സൂറത്തുല്‍-ത്തഹ്രീം : 01-12
തഹ്രീം (നിഷിദ്ധമാക്കല്‍)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- يَٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾١﴿
- ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കി തന്നിട്ടുള്ളതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു?! നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- يَا أَيُّهَا النَّبِيُّ ഹേ നബിയേ لِمَ تُحَرِّمُ എന്തിനാണ് ഹറാമാ (നിഷിദ്ധമാ)ക്കുന്നത് مَا أَحَلَّ اللَّـهُ അല്ലാഹു ഹലാല (അനുവദനീയമാ) ക്കിയതിനെ لَكَ നിനക്ക് تَبْتَغِي നീ ഉദ്ദേശിച്ചു(തേടി)ക്കൊണ്ട്, നീ തേടുന്നു مَرْضَاتَ പ്രീതി, തൃപ്തി أَزْوَاجِكَ നിന്റെ ഇണകളുടെ (ഭാര്യമാരുടെ) وَاللَّـهُ غَفُورٌ അല്ലാഹു പൊറുക്കുന്നവനും رَّحِيمٌ കരുണാനിധിയുമാണ്
ആയിഷ (رضي الله عنها) പ്രസ്താവിച്ചതായി ബുഖാരി, മുസ്ലിം (رحمه الله) മുതലായവര്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: അസര്‍ നമസ്കാരം കഴിഞ്ഞാല്‍ നബി (صلّى الله عليه وسلّم) തന്റെ ഭാര്യമാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്നു. (അക്കൂട്ടത്തില്‍) സൈനബ (رضي الله عنها) യുടെ അടുത്ത് പോകുകയും, അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്തിരുന്നു. ഞാനും ഹഫ്സയും കൂടി ഇങ്ങനെ പറഞ്ഞു ഒത്തു. നബി (صلّى الله عليه وسلّم) ഞങ്ങള്‍ രണ്ടു പേരില്‍ ആരുടെ അടുക്കല്‍ വന്നാലും അവള് അവിടത്തോട് ഇങ്ങനെ പറയണം. ‘തിരുമേനിയില്‍ നിന്ന് ‘മഗാഫീരിന്റെ’ന്റെ വാസന അനുഭവപ്പെടുന്നുവല്ലോ!’. അങ്ങനെ, തിരുമേനി ഒരാളുടെ അടുക്കല്‍ ചെന്നപ്പോള്‍ അവള് അങ്ങനെ പറയുകയും ചെയ്തു. തിരുമേനി പറഞ്ഞു: ‘ഇല്ല. ഞാന്‍ സൈനബയുടെ അടുക്കല്‍ നിന്നും തേന്‍ കുടിച്ചതാണ്. ഇനി, അത് ആവര്‍ത്തിക്കുന്നതുമല്ല. ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നീ മറ്റാരോടും ഇതിനെ പറ്റി പ്രസ്താവിക്കരുത് .’ (മഗാഫീര്‍ എന്ന് പറഞ്ഞത് ഏതോ ഒരു വൃക്ഷത്തിന്റെ കറ -അഥവാ ഗൂന്ത്- ആകുന്നു. അതിന്റെ വാസന സുഖകരമല്ല. രുചിയാകട്ടെ മധുരവുമാണ്). ഈ സംഭവത്തെ തുടര്‍ന്നാണ് ഈ വചനങ്ങള്‍ അവതരിപ്പിച്ചത് എന്നാണു ബലമായ അഭിപ്രായം. വേറെയും അഭിപ്രായങ്ങള്‍ ഉണ്ട്.
ആയിഷ (رضي الله عنها) അബൂബക്കര്‍ (رضي الله عنه) ന്റെ മകളും, ഹഫ്സ (رضي الله عنها) ഉമര്‍ (رضي الله عنه) ന്റെ മകളുമാകുന്നു. തിരുമേനിയുടെ പത്നിമാരില്‍ ഇവര്‍ രണ്ടുപേരും തമ്മില്‍ പ്രത്യേക സ്നേഹ ബന്ധമുണ്ടായിരുന്നു. മറ്റുള്ളവരേക്കാള്‍ അഭിമാനികളുമായിരുന്നു. ആ നിലക്ക് സൈനബ (رضي الله عنها) യുടെ അടുക്കല്‍ നിന്നും നബി (صلّى الله عليه وسلّم) തേന്‍ കുടിക്കാറുള്ള വിവരം അറിഞ്ഞപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും അതത്ര രസിച്ചില്ല. മേലില്‍ ആ പതിവ് ഇല്ലാതാക്കിത്തീര്‍ക്കുവാന്‍ വേണ്ടി രണ്ടുപേരും കൂടി എടുത്ത ഒരു സൂത്രമായിരുന്നു അത്. ഇത് കേവലം സ്ത്രീ സഹജമായ ഒരു സ്വഭാവമാണല്ലോ. നബി (صلّى الله عليه وسلّم) തിരുമേനിയാകട്ടെ, തന്നില്‍ നിന്ന് സുഗന്ധമല്ലാതെ, ദുര്‍ഗന്ധം പുറത്തു വരുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളുമാണ്.
അല്ലാഹു ഹലാലാക്കിയ (അനുവദനീയമാക്കിയ) ഒരു ഉത്തമ വസ്തുവാണ് തേന്‍. ചില ഭാര്യമാരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടിയാണ് തിരുമേനി മേലില്‍ അത് കുടിക്കുകയില്ലെന്നു ശപഥം ചെയ്തത്. ഇതിനെക്കുറിച്ചാണ് അല്ലാഹു തിരുമേനിയെ ആക്ഷേപിച്ചത്. അത് തിരുമേനിയുടെ പദവിക്ക് യോജിച്ചതായില്ല- അഥവാ, ഭാര്യമാരുടെ പ്രീതിക്ക് വേണ്ടി ആ പറഞ്ഞത് നന്നായില്ല – എന്നതാണ് ആക്ഷേപത്തിന് കാരണം. എന്നല്ലാതെ, അല്ലാഹു അനുവദനീയമാണെന്ന് കൽപിച്ച ഒരു കാര്യം തിരുമേനി നിഷിദ്ധമാണെന്ന് (ഹറാമാണെന്ന്) വിധിച്ചു എന്നോ, അല്ലാഹുവിന്റെ വിധിയെ നബി (صلّى الله عليه وسلّم) അവഗണിച്ചു എന്നോ അല്ല ഉദ്ദേശം. നബി (صلّى الله عليه وسلّم) തിരുമേനി ഒരിക്കലും അങ്ങിനെ ചെയ്യുകയില്ലെന്നു സ്പഷ്ടമാണല്ലോ. ‘നബിയേ’ എന്ന് വിളിച്ചു കൊണ്ടാണ് അല്ലാഹു ആക്ഷേപം ഉന്നയിക്കുന്നത്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണ് എന്ന് പറഞ്ഞുകൊണ്ട് അത് സമാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതുപോലെ നന്നല്ലാത്ത വല്ല വിഷയത്തെ കുറിച്ചും സത്യം ചെയ്ത് കഴിഞ്ഞാല്‍, പിന്നീട് അതിനു പ്രായശ്ചിത്തം ചെയ്തു മടങ്ങേണ്ടതുണ്ട് എന്ന് അടുത്ത വചനത്തില്‍ ചൂണ്ടികാട്ടുന്നു;-
- قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ ﴾٢﴿
- നിങ്ങളുടെ സത്യങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമിച്ചു തന്നിട്ടുണ്ട്; അല്ലാഹു നിങ്ങളുടെ 'മൗലാ' [യജമാനന്] ആകുന്നു; അവനത്രേ അഗാധജ്ഞനായ സര്വ്വജ്ഞന്!
- قَدْ فَرَضَ اللَّـهُ അല്ലാഹു നിയമിച്ചിട്ടുണ്ട് لَكُمْ നിങ്ങള്‍ക്ക് تَحِلَّةَ أَيْمَـٰنِكُمْ നിങ്ങളുടെ സത്യങ്ങളുടെ പരിഹാരം وَاللَّـهُ അല്ലാഹു مَوْلَاكُمْ നിങ്ങളുടെ യജമാനന്, (രക്ഷാധികാരി, സഹായകന്, ഉറ്റ ബന്ധു) ആകുന്നു وَهُوَ അവന് തന്നെ ٱلْعَلِيمُ സര്വ്വജ്ഞന് ٱلْحَكِيمُ അഗാധജ്ഞനായ, യുക്തിമാന്‍
ചെയ്ത സത്യത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അതിനു പ്രായശ്ചിത്തം നല്കേണ്ടതുണ്ടെന്ന നിയമം ഓര്‍മ്മിപ്പിക്കുകയാണ് ഈ വചനം ചെയ്യുന്നത്. പ്രായശ്ചിത്തം എന്താണെന്ന് സൂ:മാഇദ: 92-ാം വചനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. പത്തു ദരിദ്രന്മാര്ക്കു ഭക്ഷണമോ വസ്ത്രമോ നല്‍കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക, സാധിക്കാത്ത പക്ഷം മൂന്നു ദിവസം നോമ്പ് പിടിക്കുക, ഇതാണ് സത്യത്തിന്റെ പ്രായശ്ചിത്തം (الكفارة). നബി (صلّى الله عليه وسلّم) അരുള്‍ ചെയ്തതായി അബൂ ഹുറൈറ (رضي الله عنه) ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: “ഒരാള്‍ ഒരു കാര്യം സത്യം ചെയ്തിട്ട് അതിനേക്കാള്‍ ഉത്തമം മറ്റൊന്നാണെന്ന് കണ്ടാല്‍, അവന് തന്റെ സത്യത്തിനു പ്രായശ്ചിത്തം നല്‍കുകയും, ഉത്തമമായത് ഏതോ അത് ചെയ്യുകയും ചെയ്തു കൊള്ളട്ടെ” – (മു). ഏതെങ്കിലും നല്ല കാര്യത്തിനു തടസ്സം ആയേക്കുന്നതോ, നന്നല്ലാത്ത കാര്യത്തിനു കാരണമായേക്കുന്നതോ ആയ വല്ല ശപഥവും ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം നല്‍കികൊണ്ട് അതില്‍ നിന്ന് മടങ്ങേണ്ടതാണെന്നു സാരം.
- وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ ﴾٣﴿
- തന്റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം: എന്നിട്ട് അവള് അതിനെക്കുറിച്ച് (മറ്റൊരാളോട്) വിവരമറിയിക്കുകയും, അല്ലാഹു അദ്ദേഹത്തിന് [നബിക്ക്] അതിനെ പറ്റി വെളിവാക്കിക്കൊടുക്കുകയും ചെയ്തപ്പോള്‍, അതിന്റെ ചിലഭാഗം അദ്ദേഹം അറിയിച്ചുകൊടുക്കുകയും, ചിലഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ, അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരമറിയിച്ചപ്പോള്‍, അവള് പറഞ്ഞു: 'ഇത് ആരാണ് അങ്ങേക്ക് വിവരമറിയിച്ചു തന്നത്?!' അദ്ദേഹം പറഞ്ഞു: എനിക്ക് സൂക്ഷ്മമായി അറിയുന്ന സര്വ്വജ്ഞന് വിവരമറിയിച്ചിരിക്കുന്നു'.
- وَإِذْ أَسَرَّ രഹസ്യം (സ്വകാര്യം) പറഞ്ഞ സന്ദര്‍ഭം النَّبِيّ നബി, പ്രവാചകന് إِلَىٰ بَعْضِ ചിലരിലേക്ക് أَزْوَاجِهِ തന്റെ ഭാര്യമാരിലെ حَدِيثًا ഒരു വര്‍ത്തമാനം فَلَمَّا نَبَّأَتْ എന്നിട്ടവള് വിവരമറിയിച്ചപ്പോള്‍ بِهِ അതിനെക്കുറിച്ച് وَأَظْهَرَه അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)ക്കൊടുക്കുകയും اللَّـهُ അല്ലാഹു عَلَيْهِ അതിനെപ്പറ്റി عَرَّفَ അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി بَعْضَهُ അതില്‍ ചിലത് وَأَعْرَضَ തിരിഞ്ഞു (വിട്ടു)കളയുകയും ചെയ്തു عَن بَعْضٍ ചിലതിനെ, ചിലതില്‍ നിന്ന് فَلَمَّا نَبَّأَهَا അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍ بِهِ അതിനെ പറ്റി قَالَتْ അവള് പറഞ്ഞു مَنْ أَنبَأَكَ അങ്ങേക്ക് (തനിക്ക്) ആര് അറിയിച്ചു തന്നു هَـٰذَا ഇത് قَالَ അദ്ദേഹം പറഞ്ഞു نَبَّأَنِيَ എനിക്ക് വിവരമറിയിച്ചു الْعَلِيمُ സര്വ്വജ്ഞന് الْخَبِيرُ സൂക്ഷ്മമായറിയുന്നവനായ
സൈനബ (رضي الله عنها) യുടെ വീട്ടില്‍ നിന്നും തേന്‍ കുടിച്ചതും, മേലില്‍ കുടിക്കുകയില്ലെന്നു സത്യം ചെയ്തതും തിരുമേനി ഹഫ്സ (رضي الله عنها) യോട് പറഞ്ഞപ്പോള്‍ ഇത് ആരെയും അറിയിക്കരുതെന്ന് കൂടി പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ. പക്ഷെ ഹഫ്സ (رضي الله عنها) ആ വിവരം ആയിഷ (رضي الله عنها) യോട് പറഞ്ഞു. ഈ വിവരം വഹ്യു മുഖേന അല്ലാഹു നബി (صلّى الله عليه وسلّم)ക്കു വിവരം കൊടുത്തു. തിരുമേനി തന്റെ സ്വകാര്യം പുറത്തായ വിവരം ഹഫ്സ (رضي الله عنها)യെ അറിയിച്ചു എങ്കിലും, ചില ഭാഗം മാത്രമേ തിരുമേനി പ്രസ്താവിച്ചിട്ടുള്ളൂ. കാരണം, മുഴുവന്‍ ഭാഗം അറിഞ്ഞതായി പ്രസ്താവിച്ചാല്‍ അത് അവര്‍ക്ക് അപമാനകരമായിരിക്കുമല്ലോ. തങ്ങള്‍ തമ്മില്‍ നടന്ന ഈ രഹസ്യം എങ്ങിനെയാണ് തിരുമേനി അറിഞ്ഞത്? ആയിഷ (رضي الله عنها) നബി (صلّى الله عليه وسلّم) യോട് പറഞ്ഞിരിക്കുമോ? എന്നൊന്നും അറിയാതെ അവര്‍ക്ക് പരിഭ്രമമായി. ആരാണ് അങ്ങേക്ക് ഈ വിവരം അറിയിച്ചു തന്നത് എന്നവര്‍ തിരുമേനിയോട് ചോദിച്ചു. എല്ലാം അറിയുന്ന അല്ലഹുവാണ് അറിയിച്ചു തന്നതെന്നും അവിടുന്ന് ഉത്തരം പറഞ്ഞു. ഇതാണ് ഈ വചനത്തിന്റെ താൽപര്യം. നബി (صلّى الله عليه وسلّم) ക്കെതിരായി നടന്ന ഈ ഗൂഡ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രണ്ടു പേരുടെയും പേര് വ്യക്തമാക്കാതെ, രണ്ടുപേരെയും അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:-
- إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴾٤﴿
- നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുന്നപക്ഷം (അതാവശ്യം തന്നെ); (കാരണം) നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിട്ടുണ്ട്. നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിനെതിരെ പരസ്പരം പിന്തുണ നല്‍കുകയാണെങ്കിലോ, എന്നാല്‍, (അറിഞ്ഞേക്കുക:) അല്ലാഹുവത്രെ അദ്ദേഹത്തിന്റെ 'മൗലാ'[സഹായി] ജിബ്രീലും സത്യവിശ്വാസികളിലെ സദ്വൃത്തരും (സഹായികളാകുന്നു). അതിനുപുറമെ, മലക്കുകളും പിന്തുണ നല്‍കുന്നവരാണ്.
- إِن تَتُوبَا നിങ്ങള്‍ രണ്ടാളും പശ്ചാത്തപിക്കുന്ന പക്ഷം, ഖേദിച്ചു മടങ്ങിയാല്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് فَقَدْ صَغَتْ എന്നാല്‍ തെറ്റി (വഴുതി - ചെരിഞ്ഞു) പോയിട്ടുണ്ട് قُلُوبُكُمَا നിങ്ങളുടെ ഹൃദയങ്ങള്‍ وَإِن تَظَاهَرَا നിങ്ങള്‍ രണ്ടാളും പിന്തുണ (സഹായം) നല്കിയാലോ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ (എതിരായി) فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ مَوْلَاهُ അവനത്രെ അദ്ദേഹത്തിന്റെ മൗല وَجِبْرِيلُ ജിബ്രീലും وَصَـٰلِحُ ٱلْمُؤْمِنِينَ സത്യവിശ്വാസികളില്‍ നല്ല (സദ്വൃത്തരായ) വരും وَالْمَلَائِكَةُ മലക്കുകളും بَعْدَ ذَٰلِكَ അതിനുപുറകെ, അതിന്റെ പുറമെ ظَهِيرٌ പിന്തുണക്കാരാണ്, സഹായം നല്‍കുന്നവരാണ്
ഏതെങ്കിലും വിധേനയുള്ള അടുത്ത ബന്ധു എന്നാണു مولى (മൗലാ) എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം. അടുപ്പത്തിന്റെ സ്വഭാവമനുസരിച്ചു പല അര്‍ത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. (സൂ: അഹ്സാബ് 5-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇതിനെ പറ്റി വിവരിച്ചത് ഓര്‍ക്കുക) ‘ഖാമൂസി’ല്‍ ഇരുപതില്‍ പരം അര്‍ത്ഥങ്ങള്‍ ഈ വാക്കിനു നല്കിക്കാണാം. ‘യജമാനന്, അടിമ, ഉറ്റവന്, ചങ്ങാതി, അതിഥി, രക്ഷാധികാരി, സഹായി, ബന്ധു’ മുതലായവ അതില്‍പെടുന്നു. അപ്പോള്‍ ആരെക്കുറിച്ചാണോ ‘മൗലാ’ എന്ന് പറയുന്നതെങ്കില്‍ ആ ആളുമായുള്ള ബന്ധത്തിന്റെ സ്വഭാവം അനുസരിച്ച് അതിനു അര്‍ത്ഥം നല്‍കാം.
നബി (صلّى الله عليه وسلّم) ക്കെതിരായ ആ സംരംഭത്തില്‍ പരസ്പരം സഹായിച്ച രണ്ടു പത്നിമാര്‍ ആരാണെന്നു ഉമര്‍ (رضي الله عنه) നോട് ചോദിച്ചറിയുവാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നിട്ടും അദ്ദേഹത്തോടുള്ള ബഹുമാനം നിമിത്തം, കുറേ കാലത്തോളം അതിനു ധൈര്യപ്പെട്ടില്ലെന്നും, ഒരു ഹജ്ജു യാത്രയില്‍ നിന്നുള്ള മടക്കത്തില്‍ ലഭിച്ച ഒരു സന്ദര്‍ഭം താന്‍ അതിനു ഉപയോഗപ്പെടുത്തിയെന്നും അത് ഹഫ്സയും, ആയിഷയും (رضي الله عنها) ആയിരുന്നുവെന്ന് ഉമര്‍ (رضي الله عنه) മറുപടി പറഞ്ഞുവെന്നും ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചിരിക്കുന്നു. (ബു; മു.)
- عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا ﴾٥﴿
- (നബിയുടെ പത്നിമാരെ) നിങ്ങളെ അദ്ദേഹം വിവാഹ മോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റബ്ബ് പകരം നൽകിയേക്കാം. അതായത്, മുസ്ലിംകളായ, സത്യവിശ്വാസിനികളായ, ഭക്തി കാണിക്കുന്നവരായ, പശ്ചാത്തപിക്കുന്നവരായ, ആരാധനക്കാരികളായ, വ്രതം ആചരിക്കുന്നവരായ, വിധവകളും കന്യകകളുമായ സ്ത്രീകളെ.
- عَسَىٰ رَبُّهُ അദ്ധേഹത്തിന്റെ റബ്ബ് ആയേക്കാം إِن طَلَّقَكُنَّ നിങ്ങളെ അദ്ദേഹം ത്വലാഖ് (വിവാഹ മോചനം) ചെയ്തെങ്കില്‍ أَن يُبْدِلَهُ അദ്ദേഹത്തിനു പകരം നല്‍കുക (ആയേക്കാം) أَزْوَاجًا ഭാര്യമാരെ خَيْرًا مِّنكُنَّ നിങ്ങളെക്കാള്‍ ഉത്തമരായ مُسْلِمَاتٍ മുസ്ലിം സ്ത്രീകളെ مُّؤْمِنَاتٍ സത്യവിശ്വസിനികളായ قَانِتَاتٍ ഭക്തകളായ تَائِبَاتٍ പശ്ചാത്തപിക്കുന്നവരായ عَابِدَاتٍ ആരാധന ചെയ്യുന്നവരായ سَائِحَاتٍ വ്രതമനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന ثَيِّبَاتٍ വിധവകളായ وَأَبْكَارًا കന്യകകളായ
سائحات എന്ന വാക്കിനാണ് വ്രതം ആചരിക്കുന്നവര്‍ -അഥവാ നോമ്പുകാര്‍- എന്ന് അര്‍ത്ഥം കല്പിച്ചത്. സഹാബികളും, താബിഉകളുമായ പല മഹാന്മാരും ആ അര്‍ത്ഥമാണ് അതിനു കല്പിച്ചിരിക്കുന്നത്. സഞ്ചാരം ചെയുന്നവര്‍ -അഥവാ മതസംബന്ധമായ ആവശ്യാർത്ഥം ഹിജ്റ പോകുവാന്‍ തയ്യാറുള്ളവര്‍- എന്നും ചിലര്‍ അതിനു അര്‍ത്ഥം കൽപിക്കാറുണ്ട്. الله اعلم നിലവിലുള്ള ഭാര്യമാരെ മുഴുവനും വിവാഹമോചനം നല്കി വിടേണ്ടി വന്നാലും നബി (صلّى الله عليه وسلّم)ക്കു അതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ലെന്നും, അവരെക്കാള്‍ ഏതു നിലക്കും നല്ലവരായ സ്ത്രീകളെ അവിടുത്തേക്ക് അല്ലാഹു പകരം നല്‍കിയേക്കുമെന്നാണ് ആയത്തിന്റെ സാരം.
മേല്‍ കഴിഞ്ഞ തിരുവചനങ്ങളില്‍ നിന്ന് നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി;
(1) നബി (صلّى الله عليه وسلّم)യുടെ സ്ഥാനപദവികള്‍ക്ക് അനുയോജ്യമല്ലാത്ത വല്ല നിസ്സാരകാര്യം പോലും തിരുമേനിയില്‍ നിന്ന് ഉണ്ടായേക്കുന്നപക്ഷം അല്ലാഹു അത് തിരുത്തിക്കൊടുക്കുന്നതാണ്.
(2) അല്ലാഹു ഹലാലാക്കിയ – അനുവദനീയമാക്കിയ വസ്തുക്കളെ ഉപയോഗിക്കുകയില്ലെന്നു ആരും, ദൃഡ നിശ്ചയം ചെയ്തു കൂടാത്തതാണ്.
(3) നന്നല്ലാത്ത വിഷയങ്ങളില്‍ സത്യം ചെയ്യരുത്.
(4) അങ്ങിനെ സത്യം ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം (‘കഫ്ഫാറത്ത്’) നല്കി അതില്‍ നിന്ന് വിരമിക്കേണ്ടതാണ്.
(5) സ്ത്രീകള്‍ എത്ര ഉന്നത പദവിയുള്ളവരായാലും അവരുടേതായ ചില സ്വഭാവങ്ങള്‍ അവരില്‍ നിന്ന് പ്രകടമായേക്കുക സ്വാഭാവികമാണ്.
(6) ഒരാളോട് ഒരാള്‍ ഒരു രഹസ്യ വിവരം പറഞ്ഞാല്‍ അതു മറ്റൊരാളെ അറിയിച്ചുകൂട.
(7) നബി (صلّى الله عليه وسلّم) തിരുമേനിയുടെ സ്ഥാന പദവി അല്ലാഹുവിങ്കല്‍ ഉന്നതമായിട്ടുള്ളതാണ്.
(8) അല്ലാഹുവിന്റെയും, റസൂലിന്റെയും കൽപനക്കോ തൃപ്തിക്കോ എതിരായി പ്രവര്‍ത്തിക്കുന്നത് ആര് തന്നെ ആയാലും അല്ലാഹു അത് ഒട്ടും ഇഷ്ടപ്പെടുന്നതല്ല.
(9) ഭാര്യമാരുടെയോ മറ്റോ ഇഷ്ടത്തെ മുന്‍നിര്‍ത്തി നന്നല്ലാത്ത കാര്യങ്ങളില്‍ പ്രവേശിക്കരുത്. അങ്ങനെ പലതും. ഇത് വരെ പ്രസ്താവിച്ചുവന്നതു നബി (صلّى الله عليه وسلّم) തിരുമേനിക്കും അവിടുത്തെ പത്നിമാര്‍ക്കുമിടയില്‍ നടന്ന ചില ഗാര്‍ഹിക കാര്യങ്ങളെക്കുറിച്ചായിരുന്നുവല്ലോ.
അടുത്ത വചനത്തില്‍, ഗൃഹനായകന്മാര്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വിഷയത്തിലുള്ള ഉത്തരവാദിത്തം അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു.
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾٦﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില്‍ നിന്ന് കാത്തു കൊള്ളുവിന്‍! അതില്‍ കത്തിക്കപ്പെടുന്നത് [വിറകു] മനുഷ്യരും, കല്ലുമാകുന്നു. അതിന്റെ മേല്‍ (നോട്ടത്തിനു) പരുഷ സ്വഭാവക്കാരും കഠിനന്മാരുമായ മലക്കുകളുണ്ടായിരിക്കും. അവരോടു കൽപിച്ചതില് അവര്‍ അല്ലാഹുവിനോട് അനുസരണക്കേട് കാട്ടുകയില്ല; അവരോടു കൽപിക്കപ്പെടുന്നത് (ഏതും) അവര്‍ ചെയ്യുകയും ചെയ്യും.
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ഹേ, വിശ്വസിച്ചവരേ قُوٓا۟ നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍ أَنفُسَكُمْ നിങ്ങളുടെ ദേഹങ്ങളെ, നിങ്ങളെത്തന്നെ وَأَهْلِيكُمْ നിങ്ങളുടെ കുടുംബങ്ങളെ (വീട്ടുകാരെ)യും نَارًا ഒരു അഗ്നി (തീ)യെ وَقُودُهَا അതിലെ വിറക് النَّاسُ മനുഷ്യരാണ് وَالْحِجَارَةُ കല്ലും عَلَيْهَا അതിന്മേലുണ്ട് مَلَائِكَةٌ ചില മലക്കുകള്‍ غِلَاظٌ പരുഷ (കടുത്ത) സ്വാഭാവികളായ شِدَادٌ കഠിനരായ, ഊക്കന്മാരയ لَّا يَعْصُونَ اللَّـهَ അല്ലാഹുവിനോട് അവര്‍ അനുസരണക്കേട് കാട്ടുന്നതല്ല مَا أَمَرَهُمْ അവരോടു കൽപിച്ചതിനു (കൽപിച്ചതില്) وَيَفْعَلُونَ അവര്‍ ചെയ്യുകയും ചെയ്യും مَا يُؤْمَرُونَ അവരോടു കല്പിക്കപ്പെടുന്നത്
- يَٰٓأَيُّهَا ٱلَّذِينَ كَفَرُوا۟ لَا تَعْتَذِرُوا۟ ٱلْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾٧﴿
- (പറയപ്പെടും:) 'ഹേ, അവിശ്വസിച്ചവരെ, ഇന്ന് നിങ്ങള്‍ ഒഴിവു കഴിവ് പറയേണ്ട നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്കപ്പെടുന്നുള്ളൂ.'
- يَا أَيُّهَا الَّذِينَ كَفَرُوا ഹേ, അവിശ്വസിച്ചവരെ لَا تَعْتَذِرُوا നിങ്ങള്‍ ഒഴിവു കഴിവ് പറയേണ്ടാ الْيَوْمَ ഇന്ന്, ഈ ദിവസം إِنَّمَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്കപ്പെടുന്നുള്ളൂ مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു (മാത്രം) تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും
ഈ ലോകത്തുള്ള അഗ്നിയേക്കാള്‍ എഴുപത് ഇരട്ടി ഉഷ്ണമേറിയതാണ് നരകാഗ്നി എന്ന് നബി (صلّى الله عليه وسلّم) അരുളി ചെയ്തതായി ഹദീസില്‍ വന്നിരിക്കുന്നു. (ബു; മു) അതില്‍ വിറകായി ഉപയോഗിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ് എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഈ മനുഷ്യര്‍ മഹാ പാപികളായിയുള്ളവരായിരിക്കുമെന്നു പറയേണ്ടതില്ല. എന്നാല്‍ കല്ലുകള്‍ ഏതുതരം കല്ലുകളായിരിക്കും? അല്ലഹുവിനറിയാം. കൽക്കരിയാണ് ഇത് കൊണ്ട് ഉദ്ദേശ്യമെന്നും, കൽക്കരിയെപ്പറ്റി അറിയപ്പെടാതിരുന്ന ഒരു കാലത്ത് തന്നെ ഖുര്‍ആന്‍ അതിനെപ്പറ്റി പ്രസ്താവിച്ചത് അതിന്റെ അമാനുഷികതക്ക് ഒരു ദൃഷ്ടാന്തമാണെന്നും ആധുനികരായ ചില ആളുകള്‍ എഴുതിക്കാണുന്നു. നരകാഗ്നിയും, ഇവിടുത്തെ അഗ്നിയും ഒരുപോലെയാണെന്ന നിഗമനത്തില്‍ നിന്നും, കല്‍ക്കരിയേക്കാള്‍ കടുപ്പമേറിയതും നമുക്ക് അറിയാത്തതുമായ മറ്റേതെങ്കിലും കല്ലുകളാല്‍ കത്തിക്കപ്പെടാവുന്ന ഏറ്റവും ശക്തിയേറിയ ഒരഗ്നിയെ കുറിച്ച് വിഭാവനം ചെയ്യാന്‍ കഴിയാത്തതില്‍ നിന്നും ഉടലെടുക്കുന്നതാണ് ഈ പ്രസ്താവന എന്ന് പറയേണ്ടിയിരിക്കുന്നു. പതിമൂന്നു നൂറ്റാണ്ടു കാലത്തോളം ഒരാള്‍ക്കും ഉദ്ദേശം മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഒരു വാക്ക് (المجارة) ഖുര്‍ആനില്‍ ഉണ്ടായിരുന്നു. കല്‍ക്കരി കണ്ടുപിടിച്ചതിനു ശേഷം മാത്രമാണ് അതിന്റെ അര്‍ത്ഥം മനസ്സിലായത്, അതും ഇവര്‍ക്ക് മാത്രമേ മനസ്സിലായുള്ളു, എന്നൊക്കെയാണല്ലോ ഇതിന്റെ പിന്നിലുള്ളത്. ഇത് വാസ്തവത്തില്‍, നരകാഗ്നിയെ -അല്ല, ഖുര്‍ആനിനെ തന്നെയും- കുറച്ചു കാണിക്കലായിരിക്കും.
കല്ല് കൊണ്ട് വിഗ്രഹമുണ്ടാക്കി അരാധിച്ചിരുന്നവരെ വഷളാക്കുവാനായി ആ കല്ലുകളും അവരോടൊപ്പം നരകത്തിലിട്ടു കത്തിക്കപ്പെടുമെന്നും, അതാണ് ഇവടെ കല്ല് കൊണ്ട് ഉദ്ദേശമെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണാം. വളരെ ദുര്‍ഗന്ധം വമിക്കുന്നതും, ശക്തിയായി ആളികത്തുന്നതുമായ ഒരുതരം ഗന്ധകക്കല്ലുകളായിരിക്കും അതെന്നു മുന്‍ഗാമികളായ ചില മഹാന്മാരും പ്രസ്താവിച്ചു കാണുന്നു. ഈ പ്രസ്താവനകള്‍ ശരിയാണോ അല്ലേ എന്ന് നമുക്ക് ഉറപ്പിച്ചു പറയുവാന്‍ തെളിവില്ല. എങ്കിലും ഈ പ്രസ്താവനകള്‍ പല നിലക്കും – കല്‍ക്കരിയേക്കാള്‍ – ന്യായീകരണം കാണാവുന്നതാണ്. الله اعلم ഏതായാലും,നാം വിഭാവനം ചെയ്യുന്നതിനേക്കാളെല്ലാം ശക്തിയേറിയതാണ് നരകത്തിലെ തീ എന്ന് ശരിക്കു വ്യക്തമാകുന്നു. അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.
നരകാഗ്നിയുടെ കാഠിന്യത്തെക്കുറിച്ച് പറഞ്ഞ ശേഷം, അതിന്റെ നോട്ടക്കാരും കൈകാര്യക്കാരുമായ മലക്കുകളുടെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. ഒട്ടും ദയ തോന്നാത്തവരും, അതി ശക്തന്മാരും, അല്ലാഹുവിന്റെ ഏതു കൽപനയും അപ്പടി അനുസരിക്കുന്നവരുമായ മലക്കുകളാണവര്‍. ശിക്ഷയുടെ ഭയങ്കരതയും കഠോരതയും സഹിക്കവയ്യാതെ നരകസ്ഥരായ ആളുകള്‍ സമര്‍പ്പിക്കുന്ന ഒഴിവു കഴിവുകളോ, അപേക്ഷകളോ അവിടെ ഗൗനിക്കപെടുന്നതുമല്ല. ഇങ്ങനെയുള്ള നരകശിക്ഷയില്‍ അകപ്പെടാന്‍ കാരണമാകാതെ ഓരോ സത്യവിശ്വാസിയും തന്താങ്ങളെയും, തന്താങ്ങളുടെ ഭാര്യാമക്കള്‍ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തനും തന്റെ കാര്യം മാത്രം നോക്കിയാല്‍ പോര, കുടുംബത്തിന്റെ കാര്യംകൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്.
അത്യാവശ്യമായ അറിവുകളെങ്കിലും പഠിപ്പിക്കുക, മത ബോധവും സദാചാരബോധവും ഉണ്ടാക്കുക, സദുപദേശം നല്‍കുക, അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ നിര്‍ബന്ധം ചെലുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക, തന്നിഷ്ടത്തിനൊത്തു ജീവിക്കുവാനും സന്മാര്ഗത്തില് നിന്ന് വ്യതിചലിക്കുവാനും അനുവദിക്കാതിരിക്കുക, ഇതൊക്കെയാണ് കുടുംബത്തെ നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍. ഒരാള്‍ തന്റെ കുടുംബാംഗങ്ങളെ അവരുടെ പാട്ടിനു വിട്ടേക്കുകയും, അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും ശിക്ഷണങ്ങളും നല്‍കാതിരിക്കുകയും ചെയ്യുന്ന പക്ഷം – സ്വന്തം നിലക്ക് എത്ര ഭയഭക്തനും സൽകര്‍മ്മിയും ആയിരുന്നാലും ശരി – അയാള്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കുറ്റക്കാരന്‍ തന്നെയായിരിക്കും. അല്ലാഹു നമ്മുക്ക് തൗഫീഖു നല്കട്ടെ.
വിഭാഗം - 2
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٨﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം പശ്ചാത്തപിക്കുവിന്‍. (എന്നാല്‍) നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ചു (മാപ്പാക്കി) തരുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്ഗങ്ങളില് നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം; (അതെ) നബിയെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരേയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം. തങ്ങളുടെ പ്രകാശം അവരുടെ മുമ്പിലൂടെയും, അവരുടെ വലഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങൾക്ക് പൊറുത്തു തരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.'
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ഹേ വിശ്വസിച്ചവരേ تُوبُوا പശ്ചാത്തപിക്കു (മടങ്ങു-ഖേദിക്കു) വിന് إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് تَوْبَةً ഒരു പശ്ചാത്താപം, മടക്കം نَّصُوحًا നിഷ്കളങ്കമായ, ആത്മാര്‍ഥമായ عَسَىٰ رَبُّكُمْ നിങ്ങളുടെ റബ്ബ് ആയേക്കാം أَن يُكَفِّرَ عَنكُمْ നിങ്ങളില്‍ നിന്ന് മൂടി വെക്കുക (മാപ്പാക്കുക) سَيِّئَاتِكُمْ നിങ്ങളുടെ തിന്മകളെ وَيُدْخِلَكُمْ നിങ്ങളെ പ്രവേശിപ്പിക്കുകയും جَنَّاتٍ സ്വര്ഗങ്ങളില്, തോപ്പുകളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി ഒഴുകുന്ന الْأَنْهَارُ അരുവി (നദി)കള്‍ يَوْمَ ദിവസം لَا يُخْزِي اللَّـهُ അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത النَّبِيَّ നബിയെ, പ്രവാചകനെ وَٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരേയും مَعَه അദ്ദേഹത്തോടൊപ്പം نُورُهُمْ അവരുടെ പ്രകാശം يَسْعَىٰ - പാഞ്ഞു (നടന്നു-വ്യാപിച്ചു) കൊണ്ടിരിക്കും بَيْنَ أَيْدِيهِمْ അവരുടെ മുമ്പിലൂടെ وَبِأَيْمَانِهِمْ അവരുടെ വലഭാഗങ്ങളിലും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ, റബ്ബേ أَتْمِمْ لَنَا ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണമേ نُورَنَا ഞങ്ങളുടെ പ്രകാശം وَاغْفِرْ لَنَا ഞങ്ങള്‍ക്ക് പൊറുക്കുകയും വേണമേ إِنَّكَ നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
تَوْبَةً نَّصُوحًا (ആത്മാര്‍ത്ഥമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശം കുറ്റത്തില്‍ നിന്ന് മനപൂര്‍വ്വം ഖേദിച്ചു മടങ്ങുക എന്ന് തന്നെ. ചെയ്തു കഴിഞ്ഞ കുറ്റത്തെപ്പറ്റി ഖേദം, മേലാല്‍ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയം, നിര്‍വ്വഹിക്കുവാന്‍ ബാക്കിയുള്ള കടമ നിറവേറ്റല്‍, അന്യനെ സംബന്ധിക്കുന്ന കുറ്റമാണെങ്കില്‍ അവനോടു മാപ്പ് വാങ്ങുകയും അവന്റെ കടപ്പാട് തീര്‍ക്കുകയും ചെയ്യല്‍, മേലില്‍ നല്ല നില കൈകൊള്ളല്‍ ഇതെല്ലാമാണ് അതിനു ഉപാധികള്‍. ഇങ്ങനെയുള്ള ‘തൌബഃ’ (പശ്ചാത്താപം) ചെയ്യുന്നവര്‍ക്ക് അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നു മാത്രമല്ല, അവര്‍ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ് എന്ന് കൂടി അല്ലാഹു അറിയിക്കുന്നു (സൂഃ ഫുര്‍ഖാന്‍ 70ഉം നോക്കുക) സത്യവിശ്വാസികളുടെ പ്രകാശത്തെക്കുറിച്ച് സൂഃ ഹദീദ് 12ല്‍ പ്രസ്താവിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുക. കപട വിശ്വാസികള്‍ തങ്ങള്‍ക്കു വെളിച്ചം കിട്ടാതെ കഷ്ടപ്പെടുമ്പോഴാണ് സത്യവിശ്വാസികള്‍ അല്ലാഹുവിനോട് തങ്ങളുടെ പ്രകാശം പൂര്‍ത്തിയാക്കിക്കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്ന് മുജാഹിദ്, ള്വഹ്-ഹാക്ക് മുതലായവരില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
- يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ ﴾٩﴿
- ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുക; അവരോടു പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം ‘ജഹന്നം’ [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന സ്ഥലം എത്രയോ ചീത്ത!
- يَا أَيُّهَا النَّبِيُّ ഹേ നബിയേ جَاهِدِ സമരം ചെയ്യുക الْكُفَّارَ അവിശ്വാസികളോട് وَالْمُنَافِقِينَ കപടവിശ്വാസികളോടും وَاغْلُظْ പരുഷത കാണിക്കുകയും ചെയ്യുക عَلَيْهِمْ അവരോടു وَمَأْوَاهُمْ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ (വളരെ) ചീത്ത الْمَصِيرُ തിരിച്ചെത്തുന്ന സ്ഥലം
അവിശ്വാസികള്‍ പ്രത്യക്ഷത്തില്‍ തന്നെ ഇസ്ലാമിന്റെ ശത്രുക്കളാകുക കൊണ്ട് അവരോടുള്ള സമരം ന്യായങ്ങളും തെളിവുകളും മുഖേന മതിയാവുകയില്ല. ആയുധങ്ങളും സംഘട്ടനങ്ങളും ആവശ്യമായിരിക്കും. എന്നാല്‍ കപടവിശ്വാസികള്‍ ബാഹ്യത്തില്‍ മുസ്ലിങ്ങളാകുക കൊണ്ട് അവരോടുള്ള സമരം നീതിന്യായങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലും, അവരില്‍ ഇസ്ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത് മുഖേനയും ആയിരിക്കും. രണ്ടു കൂട്ടരോടും സൗമ്യനയവും വിട്ടു വീഴ്ചയും കാണിക്കുന്നപക്ഷം, അവര്‍ ആ തക്കം ഇസ്ലാമിനു എതിരായി ഉപയോഗപ്പെടുത്തുകയാണല്ലോ ചെയ്യുക.
- ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ﴾١٠﴿
- അവിശ്വസിച്ചവര്‍ക്ക് അല്ലാഹു ഒരു ഉദാഹരണം എടുത്തു കാട്ടുകയാണ്, നൂഹിന്റെ ഭാര്യയെയും, ലൂത്ത്വിന്റെ ഭാര്യയെയും. രണ്ടു സ്ത്രീകളും നമ്മുടെ അടിയാന്മാരില്പെട്ട രണ്ടു സദ്വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു. എന്നാല്‍, അവര്‍ക്ക് [ആ രണ്ടു സ്ത്രീകള്‍ക്കും] അല്ലാഹുവിങ്കല്‍ നിന്ന് (ഉണ്ടാകുന്ന) യാതൊന്നും അവര്‍ രണ്ടാളും ഒഴിവാക്കിക്കൊടുത്തില്ല. (അവരോടു) പറയപ്പെടുകയും ചെയ്തു: 'നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങള്‍ രണ്ടുപേരും (അതില്‍) പ്രവേശിച്ചുകൊള്ളുക’ എന്ന്!
- ضَرَبَ اللَّـهُ അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടുന്നു ) مَثَلًا ഒരു ഉദാഹരണം, ഉപമ لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്ക് امْرَأَتَ نُوحٍ നൂഹിന്റെ സ്ത്രീയെ (ഭാര്യയെ) وَامْرَأَتَ لُوطٍ ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെയും) كَانَتَا രണ്ടു പേരുമായിരുന്നു تَحْتَ عَبْدَيْنِ രണ്ടു അടിയന്മാരുടെ കീഴില്‍ مِنْ عِبَادِنَا നമ്മുടെ അടിയന്മാരിൽപെട്ട صَالِحَيْنِ (രണ്ടു) സദ്വൃത്തരായ, നല്ലവരായ فَخَانَتَاهُمَا എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു فَلَمْ يُغْنِيَا എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കി- പര്യാപ്തമാക്കി)യില്ല عَنْهُمَا അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും مِنَ اللَّـهِ അല്ലാഹുവില്‍ നിന്ന് شَيْئًا യാതൊന്നും, ഒരു വസ്തുവും وَقِيلَ പറയപ്പെടുകയും ചെയ്തു ادْخُلَا النَّارَ രണ്ടാളും നരകത്തില്‍ പ്രവേശിക്കുക مَعَ الدَّاخِلِينَ പ്രവേശിക്കുന്നവരോടൊപ്പം
- وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴾١١﴿
- വിശ്വസിച്ചവര്‍ക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു, ഫിര്‍ഔന്റെ ഭാര്യയെ, അതായതു, അവള് പറഞ്ഞ സന്ദര്‍ഭം; 'എന്റെ റബ്ബേ, എനിക്ക് നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു വീട് സ്ഥാപിച്ചു തരേണമേ! ഫിര്‍ഔനില്‍നിന്നും, അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ! അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ!'
- وَضَرَبَ اللَّـهُ അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു مَثَلًا ഒരു ഉദാഹരണം لِّلَّذِينَ ءَامَنُوا۟ വിശ്വസിച്ചവര്‍ക്ക് ٱمْرَأَتَ فِرْعَوْنَ ഫിര്‍ഔന്റെ സ്ത്രീയെ, ഭാര്യയെ إِذْ قَالَتْ അവള് പറഞ്ഞ സന്ദര്‍ഭം رَبِّ ابْنِ لِي റബ്ബേ എനിക്ക് സ്ഥാപിച്ചു (നിര്‍മ്മിച്ചു) തരേണമേ عِندَكَ بَيْتًا നിന്റെ അടുക്കല്‍ ഒരു വീട് فِي الْجَنَّةِ സ്വര്‍ഗത്തില്‍ وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ مِن فِرْعَوْنَ ഫിര്‍ഔനില്‍ നിന്നും وَعَمَلِهِ അവന്റെ പ്രവര്‍ത്തനത്തിൽ നിന്നും وَنَجِّنِي എന്നെ രക്ഷപ്പെടുത്തുകയും വേണമേ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ
- وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ ﴾١٢﴿
- ഇംറാന്റെ മകള്‍ മര്‍യമിനെയും (ഉദാഹരണമാക്കുന്നു); (അതായതു) തന്റെ ഗുഹ്യസ്ഥാനം സൂക്ഷി(ച്ച് ചാരിത്ര്യശുദ്ധി സംരക്ഷി)ക്കുകയും, അങ്ങനെ, നമ്മുടെ (വക) ആത്മാവില്‍ നിന്നും അതില്‍ നാം ഊതുകയും ചെയ്തവള്‍. തന്റെ റബ്ബിന്റെ വചനങ്ങളെയും, അവന്റെ വേദഗ്രന്ഥങ്ങളെയും അവള് സത്യമാ(യി വിശ്വസി)ക്കുകയും ചെയ്തു. അവള് ഭക്തരുടെ കൂട്ടത്തില്‍ (പെട്ടവള്‍) ആയിരുന്നുതാനും.
- وَمَرْيَمَ മറിയമിനെയും ابْنَتَ عِمْرَانَ ഇംറാന്റെ മകള്‍, പുത്രി الَّتِي أَحْصَنَتْ സൂക്ഷിച്ച (കാത്ത)വളായ فَرْجَهَا തന്റെ ഗുഹ്യസ്ഥാനം فَنَفَخْنَا فِيهِ അങ്ങനെ നാം അതില്‍ ഊതി مِن رُّوحِنَا നമ്മുടെ ആത്മാവില്‍ (ജീവനില്‍) നിന്ന് وَصَدَّقَتْ അവള് സത്യമാക്കുക (ശരിവെക്കുക)യും ചെയ്തു بِكَلِمَاتِ വചനങ്ങളെ, വാക്ക് (കൽപന)കളെ رَبِّهَا അവളുടെ റബ്ബിന്റെ وَكُتُبِهِ അവന്റെ വേദഗ്രന്ഥങ്ങളെയും وَكَانَتْ അവള് ആയിരുന്നുതാനും, ആയിത്തീരുകയും مِنَ الْقَانِتِينَ ഭക്തന്മാരില്‍പെട്ട (വള്), കീഴ്വണക്കമുള്ളവരുടെ കൂട്ടത്തില്‍
സത്യവിശ്വാസവും, സൽക്കര്മ്മവും കൊണ്ടല്ലാതെ ആര്‍ക്കും രക്ഷയില്ല, പ്രവാചകന്മാരടക്കമുള്ള മഹാന്മാരുടെ സന്ധുബന്ധുക്കള്‍ പോലും ഇതില്‍ നിന്ന് ഒഴിവല്ല, അല്ലാഹുവില്‍ നിന്നുണ്ടാകുന്ന ശിക്ഷാ നടപടികളെ ആര്‍ക്കും ആരില്‍ നിന്നും തടയുവാന്‍ സാധ്യമല്ല, നേരെമറിച്ച് എത്ര ധിക്കാരികളായ അവിശ്വാസികളുടെ ബന്ധുക്കളായിരുന്നാലും അവര്‍ സത്യവിശ്വാസികളും സൽക്കര്‍മ്മികളുമാണെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയും പ്രതിഫലവും ഉണ്ട്. ഇതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കു ചില ഉദാഹരണങ്ങളാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തുകാണിക്കുന്നത്.
ആദ്യം പറഞ്ഞതിന് ഉദാഹരണമായി നൂഹ് (عليه السلام), ലൂത്ത്വ് (عليه السلام) എന്നീ പ്രവാചകന്മാരുടെ ഭാര്യമാരെ അല്ലാഹു എടുത്തുകാട്ടി. രണ്ടു സ്ത്രീകളും അവരുടെ ഭര്‍ത്താക്കളായ ആ പ്രവാചകന്മാരെ വഞ്ചിച്ചു. നൂഹ് (عليه السلام) ന്റെ ഭാര്യ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന് ഭ്രാന്താണെന്ന് ജനമദ്ധ്യേ പ്രചരിപ്പിച്ചിരുന്നുവെന്നും, ലൂത്ത്വ് (عليه السلام) ന്റെ ഭാര്യ അദ്ദേഹത്തിന്റെ അടുക്കല്‍ വരുന്ന അതിഥികളെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക് – പ്രകൃതിവിരുദ്ധമായ ദുര്‍ന്നടപ്പുകളില്‍ മുഴുകിയിവരായിരുന്നല്ലോ അവര്‍ -ഗൂഢമായി വിവരം കൊടുത്തിരുന്നുവെന്നും മറ്റും പറയപ്പെടുന്നു. അല്ലഹുവിനറിയാം. ഏതായാലും രണ്ടു പേരും തങ്ങളുടെ ഭര്ത്താക്കന്മാരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്കും അദ്ധ്യാപനങ്ങള്‍ക്കും എതിരായി കാപട്യം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, പ്രവാചകന്മാര്ക്കു അവരെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിഞ്ഞില്ല. പ്രവാചകന്മാരുടെ ഭാര്യമാരാണെന്നതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും രക്ഷ കിട്ടിയതുമില്ല.
വമ്പിച്ച ശക്തിയും പ്രതാപവുമുള്ളവനും, അങ്ങേ അറ്റത്തെ ധിക്കാരിയുമായിരുന്ന ഫിര്‍ഔന്റെ ഭാര്യയുടെ നില – ഇവരുടെ പേര് ആസിയ: എന്നാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട് – ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അവന്റെ അക്രമങ്ങളോ അഭീഷ്ടങ്ങളോ വകവെക്കാതെ, അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാന്‍ വേണ്ടി വമ്പിച്ച ത്യാഗങ്ങള്‍ വരിക്കുകയും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ക്ക് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇത് പോലെ, അല്ലാഹുവിന്റെ വമ്പിച്ച അനുഹ്രഹങ്ങള്‍ക്ക് പാത്രമായ മറ്റൊരു മഹതിയാണ് ഇംറാന്റെ മകളും, ഈസാ (عليه السلام) നബിയുടെ മാതാവുമായ മര്‍യം (عليها السلام). ഗുണവതിയും സദ്വൃത്തയുമായിരുന്ന അവര്‍ തന്റെ ചാരിത്ര്യം കാത്തു സൂക്ഷിക്കുകയും അല്ലാഹുവിന്റെ കൽപനകളും വേദവാക്യങ്ങളും ശരിക്കു പാലിച്ചുകൊണ്ട് ഭക്തിപൂര്‍വ്വം ജീവിക്കുകയും ചെയ്തു. അങ്ങനെ, അവര്‍ അല്ലാഹുവിന്റെ മഹത്തായ ആദരവിനും അനുഗ്രഹത്തിനും പാത്രമായിത്തീര്‍ന്നു.
‘ഗുഹ്യസ്ഥാനം സൂക്ഷിച്ചവള്‍’ (الَّتِي أَحْصَنَتْ فَرْجَهَا) എന്ന് പറഞ്ഞതിന്റെ സാരം തന്റെ ചാരിത്ര്യശുദ്ധി സരക്ഷിച്ചവള്‍ എന്നത്രെ. ഈ അര്‍ത്ഥത്തിനു ഖുര്‍ആന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചതില്‍ അടങ്ങിയ ചില സൂചനകളും മറ്റും സൂ: അമ്പിയാഉ് 91ന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചത് ഓര്‍ക്കുക. ഈ സൂറത്തിന്റെ അവസാനത്തില്‍ രണ്ടു ദുഷിച്ച സ്ത്രീകളുടെ ഉദാഹരണങ്ങളും, രണ്ടു സദ്വൃത്തരായ സ്ത്രീകളുടെ ഉദാഹരണങ്ങളും ഉദ്ധരിച്ചതില്‍, നബി (صلّى الله عليه وسلّم) യുടെ പത്നിമാര്‍ ആദ്യത്തെ രണ്ടുപേരെപ്പോലെ ആകാതിരിക്കുവാനും, ഒടുവിലത്തെ രണ്ടു സ്ത്രീകളെപ്പോലെ ആയിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഒരു സൂചന കാണാം. والله علم
اللهم اجعلنا من القانتين واحشرنا مع الذين أَنْعَمت عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا