സജദഃ (സാഷ്ടാംഗം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ  നാമത്തില്‍

വിഭാഗം - 1

വെള്ളിയാഴ്ച ദിവസം രാവിലത്തെ സുബ്ഹ് നമസ്കാരത്തില്‍ ഈ സൂറത്തും, സൂറത്തുല്‍ ഇന്‍സാനും (هَلْ أَتَىٰ عَلَى الْإِنسَانِ) റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതാറുണ്ടായിരുന്നുവെന്നു ബുഖാരി (رحمه الله) യും, മുസ്‌ലിമും (رحمه الله) രിവായത്തു ചെയ്‌തിരിക്കുന്നു.

32:1
  • الٓمٓ ﴾١﴿
  • 'അലിഫ് - ലാം - മീം. (*)
  • الم 'അലിഫ് - ലാം - മീം'
32:2
  • تَنزِيلُ ٱلْكِتَٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَٰلَمِينَ ﴾٢﴿
  • (ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു - അതില്‍ സന്ദേഹമേ ഇല്ല - ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നാകുന്നു.
  • تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിക്കല്‍ (ഇറക്കല്‍) لَا رَيْبَ സന്ദേഹമേ ഇല്ല فِيهِ അതില്‍ مِن رَّبِّ الْعَالَمِينَ ലോക രക്ഷിതാവിങ്കല്‍ നിന്നാണ്
32:3
  • أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ ﴾٣﴿
  • അഥവാ അവര്‍ [അവിശ്വാസികള്‍] പറയുന്നുവോ: 'അതു ഇവന്‍ [നബി] കെട്ടിച്ചമച്ചിരിക്കുകയാണ്' എന്നു?! (അല്ല - ) എന്നാലതു (നബിയേ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാകുന്നു; നിനക്കുമുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്കു നീ താക്കീതു നല്‍കുവാന്‍ വേണ്ടിയാണ് (അതു); അവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കാമല്ലോ!
  • أَمْ يَقُولُونَ അതല്ല - (അഥവാ) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിയുണ്ടാക്കി (എന്നു) بَلْ എങ്കിലും, എന്നാല്‍ هُوَ അതു الْحَقُّ യഥാര്‍ത്ഥമാണ്, സത്യമാണ് مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ള لِتُنذِرَ നീ താക്കീതു ചെയ്യുവാന്‍ വേണ്ടി قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്കു വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും مِّن قَبْلِكَ നിനക്കുമുമ്പായി لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുക, പ്രാപിക്കുന്ന(വര്‍)

(*) ഇത്തരം അക്ഷരങ്ങളെക്കുറിച്ചു ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്.


മുമ്പ് താക്കീതുകാരന്‍ – ദൈവദൂതന്‍ – വന്നിട്ടില്ലാത്ത ജനത എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം ഖുറൈശീ ജനതയാണെന്നു സൂ: ഖസ്വസ് 46-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

32:4
  • ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ ﴾٤﴿
  • ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു. പിന്നീടവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. അവനുപുറമെ നിങ്ങള്‍ക്കു ഒരു കൈകാര്യകര്‍ത്താവാകട്ടെ, ശുപാര്‍ശക്കാരനാകട്ടെ ഇല്ല. എന്നിരിക്കെ, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
  • اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവ രണ്ടിനിടയിലുള്ളതും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ പിന്നീടു اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്മേല്‍, സിംഹാസനത്തില്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّن دُونِهِ അവനു പുറമെ مِن وَلِيٍّ ഒരു കൈകാര്യക്കാരനും, ബന്ധുവും, സഹായകനും وَلَا شَفِيعٍ ശുപാര്‍ശകനുമില്ല أَفَلَا تَتَذَكَّرُونَ എന്നിരിക്കെ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
32:5
  • يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴾٥﴿
  • അവന്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു; പിന്നീട് ഒരു ദിവസത്തില്‍ അതു അവങ്കലേക്കു ഉയര്‍ന്നുപോകുന്നു; അതിന്‍റെ അളവ് [വലുപ്പം] നിങ്ങള്‍ എണ്ണി വരുന്ന (ഇനത്തില്‍) ആയിരം കൊല്ലമാകുന്നു (-അത്ര വമ്പിച്ചതാണ്) !
  • يُدَبِّرُ അവന്‍ വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു الْأَمْرَ കാര്യം مِنَ السَّمَاءِ ആകാശത്തുനിന്നു إِلَى الْأَرْضِ ഭൂമിയിലേക്കു ثُمَّ يَعْرُجُ പിന്നീടതു കയറുന്നു إِلَيْهِ അവങ്കലേക്കു فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ ആകുന്നു مِقْدَارُهُ അതിന്‍റെ അളവു, തോതു أَلْفَ سَنَةٍ ആയിരം കൊല്ലം مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട

ആറു ദിവസങ്ങളിലായിട്ടാണ് ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ചതെന്ന് ഇവിടെ മാത്രമല്ല, യൂനുസ്, ഹൂദ്‌, അഅ്റാഫു, ഹദീദ്, ഖാഫ് എന്നീ സൂറത്തുകളിലും പ്രസ്താവിച്ചിട്ടുണ്ട്. ‘ദിവസങ്ങള്‍’ (أَيَّامٍ) എന്നതുകൊണ്ടു ഇവിടെ വിവക്ഷ നമുക്കു സുപരിചിതമായ ഈ രാവും പകലും ചേര്‍ന്ന 24 മണിക്കൂര്‍ സമയമായിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം, സൂര്യന്‍റെ ഉദയാസ്തമനത്തെത്തുടര്‍ന്നാണല്ലോ നമ്മുടെ ദിവസങ്ങള്‍ ഉണ്ടാകുന്നത്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനു മുമ്പ് സൂര്യനും അതിന്‍റെ ഉദയാസ്തമനവും ഉണ്ടായിരിക്കയില്ല. ആകയാല്‍ ഒരു പ്രത്യേക അര്‍ത്ഥത്തിലുള്ള ആറു ദിവസങ്ങളായിരിക്കും ഉദ്ദേശ്യം. എന്നല്ലാതെ, സൂക്ഷമമായി ഒരഭിപ്രായം പറയുവാന്‍ തെളിവുകളില്ല. (സൂ: അമ്പിയാഅ് 30-ാം വചനത്തിന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിട്ടുള്ള പലതും ഇവിടെ സ്മരിക്കുന്നതു നന്നായിരിക്കും.) അതുപോലെത്തന്നെ ثُمَّ اسْتَوَىٰ عَلَى الْعَرْشِ (പിന്നീടു അവന്‍ അര്‍ശില്‍ ആരോഹണം ചെയ്തു) എന്ന വാക്യത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചും നമുക്കു വ്യക്തമായും, തിട്ടമായും ഒന്നും പറയുവാന്‍ സാധ്യമല്ല. വാക്കര്‍ത്ഥം നമുക്കറിയാം. അല്ലാഹുവിന്‍റെ പ്രസ്താവനയില്‍ നാം തികച്ചും വിശ്വസിക്കുകയും, അവന്‍റെ മഹത്വത്തിനും ഉല്‍കൃഷ്ടതക്കും യോജിക്കുന്ന ഏതോ രൂപത്തിലായിരിക്കും അതെന്നു ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ അതിന്റെ സ്വഭാവവും വിധവും എങ്ങിനെയാണെന്നു നമുക്കറിഞ്ഞുകൂടാ. ഇത്തരം വചനങ്ങളില്‍ പിന്‍ഗാമികളായ പലരും അവയ്ക്കു ചില വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തിയടയുന്നു. അതുപോലെ തൃപ്തിയടയുവാന്‍ നാം തയ്യാറില്ല. സൂ: ത്വാഹായുടെ ആദ്യത്തില്‍ നാം ഇതു സംബന്ധിച്ച് പറഞ്ഞിട്ടുള്ള ഭാഗം നോക്കുക.

ആകാശ ഭൂമികളുടെ സിംഹാസനാധിപതിയും സൃഷ്ടാവും അല്ലാഹുവായിരിക്കെ, അവയില്‍ നടമാടുന്ന സര്‍വ്വ കാര്യങ്ങളുടെയും അധികാരവും, കൈകാര്യവും അവന്റെ പക്കലാണെന്നു സ്പഷ്ടമാണ്. ‘അവന്‍ അര്‍ശില്‍ ആരോഹണം ചെയ്‌തിരിക്കുന്നു’ വെന്നു പ്രസ്താവിക്കുന്ന സ്ഥലങ്ങളില്‍ അതിനെത്തുടര്‍ന്നു – 5-ാം വചനത്തില്‍ കാണുന്നപോലെ – ‘അവന്‍ കാര്യങ്ങളെ നിയന്ത്രിക്കുന്നു’. (يُدَبِّرُ الْأَمْرَ) എന്നോ, അല്ലെങ്കില്‍ ഈ ഉദ്ദേശ്യം ഉള്‍ക്കൊള്ളുന്ന മറ്റു ചില വാക്യങ്ങളോ അല്ലാഹു പ്രസ്താവിച്ചു കാണുന്നതു അതുകൊണ്ടാണ്. (സൂ: യൂനുസ് 3; അഅ്റാഫ്:54; റഅ്ദു:2; ഹദീദ്:4 മുതലായവ നോക്കുക.)

ഭൂലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം ഉപരിലോകവുമായി ബന്ധമുള്ളവയാണ്. നമുക്കതിന്റെ വിശദവിവരം അറിയാവതല്ല. സൂര്യന്‍റെ ചലനം, പ്രകാശം, രശ്മി, ചന്ദ്രന്‍റെ ചലനം, വെളിച്ചം, നക്ഷത്രപ്രഭ, മഴ, വെയില്‍ തുടങ്ങിയ വാനസംബന്ധമായ പല കാര്യങ്ങളും ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും പരസ്‌പരം ബന്ധമുള്ളവയാണെന്നു ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കേവലം ബാഹ്യമല്ലാത്തതും, നമുക്കു അജ്ഞാതവുമായ ചില അഭൗതിക കാര്യകാരണബന്ധങ്ങള്‍ വേറെയും നിലവിലുണ്ടു. ജനനം, മരണം, ഉല്‍പാദനം, നാശം, ക്ഷേമം, ക്ഷാമം പോലെയുള്ള പല കാര്യങ്ങളിലും അല്ലാഹുവിന്റെ മലക്കുകളുടെ ചില പ്രവര്‍ത്തനങ്ങളും ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്നതായി പല ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഇതേ സൂറത്തിലെ 11-ാം വചനത്തില്‍ മനുഷ്യന്റെ മരണത്തില്‍ മലക്കിന്റെ പ്രവര്‍ത്തനത്തിനും പങ്കുള്ളതായി പ്രസ്താവിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഭൂമിയിലെ കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചും, അവന്‍ നിശ്ചയിച്ചിരിക്കുന്ന കാര്യകാരണവ്യവസ്ഥയനുസരിച്ചും നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രസ്ഥാനം ഉപരിലോകത്താണ് സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള ഈ വ്യവസ്ഥ അവസാനിച്ച് പുതിയ ഒരു വ്യവസ്ഥ സ്ഥാപിതമാകുന്ന ആ മഹാദിനം – ഖിയാമത്തുനാള്‍ – ആയിക്കഴിഞ്ഞാല്‍ പിന്നീടു എല്ലാ കാര്യങ്ങളും – പ്രത്യക്ഷമായും പരോക്ഷമായും – അവങ്കലേക്കു തന്നെ മടങ്ങുന്നു. പുതിയ ഒരു വ്യവസ്ഥയും നടപടിക്രമവും അന്നു നിലവില്‍ വരുകയും ചെയ്യുന്നു. അന്നത്തെ അധികാരം മുഴുവനും അവനു മാത്രമായിരിക്കും. നാമമാത്രമായിട്ടുപോലും അതിലാര്‍ക്കും യാതൊരു പങ്കും ഉണ്ടാകുന്നില്ല. لِّمَنِ الْمُلْكُ الْيَوْمَ ۖ لِلَّـهِ الْوَاحِدِ الْقَهَّارِ (അന്നത്തെ രാജത്വം ആര്‍ക്കാണ്? സര്‍വ്വാധികാരിയായ ഏകനായ അല്ലാഹുവിന്നു തന്നെ!) – 40:16

‘നിങ്ങള്‍ എണ്ണി വരുന്ന ആയിരംകൊല്ലം വലുപ്പമുള്ള ദിവസം’ എന്നു പറഞ്ഞതു അന്ത്യനാളിനെക്കുറിച്ചാകുന്നു. സൂറത്തുല്‍ മആരിജി (المعارج)ല്‍ ഇപ്രകാരം കാണാം: تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസത്തില്‍ മലക്കുകളും റൂഹും (ആത്മാവും) അവങ്കലേക്കു കയറുന്നു എന്നര്‍ത്ഥം. അന്ത്യനാളിന്റെ കൃത്യമായ അളവ് വിവരിക്കുകയല്ല – ആ ദിവസത്തിന്റെ ഭയങ്കരതയും ഗൗരവവും കാണിക്കുകയാണ് – ഈ രണ്ടു വചനങ്ങളുടെയും ഉദ്ദേശ്യം എന്നാണ് പല മഹാന്‍മാരും പ്രസ്താവിക്കുന്നത്. സത്യവിശ്വാസികളായ സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം വിചാരണദിവസം കേവലം ഒരു നമസ്കാരം നിര്‍വ്വഹിക്കുന്ന അത്ര സമയം പോലെ അനുഭവപ്പെടുമെന്നു നബി (സ) പ്രസ്താവിച്ചിട്ടുള്ളത് (അ; ബ.) ഇവിടെ സ്മരണീയമാകുന്നു. വേറെയും പല അഭിപ്രായങ്ങളും, വ്യാഖ്യാനങ്ങളും ഈ രണ്ടു ആയത്തുകളെ സംബന്ധിച്ചു മഹാന്‍മാര്‍ പ്രസ്താവിച്ചു കാണാം. അതെല്ലാം ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. ഖുര്‍ആനില്‍ വന്നിട്ടുള്ള ഇത്തരം വാക്യങ്ങളുടെ നേര്‍ക്കുനേരെയുള്ള സാരങ്ങളും, സന്ദര്‍ഭങ്ങളും ശരിക്കു മനസ്സിരുത്തിയാല്‍ – അധിക വ്യാഖ്യാനങ്ങളൊന്നും ആശ്രയിക്കാതെ തന്നെ – അവയിലെ പ്രധാന ആശയം സാമാന്യം എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. സൂറത്തുല്‍ മആരിജില്‍ വെച്ച് അല്പം കൂടി വിശദീകരണം കാണാം. إن شاء الله

32:6
  • ذَٰلِكَ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْعَزِيزُ ٱلرَّحِيمُ ﴾٦﴿
  • (അങ്ങിനെയുള്ള) അവന്‍ അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; കരുണാനിധിയാണ്.
  • ذَٰلِكَ അവന്‍ (മേല്‍ പ്രസ്താവിക്കപ്പെട്ടവന്‍) عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും الْعَزِيزُ പ്രതാപശാലിയാണ് الرَّحِيمُ കരുണാനിധിയാണ്
32:7
  • ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَٰنِ مِن طِينٍ ﴾٧﴿
  • അതായത്: താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കി (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന്‍ അവന്‍ ആരംഭിച്ചു: -
  • الَّذِي അതായതു യാതൊരുവന്‍ أَحْسَنَ അവന്‍ നന്നാക്കി, നന്നായുണ്ടാക്കി كُلَّ شَيْءٍ എല്ലാ വസ്തുവെയും خَلَقَهُ അവന്‍ സൃഷ്ടിച്ചതായ وَبَدَأَ അവന്‍ ആരംഭിച്ചു خَلْقَ الْإِنسَانِ മനുഷ്യന്റെ സൃഷ്ടിപ്പ് مِن طِينٍ കളിമണ്ണില്‍ നിന്നു
32:8
  • ثُمَّ جَعَلَ نَسْلَهُۥ مِن سُلَٰلَةٍ مِّن مَّآءٍ مَّهِينٍ ﴾٨﴿
  • പിന്നെ, അവന്റെ സന്തതിയെ നിസ്സാരപ്പെട്ട ഒരു (തരം) വെള്ളമാകുന്ന സത്തില്‍ നിന്നും അവന്‍ ഉണ്ടാക്കി; -
  • ثُمَّ جَعَلَ പിന്നെ അവന്‍ ആക്കി, ഉണ്ടാക്കി نَسْلَهُ അവന്റെ സന്തതിയെ مِن سُلَـٰلَةٍ ഒരു സത്തില്‍നിന്നു مِّن مَّاءٍ വെള്ളത്തില്‍ നിന്നുള്ള مَّهِينٍ നിസ്സാരമായ, നിന്ദ്യമായ
32:9
  • ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴾٩﴿
  • പിന്നീട്; അവനെ (അന്യൂനമായി) ശരിപ്പെടുത്തുകയും, അവനില്‍ തന്റെ വക 'റൂഹ്' [ജീവാത്മാവ്] ഊതുകയും ചെയ്തു. (മനുഷ്യരേ,) നിങ്ങള്‍ക്കവന്‍ കേള്‍വിയും, കണ്ണുകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്‌തിരിക്കുന്നു. അല്പമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളു.
  • ثُمَّ سَوَّاهُ പിന്നെ അവനെ ശരിപ്പെടുത്തി, ചൊവ്വാക്കി وَنَفَخَ ഊതുകയും ചെയ്തു فِيهِ അവനില്‍ مِن رُّوحِهِ അവന്റെ (വക) റൂഹില്‍നിന്നു, ആത്മാവിനെ وَجَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും, (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്പം മാത്രം تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കുന്നു

7-ാം വചനത്തിലെ ആദ്യത്തെ വാക്യത്തില്‍ خَلَقَهُ എന്നതിന്റെ സ്ഥാനത്തു خَلْـقَهُ എന്നും വായനയുണ്ട്. അപ്പോള്‍ ആ വാക്യത്തിനു ഇങ്ങിനെ അര്‍ത്ഥം നല്‍കാം: ‘എല്ലാ വസ്തുവിനെയും – അതായതു അതിന്റെ സൃഷ്ടിപ്പിനെ – നന്നാക്കിയുണ്ടാക്കിയവന്‍.’ രണ്ടായാലും സാരം ഒന്നുതന്നെ.

ആകാശഭൂമികളും അതിലുള്ള എല്ലാ വസ്തുക്കളും അല്ലാഹു സൃഷ്ടിച്ചതാണെന്നും അവന്‍ അവയുടെ സിംഹാസനാധിപതിയും, കൈകാര്യകര്‍ത്താവും, നിയന്താവുമാണെന്നും കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. തുടര്‍ന്നുകൊണ്ട് അതേ അല്ലാഹു എല്ലാ കാര്യങ്ങളും – അദൃശ്യമെന്നോ ദൃശ്യമെന്നോ വ്യത്യാസമില്ലാതെ – അറിയുന്നവനാണെന്നും, അവന്‍ പ്രതാപശാലിയും കരുണാനിധിയും ആണെന്നും, അഥവാ അവന്റെ പ്രതാപം കാരുണ്യത്തിനോ, കാരുണ്യം പ്രതാപത്തിനോ തടസ്സമാകുന്നില്ലെന്നും 6-ാം വചനത്തിലും ചൂണ്ടിക്കാട്ടി. പിന്നീട് അഖിലവസ്തുക്കളെയും അതാതിന്നനുയോജ്യമായ എല്ലാ സ്വഭാവപ്രകൃതികളോടുകൂടി സൃഷ്ടിച്ചിട്ടുണ്ടെന്ന് മൊത്തത്തില്‍ ഉണര്‍ത്തി. അനന്തരം മനുഷ്യ സൃഷ്ടിപ്പിന്റെ ചരിത്രം ചുരുക്കത്തില്‍ വിവരിക്കുകയാണ്.

മനുഷ്യസൃഷ്ടിയുടെ തുടക്കം കളിമണ്ണില്‍ നിന്നാണ്. അഥവാ വെള്ളം കലര്‍ന്ന മണ്ണില്‍ നിന്നു. മനുഷ്യ പിതാവായ ആദം (അ) ന്റെ ഉത്ഭവത്തെയാണിതു സൂചിപ്പിക്കുന്നത്. അദ്ദേഹത്തിനുശേഷം പിന്നീടുള്ള സന്തതികളാകട്ടെ, മണ്ണില്‍നിന്നും വെള്ളത്തില്‍ നിന്നും ഉത്ഭവിച്ച ഭക്ഷ്യവസ്തുക്കളാല്‍ ഉല്‍ഭൂതമായ – കേവലം നിന്ദ്യവും നിസ്സാരവുമായ – ഇന്ദ്രിയമാകുന്ന ജലബീജത്തില്‍ നിന്നാണു ജന്മമെടുക്കുന്നത്. ബീജം വികസിച്ചുവളരുകയും, ആവശ്യമായ അവയവങ്ങള്‍ സഹിതം, മനുഷ്യന്റേതായ സ്വഭാവവും പ്രകൃതിയും ധരിച്ചുകൊണ്ട് വെളിക്കുവരുകയും ചെയ്യുന്നു. മനുഷ്യരാല്‍ അപഗ്രഥനം ചെയ്‌വാനും, യാഥാര്‍ത്ഥ്യം കണ്ടെത്തുവാനും സാധിക്കാത്ത അതിമഹത്തായ ഒരു ശക്തി വിശേഷം ആര്‍ജ്ജിച്ചുകൊണ്ടാണവന്‍ വെളിക്കുവരുന്നത്. അതുമൂലമാണവന്‍ ചലിക്കുന്നതും, കാര്യങ്ങള്‍ ഗ്രഹിച്ചു തുടങ്ങുന്നതും, വളരുന്നതുമെല്ലാം. അതത്രെ ജീവാത്മാവ്. എന്താണീ ആത്മാവ്?! അതാര്‍ക്കും അറിഞ്ഞുകൂട. ഇതേവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിഷേധിക്കുവാന്‍ സാധ്യമാണോ? ഇല്ല. അതിന്റെ യാഥാര്‍ത്ഥ്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളു! അതുകൊണ്ടു തന്നെയാണ് ‘തന്റെ വക ആത്മാവില്‍ നിന്നും അവന്‍ ഊതി (……..وَنَفَخَ فِيهِ)’ എന്നു പറഞ്ഞതും. بني إسرائيل : 85 – وَيَسْأَلُونَكَ عَنِ الرُّوحِ …….. إِلَّا قَلِيلًا (അവര്‍ നിന്നോടു ആത്മാവിനെക്കുറിച്ചു ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ റബ്ബിന്റെ കാര്യത്തില്‍പെട്ടതാണ്. നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല. (സൂ: ബനൂ ഇസ്രാഈല്‍.)

ഇതരജീവികളെപ്പോലെ ചലിക്കുവാനും ജീവിക്കുവാനും ആവശ്യമായ കഴിവുകള്‍ മാത്രമല്ല അല്ലാഹു മനുഷ്യനു നല്‍കിയിരിക്കുന്നത്. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനും ചിന്തിച്ചും ആലോചിച്ചും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാനും വേണ്ടുന്ന കഴിവുകള്‍ കൂടി നല്‍കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യനു അല്ലാഹു നല്‍കിയിരിക്കുന്ന അനുഗൃഹീതസ്ഥാനം വളരെ ഉന്നതമാണ്. പക്ഷേ, അവന്‍ അതിനു അല്ലാഹുവിനോടു നന്ദിയും കൂറും കാണിക്കുന്നുണ്ടോ? ഇല്ല. വളരെക്കുറച്ചു മാത്രം! അതും എല്ലാവരുമില്ല. കുറഞ്ഞ ആളുകള്‍മാത്രം! വാസ്‌തവത്തില്‍ നന്ദികെട്ടവരുടെ നിലപാടു ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇതെല്ലാം ചെയ്ത അല്ലാഹുവിനെക്കുറിച്ച് അവരുടെ നിഗമനം എന്താണെന്നു നോക്കുക! –

32:10
  • وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍ جَدِيدٍۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَٰفِرُونَ ﴾١٠﴿
  • അവര്‍ [അവിശ്വാസികള്‍] പറയുന്നു: ഞങ്ങള്‍ ഭൂമിയില്‍ മറഞ്ഞു (പാഴായി) പോയാല്‍, നിശ്ചയമായും ഞങ്ങള്‍ പുതിയ ഒരു സൃഷ്ടിയില്‍ (വീണ്ടും എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍) ആയിരിക്കുകയോ?!' (മാത്രമല്ല.) എന്നാലവര്‍, തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതില്‍ തന്നെ അവിശ്വസിക്കുന്നവരാണ്.
  • وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു أَإِذَا ضَلَلْنَا ഞങ്ങള്‍ (നാം) മറഞ്ഞുപോയിട്ടോ, പാഴായാലോ فِي الْأَرْضِ ഭൂമിയില്‍ أَإِنَّا നിശ്ചയമായും ഞങ്ങളോ لَفِي خَلْقٍ ഒരു സൃഷ്ടിയിലായിരിക്കുക جَدِيدٍ പുതുതായ بَلْ എന്നാല്‍ (അത്രയുമല്ല), എങ്കിലും هُم അവര്‍ بِلِقَاءِ رَبِّهِمْ തങ്ങളുടെ റബ്ബുമായി കാണുന്നതില്‍ كَافِرُونَ അവിശ്വാസികളാണ്, നിഷേധികളാണ്
32:11
  • ۞ قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ﴾١١﴿
  • (നബിയേ,) പറയുക: 'നിങ്ങളുടെ കാര്യത്തില്‍ ഏൽപിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്ക് നിങ്ങളെ പൂര്‍ണ്ണമായെടുക്കും [മരണപ്പെടുത്തും]. പിന്നീട് നിങ്ങളുടെ റബ്ബിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും'.
  • قُلْ പറയുക يَتَوَفَّىٰكُم നിങ്ങളെ പൂര്‍ണ്ണമായെടുക്കും, പൂര്‍ത്തിയായി കൊണ്ടുപോകും مَّلَكُ الْمَوْتِ മരണത്തിന്റെ മലക്കു الَّذِي وُكِّلَ ഏല്‍പിക്കപ്പെട്ടിട്ടുള്ളതായ بِكُمْ നിങ്ങളില്‍, (നിങ്ങളുടെ കാര്യത്തില്‍) ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടും

‘പൂര്‍ത്തിയാക്കിക്കൊടുത്തു, നിറവേറ്റിക്കൊടുത്തു’ എന്നൊക്കെ അര്‍ത്ഥമുള്ളതും രണ്ടു കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതുമായ وفى (‘വഫ്-ഫാ’) എന്ന ക്രിയയുടെ അനുസരണക്രിയ (مضارع) യത്രെ ആയത്തില്‍ കാണുന്ന توفى (‘തവഫ്-ഫാ’) എന്ന പദം. ഇതിനു ഒരു കര്‍മ്മമാണുണ്ടായിരിക്കുക. ‘പൂര്‍ണ്ണമായെടുത്തു, മുഴുവന്‍ വാങ്ങി’ (اخذ وافيا، استكمل) എന്നൊക്കെയായിരിക്കും ഇതിന് അര്‍ത്ഥം. സന്ദര്‍ഭമനുസരിച്ചും, കര്‍മ്മത്തിന്റെ വ്യത്യാസമനുസരിച്ചും ഈ രണ്ടു ക്രിയാരൂപങ്ങളുടെയും ഉദ്ദേശ്യത്തില്‍ വ്യത്യാസം കാണും. ഈ ആയത്തിലുള്ളതുപോലെ ‘മരണപ്പെടുത്തുക’ എന്ന ഉദ്ദേശ്യത്തിലും, സൂറത്തുല്‍ അന്‍ആം 60ലുള്ള പോലെ ‘ഉറക്കുക’ (നിദ്രയിലാക്കുക) എന്ന ഉദ്ദേശ്യത്തിലും توفى എന്ന രൂപം ഖുര്‍ആനില്‍ തന്നെ വന്നിട്ടുണ്ട്. ചുരുക്കത്തില്‍, توفى എന്ന പദത്തിന് – ചില തല്‍പരകക്ഷികള്‍ പറയാറുള്ളതുപോലെ – മരണപ്പെടുത്തുക എന്നല്ല നേര്‍ക്കുനേരെയുള്ള അര്‍ത്ഥം. സൂറത്തുന്നിസാഅ് 15ല്‍ حَتَّىٰ يَتَوَفَّاهُنَّ الْمَوْتُ (മരണം അവരെ പൂര്‍ണ്ണമായെടുക്കുന്നതുവരെ) എന്നും, സൂ: സുമര്‍ 42ല്‍ اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا (ആത്മാക്കളെ അവയുടെ മരണവേളയിലും, മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും അല്ലാഹു പൂര്‍ണ്ണമായെടുക്കുന്നു.) എന്നും പ്രസ്താവിച്ചിട്ടുള്ളതു ഇതുകൊണ്ടാണ്.

ഈ ലോകത്തു നടക്കുന്ന പല സംഭവങ്ങളിലും മലക്കുകള്‍ക്കു ചില പങ്കുകളുണ്ടെന്നു ഇതിനുമുമ്പു നാം ചൂണ്ടിക്കാട്ടുകയുണ്ടായി. മനുഷ്യന്റെ മരണകാര്യത്തില്‍ ഏല്‍പിക്കപ്പെട്ട ഒരു പ്രത്യേക മലക്കുണ്ടെന്നു ഈ ആയത്തില്‍ നിന്നു വ്യക്തമാണല്ലോ. ഇദ്ദേഹത്തെ ഉദ്ദേശിച്ചാണ് സാധാരണ ‘അസ്റാഈല്‍’ (عزرائيل – ع) എന്നു പറയപ്പെടുന്നത്. മരണവേളയില്‍ ആത്മാക്കളെ എടുത്തുകൊണ്ടുപോകുന്നതു മലക്കുകളാണെന്നു സൂറത്തുല്‍ അന്‍ആം 93-ാം ആയത്തില്‍ കാണാവുന്നതാണ്. കൂടാതെ പല ഹദീസുകളിലും വന്നിട്ടുണ്ട്,മേല്‍പ്പറഞ്ഞ മലക്കിനു പുറമെ മനുഷ്യന്റെ മരണവേളയില്‍ വേറെ മലക്കുകള്‍ക്കും സാന്നിധ്യവും പ്രവര്‍ത്തനവും ഉണ്ടായിരിക്കുമെന്നും ഖുര്‍ആനില്‍ നിന്നു സ്പഷ്ടമാണ്. (സൂ: നഹ്ല്‍ 28:32; നിസാഉ് 97; മുഹമ്മദ്‌ 27 മുതലായവ നോക്കുക.)

മനുഷ്യന്‍ മരണപ്പെട്ട് മണ്ണടിഞ്ഞു പോയശേഷം രണ്ടാമതൊരു ജീവിതം ഉണ്ടാകുക അസാധ്യമാണെന്നു ധരിച്ചു വെച്ച മുശ്‌രിക്കുകളുടെ പരിഹാസവും ആശ്ചര്യവും നിറഞ്ഞ ചോദ്യവും, അതിനു ഖണ്ഡിതമായ മറുപടിയുമാണ്‌ ഈ വചനങ്ങളില്‍ കാണുന്നത്. എന്നാല്‍, അതിനെപ്പറ്റി ഇപ്പോള്‍ അവര്‍ എന്തുതന്നെ പറഞ്ഞാലും ശരി, എന്തുതന്നെ വിശ്വസിച്ചാലും ശരി, പരലോകത്തുവെച്ച് അവരുടെ ഈ നിലയെല്ലാം മാറിപ്പോകുമെന്നും, അവര്‍ തീരാദുഖത്തില്‍ അകപ്പെടുമെന്നും അടുത്ത വചനത്തില്‍ അല്ലാഹു താക്കീതുചെയ്യുന്നു: –