ജുസ്ഉ് - 23

36:28
  • ۞ وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ ﴾٢٨﴿
  • അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ ആകാശത്തു നിന്നു നാം ഒരു സൈന്യത്തേയും ഇറക്കിയിട്ടില്ല: നാം (അങ്ങിനെ) ഇറക്കുന്നവരുമല്ല.
  • وَمَا أَنْزَلْنَا നാം ഇറക്കിയിട്ടില്ല عَلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍ مِنْ بَعْدِهِ അദ്ദേഹത്തിന് ശേഷം مِنْ جُنْدٍ ഒരു സേനയും, പട്ടാളവും مِنَ السَّمَاءِ ആകാശത്തുനിന്ന്‍ وَمَا كُنَّا നാം അല്ല, ആയിട്ടുമില്ല مُنْزِلِينَ ഇറക്കുന്നവര്‍
36:29
  • إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ خَٰمِدُونَ ﴾٢٩﴿
  • അതു (ആ സംഭവം) ഒരൊറ്റ ഘോര ശബ്ദമല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. അപ്പോള്‍, അവരതാ (നശിച്ച്) കെട്ടടങ്ങിയവരായിരിക്കുന്നു!
  • إِنْ كَانَتْ അതായിരുന്നില്ല إِلَّا صَيْحَةً ഒരു അട്ടഹാസം (ഘോര ശബ്ദം) അല്ലാതെ وَاحِدَةً ഒറ്റ فَإِذَا هُمْ അപ്പോഴതാ അവര്‍ خَامِدُونَ കെട്ടടങ്ങിയ (നശിച്ച) വരായിരിക്കുന്നു
36:30
  • يَٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٣٠﴿
  • ഹാ! (ആ) അടിയാന്മാരുടെ മേലുള്ള കഷ്ടമേ! അവരുടെ അടുക്കല്‍ ഏതൊരു റസൂല്‍ ചെല്ലുന്നതായാലും അവര്‍ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കുകയല്ലാതെ ചെയ്തിരുന്നില്ല.
  • يَا حَسْرَةً കഷ്ടമേ,സങ്കടമേ عَلَى الْعِبَادِ അടിയാന്മാരുടെ മേലുള്ള مَا يَأْتِيهِمْ അവര്‍ക്ക് വന്നിരുന്നില്ല مِنْ رَسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ദേഹത്തെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കുക

ദൂതന്മാരെ ധിക്കരിക്കുകയും ഉപദേഷ്ടാവിനെ അക്രമിക്കുകയും ചെയ്തതിന്റെ ഫലമായി ആ ജനതയെ അല്ലാഹു വമ്പിച്ച ശിക്ഷ മൂലം നശിപ്പിച്ചു. അതിന്നായി ആകാശത്ത് നിന്ന് ഒരു പട്ടാളത്തെ അയക്കുകയുണ്ടായില്ല, അതിന്റെ ആവശ്യവുമില്ല, അങ്ങിനെ അല്ലാഹുവിനു പതിവുമില്ല. ഒരൊറ്റ ഘോരശബ്ദം മാത്രം ഉണ്ടായി. അതോടെ ആ ജനതയുടെ കഥ കഴിഞ്ഞു! ഇത്രയും വമ്പിച്ച ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വന്നത് ദൈവദൂതന്മാരേയും, ദിവ്യദൗത്യത്തേയും പരിഹസിക്കല്‍ അവര്‍ ഒരു പതിവാക്കിത്തീര്‍ത്തത് കൊണ്ടായിരുന്നു.

36:31
  • أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ ﴾٣١﴿
  • അവരുടെ മുമ്പ് (പല) തലമുറകളില്‍ നിന്നും എത്രയോ നാം നശിപ്പിച്ചിരിക്കുന്നു -അവര്‍ (ആരും) ഇവരിലേക്കു മടങ്ങിവരുന്നില്ല- എന്ന് അവര്‍ക്കു കണ്ടുകൂടെ?!
  • أَلَمْ يَرَوْا അവര്‍ക്ക് കണ്ടുകൂടെ كَمْ أَهْلَكْنَا നാം എത്ര (എത്രയോ) നശിപ്പിച്ചിരിക്കുന്നു എന്ന് قَبْلَهُمْ അവരുടെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്ന് أَنَّهُمْ അവര്‍ ആണെന്ന് إِلَيْهِمْ അവരിലേക്ക്‌ لَا يَرْجِعُونَ മടങ്ങി വരുന്നില്ല

36:32
  • وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٣٢﴿
  • എല്ലാവരും - മുഴുവനുംതന്നെ- നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെടുന്നവരല്ലാതെ ഇല്ല.
  • وَإِنْ كُلٌّ എല്ലാവരുമില്ല لَمَّا جَمِيعٌ മുഴുവനും അല്ലാതെ (ഇല്ല) لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍

മുമ്പ് നശിച്ചുപോയവരാരെങ്കിലും മടങ്ങിവന്ന് മരണശേഷം യാതൊന്നും സംഭവിക്കുവാനില്ലെന്നു ഇവര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടെങ്കില്‍, ഇവര്‍ക്ക് മരണാനന്തരകാര്യങ്ങളെ നിഷേധിക്കാമായിരുന്നു. പക്ഷെ, ആരും മടങ്ങി വരുന്നില്ല, വരുകയുമില്ല. ഒന്നടങ്കം അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാക്കപ്പെടുകയും, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ആരും ഒഴിവില്ല. ഒരു കവി പറഞ്ഞ വാക്യങ്ങള്‍ ശ്രദ്ധേയമാണ്:-

ولو أنّا إذا متنا تركنا * لكان الموت راحةُ كلِّ حيٍّ
ولكنّا إذا متنا بُعثنا * ونسأل بُعدهُ عن كلِّ شيئٍ

(നാം മരണപ്പെട്ടാല്‍ നമ്മെ അതോടെ വിട്ടുകളയുമായിരുന്നുവെങ്കില്‍, മരണം ഓരോ ജീവിക്കും ആശ്വാസമാകുമായിരുന്നു! പക്ഷെ മരിച്ചാല്‍ നാം എഴുന്നേല്‍പ്പിക്കപ്പെടുകയും, എന്നിട്ട് എല്ലാ കാര്യത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമല്ലോ!)

വിഭാഗം - 3

36:33
  • وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ ﴾٣٣﴿
  • അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, നിര്‍ജ്ജീവമായ ഭൂമി, - നാമതിനെ ജീവിപ്പിക്കുകയും, അതില്‍ നിന്നു ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, എന്നിട്ട് അതില്‍ നിന്ന് അവര്‍ തിന്നുകൊണ്ടിരിക്കുന്നു.
  • وَآيَةٌ ഒരു ദൃഷ്ടാന്തമാണ് لَهُمُ അവര്‍ക്കു الْأَرْضُ الْمَيْتَةُ ചത്ത (നിര്‍ജ്ജീവമായ) ഭൂമി أَحْيَيْنَاهَا നാമതിനെ ജീവിപ്പിച്ചിരിക്കുന്നു وَأَخْرَجْنَا مِنْهَا അതില്‍നിന്നു പുറത്തു വരുത്തുക (ഉൽപാദിപ്പിക്കുക)യും ചെയ്തു حَبًّا ധാന്യം فَمِنْهُ എന്നിട്ടതില്‍നിന്നു يَأْكُلُونَ അവര്‍ തിന്നുന്നു, ഭക്ഷിക്കുന്നു
36:34
  • وَجَعَلْنَا فِيهَا جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ ﴾٣٤﴿
  • അതില്‍, ഈത്തപ്പനയുടെയും, മുന്തിരികളുടെയും തോട്ടങ്ങള്‍ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. നീരുറവകളെയും നാമതില്‍ തുറന്നുവിട്ടു;-
  • وَجَعَلْنَا فِيهَا അതില്‍ നാം ഉണ്ടാക്കുകയും ചെയ്തു جَنَّاتٍ തോട്ടങ്ങള്‍ مِنْ نَخِيلٍ ഈത്തപ്പനയാല്‍, (ഈത്തപ്പനയുടെ) وَأَعْنَابٍ മുന്തിരികളായും وَفَجَّرْنَا നാം തുറന്നു വിടുക(പിളര്‍ത്തിയുണ്ടാക്കുക)യും ചെയ്തു فِيهَا അതില്‍ مِنَ الْعُيُونِ നീരുരവകളില്‍നിന്നും
36:35
  • لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ ﴾٣٥﴿
  • അതിന്റെ ഫലങ്ങളില്‍നിന്നും, തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ക്കു തിന്നുവാന്‍ വേണ്ടി(യാണ് അതെല്ലാം), അപ്പോള്‍, അവര്‍ക്കു നന്ദി കാണിച്ചുകൂടേ?!
  • لِيَأْكُلُوا അവര്‍ക്ക് തിന്നുവാന്‍ مِنْ ثَمَرِهِ അതിന്റെ ഫലത്തില്‍നിന്നും وَمَا യാതൊന്നില്‍ നിന്നും عَمِلَتْهُ അതു പ്രവര്‍ത്തിച്ചുണ്ടാക്കി أَيْدِيهِمْ അവരുടെ കൈകള്‍ أَفَلَا يَشْكُرُونَ അപ്പോള്‍ അവര്‍ നന്ദി കാണിക്കുന്നില്ലേ, കാണിച്ചുകൂടേ!

36:36
  • سُبْحَٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ ﴾٣٦﴿
  • എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളവന്‍ മഹാ പരിശുദ്ധനത്രെ! (അതെ) ഭൂമി ഉല്‍പാദിപ്പിക്കുന്നതില്‍നിന്നും, അവരുടെ ദേഹങ്ങളില്‍നിന്നും, അവര്‍ക്ക് അറിഞ്ഞുകൂടാത്തവയില്‍നിന്നും (ഇണകളെ സൃഷ്ടിച്ചവന്‍)
  • سُبْحَانَ الَّذِي യാതൊരുവന്‍, മഹാപരിശുദ്ധന്‍ خَلَقَ الْأَزْوَاجَ ഇണകളെ സൃഷ്ടിച്ച كُلَّهَا അവയെല്ലാറ്റിനെയും مِمَّا تُنْبِتُ ഉല്‍പാദിപ്പിക്കുന്നവയില്‍ നിന്നു الْأَرْضُ ഭൂമി وَمِنْ أَنْفُسِهِمْ അവരുടെ ദേഹങ്ങളില്‍നിന്നും وَمِمَّا യാതൊന്നില്‍ നിന്നും لَا يَعْلَمُونَ അവര്‍ അറിയാത്ത

അറേബ്യായിലെ പ്രധാന ഉല്‍പന്നവും, അറബികള്‍ക്കു കൂടുതല്‍ പരിചിതവുമാണ് ഈന്തത്തോട്ടങ്ങളും, മുന്തിരിത്തോട്ടങ്ങളും. അതുകൊണ്ടാണ് അവയെ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. എല്ലാതരം കൃഷിവിഭവങ്ങളും ‘കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതി’ല്‍ ഉള്‍പ്പെടുന്നു. പ്രത്യക്ഷത്തില്‍ അവ മനുഷ്യന്റെ പ്രയത്നഫലങ്ങളാണെങ്കിലും, അവ മുളക്കുന്നതും, വളരുന്നതും, വിളയുന്നതുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണല്ലോ, അതു കൊണ്ടു ഓരോന്നിലും മനുഷ്യന്‍ അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കേണ്ടതുണ്ട്.

(1) സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, ജീവജന്തുക്കള്‍ തുടങ്ങിയ എല്ലാ വര്‍ഗ്ഗത്തിലും – മനുഷ്യരില്‍തന്നെയും – വിവിധ വിഭാഗങ്ങളും, തരങ്ങളും ഉള്‍കൊള്ളുന്നു. ഓരോന്നിലും ഏതെല്ലാം ഇനങ്ങളാണുള്ളതെന്നു തിട്ടപ്പെടുത്തുവാന്‍പോലും മനുഷ്യനു സാധ്യമല്ല. മനുഷ്യന്റെ അറിവിലും ശ്രദ്ധയിലും പെടാത്ത വസ്തുക്കളും, അവയിലെ തരാതരങ്ങളും ഇതിനു പുറമെയും ഇതെല്ലാം സൃഷ്ടിച്ചുണ്ടാക്കി നിലനിറുത്തിപ്പോരുന്ന സൃഷ്ടാവ് അതിമഹാന്‍ തന്നെ! ഈ കണക്കറ്റ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍ അവന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും, മഹത്വത്തെ കീര്‍ത്തനം ചെയ്‌വാനും ബാധ്യസ്ഥനല്ലേ?! നിശ്ചയമായും അതെ.


(1) 35-ാം ആയത്തില്‍ لِيَأْكُلُوا مِنْ ثَمَرِهِ (അതിന്റെ ഫലങ്ങളില്‍നിന്നു അവര്‍ക്കു തിന്നുവാന്‍വേണ്ടി എന്നതിനോടു ചേര്‍ത്തു (عطف) കൊണ്ടാണ് وَمَا عَمِلَتْهُ أَيْدِيهِمْ (തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും) എന്ന വാക്കു നിലകൊള്ളുന്നതു എന്ന അഭിപ്രായമനുസരിച്ചത്രെ മുകളില്‍ വായിച്ച അതിന്റെ പരിഭാഷയും വ്യാഖ്യാനവും. രണ്ടാമത്തെ വാക്ക് (وَمَا عَمِلَتْهُ أَيْدِيهِمْ) ഒന്നാമത്തേതിനോടു ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നു അതിലെ مَا എന്ന പദം ‘ഇല്ല’ എന്ന അര്‍ത്ഥത്തിലുള്ള നിഷേധത്തിന്റെ അവ്യയമാണെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. അപ്പോള്‍ അതിന് ഇങ്ങിനെ അര്‍ത്ഥമായിരിക്കും: ‘അതിനെ അവരുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിട്ടുമില്ല,’ അതായതു അവര്‍ക്കു തിന്നുവാനുള്ള ആ ഫലങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയതു അല്ലാഹു മാത്രമാണ് – അവരുടെ പ്രവര്‍ത്തികൊണ്ടല്ല അതുണ്ടായത്‌ – എന്നു സാരം. മുഹമ്മദ്‌ അമാനി.

36:37
  • وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ ﴾٣٧﴿
  • അവര്‍ക്കൊരു ദൃഷ്ടാന്തമാണ് രാത്രിയും;- നാം അതില്‍നിന്ന് പകലിനെ ഉരിച്ചെടുക്കുന്നു. അപ്പോള്‍ അവരതാ, ഇരുട്ടില്‍പ്പെട്ടവരാകുന്നു!
  • وَآيَةٌ لَهُمُ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് اللَّيْلُ രാത്രി نَسْلَخُ مِنْهُ അതില്‍നിന്നും നാം ഉരിച്ചെടുക്കുന്നു, വേര്‍പ്പെടുത്തുന്നു النَّهَارَ പകലിനെ فَإِذَا هُمْ അപ്പോഴവര്‍ مُظْلِمُونَ ഇരുളടഞ്ഞവരാകുന്നു

36:38
  • وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴾٣٨﴿
  • സൂര്യന്‍ അതിന്റേതായ ഒരു താവളത്തിലേക്കു (അഥവാ നിശ്ചിത അതിര്‍ത്തിയിലേക്കു) ചലിച്ചുകൊണ്ടുമിരിക്കുന്നു. അതു സര്‍വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ (വ്യവസ്ഥ ചെയ്ത്) കണക്കാക്കിയതാണ്.
  • وَالشَّمْسُ സൂര്യനും تَجْرِي നടക്കുന്നു, സഞ്ചരിക്കുന്നു لِمُسْتَقَرٍّ لَهَا അതിന്റെ ഒരു താവളത്തേക്കു ذَٰلِكَ അതു تَقْدِيرُ الْعَزِيزِ പ്രതാപശാലിയുടെ കണക്കാക്കല്‍ (വ്യവസ്ഥ) ആകുന്നു الْعَلِيمِ സര്‍വ്വജ്ഞനായ
36:39
  • وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ ﴾٣٩﴿
  • ചന്ദ്രന്നും തന്നെ, നാം ചില ഭവനങ്ങള്‍ കണക്കാക്കിയിരിക്കുന്നു. അങ്ങനെ, അതു (ഈത്തപ്പനയുടെ) പഴക്കം ചെന്ന കുലത്തണ്ടുപോലെ ആയിത്തീരുന്നു.
  • وَالْقَمَرَ ചന്ദ്രനെയും, ചന്ദ്രന്നും قَدَّرْنَاهُ അതിനെ (അതിനു) നാം കണക്കാക്കിയിരിക്കുന്നു مَنَازِلَ ചില ഭവനങ്ങള്‍, പതനസ്ഥാനങ്ങള്‍ حَتَّىٰ عَادَ അങ്ങിനെ അതു മടങ്ങിവരും (പരിണമിക്കും), ആയിത്തീരുവോളം كَالْعُرْجُونِ (ഈന്തപ്പനയുടെ) കുലത്തണ്ടു (കുലച്ചില്‍) പോലെ الْقَدِيمِ പഴകിയ
36:40
  • لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ ﴾٤٠﴿
  • സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാന്‍ പറ്റുകയില്ല; രാത്രി പകലിനെ മുന്‍കടക്കുന്നതുമല്ല, എല്ലാവരും [ഓരോ ഗ്രഹവും] ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു.
  • لَا الشَّمْسُ സൂര്യനില്ല يَنْبَغِي لَهَا അതിനു യോജിക്കുക, പറ്റുക(യില്ല) أَن تُدْرِكَ അതു പ്രാപിക്കല്‍, കണ്ടുമുട്ടല്‍ ْتُدْرِكَ الْقَمَرَ ചന്ദ്രനെ وَلَا اللَّيْلُ രാത്രിയുമല്ല سَابِقُ النَّهَارِ പകലിനെ മുന്‍കടക്കുന്നതു وَكُلٌّ എല്ലാം, എല്ലാവരും فِي فَلَكٍ ഓരോ സഞ്ചാരമണ്ഡല(പഥ)ത്തില്‍ يَسْبَحُونَ നീന്തുന്നു

ഭൂവിഭവങ്ങളിലടങ്ങിയ ചില ദൃഷ്ടാന്തങ്ങളെക്കുറിച്ചു പറഞ്ഞശേഷം, ആകാശത്തില്‍ കാണാവുന്ന ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടുകയാണ്:

1) ഭൂഗോളത്തിന്റെ അര്‍ദ്ധഭാഗങ്ങളിലായി രാപ്പകലുകള്‍ ഒന്നൊന്നിനെ അനുഗമിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു സ്ഥലത്തുനിന്നു പകല്‍വെളിച്ചത്തെ അല്ലാഹു നീക്കി എടുക്കുന്നുവോ അവിടെ ഇരുട്ടുമൂടി രാത്രിയായിത്തീരുന്നു. ഇതിനെ ആടു മുതലായ ജന്തുക്കളുടെ തോലുരിച്ചു വേര്‍പ്പെടുത്തുന്നതിനോടു ഉപമിച്ചിരിക്കുകയാണ്.

2) സൂര്യന്‍ ചില നിശ്ചിതമാര്‍ഗ്ഗങ്ങളില്‍ കൂടി ഒരു നിശ്ചിത അതിര്‍ത്തിവരെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ദിവസക്കണക്കിലും, മാസക്കണക്കിലും, കൊല്ലക്കണക്കിലും അതിന്റെ സഞ്ചാരത്തിനു കൃത്യമായ ലക്ഷ്യവും മാര്‍ഗ്ഗവുമുണ്ട്. അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള ആ കണക്കും, ചിട്ടയും തെറ്റാതെ അതു സഞ്ചരിച്ചുവരുന്നു. നമ്മുടെ കാഴ്ചയുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പറഞ്ഞത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും ഇപ്പറഞ്ഞതു ശരിതന്നെ. ഭൂമിയെ അപേക്ഷിക്കുമ്പോള്‍ സൂര്യന്‍ ഒരേ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുകയാണെങ്കിലും, സൗരയൂഥം ഒന്നാകെ മറ്റൊരു കേന്ദ്രത്തെ ലക്‌ഷ്യംവെച്ചു – മറ്റനേകം നക്ഷത്രവ്യൂഹങ്ങളെപ്പോലെ – കറങ്ങുന്നുവെന്നാണ് ഗോളശാസ്ത്രസിദ്ധാന്തം.

3) ചന്ദ്രന്നുമുണ്ട് അതിന്റേതായ സഞ്ചാര മാര്‍ഗ്ഗവും, യാത്രാപരിപാടിയും ഓരോ ദിവസവും ചന്ദ്രമുഖം വികസിച്ചോ, സങ്കോചിച്ചോ, കൊണ്ടിരിക്കുന്നു. ചന്ദ്രമാസാരംഭത്തില്‍ ഒന്നാമത്തെ ദിവസം കേവലം ഒരു നേരിയ അര്‍ദ്ധവളയം പോലെ അതു വാനത്തു പ്രത്യക്ഷപ്പെടും. ക്രമേണ വികസിച്ച് വികസിച്ച് ഒരു പൂര്‍ണ്ണവൃത്തമായിത്തീരുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്കുതന്നെ മടങ്ങി അവസാനം ഈത്തപ്പനയുടെ ഉണങ്ങിപ്പഴകിയ കുലത്തണ്ടു പോലെ നേര്‍ത്ത ഒരു വളയമായിത്തീരുന്നു.

4) ഏതെങ്കിലും ക്രമക്കേടോ, പാകപ്പിഴവോ ബാധിച്ച് സൂര്യചന്ദ്രന്മാര്‍ തമ്മില്‍ കൂട്ടിമുട്ടുകയോ, രാത്രി പകലിനെ കവച്ചുവെക്കുകയോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഓരോന്നും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥപ്രകാരം ഒട്ടും കൃത്യ ദോഷം ബാധിക്കാതെ അതതിന്റെ പരിധിയില്‍ നീന്തിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്നും, ശക്തിമഹാത്മ്യത്തിന്നും ഇവ ഓരോന്നിലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. (*).


(*). കൂടുതല്‍ വിവരം അല്‍കഹ്ഫ്‌ : 109 ന്റെയും, അമ്പിയാഉ് : 33ന്റെയും വിവരണത്തില്‍ നോക്കുക.


كُلٌّ فِي فَلَكٍ يَسْبَحُونَ (എല്ലാവരും ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു) എന്ന വാക്യത്തിലെ ക്രിയ (يَسْبَحُونَ) ബഹുവചന രൂപത്തിലും, ബുദ്ധിജീവികളില്‍ മാത്രം ഉപയോഗപ്പെടാറുള്ള രൂപത്തിലുമാണുള്ളത്. സാധാരണ നിലക്കു ഇതിന്‍റെ കര്‍ത്താവ് രണ്ടിലധികം വസ്തുക്കള്‍ അടങ്ങിയതും, അവ ബുദ്ധിജീവികളുമായിരിക്കേണ്ടതുമാണ്. അപ്പോള്‍, സൂര്യനും ചന്ദ്രന്നും മാത്രമല്ല, ഭൂമിയും, രാവും, പകലും എല്ലാംതന്നെ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും, ഇവ ഓരോന്നും ബുദ്ധി വര്‍ഗ്ഗത്തെപ്പോലെ അതതിന്റെ ചലനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നുവെന്നും അതില്‍ സൂചന കാണാം. കൂടാതെ, ‘ചലിക്കുന്നു’ വെന്നോ മറ്റോ പറയാതെ ‘നീന്തുന്നു’ വെന്നു പ്രയോഗിച്ചതും ശ്രദ്ധേയമാകുന്നു.

36:41
  • وَءَايَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ ﴾٤١﴿
  • തങ്ങളുടെ സന്താനങ്ങളെ (സാമാനം) നിറക്കപ്പെട്ട കപ്പലില്‍ നാം വഹിച്ചുകൊണ്ടു പോകുന്നതും അവര്‍ക്കൊരു ദൃഷ്ടാന്തമാണ്.
  • وَآيَةٌ لَهُمْ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് أَنَّا حَمَلْنَا നാം വഹിക്കുന്നത് ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ സാമാനം നിറക്കപ്പെട്ട
36:42
  • وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ ﴾٤٢﴿
  • അതുപോലെയുള്ള വസ്തുക്കളില്‍നിന്നു അവര്‍ക്കു സവാരി ചെയ്യാവുന്ന (പല)തിനെയും അവര്‍ക്കു നാം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.
  • وَخَلَقْنَا لَهُمْ അവര്‍ക്കു നാം സൃഷ്ടിച്ചിരിക്കുന്നു مِنْ مِثْلِهِ അതുപോലെയുള്ളതില്‍നിന്നു مَا يَرْكَبُونَ അവര്‍ സവാരിചെയ്യുന്നതു, വാഹനമേറാവുന്നത്
36:43
  • وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ ﴾٤٣﴿
  • നാം ഉദ്ദേശിക്കുകയാണെങ്കില്‍, അവരെ (സമുദ്രത്തില്‍) നാം മുക്കിക്കളഞ്ഞേക്കും; അപ്പോള്‍ അവര്‍ക്കു (നിലവിളികേട്ട്) സഹായിക്കുന്ന ഒരാളും ഉണ്ടാവുകയില്ല; അവര്‍ രക്ഷപ്പെടുത്തപ്പെടുകയുമില്ല;-
  • وَإِنْ نَشَأْ നാം ഉദ്ദേശിക്കുന്ന പക്ഷം نُغْرِقْهُمْ നാമവരെ മുക്കുന്നതാണ് فَلَا صَرِيخَ അപ്പോള്‍ (നിലവിളിക്കുത്തരം നല്‍കി) സഹായിക്കുന്നവനില്ല لَهُمْ അവര്‍ക്കു وَلَا هُمْ അവരില്ലതാനും يُنْقَذُونَ രക്ഷപ്പെടുത്തപ്പെടും
36:44
  • إِلَّا رَحْمَةً مِّنَّا وَمَتَٰعًا إِلَىٰ حِينٍ ﴾٤٤﴿
  • പക്ഷെ, നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യമായിട്ടും, ഒരു (നിശ്ചിത) സമയംവരേക്കുള്ള ജീവിതസുഖമായിട്ടുമത്രേ (നാമവരെ രക്ഷപ്പെടുത്തുന്നത്).
  • إِلَّا رَحْمَةً പക്ഷേ, കാരുണ്യമായിട്ടു, കാരുണ്യമല്ലാതെ مِنَّا നമ്മില്‍നിന്നുള്ള وَمَتَاعًا (ജീവിത) സുഖവും, ഉപയോഗവും إِلَىٰ حِينٍ ഒരു കാലം (സമയം) വരെ

ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് സമുദ്രത്തില്‍ സഞ്ചരിക്കുവാന്‍ പായക്കപ്പലുകളും, കരയില്‍ സഞ്ചരിക്കുവാന്‍ ഒട്ടകം, കുതിര മുതലായവയുമായിരുന്നു പ്രധാന വാഹനങ്ങള്‍. ഇന്നാകട്ടെ, ഏറ്റവും പരിഷ്കൃത രീതിയിലുള്ള യാന്ത്രിക വാഹനങ്ങളാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. ഇന്നു അവന്റെ യാത്രാമണ്ഡലം, കരയും കടലും മാത്രമല്ല, വായുവും, ഉപരിയാകാശവും കൂടിയാണ്. ഇന്നത്തെ വാഹനങ്ങള്‍ മനുഷ്യ കരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവയുമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യനു അഹങ്കരിച്ചുകൂടാ. അവ കണ്ടുപിടിക്കുവാനുള്ള ബുദ്ധി, നിര്‍മ്മിക്കുവാനുള്ള ഉപകരണങ്ങള്‍, ഉപയോഗപ്പെടുത്തുവാനുള്ള സാഹചര്യങ്ങള്‍ എന്നിവയെല്ലാം അല്ലാഹു നല്‍കിയതും, അവന്‍ സജ്ജമാക്കിക്കൊടുത്തതും മാത്രമാണ്. അതെ, واللهُ خَلَقَكُمْ وَمَا تَعْمَلون – الصافات (നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചതാണ്.)

വാഹനങ്ങള്‍ സുഖകരവും, സുരക്ഷിതവും ആയിരിക്കേണ്ടതിന്നും, യാത്രാപരിപാടിയില്‍ വിഘ്നം നേരിടാതിരിക്കേണ്ടതിനും കാലേക്കൂട്ടിതന്നെ വിവിധ മുന്‍കരുതലുകള്‍ എടുക്കപ്പെടുന്നു. പ്രതിവിധികള്‍ പലതും ആസൂത്രണം ചെയ്യപ്പെടുന്നു. എന്നിട്ടും അവിചാരിതവും, അപ്രതീക്ഷിതവുമായ അത്യാഹിതങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിര്‍മ്മാണത്തിന്റെ വൈദഗ്ദ്ധ്യമോ, നിയന്ത്രണത്തിന്റെ സാമര്‍ത്ഥ്യമോ ഒന്നുംതന്നെ അവിടെ ഉപകരിക്കുന്നില്ല. പുറമെനിന്നുള്ള സഹായവും ലഭ്യമാകുന്നില്ല. സംഭവിക്കുന്നത് അനുഭവിക്കുവാനേ മനുഷ്യനു കഴിയുന്നുള്ളൂ. ഇതെല്ലാം കേവലം സങ്കല്‍പ്പമല്ല. നമ്മുടെ അനുഭവങ്ങളാണ്, കടലിലോ, കരയിലോ, വായുവിലോ, ശൂന്യാകാശത്തിലോ എന്ന വ്യത്യാസംകൂടാതെ, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, അവന്‍ ഉദ്ദേശിച്ചപ്രകാരം എല്ലാം സംഭവിക്കുന്നുവെന്നു മാത്രം. അപ്പോള്‍, ഇങ്ങിനെയുള്ള ആപല്‍സന്ധികളില്‍ അകപ്പെടാതെ രക്ഷപ്പെടുകയെന്നതു മനുഷ്യന്റെ കഴിവിനെയല്ല, അല്ലാഹുവിന്റെ കാരുണ്യത്തെയാണ് യഥാര്‍ത്ഥത്തില്‍ ആശ്രയിക്കുന്നതു എന്നു വ്യക്തമത്രെ.

36:45
  • وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ ﴾٤٥﴿
  • ‘നിങ്ങളുടെ മുമ്പിലുള്ളതും, നിങ്ങളുടെ പിമ്പിലുള്ളതും നിങ്ങള്‍ സൂക്ഷിക്കണം, നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.’ എന്ന് അവരോടു പറയപ്പെട്ടാല്‍ (അവര്‍ തിരിഞ്ഞുകളയുന്നു)!
  • وَإِذَا قِيلَ لَهُمُ അവരോടു പറയപ്പെട്ടാല്‍ اتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ എന്നു مَا بَيْنَ أَيْدِيكُمْ നിങ്ങളുടെ മുമ്പിലുള്ളത് وَمَا خَلْفَكُمْ നിങ്ങളുടെ പിമ്പിലുള്ളതും لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ നിങ്ങള്‍ കരുണചെയ്യപ്പെടും
36:46
  • وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ ﴾٤٦﴿
  • അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട ഏതൊരു ദൃഷ്ടാന്തവും വരുന്നില്ല, അവരതില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ.
  • وَمَا تَأْتِيهِمْ അവര്‍ക്കു വരുകയില്ല مِنْ آيَةٍ ഒരു ദൃഷ്ടാന്തവും مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍പെട്ട رَبِّهِمْ തങ്ങളുടെ റബ്ബിന്റെ إِلَّا كَانُوا അവരാകാതെ عَنْهَا അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന)വര്‍

‘മുമ്പിലുള്ളതു’ എന്നു പറഞ്ഞതു, മുന്‍സമുദായങ്ങള്‍ക്കു ബാധിച്ചതുപോലെയുള്ള ഐഹികശിക്ഷകളും, ‘പിമ്പിലുള്ളതു’ എന്നു പറഞ്ഞതു വരാനിരിക്കുന്ന പരലോകശിക്ഷയുമാകുന്നു.

36:47
  • وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَٰلٍ مُّبِينٍ ﴾٤٧﴿
  • ‘നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍നിന്നു ചിലവഴിക്കുവിന്‍’ എന്ന് അവരോട് പറയപ്പെട്ടാല്‍- (ആ) അവിശ്വസിച്ചവര്‍ വിശ്വസിച്ചിട്ടുള്ളവരോടു പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭക്ഷണം കൊടുക്കുമായിരുന്നവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം കൊടുക്കുകയോ?! നിങ്ങള്‍ സ്പഷ്ടമായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല -‘
  • وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ أَنْفِقُوا ചിലവഴിക്കുവിന്‍ എന്നു مِمَّا رَزَقَكُمُ നിങ്ങള്‍ക്കു നല്‍കിയതില്‍നിന്നു اللَّهُ അല്ലാഹു قَالَ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോടു أَنُطْعِمُ ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ مَنْ ഒരുവര്‍ക്കു, ഒരുവന്നു لَوْ يَشَاءُ اللَّهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ أَطْعَمَهُ അവന്നു ഭക്ഷണം നല്‍കുമായിരുന്നു إِنْ أَنْتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവിലല്ലാതെ مُبِينٍ സ്പഷ്ടമായ

ധനികന്മാരായ പലരിലും ഇന്നും കാണപ്പെടാറുള്ള ഒരു മനോഭാവമാണിത്: സാധുക്കളും, പാവങ്ങളുമായ ആളുകള്‍ക്കു സുഖവും സമ്പത്തും കൊടുക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കാത്തതുകൊണ്ടു അവര്‍ക്കതു ലഭിക്കാത്തതാണ്. ആ സ്ഥിതിക്കു അവര്‍ക്കു ഞങ്ങളെന്തിനു സഹായം നല്‍കണം?! അവര്‍ക്കു വേണമെങ്കില്‍ അല്ലാഹു കൊടുത്തുകൊള്ളുമല്ലോ. ഇതാണവരുടെ നില. സാധുക്കളെ സഹായിക്കുവാനും, സല്‍കാര്യങ്ങളില്‍ ചിലവഴിക്കുവാനും ഉപദേശിക്കുന്നവരോടു ഇതു തുറന്നു പറയുവാനും, അവരെ പരിഹസിക്കുവാനും ധൈര്യപ്പെടുന്നവരും ഇല്ലാതില്ല. ധനം ഒരു പരീക്ഷണം മാത്രമാണ്. അതു ആര്‍ക്കും സ്ഥിരാവകാശമല്ല; അല്ലാഹു തല്‍ക്കാലം അവരുടെ കൈവശം കൊടുത്തിരിക്കുന്നുവെന്നേയുള്ളൂ എന്നൊന്നും അവര്‍ ഓര്‍ക്കുന്നില്ല. ഈ മനോഭാവവും, ഈ ന്യായവാദവും അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കു് യോജിച്ചതല്ലെന്നും, ഇതു അവിശ്വാസികളുടെ സ്വഭാവമാണെന്നും ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.

36:48
  • وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴾٤٨﴿
  • അവര്‍ പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (സംഭവിക്കുക) - നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍?!’
  • وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَٰذَا الْوَعْدُ ഈ വാഗ്ദാനം, വാഗ്ദത്തം إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
36:49
  • مَا يَنظُرُونَ إِلَّا صَيْحَةً وَٰحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴾٤٩﴿
  • ഒരൊറ്റ ഘോരശബ്ദത്തെ അല്ലാതെ അവര്‍ നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നില്ല; അവര്‍ (തര്‍ക്കിച്ച്) വഴക്കു കൂട്ടിക്കൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.
  • مَا يَنْظُرُونَ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നില്ല إِلَّا صَيْحَةً ഒരു ഘോരശബ്ദം(അട്ടഹാസം) അല്ലാതെ وَاحِدَةً ഒരേ, ഒന്നു تَأْخُذُهُمْ അതവരെ പിടികൂടും وَهُمْ അവരായിരിക്കെ يَخِصِّمُونَ തര്‍ക്കിക്കുക, വഴക്കടിച്ചുകൊണ്ടിരിക്കുക
36:50
  • فَلَا يَسْتَطِيعُونَ تَوْصِيَةً وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ ﴾٥٠﴿
  • അപ്പോള്‍, വല്ല ഒസിയ്യത്തും ചെയ്‌വാന്‍ അവര്‍ക്കു സാദ്ധ്യമാകുകയില്ല; അവരുടെ സ്വന്തക്കാരിലേക്കു അവര്‍ മടങ്ങിച്ചെല്ലുകയുമില്ല.
  • فَلَا يَسْتَطِيعُونَ അപ്പോഴവര്‍ക്കു സാധിക്കുകയില്ല تَوْصِيَةً വല്ല ഒസിയ്യത്തിനും وَلَا إِلَىٰ أَهْلِهِمْ അവരുടെ സ്വന്തക്കാരിലേക്കു (കുടുംബത്തിലേക്കു) ഇല്ലതാനും يَرْجِعُونَ അവര്‍ മടങ്ങിച്ചെല്ലും

‘വാഗ്ദാനം’ (ٱلْوَعْدُ) കൊണ്ടുദ്ദേശ്യം ലോകാവസാനസമയമാകുന്നു. മുശ്രിക്കുകള്‍ അന്ത്യനാളില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അതെപ്പോഴാണുണ്ടാകുക എന്ന് അവര്‍ പരിഹാസപൂര്‍വ്വം ചോദിക്കുന്നത്. അതു സംഭവിക്കുന്ന സമയത്തെക്കുറിച്ചല്ല അവര്‍ അന്വേഷിക്കേണ്ടത്; അതു ആര്‍ക്കും അറിയുകയില്ല; അല്ലാഹുവിനു മാത്രമേ അറിയൂ; പക്ഷെ, അതു സംഭവിക്കുന്നതു വളരെ പെട്ടെന്നായിരിക്കും; അവര്‍ അന്യോന്യം തര്‍ക്കിച്ചും വഴക്കടിച്ചും കൊണ്ടിരിക്കുന്നതിനിടയില്‍ -ഒരു മുന്നറിയിപ്പും കൂടാതെ- വമ്പിച്ച ഒരു ഘോരശബ്ദം ഉണ്ടായേക്കും. അത്ര മാത്രം! എല്ലാവരും അതോടെ നാശമടയും അതു വന്നു കഴിഞ്ഞാല്‍, സാധാരണപോലെ വല്ല ഒസിയത്തും ചെയ്‌വാനോ, കുടുംബത്തിലേക്കു പോയിച്ചേരുവാനോ ഒന്നുംതന്നെ ആര്‍ക്കും സാധ്യമല്ല. എന്നൊക്കെയാണ് മറുപടിയുടെ സാരം. അല്ലാഹു പറയുന്നു:

وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ : النحل ٧٧

(അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നതുപോലെയല്ലാതെ മറ്റൊന്നുമല്ല. അഥവാ അതു അതിനെക്കാള്‍ സമീപത്തിലായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്‌. (സൂ: നഹ്ല്‍)

ഒരു ഘോരശബ്ദം (صَيْحَةً) എന്നു പറഞ്ഞതു, ഈ ലോകം അവസാനിക്കുകയും, എല്ലാവരും നാശമടയുകയും ചെയ്യുന്നതിനുള്ള ഒന്നാമത്തെ കാഹളമൂത്തിനെ ഉദ്ദേശിച്ചാകുന്നു. പിന്നീടു പുനരുത്ഥാനത്തിനുവേണ്ടിയുള്ള രണ്ടാമതൊരു ഊത്തും ഉണ്ടാകുന്നതാണ്. ഇതിനെക്കുറിച്ചാണ് അടുത്ത വചനത്തില്‍ ‘കാഹളത്തില്‍ ഊതപ്പെടു’മെന്നും, 53-ാം വചനത്തില്‍ ‘ഒരു ഘോരശബ്ദം’ എന്നും പറഞ്ഞിരിക്കുന്നത്.