സൂറത്തുല്‍ ഇന്‍ശിറാഹ് : 01-08
ശര്‍ഹ് (വിശാലമാക്കല്‍)
മക്കയില്‍ അവതരിച്ചത് – വചനങ്ങൾ 8
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- أَلَمْ نَشْرَحْ لَكَ صَدْرَكَ ﴾١﴿
- (നബിയേ) നിന്റെ നെഞ്ച് [ഹൃദയം] നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!
- أَلَمْ نَشْرَحْ നാം വികസിപ്പിച്ചു (വിശാലപ്പെടുത്തി) തന്നില്ലേ لَكَ നിനക്ക് صَدْرَكَ നിന്റെ നെഞ്ച് (ഹൃദയം)
- وَوَضَعْنَا عَنكَ وِزْرَكَ ﴾٢﴿
- നിന്റെ ഭാരം നിന്നില്‍ നിന്ന് നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു:-
- وَوَضَعْنَا നാം (ഇറക്കി-താഴ്‌ത്തി) വെക്കുകയും ചെയ്തു عَنكَ നിന്നില്‍ നിന്ന് وِزْرَكَ നിന്റെ ഭാരം (വിഷമം)
- ٱلَّذِىٓ أَنقَضَ ظَهْرَكَ ﴾٣﴿
- (അതെ) നിന്റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം).
- الَّذِي أَنقَضَ ഒടിച്ചു കളഞ്ഞ (ഞെരുക്കിയ) തായ ظَهْرَكَ നിന്റെ മുതുക്, പുറത്തെ
- وَرَفَعْنَا لَكَ ذِكْرَكَ ﴾٤﴿
- നിന്റെ കീര്‍ത്തി നിനക്ക് നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
- وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു لَكَ നിനക്ക് ذِكْرَكَ നിന്റെ കീര്‍ത്തി, സ്മരണ
കഴിഞ്ഞ സൂറത്തില്‍ കണ്ടതുപോലെ, അല്ലാഹു നബി (സ)ക്കു ചെയ്തുകൊടുത്ത ചില മഹത്തായ അനുഗ്രഹങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് അവിടുത്തേക്ക് മനസ്സമാധാനവും ശുഭപ്രതീക്ഷയും ഉണ്ടാക്കുന്നവയാണ് ഈ വചനങ്ങളും. അല്ലാഹു മനുഷ്യന് നല്‍കുന്ന അതിമഹത്തായ ഒരു അനുഗ്രഹമത്രെ ഹൃദയവിശാലത. ധൈര്യം, ക്ഷമ, സഹനം, വിനയം, ദയ, ദൃഢമനസ്കത, സത്യാന്വേഷണം മുതലായ ഉല്‍കൃഷ്ട ഗുണങ്ങള്‍ അതിനെ ആശ്രയിച്ചിരിക്കുന്നു. വിജ്ഞാനം, ദൃഢവിശ്വാസം, അല്ലാഹുവിനെയും പരലോകത്തെയും കുറിചുള്ള ബോധം ആദിയായവ അതിനെ പരിപോഷിപ്പിക്കുന്നു. സീനാ താഴ്വരയില്‍ വെച്ച് മൂസാ (അ) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചപ്പോള്‍ അദ്ദേഹം ചെയ്ത ഒന്നാമത്തെ പ്രാര്‍ത്ഥന رَبِّ اشْرَحْ لِي صَدْرِي (റബ്ബേ, എനിക്ക് എന്റെ ഹൃദയം നീ വിശാലമാക്കി തരേണമേ) എന്നായിരുന്നു. (സൂ : ത്വാഹാ) ഇതില്‍ നിന്നുതന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.
ഹൃദയവിശാലത ലഭിച്ചവരില്‍ ഒന്നാമത്തെ സ്ഥാനം നബി(സ) തിരുമേനിക്ക് തന്നെ. അവിടുത്തോടും അവിടുത്തെ അനുയായികളോടും ഖുറൈശികള്‍ അനുവര്‍ത്തിച്ച് വന്ന ശത്രുതയും ധിക്കാരവും പ്രസിദ്ധമാണ്. മക്കാ വിജയദിവസം അവര്‍ തിരുമേനിയുടെ മുമ്പില്‍ കൈയും കെട്ടി തങ്ങളുടെ പേരില്‍ എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറായിക്കൊണ്ട്, തിരുമേനിയുടെ വിധിയും കാത്ത് നിന്നപ്പോള്‍ തിരുമേനി അവരോട് പറഞ്ഞതെന്താണ്? ‘എല്ലാവരും പോയിക്കൊള്ളുക. നിങ്ങള്‍ക്ക് വിടുതല്‍ തന്നിരിക്കുന്നു’ (اذهبوا انتم الطلقاء) എന്നായിരുന്നു. ഒരിക്കല്‍ കൂട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു വൃക്ഷത്തിനടുത്ത് നിരായുധനായി വിശ്രമമെടുക്കുമ്പോള്‍ ‘ആരുണ്ട് ഇപ്പോള്‍ നിന്നെ രക്ഷിക്കാന്‍?!’ എന്ന് പറഞ്ഞ് വാളോങ്ങിക്കൊണ്ട് പെട്ടെന്ന് ആഗതനായ ശത്രുവോട് ‘അല്ലാഹു’ എന്ന് തിരുമേനി സധീരം ഉത്തരം പറഞ്ഞു. ശത്രുവിന്റെ കൈ തളര്‍ന്നു പോയി. വാള്‍ നിലത്ത് വീണു. അതേ വാള്‍ തിരുമേനി കൈയിലെടുത്തു. പക്ഷേ, വാള്‍ ശത്രുവിന്റെ നേരെ നീട്ടുകയല്ല അവിടുന്ന് ചെയ്തത്. മാപ്പ് നല്‍കി പോയിക്കൊള്ളുവാന്‍ അനുവദിക്കുകയാണ്. സ്വന്തം നാട്ടിലും കുടുംബത്തിലും നില്‍ക്കപ്പൊറുതിയില്ലാതെ സഹായമര്‍ത്ഥിച്ചു ചെന്നപ്പോള്‍ അങ്ങാടിപ്പിള്ളേരെ വിട്ട് കല്ലെറിഞ്ഞു കാലില്‍ നിന്ന് രക്തം ഒഴുകി ആട്ടിവിട്ട ത്വാഇഫുകാരെക്കുറിച്ച് അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു! ‘അല്ലാഹുവേ, എന്റെ ജനങ്ങള്‍ക്ക് പൊറുത്ത് കൊടുക്കേണമേ, അവര്‍ക്ക് അറിഞ്ഞു കൂടാ’. (اللهم اغفر لقومي انهم لا يعلمون) നബി(സ) തിരുമേനിയുടെ ചരിത്രത്തില്‍ ധാരാളകണക്കില്‍ തെളിഞ്ഞു കാണാവുന്ന ഇത്തരം സംഭവങ്ങളെല്ലാം അവിടുത്തെ ഹൃദയവിശാലതയുടെ ഫലമത്രെ.
പ്രബോധന മാര്‍ഗത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന പ്രതിബന്ധങ്ങള്‍, വേദഗ്രന്ഥങ്ങളെയും മതകാര്യങ്ങളെയും സംബന്ധിച്ച അപരിചിതത്വം എന്നിങ്ങനെയുള്ള വിഷമങ്ങളെല്ലാം ക്രമേണ അല്ലാഹു നീക്കികൊടുത്തതിനെപ്പറ്റിയാണ് നിന്റെ മുതുകിനെ ഞെരുക്കുന്ന ഭാരം ഇറക്കിവെച്ച് തന്നിരിക്കുന്നു എന്ന് പറഞ്ഞത്. ഭൂമുഖത്ത് ഇസ്‌ലാം അവശേഷിക്കുന്ന കാലത്തോളം – അത് ലോകാവസാനം വരെ അവശേഷിക്കുകയും ചെയ്യും – ഇഹത്തില്‍ അവിടുത്തെ പേരും കീര്‍ത്തിയും നിലനില്‍ക്കുമെന്ന് തീര്‍ച്ചയാണ്. ലോകത്തിന്റെ നാനാഭാഗത്തും നിവസിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ ചുരുങ്ങിയത് ദിനം പ്രതി അഞ്ചുനേരത്തെ ബാങ്കു വിളികളിലും, നമസ്കാരങ്ങളിലും അവിടുത്തെ നാമം ഉച്ചരിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ഖുര്‍ആനും ഇസ്‌ലാമിക വിജ്ഞാനങ്ങളും ലോകത്ത് നിലവിലുള്ള കാലം അവിടുത്തെ പേരും പ്രശസ്തിയും ഒരിക്കലും മാഞ്ഞു പോകുന്നതുമല്ല. വേണ്ടാ, അവിടുത്തെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്ത അമുസ്‌ലിംകള്‍ക്കിടയില്‍ പോലും – ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ – അവിടുത്തെ ഗുണഗണങ്ങളെപ്പറ്റി സ്മരിക്കപ്പെട്ടു വരുന്നു. ഭൂലോകത്ത് മാത്രമല്ല, വാനലോകത്ത് മലക്കുകള്‍ക്കിടയിലും തിരുമേനി കീര്‍ത്തിമാന്‍ തന്നെ. പരലോകത്ത് എല്ലാ പ്രവാചകന്മാരിലും ഉപരിയായ സ്ഥാനമാനങ്ങള്‍ നബി(സ)ക്ക് അല്ലാഹു നല്‍കുന്നതാണെന്നും ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും പൊതുവില്‍ അറിയപ്പെട്ടിട്ടുള്ളതാണ്. മേല്‍ പ്രസ്താവിച്ച അനുഗ്രഹങ്ങളെ ഓര്‍മിപ്പിച്ചശേഷം, അതിപ്രധാനവും, സത്യവിശ്വാസികള്‍ക്കാകമാനം മനസ്സമാധാനം നല്‍കുന്നതുമായ ഒരു തത്വ യാഥാര്‍ത്ഥ്യം അല്ലാഹു ഉണര്‍ത്തുന്നു:–
- فَإِنَّ مَعَ ٱلْعُسْرِ يُسْرًا ﴾٥﴿
- അപ്പോള്‍, (അറിയുക:) നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.
- فَإِنَّ അപ്പോള്‍ (എന്നാല്‍) നിശ്ചയമായും مَعَ الْعُسْرِ ഞെരുക്കത്തോടുകൂടി (പ്രയാസത്തിന്റെ ഒപ്പം) ഉണ്ട് يُسْرًا ഒരു സൗകര്യം, എളുപ്പം
- إِنَّ مَعَ ٱلْعُسْرِ يُسْرًا ﴾٦﴿
- നിശ്ചയമായും ഞെരുക്കത്തോടു കൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.
- إِنَّ مَعَ الْعُسْرِ നിശ്ചയമായും ഞെരുക്കത്തോടോപ്പമുണ്ട് يُسْرًا ഒരു സൗകര്യം
നാം സദാ ഓര്‍മിച്ചിരിക്കേണ്ടതും, ഓര്‍മിക്കുന്നവര്‍ക്ക് ജീവിതത്തില്‍ നിത്യമനസ്സമാധാനവും സല്‍പ്രതീക്ഷയും പ്രദാനം ചെയ്യുന്നതുമാണ് ഈ രണ്ടു ചെറുവചനങ്ങള്‍. ഈ ജീവിതത്തില്‍ ബാധിക്കുന്ന ഏതു തരം ഞെരുക്കമാകട്ടെ, അതിനെ തുടര്‍ന്ന് ഒരു ആശ്വാസവും സൗകര്യവും ഉണ്ടാകുകതന്നെ ചെയ്യുമെന്ന് അല്ലാഹു ആവര്‍ത്തിച്ചുറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.
ഞെരുക്കത്തോടുകൂടി സൗകര്യം ഉണ്ടായിരിക്കുമെന്ന് ഒരു പ്രാവശ്യം പറഞ്ഞു മതിയാക്കാതെ, രണ്ടുപ്രാവശ്യം പറയുകയും, ഓരോ വാചകത്തിലും ان (നിശ്ചയമായും) എന്ന അവ്യയം ചേര്‍ത്ത് ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൂടാതെ, വാചകഘടനയില്‍ മറ്റൊരു രഹസ്യം കൂടി അല്ലാഹു ഉള്‍കൊള്ളിച്ചിരിക്കുന്നത് കാണാം: ഞെരുക്കത്തെപ്പറ്റി പറഞ്ഞപ്പോള്‍ ‘അല്‍ ഉസ് ര്‍’ (العسر) എന്ന് ال ചേര്‍ത്ത് പറഞ്ഞു. സൗകര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘യുസ്റൻ’(يسرا) എന്ന് ال ചേര്‍ക്കാതെയും പറഞ്ഞു. അറബിഭാഷാ മുറപ്രകാരം ال എന്ന അവ്യയം ചേര്‍ക്കപ്പെട്ട പദം معرفة (പ്രത്യേക നാമം) ആയിരിക്കും. ال ചേര്‍ക്കപ്പെടാത്ത (تنوين സഹിതമുള്ള) പദം نكرة (സാമാന്യനാമം) യുമായിരിക്കും. (*) ഇതനുസരിച്ച് ഒന്നാമത്തെ വാചകത്തില്‍ പ്രസ്താവിച്ച അതേ ‘ഞെരുക്കം’ (العسر) തന്നെയായിരിക്കും രണ്ടാമത്തെ വാചകത്തിലെ ‘ഞെരുക്ക’വും. നേരെമറിച്ച് ‘സൗകര്യം’ (يسر) ആകട്ടെ, രണ്ടുവാചകത്തിലേതും വെവ്വേറെ ആയിരിക്കയും വേണം. അപ്പോള്‍ ഈ രണ്ട് വാചകങ്ങളുടെ സാരം ഏതാണ്ടിങ്ങിനെയായിരിക്കും : ‘ഒരു പ്രത്യേകമായ ഞെരുക്കം സംഭവിക്കുന്ന പക്ഷം അതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള ഒരു സൗകര്യം – ഒന്നല്ലെങ്കില്‍ മറ്റൊന്ന് -തീര്‍ച്ചയായും ഉണ്ടായിരിക്കുന്നതാണ്’. ഈ രണ്ട് വചനങ്ങള്‍ ഓതിക്കൊണ്ട് നബി(സ) ഇപ്രകാരം അരുളിച്ചെയ്തതായി ഒരു ഹദീസില്‍ വന്നിട്ടുണ്ട്: ‘ഒരു ഞെരുക്കം രണ്ട് സൗകര്യത്തെ ജയിക്കുകയില്ല തന്നെ. (لن يغلب عسر يسرين لن يغلب عسر يسرين – ابن جرير وغيره) മേല്‍ വിവരിച്ച ഭാഷാനിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ നബിവചനവും.
(*) അതുകൊണ്ടാണ് ഇപ്രകാരമുള്ള സാമാന്യനാമങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ‘ഒരു’ എന്നോ മറ്റോ ചേര്‍ത്തു മലയാളത്തിൽ വിശേഷിപ്പിക്കുന്നത്.
അബുഹാതിം സിജസ്താനി (റ) പാടിയതെത്ര വാസ്തവം :
اِذَا اشْتَـمـَلَتْ عَلى اليَأسِ القُـلُوبُ وَضاقَ لِمَا بِهِ الصَّدْرُ الرَّحيبُ
واَوْطَأتِ المَكَـارِهُ وَ اَطمَانـت وَ اَرَسَتُ في اَمَاكِنِـهَا الخُـطُوبُ
وَلَـمْ ترَ لِانكِـشَافِ الضُر وَجْها وَلا اغـــنَي بِحيــــلَـتِه الَارِيـبُ
اتـاكَ عَلىَ قُسوطٍ مِّنـكَ غَــوْثُ يَمُنُّ بِــهِ اللـَّطِــيفُ المُسْـــتَجِيبُ
وكُــلّ الْحَــادِثاتِ اِذَا تَـنــاهَـتْ فَـمَــوْصُـولٌ بِهَا الفَرَجُ الْـقَرِيبُ
(സാരം :- ഹൃദയങ്ങളില്‍ നിരാശ വന്നുമൂടുകയും, വിശാലപ്പെട്ട ഹൃദയം അതുമൂലം കുടുസ്സായിത്തീരുകയും, അനിഷ്ടസംഭവങ്ങള്‍ ഒന്നൊന്നായി ഒത്തുചേര്‍ന്ന് ചടഞ്ഞുകൂടുകയും, തല്‍സ്ഥാനങ്ങളില്‍ ആപത്തുകള്‍ നങ്കൂരമിട്ടുറപ്പിക്കുകയും, ഉപദ്രവം നീങ്ങുവാനുള്ള ഒരു മാര്‍ഗവും നീ കാണാതിരിക്കുകയും, ബുദ്ധിമാന്റെ കൗശലംകൊണ്ട് അതിന് പരിഹാരമുണ്ടാകാതിരിക്കുകയും ചെയ്യുമ്പോള്‍, അതാ – നീ നിരാശപ്പെട്ടുകൊണ്ടിരിക്കവെ – നിനക്കൊരു സഹായം വന്നെത്തുന്നു! (പ്രാര്‍ത്ഥനക്ക്) ഉത്തരം നല്‍കുന്ന ആ സൗമ്യശീലൻ (അല്ലാഹു) അത് പ്രദാനം ചെയ്യുന്നു. എല്ലാ വിപത്തുകളും തന്നെ, അവസാനമെത്തിക്കഴിഞാൽ ആസന്നമായ ഒരു തുറവി അതോട് ചേര്‍ന്നുകൊണ്ടുണ്ടായിരിക്കും.) അല്ലാഹു പറയുന്നു :-
- فَإِذَا فَرَغْتَ فَٱنصَبْ ﴾٧﴿
- ആകയാല്‍, നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിച്ചുകൊള്ളുക.
- فَإِذَا فَرَغْتَ ആകയാല്‍ നീ ഒഴിവായാല്‍ (നിനക്ക് ഒഴിവ് കിട്ടിയാല്‍) فَانصَبْ നീ അദ്ധ്വാനിക്കുക (പരിശ്രമം ചെയ്യുക)
- وَإِلَىٰ رَبِّكَ فَٱرْغَب ﴾٨﴿
- നിന്റെ രക്ഷിതാവിങ്കലേക്ക് തന്നെ നീ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുക.
- وَإِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്ക് فَارْغَب നീ ആഗ്രഹിച്ചു (ആഗ്രഹം പ്രകടിപ്പിച്ചു) കൊള്ളുക
ഞെരുക്കങ്ങളെ തുടര്‍ന്ന് സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഉണര്‍ത്തിയ ശേഷം – പ്രത്യക്ഷത്തില്‍ നബി(സ) തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ടാണെങ്കിലും – സത്യവിശ്വാസികള്‍ക്ക് പൊതുവെ അല്ലാഹു മഹത്തായ ഒരു ഉപദേശം ഈ വചനങ്ങളില്‍ നല്‍കിയിരിക്കുകയാണ്. ഒഴിവ് കിട്ടിയാല്‍ അദ്ധ്വാനിക്കണം, ആഗ്രഹം പ്രകടിപ്പിക്കുന്നത് – അഥവാ അപേക്ഷ സമര്‍പ്പിക്കുന്നത് – അല്ലഹുവിങ്കലേക്കായിരിക്കണം എന്നത്രെ അത്. ഇന്നിന്ന കാര്യങ്ങളില്‍ നിന്ന് ഒഴിവായാല്‍ എന്നോ, ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നു. ഐഹിക കാര്യങ്ങളില്‍ നിന്ന് ഒഴിവുകിട്ടുമ്പോള്‍ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തില്‍ നിന്ന് ഒഴിവ് കിട്ടുമ്പോള്‍ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോള്‍ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളില്‍ നിന്ന് സ്വസ്ഥമാകുമ്പോള്‍ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിര്‍ബന്ധ കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ന്നാല്‍ ഐഛികകര്‍മ്മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകള്‍ അവസാനിച്ചാല്‍ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാല്‍ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയില്‍ നിന്ന് ഒഴിവ് കിട്ടുമ്പോള്‍ മറ്റൊരു നല്ല വിഷയത്തില്‍ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്.
ഒരു കാര്യത്തില്‍ ശ്രദ്ധ പതിഞ്ഞുകൊണ്ടിരിക്കെ, മറ്റൊരു കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിക്കുവാന്‍ മനുഷ്യര്‍ക്ക് സാദ്ധ്യമല്ല. مَّا جَعَلَ اللَّـهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ (ഒരു മനുഷ്യനും തന്നെ അവന്റെ ഉള്ളില്‍ അല്ലാഹു രണ്ട് ഹൃദയങ്ങളെ ഏര്‍പ്പെടുത്തിയിട്ടില്ല. 33:4) ഭക്ഷണത്തിന്റെ മുമ്പില്‍ വെച്ചും, മലമൂത്രവിസര്‍ജനത്തിന് മുട്ടുമ്പോഴും നമസ്കരിക്കരുതെന്ന് വിരോധിക്കുന്ന (മുസ്‌ലിം രേഖപ്പെടുത്തിയ) നബിവചനം ഈ തത്വത്തെ ആസ്പദമാക്കിയാകുന്നു. ഒഴിവുസമയം ഏതെങ്കിലും തരത്തില്‍ സ്വന്തം നന്മക്ക് ഉപയോഗപ്പെടുത്താതിരിക്കുന്ന പക്ഷം അത് മനുഷ്യന് നേരിടുന്ന തീരാനഷ്ടമായിരിക്കും. കാരണം, ആ സമയം പിന്നെയൊരിക്കലും അവന് തിരിച്ച് കിട്ടുവാന്‍ പോകുന്നില്ല. നബി(സ) അരുളിച്ചെയ്യുന്നു: نعمتان مغبون فيهما كثير من الناس الصحة والفراغ – البخارى {രണ്ട് അനുഗ്രഹങ്ങളുണ്ട്, അവയില്‍ മിക്ക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്; ആരോഗ്യവും ഒഴിവു സമയവും. (ബു.)}
ഏതൊരു കാര്യവും നിര്‍വഹിക്കുവാന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം അനിവാര്യമാണ്. അതിന്റെ പര്യവസാനം നന്നായിത്തീരുവാന്‍ അവന്റെ അംഗീകരണവും അനിവാര്യം തന്നെ. അതിന്റെ യഥാര്‍ത്ഥ പ്രതിഫലം അവനില്‍ നിന്ന് മാത്രം ലഭിക്കേണ്ടതുമാണ്. അപ്പോള്‍, എല്ലാ കാര്യത്തിലും അവന്റെ മുമ്പില്‍ ആഗ്രഹം പ്രകടിപ്പിക്കേണ്ടതാവശ്യമാകുന്നു. അവനോട് മാത്രമേ അത് പ്രകടിപ്പിച്ചിട്ട് ഫലവും ഉണ്ടാകുകയുള്ളൂ. പാരത്രികമെന്നോ, ഐഹികമെന്നോ, മതപരമെന്നോ, ലൗകികമെന്നോ ഉള്ള വ്യത്യാസം കൂടാതെ, എല്ലാ നല്ല കാര്യത്തിനും അല്ലാഹുവിന്റെ മുമ്പിൽ അപേക്ഷ സമര്‍പ്പിക്കാവുന്നതും സമര്‍പ്പിക്കേണ്ടതുമാണ്. ചെരുപ്പിന്റെ വാര്‍ മുറിയുമ്പോഴും ഭക്ഷണത്തിന് ഉപ്പു ആവശ്യമായി വരുമ്പോഴും കൂടി അതിന് വേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുവാന്‍ ഹദീസില്‍ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.(തി.) ഇത്രയും നിസ്സാരപ്പെട്ട കാര്യങ്ങള്‍ പോലും അല്ലാഹുവിന്റെ സഹായം കൂടാതെ സാധ്യമാകുന്നതല്ലെന്ന് അല്‍പം ആലോചിക്കുന്നവര്‍ക്ക് അറിയാവുന്നതാണ്. എന്നിരിക്കെ, വൻകാര്യത്തെ കുറിച്ച് പറയേണ്ടതുണ്ടോ?! ഏതൊരു കാര്യത്തിനും പ്രാര്‍ത്ഥിച്ച് ചുമ്മാ ഇരുന്നാല്‍ പോരാ – ഓരോന്നിലും അവരവര്‍ക്കറിയുന്നതും കഴിയുന്നതുമായ ശ്രമങ്ങള്‍ ചെയ്കയും വേണ്ടതുണ്ട് – എന്ന്‍ പറയേണ്ടതില്ല. പക്ഷേ, ആ ശ്രമം ഫലപ്പെടുത്തുന്നതും അല്ലാഹുവാണല്ലോ.
എല്ലായ്പ്പോഴും ദുആ ചെയ്‌വാൻ പറ്റിയതും, മേല്‍ ചൂണ്ടിക്കാട്ടിയ വസ്തുതകൾ മനസ്സിലാക്കുവാന്‍ ഉതകുന്നതും, നബി(സ) തിരുമേനി ദുആ ചെയ്യാറുണ്ടായിരുന്നതായി ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചിട്ടുള്ളതുമായ ഒരു ദുആ ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും :—
اللّهــُمَ اَصْلِـحْ لي دِينِي الَّـذِي هُوَ عِصْـمَـةُ اَمْرِي وَ اَصْلِـحْ لِى دُنْيَـايَ الَّـتِي فِيـهَا مَعَاشِى وَاَصْلِحْ لِي آخِرَتِى الَّتِى فِيهَـا مَعَـادِى وَاجْعَـلِ الْحَـيَاةِ زِيَـادَةً لِى فِى كُـلِّ خَيْـرٍ وَاجْـعَـلِ الْمَوْتَ رَاحَــةً لِى مِنْ كُـلِّ شَرٍّ – رواه مسلم
സാരം: ‘അല്ലാഹുവേ, എന്റെ കാര്യത്തിന്റെ രക്ഷയാകുന്ന എന്റെ മതനിഷ്ഠ നീ എനിക്ക് നന്നാക്കിത്തരേണമേ! എന്റെ ജീവിതമാര്‍ഗം ഉള്‍ക്കൊള്ളുന്നതായ എന്റെ ഐഹിക ജീവിതവും നീ എനിക്ക് നന്നാക്കിത്തരേണമേ! എന്റെ മടക്ക സ്ഥലം ഉള്‍ക്കൊള്ളുന്ന എന്റെ പാരത്രികജീവിതവും നീ എനിക്ക് നന്നാക്കിത്തരേണമേ! ഈ ജീവിതം എല്ലാവിധ നന്മയിലും എനിക്ക് വർദ്ധനവാക്കിത്തീര്‍ക്കുകയും വേണമേ! മരണത്തെ എല്ലാവിധ തിന്മയിൽ നിന്നും എനിക്ക് ആശ്വാസമാക്കിത്തീര്‍ക്കുകയും വേണമേ!’
اللـهــم انا نـرغــب اليـك ونـدعوك بــدعاء نـبــيــك
اللـهــم ولــك الحمــد والمـنـة والفــضـل