സൂറത്തു യാസീന്‍ : വ്യാഖ്യാനക്കുറിപ്പ്
ഖബറിലെ സ്ഥിതിഗതികള്‍
(ٲحوال القبر)
മനുഷ്യന് ഖബറില്‍വെച്ച് – അതായതു മരണപ്പെട്ടതിനു ശേഷം പുനരുദ്ധാരത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ – സുഖദുഃഖങ്ങളൊന്നും കൂടാതെ കേവലം തനി നിദ്രയിലയിരിക്കുകയല്ല ചെയ്യുന്നതെന്നും, നേരെമറിച്ച് നല്ലവനാണെങ്കില്‍ അവനു സുഖസന്തോഷങ്ങളുടെയും, ചീത്തപ്പെട്ടവനാണെങ്കില്‍ അവനു ഭയദുഃഖങ്ങളുടെയും അനുഭവങ്ങള്‍ പലതും അനുഭവപ്പെട്ടുകൊണ്ടിരിക്കുമെന്നും ചില ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടും, അനേകം ഹദീസുകള്‍കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ്. മുസ്ലിംകള് പൊതുവില്‍ അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു. ഭൌതികകാഴ്ചപ്പാടിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളെല്ലാം തങ്ങളുടെ യുക്തിവാദങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുകയും, പ്രസ്തുത വ്യാഖ്യാനത്തിനു നിരക്കാത്ത നിരക്കാത്ത ഹദീസുകളെല്ലാം പുറംതള്ളുകയും പതിവുള്ളവര്‍ക്കു മാത്രമേ – മുസ്ലിംകളുടെ കൂട്ടത്തില്‍ – ഇതില്‍ ഭിന്നാഭിപ്രായമുള്ളൂ. ഈ വിഷയകമായി ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതിന്റെ ചുരുക്കം എന്താണെന്നും, അതില്‍ ബുദ്ധിക്കോ, ഖുര്‍ആന്റെ മറ്റേതെങ്കിലും പ്രസ്താവനകള്‍ക്കോ വിരുദ്ധമായി വല്ലതും ഉണ്ടോ എന്നും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം والله الموفق .
കുറ്റവാളികളായ ആളുകള്‍ മരണവേളയില്‍, തങ്ങളുടെ ഐഹികജീവിതത്തിലേക്കു ഒന്നുകൂടി മടക്കിത്തരേണമെന്നു അപേക്ഷിക്കുമെന്നും, ആ അപേക്ഷ ഗൗനിക്കപ്പെടുകയില്ലെന്നും പ്രസ്താവിച്ചുകൊണ്ട് സൂറ: മുഅ്മിനൂന് 100-ാം വചനത്തില്‍ അല്ലാഹു പറയുന്നു: وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ (അവരുടെ അപ്പുറം അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു ‘ബര്സഖു’ണ്ട്) തുടര്‍ന്നുകൊണ്ട് ഖിയാമത്തുനാളില്‍ അവരുടെനില എന്തായിരിക്കുമെന്നും പ്രസ്താവിക്കുന്നു. ‘ബര്‍സഖ് ‘ (بَرْزَخٌ) എന്ന വാക്കിന് ‘രണ്ടു വസ്തുക്കള്‍ക്കിടയിലുണ്ടാകുന്ന മറ – അല്ലെങ്കില്‍ – തടസ്സം’ (الحاجز بين الشيئين) എന്നത്രെ ഭാഷാര്‍ത്ഥം. ഈ അര്‍ത്ഥം പരിഗണിച്ചുകൊണ്ടാണ് ‘യവനിക, കടലിടുക്ക്’ മുതലായവക്കു് ആ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് സൂ: ഫുര്ഖാനില് وَجَعَلَ بَيْنَهُمَا بَرْزَخًا(രണ്ടു സമുദ്രത്തിനുമിടയില്‍ അവന് ഒരു മറ ഏര്‍പ്പെടുത്തിയിരിക്കുന്നു) എന്നും സൂ: റഹ്മാനില്‍ بَيْنَهُمَا بَرْزَخًا (രണ്ടിനുമിടയില്‍ ഒരു മറയുണ്ട്) എന്നും പറഞ്ഞത്.
മരണത്തിനും ഖിയാമത്തുനാളിനും ഇടയ്ക്കുള്ള കാലത്തെ- അഥവാ മരണത്തോടുകൂടി അവസാനിക്കുന്ന ഐഹികജീവിതത്തിനും പുനരുത്ഥാനത്തോടുകൂടി ആരംഭിക്കുന്ന പാരത്രിക ജീവിതത്തിനും മദ്ധ്യെയുള്ള കാലഘട്ടത്തെ – ഉദ്ദേശിച്ചാണ് മേലുദ്ധരിച്ച ആയത്തില്‍ ആ വാക്കു ഉപയോഗിച്ചിരിക്കുന്നതെന്നു സ്പഷ്ടമാകുന്നു. ഈ വാക്കിനു പല മഹാന്മാരും നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങള്‍ ഇമാം ഇബ്നു ജരീര്‍, ഇബ്നു കഥീര്‍ (رحمهما الله) മുതലായവര്‍ അവരുടെ തഫ്സീറുകളില്‍ ഉദ്ധരിച്ചു കാണാം. വാക്കുകളില്‍ വ്യത്യാസം കാണുമെങ്കിലും ഉദ്ദേശ്യത്തില്‍ പരസ്പരം യോജിക്കുന്ന ആ ഉദ്ധരണികളുടെ സാരം ഇതാണ്: ‘ദുന്യാ’വിന്റെയും ‘ആഖിറ’ത്തിന്റെയും ഇടയ്ക്കാലത്തെ മറയാണ് ‘ബര്‍സഖ്’. അതായതു, ദുന്‍യാവിലെപ്പോലെ ഭക്ഷണപാനീയങ്ങളും മറ്റും കൂടാതെയും, ആഖിറത്തിലെപ്പോലെ കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിച്ചു കഴിയാതെയും ഇരിക്കുന്ന അവസ്ഥ.’ (*)
(*) ഖബറുകളില്‍വെച്ച് അനുഭവപ്പെടുന്ന സുഖദുഃഖങ്ങള്‍ ഒരു തരത്തില്‍ കര്‍മ്മഫലം തന്നെയാണെങ്കിലും, കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ ഫലമല്ല അവ. ഇതിനെ പറ്റി താഴെ വിവരിക്കുന്നുണ്ട്.
തഫ്സീറു ഗ്രന്ഥങ്ങളില്‍ മാത്രമല്ല, പ്രധാന അറബിനിഘണ്ടുക്കളിലും ‘ബര്‍സഖി’നു ഈ അര്‍ത്ഥം കല്പ്പിച്ചു കാണാം. ‘ഖാമൂസി’ലെ വാചകം البرزخ : الحاجز بين الشيئين ، ومن وقت الموت إلى القيامة ، ومن مات دخله (‘ബര്‍സഖു്’ എന്നാല്‍, രണ്ടു വസ്തുക്കള്‍കിടയിലുള്ള മറയും, മരണസമയം മുതല്‍ ഖിയാമത്തുനാള്‍ വരെയുമാകുന്നു. ആര് മരണപ്പെട്ടുവോ അവന് അതില്‍ പ്രവേശിക്കുന്നു) എന്നാണ്. ‘ലിസാനുല്‍ അറബി’ (لسان العرب) ല്‍ ഇങ്ങിനെയാണ്: البَرْزَخُ: ما بين الدنيا والآخرة قبل الحشر من وقت الموت إِلى البعث، فمن مات فقد دخل البَرْزَخَ (**) (‘ബര്‍സഖ്’ എന്നാല്‍, ഇഹലോകത്തിനും പരലോകത്തിനുമിടക്കു – ‘ഹശ്റി’ ന്റെ മുമ്പ് (***) – മരണസമയം മുതല്‍ പുനരുത്ഥാനംവരെയുള്ള കാലമാകുന്നു. അപ്പോള്‍ ആര് മരിച്ചുവോ അവന് ബര്‍സഖില്‍ പ്രവേശിച്ചു). പരലോകത്തിനും ഇഹലോകത്തിനും ഇടയ്ക്ക് രണ്ടില്‍നിന്നും കേവലം വ്യത്യസ്തമായ ഒരു ലോകം സ്ഥിതി ചെയ്യുന്നുണ്ടെന്നു ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു. എനി, ഈ അദൃശ്യലോകത്തുവെച്ച് നടക്കുന്ന ചില സ്ഥിതികളെക്കുറിച്ച് മനസ്സിലാക്കാം:-
(**) كما في مجلة الحج الجزء ٢ – السنة ٢٣(٢٠شعبان ٨٨ هـ)
(***) വിചാരണക്കായി ഒരുമിച്ചുകൂട്ടുന്നതിനുമുമ്പ്.
ഫിര്‍ഔനെയും അവന്റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ചതിനെപ്പറ്റി പറഞ്ഞശേഷം, സൂറത്തുല്‍ മുഅ്മിന് (ഗാഫിര്) 46ല്‍ അല്ലാഹു പറയുന്നു:
النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا
(അവര്‍ രാവിലെയും വൈകുന്നേരവും നരകത്തിങ്കല്‍ പ്രദര്ശിക്കപ്പെടുന്നു.) ഈ പ്രദര്‍ശിപ്പിക്കല്‍ ഖിയാമത്തുനാളിലെ സംഭവമായിട്ടല്ല പറഞ്ഞിരിക്കുന്നത്. കാരണം, അതേ ആയത്തില്‍തന്നെ തുടര്‍ന്നുകൊണ്ടു ഇപ്രകാരം പറയുന്നു: ‘അന്ത്യനാള്‍ സംഭവിക്കുമ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാരെ അതി കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുവിന്‍ എന്നു കല്‍പനയുണ്ടാകും.’ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ)) അപ്പോള്‍, സമുദ്രത്തില്‍ മുങ്ങിനശിച്ചതിനുശേഷം ഖിയാമത്തുനാളിനുമുമ്പായി ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്കു ചില പ്രത്യേക ശിക്ഷാനുഭവങ്ങള്‍ ഉണ്ടെന്നും, അതു അവരുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലമാകുന്ന നരകശിക്ഷയല്ലെന്നും ഇതില്‍നിന്നു വ്യക്തമാണ്. ഈ വാസ്തവം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതു കാണുക:
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഇബ്നു ഉമര്‍ (رضي الله عنهما) ഉദ്ധരിക്കുന്നു: ‘നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം – വാസസ്ഥലം – അവനു പ്രദര്‍ശിപ്പിക്കപ്പെടും. അവന് സ്വര്‍ഗ്ഗക്കാരനാണെങ്കില്‍ സ്വര്‍ഗ്ഗക്കാരില്‍നിന്നും, അവന് നരകക്കാരനാണെങ്കില്‍ നരകക്കാരില്‍നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. ‘ ഖിയാമത്തുനാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ് എന്നു അവനോടു പറയപ്പെടുകയും ചെയ്യും.’ (ബു :മു.)
ഖബ്റുകളില്‍വെച്ച് അനുഭവപ്പെടുന്ന പല സ്ഥിതിഗതികളെക്കുറിച്ചും പ്രസ്താവിച്ചിട്ടുള്ള ധാരാളം ഹദീസുകള്‍ ഉദ്ധരിക്കുവാനുണ്ട്, ഉദാഹരണത്തിനുമാത്രം ചിലതു ഇവിടെ ഉദ്ധരിക്കാം:
1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അനസ് (رضي الله عنه) ഉദ്ധരിക്കുന്നു: ‘മനുഷ്യന് ഖബറില്‍ വെക്കപ്പെടുകയും, അവന്റെ ആള്ക്കാര് തിരിഞ്ഞുപോകുകയും ചെയ്താല്‍ – അവരുടെ ചെരുപ്പിന്റെ ശബ്ദം അവന് കേള്‍ക്കുന്നുണ്ടായിരിക്കും (അതു അടുത്ത സമയം) – അവന്റെ അടുക്കല്‍ രണ്ടു മലക്കുകള്‍വരും. അവര്‍ അവനെ ഇരുത്തി അവനോടു ചോദിക്കും: ‘ഈ മനുഷ്യനെ – അതായതു, മുഹമ്മദിനെ – ക്കുറിച്ചു നീ എന്തു പറഞ്ഞിരുന്നു?’ അപ്പോള്‍ സത്യവിശ്വാസി പറയും: ‘അദ്ദേഹം അല്ലാഹുവിന്റെ അടിയാനും റസൂലുമാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’ അവനോടു പറയപ്പെടും: ‘നരകത്തില്‍നിന്നും നിനക്കുള്ള (നിനക്കു ഉണ്ടാകുമായിരുന്ന) ഇരിപ്പിടത്തിലേക്കു നോക്കു! ഇതാ, അല്ലാഹു നിനക്കു അതിനുപകരം സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഇരിപ്പിടം തന്നിരിക്കുന്നു.’ അങ്ങനെ, അവന് അതുരണ്ടും (സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും ഇരിപ്പിടങ്ങള്‍) കാണും. എന്നാല്‍, കപടവിശ്വാസിയും അവിശ്വാസിയുമാകട്ടെ, അവനോടും ചോദിക്കപ്പെടും: ‘നീ ഈ മനുഷ്യനെപ്പറ്റി എന്തു പറഞ്ഞിരുന്നു? അവന് പറയും: ‘എനിക്കറിഞ്ഞുകൂടാ! ആളുകള്‍ പറയുംപ്രകാരം ഞാനും പറഞ്ഞിരുന്നു.’ അവനോടു പറയപ്പെടും: ‘നീ അറിഞ്ഞതുമില്ല, പിന്‍പറ്റിയതുമില്ല.’ അവന് ഇരുമ്പിന്റെ ചുറ്റികകളാല്‍ അടിക്കപ്പെടും. അവന് വമ്പിച്ച അട്ടഹാസം അട്ടഹസിക്കും ഇരുസമുദായങ്ങള്‍ (മനുഷ്യരും ജിന്നുകളും) അല്ലാത്തവരെല്ലാം അതു കേള്‍ക്കുന്നതാണ്. (ബു; മു)
(2, 3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘നിങ്ങളൊരാള്‍ (നമസ്കാരത്തില്‍) അവസാനത്തെ ‘തശഹ്-ഹുദി’ല്‍ (അത്തഹിയ്യാത്തി’ല്‍)നിന്നു വിരമിച്ചാല്‍, അവന് നാലു കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോടു രക്ഷ തേടികൊള്ളട്ടെ: നരകശിക്ഷയില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും കുഴപ്പത്തില്‍നിന്നും, ദജ്ജാലിന്റെ കെടുതിയില്‍ നിന്നും.’ (മു.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കാരത്തില്‍ اللهم إنّي أعوذُ بِكَ مِن عذابِ القَبرِ الخ (അല്ലാഹുവേ, നിന്നോടു ഞാന്‍ ഖബറിലെ ശിക്ഷയില്‍നിന്നു രക്ഷ തേടുന്നു) എന്നു തുടങ്ങിയ പ്രാര്‍ത്ഥന ചെയ്യാറുണ്ടായിരുന്നതായി ആയിശ (رضي الله عنها) നിവേദനം ചെയ്യുന്നു. (ബു: മു.) ഇതനുസരിച്ചാണ് മുസ്ലിംകള് ഈ ദുആ അത്തഹിയ്യാത്തില് നിത്യവും ചൊല്ലിവരുന്നതും. (*) ഖബറുകളില്‍ വെച്ചു സജ്ജനങ്ങള്‍ക്ക് സുഖപ്രദമായ ചില അനുഭവങ്ങളും, ദുര്‍ജ്ജനങ്ങള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും ഉണ്ടാകുമെന്നു ഇപ്പോള്‍ ഖുര്‍ആന്‍കൊണ്ടും ഹദീസുകൊണ്ടും ശരിക്കും വ്യക്തമായല്ലോ. വിശദീകരണത്തിനു ഇവിടെ ഉദ്ദേശിക്കുന്നില്ല.
(*) എന്നാല്‍, ഖബറിലെ ശിക്ഷയെ നിഷേധിക്കുന്നവരില്‍ ചിലര്‍പോലും – അറിഞ്ഞോ അറിയാതെയോ – നമസ്കാരത്തില്‍ ഈ ദുആ ചെയ്യുന്നതും, ചിലര്‍ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന കൂട്ടത്തില്‍ ഈ ദുആയും ഉള്‍പ്പെടുത്തുന്നതും കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു.
ഓരോരുവനും ചെയ്ത കര്‍മ്മങ്ങളുടെ പ്രതിഫലം അനുഭവിക്കുന്നതു അവരവരുടെ വിചാരണ കഴിഞ്ഞശേഷം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നതുമുതല്‍ക്കാണല്ലോ. എന്നിരിക്കെ, ഖബറുകളില്‍വെച്ചു ശിക്ഷ അനുഭവിക്കുന്നതിന്റെ ന്യായം എന്താണ്? എന്നിങ്ങനെ വല്ലവരും സംശയിച്ചേക്കാം. വാസ്തവത്തില്‍ പരലോകത്തു വെച്ചു നല്കപ്പെടുന്ന രക്ഷാശിക്ഷകള്‍തന്നെയാണ് കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലങ്ങള്‍. അതിനുമുമ്പുണ്ടാകുന്ന സുഖദുഃഖങ്ങളെല്ലാം ഓരോരുത്തന്റെയും കര്‍മ്മങ്ങള്‍ക്കനുസരിച്ചു അവരവരില്‍ പ്രത്യക്ഷപ്പെടുന്ന ചില അനന്തര ഫലങ്ങള്‍ മാത്രമാകുന്നു. ഒരു ഉദാഹരണം മൂലം ഇതു മനസ്സിലാക്കാം. ഒരു കൊലക്കേസ്സില്‍ പിടിക്കപ്പെട്ട പ്രതി കുറ്റക്കാരനാണന്നു കോടതി വിധിച്ചശേഷമേ അവനു കൊലക്കുറ്റത്തിനു നിയമപ്രകാരമുള്ള യഥാര്‍ത്ഥ പ്രതിഫലം – അഥവാ ശിക്ഷ – നല്‍കപ്പെടാറുള്ളു. എങ്കിലും, പ്രഥമ വീക്ഷണത്തില്‍ അവന്റെമേല്‍ കൊലക്കുറ്റം ചുമത്തപ്പെട്ടതു മുതല്‍ – അവന് കുറ്റക്കാരനാണെന്നോ അല്ലെന്നോ കോടതി തീരുമാനിക്കുന്നതുവരെയുള്ള ഇടക്കാലത്തു – അവന് ഒരു കൊലയാളിയെപ്പോലെ ഗണിക്കപ്പെടുകയും, കുറ്റക്കാരനാണെന്ന നിലക്കു അവനോടു പെരുമാറപ്പെടുകയും ചെയ്യുമല്ലോ: പ്രത്യക്ഷത്തില്‍ അവനൊരു കൊലയാളിയാണെന്നതാണ് ഇതിനു കാരണം. എന്നാല്‍, ഇവിടെ ഒരു വ്യത്യാസമുണ്ട്. ഈ കൊലക്കുറ്റം ചുമത്തപ്പെട്ട ആള് ഒരുപക്ഷേ നിരപരാധിയാണെന്നായിരിക്കും കോടതിയുടെ വിധി. അതോടു കൂടി അവന് വിട്ടയക്കപ്പെടുകയും ചെയ്യും.
മരണപ്പെട്ടവരുടെ കാര്യം അങ്ങിനെയല്ല. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്കു മാത്രമേ ശിക്ഷാപരമായ അനുഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇങ്ങിനെയുള്ളവരെക്കുറിച്ച് അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ നിരപരാധികളായി തെളിയിക്കപ്പെടുമെന്നോ വിധിയുണ്ടാകുമെന്നോ പ്രതീക്ഷിക്കുവാനുമില്ല. അവിടെ എല്ലാ കാര്യവും യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടക്കുക. ഖബറുകളില്‍വെച്ചു മാത്രമല്ല അതിനുമുമ്പുതന്നെ – മരണപ്പെടുന്ന അവസരത്തിലും, പിന്നീടു ഖബറുകളില്‍നിന്നു എഴുന്നേറ്റു മഹ്ശറിലേക്കു വരുമ്പോഴും, വിചാരണവേളയിലും, വിചാരണ കഴിഞ്ഞു നരകത്തിലേക്കു കൊണ്ടുപോകുമ്പോഴും – എല്ലാംതന്നെ വിവിധ തരത്തിലുള്ള കഷ്ടപ്പാടുകള്‍ കുറ്റവാളികള്‍ അനുഭവിക്കുന്നതാണെന്നും, നേരെമറിച്ച് സജ്ജനങ്ങള്‍ക്ക് എല്ലായിടത്തും സന്തോഷത്തിന്റെ അനുഭവങ്ങളുണ്ടായിരിക്കുമെന്നും ഖുര്‍ആന്റെ പല പ്രസ്താവനകളിലും കാണാവുന്നതാണ്. (8:50; 32:12; 55:41; 20:102; 37:24; 41:31; 27:89; മുതലായവ) എന്നിരിക്കെ ഖബറിലെ അനുഭവത്തെ സംബന്ധിച്ചു മാത്രം ഈ സംശയത്തിനു അവകാശമില്ല.
ഖബറിലെ ശിക്ഷാനുഭവങ്ങളെ നിഷേധിക്കുന്നവര്‍ക്ക് അതിനുള്ള പ്രധാന ന്യായം ഇതാണ്: ഖബറുകള്‍ തുറന്നുനോക്കിയാല്‍ അവിടെ ശിക്ഷകളോ മറ്റുവല്ലതുമോ നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.ജഡമാണെങ്കില്‍ നശിച്ചു പോകുന്നു. ആത്മാവും എങ്ങോ പോയിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് ശിക്ഷയും മറ്റും അനുഭവിക്കുവാന്‍ അവിടെ ആരാണുള്ളത്?! ഈ ന്യായം കേള്‍ക്കുമ്പോള്‍ ചില സാധാരണക്കാരും സംശയത്തിനു വിധേയരാകും. ബാഹ്യലോകവും യാഥാര്‍ത്ഥ്യലോകവും തമ്മിലും, ഭൗതികലോകവും ആത്മീയലോകവും തമ്മിലും ഉള്ള വ്യത്യാസത്തെപ്പറ്റി അല്പമെങ്കിലും ആലോചിക്കുന്ന പക്ഷം, യാതൊരു സംശയത്തിനും അവകാശമില്ല. മരണവേളയില്‍ കുറ്റവാളികളുടെ അടുക്കല്‍ മലക്കുകള്‍ വന്ന് നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍ എന്ന് പറയുമെന്നും, അവരുടെ മുഖത്തും, പിന്‍പുറത്തും അടിക്കുമെന്നും മറ്റും അല്ലാഹു പറയുന്നു. (6:93; 8:50 മുതലായവ നോക്കുക.) കുറ്റവാളികള്‍ തങ്ങളെ ഒന്നുകൂടി ഐഹികജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാന്‍ മരണവേളയില്‍ അപേക്ഷിക്കുമെന്നും പറയുന്നു. (23:99 ഉം മറ്റും കാണുക.) മരണം നമ്മുടെ മുമ്പില്‍വെച്ചുതന്നെ സംഭവിക്കുകയും, കുറേക്കാലം ആ ജഡം നാം കണ്ണ് തെറ്റാതെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്താലും ഇതെല്ലാം നമുക്കു കാണുവാന്‍ കഴിയുമോ? ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കു ഇക്കാരണത്താല്‍ ഈ പറഞ്ഞതെല്ലാം ശരിയല്ലെന്നു പറയാമോ?! ഇതെല്ലാം കേവലം ഉപമകളും അലങ്കാരപ്രയോഗങ്ങളുമാക്കിക്കൊണ്ട് ദുര്‍വ്യാഖ്യാനം ചെയ്വാന് ആരെങ്കിലും മുതിരുന്നപക്ഷം അയാള്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നില്ലെന്നേ പറയുവാനുള്ളു. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെക്കുറിച്ച് ഇവിടെ നാം സംസാരിക്കുന്നുമില്ല.
ഖബറിലെ അനുഭവങ്ങളെക്കുറിച്ചുമാത്രമല്ല,നമ്മുടെ അനുമാനങ്ങൾക്കും ഈ ഐഹിക ലോകത്തെ സാധാരണ നടപടിക്രമങ്ങൾക്കും എതിരായി ഖുർആനിലും ഹദീസിലും വന്നിട്ടുള്ള പല കാര്യങ്ങളെക്കുറിചും വളരെ ഗഹനങ്ങളായ ചർച്ചകൾ നടത്തുകയും വിവരിക്കുകയും ചെയ്തിട്ടുള്ള രണ്ടു പണ്ഡിതവര്യന്മാരാണു ഇമാം ഗസ്സാലി (റ) യും, അല്ലാമ ശാഹ് വലിയ്യുള്ളാഹ് ദഹ്ലവിയും (റ) ഈ രണ്ട് മഹാന്മാരും കേവലം മത പണ്ഡിതന്മാർ മാത്രമല്ല, ദാർശനിക പ്രമുഖന്മാർ കൂടിയാണു. ഇവരുടെ ചില പ്രസ്താവനകൾ ഇവിടെ ഉദ്ധരിക്കുന്നതു-ഖബറിലെ അനുഭവങ്ങളെക്കുറിച്ചു മാത്രമല്ല- അതുപോലെനമുക്കു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ പ്രയാസമുള്ള മറ്റു പലതിനെക്കുറിച്ചും മനസ്സിലാക്കുവാൻ വളരെ പ്രയോജനകരമായിരിക്കും. “ഇസ്ലാം ശരീഅത്തിന്റെ യുക്തിരഹസ്യങ്ങൾ” (اسرار الشريعة) എന്ന വിഷയത്തില്‍ രചിക്കപ്പെട്ട ഒരു നിസ്തുല മഹൽ ഗ്രന്ഥമത്രെ ശാഹ് വലിയുല്ലാഹിയുടെ ‘ഹുജ്ജത്തുല്ലാഹിൽ ബാലിഗ’ (حجة الله البالغة) ഈ ഭൗതിക ലോക പ്രകൃതിക്കും, അതിലെനടപടിക്രമങ്ങൾക്കും നിരക്കാത്ത പല യാഥാർഥ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അഭൗതിക ലോകത്തെക്കുറിച്ചു ഖുർആനിലും, ഹദീസിലും വന്നിട്ടുള്ള പല തെളിവുകളും, ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കുന്ന മധ്യേ അതിൽ അദ്ധേഹം ചെയ്തിട്ടുള്ള സ്വല്പം ദീർഘമായ ഒരു പ്രസ്താവനയുടെ ചുരുക്കം താഴെ ചേർക്കാം. ഈ വിശയത്തിൽ ഇമാം ഗസ്സാലി (റ) യുടെ വാചകങ്ങളും അതിലദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് മഹാന്മാരുടെയും അഭിപ്രായം നമുക്കു ഒന്നിച്ചു കാണുവാൻ സാധിക്കും.
മര്‍യം (അ) ന്റെ അടുക്കൽ മനുഷ്യരൂപത്തിൽ മലക്ക് ചെന്നത്, ഖബറിൽ വെച്ച് മലക്കുകള്‍ ചോദ്യം ചെയ്യുന്നതു, മരണപ്പെട്ടവർ അട്ടഹസിക്കുന്നത്, അവനെ പാമ്പ് കൊത്തുന്നത്, നബി(സ)യുടെ അടുക്കൽ മലക്ക് വന്ന് പോകുമ്പോൾ സഹാബികൾക്കത് കാണാൻ കഴിയാത്തത്, നബി(സ)‘ഇസ്റാഉ്’ എന്ന രാവ് യാത്രയിലെ ചില സഭവങ്ങൾ, നമസ്കരം,മുതലായ കർമങ്ങൾ അല്ലാഹുവിന്റെ മുമ്പില്‍ ചെല്ലുന്നത് എന്നിങ്ങിനെ ഖുർആനിലും ഹദീസിലും കാണപ്പെടുന്ന പലതിനേയും ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ധേഹം പറയുകയാണു:- ’ഇങ്ങിനെയുള്ള വിഷയങ്ങളിൽ ചിന്തിച്ചു നോക്കുന്നവർ മൂന്നിലൊരു തരക്കാരായിരിക്കും: 1) ഒന്നുകിൽ അവയുടെ ബാഹ്യമായ സ്വഭാവത്തിൽ തന്നെ നേർക്കു നേരെ സമ്മതിക്കുക.അപ്പോൾ, നാം മേല്പറഞ്ഞ തരത്തിലുള്ള ഒരു ലോകം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഹദീസു പണ്ഡിതന്മാരുടെ ചട്ടം അതാണു. ഇതിനെപറ്റി സുയൂത്ത്വി (റ) ഉണർത്തിയിട്ടുണ്ടു, ഇതാണു ഞാൻ പറയുന്നതും, ഞാൻ അഭിപ്രായപ്പെടുന്നതും. 2) അല്ലെങ്കിൽ, വെളിയിൽ അവയ്ക്കു യാഥാർഥ്യമൊന്നും ഇല്ലെങ്കിലും അവ അനുഭവപ്പെടുന്നതിന്റെ അനുഭവത്തിലും കാഴ്ചയിലും അങ്ങിനെ രൂപാന്തരപ്പെട്ടു കാണുകയാണെന്ന് (*) വെക്കുക (يوم تأتي السماء يدخان مبين) (ആകാശം ഒരു വ്യക്തമായ പുകയും കൊണ്ടു വരുന്ന ദിവസം) എന്നു അള്ളാഹു (സൂ: ദുഖാനിൽ) പ്രസ്താവച്ചതിനെപ്പറ്റി ഇബ്നു മസ്ഊദ്(റ) പറയുന്നത് ഇത് പോലെയാണു. അറബികൾക്ക് ഒരു ക്ഷാമം പിടിപെട്ടപ്പോൾ വിശപ്പ് നിമിത്തം ആകാശത്തേക്ക് നോക്കുമ്പോൾ അവർക്ക് പുക മൂടിയതായി തോന്നിയിരുന്നുവെന്നാണു അദ്ദേഹം പറയുന്നത് 3) അതുമല്ലെങ്കിൽ, ചില വസ്തുതകളെ മനസ്സിലാക്കിക്കൊടുക്കുവാൻ വേണ്ടി ഉപമാ രൂപത്തിൽ പറയപ്പെട്ടതാണു അവ എന്നു വെക്കുക. ഈ മൂന്നാമത്തെ നിലപാട് കൊണ്ട് തൃപ്തി അടയുന്നവരെ സത്യത്തിന്റെ പക്ഷക്കാരായി ഞൻ വിചാരിക്കുന്നില്ല. (**)
അദ്ദേഹം തുടരുന്നു: ‘ഇമാം ഗസ്സാലി (റ) ഖബറിലെ ശിക്ഷയുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ മൂന്നു നിലപാടുകളെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇങ്ങനെയുള്ള ഹദീസുകള്‍ക്ക് ശരിയായ ബാഹ്യസാരങ്ങളും ഗൂഢമായ അന്തസാരങ്ങളും ഉണ്ട്. ഉള്‍ക്കാഴ്ച്ചയുള്ളവര്‍ക്ക് അവ വ്യക്തങ്ങളായിരിക്കും. അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് അവയുടെ ബാഹ്യസാരങ്ങളെ നിഷേധിക്കുവാന്‍ പാടില്ല. പക്ഷെ, സത്യവിശ്വാസത്തിന്റെ ഏറ്റവും കുറഞ്ഞ പടി അവ സമ്മതിക്കലും, സത്യമെന്ന് വിശ്വസിക്കലുമാകുന്നു.’ അവിശ്വാസിയായ മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് നാം കുറേക്കാലം വീക്ഷിച്ചു കൊണ്ടിരുന്നാലും നാം ഒന്നും കാണുകയില്ലല്ലോ. എന്നിരിക്കെ, പിന്നെയെങ്ങനെയാണതു സത്യമെന്ന് വെക്കുക’ എന്ന് വല്ലവരും പറഞ്ഞേക്കുന്ന പക്ഷം, നീ അറിഞ്ഞു കൊള്ളുക: ഇതു സത്യമാണെന്ന് സ്വീകരിക്കുന്നതില്‍ നിനക്കു മൂന്നു നിലപാടുകള്‍ ഉണ്ടായിരിക്കാവുന്നതാണ്:-
‘ഒന്നാമത്തേത്- അതാണ് കൂടുതല്‍ വ്യക്തവും, ശരിയും, രക്ഷയുമായിട്ടുള്ളത്- അവയെല്ലാം യഥാര്‍ത്ഥം തന്നെയാണെന്ന് നീ വിശ്വസിക്കുകയാകുന്നു. (ഖബറില്‍വെച്ച്) മരിച്ചവനെ പാമ്പ് കൊത്തുന്നു; പക്ഷെ ഈ കണ്ണു അതു കാണാന്‍ പറ്റിയതല്ല; അതെല്ലാം അദൃശ്യലോകവുമായി ബന്ധപ്പെട്ടതാണ് എന്നു വെക്കുക. ജിബ്രീല്‍ (അ) വന്നിരുന്നുവെന്നും, അദ്ദേഹത്തെ നബി (സ) കണ്ടിരുന്നുവെന്നും സഹാബികള്‍ വിശ്വസിച്ചിരുന്നുവല്ലോ. അതില്‍ നിനക്കു വിശ്വാസമില്ലെങ്കില്‍, ആദ്യമായി നീ മലക്കുകളിലും വഹ്യിലും വിശ്വസിച്ചുകൊണ്ട് നിന്റെ ഈമാന്റെ മൌലികവശം ശരിപ്പെടുത്തുകയാണ് വേണ്ടത്. അതല്ല, നീയതു വിശ്വസിക്കുകയും, സമുദായത്തിനു കാണാന്‍ കഴിയാത്തത് നബി (സ) ക്കു കാണാമെന്നു വെക്കുകയുമാണ് ചെയ്യുന്നതെങ്കില്‍, എന്തുകൊണ്ടു മരിച്ചവരിലും അങ്ങിനെ പാടില്ല?! മലക്കുകള്‍ മനുഷ്യരോടും, മറ്റു ജീവികളോടും സാമ്യമില്ലാത്തതുപോലെത്തന്നെ, ഖബറുകളില്‍ വെച്ചു മരിച്ചവരെ കടിക്കുന്ന പാമ്പും, തേളും ഈ ലോകത്തുള്ള പാമ്പും തേളുമായി സാമ്യമില്ല.അതു മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ടതും, (ഈ ബാഹ്യേന്ദ്രിയങ്ങളല്ലാത്ത) മറ്റൊരു ഗ്രഹണശക്തികൊണ്ട് അറിയേണ്ടതുമാകുന്നു.
‘രണ്ടാമത്തേത്, ഉറങ്ങുന്നവന്റെ സ്ഥിതി ഓര്‍ക്കുകയാണ്. സ്വപ്നത്തില്‍ പാമ്പു കടിക്കുന്നതായി അവന് കാണുന്നു. വേദനയനുഭവിക്കുന്നു. ചിലപ്പോള്‍ ഉറക്കെ ശബ്ധമുണ്ടാക്കുകയും, വിയര്‍ക്കുകയും, എഴുന്നേല്ക്കുകയും ചെയ്യും. നീയാണെങ്കില്‍, അവന് ശാന്തമായി ഉറങ്ങുന്നതായേ കാണുന്നുള്ളൂ. പാമ്പിനെയോ മറ്റോ നീ കാണുന്നില്ല. എങ്കിലും ഉറങ്ങുന്നവന് അത് കാണുകയും, വേദനയും ശിക്ഷയും അനുഭവിക്കുകയും ചെയ്യുന്നു. അപ്പോള്‍ കാഴ്ചയിലുള്ള പാമ്പും മായയിലുള്ള പാമ്പും തമ്മില്‍ അവനെ സംബന്ധിച്ചിടത്തോളം വ്യത്യാസമില്ലല്ലോ.’
‘മൂന്നാമത്തേത് ഇതാണ്: വാസ്തവത്തില്‍ പാമ്പിന്റെ ദേഹമല്ല നിന്നെ ഉപദ്രവിക്കുന്നത്.അതിന്റെ വിഷവുമല്ല. വിഷം നിമിത്തം നിന്നിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് നിനക്കു ഉപദ്രവമായിത്തീരുന്നത്. അപ്പോള്‍ വിഷം തീണ്ടാതെതന്നെ അതേ മാറ്റങ്ങള്‍ നിനക്കു അനുഭവപ്പെട്ടാലും പാമ്പിനെക്കൊണ്ടുണ്ടാകുന്ന ഉപദ്രവവും ശിക്ഷയും നിനക്കു അനുഭവപ്പെടുമല്ലോ. ഇങ്ങനെയുള്ള ശിക്ഷകളെപ്പറ്റി പറയുമ്പോള്‍, അതിനു സാധാരണ കാരണമാകാറുള്ള സംഗതികളോട് ബന്ധിപ്പിച്ചു പറഞ്ഞല്ലാതെ അതിനെ നിര്‍വചിക്കുക സാധ്യമല്ല. ഒരു കാരണത്താല്‍ സിദ്ധിക്കാറുള്ള സുഖാനുഭവം ആ കാരണം കൂടാതെ സിദ്ധിച്ചാലും അതിനെ ആ കാരണത്തോടു ബന്ധപ്പെടുത്തിയേ പറയുവാന്‍ സാധിക്കുകയുള്ളൂ. കാരണമല്ല അവിടെ ഉദ്ദേശ്യം, അതുകൊണ്ട് സിദ്ധിക്കുന്ന ഫലമാണ്. ഇങ്ങനെയുള്ള ചില വിഷമാവസ്ഥകള്‍ മരണപ്പെട്ടവന് അനുഭവപ്പെടുകയും, പാമ്പു കൂടാതെത്തന്നെ പാമ്പു കടിക്കുന്നതുപോലെയുള്ള വേദന അവനു ഉണ്ടാകുകയും ചെയ്യുന്നു. [ഉദ്ധരണി അവസാനിച്ചു]
(*) സ്വപ്നത്തിലും, രോഗം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അബോധാവസ്ഥയിലും കാണുന്ന അനുഭവങ്ങള്‍ ഏതാണ്ട് ഈ തരത്തില്പ്പെട്ടതാണ്. കണ്ണാടി, സിനിമ, ടെലിവിഷന്‍ മുതലായവയിലെ ദൃശ്യങ്ങളും വേണമെങ്കില്‍ ഉദാഹരണമായെടുക്കാം.
(**) ഈ മൂന്നിലും പെടാത്തവര്‍ തനി നിഷേധികളുമായിരിക്കും.
ഇമാം ഗസ്സാലി (റ) പാമ്പിനെപ്പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാകുന്നു. പാമ്പുപോലെത്തന്നെ ഭയാനകമായ മറ്റു പല വസ്തുക്കളെയും സ്വപ്നത്തില്‍ കാണാറുള്ളതാണ്. ഉറങ്ങുന്നവന്, ഉണര്ച്ചയില് അവയെ കണ്ടാലുള്ളതുപോലത്തന്നെ വിഷമിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു ആനന്ദകരമായ സ്വപ്നങ്ങളും, ഉറങ്ങുന്നവനില്‍ അവ നിമിത്തം പ്രത്യക്ഷപ്പെടുന്ന ചില പ്രകടനങ്ങളും നമുക്ക് സുപരിചിതമാണല്ലോ. ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്ന് പരിഭ്രമത്തോടെ എഴുന്നേറ്റ് തലയണയോ, കയ്യില്‍കിട്ടിയ മറ്റു സാധനമോ എടുത്തു ‘ പാമ്പ്! പാമ്പ്! ‘ എന്നു ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ട് അവിടവിടെ അടിക്കുകയും, പിന്നീട് പാമ്പിനെ അടിച്ചു കൊന്നുവെന്ന ഭാവേന വീണ്ടും പോയി കിടക്കുകയും ചെയ്തിരുന്ന ഒരു സ്നേഹിതനെ നമുക്ക് നേരില്‍ പരിചയമുണ്ട്. ഉറക്കത്തിലല്ലാതെത്തന്നെ, ഏതെങ്കിലും ചില രോഗങ്ങള്‍ കാരണമായി ചിലര്‍ക്ക് ഭയാനകമായ പല കാഴ്ചകളും അനുഭവങ്ങളും ഉണ്ടാകാറുള്ളതും അപൂര്‍വമല്ല. ഇതുപോലെ മറ്റു ചിലര്‍ക്ക് ആശ്ചര്യകരമോ, സന്തോഷകരമോ ആയ ചില അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍, ബോധാവസ്ഥക്ക് ശേഷം തങ്ങളുടെ പ്രസ്തുത അനുഭവങ്ങളെ കുറിച്ച് ഓര്‍മ്മയുള്ളവരും ഇല്ലാത്തവരും ഉണ്ടാകാറുണ്ട്.നമ്മുടെ ബാഹ്യേന്ധ്രിയങ്ങള്‍ക്കതീതമായി എന്തൊക്കെയോ ചില യാഥാര്‍ത്ഥൃങ്ങള്‍ നടമാടി കൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ അറിവിനപ്പുറം പലതും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ നിന്നൊക്കെ സത്യാന്വേഷികള്‍ക്ക് മനസ്സിലാക്കാം. എന്നല്ലാതെ, തര്‍ക്ക ശാസ്ത്രത്തിന്റെയോ, ഭൗതിക ശാസ്ത്രങ്ങളുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടാവുന്നതല്ല ഇത്തരം സംഗതികള്‍.
എനി, ഖബറിലെ അനുഭവങ്ങളെ നിഷേധിക്കുന്നവര്‍, തങ്ങള്‍ക്കനുകൂലമായി ഖുര്‍ആനില്‍ നിന്ന് ചൂണ്ടിക്കാട്ടാറുള്ള ഒന്നുരണ്ടു തെളിവുകളെക്കുറിച്ചാണ് രണ്ടു വാക്ക് പറയുവാനുള്ളത്. രണ്ടും പരലോകത്ത് വെച്ച് അവിശ്വാസികള്‍ പറയുന്ന ചില വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്താനും
1) സൂ : യാസീനിലെ 52-ാം വചനത്തില്‍, പുനരുത്ഥാനസമയത്ത് അവിശ്വാസികള്‍ പറയുന്നതായി അല്ലാഹു ഉദ്ധരിച്ച വാക്യമാണ് يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന് ഞങ്ങളെ എഴുന്നേൽപ്പിച്ചത്?!) എന്നത്രേ അത് മരണപ്പെട്ടവര്‍ പുനരുത്ഥാനദിവസം വരെ സുഖമോ ദു:ഖമോ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, അതിനാല്‍ ഖബറുകളില്‍ ‘തല്ലും കുത്തും’ (ശിക്ഷാനുഭവങ്ങള്‍) ഉണ്ടാകുമെന്നു പറയുന്നതു ശരിയല്ലെന്നും ഇവര്‍ പരിഹാസപൂര്‍വ്വം പറയാറുണ്ട്. മേലുദ്ധരിച്ചത് പോലുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നേരെ മൗനം അവലംബിക്കുകയും, ഹദീസുകളെ അവഗണിച്ചു പുറംതള്ളുകയുമാണവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ഉറക്കിലായിരുന്നാല്‍ പോലും, പാപികള്‍ക്ക് ‘തല്ലും കുത്തും’ മറ്റു പലതും അനുഭവപ്പെടാമെന്നും, സല്‍ക്കര്‍മ്മികളായുള്ളവര്‍ക്ക് സുഖകരമായ അനുഭവങ്ങളും ഉണ്ടാകുമെന്നും മേല്വിവരിച്ചതില് നിന്നു വ്യക്തമായല്ലോ. വാസ്തവത്തില്‍ മരണത്തോടുകൂടി ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞുപോകുകയും, അതില്‍നിന്നും വ്യത്യസ്തമായതും, അതിനേക്കാള്‍ വിശാലമായതുമായ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയുമാണ് മരണപ്പെട്ടവര്‍ ചെയ്യുന്നത്. ഇവിടെ നടപ്പില്ലാത്ത പലതും നടക്കുന്ന ഒരു ലോകമാണത്. ‘ഞങ്ങള്‍ ഉറങ്ങുന്നിടം’ مَرْقَدِنَا എന്ന് അവിശ്വാസികള്‍ പറയുവാനുള്ള കാരണവും, ആ വാക്കിന്റെ ശരിയായ ഉദ്ദേശ്യവും നാം യഥാസ്ഥാനത്തു വെച്ച് വിവരിച്ചിട്ടുണ്ട്. ഇവിടെ അത് ആവര്‍ത്തിക്കുന്നില്ല.
2) പുനരുത്ഥാനദിവസത്തിലെ അത്യധികമായ ഭയവും, പരിഭ്രമവും നിമിത്തം അതിനു മുമ്പ് തങ്ങള്‍ എത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ടെന്ന് അവിശ്വാസികള്‍ക്ക് പറയുവാന്‍ സാധിക്കുകയില്ലെന്നു കാണിക്കുന്ന ആയത്തുകളാണ്. (സൂ: മുഅ്മിനൂന് 112, 113 പോലെയുള്ള ആയത്തുകള്‍). അവര്‍ക്ക് അത് അറിയാതിരിക്കാന്‍ കാരണം, അവര്‍ മരണം മുതല്‍ അതുവരെ ഉറങ്ങിക്കിടക്കുകയായിരുന്നത് കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. ഇവരുടെ ഈ വാദം തീരെ വാസ്തവവിരുദ്ധമാണെന്നും, ആ ആയത്തുകളുടെ യഥാര്‍ത്ഥത്തിലുള്ള ഉദ്ദേശ്യം എന്താണെന്നും സൂ:മുഅ്മിനൂനിന് ശേഷമുള്ള രണ്ടാം വ്യാഖ്യാനക്കുറിപ്പിലും നാം കാര്യകാരണസഹിതം വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഇവിടെ അതിനെപ്പറ്റിയും കൂടുതലൊന്നും പറയേണ്ടതില്ല.നബി (സ) നമസ്കാരത്തില്‍ ദുആ ചെയ്യാറുണ്ടായിരുന്നത് പോലെ – നമ്മോടും അങ്ങിനെ ചെയ്വാന് അവിടുന്ന് ഉപദേശിച്ചിട്ടുമുണ്ട് – നാമും ദുആ ചെയ്യുക:
اللهم اني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال
(അല്ലാഹുവേ, ഖബറിലെ ശിക്ഷയില്‍ നിന്നും, നരകത്തിന്റെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും, കള്ളവാദിയും സഞ്ചാരിയുമായ ദജ്ജാലിന്റെ കുഴപ്പത്തില്‍നിന്നും ഞാന്‍ നിന്നോടു രക്ഷതേടുന്നു.)