തീന്‍ (അത്തി)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 8

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

95:1
  • وَٱلتِّينِ وَٱلزَّيْتُونِ ﴾١﴿
  • അത്തി തന്നെയാണ, ഒലീവും തന്നെയാണ (സത്യം)!
  • وَالتِّينِ അത്തി തന്നെയാണ وَالزَّيْتُونِ ഒലീവ് തന്നെയാണ
95:2
  • وَطُورِ سِينِينَ ﴾٢﴿
  • സീനാപർവതവും തന്നെയാണ (സത്യം)!
  • وَطُورِ سِينِينَ സീനീൻ (സീനാ) പർവതം തന്നെയാണ്

95:3
  • وَهَٰذَا ٱلْبَلَدِ ٱلْأَمِينِ ﴾٣﴿
  • ഈ നിർഭയരാജ്യവും തന്നെയാണ (സത്യം)!
  • وَهَٰذَا الْبَلَدِ ഈ രാജ്യം തന്നെയാണ് الْأَمِينِ നിർഭയമായ, വിശ്വസ്തമായ
95:4
  • لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ ﴾٤﴿
  • തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല പാകതയിലായി സൃഷ്ടിച്ചിരിക്കുന്നു.
  • لَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ فِي أَحْسَنِ ഏറ്റവും നല്ലതിൽ تَقْوِيمٍ പാകപ്പെടുത്തൽ (പാകത), രൂപം ശരിപ്പെടുത്തൽ, ചൊവ്വാക്കൽ
95:5
  • ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ ﴾٥﴿
  • പിന്നീട് അവനെ നാം അധമന്മാരിൽ ഏറ്റവും അധമനാക്കിതീർത്തു.
  • ثُمَّ رَدَدْنَاهُ പിന്നീട് നാം അവനെ മടക്കി (ആക്കിത്തീർത്തു) أَسْفَلَ ഏറ്റവും അധമൻ, താണവനായി سَافِلِينَ അധമന്മാരിൽ, താണവരിൽ
95:6
  • إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴾٦﴿
  • വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഒഴികെ. എന്നാൽ, അവർക്കാകട്ടെ, മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
  • إِلَّاالَّذِينَ യാതൊരുവരൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുംചെയ്ത فَلَهُمْ എന്നാലവർക്കുണ്ടായിരിക്കും أَجْرٌ പ്രതിഫലം, കൂലി غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത, ദാക്ഷിണ്യം പറയപ്പെടാത്ത

അത്തിവൃക്ഷം നമ്മുടെ നാട്ടിൽ കാണപ്പെടുമെങ്കിലും, അറേബ്യയിലെ – വിശേഷിച്ചും ഫലസ്തീൻ നാടുകളിലെ – അത്തിക്ക് പല വിശേഷതകളുമുണ്ട്. പഴത്തിന്റെ വലുപ്പം, ആകൃതി, സ്വാദ്, പ്രയോജനം എന്നിവയിലെല്ലാം അത് വളരെ മെച്ചപ്പെട്ടതാകുന്നു. ആരോഗ്യകരമായ ഒരു ഭക്ഷ്യവസ്തുവും, ഔഷധവീര്യം നിറഞ്ഞതും, മുഴുവൻ അംശങ്ങളും തിന്നാൻ കൊള്ളുന്നതുമാണത്. ഒലീവുമരമാകട്ടെ, അതിന്റെ കേന്ദ്രം തന്നെ ഫലസ്തീനും പരിസരങ്ങളുമാകുന്നു. ഒലീവിന്റെ കായ വളരെ പ്രധാനപ്പെട്ട ഒരു എണ്ണവിത്താണ്. അതുകൊണ്ട് പ്രത്യേകതരം കറിയും ഉണ്ടാക്കാറുണ്ട്. അതിൽ നിന്നെടുക്കുന്ന എണ്ണയാണ്  ‘സൈത്തെണ്ണ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒലീവെണ്ണ. എണ്ണകളുടെ കൂട്ടത്തില്‍ ഇതിന്നും പ്രാധാന്യം കൂടും. കറിയായും മരുന്നായും ലേപനമായും വിളക്കെണ്ണയായും അത് ഉപയോഗിക്കപ്പെടുന്നു.

മൂസാ(അ) നബിക്ക് പ്രവാചകത്വം സിദ്ധിച്ചതും, അല്ലാഹുവിന്റെ സംസാരം കേട്ടതും, തൗറാത്ത് ലഭിച്ചതും സീനാപർവതത്തില്‍ വെച്ചാണ്. ‘സീനീൻ’ എന്നും ‘സൈനാ’, എന്നും അതിന് പറയപ്പെടാറുണ്ട്‌. മൂസ (അ)ന്റെയും ഇസ്രാഈല്യരുടെയും ചരിത്രം ആ പർവതവുമയി പല നിലക്കും ബന്ധപ്പെട്ടതാണ്. ‘ഈ നിർഭയമായ രാജ്യം’ കൊണ്ട് വിവക്ഷ മക്കാരാജ്യമത്രേ. ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് നബി (സ) അവിടെയായിരുന്നുവല്ലോ. അവിടെ വെച്ച് കൊല, ഹിംസ തുടങ്ങിയതൊന്നും പാടില്ലാത്തതുകൊണ്ടാണ് അതിനെ നിര്‍ഭയമായ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. മക്കയുടെ പ്രാധാന്യത്തെപറ്റി അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല.

ഈ നാല് വസ്തുക്കളെക്കൊണ്ടും ആണയിട്ടുകൊണ്ട് അല്ലാഹു പറയുന്ന കാര്യമെന്താണെന്ന് നോക്കാം: മനുഷ്യനെ അവൻ ഏറ്റവും നല്ല ഒരു പാകതയിലായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികമായും, ബുദ്ധിപരമായും, ആത്മീയമായും എല്ലാം തന്നെ അവൻ ഇതരജീവികളെക്കാൾ ഉല്‍കൃഷ്ടനാകുന്നു. അവനെക്കാൾ എത്രയോ വമ്പിച്ച വസ്തുക്കളെപ്പോലും കീഴൊതുക്കുവാനും, അടക്കി ഭരിക്കുവാനും വേണ്ടുന്ന പക്വതയും പാകതയും അവന് അല്ലാഹു നല്‍കിയിട്ടുണ്ട്. എന്നാല്‍, അതേ മനുഷ്യനെ തന്നെ അവന്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിക്കാത്ത പക്ഷം ഏറ്റവും വലിയ അധമനാക്കി  അല്ലാഹു തരം താഴ്ത്തുകയും ചെയ്തിരിക്കയാണ്.  അഥവാ അവൻ അല്ലാഹുവിന്റെ അടുക്കല്‍ അങ്ങേയറ്റം ദുഷ്ടനും നികൃഷ്ടനുമായിരിക്കും. പരലോകത്ത് അവന് ലഭിക്കുന്ന പ്രതിഫലം പ്രതിഫലങ്ങളില്‍ വെച്ച് ഏറ്റവും ശോചനീയവും നിന്ദ്യവും ആയിരിക്കും. സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിച്ചവരാകട്ടെ – സൃഷ്ട്യാ ഉള്ള അവരുടെ ഉല്‍കൃഷ്ടതക്ക് പുറമെ – അല്ലാഹുവിന്റെ അടുക്കലും അവര്‍ ഉല്‍കൃഷ്ടന്മാര്‍ തന്നെ. അവര്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലമാകട്ടെ, കാലാകാലം തേമാനമോ ഭംഗമോ കൂടാതെ ശാശ്വതമായിരിക്കും.

تَقْوِيمٍ (തഖ്‌വീം) എന്ന വാക്കിന്, تسويه , تصوير , تعديل , تثقيف എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് അറബി നിഘണ്ടുക്കളിലും, ഖുര്‍ആൻ വ്യാഖ്യാനഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. ‘പാകപ്പെടുത്തുക, സമപ്പെടുത്തുക, കിടയൊപ്പിക്കുക, അഭിവൃദ്ധിപ്പെടുത്തുക, സംസ്കരിക്കുക, രൂപം നല്‍കുക, ശരിപ്പെടുത്തുക’ എന്നിങ്ങനെ ആ പദങ്ങൾക്ക് മലയാളത്തില്‍ വിവര്‍ത്തനവും നല്‍കാം. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ടാണ് നാം മുകളില്‍ വായിച്ച അര്‍ത്ഥവും വ്യാഖ്യാനവും 4– ാം വചനത്തിന് നല്‍കിയിരിക്കുന്നതും. ഇമാം റാഗിബ് (റ) അദ്ധേഹത്തിന്റെ പ്രസിദ്ധ ഖുര്‍ആൻ നിഘണ്ടുവായ ‘അല്‍മുഫ്റദാത്തി’ല്‍ ഈ വചനം ഉദ്ധരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നു : وذلك اشارة الى ماخص به الانسان من العقل والفهم وانتصاب القامة الدالة على استيلائه على كل ما في هذا العالم – المفردات
(സാരം: ഈ ലോകത്ത് എല്ലാറ്റിനെയും അടക്കി ഭരിക്കുവാൻ പറ്റുമെന്ന് കാണിക്കുന്ന ബുദ്ധി, ഗ്രഹണശക്തി, നിവര്‍ന്ന ശരീരനില മുതലായി മനുഷ്യന് പ്രത്യേകം നല്‍കപ്പെട്ടിട്ടുള്ള കാര്യങ്ങളിലേക്കാണ് ഈ വചനം ചൂണ്ടിക്കാട്ടുന്നത്.)

95:7
  • فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ ﴾٧﴿
  • (നബിയേ) എന്നിരിക്കെ, പിന്നീട് പ്രതിഫലനടപടിയെക്കുറിച്ച് നിന്നെ വ്യാജമാക്കുന്നത് എന്താണ് [ഏന്തൊരു ന്യായമാണതിനുള്ളത്]?!
  • فَمَا എന്നിരിക്കെ (അപ്പോൾ) എന്താണ് يُكَذِّبُكَ നിന്നെ വ്യാജമാക്കുന്നത് بَعْدُ പിന്നീട്, ശേഷം بِالدِّينِ പ്രതിഫല നടപടിയെപ്പറ്റി, മതത്തെക്കുറിച്ച്
95:8
  • أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَٰكِمِينَ ﴾٨﴿
  • അല്ലാഹു വിധികർത്താക്കളിൽവെച്ച് ഏറ്റവും (വലിയ) വിധികർത്താവല്ലയോ ?!
  • أَلَيْسَ اللَّهُ അല്ലാഹു അല്ലയോ بِأَحْكَمِ ഏറ്റവും വലിയ (നല്ല) വിധികർത്താവ്‌ الْحَاكِمِينَ വിധികർത്താക്കളിൽ

‘അല്ലാതെ! (തീർച്ചയായും അതെ,) ഞാനും അതിന് സാക്ഷ്യം വഹിക്കുന്നവരിൽപ്പെട്ടവനാണ്. (بلى و انا على ذلك من الشاهدين) എന്ന് ഈ വചനം ഓതുന്നവർ പറയേണ്ടതുണ്ടെന്ന് സൂറത്തുൽ മുർസലാത്തിന്റെ അവസാനത്തിൽ നാം ഉദ്ധരിച്ച ഹദീസിൽ പ്രസ്താവിച്ചത് ഓർക്കുക.

മനുഷ്യന്റെ നിലയും, നിലവാരവും മുകളില്‍ ചൂണ്ടിക്കാട്ടിയ പ്രകാരമാണ്. എന്നിരിക്കെ, അവൻ ഒരു വിചാരണയെയും പ്രതിഫലത്തെയും നേരിടേണ്ടി വരുമെന്ന് ഈ ജനങ്ങളോട് പറയുമ്പോൾ, അതിനെ വ്യാജമാക്കി നിഷേധിക്കുവാൻ പിന്നെ എന്തുണ്ട് ന്യായം? ഒന്നുമില്ല, കേവലം മർക്കടമുഷ്ടിയും ധിക്കാരവും തന്നെ. എന്നാൽ, അല്ലാഹു സാധാരണ വിധികർത്താക്കളെ പോലെയുള്ള ഒരു വിധികർത്താവല്ല. അവൻ എല്ലാ വിധികർത്താക്കളെക്കാളും ഏറ്റവും വലിയ യുക്തിമാനും, ശക്തിമാനും, അധികാരസ്ഥനുമായ വിധികർത്താവാണ്. ഇതവർ ഓർത്തിരിക്കട്ടെ! എന്ന് സാരം.

ولله الحمد والمنة