വിഭാഗം - 5

15:61
  • فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ ﴾٦١﴿
  • അങ്ങനെ, ലൂത്ത്വിന്റെ കുടുംബത്തില്‍ (ആ) ദൂതന്മാര്‍ വന്നപ്പോള്‍, -
  • فَلَمَّا جَاءَ അങ്ങനെ (എന്നിട്ടു) വന്നപ്പോള്‍ آلَ لُوطٍ ലൂത്ത്വിന്റെ കുടുംബത്തില്‍, ആള്‍ക്കാരില്‍ الْمُرْسَلُونَ ദൂതന്മാര്‍
15:62
  • قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ ﴾٦٢﴿
  • അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അപരിചിതരായ ഒരു ജനം. [നിങ്ങളെ മനസ്സിലായില്ല.]
  • قَالَ അദ്ദേഹം പറഞ്ഞു إِنَّكُمْ قَوْمٌ നിങ്ങള്‍ ഒരു ജനമാണു مُّنكَرُونَ അറിയപ്പെടാത്ത (അപരിചിതരായ)
15:63
  • قَالُوا۟ بَلْ جِئْنَـٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ ﴾٦٣﴿
  • അവര്‍ പറഞ്ഞു: '(ശരി) പക്ഷേ, ഇവര്‍ [ഈ ജനങ്ങള്‍] യാതൊന്നില്‍ സന്ദേഹപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതും കൊണ്ടു ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
  • قَالُوا അവര്‍ പറഞ്ഞു بَلْ പക്ഷേ (എങ്കിലും) جِئْنَاكَ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു بِمَا യാതൊന്നുംകൊണ്ടു كَانُوا അവരായിരിക്കുന്നു فِيهِ അതില്‍, അതിനെപ്പറ്റി يَمْتَرُونَ സന്ദേഹപ്പെട്ടു (സംശയപ്പെട്ടു) കൊണ്ടിരിക്കുക
15:64
  • وَأَتَيْنَـٰكَ بِٱلْحَقِّ وَإِنَّا لَصَـٰدِقُونَ ﴾٦٤﴿
  • 'ഞങ്ങള്‍ താങ്കള്‍ക്കു യഥാര്‍ത്ഥവുമായി വന്നിരിക്കുന്നു; നിശ്ചയമായും, ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.'
  • وَأَتَيْنَاكَ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വരുകയും ചെയ്തിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവുംകൊണ്ട് وَإِنَّا ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ

ഞങ്ങളെക്കുറിച്ചു തെറ്റിദ്ധരിക്കുകയോ, ഭയപ്പെടുകയോ വേണ്ടതില്ല. നിങ്ങളുടെ ഈ ജനത അല്ലാഹുവിന്റെ ശിക്ഷയില്‍ വിശ്വാസവും ഭയവുമില്ലാത്തവരും, നിങ്ങളുടെ ഉപദേശങ്ങളെ ധിക്കരിക്കുന്നവരുമാണല്ലോ. അതൊക്കെ യാഥാര്‍ത്ഥ്യം തന്നെയാണെന്നു കാണിച്ചുകൊടുക്കുമാറുള്ള ഒരു ശിക്ഷ അവര്‍ക്കു നല്‍കുവാന്‍ വേണ്ടി അല്ലാഹു അയച്ച ദൂതന്മാരാണു ഞങ്ങള്‍. ആ ശിക്ഷ ഇതാ സംഭവിക്കാന്‍ പോകുന്നു. അതില്‍ സംശയിക്കുവാന്‍ ഒന്നുമില്ല എന്നു താല്‍പര്യം. മലക്കുകള്‍ തുടര്‍ന്നു:-

15:65
  • فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَـٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُوا۟ حَيْثُ تُؤْمَرُونَ ﴾٦٥﴿
  • 'അതിനാല്‍, താങ്കൾ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [പ്രഭാതത്തിനു മുമ്പായി] യാത്രചെയ്തുകൊള്ളുക. അവരുടെ പിന്നാലെ താങ്കള്‍ അനുഗമിക്കുകയും ചെയ്യുക; നിങ്ങളില്‍ നിന്നു ഒരാളും തിരിഞ്ഞുനോക്കുകയും ചെയ്യരുത്. നിങ്ങളോടു കല്പിക്കപ്പെടുന്നേടത്തേക്കു നിങ്ങള്‍ നടന്നു പോയിക്കൊള്ളുകയും ചെയ്യുക.'
  • فَأَسْرِ അതിനാല്‍ (രാവു) യാത്രചെയ്യുക بِأَهْلِكَ താങ്കളുടെ ആള്‍ക്കാരെ (കുടുംബത്തെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ مِّنَ اللَّيْلِ രാത്രിയില്‍ നിന്ന് وَاتَّبِعْ താങ്കള്‍ പിന്തുടരുകയും ചെയ്യുക أَدْبَارَهُمْ അവരുടെ പിന്‍ഭാഗങ്ങളില്‍ (പിന്നാലെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും ചെയ്യരുത് مِنكُمْ നിങ്ങളില്‍ നിന്നു أَحَدٌ ഒരാളും وَامْضُوا നടന്നു പോകയും ചെയ്‍വിന്‍ حَيْثُ تُؤْمَرُونَ നിങ്ങള്‍ കല്പിക്കപ്പെടുന്നേടത്തേക്കു

വിശദീകരണത്തിനു സൂ: ഹൂദ്‌ 81-ാം വചനവും വ്യാഖ്യാനവും നോക്കുക. അല്ലാഹു പറയുന്നു:-

15:66
  • وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌ مُّصْبِحِينَ ﴾٦٦﴿
  • ആ കാര്യം അദ്ദേഹത്തിനു [ലൂത്ത്വിന്നു] നാം തീരുമാനം ചെയ്തുകൊടുത്തു; (ഇവര്‍) പ്രഭാതവേളയിലായിരിക്കെ, ഇക്കൂട്ടരുടെ മൂടു മുറിക്കപ്പെടുന്ന [ഇവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടുന്ന] താണെന്ന്.
  • وَقَضَيْنَا നാം വിധിച്ചു (തീരുമാനം ചെയ്തു) കൊടുത്തു إِلَيْهِ അദ്ദേഹത്തിനു ذَٰلِكَ الْأَمْرَ ആ കാര്യം أَنَّ دَابِرَ പിന്‍ഭാഗം (മൂടു) എന്നു هَـٰؤُلَاءِ ഇക്കൂട്ടരുടെ مَقْطُوعٌ മുറിക്കപ്പെടുന്ന (ഛേദിക്ക) പ്പെടുന്നതാണു (എന്നു) مُّصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ
15:67
  • وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ ﴾٦٧﴿
  • (ആ) പട്ടണത്തിലെ ആള്‍ക്കാര്‍ സന്തോഷം പ്രകടിപ്പിച്ചും കൊണ്ടുവന്നു.
  • وَجَاءَ വന്നു أَهْلُ الْمَدِينَةِ പട്ടണത്തിലെ ആള്‍ക്കാര്‍ (പട്ടണവാസികള്‍) يَسْتَبْشِرُونَ അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു

ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ വീട്ടില്‍ സുന്ദരന്മാരും ചെറുപ്പക്കാരുമായ ചില അതിഥികള്‍ വന്നിട്ടുണ്ടെന്നു തെമ്മാടികളായ ആ ജനത അറിഞ്ഞു. അവര്‍ക്കതു വളരെ സന്തോഷമായി. തങ്ങളുടെ മൃഗീയമായ വികാരനിവൃത്തിക്കു അവരെ വിട്ടുകിട്ടാനാവശ്യപ്പെട്ടുകൊണ്ട് അവര്‍ അദ്ദേഹത്തെ സമീപിച്ചു. അതിനെപ്പറ്റിയാണ് ഈ പറഞ്ഞത്. ഈ രംഗവും, അവരും ലൂത്ത്വ് (عليه الصلاة والسلام) നബിയും തമ്മില്‍ നടന്ന സംസാരവും സൂറത്തു ഹൂദില്‍ വിവരിച്ചിട്ടുണ്ടല്ലോ.

15:68
  • قَالَ إِنَّ هَـٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ ﴾٦٨﴿
  • അദ്ദേഹം [ലൂത്ത്വ്] പറഞ്ഞു: 'നിശ്ചയമായും, ഇവര്‍ എന്റെ അതിഥികളാണ്; അതിനാല്‍, എന്നെ നിങ്ങള്‍ വഷളാക്കരുത്;'
  • قَالَ അദ്ദേഹം പറഞ്ഞു إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇവര്‍ ضَيْفِي എന്റെ അതിഥികളാണു فَلَا تَفْضَحُونِ അതിനാല്‍ എന്നെ നിങ്ങള്‍ വഷളാക്കരുതു
15:69
  • وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ ﴾٦٩﴿
  • 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍; എന്നെ അപമാനിക്കുകയും അരുതു.'
  • وَاتَّقُوا സൂക്ഷിക്കുകയും ചെയ്‍വിന്‍ اللَّـهَ അല്ലാഹുവിനെ وَلَا تُخْزُونِ എന്നെ അപമാനിക്കുകയും അരുത്

അതിഥികള്‍ മലക്കുകളാണെന്നു ലൂത്ത്വ് (عليه الصلاة والسلام) അറിയുന്നതിനു മുമ്പാണു ഈ വാക്കുകള്‍ അദ്ദേഹം ആ ജനങ്ങളോടു പറഞ്ഞതെന്നു സൂറത്തു ഹൂദില്‍ നിന്നു വ്യക്തമാകുന്നു. പക്ഷെ, തങ്ങള്‍ അല്ലാഹുവിനാല്‍ അയക്കപ്പെട്ടവരാണെന്നു ലൂത്ത്വ് (عليه الصلاة والسلام) നോടു പ്രസ്താവിച്ച വിവരം പറഞ്ഞതിനു ശേഷമാണു ഈ രംഗം ഇവിടെ വിവരിച്ചതെന്നു മാത്രം. സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അതിന്റെ ഓരോ വശവും ക്രമപ്രകാരം വഴിക്കു വഴിയായിത്തന്നെ ഉദ്ധരിക്കുകയെന്ന സമ്പ്രദായം ക്വുര്‍ആനില്‍ പലപ്പോഴും സ്വീകരിക്കപ്പെടാറില്ല. (ഇതിനെപ്പറ്റി മുഖവുരയില്‍ വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക.)

15:70
  • قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَـٰلَمِينَ ﴾٧٠﴿
  • അവര്‍ [പട്ടണത്തിലെ ആള്‍ക്കാര്‍] പറഞ്ഞു: 'ലോകരെക്കുറിച്ച് ഞങ്ങള്‍ നിന്നോടു വിരോധിച്ചിട്ടുമില്ലേ!'.
  • قَالُوا അവര്‍ പറഞ്ഞു أَوَلَمْ نَنْهَكَ ഞങ്ങള്‍ നിന്നോടു വിരോധിച്ചിട്ടുമില്ലേ عَنِ الْعَالَمِينَ ലോകരെപ്പറ്റി
15:71
  • قَالَ هَـٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَـٰعِلِينَ ﴾٧١﴿
  • അദ്ദേഹം പറഞ്ഞു: 'ഇതാ എന്റെ പെണ്‍മക്കള്‍, [അവരെ ഞാന്‍ വിവാഹം കഴിച്ചുതരാം]; നിങ്ങള്‍ (വല്ലതും) ചെയ്യുന്നവരാണെങ്കില്‍!'
  • قَالَ അദ്ദേഹം പറഞ്ഞു هَـٰؤُلَاءِ ഇവര്‍ (ഇതാ) بَنَاتِي എന്റെ പുത്രിമാരാണ്, എന്റെ പെണ്‍മക്കള്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍

പുറമെ നിന്നു വരുന്ന ആളുകളെ പിടികൂടി നീചവൃത്തിക്കു ഉപയോഗപ്പെടുത്തുക ആ ദുഷ്ടജനങ്ങളുടെ പതിവായിരുന്നു. അതുകൊണ്ടു അങ്ങിനെയുള്ളവരെ അവരുടെ കയ്യേറ്റത്തില്‍നിന്നു രക്ഷിക്കുവാനായി ലൂത്ത്വ് (عليه الصلاة والسلام) നബി അവര്‍ക്കു അഭയം നല്‍കലും പതിവുണ്ടായിരുന്നു. അതിനെപ്പറ്റി ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ നേരെ ആ ജനങ്ങള്‍ക്കു അമര്‍ഷവും പ്രതിഷേധവും ഉണ്ടാകുക സ്വാഭാവികമാണല്ലോ. അതുകൊണ്ടു അങ്ങിനെ ആര്‍ക്കും അഭയം നല്‍കരുതെന്നു അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടിരുന്നു. അതാണ്‌ ‘ലോകരെക്കുറിച്ചു ഞങ്ങള്‍ നിന്നോട് വിരോധിച്ചിട്ടുമില്ലേ’ എന്നു അവര്‍ പറയുവാന്‍ കാരണം.

കൂടിയേ കഴിയൂ എങ്കില്‍ – എന്റെ ഉപദേശം വല്ലതും നിങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറുണ്ടെങ്കില്‍ – ഞാന്‍ നിങ്ങളോടു ഒരു കാര്യം പറയട്ടെ: എന്റെ പെണ്‍മക്കളിതാ. അവരെ ഞാന്‍ നിങ്ങള്‍ക്കു വിവാഹം ചെയ്തു തരാം. എന്നാലും എന്റെ വീട്ടില്‍ വന്ന അതിഥികളെ മാനഭംഗവും അക്രമവും ചെയ്തു എന്നെ നിങ്ങള്‍ വഷളാക്കരുത് എന്നൊക്കെ അദ്ദേഹം അവരോടു പറഞ്ഞുനോക്കി. അവരുണ്ടോ അതിനു ചെവികൊടുക്കുന്നു?!

15:72
  • لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ ﴾٧٢﴿
  • നിന്റെ ആയുഷ്ക്കാലം തന്നെ (സത്യം)! നിശ്ചയമായും അവര്‍, അവരുടെ ലഹരിയില്‍ (മതിമറന്ന്) അലഞ്ഞു നടക്കുകയാണ്!
  • لَعَمْرُكَ നിന്റെ ആയുഷ്ക്കാലം തന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَفِي سَكْرَتِهِمْ അവരുടെ ലഹരിയില്‍ (മത്തില്‍) തന്നെ يَعْمَهُونَ അവര്‍ അലഞ്ഞു നടക്കുന്നു

എന്നിരിക്കെ, അവര്‍ ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ഉപദേശം എങ്ങിനെ സ്വീകരിക്കും?! എന്നു സാരം. കാര്യങ്ങള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അറബികള്‍ക്കിടയില്‍ സത്യത്തിന്റെ വാചകങ്ങളായി പലതും ഉപയോഗപ്പെടാറുള്ള കൂട്ടത്തില്‍ ഒന്നാണു لَعَمْرُكَ (നിന്റെ ആയുഷ്ക്കാലം തന്നെ സത്യം!) എന്നതും. സത്യവിശ്വാസികള്‍ അല്ലാഹു അല്ലാത്ത വസ്തുക്കളുടെ പേരില്‍ സത്യം ചെയ്യുന്നതു ഹദീഥുകളില്‍ കര്‍ശനമായി വിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവനു അവന്റെ സൃഷ്ടികളില്‍ ഏതിന്റെ പേരിലും സത്യം ചെയ്യാവുന്നതുമാണ്.

15:73
  • فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ ﴾٧٣﴿
  • എന്നിട്ട് (അവര്‍) ഉദയവേളയിലായിരിക്കെ (ആ) ഘോരശബ്ദം അവരെ പിടികൂടി.
  • فَأَخَذَتْهُمُ അപ്പോള്‍ (എന്നിട്ട്) അവരെ പിടിച്ചു (പിടികൂടി) الصَّيْحَةُ ഘോരശബ്ദം مُشْرِقِينَ (അവര്‍) ഉദയവേളയിലായികൊണ്ട്
15:74
  • فَجَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ ﴾٧٤﴿
  • അങ്ങനെ, അതിന്റെ [ആ രാജ്യത്തിന്റെ] ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി [തലകീഴാക്കിമറിച്ചു]; അവരുടെമേല്‍ (ചൂളവെക്കപ്പെട്ട) 'ഇഷ്ടികക്കല്ല് നാം വര്‍ഷിപ്പിക്കുകയും ചെയ്തു.
  • فَجَعَلْنَا എന്നിട്ടു (അങ്ങനെ) നാം ആക്കി عَالِيَهَا അതിന്റെ മേല്‍ഭാഗം, ഉപരിഭാഗം سَافِلَهَا അതിന്റെ താഴ്ഭാഗം وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن سِجِّيلٍ ചൂളക്കല്ലില്‍ നിന്ന്, ഇഷ്ടികയാലുള്ള

ലൂത്ത്വ് (عليه الصلاة والسلام) നബിയും, അദ്ദേഹത്തില്‍ വിശ്വസിച്ച അദ്ദേഹത്തിന്റെ കുടുംബവും ഒഴിച്ചുള്ള ജനത മുഴുവനും നശിപ്പിക്കപ്പെട്ടു. പ്രസ്തുത സംഭവത്തിന്റെ ചുരുക്കമാണു അല്ലാഹു ഇവിടെ വിവരിച്ചത്. വിശദവിവരത്തിനു അഅ്റാഫ് (80-84), ഹൂദ്‌ (77-83) എന്നീ സൂറത്തുകളും, സൂ: ശുഅറാഉം (160-174) മറ്റും നോക്കുക. ആ സംഭവത്തെ ചൂണ്ടിക്കൊണ്ടു അല്ലാഹു പറയുന്നു:-

15:75
  • إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْمُتَوَسِّمِينَ ﴾٧٥﴿
  • നിശ്ചയമായും, ലക്ഷണം ഗ്രഹിക്കുന്നവര്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ തന്നെ لِّلْمُتَوَسِّمِينَ ലക്ഷണം ഗ്രഹിക്കുന്നവര്‍ക്ക്
15:76
  • وَإِنَّهَا لَبِسَبِيلٍ مُّقِيمٍ ﴾٧٦﴿
  • നിശ്ചയമായും അതു [ആ രാജ്യം] (സ്ഥിരമായി) നിലകൊള്ളുന്ന ഒരു വഴിയില്‍ തന്നെയാണുതാനും.
  • وَإِنَّهَا നിശ്ചയമായും അതു (ആകുന്നുതാനും) لَبِسَبِيلٍ ഒരു വഴിയില്‍ തന്നെയാണു (താനും) مُّقِيمٍ നിലനില്‍ക്കുന്ന (സ്ഥിരമായി നിലകൊള്ളുന്ന)
15:77
  • إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ ﴾٧٧﴿
  • നിശ്ചയമായും, അതില്‍ സത്യവിശ്വാസികള്‍ക്കു ഒരു (മഹത്തായ) ദൃഷ്ടാന്തമുണ്ട്.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്

ലക്ഷണങ്ങളില്‍ നിന്നും അടയാളങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി യഥാര്‍ത്ഥം ഗ്രഹിക്കുന്ന ആളുകള്‍ക്ക് പൊതുവെയും, സത്യവിശ്വാസികള്‍ക്കു പ്രത്യേകവും ആ ജനതക്കു നേരിട്ട ശിക്ഷാ സംഭവത്തില്‍ നിന്നു പാഠം പഠിക്കുവാനുണ്ട്. ആ രാജ്യം അവരുടെ സ്ഥിരമായ ഒരു യാത്രാമാര്‍ഗ്ഗത്തിലായതുകൊണ്ടു അവര്‍ക്കു ആ സംഭവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടറിയാവുന്നതുമാണ് എന്നു സാരം. മക്കാ പരിസര പ്രദേശങ്ങളില്‍ നിന്നു ശാമിലേക്കു കച്ചവടയാത്രകള്‍ നടത്തുക അറബികളുടെ പതിവാണല്ലോ. ലൂത്ത്വ് (عليه الصلاة والسلام) ന്റെ രാജ്യമായിരുന്ന സദൂം (സോദോം) രാജ്യങ്ങള്‍ ആ യാത്രാമാര്‍ഗ്ഗത്തിലാണുള്ളതു. ക്വുര്‍ആന്റെ അവതരണകാലത്തു അറബികള്‍ക്കു അതു സുപരിചിതവുമായിരുന്നു. ‘ബഹ്റുല്‍ മയ്യിത്ത്’ (ചാവുകടല്‍), ‘ബഹ്ര്‍ ലൂത്ത്വ്’ (ലൂത്ത്വ് കടല്‍) എന്നൊക്കെ പറയപ്പെടുന്ന തടാകത്തില്‍ ലയിച്ചു നശിച്ച ആ രാജ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ആ യാത്രകളില്‍ അവര്‍ കാണാറുമുണ്ടായിരുന്നു. (‘ബഹ്ര്‍ ലൂത്ത്വ്’ നെയും ആ രാജ്യങ്ങളെയും സംബന്ധിച്ച സൂ: ശുഅറാഇനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പു നോക്കുക).

ഇബ്നു ജരീര്‍, ഇബ്നു അബീഹാതിം, തിര്‍മദീ (رحمهم الله) മുതലയാവര്‍ നിവേദനം ചെയ്ത ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു; ‘സത്യവിശ്വാസിയുടെ ലക്ഷണം നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍. കാരണം, അവന്‍ അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണു നോക്കുന്നത്.’ പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ 75-ാം വചനം ഓതുകയും ചെയ്തു. ഈ അര്‍ത്ഥത്തിലുള്ള രിവായത്തുകള്‍ വേറെയും കാണാം.

15:78
  • وَإِن كَانَ أَصْحَـٰبُ ٱلْأَيْكَةِ لَظَـٰلِمِينَ ﴾٧٨﴿
  • നിശ്ചയമായും, 'ഐകത്തി' ന്റെ [മരക്കാവിന്റെ] ആള്‍ക്കാരും അക്രമികള്‍ തന്നെയായിരുന്നു.
  • وَإِن كَانَ നിശ്ചയമായും ആയിരുന്നു أَصْحَابُ الْأَيْكَةِ മരക്കാവുക്കാര്‍, ഐകത്തിന്റെ ആള്‍ക്കാര്‍ لَظَالِمِينَ അക്രമികള്‍ തന്നെ
15:79
  • فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ ﴾٧٩﴿
  • എന്നിട്ട് നാം അവരോട് ശിക്ഷാനടപടിയെടുത്തു. അതു രണ്ടും [ലൂത്ത്വിന്റെ രാജ്യവും 'ഐകത്തും'] സ്പഷ്ടമായ ഒരു തുറസ്സായ മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നുതാനും.
  • فَانتَقَمْنَا എന്നിട്ട് നാം ശിക്ഷാനടപടിയെടുത്തു مِنْهُمْ അവരോട് وَإِنَّهُمَا നിശ്ചയമായും അതു രണ്ടും لَبِإِمَامٍ ഒരു പിൻതുടരപ്പെടുന്ന (തുറസ്സായ) മാര്‍ഗ്ഗത്തിലാണ് مُّبِينٍ സ്പഷ്ടമായ

أَيْكَة (ഐകത്ത്) എന്നാല്‍ വൃക്ഷങ്ങള്‍ തിങ്ങിനില്‍ക്കുന്ന മരക്കാവു എന്നര്‍ത്ഥം. മദ്-യനിന്റെ അയല്‍പക്കത്തുള്ള ഒരു സ്ഥലമായിരുന്നു അത്. അവിടത്തെ നിവാസികളാണ് أَصْحَابُ الْأَيْكَةِ (ഐകത്തുകാര്‍) കൊണ്ടു വിവക്ഷ. അവരിലേക്കു റസൂലായി ശുഐബ് (عليه الصلاة والسلام) നബി അയക്കപ്പെട്ടിരുന്ന വിവരവും, ആ ജനത സ്വീകരിച്ച നയവും, അഅ്റാഫിലും, ഹൂദിലും, ശുഅറാഇലും മറ്റും കൂടുതല്‍ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ആ സ്ഥലവും തന്നെ മക്കാമുശ്രിക്കുകള്‍ ശാമിലേക്കു പോകാറുള്ള വഴിയിലാണുള്ളത്. അതുകൊണ്ടാണ് ആ രണ്ടു സ്ഥലവും സ്പഷ്ടമായ ഒരു തുറസ്സായ മാര്‍ഗ്ഗത്തിലുള്ളതാണെന്നു പറഞ്ഞത്.  إِمَام (ഇമാമ്) എന്നാല്‍ മുമ്പിലുള്ളതു എന്നത്രെ സാക്ഷാല്‍ വാക്കര്‍ത്ഥം. ‘നേതാവു, മുമ്പന്‍, മാതൃക, തുറന്നവഴി’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭം പോലെ അതു ഉപയോഗിക്കപ്പെടും.