സൂറത്തുല്‍ ഫജ്ര്‍ : 01-30
ഫജ്ര്‍ (പ്രഭാതം)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 30]
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- وَلَيَالٍ عَشْرٍ ﴾٢﴿
- പത്ത് രാത്രികള്‍ തന്നെയാണ (സത്യം)!
- وَلَيَالٍ രാത്രികളും തന്നെയാണ عَشْرٍ പത്ത്
- وَٱلشَّفْعِ وَٱلْوَتْرِ ﴾٣﴿
- ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)!
- وَالشَّفْعِ ഇരട്ട (ഇണയായത്) തന്നെയാണ وَالْوَتْرِ ഒറ്റയും
- وَٱلَّيْلِ إِذَا يَسْرِ ﴾٤﴿
- രാത്രി അത് തന്നെയാണ (സത്യം), അത് ചരിച്ചു കൊണ്ടിരിക്കെ.
- وَاللَّيْلِ രാത്രി തന്നെയാണ إِذَا يَسْرِ അത് ചരിക്കു(നടക്കു)മ്പോള്‍
- هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ ﴾٥﴿
- അതില്‍ [മേല്‍പ്പറഞ്ഞതില്‍] കാര്യബോധമുള്ളവന് സത്യം [സത്യത്തിന് വക] ഉണ്ടോ?!
- هَلْ فِي ذَٰلِكَ അതിലുണ്ടോ قَسَمٌ സത്യം, ശപഥം لِّذِي حِجْرٍ ബുദ്ധി (കാര്യബോധം) ഉള്ളവന്
ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയും ഉള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്ന് സാരം. മേല്‍കണ്ട അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ച് സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം – അത് ഇന്നതാണെന്ന് പ്രത്യേകം എടുത്തുപറയാതെ- തന്നെ വ്യക്തമാണ്. താഴെ വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാം. അതെ, മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ.
1- ാമത്തെ സത്യം പ്രഭാതംകൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്ത് സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ട് കിടന്നിരുന്ന ശരീരങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചേഷ്ടമായിരുന്ന ഇന്ദ്രിയശക്തികള്‍ക്ക് നവബോധം സംജാതമാകുന്നു. ആത്മാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തമായ – കൂടുതല്‍ വസ്തുനിഷ്ഠമായ – മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നു .
പത്ത് രാത്രികളെ കൊണ്ടാണ് അടുത്ത സത്യം. ഇവ ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്ത് ദിവസങ്ങളാണെന്നും അതതിന്‍റെ ചില സവിശേഷതകളെ മുന്‍നിറുത്തി ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മിക്കവാറും അഭിപ്രായപ്പെടുന്നതും, കൂടുതല്‍ ശരിയായി തോന്നുന്നതും ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നത്രെ. ഹജ്ജുകര്‍മ്മത്തിന്‍റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് ആണയിടുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്.
നബി(സ്വ) ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്തു: ‘ഏത് ദിവസങ്ങളില്‍ സല്‍കര്‍മ്മം ചെയ്യുന്നതും ഈ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ അല്ലാഹുവിങ്കലേക്ക് ഇഷ്ടപ്പെട്ടതായിരിക്കയില്ല.’ ഇത് കേട്ടപ്പോള്‍: ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നത് പോലും ആയിരിക്കുകയില്ലേ?’ എന്ന് സ്വഹാബികള്‍ ചോദിച്ചു. തിരുമേനി(സ്വ) ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യലും ആവുകയില്ല. പക്ഷേ, തന്‍റെ ദേഹവും ധനവും കൊണ്ട് പോയിട്ട് അവയില്‍ ഒന്നുപോലും മടക്കിക്കൊണ്ടുവരാത്ത (ജീവനും ധനവും ബലിയര്‍പ്പിച്ച) മനുഷ്യന്‍ ഒഴികെ.’ (അ; ബു.).
ഇരട്ടയും ഒറ്റയും – അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും – കൊണ്ടാണ് അടുത്ത രണ്ട് സത്യങ്ങള്‍. രണ്ടുകൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട (شفع) എന്നും, അല്ലാത്തതിന് ഒറ്റ (وتر) എന്നും പറയുന്നു. (*) അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്ന് കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്‍റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ -അഥവാ സൃഷ്ടികള്‍- എല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. ഒരു നബിവചനം ഇവിടെ പ്രസ്താവ്യമാകുന്നു: ‘അല്ലാഹു ഒറ്റയാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. ആകയാല്‍ ഖുര്‍ആന്‍റെ ആള്‍ക്കാരേ, നിങ്ങള്‍ ‘വിത്ര്‍ ‘ നമസ്കാരം (**) ചെയ്യുവിന്‍’ (ദാ; തി.) ഒറ്റകൊണ്ടുദ്ദേശ്യം ഒറ്റ റക്അത്തായി നമസ്കരിക്കുന്ന വിത്ര്‍ നമസ്കാരമാണെന്നും, ഇരട്ട കൊണ്ടുദ്ദേശ്യം മറ്റുള്ള നമസ്കാരങ്ങളാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. വാസ്തവത്തില്‍ ഇതും ഇതുപോലെയുള്ളതുമായ അഭിപ്രായങ്ങള്‍ ഒറ്റക്കും ഇരട്ടക്കും ചില ഉദാഹരണങ്ങള്‍ മാത്രമാകുന്നു.
(*) ഒറ്റയായത് എന്നര്‍ത്ഥത്തില്‍ ‘വത്ര്‍ എന്നും ‘വിത്ര്‍’ എന്നും (وَتر ,وِتر) ഉപയോഗിക്കാറുണ്ട്.
(**) ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയായ റക്അത്തു കൊണ്ട് അവസാനിപ്പിക്കുന്ന രാത്രിയിലെ സുന്നത് നമസ്‌കാരമാണ് ‘വിത്ര്‍ നമസ്കാരം’.
സൂ: ദാരിയാത്ത് 49ല്‍ അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എല്ലാ വസ്തുക്കളില്‍ നിന്നും നാം രണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു.’ ഹസന്‍ ബസ്വരീ(റ), സൈദ് ഇബ്നു അസ്‌ലം(റ) എന്നിവര്‍ പ്രസ്താവിച്ചതായി ഒരു രിവായത്ത് കാണാം: ‘സൃഷ്ടികളെല്ലാം ഇരട്ടയും ഒറ്റയുമാകുന്നു. അല്ലാഹു അവന്‍റെ സൃഷ്ടികളെ കൊണ്ട് സത്യം ചെയ്തിരിക്കുകയാണ്.’ മുജാഹിദ്(റ) പ്രസ്താവിച്ചതായി ഒരു രിവായത്ത് ഇങ്ങിനെയും വന്നിട്ടുണ്ട്: ‘അല്ലാഹു ഒറ്റയാണ്, അവന്‍റെ സൃഷ്ടികള്‍ ഇരട്ടയും (അഥവാ ഇണയുള്ളതും) ആകുന്നു.’ ഇതെല്ലം കണക്കിലെടുത്തുകൊണ്ടാണ് നാം മുകളില്‍ ഇരട്ടക്കും ഒറ്റക്കും നല്‍കിയ വിവരണം.
അഞ്ചാമത്തെ സത്യം ചരിക്കുന്ന അവസരത്തില്‍ രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നതിനെയോ ഉദ്ദേശിച്ച് പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്‍റെ പ്രാരംഭത്തെ – വരവിനെ – കുറിക്കുന്നതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത തോന്നുന്നത്. അല്ലാഹുവിനറിയാം. പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചത് പോലെ അനേകം മാറ്റങ്ങള്‍ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുവല്ലോ. അവയെപ്പറ്റി ആലോചിച്ചുനോക്കുവാനും അതുവഴി ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാനും ഇതും ഉപകരിക്കുന്നത് തന്നെ. അടുത്ത വചനങ്ങളില്‍ ചില ചരിത്ര ദൃഷ്ടാന്തങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
- أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴾٦﴿
- നിന്‍റെ രക്ഷിതാവ് 'ആദി'നെ കൊണ്ട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ?!
- أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ فَعَلَ എങ്ങനെ ചെയ്തുവെന്ന് رَبُّكَ നിന്‍റെ റബ്ബ് بِعَادٍ ആദിനെക്കൊണ്ട്
- إِرَمَ ذَاتِ ٱلْعِمَادِ ﴾٧﴿
- അതായത് തൂണിന്‍റെ ആള്‍ക്കാരായ 'ഇറമു'(ഗോത്രം);
- إِرَم അതായത് ഇറമിനെക്കൊണ്ട് ذَاتِ الْعِمَادِ തൂണിന്‍റെ (സ്തംഭത്തിന്‍റെ)തായ
- ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ ﴾٨﴿
- (അതെ) രാജ്യങ്ങളില്‍ അതുപോലെയുള്ളവര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത (ആ ഗോത്രം);-
- الَّتِي لَمْ يُخْلَقْ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതായ مِثْلُهَا അതുപോലെയുള്ള(വര്‍) فِي الْبِلَادِ രാജ്യങ്ങളില്‍, നാടുകളില്‍
- وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ ﴾٩﴿
- താഴ്‌വരയില്‍ പാറവെട്ടി (കെട്ടിടങ്ങള്‍) ഉണ്ടാക്കിയവരായ 'ഥമൂദി'നെക്കൊണ്ടും;
- وَثَمُودَ ഥമൂദിനെകൊണ്ടും الَّذِينَ جَابُوا വെട്ടി (തുരന്നു) ഉണ്ടാക്കിയവരായ الصَّخْرَ പാറ بِالْوَادِ താഴ്‌വരയില്‍
- وَفِرْعَوْنَ ذِى ٱلْأَوْتَادِ ﴾١٠﴿
- കുറ്റികളുടെ ആളായ ഫിര്‍ഔനെ കൊണ്ടും;
- وَفِرْعَوْنَ ഫിര്‍ഔനെ കൊണ്ടും ذِي الْأَوْتَادِ ആണികളുടെ ആളായ
- ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ ﴾١١﴿
- (അതെ) രാജ്യങ്ങളില്‍ അതിക്രമം നടത്തിയവര്‍
- الَّذِينَ طَغَوْا അതിക്രമം(ധിക്കാരം) ചെയ്തവര്‍ فِي الْبِلَادِ രാജ്യങ്ങളില്‍
- فَأَكْثَرُوا۟ فِيهَا ٱلْفَسَادَ ﴾١٢﴿
- അങ്ങനെ, അവര്‍ അതില്‍ കുഴപ്പം വര്‍ദ്ധിപ്പിച്ചു
- فَأَكْثَرُوا فِيهَا എന്നിട്ട് അതില്‍ അവര്‍ വര്‍ദ്ധിപ്പിച്ചു الْفَسَادَ കുഴപ്പം, നാശം ചൊരിഞ്ഞു
- فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴾١٣﴿
- അതിനാല്‍ നിന്‍റെ റബ്ബ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു.
- فَصَبَّ عَلَيْهِمْ അപ്പോള്‍ അവരുടെമേല്‍ ചൊരിഞ്ഞു رَبُّكَ നിന്‍റെ റബ്ബ് سَوْطَ عَذَابٍ ശിക്ഷയുടെ ചമ്മട്ടി
- إِنَّ رَبَّكَ لَبِٱلْمِرْصَادِ ﴾١٤﴿
- നിശ്ചയമായും, നിന്‍റെ റബ്ബ് പതിസ്ഥാനത്ത് (വീക്ഷിച്ചു കൊണ്ടിരിക്കുക) തന്നെയാണ്.
- إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَبِالْمِرْصَادِ പതി (കാവല്‍) സ്ഥാനത്തുതന്നെ
ആദ് ഗോത്രം, ഥമൂദ് ഗോത്രം,ഫിര്‍ഔനും ആള്‍ക്കാരും എന്നിവരെല്ലാം ഭൂമിയില്‍ നടത്തിയ ധിക്കാരത്തിന്‍റെയും അതിന്‍റെ ഫലമായി അവര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷയുടെയും ചരിത്രങ്ങളെ ഒന്നു ഓര്‍മ്മിപ്പിക്കുക മാത്രമാണ് ഈ വചനങ്ങളില്‍ ചെയ്തിരിക്കുന്നത്. മൂന്ന് കൂട്ടരെ പറ്റിയും ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്.ഇറമ് (ارم) എന്ന് പേരുള്ള ഒരാളുടെ സന്തതികള്‍ ആയിരുന്നു ആദ് ജനതയെന്നും, അത് കൊണ്ടാണ് അവര്‍ക്ക് ഇറമ് എന്നൊരു വര്‍ഗപേരുണ്ടായതെന്നുമാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. പിതാമഹന്‍റെ പേര്‍ ഗോത്രത്തിന്‍റെയും, വംശത്തിന്‍റെയും പേരായി സ്വീകരിക്കല്‍ അറബികളുടെ പാരമ്പര്യപതിവുമാണ്.അവരുടെ പ്രധാന പട്ടണത്തിന്‍റെയോ, വാസസ്ഥലത്തിന്‍റെയോ പേരായിരുന്നു അതെന്നും അഭിപ്രായങ്ങളുണ്ട് . രാജ്യത്തിന്‍റെ പേരിലും ഗോത്രങ്ങള്‍ അറിയപ്പെടാറുണ്ടുതാനും. والله اعلم
ذَاتِ الْعِمَادِ (തൂണിന്‍റെ ആളുകള്‍) എന്ന് ‘ആദി’നെ വിശേഷിപ്പിച്ചതിന്‍റെ താല്‍പര്യം സൂ: ശുഅറാഉ് : 128ല്‍ നിന്നും അതിന്‍റെ വിവരണത്തില്‍ നിന്നും മനസ്സിലാക്കാം. ഉയര്‍ന്ന കുന്നുകളിലും മറ്റും അനാവശ്യമായി ഉന്നതസ്തംഭങ്ങളും കെട്ടിടങ്ങളും അവര്‍ നിര്‍മ്മിച്ചിരുന്നതായി അവിടെ പ്രസ്താവിച്ചിരിക്കുന്നു. അവരുടെ താമസം ഉയര്‍ന്ന തൂണ്‍കാലുകളില്‍ കെട്ടിയുണ്ടാക്കിയ തമ്പുകളില്‍ ആയിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അഭിപ്രായമുണ്ട്. ഏതായാലും വലുപ്പത്തിലും കയ്യൂക്കിലും നിസ്തുല്യരായിരുന്നു ആ ജനത. അതാണ് 8-ാം വചനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വമ്പിച്ച പാറകള്‍ വെട്ടിത്തുരന്നു വീടും കെട്ടിടവും നിര്‍മ്മിക്കുക ഥമൂദ് ഗോത്രത്തിന്‍റെ പതിവായിരുന്നു. അതാണ് 9-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്.
ذِي الْأَوْتَادِ (കുറ്റികളുടെ ആള്‍) എന്ന് ഫിര്‍ഔനെ വിശേഷിപ്പിച്ചതിന്‍റെ താല്‍പര്യം അവന്‍റെ അധികാരശക്തിയും മറ്റും ചൂണ്ടിക്കാണിക്കലാണ് എന്നും,’കുറ്റികള്‍’ കൊണ്ടുള്ള വിവക്ഷ രണ്ടു മൂന്നു പ്രകാരത്തില്‍ ആയിരിക്കാനിടയുണ്ടെന്നും സൂ:സ്വാദ് 12ന്‍റെ വിവരണത്തില്‍ നാം മുമ്പ് വിവരിച്ചിട്ടുണ്ട്. ഈ മൂന്ന് കൂട്ടരും ചെയ്ത അക്രമങ്ങളുടെ രത്നച്ചുരുക്കം ആണ് 11,12 വചനങ്ങളില്‍ കാണുന്നത്. എല്ലാവര്‍ക്കും അനുഭവപ്പെട്ട ശിക്ഷകളുടെ കാഠിന്യവും വലുപ്പവും ചൂണ്ടിക്കാട്ടുന്നതാണ് 13ാം വചനത്തില്‍ ‘ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു’ എന്ന അലങ്കാരവാക്യം. കാലവ്യത്യാസമോ തരവ്യത്യാസമോ ഇല്ലാതെ എല്ലാവരുടെയും സ്ഥിതിഗതികളെ സദായ്പോഴും അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞും കൊണ്ടിരിക്കുന്നുണ്ടെന്നും,ഓരോരുത്തരുടെ പേരിലും അവന്‍ തക്ക നടപടി എടുക്കുമെന്നും താക്കീതു ചെയ്യുന്നതാണ് 14ാം വചനം.
- فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ ﴾١٥﴿
- എന്നാല്‍ മനുഷ്യനോ, അവനെ അവന്‍റെ റബ്ബ് പരീക്ഷണം ചെയ്കയും, എന്നിട്ടവനെ ആദരിക്കുകയും, അവനു സൗഖ്യം നല്‍കുകയും ചെയ്‌താല്‍ - അപ്പോള്‍ അവന്‍ പറയും 'എന്‍റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു' എന്ന്!
- فَأَمَّا എന്നാല്‍, അപ്പോഴോ الْإِنسَانُ മനുഷ്യന്‍ إِذَا مَا ابْتَلَاهُ അവനെ പരീക്ഷണം ചെയ്‌താല്‍ رَبُّهُ അവന്‍റെ റബ്ബ് فَأَكْرَمَهُ എന്നിട്ടവനെ ആദരിച്ചു وَنَعَّمَهُ അവന് സൗഖ്യം നല്‍കുകയും ചെയ്തു فَيَقُولُ അപ്പോഴവന്‍ പറയും رَبِّي എന്‍റെ റബ്ബ് أَكْرَمَنِ എന്നെ ആദരിച്ചു, മാനിച്ചു
- وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ ﴾١٦﴿
- എനി, അവനെ പരീക്ഷണം ചെയ്യുകയും, എന്നിട്ട് അവന്‍റെ മേല്‍ അവന്‍റെ ഉപജീവനം കുടുസ്സാക്കുക [പരിമിതപ്പെടുത്തുക]യും ചെയ്താലോ, അപ്പോള്‍ അവന്‍ പറയും :'എന്‍റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു' എന്ന്!
- وَأَمَّا إِذَا مَا ابْتَلَاهُ അപ്പോള്‍ (എന്നാല്‍, എനി) അവനെ പരീക്ഷിച്ചാല്‍ فَقَدَرَ എന്നിട്ടു കണക്കാക്കി (കുടുസ്സാക്കി – പരിമിതപ്പെടുത്തി) عَلَيْهِ അവന്‍റെ മേല്‍ رِزْقَهُ അവന്‍റെ ഉപജീവനം (ആഹാരം) فَيَقُولُ അപ്പോഴവന്‍ പറയും رَبِّي എന്‍റെ റബ്ബ് أَهَانَنِ എന്നെ അപമാനപ്പെടുത്തി, നിന്ദിച്ചു
മനുഷ്യരില്‍ പൊതുവില്‍ കാണപ്പെടുന്ന ഒരു സ്വഭാവമാണിത്. സുഖസൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍, അത് അല്ലാഹുവിന് തന്നോടുള്ള പ്രത്യേക സ്നേഹം കൊണ്ടും, തനിക്ക് അല്ലാഹുവിങ്കല്‍ പ്രത്യേക സ്ഥാനമുള്ളതുകൊണ്ടും ലഭിച്ചതാണെന്നു വിശ്വസിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുക. നേരെമറിച്ച് ഉപജീവന മാര്‍ഗത്തിലും സുഖസൗകര്യങ്ങളിലും കുറവു വരുമ്പോള്‍, തന്നെ അല്ലാഹു അവഗണിച്ചിരിക്കയാണെന്നും അപമാനിച്ചിരിക്കയാണെന്നും പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തില്‍, ഐഹികമായ സുഖസൗകര്യങ്ങളാകട്ടെ, വിഷമങ്ങളാകട്ടെ അല്ലാഹുവിങ്കല്‍ മനുഷ്യനുള്ള സ്നേഹത്തിന്‍റെയോ വെറുപ്പിന്‍റെയോ മാനദണ്ഡമായി കണക്കാക്കാവതല്ല. രണ്ടും അല്ലാഹുവിങ്കല്‍നിന്നുള്ള പരീക്ഷണങ്ങളാകുന്നു. സന്തോഷത്തിലും സൗകര്യത്തിലും നന്ദികാണിക്കുകയും, സന്താപത്തിലും ഞെരുക്കത്തിലും ക്ഷമ കാണിക്കുകയും ചെയ്യുന്നപക്ഷം രണ്ടും അവന് ഗുണകരമായിക്കലാശിക്കും. ഇല്ലെങ്കില്‍ രണ്ടും ദോഷകരവുമായിരിക്കും.
- كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ ﴾١٧﴿
- അങ്ങനെ വേണ്ട! പക്ഷേ (അതിനും പുറമെ) നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
- كَلَّا അങ്ങനെയല്ല, വേണ്ട بَل പക്ഷേ, എന്നാല്‍ لَّا تُكْرِمُونَ നിങ്ങള്‍ ആദരിക്കുന്നില്ല, മാനിക്കുന്നില്ല الْيَتِيمَ അനാഥക്കുട്ടിയെ
- وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ ﴾١٨﴿
- പാവപ്പെട്ടവന്‍റെ ഭക്ഷണത്തെപ്പറ്റി നിങ്ങള്‍ പരസ്പരം പ്രോത്സാഹനം നല്‍കുന്നുമില്ല.
- وَلَا تَحَاضُّونَ നിങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല عَلَىٰ طَعَامِ ഭക്ഷണത്തെപ്പറ്റി الْمِسْكِينِ സാധുവിന്‍റെ, പാവപ്പെട്ടവന്‍റെ, അഗതിയുടെ
- وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا ﴾١٩﴿
- അനന്തരാവകാശത്തെ നിങ്ങള്‍ അടക്കി കൂട്ടിയ തീറ്റ തിന്നുകയും ചെയ്യുന്നു.
- وَتَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു التُّرَاثَ അനന്തരസ്വത്ത് أَكْلًا ഒരു തീറ്റ,തിന്നല്‍ لَّمًّا അടക്കി (ഒരുക്കൂട്ടി) ക്കൊണ്ടുള്ള
- وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا ﴾٢٠﴿
- ധനത്തെ നിങ്ങള്‍ അമിതമായ സ്നേഹം സ്നേഹിക്കുകയും ചെയ്യുന്നു.
- وَتُحِبُّونَ നിങ്ങള്‍ സ്നേഹിക്കയും ചെയ്യുന്നു الْمَالَ സ്വത്ത്, ധനം حُبًّا ഒരു സ്നേഹം جَمًّا അമിതമായ, കഠിനമായ, വല്ലാതെ.
മേല്‍ പറഞ്ഞതാണ് നിങ്ങളുടെ സ്വഭാവം. അത് നന്നല്ല. നിങ്ങള്‍ വേണ്ടത് അങ്ങനെയല്ല, സുഖസൗകര്യങ്ങളില്‍ നന്ദികാണിക്കുകയും, വിഷമങ്ങളില്‍ ക്ഷമകൈകൊള്ളുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതുരണ്ടും നിങ്ങള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല, അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധപതിക്കുന്നുമില്ല. ഏതെങ്കിലും വിധേന സ്വത്തുവാരിക്കൂട്ടി ഉപയോഗിക്കുകയും, ധനത്തോട് അമിതമായ മോഹം വെച്ചു പുലർത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു സാരം.
അല്ലാഹു ഇവിടെ ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിച്ചു നോക്കുക. അനാഥകളെ സഹായിക്കുന്നില്ലെന്നോ, സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്നോ അല്ല അല്ലാഹു പറഞ്ഞത്. അനാഥകളെ ആദരിക്കുന്നില്ലെന്നും, സാധുക്കളുടെ ഭക്ഷണവിഷയത്തില്‍ പരസ്പരം പ്രോത്സാഹനം നല്‍കുന്നില്ലെന്നുമാണ് ആക്ഷേപിച്ചിരിക്കുന്നത്. അനാഥകള്‍ക്കു ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുത്താലും പോര, അവരെ മാനിക്കുകയും ആദരിക്കുകയും കൂടി വേണ്ടതുണ്ട്. സാധുക്കളുടെ വിശപ്പടക്കുവാനുള്ള ആഹാരം കൊടുത്താലും പോര, അവരുടെ വിഷയത്തില്‍ പരസ്പരം സഹകരിച്ച് കൂട്ടായ പരിശ്രമങ്ങള്‍ നടത്തുകയും വേണ്ടതുണ്ട്. എന്നൊക്കെയാണ് അതിലടങ്ങിയ സൂചനകള്‍.
അന്യായമായ മാര്‍ഗങ്ങളും ദുസ്സാമര്‍ത്ഥ്യവും വഴി അനന്തരാവകാശികളെ കബളിപ്പിക്കുകയും അക്രമിക്കുകയും ചെയ്യുക, അന്യരുടെ അവകാശങ്ങളെ പിടിച്ചെടുക്കുക ഇതെല്ലാം ഇന്നു പരക്കെകാണാവുന്ന സ്വഭാവങ്ങളാണ്. ധനമോഹത്തെ കുറിച്ചും, അതു വാരിക്കൂട്ടുന്നതിലും ഉപയോഗിക്കുന്നതിലുമുള്ള താല്‍പര്യത്തെക്കുറിച്ചും പറയേണ്ടതുമില്ല. എന്തു മാര്‍ഗം സ്വീകരിച്ചും ധനം സമ്പാദിക്കണം, ആര്‍ഭാടമായി കഴിഞ്ഞുകൂടണം എന്ന വിചാരമാണ് മിക്ക മനുഷ്യര്‍ക്കും ഉള്ളത്. തങ്ങളുടെ ജീവിതലക്ഷ്യം തന്നെ ധനസമ്പാദനവും ആഡംബര ജീവിതവുമാണ് അവരുടെ ദൃഷ്ടിയില്‍. ഇന്നു ലോകത്തു നടക്കുന്ന അനീതികളുടെയും അഴിമതികളുടെയും മൂലകാരണങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ ഏറിയ കൂറും ധനമോഹത്തില്‍നിന്നു ഉടലെടുത്തതായിരിക്കും. വാസ്തവത്തില്‍ ധനം ഒരു ശപിക്കപ്പെട്ട വസ്തുവായത് കൊണ്ടല്ല ഇത്, പക്ഷേ, അതിന് അളവില്‍ കവിഞ്ഞ പ്രാധാന്യം നല്‍കുന്നതും, അത് ന്യായമായ രൂപത്തില്‍ സമ്പാദിക്കാതിരിക്കുന്നതും, വിനിയോഗിക്കേണ്ട പ്രകാരം വിനിയോഗിക്കാതിരിക്കുന്നതും ആണ് ശാപഹേതു.
നബി(സ്വ) പറയുന്നു : ‘ഹേ, ആദമിന്‍റെ മകനെ, (അത്യാവശ്യം കഴിച്ചു) മിച്ചമുള്ളത് ചിലവഴിക്കല്‍ നിനക്ക് ഗുണകരമാണ്. അതു പിടിച്ചുവെക്കുന്നത് നിനക്ക് ദോഷകരവും ആണ്. അത്യാവശ്യമായതിനെപ്പറ്റി നീ ആക്ഷേപിക്കപ്പെടുന്നതല്ല. നീ പ്രാരാബ്ധം വഹിക്കുന്നവരെക്കൊണ്ട് നീ ആരംഭിക്കണം (നീ ചിലവു കൊടുക്കേണ്ടുന്ന ഭാര്യാമക്കള്‍ മുതലായവരുടെ കാര്യത്തില്‍ നീ മുന്‍ഗണന നല്‍കണം). മേലെകൈ (കൊടുക്കുന്ന കൈ) താഴെ കൈയിനെ (വാങ്ങുന്ന കൈയിനെ)ക്കാള്‍ ഉത്തമമാണ്.'(മു). മറ്റൊരു നബിവചനത്തില്‍ ഇപ്രകാരം കാണാം: ‘അല്ലാഹു തന്നെയാണ! ദാരിദ്ര്യത്തെ അല്ല ഞാന്‍ നിങ്ങളെക്കുറിച്ച് ഭയപ്പെടുന്നത്. പക്ഷെ, നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് വിശാലമാക്കപ്പെട്ടത് പോലെ നിങ്ങള്ക്ക് ഐഹികജീവിതം വിശാലമാക്കപ്പെടുകയും, അങ്ങനെ അവര്‍ അന്യോന്യം വഴക്കടിച്ചിരുന്നതുപോലെ നിങ്ങള്‍ അന്യോന്യം വഴക്കടിക്കുകയും ചെയ്യുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അപ്പോള്‍, അവരെ അതു നാശത്തിലാക്കിയതു പോലെ നിങ്ങളെയും അത് നാശത്തിലകപ്പെടുത്തിക്കളയും.'(ബു.മു)
- كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا ﴾٢١﴿
- വേണ്ടാ!- ഭൂമി ഒരു പൊടിപൊടിക്കല്‍ പൊടിക്കപ്പെട്ടാല്‍!-
- كَلَّا വേണ്ടാ, അങ്ങനെയല്ല إِذَا دُكَّتِ പൊടിയാക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി دَكًّا دَكًّا ഒരു പൊടി പൊടിക്കല്‍
- وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا ﴾٢٢﴿
- നിന്‍റെ റബ്ബും അണിയണിയായി മലക്കുകളും വരുകയും (ചെയ്‌താല്‍)!-
- وَجَاء വരുകയും رَبُّكَ നിന്‍റെ റബ്ബ് وَالْمَلَكُ മലക്കുകളും صَفًّا صَفًّا അണിയണി (വരിവരി)യായി
- وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ ﴾٢٣﴿
- അന്നു 'ജഹന്നം' [നരകം] കൊണ്ടു വരപ്പെടുകയും ചെയ്യും, അന്നത്തെ ദിവസം, മനുഷ്യന് ഓര്‍മ വരുന്നതാണ്.എവിടെ നിന്നാണ് അവനു ഓര്‍മ(വന്നത്)?! [എന്താണതു കൊണ്ടു പ്രയോജനം?!]
- وَجِا۟ىٓءَ വരപ്പെടുകയും ചെയ്യും يَوْمَئِذٍ അന്ന് بِجَهَنَّمَ ജഹന്നം (നരകം) കൊണ്ട് يَوْمَئِذٍ അന്ന്, ആ ദിവസം يَتَذَكَّرُ ഓര്‍മ്മിക്കും الْإِنسَانُ മനുഷ്യന്‍ وَأَنَّىٰ لَهُ അവനു എവിടെ നിന്നാണ്, എങ്ങനെയാണ് الذِّكْرَىٰ ഓര്‍മ, സ്മരണ, ഉപദേശം
- يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى ﴾٢٤﴿
- അവന്‍ പറയും: 'അയ്യോ!ഞാന്‍ എന്‍റെ (ഈ) ജീവിതത്തിനുവേണ്ടി മുന്‍(കൂട്ടി) ചെയ്തു വെച്ചിരുന്നെങ്കില്‍ നന്നായേനെ!'
- يَقُولُ അവന്‍ പറയും يَا لَيْتَنِي അയ്യോ ഞാനായിരുന്നെങ്കില്‍ قَدَّمْتُ ഞാന്‍ മുന്‍ചെയ്തു വെച്ചു لِحَيَاتِي എന്‍റെ (ഈ) ജീവിതത്തിനു വേണ്ടി, എന്‍റെ (കഴിഞ്ഞ) ജീവിതത്തില്‍
- فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ ﴾٢٥﴿
- അപ്പോള്‍ - അന്നത്തെ ദിവസം, അവന്‍റെ [അല്ലാഹുവിന്‍റെ] ശിക്ഷ ഒരാളും ശിക്ഷിക്കുകയില്ല;
- فَيَوْمَئِذٍ അപ്പോള്‍ അന്ന് لَّا يُعَذِّبُ ശിക്ഷിക്കയില്ല عَذَابَهُ അവന്‍റെ ശിക്ഷ, അവന്‍ ശിക്ഷിക്കും പ്രകാരം أَحَدٌ ഒരാളും
- وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ ﴾٢٦﴿
- അവന്‍റെ പിടിച്ചു ബന്ധിക്കല്‍ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
- وَلَا يُوثِقُ പിടിച്ചു ബന്ധിക്ക(കെട്ടുക)യുമില്ല وَثَاقَهُ അവന്‍റെ പിടിച്ചു ബന്ധിക്കല്‍, ബന്ധിക്കും പ്രകാരം أَحَدٌ ഒരാളും
ഭൂമി പൊടിപൊടിയായി നിരത്തപ്പെടുമെന്നു പറഞ്ഞത് ഖിയാമത്തുനാളിനെ സംബന്ധിച്ചും, അല്ലാഹുവും മലക്കുകളും വരുമെന്നു പറഞ്ഞത് വിചാരണയെ സംബന്ധിച്ചുമാകുന്നു.സര്‍വാധിപതിയായ ലോകനിയന്താവിന്‍റെ മുമ്പില്‍ യാതൊരു അഭിഭാഷകനോ മദ്ധ്യവര്‍ത്തിയോ കൂടാതെ സൃഷ്ടികളാകമാനം വിചാരണ നടത്തപ്പെടുന്ന ആ ഘട്ടത്തില്‍, അല്ലാഹുവിന്‍റെ മഹാസൃഷ്ടികളായ കണക്കറ്റ മലക്കുകള്‍ വരിവരിയായി ആ മഹാസദസ്സിനെ വലയം ചെയ്തിരിക്കും. ജഹന്നമാകുന്ന നരകം അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ പാപിയായ മനുഷ്യന് അവന്‍ ചെയ്ത തെറ്റുകുറ്റങ്ങള്‍ എല്ലാം താനേ ഓര്‍മ്മവരും. അയ്യോ! കഴിഞ്ഞ ജീവിതത്തില്‍ വെച്ച് ഈ ജീവിതത്തിനുവേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്തുവെച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ! എന്ന് അവന്‍ വിലപിക്കും. പക്ഷേ, അപ്പോഴത്തെ ഓര്‍മകൊണ്ടും ഖേദംകൊണ്ടും ഫലമെന്ത്?! ശിക്ഷയില്‍ നിന്നു അവനു ഒഴിവില്ല. അല്ലാഹുവിന്‍റെ പിടുത്തത്തില്‍നിന്ന് അവനു രക്ഷയുമില്ല. അക്രമത്തിലും അനീതിയിലും കാലം കഴിച്ചുകൂട്ടിയ ഫിര്‍ഔനും കൂട്ടരുമാകട്ടെ, ആദും ഥമൂദുമാകട്ടെ, എന്നു വേണ്ട അല്ലാഹു അല്ലാത്ത ആരാകട്ടെ, അല്ലാഹുവിന്‍റെ ശിക്ഷക്കു സമാനമായ ശിക്ഷ ശിക്ഷിക്കുവാനോ, അവന്‍ പിടിച്ചു ബന്ധിക്കുന്നതു പോലെ ബന്ധിക്കുവാനോ കഴിവുള്ളവരില്ല.
നബി (സ്വ) പ്രസ്താവിച്ചതായി അദിയ്യുബ്നു ഹാതം (റ) ഉദ്ധരിക്കുന്നു: നിങ്ങളില്‍ ഒരാളും തന്നെ അവന്‍റെയും അവന്‍റെ റബ്ബിന്‍റെയും ഇടയില്‍ ഒരു അഭിഭാഷകനാകട്ടെ, മറവുണ്ടാക്കുന്ന ഏതെങ്കിലും മറയാകട്ടെ ഒന്നുമില്ലാതെ അവന്‍റെ റബ്ബ് അവനോടു സംസാരിക്കാതിരിക്കയില്ല. അപ്പോള്‍, അവന്‍ വലത്തോട്ട് നോക്കും, താന്‍ മുമ്പു ചെയ്തു വെച്ചതല്ലാതെ അവന്‍ ഒന്നും കാണുകയില്ല. തന്‍റെ ഇടത്തോട്ട് നോക്കും, മുന്‍ചെയ്തുവെച്ചതല്ലാതെ കാണുകയില്ല. മുന്നോട്ടു നോക്കും. അപ്പോള്‍ തന്‍റെ മുഖത്തിനുനേരെ നരകമല്ലാതെ മറ്റൊന്നും കാണുകയില്ല. അതുകൊണ്ട് നിങ്ങള്‍ ഒരു കാരക്കപ്പൊളി (ധര്‍മംചെയ്തു) കൊണ്ടെങ്കിലും നരകത്തെ സൂക്ഷിച്ചു കൊള്ളുവീന്‍’ (ബു.മു). തിരുമേനി(സ്വ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ് (റ) ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു :’അന്നത്തെ ദിവസം ‘ജഹന്നം’ കൊണ്ടുവരപ്പെടും . അതിന് എഴുപതിനായിരം കടിഞ്ഞാണ്‍ ഉണ്ടായിരിക്കും. ഓരോ കടിഞ്ഞാണൊന്നിച്ചും എഴുപതിനായിരം മലക്കുകളും ഉണ്ടായിരിക്കും. അവര്‍ അതു വലിച്ചു കൊണ്ടുവരുന്നതാണ്.’ (മു.തി).
لِحَيَاتِي (ലി-ഹയാത്തീ) എന്ന വാക്കിന് എന്‍റെ ജീവിതത്തിനുവേണ്ടി എന്നും, എന്‍റെ ജീവിതകാലത്ത് എന്നും അര്‍ത്ഥം വരാം. ഒന്നാമത്തേതനുസരിച്ച് –അതാണ് നാം മുകളില്‍ കൊടുത്തത്– ‘ജീവിതം കൊണ്ടുദ്ദേശ്യം പരലോകജീവിതവും, രണ്ടാമത്തേതനുസരിച്ച് ഉദ്ദേശ്യം ഇഹലോകജീവിതവും ആയിരിക്കും. രണ്ടായാലും ആശയം ഒന്ന് തന്നെ. മനുഷ്യരെക്കുറിച്ച് പൊതുവിലാണ് ഈ വചനങ്ങളില്‍ സംസാരമെങ്കിലും ശിക്ഷയെക്കുറിച്ചുള്ള താക്കീത് ബാധകമാകുന്നത് കുറ്റവാളികളായ ദുര്‍മാര്‍ഗികള്‍ക്കായിരിക്കുമല്ലോ. സന്‍മാര്‍ഗികളായ ആളുകളെ അല്ലാഹു സ്വാഗതം ചെയ്യുന്നതു നോക്കുക;-
- يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ ﴾٢٧﴿
- 'ഹേ, സമാധാനമടഞ്ഞ ആത്മാവേ!-
- يَا أَيَّتُهَا النَّفْسُ ഹേ ആത്മാവേ الْمُطْمَئِنَّةُ സമാധാനമടഞ്ഞ, മനസ്സമാധാനമുള്ള
- ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴾٢٨﴿
- തൃപ്തിപ്പെട്ടു കൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക.
- ارْجِعِي നീ മടങ്ങിക്കൊള്ളുക إِلَىٰ رَبِّكِ നിന്‍റെ റബ്ബിങ്കലേക്ക് رَاضِيَةً തൃപ്തിപെട്ടുകൊണ്ട് مَّرْضِيَّةً തൃപ്തിയാക്കപ്പെട്ടു (തൃപ്തി ലഭിച്ചു) കൊണ്ട്
- فَٱدْخُلِى فِى عِبَٰدِى ﴾٢٩﴿
- എന്നിട്ട് എന്‍റെ അടിയാന്‍മാരില്‍ പ്രവേശിച്ചുകൊള്ളുക.
- فَادْخُلِي എന്നിട്ടു പ്രവേശിച്ചു കൊള്ളുക فِي عِبَادِي എന്‍റെ അടിയാന്മാരില്‍
- وَٱدْخُلِى جَنَّتِى ﴾٣٠﴿
- എന്‍റെ സ്വര്‍ഗത്തിലും പ്രവേശിച്ചുകൊള്ളുക'.
- وَادْخُلِي പ്രവേശിക്കുകയും ചെയ്യുക جَنَّتِي എന്‍റെ സ്വര്‍ഗത്തില്‍
സൃഷ്ടിച്ചു രക്ഷിച്ചുവരുന്ന റബ്ബില്‍ വിശ്വസിച്ചും, അവന്‍റെ മഹത്വങ്ങളും പരമോല്‍കൃഷ്ടതയും മനസ്സിലാക്കിയും, അവനെ മാത്രം ആരാധിച്ചും, അവനോടു മാത്രം സഹായമര്‍ത്ഥിച്ചും, അവന്‍റെ വിധിവിലക്കുകളും നിയമനിര്‍ദേശങ്ങളും അനുസരിച്ചും, സന്തോഷത്തില്‍ നന്ദിയും സന്താപത്തില്‍ ക്ഷമയും സ്വീകരിച്ചു കൊണ്ട് ഐഹിക ജീവിതം നയിച്ച ശുദ്ധാത്മാക്കളത്രെ ‘സമാധാനമടഞ്ഞ ആത്മാക്കള്‍’ (النَّفُوسُ الْمُطْمَئِنَّةُ) ഭയമോ, വ്യസനമോ, ആശങ്കയോ, നിരാശയോ, മോഹഭംഗമോ ഒന്നും അവരെ ബാധിക്കുന്നതല്ല. അവരത്രെ മനസ്സമാധാനമടഞ്ഞ ഭാഗ്യവാന്‍മാര്‍. അല്ലാഹു പറയുന്നു:
وَيَهْدِي إِلَيْهِ مَنْ أَنَابَ ﴿٢٧﴾ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ – الرعد
(മനസ്സു മടങ്ങിയവരെ അവന്‍ -അല്ലാഹു- അവങ്കലേക്കു മാര്‍ഗദര്‍ശനം ചെയ്യുന്നു. അതായത്, വിശ്വസിക്കുകയും അല്ലാഹുവിന്‍റെ സ്മരണകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുകയും ചെയ്യുന്നവരെ. അറിഞ്ഞേക്കുക: അല്ലാഹുവിന്‍റെ സ്മരണകൊണ്ടാണ് ഹൃദയങ്ങള്‍ സമാധാനമടയുന്നത്. (സൂ:റഅദ് 27, 28). മരണവേളയിലും, ഖിയാമത്തുനാളിലുമെല്ലാംതന്നെ ഈ മഹാഭാഗ്യവാന്‍മാര്‍ക്കു അല്ലാഹുവിങ്കല്‍നിന്നു സ്വാഗതവും സന്തോഷവാര്‍ത്തയും ലഭിക്കുന്നതായിരിക്കും.
അങ്ങനെ റബ്ബിന്‍റെ സ്മരണയോടുകൂടി സമാധാനചിത്തനായി ജീവിക്കുകയും സമാധാനചിത്തനായിക്കൊണ്ടു പരലോകത്ത് ചെല്ലുകയും ചെയ്ത ആത്മാവിനെ അല്ലാഹു വിളിച്ചു സ്വാഗതം ചെയ്യുകയാണ്: നിനക്കു പരിപൂര്‍ണ്ണമായും തൃപ്തി അടയുവാനുള്ള വമ്പിച്ച പ്രതിഫലവും മഹത്തായ അനുഗ്രഹങ്ങളും ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. നിന്നെക്കുറിച്ച് നിന്‍റെ റബ്ബ് നല്ലപോലെ തൃപ്തിപ്പെട്ടിരിക്കുന്നു. നിനക്കിവിടെ പേടിക്കേണ്ടതായോ വ്യസനിക്കേണ്ടതായോ ഒന്നുമില്ല. തൃപ്തി അടഞ്ഞുകൊണ്ടും തൃപ്തിക്കു വിധേയനായിക്കൊണ്ടും എന്‍റെ പ്രീതിക്ക് പാത്രവാന്‍മാരായ സജ്ജനങ്ങളുടെ കൂട്ടത്തില്‍ നീ പ്രവേശിച്ചുകൊള്ളുക. സജ്ജനങ്ങള്‍ക്കായി ഞാന്‍ ഒരുക്കിവെച്ചിട്ടുള്ള അനുഗ്രഹീത സ്വര്‍ഗത്തില്‍ പ്രവേശിച്ച് ശാശ്വതസൗഖ്യം അനുഭവിച്ചുകൊള്ളുകയും ചെയ്യുക.
ഇങ്ങനെയുള്ള ഭാഗ്യവന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
اللهم لك الحمد ولك المنة والفضل