സൂറത്തു-ത്ത്വലാഖ് : 01-12
ത്വലാഖ് (വിവാഹ മോചനം)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- يَٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَٰحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا ﴾١﴿
- ഹേ, നബിയേ നിങ്ങള്‍ സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്‍, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന്‍ നിര്‍ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്‍; ‘ഇദ്ദഃ’യെ നിങ്ങള്‍ (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അവരുടെ വീടുകളില്‍നിന്നു നിങ്ങളവരെ പുറത്താക്കരുത്; അവര്‍ പുറത്തുപോകുകയും ചെയ്യരുത്;- പ്രത്യക്ഷത്തിലുള്ളതായ വല്ല നീചവൃത്തിയും അവര്‍ കൊണ്ടുവരുന്നതായാലല്ലാതെ, [അപ്പോള്‍ പുറത്താക്കാവുന്നതാണ്.] അതു എല്ലാം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാകുന്നു. അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ ആര്‍ വിട്ടു കടക്കുന്നുവോ, തീര്‍ച്ചയായും അവന്‍ തന്നോടുതന്നെ അക്രമം പ്രവൃത്തിച്ചിരിക്കുന്നു. നിനക്കറിഞ്ഞു കൂടാ - അതിനുശേഷം അല്ലാഹു വല്ല കാര്യവും പുത്തനായുണ്ടാക്കിയേക്കാം.
- يَا أَيُّهَا النَّبِيُّ ഹേ നബിയേ إِذَا طَلَّقْتُمُ നിങ്ങള്‍ ‘ത്വലാഖ്’(വിവാഹമോചനം) ചെയ്താല്‍ النِّسَاءَ സ്ത്രീകളെ فَطَلِّقُوهُنَّ എന്നാലവരെ മോചനം ചെയ്യുവിന്‍ لِعِدَّتِهِنَّ അവരുടെ ഇദ്ദഃയിലേക്കു (തക്കവണ്ണം), ഇദ്ദഃ സമയത്തേക്കു وَأَحْصُوا നിങ്ങള്‍ കണക്കാക്കുക (ക്ളിപ്തപ്പെടുത്തുക)യും ചെയ്യുവിന്‍ الْعِدَّةَ ഇദ്ദഃയെ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്‍വിന്‍ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ لَا تُخْرِجُوهُنَّ അവരെ നിങ്ങള്‍ പുറത്താക്കരുത് مِن بُيُوتِهِنَّ അവരുടെ വീടുകളില്‍ നിന്നു وَلَا يَخْرُجْنَ അവര്‍ പുറത്തുപോകയും അരുത് إِلَّا أَن يَأْتِينَ അവര്‍ വന്നാലല്ലാതെ (ചെയ്യാതെ) بِفَاحِشَةٍ വല്ല നീചവൃത്തിയുമായി, വഷളവൃത്തിയെ مُّبَيِّنَةٍ വ്യക്തമാക്കുന്ന, പ്രത്യക്ഷത്തിലുള്ളതായ وَتِلْكَ അതു, അവ حُدُودُ اللَّـهِ അല്ലാഹുവിന്റെ (നിയമങ്ങളാകുന്ന) അതൃത്തികളാണു وَمَن يَتَعَدَّ ആര്‍ വിട്ടുകടക്കുന്നുവോ حُدُودَ اللَّـهِ അല്ലാഹുവിന്റെ അതൃത്തികളെ فَقَدْ ظَلَمَ എന്നാല്‍ തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു نَفْسَهُ തന്നോടു, തന്റെ ആത്മാവിനെ تَدْرِي لَا നീ അറിയുകയില്ല, അതിന്നറിഞ്ഞുകൂട لَعَلَّ اللَّـهَ അല്ലാഹു ആയേക്കാം يُحْدِثُ ഉണ്ടാക്കുക, പുതുതായി കൊണ്ടുവരും بَعْدَ ذَٰلِكَ അതിനുശേഷം أَمْرً വല്ല കാര്യവും
വിവാഹമോചന വിഷയകമായി മുസ്‌ലിം സമുദായം അനുഷ്ഠിക്കേണ്ടുന്ന പല നിയമങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സംബോധന ചെയ്തുകൊണ്ടു അല്ലാഹു ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നു. വിവാഹമോചനം (‘ത്വലാഖു’) മൂലമോ മറ്റോ വിവാഹബന്ധം വേര്‍പ്പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭവതിയാണോ അല്ലേ എന്നറിയുക, വിവാഹമോചനം ചെയ്തു കഴിഞ്ഞശേഷം അതിനെപ്പറ്റി ഖേദിക്കുകയും, പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കു അതിനു ഒരവസരം നല്‍കുക മുതലായ ആവശ്യങ്ങളെ മുന്‍നിറുത്തി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ കുറച്ചുകാലം നിര്‍ബന്ധമായി കാത്തിരിക്കേണ്ടതുണ്ട്. ഇക്കാലത്തിനു ‘ഇദ്ദഃ’ (العدة) എന്നു പറയപ്പെടുന്നു. ഇദ്ദഃയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ പല തരക്കാരുണ്ട്.
1. ഭര്‍ത്താവിന്റെ മരണം കൊണ്ടു വേര്‍പെട്ടവള്‍. ഇവളുടെ ഇദ്ദഃ കാലം നാലു മാസവും പത്തു ദിവസവുമാകുന്നു (2:234)
2. ഭര്‍ത്താവുമായി സ്പര്‍ശനമുണ്ടാകുന്നതിനു മുമ്പുതന്നെ ത്വലാഖ് ചെയ്യപ്പെട്ടവള്‍. ഇവള്‍ ഇദ്ദഃ ആചരിക്കേണ്ടതില്ല. (33:49)
3. ഗര്‍ഭമുണ്ടെന്നു അറിയപ്പെട്ടവള്‍.
4. ആര്‍ത്തവരക്തം ഉണ്ടാവാതിരിക്കുകയോ, ഉണ്ടായശേഷം അതു നിലച്ചു പോകുകയോ ചെയ്തവര്‍. ഈ രണ്ടു കൂട്ടരുടെ ഇദ്ദഃയെക്കുറിച്ചും താഴെ വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. ഈ നാലു കൂട്ടരുടെയും ഇദ്ദഃ കാലങ്ങളില്‍ ഏറ്റക്കുറവു വരുന്ന പ്രശ്നമില്ല.
5. ആര്‍ത്തവവും ആര്‍ത്തവശുദ്ധിയും ഉണ്ടാകാറുള്ളവള്‍. ഇവളുടെ ഇദ്ദഃ മൂന്നു ആര്‍ത്തവശുദ്ധി കഴിയുന്ന കാലമാണ്. (2:228) ഇങ്ങിനെയുള്ളവരായിരിക്കുമല്ലോ വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകളില്‍ അധിക ഭാഗവും. ഈ വകുപ്പില്‍പെട്ടവരുടെ ഇദ്ദഃ കാലം ഏറിയും കുറഞ്ഞും വരാന്‍ സാധ്യതയുള്ളതുകൊണ്ടു -അതില്‍ ദൈര്‍ഘ്യം വരാതിരിക്കുവാന്‍ വേണ്ടി- അല്ലാഹു നിയമിച്ച ഒരു നിയമമാണ് ഈ വചനത്തിന്റെ ആദ്യത്തില്‍ കാണുന്നത്.
അതായതു: സ്ത്രീയുടെ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയാവുകയും, ആ ശുദ്ധികാലത്തു ഭര്‍ത്താവിന്റെ സ്പര്‍ശനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസരത്തിലേ ത്വലാഖു നടക്കുവാന്‍ പാടുള്ളൂ. ഇതാണ് ഇദ്ദഃ സമയത്തേക്കായിരിക്കണം ത്വലാഖ് (طلقوهن لعدتهن) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ഇങ്ങിനെ ചെയ്യുന്നപക്ഷം, ത്വലാഖ് നടന്ന ആ ശുദ്ധികാലം ഒരെണ്ണമായി കണക്കാക്കപ്പെടുന്നതുകൊണ്ട് പിന്നീടു രണ്ടു ആര്‍ത്തവം കഴിഞ്ഞു മൂന്നാമത്തെ ശുദ്ധിയില്‍ പ്രവേശിക്കുന്നതോടെ, അവളുടെ ഇദ്ദഃ അവസാനിക്കുന്നതാണ്. നേരെ മറിച്ച് ആര്‍ത്തവ കാലത്താണ് ത്വലാഖ് നടന്നതെങ്കില്‍ ഇദ്ദഃകാലം ദീര്‍ഘിക്കുമല്ലോ, എനി ശുദ്ധകാലത്തു തന്നെയാണെങ്കിലും അക്കാലത്തു ഭര്‍ത്താവിന്റെ സ്പര്‍ശന മുണ്ടായിട്ടുണ്ടെങ്കില്‍ അതുമൂലം അവള്‍ ഗര്‍ഭവതിയാകുവാനും, അങ്ങിനെ, ഇദ്ദഃകാലം ദീര്‍ഘിക്കുവാനും കാരണമായിത്തീരുമല്ലോ.
ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ ഹദീസുപണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘അബ്ദുല്ലാഹിബ്നു ഉമര്‍ (رضي الله عنه) തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തു. ആ സ്ത്രീക്കു അപ്പോള്‍ ആര്‍ത്തവകാലമായിരുനു. ഈ വിവരം ഉമര്‍ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അറിയിച്ചു. അവിടുന്നു ദ്വേഷ്യപ്പെട്ടു കൊണ്ടു ഇപ്രകാരം പറഞ്ഞു: ‘അവന്‍ അവളെ മടക്കിയെടുക്കട്ടെ; എന്നിട്ട് അവള്‍ക്കു ശുദ്ധിയുണ്ടാകുകയും, പിന്നെ ആര്‍ത്തവമുണ്ടാകുകയും, പിന്നെ ശുദ്ധിയാവുകയും ചെയ്യുന്നതുവരെ അവളെ വെച്ചുകൊണ്ടിരിക്കട്ടെ. എന്നിട്ട് അവളെ ത്വലാഖ് ചെയ്യണമെന്നു അവനു തോന്നുന്ന പക്ഷം (ആ ശുദ്ധികാലത്തു) അവളെ സ്പര്‍ശിക്കുന്നതിനു മുമ്പ് അവന്‍ ത്വലാഖു നടത്തിക്കൊള്ളട്ടെ. ഇതാണ്, ഇദ്ദഃ സമയത്തേക്ക് ത്വലാഖ് നടത്തണമെന്ന് അല്ലാഹു കല്‍പിച്ചിട്ടുള്ള ആ കാലം’. ഈ ഹദീസില്‍ നിന്നു മേല്‍ വിവരിച്ചതു കൂടുതല്‍ വ്യക്തമാണല്ലോ.
ഈ ഖുര്‍ആന്‍ വചനത്തിന്റെയും, നബിവചനത്തിന്റെയും അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ത്വലാഖിനെ മൂന്നായി ഭാഗിച്ചിരിക്കുന്നു.
(1) സുന്നത്തിനോടു യോജിക്കുന്ന ശരിയായ ത്വലാഖ് (طلاق سنة). സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്തുണ്ടാകുന്ന ത്വലാഖും, പ്രത്യക്ഷത്തില്‍ ഗര്‍ഭവതിയായവളുടെ ത്വലാഖും ഇതില്‍ ഉള്‍പ്പെടുന്നു.
(2) സുന്നത്തിനെതിരായ ത്വലാഖ് (طلاق بدعة) ഗര്‍ഭവതിയായി അറിയപ്പെടാത്ത സ്ത്രീയെ അവളുടെ ആര്‍ത്തവകാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ നടത്തുന്ന ത്വലാഖ്.
(3) രണ്ടുമല്ലാത്തത്. ഇതില്‍ പലതും ഉള്‍പ്പെടുന്നു. വിശദ വിവരം ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
ഇദ്ദഃ ആരംഭിക്കുന്നതിനു പറ്റിയ സമയത്തായിരിക്കണം ത്വലാഖ് നടത്തുന്നതെന്നു കല്‍പിച്ചശേഷം, ഇദ്ദഃയെ ശരിയായി എണ്ണിക്കണക്കാക്കുകയും വേണം (وَأَحْصُوا الْعِدَّةَ) എന്നുകൂടി അല്ലാഹു കല്‍പിക്കുന്നു. തുടക്കവും അവസാനവും ശരിക്കു കണക്കാക്കപ്പെടാത്തപക്ഷം, അതുമൂലം പല കുഴപ്പങ്ങളും വഴക്കുകളും ഉണ്ടാകുവാന്‍ സാധ്യതയുള്ളതുകൊണ്ടാണു ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. പഴയ വിവാഹബന്ധ ത്തിലേക്കു തന്നെ മടക്കിയെടുക്കല്‍, പുതിയ വിവാഹ കാര്യം ആലോചിക്കല്‍, ഇദ്ദഃകാലത്തെ ഭക്ഷണച്ചിലവും താമസ സൗകര്യവും നല്‍കല്‍ മുതലായതെല്ലാം ആ കാലത്തെ ആശ്രയിച്ചു തീരുമാനിക്കപ്പെടേണ്ടതുണ്ടല്ലോ. ഇദ്ദഃ കാലത്തിന്റെ നിര്‍ണ്ണയത്തില്‍ തര്‍ക്കം വരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വഴക്കും വക്കാണവും നടക്കാറുള്ളതു സാധാരണമാണ് وَاتَّقُوا اللَّـهَ رَبَّكُمْ (നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം) എന്ന വാക്യം ഇക്കാര്യത്തിന്റെ ഗൗരവത്തെയും, കണിശതയെയും കുറിക്കുന്നു.
നമ്മുടെ നാടുകളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീരെ വിസ്മരിക്കപ്പെട്ടിരിക്കുന്നതും, അതേ സമയത്തു അല്ലാഹു ശക്തവും വ്യക്തവുമായ ഭാഷയില്‍ ശാസിച്ചിട്ടുള്ളതുമായ ഒരു നിയമമാണ് മറ്റൊന്ന്. അതെ, ‘അവരെ അവരുടെ വീടുകളില്‍നിന്നു പുറത്താക്കരുത്, അവര്‍ പുറത്തു പോകുകയും അരുത്’ (لَا تُخْرِجُوهُنَّ الخ). വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ അതുവരെ താമസിച്ചിരുന്ന വീട്ടില്‍നിന്നു -ഭര്‍ത്താവിന്റെ വക വീട്ടില്‍ നിന്നു- അവളെ ഇറക്കി അയക്കുവാനും, അവള്‍ക്കു ഇറങ്ങിപ്പോകുവാനും പാടില്ലെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ഇരുകൂട്ടരുടെയും വല്ല ഗുണത്തെയും മുന്‍നിറുത്തി രണ്ടുകൂട്ടരും -ഭാര്യയും ഭര്‍ത്താവും- യോജിച്ചു ഇഷ്ടപ്പെട്ടാല്‍പോലും അവള്‍ക്കു മാറിത്താമസിക്കാന്‍ പാടില്ലെന്നാണ് ഒരു പക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം.
إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ (അവര്‍ വ്യക്തമായ വല്ല നീചവൃത്തിയും കൊണ്ടുവന്നാലല്ലാതെ) എന്ന വാക്യം നോക്കുമ്പോള്‍ ഈ അഭിപ്രായത്തിനാണ് പിന്‍ബലം കാണുന്നതും, الله اعلم വാസ്തവത്തില്‍, അല്ലാഹുവിന്റെ ഈ നിയമം അതര്‍ഹിക്കുന്ന വിധത്തില്‍ മുസ്ലിംകള്‍ക്കി ടയില്‍ നടപ്പിലുണ്ടായിരുന്നുവെങ്കില്‍, ഇന്നു നടക്കുന്ന വിവാഹമോചനങ്ങളില്‍ അധികഭാഗവും താനേ ദുര്‍ബ്ബലപ്പെട്ടുപോകുമായിരുന്നു. കാരണം, വിവാഹമോചനം ചെയ്യപ്പെട്ടശേഷം ഇദ്ദഃ കഴിയുന്നതുവരെ – ഏറെക്കുറെ മൂന്നുമാസകാലം – ആ സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ കഴിഞ്ഞുകൂടുമ്പോള്‍, വിവാഹമോചനത്തിനു ഇടയാക്കിയ അസുഖം ക്രമേണ തീര്‍ന്നുപോകുവാനും, രണ്ടുപേര്‍ക്കുമിടയില്‍ പഴയബന്ധം തുടരുവാനുള്ള ആഗ്രഹം ജനിക്കുവാനും, അങ്ങിനെ ഇദ്ദഃകാലം കഴിയുമ്പോഴേക്കും അവന്‍ അവളെ മടക്കി എടുക്കുവാനും കാരണമായിത്തീരുന്നു. മനുഷ്യമനസ്സിനെക്കുറിച്ച് മനുഷ്യനെക്കാള്‍ അറിയാവുന്ന അല്ലാഹുവിന്റെ ഈ നിയമം എത്രകണ്ടു യുക്തിമത്തായ ഒന്നാണെന്നു ആലോചിച്ചു നോക്കുക! പക്ഷേ, മുസ്‌ലിംകള്‍ അതു അവഗണിച്ചുകളഞ്ഞു. കൂട്ടത്തില്‍, ഇദ്ദഃയിലിരിക്കുന്ന സ്ത്രീകള്‍ക്കു ചിലവുകൊടുക്കെണ്ടതുണ്ടെന്ന നിയമവും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം തിക്തഫലം സമുദായം അനുഭവിച്ചും വരുന്നു. നിസ്സാരകാര്യത്തെച്ചൊല്ലി വിവാഹമോചനം നടക്കും, അതോടെ -അല്ലെങ്കില്‍ അതിനു മുമ്പു തന്നെ- അവള്‍ വീട്ടില്‍നിന്നു ബഹിഷ്കരിക്കപ്പെടും. അല്ലെങ്കില്‍ അവള്‍ സ്വയം ഇറങ്ങിപ്പോകും. അനന്തരം കുറേ നാളുകളോളം പരസ്പരം ആ വൈരമനസ്ഥിതി നിലനില്‍ക്കുകയും ചെയ്യും. അതിനിടക്കു ഇദ്ദഃയുടെ അവധിയും അവസാനിക്കും. അങ്ങിനെ, മടക്കിയെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടുപോകുന്നു. പിന്നീടാണ് ഭവിഷ്യത്തുകളെപ്പറ്റി ആലോചന വരുന്നതും, അയ്യോ അതു വേണ്ടിയിരുന്നില്ല എന്നു അനുഭവങ്ങള്‍ തെളിയിക്കുന്നതും. ഇതൊന്നും കേവലം സങ്കല്‍പമല്ല, നിത്യേന സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്.
വ്യക്തമായ വല്ല നീചവൃത്തിയും ചെയ്താലല്ലാതെ, വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ വീട്ടില്‍ നിന്നു പുറത്താക്കപ്പെടുവാനോ, പുറത്തു പോവാനോ പാടില്ലെന്നു പറഞ്ഞതില്‍നിന്ന്, അങ്ങിനെ വല്ല നീചവൃത്തിയും അവരില്‍നിന്നു വെളിപ്പെട്ടാല്‍ അതുമുതല്‍ അവരെ പുറത്താക്കാമെന്നു വ്യക്തമാകുന്നു. ‘വ്യക്തമായ നീചവൃത്തി’ (فاحشة مبينة) കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വ്യഭിചാരമാണെന്നാണ് ഒരഭിപ്രായം. സദാചാരവിരുദ്ധമായ വ്യഭിചാരം, കളവു മുതലായവയും എപ്പോഴും വഴക്കും വക്കാണവും ഉണ്ടാക്കിക്കൊണ്ടിരിക്കല്‍ മുതലായവയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. ഏതായാലും, സഹിക്കാവതല്ലാത്ത നീചവൃത്തികളൊന്നും ചെയ്യാത്തകാലത്തോളം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ അവള്‍ വസിച്ചിരുന്ന പാര്‍പ്പിടം വിട്ടുപോയിക്കൂടാത്തതാണ്. പാര്‍പ്പിടം മാത്രം പോരാ, അവള്‍ക്കു ഭക്ഷണത്തിനുള്ള വക കൂടി കൊടുക്കേണ്ടതും ഉണ്ട്. ഇതിനെപ്പറ്റി താഴെ പ്രസ്താവിക്കുന്നതാണ്. അപ്പോള്‍, കാര്യം എത്ര ഗൗരവപ്പെട്ടതാണെന്നു ആലോചിച്ചു നോക്കുക. പോരാ, ഇതെല്ലം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാണെന്നും, അവയെ ലംഘിക്കുന്നവര്‍ തങ്ങളോടു തന്നെയാണ് അനീതി പ്രവര്‍ത്തിക്കുന്നതെന്നു കൂടി അല്ലാഹു താക്കീതു ചെയ്യുന്നു!
ഈ താക്കീതുകൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. ഹേ, മനുഷ്യാ, തല്ക്കാലം നീ വിവാഹമോചനമങ്ങു നടത്തിയെങ്കിലും, പിന്നീടു എന്തെല്ലാം കാര്യങ്ങളാണ് നടക്കുവാനിരിക്കുന്നത്. അല്ലാഹു എന്തെല്ലാം പുതിയ മാറ്റങ്ങളാണ് സംഭവിപ്പിക്കുവാന്‍ പോകുന്നത് എന്നൊന്നും നിനക്കറിഞ്ഞുകൂടല്ലോ. ഒരു പക്ഷെ, നീ സ്വയം തന്നെ ഖേദിച്ചേക്കും, അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ തമ്മില്‍ പൂര്‍വ്വാധികം സ്നേഹത്തില്‍ കഴിഞ്ഞു കൂടാന്‍ അവസരമുണ്ടായേക്കും, അങ്ങിനെ പലതും സംഭവിച്ചേക്കാം. (*) അതു കൊണ്ടു അല്ലാഹുവിന്റെ നിയമാതിര്‍ത്തി വിട്ടു കടക്കാതെ അതിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുകയാണ് നിനക്കു നല്ലത്. എന്നൊക്കെയാണ് അല്ലാഹു ആയത്തിന്റെ അവസാനവാക്യത്തില്‍ ഉണര്‍ത്തുന്നത്. (لَا تَدْرِي لَعَلَّ اللَّـهَ الخ) നിയമപരമായി നോക്കുമ്പോള്‍ മതത്തില്‍ അനുവദിക്കപ്പെട്ട ഒന്നാണ് ത്വലാഖ് എങ്കിലും അല്ലാഹുവിനു ഒട്ടും ഇഷ്ടമില്ലാത്തതാണ് അതെന്നു ഒരു നബിവചനത്തില്‍ വന്നിട്ടുമുണ്ട്. (ദാ.) ത്വലാഖു നടന്നാല്‍തന്നെ വീണ്ടും മടക്കി എടുക്കുവാനുള്ള പ്രോത്സാഹനങ്ങളും അവസരങ്ങളും ഇതിനു പുറമെയും. ഇതെല്ലം മുസ്‌ലിംകള്‍ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയങ്ങളാകുന്നു. والله الموفق
(*) വിവാഹമോചനം നല്‍കപ്പെട്ടവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുവാന്‍ കല്‍പിച്ചതിലടങ്ങിയ തത്വം ഇപ്പറഞ്ഞതാണെന്ന അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് മരണപ്പെട്ടവളുടെയും, മടക്കിയെടുക്കുവാന്‍ പാടില്ലാത്ത വിധത്തില്‍ ത്വലാഖ് ചെയ്യപ്പെട്ടവളുടെയും ഇദ്ദകാലത്തിനു ഇതു ബാധകമല്ലെന്നു ഇമാം അഹ്മദു (رحمه الله) മുതലായവര്‍ അഭിപ്രായപ്പെടുന്നത്.
- فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا۟ ذَوَىْ عَدْلٍ مِّنكُمْ وَأَقِيمُوا۟ ٱلشَّهَٰدَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ﴾٢﴿
- അങ്ങനെ, അവര്‍ [ആ സ്ത്രീകള്‍] അവരുടെ അവധിക്കലെത്തുമ്പോള്‍, നിങ്ങള്‍ അവരെ (സദാചാര) മര്യാദ പ്രകാരം വെച്ചുകൊള്ളുകയോ, അല്ലെങ്കില്‍ (സദാചാര) മര്യാദപ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്‍മാരെ സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിനുവേണ്ടി സാക്ഷ്യം (ശരിക്കും) നിലനിറുത്തുകയും ചെയ്യുക. അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിച്ചു വരുന്നവര്‍ക്കു ഉപദേശം നല്‍കപ്പെടുന്നതാണ് ഇതൊക്കെ. ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും;-
- فَإِذَا بَلَغْنَ അങ്ങനെ അവര്‍ എത്തുമ്പോള്‍, എത്തിയാല്‍ أَجَلَهُنَّ അവരുടെ അവധിക്കല്‍ فَأَمْسِكُوهُنَّ എന്നാലവരെവെച്ചു കൊണ്ടിരിക്കുക, നിറുത്തിവെക്കുക بِمَعْرُوفٍ സദാചാരപ്രകാരം, നല്ല മര്യാദക്കു أَوْ فَارِقُوهُنَّ അല്ലെങ്കില്‍ അവരുമായി വേര്‍പിരിയുക بِمَعْرُوفٍ മര്യാദപ്രകാരം, സദാചാരമനുസരിച്ചു وَأَشْهِدُوا സാക്ഷ്യപ്പെടുത്തുകയും ചെയ്യുക ذَوَيْ عَدْلٍ രണ്ടു നീതിമാന്മാരെ, മര്യാദക്കാരെ مِّنكُمْ നിങ്ങളില്‍ നിന്നുള്ള وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (നിര്‍വ്വഹിക്കുക)യും ചെയ്യുവിന്‍ الشَّهَادَةَ സാക്ഷ്യത്തെ لِلَّـهِ അല്ലാഹുവിനു വേണ്ടി ذَٰلِكُمْ അതു, അതൊക്കെ يُوعَظُ بِهِ അതുമുഖേന ഉപദേശിക്കപ്പെടുന്ന مَن كَانَ يُؤْمِنُ വിശ്വസിച്ചു വരുന്നവരോടു بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَمَن يَتَّقِ ٱللَّهَ ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ يَجْعَل لَّهُ അവന്‍ അവനു ആക്കും, ഏര്‍പ്പെടുത്തും مَخْرَجًا പോംവഴി (രക്ഷാമാര്‍ഗ്ഗം)
- وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا ﴾٣﴿
- (മാത്രമല്ല) അവന്‍ കണക്കാക്കാത്തവിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. ആര്‍ അല്ലാഹുവിന്റെ മേല്‍ (കാര്യങ്ങളെല്ലാം) ഭരമേല്‍പ്പിക്കുന്നുവോ അവനു അവന്‍ (തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിര്‍ണ്ണയം [വ്യവസ്ഥ] ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- وَيَرْزُقْهُ അവനു (ഉപജീവനം - ആഹാരം)നല്‍കുകയും ചെയ്യും مِنْ حَيْثُ വിധത്തില്‍ കൂടി لَا يَحْتَسِبُ അവന്‍ കണക്കാക്കാത്ത, വിചാരിക്കാത്ത وَمَن يَتَوَكَّلْ ആര്‍ ഭരമേല്‍പ്പിക്കുന്നുവോ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَهُوَ حَسْبُهُ എന്നാല്‍ അവന്‍ അവനുമതി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بَالِغُ പ്രാപിക്കുന്ന (എത്തിച്ചേരുന്ന) വനാണ് أَمْرِهِ തന്റെ കാര്യം, കാര്യത്തില്‍ قَدْ جَعَلَ اللَّـهُ അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടുണ്ട് لِكُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും (സംഗതിക്കും) قَدْرًا ഒരു നിര്‍ണ്ണയം, കണക്കു, തോതു, വ്യവസ്ഥ
ത്വലാഖ് നടക്കുന്നതു ഇദ്ദഃ ആരംഭിക്കുവാന്‍ പറ്റിയ അവസരത്തില്‍ ആയിരിക്കണമെന്നു കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ഇദ്ദഃകാലത്തു എപ്പോള്‍ വേണമെങ്കിലും അവനു അവളെ മടക്കിയെടുക്കാം. അങ്ങിനെ ചെയ്തിട്ടില്ലെങ്കില്‍, ഇദ്ദഃയുടെ കാലാവധി അവസാനിക്കുന്നതോടെ അവന്‍ രണ്ടിലൊന്നു തീരുമാനിക്കാതിരിക്കുവാന്‍ അവനു നിവൃത്തിയില്ല. ഒന്നുകില്‍, അവളെ വെച്ചുകൊണ്ടിരിക്കുക എന്നു തീരുമാനിക്കണം. അഥവാ ത്വലാഖ് നടപ്പിലാക്കുന്നതില്‍ നിന്നു പിന്‍വലിച്ചു അവളെ പഴയ വിവാഹബന്ധത്തിലേക്ക് മടക്കിയെടുക്കണം. അല്ലാത്ത പക്ഷം, അവളെ പിരിച്ചു വിടണം. അഥവാ ത്വലാഖ് നടപ്പില്‍ വരുത്തണം. രണ്ടില്‍ ഏതായിരുന്നാലും ശരി, അതു സദാചാരമര്യാദയനുസരിച്ചായിരിക്കണം. ഉപദ്രവകരമോ, ദുരുദ്ദേശ്യപൂര്‍വ്വമോ ആയിരിക്കരുത്. ഇരുകൂട്ടരുടെയും നന്മയും സൗകര്യവും കണക്കിലെടുത്തുകൊണ്ടായിരിക്കണം എന്നര്‍ത്ഥം. ത്വലാഖ് സ്ഥിരപ്പെടുത്തുകയാണെങ്കിലും, മടക്കിയെടുക്കുകയാണെങ്കിലും അതിനു മര്യാദക്കാരായ രണ്ടു മുസ്ലിംകളെ സാക്ഷി നിറുത്തുകയും ചെയ്യേണ്ടതുണ്ട്. പിന്നീടു തര്‍ക്കമോ വഴക്കോ ഉണ്ടാകാതിരിക്കുവാനും, ഉണ്ടായേക്കുന്ന പക്ഷം സത്യം തെളിയിക്കുവാനും അതു ഉപയോഗപ്പെടുന്നു. മടക്കിയെടുക്കുമ്പോള്‍ സാക്ഷിയുടെ ആവശ്യകത ത്വലാഖിനെ അപേക്ഷിച്ച് കൂടുതലായിരിക്കും. ആവശ്യം നേരിടുമ്പോള്‍ സാക്ഷികള്‍ അല്ലാഹുവിനെ ഓര്‍ത്തു തങ്ങളുടെ സാക്ഷ്യം യഥാവിധി നിറവേറ്റലും നിര്‍ബന്ധമാകുന്നു. എന്നൊക്കെയാണ് ഈ വചനത്തില്‍ അല്ലാഹു കല്‍പ്പിക്കുന്നത്.
ഇതരഗ്രന്ഥങ്ങളെപ്പോലെ, ഒരു വിഷയം ആദ്യം തൊട്ട് അവസാനം വരെ വിവരിക്കുന്ന പതിവല്ല ഖുര്‍ആനിലുള്ളത്. നിയമങ്ങളും കല്പനകളും വിവരിക്കുന്നതിനിടയില്‍ തന്നെ ഉപദേശങ്ങളും തത്വങ്ങളും, പ്രോത്സാഹനങ്ങളും, താക്കീതുകളും അടങ്ങിയിരിക്കും. ഖുര്‍ആന്റെ പ്രതിപാദനരീതിയെപ്പറ്റി വിവരിച്ച കൂട്ടത്തില്‍ മുഖവുരയില്‍ ഈ സംഗതി നാം വിശദീകരിച്ചിട്ടുണ്ട്. 1-ാം വചനത്തിന്റെ അവസാനത്തില്‍, ഇതെല്ലാം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാണെന്നും, അവയെ അതിലംഘിക്കുന്നവര്‍ തങ്ങളോടു തന്നെ അക്രമം ചെയ്കയാണെന്നും പ്രസ്താവിച്ചു. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. അതുകൊണ്ട് അവന്റെ നിയമാതിര്‍തികള്‍ പാലിക്കുന്നതിലാണ് മനുഷ്യന്റെ നന്മ സ്ഥിതിചെയ്യുന്നതു എന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഈ വചനത്തിലാകട്ടെ, ത്വലാഖിനെ സംബന്ധിച്ച കല്‍പനകളെത്തുടര്‍ന്നുകൊണ്ട് ഇതെല്ലാം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികളോടുള്ള ഉപദേശങ്ങളാണ് എന്ന ഒരു മുഖവുരയോടു കൂടി വളരെ പ്രധാനമായ പല യാഥാര്‍ത്ഥ്യങ്ങളും അവരെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ മാത്രമേ ഇങ്ങിനെയുള്ള നിയമങ്ങള്‍ പാലിക്കുകയും വിലവെക്കുകയുമുള്ളു, അവയെ അനുസരിക്കാതെയും, വിലവെക്കാതെയും ഇരിക്കുന്നവര്‍ – പ്രത്യക്ഷത്തില്‍ അവര്‍ മുസ്ലിംകളായിരുന്നാലും ശരി – യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരായിരിക്കും. എന്നൊക്കെയാണ് ആ മുഖവുരയിലടങ്ങിയ സൂചനകള്‍.
ഈ മുഖവുരക്കുശേഷം, ഒന്നാമതായി ‘തഖ്‌വായെ’പ്പറ്റി -അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കുക വഴി അവനെ സൂക്ഷിക്കുന്നതിനെപ്പറ്റി- യാണ് ഉണര്‍ത്തിയിരിക്കുന്നത്. അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്കു അവരുടെ പ്രശ്നങ്ങള്‍ക്കു പോംവഴിയും, വിഷമങ്ങള്‍ക്കു രക്ഷാമാര്‍ഗവും അവന്‍ ഉണ്ടാക്കിക്കൊടുക്കുമെന്നും, അവര്‍ വിചാരിക്കാത്ത വിധത്തിലൂടെ ഉപജീവനമാര്‍ഗം നല്‍കുമെന്നുമാണ് അതിന്റെ ചുരുക്കം. ത്വലാഖു സംബന്ധമായ കാര്യങ്ങളെ വിവരിക്കുന്ന മദ്ധ്യേയാണ് ഇവിടെ ഇക്കാര്യം ഉണര്‍ത്തിയിട്ടുള്ളതെങ്കിലും, അവയടക്കം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്ന വിധി വിലക്കുകളെ സൂക്ഷിച്ചുപോരലാണ് തഖ്‌വാ കൊണ്ടു വിവക്ഷ. അപ്പോള്‍ മനുഷ്യന്റെ ഐഹികവും പാരത്രികവുമായ എല്ലാ നന്മകള്‍ക്കും എല്ലാ വിധ രക്ഷക്കും നിദാനം ഈ സൂക്ഷ്മതയാകുന്ന തഖ്‌വാതന്നെ. അതുകൊണ്ടാണ് അടിക്കടി തഖ്‌വായെപ്പറ്റി അല്ലാഹു ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെത്തന്നെ, 4-ാം വചനത്തില്‍, തഖ്‌വാ അനുഷ്ടിക്കുന്നവര്‍ക്കു അല്ലാഹു അവരുടെ കാര്യങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്നും, 5-ാം വചനത്തില്‍ അവര്‍ക്കു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും, വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുമെന്നും പ്രസ്താവിക്കുന്നതു നോക്കുക.
അല്ലാഹുവിന്റെ മേല്‍ കാര്യങ്ങളെ ഭരമേല്‍പ്പിക്കുന്നവര്‍ക്കു അല്ലാഹു തന്നെ മതി എന്നാണ് അടുത്ത വാക്യത്തില്‍ ഉണര്‍ത്തുന്നത്. ഇതിനുള്ള കാരണവും അതോടൊപ്പം അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ പ്രാപിക്കും. അതിനു യാതൊരു തടസ്സമോ വിഘ്നമോ നേരിടുകയില്ല. അതില്‍ ആരും അവനെ പരാജയപ്പെടുത്തുവാനുമില്ല ഓരോരോ കാര്യത്തിനും – അതു ഇന്നിന്ന പ്രകാരം ഇന്നിന്നപോലെ എന്നൊക്കെ അവന്‍ വ്യവസ്ഥയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ട്. അതു അതുപോലെത്തന്നെ സംഭവിക്കും. അങ്ങിനെ മാത്രമേ സംഭവിക്കുകയുമുള്ളു. ഇതിലൊന്നും മറ്റാരുടെ കൈകടത്തലിനോ ഉദ്ദേശത്തിനോ യാതൊരു പഴുതുമില്ല. എന്നിരിക്കെ, അവനില്‍ കാര്യങ്ങളര്‍പ്പിക്കുന്ന അവന്റെ അടിയാന്റെ കാര്യങ്ങള്‍ വേണ്ടതിന്‍വണ്ണം ശരിപ്പെടുത്തിക്കൊടുക്കുവാന്‍ അവന്‍ തന്നെ പോരേ?! (اليس الله بكاف عبده) തീര്‍ച്ചയായും മതി!
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഇബ്നു അബ്ബാസ് (رحمه الله)ന്നു നല്‍കിയ ചില ഉപദേശങ്ങള്‍ നമുക്കു ഇവിടെ ഓര്‍മ്മിക്കാം. തിരുമേനി പറഞ്ഞു: കുട്ടീ, നിനക്കു ഞാന്‍ ചില വാക്കുകള്‍ പഠിപ്പിച്ചു തരാം: നീ അല്ലാഹുവിനെ കാത്തുസൂക്ഷിച്ചു കൊള്ളുക, അവന്‍ നിന്നെയും കാത്തുസൂക്ഷിക്കും. നീ അല്ലാഹുവിനെ കാത്തുസൂക്ഷിക്കുക, അവനെ നിന്റെ മുമ്പില്‍ നിനക്കു കണ്ടെത്താം. നീ (വല്ലതും) ആവശ്യപ്പെടുന്നതായാല്‍, അല്ലാഹുവിനോടു ആവശ്യപ്പെടുക. നീ സഹായമഭ്യര്‍ത്ഥിക്കുന്നതായാല്‍, അല്ലാഹുവിനോടു സഹായമര്‍ത്ഥിക്കുക. നീ അറിയണം: നിനക്കു ഉപകാരം ചെയ്‌വാന്‍ വേണ്ടി സമുദായങ്ങള്‍ എല്ലാം ഒരുമിച്ചുചേര്‍ന്നാലും, അല്ലാഹു നിനക്കു നിശ്ചയിച്ചുവെച്ചതല്ലാത്ത യാതൊന്നുകൊണ്ടും അവര്‍ നിനക്കു ഉപകാരം ചെയകയില്ല. നിനക്കു ഉപദ്രവം ചെയ്‌വാന്‍ അവരെല്ലാം ഒരുമിച്ചു ചേര്‍ന്നാലും, അല്ലാഹു നിന്റെ പേരില്‍ നിശ്ചയിച്ചതല്ലാത്ത യാതൊന്നുകൊണ്ടും അവര്‍ നിനക്കു ഉപദ്രവം ചെയ്കയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും, (*) ഏടുകള്‍ (മഷി) വറ്റുകയും ചെയ്തിരിക്കുന്നു. (അ; തി.)
(*) നടക്കുവാനിരിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു എന്നു സാരം. ‘ഖള്വാ – ഖദ്റി’നെ നിഷേധിക്കുന്ന യുക്തിവാദക്കാര്‍ ഇതുപോലുള്ള ഹദീസുകളെയെല്ലാം തള്ളിക്കളയുക പതിവാണ്. ഇതിനെപ്പറ്റി സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ പ്രതിപാദിച്ചിട്ടുള്ളതു ഓര്‍ക്കുക.
അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കു (തഖ്‌വാ അനുഷ്ഠിക്കുന്നവര്‍ക്കു) അവര്‍ വിചാരിക്കാത്ത വിധത്തിലൂടെ ഉപജീവനം ലഭിക്കുമെന്നും, അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് (തവക്കുല്‍ ചെയ്യുന്നവര്‍ക്ക്) അവന്‍ തന്നെ മതി എന്നും പറഞ്ഞതിന്റെ താല്‍പര്യം, മനുഷ്യന്‍ ഒന്നും പ്രവര്‍ത്തിക്കാതെ ചുമ്മാ ഇരുന്നാലും അവന്‍ ഉദ്ദേശിച്ചതും ഇച്ഛിച്ചതുമെല്ലാം അങ്ങ് സാധിക്കുമെന്നല്ല. അല്‍പം തന്റേടവും അല്പം സത്യവിശ്വാസവുമുള്ള ആരും അങ്ങിനെ ധരിക്കുകയുമില്ല. അവിശ്വാസികളും യുക്തിവാദികളും പൊതുജനങ്ങളെ മതവിശ്വാസത്തില്‍ നിന്നു അകറ്റിക്കളയുവാന്‍ വേണ്ടി കല്‍പിച്ചുകൂട്ടി പൊക്കിക്കാട്ടാറുള്ള ഒരു സംശയം മാത്രമാണത്. മനുഷ്യനോടു ഓരോ തുറയിലും ചെയ്‌വാന്‍ കൽപ്പിച്ചതു അവന്റെ പരമാവധി കഴിവുപയോഗിച്ചു അവന്‍ നിര്‍വ്വഹിക്കണം. അപ്പോള്‍, അതിലൂടെ അവന്‍ നിനക്കാത്ത നന്മകള്‍ അവനു ലഭിച്ചുകൊണ്ടിരിക്കുകയും, അവന്‍ ഊഹിക്കാത്ത രൂപത്തില്‍ അവനില്‍ നിന്നു തിന്മകള്‍ തട്ടിനീങ്ങിക്കൊണ്ടിരിക്കുകയും, അവന്റെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ അവനു നിവൃത്തിയായിക്കൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ, ഇഹത്തില്‍ അവനു മനസ്സമാധാനവും, പരത്തില്‍ ശാശ്വത സുഖവും അല്ലാഹു അവനു കൈവരുത്തും എന്നത്രെ ചുരുക്കം. ധാരാളം ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവാക്യങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ് ഈ വാസ്തവം. സന്ദര്‍ഭം പോലെ പലപ്പോഴും നാമതു ചൂണ്ടിക്കാട്ടാറുമുണ്ട്. അല്ലാഹു തുടര്‍ന്നു പറയുന്നു:-
- وَٱلَّٰٓـِٔى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلَٰثَةُ أَشْهُرٍ وَٱلَّٰٓـِٔى لَمْ يَحِضْنَ ۚ وَأُو۟لَٰتُ ٱلْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا ﴾٤﴿
- നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ, - നിങ്ങള്‍ സംശയപ്പെടുകയാണെങ്കില്‍ - അവരുടെ ‘ഇദ്ദഃ’ മൂന്നുമാസമാകുന്നു:- ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (അങ്ങിനെ) തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാണ്. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ കാര്യത്തെക്കുറിച്ച് അവന്‍ എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്.
- وَاللَّائِي യാതൊരു സ്ത്രീകള്‍ يَئِسْنَ നിരാശപ്പെട്ട مِنَ الْمَحِيضِ ആര്‍ത്തവത്തെ സംബന്ധിച്ചു مِن نِّسَائِكُمْ നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് إِنِ ارْتَبْتُمْ നിങ്ങള്‍ സംശയ (സന്ദേഹ) പ്പെടുന്ന പക്ഷം فَعِدَّتُهُنَّ എന്നാലവരുടെ ഇദ്ദഃ ثَلَاثَةُ أَشْهُرٍ മൂന്നു മാസമാണ് وَاللَّائِي യാതൊരു സ്‌ത്രീകളും, സ്‌ത്രീകളുടെയും لَمْ يَحِضْنَ ആര്‍ത്തവമുണ്ടാകാത്ത, ഋതുവായിട്ടില്ലാത്ത وَأُولَاتُ الْأَحْمَالِ ഗര്‍ഭമുള്ള സ്‌ത്രീകള്‍ أَجَلُهُنَّ അവരുടെ അവധി أَن يَضَعْنَ അവര്‍ പ്രസവിക്കലാണു حَمْلَهُنَّ അവരുടെ ഗര്‍ഭം وَمَن يَتَّقِ ആര്‍ സൂക്ഷിക്കുന്നുവോ اللَّـهَ അല്ലാഹുവിനെ يَجْعَل لَّهُ അവന്‍ അവനു ഉണ്ടാക്കി (ഏര്‍പ്പെടുത്തി) ക്കൊടുക്കും مِنْ أَمْرِهِ അവന്റെ കാര്യത്തെ സംബന്ധിച്ചു يُسْرًا എളുപ്പം, സൗകര്യം
- ذَٰلِكَ أَمْرُ ٱللَّهِ أَنزَلَهُۥٓ إِلَيْكُمْ ۚ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا ﴾٥﴿
- അതു അല്ലാഹുവിന്റെ കല്‍പനയാകുന്നു; അവന്‍ അതു നിങ്ങള്‍ക്കു ഇറക്കിത്തന്നിരിക്കുകയാണ്. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ തിന്മകളെ അവന്‍ (മാപ്പാക്കി) മറച്ചുവെച്ചുകൊടുക്കുകയും, അവനു പ്രതിഫലം വമ്പിച്ചതാക്കുകയും ചെയ്യും.
- ذَٰلِكَ അതു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പനയാണ് أَنزَلَهُ അതിനെ ഇറക്കിയിരി ക്കുന്നു إِلَيْكُمْ നിങ്ങളിലേക്കു وَمَن يَتَّقِ اللَّـهَ അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ يُكَفِّرْ عَنْهُ അവന്‍ അവന്നു മറച്ചു (മൂടി) വെച്ചുകൊടുക്കും سَيِّئَاتِهِ അവന്റെ തിന്‍മകളെ يُعْظِمْ لَهُ അവനു വമ്പിച്ചതാ (വലുതാ) ക്കുകയും ചെയ്യും أَجْرًا പ്രതിഫലം
ആര്‍ത്തവമുണ്ടാകാറുള്ള സ്ത്രീകളുടെ ഇദ്ദഃകാലം മൂന്നു ആര്‍ത്തവശുദ്ധി ഉണ്ടാകലാണെന്നു മുമ്പു 1-ാം വചനത്തിന്റെ വിവരണത്തില്‍ പ്രസ്താവിച്ചുവല്ലോ. പ്രായാധിക്യം നിമിത്തം ആര്‍ത്തവം നിലച്ചുപോയവളുടെയും, തീരെ ആര്‍ത്തവമുണ്ടായിട്ടില്ലാത്തവളുടെയും ഇദ്ദഃ മൂന്നു മാസക്കലമാണെന്നു ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. ഇവരുടെ ഇദ്ദഃയെപ്പറ്റി നിങ്ങള്‍ സംശയപ്പെടുന്നപക്ഷം (إِنِ ارْتَبْتُمْ) എന്നു പറയുവാന്‍ കാരണം, സൂറത്തുല്‍ ബഖറഃയില്‍ ആര്‍ത്തവമുണ്ടാകാറുള്ള സ്ത്രീകളുടെ ഇദ്ദഃയെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, ആര്‍ത്തവം ഉണ്ടാകാത്ത സ്ത്രീകളുടെ ഇദ്ദഃയെക്കുറിച്ചു ചിലര്‍ക്കു സംശയം ഉണ്ടായതാണെന്നും, അതിനെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (ഹാ;ബ.) രക്തം കാണുകയും, അതു ആര്‍ത്തവമോ രക്തസ്രാവമോ എന്നറിയപ്പെടാതെ സംശയപ്പെട്ടാല്‍ എന്നാണ് ആ വാക്കുകൊണ്ടു ഉദ്ദേശ്യം എന്നത്രെ മുജാഹിദ് (رحمه الله) മുതലായ ചിലരുടെ അഭിപ്രായം. ആദ്യം പറഞ്ഞതാണ് ഇബ്നുജരീര്‍ (رحمه الله) ബലപ്പെടുത്തിയിരിക്കുന്നത്. എനി ബാക്കിയുള്ളതു ത്വലാഖു നടക്കുമ്പോള്‍ ഗര്‍ഭവതികളായ സ്ത്രീകളാണ്. അവരുടെ ഇദ്ദഃ അവരുടെ പ്രസവം വരെയാണ്. പ്രസവം ഉടനെത്തന്നെ സംഭവിച്ചാലും ശരി, കുറേ മാസങ്ങള്‍ക്കുശേഷമായിരുന്നാലും ശരി, അതോടെ ഇദ്ദഃയും അവസാനിക്കും.
കഴിഞ്ഞ വചനങ്ങളില്‍ കണ്ടതുപോലെ, ഈ രണ്ടു വചനങ്ങളിലും തന്നെ അല്ലാഹുവിനെ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുന്നതും, 5-ാം വചനത്തില്‍ ഇതൊക്കെ അല്ലാഹു നിങ്ങള്‍ക്കു ഇറക്കിത്തന്ന കല്‍പനകളാണെന്നു ഉണര്‍ത്തിയി രിക്കുന്നതും ശ്രദ്ധേയമാകുന്നു. ഇങ്ങിനെയുള്ള വാക്യങ്ങള്‍ ഓരോന്നും സശ്രദ്ധം മനസ്സിരുത്തിക്കൊണ്ടായിരിക്കണം നാം ഖുര്‍ആന്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും. അല്ലാഹു നമുക്ക് അതിനു തൗഫീഖു നല്‍കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള ചില ബാധ്യതകളെക്കുറിച്ചും മറ്റും പ്രസ്താവിക്കുന്നു:-
- أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَٰتِ حَمْلٍ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ ﴾٦﴿
- നിങ്ങള്‍ താമസിക്കുന്നിടത്തില്‍പെട്ട -അതായതു, നിങ്ങളുടെ കഴിവില്‍പെട്ട- (ഒരു) സ്ഥലത്തു നിങ്ങള്‍ അവരെ താമസിപ്പിക്കുവിന്‍. അവരുടെ മേല്‍ ഇടുക്കം [ഞെരുക്കം] ഉണ്ടാക്കുവാന്‍വേണ്ടി നിങ്ങള്‍ അവരോടു ഉപദ്രവം പ്രവര്‍ത്തിക്കരുത്. അവര്‍ ഗര്‍ഭവതികളാണെങ്കില്‍, അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കുന്നതുവരേക്കും നിങ്ങള്‍ അവര്‍ക്കു ചിലവുകൊടുക്കുകയും ചെയ്യണം. എനി, അവര്‍ നിങ്ങള്‍ക്കുവേണ്ടി (കുട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം. (സദാചാര) മര്യാദപ്രകാരം നിങ്ങള്‍ തമ്മില്‍ കാര്യാലോചന നടത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ (അന്യോന്യം) ഞെരുക്കം പ്രകടിപ്പിക്കുകയാണെങ്കില്‍, അപ്പോള്‍ അവനു (ഭര്‍ത്താവിനു) വേണ്ടി വേറൊരുവള്‍ (കുട്ടിക്കു) മുല കൊടുത്തേക്കാവുന്നതാണ്.
- أَسْكِنُوهُنَّ നിങ്ങള്‍ അവരെ താമസി (പാര്‍പ്പി)ക്കുവിന്‍ مِنْ حَيْثُ سَكَنتُم നിങ്ങള്‍ താമസിക്കുന്നതില്‍പെട്ട സ്ഥലത്തു مِّن وُجْدِكُمْ അതായതു നിങ്ങളുടെ കഴിവില്‍ (നിവൃത്തിയില്‍)പെട്ട وَلَا تُضَارُّوهُنَّ അവരോടു നിങ്ങള്‍ ഉപദ്രവം പ്രവര്‍ത്തിക്കരുതു, ഉപദ്രവനയം കാട്ടരുത് لِتُضَيِّقُوا നിങ്ങള്‍ ഇടുക്കം (കുടുക്കം-ഞെരുക്കം) ഉണ്ടാക്കുവാന്‍ عَلَيْهِنَّ അവരുടെമേല്‍ وَإِن كُنَّ അവരാണെങ്കില്‍ أُولَاتِ حَمْلٍ ഗര്‍ഭവതികള്‍ فَأَنفِقُوا എന്നാല്‍ ചിലവഴിക്കുവിന്‍, ചിലവുകൊടുക്കണം عَلَيْهِنَّ അവര്‍ക്കു حَتَّىٰ يَضَعْنَ അവര്‍ പ്രസവിക്കുന്നതു വരെ حَمْلَهُنَّ അവരുടെ ഗര്‍ഭം فَإِنْ أَرْضَعْنَ എനി (എന്നിട്ടു) അവര്‍ മുല (പാല്‍) കൊടുത്തെങ്കില്‍ لَكُمْ നിങ്ങള്‍ക്കു വേണ്ടി فَآتُوهُنَّ എന്നാലവര്‍ക്കു കൊടുക്കുവിന്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ وَأْتَمِرُوا നിങ്ങള്‍ കാര്യലോചന നടത്തുകയും ചെയ്യുവിന്‍ بَيْنَكُم നിങ്ങള്‍ക്കിടയില്‍, തമ്മില്‍ بِمَعْرُوفٍ സദാചാരം (മര്യാദ- നല്ല വഴക്കം) അനുസരിച്ചു وَإِن تَعَاسَرْتُمْ നിങ്ങള്‍ അന്യോന്യം ഞെരുക്കം കാട്ടിയാല്‍ (പ്രകടിപ്പിച്ചാല്‍) فَسَتُرْضِعُ അപ്പോള്‍ മുലകൊടുത്തേക്കാം, മുലകൊടുക്കണം لَهُ അവനുവേണ്ടി أُخْرَىٰ മറ്റൊരുവള്‍.
- لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْرًا ﴾٧﴿
- നിവൃത്തിയുള്ളവന്‍ തന്റെ നിവൃത്തിയില്‍നിന്നു ചിലവഴിച്ചുകൊള്ളട്ടെ; യാതോരുവന്റെമേല്‍ അവന്റെ ഉപജീവനം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്‍, തനിക്കു അല്ലാഹു നല്‍കിയതില്‍നിന്നും ചിലവഴിച്ചുകൊള്ളട്ടെ.
ഒരു ദേഹത്തോടും [ആളോടും] അല്ലാഹു അതിനു നല്‍കിയതല്ലാതെ (ചിലവാക്കുവാന്‍) അവന്‍ ശാസിക്കുകയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏര്‍പ്പെടുത്തിക്കൊടുത്തേക്കുന്നതാണ്. - لِيُنفِقْ ചിലവഴിക്കട്ടെ ذُو سَعَةٍ നിവൃത്തിഉള്ളവന്‍ مِّن سَعَتِهِ അവന്റെ നിവൃത്തിയില്‍ നിന്നു وَمَن യാതൊരുവന്‍ قُدِرَ عَلَيْهِ അവന്റെ മേല്‍ കണക്കാക്കപ്പെട്ടു (കുടുസ്സാക്കപ്പെട്ടു) എന്നാല്‍ رِزْقُهُ അവന്റെ ആഹാരം, ഉപജീവനം فَلْيُنفِقْ എന്നാലവന്‍ ചിലവഴിക്കട്ടെ مِمَّا آتَاهُ അവന്നു നല്‍കിയതില്‍ നിന്നു اللَّـهُ അല്ലാഹു لَا يُكَلِّفُ اللَّـهُ അല്ലാഹു ശാസിക്കുക (കീര്‍ത്തിക്കുക - വിഷമിപ്പിക്കുക)യില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളെയും, ഒരു ആത്മാവിനെയും إِلَّا مَا آتَاهَا അതിനു അവന്‍ നല്‍കിയതു (നല്‍കിയതനുസരിച്ചു) അല്ലാതെ سَيَجْعَلُ اللَّـهُ അല്ലാഹു വഴിയെ ഉണ്ടാക്കും, ആക്കിയേക്കും بَعْدَ عُسْرٍ ഒരു ഞെരുക്കത്തിനു (പ്രയാസത്തിനു) ശേഷം يُسْرًا ഒരു എളുപ്പം, സൗകര്യം
സാരം: വിവാഹമോചനം (ത്വലാഖ്) ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു അവരുടെ ഇദ്ദഃകാലം കഴിയുന്നതുവരെ ഭര്‍ത്താവ് പാര്‍പ്പിടം നല്‍കേണ്ടതാണ്. അവന്റെ വസതികളില്‍ ഏതെങ്കിലും ഒന്നില്‍, ഒരേവസതി മാത്രമാണുള്ളതെങ്കില്‍ – ഖത്താദഃ (റ) പറഞ്ഞതു പോലെ – അതിന്റെ ഒരു വശത്തു അവളെ താമസിപ്പിക്കണം. വീട്ടിന്റെ നിലവാരവും തോതും കണക്കാക്കുന്നതു അവനവന്റെ സ്ഥിതിയും കഴിവുമനുസരിച്ചു മാത്രമായിരിക്കും. ഏതെങ്കിലും വിധേന അവളെ സ്വൈരം കെടുത്തുവാനോ വിഷമിപ്പിക്കുവാനോ പാടുള്ളതല്ല. അവളെ ശല്യപ്പെടുത്തുമാറുള്ള പെരുമാറ്റവും പാടില്ല. അവള്‍ ഗര്‍ഭവതിയാണെന്നു കണ്ടാല്‍ പ്രസവം കുഴിയുന്നതുവരെ അവളുടെ ചിലവ് നടത്തുകയും വേണം. പ്രസവാനന്തരം കുട്ടിക്കു അവള്‍ തന്നെ മുലകൊടുക്കുന്ന പക്ഷം – അതാണ് വേണ്ടതും – മുലകുടി മാറ്റുന്നതുവരേക്കും അവള്‍ക്കു തക്കതായ പ്രതിഫലവും നല്‍കേണ്ടതുണ്ട്. പ്രതിഫലം എന്തായിരിക്കണമെന്നും, അവള്‍ക്കു തന്നെ അതു നിര്‍വഹിക്കാമോ എന്നും മറ്റും ഇരുഭാഗക്കാരും അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാകുന്നു. കുട്ടിക്കോ, അവള്‍ക്കോ, അവനോ പ്രത്യേക വിഷമമൊന്നും ഏര്‍പ്പെടാത്ത വിധം തീരുമാനമെടുക്കണം. എനി, അവള്‍ മുലകൊടുക്കുന്നത് ഏതെങ്കിലും വിധേന വിഷമകരമാണെന്നു കാണുന്ന പക്ഷം, വേറെ സ്ത്രീകളെ മുലകൊടുക്കുവാന്‍ ഏല്‍പ്പിക്കുകയും ചെയ്യാം. വിരോധമില്ല. ഏതായാലും, ചിലവുകൊടുക്കുന്നതിലും, പ്രതിഫലം നല്‍കുന്നതിലും, പാര്‍പ്പിട സൗകര്യം അനുവദിക്കുന്നതിലുമെല്ലാം തന്നെ, ഓരോരുത്തരുടെയും കഴിവും, നിവൃത്തിമാര്‍ഗവുമാണ് പരിഗണിക്കപ്പെടേണ്ടത്. കഴിവുള്ളവര്‍ തങ്ങളുടെ കഴിവനുസരിച്ചും, കഴിവില്ലാത്തവര്‍ താന്താങ്ങളുടെ സ്ഥിതിക്കനുസരിച്ചും ചിലവഴിക്കണമെന്നല്ലാതെ, കഴിവിനപ്പുറം വല്ലതും ചെയ്‌വാന്‍ ആരോടും നിര്‍ബന്ധിക്കുവാന്‍ പാടില്ല. എന്നൊക്കെയാണ് അല്ലാഹു ഈ വചനങ്ങളില്‍ കല്പിക്കുന്നത്. ദാരിദ്ര്യം കൊണ്ടും മറ്റും ഞെരുങ്ങിക്കഴിയുന്നവര്‍ ഒരിക്കലും നിരാശപ്പെടരുതെന്നും, അല്‍പം കഴിയുമ്പോള്‍ തങ്ങളുടെ നില അല്ലാഹു ഭേദപ്പെടുത്തി ആശ്വാസം നല്‍കുമെന്നും, സല്‍പ്രതീക്ഷ കൈവിടരുതെന്നും, അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുന്നവര്‍ക്ക് അവന്‍ വഴിയെ നന്‍മ കൈവരുത്തുമെന്നും അവസാനമായി സത്യവിശ്വാസികളെ സമാധാനിപ്പിക്കുകയും ചെയ്യുന്നു.
മടക്കിയെടുക്കാവുന്ന ത്വലാഖ് (*) മൂലം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു അവര്‍ ഇദ്ദഃയിലിരിക്കുന്ന സമയത്തു താമസസ്ഥലവും ഭക്ഷണച്ചിലവും ഭര്‍ത്താവു നല്‍കേണ്ടതാണ് എന്നിരിക്കെ ഗര്‍ഭവതികളാണെങ്കില്‍ ഗര്‍ഭം പ്രസവിക്കുന്നതു വരെ അവള്‍ക്കു ചിലവു കൊടുക്കണം (الخ وَإِن كُنَّ أُولَاتِ حَمْلٍ) എന്നു പറഞ്ഞതിന്റെ താല്‍പര്യം രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. (1) സ്‌ത്രീ ഗര്‍ഭവതിയാണെങ്കില്‍ മടക്കിയെടുക്കാവുന്ന ത്വലാഖായാലും മടക്കിയെടുക്കുവാന്‍ പാടില്ലാത്ത ത്വലാഖായാലും അവള്‍ പ്രസവിക്കുന്നതു വരെ ചിലവു കൊടുക്കണമെന്നാണ് ഇതിന്റെ താല്പര്യമെന്നത്രെ അധിക പണ്ഡിത ന്മാരുടെയും അഭിപ്രായം. (2) അതല്ല, മടക്കി എടുക്കാവുന്ന ത്വലാഖിനു വിധേയരായ സ്ത്രീകളെക്കുറിച്ചു തന്നെയാണ് ഈ പ്രസ്താവനയും. പക്ഷേ, അവര്‍ക്കു ഗര്‍ഭമുണ്ടെങ്കില്‍ സാധാരണ ഗതിയിലുള്ള അവരുടെ ഇദ്ദഃകാലം അവസാനിക്കുന്നതോടെ അവരുടെ ചിലവിന്റെ ബാധ്യത അവസാനിക്കുന്നില്ല. അവര്‍ എപ്പോള്‍ പ്രസവിക്കുന്നുവോ അതുവരെ ചിലവു കൊടുക്കണം. പ്രസവം ഒരുപക്ഷേ, പിന്നെയും കുറേകൂടി ദീര്‍ഘിച്ചേക്കാനിടയുണ്ടല്ലോ. അതാണു ഈ വാക്യത്തിലെ സൂചന എന്നാണ് മറ്റൊരുപക്ഷം. (كما فى ابن كثير والله اعلم) ത്വലാഖിന്റെ ചില രൂപങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ പാര്‍പ്പിടത്തിന്റെയും ചിലവിന്റെയും വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാണാവുന്നതാണ്. പ്രസ്തുത അഭിപ്രായങ്ങളും, ഓരോ വിഭാഗക്കാര്‍ക്കും ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും പറയുവാനുള്ള ന്യായങ്ങളും, ഇവിടെ വിവരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. അതെല്ലാം ഫിഖ്ഹു (കര്‍മ്മശാസ്‌ത്ര) ഗ്രന്ഥങ്ങളില്‍ നിന്നു അറിയേണ്ടതാകുന്നു.
(*) ഒരു ഭര്‍ത്താവു തന്റെ ഭാര്യയെ വിവാഹമോചനം (ത്വലാഖ്) ചെയ്യുന്നതു ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രാവശ്യമാണെങ്കില്‍ അതിനു മടക്കിയെടുക്കാവുന്ന ത്വലാഖ് (الطلاق الرجعى) എന്നു പറയപ്പെടുന്നു. അല്ലാത്ത വേര്‍പാടുകളെല്ലാം മടക്കിയെടുക്കുവാന്‍ പാടില്ലാത്തതും (البائن) ആകുന്നു. ഓരോന്നിനും അതിന്റേതായ ഉപാധികളും നിയമങ്ങളുമുണ്ടുതാനും.
ഇദ്ദഃയിലിരിക്കുന്ന സ്ത്രീകള്‍ക്കു പാര്‍പ്പിടവും ചിലവും നല്‍കുന്നതു സംബന്ധിച്ചു ഇന്നു മുസ്‌ലിം സമുദായം കൈകൊണ്ടുവരുന്ന അലസനയത്തെയും അതിന്റെ ഭവിഷ്യത്തിനെയും കുറിച്ച് നാം മുകളില്‍ ചൂണ്ടിക്കാട്ടിയല്ലോ. ഇങ്ങിനെയുള്ള ദൈവിക കല്‍പനകളെ അതിലംഘിച്ച സമുദായങ്ങള്‍ക്കു ഇഹത്തിലും പരത്തിലും നേരിടുന്ന അനന്തര ഫലങ്ങള്‍ എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളില്‍നിന്നു മുസ്‌ലിംകള്‍ക്കു മനസ്സിലാക്കാവുന്നതാണ്.
വിഭാഗം - 2
- وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَٰهَا حِسَابًا شَدِيدًا وَعَذَّبْنَٰهَا عَذَابًا نُّكْرًا ﴾٨﴿
- എത്രയോ രാജ്യം [രാജ്യക്കാര്‍] അതിന്റെ റബ്ബിന്റെയും, അവന്റെ റസൂലുകളുടെയും കല്‍പന ധിക്കരിച്ചു കളഞ്ഞു! അതിനാല്‍, നാം അവയെ കഠിനമായ കണക്കു വിചാരണ നടത്തുകയും, നികൃഷ്ടമായ [കടുത്ത] ശിക്ഷ ശിക്ഷിക്കുകയും ചെയ്തു.
- وَكَأَيِّن എത്രയോ, എത്രയാണു مِّن قَرْيَةٍ രാജ്യമായിട്ടു, രാജ്യത്തില്‍നിന്നു عَتَتْ അതു ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു عَنْ أَمْرِ കല്‍പനവിട്ടു رَبِّهَا അതിന്റെ റബ്ബിന്റെ وَرُسُلِهِ അവന്റെ റസൂലുകളുടെയും فَحَاسَبْنَاهَا അതിനാല്‍ നാം അതിനെ വിചാരണ (കണക്കു നോക്കല്‍) നടത്തി حِسَابًا ഒരു വിചാരണ (കണക്കുനോക്കല്‍) شَدِيدًا കഠിനമായ وَعَذَّبْنَاهَا അതിനെ നാം ശിക്ഷിക്കുകയും ചെയ്തു عَذَابًا نُّكْرًا വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ
- فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَٰقِبَةُ أَمْرِهَا خُسْرًا ﴾٩﴿
- അങ്ങനെ, അവയുടെ കാര്യത്തിന്റെ ദുഷ്‌ഫലം അവ ആസ്വദിച്ചു; അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം (തന്നെ) ആയിരുന്നു താനും.
- فَذَاقَتْ അങ്ങനെ അതു രുചിനോക്കി, ആസ്വദിച്ചു وَبَالَ ദുഷ്ഫലം, ഭവിഷ്യത്തു, നാശം أَمْرِهَا അതിന്റെ കാര്യത്തിന്റെ وَكَانَ ആയിരുന്നു عَاقِبَةُ أَمْرِهَا അതിന്റെ കാര്യത്തിന്റെ കലാശം خُسْرًا നഷ്ടം
- أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًا ﴾١٠﴿
- അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ - ബുദ്ധിമാന്മാരേ, (അതെ), വിശ്വസിച്ചവരേ തീര്‍ച്ചയായും, നിങ്ങള്‍ക്കു അല്ലാഹു ഒരു ഉല്‍ബോധനം ഇറക്കിത്തന്നിരിക്കുന്നു:-
- أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ فَاتَّقُوا اللَّـه ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ يَا أُولِي الْأَلْبَابِ ബുദ്ധിമാന്മാരേ الَّذِينَ آمَنُوا വിശ്വസിച്ചവരായ قَدْ أَنزَلَ ٱللَّهُ തീര്‍ച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു ذِكْرًا ഒരു ഉല്‍ബോധനം, സ്മരണ, ഉപദേശം
- رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَٰتِ ٱللَّهِ مُبَيِّنَٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا ﴾١١﴿
- (അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായും കൊണ്ട് അല്ലാഹുവിന്റെ ‘ആയത്തുകളെ’ [വേദലക്ഷ്യങ്ങളെ] അദ്ദേഹം നിങ്ങള്‍ക്കു ഓതിത്തരുന്നു; വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അല്ലാഹുവില്‍ വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അവനെ അവന്‍ അടിഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും നിത്യവാസികളായ നിലയില്‍. അല്ലാഹു അ(ങ്ങിനെയുള്ള)വനു ഉപജീവനം നന്നാ(യി ഒരു)ക്കി വെച്ചിട്ടുണ്ട്.
- رَّسُولًا അതായതു ഒരു റസൂല്‍ يَتْلُو عَلَيْكُمْ നിങ്ങള്‍ക്കു ഓതി (പാരായണം ചെയ്തു) തരുന്ന آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ مُبَيِّنَاتٍ വ്യക്തമാക്കുന്നു (വിവരിക്കുന്ന)വയായിട്ടു لِّيُخْرِجَ വെളിക്കുവരുത്തുവാന്‍ (പുറപ്പെടുവിക്കുവാന്‍) വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ الصَّالِحَاتِ وَعَمِلُوا സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തു مِنَ الظُّلُمَاتِ ഇരുട്ടു (അന്ധകാരം) കളില്‍ നിന്നു إِلَى النُّورِ പ്രകാശ (വെളിച്ച)ത്തിലേക്കു وَمَن يُؤْمِن ആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ وَيَعْمَلْ صَالِحًا സല്‍കര്‍മം പ്രവര്‍ത്തിക്കുകയും يُدْخِلْهُ അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ പല സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന, നടക്കുന്ന الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ടു أَبَدًا എന്നെന്നും, എക്കാലവും قَدْ أَحْسَنَ اللَّـهُ അല്ലാഹു തീര്‍ച്ചയായും നന്നാക്കി വെച്ചിട്ടുണ്ട് لَهُ അങ്ങിനെയുള്ളവനു رِزْقًا ആഹാരം, ഉപജീവനം
അല്ലാഹുവിന്റെയും, അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ ധിക്കരിച്ച ജനങ്ങള്‍ ഇഹത്തില്‍ അനുഭവിച്ചതും, പരത്തില്‍ അനുഭവിക്കുവാനിരിക്കുന്നതുമായ ദുരന്തഫലങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് സത്യവിശ്വാസികളാകുന്ന ബുദ്ധിമാന്മാരെ -അവരാണല്ലോ യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍- അല്ലാഹു ഉപദേശിക്കുകയാണ്: നിങ്ങള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചു കൊണ്ട് അവനെ സൂക്ഷിക്കണം, നിങ്ങള്‍ക്കു നേര്‍മാര്‍ഗം വ്യക്തമായി വിവരിച്ചു തരുന്ന വേദഗ്രന്ഥവും ദൈവദൂതനും ഉണ്ട്, ദുര്‍മാര്‍ഗത്തിന്റെ അന്ധകാരങ്ങളില്‍ നിന്നു സന്മാര്‍ഗത്തിന്റെ വെളിച്ചത്തിലേക്കു അദ്ദേഹം നിങ്ങളെ കൊണ്ടുവരും, നിങ്ങള്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും കൈവിടാതിരിക്കുന്ന പക്ഷം നിങ്ങള്‍ക്കു ശാശ്വതമായ സ്വര്‍ഗീയ ജീവിതം ലഭിക്കും, നിങ്ങള്‍ക്കു വേണ്ടതെല്ലാം അല്ലാഹു ഒരുക്കിക്കഴിഞ്ഞിട്ടുണ്ട് എന്നൊക്കെ.
8-ാം വചനത്തില്‍ അവരെ കഠിനമായ വിചാരണ നടത്തിയെന്നും ശിക്ഷിച്ചുവെന്നും പറഞ്ഞതു പരലോകത്തു വെച്ചു നിസ്സംശയം നടക്കുവാനിരിക്കുന്ന സംഭവങ്ങളെ ഭൂതകാല രൂപത്തില്‍ എടുത്തു കാട്ടിയിരിക്കുകയാണ് എന്നത്രെ മിക്ക മുഫസ്സിറുകളും പറയുന്നത്. ഈ ലോകത്തുവെച്ച് അവര്‍ അനുഭവിക്കേണ്ടിവന്ന വിചാരണയും, ശിക്ഷയുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റു ചില മുഫസ്സിറുകള്‍ പറയുന്നത്. അപ്പോള്‍, വിചാരണ ചെയ്തു എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരുടെ കര്‍മങ്ങളെ ശരിക്കും കണക്കു വെച്ചു രേഖപ്പെടുത്തുകയും, ശരിയായ കണക്കിനുതന്നെ അവരുടെമേല്‍ നടപടിയെടുക്കുകയും ചെയ്തു എന്നായിരിക്കും. 10-ാം വചനത്തില്‍ അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞതു പരലോകശിക്ഷയെക്കുറിച്ചു തന്നെയാണ് എന്നതില്‍ സംശയമില്ല. الله اعلم
- ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا ﴾١٢﴿
- ഏഴു ആകാശങ്ങളെ - ഭൂമിയില്‍ നിന്നും തന്നെ അവയെപ്പോലെ - സൃഷ്ടിച്ചവനത്രെ അല്ലാഹു. അവയ്ക്കിടയില്‍ കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും, നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്നത്).
- اللَّـهُ അല്ലാഹു الَّذِي خَلَقَ സൃഷ്ടിച്ചവനത്രെ سَبْعَ سَمَاوَاتٍ ഏഴു ആകാശങ്ങളെ وَمِنَ الْأَرْضِ ഭൂമിയില്‍ നിന്നും തന്നെ مِثْلَهُنَّ അവയെപ്പോലെ, അവയുടെ അത്ര يَتَنَزَّلُ ഇറങ്ങിക്കൊണ്ടിരിക്കുന്നു الْأَمْرُ കല്‍പന, കാര്യം بَيْنَهُنَّ അവയ്ക്കിടയില്‍ لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടി (യാണ്) أَنَّ اللَّـهَ അല്ലാഹു (ആകുന്നു)വെന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവന്‍ ആകുന്നു (എന്നു) وَأَنَّ اللَّـهَ അല്ലാഹു (ഉണ്ട്) എന്നും قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് (എന്നും) بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عِلْمًا അറിവിനാല്‍, (അറിവുകൊണ്ടു)
ഏഴു ആകാശങ്ങള്‍ (سَبْعَ سَمَاوَاتٍ) എന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി സൂ: മുഅ്മിനൂന്‍ 17-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. അതിന്റെ ചുരുക്കം ഇതാണ്: ഏഴു ആകാശങ്ങള്‍ ഏതെല്ലാമാണ്, എങ്ങിനെയെല്ലാമാണ് എന്നൊന്നും നമുക്കറിഞ്ഞു കൂട. അല്ലാഹുവിനറിയാം. ഇന്നേവരെ ശാസ്ത്രജ്ഞന്‍മാര്‍ക്കും അതു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രത്തിനു കണ്ടെത്തുവാന്‍ കഴിയാത്ത കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഒരിക്കല്‍ സ്വീകരിക്കപ്പെട്ട ശാസ്ത്രീയ സിദ്ധാന്തം മറ്റൊരിക്കല്‍ ശാസ്ത്രം തന്നെ തെറ്റാണെന്നു തെളിയിക്കലും അപൂര്‍വമല്ല. ഇന്നുവരെ ഉപരിമണ്ഡലത്തില്‍ ശാസ്ത്രദൃഷ്ടിക്കു കണ്ടുപിടിക്കുവാന്‍ സാധിച്ചിട്ടുള്ളതത്രയും ഒന്നാമത്തെ ആകാശാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നവയാണെന്നും അതിനപ്പുറത്തുള്ള ബാക്കി ആറു ആകാശങ്ങളെക്കുറിച്ചും ശാസ്ത്രത്തിനു ഊഹിക്കുവാന്‍ പോലും കഴിയാതിരിക്കുകയാണെന്നും വരാം. ഏതായാലും, ആകാശങ്ങളടക്കമുള്ള എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു അവ എഴെണ്ണമാണ് എന്നു ആവര്‍ത്തിച്ചു പറഞ്ഞതിനെ മറ്റേതെങ്കിലും അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചൊപ്പിക്കുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവുമില്ല തെന്നെ.
ഭൂമിയെക്കുറിച്ച് ‘ഏഴു ഭൂമികള്‍ (سبع ارضين)’ എന്നു ഖുര്‍ആനില്‍ വ്യക്തമായി എവിടെയും പ്രസ്താവിച്ചിട്ടില്ല. എങ്കിലും, ഭൂമിയും എഴുണ്ടെന്നാണ് ഈ വചനത്തില്‍ നിന്നു മനസ്സിലാ കുന്നത്. وَمِنَ الْأَرْضِ مِثْلَهُنَّ (ഭൂമിയില്‍ നിന്നും അവയെ – ഏഴു ആകാശങ്ങളെ – പ്പോലെ) എന്നു പറഞ്ഞതിന്റെ അര്‍ത്ഥം അതാണല്ലോ. ചില നബിവചനങ്ങളില്‍ ഏഴു ഭൂമികള്‍ എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അവയില്‍ ഒന്ന് ഇതാണ്:
مَنْ ظَلَمَ قِيدَ شِبْرٍ مِنَ الأرْضِ طُوِّقَهُ الله مِن سَبْعِ أرَضِينَ – متفق
(ഒരാള്‍ ഭൂമിയില്‍നിന്നു ഒരു ചാണ്‍ സ്ഥലം അക്രമിച്ചെടു ത്താല്‍, ഏഴു ഭൂമികളില്‍ നിന്നുമായി അതു അവനു മാലയിടപ്പെടും. (ബു.മു.) ‘ഏഴു ഭൂമികളെപ്പറ്റി വന്നിട്ടുള്ള ഹദീസുകളുടെ അദ്ധ്യായം’ (باب ما جاء فى سبع ارضين) എന്ന ശീര്‍ഷകത്തില്‍ ഇതു കൂടാതെയും ഹദീസു ബുഖാരി (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഖുര്‍ആന്‍ വചനം അതില്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു ആകാശങ്ങളെക്കുറിച്ചു പറഞ്ഞതു പോലെത്തന്നെയാണ് ഏഴു ഭൂമികളെക്കുറിച്ചും പറയുവാനുള്ളത്. അതിന്റെ യാഥാര്‍ത്ഥ്യവും വിശദവിവരവും അല്ലാഹുവിനു മാത്രം അറിയാം. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടേതായ ചില വ്യാഖ്യാനങ്ങള്‍ കൊണ്ടു തൃപ്തിപ്പെടാറുണ്ടെന്നല്ലാതെ, സൂക്ഷ്മമായോ, തെളിവു സഹിതമോ സ്വീകാര്യമായ ഒരു അഭിപ്രായം ഇതേവരെ ആര്‍ക്കും രേഖപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. മനുഷ്യന്റെ അറിവിനും, അവന്റെ നിരീക്ഷണങ്ങള്‍ക്കും വിഷയീഭവിച്ചിട്ടില്ലാത്ത ചില ഭൂലോകങ്ങള്‍ അനന്തവിസ്തൃതമായ ആകാശമണ്ഡലത്തില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുന്നതില്‍ യാതൊരു അസാംഗത്യവുമില്ല.
سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ
(ഏഴു ആകാശങ്ങളെയും, ഭൂമിയില്‍ നിന്നും തന്നെ അതു പോലെ)’ എന്ന ആശയത്തിന്റെ വ്യാഖ്യാനം ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അവിശ്വസിച്ചുപോയേക്കും- അഥവാ വ്യജമാക്കിയേക്കും’ എന്നും മറ്റും ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. അല്ലാഹു അറിയിച്ചു തന്നതു യാതൊരു ഏറ്റക്കുറവും വരുത്താതെ അങ്ങു വിശ്വസിക്കുക, യാഥാര്‍ത്ഥ്യം അവങ്കലേക്കു വിട്ടേക്കുക, കിട്ടിക്കഴിഞ്ഞ അറിവുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു അവന്റെ സൃഷ്ടി വൈഭവത്തെപ്പറ്റി ചിന്തിക്കുക, ഇതാണ് നമുക്ക് ചെയ്യുവാനുള്ളത്.
ആകാശലോകങ്ങളാകട്ടെ, ഭൂമിലോകങ്ങളാകട്ടെ, അവയിലെല്ലാം തന്നെ അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ് കാര്യങ്ങളെല്ലാം നടമാടിക്കൊണ്ടിരിക്കുന്നത്. അവന്‍ അറിയാതെയോ, അവന്റെ കല്‍പനാധികാരങ്ങള്‍ക്കനുസരിച്ചല്ലാതെയോ ഒരു കാര്യവും നടക്കുന്നില്ല. എല്ലാറ്റിന്റെയും സ്രഷ്ടാവെന്ന പോലെ എല്ലാറ്റിന്റെയും നിയന്താവും, ഭരണകര്‍ത്താവും അവന്‍ തന്നെ. അവന്‍ സര്‍വ്വശക്തനും, അവന്‍ സര്‍വ്വജ്ഞനുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഈ പരമാര്‍ത്ഥങ്ങള്‍ മനുഷ്യന്‍ സദാ ഓര്‍ത്തും അറിഞ്ഞുമിരിക്കേണ്ടതുണ്ട്. അവന്റെ സകല നന്മയുടെയും അടിത്തറ ഇതത്രെ.
اللهم لك الحمد ولك المنة