സൂറത്തുല്‍ഖമര്‍ : 23-55
വിഭാഗം - 2
- كَذَّبَتْ ثَمُودُ بِٱلنُّذُرِ ﴾٢٣﴿
- 'ഥമൂദ്' (ഗോത്രം) താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
- كَذَّبَتْ ثَمُودُ ഥമൂദു വ്യാജമാക്കി بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ
- فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَٰلٍ وَسُعُرٍ ﴾٢٤﴿
- അങ്ങനെ, അവര്‍ പറഞ്ഞു: ‘നമ്മളില്‍നിന്നുള്ള ഒരേ ഒരു മനുഷ്യനെയോ നാം പിന്‍പറ്റുന്നു?!’ അങ്ങിനെയാണെങ്കില്‍, നിശ്ചയമായും നാം വഴിപിഴവിലും, കിറുക്കിലും തന്നെയായിരിക്കും.
- فَقَالُوا അങ്ങിനെ (എന്നിട്ടു) അവര്‍ പറഞ്ഞു أَبَشَرًا ഒരു മനുഷ്യനെയോ مِّنَّا നമ്മില്‍പ്പെട്ട وَاحِدًا ഒരുത്തനെ نَّتَّبِعُهُ നാമവനെ പിന്‍പറ്റുന്നു, തുടരുന്നു إِنَّا നിശ്ചയമായും നാം إِذًا എന്നാല്‍, അപ്പോള്‍, അങ്ങിനെയാണെങ്കില്‍ لَّفِي ضَلَالٍ വഴിപിഴവില്‍ തന്നെ وَسُعُرٍ കിറുക്കിലും (ചൂടിലും, അസ്ഥിരതയിലും, ഭ്രമത്തിലും, ഭ്രാന്തിലും)
- أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ ﴾٢٥﴿
- ‘നമ്മുടെ ഇടയില്‍നിന്നു് അവനു (പ്രത്യേകം) ബോധനം കൊടുക്കപ്പെട്ടുവോ?! (ഇല്ല) പക്ഷേ, അവന്‍ അഹങ്കാരിയായ വ്യാജവാദിയുമാകുന്നു.’
- أَأُلْقِيَ ഇട്ടുകൊടുക്കപ്പെട്ടു(നല്‍കപ്പെട്ടു)വോ الذِّكْرُ ബോധനം, ഉപദേശം, സന്ദേശം عَلَيْهِ അവന്റെമേല്‍ مِن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു بَلْ هُوَ പക്ഷേ അവന്‍ كَذَّابٌ വ്യാജ (കള്ള) വാദിയാണ് أَشِرٌ അഹങ്കാരിയായ, ഗര്‍വ്വിഷ്ഠനാണ്
നമ്മളില്‍പെട്ട കേവലം സാധാരണക്കാരനായ ഒരാളത്രെ സ്വാലിഹ്. അവനെ നാം പിന്‍പറ്റണമെന്നു വരുന്ന പക്ഷം നാം സമചിത്തതയില്ലാത്ത കിറുക്കന്മാരും വഴിപിഴച്ചവരുമായിരിക്കുമല്ലോ. നാമെല്ലാം നിലവിലുള്ളപ്പോള്‍, അവനുമാത്രം അല്ലാഹുവില്‍നിന്നു ഒരു ദിവ്യബോധനം ലഭിക്കുന്നുവെന്നും മറ്റും പറയുന്നതു എങ്ങിനെ വിശ്വസിക്കും?! പക്ഷേ, യഥാര്‍ത്ഥം അതൊന്നുമല്ല. അവന്‍ കള്ളവാദിയാണ്, തനി അഹങ്കാരിയാണ്. ഇതാണതിനു കാരണം എന്നൊക്കെ ആ ജനത തട്ടിമൂളിച്ചു. സ്വാലിഹു (عليه السلام) നബിയെ അഭീമുഖികരിച്ചുകൊണ്ടു അല്ലാഹു അവര്‍ക്കു കൊടുത്ത മറുപടി:-
- سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ ﴾٢٦﴿
- നാളെ അവര്‍ക്ക് അറിയാറാകും, ആരാണ് അഹങ്കാരിയായ വ്യാജവാദി എന്നു്!
- سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും غَدًا നാളെ مَّنِ الْكَذَّابُ വ്യാജവാദി ആരെന്നു الْأَشِرُ അഹങ്കാരിയായ
- إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ ﴾٢٧﴿
- അവര്‍ക്ക് ഒരു പരീക്ഷണമായിക്കൊണ്ട് നാം ഒട്ടകത്തെ അയക്കുന്നു. എന്നിട്ടു നീ അവരെ വീക്ഷിച്ചുകൊള്ളുക; ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
- إِنَّا مُرْسِلُو നാം അയക്കുന്നവരാണ് (അയക്കുന്നു) النَّاقَةِ ഒട്ടകത്തെ فِتْنَةً പരീക്ഷണമായിട്ടു لَّهُمْ അവര്‍ക്കു فَارْتَقِبْهُمْ എന്നാല്‍ (എന്നിട്ടു) നീ അവരെ വീക്ഷിച്ചുകൊള്ളുക وَاصْطَبِرْ ക്ഷമ കൈകൊള്ളുകയും ചെയ്യുക.
- وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ ﴾٢٨﴿
- വെള്ളം അവര്‍ക്കിടയില്‍ പങ്കാണ് - എല്ലാ വെള്ളം കുടിക്കും [ഓരോരുത്തരുടെ ഊഴത്തിനും] തയ്യാറെടുക്കപ്പെടേണ്ടതാകുന്നു - എന്നു നീ അവരെ വിവരമറിയിക്കുകയും ചെയ്യുക.
- وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുകയും ചെയ്യുക أَنَّ الْمَاءَ വെള്ളം (ആകുന്നു) എന്നു قِسْمَةٌ പങ്കു, (ഓഹരി (ഊഴം) ആകുന്നു (എന്നു) بَيْنَهُمْ അവര്‍ക്കിടയില്‍ كُلُّ شِرْبٍ എല്ലാ കുടിയും (വെള്ളത്തിന്റെ ഊഴവും) مُّحْتَضَرٌ ഹാജറാക്കപ്പെടേണ്ടതാണ്, തയ്യാറെടുക്കപ്പെടേണ്ടതാണ്
ഥമൂദുഗോത്രത്തിന്റെ ധിക്കാരം മുഴുത്തപ്പോള്‍ ഒരു അന്ത്യപരീക്ഷണമായി അല്ലാഹു അവരിലേക്കു ഒരു ഒട്ടകത്തെ നിയോഗിച്ചയച്ചു. ആ ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാല്‍ അവരുടെ നാശത്തിനു ഹേതുവാകുമെന്നും. അവരുടെ ജലാശയത്തിലെ വെള്ളം അവര്‍ക്കും ഒട്ടകത്തിനും ഊഴമായി പങ്കിടപ്പെടേണ്ടതാണെന്നും, അവരവരുടെ ഊഴത്തില്‍ അവരവര്‍ വെള്ളമെടുക്കാന്‍ ചെല്ലേണ്ടതാണെന്നും അറിയിച്ചു. [കൂടുതല്‍ വിവരം സൂ: ശുഅറാഉ് 155-156 ല്‍ കഴിഞ്ഞുപോയതു ഓര്‍ക്കുക). പരീക്ഷണത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് വീക്ഷിച്ചുകൊണ്ടിരിക്കുവാനും, അവരുടെ അക്രമങ്ങളില്‍ ക്ഷമകൈക്കൊള്ളുവാനും സ്വാലിഹു (عليه السلام) നബിയോടും അല്ലാഹു ഉപദേശിച്ചു.
‘വെള്ളം അവര്‍ക്കിടയില്‍ പങ്കാണ്’ (أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ) എന്ന വാക്യത്തില്‍ ഒട്ടകത്തിനും അവരെപ്പോലെ ഒരു പ്രത്യേക ഊഴം നിശ്ചയിച്ചിരുന്നു എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. പക്ഷേ, സൂ: ശുഅറാഇല്‍, ‘അതിനു ഒരു നിശ്ചിത വെള്ളം കുടിയുണ്ട്. നിങ്ങള്‍ക്കും ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടിയുണ്ട്.’ (لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍۢ مَّعْلُومٍۢ) എന്നു പറഞ്ഞിരിക്കകൊണ്ട് വെള്ളം ഇന്നിന്ന ദിവസം ഒട്ടകത്തിനും, ഇന്നിന്ന ദിവസം അവര്‍ക്കുമെന്നു പ്രത്യേകം ഊഴം നിശ്ചയിക്കപ്പെട്ടിരുന്നുവെന്നു സ്പഷ്ടമാകുന്നു. ഒരു ഗോത്രത്തിലെ ജനങ്ങള്‍ക്കെന്നപോലെ, ജലാശയത്തില്‍നിന്നു ഒരു ഒട്ടകത്തിനും വെള്ളം കുടിക്കുവാനുള്ള അവകാശം ഇത്ര കണിശമായി നിശ്ചയിക്കപ്പെടുമ്പോള്‍ ആ ഒട്ടകത്തിനു എന്തോ ചില പ്രത്യേകതയോ അസാധാരണത്വമോ ഉണ്ടായിരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാഹുവിനറിയാം.
പക്ഷേ, ഏതെങ്കിലും ഒരു വസ്തുവിലോ, ഒരു സംഭവത്തിലോ വല്ലവിധത്തിലുള്ള അസാധാരണത്വവും കണ്ടേക്കുന്നതു സഹിക്കാന്‍ കഴിയാത്ത ചില പുത്തന്‍ വ്യാഖ്യാനക്കാരുണ്ടല്ലോ ഇക്കാലത്ത്. അവര്‍ പതിവുപ്രകാരം ഇവിടെയും ചില സാഹസങ്ങള്‍ക്കു മിനക്കെട്ടു കാണാം. അവിടെയുണ്ടായിരുന്ന വെള്ളം അവര്‍ക്കു – ഥമൂദു ജനതക്കു – മാത്രം പങ്കിടപ്പെട്ടതായിരുന്നുവെന്നല്ലാതെ, ഒട്ടകത്തിനും അവര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നുവെന്നു പറയുന്നതിനോടു ഖുര്‍ആന്‍ യോജിക്കുന്നില്ലെന്നാണ് അവരുടെ വാദം. ജനങ്ങള്‍ വെള്ളം പങ്കിട്ടു ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒട്ടകം വെള്ളം കുടിക്കാന്‍ ചെന്നാല്‍ ആരും അതിനെ തടയരുതെന്നായിരുന്നു അവരോടു കൽപിക്കപ്പെട്ടിരുന്നതെന്നു അവര്‍ പറയുന്നു. ഇതെല്ലം തട്ടിമൂളിക്കുമ്പോള്‍, സൂറത്തു ശുഅറാഇലെ മേലുദ്ധരിച്ച വചനം ഇവര്‍ മൂടിവെക്കുകയോ, മറന്നുപോകുകയോ ചെയ്തിരിക്കുകയാണെന്നു നമുക്കു നിസ്സംശയം പറയാം. എനി, അവിടെവെച്ച് ഇതേ ആളുകള്‍ തന്നെ ഇതിനുനേരെ വിപരീതവും പറഞ്ഞുകാണാവുന്നതാണ്. അതാണ് കൂടുതല്‍ ആശ്ചര്യം. ഒട്ടകത്തിനു വെള്ളം ലഭിക്കുവാനുള്ള ഒരു നിശ്ചിത ഊഴവും നിങ്ങള്‍ക്കു കുടിക്കുവാനുമുള്ള ഒരു നിശ്ചിത ഊഴവും ഉണ്ടെന്നും, ഇന്നിന്ന ദിവസം ഒട്ടകവും, ഇന്നിന്നദിവസം നിങ്ങളും വെള്ളം കുടിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നതായി തുറന്ന ഭാഷയില്‍ ഇവര്‍ – അറിഞ്ഞോ അറിയാതെയോ – അവിടെ (സൂ: ശുഅറാഇല്‍) പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, ഇതിന്നൊരു ചെറിയ അപവാദവും അവിടെ ഇവര്‍ വരുത്തിവെച്ചിട്ടുണ്ട്. അതായതു, വെള്ളത്താവളം ഒന്നിലധികമുണ്ടായിരുന്നുവെന്നു ധ്വനിപ്പിച്ചിരിക്കുന്നു. ഈ സൂറത്തിലെത്തിയപ്പോള്‍ അതു കേവലം ഒരു ജലാശയം മാത്രമായിട്ടാണ് വിവരിച്ചിരിക്കുന്നത്. എന്താവശ്യത്തിനാണ് ഇത്തരം പരസ്പവിരുദ്ധവും ബാലിശവുമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്കു ഇവര്‍ മിനക്കെടുന്നതെന്നു മനസ്സിലാകുന്നില്ല. അല്ലാഹു നമുക്കും അവര്‍ക്കും പൊറുത്തു തരുകയും സല്‍ബുദ്ധി നല്‍കുകയും ചെയ്യട്ടെ. ആമീന്‍. ഏതായാലും, ഥമൂദു ജനത ഒട്ടകത്തെ അക്രമിക്കുവാന്‍ തന്നെ മുതിര്‍ന്നു. അതു അവര്‍ക്കൊരു ഭാരമായി അവര്‍ കരുതി.
- فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ ﴾٢٩﴿
- എന്നിട്ട്, അവര്‍ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു; എന്നിട്ട് അവന്‍ (വധശ്രമം) ഏറ്റെടുത്ത് (അതിനെ) അറൂകൊല ചെയ്തു.
- فَنَادَوْا എന്നിട്ടവര്‍ വിളിച്ചു صَاحِبَهُمْ അവരുടെ ചങ്ങാതിയെ (ആളെ) فَتَعَاطَىٰ എന്നിട്ടു അവന്‍ ഏറ്റെടുത്തു (വധകൃത്യം നിര്‍വ്വഹിച്ചു) فَعَقَرَ അങ്ങനെ അവന്‍ അറുകൊല ചെയ്തു, വെട്ടിയറുത്തു, കുതികാലറുത്തു
- فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾٣٠﴿
- അപ്പോള്‍, നമ്മുടെ ശിക്ഷയും, നമ്മുടെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക):
- فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്റെ ശിക്ഷوَنُذُرِ എന്റെ താക്കീതുകളും
- إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ ﴾٣١﴿
- നാം അവരുടെ മേല്‍ ഒരേ ഒരു ഘോരശബ്ദം അയച്ചു; - അപ്പോള്‍ അവര്‍, ആലവളപ്പുകാരന്റെ ചില്ലിത്തുരുമ്പുപോലെ ആയിത്തീര്‍ന്നു!
- إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരില്‍ صَيْحَةً ഒരു ഘോരശബ്ദം وَاحِدَةً ഒരേ فَكَانُوا അങ്ങനെ അവരായിത്തീന്നു كَهَشِيمِ ചില്ലിത്തുരുമ്പു (നുറുങ്ങുകഷ്ണങ്ങള്‍) പോലെ الْمُحْتَظِرِ (കാലികള്‍ക്കുവേണ്ടി വളച്ചുകെട്ടിയ) കാലിവളപ്പുകാരന്റെ
ഒട്ടകത്തെ വധിക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവരില്‍ വെച്ച് ഏറ്റവും നിഷ്ഠൂരനായ അവരുടെ ഒരു കൂട്ടുകാരനെ അവര്‍ അതിനു ക്ഷണിച്ചു. അവന്‍ അതു സ്വയം ഏറ്റെടുത്തു. വാളെടുത്തു ഒട്ടകത്തിന്റെ കാല്‍ക്കുവെട്ടി വീഴ്ത്തി അതിനെ കൊന്നുകളഞ്ഞു. താമസംവിനാ അല്ലാഹുവിന്റെ ശിക്ഷയും ഇറങ്ങി. ഒരൊറ്റ ഘോരശബ്ദം! കാലികളെ താമസിപ്പിക്കുവാന്‍വേണ്ടി ചുള്ളിക്കൊമ്പുകളാല്‍ ഇടയന്മാര്‍ വളച്ചു കെട്ടിയുണ്ടാക്കുന്ന കാലിവളപ്പുകളില്‍ അവയുടെ ചിതാങ്ങളും ചില്ലകളും കൊഴിഞ്ഞുവീണു കിടക്കുമല്ലോ. അതുപോലെയായി ആ ഗോത്രക്കാര്‍. അതെ, അവരുടെ ശരീരങ്ങള്‍ നുറുങ്ങി ചിന്നിച്ചിതറിപ്പോയി!
- وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾٣٢﴿
- തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
- وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
ഈ സംഭവത്തിനുശേഷവും – മുമ്പു രണ്ടുതവണ കണ്ടതുപോലെ – അല്ലാഹു ഈ പ്രസ്താവനയും ആഹ്വാനവും ആവര്‍ത്തിച്ചിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവമത്രെ ഇതു കാണിക്കുന്നത്.
- كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ ﴾٣٣﴿
- ലൂത്ത്വിന്റെ ജനത താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
- كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്റെ ജനത بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ
- إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَٰهُم بِسَحَرٍ ﴾٣٤﴿
- നാം അവരുടെ മേല്‍ ഒരു ചരല്‍ക്കാറ്റു അയച്ചു- ലൂത്ത്വിന്റെ കുടുംബം ഒഴിച്ചു. അവരെ നാം ഒരു നിശാന്ത്യത്തില്‍ [പുലരാന്‍ കാലത്തു] രക്ഷപ്പെടുത്തി;-
- إِنَّا أَرْسَلْنَا നാം അയച്ചു عَلَيْهِمْ അവരില്‍ حَاصِبًا ഒരു ചരല്‍ക്കാറ്റു إِلَّا آلَ لُوطٍ ലൂത്ത്വിന്റെ കുടുംബം (ആള്‍ക്കാര്‍) ഒഴികെ نَّجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തി بِسَحَرٍ നിശാന്ത്യത്തില്‍ (രാത്രിയുടെ അന്ത്യത്തില്‍)
- نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ ﴾٣٥﴿
- നമ്മുടെ പക്കല്‍നിന്നുള്ള ഒരു (വലിയ) അനുഗ്രഹമായിക്കൊണ്ട്. അപ്രകാരമത്രെ നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
- نِّعْمَةً അനുഗ്രഹമായിട്ടു مِّنْ عِندِنَا നമ്മുടെ പക്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരമത്രെ, അതു പോലെ نَجْزِي നാം പ്രതിഫലം നല്‍കുന്നത് (നല്‍കുന്നു) مَن شَكَرَ നന്ദി കാണിച്ചവര്‍ക്കു.
- وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ ﴾٣٦﴿
- നമ്മുടെ കഠിനപിടുത്തത്തെ [ശിക്ഷയെ] ക്കുറിച്ച് അദ്ദേഹം അവരെ തീര്‍ച്ചയായും താക്കീതു ചെയ്കയുണ്ടായി. അപ്പോള്‍, അവര്‍ താക്കീതുകളെക്കുറിച്ച് തര്‍ക്കം നടത്തി (നിഷേധിച്ചു).
- وَلَقَدْ أَنذَرَهُم തീര്‍ച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി بَطْشَتَنَا നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി فَتَمَارَوْا അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി بِالنُّذُرِ താക്കീതുകളെക്കുറിച്ചു.
- وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ ﴾٣٧﴿
- അദ്ദേഹത്തിന്റെ അതിഥികളെ [തോന്നിയവാസത്തിനു] വിട്ടുകിട്ടുവാന്‍ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു ചെല്ലുകയുണ്ടായി. അപ്പോള്‍, നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി; അവരോടു (പറയപ്പെട്ടു): ‘എനി, നിങ്ങള്‍ എന്റെ ശിക്ഷയും, എന്റെ താക്കീതുകളും ആസ്വദിച്ചു കൊള്ളുവിന്‍!’
- وَلَقَدْ رَاوَدُوهُ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടുചെന്നു, ശ്രമം നടത്തി عَن ضَيْفِهِ അദ്ദേഹത്തിന്റെ അതിഥികള്‍ക്കുവേണ്ടി, വിരുന്നുകാരെ വിട്ടുകൊടുപ്പാന്‍ فَطَمَسْنَا അപ്പോള്‍ നാം തുടച്ചുനീക്കി, മായിച്ചുകളഞ്ഞു أَعْيُنَهُمْ അവരുടെ കണ്ണു (കാഴ്ച്ച)കളെ فَذُوقُوا എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക عَذَابِي എന്റെ ശിക്ഷ وَنُذُرِ എന്റെ താക്കീതുകളും.
ഇബ്രാഹീം (عليه السلام) നബിക്കു ഒരു പുത്രനെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ ചെന്ന മലക്കുകളായിരുന്നു ലൂത്ത്വ് (عليه السلام) നബിയുടെ ജനതയെ നശിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്നതെന്നും. അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ അതിഥികളെന്നോണം മനുഷ്യരൂപത്തില്‍ ചെന്നിരുന്നുവെന്നും, വളരെ സുമുഖരായിരുന്ന അവരെ തങ്ങളുടെ ദുരുദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതിനു വിട്ടുക്കൊടുക്കുവാന്‍ ആ ജനത അദ്ദേഹത്തോടു കിണഞ്ഞു നോക്കുകയുണ്ടായെന്നും ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം നാം കണ്ടിരിക്കുന്നുവല്ലോ. ആ സംഭവമാണ് ഇവിടെയും അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍, ആ തെമ്മാടികളുടെ കണ്ണിന്റെ കാഴ്ച്ച അല്ലാഹു എടുത്തുകളയുകയും, അവര്‍ അന്ധന്മാരെപ്പോലെ തപ്പിത്തടഞ്ഞു നടക്കേണ്ടിവരികയും ചെയ്തു.
- وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ ﴾٣٨﴿
- തീര്‍ച്ചയായും, (നീങ്ങിപ്പോകാതെ) ഉറച്ചുനില്‍ക്കുന്ന ഒരുശിക്ഷ ഒരു പ്രഭാതത്തില്‍ അവര്‍ക്കു ബാധിച്ചു കളഞ്ഞു.
- وَلَقَدْ صَبَّحَهُم തീര്‍ച്ചയായും അവരെ പ്രഭാതത്തില്‍ ബാധിച്ചു بُكْرَةً ഒരു രാവിലെ عَذَابٌ مُّسْتَقِرٌّ ഉറച്ച(സ്ഥിരമായ) ഒരു ശിക്ഷ
- فَذُوقُوا۟ عَذَابِى وَنُذُرِ ﴾٣٩﴿
- ‘എനി, എന്റെ ശിക്ഷയും, എന്റെ താക്കീതുകളും ആസ്വദിച്ചുകൊള്ളുവിന്‍!' (എന്നു പറയപ്പെട്ടു).
- فَذُوقُوا എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക عَذَابِي എന്റെ ശിക്ഷ وَنُذُرِ എന്റെ താക്കീതുകളും.
ലൂത്ത്വി (عليه السلام)ന്റെ ജനതയെയും അവര്‍ക്ക് ബാധിച്ച അതിഭയങ്കര ശിക്ഷയെയും കുറിച്ചു മുമ്പ് പലപ്പോഴും പ്രസ്താവിച്ചു കഴിഞ്ഞിരിക്ക കൊണ്ടു ഇവിടെ കൂടുതല്‍ വിവരിക്കേണ്ടതില്ല. മുമ്പ് 17-ാം വചനത്തില്‍ കണ്ട അതേ വാചകം ഈ സംഭവം ഓര്‍മ്മിപ്പിച്ചശേഷവും അല്ലാഹു അതാ ഒന്നുകൂടി ആവര്‍ത്തിച്ചു പറയുന്നു:-
- وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾٤٠﴿
- തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
- وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
വിഭാഗം - 3
- وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ ﴾٤١﴿
- ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വരികയുണ്ടായിട്ടുണ്ട്.
- وَلَقَدْ جَاءَ വന്നിട്ടുണ്ട് آلَ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കു النُّذُرُ താക്കീതുകള്‍
- كَذَّبُوا۟ بِـَٔايَٰتِنَا كُلِّهَا فَأَخَذْنَٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ ﴾٤٢﴿
- അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയെല്ലാം വ്യാജമാക്കി. അപ്പോള്‍, പ്രതാപശാലിയും കഴിവുറ്റവനുമായ ഒരുവന്‍റെ പിടുത്തം നാം അവരെ പിടിച്ചു (ശിക്ഷിച്ചു).
- كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلِّهَا അവയെല്ലാം فَأَخَذْنَاهُمْ അപ്പോള്‍ നാമവരെ പിടിച്ചു أَخْذَ عَزِيزٍ ഒരു പ്രതാപശാലിയുടെ പിടുത്തം مُّقْتَدِرٍ കഴിവുള്ളവനായ
വളരെ ശക്തിയേറിയ പിടുത്തംപിടിച്ചു, അഥവാ അതികഠിനമായി ശിക്ഷിച്ചു എന്നു സാരം. സുപ്രസിദ്ധമായ ഈ സംഭവവും, ഇതിനുമുമ്പു ഉദ്ധരിച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടി ഓര്‍മ്മിപ്പിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായത്തോടായി അല്ലാഹു പറയുന്നു:-
- أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ ﴾٤٣﴿
- (ഹേ, സമുദായമേ) നിങ്ങളിലുള്ള അവിശ്വാസികള്‍ അക്കൂട്ടരെക്കാള്‍ ഉത്തമമാകുന്നുവോ?! അതല്ല, നിങ്ങള്‍ക്കു ഏടുകളില്‍ [വേദ പ്രമാണങ്ങളില്‍] വല്ല ഒഴിവും (അഥവാ നിരപരാധിത്വംവും) ഉണ്ടോ?!!
- أَكُفَّارُكُمْ നിങ്ങളുടെ (നിങ്ങളിലുള്ള ഈ) അവിശ്വാസികളോ خَيْرٌ ഉത്തമം, ശ്രേഷ്ഠമായവര്‍ مِّنْ أُولَـٰئِكُمْ അക്കൂട്ടരെക്കാള്‍ أَمْ لَكُم അതല്ല (ഒരു പക്ഷേ) നിങ്ങള്‍ക്കുണ്ടോ بَرَاءَةٌ വല്ല കഴിവും, നിരപരാധിത്തം فِي الزُّبُرِ ഏടുകളില്‍ (വേദഗ്രന്ഥങ്ങളില്‍)
- أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ ﴾٤٤﴿
- അതല്ല, (നബിയേ) അവര്‍ പറയുന്നുവോ : 'ഞങ്ങള്‍ സ്വരക്ഷാനടപടിയെടുക്കുന്ന (സുശക്തമായ) ഒരു സംഘക്കാരാകുന്നു എന്നു?!
- أَمْ يَقُولُونَ അതല്ല (അതോ) അവര്‍ പറയുന്നുവോ نَحْنُ ഞങ്ങള്‍ جَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടരാണ് مُّنتَصِرٌ സ്വരക്ഷാനടപടി എടുക്കുന്ന, (സുശക്തമായ, പ്രതികാരശക്തിയുള്ള)
അല്ല, മേല്‍പ്രസ്താവിച്ച പൂര്‍വ്വസമുദായക്കാരായ സത്യനിഷേധികളെക്കള്‍ ശ്രേഷ്ടന്മാരോ ഊക്കന്മാരോ അല്ല ഈ സത്യനിഷേധികള്‍. ഇല്ല, സത്യനിഷേധികള്‍ നിരപരാധികളാണെന്നും, അവര്‍ക്കു ശിക്ഷയില്‍നിന്നു ഒഴിവു ലഭിക്കുമെന്നും ഏതെങ്കിലും ദൈവികഗ്രന്ഥങ്ങളില്‍ വന്നിട്ടുമില്ല. ഇല്ല. അല്ലാഹുവിന്‍റെ ശിക്ഷയെ ചെറുത്തു നില്‍ക്കുവാനുള്ള ശക്തിയോ, അതിനു പ്രതികാരം ചെയ്‌വാനുള്ള കഴിവോ അതും ആ സംഘങ്ങള്‍ക്കു ഇല്ല. ‘അതെ’ എന്നോ ‘ഉവ്വ്’ എന്നോ ഈ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുവാന്‍ അവര്‍ക്കു സാധിക്കയില്ല എന്നു വ്യക്തം. അതിനാല്‍ അല്ലാഹു അവരെ ഇപ്രകാരം താക്കീതു ചെയ്യുന്നു:-
- سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ ﴾٤٥﴿
- വഴിയെ (ആ) സംഘം പരാജയപ്പെടുത്തപ്പെടും; അവര്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും.
- سَيُهْزَمُ വഴിയെ പരാജയപ്പെടുത്തപ്പെടും الْجَمْعُ (ആ) കൂട്ടം, സംഘം وَيُوَلُّونَ അവര്‍ തിരിച്ചുപോകും الدُّبُرَ പിന്‍പുറം
- بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ ﴾٤٦﴿
- (അത്രയുമല്ല) പക്ഷേ, അന്ത്യഘട്ടമത്രെ അവരുടെ നിശ്ചിതസമയം. അന്ത്യഘട്ടമാകട്ടെ, ഏറ്റവും ആപല്‍ക്കരമായതും, ഏറ്റവും കൈപ്പായ [അരോചകമായ]തുമാകുന്നു!
- بَلِ السَّاعَةُ പക്ഷേ അന്ത്യഘട്ടം مَوْعِدُهُمْ അവരുടെ നിശ്ചിത സമയമത്രെ وَالسَّاعَةُ അന്ത്യഘട്ടമാകട്ടെ أَدْهَىٰ ഏറ്റം ആപല്‍ക്കരമായതാണു وَأَمَرُّ ഏറ്റം കൈപ്പായതുമാണ്
ഇഹത്തില്‍വെച്ചു താമസംവിനാ അവര്‍ക്കു പരാജയം നേരിടുകയും, അവരുടെ സംരംഭങ്ങളില്‍ നിന്നെല്ലാം അവര്‍ പിന്‍വാങ്ങേണ്ടിവരികയും ചെയ്യും. പക്ഷേ, അതുകൊണ്ടൊന്നും അവരുടെ ഭാഗ്യക്കേടു അവസാനിക്കുന്നില്ല. അവരുടെ യഥാര്‍ത്ഥ പ്രതിഫലം ലഭിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതു അന്ത്യനാളിലാണ്. അന്നത്തെ അവരുടെ അനുഭവമാകട്ടെ, ഏറ്റമേറ്റം ആപല്‍ക്കരവും അരോചകവുമായിരിക്കും.
ഇബ്നുഅബ്ബാസ് (رضي الله عنه) ല്‍ നിന്നുള്ള ഒരു ഹദീസിന്‍റെ ചുരുക്കം ഇതാകുന്നു: ‘ബദര്‍യുദ്ധാവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിക്കുകയുണ്ടായി: ‘അല്ലാഹുവേ, നിന്‍റെ വാഗ്ദാനവും കരാറും പാലിക്കണേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസത്തിനുശേഷം നീ ആരാധിക്കപെടുകയുണ്ടാകുകയില്ല’.
ഇതുകേട്ടു അബൂബക്കര്‍ (رضي الله عنه) : ‘നബിയേ, മതി, അവിടുന്നു റബ്ബിനോടു കുറെ ഊന്നിച്ചോദിച്ചുപോയി’ എന്നു പറഞ്ഞുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈപിടിച്ചു. അനന്തരം തിരുമേനി തമ്പില്‍നിന്നു ഈ വചനങ്ങള്‍ (45,46) ഓതിക്കൊണ്ടു പുറത്തുവന്നു.’ (ബുഖാരി).
- إِنَّ ٱلْمُجْرِمِينَ فِى ضَلَٰلٍ وَسُعُرٍ ﴾٤٧﴿
- നിശ്ചയമായും, കുറ്റവാളികള്‍ വഴിപിഴവിലും, കിറുക്കിലുമാകുന്നു.
- إِنَّ الْمُجْرِمِينَ - നിശ്ചയമായും കുറ്റവാളികള്‍ فِي ضَلَالٍ - വഴിപിഴവിലാണ് وَسُعُرٍ - ഭ്രമത്തിലും, ഭ്രാന്തിലും, ജ്വലിക്കുന്ന അഗ്നിയിലും, കിറുക്കിലും
- يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ ﴾٤٨﴿
- അവരുടെ മുഖങ്ങളിലായി അവര്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം (-അന്നു പറയപ്പെടും) : 'സഖറി [നരകത്തി]ന്‍റെ ബാധയെ രുചിനോക്കിക്കൊള്ളുവിന്‍!'
- يَوْمَ يُسْحَبُونَ അവര്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം فِي النَّارِ നരകത്തില്‍, തീയില്‍ عَلَىٰ وُجُوهِهِمْ - അവരുടെ മുഖങ്ങളില്‍ ذُوقُوا രുചി നോക്കുവിന്‍, അനുഭവിക്കുവിന്‍ مَسَّ سَقَرَ സഖറിന്‍റെ ബാധ, സ്പര്‍ശനം
- إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ﴾٤٩﴿
- നിശ്ചയമായും, എല്ലാ വസ്തുവും തന്നെ, നാം ഒരു നിര്‍ണ്ണയപ്രകാരം [വ്യവസ്ഥയനുസരിച്ചു] സൃഷ്ടിച്ചിരിക്കുന്നു.
- إِنَّا നിശ്ചയമായും നാം كُلَّ شَيْءٍ എല്ലാ വസ്തുവെയും خَلَقْنَاهُ നാമതിനെ സൃഷ്ടിച്ചിരിക്കുന്നു بِقَدَرٍ ഒരു നിര്‍ണ്ണയം (കണക്ക്, ക്ലുപ്തം, വ്യവസ്ഥ) പ്രകാരം.
നരകത്തിനു ഖുര്‍ആനില്‍ ഒന്നിലധികം പേരുകള്‍ ഉപയോഗിച്ചു കാണാം. അവയില്‍ ഒന്നത്രെ سقر (സഖര്‍) എന്ന പേരും. നരകത്തിന്‍റെ കഠോരതയും, ഭയങ്കരതകളും, കാണിക്കുന്ന വിശേഷ നാമങ്ങളാണ് അവയെല്ലാം. قدر (ഖദര്‍) എന്ന വാക്കിനു ‘നിര്‍ണ്ണയം, തോതു കണക്കു, വ്യവസ്ഥ, നിശ്ചയം’ എന്നൊക്കെ വാക്കര്‍ത്ഥം. ഉണ്ടായിക്കഴിഞ്ഞതും, ഉണ്ടാക്കുവാനിരിക്കുന്നതുമായ സകല വസ്തുക്കളുടെയും സ്രഷ്ടാവു അല്ലാഹുവാണല്ലോ. (اللَّهُ خَالِقُ كُلِّ شَيْءٍ) എല്ലാ വസതുക്കളെയും- ചെറുതോ, വലുതോ സംസാരിക്കുന്നതോ അല്ലാത്തതോ, ചലിക്കുന്നതോ ചലിക്കാത്തതോ, കഴിഞ്ഞതോ വരാനിരിക്കുന്നതോ, അറിയപ്പെട്ടതോ അറിയപ്പെടാത്തതോ എന്ന വ്യത്യാസമൊന്നും കൂടാതെ – അവന്‍ ഒരു നിശ്ചിത വ്യവസ്ഥയോടു കൂടിയാകുന്നു എല്ലാം സൃഷ്ടി ച്ചിരിക്കുന്നത്. ഓരോന്നിന്‍റെയും യാഥാര്‍ഥ്യം, ആകൃതി, പ്രകൃതി, സ്വഭാവം, വലുപ്പം, സമയം, സ്ഥലം, പ്രവര്‍ത്തനം, നന്മ, തിന്മ തുടങ്ങിയ ഓരോ കാര്യവും ഇന്നിന്നപ്രകാരമെന്നുള്ള നിര്‍ണ്ണയവും വ്യവസ്ഥയും അവന്‍ മുമ്പേ നിശ്ചയിച്ചിട്ടുണ്ട്. അവ എപ്രകാരം ആവണം, ആവരുത്, ആയിരിക്കും, ആയിരിക്കുകയില്ല എന്നൊക്കെ അവനു അറിയുകയും ചെയ്യാം. അഥവാ ‘ഖദരിയ്യത്ത്’ മുതലായ തല്പരകക്ഷികള്‍ പറയുന്നപോലെ, ചില പൊതുവ്യവസ്ഥകള്‍ മാത്രം നിശ്ചയിച്ചുകൊണ്ടു സൃഷ്ടിക്കുകയോ, സൃഷ്ടിച്ചതിന്‍റെശേഷം വ്യവസ്ഥ നിര്‍ണ്ണയിക്കുകയോ അല്ല ചെയ്തിരിക്കുന്നത്.
ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍, ഈ വിഷയകമായി വന്നിട്ടുള്ള മറ്റു ചില ആയത്തുകളെയും ഉദ്ധരിച്ചുകൊണ്ടു ഇബ്നു കഥീര്‍ (رحمه الله) ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു: ‘ഇക്കാരണത്താലാണ് സൃഷ്ടിയുടെ മുമ്പുണ്ടായിട്ടുള്ള അല്ലാഹുവിന്‍റെ ഖദര്‍ സ്ഥാപിക്കുന്നതിനു ഈ (49-ാം) ആയത്തു രേഖയായി സുന്നത്തിന്‍റെ ഉലമാക്കള്‍ സ്വീകരിക്കുന്നത്. ഖദര്‍ എന്നാല്‍, വസ്തുക്കള്‍ ഉണ്ടാകുന്നതിനു മുമ്പു അല്ലാഹു അവയെപ്പറ്റി അറിയുകയും, അവയെ സൃഷ്ടിക്കുന്നതിനുമുമ്പ് അവയെ രേഖപ്പെടുത്തിവെക്കലുമാകുന്നു. ഈ ആയത്തും, അതിനോടു യോജിച്ച ആയത്തുകളും, സ്ഥിരപെട്ടു വന്നിട്ടുള്ള ഹദീസുകളും മുഖേന, സഹാബികളുടെ അവസാന കാലത്തു പൊട്ടിപ്പുറപ്പെട്ട ‘ഖദരിയ്യത്ത്’ എന്ന കക്ഷികള്‍ക്കു അവര്‍ ഖണ്ഡനം നല്‍കുകയും ചെയ്തിരിക്കുന്നു. ഈ വിഷയത്തെയും, ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളെയും സംബന്ധിച്ചു ബുഖാരിയുടെ വ്യാഖ്യാനത്തില്‍ (*) നാം വിസ്തരിച്ചു സംസാരിച്ചിട്ടുണ്ട്.
(*). ഇമാം ഇബ്നു കഥീര്‍ (رحمه الله) സഹീഹുല്‍ ബുഖാരിക്കു ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിലയേറിയ മറ്റു പല ഗ്രന്ഥങ്ങളെയും പോലെ അതും നമ്മുടെ ഇടയില്‍ അധികം പ്രചാരത്തില്‍ വന്നിട്ടില്ലാത്തത് വമ്പിച്ചൊരു നഷ്ടം തന്നെയാകുന്നു.
തുടര്‍ന്നുകൊണ്ട് അദ്ദേഹം ഈ ആയത്തുമായി ബന്ധപ്പെട്ടു പല ഹദീസുകളും ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ ചിലതുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു:
(1) അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘ഖുറൈശികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ‘ഖദര്‍’നെ പറ്റി തര്‍ക്കിച്ചു കൊണ്ടുവരികയുണ്ടായി. അപ്പോള്‍ ഈ (48, 49) വചനങ്ങള്‍ അവതരിച്ചു.’ (അ;മു;തി).
(2) ഈ വചനങ്ങള്‍ ഖദരിയ്യത്തിന്‍റെ (ഖദറിനെ നിഷേധിക്കുന്ന കക്ഷിയുടെ) കാര്യത്തിലല്ലാതെ അവതരിച്ചിട്ടില്ല എന്നു കാണിക്കുന്ന ഓരോ ഹദീസുകള്‍ അഹ്മദ് (رحمه الله), ബസ്സാര്‍ (رحمه الله) ഇബ്നു അബീഹാതം (رحمه الله) എന്നിവരും ഉദ്ധരിച്ചിരിക്കുന്നു.
ഖദറിനെ സംബന്ധിച്ചും, അതിനെ നിഷേധിക്കുന്നവരെ സംബന്ധിച്ചും സവിസ്തരം വിവരിക്കുന്ന ഒരു നീണ്ട വ്യാഖ്യാനക്കുറിപ്പ് സൂ:ഹദീദിന്‍റെ അവസാനത്തില്‍ നാം കൊടുക്കുന്നുണ്ട്. ഖദറിലുള്ള വിശ്വാസം ഈമാനിന്‍റെ ഒരു പ്രധാന ഘടകമായതുകൊണ്ടും, അതിന്‍റെ നിഷേധം ഇസ്ലാമിന്‍റെ പല മൗലിക സിദ്ധാന്തങ്ങളുടെയും നിഷേധത്തിനു കാരണമാകുന്നതാകകൊണ്ടും ആ കുറിപ്പു വായനക്കാര്‍ പ്രത്യേകം മനസ്സിരുത്തണമെന്നു ഉണര്‍ത്തിക്കൊള്ളുന്നു. നമ്മുടെ ഈമാനിനു ഭംഗം നേരിടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين
- وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ ﴾٥٠﴿
- നമ്മുടെ കല്‍പന ഒരേപ്രാവശ്യമല്ലാതെ (കൂടുതലൊന്നും) ഇല്ല; (അതെ) കണ്ണുകൊണ്ടു ഒന്നു ഇമവെട്ടുന്നതു പോലെ. [അത്രയും വേഗത്തിലായിരിക്കും].
- وَمَا أَمْرُنَا നമ്മുടെ കാര്യം (കല്‍പന) ഇല്ല (അല്ല) إِلَّا وَاحِدَةٌ ഒന്നല്ലാതെ كَلَمْحٍ ഒരു ഇമ (മിഴി) വെട്ടല്‍പോലെ بِالْبَصَرِ കണ്ണുകൊണ്ടു.
അല്ലാഹു ഏതൊരു കാര്യം ഉദ്ദേശിച്ചാലും അതു പ്രയോഗത്തില്‍ വരുത്തുവാന്‍ അവനു ഒട്ടും പ്രയാസമില്ല. ഇന്ന കാര്യം ഉണ്ടാവണമെന്നു ഒന്നു കല്‍പിക്കുക മാത്രമെ വേണ്ടതുള്ളു. അതുണ്ടായിക്കൊള്ളും. കല്‍പന ആവര്‍ത്തിക്കുകയോ, കൂടുതല്‍ വല്ല ശ്രമവും ചെയ്യുകയോ ഒന്നും ആവശ്യമില്ല. അതെ, ഒന്നു കണ്ണിമവെട്ടുന്ന അത്രയും വേഗത്തില്‍ – ലവലേശം താമസം കൂടാതെ – അവന്‍റെ കാര്യങ്ങളെല്ലാം നടപ്പില്‍ വരും. സൂ: യാസീനില്‍ അല്ലാഹു പറയുന്നു:
إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ – سورة يس 82
(അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനെക്കുറിച്ചു ‘ഉണ്ടാകുക’ എന്നു പറയുകയേ വേണ്ടതുള്ളു. അപ്പോഴേക്കും അതുണ്ടാകുന്നതാണ്).
- وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ ﴾٥١﴿
- (ഹേ, അവിശ്വാസികളേ) നിങ്ങളുടെ കക്ഷികളെ നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
- وَلَقَدْ أَهْلَكْنَا തീര്‍ച്ചയായും നാം നശിപ്പിച്ചിട്ടുണ്ട് أَشْيَاعَكُمْ നിങ്ങളുടെ കക്ഷികളെ فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവരും, ഓര്‍മ്മിക്കുന്നവരായി
- وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ﴾٥٢﴿
- അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യവും എടുകളിലുണ്ട്.
- وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും فَعَلُوهُ അവര്‍ ചെയ്‌തതായ فِي الزُّبُرِ ഏടു (ഗ്രന്ഥം)കളിലുണ്ടു
- وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ﴾٥٣﴿
- എല്ലാ ചെറുതും, വലുതും (ആയ കാര്യവും) എഴുതി രേഖപ്പെടുത്തപ്പെടുന്നതാകുന്നു.
- وَكُلُّ صَغِيرٍ എല്ലാ ചെറുതും وَكَبِيرٍ വലുതും مُّسْتَطَرٌ രേഖപ്പെടുത്ത(എഴുത)പ്പെട്ടതാണ്,
രേഖപ്പെടുത്തപ്പെടുന്നതാണ്.
‘നിങ്ങളുടെ കക്ഷികള്‍’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം നിലവിലുള്ള സത്യനിഷേധികളെപ്പോലെ മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞുപോയ സത്യനിഷേധികളാകുന്നു. ‘ഏടുകള്‍’ എന്നു പറഞ്ഞതു ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള രേഖാ ഗ്രന്ഥങ്ങളെക്കുറിച്ചുമാണ്. അവരുടെ ഓരോരുത്തരുടെയും സകല ചെയ്തികളും ഒന്നൊഴിയാതെ പ്രത്യേകം പ്രത്യേകം ഏടുകളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുകയും അവരുടെ മേല്‍ നടപടിയെടുക്കുകയും ചെയ്യും. നിസ്സാരമെന്നുവെച്ചു എത്ര ചെറിയ കാര്യവും മനുഷ്യന്‍റെ കര്‍മ്മരേഖ (صحيفة الاعمال) കളിൽ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു എന്നാണ് 53-ാം വചനത്തിന്‍റെ ഉദ്ദേശ്യമെന്നും ചില വ്യാഖ്യാതക്കള്‍ക്കു അഭിപ്രായമുണ്ട്. ഒരു നബിവചനം ഇപ്രകാരം നിവേദനംചെയ്യപ്പെട്ടിരിക്കുന്നു : ‘ആയിഷാ, നിസ്സരങ്ങളായി ഗണിക്കപ്പെടുന്ന പാപങ്ങളെ നീ സൂക്ഷിക്കണം. കാരണം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നു അവയെ അന്വേഷിക്കുന്ന ഒരാള്‍ ഉണ്ട്. (ദാ; ന; ജ). مُّسْتَطَرٌ എന്ന വാക്കിനു ‘രേഖപ്പെടുത്തപ്പെട്ടതു’ എന്നു ഭൂതകാലരൂപത്തിലും, ‘രേഖപ്പെടുത്തപ്പെടുന്നതു’ എന്നു വര്‍ത്തമാന – ഭാവികാലരൂപത്തിലും അര്‍ത്ഥം കല്‍പ്പിക്കപ്പെടാവുന്നതാണെന്നു സ്മരണീയമാണ്. 47-48 വചനങ്ങളില്‍ കുറ്റവാളികളെ (المجرمين) സംബന്ധിച്ചു പ്രസ്താവിച്ചുവല്ലോ. എന്നാല്‍, ഭയഭക്തന്മാരുടെ (المتقين) സ്ഥിതി എന്തായിരിക്കും? അതാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്.
- إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ ﴾٥٤﴿
- നിശ്ചയമായും, (സൂക്ഷ്മതയുള്ളവരായ) ഭയഭക്തന്മാര്‍, സ്വര്‍ഗ്ഗങ്ങളിലും അരുവികളിലുമായിരിക്കും.
- إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ സ്വര്‍ഗ്ഗങ്ങളിലായിരിക്കും وَنَهَرٍ അരുവി (നദി)കളിലും
- فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ ﴾٥٥﴿
- (അതെ) സത്യത്തിന്‍റെ ആസ്ഥാനത്തില്‍. കഴിവുറ്റവനായ ഒരു രാജാധിപതിയുടെ അടുക്കല്‍!
- فِي مَقْعَدِ ഇരിപ്പിടത്തില്‍ (ആസ്ഥാനത്തില്‍) صِدْقٍ സത്യത്തിന്‍റെ عِندَ مَلِيكٍ ഒരു രാജാധിപതിയുടെ (രാജാവായുള്ളവന്‍റെ) അടുക്കല്‍ مُّقْتَدِرٍ കഴിവുറ്റവനായ
അതെ, സത്യസാക്ഷ്യം വഹിച്ച് സത്യത്തിന്‍റെ കീര്‍ത്തിമുദ്ര സമ്പാദിച്ച് സത്യത്തിന്‍റെ ആസ്ഥാനപദവി നേടിയ ആ മഹാഭാഗ്യവാന്മാര്‍ക്കു അവരുടെ സങ്കേതമായ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന അയല്‍പക്കം. ഹാ! സര്‍വ്വശക്തനായ രാജാധിരാജനായ അല്ലാഹുവിന്‍റെതായിരിക്കും. അവന്‍റെ പ്രീതിയും പൊരുത്തവുമാണ് എല്ലാറ്റിലും ഉപരിയായത്. (ورضوان من الله اكبر) ഇങ്ങിനെയുള്ള മഹാനുഭാവന്മാരില്‍ നമ്മെയെല്ലാം അല്ലാഹു ഉള്‍പ്പെടുത്തട്ടെ ആമീന്‍.