ബലദ് (രാജ്യം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 20

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

90:1
  • لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ ﴾١﴿
  • ഈ രാജ്യത്തെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
  • لَا أُقْسِمُ ഞാന്‍ സത്യം ചെയ്തു പറയുന്നു بِهَـٰذَا الْبَلَد ഈ രാജ്യം കൊണ്ട്
90:2
  • وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ ﴾٢﴿
  • നീ ഈ രാജ്യത്തില്‍ അനുവദനീയനാണ് താനും
  • وَأَنت നീ (ആകുന്നുതാനും) حِلّ അനുവദനീയന്‍, ഇറങ്ങിയവന്‍ بِهَـٰذَا الْبَلَد ഈ രാജ്യത്തില്‍
90:3
  • وَوَالِدٍ وَمَا وَلَدَ ﴾٣﴿
  • ജനയിതാവിനെയും, അത് ജനിപ്പിക്കുന്നതിനെയും കൊണ്ടും (സത്യം ചെയ്യുന്നു)!-
  • وَوَالِد ജനയിതാവിനെയും وَمَا وَلَدَ അത് ജനിപ്പിച്ചതിനെയും (കൊണ്ടും)
90:4
  • لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ ﴾٤﴿
  • തീര്‍ച്ചയായും, മനുഷ്യനെ ക്ലേശത്തിലായിക്കൊണ്ട് നാം സൃഷ്‌ടിച്ചിരിക്കുന്നു.
  • لَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ട്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ فِي كَبَدٍ ക്ലേശത്തിലായിട്ട്, ബുദ്ധിമുട്ടിലായി

ഈ സൂറത്ത്‌ അവതരിച്ചതും, നബി (സ) താമസിച്ച് വരുന്നതും മക്കയിലായിരുന്നത് കൊണ്ട്‌ ഈ രാജ്യം (هذا البلد) എന്ന് മക്കയെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് വ്യക്തമാണ്‌. ഇസ്ലാമിന് മുമ്പ് ജാഹിലിയ്യത്തിലും ആ രാജ്യത്തിന് അറബികള്‍ വമ്പിച്ച സ്ഥാനം കല്‍പ്പിച്ചിരുന്നുവല്ലോ. ഖുറൈശികള്‍ക്ക് അറബികളുടെ നേതൃസ്ഥാനം കൈവരുവാനുള്ള കാരണം അവര്‍ മക്കയിലെ കഅ്ബാ ശരീഫിന്‍റെ പരിചാരകരും അധികാരസ്ഥരുമായിരുന്നതാണ്. ഈ സ്ഥിതിക്ക് ആ രാജ്യത്തെകൊണ്ട് സത്യം ചെയ്യുന്നത് മുസ്ലിംകളെ മാത്രമല്ല, മുശ്രിക്കുകളെ അപേക്ഷിച്ചും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അടുത്തതായി‌, ജനയിതാവിനെക്കൊണ്ടും, അത് ജനിപ്പിച്ചതിനെക്കൊണ്ടും സത്യം ചെയ്തിരിക്കുന്നു ‘ജനയിതാവ്’ എന്ന് അര്‍ത്ഥം കല്‍പ്പിച്ച والد (വാലിദ്) എന്ന വാക്ക് മാതാവിനും പിതാവിനും ഉപയോഗിക്കാവുന്നതാണ്. മാതാവിനെ പ്രത്യേകം ഉദ്ദേശിക്കുമ്പോള്‍ അതില്‍ സ്ത്രീലിംഗചിഹ്നം ചേര്‍ത്ത്‌ (والدة) എന്ന് പറയപ്പെടും. മനുഷ്യന്‍റെ മാത്രമല്ല, ഇതരജീവികളുടെ ജനയിതാക്കള്‍ക്കും, വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്‍റെ ജനയിതാക്കള്‍ക്കുമെല്ലാം ഉപയോഗിക്കാവുന്ന വാക്കാണത്. ആ നിലക്ക് നോക്കുമ്പോള്‍, മനുഷ്യപിതാവിന്‍റെയും മനുഷ്യസമുദായത്തിന്‍റെയും – അല്ലെങ്കില്‍ മറ്റെല്ലാ സമുദായങ്ങളുടെയും അവയുടെ ജനയിതാക്കളുടെയും – ഉത്ഭവം, വളര്‍ച്ച, വികസനം, പെരുപ്പം ആദിയായവയില്‍ അടങ്ങിയ ദ്രിഷ്ടാന്ത രഹസ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ സത്യവാചകം എന്ന് കാണാം.

ഒന്നാം വചനത്തില്‍ മക്കയെകൊണ്ടുള്ള സത്യത്തിന് ഒരു ഉപാധിയെന്നോണം രണ്ടാം വചനത്തില്‍ ‘നീ ഈ രാജ്യത്തില്‍ അനുവദനീയനാണ്‌’ എന്ന് പറഞ്ഞതിനെപ്പറ്റി അല്‍പമൊന്ന് വിവരിക്കേണ്ടതുണ്ട്. حل (ഹില്ലുന്‍) എന്ന പദത്തിന് അനുവദനീയമായവന്‍ എന്നും, ഇറങ്ങിവന്നവന്‍ – അഥവാ വന്ന് താമസിക്കുന്നവന്‍ – എന്നും, കെട്ടഴിഞ്ഞവന്‍ – അഥവാ നിരുപാധികമായവന്‍ അല്ലെങ്കില്‍ സ്വതന്ത്രന്‍ എന്നും മറ്റും അര്‍ത്ഥങ്ങള്‍ വരാവുന്നതാണ് . കഅ്ബഃയും അതിന്‍റെ ചുറ്റുപാടില്‍ കുറെ നാഴികകളോളം വരുന്ന സ്ഥലങ്ങളും ഉള്‍പ്പെട്ട പ്രദേശത്തിന് ‘ഹറം’ (حرم) എന്ന് പറയപ്പെടുന്നു. അക്രമം, കയ്യേറ്റം, കുഴപ്പം, ഹിംസ ആദിയായ അനാദരവുകളൊന്നും പാടില്ലെന്ന് പ്രത്യേകം മുടക്കം ചെയ്യപ്പെട്ട പരിപാവനമായ സ്ഥലം എന്നാണതുകൊണ്ട് വിവക്ഷ. ഈ പദത്തിന്‍റെ വിപരീതമെന്ന നിലക്ക് ‘ഹറ’മല്ലാത്ത സ്ഥലം എന്ന അര്‍ത്ഥത്തിലും, നിഷിദ്ധം എന്ന അര്‍ത്ഥത്തിലുള്ള ‘ഹറാമി’ (حرام)ന്‍റെ വിപരീതമെന്ന നിലക്ക് അനുവദനീയമായത് എന്ന അര്‍ത്ഥത്തിലും حل എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്. അതുകൊണ്ട് ഈ വചനത്തിന് താഴെ കാണുന്ന ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നല്‍കപെട്ട് കാണാം.

(1) ഈ രാജ്യത്തെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. അതിന്‍റെ പരിപാവനത്വവും അലംഘനീയതയും പ്രസിദ്ധമാണ്. എങ്കിലും നിനക്ക് (നബിക്ക്) ഒരിക്കല്‍ അവിടം അനുവദിക്കപ്പെട്ടുതരുന്നതാണ്. അഥവാ ഒരവസരത്തില്‍, അതിന്‍റെ അലംഘനീയ പരിധിയില്‍ നിന്ന് നിനക്ക് ഒരു ഇളവ് ലഭിക്കുവാന്‍ പോകുന്നുണ്ട്. ഇതാണ് പല മഹാന്മാരും സ്വീകരിച്ച ഒരു വ്യാഖ്യാനം. ഹിജ്റ 8- ാം കൊല്ലത്തില്‍ നടന്ന മക്കാവിജയ സംഭവത്തെയാണിത്‌ സൂചിപ്പിക്കുന്നത് .അറേബ്യയുടെ ഏതാനും ഭാഗം ഇസ്ലാമിന് കീഴൊതുങ്ങിക്കഴിഞ്ഞെങ്കിലും ഇസ്ലാമിന്‍റെ മര്‍മപ്രധാനവും പൂര്‍വകേന്ദ്രവുമായ മക്കാനഗരി വിഗ്രഹങ്ങളുടെ ഭരണാധികാരത്തില്‍ അവശേഷിക്കുവാന്‍ പാടില്ലല്ലോ. ഖുറൈശികളുടെ ഒരു കരാര്‍ ലംഘനത്തെത്തുടര്‍ന്ന് നബി (സ) മക്കായിലേക്ക് പടയെടുത്തുചെന്നു. കഅ്ബായുടെ മഹത്വത്തിനും ബഹുമാനത്തിനും യാതൊരു കോട്ടവും വരുത്താതെ ആ രാജ്യം ജയിക്കുകയും ചെയ്തു. സാധാരണനിലക്ക് മക്കയിലേക്ക് പടയെടുത്തതും, അല്‍പനേരത്തെ നിസ്സാര ഏറ്റുമുട്ടലുണ്ടായതും അതിന്‍റെ അലംഘനീയതക്ക് യോജിച്ചതല്ലല്ലോ. എന്നാല്‍, അത് മേല്‍ സൂചിപ്പിച്ചപ്രകാരം അല്ലാഹുവില്‍ നിന്ന് നബി (സ)ക്ക് ലഭിച്ച പ്രത്യേക അനുമതി അനുസരിച്ചായിരുന്നു. ഈ യാഥാര്‍ത്ഥ്യം നബി (സ) ഹജ്ജത്തുല്‍ വിദാഇലെ സുപ്രസിദ്ധമായ പ്രസംഗത്തില്‍ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

(2) ഈ രാജ്യം കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു ; ഇതിന്‍റെ അലംഘനീയതയും പരിപാവനത്വവും എല്ലാവരും അറിയുന്നതാണ്. എങ്കിലും നീ (നബി) ഈ രാജ്യത്ത്‌ അനാദരിക്കപെട്ടവനും, അക്രമങ്ങള്‍ക്ക് വിധേയനും ആയിക്കൊണ്ടാണിരിക്കുന്നത്. ഇത്‌ പരിഗണിച്ചുകൊണ്ട് തന്നെയാണ് ഈ രാജ്യത്തെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നത്. എന്നിങ്ങനെയാണ് മറ്റൊരു വ്യാഖ്യാനം. ഈ നിലക്കൊരു മാറ്റം വഴിയെ വരാനിരിക്കുന്നുവെന്ന് ഇതില്‍ സൂചനയുണ്ട്.

(3) ഈ രാജ്യത്ത്‌ നീ (നബി) താമസിച്ച് വരുന്നുവെന്ന് കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ രാജ്യം കൊണ്ട് സത്യം ചെയ്യുന്നത്‌. ഇതാണ് മൂന്നാമതൊരു വ്യാഖ്യാനം. മക്കയുടെ സുസ്ഥിരമായ സ്ഥാനപദവികള്‍ നിലവിലുള്ളതോടെത്തന്നെ, അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യസന്ദേശങ്ങള്‍ ഏറ്റുവാങ്ങിയും, അത് പ്രബോധനം ചെയ്തുകൊണ്ടും നബി (സ) തിരുമേനി അവിടെ താമസിച്ചുവരുന്നത് ആ പദവികള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടുന്നതാണല്ലോ. നബി(സ) തിരുമേനിയുടെ ഹിജ്റക്ക് ശേഷം ഈ പദവി മൂന്ന് ‘ഹറമു’കളില്‍ രണ്ടാം സ്ഥാനമുള്ള മദീനക്ക് ലഭിച്ചിരിക്കുകയാണ്. (മൂന്നമത്തെ ‘ഹറം’ ബൈത്തുല്‍ മുഖദ്ദസുമാകുന്നു)

പലതരം ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടുള്ള ഒരു പ്രകൃതിയോടെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നത്രെ മേല്‍കണ്ട സത്യങ്ങളെത്തുടര്‍ന്ന് അല്ലാഹു പ്രസ്താവിക്കുന്നത് . കുറച്ച് കാലം മാതാവിന്‍റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍ നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ച് കൊണ്ടുതന്നെ. അന്നുമുതല്‍തൊട്ട് മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹ്യവുമായി, ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം? ആലോചിച്ച് നോക്കുക. ഇങ്ങനെ ക്ലേശപൂര്‍ണമായ ഈ ജീവിതത്തില്‍ കൂടി വേണം മനുഷ്യന് ഭാവി ജീവിതവിജയത്തിനുള്ള മാര്‍ഗവും കരസ്ഥമാക്കുവാന്‍. പ്രബോധന തുറയില്‍ നബി (സ) അനുഭവിച്ച് വരുന്ന ക്ലേശങ്ങളും അക്കൂട്ടത്തില്‍ ഉള്‍പെടുന്നതാണെന്നും, അതില്‍ വ്യസനപ്പെടേണ്ടതില്ലെന്നും ഒരു സൂചനയും ഈ വചനത്തില്‍ അടങ്ങിയിരിക്കാം. ഏതായാലും പരലോക ജീവിതത്തിന്‍റെ കാര്യം കണക്കിലെടുക്കാതെ, അതിനുവേണ്ടി ക്ലേശം സഹിക്കാന്‍ തയ്യാറില്ലാതെ, സ്വേച്ഛകള്‍ക്ക് എന്ത് ക്ലേശവും സഹിക്കാന്‍ തയ്യാറാകുന്നവരാണ് ഒരു വിഭാകം ആളുകള്‍ . അവരെ പറ്റി അല്ലാഹു പറയുന്നു;-

90:5
  • أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ﴾٥﴿
  • അവന്‍ വിചാരിക്കുന്നുവോ - അവനോട് ഒരാള്‍ക്കും കഴിവുണ്ടാകുന്നതേയല്ല എന്ന്‌?!
  • أَيَحْسَبُ അവന്‍ കണക്ക് കൂട്ടുന്നു (വിചാരിക്കുന്നു)വോ أَن لَّن يَقْدِرَ കഴിയുന്നതേ അല്ല എന്ന് ‌عَلَيْهِ അവന്‍റെമേല്‍, അവനോട് أَحَدٌ ഒരാളും (ഒരാള്‍ക്കും)
90:6
  • يَقُولُ أَهْلَكْتُ مَالًا لُّبَدًا ﴾٦﴿
  • അവന്‍ പറയുന്നു; 'ഞാന്‍ മേല്‍ക്കുമേല്‍ (വളരെയധികം) ധനം (ചിലവാക്കി) നശിപ്പിച്ചു'വെന്ന്‌!
  • يَقُولُ അവന്‍ പറയുന്നു, പറയും أَهْلَكْتُ ഞാന്‍ നശിപ്പിച്ചു مَالًا ധനം, സ്വത്ത് لُبَدا അട്ടിയായി (മേല്‍ക്കുമേല്‍), വളരെ
90:7
  • أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ ﴾٧﴿
  • അവന്‍ വിചാരിക്കുന്നുവോ - അവനെ ഒരാളും കാണുന്നില്ലെന്ന് ?!
  • أَيَحْسَبُ അവന്‍ വിചാരിക്കുന്നുവോ أَن لَّمْ يَرَهُ അവനെ കണ്ടിട്ടില്ലെന്ന്, കാണുന്നില്ലെന്ന് أَحَدٌ ഒരാളും

അവന്‍ എന്ത് ചെയ്താലും ചോദ്യം ചെയ്യാന്‍ ആളില്ല. ആര്‍ക്കും അവനെ പിടിക്കുവാനും അവന്‍റെമേല്‍ നടപടി എടുക്കുവാനും സാധ്യമല്ല എന്നൊക്കെയുള്ള ഭാവമാണ് അവന്‍റെ ധിക്കാരത്തില്‍ നിന്നും പ്രകടമാകുന്നത്. ഞാന്‍ എത്രയോ ധനം ചിലവഴിച്ചു, ഇന്നിന്ന വിഷയത്തില്‍ ഇത്രയിത്ര വിനിയോഗിച്ചു, ധര്‍മത്തിനുവേണ്ടി വമ്പിച്ച സംഖ്യ നശിപ്പിച്ചു എന്നൊക്കെ അവന്‍ അഹങ്കരിക്കുകയും, വീമ്പിളക്കുകയും ചെയ്യുന്നു. അവനെപറ്റി ആര്‍ക്കും അറിഞ്ഞു കൂടാ എന്നും, അവനെ ആരും കാണുന്നില്ല എന്നുമുള്ള നിലപാടാണ്‌ അവനില്‍ കാണുന്നത്. ആ വിചാരം വേണ്ട! അല്ലാഹു അവനെ എപ്പോഴും എന്തും ചെയ്യാന്‍ കഴിയും, അവന്‍ അവനെ ശരിക്കും കണ്ടും സൂക്ഷിച്ചും കൊണ്ടുതന്നെ ഇരിക്കുന്നുണ്ട്‌ എന്ന്‍ അവന്‍ ഓര്‍മവെച്ചുകൊള്ളട്ടെ എന്ന് സാരം.

90:8
  • أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ﴾٨﴿
  • അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?
  • أَلَمْ نَجْعَل നാം ഉണ്ടാക്കി (ഏര്‍പെടുത്തി) കൊടുത്തിട്ടില്ലേ لَّهُ അവന് عَيْنَيْنِ രണ്ട് കണ്ണുകളെ
90:9
  • وَلِسَانًا وَشَفَتَيْنِ ﴾٩﴿
  • ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ)?
  • وَلِسَانًا ഒരു നാവും وَشَفَتَيْن രണ്ട് ചുണ്ടും, അധരങ്ങളും
90:10
  • وَهَدَيْنَٰهُ ٱلنَّجْدَيْنِ ﴾١٠﴿
  • (തെളിഞ്ഞുകാണുമാറ്) പൊന്തിനില്‍ക്കുന്ന രണ്ട് വഴികള്‍ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു
  • وَهَدَيْنَاهُ നാം അവന് കാട്ടികൊടുക്കുക (മാര്‍ഗ ദര്‍ശനം നല്‍കുക)യും ചെയ്തു النَّجْدَيْنِ രണ്ട് പൊന്തി (ഉയര്‍ന്ന്) നില്‍ക്കുന്ന വഴികള്‍

കണ്ടറിയുവാന്‍ രണ്ട് കണ്ണുകളും, സംസാരിക്കുവാനും രുചി അറിയുവാനും ഭക്ഷണം കഴിക്കുവാനും വേണ്ടി ഒരു നാവും രണ്ടു ചുണ്ടുകളും അല്ലാഹു അവന് നല്‍കിയിരിക്കുന്നു. അതുപോലെത്തന്നെ, മനുഷ്യന്‍റെ നന്മയുടെതും തിന്മയുടെതുമായ രണ്ട് തെളിഞ്ഞ വഴികളും അവന് അല്ലാഹു കാണിച്ച് കൊടുത്തിരിക്കുന്നു. തന്‍റെ നന്മയുടെ മാര്‍ഗം ഏതാണെന്നോ, തിന്മയുടെ മാര്‍ഗം ഏതാണെന്നോ അറിയാതെ അവന്‍ വിഷമിക്കേണ്ടതില്ല. രണ്ടും വെവ്വേറെ തെളിഞ്ഞു പൊന്തിക്കാണത്തക്കവണ്ണം അല്ലാഹു അവയെ വ്യക്തമായി വിവരിച്ചു കൊടുത്തിട്ടുണ്ട്‌. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും അവര്‍ അതിന് നന്ദിയായി നന്മയുടെ മാര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ മുതിരുന്നില്ല എന്ന്‌ അല്ലാഹു മനുഷ്യനെ കുറ്റപ്പെടുത്തുകയാണ്. അല്ലാഹു പറയുന്നു:-

90:11
  • فَلَا ٱقْتَحَمَ ٱلْعَقَبَةَ ﴾١١﴿
  • എന്നിട്ട്, അവന്‍ ചുരമാര്‍ഗത്തില്‍ തിരക്കിക്കടന്നില്ല
  • فَلَا اقْتَحَمَ എന്നാല്‍ (എന്നിട്ട്) അവന്‍ തിരക്കികടന്നില്ല الْعَقَبَةَ ചുരമാര്‍ഗത്തെ, മലവഴിയില്‍
90:12
  • وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ﴾١٢﴿
  • ചുരമാര്‍ഗം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?
  • وَمَا أَدْرَاكَ നിനക്ക് എന്തറിയാം, അറിവ് നല്‍കിയതെന്ത് مَا الْعَقَبَةُ ചുരമാര്‍ഗം എന്തെന്ന്
90:13
  • فَكُّ رَقَبَةٍ ﴾١٣﴿
  • (അതെ) അടിമയെ വിടുതലാക്കുക;
  • فَكُّ വിടുതലാക്ക (അഴിച്ചുവിട)ലാണ് رَقَبَةٍ പിരടിയെ (അടിമയെ)
90:14
  • أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ ﴾١٤﴿
  • അല്ലെങ്കില്‍, പട്ടിണിയുള്ള ദിവസത്തില്‍ ഭക്ഷണം നല്‍കുക,
  • أَوْ إِطْعَامٌ അല്ലെങ്കില്‍ ഭക്ഷണം കൊടുക്കുക فِي يَوْمٍ ദിവസത്തില്‍ ذِي مَسْغَبَةٍ പട്ടിണിയുള്ള
90:15
  • يَتِيمًا ذَا مَقْرَبَةٍ ﴾١٥﴿
  • കുടുംബ ബന്ധമുള്ള അനാഥക്ക്
  • يَتِيمًا അനാഥക്കുട്ടിക്ക് ذَامَقْرَبَةٍ അടുത്ത (കുടുംബ) ബന്ധമുള്ള
90:16
  • أَوْ مِسْكِينًا ذَا مَتْرَبَةٍ ﴾١٦﴿
  • അല്ലെങ്കില്‍, മണ്ണുപുരണ്ട (കടുത്ത ദാരിദ്ര്യമുള്ള) സാധുവിന്
  • أَوْ مِسْكِينًا അല്ലെങ്കില്‍ സാധുവിന്, പാവപ്പെട്ടവന് ذَامَتْرَبَةٍ മണ്ണ് പുരണ്ട (കടുത്ത ദാരിദ്ര്യമുള്ള)

ഇതൊക്കെയാണ് ചുരമാര്‍ഗമെന്ന് പറഞ്ഞത്. ഇങ്ങനെയുള്ള മാര്‍ഗങ്ങളിലൊന്നും പ്രവേശിക്കുവാനുള്ള തിരക്കോ സാഹസമോ അവന്‍ കാണിച്ചില്ല. നേരെമറിച്ച് സ്വേച്ഛയുടെ എളുപ്പമാര്‍ഗമാണവന്‍ സ്വീകരിച്ചത്. മാത്രമല്ല:-

90:17
  • ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ ﴾١٧﴿
  • പിന്നെ, (അതിനുപുറമേ) വിശ്വസിക്കുകയും, ക്ഷമകൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും, കാരുണ്യം കൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയീത്തീരുകയും (ഉണ്ടായില്ല).
  • ثُمَّ كَانَ പിന്നെ അവനാകുകയും (ചെയ്തില്ല) مِنَ الَّذِينَ യാതോരുവരില്‍പെട്ട(വന്‍) آمَنُوا വിശ്വസിച്ച وَتَوَاصَوْا പരസ്പരം വസിയ്യത്ത് ചെയ്ത, ഉപദേശിക്കുകയും ചെയ്ത بِالصَّبْر ക്ഷമ (സഹനം) കൊണ്ട് وَتَوَاصَوْا പരസ്പരം ഉപദേശിക്കുകയും ചെയ്ത بِالْمَرْحَمَةِ കാരുണ്യം കൊണ്ട്
90:18
  • أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ ﴾١٨﴿
  • അങ്ങനെയുള്ളവര്‍ (ശുഭകരമായ) വലതുപക്ഷത്തിന്‍റെ ആള്‍ക്കാരത്രേ.
  • أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ്‌ الْمَيْمَنَةِ വലതുപക്ഷ (ശുഭപക്ഷ)ത്തിന്‍റെ
90:19
  • وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ ﴾١٩﴿
  • നമ്മുടെ 'ആയത്തു' [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവരാകട്ടെ, അവരത്രെ, (അശുഭകരമായ) ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ هُمْ അവര്‍ (തന്നെ) أَصْحَابُ ആള്‍ക്കാര്‍ الْمَشْأَمَة ഇടതു (അശുഭ)പക്ഷത്തിന്‍റെ
90:20
  • عَلَيْهِمْ نَارٌ مُّؤْصَدَةٌۢ ﴾٢٠﴿
  • അവരുടെമേല്‍ അടച്ചുമൂടപ്പെട്ട അഗ്നിയുണ്ടായിരിക്കും.
  • عَلَيْهِمْ അവരുടെമേലുണ്ടായിരിക്കും نَارٌ مُّؤْصَدَةٌ അടച്ചുമൂടപ്പെട്ട തീ (അഗ്നി)

മനുഷ്യജീവിതം ആദ്യന്തം ക്ലേശം നിറഞ്ഞതാണ്‌. അവ തരണം ചെയ്തു പോരുവാന്‍ വേണ്ടുന്ന അവയവങ്ങളും സഹായങ്ങളും അല്ലാഹു ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. കൂട്ടത്തില്‍ അവന്‍റെ അനശ്വരജീവിതത്തിന് വേണ്ടി സമ്പാദിക്കുവാനുള്ള ക്ലേശവും അവന്‍ അനുഭവിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗങ്ങള്‍ വേണ്ടത് പോലെ അവന് നിര്‍ദ്ദേശിച്ചു കൊടുത്തിട്ടുമുണ്ട്. ആ സ്ഥിതിക്ക് കുറേ പ്രയാസപ്പെട്ടുകൊണ്ടെങ്കിലും ആ മാര്‍ഗങ്ങളില്‍ അവന്‍ പ്രവേശിക്കേണ്ടതാണ്. അടിമത്തമാകുന്ന ബന്ധം കൊണ്ട് കഴുത്ത് ഞെരുങ്ങി അസ്വതന്ത്രനായി വിഷമിക്കുന്നവന് അഥവാ അടിമകള്‍ക്ക് മോചനം ലഭിക്കുവാന്‍ വേണ്ടത് ചെയ്യുക. പഞ്ഞം പിടിപ്പെട്ട കാലത്ത് അടുത്ത ബന്ധുക്കളായ അനാഥകള്‍, ദാരിദ്ര്യം നിമിത്തം മണ്ണല്ലാതെ മറ്റു ഗതിയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാധുക്കള്‍ മുതലായവര്‍ക്ക് അന്നദാനം ചെയ്യുക. ഇങ്ങനെ പലതും അവന്‍ ചെയ്യേണ്ടിയിരിക്കുന്നു. അതൊന്നും അവന്‍ ചെയ്തില്ല. മാത്രമോ? സത്യവിശ്വാസം, പരസ്പരം ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും ഉപദേശിക്കല്‍ എന്നിങ്ങനെയുള്ള സല്‍ഗുണങ്ങളോടുകൂടിയ ആളുകളുടെ കൂട്ടത്തില്‍ അവന്‍ ഉള്‍പ്പെടുന്നുണ്ടോ? അതും ഇല്ല. ഇത്തരക്കാര്‍ സഹിക്കുന്ന ക്ലേശങ്ങളെല്ലാം തന്നെ തങ്ങള്‍ക്ക് നാശമായിത്തീര്‍ന്നു കൊണ്ടിരിക്കയാണ്. മനുഷ്യന്‍ രണ്ടിലോരു കക്ഷിയില്‍ പെടാതിരിക്കയില്ല. ശുഭ ലക്ഷണം പൂണ്ട വലതു പക്ഷം. അശുഭലക്ഷണം പൂണ്ട ഇടതുപക്ഷം. മേല്‍ ചൂണ്ടികാട്ടിയതുപോലുള്ള നല്ല മാര്‍ഗം സ്വീകരിച്ചവരാണ് വലതു പക്ഷക്കാര്‍. ഇവര്‍ക്ക് മാത്രമേ രക്ഷയുള്ളൂ. ആ മാര്‍ഗം സ്വീകരിക്കാത്തവര്‍ അല്ലാഹുവിന്‍റെ ലക്ഷ്യപ്രമാണങ്ങളെയും ദൃഷ്ടാന്തങ്ങളെയും നിഷേധിക്കുന്നവരായിരികും. ഇവരാണ് ഇടതു പക്ഷക്കാര്‍. ഇവര്‍ക്ക് ആധാരം നരകമായിരിക്കും. അതിലെ അഗ്നി അവരില്‍ അടച്ചു മൂടപ്പെട്ടുകൊണ്ടിരിക്കും. എന്നൊക്കെയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. (വലതുപക്ഷത്തെയും ഇടതു പക്ഷത്തെയും കുറിച്ച് സൂ: വാഖിഅഃ’യില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക).

ഇസ്‌ലാമിന്‍റെ ആദ്യകാലത്ത് മുസ്ലിംകള്‍ ഖുറൈശികളുടെ അക്രമമര്‍ദ്ദനങ്ങള്‍ക്ക് പാത്രമായിക്കൊണ്ടിരുന്ന അവസരത്തില്‍ അവതരിച്ച സൂറത്തുകളില്‍ പെട്ടതാണ് ഈ സൂറത്ത്. ആദ്യവിശ്വാസികളില്‍ പലരും അടിമകളായിരുന്നത് കൊണ്ട് അവര്‍ യജമാനന്മാരില്‍ നിന്ന് കൂടുതല്‍ യാതനകള്‍ അനുഭവിച്ച് വരികയായിരുന്നു. ഈ അവസരത്തില്‍ അടിമകളെ മോചിപ്പിക്കുകയും സാധുക്കള്‍ക്ക് അന്നദാനം ചെയ്യുകയും ചെയ്യാന്‍ കല്‍പിക്കുന്നതിന്‍റെ പ്രാധാന്യം വ്യക്തമാണ്. സഹാബികളില്‍ കഴിവുള്ളവരെല്ലാം അത് അക്ഷരംപ്രതി പാലിച്ചിട്ടുമുണ്ട്. അബൂബക്കര്‍(റ) ആറേഴു പേരെ മോചിപ്പിച്ച് രക്ഷപ്പെടുത്തുകയുണ്ടായി. അതില്‍ ഒരാളാണ് ബിലാല്‍ (റ).

നബി (സ) അരുളിച്ചെയ്തതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു; ‘സത്യവിശ്വാസിയായ ഒരടിമയെ ആരെങ്കിലും മോചിപ്പിച്ചു വിട്ടാല്‍, ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്‍റെ അവയവത്തിന് നരകത്തില്‍ നിന്ന് മോചനം നല്‍കുന്നതാണ്.(അതായത്) കയ്യിന് കയ്യും, കാലിനുകാലും, ഗുഹ്യസ്ഥാനത്തിന് ഗുഹ്യസ്ഥാനവും വരെ’ (അ; ബു: മു: തി; ന) അടിമളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിലുള്ള നിയമങ്ങളും പ്രോത്സാഹനങ്ങളും നിരവധിയാണ്.

رَقَبَةٍ (റഖബത്ത്) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ‘പിരടി’ അല്ലെങ്കില്‍ ‘കഴുത്ത്’ എന്നാകുന്നു. അടിമത്തമാകുന്ന ചങ്ങല കൊണ്ട് അടിമയുടെ കഴുത്ത് ബന്ധിക്കപ്പെടുന്നതുകൊണ്ട് ‘അടിമ’ എന്ന അര്‍ത്ഥത്തില്‍ ആ വാക്ക് ഉപോയോകിക്കുക പതിവായി. (കഴുത്ത്, തല, കൈ, മുതലായ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പേര് പറഞ്ഞ് ചിലപ്പോള്‍ മൃഗത്തെ ഉദ്ദേശിക്കലും അറബിയിലെന്നപോലെ മലയാളത്തിലും പതിവുള്ളതാണ്).

അനാഥകള്‍ക്കും സാധുക്കള്‍ക്കും അന്നദാനം ചെയ്യുന്നത്‌ എപ്പോഴും വളരെ പുണ്യപ്പെട്ട കര്‍മം തന്നെ. എന്നാല്‍ അടുത്ത കുടുംബത്തിലുള്ളവരാകുകയും, പട്ടിണിയും പഞ്ഞവും ഉള്ളകാലത്താകുകയും ചെയ്യുമ്പോള്‍ അതിന്‍റെ കടമയും പ്രാധാന്യവും കൂടുതല്‍ വര്‍ദ്ധിക്കുന്നു. നബി (സ) പറയുന്നു : ‘സാധുവിന് ധര്‍മം കൊടുക്കല്‍ ഒരു ധര്‍മമാകുന്നു; രക്തബന്ധമുള്ളവന് കൊടുക്കുന്നത് രണ്ട് ധര്‍മമാണ്. അതായത്, ധര്‍മവും കുടുംബം പാലിക്കലും’ (അ:തി:ന) ചൂണ്ടാണിവിരലും നടുവിരലും അകറ്റിപ്പിടിച്ച് ആംഗ്യം കാട്ടിക്കൊണ്ട് നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു : ‘ഞാനും അനാഥയെ ഏറ്റെടുത്തവനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.’ (ബു)

ومن الله التوفيق لما يحب ويرضى