുകുടിക്കരുത്’ എന്നു അവതരിച്ചിരുന്നുവെങ്കില്‍ അവര്‍ പറഞ്ഞേക്കും: ‘ഞങ്ങളൊരിക്കലും കള്ള് ഉപേക്ഷിക്കുകയില്ല’ എന്ന്. നിങ്ങള്‍ ‘വ്യഭിചരിക്കരുത്’ എന്ന് അവതരിച്ചിരുന്നുവെങ്കില്‍, അവര്‍ പറഞ്ഞേക്കും: ‘ഞങ്ങള്‍ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല’ എന്ന്. ഞാന്‍ കളിച്ചു നടക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്ന കാലത്ത് (എന്റെ ചെറുപ്പത്തില്‍) തന്നെ, മക്കയില്‍ വെച്ച് മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഈ വചനം അവതരിച്ചു: بَلْ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ (…..പക്ഷേ, അന്ത്യസമയമത്രെ അവരുടെ നിശ്ചിത സമയം. അന്ത്യസമയമാകട്ടെ, ഏറ്റവും ആപല്‍കരവും, ഏറ്റവും കയ്പുരസമുള്ളതുമായിരിക്കും). സൂറത്തുല്‍ ബക്വറഃയും സൂറത്തുന്നിസാഉം ആകട്ടെ ഞാന്‍ തിരുമേനിയുടെ അടുക്കല്‍ വന്നതിനുശേഷം (മദീനയില്‍വെച്ചു) അല്ലാതെ അവതരിച്ചിട്ടില്ല’
(ബുഖാരി). തിരുമേനിക്കു ഏറ്റവും ആദ്യമായി അവതരിച്ചത് സൂറത്തുല്‍ ‘അലക്വ്’ (العلق) ലെ ആദ്യവചനങ്ങളാണെങ്കിലും, അനന്തരം കുറേ ദിവസങ്ങളോളം വഹ്യ് വരാതിരിക്കുകയുണ്ടായല്ലോ. പിന്നീട് ആദ്യമായി അവതരിച്ചത് സൂറത്തുല്‍ മുദ്ദഥ്ഥിര്‍ (المد ثر) ആയിരുന്നു. ഈ സൂറത്താണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ആദ്യം അവതരിച്ചതായി ആഇശാഃ(റ) ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് ചൂണ്ടിക്കാട്ടിയ വചനം സൂറത്തുല്‍ ക്വമറിലെ 46-ാം വചനവുമാകുന്നു. മേല്‍ പറഞ്ഞ അഞ്ചുതരം വിജ്ഞാന വിഭാഗങ്ങളെക്കുറിച്ച് അടുത്ത അധ്യായങ്ങളില്‍ നമുക്ക് വിവരിക്കാം. അതിനു മുമ്പായി ക്വുര്‍ആന്റെ പ്രതിപാദന സ്വഭാവത്തെ പറ്റി ചിലത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പ്രതിപാദന രീതി
ക്വുര്‍ആനില്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന രീതി ഒരു പ്രത്യേക തരത്തിലുള്ള താകുന്നു. ശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ കൃതികളിലൊന്നും തന്നെ സ്വീകരിക്കപ്പെടാറുള്ള പ്രതിപാദനരീതിയും, സംസാര ശൈലിയും അല്ല ക്വുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. ഒരു വിഷയമോ, സംഭവമോ വിവരിക്കുമ്പോള്‍, അതു സംബന്ധമായ എല്ലാ കാര്യവും അവിടെ തന്നെ വിവരിക്കുക, ആദ്യം തൊട്ട് അന്ത്യം വരെ എല്ലാ വശങ്ങളും, ഉപാധികളും ക്രമമായി അതില്‍ ഉള്‍ക്കൊള്ളിക്കുക, ഒരു വിഷയം തീര്‍ന്ന ശേഷം മാത്രം മറ്റൊന്നിലേക്കു നീങ്ങുക, ആദ്യം പ്രസ്താവിച്ചതുമായി പ്രത്യക്ഷ ബന്ധമുള്ള വിഷയം മാത്രം തുടര്‍ന്നു പ്രസ്താവിക്കുക, ഇന്ന അധ്യായത്തില്‍ ഇന്നിന്ന വിഷയങ്ങള്‍ വിവരിക്കണമെന്ന് നിഷ്കര്‍ഷിക്കുക ഇത്യാദികാര്യങ്ങളൊന്നും ക്വുര്‍ആനില്‍ പതിവില്ല. ഗ്രന്ഥരചനയും ശാസ്ത്രവിജ്ഞാനങ്ങളും പ്രചാരത്തില്‍ വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്തും, അവയുമായി പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഒരു ജനതാമദ്ധ്യത്തിലുമാണല്ലോ ക്വുര്‍ആന്‍ അവതരിച്ചത്. അതേ സമയത്ത് തങ്ങളറിയാതെ തന്നെ, സാഹിത്യത്തിന്റെ മുന്‍പന്തിയില്‍ ആ ജനത എത്തി ക്കഴിഞ്ഞിട്ടുമുണ്ടായിരുന്നു. കവിതകളും പ്രസംഗങ്ങളുമാണ് അവരുടെ സാഹിത്യരംഗങ്ങള്‍. ഈ പരിതഃസ്ഥിതിയില്‍, ഒന്നാമതായി പ്രസ്തുത ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവതരിക്കുന്ന ദൈവിക ഗ്രന്ഥം, അവര്‍ക്ക് പരിചിതമല്ലാത്ത ഒരു ശൈലീസമ്പ്രദായത്തോടുകൂടിയായിരിക്കുന്നത് യുക്തമല്ലല്ലോ. ആ ഗ്രന്ഥമാകട്ടെ, ലോകാവസാനം വരെയുള്ള ജനങ്ങളെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതുമാണ്. അപ്പോള്‍, ആ ജനതക്കും ഭാവിതലമുറകള്‍ക്കും ഒരുപോലെ ഹൃദ്യവും ആസ്വാദ്യ കരവുമായിത്തീരുന്ന സ്വഭാവ സവിശേഷതയോടുകൂടിയായിരിക്കണം ആ ഗ്രന്ഥം. അങ്ങനെ, ക്വുര്‍ആന്‍ അവതരിച്ച കാലത്തേക്കും ഭാവികാലങ്ങള്‍ക്കും പറ്റിയ ഒരു പ്രത്യേകതരം പ്രതിപാദന രീതിയാണ് ക്വുര്‍ആനില്‍ അല്ലാഹു സ്വീകരിച്ചിട്ടുള്ളത്. ക്വുര്‍ആന്റെ പല സവിശേഷതകളില്‍ ഒന്നത്രെ അത്.
സര്‍വ്വസ്വീകാര്യമായ തത്വങ്ങളുടെയും, പൊതുവില്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍-സുഗ്രാഹ്യവും, സുപരിചിതവുമായ ഉപമകള്‍ സഹിതം -സുവ്യക്തങ്ങളായ ലക്ഷ്യ ദൃഷ്ടാന്തങ്ങളോടുകൂടി -മനസ്സിന്നു സമാധാനവും മനസ്സാക്ഷിക്ക് യുക്തവുമായിത്തോന്നുന്ന ന്യായവാദങ്ങളോടുകൂടി- അത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിലപ്പോള്‍ വളരെ സംക്ഷിപ്തമായി ഉദ്ധരിച്ച ഒരു വാര്‍ത്ത മറ്റൊരിക്കല്‍ വളരെ സവിസ്തരമായി പ്രതിപാദിക്കും. ശാസ് ത്രീ യവും താര്ക്കികവുമായ സാങ്കേതികാടിസ്ഥാനത്തില്‍ വിഷയങ്ങളെ ക്രമീകരിച്ച് ശ്രോതാക്കളെ ഉത്തരം മുട്ടിച്ച് വിജയഭേരി അടിക്കുന്ന സമ്പ്രദായം അതിനില്ല. ഹൃദയം കവരുന്നതും മനസ്സിനെ വശീകരിക്കുന്നതുമായ ഒരു നയമാണ് അത് കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ താര്‍ക്കികവും ശാസ്ത്രീയവുമായ അടിസ്ഥാനത്തില്‍, ഖണ്ഡനങ്ങളോ വിമര്‍ശനങ്ങളോ ക്വുര്‍ആനില്‍ തീരെ ഇല്ലെന്ന് ഇതിനര്‍ത്ഥമില്ല. നിശ്ചയമായും അതുണ്ട്. ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്, അതിന്റെ നയവും പതിവും മുകളില്‍ പറഞ്ഞതാണെങ്കിലും സമര്‍ത്ഥനായ ഒരു എതിര്‍വാദിയെ സംബന്ധിച്ചിടത്തോളം അത് ശാസ്ത്രരീത്യാതന്നെ അതിന്റെ ലക്ഷ്യങ്ങളെ സംവിധാനം ചെയ്തിട്ടുള്ളതായി അവന് അനുഭവപ്പെടുന്നതാണ്. പൊള്ളവാദങ്ങള്‍ക്ക് വായടപ്പന്‍ മറുപടിയും മുഷ്ടിവാദങ്ങള്‍ക്ക് കടുത്ത മറുപടിയും അത് നല്‍കും.
ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിലൊ, തത്വസംഹിതയിലോ വിശ്വസിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ആ ശാസ്ത്രത്തിലെ, അല്ലെങ്കില്‍ ആ സംഹിതയിലെ ഓരോ വശവും ഓരോ ഖണ്ഡികയും പ്രത്യേകം പ്രത്യേകം എടുത്തുകാട്ടി സമ്മതിപ്പിക്കുവാനോ, അയാളുടെ അടുക്കല്‍ തികച്ചും സ്വീകാര്യമായ അടിസ്ഥാനത്തില്‍ അവയെ ന്യായീകരിച്ചു കാണിക്കുവാനോ, സാധ്യമാവുകയില്ല. നേരെ മറിച്ച് ചില പ്രാഥമിക തത്വങ്ങളും മൗലിക സിദ്ധാന്തങ്ങളുമായിരിക്കണം ആദ്യം അയാളുടെ ശ്രദ്ധക്കു വിഷയമാക്കേത്. അയാളുടെ ബുദ്ധിക്കും യുക്തിക്കും അവ യോജിക്കുന്നുവെന്ന് ബോധ്യപ്പെട്ട ശേഷം മറ്റുള്ള തത്വങ്ങളിലേക്ക് നീങ്ങണം. ആ പ്രാഥമിക തത്വങ്ങളും മൂല സിദ്ധാന്തങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടായിരിക്കണം ഈ നീക്കം. പിന്നീട് ഇതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് അടുത്ത ഭാഗങ്ങളിലേക്ക് നീങ്ങാം. ഉദാഹരണമായി ഒരാള്‍ പ്രജായത്ത ഭരണ സമ്പ്രദായത്തില്‍ ഒട്ടും വിശ്വാസമില്ലാത്തവനും, തനി രാജകീയ ഭരണത്തില്‍ മാത്രം വിശ്വാസമുറപ്പിച്ചവനുമാണെന്ന് വിചാരിക്കുക. എന്നിരിക്കെ, ഒരു പ്രജായത്ത ഭരണഘടനയുടെ എല്ലാ വകുപ്പുകളും, അതതു വകുപ്പനുസരിച്ചുള്ള നിയമങ്ങളും എടുത്തുകാട്ടി അവയുടെ ഗുണഗണങ്ങള്‍ അയാളെക്കൊണ്ട് സമ്മതിപ്പിക്കുക സാധ്യമല്ലല്ലോ. ഇതുപോലെത്തന്നെയാണ് ഇസ്ലാമിന്റെയും ക്വുര്‍ആനിന്റെയും സ്ഥിതിയും. അതില്‍ വിശ്വസിക്കാത്തവരെയും അതിന്റെ എതിരാളികളെയും അതിലെ ഓരോ ഇനങ്ങളും വെവ്വേറെ പെറുക്കി എടുത്ത് അവരുടെ അടുക്കല്‍ സുസമ്മതമായ ഒരടിസ്ഥാനത്തില്‍ തല കുലുക്കി സമ്മതിപ്പിക്കുവാന്‍ സാധിച്ചെന്നു വരികയില്ല. അതിനു പരിശ്രമിക്കുന്നത് പലപ്പോഴും പാഴ്വേലയായിരിക്കും. ചില തത്വങ്ങളെപ്പറ്റി അയുക്തികമെന്നോ മറ്റോ വിധി കല്പിച്ചു തള്ളിക്കളയുവാന്‍ അത് കാരണമാകും. മാത്രമല്ല, ഈ സാഹസത്തിന് മുതിരുന്നവര്‍, ചിലപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളെ വളച്ചുതിരിച്ചു ഒപ്പിച്ചു കാണിച്ചുകൊടുക്കുവാനോ, ചില വിട്ടുവീഴ്ചകളോടുകൂടി യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കുവാനോ നിര്‍ബന്ധിതരായെന്നും വരും.
നിരീശ്വരവാദിയായ ഒരുവനോട് തൗഹീദിന്റെ ഗുണഗണങ്ങളെക്കുറിച്ചോ, പരലോകകാര്യങ്ങളെക്കുറിച്ചോ, നമസ്കാരം, നോമ്പ് മുതലായവയെക്കുറിച്ചോ, വേദമോതിയിട്ടു കാര്യമില്ല. ആദ്യമായി, ലോകത്തിന് ഒരു സ്രഷ്ടാവുെന്നതിന്റെ തെളിവുകളും, അതിനുശേഷം ആ സ്രഷ്ടാവിന്റെ അനിവാര്യമായ ഗുണങ്ങളും ബോധ്യെ പ്പടുത്തണം. അനന്തരം ഒരു മതത്തിന്റെ ആവശ്യം, പ്രവാചകന്മാരുടെ ആവശ്യം, വേദഗ്രന്ഥത്തിന്റെ ആവശ്യം, അവയുടെ സാധ്യത, സംഭവ്യത എന്നിങ്ങനെ പലതും അയാള്‍ക്ക് വിശ്വാസ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തണം. അങ്ങനെ, ക്വുര്‍ആന്‍ ദൈവഗ്രന്ഥമാണെന്നും, മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവന്റെ തിരുദൂതനാണെ ന്നുമുള്ളതുവരെ എത്തിക്കഴിഞ്ഞാല്‍ മാത്രമെ, ക്വുര്‍ആനിലെ ഓരോ തത്വവും, ഓരോ നിയമവും തൊട്ടെണ്ണി അയാളുടെ ദൃഷ്ടിയില് സ്വീകാര്യമാക്കുവാന്‍ നിവൃത്തിയുള്ളൂ. അല്ലാത്തപക്ഷം, ഏതോ ചില കാര്യങ്ങള്‍ -അയാളുടെ മനഃസ്ഥി തിക്കും താല്പര്യത്തിനും യോജിച്ചവമാത്രം -അയാള്‍ക്ക് സമ്മതിക്കുവാന്‍ സാധിച്ചേ ക്കുമെങ്കിലും പലതും അയാളെ സമ്മതിപ്പിക്കുവാന്‍ കഴിയാത്തവയായിരിക്കും. ഉദാഹരണമായി , ഇസ്ലാമിലെ സകാത്ത് പദ്ധതിയെക്കുറിച്ച് പ്രശംസിച്ചു പ്രസംഗിച്ചേക്കാവുന്ന ഒരു അമുസ്ലിം, അതേ സമയത്ത് അതിനെക്കാള്‍ ക്വുര്‍ആന്‍ വില കല്‍പ്പിച്ചിട്ടുള്ള നമസ്കാരത്തെപ്പറ്റി പുച്ഛിച്ചു സംസാരിച്ചേക്കും. കാരണം സകാത്തിന്റെ പ്രായോഗികതലത്തെക്കുറിച്ച് അയാള്‍ക്ക് കുറെയെല്ലാം മനസ്സിലാക്കുവാന്‍ കഴിയും. നമസ്കാരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെപ്പറ്റി ഊഹിക്കുവാനും, ചിന്തിക്കുവാനും അയാള്‍ക്ക് സാധിച്ചെന്നുവരില്ല. നേരെ മറിച്ച് ക്വുര്‍ആനിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും വിശ്വസിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം, അവ രണ്ടിനുമിടയില്‍ വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ടാകുവാന്‍ നിവൃത്തിയില്ല. അതുപോലെത്തന്നെ, ഇസ്ലാമല്ലാത്ത ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇസ്ലാമിലെ ഏതാനും കര്‍മങ്ങളെ തത്വപരമായിട്ടെങ്കിലും സ്വീകരിക്കുവാന്‍ കഴിയും. അതേ സമയത്ത് അതിലെ ചില ശിക്ഷാനിയമങ്ങളെയോ, വൈവാഹിക നിയമങ്ങളെയോ അനുകൂലിക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല.
ക്വുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങളാകട്ടെ, നാനാമുഖങ്ങളോടുകൂടിയവയായിരിക്കും. നിരീശ്വരവാദികളെയും, നിര്‍മതവാദികളെയും ഉദ്ദേശിച്ചുള്ളത്, മതാവലംബികളാണെങ്കിലും ദൈവിക മതാവലംബികളല്ലാത്തവരെ ഉദ്ദേശിച്ചുളളത്, ഏകദൈവവിശ്വാസികളാണെങ്കിലും നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചുപോയവരെ സംബന്ധിച്ചുള്ളത്, ക്വുര്‍ആനിനെയും പ്രവാചകനെയും സ്വീകരിച്ചിട്ടുള്ള സത്യവിശ്വാസികളെ അഭിമുഖീകരിച്ചുള്ളത്, ഇങ്ങിനെ പലരീതിയിലുള്ളതുമായിരിക്കും. ആകയാല്‍ ഏതേതു തുറകളിലൂടെയാണ് അത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് നോക്കിയും, ഏതേത് അടിസ്ഥാനത്തിലാണത് പ്രതിപാദിക്കുന്നതെന്ന് ആലോചിച്ചും വേണം ഓരോന്നിന്റെ തെളിവും, ന്യായവും പരിശോധിക്കുവാന്‍. മൗലിക സിദ്ധാന്തങ്ങളും ശാഖാ നിയമങ്ങളും ഒരേ മാനദണ്ഡംവെച്ചുകൊണ്ട് അളക്കുന്നതും യുക്തമല്ല.
മുസ്ലിംകളെന്നോ, അമുസ്ലിംകളെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരും – മലയാളഭാഷ അറിയുന്നവരെല്ലാം-നമ്മുടെ ഈ ഗ്രന്ഥവും ഇതുപോലെ യുള്ള ഗ്രന്ഥങ്ങളും വായിച്ചറിയണമെന്നാണ് നമ്മുടെ ആവശ്യവും അഭിലാഷവും. അപ്പോള്‍, ആര്‍ക്കെങ്കിലും, ക്വുര്‍ആനില്‍ പ്രസ്താവിച്ചതോ, അതിന്റെ പ്രസ്താവനാവൃത്തത്തില്‍ അടങ്ങിയതോ ആയ വല്ല വിഷയത്തിലും, എന്തെങ്കിലും പന്തികേടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കുന്ന പക്ഷം, മേല്‍ വിവരിച്ച യാഥാര്‍ത്ഥ്യം മുന്നില്‍ വെച്ചുകൊണ്ടായിരിക്കണം അവര്‍ വിധി കല്‍പ്പിക്കുന്നത്. അങ്ങിനെ ചെയ്യുന്ന പക്ഷം, ഏതൊരു വിഷയവും -അതെത്ര പ്രധാനമോ അപ്രധാനമോ ആയിക്കൊള്ളട്ടെ- യുക്തി പൂര്‍വ്വകവും, ന്യായപൂര്ണവുമായി കാണാവുന്നതാകുന്നു. ഈ അടിസ്ഥാനം ഗൗനിക്കാതെയുള്ള ഏതു തീരുമാനവും -ക്വുര്‍ആനെ സംബന്ധിച്ചോ, മറ്റേതെങ്കിലും തത്വസംഹിതയെ സംബന്ധിച്ചോ ആയിക്കൊള്ളട്ടെ- കേവലം മൗഢ്യവും, വിഢ്ഡിത്തവുമായിരിക്കും. ഈ അടിസ്ഥാനം വീക്ഷിച്ചുകൊണ്ടല്ലാതെ, ക്വുര്‍ആന്റെ ഓരോ തത്വവും വെവ്വേറെ മുറിച്ചെടുത്ത് എല്ലാ തരം ആളുകളും പ്രഥമ ദൃഷ്ടിയില് തന്നെ നിരുപാധികം അംഗീകരിക്കത്തക്കവണ്ണം ചിത്രീകരിച്ചുകാണിക്കുവാന്‍ ശ്രമിക്കുന്നത് തികച്ചും പാഴ്വേലയായിരിക്കും. ക്വുര്‍ആന്‍ പരിശോധിക്കുമ്പോള്‍, ഈ അടിസ്ഥാനം സ്വീകരിച്ചുകൊണ്ടുതന്നെയാണ് അത് വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് കാണാവുന്നതാകുന്നു. അതുകൊണ്ടുതന്നെയാണ്, ചില തത്വങ്ങള്‍ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിലും, ചിലത് ക്വുര്‍ആന്‍ വാക്യങ്ങളുടെയും നബിവചനങ്ങളുടെയും മാത്രം അടിസ്ഥാനത്തിലും, മറ്റു ചില കാര്യങ്ങള്‍ മുന്‍ഗാമികളുടെ പ്രസ്താവനകളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലും പ്രമാണപ്പെട്ട ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടു കാണുന്നതും.
ഒരു വിഷയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന മദ്ധ്യേ, ശ്രോതാക്കള്‍ അറിഞ്ഞിരിക്കേ മറ്റൊരു കാര്യവും ഉണര്‍ത്തുക, ഒരു വാദത്തിന്റെ ഖണ്ഡനത്തില്‍ അതിന്റെ മറുവശത്തിന്റെ സ്ഥാപനവും ഉള്‍പ്പെടുത്തുക, തിന്മയെ വിമര്ശിക്കു ന്നതോടൊപ്പം നന്മയെ പ്രശംസിക്കുകയും ചെയ്യുക, രക്ഷയെക്കുറിച്ച് സന്തോഷവാര് ത്ത അറിയിക്കുന്നതോടുകൂടി ശിക്ഷയെക്കുറിച്ച് താക്കീതും നല്‍കുക, പ്രകൃതി ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നതിനിടയില്‍ കൂടി ചരിത്ര ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടുക, സൃഷ്ടി മാഹാത്മ്യങ്ങളെപ്പറ്റി സംസാരിക്കുന്ന മദ്ധ്യേ സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളും നിരത്തിക്കാട്ടുക മുതലായ പലതും ക്വുര്‍ആന്റെ പതിവുകളാകുന്നു. അങ്ങനെ ശ്രദ്ധകൊടുത്തു വായന നടത്തുന്നവരുടെ ജിജ്ഞാസ മന്ദീഭവിക്കുവാന്‍ അനുവദിക്കാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുവാന്‍ അത് പ്രേരണനല്കുന്നു. നിയമങ്ങള്‍ ഒരു ഭാഗത്ത്, ചരിത്രം മറുഭാഗത്ത്, ഉപദേശങ്ങള്‍ ഒരു വശത്ത്, ഖണ്ഡനമണ്ഡനങ്ങള്‍ വേറൊരു വശത്ത് എന്നിങ്ങനെ പ്രത്യേക പംക്തികളായിരുന്നു ക്വുര്‍ആനെങ്കില്‍, ആ ഗ്രന്ഥം രണ്ടോ നാലോ തവണ പാരായണം ചെയ്താല്‍ പിന്നീടത് ആവര്‍ത്തിക്കുവാന്‍ ആവേശം തോന്നുമായിരുന്നില്ല. വിഷയങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത് അതിന്റെ സാധാരണ പതിവാകുന്നു. കാര്‍മികമായ മതനിയമങ്ങള്‍ മാത്രം അങ്ങിനെ ആവര്‍ത്തിക്കപ്പെടാറില്ല. ഓരോ ആവര്‍ത്തനത്തിലും, മറ്റുസ്ഥലങ്ങളില്‍ കാണപ്പെടാത്ത നവീനതകളും, പുതുമകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വാചകഘടനകളും, അലങ്കാര പ്രയോഗങ്ങളും ഒന്നിനൊന്നു മാറ്റു കൂട്ടിക്കൊണ്ടുമിരിക്കും. വിഷയത്തിനും, സന്ദര്‍ഭത്തിനും അനുയോജ്യമായ രീതിയില്‍ മുമ്പ് പ്രസ്താവിച്ചതിനു ഉപോല്‍ബലകമെന്നോണം അര്‍ത്ഥഗര്‍ഭങ്ങളായ ചില വാക്കുകള്‍കൊണ്ട് ആയത്തുകള്‍ അവസാനിപ്പിക്കുന്നതും ക്വുര്‍ആന്റെ പല പ്രത്യേകതകളില്‍ ഒന്നാകുന്നു. മിക്കവാറും ആയത്തുകളുടെ അവസാനം പരിശോധിച്ചാല്‍ ഇത് കാണാവുന്നതാണ്.
ഇത്രയും പറഞ്ഞതില്‍ നിന്ന് ക്വുര്‍ആന്‍ പാരായണം ഒരു പുണ്യകര്‍മമായി നിശ്ചയിക്കപ്പെട്ടതിലും, അത് സദാ പാരായണം ചെയ്വാന് പ്രോത്സാഹിപ്പക്കപ്പെട്ട തിലും അടങ്ങിയ രഹസ്യം ഏറെക്കുറെ മനസ്സിലാക്കാമല്ലോ. പക്ഷേ, അതിന്റെ ഭാഷയിലൂടെയും, അതിന്റെ സാഹിത്യ ശൈലിയിലൂടെയുമല്ലാതെ ഇപ്പറഞ്ഞ മഹദ് ഗുണങ്ങള്‍ ആസ്വദിക്കുവാന്‍ വേണ്ടത്ര സാധ്യമല്ലെന്നുകൂടി നാം അറിഞ്ഞിരിക്കേതുണ്ട്. അതോടൊപ്പം ഹൃദയ സാന്നിദ്ധ്യവും ഉറ്റാലോചനയും വായനക്കാരില്‍ ഉണ്ടായിരിക്കുകയും വേണം. ومن الله التوفيق
ഓരോ ആയത്തും അതിന്റെ അടുത്ത ആയത്തും തമ്മിലും, ഓരോ സൂറത്തും അടുത്ത സൂറത്തും തമ്മിലും പ്രത്യക്ഷബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ഒരു പതിവ് പല വ്യാഖ്യാതാക്കളും സ്വീകരിച്ചിരിക്കുന്നത് കാണാം. പലപ്പോഴും അതിലവര്‍ വിജയിച്ചേക്കുമെങ്കിലും, ചിലപ്പോഴെല്ലാം അതിനായി അവര്‍ വളരെ സാഹസപ്പെടേണ്ടി വരുന്നുണ്ട്. അതുപോലെ തന്നെ, ഖണ്ഡനങ്ങള്‍, വിമര്‍ശനങ്ങള്‍, മതവിധികള്‍ എന്നീ തുറകളില്‍ വരുന്ന ആയത്തുകള്‍ക്കെല്ലാം അവതരണഹേതുക്കളാകുന്ന ചില കഥകള്‍ കണ്ടുപിടിക്കാനും ചിലര്‍ മുതിരാറുണ്ട്. ഇതും തന്നെ, മിക്ക സ്ഥലത്തും സ്വീകാര്യമായ ഏര്‍പ്പാടല്ല. ചില ആയത്തുകളും, ചില സൂറത്തുകളും തമ്മില്‍ വിഷയപരമായി അടുത്ത ബന്ധം ഉണ്ടായിരിക്കും. ചിലപ്പോള്‍ ഇല്ലാതിരിക്കുകയും ചെയ്യും. ചില ആയത്തുകള്‍ അവതരിച്ചതിന് പ്രത്യക്ഷ കാരണങ്ങളുണ്ടായിരിക്കും. ചിലതിന്റെ അവതരണം വല്ല പ്രത്യേക സംഭവത്തെ തുടര്‍ന്നുമായിരിക്കും. ചിലപ്പോള്‍ അങ്ങിനെയൊന്നും ഉണ്ടായില്ലെന്നോ, ഉണ്ടെങ്കില്‍ തന്നെ അത് അജ്ഞാതമായെന്നോ വന്നേക്കാം. ചില സന്ദര്‍ഭങ്ങളില്‍, ആയത്ത് അവതരിച്ച കാരണവും സന്ദര്‍ഭവും അറിയാത്ത പക്ഷം, അതിന്റെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍പോലും പ്രയാസമായിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നിശ്ചയമായും അത് ആരായേണ്ടതാണുതാനും. ക്വുര്‍ആന്റെ അവതരണ കാലത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാര -ദുരാചാരങ്ങളും, ശത്രുക്കള്‍ അതിന്റെ നേരെ സ്വീകരിച്ചുവന്ന സമ്പ്രദായ ങ്ങളുമെല്ലാംതന്നെ, അതതു വിഷയത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള ആയത്തുകളുടെ അവതരണത്തിനു മതിയായ കാരണങ്ങളാകുന്നു. അഥവാ ഓരോ ആയത്തിനും പ്രത്യേകം അവതരണഹേതു ഉണ്ടായിരിക്കേണ്ട ആവശ്യമില്ല.
സൂറത്തുകളുടെ പ്രാരംഭങ്ങളും, സമാപനങ്ങളും ഒരേ രീതിയിലല്ല ഉള്ളത്. അറബികള്‍ക്കിടയില്‍ പരിചയമുള്ളതും സാഹിത്യകാരന്മാര്ക്കിടയില് അംഗീകരിക്കപ്പെട്ടിരുന്നതുമായ പല രീതികളും ക്വുര്‍ആന്‍ അംഗീകരിച്ചതായി കാണാം. പ്രസംഗം, കവിത, ലിഖിതരേഖകള്‍, പ്രധാന സംഭാഷണങ്ങള്‍ ആദിയായവ ആരംഭിക്കുമ്പോള്‍ അവയുടെ ആദ്യത്തില്‍ വര്‍ണന, പ്രശംസ, ദൈവസ്തോത്രം, ഉദ്ദേശ്യ സൂചന മുതലായ പ്രാരംഭച്ചടങ്ങുകള്‍ ഉണ്ടായിരിക്കുക സാധാരണമാണല്ലോ. അതുപോലെ തന്നെ, വിഷയം അവസാനിക്കുമ്പോള്‍, ചില സമാപനച്ചടങ്ങുകളും സ്വീകരിക്കപ്പെട്ടേക്കും. ഇപ്രകാരം, ക്വുര്‍ആനിലും ചില സൂറത്തുകള്‍ (അന്‍ആം, അല്‍കഹ്ഫ് മുതലായവ, അല്ലാഹുവിന്റെ സ്തുതി കീര്‍ത്തനങ്ങളോടുകൂടി ആരംഭിച്ചു കാണാം. അല്‍ബക്വറഃ, അന്നൂര്‍ മുതലായ ചില സൂറത്തുകളുടെ ആരംഭത്തില്‍, ഈ ക്വുര്‍ആന്‍-അല്ലെങ്കില്‍ ഈ സൂറത്ത്- ഇന്ന പ്രകാരത്തിലുള്ളതാണ് എന്നിങ്ങനെ ഒരു മുഖവുര കാണാം. സുമര്‍, മുഅ്മിന് മുതലായ ചില സൂറത്തുകളുടെ ആരംഭം, ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ള ഗ്രന്ഥമാണെന്ന് സ്ഥാപിക്കുന്ന ഒരു പീഠികയോടുകൂടിയാവും. മറ്റു ചില സൂറത്തുകള്‍ (സ്വാഫ്ഫാത്ത്, ദാരിയാത്ത് പോലെയുള്ളവ) പ്രകൃതി വസ്തുക്കളെയോ, മലക്കുകള്‍ മുതലായവയെയോ കുറിച്ചുള്ള വര്ണനകളാകുന്നു. മുനാഫിക്വൂന്‍, മുജാദിലഃ പോലെ ചില സൂറത്തുകള്‍, യാതൊരു ആമുഖവും കൂടാതെ, ആദ്യം മുതല്ക്കേ വിഷയത്തില്‍ പ്രവേശിച്ചുകൊണ്ടുള്ളവയാണ്. സമാപന വേളയിലും ഇത്പോലെ വൈവിധ്യം കാണും. ക്വുര്‍ആന്‍ സൂക്ഷിച്ചുവായിക്കുന്നവര്ക്ക് ഇതെല്ലാം സാമാന്യമായെങ്കിലും മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.
എതിരാളികളും അവരോടുള്ള നയങ്ങളും
1. മുശ്രിക്കുകള്‍ (ബഹുദൈവ വിശ്വാസികള്‍)
അറേബ്യയിലെ മുശ്രിക്കുകള്‍, തങ്ങള്‍ ഇബ്റാഹീം നബി (അ)യുടെ മതക്കാരാണെന്നും, അദ്ദേഹത്തിന്റെ മാര്‍ഗത്തിലാണ് നിലകൊള്ളുന്നതെന്നും വാദിക്കു ന്നവരായിരുന്നു. അവര്‍, തങ്ങളെപ്പറ്റി ‘ഹുനഫാഉ്’ എന്നു പറഞ്ഞിരുന്നു. (*) ഇബ്റാഹീം നബി (അ)യുടെ മാര്‍ഗം സ്വീകരിച്ചവര്‍ എന്നാണ് ഈ വാക്കുകൊണ്ടു വിവക്ഷി ക്കപ്പെടുന്നത്. ഹജ്ജ്കര്‍മം അനുഷ്ഠിക്കുക, കഅ്ബയെ ‘ക്വിബ്ല’യായി (അഭിമുഖകേന്ദ്രമായി) അംഗീകരിക്കുക, അതിനെ ബഹുമാനിക്കുക, ചേലാകര്‍മം ചെയ്യുക, രക്തബന്ധവും മുലകുടിബന്ധവുമുള്ളവര് തമ്മില്‍ വിവാഹം നടത്താതിരിക്കുക മുതലായ പലതും അവര്‍ സ്വീകരിച്ചുപോന്നിരുന്നു. ദാനധര്‍മാദികള്‍, കുടുംബബന്ധം പാലിക്കല്‍, വാഗ്ദത്തം നിര്‍വ്വഹിക്കല്‍, അതിഥിസല്ക്കാരം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട ഗുണങ്ങളായിരുന്നു. നമസ്കാരം, നോമ്പ്, ശുദ്ധീകരണം മുതലായവയും ചില രൂപത്തില്‍ അവര്‍ അനുഷ്ഠിച്ചിരുന്നു. കൊല, വ്യഭിചാരം, കളവ് തുടങ്ങിയവ നിഷിദ്ധങ്ങളായും അവര്‍ കരുതി വന്നിരുന്നു. മതദൃഷ്ട്യാ ഇങ്ങിനെ പലതും -അനുഷ്ഠിക്കേണ്ടതായും ഉപേക്ഷിക്കേണ്ടതായും- ഉണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നുവെങ്കിലും, കര്‍മ രംഗത്ത് നോക്കുമ്പോള്‍ ചില വ്യക്തികളൊഴിച്ചു മറ്റെല്ലാവര്ക്കുമിടയിലും, മതപരമായ ഒരു അരാജകത്വമാണ് അന്നുണ്ടായിരുന്നത്.
(*) ഹുനഫാഉ് (حنفاء) എന്നത് ‘ഹനീഫ്’ (حنيف) എന്നതിന്റെ ബഹുവചനമാകുന്നു. ഋജുവായ മാര്‍ഗം സ്വീകരിച്ചവര്‍ എന്നാണ് വാക്കിന്റെ താല്പര്യം.
വിശ്വാസപരമായി നോക്കുന്ന പക്ഷം, ആകാശഭൂമികള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. ലോകത്ത് നടക്കുന്ന മഹല്‍ കാര്യങ്ങളെല്ലാം അവന്റെ കൈക്കാണ് നടക്കുന്നത്. അവന് സര്‍വ്വശക്തനും സര്‍വ്വജ്ഞനുമാണ്. അവന്റെ വിധിനിര്ണയങ്ങള്ക്കനുസരിച്ചേ കാര്യങ്ങള്‍ സംഭവിക്കുകയുള്ളൂ. സൃഷ്ടികളില്‍ മലക്കുകളാകുന്ന ഒരുതരം ആത്മീയ ജീവികളുണ്ട്, അവര്‍ പരിശുദ്ധരാണ് എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ അറബികള്‍ക്കുണ്ടായിരുന്നു. പക്ഷേ, സിദ്ധാന്തങ്ങളും, തത്വങ്ങളും ഇങ്ങിനെയെല്ലാമായിരുന്നുവെങ്കിലും, ആ അടിസ്ഥാനത്തിലായിരുന്നില്ല അവരുടെ ജീവിതരീതി.
മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ പൊതുനില പരിശോധിച്ചു നോക്കിയാല്‍ തന്നെ ഇപ്പറഞ്ഞത് വേഗം മനസ്സിലാവുന്നതാണ്. മൂലതത്വങ്ങളും പ്രധാന കടമകളുമെല്ലാം-മനസ്സുകൊണ്ടും വാക്കുകൊണ്ടും- അംഗീകരിക്കുന്നതോടൊപ്പം, അനുഷ്ഠാനരംഗത്ത് നാം കാണുന്നതെന്താണ്? നമസ്കാരം, നോമ്പ്, സകാത്ത് മുതലായവ തീരെ ഉപേക്ഷിക്കുകയും, കള്ളുകുടി, പലിശ, അക്രമം, കളവ്, വ്യഭിചാരം തുടങ്ങിയവ നിസ്സങ്കോചം പതിവാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ ഒത്തുനോക്കുക! തൗഹീദാണ് (ഏകദൈവവിശ്വാസമാണ്) തങ്ങളുടെ അടിസ്ഥാന വിശ്വാസമെന്ന് സമ്മതിക്കാത്ത മുസ്ലിം നാമധാരികള്‍ ഉണ്ടായിരിക്കുകയില്ല. പക്ഷേ, ഫലം മറിച്ചും! ഒരുപ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍, ശിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അത് മതമായി ഗണിക്കുകയും ചെയ്യുന്ന കാഴ്ചയാണ് മിക്കവരിലും കാണുന്നത്. മതത്തിന്റെ പേരില്‍ കെട്ടിച്ചമച്ച അനാചാരങ്ങളും, മാമൂലുകളും ഇതിന്നു പുറമെയും! ഇത്തരം ദുഷ്ചെയ്തികളില്‍ മുഴുകിക്കൊണ്ടിരിക്കുന്ന ആളുകള്‍ തങ്ങളെപ്പറ്റി നടിക്കുന്നതോ? തങ്ങളാണ് ഏറ്റവും മതവിശ്വാസവും മതഭക്തിയും ഉള്ളവരെന്നുമായിരിക്കും! ഏറെക്കുറെ ഈ നില തന്നെയായിരുന്നു അറബി മുശ്രിക്കുകളുടെതും. ചില വശങ്ങളില് അവര്‍ കൂടുതല്‍ അതിരു കവിഞ്ഞിരുന്നുവെന്നു മാത്രം.
മുശ്രിക്കുകള്‍ വഴിപിഴച്ചിരുന്നതിന്റെ പ്രധാന കാരണം ശിര്ക്ക്തന്നെ. അല്ലാഹുവിന് പ്രത്യേകമായുള്ള, അധികാരാവകാശങ്ങളിലും, ഗുണവിശേഷണ ങ്ങളിലും, പ്രവര്‍ത്തനങ്ങളിലും ഇതര വസ്തുക്കള്‍ക്ക് പങ്കോ, സാമ്യതയോ കല്‍പിക്കുന്നതാണല്ലോ ശിര്‍ക്ക്. ലോക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും, അദൃശ്യകാര്യങ്ങളെ അറിയുന്നതിലും, രോഗം, സൗഖ്യം, ശാപം, അനുഗ്രഹം, ആഹാരം, രക്ഷ, ശിക്ഷ മുതലായവ നല്‍കുന്നതിലും മഹാത്മാക്കളായ ചിലര്‍ക്കും ചില പങ്കുകളുണ്ടെ ന്നായിരുന്നു അവര്‍ ധരിച്ചുവന്നത്. അല്ലാഹുവിന്റെ അറിവും, കഴിവും, എല്ലാറ്റിനുമുപരിയായതാണെന്ന് അവര്‍ക്കറിയാം. പക്ഷേ, ഒരു മഹാരാജാവ് തന്റെ അധികാരാവകാശങ്ങളില്‍ ചിലത് തനിക്ക് പ്രിയപ്പെട്ട ചില പ്രത്യേകക്കാര്ക്ക് വിട്ടുകൊടുക്കുന്നതുപോലെ, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ ചിലത് അവന് ചില മഹാന്മാര്ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ, ആ മഹാത്മാക്കളുടെ പ്രീതി അല്ലാഹുവിന്റെ പ്രീതിക്കും, അവരുടെ അപ്രീതി അല്ലാഹുവിന്റെ അപ്രീതിക്കും കാരണമാണെന്നും, അവരുടെ ശുപാര്‍ശ അല്ലാഹു സ്വീകരിക്കുകയും, അത് അവന്റെ അടുക്കല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അവര്‍ ധരിച്ചുവശായി. ഈ അടിസ്ഥാനത്തില്‍, പലതരം ആരാധനകളും നേര്‍ച്ച വഴിപാടുകളും ആ മഹാത്മാക്കള്‍ക്കുവേണ്ടിയും അവര്‍ നടത്തിവന്നു. ഇതുവഴി, പ്രസ്തുത മഹാത്മാക്കള്‍ക്ക് യഥാര്‍ത്ഥ ദൈവത്തിന്റെ സ്ഥാനം കല്പ്പിക്കപ്പടുകയും, സകലവിധ ആരാധനകളും അവര്‍ക്കായി അര്‍പ്പിക്കപ്പെടുകയും പതിവായിത്തീര്‍ന്നു. അതുമാത്രമാണ് മുക്തിമാര്ഗമെന്നതുവരെ കാര്യം എത്തി. യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനുള്ള സ്ഥാനമാനങ്ങള്‍ വാക്കുകളില്‍ മാത്രം അവശേഷിക്കുകയും ചെയ്തു.
നൂഹ് നബി (അ) യുടെ കാലം മുതല്ക്കുതന്നെ വിഗ്രഹാരാധന ലോകത്ത് നടപ്പുണ്ടെന്ന് ക്വുര്‍ആന്‍ കൊണ്ട് സ്പഷ്ടമാകുന്നു (സൂറത്തു നൂഹ് നോക്കുക). എന്നാല്‍, അറബികളില്‍ അത് നടപ്പില്‍ വരുത്തിയത് അംറുബ്നുലുഹാ ( عمرو بن لحى ) എന്നു പേരായ ഒരാളായിരുന്നു. മിക്കവാറും ക്രിസ്ത്വബ്ദം 3-ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു നാട്ടുരാജാവായിരുന്ന ഇയാള്‍, ശാമില്‍ നിന്നാണ് ഹിജാസിലേക്കു വിഗ്രഹാരാധന കടത്തിക്കൊണ്ടുവന്നത്. മരണപ്പെട്ടുപോയ മഹാത്മാക്കളുടെ സ്മരണക്കായിട്ടാണ്-പിശാചിന്റെ പ്രേരണപ്രകാരം- ആദ്യം ജനങ്ങള്‍ പ്രതിമകളുണ്ടാക്കി പ്രതിഷ്ഠിച്ചത് എന്നും, ക്രമേണ ആ പ്രതിമകള്‍ ആരാധ്യവസ്തുക്കളായി പരിണമിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും നബി വചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രതിമകള്‍ ഉണ്ടാക്കുകയും, പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതികഠിനമായി വിരോധിച്ചിട്ടുള്ളതും. വിഗ്രഹങ്ങളുടെ കൂട്ടത്തില്‍, മരണപ്പെട്ട മഹാത്മാക്കുളുടെ പ്രതിമകള്‍ മാത്രമല്ല കാലക്രമത്തില്‍ ചില മലക്കുകളുടെയും, ചില ജിന്നുകളുടെയും പേരിലും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ദേവീദേവന്മാരെന്ന പേരിലാണ് ഇന്ന് അവ അറിയപ്പെടുന്നത്. മലക്കുകള്‍ ദൈവത്തിന്റെ പുത്രിമാരാണെന്നായിരുന്നു അവരുടെ സങ്കല്പം. ചുരുക്കിപ്പറഞ്ഞാല്‍, ലോകത്ത് തൗഹീദിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ദേവാലയമായ പരിശുദ്ധ കഅ് ബയുടെ പരിസരങ്ങളിലായി -ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത്- വിവിധ തരത്തിലുള്ള 360 വിഗ്രഹങ്ങള്‍ സ്ഥലം പിടിച്ചിരുന്നു. അക്കൂട്ടത്തില്‍, അതേ വിശുദ്ധ മന്ദിരം കെട്ടിഉയര്‍ത്തിയ ഇബ്റാഹീം നബി (അ), ഇസ്മാഈല്‍ നബി (അ) എന്നീ പ്രവാചകവര്യന്മാരുടെ പ്രതിമകളും ഉണ്ടായിരുന്നു.
അടിത്തറ ഇളകിയാല്‍ കെട്ടിടത്തിന് ഇളക്കം ബാധിക്കുകയും, അത് സ്ഥാനം തെറ്റിയാല്‍ കെട്ടിടം ആകെ തകരുകയും ചെയ്യുമല്ലോ. അതുപോലെ തൗഹീദാകുന്ന അസ്തിവാരം നിലതെറ്റിയതോടെ, അറബികളുടെ ജീവിതക്രമം ആകമാനം അവതാളത്തിലായി. അതോടെ, ‘ശിര്‍ക്കും’ ‘തശ്ബീഹും’, ‘തഹ്രീഫും'(*) (അല്ലാഹുവിനോട് പങ്കുചേര്‍ക്കലും, അവനു സാദൃശ്യം കല്പിക്കലും, മതവിധികളെ എതിരാളികളും അവരോടുള്ള നയങ്ങളും മാറ്റിമറിക്കലും) രംഗപ്രവേശം ചെയ്തു. അനേകതരം അന്ധവിശ്വാസങ്ങളും അനാചാര ദുരാചാരങ്ങളും, ദുര്‍ന്നടപ്പുകളും മതതത്വങ്ങളായി മാറി. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നശിച്ചതാണ് അവരെ ഏറ്റവും അധഃപതിപ്പിച്ചത്. മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ പിന്നെ, മറ്റൊരു ജീവിതമോ, രക്ഷാ ശിക്ഷകളോ ഇല്ലെന്നും, അതോടെ എല്ലാം അവസാനിച്ചുവെന്നും അവര്‍ ഉറപ്പിച്ചുവെച്ചു. മരണാനന്തര ജീവിതത്തെപ്പറ്റി പൂര്‍വ്വവേദങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ക്വുര്ആനിലേതുപോലെ അത്ര വിശദവും, വ്യക്തവുമായ നിലയില്‍ അവയില്‍ അതിനെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടില്ലായിരുന്നു. മുശ്രിക്കുകളായ അറബികള്‍ക്ക് പൂര്‍വ്വവേദങ്ങളെ സംബന്ധിച്ചിടത്തോളം, അടുത്ത പരിചയവും ഇല്ല. ഇബ്റാഹീം നബി (അ)യുടെയും, ഇസ്മാഈല്‍ നബി (അ)യുടെയും ശേഷം, മറ്റൊരു പ്രവാചകനുമായി അവര്‍ക്ക് നേരില്‍ ബന്ധം സ്ഥാപിക്കാന്‍ അവസരവും ഉണ്ടായിട്ടില്ല. അങ്ങനെ, ദേഹേച്ഛയും, പാരമ്പര്യവും, അനുകരണവും സര്‍വ്വാധാരമായി ചിരകാലം നിലനിന്നുപോന്ന ആ സമുദായത്തിനു ഭൗതിക ദൃഷ്ടിക്കപ്പുറമുള്ള ഒരു ജീവിതത്തെ സംബന്ധിച്ച് വിശ്വസിക്കുവാന്‍ കഴിയാതായിത്തീര്‍ന്നു.
(*) الشرك والتشبيه والتحريف
ഇതിന്റെയെല്ലാം അനിവാര്യഫലമായിട്ടാണ്, മുശ്രിക്കുകള്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വവും, ക്വുര്‍ആനും നിഷേധിച്ചത്. പ്രവാചകത്വത്തെപ്പറ്റി അവര്‍ക്ക് നേരിട്ട് പരിചയമില്ലെങ്കിലും, തങ്ങളുടെ ഇടയില്‍ ജീവിച്ചു വരുന്ന വേദക്കാര്‍ വഴിയും മറ്റും കേട്ടു പരിചയം ഉണ്ടെന്നതില്‍ സംശയമില്ല. തങ്ങളുടെ പൂര്‍വ്വ പിതാക്കളും, വന്ദ്യ നേതാക്കളുമാണല്ലോ ഇബ്റാഹീം നബി (അ)യും, ഇസ്മാഈല്‍ നബി (അ)യും. മൂസാ നബി (അ)യെയും, ഈസാ നബി (അ)യെയും കുറിച്ച് അവര്‍ക്ക് കേട്ടറിവുമുണ്ട്. ആകയാല്‍, അല്ലാഹു മനുഷ്യരില്‍ നിന്ന് പ്രവാചകന്മാരെയും, ദൈവദൂതന്മാരെയും നിയമിക്കുക പതിവുണ്ടെന്ന വസ്തുത അവര്‍ക്ക് അജ്ഞാതമല്ല. എന്നാല്‍ പ്രവാചക ന്മാരുടെ യഥാര്‍ത്ഥ നിലപാടുകളും സ്ഥിതിഗതികളും എന്തെല്ലാമായിരുന്നുവെന്നോ, ജനങ്ങളും അവരുമായുള്ള ബന്ധം എപ്രകാരമായിരുന്നുവെന്നോ അവര്‍ക്കറിഞ്ഞുകൂടാ. ഊഹാപോഹങ്ങളും, പഴഞ്ചന്‍ കഥകളും വഴി, പ്രവാചകന്മാരെ പറ്റി അവര്‍ എന്തൊക്കെയോ ഊഹിച്ചുവെച്ചിരിക്കുകയായിരുന്നു. മുഹമ്മദ് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാണെങ്കില്‍ അവര്‍ക്കിടയില്‍ അനാഥനായി പെറ്റു വളര്‍ന്നുവന്ന ഒരു സാധാരണ വ്യക്തി. മഹാത്മാക്കള്‍ക്ക് -മഹാത്മാക്കളുടെ പേരില്‍ നിര്‍മിക്കപ്പെട്ട പ്രതിമകള്‍ക്കുപോലും- ദിവ്യത്വം കല്‍പിച്ചുവശായ അവര്‍ക്ക്, തങ്ങളില്‍പെട്ട ഒരു മനുഷ്യന് ദൈവദൂതനായിത്തീരുകയെന്നത് അസംഭവ്യകാര്യമായിത്തോന്നി. അങ്ങനെ, പ്രവാചകന് എങ്ങിനെയാണ് തിന്നുകയും, കുടിക്കുകയും അങ്ങാടിയില്‍കൂടി നടക്കുകയുമെല്ലാം ചെയ്യുന്നത്? എന്നിത്യാദി ചോദ്യങ്ങള്‍ അവരില്‍ നിന്നു പുറത്തുവന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ശിര്‍ക്ക്, പരലോക നിഷേധം, ഇബ്റാഹീം നബി (അ)യുടെ മാര്‍ഗമനുസരിച്ചാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന വാദം, മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തിന്റെ നിഷേധം ഇങ്ങനെയുള്ള ചില സംഗതികളായിരുന്നു മുശ്രിക്കുകളെ സംബന്ധിച്ച് ക്വുര്‍ആനിന് പ്രധാനമായി വിമര്‍ശിക്കേണ്ടിയിരുന്ന വിഷയങ്ങള്‍. ഈ തുറകളില്‍ അവര്‍ കൊണ്ടു വരുന്ന ന്യായവാദങ്ങള്‍ക്ക് മറുപടി പറയുകയും ആവശ്യമായിരുന്നു. അക്കാര്യങ്ങള്‍ ശരിയായിത്തീര്ന്നാല്, മറ്റുള്ളെതല്ലാം പ്രയാസമെന്യെ ശരിപ്പെട്ടുകൊള്ളുമായിരുന്നു. ഇതിനായി മുശ്രിക്കുകളെ സംബന്ധിച്ച് ക്വുര്‍ആന്‍ സ്വീകരിച്ച നയങ്ങള്‍ പലതാണ്. ഉദാഹരണമായി:-
1). പൂര്വ്വീകന്മാരുടെ അനുകരണവും, പരമ്പരാഗതമായ ഊഹാപോഹങ്ങളുമല്ലാതെ, ബുദ്ധിപൂര്‍വ്വകമോ, വൈദീകമോ ദൈവികമോ ആയ യാതൊരു തെളിവും അവര്‍ക്കില്ലെന്നു ഉല്‍ബോധിപ്പിക്കുക.
2). മതാചാരങ്ങളും, മതസിദ്ധാന്തങ്ങളുമായി തങ്ങള്‍ ആചരിച്ചുവരുന്ന കാര്യങ്ങള്‍ പ്രവാചകന്മാരുടെയോ, വേദഗ്രന്ഥങ്ങളുടെയോ അധ്യാപനങ്ങളല്ലെന്നും, കെട്ടിച്ച മയ്ക്കപ്പെട്ടവ മാത്രമാണെന്നും ഓര്‍മിപ്പിക്കുക.
3). അല്ലാഹു അല്ലാത്ത മറ്റേതൊരു വസ്തുവിന്നും, റബ്ബോ, ഇലാഹോ (രക്ഷിതാവോ, ആരാധ്യനോ) ആയിരിക്കുവാന്‍ ഒരുവിധേനയും അര്‍ഹതയോ ന്യായമോ ഇല്ല എന്നും, അല്ലാഹുവിന് യാതൊരു പ്രകാരത്തിലുള്ള സാമ്യരും പങ്കുകാരും ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ല എന്നും സ്ഥാപിക്കുക.
4). എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് തൗഹീദ് മാത്രമായിരു ന്നുവെന്നും, അവരെല്ലാം അല്ലാഹുവിന്റെ അടിമകളും അടിയാന്മാരുമായിരുന്നുവെന്നും ഉറപ്പിക്കുക.
5) വിഗ്രഹങ്ങള്‍ ആരാധ്യവസ്തുക്കളാകുന്നത് പോയിട്ട് സാധാരണ മനുഷ്യരുടെ പദവിപോലും അവക്കില്ലെന്ന് കാര്യകാരണ സഹിതം ഉണര്‍ത്തുക.
6) അല്ലാഹുവിന് മക്കളുണ്ടെന്ന വാദം, അങ്ങേയറ്റം വഷളത്വം നിറഞ്ഞ നികൃഷ്ടവാദമാണെന്നും, അല്ലാഹുവിന് മറ്റേതെങ്കിലും വസ്തുവോട് യാതൊരു തരത്തിലുള്ള സാദ്യശ്യവും ഇല്ലെന്നും, അവന് സര്‍വ്വോപരി പരിശുദ്ധനാണെന്നും സ്ഥാപിക്കുക.
7) മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നാമത്തെ പ്രവാചകനല്ല. അദ്ദേഹത്തിനു മുമ്പ് എത്രയോ പ്രവാചകന്മാര് ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം പ്രബോധന തത്വം ഒന്നു തന്നെയായിരുന്നു, അവരെല്ലാവരും തന്നെ മനുഷ്യരും, മനുഷ്യ പ്രകൃതിയോടു കൂടിയവരുമായിരുന്നു. വഹ്യ് ലഭിക്കുന്നുവെന്നത് കൊണ്ട് അദ്ദേഹം മനുഷ്യനല്ലാതാകുന്നില്ല എന്നൊക്കെ ഗ്രഹിപ്പിക്കുക.
8) ജനങ്ങള്‍ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കലും, അദൃശ്യകാര്യങ്ങള്‍ അറിയലും നബിമാര്‍ക്ക് സാധ്യമായ കാര്യങ്ങളല്ല. അല്ലാഹു ഉദ്ദേശിച്ച ദൃഷ്ടാന്തം മാത്രമെ അവരുടെ കൈക്ക് വെളിപ്പെടുകയുള്ളൂ. അവന് അറിയിച്ചുകൊടുക്കുന്ന അദൃശ്യകാര്യമല്ലാതെ അവര്‍ക്ക് അറിയുവാന്‍ കഴിയുന്നതുമല്ല. പുതിയ വല്ല ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ തന്നെയും അതു ഗ്രഹിക്കുവാനോ, വിശ്വസിക്കുവാനോ അവര്‍ തയ്യാറാവുകയില്ല. അതേ സമയത്ത് സത്യാന്വേഷണം നടത്തുന്ന ഏതൊരുവനും സത്യം ഗ്രഹിക്കുവാന്‍ വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട്താനും. ഏറ്റവും വലിയ ദൃഷ്ടാന്തം അവരുടെ മുമ്പിലിരിക്കുന്ന ക്വുര്‍ആന്‍ തന്നെയാണ്. അതുപോലെയുള്ള ഒരു ഗ്രന്ഥമോ, അതിലെ അധ്യായം പോലെയുള്ള ഒരു അധ്യായമോ -അവര്‍ക്കാകട്ടെ, മറ്റാര്‍ക്കെങ്കിലുമാകട്ടെ- കൊണ്ടുവരുക സാദ്ധ്യമല്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്നുള്ളതിന് ഇതുതന്നെ മതിയായ തെളിവാണ് എന്നൊക്കെ ഉല്‍ബോധനം ചെയ്യുക.
9) നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ മഴ വര്‍ഷിപ്പിച്ച് ഉല്പാദനയോഗ്യമാക്കിത്തീര്‍ത്ത് സസ്യലതാദികള്‍ ഉല്പാദിപ്പിക്കുന്നതുപോലെ, നിര്‍ജ്ജീവ വസ്തുക്കളില്‍ നിന്നു ജീവികളെ ഉല്ഭവിപ്പിക്കുന്നതു പോലെ, മരണപ്പെട്ട മനുഷ്യന് പുനരുജ്ജീവി പ്പിക്കപ്പെടുമെന്നതും, ആദ്യം സൃഷ്ടിച്ച സ്രഷ്ടാവിന് ആ സൃഷ്ടിയെ രണ്ടാമതും ജീവിപ്പിക്കുവാന്‍ ഒട്ടും പ്രയാസമില്ലെന്നതും, ക്വുര്‍ആന്റെ ഒരു പുതിയ വാദമല്ല -മുന്‍വേദങ്ങളെല്ലാം ഘോഷിച്ചതു തന്നെയാണ്- ഇതെന്നും തെര്യപ്പെടുത്തുക.
10) സത്യവിശ്വാസവും സന്മാര്ഗവും സ്വീകരിച്ചാലുണ്ടാകുന്ന നേട്ടങ്ങളും അല്ലാത്ത പക്ഷം അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്തുകളും, ശിക്ഷകളും വിവരിച്ചുകൊടുക്കുക. ഇങ്ങിനെയുളള വിവിധ മാര്‍ഗങ്ങളില്‍ കൂടിയാണ് ക്വുര്‍ആന്‍ മുശ്രിക്കുകളെ സമീപിക്കുന്നതും, അഭിമുഖീകരിക്കുന്നതും. എല്ലാം തന്നെ അവര്‍ക്ക് സുഗ്രാഹ്യമായ ഭാഷാ ശൈലിയോടുകൂടിയും, സുവ്യക്തങ്ങളായ ലക്ഷ്യ ദൃഷ്ടാന്തങ്ങള്‍ സഹിതവും. പ്രതിപാദനരീതിയാകട്ടെ, കെട്ടിക്കുടുക്കും വക്രതയുമില്ലാത്തതും.
2. വേദക്കാര്‍ അഥവാ യഹൂദരും, ക്രിസ്ത്യാനികളും
മുശ്രിക്കുകളുടെ കേന്ദ്രം മക്കയാണല്ലോ. മദീനയില്‍ ഇസ്ലാമിന് പുതുതായി നേരിടേണ്ടി വന്നത് വേദക്കാരായ യഹൂദരെയും, ക്രിസ്ത്യാനികളെയുമായിരുന്നു. തൗറാത്തിന്റെയും മൂസാ നബി (അ)യുടെയും അനുയായികളാണ് യഹൂദികള്‍, അഥവാ ജൂതന്മാര്. തൗറാത്തിന്റെ അധ്യാപനങ്ങളും അവരും തമ്മിലുള്ള ബന്ധം നാമമാത്രമായി അവശേഷിച്ചിരിക്കുകയായിരുന്നു. അതിന്റെ അധ്യാപനങ്ങള്‍ മാത്രമല്ല, അതിലെ വചനങ്ങള്‍ പോലും അവരുടെ കൈകടത്തലിനു പാത്രമായിരുന്നു. എന്നുവെച്ചാല്‍ തൗറാത്തിന്റെ പരിഭാഷയിലും, ഉദ്ധരണിയിലും, വ്യാഖ്യാനത്തിലും അവര്‍ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതുവഴി, തൗറാത്തില്‍ ഇല്ലാത്ത ചിലത് അതില്‍ കൂട്ടിച്ചേര്‍ക്കലും, ഉള്ള ചിലത് മൂടിവെക്കലും അവരുടെ സ്വഭാവമായിരുന്നു. പ്രവാചകത്വവും, പരലോക മോക്ഷവും അവരുടെ കുത്തകാവകാശമായി അവര്‍ വാദിച്ചിരുന്നു. കവിഞ്ഞ പക്ഷം ഒരു ജൂതന് 40 ദിവസത്തിലധികം നരകത്തില്‍ താമസിക്കേണ്ടി വരികയില്ലെന്നും, തങ്ങള്‍ ദൈവസന്താനങ്ങളും അവന്റെ ഇഷ്ടക്കാരുമാണെന്നുമായിരുന്നു അവരുടെ വാദം. പ്രവാചകന്മാരില് അധികപേരും ഇസ്റാഈല്യരില്‍ നിന്നാണെന്ന വസ്തുത അവരുടെ ധാരണക്കു ശക്തികൂട്ടി. മൂസാ നബി (അ)ക്കു ശേഷം അവരില്‍ കഴിഞ്ഞുപോയ ദീര്‍ഘമായ കാലഘട്ടത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടെയിരുന്ന ആ ദുഷ്ചെയ്തികള്‍ മറ്റേതൊരു സമുദായത്തെക്കാളും അവരെ അധഃപതിപ്പിച്ചു കളഞ്ഞു. അതിയായ ലുബ്ധത, ധനമോഹം, വഞ്ചന, അസൂയ മുതലായവ അവരുടെ ചില പ്രത്യേകതകളായിരുന്നുതാനും.
ദൈവവാക്യങ്ങളെക്കാളും അവര്‍ പ്രാധാന്യം കല്പിച്ചുവന്നത് അവരിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കാണ്. പണ്ഡിതന്മാരാകട്ടെ, സ്വാര്‍ത്ഥത്തിനും, കാര്യലാഭത്തിനും വേണ്ടി എന്തു ചെയ്വാനും മടിയില്ലാത്തവണ്ണം ദുഷിച്ചുപോയിരുന്നു. വാസ്തവത്തില്‍ ഈസാ നബി (അ)യില്‍ യഹൂദര്‍ വിശ്വസിക്കാതിരുന്നതുതന്നെ, പണ്ഡിതവര്‍ഗത്തിന്റെ ദുഷ്പ്രേരണകള്‍ മൂലമായിരുന്നു. വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ മാറ്റിമറിച്ചും, അതിന്റെ പേരില്‍ കളവ് കെട്ടിച്ചമച്ചും, ജനഹിതമനുസരിച്ച് മത വിധികളുണ്ടാക്കിയും അവര്‍ മുതലെടുത്തു കൊണ്ടിരിക്കുയായിരുന്നു. ഇന്നത്തെ മുസ്ലിം പാമര ജനങ്ങളെയും, അവരെ തൃപ്തിപ്പെടുത്തിക്കൊണ്ട് സ്വന്തം താല്പര്യങ്ങള് നേടുന്ന പണ്ഡിതന്മാരെയും കുറിച്ച് ആലോചിച്ചാല്‍, അന്നത്തെ യഹൂദരുടെ സ്ഥിതിഗതികളെപ്പറ്റി ഏതാണ്ടൊന്ന് അനുമാനിക്കാം. ‘വേദക്കാര്‍ തങ്ങളുടെ പണ്ഡിതന്മാരെയും, പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ റബ്ബു കളാക്കി'(തൗബ: 31) എന്ന ക്വുര്‍ആന്‍ വചനത്തെപ്പറ്റി അദിയ്യുബ്നു ഹാതിം (റ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചപ്പോള്‍, തിരുമേനി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ‘അല്ലാഹു അനുവദിച്ചതിനെ ആ പണ്ഡിതന്മാര് അവര്‍ക്ക് നിഷിദ്ധമാക്കികൊടുത്തു, അതവര് നിഷിദ്ധമായി സ്വീകരിക്കുകയും ചെയ്തു, അല്ലാഹു നിഷിദ്ധമാക്കിയതിനെ അവര്‍ അനുവദനീയമാക്കികൊടുത്തു, അതവര് അനുവദനീയമായി കരുതുകയും ചെയ്തു’ (ബുഖാരി). മുസ്ലിം സമുദായത്തിന്റെ അധഃപതനത്തിനുള്ള ഒരു മുഖ്യകാരണവും ഇതുതന്നെയാണല്ലോ.
മുന്‍വേദങ്ങളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഗ്രന്ഥമത്രെ തൗറാത്ത്. കര്‍മപരമായ ജീവിത ക്രമങ്ങളും, അനുഷ്ഠാന മുറകളും അതില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. നിയമസംഹിത എന്നനിലക്ക് ഈസാ നബി (അ)യും അനുയായികളും ആ ഗ്രന്ഥം അംഗീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നു. ആകയാല്‍ ഇനിയൊരു പ്രവാചകനും വേദഗ്രന്ഥവും ആവശ്യമില്ലെന്നാണ് യഹൂദികള്‍ ധരിച്ചുവശായിരുന്നത്. എന്നാല്‍ അക്കാലത്തേക്കും ആ ജനതക്കും വേണ്ടിയുള്ളതായിരുന്നു ആ നിയമസംഹിതയെന്നും, കാലാവസാനംവരെയുളള സകല ജനവിഭാഗങ്ങള്‍ക്കും പറ്റിയ മറ്റൊരു പരിപൂര്‍ണ നിയമസംഹിത ആവശ്യമായിരുന്നുവെന്നും, അതാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും അവര്‍ മനസ്സിലാക്കിയില്ല. അഥവാ ഈ പരമാര്‍ത്ഥം സമ്മതിക്കുവാന്‍ അവര്‍ തയ്യാറായില്ല ക്വുര്‍ആനാണെങ്കില്‍ തൗറാത്തിനെ ഒരിക്കലും നിഷേധിക്കുകയല്ല – അതിനെ സത്യപ്പെടുത്തുകയും, ബലപ്പെടുത്തുകയുമാണ്- ചെയ്യുന്നത്. പക്ഷേ, താല്‍കാലികങ്ങളായിരുന്ന അതിലെ ചില നിയമങ്ങളെ പരിഷ്കരിക്കുകയും, പോരാത്തത് കൂട്ടിചേര്‍ക്കുകയും ചെയ്തുകൊണ്ടുള്ള ഒരു പരിപൂര്‍ണ നിയമ സംഹിത ലോകത്തിന് പ്രദാനം ചെയ്തിരിക്കുകയാണ് ക്വുര്‍ആന്‍. തൗറാത്തിലെ പല നിയമങ്ങളും, തത്വങ്ങളും അത് അപ്പടി സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്.
മേല്പറഞ്ഞതിനു പുറമെ, മുഹമ്മദ് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ), ഇസ്മാഈല്‍ നബി (അ)യുടെ സന്താന പരമ്പരയില്‍ ജനിച്ച ആളായതും -അവരുടെ വര്‍ഗ പിതാവായ ഇസ്ഹാക്വ് നബി(അ)യുടെ സന്താനപരമ്പരയില്‍പെട്ട ആളല്ലാതിരുന്നതും- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുന്നതുമൂലം തങ്ങളുടെ -അടിസ്ഥാനരഹിതങ്ങളായ- പാരമ്പര്യ നടപടികള്‍ക്കും, നേതൃത്വങ്ങള്‍ക്കും കോട്ടം തട്ടുമെന്ന ഭയവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ നിഷേ ധിക്കുവാന്‍ യഹൂദന്മാരെ പ്രേരിപ്പിച്ചു. ഈ നിഷേധത്തെ ന്യായീകരിക്കാന്‍ വേണ്ടി, തൗറാത്തിന്റെ പല ഭാഗങ്ങളും അവര്‍ പൂഴ്ത്തിവെക്കുകയും, ദുര്‍വ്യാഖ്യാനം നടത്തു കയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളും സൂചനകളുമാണ് ഇതിന് കൂടുതല്‍ ഇരയായത്.
യഹൂദരുടെ മിക്ക ദോഷങ്ങളും ക്രിസ്ത്യാനികളിലും ഉണ്ടായിരുന്നു. ഈസാ നബി (അ)ക്ക് ദിവ്യത്വം കല്പ്പിച്ചതും, ആ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട മറ്റു പല അന്ധവിശ്വാസങ്ങളും കഴിച്ചാല്‍, താരതമ്യേന യഹൂദരെക്കാള്‍ ഭേദമായിരുന്നു ക്രിസ്ത്യാനികള്‍. ഈസാ (അ) ദൈവപുത്രനാണെന്നാണ് പൊതുവിലുള്ള ക്രിസ്തീയവാദം. ഇതുവഴി, അല്ലാഹുവിന്റെ പരമപരിശുദ്ധവും, സൃഷ്ടികളുമായി തെല്ലും സാമ്യമില്ലാത്തതുമായ ഉല്‍കൃഷ്ട ഗുണങ്ങളെ കളങ്കപ്പെടുത്തുകയും, അല്ലാഹുവിനെ സൃഷ്ടിസമാനമാക്കുകയുമാണ് ക്രിസ്ത്യാനികള്‍ ചെയ്യുന്നത്. ഇത് അങ്ങേയറ്റം നീചവും നികൃഷ്ടവുമായ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. മൂസാ (അ) ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യഹൂദികള്‍ പറയുന്നില്ല. പക്ഷേ, ഉസൈര്‍ ദൈവപുത്രനാണെന്ന വാദം അവരിലും ഉണ്ടായിരുന്നു. അതോടൊപ്പം ഈസാ നബി (അ) വ്യഭിചാരപുത്രനെന്നും, ആഭിചാരിയെന്നും യഹൂദര്‍ മുദ്രകുത്തുകയും ചെയ്തിരുന്നു.
ക്രിസ്തീയ മതത്തിന്റെ പ്രധാന സിദ്ധാന്തം ത്രിയേകത്വ സിദ്ധാന്തമാകുന്നു. അതായത് പിതാവും (ദൈവവും), പുത്രനും (ഈസായും) പരിശുദ്ധാത്മാവും (റൂഹുല്‍ ക്വുദ്സും) ചേര്‍ന്നതാണ് സാക്ഷാല്‍ ദൈവം. മൂന്നും കൂടി ഒന്നാണുതാനും എന്നിങ്ങനെയുള്ള വിശ്വാസം, ഇതിനെപ്പറ്റി കൂടുല്‍ വിവരം യഥാസ്ഥാനങ്ങളില്‍ വെച്ചു കാണാവുന്നതാണ്. (ان شاء الله) ഇതനുസരിച്ച് ഈസാ (അ) മനുഷ്യനാണെങ്കിലും അതേസമയം തന്നെ അദ്ദേഹം ദൈവപുത്രനുമാണ്. മറ്റൊരു നിലക്ക് സാക്ഷാല്‍ ദൈവവും. ഇതാണ് അവരുടെ വാദം. ഇന്‍ജീലിന്റെ ചില പ്രയോഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും, ഇന്‍ജീലുകളെന്ന (സുവിശേഷങ്ങളെന്ന) പേരില്‍ പില്കാലത്തു എഴുതിയുണ്ടാക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ ആസ്പദമാക്കിയും ഇവര്‍ ഈ വാദത്തെ ന്യായീകരിക്കുന്നു. ഈസാ നബി (അ)യിലുള്ള വിശ്വാസം ഇവരില്‍ അതിരു കവിഞ്ഞുപോയിരിക്കുകയാണെന്ന് വ്യക്തമാണ്. ഇതുപോലെയുള്ള ചില അന്ധവിശ്വാസ ങ്ങള്, ചില ‘ശൈഖന്മാരെ’യും ‘ഔലിയാ’ക്കളെയും സംബന്ധിച്ച് ചില പാമര മുസ്ലിംകള്‍ക്കിടയിലും കടന്നുകൂടിയിട്ടുണ്ട്. ‘നിങ്ങള്‍ക്കു മുമ്പുള്ളവരുടെ -വേദക്കാരുടെ-മാര്‍ഗങ്ങളെ മുഴത്തിനു മുഴമായും, ചാണിനു ചാണായും, നിങ്ങളും പിന് പറ്റുന്നതാണ്’ لتتبعن سنن من كان قبلكم شبرا بشبر وذراعا بذراع – الترمذى എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിട്ടുള്ളത് സ്മരണീയമാകുന്നു. ഈ ക്രിസ്തീയ മൂല സിദ്ധാന്തം അംഗീകരിക്കുന്നതിനു പകരം അങ്ങേയറ്റം ആക്ഷേപിക്കുകയാണല്ലോ ക്വുര്‍ആന്‍ ചെയ്തത്. അതുകൊണ്ടും, മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇസ്റാഈല്‍ വര്‍ഗത്തില്‍പ്പെട്ട ആളല്ലാത്തതുകൊണ്ടും ക്രിസ്ത്യാനികളും ക്വുര്‍ആന്റെ വൈരികളായി. തൗറാത്തിലെ പ്രവചനങ്ങളെപ്പറ്റി യഹൂദര്‍ ചെയ്തതുപോലെത്തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വരവിനെക്കുറിച്ച് ഇന്‍ജീലിലുള്ള പ്രവചനങ്ങളെ ഇരുവിഭാഗവും അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിയടഞ്ഞു.
തോന്നിയവാസത്തിലും ദുര്‍നടപ്പിലും ദീര്‍ഘകാല പാരമ്പര്യം യഹൂദര്ക്കായിരു ന്നതുകൊണ്ട് ക്വുര്‍ആനിനോടുള്ള ശത്രുതയില്‍ കൂടുതല്‍ കാഠിന്യം പ്രത്യക്ഷ പ്പെട്ടിരുന്നതും അവരില്‍നിന്നായിരുന്നു. ഈ വസ്തുത ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുതയുള്ളത് യഹൂദര്‍ക്കും, മുശ്രിക്കുകള്‍ക്കുമാണെന്നും ക്രിസ്ത്യാനികളാണ് സത്യവിശ്വാസികളോട് കൂടുതല്‍ താല്‍പര്യബന്ധമുള്ളവരെന്നും (സുറ: മാഇദഃ 85ല്‍) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇരുകൂട്ടരോടും ക്വുര്‍ആന്‍ കൈക്കൊണ്ട നയം ചുരുക്കത്തില്‍ ഇങ്ങിനെ വിവരിക്കാം:
1). അവരില്‍ സത്യഭ്രംശം വന്നുപോയിട്ടുള്ള മാര്‍ഗങ്ങളെ ക്വുര്‍ആന്‍ ചൂണ്ടിക്കാട്ടി.
2). വേദഗ്രന്ഥങ്ങളില്‍ അവര്‍ ഒളിച്ചു വെച്ച പല ഭാഗവും അത് വെളിപ്പെടുത്തി.
3). അവര്‍ ഒരു റസൂലിന്റെ വരവ് കാത്തിരിക്കുകയായിരുന്നുവെന്നും, ആ റസൂല്‍ വന്നു കഴിഞ്ഞപ്പോള്‍ അസൂയയും അഹന്തയും നിമിത്തം അവര്‍ നിഷേധിക്കുകയാണ് ചെയ്തതെന്നും തുറന്നുകാട്ടി.
4). തങ്ങളുടെ വേദഗ്രന്ഥം യഥാര്‍ത്ഥ രൂപത്തില്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ക്വുര്‍ആനിലും നബിയിലും അവര്‍ വിശ്വസിക്കാതിരിക്കുവാന്‍ നിര്വ്വാഹമില്ലായിരുന്നുവെ ന്നു തെളിയിച്ചു. പലപ്പോഴും, അവരുടെ വേദ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ അവരുടെ അബദ്ധങ്ങള്‍ തെളിയിച്ചു കൊടുത്തു.
5). മോക്ഷവും വിജയവും ഒരു ജനതയുടെയോ, വര്‍ഗത്തിന്റെയോ പ്രത്യേക അവകാശമല്ലെന്നും, സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിക്കുന്നവര്‍ ആരൊക്കെ യാണോ അവര്‍ക്കെല്ലാം മോക്ഷവും, രക്ഷയും ഉണ്ടെന്നും അത് വിളംബരം ചെയ്തു.
6). അതുപോലെത്തന്നെ, പ്രവാചകത്വവും ഒരു വര്‍ഗത്തിന്റെയും കുത്തകയല്ല, അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന് കൊടുക്കുന്ന അനുഗ്രഹമാണത് എന്ന് ഉല്‍ബോധിപ്പിച്ചു.
7). ഒരു പ്രവാചകന് നിയോഗിക്കപ്പെട്ടാല്‍, മുന്പ്രവാചകന്മാരുടെ സമുദായത്തില്‍ നിലവിലുള്ളവരെല്ലാം ആ പ്രവാചകനില്‍ വിശ്വസിക്കേതുണ്ട്. പ്രവാചകന്മാരുടെയെല്ലാം പ്രബോധന സിദ്ധാന്തങ്ങള്‍ ഒന്നു തന്നെയാണ്. അനുഷ്ഠാന പരമായ നടപടികളില്‍ മാത്രമേ ചില വ്യത്യാസങ്ങളുണ്ടായിരിക്കുകയുള്ളൂ. അല്ലാഹുവിനെയല്ലാതെ റബ്ബും ഇലാഹും ആക്കാന്‍ പാടില്ല. പ്രവാചകന്മാരടക്കമുള്ള എല്ലാവരും അവന്റെ അടിമകളാകുന്നു. എന്നിങ്ങനെയുള്ള പരമാര്‍ത്ഥങ്ങള്‍ ക്വുര്‍ആന്‍ അവരുടെ മുമ്പില്‍ വെച്ചു.
8). മുന്‍വേദങ്ങളിലൊന്നിനെയും ക്വുര്‍ആന്‍ നിരാകരിക്കുന്നില്ല, മറിച്ച് എല്ലാറ്റിനെയും സത്യപ്പെടുത്തുകയും അവയിലെല്ലാം വിശ്വസിക്കണമെന്ന് ശാസിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, എന്നെന്നേക്കും നിലനില്ക്കത്തക്ക ഒരു പരിപൂര്‍ണ നിയമസംഹിതയും, മനുഷ്യപുരോഗതിയുടെ എല്ലാ കാലഘട്ടങ്ങള്‍ക്കും ഒത്തിണങ്ങുന്ന വേദഗ്രന്ഥവും ആയിരിക്കുവാന്‍ അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടില്ലായിരുന്നു. ആ സ്ഥാനം ക്വുര്ആനിന്നാണുള്ളത് എന്നൊക്കെ അത് പ്രഖ്യാപിച്ചു.
3. മുനാഫിക്വുകള്‍ (കപടവിശ്വാസികള്‍)
മദീനയില്‍ ക്വുര്‍ആനിനു നേരിടേണ്ടി വന്ന മറ്റൊരു ശത്രുവിഭാഗമാണ് മുനാഫിക്വുകള്‍.
രണ്ടുതരക്കാരെപ്പറ്റിയാണ് മുനാഫിക്വുകള്‍ എന്നു പറയാറുള്ളത്. ഒരു തരക്കാര്‍, മനസ്സില്‍ തികച്ചും അവിശ്വാസം കുടികൊള്ളുന്നതോടൊപ്പം, താല്ക്കാലികമായ താല്പര്യങ്ങളും, പരിതഃസ്തിഥിയും നിമിത്തം ഇസ്ലാമിന്റെ വേഷം അണിഞ്ഞവരായിരുന്നു. ഇവര്‍ മുസ്ലിംകളുടെ ഇടയില്‍ വരുമ്പോള്‍ തങ്ങള്‍ മുസ്ലിംകളാണെന്ന് അഭിനയിക്കുകയും, തക്കം കിട്ടുമ്പോള്‍ ഇസ്ലാമിനെതിരായി പ്രവര്‍ത്തിക്കുകയും, അവിശ്വാസികളുടെ അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ഈ വിഭാഗത്തെ കുറിച്ചാണ് സൂറഃ 4:145 ല്‍ ‘നിശ്ചയമായും മുനാഫിക്വുകള്‍ നരകത്തിലെ ഏറ്റവും താഴ്ന്ന പടിയിലാണ്’ എന്ന് അല്ലാഹു പ്രസ്താവിച്ചത്. ഇത്തരം നിഫാക്വിന്റെ (കാപട്യത്തിന്റെ) ആള്‍ക്കാരെ കുറിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലശേഷം ശരിക്ക് മനസ്സിലാക്കുവാനും, തിരിച്ചറിയുവാനും സാദ്ധ്യമല്ല. കാരണം, ബാഹ്യത്തില്‍ കാണപ്പെടുന്നതനുസരിച്ച് വിധി കല്‍പ്പിക്കുകയല്ലാതെ, ഹൃദയത്തിലെ വിശ്വാസവും അവിശ്വാസവും സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ വഹ്യ് കൊണ്ടല്ലാതെ സാദ്ധ്യമല്ലല്ലോ. ഒരു പ്രകാരത്തില്‍ നോക്കുമ്പോള്‍, പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സ്വൈരക്കേടാണ് ഇവര്‍മൂലം ഇസ്ലാമിനുണ്ടായിട്ടുള്ളത്. മുസ്ലിംകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കി ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുവാനും ശത്രുക്കളുമായി ഗുഢാലോചനകള്‍ നടത്തി കുഴപ്പം സൃഷ്ടിക്കുവാനും ഇവര്‍ക്ക് കൂടുതല്‍ സൗകര്യം ഉണ്ടായിരിക്കുമല്ലോ.
ഈ വിഭാഗക്കാരെ കുറിച്ച് വളരെ പരുഷവും, കടുത്തതുമായ വാക്കുകളിലാണ് ക്വുര്‍ആന്‍ സംസാരിക്കാറുള്ളത്. കനത്ത താക്കീതുകളും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവരുടെ പല രഹസ്യങ്ങളും, ഗൂഢതന്ത്രങ്ങളും ക്വുര്‍ആന്‍ തുറന്നു കാട്ടി. അവര്‍മൂലം ഉണ്ടായേക്കാവുന്ന പല അനിഷ്ടസംഭവങ്ങളെയും അല്ലാഹു മുന്‍കൂട്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉണര്‍ത്തിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ മുസ്ലിംകളോടെന്നപോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടും പെരുമാറിയിരുന്നുവെങ്കിലും- യഥാര്‍ത്ഥത്തില്‍ അവര്‍ ശത്രുക്കളാണെന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ട്- അവരെക്കുറിച്ച് എപ്പോഴും ജാഗ്രതയിലായിരുന്നു. ഇവരെ തിരിച്ചറിയുമാറുള്ള ലക്ഷണങ്ങള്‍ പലതും ക്വുര്‍ആന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. അതുമുഖേന തിരുമേനി ശരിക്കും അവരെ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതെല്ലാമായിട്ടും പാഠം പഠിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ മരവിച്ചുപോയിരുന്നു. ഒടുക്കം അവര്‍ മരണപ്പെട്ടാല്‍ അവരുടെ പേരില്‍ നമസ്കാരം നടത്തരുതെന്നുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ക്വുര്‍ആന്‍ ആജ്ഞാപിച്ചു. ഇവരുടെ കാപട്യം വിശ്വാസത്തില്‍ തന്നെ ആയതുകൊണ്ട് ഇവരെപ്പറ്റി منافقو الايمان (വിശ്വാസത്തിലെ കപടന്മാര്) എന്നുപറയാം.
രണ്ടാമത്തെ തരക്കാര്‍, കര്‍മത്തിലും, സ്വഭാവത്തിലുമുള്ള കപടന്മാരാണ് منافقو العمل والاخلاق ഇവര്‍ തനി അവിശ്വാസികളല്ലെങ്കിലും, വിശ്വാസത്തില്‍ സ്ഥിരതയും അടിയുറപ്പുമില്ലാത്ത ദുര്‍ബ്ബല വിശ്വാസക്കാരാകുന്നു. ഇവരില്‍ പല വകുപ്പുകള്‍ കാണാം. സ്വജനങ്ങള്‍ക്കൊപ്പിച്ച് വിശ്വാസത്തിനും അവിശ്വാസത്തിനും അരുനില്‍ക്കുന്നവര്‍, ഐഹിക താല്പര്യങ്ങളില് ലയിച്ചു അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞാനിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍, ധനമോഹം, നേതൃ ത്വമോഹം, അസൂയ മുതലായ കാരണങ്ങളാല്‍ ഇസ്ലാമികാദര്ശങ്ങളെ വകവെക്കാത്തവര്‍, ഉപജീവനമാര്‍ഗങ്ങളിലും മറ്റും വ്യാപൃതരായി പരലോക വിചാരവും മതനിഷ്ഠയും നഷ്ടപ്പെട്ടവര്‍, ഇസ്ലാമിനെ പൊതുവില്‍ നിഷേധിക്കുന്നില്ലെങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചോ ഇസ്ലാമിന്റെ ഏതെങ്കിലും സ്പഷ്ടമായ അധ്യാപനങ്ങളെ സംബന്ധിച്ചോ സംശയങ്ങളും ആശങ്കയും വെച്ചുകൊണ്ടിരിക്കുന്നവര്‍, ഇസ്ലാമിന്റെ ഏതെങ്കിലും എതിര്‍കക്ഷികളോടുള്ള അനുഭാവവും ചായ്വും നിമിത്തം അവരെ സഹായിക്കുവാനും തൃപ്തിപ്പെടുത്തുവാനും വേണ്ടി ഇസ്ലാമിക തത്വങ്ങളെ നിസ്സാരമാക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുനാഫിക്വുകളാകുന്നു.
ഇത്തരം മുനാഫിക്വുകളെ എക്കാലത്തും കാണാം. ഇക്കാലത്ത് ഇത്തരക്കാരുടെ എണ്ണം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഭൗതിക സുഖാഢംബരങ്ങളില്‍ ലയിച്ചും, ധനസമ്പാദനം ജീവിതോദ്ദേശ്യമാക്കിയും, സ്ഥാനമാനാദികള്‍ നഷ്ടപ്പെടുമെന്ന് ഭയന്നും, വലിയ ആള്‍ക്കാരുടെ അടുക്കലുള്ള സാമീപ്യവും സ്വാധീനവും നഷ്ടപ്പെട്ടേക്കുമെന്ന് പേടിച്ചും, ശാസ്ത്രീയ സിദ്ധാന്തങ്ങളുടെയും യുക്തിവാദ ങ്ങളുടെയും പിന്നാലെ കൂടിയും, ഭൗതികഭ്രമവും പരിഷ്കാരപ്രേമവും തലക്കുകേറിയും -അങ്ങനെ പല വിധത്തിലും- കപട വിശ്വാസികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അറിവും പഠിപ്പുമുള്ളവരും, ഇസ്ലാമിനു വേണ്ടി ഏതെങ്കിലും രംഗങ്ങളില്‍ സേവന പാരമ്പര്യം പുലര്‍ത്തിപ്പോരുന്നവരുമായ ആളുകള്‍ പോലും -തങ്ങളറിയാതെത്തന്നെ- ഇക്കൂട്ടത്തില്‍ അകപ്പെട്ടുപോയിക്കൊണ്ടിരിക്കുന്നതാണ് കൂടുതല്‍ വ്യസനകരം! والعياذ ب بالله (അല്ലാഹുവില്‍ ശരണം!)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ഒരാളില്‍ നാലുകാര്യങ്ങള്‍ ഉണ്ടായിരുന്നാല്‍, അവന് തനി മുനാഫിക്വാകുന്നു. അവയില്‍ ഒന്നുണ്ടായിരുന്നാല്‍, അത് ഉപേക്ഷിക്കുന്നതുവരേക്കും കാപട്യത്തിന്റെ ഒരു കാര്യം അവനില്‍ ഉണ്ടായിരിക്കും. അതായത്: വിശ്വസിച്ചാല്‍ വഞ്ചിക്കും, വര്‍ത്തമാനം പറഞ്ഞാല്‍ കളവ് പറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, പിണങ്ങിയാല്‍ തോന്നിയവാസം പ്രവര്‍ത്തിക്കും. (ബു. മു.). ഏതാണ്ട് ഇതേപ്രകാരമുള്ള ഹദീഥില്‍ മുസ്ലിം (റ) ഇപ്രകാരം കൂടി ഉദ്ധരിക്കുന്നു: ‘…….. അവന് നോമ്പു നോല്‍ക്കുകയും നമസ്ക്കരിക്കുകയും, മുസ്ലിമാണെന്ന് വാദിക്കുകയും ചെയ്താലും ശരി’. രണ്ടാമത്തെ തരക്കാരില്‍ പെട്ട മുനാഫിക്വിന്റെ ചില ലക്ഷണങ്ങളാണ് ഇതുപോലുള്ള നബിവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സത്യവിശ്വാസികളായ ആളുകള്‍, അവരുടെ പ്രവൃത്തിദോഷവും, സ്വഭാവദോഷവും കൊണ്ട് മുനാഫിക്വുകളായിത്തീരുമെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വഹാബിമാര്‍പോലും നിഫാക്വിനെക്കുറിച്ചു സദാ ഭയപ്പെട്ടുകൊണ്ടിരുന്നത്. ഇബ്നുഅബീമുലൈകഃ (റ) പറഞ്ഞതായി ബുഖാരി (റ) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വഹാബികളില്‍ മുപ്പതുപേരെ ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. അവരെല്ലാവരും തന്നെ, തങ്ങളില്‍ നിഫാക്വ് വരുന്നത് ഭയപ്പെടുന്ന വരായിരുന്നു….’
മേല്പറഞ്ഞ രണ്ടു തരം മുനാഫിക്വുകളുടെ സ്വഭാവങ്ങളും ലക്ഷണങ്ങളും ക്വുര്‍ആന്‍ പലപ്പോഴും എടുത്തുകാട്ടുന്നത് കാണാം. ഭവിഷ്യത്തുകളെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും, പ്രസ്തുത സ്വഭാവങ്ങളെ സൂക്ഷിച്ചുകൊള്ളുവാന്‍ മറ്റുള്ളവരോട് ഉപദേശിക്കുകയും പതിവാകുന്നു. അതോടുകൂടി, നിഷ്കളങ്കരും സജ്ജനങ്ങളുമായുള്ളവരുടെ ലക്ഷണങ്ങളും, സ്വഭാവങ്ങളും അടിക്കടി വിവരിച്ചും ആവര്‍ത്തിച്ചും ഓര്‍മിപ്പിക്കുകയും ചെയ്യും.
എതിര്‍കക്ഷികള്‍ അന്നും ഇന്നും
ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അതിന്റെ എതിര് കക്ഷികളായി നിലവിലുണ്ടായിരുന്ന പ്രധാന കക്ഷികളെയും, അവരോട് ക്വുര്‍ആന്‍ കൈകൊണ്ട സാമാന്യ നിലപാടും സംബന്ധിച്ചാണ് നാം മുകളില്‍ സംസാരിച്ചത്. കൂടുതല്‍ വിവരം ക്വുര്‍ആനില്‍ അതാതിടത്തുവെച്ച് കാണുകയും ചെയ്യാം. തനി നിരീശ്വരവാദികളായ ആളുകള്‍ -ഏതോ ചില വ്യക്തികളുണ്ടായിരുന്നുവെന്നല്ലാതെ- ക്വുര്‍ആന്റെ ഒരു എതിര് കക്ഷിയായി അന്നു പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെക്കുറിച്ച് ഒരു കക്ഷിയെന്ന നിലക്കുള്ള സംവാദങ്ങളും, സംഭാഷണങ്ങളും ക്വുര്‍ആനില്‍ അധികം കാണുകയില്ല. സന്ദര്‍ഭവശാല്‍ ചിലപ്പോഴെല്ലാം, നിരീശ്വരവാദികള്‍ക്കും, നാസ്തികന്മാര്ക്കും വായടപ്പന്‍ മറുപടികള്‍ കൊടുക്കാതിരുന്നിട്ടുമില്ല. സന്ദര്‍ഭം പോലെ നാം അവയെപ്പറ്റി ചൂണ്ടിക്കാട്ടുന്നതാണ് ( ان شاء لله ). ചുരുക്കിപ്പറഞ്ഞാല്‍, ക്വുര്‍ആന്റെ മുമ്പില്‍ വിലങ്ങടിച്ചു നില്ക്കുന്ന എല്ലാവര്ക്കും -ശുദ്ധഹൃദയവും മനഃസ്സാക്ഷിയും ഉള്ള പക്ഷം- യഥാര്‍ത്ഥം ഗ്രഹിച്ചു സന്മാര്ഗം കെത്തുവാനുളള നിര്‍ദ്ദേശങ്ങളും, തെളിവുകളും ക്വുര്‍ആനില്‍ തികച്ചും വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
ക്വുര്‍ആനില്‍ കാണുന്ന ആക്ഷേപങ്ങള്‍, താക്കീതുകള്‍ മുതലായവയെല്ലാം, അന്നത്തെ അതിന്റെ എതിരാളികളായിരുന്നവര്‍ക്കു മാത്രം ബാധകമായതാണെന്ന് ആരും ധരിക്കേണ്ടതില്ല. മുശ്രിക്ക് (ബഹുദൈവ വിശ്വാസി), കാഫിര്‍ (അവിശ്വാസി), മുനാഫിക്വ് (കപടവിശ്വാസി) എന്നിങ്ങനെയുള്ള അതിലെ പ്രയോഗങ്ങളും, അവരെ സംബന്ധിച്ച പ്രസ്താവനകളും, അക്കാലത്തുണ്ടായിരുന്നവര്‍ക്കെന്ന പോലെ, അതിനു ശേഷം ലോകാവസാനംവരെ ഉണ്ടാകുന്നവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ അവകാശാധികാരങ്ങളിലും, അവന്റെ പ്രത്യേക ഗുണഗണങ്ങളിലും ഇതരവസ്തുക്കളെ പങ്കുചേര്‍ക്കുന്നവരെല്ലാം ക്വുര്‍ആന്റെ ദൃഷ്ടിയില് മുശ്രിക്കുകളാകുന്നു. അങ്ങിനെ പങ്കു ചേര്‍ക്കലും, അതിലേക്കു വഴി തുറക്കലും അതിന്റെ ഭാഷയില്‍ ശിര്‍ക്കുമാകുന്നു. അല്ലാഹുവിലും, പരലോകത്തിലും, റസൂലിലും, ക്വുര്‍ആനിലും വിശ്വസിക്കാത്തവരെല്ലാം- അവര്‍ ആസ്തികവാദക്കാരൊ, നാസ്തികവാദക്കാരോ ആയിക്കൊള്ളട്ടെ- അതിന്റെ ഭാഷയില്‍ കാഫിറാകുന്നു. പ്രത്യക്ഷത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അതിനെതിരായ നിലപാടുകള്‍ സ്വീകരിച്ചവര്‍ മുനാഫിക്വുകളുമാണ്. പരിപൂര്‍ണവിശ്വാസത്തോടൊപ്പം അതിന്റെ സിദ്ധാന്തങ്ങള്‍ നിരുപാധികമായി സ്വീകരിക്കുന്നവരാരോ അവരാണ് അതിന്റെ ഭാഷയില്‍ മുഅ്മിനുകള് (സത്യവിശ്വാസികള്‍). ഈ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും, അനുഷ്ഠാനമുറകളും, ആചാരമര്യാദകളും സ്വീകരിക്കുന്നവരെക്കുറിച്ചാണ് അത് ‘മുസ്ലിംകള്’ എന്നു പറയുന്നതും.
‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്ന വാദത്തിന് ക്വുര്‍ആന്റെ ദൃഷ്ടിയില് യാതൊരു നിലയും വിലയുമില്ല. അല്ല, ക്വുര്‍ആന്‍ ആ വാദങ്ങളെ അടിയോടെ തള്ളിക്കളയുകയും, ഒരു മുസ്ലിമിന് അത് അംഗീകരിക്കുവാന്‍ നിവൃത്തിയില്ലെന്ന് തുറന്ന ഭാഷയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
إِنَّ الدِّين عِنْدَ الّلهِ الإسْلام – آل عمران ١٩
(നിശ്ചയമായും, അല്ലാഹുവിന്റെ അടുക്കല്‍ മതം ഇസ്ലാമത്രെ). അപ്പോള്‍ ഇസ്ലാമല്ലാത്ത മറ്റൊരു മതവും അവന് അംഗീകരിക്കുന്നില്ല. അതിനെ കുറിച്ച് തന്നെയാണ് മറ്റൊരു ആയത്തില്‍ ഇങ്ങനെ പറയുന്നത്:
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ – الأنعام ١٥٣
(ഇതാ- നേര്‍ക്കുനേരെ- ചൊവ്വായ നിലയില്‍ എന്റെ പാത. അത് നിങ്ങള്‍ പിന്പറ്റുവിന്. മറ്റു മാര്‍ഗങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്. എന്നാലവ നിങ്ങളെ അവന്റെ മാര്‍ഗത്തില്‍ നിന്ന് ഭിന്നിപ്പിച്ചുകളയും). മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് നോക്കുക:
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ – آل عمران – ٨٥
(ഇസ്ലാം അല്ലാത്ത ഒന്നിനെ ആരെങ്കിലും മതമായി തേടുന്ന പക്ഷം അതവനില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതേ അല്ല. അവന് പരലോകത്തില്‍ നഷ്ടക്കാരുടെ കൂട്ടത്തിലുമായിരിക്കും). അപ്പോള്‍ മുസ്ലിമാണെന്ന് വാദിക്കുന്ന ഒരാള്‍ക്ക് മേല്‍വാദത്തെ ബാഹ്യമായെങ്കിലും അനുകൂലിക്കുവാന്‍ സാധിക്കുമോ?! ഒരു അമുസ്ലിമിന്റെ വായില്‍ നിന്നേ ആ വാദം പുറത്തുവരുവാന്‍ ന്യായമുള്ളൂ. എന്നാല്‍ ആ ഏകമാര്‍ഗത്തിലേക്ക് അത് ആരെയും നിര്‍ബന്ധിക്കുന്നില്ല. لَآ إِكْرَاهَ فِي الدِّينِ (മ തത്തില്‍ നിര്‍ബന്ധം ചെലുത്തല്‍ ഇല്ല) എന്ന് അത് പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ സിദ്ധാന്തങ്ങളും, നിയമാവലിയുമെല്ലാം ലോകത്തിന്റെ മുമ്പില്‍ തുറന്നുവെച്ചുകൊണ്ട് അത് ഇങ്ങിനെ ഉദ്ഘോഷിക്കുന്നു: وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ (പറയുക: യഥാര്‍ത്ഥം നിന്റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. അതുകൊണ്ട് വേണ്ടുന്നവര്‍ വിശ്വസിച്ചുകൊള്ളട്ടെ, വേണ്ടുന്നവര്‍ അവിശ്വസിച്ചുകൊള്ളട്ടെ!). വിശ്വസിക്കുവാനും അവിശ്വസിക്കുവാനും തല്ക്കാലം സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും, അവിശ്വസിച്ചവരുടെ ഭാവിയെക്കുറിച്ച് അത് കടുകടുത്ത താക്കീതുകള്‍ നല്‍കുകയും ചെയ്യുന്നു.
ക്വുര്‍ആന്റെ അവതരണകാലത്ത് അതിന് ഏതെല്ലാം തരത്തിലുള്ള എതിര് കക്ഷികള്‍ ഉണ്ടായിരുന്നുവോ അവ മിക്കവാറും കാലദേശങ്ങളുടെ പരിതഃസ്ഥിതി ക്കനുസരിച്ച വേഷം സ്വീകരിച്ച് ഇന്നും നിലവിലുണ്ട്. അന്ന് അവരോടും, അവരെ ക്കുറിച്ചും ക്വുര്‍ആന്‍ എന്തെല്ലാം പ്രസ്താവിച്ചുവോ, അതെല്ലാം ഇന്ന് ഇവരോടും, ഇവരെക്കുറിച്ചും അതിന് പറയുവാനുള്ളത് തന്നെയാകുന്നു. ലോകാവസാനം വരെ അത് നിലനില്ക്കുകയും ചെയ്യും.
അല്ലാഹുവിന്റെ നാമങ്ങള്‍, ഗുണങ്ങള്‍, അനുഗ്രഹങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ മുതലായവ
(اسماء لله وصفاته وآلآؤه وايا ته)
അറബി, അറബിയല്ലാത്തവന്, പണ്ഡിതന്, പാമരന് എന്നിങ്ങനെയുള്ള വ്യത്യാസമില്ലാതെ എല്ലാവര്ക്കും മാര്‍ഗദര്‍ശനം നല്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. ആകയാല്‍, അല്ലാഹുവിന്റെ ഗുണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പ്രസ്താവനകളിലും സാധാരണ എല്ലാവര്ക്കും ഗ്രഹിക്കാവുന്ന വാക്കുകളും, പ്രയോഗങ്ങളുമാണ് ക്വുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തില്‍ അല്ലാഹുവിന്റെ തിരുനാമങ്ങളെയും, മഹല്‍ഗുണങ്ങളെയും പൂര്‍ണമായി ദ്യോതിപ്പിക്കുന്ന പദങ്ങള്‍ മനുഷ്യഭാഷയിലില്ല. മനുഷ്യബുദ്ധി എത്ര പുരോഗമിച്ചതായാലും അവയുടെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ മനുഷ്യന് സാധ്യവുമല്ല. അതുകൊണ്ട്, മനുഷ്യര്‍ക്ക് സുപരിചിതവും, സുഗ്രാഹ്യവുമായ വാക്കുകളില്‍, അവ വര്ണിച്ചിരിക്കുകയാണ് ക്വുര്‍ആന്‍.
അങ്ങിനെയുള്ള വാക്കുകള്‍ ഉപയോഗിച്ചു കാണുന്നതിനെ ആസ്പദമാക്കി അല്ലാഹുവിന്റെ ഗുണഗണങ്ങളെയോ പരിശുദ്ധ സത്തയെയോ മറ്റൊന്നിനോട് വല്ല വിധേനയും സാമ്യപ്പെടുത്തുവാനും, താരതമ്യപ്പെടുത്തുവാനും പാടില്ലാത്തതാകുന്നു. ഈ അപകടം പിണയാതിരിക്കുന്നതിനായി വ്യക്തമായ ഒരു അടിസ്ഥാനം വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു നമുക്ക് വെച്ച് തന്നിട്ടുമുണ്ട്. ‘അവനെപ്പോലെ ഒരു വസ്തുവും ഇല്ല തന്നെ. അവന് സര്‍വ്വവും കേള്‍ക്കുന്നവനും കാണുന്നവനുമത്രെ’ (42:11) എന്നും, ‘ദൃഷ്ടികള്‍ അവനെ കണ്ടുപിടിക്കുകയില്ല, അവന് ദൃഷ്ടികളെ കണ്ടു പിടിക്കുന്നു’ (6:103) എന്നും ഉള്ളതാകുന്നു അത്. ഈ അടിസ്ഥാന പരിധിവിട്ടു കൊണ്ട് ഈ തുറകളില്‍ സ്വീകരിക്കപ്പെടുന്ന എല്ലാ വ്യാഖ്യാനങ്ങളും അനിസ്ലാമികവും അബദ്ധവുമാകുന്നു.
അപ്പോള്‍, അല്ലാഹുവിനെ കുറിച്ച്, ‘ഉന്നതന്, വലിയവന്‍, കേള്ക്കുന്നവന്, കാണു ന്നവന്‍, അറിയുന്നവന്’ എന്നൊക്കെ പറഞ്ഞു കാണുമ്പോള്‍, ആ ഗുണങ്ങള്‍ അവയുടെ ഏറ്റവും പരിപൂര്‍ണവും പരിശുദ്ധവുമായ അര്‍ത്ഥത്തില്‍ അവനില്‍ ഉണ്ട് എന്നല്ലാതെ, സൃഷ്ടികളുടെ ഗുണങ്ങളുമായി അവയെ താരതമ്യപ്പെടുത്തുവാനോ, അവയെപ്പറ്റി വല്ല പ്രത്യേക അനുമാനവും നടത്തി രൂപപ്പെടുത്തുവാനോ നിവൃത്തിയില്ല. അല്ലാഹുവിന്റെ നാമങ്ങളായോ ഗുണവിശേഷണങ്ങളായോ അവനും അവന്റെ റസൂലും എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ടോ അതിനപ്പുറം കടന്നു പറയുവാനും, അതില്‍ ഏറ്റക്കുറവ് വരുത്തുമാറുള്ള വാക്കുകള്‍ പ്രയോഗിക്കുവാനും നമുക്ക് പാടുള്ളതല്ല. കൂടുതല്‍ വിശകലനം നടത്തുന്നത് മിക്കപ്പോഴും അബദ്ധത്തിലേക്ക് നയിക്കുന്നതായിരിക്കും. ഇസ്ലാമിന്റെ ഋജുവായ പാതയില്‍ നിന്ന് പിഴച്ചുപോകുവാന്‍ ഇടവന്ന മിക്ക കക്ഷികളും, അല്ലാഹുവിന്റെ നാമങ്ങളുടെയും, ഗുണങ്ങളുടെയും വ്യാഖ്യാനത്തില്‍ നിന്നാണ് പിഴച്ചുപോയിട്ടുള്ളതെന്നും, പോയിക്കൊണ്ടിരിക്കുന്നതെന്നുമുള്ള വസ്തുത ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുമ്പോള്‍ സാധാരണക്കാര്‍ക്കുപോലും പരിചിതങ്ങളായ കാര്യങ്ങളെയാണ് ക്വുര്‍ആന്‍ എടുത്തു പറയുക പതിവ്. വലിയ ബുദ്ധിമാന്മാര്ക്കുമാത്രം ഗ്രഹിക്കാവുന്നതോ, വളരെ ചിന്തിച്ചാല്‍ മാത്രം മനസ്സിലാകുന്നതോ ആയ ഉദാഹരണങ്ങള്‍ ക്വുര്‍ആനില്‍ ഉണ്ടാകാറില്ല. അതേസമയത്ത് ബുദ്ധിയും, ചിന്തയും ഉള്ളവര്‍ക്ക് -മറ്റുള്ളവരാല്‍ കണ്ടു പിടിക്കാന്‍ കഴിയാത്ത- പല യുക്തി രഹസ്യങ്ങളും അതില്‍ അടങ്ങിയിരിക്കുന്നതായി കാണാവുന്നതുമായിരിക്കും. ആകാശഭൂമികളെയും, മനുഷ്യന് തുടങ്ങിയ വസ്തു ക്കളെയും സൃഷ്ടിച്ചത്, മഴ വര്‍ഷിപ്പിക്കുന്നത്, ഉറവുപൊട്ടുന്നത്, സസ്യലതാദികള്‍ മുളച്ചുവരുന്നത്, ഭൂമിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഗതാഗതസൗകര്യങ്ങള്‍ ഉണ്ടാക്കിയത്, രാവും പകലും വ്യത്യാസപ്പെടുത്തിയത്, സൂര്യചന്ദ്ര നക്ഷത്രാദികളെ മനുഷ്യന് ഉപയോഗപ്പെടുത്തിയത്, വെള്ളം, ഭക്ഷണം, കാറ്റ് മുതലായവയെ സൗകര്യപ്പെടുത്തിയത്. കേള്‍വിയും കാഴ്ചയും നല്‍കിയത് ഉറക്കവും ഉണര്‍ച്ചയും ഏര്‍പ്പെടുത്തിയത്. കന്നുകാലികളെ കീഴ്പ്പെടുത്തിയത് ഇങ്ങിനെ പലതുമാണ് ഈ ഇനത്തില്‍ ക്വുര്‍ആന്‍ സാധാരണ എടുത്തുദ്ധരിക്കാറുള്ളത്. വിദ്യുച്ഛക്തിയുടെ ഉപയോഗം, പരമാണുവിന്റെ രഹസ്യം, ചന്ദ്രഗോളത്തിലെ സ്ഥിതിഗതികള്‍, ശൂന്യാകാശത്തിലെ പ്രകൃതി വിശേഷങ്ങള്‍ ആദിയായി ഗഹനങ്ങളായ കാര്യങ്ങളാണ് അത് ദൃഷ്ടാന്തമായി ഉദ്ധരിച്ചിരുന്നതെങ്കില്‍, ക്വുര്‍ആന്‍ സകല ജനങ്ങള്‍ക്കും ഉപയോഗപ്പെടുന്നതിനു പകരം, ഏതോ ചില വ്യക്തികള്‍ക്ക് മാത്രം ഉപകാരപ്പെടുന്ന കടങ്കഥയായി അവശേഷിക്കുമായിരുന്നു. ഓരോ ഉദാഹരണവും എടുത്തു പറയുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന ചിന്താപാഠങ്ങളെപ്പറ്റി പ്രത്യേകം ചൂണ്ടിക്കാട്ടലും ക്വുര്‍ആന്റെ പതിവാണ്. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തതും, മുന്‍കാലത്തുള്ളവരുടെ അറിവ് എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമായ എത്രയോ വസ്തുക്കളും, വസ്തുതകളും നിലവിലുണ്ടെന്ന്- അല്ല, മനുഷ്യന്റെ ഊഹത്തിനും കഴിവിനും അപ്പുറത്തുള്ള എണ്ണമറ്റ യാഥാര്‍ത്ഥ്യങ്ങള്‍ ഇരിപ്പുണ്ടെന്ന്-ഇടക്കിടെ അത് ഉണര്‍ത്തുകയും ചെയ്യാറുണ്ട്. ‘നിങ്ങള്‍ക്കു അറിഞ്ഞുകൂടാത്തത് അവന് സൃഷ്ടിക്കും'(16:8). ‘അല്ലാഹുവിന് അറിയാം, നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ’ (2: 216,232). ‘നിശ്ചയമായും അതൊക്കെ അല്ലാഹുവിന് നിസ്സാരമാണ്’ എന്നിങ്ങനെ ‘എട്ടും പൊട്ടും തിരിയാത്ത’ പാമരനോടും, ഉപരിഗോളങ്ങളെക്കൂടി കീഴടക്കി ഭരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ശാസ്ത്ര നിപുണന്മാരോടും അത് താക്കീതു ചെയ്തു: ‘നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്പമല്ലാതെ നല്കപ്പെട്ടിട്ടില്ല’ (17:85) എന്ന്. വാസ്തവത്തില്‍ പ്രകൃതിരഹസ്യങ്ങള്‍ കണ്ടുപിടിക്കുന്തോറും മനുഷ്യന്റെ അജ്ഞതയുടെ വൃത്തം വിസ്തൃതമാകുകയാണ് ചെയ്യുന്നത്.
ചരിത്രസംഭവങ്ങള്‍
ചരിത്രസംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആദ്യംതൊട്ട് അവസാനംവരെ എല്ലാവശങ്ങളും നിരത്തിക്കാട്ടുന്ന സമ്പ്രദായമല്ല ക്വുര്‍ആന്‍ പൊതുവെ സ്വീകരിച്ചി ട്ടുള്ളത്. ഓരോ സംഭവത്തിലും പ്രത്യേകം മനസ്സിരുത്തേണ്ട പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയാണ് പതിവ്. സത്യവിശ്വാസികളും സജ്ജനങ്ങളുമായുള്ളവര്ക്ക് ലഭിച്ച നേട്ടങ്ങള്‍, സത്യമാര്‍ഗത്തില്‍ അവര്‍ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും, അല്ലാഹു അവര്‍ക്ക് നല്കിയ സഹായം മുതലായവയും, ദുര്‍മാര്‍ഗികള്‍ കൈക്കൊണ്ട അക്രമങ്ങളും താല്‍ക്കാലികമായി അവര്‍ക്ക് ലഭിച്ച സുഖസൗകര്യങ്ങളും ഒടുക്കം അവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും അവരുടെ പര്യവസാനവും -ഇങ്ങിനെ പലതും- മനസ്സിലാക്കുവാന്‍ ഉതകുന്ന ഉദാഹരണ സംഭവങ്ങളായിരിക്കും അത് ഉദ്ധരിക്കുക. അഥവാ ധാര്‍മിക ബോധവും മനഃസംസ്കാരവും ഉളവാക്കുന്ന കഥാപാഠങ്ങളായിരിക്കും. അല്ലാതെ, നേരം പോക്കിനോ, കലാപ്രദര്ശനത്തിനോ വേണ്ടിയുള്ള ഒരൊറ്റ ഉദാഹരണവും അതില്‍ കാണുകയില്ല.
പല ചരിത്ര കഥകളും വേദക്കാര്‍ വഴിയോ, മറ്റൊ അറബികള്‍ക്ക് കുറെയൊക്കെ കേട്ടുപരിചയമുള്ളവയായിരിക്കും. അങ്ങിനെയുള്ള കഥകളില്‍ കടന്നുകൂടിയിട്ടുള്ള അബദ്ധങ്ങളില്‍ നിന്നും, അനാവശ്യഭാഗങ്ങളില്‍ നിന്നും സംശുദ്ധമായിരിക്കും ക്വുര്‍ആന്റെ വിവരണം. ഓരോ കഥയും, ഓരോ സംഭവവും, അവസരോചിതം -ചുരുക്കിയും വിസ്തരിച്ചും, വ്യക്തമായും, സൂചനയായും- ആവര്‍ത്തിച്ചു പറയുവാന്‍ അത് മടിക്കാറില്ല. പക്ഷേ, ഓരോ ആവര്‍ത്തനത്തിലും പുതിയപുതിയ തത്വങ്ങളും, സാരങ്ങളും അടങ്ങിയിരിക്കുകയും ചെയ്യും. ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പറഞ്ഞു മതിയാക്കിയ കഥകളും ഇല്ലാതില്ല. ചിലപ്പോള്‍, കഥയുടെ നടുവില്‍ നിന്നോ, ഇടയില്‍ നിന്നോ ആരംഭിച്ചുകൊണ്ടായിരിക്കും മറ്റു ഭാഗങ്ങളിലേക്കു നീങ്ങുക. ചിലപ്പോള്‍ ഏതെങ്കിലും ഒരു വക്താവിന്റെ വാചകങ്ങള്‍ ഉദ്ധരിക്കുന്ന കൂട്ടത്തിലായിരിക്കും കഥയുടെ കുറേ ഭാഗങ്ങള്‍ അടങ്ങിയിരിക്കുക. സാധാരണ ചരിത്രകഥാവിവരണം പോലെ, ആദ്യാവസാനം വിസ്തരിച്ച ഒരു കഥയാണ് യൂസുഫ് നബി (അ)യുടെ കഥ. അതിലും വായനക്കാര്‍ക്ക് പാഠം നല്കുന്ന ഓരോ വശത്തിലേക്കും പ്രത്യേകം ശ്രദ്ധ തിരിച്ചിട്ടുണ്ട്.
ആദം നബി (അ)യെ സൃഷ്ടിച്ചത്, മലക്കുകള്‍ അദ്ദേഹത്തിനു സുജൂദ് ചെയ്തത്, ഇബ്ലീസ് അതിന് വിസമ്മതിച്ചത്, അവന് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് പാത്രമായത്, അവന് മനുഷ്യന്റെ ഒരു ശത്രുവായിത്തീര്‍ന്നത്, പ്രവാചകന്മാരായ നൂഹ്, ഹൂദ്, സ്വാലിഹ്, ഇബ്റാഹിം, ലൂത്വ്, ശുഐബ് (عليهم السلام) എന്നീ നബിമാരുടെയും അവരുടെ ജനതകളുടെയും കഥകള്‍; മൂസാ (അ), ഫിര്ഔന്, ഇസ്റാഈല്യര്‍ എന്നിവരുടെ കഥകള്‍, മൂസാ നബി (അ)യുടെ കൈക്ക് വെളിപ്പെട്ട ദൃഷ്ടാന്തങ്ങള്‍, ദാവൂദ് നബി (അ)യുടെയും, സുലൈമാന്‍ നബി (അ)യുടെയും കഥ, അവര്‍ക്ക് നല്കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങള്‍, അയ്യൂബ് നബി (അ)ക്കും, യൂനുസ് നബി (അ)ക്കും നേരിട്ട പരീക്ഷണങ്ങളും തുടര്‍ന്നു ലഭിച്ച ദൈവ കാരുണ്യങ്ങളും, സകരിയ്യാ നബി (അ)യുടെ പ്രാര്‍ത്ഥനാ ഫലം, ഈസാ നബി (അ)യുടെ ജനനസംഭവം, അദ്ദേഹത്തിന്റെ കൈക്കുണ്ടായ ദൃഷ്ടാന്തങ്ങള്‍ എന്നിവയെല്ലാം പലവട്ടം ആവര്ത്തിക്കപ്പെട്ടിട്ടുള്ളവയാണ്.
ഇബ്റാഹിം നബി (അ)യും, നംറൂദ് രാജാവും തമ്മിലുണ്ടായ വാദപ്രതിവാദം, ഇബ്റാഹിം നബി (അ)ക്കു പക്ഷികളെ ജീവിപ്പിച്ചുകൊടുത്തത്, ഇസ്മാഈല്‍ നബി (അ)യുടെ ബലിസംഭവം, യൂസുഫ് നബി (അ)യുടെ കഥ, മൂസാ നബി (അ)യുടെ ജനനകഥ, അദ്ദേഹം ക്വിബ്ത്വിയെ കൊന്നത്, മദ്യനിലേക്കു പോയത്, വിവാഹം കഴിച്ചത്, അല്ലാഹുവിന്റെ വചനം കേട്ടത്, ഇസ്റാഈല്യര്‍ പശുവിനെ അറുത്തത്, മൂസാ നബി (അ)യും ഖിള്വ്റും (അ) ഒരുമിച്ചു കൂടിയത്, ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥ, സബഇലെ രാജ്ഞിയുടെ (ബില്‍ക്വീസിന്റെ)യും സൂലൈമാന്‍ നബി (അ)യുടെയും കഥ, ഗുഹാവാസികളുടെ (‘അസ്വ്ഹാബുല്‍ കഹ്ഫി’ന്റെ) കഥ, ദുല്ക്വര്നൈനിയുടെ കഥ മുതലായ പലതും അധികം ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്തവയാകുന്നു.
തൗഹീദിനെ സംബന്ധിച്ച കാര്യങ്ങള്‍, സദാചാരോപദേശങ്ങള്‍, ദുരാചാരങ്ങളെ കുറിച്ചുള്ള താക്കീതുകള്‍, നബിമാരോട് സമുദായങ്ങള്‍ നടത്തിയ വാഗ്വാദങ്ങള്‍, അതിന്റെ മറുപടികള്‍, നബിമാര്‍ക്കും, സത്യവിശ്വാസികള്‍ക്കും രക്ഷയും സഹായവും ലഭിച്ചത്, അവര്‍ നന്ദികാണിച്ചത്, എതിരാളികള്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ എന്നിത്യാദി വശങ്ങള് അവയിലെല്ലാം പ്രത്യേകം എടുത്തു പറയപ്പെട്ടിരിക്കും.
മതനിയമങ്ങളും, അനുഷ്ഠാനമുറകളും
കാലദേശ വ്യത്യാസമില്ലാതെ, സകല ജനങ്ങള്‍ക്കും റസൂലായി നിശ്ചയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്വ്ത്വഫാ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന ലോകരക്ഷിതാവ് നല്കിയ നിയമസംഹിതയാണ് ഇസ്ലാം ശരീഅത്ത്. അതിന്റെ മൂലപ്രമാണമാണ് ക്വുര്‍ആന്‍. ആ നിയമ സംഹിത മനുഷ്യവര്‍ഗത്തിന്റെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതും, ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നതുമായിരിക്കണം. അതിന്റെ മൂലപ്രമാണം അതിനു തക്കവണ്ണം സാര്‍വ്വജനീനവും, സാര്‍വ്വത്രികവുമായിരിക്കുകയും വേണം. അങ്ങിനെത്തന്നെയാണുള്ളതും (الحمد لله). അല്ലാഹു പറയുന്നത് നോക്കുക: ‘എല്ലാ കാര്യങ്ങള്‍ക്കും വിവരണമായിക്കൊണ്ടും, മുസ്ലിംകള്ക്ക് മാര്‍ഗദര്‍ശനവും, കാരുണ്യവും, സന്തോഷവാര്‍ത്ത യുമായിക്കൊണ്ടും നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു’ (സൂ: നഹ്ല് 89). എന്നാല്‍, ലോകാവസാനം വരെയുള്ള മനുഷ്യരില്‍ നവംനവങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ കാര്യവും തൊട്ടെണ്ണി അവക്ക് പ്രത്യേകം പ്രത്യേകം വിധി നിര്‍ണയിക്കുക എന്നുള്ളത് -അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രയാസ കരമല്ലെങ്കിലും – മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റുവാങ്ങുക അസാധ്യമായിരിക്കുന്നതാണ്. അത് യുക്തിക്കും , മനുഷ്യ പ്രകൃതിക്കും അനുയോജ്യമായിരിക്കയുമില്ല. ആകയാല്‍, ഒരു സാര്‍വ്വലൗകിക മതഗ്രന്ഥവും, സാര്‍വ്വജനീനമായ നിയമസംഹിതയും -അഥവാ ഒരു ലോകഭരണഘടന- എന്ന നിലക്ക് ക്വുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള നയം സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:-
(1) വിവിധ തുറകളിലുള്ള പലകാര്യങ്ങളെ കുറിച്ചും അവയുടെ മതവിധി ഇന്നതാണെന്ന് അത് വ്യക്തമായി പ്രസ്താവിച്ചു. പലതിന്റെയും അനുഷ്ഠാനക്രമങ്ങള്‍ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു.
(2) വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ ഭാഗങ്ങളും- വചനം മൂലവും പ്രവൃത്തി മൂലവും- വിവരിച്ചു കൊടുക്കുവാന്‍ അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ചുമതലപ്പെടുത്തി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു ഇപ്രകാരം പറഞ്ഞു: ‘ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി നാം നിനക്ക് ഉല്‍ബോധനം -ക്വുര്‍ആന്‍- ഇറക്കിത്തന്നിരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും’ (നഹ്ല്:44). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി എന്ത്കാണിച്ചു തന്നുവോ, അതെല്ലാം സ്വീകരിക്കണമെന്നും, അവിടുന്നു എന്ത് നിരോധിച്ചുവോ അതെല്ലാം വര്‍ജ്ജിക്കണമെന്നും അവന് നമ്മോടും കല്പിച്ചു. ‘റസൂല്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ടുതന്നുവോ അത് നിങ്ങള്‍ എടുത്തുകൊള്ളുവിന്‍, അദ്ദേഹം നിങ്ങളോട് ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതില്‍ നിന്ന് നിങ്ങള്‍ വിരമിക്കുകയും ചെയ്യുവിന്‍’ (അല്ഹശ്ര്:7). അദ്ദേഹം പറഞ്ഞുതരുന്നതെല്ലാം അല്ലാഹുവിന്റെ സന്ദേശങ്ങളായിരിക്കുമെന്നും അവന് നമ്മെ അറിയിച്ചിരിക്കുന്നു. ‘അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല; അത് അദ്ദേഹത്തിന് നല്കപ്പെടുന്ന വഹ്യല്ലാതെ മറ്റൊന്നുമല്ല’ (നജ്മ്: 3,4) ചുമതലപ്പെടുത്തപ്പെട്ട കൃത്യം അവിടുന്ന് ശരിക്കും നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് ഇങ്ങിനെ പ്രഖ്യാപനവും ചെയ്തു:
فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتهَُا وَكُلُّ بِدْعَةٍ ضَلاَلَ ة – المسلم
(വര്‍ത്തമാനത്തില്‍ ഏറ്റവും ഗുണകരമായത് അല്ലാഹുവിന്റെ കിതാബും, ചര്യയില്‍ ഏറ്റവും ഗുണകരമായത് മുഹമ്മദിന്റെ ചര്യയുമാകുന്നു. കാര്യങ്ങളില്‍ ഏറ്റവും ദോഷകരമായത് പുതുതായി നിര്‍മിക്കപ്പെട്ടവയാകുന്നു. എല്ലാ നവീന നിര്‍മിതവും ദുര്‍മാര്‍ഗമാകുന്നു – മുസ്ലിം).
(3) ക്വുര്‍ആനില്‍ നിന്നോ, നബിചര്യയില്‍ നിന്നോ വ്യക്തമായി വിധി മനസ്സിലാക്കുവാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, അവ രണ്ടിലും അടങ്ങിയിരിക്കുന്ന അംഗീകൃത തത്വങ്ങളുടെയും, സദൃശ വിധികളുടെയും വെളിച്ചത്തില്‍ ഏതു പ്രശ്നത്തിനും പരിഹാരം കാണുവാനും, മതവിധി മനസ്സിലാക്കുവാനും മുസ്ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട- കഴിവുറ്റ- ആളുകള്‍ക്ക് അത് അനുമതിയും, പ്രോത്സാഹനവും നല്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘നിനക്ക് നാം അവതരിപ്പിച്ചു തന്നിട്ടുള്ള അനുഗൃഹീതമായ ഒരു ഗ്രന്ഥമാണിത്. അവര്‍ -ജനങ്ങള്‍- അതിന്റെ ആയത്തുകള്‍ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര് ചിന്തിക്കുവാനും വേണ്ടിയാണിത്’ (സ്വാദ് 29). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു:
إذا حكم الحاكم فاجتهد واصاب فله اجران واذا حكم فاجتهد واخطأ فله اجر واحد – رواه الجماعة
സാരം: ‘ഒരുവിധികര്‍ത്താവ് വിധി പറയുമ്പോള്‍ അയാള്‍ (സത്യം കണ്ടുപിടിക്കാനായി) പരിശ്രമം നടത്തുകയും, അങ്ങിനെ വാസ്തവം കണ്ടുപിടിക്കുകയും ചെയ്താല്‍ അയാള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. വിധി പറയുമ്പോള്‍ പരിശ്രമം നടത്തുകയും, അബദ്ധം പിണയുകയും ചെയ്താല്‍ ഒരു പ്രതിഫലവുമുണ്ട്’.
മുആദ് (റ) നെ യമനിലേക്ക് വിധികര്‍ത്താവായി അയച്ചപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ‘തീരുമാനം എടുക്കേണ്ടിവരുന്ന വല്ല പ്രശ്നവും തനിക്ക് നേരിട്ടാല്‍ താന്‍ എങ്ങിനെ തീരുമാനം കല്പിക്കും? അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ കിതാബനുസരിച്ച് തീരുമാനിക്കും. തിരുമേനി ചോദിച്ചു: ‘അല്ലാഹുവിന്റെ കിതാബില്‍ തീരുമാനം കണ്ടെത്തിയില്ലെങ്കിലോ?’. അദ്ദേഹം പറഞ്ഞു: ‘എന്നാല്‍, അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്’. തിരുമേനി: ‘റസൂലിന്റെ സുന്നത്തിലും കണ്ടെത്തിയില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘ഒട്ടും വീഴ്ചവരുത്താതെ, എന്റെ അഭിപ്രായത്തിലൂടെ തീരുമാനിക്കാന്‍ ഞാന്‍ പരിശ്രമിക്കും’. അപ്പോള്‍ (സന്തോഷപൂര്‍വ്വം) തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചില്‍ തട്ടികൊണ്ട് ഇങ്ങിനെ പറഞ്ഞു:
الْحَمْدُ لِلَّهِ الَّذِي وَفَّقَ رَسُولَ رَسُولِ اللَّهِ صلى الله عليه وسلم ، لِمَا يُرْضِي رَسُ ولَ اللَّهِ صلى الله عليه وسلم – ا بوداود والترمذى و ا لدارمى
(അല്ലാഹുവിന്റെ റസൂലിന്റെ ദൂതന് അല്ലാഹുവിന്റെ റസൂല്‍ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ ഉതവി നല്കിയവനായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും) ഈ വിഷയത്തില്‍ -ക്വുര്‍ആനിലും, ഹദീഥിലും വ്യക്തമായി കാണാത്ത മതവിധികളെ അവയുടെ അടിസ്ഥാനത്തില്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതിനെ- പുരസ്കരിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രം തന്നെ ഇസ്ലാമിലുണ്ട്. أصول الفقه (കര്‍മ ശാസ്ത്ര നിദാനം) എന്ന പേരില്‍ അത് പ്രസിദ്ധമാണ്. ഇങ്ങിനെ, ലോകാവസാനംവരെ മനുഷ്യരില്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം നല്കുന്ന സാര്‍വ്വജനീനമായ ഒരു മഹല്‍ ഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍. مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ (വേദ ഗ്രന്ഥത്തില്‍ നാം ഒന്നും വീഴ്ചവരുത്തിയിട്ടില്ല).
മേല്പറഞ്ഞ മൂന്ന് മാര്‍ഗങ്ങളില്‍ അവസാനത്തെ രണ്ട് മാര്‍ഗങ്ങളെകുറിച്ചും ഇവിടെ പ്രതിപാദിക്കേണ്ടതില്ല. അതിന്റെ സ്ഥാനം ഇതല്ല താനും. ഒന്നാമത്തേതിനെ കുറിച്ചാണ് ഇവിടെ അല്പം സ്പര്‍ശിക്കേണ്ടിയിരിക്കുന്നത്. വിവിധതുറകളിലുള്ള പല മതവിധികളും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞുവല്ലോ. ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യത്തെ മുന്‍നിറുത്തിയായിരിക്കും ചില വിഷയങ്ങളെ അത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുക. ക്വുര്‍ആന്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നത് അന്നത്തെ അറബികളെയാണല്ലോ. അവര്‍ മുഖാന്തിരമാണ് മറ്റുള്ളവര്‍ക്കും, ഭാവിതലമുറകള്‍ക്കും അത് എത്തിച്ചേര്‍ന്നിരിക്കുന്നത്. ആ സ്ഥിതിക്ക് അന്ന് അവരുടെ ചുറ്റുപാടുകളും, പരിതഃസ്ഥിതികളും കണക്കിലെടുത്തുകൊണ്ടായിരിക്കണം വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതെന്ന് പറയേണ്ടതില്ല. മുമ്പ് ആര്‍ക്കും തീരെ പരിചയമില്ലാത്ത കുറെ പുതിയ നിയമങ്ങളും, പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട് ഇതങ്ങ് നടപ്പിലാക്കിക്കൊള്ളുക, ഇതഃപര്യന്തമുള്ള എല്ലാ നടപടിക്രമങ്ങളും വിട്ടേച്ചു കളയുക എന്നല്ല ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. വേദക്കാരടക്കമുള്ള അന്നത്തെ ജനതാമദ്ധ്യെ നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലും മതപരമായ ആചാരാനുഷ്ഠാനങ്ങളിലും നല്ലത് നിലനിര്‍ത്തുക, പരിഷ്കരിക്കേണ്ടത് പരിഷ്കരിക്കുക, നീക്കം ചെയ്യേണ്ടത് നീക്കം ചെയ്യുക, അലങ്കോലപ്പെട്ടത് നന്നാക്കിത്തീര്‍ക്കുക ഇതാണ് ക്വുര്‍ആന്‍ ചെയ്തത്. ആരാധനകള്‍, ഇടപാടുകള്‍, വൈവാഹിക കാര്യങ്ങള്‍, കുടുംബപരവും സാമൂഹികവുമായ കാര്യങ്ങള്‍, ബലികര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍ എന്നിവയിലെല്ലാം തന്നെ- പല പോരായ്മയും, കൊള്ളരുതായ്മയും ഉണ്ടായിരുന്നാലും ശരി- ചില പ്രത്യേക സമ്പ്രദായങ്ങളും, രീതികളും അവര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഉദാഹരണമായി , ഹജ്ജ് കര്‍മത്തിലും, ഉംറാകര്‍മത്തിലും ആചരിക്കേണ്ടുന്ന പ്രധാന ചടങ്ങുകളില്‍ പെട്ടതാണ് ‘സ്വഫാ-മര്‍വഃ’യുടെ ഇടയിലുള്ള നടത്തം. ഇതിനെകുറിച്ച് ക്വുര്‍ആനില്‍ ‘അതിന് തെറ്റില്ല’ (2:158) എന്നാണ് പറഞ്ഞിട്ടുള്ളത്. അത് നിര്‍ബ്ബന്ധമുണ്ടോ, അല്ലെങ്കില്‍ വേണ്ടപ്പെട്ടതാണോ എന്നൊന്നും പറഞ്ഞിട്ടില്ല. ജാഹിലിയ്യാകാലത്ത് സ്വഫായിലും, മര്‍വാഃയിലും ചില വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നത് കാരണമായി ഈ നടത്തം തെറ്റായ ഒന്നാണെന്ന ധാരണ മുസ്ലിംകള്ക്കിടയില് ഉണ്ടായിത്തീര്‍ന്നതായിരുന്നു അങ്ങിനെ പറയുവാന്‍ കാരണം. ഈ വസ്തുത ആഇശഃ (റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുവാന്‍ സൗകര്യമില്ല. ചില സൂചനകള്‍ നല്‍കുകമാത്രമാണ് ഉദ്ദേശ്യം. ഇങ്ങിനെയുള്ള വസ്തുതകള്‍ ഗൗനിക്കാതെ, ക്വുര്‍ആന്റെ വാക്കുകളും, വാച്യാര്‍ത്ഥങ്ങളും മാത്രം നോക്കി എല്ലാ മതവിധികളും കണക്കാക്കുവാന്‍ മുതിരുന്നപക്ഷം പലപ്പോഴും സത്യത്തില്‍ നിന്ന് പിഴച്ചുപോയേക്കും. ഉമര്‍ (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെടുന്ന ഒരു വാക്യം ഇവിടെ ശ്രദ്ധേയമാകുന്നു: من لم يعرف الجاھلية لم يعرف الا سلام (ജാഹിലിയ്യത്തിനെ – അജ്ഞാനകാലത്തെ – ക്കുറിച്ച് അറിയാത്തവന് ഇസ്ലാം അറിയുകയില്ല). വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വാക്യമാണിത്.
നമസ്കാരത്തിന്റെയും, സകാത്തിന്റെയും അനുഷ്ഠാനരൂപത്തെപ്പറ്റി അധികമൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇസ്ലാമില്‍ അവയ്ക്കുള്ള പ്രധാന്യത്തെയും. അവയുടെ ഗുണഗണങ്ങളെയും സംബന്ധിച്ചും, അവ ഉപേക്ഷിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ചും ക്വുര്‍ആന്‍ ധാരാളം പ്രസ്താവിച്ചുകാണാം. നമസ്കാരം ഭയഭക്തിയോടും, ഹൃദയസാന്നിദ്ധ്യത്തോടും കൂടിയായിരിക്കണമെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. നമസ്കാരത്തെക്കുറിച്ച് പറയുമ്പോള്‍ ഇക്വാമത്ത് (നിലനിറുത്തുക) എന്ന വാക്കാണ് അത് ഉപയോഗിക്കാറുള്ളത്. പള്ളിയില്‍ വെച്ച് ബാങ്കുവിളിയോടുകൂടി ‘ജമാഅത്തായി’ (സംഘമായി) ശരിയായ രൂപത്തില്‍ നടത്തപ്പെടുക എന്നാണ് ആ വാക്കിന്റെ പൂര്‍ണമായ താല്പര്യം എന്നത്രെ നബിചര്യയില്‍ നിന്ന് മനസ്സിലാകുന്നത്. അതുപോലെത്തന്നെ, സമുദായത്തിന്റെ പൊതുനന്മക്ക് ഉപയോഗപ്പെടുമാറ് വ്യവസ്ഥാപിതമായ രീതിയില്‍ ശേഖരിച്ച് വിതരണം ചെയ്യേണ്ടുന്ന നിര്‍ബന്ധ ധര്‍മമാണ് സകാത്ത് എന്നും നബിചര്യയില്‍ നിന്ന് വ്യക്തമാകുന്നു. നമസ്കാരത്തെയും, സകാത്തിനെയും കുറിച്ച് ക്വുര്‍ആന്‍ ഇടക്കിടെ ഉണര്‍ത്തിക്കാണാറുള്ളതാകുന്നു. നോമ്പിനെപ്പറ്റി അല്‍ബക്വറഃയിലും, ഹജ്ജിനെപ്പറ്റി അല്‍ബക്വറഃയിലും ഹജ്ജിലും, യുദ്ധകാര്യങ്ങളെകുറിച്ച് അല്‍ബക്വറഃയിലും അന്‍ഫാലിലും മറ്റുപലേടത്തും, ശിക്ഷാ നിയമങ്ങളെക്കുറിച്ച് മാഇദഃയിലും, അന്നൂറിലും, അനന്തരാവകാശത്തെക്കുറിച്ച് നിസാഇലും, വൈവാഹിക കാര്യങ്ങളെപ്പറ്റി അല്‍ബക്വറഃ, നിസാഉ്, ത്വലാക്വ് മുതലായവയിലും വിവരിച്ചിരിക്കുന്നു. വുദ്വൂ, കുളി, തയമ്മും (വുദ്വൂഇനു പകരം മണ്ണുതടവല്‍) മുതലായ ശുദ്ധികര്‍മങ്ങളെ സംബന്ധിച്ചു നിസാഇലും, മാഇദഃയിലും പ്രസ്താവിച്ചിട്ടുണ്ട്. മുതലിടപാടുകളെപ്പറ്റി അല്‍ബക്വറഃയില്‍ പലതും കാണാം. കൂടാതെ, അയല്പക്കക്കാര്, മാതാപിതാക്കള്‍, കുടുംബങ്ങള്‍, അനാഥകള്‍, സ്വസമുദായം, ശത്രുപക്ഷക്കാര്‍, ഇതര സമുദായങ്ങള്‍, നേതാക്കള്‍, അബലന്മാര്, സ്ത്രീകള്‍ ആദിയായവരോട് പെരുമാറേണ്ടുന്ന മര്യാദകളും, നീതി, സത്യം, സമത്വം, വിട്ടുവീഴ്ച തുടങ്ങിയ ഉല്‍കൃഷ്ട ഗുണങ്ങളുമെല്ലാം ഇടക്കിടെ വിവരിച്ചുകാണാം. സജ്ജനങ്ങളുടെ സ്വഭാവഗുണങ്ങളും, ദുര്‍ജ്ജനങ്ങളുടെ ലക്ഷണങ്ങളും അടിക്കടി ഉണര്‍ത്താറുള്ള വിഷയങ്ങളാകുന്നു.
മരണാനന്തര കാര്യങ്ങള്‍
മരണം, മരണവേളയില്‍ മനുഷ്യന്റെ സ്ഥിതിഗതികളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നത്, അനന്തരം അനുഭവപ്പെടുന്ന സുഖ ദുഃഖ വാര്‍ത്തകള്‍, ലോകാവസാന സമയം, അതിന്റെ പ്രത്യാഘാതങ്ങള്‍, സംഭവവികാസങ്ങള്‍ മുതലായവ പലപ്പോഴും ക്വുര്‍ആനിന്റെ പ്രതിപാദന വിഷയങ്ങളാകുന്നു. ലോകാവസാനസമയത്തെപ്പറ്റി ആര്‍ക്കും അറിയാത്തവണ്ണം വളരെ പെട്ടെന്നൊരിക്കലാണ് അത് സംഭവിക്കുകയെന്ന് ക്വുര്‍ആന്‍ ഖണ്ഡിതമായി ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, അതിന്റെ മുന്നോടിയായി ഉണ്ടാവുന്ന ചില കാര്യങ്ങളെയും അത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈസാ നബി (അ)യുടെ വരവിനെ പറ്റി നിസാഇലും, ‘യഅ്ജൂജ്-മഅ്ജൂജി’നെപ്പറ്റി അല്‍കഹ്ഫിലും, അന്ബിയാഇലും, ഭൂമിയില്‍ നിന്ന് ഒരു മൃഗം -അല്ലെങ്കില്‍ ജന്തു (دابة من الارض)- പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് നംലിലും കാണാം. (ചില തല്പരകക്ഷികള് ഇതൊക്കെ ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. അതിനെപ്പറ്റി അതാതു സ്ഥാനങ്ങളില്‍ നാം സംസാരിക്കുന്നതാണ്. (إِن شَاءَ اللَّهُ) എല്ലാവരും നശിച്ചുപോകുവാന്‍ വേണ്ടിയും, പിന്നീട് പുനര്‍ജ്ജീവിക്കാന്‍ വേണ്ടിയുമുള്ള രണ്ടു കാഹളം ഊത്തിനെയും, അന്ന് ഭൂമിയില്‍ ഉണ്ടാകുന്ന വമ്പിച്ച മാറ്റങ്ങളെയും സംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. വിചാരണക്കായി എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നത്, ഓരോരുത്തരുടെയും നന്മ തിന്മകള് രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ അവരവര്‍ക്ക് നല്‍കുന്നത്, അല്ലാഹു എല്ലാവരെയും വിചാരണ നടത്തുന്നത്, പല തരത്തിലുള്ള സാക്ഷികള്‍ തെളിവിന്നു കൊണ്ടുവരപ്പെടുന്നത്, തന്മതിന്മകള് തൂക്കിക്കണക്കാക്കപ്പെടുന്നത്, സത്യവിശ്വാസികളെ സ്വര്‍ഗത്തിലേക്ക് സാദരം കൊണ്ടുപോകുന്നത്, അവര്‍ക്ക് അവിടെ ലഭിക്കുന്ന അവര്‍ണനീയമായ സുഖസൗകര്യങ്ങള്‍, അവിശ്വാസികളെയും പാപികളെയും നരകത്തിലേക്ക് കൊണ്ടുപോകുന്നത്, അവര്‍ അനുഭവിക്കേണ്ടിവരുന്ന കഠിനകഠോരമായ ശിക്ഷകള്‍, സ്വര്‍ഗക്കാരും, നരകക്കാരും തമ്മില്‍ നടക്കുന്ന ചില സംഭാഷണങ്ങള്‍ എന്നിങ്ങനെ പലതും- ചിലേടത്ത് സംക്ഷിപ്തമായും, മറ്റു ചില സ്ഥലത്ത് സവിസ്തരമായും- ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.