വിഭാഗം - 4

36:51
  • وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴾٥١﴿
  • കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ 'ഖബറു' കളില്‍ നിന്ന് തങ്ങളുടെ റബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്!
  • وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബറു (ശവക്കുഴി, ശ്മശാനം)കളില്‍ നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്ക് يَنْسِلُونَ ബദ്ധപ്പെട്ടു വരുന്നു
36:52
  • قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴾٥٢﴿
  • അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്നു ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
  • قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌ مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന هَٰذَا ഇതു مَا وَعَدَവാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍
36:53
  • إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٥٣﴿
  • അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും.
  • إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ധമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും
36:54
  • فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٥٤﴿
  • അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല.
  • فَالْيَوْمَ അന്ന്‍, ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും,ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ

ഒന്നാമത്തെ കാഹളം ഊത്തില്‍ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തില്‍ എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോള്‍ ജനങ്ങള്‍ ‘മഹ്ശറി’ലേക്ക് ധൃതിപ്പെട്ടു ചെല്ലുന്നതിനെപ്പറ്റി സൂ: മആരിജില്‍ (سورة المعارج) ഇങ്ങനെ പറഞ്ഞിരിക്കുന്നു: يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ (ഒരു കുറി നാട്ടിയത്തിലേക്ക് പാഞ്ഞുചെല്ലുന്ന പ്രകാരം ധൃതിപ്പെട്ടുകൊണ്ട് അവര്‍ ഖബ്റുകളില്‍ നിന്ന് പുറത്തു വരുന്ന ദിവസം! – 70:43)

പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തില്‍ മനുഷ്യന്‍ അമ്പരന്നു പോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടു കഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’ 48- ാം വചനത്തിലും മറ്റും അല്ലാഹു പ്രസ്താവിച്ചത് പോലെ, അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ‘എപ്പോഴാണ് ഈ വാഗ്ദാനം ഉണ്ടാവുക’ (متى هذا الوعد) എന്നും മറ്റും പറഞ്ഞു പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതെല്ലാം തികച്ചും യാഥാര്‍ത്യങ്ങളാന്നെന്നു അവര്‍ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതെന്നും, ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും അവര്‍ക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്. പക്ഷെ, ഈ അവസരത്തില്‍ ബോധ്യപ്പെട്ടത് കൊണ്ട് കാര്യമില്ലതാനും.

مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളെ ഉറങ്ങിയേടത്തു നിന്ന് എഴുന്നേല്‍പ്പിച്ചതാരാണ്‌.) എന്ന് പറഞ്ഞു കൊണ്ടു, മരണ ശേഷം പുനരുത്ഥാനംവരെയുള്ള കാലത്ത് എല്ലാവരും ഖബ്റുകളില്‍ -ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍- യഥാര്‍ത്ഥത്തില്‍ ഉറക്കില്‍ത്തന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും, സജ്ജനങ്ങള്‍ക്ക്‌ സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്‍റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന പല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതാനുഭവങ്ങളും കേവലം നിസ്സാരവും, സുഖകരമായി തോന്നാതിരിക്കുമോ?! മഹ്ശറിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുമ്പായി അവര്‍ക്ക് അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കുതന്നെ നല്‍കുന്നതാണെന്നു ഉബയ്യുബ്നു കഅബും (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ വിഷയം കൂടുതല്‍ സ്പഷ്ടമാണ്താനും.

ഖബറില്‍ വെച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവര്‍ ഈ വാക്യം തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവര്‍ പുനരുത്ഥാനം വരെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നു ഈ വാക്യത്തില്‍ നിന്ന് വ്യക്തമാണെന്നും, അതുകൊണ്ട് അവര്‍ക്ക് ഖബറില്‍ വെച്ച് ശിക്ഷ അനുഭവപ്പെടുമെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് അവരുടെ വാദം.പക്ഷെ, സജ്ജനങ്ങള്‍ക്ക്‌ സന്തോഷത്തിന്റെയും, ദുര്‍ജനങ്ങള്‍ക്ക്‌ സന്താപത്തിന്റെയും പല അനുഭവങ്ങള്‍ ഖബറില്‍ വെച്ച് ഉണ്ടാകുമെന്ന് അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്ഥാവിച്ചിട്ടുള്ളതാണ്. ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും അതു മനസ്സിലാക്കാവുന്നതാണ്. (ഈ സൂറത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ്‌ നോക്കുക.) എന്നിരിക്കെ ഈ വാദം തികച്ചും തെറ്റായതും, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതുമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് പ്രസ്തുത വാക്യത്തിനു എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നല്‍കിയിട്ടുള്ളതും, മുകളില്‍ കണ്ടതുമായ വ്യാഖ്യാനം നൽകുവാനേ നിവൃത്തിയുള്ളൂ.

അവിശ്വാസികളെപ്പറ്റി പ്രസ്താവിച്ച ശേഷം, സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:

36:55
  • إِنَّ أَصْحَٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَٰكِهُونَ ﴾٥٥﴿
  • നിശ്ചയമായും സ്വര്‍ഗത്തിന്‍റെ ആള്‍ക്കാർ അന്ന് ഓരോ ജോലിയിലായികൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും.
  • إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും
36:56
  • هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ ﴾٥٦﴿
  • അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും
  • هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും(ഭാര്യാഭര്‍ത്താക്കന്മാര്‍ فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടില് (സോഫ)കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും

36:57
  • لَهُمْ فِيهَا فَٰكِهَةٌ وَلَهُم مَّا يَدَّعُونَ ﴾٥٧﴿
  • അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് (അവിടെ) ഉണ്ട്.
  • لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള)പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ട് താനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത്
36:58
  • سَلَٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴾٥٨﴿
  • ’സലാം’ [സമാധാനശാന്തി] ! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍ നിന്നുള്ള വചനം (തന്നെ)!!
  • سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക് (തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ

സ്വര്‍ഗസ്ഥരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതോടെ അവര്‍ക്ക് ആനന്ദസമ്പൂര്‍ണ്ണവും, വിഭവ സമൃദ്ധവുമായ സുഖസൗകര്യങ്ങള്‍ ലഭിക്കുകയും, അവര്‍ അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. മറ്റു ചിന്തകളോ, മനോവിചാരങ്ങളോ അവര്‍ക്കുണ്ടാകുന്നതല്ല. ഇണകള്‍- ഭാര്യാഭര്‍ത്താക്കന്മാര്‍- ഒന്നിച്ചു വിവിധ സുഖാഡംബരങ്ങളില്‍ അവര്‍ മുഴുകി കൊണ്ടിരിക്കും. ഒരു ഹദീസില്‍ നബി (സ) പറഞ്ഞത് പോലെ, ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളായിരിക്കും അല്ലാഹു അവന്‍റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുക. (ബു:മു.) സന്തോഷത്തിനും, രസത്തിനും വേണ്ടി കഴിക്കുന്ന പഴങ്ങള്‍ മുതലായ ഭോജ്യവസ്തുക്കള്‍ക്കാണ് فاكِهَة എന്ന് പറയുന്നത്.

സൂ: അഹ്സാബ് 44ലും അതിന്‍റെ വ്യാഖ്യാനത്തിലും കണ്ടതുപോലെ, അവര്‍ക്ക് എല്ലാവരില്‍നിന്നും ‘സലാമിന്‍റെ ഉപചാരവും സ്വീകരണവും ലഭിച്ചു കൊണ്ടിരിക്കും. അതില്‍വെച്ചു ഏറ്റവും ഭാഗ്യകരവും, ഏറ്റവും ഉന്നതവുമായതത്രെ, അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഉപചാരവചനം. അതെ, അല്ലാഹുവിന്‍റെ സലാം. ഇങ്ങിനെയുള്ള മഹാഭാഗ്യവാന്മാരില്‍ കരുണാനിധിയായ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. അവിശ്വാസികളോട് അന്നു ഇപ്രകാരം പറയപ്പെടും:-

36:59
  • وَٱمْتَٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ ﴾٥٩﴿
  • ‘നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍- ഹേ, കുറ്റവാളികളെ!
  • وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ
36:60
  • ۞ أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٠﴿
  • 'നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ- ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌; നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?!
  • أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളിലേക്ക്يَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ്
36:61
  • وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
  • നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?!
  • وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി)യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ

36:62
  • وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ﴾٦٢﴿
  • ’തീര്‍ച്ചയായും, അവന്‍ നിങ്ങളില്‍ നിന്ന് വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു)മനസ്സിരുത്തിയിരുന്നില്ലേ?!
  • وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍ നിന്ന് جِبِلًّا كَثِيرًا
    വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധി കൊടുക്കുക, (മനസ്സിരുത്തുന്ന)വര്‍
36:63
  • هَٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ ﴾٦٣﴿
  • 'ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന 'ജഹന്നം' [നരകം]!-
  • هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന, താക്കീതു ചെയ്യപ്പെട്ടിരുന്ന
36:64
  • ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴾٦٤﴿
  • 'നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റ്കൊള്ളുവിന്‍!!'
  • اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നത് നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക

ഇതായിരിക്കും അന്നു കുറ്റവാളികളായ അവിശ്വാസികളോട് മഹ്ശറില്‍ വെച്ച് പറയപ്പെടുക! ഇതിൽപരം സങ്കടകരമായി മറ്റെന്താണുള്ളത്?! കരുണാനിധിയായ റബ്ബ് നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

يا بني آدم (ആദമിന്റെ മക്കളേ) എന്ന് വിളിച്ചു കൊണ്ട് പിശാചിനെ ആരാധിച്ചു വന്ന അവിശ്വാസികളെ ആക്ഷേപിക്കുന്നത് വളരെ അര്‍ത്ഥഗര്ഭമാണ്. നിങ്ങളുടെ പിതാവായ ആദം മുതൽക്ക് തന്നെ അവന്‍ നിങ്ങളുടെ സ്ഥിരം ശത്രു ആണ്‌; അദ്ധേഹത്തോടും, അദ്ധേഹത്തിന്റെ സന്തതികളായ നിങ്ങളോടും അവനെപറ്റി ഞാന്‍ വളരെ താക്കീതു ചെയ്തിട്ടുമുണ്ട്‌. എന്നിട്ടു പിന്നെയും ഇത്രയധികം ജനസമൂഹത്തെ അവന്‍ പിഴപ്പിച്ചുകളഞ്ഞു. നിങ്ങള്‍ക്കു ബുദ്ധി ഉണ്ടായിരുന്നില്ലേ?! നിങ്ങള്‍ ഒട്ടും ബുദ്ധി കൊടുത്തു ആലോചിച്ചില്ലേ?! എന്നു സാരം. മനുഷ്യപിതാവായ ആദം (അ) നബിക്ക്‌ സുജൂദ്‌ ചെയ്‌വാന്‍ പിശാച് കൂട്ടാക്കാതിരിക്കുകയും, അവനദ്ധേഹത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുവാന്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്ത സംഭവം വിവരിച്ചശേഷം, സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ആദമിന്റെ മക്കളെ, പിശാചു നിങ്ങളുടെ മാതാപിതാക്കളേ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ പോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നു കൊള്ളട്ടെ!

(يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ – الأعراف : ٢٧)

تعبدالشيطان (പിശാചിനെ ആരാധിക്കുക) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശം അവനെ അനുസരിക്കുക (تطعيه) എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത്. അവന്‍റെ ദുഷ്പ്രേരണയില്‍ കുടുങ്ങിയും അതിനെ അനുസരിച്ചുമാണല്ലോ മനുഷ്യന്‍ വഴി പിഴക്കുന്നത്‌. വാസ്തവത്തില്‍, പിശാചിനെ അനുസരിക്കുക മാത്രമല്ല മനുഷ്യന്‍ ചെയ്യാറുള്ളത്. പിശാചിനു- വിഗ്രഹങ്ങൾക്കും മറ്റുമെന്ന പോലെ – യഥാര്‍ത്ഥ ആരാധനാകര്‍മ്മങ്ങള്‍ നടത്തലും ചിലരുടെ പതിവായിരുന്നു. ഇന്നും പതിവുണ്ട് താനും. (സൂ: സബഅ് 41ലും അതിന്‍റെ വിവരണത്തിലും പ്രസ്താവിച്ചത് നോക്കുക) ദേഹേചഛകള്‍ക്കനുസരിച്ചു ജീവിക്കുന്നവനെ പറ്റി “അവന്റെ ഇച്ചയെ അവന്‍ ദൈവമാക്കി” (اتَّخَذَ إِلَٰهَهُ هَوَاهُ) എന്ന് പറയുന്നത് പോലെയുള്ള ഒരു അലങ്കാര പ്രയോഗമാണത്. (“ഇബാദത്തി”ന്‍റെ അർത്ഥം സൂറത്ത് ഫാത്തിഹയുടെ വിവരണത്തില്‍ നോക്കുക.”)

36:65
  • ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ ﴾٦٥﴿
  • ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും
  • الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്ര വെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്ക് وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക)യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തു കൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക

കുറ്റവാളികള്‍ മഹ്ശറയില്‍ വെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ചു നോക്കും. അപ്പോള്‍ അല്ലാഹു അവരുടെ വായകള്‍ക്ക് മുദ്ര വെക്കുകയും, അവരുടെ അവയവങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷി പറയുകയും ചെയ്യും. കൈകാലുകളെ കുറിച്ച് മാത്രമാണ് ഇവിടെ പ്രസ്ഥാവിചിട്ടുള്ളതെങ്കിലും അവരുടെ മറ്റു അവയവങ്ങളെല്ലാം തന്നെ അവാ ഓരോന്നും പ്രവര്‍ത്തിച്ച കുറ്റങ്ങളെ ഏറ്റു പറയുന്നതാണെന്നും ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും വ്യക്തമായിട്ടുള്ളതാണ്. ഓരോരുത്തന്റെയും ചെയ്തികള്‍ അണുവോളം തെറ്റാതെ അറിയുന്ന അല്ലാഹുവാണ്‌ ആ കോടതിയിലെ വിധി കര്‍ത്താവ്‌. ഓരോവ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും മറ്റും സാക്ഷ്യങ്ങള്‍ ഇതിനു പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങള്‍ തെളിയിച്ചു അല്ലാഹു അവരെ ബോധ്യപ്പെടുതുന്നതാകുന്നു.

മഹ്ശറയില്‍ വെച്ച് മുശ്രിക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍, സൂറത്ത് അന്‍ആമില്‍ അല്ലാഹു പറയുന്നു

ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ – الانعام ٢٣

(പിന്നീട് അവരെകൊണ്ടുള്ള കുഴപ്പം, “ഞങ്ങളുടെരക്ഷിതാവായ അല്ലാഹു തന്നെ സത്യം! ഞങ്ങള്‍ മുശ്രിക്കുകള്‍ ആയിരുന്നില്ല.” എന്ന് അവര്‍ പറയുന്നതല്ലാതെ മറ്റൊന്നുമല്ല.)അല്ലാഹുവിന്റെ ശത്രുക്കളാകുന്ന കുറ്റവാളികൾ നരകത്തിന്റെ അടുക്കലേക്കു കൊണ്ട് വരപ്പെടുന്ന സന്ദര്‍ഭം വിവരിച്ചുകൊണ്ട് സൂറത്ത് ഹാമീം സജദയില്‍ ഇപ്രകാരം പറയുന്നു;

حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ-

وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا ۖ قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ

(അങ്ങിനെ. അവര്‍ അതിനടുത് വരുമ്പോള്‍, അവരുടെ കേള്‍വിയും കാഴ്ചകളും, (ചെവിയും കണ്ണും) തൊലികളും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്). നിങ്ങള്‍ എന്തിനാണ് നമുക്കെതിരില്‍ സാക്ഷി പറയുന്നത്?!’ എന്ന് അവര്‍ തങ്ങളുടെ തൊലികളോട് ചോദിക്കും. അവ പറയും; “എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കയാണ്.” (41:20, 21)

നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: ‘ഖിയാമത്തുനാളില്‍ അടിയാന്‍ -മനുഷ്യന്‍-‘ എനിക്ക് എന്നില്‍ നിന്നല്ലാതെ (പുറമേ നിന്ന്) സാക്ഷി ലഭിക്കുവാനില്ല’ എന്ന് പറയും. അപ്പോള്‍, അല്ലാഹു അവന്‍റെ വായില്‍ മുദ്ര വെക്കും. അവന്‍റെ അംഗങ്ങളോട് സംസാരിക്കുവാന്‍ പറയും. അങ്ങനെ അവര്‍ ചെയ്ത പ്രവൃത്തികളെ പറ്റി അവ സംസാരിക്കും. പിന്നീട് അവനു സംസാരിക്കുവാന്‍ അവസരം കൊടുക്കും. അപ്പോള്‍ അവന്‍ അവയോടു പറയും: നിങ്ങള്‍ക്ക് വിദൂരം! നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവല്ലോ (ഇഹത്തില്‍ വെച്ച്) ഞാന്‍ ചെറുത്തു പോന്നിരുന്നത്!’ (മുസ്‌ലിം)

മഹ്ശറില്‍ വെച്ച് അവയവങ്ങള്‍ സാക്ഷി പറയുമെന്ന് പറഞ്ഞത് യഥാര്‍ത്ഥം തന്നെയാണെന്നും, അത് കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപറഞ്ഞതില്‍ നിന്നും വ്യക്ത്തമാണ്. പക്ഷെ ചിലരുടെ യുക്തിക്ക് അതിലെന്തോ പന്തികേട്‌ തോന്നിയത് കൊണ്ടായിരിക്കാം അവര്‍ ഇത് സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളെ വളച്ചു തിരിച്ചു വ്യാഖ്യാനിക്കാറുള്ളത്. ഹാമീം സജദയില്‍ നിന്ന് മേലുദ്ധരിച്ച വചനത്തില്‍ തന്നെ, വാസ്തവത്തില്‍ അവര്‍ക്ക് മറുപടിയുണ്ട്. ഇതിനെപ്പറ്റി ആ സൂറത്തില്‍ വെച്ച് നമുക്ക് കൂടുതല്‍ വിവരിക്കാം. إن شاء الله

36:66
  • وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ ﴾٦٦﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചു കളയുകയും,
    അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്ക് മുന്നോട്ടു വരാന്‍ ശ്രമിക്കയും
    ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്ക് കണ്ണ് കാണുന്നത്?!
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചു കളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടു വരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്ക് فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക
36:67
  • وَلَوْ نَشَآءُ لَمَسَخْنَٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَٰعُوا۟ مُضِيًّا وَلَا يَرْجِعُونَ ﴾٦٧﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു
    വെച്ച് തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു.അപ്പോള്‍ അവര്‍ക്ക് (മുമ്പോട്ടു)
    പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ
    مَكَانَتِهِمْ അവരുടെ സ്ഥാനത്തു വെച്ചു തന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്ക് സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല

അവരുടെ ആന്തരികമായ കണ്ണു -മാനസികദൃഷ്ടി- ഉപയോഗിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ഇത്രയും ദുഷിച്ചത്‌. അതുപോലെ, ഇഹത്തില്‍ വെച്ചുതന്നെ അവരുടെ ബാഹ്യമായ കണ്ണുകളെയും കാഴ്ചയില്ലാതാക്കുവാനും, അങ്ങനെ വഴി കാണാതെ തപ്പിപ്പിടിച്ചു നടക്കുമാറാക്കുവാനും അല്ലാഹുവിനു പ്രയാസമില്ല. വേണമെങ്കില്‍, അവരുടെ രൂപം പെട്ടെന്ന് മാറ്റി അവര്‍ക്ക് വരാനും പോകാനും കഴിയാത്തവണ്ണം മറ്റേതെങ്കിലും വികൃതരൂപം നല്‍കുവാനും അവനു കഴിയും. പക്ഷെ, അതൊന്നും ചെയ്യാതെ അവരുടെ പാട്ടിനു വിട്ടുകൊടുത്തിരിക്കുന്നത് അവന്‍റെ കാരുണ്യം കൊണ്ടായിരുന്നു എന്ന് സാരം.

വിഭാഗം - 5

36:68
  • وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ ﴾٦٨﴿
  • ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സു നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്കു (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടേ?!
  • وَمَنْ ആര്‍, യാതൊരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സു നല്‍കുന്നു(വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു, തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി (പ്രകൃതി)യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധി കൊടുക്കുന്നില്ലേ

മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃതിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്ഥ്യവും എല്ലാംതന്നെ ദുര്‍ബ്ബലമാകുന്നു. എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. ഇതെല്ലാം ആലോചിച്ചാല്‍, അല്ലാഹുവിന് അവന്റെ കാഴ്ച നഷ്ടപ്പെടുത്തുവാനും, രൂപം മാറ്റുവാനും – എന്നുവേണ്ട, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്‌വാന്‍- കഴിയുമെന്നു മനസ്സിലാക്കാവുന്നതാണ് وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ (നിങ്ങളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങള്‍ കണ്ടറിയുന്നില്ലേ!)

36:69
  • وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ ﴾٦٩﴿
  • അദ്ദേഹത്തിന്നു [നബിക്കു] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അതു ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു 'ഖുര്‍ആനും' [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല.
  • وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അതു യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണഗ്രന്ഥവും مُبِينٌ വ്യക്തമായ, വ്യക്തമാക്കുന്ന
36:70
  • لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ﴾٧٠﴿
  • ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു).
  • لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു)ള്ളവന്‍ وَيَحِقّ ന്യായമാകു(സ്ഥിരപ്പെടു)വാനും الْقَوْلُ വചനം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു കവിയാണെന്നു അവിശ്വാസികള്‍ പറഞ്ഞുവന്നിരുന്നതിനെ ഖണ്ഡിക്കുന്നതാണ് ഈ വചനങ്ങള്‍. തിരുമേനി കവിത രചിക്കാറില്ല, അവിടുത്തേക്ക്‌ കവിതാവാസനയോ പരിചയമോ ഇല്ല. അതെ, അല്ലാഹു തിരുമേനിക്കു കവിത പഠിപ്പിച്ചിട്ടില്ല. (وَمَا عَلَّمْنَاهُ الشِّعْرَ) എന്നാല്‍, അതു തിരുമേനിയുടെ സ്ഥിതിക്കു യോജിച്ചതും, ചേര്‍ന്നതുമാണോ? അതുമല്ല (وَمَا يَنبَغِي لَهُ) എന്നിരിക്കെ, ഖുര്‍ആനെപ്പറ്റി കവിതയെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപറ്റി കവിയെന്നും പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അല്ലാഹുവിങ്കല്‍നിന്നു ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ഒരു പ്രമാണ (ذِكْرٌ) വും, പാരായണം ചെയ്യപ്പെടേണ്ടതും, അതിനു തികച്ചും സൗകര്യപ്പെട്ടതും, ധാരാളമായി പാരായണം നടത്തപ്പെടുന്നതുമായ പാരായണഗ്രന്ഥ (قُرْآنٌ) വുമാണത്. അല്ലാതെ മറ്റൊന്നുമല്ല. അവിശ്വാസമാകുന്ന മഹാവ്യാധിനിമിത്തം ഹൃദയം നിര്‍ജ്ജീവമായിത്തീരുകയും, ഐഹിക താല്‍പര്യങ്ങളില്‍ മതിമറന്ന് ആത്മീയചൈതന്യം നശിച്ചു പോകുകയും ചെയ്യാതെ, ജീവസ്സോടെ ഇരിക്കുന്ന എല്ലാവരെയും ഭാവിയില്‍ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി താക്കീതു ചെയ്തു രക്ഷാമാര്‍ഗ്ഗം കാണിച്ചുകൊടുക്കുക, അവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ശിക്ഷിക്കുന്നതിനു ന്യായം സ്ഥാപിക്കുക, ഇതാണതിന്റെ ലക്ഷ്യം.

ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ ചൊല്ലിനോക്കുകയുണ്ടായിട്ടുണ്ട്. എങ്കിലും, പദ്യത്തിന്റെ വടിവൊപ്പിച്ചുകൊണ്ട് ശരിക്കു നിര്‍വ്വഹിക്കുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നില്ല എന്നു ഹദീസുഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഒരിക്കല്‍ തിരുമേനി ഒരു വരി പദ്യം ചൊല്ലിയതു ശരിയാകാതെ കണ്ടപ്പോള്‍, അബൂബക്കര്‍ (رضي الله عنه) ഇങ്ങിനെ പറയുകയുണ്ടായി: ‘അവിടുന്നു അല്ലാഹുവിന്റെ റസൂലാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ അങ്ങേക്കു കവിത പഠിപ്പിച്ചിട്ടില്ല; അതങ്ങേക്കു യോജിക്കുന്നതുമല്ല’.

(أشهد انك رسول الله ما علمك الشعر وما ينبغي لك – ابن أبي حاتم وغيره)

കവിതകളില്‍ ഉപയോഗപ്രദമായതും, ദോഷരഹിതമായതും ഇല്ലെന്നില്ല. പലപ്പോഴും ഒരു കവിത വളരെ നല്ല കാര്യങ്ങള്‍ സാധിതമാക്കുവാന്‍ പര്യാപ്തമായെന്നും വരാം. പക്ഷേ, പൊതുവില്‍, കവികളുടെ പാടവത്തിനും, അവരുടെ പ്രശസ്തിക്കും നിദാനം, കവിതയുടെ ഏതെങ്കിലും വശത്തിലുള്ള അതിരുകവിച്ചലായിക്കാണാം മനസ്സാക്ഷിക്കും, യാഥാര്‍ത്ഥ്യത്തിനും വ്യത്യാസം വരുത്താതെ, പരിതസ്ഥിതിക്കും സന്ദര്‍ഭത്തിനും അനുസരിച്ചു വസ്തുതകളില്‍ മാറ്റം സ്വീകരിച്ചുകൊണ്ടല്ലാതെ, വിഷയത്തില്‍ നീക്കുപോക്കു കൂടാതെ, നേര്‍ക്കുനേരെ കൈകാര്യം ചെയ്യപ്പെടുന്ന കവിതകള്‍ക്കു കവിതാലോകത്തു സ്ഥാനമുണ്ടാകുകയില്ല. ആശയത്തെക്കാള്‍ ഭാഷക്കും, യാഥാര്‍ത്ഥ്യത്തെക്കാള്‍ ഭാവനക്കും, വിജ്ഞാനത്തെക്കാള്‍ വികാരത്തിനുമാണ് കവിതയില്‍ മുന്‍ഗണന. കവിയുടെ വാസനക്കും, ഭാവനക്കും അനുസരിച്ചായിരിക്കും ചിത്രീകരണം. أعذب الشعر أكذبه (കവിതയില്‍വെച്ച് കൂടുതല്‍ ആസ്വാദ്യമായതു അതില്‍വെച്ചു കൂടുതല്‍ കളവായതാണ്) എന്നൊരു ആപ്തവാക്യം പോലും ഉടലെടുത്തതു ഇക്കാരണത്താലാണ്. പ്രവാചകത്വവും, കവിത്വവും തമ്മില്‍ യോജിപ്പും, ചേര്‍ച്ചയും ഇല്ലാതിരിക്കുവാന്‍ കാരണവും അതാണ്‌. കവിതാ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടുപോലും, അതു പ്രകടിപ്പിക്കുവാന്‍ ചില മഹാന്മാര്‍ മുന്നോട്ടു വരാതിരുന്നതും ഇതുകൊണ്ടായിരുന്നു. (*) (കവിതയെക്കുറിച്ചും, അതില്‍ നല്ലതിനെയും, ചീത്തയായതിനെയും സംബന്ധിച്ചും സൂ: ശുഅറാഅ് 224 – 227 വചനങ്ങളിലും, അവയുടെ വിവരണത്തിലും വായിച്ചതു ഓര്‍ക്കുക.)


(*) മീര്‍സാഗുലാം അഹ്മദ് ഖാദിയാനി താനൊരു പ്രവാചകനാണെന്നു വാദിച്ചിരുന്ന ആളാണല്ലോ. എന്നിട്ടും, തന്റെ ചില കൃതികളില്‍ കുറെ പരുക്കന്‍ കവിതകള്‍ ഉള്‍കൊള്ളുന്നതും, ചിലതില്‍ തന്റെ എതിരാളികളെ താനുമായി കവിതാമത്സരത്തിനു വെല്ലുവിളിക്കുന്നതും കാണുമ്പോള്‍ നമുക്കു ആശ്ചര്യം തോന്നും. പക്ഷേ, ഒരു സാധാരണക്കാരന്റെ അന്തസ്സിനും, മാന്യതക്കും പോലും നിരക്കാത്ത ചില പ്രസ്താവനകളും, പ്രയോഗങ്ങളും ആ കൃതികളില്‍ സാധാരണമാണെന്നോര്‍ക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ലതാനും.


അല്ലാഹുവിന്റെ ഏകത്വമാകുന്ന ‘തൗഹീദ്’,സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമ്മേളിക്കപ്പെടുന്ന ‘ഹശ്ര്‍’, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യമാകുന്ന ‘രിസാലത്തു’ (التوحيد، الحشر، الرسالة) എന്നിവയെപ്പറ്റി പലതും പ്രസ്താവിച്ചശേഷം, വീണ്ടും തൗഹീദിന്റെ ചില ദൃഷ്ടാന്തങ്ങള്‍കൂടി ഉണര്‍ത്തുന്നു:

36:71
  • أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًا فَهُمْ لَهَا مَٰلِكُونَ ﴾٧١﴿
  • അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു.
  • أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളതു لَهُمْ അവര്‍ക്കുവേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَ നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവക്കു مَالِكُونَ ഉടമസ്ഥന്‍മാരാണ്
36:72
  • وَذَلَّلْنَٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴾٧٢﴿
  • അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍നിന്നുതന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു!
  • وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍നിന്നുതന്നെ يَأْكُلُونَ അവര്‍ തിന്നുന്നു
36:73
  • وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴾٧٣﴿
  • അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്കു നന്ദി കാണിച്ചുകൂടെ?!
  • وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَ എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ

കൃഷിവ്യവസായങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലനിലക്കും പങ്കുണ്ട്. എന്നാല്‍, ആടുമാടൊട്ടകങ്ങളാകുന്ന കന്നുകാലികളുടെ സൃഷ്ടിയില്‍ അവര്‍ക്കു യാതൊരു പങ്കുമില്ല. അവ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്. അതോടുകൂടി മനുഷ്യന്‍ അവയുടെ ഉടമസ്ഥത വഹിച്ചുകൊണ്ടിരിക്കുകയും, അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍നിന്നു പാല്‍, തോല്‍, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യന്‍ അല്ലാഹുവിനോടു നന്ദി കാണിക്കേണ്ടതില്ലേ?! നിശ്ചയമായും ഉണ്ട്. പക്ഷേ, മിക്കവരും നന്ദിക്കുപകരം നന്ദികേടു കാണിക്കുകയാണ് ചെയ്യുന്നത്.

36:74
  • وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ ﴾٧٤﴿
  • അല്ലാഹുവിനു പുറമെ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍വേണ്ടി.
  • وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമെ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും
36:75
  • لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴾٧٥﴿
  • അവര്‍ [ആരാധ്യന്മാര്‍]ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്കു സന്നദ്ധ സൈന്യവുമാണ്!
  • لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ്‌ مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട
36:76
  • فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴾٧٦﴿
  • എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.
  • فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും

മേല്‍ വിവരിച്ചതുപോലെയുളള എത്രയോ ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട്- അവര്‍ ചിന്തിക്കുന്നില്ല. അനേകം അനുഗ്രഹങ്ങള്‍ അവര്‍ ആസ്വദിക്കുന്നുണ്ട്- അവര്‍ നന്ദി ചെയ്യുന്നില്ല. തങ്ങളെ സഹായിക്കുവാന്‍ ഒട്ടുംതന്നെ കഴിയാത്തവരെ ദൈവങ്ങളായി സ്വീകരിക്കുകയും, അവയുടെ സന്നദ്ധഭടന്മാരെന്നോണം അവക്കുവേണ്ടി വാദിക്കുവാനും, ചെറുക്കുവാനും ഒരുമ്പെട്ടിരിക്കുകയുമാണ് അവര്‍. അതുകൊണ്ട് കവിയെന്നും കവിതയെന്നും മറ്റും പറഞ്ഞ് ഖുര്‍ആനെയും, സത്യപ്രബോധനത്തെയും അവര്‍ നിരസിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യാകുലപ്പെടേണ്ടതില്ല; എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുണ്ട്‌; വേണ്ടതു അവന്‍ ചെയ്തുകൊള്ളും. എന്നുസാരം. അടുത്ത വചനങ്ങളില്‍ മനുഷ്യനു അവന്റെ സ്വന്തം ദേഹങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-

36:77
  • أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٧٧﴿
  • മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
  • أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി (എതിരാളി)യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ

36:78
  • وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ ﴾٧٨﴿
  • അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ് : 'ആരാണ് (ഈ) അസ്ഥികളെ- അവ ജീര്‍ണ്ണിച്ചതായിരിക്കെ - ജീവിപ്പിക്കുക'?!
  • وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്കു ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണിച്ചതു
36:79
  • قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴾٧٩﴿
  • പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്.
  • قُلْ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
36:80
  • ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ ﴾٨٠﴿
  • അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!
  • الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَ തീ കത്തിക്കുന്നു

സ്വന്തം ഉത്ഭവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് ‘ആരാണ് ഈ എല്ലുകളെല്ലാം ജീര്‍ണ്ണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക’ എന്നു ചോദിക്കുന്ന മനുഷ്യന്‍ എന്തൊരു ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്?! അവനെ നിസ്സാരമായ ഇന്ദ്രിയബീജത്തില്‍നിന്നു സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയല്ലയോ അവന്‍?! അവന്‍ -സഹസൃഷ്ടികളോടു താരതമ്യം ചെയ്തുകൊണ്ടു- അല്ലാഹുവിനു നല്‍കുന്ന ഉപമ എത്രമേല്‍ ചീത്തയാണ്‌?! ആലോചിച്ചു നോക്കുക! ഈ ചോദ്യത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവന്‍തന്നെ രണ്ടാമതും ജീവിപ്പിക്കും.’ ഒന്നാമതായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ അവനു രണ്ടാമതുണ്ടാക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ. മര്‍ക്കടമുഷ്ടിയില്ലാത്തവര്‍ക്കു ഈ മറുപടിയെ നേരിടുവാന്‍ സാധ്യമല്ല തന്നെ.

മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ) ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍.

പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും’, അഫാറും’ (المرخ والعفار). ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക!

36:81
  • أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴾٨١﴿
  • ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്.
  • أَوَلَيْسَ الَّذِي യാതൊരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍തന്നെ الْخَلَّاقُ മഹാ സൃഷ്ടാവും (വലിയ സൃഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ
36:82
  • إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴾٨٢﴿
  • നിശ്ചയമായും അവന്റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് 'ഉണ്ടാവുക' എന്നു പറയുകയേവേണ്ടു - അപ്പോഴത് ഉണ്ടാകുന്നതാണ്.
  • إِنَّمَا أَمْرُهُ നിശ്ചയമായും അവന്റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴതു ഉണ്ടാകും

പല ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാര്‍ത്ഥ്യം -യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ യാഥാര്‍ത്ഥ്യം- എടുത്തുകാട്ടികൊണ്ടു ആ വാദത്തിന്റെ അങ്ങേഅറ്റത്തെ മൌഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സൃഷ്ടാവും നിയന്താവുമാണവന്‍. ഏതൊരുകാര്യവും അതെത്ര വമ്പിച്ചതാവട്ടെ – ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിക്കുമ്പോഴേക്കും അതു അസ്തിത്വം കൊള്ളുന്നു. അപ്പോള്‍, നിസ്സാരനായ മനുഷ്യനെപ്പോലുള്ളവരെ ഒന്നാമതു ജീവിപ്പിക്കുവാനോ രണ്ടാമതു ജീവിപ്പിക്കുവാനോ അവനു സാധിക്കുകയില്ലെന്നു കരുതുന്നവനെക്കാള്‍ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്‌?!

36:83
  • فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ ﴾٨٣﴿
  • അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
  • فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന്നു കീര്‍ത്തനം بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

ഈ സൂറത്തില്‍ ഇതുവരെയുള്ള സൂക്തങ്ങളില്‍ പ്രതിപാദിച്ച തത്വങ്ങളുടെ രത്നസാരമാണ് ഈ ചെറിയ സമാപനസൂക്തം ഉള്‍കൊള്ളുന്നത്. അതെ, എല്ലാ വസ്തുക്കളുടെയും ഉടമസ്ഥതയും, കൈകാര്യകര്‍ത്തൃത്വവും അല്ലാഹുവിനുള്ളതാണ്; അവിശ്വാസികളും നിഷേധികളും ജല്‍പിക്കുന്ന എല്ലാ ജല്‍പനങ്ങളടക്കമുള്ള സകലവിധ പോരായ്മയില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധനാണ്‌; എല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുകയും, അവന്റെ രക്ഷാശിക്ഷകള്‍ക്കു വിധേയരാകുകയും ചെയ്യും. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ അങ്ങേഅറ്റം ഉത്തമനും ഉല്‍കൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ്‌ അവനെ ഇങ്ങേഅറ്റം അധമനും നികൃഷ്ടനുമാക്കുന്നതും.

രണ്ടുമൂന്നു ദശവത്സരങ്ങള്‍ക്ക് മുമ്പത്തെ ശാസ്ത്രീയാഭിപ്രായമനുസരിച്ച് ഈ അഖിലാണ്ഡത്തിന്റെ ഏകദേശ വിസ്തൃതി ഇപകാരം കണക്കാക്കപ്പെട്ടിരിക്കുന്നു: ഒരു മിടിയിട (സെകന്‍റു) കൊണ്ട് 1,86,000 നാഴിക വേഗതയില്‍ സഞ്ചരിക്കുന്ന പ്രകാശം, അതിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്കു മദ്ധ്യബിന്ദുവിലൂടെ നേര്‍ക്കുനേരെ എത്തിച്ചേരുവാന്‍ പത്തുകോടികൊല്ലം വേണ്ടിവരും. ഈ കണക്കു കൃത്യവും ശരിയുമാണെന്നു പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണ കഴിവുകള്‍ എത്ര സമര്‍ത്ഥമായിരുന്നാലും ശരി, അവന്റെ ഗോളാന്തരയാത്രകള്‍ എത്ര വിജയകരമായിത്തീര്‍ന്നാലും ശരി, അഖിലാണ്ഡത്തിന്റെ സൂക്ഷ്മമായ കണക്കും കയ്യും അവന്നു കണ്ടുപിടിക്കുവാന്‍ കഴിയുമെന്നു വിചാരിക്കാന്‍ സാധ്യമല്ല. ഒരു കാലത്തു മനുഷ്യന്‍ അവയെല്ലാം ചുറ്റിസഞ്ചരിക്കുമെന്നു ഊഹിക്കുവാനും സാധ്യമല്ല. മേൽകണ്ട കണക്കു ഏറെക്കുറെ ശരിയാണെന്നുവെക്കുക: എന്നാല്‍ തന്നെയും, അതിലടങ്ങുന്ന വാനങ്ങള്‍, അവയിലെ കോടാനുകോടി നക്ഷത്രങ്ങള്‍, നിരവധി സൗരയൂഥങ്ങള്‍, ഓരോന്നിന്റെയും ഉപഗ്രഹങ്ങള്‍ ആദിയായവയും, ഭൂമി, അതിലെ സമുദ്രങ്ങള്‍, പര്‍വതങ്ങള്‍ ആദിയായവയും, മലക്കുകള്‍, മനുഷ്യര്‍ തുടങ്ങിയ ജീവികളും, നമുക്കു കാണുവാനോ കേള്‍ക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ലോകാലോകമൊട്ടുക്കും ഈവിധം സൃഷ്ടിച്ചു ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്‍കി നിയന്ത്രിച്ചു നിലനിറുത്തിപ്പോരുന്ന രാജാധിരാജന്റെ രാജാധിപത്യം, ഹാ! എത്ര മഹനീയം!! എത്ര വിസ്തൃതം!!!

فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ

(والحد لله اولً وآخراً وله الفضل والمنة)