സൂറത്തു ഖ്വാഫ് : 30-45
വിഭാഗം - 3
- يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ ﴾٣٠﴿
- 'ജഹന്നമി'നോടു [നരകത്തോടു] 'നീ നിറഞ്ഞുവോ' എന്നു നാം പറയുന്ന ദിവസം! [അന്നാണിതെല്ലാം സംഭവിക്കുക] അതു പറയുകയും ചെയ്യും: '(എനിയും) കൂടുതല്‍ വല്ലതും ഉണ്ടോ?!'
- يَوْمَ نَقُولُ നാം പറയുന്ന ദിവസം لِجَهَنَّمَ ജഹന്നമിനോടു هَلِ امْتَلَأْتِ നീ നിറഞ്ഞുവോ وَتَقُولُ അതു പറയുകയും ചെയ്യും هَلْ ഉണ്ടോ مِن مَّزِيدٍ കൂടുതലായി, വല്ല വര്‍ദ്ധനവും
കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ടു നരകം നിറക്കുമെന്നു അല്ലാഹു മുമ്പ് നിശ്ചയിച്ചിട്ടുണ്ടല്ലോ. (സൂ: സജദഃ 13 നോക്കുക.). കുറ്റവാളികളുടെ ആധിക്യം നിമിത്തമോ, നരകത്തിന്റെ വിശാലക്കുറവു നിമിത്തമോ, ആര്‍ക്കും നരകശിക്ഷയില്‍ നിന്നു ഒഴിവു കിട്ടുവാനില്ല. കുറ്റവാളികളെ മുഴുവനും നരകത്തിലാക്കിക്കഴിഞ്ഞിട്ടു പിന്നെയും നരകം ചോദിക്കും : കൂടുതലായി വല്ലതും ഉണ്ടോ (هَلْ مِن مَّزِيدٍ)?! എന്ന്, അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ സജ്ജനങ്ങളുടെ സ്ഥിതിഗതികള്‍ വിവരിക്കുന്നു:-
- وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ﴾٣١﴿
- ഭയഭക്തന്മാര്‍ക്കു സ്വര്‍ഗ്ഗം അകലത്തല്ലാത്ത വിധം (വളരെ) സമീപത്തു കൊണ്ടുവരപ്പെടുന്നതുമാണ്.
- ُزْلِفَتِ സമീപത്തു കൊണ്ടുവരപ്പെടുകയും ചെയ്യും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവരിലേക്കു غَيْرَ بَعِيدٍ അകലത്തല്ലാതെ
- هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ ﴾٣٢﴿
- (പറയപ്പെടും:) 'ഇതാ നിങ്ങളോടു - (പേടിച്ചു) മടങ്ങുന്നവരും, കാത്തു സൂക്ഷിക്കുന്നവരുമായ എല്ലാവര്‍ക്കും - വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
- هَـٰذَا ഇതാ, ഇതു, ഇതാണ് مَا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതു لِكُلِّ أَوَّابٍ എല്ലാ പേടിച്ചു മടങ്ങുന്നവര്‍ക്കും حَفِيظٍ കാത്തു സൂക്ഷിക്കുന്നവരായ
- مَّنْ خَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ ﴾٣٣﴿
- അതായതു, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും, വിനയം കാണിക്കുന്ന ഹൃദയത്തോടെ വരുകയും ചെയ്തവര്‍ക്ക്.
- مَّنْ خَشِيَ അതായതു പേടിച്ചവര്‍ الرَّحْمَـٰنَ പരമകാരുണികനെ بِالْغَيْبِ അദൃശ്യമായ നിലയില്‍, കാണാതെ وَجَاءَ വരുകയും ചെയ്തു بِقَلْبٍ ഹൃദയത്തോടെ مُّنِيبٍ വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന
കുറ്റവാളികള്‍ നരകശിക്ഷ അനുഭവിക്കുവാനുള്ള കാരണങ്ങള്‍ മേല്‍ ആയത്തുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ , സജ്ജനങ്ങള്‍ക്കു സ്വര്‍ഗ്ഗീയസുഖം ലഭിക്കുവാനുള്ള കാരണങ്ങള്‍ ഈ വചനങ്ങളിലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അതെ, പാപം ചെയ്യാതെ കാത്തുസൂക്ഷിക്കുക, അല്ലാഹുവിനെ പേടിച്ചു മടങ്ങുക, അല്ലാഹുവിനെ അങ്ങോട്ടു കാണുന്നിലെങ്കിളും അവന്‍ ഇങ്ങോട്ടു കാണുന്നുവെന്ന ബോധത്തോടെ അവനെ ഭയപ്പെടുക, അല്ലാഹുവിന്റെ മുമ്പില്‍ നിഷ്കളങ്കമായ വിനയം അര്‍പ്പിക്കുന്ന ഹൃദയമുണ്ടായിരിക്കുക ഇവയാണത്. കുറ്റവാളികളെ നരകത്തിലേക്കു പിടിച്ചിടുവാന്‍ മലക്കുകളോടു കല്പിക്കപ്പെടുന്നു. എന്നാല്‍, സജ്ജനങ്ങളായ പുണ്യവാന്മാരോടു പറയപ്പെടുന്നതു നോക്കുക:-
- ٱدْخُلُوهَا بِسَلَٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ ﴾٣٤﴿
- ('ഹേ, ഭയഭക്തന്മാരെ,) നിങ്ങള്‍ (സമാധാന) ശാന്തിയോടെ അതില്‍ പ്രവേശിക്കുവിന്‍.' അതു സ്ഥിരവാസത്തിന്റെ ദിവസമാകുന്നു. [അന്നു മുതല്‍ സ്ഥിരവാസം ആരംഭിക്കുന്നു]
- ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ, സമാധാനത്തോടെ ذَٰلِكَ അതു يَوْمُ الْخُلُودِ സ്ഥിരവാസത്തിന്റെ ദിവസമാണ്
- لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ ﴾٣٥﴿
- അതില്‍ അവര്‍ എന്ത് ഉദ്ദേശിക്കുന്നുവോ അതു അവര്‍ക്കുണ്ടായിരിക്കും : (മാത്രമല്ല) നമ്മുടെ അടുക്കല്‍ കൂടുതലായുള്ളതും ഉണ്ട്.
- لَهُم അവര്‍ക്കുണ്ടു مَّا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു فِيهَا അതില്‍ وَلَدَيْنَا നമ്മുടെ അടുക്കലുണ്ടുതാനും مَزِيدٌ കൂടുതലായതു, വര്‍ദ്ധനവു
ഏതെങ്കിലും വിധേന അറിവും പരിചയവും ഉള്ളതിനെക്കുറിച്ചു മാത്രമാണല്ലോ മനുഷ്യനു ആഗ്രഹവും ആവശ്യവും തോന്നുക. സ്വര്‍ഗ്ഗത്തിലാകട്ടെ, ഊഹിക്കുവാനോ നിരൂപിക്കുവാനോ പോലും കഴിയാത്ത വസ്തുക്കള്‍ ധാരാളമുണ്ടുതാനും. അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെല്ലാം അവര്‍ക്കു ലഭിക്കുന്നതിനു പുറമെ, അല്ലാഹു അവന്റെ വകയായി കൂടുതല്‍ വേറെയും നൽകുന്നതാകുന്നു എന്നു സാരം. ഈ വചനത്തിലെ അവസാനവാക്യവും, 30-ാം വചനത്തിലെ അവസാനവാക്യവും ഒന്നു ശ്രദ്ധിച്ചുനോക്കുക. കുറ്റവാളികളായ ആളുകളെ എനിയും കിട്ടുവാനുണ്ടോ എന്നു നരകം ചോദിക്കുന്നു. ഇവിടെയാകട്ടെ, സജ്ജനങ്ങളുടെ ഉദ്ദേശങ്ങളെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതിനുപുറമെ എനിയും പല അനുഗ്രഹങ്ങളും കൂടുതല്‍ തരാമെന്നു അല്ലാഹു അവരോടു അങ്ങോട്ടു പറയുകയാണ്.
അല്ലാഹു അവന്റെ വകയായി കൂടുതല്‍ നല്‍കുമെന്നു പറഞ്ഞതിന്റെ വിവക്ഷ അല്ലാഹുവിനെ സന്ദര്‍ശിക്കുകയെന്ന മഹാഭാഗ്യമാണെന്നു ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്. സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലുതായ മറ്റൊരു ഭാഗ്യം ഇല്ലതന്നെ. അല്ലാഹു അരുളിചെയ്തതായി ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിക്കുന്നു: ‘എന്റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്കുവേണ്ടി യാതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്റെ മനസ്സിലും തോന്നിയിട്ടില്ലാത്തതും ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നു.’ പിന്നീടു ഇതിനു തെളിവായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: സജദഃ 17-ാം വചനം ചൂണ്ടിക്കാട്ടുകയും ചെയ്തു. (ബു; മു.) അവര്‍ക്കുവേണ്ടി ഗോപ്യമായി സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുള്ള കണ്‍കുളുര്‍മ്മകളെപ്പറ്റി ആര്‍ക്കും അറിയാവുന്നതല്ല എന്നത്രെ ആ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്.
- وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا۟ فِى ٱلْبِلَٰدِ هَلْ مِن مَّحِيصٍ ﴾٣٦﴿
- ഇവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നു;- അവര്‍ ഇവരേക്കാള്‍ കടുത്ത കയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടു അവര്‍, നാടുകളില്‍കൂടി കരണ്ടുനോക്കി (അഥവാ പരക്കം പാഞ്ഞുകൊണ്ടിരുന്നു). ഓടി രക്ഷപ്പെടുന്ന വല്ല സ്ഥാനവും ഉണ്ടോ?!
- وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ هُمْ അവര്‍ أَشَدُّ مِنْهُم ഇവരെക്കാള്‍ കഠിനമാണ്, ഊക്കന്മാരാണ്, ഊക്കുള്ളവരാണ് بَطْشًا കയ്യൂക്ക് (ശക്തിയില്‍) فَنَقَّبُوا എന്നിട്ട് അവര്‍ കരണ്ടുനോക്കി, പരതിനടന്നു, പരക്കം പാഞ്ഞു فِي الْبِلَادِ നാടുകളില്‍, രാജ്യങ്ങളില്‍ هَلْ ഉണ്ടോ مِن مَّحِيصٍ ഓടിപ്പോകുവാനുള്ള വല്ല (രക്ഷാ) സ്ഥാനവും
نقب (നഖ് -ഖബ) എന്ന വാക്കിനു ‘കരണ്ടു, തുരന്നു, ചുഴിഞ്ഞു നോക്കി, സൂക്ഷ്മ പരിശോധന നടത്തി’ എന്നിങ്ങിനെയും, ‘യഥേഷ്ടം സഞ്ചരിച്ചു, പരതിനടന്നു, അലഞ്ഞുതിരിഞ്ഞു’ എന്നിങ്ങിനെയും അര്‍ഥങ്ങളുണ്ട്. രണ്ടുപ്രകാരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഇവിടെ നല്‍കപ്പെട്ടുകാണാം.
(1) തങ്ങള്‍ക്കു മരണത്തില്‍നിന്നോ ശിക്ഷയില്‍ നിന്നോ വല്ല രക്ഷയും കിട്ടുമോ എന്നു അവര്‍ നാടുകളില്‍കൂടി സഞ്ചരിച്ചു പരതിനോക്കി. പക്ഷേ, രക്ഷാമാര്‍ഗ്ഗമൊന്നും കിട്ടിയില്ല.
(2) അവര്‍ യഥേഷ്ടം ഭൂമിയില്‍കൂടി സ്വൈരവിഹാരം നടത്തിക്കൊണ്ടിരുന്നു. പക്ഷേ, ഒടുക്കം അവര്‍ക്കു വല്ല രക്ഷാകേന്ദ്രവും ലഭിച്ചുവോ? അല്ലെങ്കില്‍ ലഭിക്കുവാനുണ്ടോ? ഇല്ല.
- إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ ﴾٣٧﴿
- നിശ്ചയമായും അതില്‍ [മേല്‍വിവരിച്ചതില്‍] ഓര്‍മ്മിക്കുവാനുളള വകയുണ്ട്, യാതൊരുവന്നു ഹൃദയമുണ്ടോ, അല്ലെങ്കില്‍ (മനഃപൂര്‍വ്വം) സന്നദ്ധനായുംകൊണ്ടു കാതുകൊടുത്തു (കേട്ടു)വോ അങ്ങിനെയുള്ളവന്ന്.
- إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَذِكْرَىٰ ഉപദേശം, സ്മരണ (ഉറ്റാലോചിക്കാന്‍വക) لِمَن യാതൊരുവനു كَانَ لَهُ അവനുണ്ടു, ഉണ്ടായിരിക്കുന്നു قَلْبٌ ഹൃദയം أَوْ أَلْقَى അല്ലെങ്കില്‍ അവന്‍ ഇട്ടു (കൊടുത്തു) السَّمْعَ കേള്‍വി (കാതു-ശ്രദ്ധ) وَهُوَ അവന്‍ (ആയിക്കൊണ്ടു) شَهِيدٌ ഹാജറുള്ളവന്‍, (സന്നദ്ധന്‍)
കാര്യങ്ങള്‍ ഗ്രഹിച്ചറിയുവാനും, ചിന്തിച്ചു മനസ്സിലാക്കുവാനുമുള്ള ബുദ്ധിയോ, തെളിവുകളും ഉപദേശങ്ങളും ശ്രദ്ധാപൂര്‍വ്വം കേട്ടു മനസ്സിരുത്തി ആലോചിച്ചുനോക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവര്‍ക്കു എന്തുതന്നെ കേട്ടാലും, എന്തുതന്നെ കണ്ടാലും അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ.
- وَلَقَدْ خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ﴾٣٨﴿
- ആകാശങ്ങളെയും, ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും ആറുദിവസങ്ങളിലായി നാം സൃഷ്ടിച്ചിട്ടുണ്ട്; (എന്നിട്ടു) യാതൊരു ക്ഷീണവും നമ്മെ തീണ്ടിയിട്ടില്ല.
- وَلَقَدْ خَلَقْنَا നാം സൃഷ്ടിച്ചിട്ടുണ്ടു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ وَمَا مَسَّنَا നമ്മെ സ്പര്‍ശിച്ചതു (തീണ്ടിയതു)മില്ല مِن لُّغُوبٍ ഒരു കുഴക്കും, ക്ഷീണവും
- فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ ﴾٣٩﴿
- എന്നിരിക്കെ, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക. സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക:-
- فَاصْبِرْ എന്നിരിക്കെ (എന്നാല്‍) ക്ഷമിക്കുക عَلَىٰ مَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു قَبْلَ طُلُوعِ الشَّمْسِ സൂര്യോദയത്തിനു മുമ്പു وَقَبْلَ الْغُرُوبِ അസ്തമനത്തിനു മുമ്പും
- وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَٰرَ ٱلسُّجُودِ ﴾٤٠﴿
- രാത്രിയില്‍നിന്നുതന്നെ (കുറച്ചുസമയം) അവനു നീ 'തസ്ബീഹു' ചെയ്യുക; 'സുജൂദി'ന്റെ [സാഷ്ടാംഗനമസ്കാരത്തിന്റെ] പിന്നിലും (ചെയ്യുക).
- وَمِنَ اللَّيْلِ രാത്രിയില്‍നിന്നു (കുറച്ചു) فَسَبِّحْهُ അവനു തസ്ബീഹുചെയ്യുക وَأَدْبَارَ السُّجُودِ സുജൂദിന്റെ പിന്നിലും, അവസാനങ്ങളിലും, പുറകിലും
ആകാശഭൂമികളെ ആറുദിവസങ്ങളില്‍ സൃഷ്ടിച്ചതിന്റെ താൽപര്യത്തെക്കുറിച്ചു സൂ: സജദഃ 4-ാം വചനത്തിലും മറ്റും വിവരിച്ചതു ഓര്‍ക്കുക. തസ്ബീഹുകൊണ്ടു ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നതു നമസ്കാരമാകുന്നു. തസ്ബീഹിനെയും, നമസ്കാരത്തെയും സംബന്ധിച്ചും, അവയ്ക്കു ചില പ്രത്യേകസമയങ്ങള്‍ അല്ലാഹു എടുത്തുപറയുന്നതിലടങ്ങിയ രഹസ്യങ്ങളെക്കുറിച്ചും സൂ: റൂം 17, 18 വചനങ്ങളിലും മറ്റും നാം വിവരിച്ചിട്ടുണ്ട്. സാമാന്യമായി പറഞ്ഞാല്‍, അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ വഴിയും മറ്റും അല്ലാഹുവിനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടുന്ന പ്രധാന സന്ദര്‍ഭങ്ങളെയാണ് അല്ലാഹു – മറ്റു പല ആയത്തുകളിലുമെന്നപോലെ ഇവിടെയും ഉണര്‍ത്തുന്നത്.
السجود (സുജൂദ്) എന്നു പറഞ്ഞതു നമസ്കാരത്തെപ്പറ്റിയാകുന്നു. നമസ്കാരത്തിനു ‘സുജൂദു’ എന്നും, ‘റുകുഉ്’ എന്നും, ‘ഖിയാമ്’ (നിറുത്തം) എന്നും, ‘തസ്ബീഹു’ എന്നുമൊക്കെ ഖുര്‍ആന്‍ പറയാറുണ്ടെന്നു നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. أَدْبَارَ السُّجُودِ എന്ന വാക്കിനു സുജൂദിന്റെ – അഥവാ നമസ്കാരത്തിന്റെ – പിന്നീടു എന്നും, അവസാനത്തില്‍ എന്നും അര്‍ത്ഥം നല്കപ്പെടാറുണ്ട്. രണ്ടും, പരസ്പരവിരുദ്ധമല്ലതാനും. നമസ്കാരത്തിന്റെ അവസാനഭാഗമായ ഇരുത്തത്തിലും, അതില്‍ നിന്നു പിരിഞ്ഞ ഉടനെയും പ്രത്യേകം ദിക്റുകളും പ്രാര്‍ത്ഥനകളും നടത്തേണ്ടതുണ്ടെന്നു നബിചര്യയില്‍നിന്നു വ്യക്തമായി അറിയപ്പെട്ടതാണല്ലോ.
സുബ്ഹു അല്ലാത്ത നിര്‍ബ്ബന്ധ നമസ്കാരങ്ങളുടെശേഷം ചെയ്യേണ്ടുന്നതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയില്‍ നിന്നു അറിയപ്പെടുന്നതുമായ ഐച്ഛിക (‘സുന്നത്തു’) നമസ്കാരങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് അതെന്നും ചിലര്‍ക്കു അഭിപ്രായമുണ്ട്. വാസ്തവത്തില്‍ ഇതെല്ലാം തന്നെ അടങ്ങുന്നതായിരിക്കാം ഈ വാക്യം. الله اعلم
എങ്കിലും – ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ സൂചിപ്പിക്കുന്നതുപോലെ – നമസ്കാരം കഴിഞ്ഞ ഉടനെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഈ വാക്യം ചൂണ്ടിക്കാട്ടുന്നതെന്നു വെക്കുവാന്‍ ഹദീസുകളില്‍ കൂടുതല്‍ ന്യായംകാണുന്നു. ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ പ്രധാന ഹദീസുപണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘മുഹാജിറുകളായ സഹാബികളിലെ ദരിദ്രന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഉന്നതമായ പദവികളും വമ്പിച്ച പ്രതിഫലങ്ങളുമെല്ലാം ധനികന്മാര്‍ കൈക്കലാക്കുന്നുവല്ലോ! ഞങ്ങളെപ്പോലെ നമസ്കാരവും നോമ്പുമൊക്കെ അവരും ചെയ്യുന്നു. അവര്‍ക്കാണെങ്കില്‍ മിച്ചധനങ്ങളുണ്ട്. അതുകൊണ്ട് അവര്‍ ധര്‍മവും സമരവും നടത്തുന്നു?!’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു പറഞ്ഞു : ‘നിങ്ങള്‍ക്കു മുന്‍കടക്കുവാനും, മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ യോഗ്യരല്ലാതാകുവാനും ഞാനൊരു കാര്യം പറഞ്ഞുതരാം: എല്ലാ നമസ്കാരത്തിന്റെയും പിന്നില്‍ മുപ്പത്തിമൂന്നുവീതം തസ്ബീഹും (سبحان الله), ഹംദും (الحمد لله), തക്ബീറും (الله اكبر) ചൊല്ലുക. (*) പിന്നീടു ഇതുകേട്ടു ധനികന്മാരായ തങ്ങളുടെ സഹോദരന്മാരും അപ്രകാരം ചെയ്തുവരുന്നുണ്ടെന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തിചപ്പോള്‍ അവിടുന്നു പറഞ്ഞു: ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ (അതു അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതു നല്‍കുന്നു.) ഇതുപോലെ വേറെയും ഹദീസുകള്‍ കാണാം. ഈ ഹദീസില്‍ നമസ്കാരത്തിന്റെ പിന്നില്‍ എന്നു പറഞ്ഞതു അതിനുശേഷം എന്ന അര്‍ത്ഥത്തിലാണല്ലോ.
(*). മൂന്നുംകൂടി 99 തികഞ്ഞ ശേഷം لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ എന്നു തുടങ്ങുന്ന ദിക്ര്‍ചൊല്ലി 100 തികക്കുകയോ, അല്ലെങ്കില്‍ തക്ബീറിന്റെ വാക്യം 34 ആക്കുകയോ ചെയ്യേണ്ടതാണെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.
- وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ ﴾٤١﴿
- (മനുഷ്യാ) അടുത്തസ്ഥലത്തുനിന്നു വിളിച്ചേക്കുന്ന ഒരാള്‍ വിളിക്കുന്ന ദിവസത്തെ നീ ചെവിയോര്‍ത്തുകൊണ്ടിരിക്കുക!-
- وَاسْتَمِعْ ചെവിയോര്‍ക്കുക, ശ്രദ്ധിച്ചുകേള്‍ക്കുക يَوْمَ يُنَادِ വിളിക്കുന്ന ദിവസം الْمُنَادِ വിളിക്കുന്നവന്‍ مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത
- يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ ﴾٤٢﴿
- അതായതു, (ആ) ഘോരശബ്ദം അവര്‍ [ജനങ്ങള്‍] യഥാര്‍ത്ഥമായി കേള്‍ക്കുന്ന ദിവസം! അതു (ഖബ്റുകളില്‍ നിന്നുള്ള) പുറപ്പാടിന്റെ ദിവസമത്രെ.
- يَوْمَ يَسْمَعُونَ അവര്‍ കേള്‍ക്കുന്ന ദിവസം الصَّيْحَةَ ഘോരശബ്ദം, അട്ടഹാസം بِالْحَقِّ യഥാര്‍ത്ഥമായി (കേള്‍ക്കുന്ന) യഥാര്‍ത്ഥത്തെ സംബന്ധിച്ചു ذَٰلِكَ അതു, അതത്രെ يَوْمُ الْخُرُوجِ പുറപ്പാടിന്റെ (പുറത്തുവരുന്ന) ദിവസം
പുനര്‍ജീവിതത്തിനു വേണ്ടിയുള്ള വിളി, അഥവാ രണ്ടാമത്തെ കാഹളം ഊത്താണ് വിവക്ഷ. ആ ഘോരശബ്ദം എല്ലാവരും ഒരുപോലെ – അവരവരുടെ അടുത്തുനിന്നു തന്നെ വിളിക്കുന്നതുപോലെ – കേള്‍ക്കുന്നതായിരിക്കും.
- إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ ﴾٤٣﴿
- നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; നമ്മുടെ അടുക്കലേക്കുതന്നെയാണ് തിരിച്ചെത്തലും;-
- إِنَّا نَحْنُ നിശ്ചയമായും നാംതന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരിപ്പിക്കുകയും ചെയ്യുന്നു وَإِلَيْنَا നമ്മിലേക്കുതന്നെയാണ് الْمَصِيرُ തിരിച്ചുവരവു, മടങ്ങിയെത്തലും
- يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ ﴾٤٤﴿
- അവര്‍ (പുറത്തുവരുവാന്‍) ബദ്ധപ്പെട്ടുകൊണ്ടിരിക്കെ, അവരില്‍നിന്നു ഭൂമി പിളര്‍ന്നുപോകുന്ന ദിവസം ! അതു, നമ്മുടെമേല്‍ നിസ്സാരമായ ഒരു ഒരുമിച്ചുകൂട്ടലത്രെ.
- يَوْمَ تَشَقَّقُ പിളരുന്ന (പൊട്ടിക്കീറുന്ന) ദിവസം الْأَرْضُ ഭൂമി عَنْهُمْ അവരില്‍നിന്നു سِرَاعًا ബദ്ധപ്പെട്ടവരായ നിലയില്‍ ذَٰلِكَ അതു حَشْرٌ ഒരു ഒരുമിച്ചുകൂട്ടലാണ്, ശേഖരിക്കലാണ് عَلَيْنَا നമ്മുടെമേല്‍ يَسِيرٌ നിസ്സാരമായ, എളിയ
എല്ലാവരും മഹ്ശറിലേക്കു സമ്മേളിക്കുവാനുള്ള ആ വിളി കേള്‍ക്കണ്ട താമസം! എല്ലാവരും ജീവിച്ചെഴുന്നേറ്റു പുറത്തുവരുവാന്‍ ധൃതികൂട്ടുന്നു! ഈ അവസരത്തില്‍ ഓരോരുത്തരും അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പൊട്ടിപ്പിളരുകയും ചെയ്യും. ഇങ്ങിനെ എല്ലാവരെയും ഉയിര്‍ത്തെഴുന്നേല്‍പിച്ചു ഒരേനിലയത്തില്‍ ഒരുമിച്ചുകൂട്ടുകയെന്ന കാര്യം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ടതല്ല; വളരെ നിസ്സാരമത്രെ. സൂ: മആരിജില്‍ അല്ലാഹു പറയുന്നു:
يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ : سورة المعارج :٤٣
(സാരം : ഒരു നാട്ടപ്പെട്ട ഉന്നത്തിലേക്കു ഒഴുകിച്ചെല്ലുന്നുവെന്നോണം അവര്‍ ഖബ്റുകളില്‍ നിന്നു ബദ്ധപ്പെട്ടുകൊണ്ടു പുറത്തുവരുന്ന ദിവസം.)
- نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ ﴾٤٥﴿
- അവര്‍ പറഞ്ഞുവരുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (നബിയേ) നീ അവരുടെമേല്‍ (നിര്‍ബ്ബന്ധം ചെലുത്തുന്ന) ഒരു സ്വേച്ഛാധികാരിയൊന്നുമല്ലതാനും. ആകയാല്‍, എന്റെ താക്കീതു ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ (ഉപദേശം നല്‍കി) ഓര്‍മിപ്പിക്കുക.
- نَّحْنُ നാം أَعْلَمُ അധികം (നല്ലപോലെ) അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരില്‍, അവരുടെമേല്‍ بِجَبَّارٍ ഒരു സ്വേച്ഛാധികാരി, നിര്‍ബന്ധം ചെലുത്തുന്നവന്‍ فَذَكِّرْ ആകയാല്‍ ഓര്‍മിപ്പിക്കുക, ഉപദേശം നല്‍കുക بِالْقُرْآنِ ഖുര്‍ആന്‍ കൊണ്ടു مَن يَخَافُ ഭയപ്പെടുന്നവരെ وَعِيدِ എന്റെ താക്കീതിനെ
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ആശ്വാസവും സമാധാനവും നല്‍കുന്നതാണ് ഈ വചനം. അവിശ്വാസികളുടെ വാദകോലാഹലങ്ങളും, നിഷേധങ്ങളുമെല്ലാം അല്ലാഹു അറിയുന്നുണ്ട്, വേണ്ടുന്ന നടപടികള്‍ അവന്‍ എടുത്തുകൊള്ളും. അവര്‍ക്കു ഖുര്‍ആന്‍ മുഖേന ഉപദേശം നല്‍കുക മാത്രമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മേല്‍ കടമയുള്ളൂ, എല്ലാവരെയും നിര്‍ബ്ബന്ധപൂര്‍വ്വം സന്മാര്‍ഗ്ഗത്തിലെത്തിച്ചേ തീരൂ എന്ന ബാധ്യതയൊന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കില്ല എന്നു സാരം.
فَإِنَّمَا عَلَيْكَ… الْبَلَاغُ وَعَلَيْنَا الْحِسَابُ :سورة الرعد :٤٠
(നിന്റെ മേല്‍ പ്രബോധനം മാത്രമേ ബാധ്യതയുള്ളൂ, നമ്മുടെ ബാധ്യതയാണ് വിചാരണ.)
എന്റെ താക്കീതിനെ ഭയപ്പെടുന്നവര്‍ക്കു ഖുര്‍ആന്‍ മുഖേന ഉപദേശം നല്‍കി ഓര്‍മ്മിപ്പിക്കുക (فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ എന്ന വാക്യം ശ്രദ്ധേയമാകുന്നു. ഇതില്‍നിന്നു ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്.
ഉദാഹരണം:
1) അല്ലാഹുവിനെക്കുറിച്ചും മതത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ മറ്റേതിനെക്കാളും ഉപയോഗപ്രദമായിരിക്കുക വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളായിരിക്കും. ആവശ്യവും സന്ദര്‍ഭവുമനുസരിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹദീസുകള്‍ മുഖേന അവയ്ക്കു വിശദീകരണവും നല്‍കാം. ഇന്നത്തെ നീട്ടിവലിച്ച പ്രസംഗങ്ങളെക്കാളും, തര്‍ക്കശാസ്ത്രത്തിന്റെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂറ്റന്‍ പ്രഭാഷണങ്ങളെക്കാളും ഫലപ്രദമാകുക അതാണെന്നു കാണാം. അടിക്കടി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള ഉപദേശങ്ങള്‍ കടുത്തുമരവിക്കാത്ത ഹൃദയങ്ങളില്‍ മാറ്റം വരുത്താതിരിക്കുകയില്ല.
2) അല്ലാഹുവിന്‍റെ താക്കീതുകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാടുണ്ടാകുന്നവര്‍ക്കു മാത്രമേ ഉപദേശം ഫലം ചെയ്യുകയുള്ളു. പേടിപ്പിച്ചറിയിക്കുന്ന കാലം കഴിഞ്ഞുപോയി, പരലോകവും നരകവും പറഞ്ഞിട്ടു ഇന്നു കാര്യമില്ല’ എന്നൊക്കെ ചിലര്‍ പറയാറുണ്ട്. അതൊരു വലിയ തത്വമായി ചിലര്‍ കരുതാറുമുണ്ട്. വാസ്തവത്തില്‍ ഇത്തരം പ്രസ്താവനകള്‍ തന്നെ അല്ലാഹുവിന്‍റെ താക്കീതുകളുടെ ഗൗരവം മനസ്സിലാക്കാത്തതില്‍ നിന്നു ഉളവാകുന്നതാണെന്നുവേണം പറയുവാന്‍. ഏതായാലും, ഒരു കാര്യം തീര്‍ച്ചയാണ്. അല്ലാഹുവിന്‍റെ താക്കീതുകളുടെ നേരെ കണ്ണടക്കുകയും, അവയെ അവഗണിച്ചു തള്ളുകയും ചെയ്യുന്നവര്‍ – അവര്‍ ബുദ്ധിജീവികളെന്നു സ്വയം നടിച്ചാലും ശരി – മറ്റു വിധേന ധാര്‍മ്മികബോധമുള്ളവരായിത്തീരുക എന്ന കാര്യം കുറെ വിദൂരമാണ്. യുക്തിന്യായങ്ങളും, തത്വശാസ്ത്രങ്ങളും മുഖേന പ്രതിയോഗിയെ വായടപ്പിക്കുവാന്‍ കഴിഞ്ഞേക്കുമെങ്കിലും, മാനസാന്തരം വരുത്തി ധാർമിക ബോധം വളർത്തുവാൻ അവ വേണ്ടത്ര പര്യാപ്തങ്ങളല്ല. അല്ലാഹുവിന്റെ പേടിപ്പിച്ചറിയിക്കലിനും, സന്തോഷവാര്‍ത്ത അറിയിക്കലിനും തന്നെയാണ് അതിനുവേണ്ട സ്വാധീനശക്തിയുള്ളത്. (സൂ: ജാഥിയഃ 6 – 10 മുതലായവ നോക്കുക).
3) ഖുര്‍ആന്‍ മുഖേനയുള്ള ഉപദേശം, അല്ലാഹുവിന്റെ താക്കീതുകളെ ഭയപ്പെടുന്നവരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നതായിരിക്കും. അഥവാ, ആ ഉപദേശം ഒരാളില്‍ ഒട്ടും മാനസാന്തരം വരുത്തുന്നില്ലെങ്കില്‍ അവന്‍ അല്ലാഹുവിന്റെ താക്കീതുകളെ ഭയപ്പെടാത്തവനായിരിക്കും. ഖുര്‍ആന്റെ ഭാഷയില്‍ അവര്‍ ബുദ്ധിഹീനരും, അന്ധരും, ബധിരരും, മൂകരുമത്രെ. (صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ). അല്ലാഹുവിനും, അവന്റെ ആയത്തുകള്‍ക്കും പുറമെ മറ്റേതൊരു വൃത്താന്തത്തിലാണവര്‍ക്കു വിശ്വസിക്കുവാനുള്ളത്?!
(فَبِأَيِّ حَدِيثٍ بَعْدَ اللَّـهِ وَآيَاتِهِ يُؤْمِنُونَ)
ഇങ്ങിനെയുള്ളവരെ ഉപദേശിച്ചിട്ടു ഫലമില്ല എന്നു സാരം.
إِنَّمَا تُنذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَـٰنَ بِالْغَيْبِ
(പ്രമാണത്തെ പിന്‍പറ്റുകയും, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ നീ മുന്നറിയിപ്പു നല്‍കേണ്ടതുള്ളു.)
ഖത്താദഃ (رضي الله عنه) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതുപോലെ നാമും പ്രാര്‍ത്ഥിക്കുക :
اَللَّهُمَّ اجْعَلْنَا مِمَّنْ يَخافُ وَعِيدَكَ وَيَرْجُو مَوْعُودَكَ يَا بَرُّ يَا رَحِيمُ
(അല്ലാഹുവേ, നിന്റെ താക്കീതിനെ ഭയപ്പെടുകയും, നിന്റെ വാഗ്ദാനത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തേണമേ! നന്മ ചെയ്യുന്നവനേ! കരുണാനിധിയായുള്ളവനേ!) ആമീന്‍.
اللهم لك الحمد ولك الفضل و المنة