വിഭാഗം - 2

53:26
  • وَكَم مِّن مَّلَكٍ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ ﴾٢٦﴿
  • ആകാശങ്ങളില്‍ എത്രയോ മലക്കുകളുണ്ടു, അവരുടെ ശുപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു (ശുപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുവാദം നല്‍കിയതിനു ശേഷമല്ലാതെ.
  • وَكَم എത്രയോ ഉണ്ട്, എത്രയാണുള്ളതു مِّن مَّلَكٍ മലക്കുകളായിട്ടു فِي السَّمَاوَاتِ ആകാശങ്ങളില്‍ لَا تُغْنِي ഉപകരിക്കയില്ല, പര്യാപ്തമാകയില്ല شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും, ഒട്ടും إِلَّا مِن بَعْدِ ശേഷമല്ലാതെ أَن يَأْذَنَ അനുവാദം കൊടുക്കുന്നതിനു اللَّـهُ അല്ലാഹു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَرْضَىٰ അവന്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന

ആകാശത്തു കണക്കറ്റ മലക്കുകളുണ്ട്. അവര്‍ അല്ലാഹുവിന്റെ ആദരണീയരായ അടിയാന്മാരുമാണ്. (بَلْ عِبَادٌ مُّكْرَمُونَ) എന്നാലും, അല്ലാഹുവിന്റെ അനുവാദം കൂടാതെ -അവരുടെ ഇഷ്ടം പോലെ- ആര്‍ക്കും ശുപാര്‍ശ ചെയ്‌വാന്‍ അവര്‍ക്കു സാദ്ധ്യമല്ല. അല്ലാഹു ഉദ്ദേശിക്കുകയും, തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കും, അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു വേണ്ടിയും അല്ലാതെ ശുപാര്‍ശ ചെയ്‌വാന്‍ അവന്‍ ആരെയും അനുവദിക്കയില്ല. അനുവാദമില്ലാത്ത ശുപാര്‍ശ കൊണ്ടു ഫലവുമില്ല. എന്നിരിക്കെ, ആ മലക്കുകളുടെ പേരില്‍ കെട്ടിച്ചമക്കപ്പെട്ട വിഗ്രഹങ്ങളുണ്ടോ അവര്‍ക്കു ശുപാര്‍ശ ചെയ്തു രക്ഷ നല്‍കുന്നു?!

53:27
  • إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ﴾٢٧﴿
  • നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, പെണ്‍വര്‍ഗ്ഗത്തിന്റെ നാമകരണം (പോലെ) മലക്കുകള്‍ക്കു നാമകരണം ചെയ്തുവരുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും ഒരുകൂട്ടര്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ لَيُسَمُّونَ അവര്‍ നാമകരണം ചെയ്യുന്നു, പേരു വെക്കുന്നു الْمَلَائِكَةَ മലക്കുകള്‍ക്കു تَسْمِيَةَ الْأُنثَىٰ പെണ്ണിന്റെ നാമകരണം, പെണ്ണിനു പേരുവെക്കുന്ന പ്രകാരം
53:28
  • وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ﴾٢٨﴿
  • അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവും ഇല്ലതാനും, അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. ഊഹമാകട്ടെ, നിശ്ചയമായും യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും തന്നെ ഉപകരിക്കുന്നതുമല്ല.
  • وَمَا لَهُم അവര്‍ക്കു ഇല്ലതാനും بِهِ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَإِنَّ الظَّنَّ നിശ്ചയമായും ഊഹമാകട്ടെ لَا يُغْنِي പര്യാപ്തമാക്കുകയില്ല (ഉപകരിക്കയില്ല) مِنَ الْحَقِّ യഥാര്‍ത്ഥത്തെ സംബന്ധിച്ചു, കാര്യത്തിനു شَيْئًا ഒന്നും, യാതൊന്നും

ആ മുശ്‌രിക്കുകള്‍ ആദ്യമേ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അതോടൊപ്പം മലക്കുകളെ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും, അവര്‍ സ്ത്രീകളാണെന്നും പറഞ്ഞുകൊണ്ട് സ്ത്രീകളുടെതായ നാമവിശേഷണങ്ങള്‍ അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. ഒരു ന്യായത്തെയും അടിസ്ഥാന മാക്കിയല്ല, ഊഹത്തെ മാത്രം അടിസ്ഥാനമാക്കിയാണു താനും അതു. സൂ: സുഖ്റുഫില്‍ അല്ലാഹു പറയുന്നു: ‘പരമകാരുണികന്റെ അടിയാന്‍മാരാകുന്ന മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കുകയും ചെയ്‌തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ സാക്ഷ്യം വഹിച്ചിരുന്നുവോ? അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടു കയും ചെയ്യുന്നതാണ്.

(وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ الخ – الزخرف 19)

إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا (ഊഹമാകട്ടെ, നിശ്ചയമായും യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും ഉപകരിക്കുകയില്ല) എന്ന വാക്യം വളരെ ശ്രദ്ധേയമായ ഒരു പൊതുതത്വമാകുന്നു. ഒരു കാര്യത്തിന്റെ യഥാര്‍ത്ഥം മനസ്സിലാക്കുന്നതിനും, ഒരു കാര്യത്തെക്കുറിച്ചു വിശ്വാസം ഉറപ്പിക്കുന്നതിനും തക്കതായ രേഖയും ലക്ഷ്യവും തന്നെ വേണം. അഥവാ ഊഹമോ ധാരണയോ പോര. കാരണം ഊഹങ്ങളില്‍ മിക്കതും അടിസ്ഥാനരഹിതമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

إيَّاكُمْ وَالظَّنَّ، فإنَّ الظَّنَّ أكذَبُ الحَدِيثِ (നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. കാരണം ഊഹം വര്‍ത്തമാനത്തില്‍ വെച്ച് ഏറ്റവും കളവായതാകുന്നു. (ബു)

53:29
  • فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا ﴾٢٩﴿
  • (നബിയേ) എന്നാല്‍, നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും, ഐഹിക ജീവിതമല്ലാതെ ഉദ്ദേശം വെക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നു നീ ഒഴിഞ്ഞു മാറിക്കൊള്ളുക.
  • فَأَعْرِضْ എന്നാല്‍ (ആകയാല്‍) നീ വിട്ടു (ഒഴിഞ്ഞു) മാറുക عَن مَّن تَوَلَّىٰ തിരിഞ്ഞു പോയവരില്‍ നിന്നു عَن ذِكْرِنَا നമ്മുടെ സ്മരണ(ഓര്‍മ്മ) യില്‍ നിന്നു وَلَمْ يُرِدْ ഉദ്ദേശിക്കുകയും ചെയ്യാത്ത إِلَّا الْحَيَاةَ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ, ഇഹത്തിലെ
53:30
  • ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ ﴾٣٠﴿
  • അതു, അറിവില്‍ നിന്നുള്ള അവരുടെ ആകെത്തുകയത്രെ. നിശ്ചയമായും, നിന്റെ
    റബ്ബ് തന്നെയാണ് അവന്റെ മാര്‍ഗ്ഗം വിട്ട് തെറ്റിപ്പോയവരെക്കുറിച്ചു കൂടുതല്‍ അറിയുന്നവന്‍. നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിയുന്നവനും അവനത്രെ.
  • ذَٰلِكَ അതു مَبْلَغُهُم അവര്‍ എത്തിച്ചേര്‍ന്നതാണ്, അവരുടെ ആകെത്തുകയാണ് مِّنَ الْعِلْمِ അറിവില്‍ നിന്നു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ أَعْلَمُ അവനത്രെ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവന്‍ بِمَن ضَلَّ തെറ്റിയ (പിഴച്ച) വരെപ്പറ്റി عَن سَبِيلِهِ തന്റെ മാര്‍ഗ്ഗം വിട്ടു وَهُوَ أَعْلَمُ അവന്‍ തന്നെ കൂടുതല്‍ അറിയുന്നവന്‍ بِمَنِ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി

അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയും ബോധവുമില്ലാതെയും, ഐഹിക ജീവിതത്തെ ഏകലക്ഷ്യമായി സ്വീകരിച്ചുകൊണ്ടുമിരിക്കുന്നവരെ ഉപദേശിച്ചിട്ടു യാതൊരു ഫലവും ഉണ്ടാകുകയില്ല. അതുകൊണ്ടു അങ്ങിനെയുള്ളവരെ അവഗണിച്ചു തള്ളിക്കളയുവാന്‍ അല്ലാഹു ഉപദേശിക്കുന്നു. കാരണം, അവരുടെ അറിവിന്റെ ആകെത്തുക ഐഹികജീവിതവും, അതിലെ സുഖഭോഗങ്ങളും മാത്രമാ യിരിക്കും. അതിനപ്പുറം അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കുവാനോ ആഗ്രഹിക്കുവാനോ ഉണ്ടായിരിക്കയില്ല. അവരുടെ സര്‍വ്വസ്വവും അതായിരിക്കും. അവരുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നതി യുമെല്ലാം അതിലേ അവര്‍ ആലോചിക്കുകയും ചിന്തിക്കുകയുമുള്ളു.

അവയെക്കുറിച്ചല്ലാത്ത ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതല്ല. അനുഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്ന ഒരു പരമാര്‍ത്ഥമാണ്‌ ഇത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാർത്ഥിച്ചിരുന്നതായി ഹദീസില്‍ വന്നിട്ടുള്ള ഈ പ്രാര്‍ത്ഥന നാമും പ്രാര്‍ത്ഥിക്കുക.‘അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ പ്രധാന മനോവിചാരമാക്കരുതേ; ഞങ്ങളുടെ അറിവിന്റെ ആകെത്തുകയും ആക്കരുതേ!’

(اللَّهُمَّ لاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا)

53:31
  • وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى ﴾٣١﴿
  • അല്ലാഹുവിന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) തിന്‍മ ചെയ്തവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പ്രതിഫലം നല്‍കുവാനും, നന്‍മ ചെയ്തവര്‍ക്കു ഏറ്റവും നല്ലതു പ്രതിഫലം നല്‍കുവാനും വേണ്ടിയത്രെ. (അതു)
  • وَلِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി الَّذِينَ أَسَاءُوا തിന്‍മ ചെയ്തവര്‍ക്കു بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു, പ്രവര്‍ത്തിച്ചതിനു وَيَجْزِيَ പ്രതിഫലം നല്‍കുവാനും الَّذِينَ أَحْسَنُوا നന്‍മ (സുകൃതം) ചെയ്തവര്‍ക്കു بِالْحُسْنَى ഏറ്റവും നല്ലതിനെ

ഏറ്റവും നല്ലതു (الْحُسْنَى) കൊണ്ടുദ്ദേശ്യം സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ തന്നെ. നന്മ ചെയ്യുന്നവരുടെ സ്വഭാവം എപ്രകാരമായിരിക്കുമെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നതു കാണുക.

53:32
  • ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ﴾٣٢﴿
  • (അതെ) വലിയ പാപങ്ങളും, നീചവൃത്തികളും (തീരെ) വിട്ടകന്നു നില്‍ക്കുന്നവര്‍. [ഇവരാണ് നന്മചെയ്യുന്നവര്‍]. നിസ്സാരമായതൊഴികെ [അതു സംഭവിച്ചേക്കാം]. നിശ്ചയമായും, നിന്റെ റബ്ബ് (പാപം) പൊറുക്കുന്നതില്‍ വിശാലനാകുന്നു. നിങ്ങളെ ഭൂമിയില്‍നിന്നു ഉത്ഭവിപ്പിച്ച അവസരത്തിലും, നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരിക്കുമ്പോഴും (എല്ലാം തന്നെ) അവന്‍ നിങ്ങളെക്കുറിച്ചു ഏറ്റവും അറിയുന്നവനാകുന്നു. എന്നിരിക്കെ, നിങ്ങള്‍ നിങ്ങളെ സ്വയം (പരിശുദ്ധരാക്കി) വളര്‍ത്തിക്കാട്ടരുത്. സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ചു അവന്‍ ഏറ്റവും അറിയുന്നവനാകുന്നു.
  • الَّذِينَ يَجْتَنِبُونَ വര്‍ജ്ജിക്കുന്ന (വിട്ടകലുന്ന)വര്‍ كَبَائِرَ الْإِثْمِ വലിയ പാപങ്ങളെ وَالْفَوَاحِشَ നീച (ദുഷ്ട) വൃത്തികളെയും إِلَّا اللَّمَمَ നിസ്സാരമായ (തുച്ഛമായ)തു ഒഴികെ...അല്ലാത്ത إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് وَاسِعُ الْمَغْفِرَةِ പാപമോചനം വിശാലമായവനാണ് هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِكُمْ നിങ്ങളെക്കുറിച്ചു إِذْ أَنشَأَكُم നിങ്ങളെ ഉത്ഭവിപ്പിച്ച (ഉണ്ടാക്കിയ) സന്ദര്‍ഭത്തില്‍ مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു وَإِذْ أَنتُمْ നിങ്ങളായിരിക്കുമ്പോഴും أَجِنَّةٌ ഗര്‍ഭസ്ഥശിശുക്കള്‍ فِي بُطُونِ വയറുകളില്‍ أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ فَلَا تُزَكُّوا എന്നിരിക്കെ നിങ്ങള്‍ വളര്‍ത്തരുതു, പരിശുദ്ധമാക്കിക്കാട്ടരുതു, പ്രശംസിച്ചു പറയരുതു أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِمَنِ اتَّقَىٰ സൂക്ഷ്മത പാലിക്കുന്നവനെ (ഭയഭക്തിയുള്ളവനെ)പ്പറ്റി

നിങ്ങളുടെ ഉത്ഭവം, വളര്‍ച്ച, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ ആദിയായവയും, നിങ്ങളുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിരിക്കെ, നിങ്ങളുടെ നന്മകളും പരിശുദ്ധതയും എടുത്തുകാട്ടി ആത്മപ്രശംസ ചെയ്‌വാനും, വളര്‍ത്തിക്കാട്ടുവാനും മുതിരരുത് എന്നു സാരം. അബൂസലമഃയുടെ മകള്‍ സൈനബി (زينب بنت ابى سلمة – رض) നു അവരുടെ വീട്ടുകാര്‍ ‘ബര്‍-റ:’ (برة =പുണ്യവതി) എന്നു നാമകരണം ചെയ്തപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുകയുണ്ടായി:  لاَ تُزَكُّوا أَنْفُسَكُمُ اللَّهُ أَعْلَمُ بِأَهْلِ الْبِرِّ مِنْكُمْ – مسلم (നിങ്ങള്‍ നിങ്ങളെ സ്വയം വളര്‍ത്തിപ്പറയരുത്. നിശ്ചയമായും നിങ്ങളിലുള്ള പുണ്യവാന്‍മാരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.) ഞങ്ങള്‍ എന്താണ് അവള്‍ക്കു പേരു നല്‍കേണ്ടതെന്നു ചോദിച്ചപ്പോള്‍ തിരുമേനി ‘സൈനബ’ എന്നു നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്തു. (മുസ്‌ലിം) ഒരു മനുഷ്യന്‍ ഉസ്‌മാന്‍ (رضي الله عنه) ന്റെ അടുക്കല്‍ വന്ന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി അദ്ദേഹത്തെ പുകഴത്തിപ്പറയുകയുണ്ടായി. അപ്പോള്‍ മിഖ്ദാദ് (مِقْدَادِ بْنِ الأَسْوَد – رض) അയാളുടെ മുഖത്തു മണ്ണു വാരിയിട്ടുകൊണ്ടു ഇങ്ങിനെ പറഞ്ഞു: ‘അധികപ്രശംസ നടത്തുന്നവരെ കണ്ടാല്‍, അവരുടെ മുഖത്തു മണ്ണുവാരിയിടുവാന്‍ ഞങ്ങളോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചിരിക്കുന്നു.’ (മുസ്‌ലിം.)

അല്ലാഹുവിങ്കല്‍ ഏറ്റവും നല്ല പ്രതിഫലം ലഭിക്കുന്ന സുകൃതവാന്മാരുടെ സവിശേഷതയായി അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയ ഭാഗം പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. മനുഷ്യ സഹജമായ വല്ല നിസാര തെറ്റുകുറ്റങ്ങളും അവരുടെ പക്കല്‍ വന്നു പോയേക്കുമെന്നല്ലാതെ വലിയ പാപങ്ങളോ, നീചവൃത്തികളോ ആയ യാതൊന്നും അവര്‍ ചെയ്കയില്ല. അതില്‍ നിന്നെല്ലാം അവര്‍ തീരെ അകന്നു നില്‍ക്കുന്നവരായിരിക്കും. ഇതാണത്: പ്രത്യേകം താക്കീതു ചെയ്യപ്പെട്ടതോ, കര്‍ശനമായി വിരോധിച്ചതോ ആയ എല്ലാ കാര്യങ്ങളും വലിയ പാപങ്ങളി (كَبَائِرَ الْإِثْمِ) ലും, നീചമോ നികൃഷ്ടമോ ആയി ഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും നീചവൃത്തികളി (الْفَوَاحِشَ) ലും ഉള്‍പ്പെടുന്നു. പൊതുവില്‍ വിരോധിക്കപ്പെട്ടതാണെങ്കിലും മനുഷ്യന്റെ പക്കല്‍ സാധാരണഗതിയില്‍ വന്നു പിണഞ്ഞേക്കുന്ന ലഘുവായ തെറ്റുകുറ്റങ്ങളാണ് നിസ്സാരപാപങ്ങള്‍ (اللَّمَمَ) കൊണ്ടുദ്ദേശ്യം. മഹാ പാപങ്ങളിലും, നീചവൃത്തികളിലും അകപ്പെടാതെ സൂക്ഷിച്ചു പോരുന്നവരുടെ പക്കല്‍ വന്നേക്കാവുന്ന ചെറുപാപങ്ങളെ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും എന്നു താല്‍പര്യം. ഈ ആശയം മറ്റൊരു വചനത്തില്‍ അല്ലാഹു ഇങ്ങിനെ വിവരിക്കുന്നു:

إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا – النساء: ٣١

(സാരം: നിങ്ങളോടു വിരോധിക്കപ്പെടുന്ന വലിയ കാര്യങ്ങളെ നിങ്ങള്‍ വിട്ടകന്നു നില്‍ക്കുന്നപക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങള്‍ക്കു നാം മൂടിവെച്ചു -പൊറുത്തു- തരുകയും, നിങ്ങളെ മാന്യമായ പ്രവേശന സ്ഥാനത്തു നാം പ്രവേശിപ്പിക്കുകയും ചെയ്യും. (4:31). പൊറുത്തുകൊടുക്കുമെന്നു മാത്രമല്ല, മാന്യമായ സ്ഥാനത്തു പ്രവേശിപ്പിക്കുമെന്നു കൂടി ഇതില്‍ അല്ലാഹു വാഗ്ദാനം ചെയ്‌തിരിക്കുന്നു. പാപം പൊറുക്കുന്ന കാര്യത്തില്‍ വളരെ വിശാലത കാണിക്കുന്നവനാണ് നിന്റെ റബ്ബ് (إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ) എന്നു ഇവിടെയും ഉണര്‍ത്തിയിരിക്കുന്നുവല്ലോ. പരമകാരുണികനായ അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തുതരട്ടെ. ആമീന്‍.

വിഭാഗം - 3

53:33
  • أَفَرَءَيْتَ ٱلَّذِى تَوَلَّىٰ ﴾٣٣﴿
  • എന്നാല്‍ (നബിയേ) പിന്‍മാറിപ്പോയ ഒരുവനെ നീ കണ്ടുവോ? -
  • أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي تَوَلَّىٰ പിന്‍മാറിയ ഒരുവനെ
53:34
  • وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ ﴾٣٤﴿
  • അവന്‍ അല്‍പം കൊടുക്കുകയും (പിന്നീടതു) നിറുത്തിക്കളയുകയും ചെയ്തു.
  • وَأَعْطَىٰ അവന്‍ കൊടുക്കുകയും ചെയ്തു قَلِيلًا അല്‍പം, കുറച്ചു وَأَكْدَىٰ അവന്‍ (പാറകണ്ട്) നിറുത്തിവെക്കുകയും ചെയ്തു
53:35
  • أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ ﴾٣٥﴿
  • അവന്റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ടു അവന്‍ (അതുവഴി) കണ്ടറിയുന്നുവോ?!
  • أَعِندَهُ അവന്റെ പക്കലുണ്ടോ عِلْمُ الْغَيْبِ അദൃശ്യത്തിന്റെ ജ്ഞാനം, അറിവ് فَهُوَ يَرَىٰ എന്നിട്ടവന്‍ കാണുന്നു(വോ)
53:36
  • أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ﴾٣٦﴿
  • അഥവാ, മൂസായുടെ ഏടുകളിലുള്ളതിനെക്കുറിച്ചു അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ?!
  • أَمْ لَمْ يُنَبَّأْ അതല്ല, (അഥവാ) അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ بِمَا യാതൊന്നിനെപ്പറ്റി فِي صُحُفِ مُوسَىٰ മൂസായുടെ ഏടിലുള്ള
53:37
  • وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ﴾٣٧﴿
  • (കടമകള്‍) നിറവേറ്റിയവനായ ഇബ്രാഹീമിന്റെയും (ഏടിലുള്ളത്)?!
  • وَإِبْرَاهِيمَ ഇബ്രാഹീമിന്റെയും الَّذِي وَفَّىٰ നിറവേറ്റിയവനായ

സത്യോപദേശങ്ങള്‍ സ്വീകരിക്കുവാനും, സന്‍മാര്‍ഗ്ഗം പിന്‍പറ്റുവാനും തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നവരും, കൊടുത്തുതീര്‍ക്കുകയോ ചെയ്തുതീര്‍ക്കുകയോ ചെയ്യേണ്ടുന്ന കടമകളില്‍ ഏതോ ചിലതു മാത്രം നിര്‍വ്വഹിച്ചു ബാക്കിയുള്ളവ നിര്‍വ്വഹിക്കാതെ വിട്ടുകളയുന്നവരുമായ ആളുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. കിണറോ മറ്റോ കുഴിക്കുമ്പോള്‍ ഇടക്കുവെച്ച് പാറകണ്ടെത്തുക നിമിത്തം തുടര്‍ന്നു കുഴിക്കുവാന്‍ നിവൃത്തിയില്ലാതെ പ്രവര്‍ത്തനം നിറുത്തിവെച്ചു എന്നാണ് اكدى (അക്ദാ) എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം. അതുപോലെ, കൊടുക്കേണ്ടുന്ന ധനം അല്‍പം കൊടുത്തു – അല്ലെങ്കില്‍ നിര്‍വ്വഹിക്കേണ്ടുന്ന കടമ അല്‍പം നിര്‍വ്വഹിച്ചു – ബാക്കിയുള്ളതു നിര്‍വ്വഹിക്കുവാന്‍ മനസ്സ് സമ്മതിച്ചതുമില്ല എന്നു സാരം. തുടര്‍ന്നു ചിലവഴിച്ചാല്‍ തങ്ങളുടെ ധനം നഷ്ടപ്പെട്ടു വലഞ്ഞു പോകും, ചില കടമകള്‍ മാത്രം നിര്‍വ്വഹിച്ചാലും തങ്ങള്‍ക്കു രക്ഷ കിട്ടും, തങ്ങളുടെ കുറ്റഭാരം മറ്റുള്ളവര്‍ ഏറ്റെടുക്കുകയോ അവരുടെ മേല്‍ ചുമത്തുകയോ ചെയ്യാം എന്നിത്യാദി വിചാരങ്ങളായിരിക്കും ഇവര്‍ക്കുണ്ടാവുക. ഒന്നുകില്‍, ഇതൊക്കെ ശരിയാണെന്നു കാണിക്കുന്ന വല്ല അദൃശ്യവിവരങ്ങളും അവര്‍ക്കുണ്ടായിരിക്കണം, അല്ലെങ്കില്‍ പൂര്‍വ്വഗ്രന്ഥങ്ങളില്‍ നിന്ന് അതിനു അവര്‍ക്കു വല്ല തെളിവും ലഭിച്ചിരിക്കണം. അദൃശ്യജ്ഞാനമാണെങ്കില്‍ അതു അല്ലാഹുവിനു മാത്രമാണുള്ളത്. പൂര്‍വ്വവേദങ്ങളാകട്ടെ, ഇവരുടെ നിലപാടിനു കടകവിരുദ്ധമായ തെളിവുകളാണ് നല്‍കുന്നതും. അവയുടെ സിദ്ധാന്തങ്ങള്‍ താഴെ പ്രസ്താവിക്കുന്ന പ്രകാരത്തിലാണുള്ളത്. എന്നിരിക്കെ, എന്താണ് ഇവര്‍ക്ക് ന്യായീകരണമുള്ളത്?! ഇവര്‍ക്കെങ്ങിനെയാണ് രക്ഷ കിട്ടുക!

ഈ വചനങ്ങളുടെ അവതരണ സന്ദര്‍ഭത്തെക്കുറിച്ച് മുജാഹിദു (رحمه الله) മുതലായവരില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു സംഭവം ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഖുര്‍ആന്‍ പാരായണവും ഉപദേശവും കേട്ട് വലീദുബ്നു മുഗീറഃ (وليد بن مغيرة) ക്കു ഇസ്‌ലാമിനോടു അനുഭാവമുണ്ടായി. അയാള്‍ നന്നായിത്തീര്‍ന്നേക്കുമെന്നു തിരുമേനി പ്രതീക്ഷിച്ചു. ഇങ്ങിനെയിരിക്കെ, മുശ്‌രിക്കുകളില്‍ ചിലര്‍ അയാളെ പരിഹസിക്കുകയും, കാരണവന്‍മാരുടെ മതം ഉപേക്ഷിച്ചതില്‍ ആക്ഷേപിക്കുകയും ചെയ്തു. താന്‍ പരലോകശിക്ഷയെ ഭയപ്പെടുന്നതായി വലീദു പറഞ്ഞു. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം, തന്റെ പരലോകശിക്ഷ, ഞാന്‍ ഏറ്റെടുത്തു കൊള്ളാമെന്നു ആ മുശ്‌രിക്കു മറുപടി നല്‍കി. വലീദു അതു സമ്മതിച്ച് ഇസ്‌ലാമില്‍ നിന്നു പിന്‍വാ ങ്ങുകയും ചെയ്തു. പക്ഷേ, മറേറയാള്‍ക്ക് നിശ്ചയിച്ച സംഖ്യയുടെ ഒരു ഭാഗം മാത്രം കൊടുത്തശേഷം പിശുക്കുമൂലം ബാക്കി കൊടുത്തു തീര്‍ത്തില്ല. ഇതാണ് സംഭവം. അവതരണഹേതു ഇതാണെങ്കിലും അല്ലെങ്കിലും ശരി, ഇത്തരം ആളുകളെക്കുറിച്ചു പൊതുവിലാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നതെന്നു വ്യക്തമാണ്. മൂസാ (عليه السلام) നബിക്കും ഇബ്രാഹീം (عليه السلام) നബിക്കും ലഭിച്ചിട്ടുള്ള വേദഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ എന്തായിരുന്നുവെന്നു തുടര്‍ന്നു വിവരിക്കുന്നു. അവയത്രയും ഖുര്‍ആന്റെയും മൗലിക സിദ്ധാന്തങ്ങളത്രെ.

53:38
  • أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ﴾٣٨﴿
  • അതായതു, കുറ്റംവഹിക്കുന്ന ഒരു ദേഹം (അഥവാ ആത്മാവു) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല എന്നും;
  • أَلَّا تَزِرُ (കുറ്റം) വഹിക്കുകയില്ലെന്നു وَازِرَةٌ ഒരു കുറ്റം വഹിക്കുന്നതു (ദേഹം - ആത്മാവു) وِزْرَ أُخْرَىٰ മറ്റൊന്നിന്റെ കുറ്റം
53:39
  • وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ ﴾٣٩﴿
  • മനുഷ്യന് അവന്‍ (സ്വയം) പ്രയത്നിച്ചതല്ലാതെ (മറ്റൊന്നും) ഇല്ലെന്നും;
  • وَأَن لَّيْسَ ഇല്ലെന്നും لِلْإِنسَانِ മനുഷ്യനു إِلَّا مَا سَعَىٰ അവന്‍ പ്രയത്നിച്ച (പ്രവര്‍ത്തിച്ച - പരിശ്രമിച്ച)തല്ലാതെ
53:40
  • وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ﴾٤٠﴿
  • അവന്റെ പ്രയത്നം വഴിയെ അവനു കാട്ടിക്കൊടുക്കപ്പെടുമെന്നും;
  • وَأَنَّ سَعْيَهُ അവന്റെ പ്രയത്നം ആണെന്നും سَوْفَ يُرَىٰ വഴിയെ അവനു കാണിക്കപ്പെടും (എന്നും)
53:41
  • ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ﴾٤١﴿
  • പിന്നീടു അവനു അതിനു പരിപൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുകയം ചെയ്യും -
  • ثُمَّ يُجْزَاهُ പിന്നീടവനു അതിനു പ്രതിഫലം നല്‍കപ്പെടും الْجَزَاءَ പ്രതിഫലം الْأَوْفَىٰ പരിപൂര്‍ണ്ണമായ, നിറവേറിയ
53:42
  • وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ ﴾٤٢﴿
  • നിന്റെ റബ്ബിങ്കലേക്കു തന്നെയാണ് (എല്ലാം) ചെന്നവസാനിക്കുന്നതു എന്നും;
  • وَأَنَّ إِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്കാണെന്നും الْمُنتَهَىٰ അവസാനം എത്തല്‍, ചെന്നവസാനിക്കല്‍, അറ്റം
53:43
  • وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ ﴾٤٣﴿
  • അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നതു എന്നും;
  • وَأَنَّهُ هُوَ അവന്‍ തന്നെയാണെന്നും أَضْحَكَ ചിരിപ്പിക്കുന്നതു وَأَبْكَىٰ കരയിപ്പിക്കുകയും
53:44
  • وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا ﴾٤٤﴿
  • അവന്‍ തന്നെ, മരണപ്പെടുത്തുകയും, ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നും;
  • وَأَنَّهُ هُوَ أَمَاتَ അവന്‍ തന്നെ മരിപ്പിച്ചു (മരിപ്പിക്കുന്നു) എന്നും وَأَحْيَا ജീവിപ്പിക്കുകയും ചെയ്തു (ചെയ്യുന്നു)
53:45
  • وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ ﴾٤٥﴿
  • അവന്‍ തന്നെ, ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ സൃഷ്ടിക്കുന്നുവെന്നും;
  • وَأَنَّهُ خَلَقَ അവന്‍ സൃഷ്ടിച്ചു എന്നും الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ ആണും وَالْأُنثَىٰ പെണ്ണും
53:46
  • مِن نُّطْفَةٍ إِذَا تُمْنَىٰ ﴾٤٦﴿
  • (അതെ) ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു - അതു (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുമ്പോള്‍, -
  • مِن نُّطْفَةٍ ഇന്ദ്രിയബിന്ദു (തുള്ളി)യില്‍ നിന്നു إِذَا تُمْنَىٰ അതു സ്രവിക്ക (ഒഴിക്ക)പ്പെടുമ്പോള്‍, വ്യവസ്ഥപ്പെടുത്തപ്പെടുമ്പോള്‍
53:47
  • وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ ﴾٤٧﴿
  • അവന്റെ മേല്‍ തന്നെയാണ് മറ്റേ ഉല്‍പത്തിയാക്കലും [രണ്ടാമത്തെ ജീവിപ്പിക്കലും] എന്നും;
  • وَأَنَّ عَلَيْهِ അവന്റെ മേലാണെന്നും النَّشْأَةَ ഉല്‍പത്തി, ഉണ്ടാക്കല്‍ നിര്‍മ്മാണം الْأُخْرَىٰ മറ്റേ
53:48
  • وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ ﴾٤٨﴿
  • അവന്‍ തന്നെ ധന്യമാക്കുക. (അഥവാ ഐശ്വര്യം നല്‍കുക)യും, സംതൃപ്തി നല്‍കുകയും ചെയ്യുന്നുവെന്നും;
  • وَأَنَّهُ هُوَ أَغْنَىٰ അവന്‍ തന്നെ ധന്യമാക്കി (ഐശ്വര്യം നല്‍കി) എന്നും وَأَقْنَىٰ സംതൃപ്തി നല്‍കുക (തൃപ്തിപ്പെടുത്തുക, സൂക്ഷിക്കാന്‍ കൊടുക്കുക, ദരിദ്രമാക്കുക)യും ചെയ്തു
53:49
  • وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ ﴾٤٩﴿
  • അവന്‍ തന്നെയാണ് ‘ശിഅ്റാ’യുടെ [ചോതി നക്ഷത്രത്തിന്റെ] റബ്ബ് എന്നും;
  • وَأَنَّهُ هُوَ അവന്‍ തന്നെയെന്നും رَبُّ الشِّعْرَىٰ ശിഅ്റാ (ചോതി) നക്ഷത്രത്തിന്റെ റബ്ബ്
53:50
  • وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ ﴾٥٠﴿
  • അവന്‍ തന്നെ, ആദിമ (ജനതയായ) ‘ആദി’നെ നശിപ്പിച്ചുവെന്നും;
  • وَأَنَّهُ أَهْلَكَ അവന്‍ നശിപ്പിച്ചുവെന്നും عَادًا الْأُولَىٰ ആദിമ (ആദ്യത്തെ,) ഒന്നാമത്തെ ആദിനെ
53:51
  • وَثَمُودَا۟ فَمَآ أَبْقَىٰ ﴾٥١﴿
  • ഥമൂദിനെയും (നശിപ്പിച്ചു); എന്നിട്ട് (അവരെ) ബാക്കിയാക്കിയില്ല; -
  • وَثَمُودَ ഥമൂദിനെയും فَمَا أَبْقَىٰ എന്നിട്ടു അവന്‍ ബാക്കിയാക്കിയില്ല, ശേഷിപ്പിച്ചില്ല
53:52
  • وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ ﴾٥٢﴿
  • മുമ്പ് നൂഹിന്റെ ജനതയെയും (നശിപ്പിച്ചു); (കാരണം) നിശ്ചയമായും അവര്‍ ഏറ്റവും അക്രമം ചെയ്തവരും ഏറ്റം ധിക്കാരം പ്രവര്‍ത്തിച്ചവരും തന്നെയായിരുന്നു;-
  • وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു هُمْ അവര്‍ തന്നെ أَظْلَمَ വലിയ (വളരെ) അക്രമം ചെയ്യുന്നവര്‍ وَأَطْغَىٰ വലിയ ധിക്കാരി (അതിക്രമി)കളും
53:53
  • وَٱلْمُؤْتَفِكَةَ أَهْوَىٰ ﴾٥٣﴿
  • (കീഴ് മേലായി) മറിഞ്ഞുകിടക്കുന്ന (ആ) രാജ്യത്തെ അവന്‍ വീഴത്തുകയും ചെയ്തു;-
  • وَالْمُؤْتَفِكَةَ മറിഞ്ഞുകിടക്കുന്നതിനെയും (രാജ്യം) أَهْوَىٰ അവന്‍ വീഴത്തി
53:54
  • فَغَشَّىٰهَا مَا غَشَّىٰ ﴾٥٤﴿
  • എന്നിട്ടു അതിനെ ആവരണം ചെയ്തതു (ഒക്കെയും) ആവരണം ചെയ്തു!
  • فَغَشَّاهَا എന്നിട്ടതിനെ ആവരണം ചെയ്തു, മൂടി مَا غَشَّى മൂടിയതു, ആവരണം ചെയ്തതു (ഒക്കെയും)
53:55
  • فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ ﴾٥٥﴿
  • (മനുഷ്യാ) എന്നിരിക്കെ, നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെക്കുറിച്ചാണ് നീ (തര്‍ക്കം നടത്തി) സംശയം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്?!
  • فَبِأَيِّ آلَاءِ അപ്പോള്‍ (എന്നിരിക്കെ) ഏതു അനുഗ്രഹത്തെക്കുറിച്ചാണ് رَبِّكَ നിന്റെ റബ്ബിന്റെ تَتَمَارَىٰ നീ സംശയം പ്രകടിപ്പിക്കുന്നു, തര്‍ക്കം നടത്തുന്നു

പൂര്‍വ്വവേദഗ്രന്ഥങ്ങളും മുന്‍ പ്രവാചകന്‍മാരും പ്രബോധനം ചെയ്തുവന്നതും, വിശുദ്ധഖുര്‍ആനും മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയും പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതുമായ പല മൗലികസിദ്ധാന്തങ്ങളും, അല്ലാഹുവിന്റെ മഹത്തായ പല അനുഗ്രഹങ്ങളും, പ്രവാചകന്മാരാല്‍ പ്രബോധനം ചെയ്യപ്പെട്ട സിദ്ധാന്തങ്ങളെ ധിക്കരിച്ച സമുദായങ്ങള്‍ക്കു നേരിട്ട പല ശിക്ഷാസംഭവങ്ങളും ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടി. സൃഷ്ടിയുടെ ആരംഭം തൊട്ടു മനുഷ്യന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൈക്കാണ് നടന്നുവരുന്നതെന്നും, അതുപോലെ അവന്റെ ഭാവികാര്യങ്ങളും അല്ലാഹുവിന്റെ കയ്യിലാണിരിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. വാസ്തവം, ഇതെല്ലാമായിരിക്കെ, പിന്നെ എങ്ങിനെയാണ് – മനുഷ്യാ – നീ നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു സംശയിക്കുവാനും തര്‍ക്കിക്കുവാനും മുതിരുന്നത്? അഥവാ അതില്‍ ഏതിനെയാണ് നിഷേധിക്കുവാന്‍ നിനക്കു കഴിയുക?! എന്നാണ് അല്ലാഹു തുടര്‍ന്നു ചോദിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു ബോധമില്ലായ്മയില്‍ നിന്നും, അവനോടു നന്ദിയില്ലായ്മയില്‍ നിന്നുമാണല്ലോ എല്ലാ ദുര്‍മാര്‍ഗ്ഗങ്ങളും ഉടലെടുക്കുന്നത്. 38 മുതല്‍ ഇതുവരെയുള്ള വചനങ്ങളില്‍ പ്രസ്‌താവിച്ച കാര്യങ്ങള്‍ ഇവയാണ്:-

(1, 2) ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുന്നതല്ല, വഹിക്കേണ്ടിവരികയുമില്ല. അവനവന്റെ കുറ്റത്തിനു അവനവന്‍ മാത്രമാണ് ഉത്തരവാദി. ഒരാള്‍ യത്നിച്ചതിന്റെ -അഥവാ പ്രവര്‍ത്തിച്ചതിന്റെ- നന്‍മ അയാള്‍ക്കു മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ നേതൃത്വം, മാതൃക, ഉപദേശം, കല്‍പന ആദിയായ ഏതെങ്കിലും മാര്‍ഗ്ഗേണ ഒരാളുടെ കര്‍മ്മങ്ങളില്‍ മറ്റൊരാള്‍ പങ്കു വഹിച്ചിട്ടുണ്ടെങ്കില്‍ ആ കര്‍മ്മങ്ങളുടെ ഫലത്തില്‍ അയാള്‍ക്കും പങ്കു ലഭിക്കുന്നതായിരിക്കും. നല്ല കര്‍മ്മങ്ങളെങ്കില്‍ നന്‍മയുടെ പങ്കും, ചീത്ത കര്‍മ്മങ്ങളെങ്കില്‍ തിന്‍മയുടെ പങ്കുമായിരിക്കും. ഇതു ഈ തത്വത്തിനു എതിരല്ല. കാരണം, ആ കര്‍മ്മത്തില്‍ ഒരു പങ്കു അവനുമുണ്ടല്ലോ. മറ്റേവന്റെ ഫലത്തില്‍ ഇതുമൂലം കുറവു വരുന്നതുമല്ല. സൂ: അങ്കബൂത്ത് 13 ല്‍ അവിശ്വാസികളെക്കുറിച്ചു وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ (അവര്‍ അവരുടെ ഭാരങ്ങളും, അവരുടെ ഭാരങ്ങളോടൊപ്പം വേറെ ഭാരങ്ങളും നിശ്ചയമായും വഹിക്കുന്നതാകുന്നു.) എന്നു പറഞ്ഞിട്ടുള്ളതു ഇതനുസരിച്ചാകുന്നു. കൂടുതല്‍ വിവരം അവിടെ നോക്കുക.

ഇമാം മുസ്‌ലിമും മറ്റും നിവേദനം ചെയ്ത ഒരു നബിവചനം ഇപ്രകാരമാകുന്നു: ‘ഒരാള്‍ ഒരു നല്ല നടപടി നടപ്പിലാക്കിയാല്‍ അവനു അതിന്റെ പ്രതിഫലവും, ഖിയാമത്തുനാള്‍വരെ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും ഉണ്ടായിരിക്കും. ഒരാള്‍ ഒരു ദുഷിച്ച നടപടി നടപ്പിലാക്കിയാല്‍ അവനു അതിന്റെ കുറ്റവും, ഖിയാമത്തുനാള്‍വരെ അതനുസരിച്ചു പ്രവര്‍ത്തിച്ചവരുടെ കുറ്റവും ഉണ്ടായിരിക്കും. (من سن سنة حسنة الخ ومن سن سنة سيئة الخ – مسلم وغيره) ഭംഗം കൂടാതെ നടന്നു കൊണ്ടിരിക്കുന്ന ദാനധര്‍മ്മം, ഉപകാരപ്രദമായ അറിവ്, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം എന്നീ മൂന്നു കാര്യങ്ങളും മനുഷ്യന്റെ മരണത്തോടുകൂടി മുറിഞ്ഞു പോകാതെ അവശേഷിക്കുന്ന കര്‍മ്മങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയിട്ടുള്ളതും പ്രസ്താവ്യമാകുന്നു. (رواه مسلم) മറ്റൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ അരുളിച്ചെയ്യുന്നു: ‘ഒരാള്‍ ഒരു സന്മാര്‍ഗ്ഗത്തിലേക്കു (മറ്റുള്ളവരെ) ക്ഷണിക്കുന്നപക്ഷം, അവനെ പിന്‍പറ്റുന്നവരുടെ പ്രതിഫലങ്ങളില്‍ യാതൊരു കുറവും ബാധിക്കാതെത്തന്നെ അവരുടെ പ്രതിഫലങ്ങള്‍ പോലെയുള്ള പ്രതിഫലം അവന്നുണ്ടായിരിക്കും. ഒരാള്‍ ഒരു ദുര്‍മ്മാര്‍ഗ്ഗത്തിലേക്ക് (മറ്റുള്ളവരെ) ക്ഷണിക്കുന്ന പക്ഷം, അവനെ പിന്‍പറ്റിയവരുടെ പാപങ്ങളില്‍ യാതൊരു കുറവും ബാധിക്കാതെത്തന്നെ, അവരുടെ പാപങ്ങള്‍പോലെയുള്ള പാപം അവന്റെ മേലുണ്ടായിരിക്കും’. (مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ الخ – مسلم)

ഹുസൈനുബ്നു ഫള്ലി (حسين بن فضل) നോടു ഖുറാസാനിലെ ഭരണത്തലവനായിരുന്ന ത്വാഹിര്‍ ചോദിച്ചു: ‘മനുഷ്യനു അവന്‍ യത്നിച്ചതല്ലാതെ ഇല്ല’ എന്ന ഈ (39 -ാമത്തെ) വചനവും, ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഇരട്ടിയാക്കിക്കൊടുക്കും’ (وَاللَّـهُ يُضَاعِفُ لِمَن يَشَاءُ – البقرة 261) എന്ന വചനവും തമ്മില്‍ എങ്ങിനെ യോജിക്കും? അദ്ദേഹം മറുപടി പറഞ്ഞു: ‘അവനു -മനുഷ്യനു- നീതി ന്യായപ്രകാരം താന്‍ യത്നിച്ചതല്ലാതെ ഒന്നുമില്ല. (അല്ലാഹുവിന്റെ) ഔദാര്യം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചതു അവനു കിട്ടും’. (ليس له بالعدل الا ما سعى وله بالفضل ما شاء الله هـ من روح المعانى)

ഇമാം ഇബ്നുകഥീര്‍ (رحمه الله) ഇവിടെ പ്രസ്താവിച്ചിട്ടുള്ള ചില വരികളുടെ സാരം കൂടി അറിയുന്നതു നന്ന്‍. അദ്ദേഹം പറയുന്നു: ‘ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ കൂലി മരിച്ചുപോയവര്‍ക്കു ദാനം ചെയ്‌താല്‍ അതവര്‍ക്കു കിട്ടുകയില്ല എന്നു ഇമാം ശാഫീ (رحمه الله)യും, അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ (39-ാം) ആയത്തില്‍ നിന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. കാരണം, അതവരുടെ പ്രവൃത്തിയോ പ്രയത്നമോ അല്ല. ഇതുകൊണ്ടാണ് വ്യക്തമായോ, സൂചനയായോ ഇതിലേക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സമുദായത്തിനു പ്രോല്‍സാഹനമോ പ്രേരണയോ നല്‍കാതിരുന്നത്. സഹാബികളില്‍ പെട്ട ഒരാളില്‍ നിന്നും അതു ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. അതൊരു നല്ല കാര്യമായിരുന്നുവെങ്കില്‍ അതിലേക്ക് അവര്‍ നമ്മുടെ മുമ്പില്‍ കടക്കേണ്ടാതായിരുന്നു. ‘ഖുര്‍ബത്തു’കളെ സംബന്ധിച്ചു (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുവാനായി ചെയ്യപ്പെടുന്ന പുണ്യകര്‍മ്മങ്ങളില്‍) ‘നസ്സ്വ്’കൊണ്ടു മതിയാക്കേണ്ടതാണ്. (ഖുര്‍ആന്റെയോ ഹദീസിന്റെയോ തുറന്ന ഭാഷയിലുള്ള പ്രസ്താവന മാത്രമേ സ്വീകരിക്കാന്‍ നിവൃത്തിയുള്ളൂ.) അതില്‍ അനുമാനവും അഭിപ്രായവും വഴി കൈകാര്യം നടത്തിക്കൂടാ. എന്നാല്‍, (മരിച്ചവര്‍ക്കു വേണ്ടിയുള്ള) പ്രാര്‍ത്ഥനയും, ധര്‍മ്മവുമാകട്ടെ, അവയുടെ കൂലി അവര്‍ക്കു എത്തുമെന്നുള്ളതു (ഭിന്നിപ്പില്ലാത്ത) ഏകകണ്ഠമായ അഭിപ്രായവും, ‘ശാരിഇ’ (*) നാല്‍ തുറന്നു പ്രസ്താവിക്കപ്പെട്ടതുമാകുന്നു’. (هـ ابن كثير)


(*) ‘ശാരിഉ’ (شارع) എന്നാല്‍ മതസ്ഥാപകന്‍ എന്നര്‍ത്ഥം. യഥാര്‍ത്ഥ മതസ്ഥാപകന്‍ അല്ലാഹു തന്നെ. അതു പ്രബോധനം ചെയ്യുന്ന ആളായതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു.


തുടര്‍ന്നുകൊണ്ടു മേലുദ്ധരിച്ച ഹദീസുകളില്‍ പ്രസ്താവിച്ച സംഗതികളില്‍ മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കുമെന്നു പറഞ്ഞിരിക്കുന്നത് അവ അവരുടെ യത്നത്തിന്റെയും, പ്രവര്‍ത്തനത്തിന്റെയും ഇനത്തില്‍ ഉള്‍പ്പെടുന്നതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഖുര്‍ആന്‍ ഓതി ദാനം ചെയ്‌താല്‍ മരിച്ചവര്‍ക്കു അതിന്റെ പുണ്യം കിട്ടുമെന്നു പറയുന്ന പണ്ഡിതന്മാര്‍ പോലും ഖുര്‍ആന്‍ പാരായണത്തിനുവേണ്ടി അന്യരെ കൂലിക്കു വിളിച്ചാല്‍ ശരിയാവുകയില്ലെന്ന അഭിപ്രായത്തിന്നാണ് പിന്‍ബലം നല്‍കുന്നത്. മാത്രമല്ല, ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം (കൂലി) അതു ഓതിയ ആള്‍ക്കുതന്നെയാണ് ലഭിക്കുക എന്നും, ‘അവന്‍ ഓതിയതു പോലെയുള്ളതിന്റെ പ്രതിഫലം’ മാത്രമാണ് മരണപ്പെട്ട ആള്‍ക്കു ലഭിക്കുക എന്നും, ആകയാല്‍ ഓതുന്ന ആള്‍ ‘അല്ലാഹുവേ, ഞാന്‍ ഈ ഓതിയതുപോലെയുള്ളതിന്റെ പ്രതിഫലം ഇന്ന ആള്‍ക്കു എത്തിച്ചു കൊടുക്കണേ’ (أللهم اوصل مثل ثواب ما قرأته) എന്നു പ്രാര്‍ഥിക്കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു. അപ്പോള്‍, യാതൊന്നും, ഓതാതെത്തന്നെ ‘അല്ലാഹുവേ, ഒരു യാസീന്‍ ഓതിയാലുണ്ടാകുന്ന പ്രതിഫലം ഇന്ന ആള്‍ക്കു എത്തിക്കണേ’ എന്നു പറഞ്ഞാലും മതിയാവുകയില്ലേ? ആലോചിച്ചു നോക്കുക! ഇതൊന്നും ആലോചിക്കാതെയാണ് നമ്മുടെ രാജ്യങ്ങളില്‍ പലരും ഈ വിഷയത്തില്‍ ധനം വ്യയം ചെയ്തുവരുന്നത്. അതേ ധനം ഇത്തരം കലര്‍പ്പു കൂടാത്ത പരിശുദ്ധമായ ദാനധര്‍മ്മങ്ങളില്‍ വിനിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ! അതു അവര്‍ക്കും, മരണപ്പെട്ടവര്‍ക്കും ഉപകരിക്കുമായിരുന്നു! والله الموفق للسداد والرشاد

(3) ‘മഹ്ശറി’ല്‍ വെച്ച് മനുഷ്യനു അവന്റെ കര്‍മ്മങ്ങള്‍ കാട്ടിക്കൊടുക്കുകയും അവനെ ബോധ്യ പ്പെടുത്തുകയും ചെയ്യുന്നതാണ്.

(4) പിന്നീടു അതിന്റെ പ്രതിഫലം ശരിക്കും കൃത്യമായും നല്‍കപ്പെടും. ഒരോരുത്തന്റെ കര്‍മ്മങ്ങള്‍ അവന്റെ മുമ്പാകെ കാട്ടി ബോധ്യപ്പെടുത്തുകയും, തെളിവുകള്‍ മൂലം സ്ഥാപിക്കുകയും ചെയ്യും. സല്‍കര്‍മ്മമാണെങ്കില്‍ അവനു സന്തോഷവും, ദുഷ്കര്‍മ്മമാണെങ്കില്‍ അവനു സന്താപവും ഉളവാക്കുമെന്ന് പറയേണ്ടതില്ല.

ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ – الجمعة

(പിന്നീടു അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്. എന്നിട്ടു നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെക്കുറിച്ചു നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തും.)

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ – الزلزال

(അപ്പോള്‍, ആര്‍ ഒരു അണുവോളം ഗുണം ചെയ്യുന്നുവോ അവന്‍ അതു കാണും, ആര്‍ ഒരു അണുവോളം ദോഷം ചെയ്യുന്നുവോ അവന്‍ അതും കാണും.)

(5) എല്ലാ കാര്യങ്ങളും, എല്ലാ ആളുകളും ഒടുക്കം ചെന്നുചേരുന്നത് അല്ലാഹുവിങ്കലേക്കാകുന്നു. എല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും മാത്രമായിരിക്കും. എല്ലാവരും അവന്റെ വിധിക്കു വിധേയരുമായിരിക്കും واليه يرجع الامر كله – هود (അവനിലേക്കു തന്നെ എല്ലാ കാര്യവും മടക്കപ്പെടുന്നു:) إِلَيْهِ مَرْجِعُكُمْ جَمِيعًا – يونس (നിങ്ങളുടെ മുഴുവനും മടങ്ങിച്ചെല്ലല്‍ അവന്റെ അടുക്കലേക്കാകുന്നു.)

(6) ചിരിയും, കരച്ചിലും നല്‍കുന്നവന്‍ അല്ലാഹുവാണ്. സുഖദുഖങ്ങളും, സന്തോഷ സന്താപങ്ങള്‍ക്കുള്ള കാരണങ്ങളും അവന്റെ സൃഷ്ടി തന്നെ. അപ്പോള്‍, ചിരിവരുന്നതും, കരച്ചില്‍ വരുന്നതും അവന്റെ വകയാണ്. കാരണം കൂടാതെ ചിരിക്കുവാനോ, കാരണമുള്ളപ്പോള്‍ ചിരിക്കാതിരിക്കുവാനോ മനുഷ്യനു സാദ്ധ്യമല്ല. ഇതുപോലെത്തന്നെ കരച്ചിലും.

(7) മരണവും ജീവിതവും ഉണ്ടാക്കുന്നവനും അവന്‍ തന്നെ. അതെ, – الملك الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا (നിങ്ങളില്‍ എതാളാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്നു നിങ്ങളെ പരീക്ഷണം നടത്തുവാന്‍ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ്.)

(8) നിസ്സാരമായ ഒരു ഇന്ദ്രിയബിന്ദു ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെടുന്നു. അവിടെവെച്ച് അതു ആണായും പെണ്ണായും, -ചിലപ്പോള്‍ രണ്ടും കൂടിയും- രൂപാന്തരപ്പെട്ടു പുറത്തു വരുന്നു. അതിനു മുമ്പായി എത്രയോ കാര്യങ്ങള്‍ അവിടെ വെച്ചു വ്യവസ്ഥിതമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം സൃഷ്ടി കര്‍ത്താവ് അല്ലാഹുവല്ലാതെ മറ്റാരുമല്ല. ആണിനെ ആണും, പെണ്ണിനെ പെണ്ണും ആക്കുന്നതില്‍ നാമമാത്രമായെങ്കിലും മറ്റൊരാള്‍ക്കും പങ്കില്ല.

(9) ഇങ്ങിനെയെല്ലാം സൃഷ്ടിച്ച് പോറ്റിവളര്‍ത്തിക്കൊണ്ടു വന്ന്‍ പിന്നീടു മരണപ്പെടുത്തിയ അതേ കര്‍ത്താവായ അല്ലാഹുവിന്റെ ബാദ്ധ്യത തന്നെയാണ് മുന്‍ജീവിതത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലം അനുഭവിക്കേണ്ടതിനായി മനുഷ്യനു വീണ്ടും രണ്ടാമതൊരു ജിവിതം കൂടി നല്‍കലും, അതെല്ലാം നിവ്വഹിച്ച അവന്നുണ്ടോ ഇതിനു വല്ല പ്രയാസവും?! ഒരു കണക്കിന് ആദ്യത്തെ സൃഷ്ടിപ്പിനെക്കള്‍ എളുപ്പമാണല്ലോ രണ്ടാമത്തെ സൃഷ്ടിപ്പ്.

(وَهُوَ أَهْوَنُ عَلَيْهِ) (10) ചില ആളുകള്‍ക്ക് ധനവും സമ്പത്തും നല്‍കുന്നതും, അവരെ അന്യന്റെ ആശ്രയം കൂടാതെ ജീവിക്കുമാറാക്കുന്നതും മറ്റു ചിലര്‍ക്കു ദാരിദ്ര്യവും വിഷമവുമുണ്ടെങ്കിലും അവരെ നല്ല സംതൃപ്തിയോടെ കഴിഞ്ഞു കൂടുന്നവരാക്കുന്നതും അല്ലാഹുവാകുന്നു.

اغنى (അഗ്നാ) എന്ന വാക്കിനു ‘ധന്യമാക്കി, ഐശ്വര്യം നല്‍കി, ധനം കൊടുത്തു, ആശ്രയമില്ലാതാക്കി, പര്യാപ്തമാക്കി’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ വരുന്നതാണ്. ധനവും ആവശ്യമായ ജീവിതോപാധികളും നല്‍കി എന്നു സാരം. اقنى (അഖ്നാ) എന്ന്‍ വാക്കിനു ‘സമ്പാദ്യം നല്‍കി, ശേഖരിച്ചു കൊടുത്തു, മതിവരുത്തി, തൃപ്തി നല്‍കി’ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ വരും. ഈ വാക്കിനു രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം. രണ്ടായാലും അതു അല്ലാഹുവിന്റെ അനുഗ്രഹം തന്നെയാണ് കുറിക്കുന്നത്. ആവശ്യങ്ങള്‍ക്കു പുറമെ, സൂക്ഷിച്ചു വെക്കത്തക്കവണ്ണം ധാരാളം ധനം നല്‍കി തൃപ്തിപ്പെടുത്തി എന്നതാണ് ഒരു വ്യാഖ്യാനം. ഈ വ്യാഖ്യാനപ്രകാരം ഇവിടെ (48-ാം വചനത്തില്‍) ദാരിദ്ര്യത്തെക്കുറിച്ചു ഒന്നും പ്രസ്താവിച്ചിട്ടില്ലെന്നു വരും. സ്വത്തും ധനവുമില്ല -ദാരിദ്ര്യവും ബുദ്ധി മുട്ടുമുണ്ട്- എങ്കിലും അതില്‍ അക്ഷമയും അതൃപ്തിയും തോന്നാതെ, ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്യുമാറാക്കി എന്നാണ് മറ്റൊരു വ്യാഖ്യാനം. ഈ വ്യാഖ്യാനത്തിനാണ് ഇവിടെ കൂടുതല്‍ ഔചിത്യം കാണുന്നത്. കാരണം, ധനത്തെക്കള്‍ കവിഞ്ഞ അനുഗ്രഹമാണ് ദാരിദ്ര്യമുള്ളതോടൊപ്പം ധന്യമായ മനസ്ഥിതി ഉളവാകുക എന്നുള്ളത്. ആവശ്യത്തില്‍ കവിഞ്ഞ തോതില്‍ ധനം ശേഖരിച്ചു വെക്കുന്നതു ഇസ്‌ലാമിക ദൃഷ്ട്യാ അഭിലഷണീയമല്ലതാനും. മാത്രമല്ല, ഇതിനു മുമ്പ് (43 – 45) ‘ചിരിപ്പിച്ചു – കരയിപ്പിച്ചു’ എന്നും: മരിപ്പിച്ചു – ജീവിപ്പിച്ചു’ എന്നും ‘ആണിനേയും പെണ്ണിനെയും സൃഷ്ടിച്ചു’ എന്നുമൊക്കെയാണല്ലോ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ആ നിലക്ക് ധനം നല്‍കിയും, ദാരിദ്ര്യത്തില്‍ സംതൃപ്തി നല്‍കിയും അനുഗ്രഹിക്കുക എന്നു വെക്കുന്നതായിരിക്കും കൂടുതല്‍ യോജിപ്പ്. الله اعلم സംതൃപ്തിയും മനസ്സമാധാനവും കൂടാതെയുള്ള സമ്പത്തിനേക്കാള്‍ ഉത്തമം, അവയോടുകൂടിയുള്ള ദാരിദ്യമാകുന്നു.

لَيس الغِنَي عَن كثْرَةِ العَرضِ، وَلكِنَّ الغنِيَ غِنَي النَّفسِ – متفق عليه

(വിഭവങ്ങള്‍ അധികരിക്കുന്നതുകൊണ്ടല്ല ധനമുണ്ടാകുന്നത്. പക്ഷേ, ധനമെന്നത് മനസ്സിന്റെ ധന്യതയാണ്‌. (ഹ.ശ.)

(11) ‘ശിഅ്റാ’ (الشعرى) യുടെ റബ്ബും അല്ലാഹു തന്നെ. മിഥുന നക്ഷത്രത്തിന്റെ പിന്നിലായി ഗ്രീഷ്മ കാലത്ത് പ്രത്യക്ഷപ്പെടാറുള്ള ചോതി നക്ഷത്രമാണ് ‘ശിഅ്റാ’.* മുന്‍കാലത്തു ചില അറബികള്‍ അതിനെ ആരാധിച്ചു വന്നിരുന്നതുകൊണ്ടാണ് അതിനെ പ്രത്യേകം എടുത്തു പറഞ്ഞത്.

(12) ആദിമ ‘ആദു’ വര്‍ഗ്ഗത്തെയും ‘ഥമൂദു’ ഗോത്രത്തെയും നിശ്ശേഷം നശിപ്പിച്ചതും, അതിന്റെ എത്രയോ മുമ്പു നൂഹ് (അ) ന്റെ ജനതയെ നശിപ്പിച്ചതുമെല്ലാം അല്ലാഹു തന്നെ. ഒരു സമുദായത്തിന്റെ ധിക്കാ രവും അക്രമവും അതിരു കടക്കുമ്പോഴാണ് അല്ലാഹു ഏതെങ്കിലും പൊതുശിക്ഷ വഴി അതിനെ ഒന്നടങ്കം നശിപ്പിക്കുന്നത്. ഇതെല്ലാം പിന്നീടുള്ളവര്‍ക്കും പാഠമായിരിക്കേണ്ടതാണ്. ആദിമ ;ആദു’ വര്‍ഗ്ഗം (عاد الاولى) ഹൂദ്‌ (അ) ന്റെ സമുദായവും, ‘ഥമൂദു’ സമുദായം സ്വാലിഹ് (അ) ന്റെ സമുദായവുമാകുന്നു. നൂഹ് (അ)നു ശേഷം ഹൂദ്‌ (അ) നു മുമ്പു കഴിഞ്ഞുപോയ ഒരു ജനതയായിരുന്നു ആദിമ ‘ആദു’ വര്‍ഗ്ഗമെന്നും അഭിപ്രായമുണ്ട്.

(13) അടിമേലായി മറിഞ്ഞു കിടക്കുന്ന ആ രാജ്യത്തെ (المؤتفكة) തല കീഴായി മറിച്ചു വീഴത്തിയവനും അല്ലാഹു തന്നെ. ലൂത്ത് (അ) നബിയുടെ രാജ്യമാണ് ഉദ്ദേശ്യം.

 82 جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ – هود

(അതിന്റെ മേല്‍ ഭാഗം നാം കീഴ്ഭാഗമാക്കി. അവരുടെ മേല്‍ നാം ചൂളക്കല്ലു കൊണ്ടുള്ള മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. (സൂ: ഹൂദ്‌ 82.)

الْقَرْيَةِ الَّتِي أُمْطِرَتْ مَطَرَ السَّوْءِ – الفرقان 40

(ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട രാജ്യം (സൂ: ഫുര്‍ഖാന്‍ 40) എന്നൊക്കെ പറഞ്ഞിട്ടുള്ളതു ഇന്നും തലകീഴായിക്കിടക്കുന്ന ആ രാജ്യത്തെക്കുറിച്ചാകുന്നു. ഇവയെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് ‘അതിനെ ആവരണം ചെയ്തതൊക്കെ ആവരണം ചെയ്തു (فَغَشَّاهَا مَا غَشَّىٰ) ഏന്നു പറഞ്ഞത്.


(*) മിഥുന നക്ഷത്രം = ال جوزاء (Gemini); ചോതി നക്ഷത്രം അഥവാ അഗ്നി നക്ഷത്രം = الشعرى (Sirius)


മനുഷ്യന്‍ പ്രത്യക്ഷത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും, അവനു ആലോചിച്ചറിയുവാന്‍ സാധിക്കുന്നതുമായ പ്രധാനപ്പെട്ട പല കാര്യങ്ങളെയും നിരത്തിക്കാട്ടിയശേഷം, അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലും പ്രവര്‍ത്തനങ്ങളിലും തര്‍ക്കം നടത്തിക്കൊണ്ടിരിക്കുന്നവരോട് അല്ലാഹു ചോദി ക്കുകയാണ്: ഹേ, മനുഷ്യാ, എന്നിരിക്കെ നിന്റെ റബ്ബിന്റെ ഏതു അനുഗ്രഹത്തെക്കുറിച്ചാണ് നിനക്ക് സംശയിച്ചു തര്‍ക്കിക്കുവാനുള്ളത് എന്നു?! മേല്‍ വിവരിച്ച യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍വെച്ചു കൊണ്ടു ഈ ചോദ്യത്തിന്റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിലപാടും, അവിടുത്തേക്കു അല്ലാഹുവിന്റെ ദൗത്യസന്ദേശങ്ങള്‍ ലഭിക്കുന്ന മാര്‍ഗ്ഗവും, അവിടുന്നു പ്രബോധനം ചെയ്യുന്ന സിദ്ധാന്തങ്ങളും വിവരിച്ച ശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു അല്ലാഹു പറയുന്നു: –

53:56
  • هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ ﴾٥٦﴿
  • ഇതു പൂര്‍വ്വികന്മാരായ താക്കീതുകാരിൽ പെട്ട ഒരു താക്കീതുകാരനത്രെ.
  • هَـٰذَا نَذِيرٌ ഇതു ഒരു താക്കീതുകാരനാണ് مِّنَ النُّذُرِ താക്കീതുകാരില്‍പെട്ട الْأُولَىٰ ആദ്യത്തവരായ, പൂര്‍വ്വികന്മാരായ
53:57
  • أَزِفَتِ ٱلْـَٔازِفَةُ ﴾٥٧﴿
  • (ആ) ആസന്നസംഭവം (ഇതാ) ആസന്നമായി!-
  • أَزِفَتِ ആസന്നമായി, അടുത്തു الْآزِفَةُ ആസന്നമായതു (സംഭവം)
53:58
  • لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ﴾٥٨﴿
  • അല്ലാഹുവിനു പുറമെ, അതിനെ തുറവിയാക്കുന്ന ഒരു ശക്തിയും ഇല്ല.
  • لَيْسَ لَهَا അതിന്നില്ല مِن دُونِ اللَّـهِ അല്ലാഹുവിനെകൂടാതെ, പുറമെ كَاشِفَةٌ തുറവിയാക്കുന്ന (ശക്തി) ഒന്നും

ജനങ്ങളെ താക്കീതു ചെയ്യാനായി നിയോഗിക്കപ്പെട്ട വളരെയധികം പ്രവാചകന്‍മാർ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാൾ മാത്രമാണ് നിങ്ങളുടെ പ്രവാചകനും. അദ്ദേഹം ഈ രംഗത്തു പുതുതായി പ്രത്യക്ഷപ്പെട്ട ഒരാളല്ല.

9 قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ – الاحقاف

(പറയുക: ഞാന്‍ റസൂലുകളില്‍ ഒരു പുത്തനല്ല). പക്ഷേ, എനി ഒരു പ്രവാചകനെ നിങ്ങള്‍ക്കു പ്രതീക്ഷിക്കുവാനില്ല. അദ്ദേഹം അവസാനത്തെ പ്രവാചകനാണ്‌. കാലം ഇതാ അവസാനിക്കാറായി. ആ മഹാസംഭവം -ലോകാവസാനസംഭവം- ഇതാ ആസന്നമായി. അതു വന്നാല്‍ അതിനെ തടയുവാൻ അല്ലാഹു അല്ലാത്ത മറ്റാരാലും സാധ്യമല്ല.

لْآزِفَةِ (ആസന്ന സംഭവം) എന്നു പറഞ്ഞതു ഖിയാമത്തു നാളിനെക്കുറിച്ചാകുന്നു. അടുത്ത അദ്ധ്യായത്തിന്റെ ആരംഭത്തില്‍ اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തെത്തി) എന്നു പറയുന്നു. ഖിയാമത്തു നാളിന്റെ നാമവിശേഷണങ്ങളായി الواقعة (ആ സംഭവം), القارعة (ആ ഭയങ്കര സംഭവം), الحاقة (ആ യഥാര്‍ത്ഥ സംഭവം) എന്നൊക്കെ അല്ലാഹു ഖുര്‍ആനിൽ പ്രസ്താവിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒരു നാമമത്രെ ഇതും. ‘തുറവിയാക്കുന്ന ശക്തിയില്ല’ എന്ന (58-ാം) വാക്യത്തിനു

1) അതു സംഭവിക്കുമ്പോള്‍ അതിൽനിന്നു തുറവി നല്‍കുവാനും അതിനെ തടുക്കുവാനും അല്ലാഹുവിനല്ലാതെ ആര്‍ക്കും കഴിയുന്നതല്ല എന്നും,

2) അതിനെ വെളിക്കുകൊണ്ടുവരുന്നതും സംഭവിപ്പിക്കുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല എന്നും മറ്റും വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. അല്ലാഹു വീണ്ടും ചോദിക്കുന്നു:-

53:59
  • أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ ﴾٥٩﴿
  • അപ്പോള്‍, (കാര്യം ഇങ്ങിനെയിരിക്കെ) ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുന്നത്? -
  • أَفَمِنْ هَـٰذَا الْحَدِيثِ അപ്പോള്‍ ഈ വര്‍ത്തമാനത്തെ സംബന്ധിച്ചോ تَعْجَبُونَ നിങ്ങള്‍ ആശ്ചര്യപ്പെടുന്നു
53:60
  • وَتَضْحَكُونَ وَلَا تَبْكُونَ ﴾٦٠﴿
  • നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും? –
  • وَتَضْحَكُونَ നിങ്ങള്‍ ചിരിക്കുകയും ചെയ്യുന്നു وَلَا تَبْكُونَ നിങ്ങള്‍ കരയുന്നുമില്ല, കരയാതെയും
53:61
  • وَأَنتُمْ سَـٰمِدُونَ ﴾٦١﴿
  • നിങ്ങളാകട്ടെ, (അശ്രദ്ധരായി) മേല്‍പോട്ടു നോക്കുന്നവരുമാകുന്നു.
  • وَأَنتُمْ നിങ്ങളോ, നിങ്ങളാകട്ടെ سَامِدُونَ മേല്‍പോട്ടു നോക്കുന്നവർ (അശ്രദ്ധർ, അഹംഭാവികള്‍) ആകുന്നു

അബൂ ഹുറൈറഃ (رضي الله عنه) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിന്റെ സാരം ഇപ്രകാരമാകുന്നു: ഈ (59-61) വചനങ്ങള്‍ ഓതിക്കേട്ടപ്പോൾ, സഹാബികള്‍ കണ്ണുനീരോഴുക്കി കരയുകയുണ്ടായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കരഞ്ഞു. ഞങ്ങളും ഒന്നിച്ചു കരഞ്ഞു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടു നിമിത്തം കരയുന്നവൻ നരകത്തിൽ പ്രവേശിക്കയില്ല; അനുസരണ ക്കേടില്‍ നിരതനായവൻ സ്വര്‍ഗ്ഗത്തിലും പ്രവേശിക്കയില്ല….’ (لا يَلِجُ النَّارَ مِنْ بَكَى مِنْ خَشْيَةِ اللَّه تعالى ولا يدخل الجنة مصر على معصية الخ – البيهقى فى الشعب) ‘ഈ വര്‍ത്തമാനം’ എന്നു പറഞ്ഞതു ഖുര്‍ആനെ ഉദ്ദേശിച്ചാകുന്നു.

53:62
  • فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩ ﴾٦٢﴿
  • (മനുഷ്യരേ) അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവിനു ‘സുജൂദു’ [സാംഷടാംഗ നമസക്കാരം] ചെയ്യുവിന്‍; ആരാധനയും ചെയ്യുവിന്‍!
  • فَاسْجُدُوا അതുകൊണ്ടു നിങ്ങള്‍ സുജൂദ് ചെയ്യുവിൻ لِلَّـهِ അല്ലാഹുവിനു وَاعْبُدُوا ഇബാദത്തും (ആരാധനയും) ചെയ്യുവിന്‍

ഇബ്നു അബ്ബാസ്‌ (رحمه الله) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: ‘നജ്മു’ ഓതി സുജൂദ് ചെയ്തു. തിരുമേനിയോടൊപ്പം (അവിടെ സന്നിഹിതരായിരുന്ന) മുസ്‌ലിംകളും, മുശ്രിക്കുകളും, ജിന്നും, ഇന്‍സും (മനുഷ്യരും) സുജൂദ് ചെയ്തു. (ബുഖാരി.) അര്‍ത്ഥവും ആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയ സാന്നിദ്ധ്യത്തോടുകൂടിയും ഈ അദ്ധ്യായം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നപക്ഷം, മനുഷ്യ ഹൃദയമുള്ള ആരും നിശ്ചയമായും അവരറിയാതെത്തന്നെ അല്ലാഹുവിനു സുജൂദു ചെയ്‌വാൻ പ്രചോദിതരാകാതിരിക്കയില്ല. ഇബ്നു അബ്ബാസ്‌ (رحمه الله) ന്റെ ഈ പ്രസ്‌താവനയിൽ നാം കണ്ടതും അതാണ്‌.

അല്ലാഹുവേ! നിന്റെ ശിക്ഷയും താക്കീതും ഭയപ്പെടുന്ന, അശ്രദ്ധയും പരിഹാസവും കാണിക്കാത്ത ഭയഭക്തന്മാരുടെ കൂട്ടത്തില്‍ ഞങ്ങളെയെല്ലാം നീ ഉള്‍പ്പെടുത്തേണമേ! നിനക്കു ‘സുജൂദും ഇബാദത്തും’ ചെയ്യുന്ന സജ്ജനങ്ങളിൽ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ! آمين

اللــهـم ولـك الحـمـد والمـنة