സൂറത്തുല്‍ ഹശ്ര് : 01-24
ഹശ്ര് (തുരത്തിയോടിക്കല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 24 – വിഭാഗം (റുകൂഅ്) 3
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
‘അല്ഹശ്ര് ‘ (തുരത്തിവിടല്‍ അഥവാ നാടുകടത്തല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അദ്ധ്യായത്തിലെ പ്രധാനവിഷയം ‘ബനൂനള്വീര്‍’ എന്ന യഹൂദി ഗോത്രവും, അവരെ മദീനായില്‍നിന്നു നാടുകടത്തിവിട്ട സംഭവവുമാകുന്നു. അതുകൊണ്ട് – ഇമാം ബുഖാരീ (رحمه الله) രേഖപ്പെടുത്തിയതുപോലെ – ഈ സൂറത്തിന്നു – സൂറത്തുല്‍ ന്നള്വീര്‍ എന്നും ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പേരു പറഞ്ഞിരിക്കുന്നു.
മദീനാപരിസരങ്ങളില്‍ വസിച്ചിരുന്ന രണ്ടു യഹൂദി ഗോത്രങ്ങളായിരുന്നു ‘ഖുറൈളഃ’യും, ‘നള്വീറും.’ ഈ രണ്ടു ഗോത്രങ്ങളുമായും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) സമാധാനസഖ്യം സ്ഥാപിച്ചിരുന്നു. പക്ഷേ, വിശ്വാസവഞ്ചനയും, ചതിയും അവരുടെ പ്രകൃതിയായി മാറിയിരുന്നു. ഖന്‍ദഖു യുദ്ധത്തില്‍ മുസ്ലീംകള്‍ക്കെതിരില്‍ ഖുറൈളഃ ഗോത്രം ഖുറൈശികളെ സഹായിച്ചു. അതിനെത്തുടര്‍ന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവരുടെ നേര്‍ക്കു പടയെടുക്കുകയുണ്ടായി. ഈ വിവരം സൂഃ അഹ്സാബില് വിവരിക്കപ്പെട്ടിട്ടുണ്ടല്ലോ. നള്വീര് ഗോത്രവും ഉടമ്പടിക്കെതിരായ പല വഞ്ചനകളും നടത്തി. അവരുടെ ഒരു നേതാവായിരുന്ന കഅ്ബുബ്നുല്‍ അശ്റഫ് (كعب بن الاشرف) ഒരു കവിയായിരുന്നു. അവന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെയും സത്യവിശ്വാസികളെയും പഴിച്ചുകൊണ്ടു കവിതകള്‍ രചിച്ചു പ്രചരിപ്പിക്കുകയും, അവര്‍ക്കെതിരായി ഖുറൈശികളെ ഇളക്കി വിടുകയും ചെയ്തിരുന്നു. കഅ്ബിനെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവനെ ഉപായത്തില്‍ കൊലപ്പെടുത്തുവാന്‍ ഏര്‍പ്പാട് ചെയ്കയുണ്ടായി.
ഒരിക്കല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയും ചില സഹാബികളും കൂടി അവരുടെ വാസസ്ഥലത്തു ചെന്നിരുന്ന അവസരത്തില്‍, ഒരു കെട്ടിടത്തിന്റെ മുകളില്‍ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) താഴെ നടന്നു പോകുന്ന തക്കംനോക്കി തലയ്ക്കിടുവാന്‍ അവന് ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു ഈ വിവരം വഹ്യുമൂലം അറിയിച്ചു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അവരുടെ ചതിയില്പെടാതെ രക്ഷപെട്ടു. അനന്തരം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു സൈന്യം തയ്യാറാക്കി. നള്വീര് ഗോത്രത്തോടു മദീനാവിട്ടു പോയിക്കൊള്ളണമെന്ന് ആള് മുഖേന അറിയിച്ചു. ‘അതിനെക്കാള്‍ ഭേദം മരിക്കുകയാണ്’ എന്നായിരുന്നു അവരുടെ മറുപടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്റെ അനുയായികളും അവസരം പാഴാക്കിയില്ല. അവര്‍ യഹൂദികളെ സമീപിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചു. ‘നാടുവിട്ടു ഒരിക്കലും പോകരുത്; വേണ്ടിവന്നാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്തു ഞങ്ങള്‍ നിങ്ങളെ സഹായിക്കും’ എന്നെല്ലാം അവര്‍ തട്ടിവിട്ടു. അങ്ങിനെ യഹൂദികള്‍ തങ്ങളുടെ ശക്തമായ കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും സൈന്യവും ഇരുപത്തൊന്നു ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയില്‍നിന്നു വെളിക്കുവരുവാന്‍ അവരെ നിര്‍ബന്ധിതരാക്കുമാറു കോട്ടക്കു വെളിയിലുണ്ടായിരുന്ന അവരുടെ കുറെ ഈത്തപ്പനകള്‍ മുസ്ലിംകള് മുറിച്ചുവീഴ്ത്തി. കപടവിശ്വാസികളുടെ ഭാഗത്തുനിന്നു യാതൊരു സഹായവും അവര്‍ക്കു ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികള്‍ക്കു അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവര്‍ സന്ധിക്കപേക്ഷിച്ചു. തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.
ഓരോ മുമ്മൂന്നു വീട്ടുകാര്‍ക്കും ഒരു ഒട്ടകപ്പുറത്തു കൊണ്ടുപോകാവുന്ന വീട്ടുസാമാനങ്ങള്‍ സഹിതം, യാതൊരു യുദ്ധസാമഗ്രികളും കൂടാതെ കടന്നുപോകണമെന്നായിരുന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ കല്പന. അങ്ങിനെ കഴിയുന്നത്ര സാമാനങ്ങള്‍ കൂടെ എടുത്തുകൊണ്ടും, മുസ്ലിംകള്‍ക്കു ലഭിക്കാതിരിക്കുവാനായി കഴിയുന്നിടത്തോളം സാധനങ്ങള്‍ സ്വന്തം കൈകളാല്‍ നശിപ്പിച്ചുകൊണ്ടും അവര്‍ കൂട്ടത്തോടെ സ്ഥലംവിട്ടു. അവരില്‍ രണ്ടു കുടുംബങ്ങലൊഴിച്ചു ബാക്കിയുള്ളവര്‍ ശാമിലേക്കു (സിരിയയിലേക്കു) നീങ്ങി. അരീഹാ, അദ്രിആത്ത് (اريحاء, اذرعات) എന്നിവിടങ്ങളില്‍ താമസമാക്കി. രണ്ടു കുടുംബങ്ങളില്‍ ഒന്നു ഖൈബറിലേക്കും, മറ്റേതു ഹീറഃയിലേക്കുമാണ് മാറിത്താമസിച്ചത്. അമ്പതു പടഅങ്കികളും, അമ്പതു പടത്തൊപ്പികളും അടങ്ങുന്ന കുറെ യുദ്ധസാമഗ്രികളും, അവര്‍ വിട്ടേച്ചുപോയ മറ്റു സ്വത്തുക്കളും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു അധീനമാക്കുകയും ചെയ്തു. കൂടുതല്‍ വിവരം സൂറത്തില്‍വെച്ചു കാണാവുന്നതാണ്.
‘തസ്ബീഹി’ന്റെ വാചകംകൊണ്ടു ആരംഭിക്കുന്ന രണ്ടാമത്തെ സൂറത്താണിത്. ഒന്നാമത്തേതായ സൂറത്തുല്‍ ഹദീദിന്റെ ആരംഭത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെയും, ഇതുപോലെ താഴെ വരുന്ന സൂറത്തുകളിലും സ്മരണീയമത്രെ. എല്ലാ സ്തോത്രകീര്‍ത്തനങ്ങള്‍ക്കും അല്ലാഹുവിനുള്ള അര്‍ഹതയെ ഉദാഹരിക്കുന്നതായിരിക്കും തുടര്‍ന്നുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളെന്നു കാണാവുന്നതാണ്.
- سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
- ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം തന്നെ) അല്ലാഹുവിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവന് അഗാധജ്ഞനായ പ്രതാപശാലിയായുള്ളവനത്രെ.
- سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും وَهُوَ الْعَزِيزُ അവന് പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
- هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ مِن دِيَٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَٰٓأُو۟لِى ٱلْأَبْصَٰرِ ﴾٢﴿
- വേദക്കാരില്‍ നിന്നു അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലില്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയവനാണ് അവന്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ ധരിച്ചില്ല. തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്നു (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കയും ചെയ്തു. എന്നാല്‍, അവര്‍ കണക്കാക്കാത്തവിധത്തില്‍കൂടി അല്ലാഹു അവരുടെ അടുക്കല്‍ ചെന്നു; അവരുടെ ഹൃദയങ്ങളില്‍ അവ൯ ഭീതി ഇട്ടേക്കുകയും ചെയ്തു. തങ്ങളുടെ വീടുകളെ അവര്‍, തങ്ങളുടെ കൈകളാല്‍ നശിപ്പിച്ചിരുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോള്‍ - കാഴ്ചയുള്ള ആളുകളേ-നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുവിന്‍ !
- هُوَ അവന് الَّذِي أَخْرَجَ പുറത്താക്കിയവനാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവരെ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു مِن دِيَارِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു لِأَوَّلِ الْحَشْرِ ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി مَا ظَنَنتُمْ നിങ്ങള്‍ ധരിച്ചില്ല أَن يَخْرُجُوا അവര്‍ പുറത്തുപോകുമെന്നു وَظَنُّوا അവര്‍ ധരിക്കയും ചെയ്തു أَنَّهُم നിശ്ചയമായും അവരാണെന്നു مَّانِعَتُهُمْ അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു حُصُونُهُم അവരുടെ കോട്ടകള്‍ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു فَأَتَاهُمُ اللَّـهُ എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു مِنْ حَيْثُ വിധത്തില്‍ കൂടി, വിധേന لَمْ يَحْتَسِبُوا അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത وَقَذَفَ അവന് ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, പേടി يُخْرِبُونَ അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു بُيُوتَهُم തങ്ങളുടെ വീടുകളെ بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍ وَأَيْدِي الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൈകളാലും فَاعْتَبِرُوا അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍ يَا أُولِي الْأَبْصَارِ കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ
മുമ്പു പറഞ്ഞതുപോലെ, നള്വീര് ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവത്തെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒന്നാമത്തെ തുരത്തിവിടല്‍ (ِأَوَّلِ الْحَشْر) എന്നു പറഞ്ഞതില്‍നിന്ന് അവരെ തുരത്തിവിടുന്ന സംഭവം ഇതുകൂടാതെ വേറെയും ഉണ്ടാകുമെന്നു ധ്വനിക്കുന്നുവല്ലോ. അതെ, അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവര്‍ തുടര്‍ന്നു വന്നതുകൊണ്ട് ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ)ന്റെ ഖിലാഫത്തുകാലത്തു ഖൈബറില്‍നിന്നു രണ്ടാമതും അവര്‍ പുറത്താക്കപ്പെടുകയുണ്ടായി.
തങ്ങളുടെ ശക്തമായ കോട്ടകളില്‍ അടച്ചിരുന്നാല്‍ മുസ്ലിംകള്‍ക്കു അവരെ പുറത്തിറക്കുവാന്‍ സാധ്യമല്ലെന്നു അവര്‍ കരുതി. സാധാരണ നിലക്കു നോക്കുമ്പോള്‍, അവര്‍ സ്വയം പുറത്തിറങ്ങുമെന്നു വിചാരിക്കുവാന്‍ മുസ്ലിംകള്ക്കും വഴിയുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അവരുടെ മനസ്സില്‍ ഭീതിനിറച്ചു. തങ്ങള്‍ ഒഴിച്ചു പോകേണ്ടി വരുമെന്നു കണ്ടപ്പോള്‍, മുസ്ലിംകള്‍ക്കു ഒഴിഞ്ഞു കൊടുക്കേണ്ടിയിരിക്കുന്ന തങ്ങളുടെ വസ്തുക്കള്‍ കഴിവതും നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ വീടുകള്‍ അവരുടെ കരങ്ങള്‍കൊണ്ടുതന്നെ അവര്‍ നശിപ്പിച്ചിരുന്നു. അവര്‍ വെളിക്കുവരാന്‍ നിര്‍ബന്ധിതരാകേണ്ടതിനുവേണ്ടി മുസ്ലിംകളും കുറെ നശിപ്പിച്ചിരുന്നു. അതാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാണിച്ചത്. കേവലം എതിര്‍വശത്തുള്ള പട്ടാളശക്തിയോ, ആയുധബലമോ കൊണ്ടല്ല ഇത്രയും ദയനീയ നിലയില്‍ അവര്‍ എത്തിച്ചേര്‍ന്നതെന്നു വ്യകതമാണ്. എന്നിരിക്കെ, കാഴ്ചയും മനസ്സാക്ഷിയുമുള്ളവര്‍ക്കെല്ലാം ഇതില്‍ ചിന്തിക്കുവാനും പാഠങ്ങള്‍ മനസ്സിലാക്കുവാനും വകയില്ലേ ?! തീര്‍ച്ചയായും ഉണ്ട്.
അറേബ്യായില്‍ പ്രത്യക്ഷപ്പെടുമെന്നു പല പ്രവാചകന്മാരാലും പ്രവചനം ചെയ്യപ്പെട്ടിരുന്ന പ്രവാചകന്റെ വരവും പ്രതീക്ഷിച്ചുകൊണ്ടു ശതക്കണക്കായ വര്‍ഷങ്ങളായി യഥ്രിബില്‍ (മദീനായില്‍) വന്നു കുടിയേറിപ്പാര്‍ത്തിരുന്നവരാണ് അവിടത്തെ യഹൂദികള്‍. പക്ഷേ ആ പ്രവാചകന് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍, അദ്ദേഹം തങ്ങളുടെ വര്‍ഗ്ഗത്തില്‍ – ഇസ്രാഈല്യരില്‍-പെട്ട ആളല്ലാത്തതിനാലും, ചിരകാലമായി തങ്ങളില്‍ മൂടുറച്ചു കഴിഞ്ഞ പല ദുഷിച്ച പാരമ്പര്യങ്ങളെയും അദ്ദേഹം അനുകൂലിക്കാത്തതിനാലും അദ്ദേഹത്തോടു അവര്‍ അസൂയയും ശത്രുതയും വെച്ചുപുലര്‍ത്തുകയാണ് ചെയ്തത്. മൂസാ (عليه الصلاة والسلام) നബിയുടെ കാലം മുതല്‍ ഇതുവരേക്കുമുള്ള അവരുടെ ചരിത്രവും സമ്പ്രദായങ്ങളും നോക്കുമ്പോള്‍, അവരവിടെ നിവസിക്കുന്ന കാലത്തോളം ഇസ്ലാമിന് അവിടെ സ്വൈരവിഹാരം കൊള്ളുവാന്‍ നിവൃത്തിയില്ല എന്നു അല്ലാഹുവിനു അറിയാം. അതുകൊണ്ടു അവരെ അവിടെ നിന്നു തുരത്തിവിടുവാന്‍ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. അതു നടപ്പില്‍ വരുത്തുകയത്രെ ഇപ്പോള്‍ ചെയ്തത്. ഇസ്ലാമിന്റെ മറ്റു ശത്രുക്കളോടു കാണിക്കപ്പെട്ടിട്ടില്ലാത്ത കര്‍ശനം ഇവരുടെ കാര്യത്തില്‍ സ്വീകരിക്കുവാന്‍ അതാണ് കാരണം, അല്ലാഹു പറയുന്നു:-
- وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابُ ٱلنَّارِ ﴾٣﴿
- (ഈ) നാടുകടന്നുപോകല്‍ അവരുടെ മേല്‍ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കിലും, ഇഹത്തില്‍ വെച്ചു അവരെ അവന് (മറ്റുവിധേന) ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. പരലോകത്തില്‍ നരകശിക്ഷയും അവര്‍ക്കുണ്ട്.
- وَلَوْلَا ഇല്ലെങ്കിലും, ഇല്ലായിരുന്നാലും أَن كَتَبَ എഴുതിവെക്കല്‍, രേഖപ്പെടുത്തല്‍, നിയമിക്കല്‍ اللَّـهُ അല്ലാഹു عَلَيْهِمُ അവരുടെ മേല്‍ الْجَلَاءَ നാടുവിടല്‍, വെളിക്കുപോകല്‍, കടന്നുപോക്കു لَعَذَّبَهُمْ അവരെ അവന് ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ട് താനും فِي الْآخِرَةِ പരലോകത്തില്‍ عَذَابُ النَّارِ നരകശിക്ഷ
- ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٤﴿
- അതു അല്ലാഹുവിനോടും, അവന്റെ റസൂലിനോടും അവര്‍ കക്ഷിപിടി(ച്ചു മല്‍സരി) ച്ചതുകൊണ്ടാകുന്നു. അല്ലാഹുവിനോടു ആരെങ്കിലും കക്ഷിപിടി(ച്ചു മല്‍സരി)ക്കുന്നതായാല്‍, നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷാനടപടിയെടുക്കുന്നവനാണ്.
- ذَٰلِكَ അതു بِأَنَّهُمْ شَاقُّوا അവര്‍ ചേരിതിരിഞ്ഞതു (കക്ഷിപിടിച്ചതു-മല്‍സരിച്ചതു) കൊണ്ടാണ് اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും وَمَن يُشَاقِّ اللَّـهَ അല്ലാഹുവിനോടു ആരെങ്കിലും ചേരി (കക്ഷി) പിടിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ തീര്‍ച്ചയായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാരം (ശിക്ഷാനടപടി) കഠിനമായവനാണ്
- مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَٰسِقِينَ ﴾٥﴿
- (സത്യവിശ്വാസികളേ) നിങ്ങള്‍ ഈന്തപ്പനയില്‍ നിന്നു (വല്ലതും) മുറിക്കുകയോ, അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നിലകൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളതു അല്ലാഹുവിന്റെ സമ്മതപ്രകാരമാകുന്നു; (ആ) തോന്നിയവാസികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയും ആകുന്നു.
- مَا قَطَعْتُم നിങ്ങള്‍ മുറിച്ചതു, നിങ്ങള്‍ മുറിച്ചാല്‍ مِّن لِّينَةٍ വല്ല ഈത്തപ്പനയും أَوْ تَرَكْتُمُوهَا അല്ലെങ്കില്‍ നിങ്ങളതിനെ വിട്ടേച്ചാലും قَائِمَةً നില്ക്കുന്ന നിലയില്‍, നിലകൊള്ളുന്നതായി عَلَىٰ أُصُولِهَا അവയുടെ മുരടുകളിന്‍മേല്‍ فَبِإِذْنِ اللَّـهِ എന്നാലതു അല്ലാഹുവിന്റെ സമ്മതപ്രകാരമാണ് وَلِيُخْزِيَ അപമാനപ്പെടുത്തുവാനും, വഷളാക്കുവാനും الْفَاسِقِينَ തോന്നിയവാസികളെ, ദുര്‍ജ്ജനങ്ങളെ
ആ യഹൂദികളുടെ കോട്ട ഉപരോധം ചെയ്തിരുന്നപ്പോള്‍, വെളിയിലുള്ള അവരുടെ ഈത്തപ്പനകള്‍ കുറെ മുറിച്ചു നശിപ്പിക്കാന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കപിക്കുകയുണ്ടായി. ഇതു സാധാരണനിലക്കു ഒരു നല്ല വഴക്കമല്ലല്ലോ. ശത്രുക്കളുടെ മരങ്ങള്‍ മുറിച്ചു നശിപ്പിക്കുക, കന്നുകാലികളെ കൊന്നു നശിപ്പിക്കുക മുതലായ കാര്യങ്ങള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വിരോധിക്കാറുള്ളതുമാണ്. യഹൂദികള്‍ ഇതിനെപ്പറ്റി അപലപിക്കുകയും ചെയ്തു. ആകയാല്‍, മുസ്ലിംകളില് തന്നെ ചിലര്‍ക്കു അസുഖം തോന്നുകയുണ്ടായി. മുറിക്കുന്നതു വിരോധമില്ലെങ്കില്‍ എന്തുകൊണ്ടു മുഴുവന്‍ നശിപ്പിച്ചുകൂടാ എന്നും ചിലര്‍ക്കു തോന്നിയതായി പറയപ്പെടുന്നു. ആ പ്രത്യേക പരിതസ്ഥിയില്‍ അതു ആവശ്യമായിരുന്നുവെന്നും, അതിന് അല്ലാഹു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു സമ്മതം കൊടുത്തിട്ടുണ്ടെന്നും അല്ലാഹു വ്യകതമാക്കുന്നു. യഹൂദികളെ അപമാനപ്പെടുത്തുകയും അവരെ കോട്ടയില്‍ നിന്നു പുറത്തുവന്നു കീഴൊതുങ്ങുവാന്‍ പ്രേരിപ്പിക്കുകയുമാണല്ലോ അതിന്റെ ലക്ഷ്യം.
- وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٦﴿
- അവരില്‍നിന്നു അല്ലാഹു തന്റെ റസൂലിനു കൈവരുത്തി ('ഫൈആ'ക്കി) ക്കൊടുത്തതു എന്തോ (അതു), അതിനായി നിങ്ങള്‍ കുതിരകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല.
എങ്കിലും, അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേല്‍ അവന് തന്റെ റസൂലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. - وَمَا أَفَاءَ മടക്കിയെടുത്തുകൊടുത്തതു, കൈവരുത്തി കൊടുത്തതു, 'ഫൈആക്കി'യതു اللَّـهُ അല്ലാഹു عَلَىٰ رَسُولِهِ തന്റെ റസൂലിനു مِنْهُمْ അവരില്‍നിന്നു فَمَا أَوْجَفْتُمْ നിങ്ങള്‍ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല عَلَيْهِ അതിനു, അതിന്റെ പേരില്‍ مِنْ خَيْلٍ കുതിരുകളില്‍നിന്നു وَلَا رِكَابٍ വാഹനങ്ങളില്‍ (ഒട്ടകങ്ങളില്‍) നിന്നുമില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُسَلِّطُ അവന് അധികാരപ്പെടുത്തുന്നു رُسُلَهُ അവന്റെ റസൂലുകളെ عَلَىٰ مَن يَشَاءُ അവന് ഉദ്ദേശിക്കുന്നവരുടെമേല്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്നും قَدِيرٌ കഴിയുന്നവനാണ്
ബനൂനള്വീര്‍ ഒഴിച്ചുപോയപ്പോള്‍ വിട്ടേച്ചുപോയ സ്വത്തുക്കളെക്കുറിച്ചാണു പറയുന്നത്. ഇതും ‘ഗനീമത്തു’ (غنيمة) സ്വത്തുക്കളും തമ്മില്‍ വ്യത്യാസമുണ്ട്. കുതിരപ്പടയും ഒട്ടകപ്പടയും ഇതിനായി ഓട്ടേണ്ടിവന്നിട്ടില്ല. അഥവാ ശത്രുക്കളുമായി ഏറ്റുമുട്ടലും, പടവെട്ടലും കൂടാതെ അല്ലാഹു അവന്റെ റസൂലിനു കൈവരുത്തിക്കൊടുത്തതാണ് ഈ സ്വത്ത്. ഗനീമത്തുകള്‍ ലഭിക്കുന്നതു യുദ്ധം നിമിത്തമായതുകൊണ്ടു അതു പടയാളികള്‍ക്കിടയില്‍ ഭാഗിക്കപ്പെടുന്നു. ഇതു പടയാളികള്‍ക്കിടയില്‍ ഭാഗിക്കപ്പെടേണ്ടതില്ല. ഇതു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാനുള്ളതാണ് എന്നു സാരം. ഇങ്ങിനെ ലഭിക്കുന്ന സ്വത്തുക്കള്‍ ‘ഫൈഉ്’ (الفيي) എന്നപേരില്‍ അറിയപ്പെടുന്നു. ‘ഫൈഉ്’ സ്വത്തുക്കളില്‍നിന്നു നല്‍കപ്പെടേണ്ടവര്‍ ആരൊക്കെയാണെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:
- مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٧﴿
- (എന്നുവെച്ചാല്‍) അല്ലാഹു അവന്റെ റസൂലിനു രാജ്യക്കാരില്‍നിന്നു കൈവരുത്തി ('ഫൈആ'ക്കി)ക്കൊടുത്തതെന്തോ (അതു), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങള്‍, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ എന്നിവര്‍ക്കും ഉള്ളതാകുന്നു:- നിങ്ങളില്‍ നിന്നുള്ള ധനികന്മാര്ക്കിടയില് കൈമാറപ്പെടുന്നതാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതു). റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു.
- مَّا أَفَاءَ اللَّـهُ അല്ലാഹു 'ഫൈആക്കി' (കൈവരുത്തി) ക്കൊടുത്തതു എന്തോ عَلَىٰ رَسُولِهِ തന്റെ റസൂലിനു مِنْ أَهْلِ الْقُرَىٰ രാജ്യക്കാരില്‍ (നാട്ടുകാരില്‍) നിന്നു فَلِلَّـهِ (അതു) അല്ലാഹുവിനാണ് وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബത്തിനും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കന്നും كَيْ لَا يَكُونَ അതാവാതിരിക്കുന്നതിനുവേണ്ടി دُولَةً ഉപയോഗിക്ക (കൈമാറ്റം ചെയ്യ)പ്പെടുന്നതു بَيْنَ الْأَغْنِيَاءِ ധനികന്മാര്ക്കിടയില് مِنكُمْ നിങ്ങളില്‍നിന്ന് وَمَا آتَاكُمُ നിങ്ങള്‍ക്കു എന്തു നല്‍കിയോ, കൊണ്ടുതന്നുവോ الرَّسُولُ റസൂല്‍ فَخُذُوهُ അതു നിങ്ങള്‍ സ്വീകരിക്കുവിന്‍ وَمَا نَهَاكُمْ عَنْهُ അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ, വിലക്കിയോ فَانتَهُوا അപ്പോള്‍ നിങ്ങള്‍ വിരമിക്കുവിന്‍ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാര (ശിക്ഷാ) നടപടി കഠിനമായവനാണ്
ബനൂനള്വീറില്‍ നിന്നു അല്ലാഹു റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്കു കൈവരുത്തിക്കൊടുത്തപോലെ, എനി മേലിലും വല്ല നാട്ടുകാരില്‍നിന്നും ലഭിച്ചേക്കുന്ന എല്ലാ ‘ഫൈഉ’കളും റസൂലിനും, അവിടുത്തെ അടുത്ത കുടുംബം, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ (നിരാലംബരായ യാത്രക്കാര്‍) എന്നിവര്‍ക്കും ഉള്ളതാണ്. ‘അല്ലാഹുവിനും’ (لله) എന്നു പറഞ്ഞതിന്റെ താല്പര്യം അല്ലാഹുവിനും ഒരു ഓഹരി വേണമെന്നല്ല. യഥാര്‍ത്ഥത്തില്‍ ആ സ്വത്തു അല്ലാഹുവിന്റേതാണ്, അതുകൊണ്ടു അവന് നിയമിക്കുന്നപ്രകാരം കൈകാര്യം ചെയ്യേണ്ടതാണ് എന്ന സൂചനയത്രെ അതില്‍ അടങ്ങിയിരിക്കുന്നത്. ‘അല്ലാഹുവിനും’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മേല്‍ പ്രസ്താവിച്ച അഞ്ചുകൂട്ടര്‍ക്കു നല്‍കപ്പെടുന്നതിനുപുറമെ ആറാമതൊരുഭാഗംകൂടി പ്രത്യേകം നീക്കിവെക്കേണ്ടതുണ്ടെന്നും, ആ ഓഹരി – അല്ലാഹുവിന്റെ ഓഹരി – പൊതുവിഷയത്തില്‍ ചിലവാക്കുവാനുള്ളതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പല തെളിവുകളുടെയും പിന്‍ബലമുള്ളതും, പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും ആദ്യം പറഞ്ഞതാണ്.
‘ഗനീമത്തു’ സ്വത്തുക്കള്‍ അഞ്ചു ഭാഗമായി ഭാഗിക്കപ്പെടുന്നതും, അതില്‍ നാലുഭാഗവും യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കു വീതിച്ചുകൊടുക്കപ്പെടുന്നതുമാണ്. ബാക്കിയുള്ള അഞ്ചിലൊന്നു മാത്രമായിരിക്കും മേല്‍പ്രസ്താവിച്ച അഞ്ചുകൂട്ടര്‍ക്കു – റസൂലിനും, കുടുംബത്തിനും, അനാഥകള്‍ക്കും, സാധുക്കള്‍ക്കും, വഴിപോക്കര്‍ക്കും കൂടി – നല്കപ്പെടുക. ‘ഫൈഉ’ സ്വത്തുക്കളാകട്ടെ, ഈ അഞ്ചുകൂട്ടര്‍ക്കു മാത്രമുള്ളതാണ്. നള്വീര് ഗോത്രത്തില്‍നിന്നു ലഭിച്ച ഫൈഉ സ്വത്തുകളില്‍നിന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവിടുത്തെ വീട്ടുകാരുടെ ഒരു കൊല്ലത്തെ ഭക്ഷണത്തിനുള്ള വക എടുത്തു വിനിയോഗിക്കുകയും, യുദ്ധസാമഗ്രികള്‍ക്കു വേണ്ടി ചിലവഴിക്കുകയും ചെയ്തിരിക്കുന്നു. (ബു.മു.) ‘അടുത്ത കുടുംബം’ കൊണ്ടുദ്ദേശ്യം, സക്കാത്തിന്റെ ഇനത്തില്‍നിന്നു അംശം നല്കപ്പെടാത്ത നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ അടുത്ത ബന്ധുക്കളത്രെ. ‘ഈ ദാനധര്‍മ്മങ്ങള്‍ ജനങ്ങളുടെ അഴുക്കുകള്‍ മാത്രമാണ്. അതു മുഹമ്മദിനും, മുഹമ്മദിന്റെ കുടുംബത്തിനും അനുവദനീയമല്ല’. എന്നു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്തിട്ടുണ്ട്. (ബു:മു.) അതുകൊണ്ടു അവര്‍ക്കു ഫൈഇല്‍ പ്രത്യേകം അവകാശം നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ കാലശേഷം അവിടുത്തെ എല്ലാ സ്വത്തുക്കളുമെന്നപോലെ, ഫൈഇന്റെ അവകാശവും പൊതു ഭണ്ഡാരത്തിലേക്കു (ബൈത്തുല്‍ മാലിലേക്കു) നീങ്ങുന്നതാകുന്നു. ‘ഞങ്ങള്‍ -നബിമാര്‍- അനന്തരാവകാശവും എടുക്കപ്പെടുന്നവരല്ല. ഞങ്ങള്‍ വിട്ടുപോകുന്നതെല്ലാം ധര്‍മ്മമാകുന്നു’ എന്നും നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ ഒരു ഹദീസില്‍ വന്നിരിക്കുന്നു. (ദാ.) അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ ഖിലാഫത്തുകാലത്ത് ഈ നിയമം നടപ്പില്‍ വരുത്തപ്പെടുകയും ഉണ്ടായി.
ഫൈഉ സ്വത്തുക്കള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ക്കും തുടര്‍ന്നു പറഞ്ഞ നാലു കൂട്ടര്‍ക്കുമുള്ളതാണെന്നും, മറ്റുള്ളവര്‍ക്കു അതില്‍ അവകാശമില്ലെന്നും നിശ്ചയിച്ചതിനു അല്ലാഹു എടുത്തുകാണിച്ച കാരണം വളരെ പ്രധാനപ്പെട്ട ഒരു ഇസ്ലാമിക സിദ്ധാന്തത്തെയാണ് വ്യക്തമാക്കുന്നത്. അതെ, ധനം ധനികന്മാരുടെ ഇടയില്‍ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തു ആയിക്കൂട. അതിനുവേണ്ടിയാണ് അങ്ങിനെ നിശ്ചയിച്ചിരിക്കുന്നത്. (كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ) (സ്വത്തു സമ്പാദിക്കുവാനും, വിനിയോഗിക്കുവാനുമുള്ള അവസരവും സൗകര്യവും ധനികന്മാര്‍ക്കാണല്ലോ കൂടുതലുണ്ടാവുക. ഗനീമത്തു സ്വത്തുകള്‍ ഭാഗിക്കുമ്പോഴും താരതമ്യേന അവര്‍ക്കായിരിക്കും കൂടുതല്‍ ലഭിക്കുവാന്‍ സാധ്യത. ഉദാഹരണമായി, കാല്‍പടയാളിയുടെ ഇരട്ടി കുതിരപ്പടയാളിക്കു ലഭിച്ചേക്കും. പടക്കുതിര തയ്യാറാക്കുക പോലെയുള്ള കാര്യങ്ങള്‍ ദരിദ്രന്മാര്ക്കു സാധിക്കാത്തതാണല്ലോ. അതുകൊണ്ടു ദരിദ്രന്മാരും സാധുക്കളുമായവര്‍ക്കും ധനം കൈമാറുവാനുള്ള അവസരങ്ങള്‍ ഉണ്ടാവണം, ഉണ്ടാക്കുകയും വേണം. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നത്രെ ഈ പദ്ധതി.
ഈ ലക്ഷ്യം-ധനം ധനികന്മാര്ക്കിടയില് കൈകാര്യം ചെയ്യുന്നതായാല്‍ പോര, മറ്റുള്ളവര്‍ക്കിടയിലും കൈകാര്യം ചെയ്യപ്പെടുന്നതാവണം എന്ന ലക്ഷ്യം – വെച്ചു ഇസ്ലാം ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങളും പദ്ധതികളും പലതുണ്ട്. സക്കാത്തു സമ്പ്രദായം നിയമിച്ചത്, പൂഴ്ത്തിവെപ്പും പലിശയും നിരോധിച്ചത് തുടങ്ങിയ പലതും. ഈ മൂന്നു കാര്യങ്ങള്‍ മാത്രം സമുദായം വേണ്ടതുപോലെ നടപ്പില്‍ വരുത്തിയിരുന്നുവെങ്കില്‍, ഇന്നുവരെ ശരിക്കൊരു നിര്‍വ്വചനം പോലും ചെയ്യപ്പെട്ടിട്ടില്ലാത്ത ‘സോഷ്യലിസ’ത്തിന്റെ (സ്ഥിതിസമത്വവാദത്തിന്റെ) പേരില്‍ -ഇന്നു കാണപ്പെടുന്നതുപോലെ- ലോകം മുഴുക്കെ ബഹളം കൂട്ടേണ്ടിവരികയില്ലായിരുന്നു. നിയമപ്രകാരമുള്ള സകാത്തിനുപുറമെ അപ്പപ്പോള്‍ നേരിടുന്ന വ്യക്തിപരമോ, സാമൂഹ്യമോ ആയ ആവശ്യങ്ങളില്‍ കഴിവുള്ളവര്‍ കഴിവനുസരിച്ചു ചിലവഴിക്കല്‍ നിര്‍ബന്ധമാണെന്നും ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. കൂടാതെ, അടിയന്തരഘട്ടങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം അതു ചെയ്യിക്കുവാനുള്ള അധികാരവും അവകാശവും ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടുതാനും. പക്ഷേ, സോഷ്യലിസത്തിന്റെ ലഹരിയില്‍ മതിമറന്നവര്‍ ആഗ്രഹിക്കുന്നതുപോലെ, സ്വത്തു സമ്പാദിക്കുവാനും അതു വിനുയോഗിക്കുവാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയോ, ധനികന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു മറ്റുള്ളവര്‍ക്കു വീതിച്ചുകൊടുത്തുകൊണ്ടുള്ള ഒരു ക്രത്രിമ സ്ഥിതിസമത്വം സ്ഥാപിക്കുകയോ ചെയ്വാന് ഇസ്ലാം അനുവദിച്ചിട്ടില്ല. മനുഷ്യപ്രകൃതിയും, മനുഷ്യന്റെ വികാരവും, ആവശ്യവുമെല്ലാം മനുഷ്യനെക്കാള്‍ അറിയുന്ന അല്ലാഹു അതെങ്ങിനെ അനുവദിക്കും?!
അടുത്ത വാക്യത്തില്‍ ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടതും, ഇസ്ലാമിന്റെ അടിത്തറയുമായ ഒരു മൗലികസിദ്ധാന്തമാണു അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്. ‘റസൂല്‍ നിങ്ങള്‍ക്കു എന്തു കൊണ്ടുതന്നുവോ അതു നിങ്ങള്‍ സ്വീകരിക്കണം; അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ അതില്‍നിന്നു വിലകിനില്‍ക്കണം’ (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) എന്നാണത്. ‘റസൂല്‍ കല്പിച്ചതു’ എന്നു പറയാതെ, റസൂല്‍ കൊണ്ടുതന്നതു مَا آتَاكُمُ എന്നു പറഞ്ഞിരിക്കുന്നതു വളരെ ശ്രദ്ധേയമാണ്. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ സമ്മതംകൊണ്ടോ റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കാണിച്ചുതന്നതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഖുര്‍ആനും അതില്‍ ഉള്‍പ്പെട്ടതുതന്നെ. ഇവയൊക്കെയും ഉള്‍ക്കൊള്ളത്തക്കവിധം വിശാലാര്‍ത്ഥമുള്ളതാണ് ആ വാക്ക്. അല്ലാതെ, ഫൈഇന്റെ സ്വത്തുക്കളില്‍ നിന്നും അദ്ദേഹം നിങ്ങള്‍ക്കനുവദിച്ചുതന്നതു സ്വീകരിക്കണമെന്നോ, വായകൊണ്ടു കല്പിച്ചതു അനുസരിക്കണമെന്നോ മാത്രമല്ല അതിന്റെ അര്‍ത്ഥം. നേരെമറിച്ച് തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കാണിച്ചുതരാത്തതെല്ലാം വിരോധിക്കപ്പെട്ടതാണെന്നുണ്ടോ? ഇല്ല. അവിടുന്നു നിരോധിച്ചതെന്തോ അതുമാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ‘അദ്ദേഹം കൊണ്ടുതരാത്തത്’ എന്നു പറയാതെ ‘അദ്ദേഹം വിരോധിച്ചതു (مَا نَهَاكُمْ)’ എന്നും പറഞ്ഞിരിക്കുന്നത്.
നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്യുന്നു: ‘ഞാന്‍ നിങ്ങളെ ഒഴിവാക്കുമ്പോഴെല്ലാം നിങ്ങളെന്നെ വിട്ടേക്കണം. നിങ്ങള്‍ക്കു മുമ്പുള്ളവരെ നാശത്തില്‍പെടുത്തിയതു, അവരുടെ ചോദ്യം ചെയ്യലിന്റെ ആധിക്യവും നബിമാരോടുള്ള ഭിന്നിപ്പുമാകുന്നു. അതുകൊണ്ടു ഞാന്‍ നിങ്ങളോടു വല്ലതിനെക്കുറിച്ചും വിരോധിച്ചാല്‍ നിങ്ങളതു വര്‍ജ്ജിക്കുവിന്‍, ഞാന്‍ നിങ്ങളോടു വല്ല കാര്യവും കല്പിച്ചാല് അതില്‍നിന്നു നിങ്ങള്‍ക്കു സാധിക്കുന്നത്ര കൊണ്ടുവരികയും ചെയ്യുവിന്‍.’ (ബു;മു.) ഈ വചനത്തിലെ ആശയം വ്യത്യസ്ത വാക്കുകളിലായി ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ‘നിങ്ങള്‍ക്കു അല്ലാഹുവിന്റെ റസൂലില്‍ നല്ലതായ മാതൃകയുണ്ട്’ (33:21). ‘അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല. അതു വഹ്-യല്ലാതെ മറ്റൊന്നുമല്ല. (53: 3,4) ‘റസൂലിനെ ആര് അനുസരിക്കുന്നുവോ അവന് തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചു.’ (4:80) അദ്ദേഹത്തിന്റെ കല്പനക്കു എതിരു പ്രവര്‍ത്തിക്കുന്നവര്‍, തങ്ങള്‍ക്കു വല്ല കുഴപ്പവും ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നതു സൂക്ഷിച്ചു കൊള്ളട്ടെ!’ (24:63). മുതലായ എത്രയോ ഖുര്‍ആന്‍ വാക്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാകുന്നു.
ഇതെല്ലാം കണ്മുമ്പില് കണ്ടുകൊണ്ട് -മുസ്ലിംകളാണെന്നു അഭിമാനിക്കുകയോ ജല്പിക്കുകയോ ചെയ്തു കൊണ്ടുതന്നെ- ചിലര്‍ പറയുന്നു, ഖുര്‍ആന്‍ മാത്രമേ ഇസ്ലാമില്‍ അംഗീകരിക്കേണ്ടുന്ന പ്രമാണമായുള്ളു എന്നു. മറ്റു ചിലര്‍ ഇതു തുറന്നു പറയുവാന്‍ – മടികൊണ്ടോ പേടികൊണ്ടോ ആവട്ടെ- തയ്യാറില്ലെങ്കിലും ഫലത്തില്‍ ആ നയം സ്വീകരിക്കുകയും, വേറെ ചിലര്‍, നബി (رَضِيَ اللهُ تَعَالَى عَنْهُ)യുടെ വാക്കുകളിലും ചര്യകളിലും തങ്ങളുടെ ഇച്ഛക്കും യുക്തി ന്യായങ്ങൾക്കും യോജിക്കാത്തതായി കാണുന്നവയുടെ നേരെ പുച്ഛവും പരിഹാസവും കൈകൊള്ളുകയും ചെയ്യുന്നു. ഇങ്ങിനെയുള്ളവരെല്ലാം -യഥാര്‍ത്ഥത്തില്‍ അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നുവെങ്കില്‍- താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങള്‍ തുറന്ന മനസ്സോടെ ഓര്‍മ്മിക്കുന്നതു നന്നുവെന്നു മാത്രമേ നമുക്കു പറയുവാനുള്ളു:-
1. (നബിയേ) എന്നാല്‍ ഇല്ല – നിന്റെ റബ്ബിനെത്തന്നെയാണ (സത്യം)! അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്ന കാര്യത്തില്‍ നിന്നെ അവര്‍ വിധികര്‍ത്താവാക്കുകയും, പിന്നീടു നീ തീരുമാനം ചെയ്തതിനെക്കുറിച്ചു അവരുടെ മനസ്സുകളില്‍ യാതൊരു വിഷമവും അവര്‍ക്കുണ്ടാകാതിരിക്കുകയും, അവര്‍ (അതിനെ) ശരിക്കു സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വസിക്കുകയില്ല. (4:65)
2.ഒരു സത്യവിശ്വാസിക്കാകട്ടെ, സത്യവിശ്വാസിനിക്കാകട്ടെ, അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍, തങ്ങളുടെ കാര്യത്തെക്കുറിച്ച് തങ്ങള്‍ക്കു തിരഞ്ഞെടുപ്പു (അഭിപ്രായം) ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. അല്ലാഹുവിനോടും, അവന്റെ റസൂലിനോടും ആര് അനുസരണക്കേടു കാണിക്കുന്നുവോ അവന്, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു. (33:36).
റസൂല്‍ കൊണ്ടുതന്നതെല്ലാം സ്വീകരിക്കണം, വിരോധിച്ചതെല്ലാം വര്‍ജ്ജിക്കണം (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) എന്ന വചനത്തിന്റെ അര്‍ത്ഥവ്യാപ്തിയെപ്പറ്റി സഹാബികള്‍ എങ്ങിനെ മനസ്സിലാക്കിയിരുന്നുവെന്നു കാണുന്നതു നന്നായിരിക്കും. ‘ശരീരത്തില്‍ പച്ചകുത്തുകയും, കുത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെയും, ഭംഗിക്കുവേണ്ടി പല്ലുരാവി ശരിപ്പെടുത്തുകയും, രാവി വിടവുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെയും റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ശപിച്ചിരിക്കുന്നു.’ എന്നു ഇബ്നു മസ്ഊദു (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയുണ്ടായി. ഈ വിവരം ഉമ്മുയഅ്ഖൂബ് (رَضِيَ اللهُ تَعَالَى عَنْها) എന്ന ഒരു സ്ത്രീ കേട്ടു. അവര്‍ അദ്ദേഹത്തോട്: ‘താങ്കള്‍ ഇന്നിന്നവരെ ശപിച്ചു പറഞ്ഞുവോ?’ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘റസൂല്‍ തിരുമേനി ശപിച്ചവരെ എന്തുകൊണ്ടു എനിക്കു ശപിച്ചുകൂടാ? അതു അല്ലാഹുവിന്റെ കിതാബിലുണ്ടുതാനും.’ സ്ത്രീ പറഞ്ഞു: ‘മുസ്ഹഫിന്റെ രണ്ടു ചട്ടകള്‍ക്കിടയിലുള്ളതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊന്നും ഇതു കണ്ടില്ലല്ലോ?’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) : ‘നിങ്ങളതു വായിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളതു കണ്ടിട്ടുമുണ്ട്. وَمَا آتَاكُمُ الرَّسُولُ الخ ‘റസൂല്‍ നിങ്ങള്‍ക്കു കൊണ്ടു തന്നതു…… എന്ന വാക്യം വായിച്ചിട്ടില്ലേ? സ്ത്രീ: ‘വായിക്കാതേ?’ ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) : ‘എന്നാല്‍ മേല്‍ പറഞ്ഞതെല്ലാം തിരുമേനി വിരോധിച്ചിരിക്കുന്നു.’ (ബു;മു.)
നബിചര്യകളെ പുറംതള്ളിക്കൊണ്ടു ഖുര്‍ആന്‍ മാത്രം മതിയെന്നു പറയുന്നവരെപ്പറ്റി തിരുമേനി നേരത്തെ തന്നെ പ്രവചനം ചെയ്തിട്ടുള്ളതു കാണുമ്പോള്‍, ഓരോ സത്യവിശ്വാസിക്കും ആശ്ചര്യവും ആത്മവിശ്വാസവും തോന്നിയേക്കുന്നതാകുന്നു. ഏതുതരം ആളുകളില്‍നിന്നാണ് അത്തരം വാദങ്ങള്‍ പുറത്തുവരികയെന്നുകൂടി ആ പ്രവചനത്തില്‍ അവിടുന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു! തിരുമേനി പറയുന്നു :
لاَ أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الأَمْرُ مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ لاَ أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ – أحمد وأبو داود ، والترمذي ، وابن ماجه ، والبيهقي
(സാരം: നിങ്ങളിലൊരാള്‍ തന്റെ അലംകൃതമായ കട്ടിലില്‍ ചാരിയിരുന്നു സുഖിച്ചുകൊണ്ടിരിക്കെ, ഞാന്‍ കല്പിച്ചതോ, വിരോധിച്ചതോ ആയ വല്ല കാര്യവും അവന്റെ അടുക്കല്‍ വരുകയും, അപ്പോള്‍ അവന് ‘എനിക്കു (അതൊന്നും) അറിഞ്ഞുകൂടാ, നാം അല്ലാഹുവിന്റെ കിതാബില്‍ കണ്ടതു നമുക്കു പിന്‍പറ്റാം.’ എന്നു പറയുകയും ചെയ്യുന്നതു ഞാന്‍ കണ്ടെത്താതിരിക്കട്ടെ. (അ:ദാ: തി: ജ: ബ.) ആയത്തിന്റെ അവസാനത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നു പറഞ്ഞതും, അല്ലാഹു കഠിനമായ ശിക്ഷാനടപടി എടുക്കുന്നവനാണെന്നു പറഞ്ഞതും അത്തരക്കാര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.
‘ഫൈഇ’ന്റെ സ്വത്തുക്കള്‍ നബി(صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിക്കുപുറമെ നാലുകൂട്ടരില്‍ വിനിയോഗിക്കുവാനുള്ളതാണ് എന്നു പറഞ്ഞുവല്ലോ. ഈ നാലുകൂട്ടര്‍ എത്തരത്തിലുള്ളവരാണെന്നും, അവരുടെ പ്രത്യേകതകള്‍ എന്താണെന്നും അല്ലാഹു തുടര്‍ന്നു പറയുന്നു:-
- لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴾٨﴿
- അതായതു, തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും, സ്വത്തുക്കളില്‍നിന്നും പുറത്താക്കപ്പെട്ടിട്ടുള്ള 'മുഹാജിറുകളായ [സ്വദേശം വിട്ടുപോയ] ദരിദ്രന്മാര്ക്കു; അല്ലാഹുവിങ്കല്‍നിന്നുള്ള ദയവും പൊരുത്തവും തേടിക്കൊണ്ടും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിച്ചു കൊണ്ടുമിരിക്കവെ (പുറത്താക്കപ്പെട്ടവര്‍) അക്കൂട്ടര്‍തന്നെയാണ് സത്യവാന്മാര്.
- لِلْفُقَرَاءِ ദരിദ്രന്മാര്ക്ക് الْمُهَاجِرِينَ മുജാഹിറുകളായ, അഭയാര്‍ത്ഥികളായ الَّذِينَ أُخْرِجُوا അതായതു പുറത്താക്കപ്പെട്ടവര്‍ مِن دِيَارِهِمْ തങ്ങളുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്നു وَأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കളില്‍നിന്നും يَبْتَغُونَ അവര്‍ തേടി (അന്വേഷിച്ചു) കൊണ്ടിരിക്കവെ فَضْلًا ദയവ്, അനുഗ്രഹം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പൊരുത്തവും, പ്രീതിയും وَيَنصُرُونَ അവര്‍ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കെ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الصَّادِقُونَ സത്യവാന്മാര്
‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണു (رَبُّنَا اللَّـهُ) എന്നു പറഞ്ഞ കാരണത്താല്‍ മക്കയില്‍നിന്ന് നാടും വീടും സ്വത്തുമെല്ലാം വിട്ടേച്ചു മദീനയിലേക്കു നാടു കടക്കുവാന്‍ നിര്‍ബ്ബന്ധിതരായ മുഹാജിറുകളാണ് ഫൈഇന്നു അര്‍ഹരായ മേല്‍പ്രസ്താവിച്ച നാലുകൂട്ടരില്‍ ഒരു വിഭാഗം. അല്ലാഹുവിന്റെ അനുഗ്രഹവും പൊരുത്തവുമാണവരുടെ ലക്ഷ്യം. അല്ലാഹുവിന്റെ ദീനിനേയും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയേയും സഹായിച്ചു സംരക്ഷിക്കുവാന്‍ സര്‍വ്വവും സമര്‍പ്പിച്ചവരാണവര്‍. അപ്പോള്‍, അവര്‍ തന്നെയാണ് സത്യവിശ്വാസം സത്യമായി പുലര്‍ത്തിയര്‍. മറുതുണിയിരിക്കട്ടെ, ഉടുതുണിപോലുമില്ലാത്ത – ഭാവിജീവിതത്തിനു പോകട്ടെ, ഹിജ്റീയാത്രക്കുള്ള ചിലവിനു പോലുമില്ലാത്ത. വിധത്തിലാണവര്‍ മദീനയില്‍ വന്നിരിക്കുന്നത്. ബനൂനള്വീറിന്റെ ഈ സംഭവം നടക്കുമ്പോഴും അവര്‍ ദരിദ്രവര്‍ഗം തന്നെ. മദീനക്കാരായ അന്‍സാരികളുടെ സഹായമാണ് അവര്‍ക്കവിടെ പ്രധാനമായും അവലംബം. ഇതുകൊണ്ടായിരിക്കും ‘ദരിദ്രന്മാരായ മുഹാജിറുകള്‍’ എന്നു പറയാതെ ‘മുഹാജിറുകളായ ദരിദ്രന്മാര്’ (لِلْفُقَرَاءِ الْمُهَاجِرِينَ) എന്നു അല്ലാഹു പറഞ്ഞതും. നള്വീറില്‍ നിന്നു ലഭിച്ച ഫൈഉ സ്വത്തില്‍നിന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അധികം നല്കിയതു മുഹാജിറുകള്‍ക്കായിരുന്നു. അന്‍സാരികള്‍ക്കു ചുരുക്കം ചിലര്‍ക്ക് മാത്രമേ നല്‍കുകയുണ്ടായുള്ളൂ. അതിനും കാരണം ഇതുതന്നെ. മുഹാജിറുകളെപ്പോലെ, അവരുടെ സുഖദുഃഖങ്ങളിലും, ഇസ്ലാമിന്റെ സേവനത്തിലും പങ്കുകൊള്ളുന്നവരാണല്ലോ അന്സാരികള്. അവരുടെ സ്ഥിതിയോ?-
- وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٩﴿
- അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്മാര്ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന് തന്റെ മനസ്സിന്റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
- الَّذِينَ യാതൊരുകൂട്ടരും تَبَوَّءُوا അവര്‍ സൗകര്യപ്പെടുത്തി, ഒരുക്കംചെയ്തു, താമസമാക്കി, സ്വീകരിച്ചു الدَّارَ വാസസ്ഥലം പാര്‍പ്പിടത്തിനു وَالْإِيمَانَ സത്യവിശ്വാസവും, വിശ്വാസത്തിന്നും مِن قَبْلِهِمْ അവരുടെ മുമ്പു يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു مَنْ هَاجَرَ ഹിജ്ര (നാടുവിട്ടു) വന്നവരെ إِلَيْهِمْ തങ്ങളിലേക്കു وَلَا يَجِدُونَ അവര്‍ കാണുന്നില്ല, കണ്ടെത്തുന്നില്ല فِي صُدُورِهِمْ അവരുടെ നെഞ്ചു (മനസ്സു) കളില്‍ حَاجَةً ഒരാവശ്യവും مِّمَّا أُوتُوا അവര്‍ക്കു നല്കപ്പെട്ടത്തില് وَيُؤْثِرُونَ അവര്‍ പ്രാധാന്യം നല്‍കുക (തിരഞ്ഞെടുക്കുക)യും ചെയ്യുന്നു عَلَىٰ أَنفُسِهِمْ തങ്ങളുടെ ദേഹങ്ങളേക്കാള്‍ وَلَوْ كَانَ بِهِمْ തങ്ങളില്‍ ഉണ്ടായിരുന്നാലും خَصَاصَةٌ വല്ല വിടവും, ദാരിദ്ര്യവും, അടിയന്തരാവശ്യവും وَمَن يُوقَ ആരെങ്കിലും (യാതൊരുവന്) കാത്തുരക്ഷിക്കപ്പെടുന്നുവോ شُحَّ نَفْسِهِ തന്റെ മനസ്സിന്റെ പിശുക്കു, ആര്‍ത്തി (യില്‍ നിന്നു) فَأُولَـٰئِكَ هُمُ എന്നാല്‍ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
അൻസാരികളുടെ സ്ഥിതി ഇതാണ്. ഫൈഇൽനിന്നു നല്കപ്പെടുവാൻ അവരിലുള്ള ദരിദ്രന്മാരാണ് അവകാശപ്പെട്ട മറ്റൊരു വിഭാഗം. മുഹാജിറുകൾ തങ്ങളുടെ അടുക്കലേക്കു വരുന്നതിനു മുമ്പായിത്തന്നെ, അവർ മദീനായിൽ പാർപ്പിടം ഉറപ്പിക്കുകയും മുഹജിറുകൾക്ക് വസിക്കുവാൻ വേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസത്തിനു നേരത്തെത്തന്നെ അവർ സ്വീകരണം നൽകിയിട്ടുമുണ്ട്. അതെ, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി മക്കായിൽവെച്ച് പല ഗോത്രങ്ങളെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്ന അവസരത്തിൽ, മദീനായിൽനിന്നു ഹജ്ജിനുവന്നിരുന്ന അഞ്ചാറുപേർ ആദ്യം നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യിൽ വിശ്വസിക്കുകയുണ്ടായി. അടുത്ത കൊല്ലം പന്ത്രണ്ടുപേരും. അങ്ങിനെ, ഇസ്ലാം അവരിൽ സംസാരവിഷയമായി. അടുത്ത വർഷം മദീനക്കാർ പലരും ഹജ്ജിനു വന്നു. അന്ന് ഖുറൈശികൾ അറിയാതെ അവർ അഖബഃ العقبة യിൽവെച്ചു തിരുമേനിക്കു ‘ബൈഅത്തു’ (ഇസ്ലാമിക പ്രതിജ്ഞ) ചെയ്കയുണ്ടായി. എഴുപതിൽപരം പുരുഷന്മാരും രണ്ടു സ്ത്രീകളും അതിൽ പങ്കെടുത്തിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ‘ബൈഅത്തി’ൽ ഇസ്ലാമിനും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നു അവർ ഏറ്റിരുന്നു. അതിനുശേഷം ഖുറൈശികളുടെ അക്രമം കൊടുമ്പിരിക്കൊള്ളുകയും മുസ്ലിംകൾ മദീനായിലേക്കു ഹിജ്റ പോകുകയുമാണുണ്ടായത്. അങ്ങിനെ, മുഹാജിറുകൾ അവിടെ ചെല്ലുമ്പോഴേക്കുതന്നെ തങ്ങളുടെ നാട്ടിൽ അവർക്കു താമസിക്കുവാനുള്ള സൗകര്യം അവർ സംജാതമാക്കിയിരുന്നു. മദീനായിലെ വീടുകളിൽ സത്യവിശ്വാസം സ്ഥലം പിടിക്കുകയും ചെയ്തിരുന്നു.
മുഹാജിറുകൾ ചെന്നുചേർന്ന ശേഷമോ? ഓരോ മുഹാജിറിനെയും ഓരോ സഹോദരൻ തന്റെ ഒന്നിച്ചു താമസിപ്പിച്ചു; തങ്ങളുടെ സ്വത്തിൽനിന്നും ഓരോ പങ്കുകൊടുത്തു; രണ്ടു ഭാര്യമാരുള്ള ചിലർ ഒരാളെ വിവാഹമോചനം ചെയ്തു തന്റെ സഹോദരനു വിവാഹം കഴിപ്പിച്ചുകൊടുത്തു. തങ്ങൾ പട്ടിണി കിടന്നും അവര്‍ക്കു ഭക്ഷണം നല്കി. അതെ, ബൈഅത്തുല്‍ അഖബഃയിലെ കരാറുകള്‍ തികച്ചും, അതിനപ്പുറവും അവര്‍ പാലിച്ചു. അന്‍സാരികളുടെ പെരുമാറ്റത്തെക്കുറിച്ചു മുഹാജിറുകള്‍ ഇപ്രകാരം പ്രസ്താവിച്ചതായി അനസ് (رَضِيَ اللهُ تَعَالَى عَنْه) പറയുകയുണ്ടായി: ‘റസൂലേ, നാം വന്നു ചേര്‍ന്നിട്ടുള്ള ഈ ജനതയെപ്പോലെ, ഏതൊരു നിസ്സാരകാര്യത്തിലും ഇത്രയും നന്നായി സഹകരണം ചെയ്യുന്നതും, ഇത്ര വളരെ ഔദാര്യം ചെയുന്നതുമായ ഒരു ജനതയെ ഞങ്ങള്‍ കണ്ടിട്ടില്ല. ഞങ്ങളുടെ ഭാരങ്ങള്‍ അവര്‍ ഞങ്ങള്‍ക്കു തീര്‍ത്തുതരുന്നു. ഞങ്ങളുടെ ജോലികളിൽ അവര്‍ ഞങ്ങളോടു പങ്കുചേരുന്നു. ആകയാല്‍ (അല്ലാഹുവിങ്കല്‍നിന്നുള്ള) കൂലിയെല്ലാം അവര്‍ കൊണ്ടുപോയിക്കളയുമോ എന്നു ഞങ്ങള്‍ക്കു ഭയമായിരിക്കുന്നു.’ ഇതു കേട്ടപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇല്ല-നിങ്ങള്‍ അവരെപ്പറ്റി പുകഴ്ത്തിപ്പറയുകയും, അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അതുണ്ടാവുകയില്ല-‘ (അ) ചുരുക്കിപ്പറഞ്ഞാല്‍ മുഹാജിറുകളെ അവര്‍ അങ്ങേയറ്റം ഹൃദയംഗമമായി സ്നേഹിച്ചിരുന്നു. (يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ)
എനി, ഇത്രയെല്ലാം ഉദാരമായി അവര്‍ മുഹാജിറുകളോടു പെരുമാറിയിരുന്നുവെങ്കിലും, തങ്ങള്‍ക്കു ലഭിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ലഭ്യങ്ങളിലോ നേട്ടങ്ങളിലോ അന്‍സാരികള്‍ക്കു വല്ല അസൂയയോ വെറുപ്പോ ഉണ്ടായിരുന്നുവോ? ഒരിക്കലുമില്ല. വേണമെങ്കില്‍, ബനൂനള്വീറില്‍നിന്നു ലഭിച്ച ‘ഫൈഉ’ അവര്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭാഗിച്ചുകൊടുക്കുമായിരുന്നു. പക്ഷേ, മുഹാജിറുകളില് ഭാഗിച്ചുകൊടുക്കുവാന്‍ അവര്‍ സമ്മതിക്കുകയാണു ചെയ്തത്. ബഹ്റൈനിയില്‍നിന്നു ലഭിച്ച ഭൂമികള്‍ അവര്‍ക്കു ഭാഗിച്ചു കൊടുക്കാമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞപ്പോള്‍, ‘വേണ്ടാ, ഞങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകള്‍ക്കും അതുപോലെ നല്കുന്നുണ്ടെങ്കില് മതി’ എന്നായിരുന്നു അവരുടെ മറുപടി. (ബു.) ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ തന്റെ ദാരിദ്രത്തെക്കുറിച്ചു സങ്കടപ്പെട്ടുകൊണ്ടു വന്ന ഒരു അതിഥിയെ സല്ക്കരിക്കുവാന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരുടെ വീടുകളില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ രാത്രി അദ്ദേഹത്തെ സല്ക്കരിക്കുവാന് ആരുണ്ടു എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്വേഷിച്ചു. അന്‍സാരിക്കാരനായ അബൂത്വല്‍ഹഃ (رَضِيَ اللهُ تَعَالَى عَنْه) മുമ്പോട്ടുവന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെവീട്ടിലാകട്ടെ, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞുങ്ങളെ നേരത്തെത്തന്നെ കിടത്തി ഉറക്കുവാനും, ഭക്ഷണത്തിനിരിക്കുമ്പോള്‍ വിളക്കില്ലാതെ കഴിച്ചുകൂട്ടുവാനും ആ മാന്യന് തന്റെ ഭാര്യയുമായി പരിപാടിയിട്ടു. അങ്ങനെ, വീട്ടുകാരെല്ലാം പട്ടിണികിടന്ന് ഉള്ള ഭക്ഷണംകൊണ്ടു അതിഥിയെ സല്ക്കരിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇവരെപ്പറ്റി വളരെ പ്രശംസിക്കുകയുണ്ടായി. ഈ സംഭവം പ്രധാനപ്പെട്ട പല ഹദീസുപണ്ഡിതന്മാരും വിസ്തരിച്ചു രേഖപ്പെടുത്തിക്കാണാം. അന്‍സാരികളുടെ ഇത്തരത്തിലുള്ള ഗുണഗണങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ് അവരെപ്പറ്റി, അവരില്‍ എന്തെങ്കിലും വിടവു -അഥവാ പ്രാരാബ്ധമോ വിഷമമോ- ഉണ്ടായാലും അവര്‍ തങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്കു പ്രാധാന്യം നല്‍കും എന്നു അല്ലാഹു പറയുന്നതും.
സ്നേഹം, ഔദാര്യം, ത്യാഗം, നിസ്വാര്‍ത്ഥത ആദിയായ ഗുണങ്ങളില്‍ അന്സാരികള് ഈ നിലക്ക് എത്തിച്ചേരുവാനുള്ള കാരണമെന്താണെന്നും, മനുഷ്യര്‍ക്കിടയില്‍ ഇതുപോലെയുള്ള ഗുണങ്ങള്‍ വിരളമായിത്തീരുവാനുള്ള കാരണമെന്താണെന്നും അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു: وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ (തന്റെ മനസ്സിന്റെ പിശുക്കില്‍നിന്നു ആര് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍തന്നെയാണ് വിജയികള്‍) ‘പിശുക്കു’ എന്നു വിവര്‍ത്തനം ചെയ്തത് شُحّ (ശുഹ്-ഹു) എന്ന പദത്തെയാണ്. കൈവശമുള്ളതു ചിലവഴിക്കാതെ ലുബ്ധത കാണിക്കുകയും, മറ്റുള്ളവരുടെ കയ്യിലുള്ളതുകൂടി ലഭിക്കണമെന്ന് മോഹിക്കുകയും ചെയ്യുന്നതാണ് ‘ശുഹ്-ഹ്.’ ഈ രണ്ടു കാര്യങ്ങളുംകൂടി ദ്യോതിപ്പിക്കുന്ന ഒറ്റ വാക്കു മലയാളത്തില്‍ കാണുന്നില്ല. ഏതായാലും അന്സാരികള് ‘ശുഹ-ഹി’ല്‍ നിന്നും വിമുക്തരായിരുന്നുവെന്നും, ശുഹ്-ഹ്’ നിമിത്തമാണ് മനുഷ്യന് സ്വാര്‍ത്ഥം മുതലായ ദുര്‍ഗ്ഗുണങ്ങള്‍ക്കു വശംവദരാകുന്നതെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ ‘ശുഹ്-ഹ്’ (പിശുക്ക്) സൂക്ഷിക്കുവിന്‍. കാരണം, ‘ശുഹ്-ഹു’ നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെ നാശത്തില്‍ പതിപ്പിച്ചിരിക്കുന്നു. തങ്ങുടെ രക്തം ചിന്തുവാനും, അവരില്‍ വിരോധിക്കപ്പെട്ട കാര്യങ്ങളെ അനുവദനീയമാക്കുവാനും അതു അവരെ പ്രേരിപ്പിച്ചു.’ (മു.) മറ്റൊരു നബി വചനം ഇപ്രകാരം വന്നിരിക്കുന്നു; ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ (യുദ്ധം മൂലമുണ്ടാകുന്ന) പൊടിയും, നരകാഗ്നിയുടെ പുകയുംകൂടി ഒരു അടിയാന്റെ ഉള്ളില്‍ ഒരിക്കലും സമ്മേളിക്കുകയില്ല. സത്യവിശ്വാസവും, ശുഹ്-ഹും കൂടി ഒരു അടിയാന്റെ ഹൃദയത്തില്‍ ഒരിക്കലും സമ്മേളിക്കുന്നതുമല്ല. (തിര്‍മദീയും മറ്റു ചിലരും) അല്ലാഹു നമ്മെ പിശുക്കില്‍നിന്നും അതിന്റെ ദോഷങ്ങളില്‍നിന്നും കാത്തുരക്ഷിക്കട്ടെ. ആമീന്‍.
ഫൈഇന്റെ അവകാശികളായ പാവപ്പെട്ടവര്‍ ഉള്‍കൊള്ളുന്ന ദരിദ്രരായ മുഹാജിറുകളെപ്പറ്റിയും, അന്‍സാരികളെപ്പറ്റിയും വിവരിച്ചശേഷം അവര്‍ ഉള്‍ക്കൊള്ളുന്ന മൂന്നാമത്തെ വിഭാഗത്തെക്കുറിച്ചു പറയുന്നു:-
- وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ ﴾١٠﴿
- അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! 'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'.
- وَالَّذِينَ جَاءُوا വന്നവരും مِن بَعْدِهِمْ അവരുടെശേഷം يَقُولُونَ അവര്‍ പറയും, പറയുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തു തരേണമേ وَلِإِخْوَانِنَا ഞങ്ങളുടെ സഹോദരങ്ങള്‍ക്കും الَّذِينَ سَبَقُونَا ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞ (മുന്‍കടന്ന) വരായ بِالْإِيمَانِ സത്യവിശ്വാസത്തോടെ وَلَا تَجْعَلْ ആക്കരുതേ, ഉണ്ടാക്കരുതേ فِي قُلُوبِنَا ഞങ്ങളുടെ ഹൃദയങ്ങളില്‍ غِلًّا വിദ്വേഷം, പക, ചതി, കെട്ടിക്കുടുക്ക് لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ رَءُوفٌ വളരെ കൃപ (ദയ) ഉള്ളവനാണു رَّحِيمٌ കരുണാനിധിയാണു
സഹാബികളുടെ തൊട്ട് ശേഷം വരുന്ന അവരുടെ പിന്‍ഗാമികളായ ‘താബിഉ’ (التابعون) കളാണ് പ്രധാനമായും ഉദ്ദേശ്യം. പിന്നീടു ഖിയാമത്തുനാള്‍വരെയുണ്ടാകുന്ന അവരുടെ പിന്‍ഗാമികള്‍ പൊതുവിലും ഉള്‍പ്പെടുന്നു. സൂഃ തൗബഃയില്‍ മുഹാജിറുകളെയും അന്‍സാരികളെയും കുറിച്ചു വിവരിച്ചശേഷം (100-ാം വചനത്തില്‍) وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ (സുകൃതം ചെയ്തുകൊണ്ടു അവരെ പിന്‍പറ്റിയവരും) എന്നു പറഞ്ഞിരിക്കുന്നു. സഹാബികളുടെ മാതൃകകളെ പിന്‍പറ്റിക്കൊണ്ടു പില്ക്കാലങ്ങളില് ജീവിച്ചു പോന്ന, സത്യവിശ്വാസികളാണ് ഇതു കൊണ്ടുദ്ദേശ്യം എന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ഇങ്ങനെയുള്ളവരില്‍പെട്ട ദരിദ്ര ജനങ്ങള്‍ക്കും അതതുകാലത്തു ലഭിക്കുന്ന ഫൈഇല്‍ നിന്നു നല്കപ്പെടെണ്ടതാണ് എന്നു താല്പര്യം.
സഹാബികളുടെ കാലടികളെ പിന്‍പറ്റിയ സജ്ജനങ്ങളാണ് ഇവിടെ ഉദ്ദേശ്യമെന്നുള്ളതിനു അവരുടെ ഈ പ്രാര്‍ത്ഥനതന്നെ തെളിവാകുന്നു. അവരുടെ ജീവിതക്രമങ്ങളെയും സല്‍ഗുണങ്ങളെയും തൃപ്തിപ്പെടുകയും, മാനിക്കുകയും ചെയ്തതുകൊണ്ടാണല്ലോ അവര്‍ക്കും തങ്ങള്‍ക്കും വേണ്ടി ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയിലാകട്ടെ, തങ്ങളുടെ മുന്‍കഴിഞ്ഞ ആ സത്യവിശ്വാസികളോടു തങ്ങളുടെ ഉള്ളില്‍ യാതൊരു വിദ്വേഷമോ, പകയോ വെറുപ്പോ ഒന്നും ഉണ്ടാകരുതെന്നുംകൂടി അവര്‍ അല്ലാഹുവിനോടപേക്ഷിക്കുന്നു. മുന്‍ഗാമികളായ സജ്ജനങ്ങളോടു ബഹുമാനമുള്ളവരുടെ ഹൃദയത്തില്‍നിന്നും, നാവില്‍നിന്നും മാത്രമേ ഈ പ്രാര്‍ത്ഥന പുറപ്പെടുകയുള്ളൂ. നേരെമറിച്ച് – ഇന്നത്തെ മുസ്ലിം സമുദായത്തിലെ ഒരു കൂട്ടം ആളുകളില്‍ (*) പടര്‍ന്നുപിടിച്ചിട്ടുള്ളതുപോലെ – സഹാബികളോടും അവരുടെ നടപടിക്രമങ്ങളനുസരിച്ചുപോന്ന മുന്‍ഗാമികളോടും ആദരവും സ്നേഹവും തോന്നാത്തവര്‍ മനഃപൂര്‍വ്വം ഇങ്ങിനെയുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യുന്നതിനുപകരം, കിട്ടിയ അവസരം ഉപയോഗപ്പെടുത്തി അവരെ പഴിക്കുവാനും അവരോടു വെറുപ്പും വിദ്വേഷവും വെച്ചുകൊണ്ടു അവരെ ഇടിച്ചു താഴ്ത്തുവാനുമാണല്ലോ മുതിരുക. സൂറത്തുല്‍ ഹദീദ് 10-ാം വചനത്തില്‍ വ്യാഖ്യാനത്തില്‍ സഹാബികളെക്കുറിച്ചു ഉദ്ധരിച്ച ഹദീസുകള്‍ ഓര്‍ക്കുക.
(*) ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണെന്ന് സ്വയം വാദിക്കുന്നതോടൊപ്പം ഖുര്‍ആനെയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അനുയായികളാണെന്നു അവകാശപ്പെട്ടുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും പഴഞ്ചനെന്നും അപരിഷ്കൃതരെന്നും മറ്റും പറഞ്ഞു പരിഹസിക്കുവാന്‍ -പോരാ, അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെന്നു ജല്‍പ്പിച്ചുകൊണ്ടു അല്ലാഹുവിന്റെ ചില മഹല്‍ഗുണങ്ങളെ വിമര്‍ശന വിധേയമാക്കുവാന്‍ പോലും- സങ്കോചമില്ലാത്ത മുസ്ലിം നാമധാരികള്‍ ഇന്നു വിരളമല്ല. എന്നിരിക്കെ, സഹാബികളേയും, മുന്‍ഗാമികളായ സജ്ജനങ്ങളേയും അപമാനിച്ചു പറയുന്നതില്‍ അത്ഭുതപ്പെടുവാന്‍ എന്തുണ്ട്?! معاذ الله
ഈ വചനത്തില്‍നിന്നു നമുക്കു ചില സംഗതികള്‍ മനസ്സിലാക്കാവുന്നതാണ്.
(1) ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടുപോയ സത്യവിശ്വാസിക്കുവേണ്ടിയും പ്രാര്ത്ഥിക്കുന്നതു സല്‍ക്കര്‍മവും, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്നതുമാകുന്നു. അതു സജ്ജനങ്ങളുടെ ലക്ഷണവുമാണ്. ഈ വചനത്തില്‍ കാണുന്ന പ്രാര്‍ത്ഥന അതിനൊരു മാതൃകയുമാകുന്നു. ഇക്കാര്യം നബി വചനങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതത്രെ.
(2) മുന്‍ഗാമികളായ സജ്ജനങ്ങളെ കുറ്റം പറയുകയും, അവരെക്കുറിച്ചു വിദ്വേഷവും വെറുപ്പും വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതു ദുർജനങ്ങളുടെ ലക്ഷണമാകുന്നു. പ്രത്യേകിച്ചും സഹാബികളെപ്പറ്റി.സഹാബികളെ പഴിക്കുന്നവരായ റാഫിള്വഃ (الرافضة) കക്ഷിക്കു ഫൈഉ സ്വത്തില്‍നിന്നു ഓഹരി നല്കികൂടാ എന്നു ഇമാം മാലിക്ക് (رحمة الله عليه) ഈ ആയത്തില്‍ നിന്നു മനസ്സിലാക്കിയിരിക്കുന്നതു ഇവിടെ പ്രസ്താവ്യമാകുന്നു. മുഹാജിറുകളും, അന്‍സാരികളുമായ സഹാബികളെയും അവരെ പിന്‍പറ്റിയ പിന്‍ഗാമികളെയും സംബന്ധിച്ച പ്രസ്താവനകള്‍ക്കു ശേഷം, പിന്നീടു മദീനായില്‍ അവശേഷിക്കുന്ന മുസ്ലിം വേഷധാരികളായ മുനാഫിഖുകളെപ്പറ്റി അല്ലാഹു വിവരിക്കുന്നു:-
വിഭാഗം - 2
- ۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ ﴾١١﴿
- (നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരില്നിന്ന് അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്മാരോടു അവര്‍ പറയുന്നു: 'നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.' അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്.
- أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു نَافَقُوا കപടത പ്രവര്‍ത്തിച്ച (കപടവിശ്വാസം സ്വീകരിച്ച) يَقُولُونَ അവര്‍ പറയുന്നു لِإِخْوَانِهِمُ തങ്ങളുടെ സഹോദരന്മാരോടു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് لَئِنْ أُخْرِجْتُمْ നിങ്ങള്‍ ബഹിഷ്ക്കരിക്കപ്പെട്ടുവെങ്കില്‍ لَنَخْرُجَنَّ നിശ്ചയമായും ഞങ്ങള്‍ പുറപ്പെടും, പുറത്തുപോകും مَعَكُمْ നിങ്ങളുടെ കൂടെ, ഒപ്പം وَلَا نُطِيعُ ഞങ്ങള്‍ അനുസരിക്കുകയുമില്ല فِيكُمْ നിങ്ങളുടെ വിഷയത്തില്‍ أَحَدًا ഒരാളെയും أَبَدًا ഒരു കാലത്തും وَإِن قُوتِلْتُمْ നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ لَنَنصُرَنَّكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ എന്ന്
കപടവിശ്വാസികളുടെ നേതൃത്വം വഹിക്കുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് മുതലായവര്‍ നള്വീര് ഗോത്രക്കാരായ യഹൂദികളോടു പറഞ്ഞിരുന്ന വാക്കുകളാണിവ. രണ്ടുകൂട്ടരും തമ്മില്‍ ജാതിവ്യത്യാസമുണ്ടെങ്കിലും, അവിശ്വാസത്തിലും, മുസ്ലിംകളോടുള്ള പകയിലും പരസ്പരം സഹോദരന്മാരാണല്ലോ. അവരുടെ വീരവാദങ്ങളും വാഗ്ദാനങ്ങളും തനി കള്ളവും പൊള്ളയുമാണെന്നു അല്ലാഹു ഉറപ്പിച്ചു പറയുന്നു. അതെ,-
- لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ ﴾١٢﴿
- അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല; അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല.
- لَئِنْ أُخْرِجُوا അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍ لَا يَخْرُجُونَ ഇവര്‍ പുറത്തുപോകുയില്ല, പുറപ്പെടുകയില്ല مَعَهُمْ അവരുടെ ഒപ്പം وَلَئِن قُوتِلُوا അവരോടു യുദ്ധം ചെയ്യപ്പെട്ടെങ്കിലോ لَا يَنصُرُونَهُمْ ഇവര്‍ അവരെ സഹായിക്കയില്ല وَلَئِن نَّصَرُوهُمْ അവരെ ഇവര്‍ സഹായിച്ചാല്‍തന്നെയും لَيُوَلُّنَّ الْأَدْبَارَ ഇവര്‍ പിന്തിരിഞ്ഞോടും ثُمَّ لَا يُنصَرُونَ പിന്നെ അവര്‍ സഹായിക്കപ്പെടുക (അവര്‍ക്കു സഹായം ലഭിക്കുക)യില്ല
സംഭവിച്ചതും അല്ലാഹു പറഞ്ഞതുപോലെത്തന്നെ എന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തില്‍ മാത്രമല്ല, നള്വീറിന്റെ സഹോദരഗോത്രങ്ങളായ ഖുറൈളഃയിലെയും, ഖൈബറിലെയും യഹൂദികളുമായുണ്ടായ യുദ്ധങ്ങളിലും മുനാഫിഖുകള്‍ അവരെ സഹായിക്കുകയുണ്ടായില്ല.
- لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ﴾١٣﴿
- നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു.
- لَأَنتُمْ നിങ്ങള്‍, നിങ്ങള്‍തന്നെ أَشَدُّ رَهْبَةً പേടിയില്‍ അധികം കാഠിന്യമുള്ളവരാണു (അധികം പേടിക്കപ്പെടുന്നവരാണ്) فِي صُدُورِهِم അവരുടെ നെഞ്ചു (ഹൃദയം)കളില്‍ مِّنَ اللَّـهِ അല്ലാഹുവിനെക്കാളും ذَٰلِكَ അതു بِأَنَّهُمْ قَوْمٌ അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണു لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത
- لَا يُقَٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴾١٤﴿
- കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ.
- لَا يُقَاتِلُونَكُمْ അവര്‍ നിങ്ങളോടു യുദ്ധം ചെയ്കയില്ല جَمِيعًا മുഴുവനായിട്ടു (യോജിച്ചു-ഒരുമിച്ചു-സംഘടിച്ചുകൊണ്ടു) إِلَّا فِي قُرًى രാജ്യങ്ങളില്‍ (നാടുകളില്‍) വെച്ചല്ലാതെ مُّحَصَّنَةٍ കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട أَوْ مِن وَرَاءِ അല്ലെങ്കില്‍ പിന്നില്‍ നിന്നല്ലാതെجُدُرٍ വല്ല മതിലുകളുടെയും بَأْسُهُم അവരുടെ സമരം, ശക്തി, ശൂരത بَيْنَهُمْ അവര്‍ക്കിടയില്‍ شَدِيدٌ കഠിനമായതാണ് تَحْسَبُهُمْ നീ അവരെ വിചാരിക്കും, ഭാവിക്കുന്നു جَمِيعًا ഒരുമിച്ച (യോജിച്ച)വരാണെന്നു وَقُلُوبُهُمْ അവരുടെ ഹൃദയങ്ങളാകട്ടെ شَتَّىٰ ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ് ذَٰلِكَ അതു بِأَنَّهُمْ അവര്‍ ആകുന്നുവെന്നതു കൊണ്ടാണ് قَوْمٌ ഒരു ജനത لَّا يَعْقِلُونَ ബുദ്ധികൊടുക്കാത്ത, മനസ്സിലാക്കാത്ത
കപടവിശ്വാസികള്‍ ബുദ്ധിഹീനരും ചിന്താശൂന്യരുമാകകൊണ്ടു അല്ലാഹുവിനെക്കുറിച്ചുള്ളതിനെക്കാള്‍ ഭയം അവര്‍ക്കു സത്യവിശ്വാസികളെക്കുറിച്ചാകുന്നു. അതുകൊണ്ടാണല്ലോ അവര്‍ പ്രത്യക്ഷത്തില്‍ വിശ്വാസികളായി നടിക്കുന്നതും. സത്യവിശ്വാസികളുടെ ആത്മാര്‍ത്ഥതയും ധീരതയും വിശ്വാസദാര്‍ഢ്യതയും അവര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ടു സത്യവിശ്വാസികളോടു യുദ്ധത്തിനിറങ്ങുവാന്‍ അവര്‍ ധൈര്യപ്പെടുകയില്ല. എനി, അവരും അവരുടെ കൂട്ടുകാരും ഒത്തൊരുമിച്ചു യുദ്ധത്തിനു മുതിരുകയാണെങ്കില്‍ തന്നെ, വല്ല കോട്ടക്കുള്ളില്‍വെച്ചോ, മതിലുകളുടെ മറവുപിടിച്ചോ ഒളിപ്പോരു നടത്തുവാനല്ലാതെ, വെളിക്കിറങ്ങി യുദ്ധം നടത്തുവാനും അവര്‍ ധൈര്യപ്പെടുകയില്ല. അവര്‍ തമ്മതമ്മില്‍ പോരാട്ടം നടക്കുകയാണെങ്കില്‍ അവര്‍ വളരെ ശൂരതയും ശക്തിയും പ്രകടിപ്പിച്ചേക്കും. പക്ഷേ, അല്ലാഹുവിന്റെ സൈന്യത്തെ എതിരിടുവാന്‍ ധൈര്യം അവര്‍ക്കില്ല. കാഴ്ചയില്‍ അവരെല്ലാം ഒത്തൊരുമിച്ചവരാണെങ്കിലും, വാസ്തവത്തില്‍ ഹൃദയം ഭിന്നിച്ചവരും തമ്മതമ്മില്‍ വെറുപ്പും പകയും വെച്ചുകൊണ്ടിരിക്കുന്നവരുമാണ്.
- كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾١٥﴿
- (ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്.
- كَمَثَلِ الَّذِينَ യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള قَرِيبًا അടുത്തു, സമീപകാലത്തു ذَاقُوا അവര്‍ ആസ്വദിച്ചു, രുചിനോക്കി وَبَالَ أَمْرِهِمْ അവരുടെ കാര്യത്തിന്റെ ദുഷ്ഫലം, കെടുതി, നാശം وَلَهُمْ അവര്‍ക്കുണ്ട്താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
ഇവരുടെ അല്പം മുമ്പു ഒരു ജനത ഇവരെപ്പോലെത്തന്നെ അക്രമം പ്രവര്‍ത്തിച്ചു. അതിന്റെ ഭവിഷ്യത്തു ഇഹത്തില്‍വെച്ചു അവര്‍ അനുഭവിച്ചു. പരലോകത്തുവെച്ചുള്ള വമ്പിച്ച ശിക്ഷ പുറമെയും ഉണ്ടായിരിക്കും. അതു പോലെത്തന്നെയാണ് ഇവരുടെ -ഈ യഹൂദികളുടെ, അല്ലെങ്കില്‍ യഹൂദികളുടെയും മുനാഫിഖുകളുടെയും- അവസ്ഥ എന്നു സാരം. അടുത്തു കഴിഞ്ഞ സംഭവംകൊണ്ടു വിവക്ഷ ബദര്‍യുദ്ധമാണെന്നും, ഖൈനുഖാഉ് (قينقاع) ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവമാണെന്നും രണ്ടഭിപ്രായമുണ്ട്. ബനൂനള്വീറിന്റെ സംഭവം ബനൂഖൈനുഖാഇന്റെ സംഭവത്തിന്റെ മുമ്പാണോ, അതല്ല പിമ്പാണോ സംഭവിച്ചതെന്ന അഭിപ്രായത്തില്‍നിന്നു ഉത്ഭവിച്ചതാണ് ഈ രണ്ടു അഭിപ്രായങ്ങള്‍. നള്വീറിന്റെ സംഭവമുണ്ടാകുന്നതിനു മുമ്പു തന്നെ ഖൈനുഖാഇന്റെ സംഭവം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ശരിയായ അഭിപ്രായം. ആ നിലക്ക് ഖൈനുഖാഇലെ യഹൂദികളുടെ മാതിരിത്തന്നെയാണ് നള്വീറിലെ യഹൂദികളുടെയും അവസ്ഥ എന്നായിരിക്കും ആയത്തിന്റെ താല്പര്യം.
ഖൈനുഖാഇലെ യഹൂദികളും ഇവരെപ്പോലെ കരാറുലംഘനവും ചതിയും നടത്തുകയാണ് ചെയ്തത്. അതിനാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെനേരെ പടയെടുത്തു. അവര്‍ കോട്ടയില്‍ അഭയം പ്രാപിച്ചുവെങ്കിലും പതിനഞ്ചു ദിവസത്തെ ഉപരോധനത്തിനുശേഷം, തങ്ങളുടെ പരിവാരസമേതം നാടുവിട്ടുപോയിക്കൊള്ളുവാന്‍ തങ്ങളെ അനുവദിക്കണമെന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അപേക്ഷിച്ചു. തിരുമേനി അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്റുആത്തി (اذرعات) ലേക്കു നാടുവിട്ടുപോയി. മുനാഫിഖുകള്‍ അവരുടെ തുരപ്പന്‍ വേലകള്‍ ഈ സംഭവത്തിലും നടത്തുകയുണ്ടായി. ഇതാണ് ഖൈനുഖാഇലെ യഹൂദികളുടെ സംഭവത്തിന്റെ ചുരുക്കം. അടുത്ത ആയത്തില്‍, മുനാഫിഖുകളുടെയും, യഹൂദികള്‍ അവരുടെ വാക്കു വിശ്വാസിച്ചതിന്റെയും ഉപമ വിവരിക്കുന്നു:
- كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ ﴾١٦﴿
- (അതെ) പിശാചിന്റെ മാതിരി; അവന് മനുഷ്യനോട്'നീ അവിശ്വാസിച്ചുകൊള്ളുക' എന്നു പറഞ്ഞ സന്ദര്‍ഭം; എന്നിട്ട് അവന് [മനുഷ്യന്] അവിശ്വസിച്ചപ്പോഴോ, അവന് പറഞ്ഞു : 'ഞാന്‍ നിന്നില്‍നിന്നും ഒഴിവായവനാണ് [നാം തമ്മില്‍ ബന്ധമില്ല]; നിശ്ചയമായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.'
- كَمَثَلِ الشَّيْطَانِ പിശാചിനെപ്പോലെ, പിശാചിന്റെ മാതിരി إِذْ قَالَ അവന് പറഞ്ഞ സന്ദര്‍ഭം لِلْإِنسَانِ മനുഷ്യനോടു اكْفُرْ നീ അവിശ്വസിക്കുക فَلَمَّا كَفَرَ എന്നിട്ടവന്‍ അവിശ്വസിച്ചപ്പോഴോ قَالَ അവന് പറഞ്ഞു إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായ (ബന്ധമില്ലാത്ത - ഉത്തരവാദമില്ലാത്ത) വനാണു مِّنكَ നിന്നില്‍നിന്നു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു اللَّـهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
- فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ ﴾١٧﴿
- അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവര്‍ രണ്ടുപേരും നിത്യവാസികളായ നിലയില്‍ നരകത്തിലാണ് എന്നതായിരുന്നു. അക്രമികളുടെ പ്രതിഫലമത്രെ അത്.
- فَكَانَ അങ്ങനെ ആയി عَاقِبَتَهُمَا രണ്ടാളുടെയും പര്യവസാനം, കലാശം أَنَّهُمَا فِي النَّارِ രണ്ടുപേരും നരകത്തിലാണു എന്നുള്ളതു خَالِدَيْنِ فِيهَا അതില്‍ രണ്ടാളും നിത്യവാസികളായ നിലയില്‍ وَذَٰلِكَ അതു جَزَاءُ الظَّالِمِينَ അക്രമികളുടെ പ്രതിഫലമത്രെ
പിശാചു പല സൂത്രങ്ങളും പ്രയോഗിച്ചു മനുഷ്യനെ വഴിപിഴപ്പിക്കുന്നു. അതു സംഭവിച്ചു കഴിഞ്ഞാല്‍ അവന് ഒഴിഞ്ഞുമാറുകയും ചെയുന്നു. അവനെ സഹായിക്കുവാനോ രക്ഷിക്കുവാനോ പിന്നെ പിശാചിനെ കിട്ടുകയില്ല. അവസാനം ശിക്ഷയില്‍ രണ്ടുപേരും പങ്കാളികളാണുതാനും. ഇതുപോലെത്തന്നെയാണ് കപടവിശ്വാസികളുടെയും അവരുടെ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും കേട്ടു വഞ്ചിതരായ ആ യഹൂദികളുടെയും അവസ്ഥ എന്നു സാരം. അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു അവരെ ഉപദേശിക്കുന്നു:-
വിഭാഗം - 3
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٨﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَلْتَنظُرْ നോക്കട്ടെ, ആലോചിക്കട്ടെ نَفْسٌ ഓരോ ദേഹവും (ആത്മാവും, ആളും) مَّا قَدَّمَتْ അതു (താന്‍) മുന്‍ ചെയ്തു (ഒരുക്കി)വെച്ചതു لِغَدٍ നാളേക്കുവേണ്ടി وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
- وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ﴾١٩﴿
- അല്ലാഹുവിനെ മറന്നുകളയുകയും, അങ്ങനെ, അവര്‍ക്കു അവരെത്തന്നെ അവന് മറപ്പിച്ചുകളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങിനെയുള്ളവര്‍ തന്നെയാണ് തോന്നിയവാസികള്‍.
- وَلَا تَكُونُوا നിങ്ങള്‍ ആകരുതു كَالَّذِينَ യാതൊരുവരെപ്പോലെ نَسُوا اللَّـهَ അവര്‍ അല്ലാഹുവിനെ മറന്നു فَأَنسَاهُمْ അപ്പോള്‍ അവന് അവരെ മറപ്പിച്ചു أَنفُسَهُمْ അവരെത്തന്നെ, അവരുടെ ദേഹങ്ങളെ أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍
- لَا يَسْتَوِىٓ أَصْحَٰبُ ٱلنَّارِ وَأَصْحَٰبُ ٱلْجَنَّةِ ۚ أَصْحَٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ ﴾٢٠﴿
- നരകക്കാരും, സ്വര്‍ഗക്കാരും സമമാവുകയില്ല; സ്വര്‍ഗക്കാരായുള്ളവര്‍ തന്നെയാണ് ഭാഗ്യവാന്മാര്.
- لَا يَسْتَوِي സമമാവുകയില്ല أَصْحَابُ النَّارِ നരകക്കാര്‍ وَأَصْحَابُ الْجَنَّةِ സ്വര്‍ഗക്കാരും أَصْحَابُ الْجَنَّةِ സ്വര്‍ഗക്കാര്‍ هُمُ الْفَائِزُونَ അവരത്രെ ഭാഗ്യവാന്മാര്
വളരെ വിലയേറിയ മൂന്നു ഉപദേശങ്ങള്‍! മനുഷ്യന്റെ ഭാവിനിര്‍ണ്ണയവും, അവനു രക്ഷയും മോക്ഷവും ലഭിക്കലും ആ മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
(1) അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സ്വീകരിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരായി ജീവിക്കുക എന്നാണ് അല്ലാഹുവിനെ സൂക്ഷിക്കുക എന്നതുകൊണ്ടു വിവക്ഷ. ഇതാണ് എല്ലാറ്റിലുംവെച്ചു മര്‍മ്മപ്രധാനമായ വിഷയവും. അതുകൊണ്ടു ഇക്കാര്യം ഒരേ വചനത്തില്‍ തന്നെ രണ്ടുവട്ടം ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുന്നു.
(2) ഓരോരുത്തനും അവന്റെ നാളത്തേക്കുവേണ്ടി -ആസന്നവും ശാശ്വതവുമായ പരലോകജീവിതത്തിലേക്കുവേണ്ടി- എന്തൊക്കെയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നു ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങിനെ ചെയ്യുന്ന മനുഷ്യന് അവന്റെ കുറവുകളും വിടവുകളും കണ്ടെത്തുമല്ലോ. അപ്പോള്‍, അതു പരിഹരിക്കുവാന്‍ അവന് ശ്രമിക്കയും ചെയ്യും.
(3) അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഭയമോ ഇല്ലാതെ, അവന്റെ നിയമനിര്‍ദ്ദേശങ്ങളെ വകവെക്കാതെ, അവനെ മറന്നുകളയുകയും അങ്ങനെ സ്വന്തം രക്ഷാമാര്‍ഗങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതായിത്തീരുകയും ചെയ്ത താന്തോന്നിവര്‍ഗ്ഗങ്ങളെപ്പോലെ ആയിത്തീരരുത്. അതെ, അവരെ അനുകരിക്കാതെ, അവരോടു സാദൃശ്യപ്പെടാതെ, അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഹാ! എത്ര മഹത്തായ ഉപദേശങ്ങള്‍! എത്ര സാരവത്തായ ഉപദേശങ്ങള്‍! ഈ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ മാത്രമാണ് സ്വര്‍ഗാവകാശികള്‍. അവര്‍തന്നെയാണ് ഭാഗ്യവാന്മാരും. ഈ ഭാഗ്യവാന്മാരില് അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
അബൂഹുറൈറഃ (رضي الله عنه) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു നബിവചനത്തിന്റെ സാരം ഇതാകുന്നു: ‘ഏഴു കാര്യങ്ങള്‍ക്കുമുമ്പായി നിങ്ങള്‍ ധൃതിപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ ചെയ്യുവിന്‍: (എല്ലാം) മറപ്പിച്ചുകളയുന്ന (കടുത്ത) ദാരിദ്ര്യത്തെയോ, അല്ലെങ്കില്‍ അമിതമായ ധനത്തെയോ, അല്ലെങ്കില്‍ നാശകരമായ രോഗത്തെയോ, അല്ലെങ്കില്‍ കൊള്ളരുതാതാക്കുന്ന വാര്‍ദ്ധക്യത്തെയോ, അല്ലെങ്കില്‍ (ജീവിതം അവസാനിപ്പിച്ചു) യാത്ര അയക്കുന്ന മരണത്തെയോ, അല്ലെങ്കില്‍ ദജ്ജാലിനെയോ -അതാണെങ്കില്‍, പ്രതീക്ഷിക്കപ്പെടുന്ന അദൃശ്യങ്ങളില്‍വെച്ചു മോശപ്പെട്ടതാണ്- അല്ലെങ്കില്‍ അന്ത്യസമയത്തെയോ അല്ലാതെ നിങ്ങള്‍ക്കു വല്ലതും കാത്തിരിക്കുവാനുണ്ടോ? അന്ത്യസമയമാകട്ടെ, ഏറ്റവും ആപല്‍ക്കരവും ഏറ്റവും കൈപ്പേറിയതും! (തി.)
- لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴾٢١﴿
- ഈ ഖുര്‍ആന്‍ വല്ല പര്‍വ്വതത്തിനും നാം ഇറക്കിക്കൊടുത്തിരുന്നെങ്കില്‍, വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ പേടിച്ചതു നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യര്‍ക്കുവേണ്ടി വിവരിക്കുകയാണ്; അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
- لَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ هَـٰذَا الْقُرْآنَ ഈ ഖുര്‍ആന്‍ عَلَىٰ جَبَلٍ ഒരു പര്‍വ്വതത്തിനു, മലയുടെ മേല്‍ لَّرَأَيْتَهُ അതിനെ നീ കാണുമായിരുന്നു, കണ്ടേനെ خَاشِعًا വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി مُّتَصَدِّعًا പൊട്ടിപ്പൊളിയുന്നതായി مِّنْ خَشْيَةِ اللَّـهِ അല്ലാഹുവിനെ പേടിച്ചതു നിമിത്തം وَتِلْكَ الْأَمْثَالُ ആ ഉപമ (ഉദാഹരണം, മാതിരി)കള്‍ نَضْرِبُهَا നാം അവയെ ഏര്‍പ്പെടുത്തുന്നു, വിവരിക്കുന്നു لِلنَّاسِ ജനങ്ങള്‍ക്കു لَعَلَّهُمْ يَتَفَكَّرُونَ അവര്‍ ചിന്തിക്കുവാന്‍വേണ്ടി, ചിന്തിച്ചേക്കാം
വിശുദ്ധ ഖുര്‍ആന്റെ മഹത്വവും ഉന്നത നിലപാടും ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് ഈ വചനം. മനുഷ്യന്റെ തന്റേടക്കുറവും അശ്രദ്ധയും കാരണമായി അതിനു അവന് വേണ്ടത്ര വില കല്പിക്കുന്നില്ല; അവന്റെ മനസ്സില്‍ അതര്‍ഹിക്കുന്ന ഗൗരവം അനുഭവപ്പെടുന്നുമില്ല. ഇതു ഖുര്‍ആന്റെ ഏതെങ്കിലും പോരായ്മകൊണ്ടല്ല. ഖുര്‍ആന്‍ അവതരിപ്പിച്ചതു വല്ല പര്‍വതത്തിനുമായിരുന്നെങ്കില്‍ -അതെത്ര കടുത്തതും ഉറച്ചതുമായികൊള്ളട്ടെ- ഖുര്‍ആന്റെ ഗൗരവത്താല്‍ അതു അല്ലാഹുവിനോടു ഭക്തിവിനയം കാണിക്കുന്നതും, അല്ലാഹുവിനെ പേടിച്ചു സ്വയം പൊട്ടിപ്പിളര്‍ന്നുപോകുന്നതുമായിത്തീര്‍ന്നേക്കും. അത്രയും മഹത്തായ ഒന്നാണത്. പക്ഷേ, മനുഷ്യഹൃദയത്തിന്റെ കടുപ്പം അതിലും കഠിനമായിപ്പോയി. അതുകൊണ്ടാണ് അവന്റെ മനസ്സിനു അതര്‍ഹിക്കുന്ന മാറ്റം വരാത്തതു എന്നു സാരം. എന്നല്ലാതെ, ഖുര്‍ആന്‍ ഒരു മലയുടെമീതെ കൊണ്ടുപോയി വെച്ചാല്‍ ഉടനെ അതു പൊട്ടിത്തകരും എന്നൊന്നുമല്ല. മനുഷ്യന് ചിന്തിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനാണ് ഇതും, ഇതുപോലെയുള്ളതുമായ ഉപമകളെ അല്ലാഹു എടുത്തുകാട്ടുന്നതു എന്നു പ്രത്യേകം ഉണര്‍ത്തിയിട്ടുള്ളതില്‍ നിന്നുതന്നെ ഇതു സ്പഷ്ടമാണല്ലോ.
വേദക്കാരെ അഭിമുഖീകരിച്ചുകൊണ്ടു സൂഃ ബഖറഃ 74ല്‍ അല്ലാഹു ഇങ്ങിനെ പറയുന്നു: ‘പിന്നീടു അതിനു ശേഷം, നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. എന്നിട്ടു അവ കല്ലുപോലിരിക്കുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനകടുപ്പമുള്ളതാണ്. കല്ലില്‍തന്നെയും (ചിലതു) അരുവികള്‍ പൊട്ടി ഒഴുകുന്നവയുണ്ട്; അവയില്‍തന്നെ പൊട്ടിപ്പിളര്‍ന്നു വെള്ളം പുറത്തുവരുന്നവയുമുണ്ട്; അവയില്‍തന്നെ അല്ലാഹുവിനെ പേടിച്ചതുനിമിത്തം (കീഴ്പോട്ടു) ഇറങ്ങുന്നവയും ഉണ്ട്.’ – (ثُمَّ قَسَتْ قُلُوبُكُم – إلى قوله : مِنْ خَشْيَةِ اللَّـهِ)
- هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ ﴾٢٢﴿
- താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്! അവന് പരമകാരുണികനാണ്, കരുണാനിധിയാണ്.
- هُوَ അവന് اللَّـهُ الَّذِي യാതൊരു അല്ലാഹുവാകുന്നു لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവന് (താന്‍) അല്ലാതെ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവന് وَالشَّهَادَةِ ദൃശ്യത്തെയും هُوَ الرَّحْمَـٰنُ അവന് പരമകാരുണികനാണ് الرَّحِيمُ കരുണാനിധിയാണ്
- هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ ﴾٢٣﴿
- (അതെ) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. (അവന്) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്, അന്യൂനനാണ് (അല്ലെങ്കില്‍ രക്ഷയായുള്ളവനാണ്), അഭയം നല്കുന്നവനാണ്, മേല്‍നോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (എല്ലാം) അല്ലാഹു എത്രയോ പരിശുദ്ധന്!
- هُوَ اللَّـهُ الَّذِي അവന് യാതൊരു അല്ലാഹുവാണ് لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ الْمَلِكُ രാജാവാണു, അധിപതിയാണു الْقُدُّوسُ പരമ പരിശുദ്ധന്, വിശുദ്ധന് السَّلَامُ രക്ഷ, അന്യൂനന്‍, രക്ഷപ്പെടുത്തുന്നവന് الْمُؤْمِنُ അഭയം, നിര്‍ഭയത നല്കുന്നവന് الْمُهَيْمِنُ മേല്‍നോട്ടം ചെയ്യുന്നവന്, മേലന്വേഷണം നടത്തുന്നവന് الْعَزِيزُ പ്രതാപശാലി, അജയ്യന്‍ الْجَبَّارُ പരമാധികാരി, സ്വേച്ഛാധികാരി, അടക്കിഭരിക്കുന്നവന് الْمُتَكَبِّرُ മഹത്വശാലി, മഹത്വം കാണിക്കുന്നവന് سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍, അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു
- هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٤﴿
- സൃഷ്ടാവായ, നിര്‍മിച്ചുണ്ടാക്കുന്നവനായ, രൂപം നല്കുന്നവനായ അല്ലാഹുവത്രെ അവന്! അവനു ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനും!
- هُوَ اللَّـهُ അവന് ആല്ലാഹുവാണു الْخَالِقُ സൃഷ്ടാവായ الْبَارِئُ നിര്‍മ്മിച്ചുണ്ടാക്കുന്നവനായ, രൂപപ്പെടുത്തുന്നവന്‍ الْمُصَوِّرُ രൂപം നല്കുന്നവനായ, ആകൃതിപ്പെടുത്തുന്നവന്‍ لَهُ അവന്നുണ്ട് الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, (അത്യുല്‍കൃഷ്ടമായ) يُسَبِّحُ لَهُ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَهُوَ الْعَزِيزُ അവന് പ്രതാപശാലിയാകുന്നു الْحَكِيمُ അഗാധജ്ഞനായ
അല്ലാഹുവിന്റെ പരമോല്‍കൃഷ്ടങ്ങളായ ഗുണഗണങ്ങളെ വിശേഷിപ്പിക്കുന്ന അത്യുത്തമ നാമവിശേഷണങ്ങളില്‍ (الْأَسْمَاءُ الْحُسْنَىٰ) യില്‍പെട്ട ചിലതാണ് ഈ വചനങ്ങളില്‍ കാണുന്നത്. الْقُدُّوسُ എന്ന നാമം, സകലവിധ കുറവുകളില്‍നിന്നും, പോരായ്മകളില്‍ നിന്നും പരിശുദ്ധനായുള്ളവന്‍ എന്നും, السَّلَامُ എന്നതു, സകല കെടുതലുകളില്‍നിന്നും സുരക്ഷിതനും മറ്റുള്ളവര്‍ക്കു രക്ഷ നല്കുന്നവന് എന്നും കുറിക്കുന്നു. സത്യവാന്മാരും അര്‍ഹരുമായവര്‍ക്ക് അഭയവും വിശ്വസ്തതയും നല്കുന്നവന് എന്ന് الْمُؤْمِنُ എന്ന നാമവും, എല്ലാവരുടെയും എല്ലാ കാര്യത്തിന്റെയും മേല്‍നോട്ടവും മേലന്വേഷണവും ചെയ്യുന്നവന് എന്നു الْمُهَيْمِنُ എന്ന നാമവും കുറിക്കുന്നു. എല്ലാ ശക്തികളെയും അതിജയിക്കുന്ന അതുല്യനായ പ്രതാപശാലി എന്നു الْعَزِيزُ നും, എല്ലാ വസ്തുവെയും അടക്കിവാഴുകയും, തന്റെ അധികാരശക്തിക്കു എല്ലാവരെയും അധീനപ്പെടുത്തുകയും ചെയ്യുന്ന പരമാധികാരി എന്നു الْجَبَّارُ നും, എല്ലാവിധ മഹല്‍ഗുണങ്ങളും യോഗ്യതയും തികഞ്ഞ മഹത്വശാലി എന്നു الْمُتَكَبِّرُ നും അര്‍ത്ഥം വരുന്നു. അഖിലവസ്തുക്കളെയും ഇന്നിന്നപ്രകാരമെന്നു നിര്‍ണ്ണയം ചെയ്ത് അതതിനുവേണ്ടുന്ന ക്രമീകരണവും വ്യവസ്ഥയും നല്കി ആകൃതിയും പ്രകൃതിയും കൊടുത്ത് രൂപപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കിയവന്‍ എന്നത്രെ الْخَالِقُ الْبَارِئُ الْمُصَوِّرُ എന്നീ നാമങ്ങളുടെ വിവക്ഷ.
ഇവയും ഇതുപോലെ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതുമായ അല്ലാഹുവിന്റെ ഉല്‍കൃഷ്ടനാമങ്ങളില്‍ അടങ്ങുന്ന സാരാര്‍ത്ഥങ്ങളെയും, ആന്തരോദ്ദേശ്യങ്ങളെയും ശരിക്കു ദ്യോതിപ്പിക്കുന്ന വാക്കുകള്‍ ഭാഷയില്‍ വിരളമാകുന്നു. പ്രസ്തുത നാമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു ചില മഹാന്മാര് പ്രത്യേകം ഗ്രന്ഥങ്ങള്‍തന്നെ രചിച്ചിട്ടുണ്ട്. എല്ലാ നാമങ്ങളുടെയും അന്തസാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാക്കാണ് ‘ഇലാഹു’ (إلاه) അപ്പോള്‍, തൗഹീദിന്റെ വാക്യമായ لا إلهَ إلاَّ اللَّه (അല്ലാഹു അല്ലാതെ ഒരു ഇലാഹും -ആരാധ്യനും- ഇല്ല) എന്ന വാക്കിന്റെ പ്രാധാന്യവും, അതു ഖുര്‍ആനില്‍ ഇടക്കിടെ ആവര്‍ത്തിച്ചുകാണുന്നതിനുള്ള കാരണവും വ്യക്തമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നതായി ബുഖാരിയും മുസ്ലിമും (رحمهما الله) ഉദ്ധരിക്കുന്നു; ‘അല്ലാഹുവിനു തൊണ്ണൂറ്റൊമ്പതു -ഒന്നു കുറച്ചു നൂറു- നാമങ്ങളുണ്ട്. അവയെ സൂക്ഷ്മമായി പഠിച്ചവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവന് ഒറ്റയാണ്, ഒറ്റയെ അവന് ഇഷ്ടപ്പെടുന്നു.’
(إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ .وهو إِنَّهُ وِتْرٌ يُحِبُّ الْوِتْرَ – متفق)
ഈ തൊണ്ണൂറ്റൊമ്പതെണ്ണം ഏതൊക്കെയാണെന്നു നമുക്കു തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. ഖുര്‍ആനിലും നബിവചനങ്ങളിലും വന്നിട്ടുള്ള നാമങ്ങളിൽ നിന്നു ചിലർ തൊണ്ണൂറ്റൊമ്പതു നാമങ്ങൾ തിരഞ്ഞെടുത്തു രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം. ഈ നാമങ്ങളെ മനപ്പാഠമാക്കിയതുകൊണ്ടോ, ഉരുവിടുന്നതുകൊണ്ടോ മാത്രം സ്വര്‍ഗത്തില്‍ പ്രവേശനം തീര്‍ച്ചപ്പെട്ടുവെന്നല്ല ഹദീസിന്റെ താല്പര്യം. അവയെ ഗ്രഹിക്കുകയും അവയിലടങ്ങിയ സാരങ്ങളും അവയുടെ ഗൗരവങ്ങളും മനസ്സിലാക്കി അതിനനുയോജ്യമായ വിധത്തില്‍ ബോധപൂര്‍വ്വം നിലക്കൊള്ളുന്നവര്‍ക്കു രക്ഷയുണ്ടു എന്നത്രെ താല്പര്യം.
والله اعلم وهو الموفق والمعين